RSS

Tag Archives: നര്‍മ്മം

വെള്ളമടിക്കാത്ത ചന്ദ്രൻ

ഇതൊരു കോൺസ്പിരസി തിയറിയാണു്. അതു് തലക്കെട്ടു് കണ്ടാൽ തന്നെ അറിയരുതോ? വെള്ളമടിക്കുന്ന ചന്ദ്രനെ വെള്ളപൂശി വെള്ളമടിക്കാത്തവനെന്നു് വരുത്താനുള്ള അമേരിക്കൻ ഗൂഢാലോചനയാണു് ഇതിന്റെ പിന്നിൽ. അതുപോലെ, നാറ്റ്‌സി ജർമ്മനി ഒരൊറ്റ യഹൂദനെയും കൊന്നിട്ടില്ല. അതും അമേരിക്ക-ഇസ്രായേൽ അച്ചുതണ്ടു് പറഞ്ഞുപരത്തുന്ന ഒരു കൺസ്പിരസി തിയറിയാണു്. രണ്ടാം ലോകയുദ്ധാരംഭം, യുദ്ധാവസാനം, Stauffenberg-ന്റെ നേതൃത്വത്തിൽ ഹിറ്റ്‌ലറിനുനേരെ നടന്ന വധശ്രമം അങ്ങനെ യുദ്ധചരിത്രസംബന്ധമായി പ്രധാന്യമുള്ള എല്ലാ സംഭവങ്ങളുടെയും വാർഷികദിനങ്ങളിൽ ജർമ്മൻ മാധ്യമങ്ങൾ നാറ്റ്‌സി ക്രൂരതയുടെ ചിത്രങ്ങളും വാർത്തകളുമെല്ലാം പ്രസിദ്ധീകരിക്കാറുണ്ടു്. (ഇന്നലെ ആ വധശ്രമത്തിന്റെ അറുപത്തേഴാം വാർഷികമായിരുന്നു.) സ്വന്തസമൂഹത്തിന്റെ കറുത്ത ഭൂതകാലം ജനങ്ങൾ മറക്കാതിരിക്കുക, അതിൽ നിന്നും പാഠം ഉൾക്കൊള്ളുക ഇതൊക്കെയാണു് അവർ അതുവഴി ലക്ഷ്യമാക്കുന്നതു്. അങ്ങനെ, യൂദർ, ജിപ്സികൾ, മന്ദബുദ്ധികൾ, പോളണ്ടുകാർ, ഹോമോസെക്ഷ്വൽസ്‌, യഹോവാസാക്ഷികൾ തുടങ്ങിയ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയ സ്വന്തം പൂർവ്വകാലചരിത്രം ജർമ്മൻ സമൂഹം പരസ്യമായി അംഗീകരിച്ചു് പശ്ചാത്താപം പ്രകടിപ്പിക്കുമ്പോഴും, ലോകചരിത്രം എന്നു് കേൾക്കുമ്പോൾ തല മണലിൽ പൂഴ്ത്തുന്ന കുറെ ഒട്ടകപ്പക്ഷികൾക്കു് അതിനേക്കാളൊക്കെ വിശ്വസനീയമായതു് ഇറാൻ പ്രസിഡന്റ്‌ അഹ്മദി നെജാദോ അതുപോലുള്ള വേറെ കുറെ എക്സെന്ട്രിക്കുകളോ യാതൊരു അടിസ്ഥാനവുമില്ലാതെ വിളമ്പുന്ന വിഡ്ഢിത്തങ്ങളാണു്. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്നു് വരുത്താനുള്ള കുത്സിതശ്രമങ്ങളാണു് അതെല്ലാമെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കും ഒരടിത്തറയുണ്ടാവുന്നതു് നല്ലതാണെന്നതിനാൽ Holocaust-ന്റെ ഒരു ലിങ്ക്‌ ഇവിടെ കൊടുക്കുന്നു. അതല്ലാതെ, ചരിത്രനിഷേധികളെ കൺവിൻസ്‌ ചെയ്യിക്കാമെന്ന വ്യാമോഹമോ, ചെയ്യിക്കണമെന്ന യാതൊരു നിർബന്ധമോ എനിക്കില്ല.

തനിക്കു് കേൾക്കേണ്ടതു് മാത്രം കേൾക്കാൻ കഴിയുന്ന മനുഷ്യൻ എന്ന ജീവി അതു് പറയുന്നവനു്, അവൻ പറയുന്നതു് എത്ര വലിയ മണ്ടത്തരമായാലും, ‘ആഹോയ്‌’ വിളിച്ചുകൊണ്ടിരിക്കും. യുദ്ധകാലത്തെ ക്രൂരതകളും ദുരിതങ്ങളും നേരിട്ടു് കണ്ടവരിലും അനുഭവിച്ചവരിലും ഇന്നും ജീവിച്ചിരിക്കുന്ന മനുഷ്യർ നൽകുന്ന സാക്ഷ്യപത്രങ്ങളൊന്നും അത്തരക്കർക്കു് ബാധകമായ കാര്യങ്ങളല്ല. അല്ലെങ്കിൽത്തന്നെ, വസ്തുനിഷ്ഠമായ ലോകചരിത്രം അവരുടെ ഗുഹകളിൽ എത്താറില്ല, എത്താൻ അവരുടെ കാവൽനായ്ക്കൾ അനുവദിക്കാറുമില്ല. ഓരോ കൂട്ടവും അവരുടേതായ ലോകചരിത്രങ്ങൾ തട്ടിക്കൂട്ടിയിട്ടുണ്ടു്. അവരുടേതായ ദൈവം, അവരുടേതായ മതം, അവരുടേതായ വിശ്വാസപ്രമാണങ്ങൾ, അവരുടേതായ ലോകചരിത്രം … അതിനു് വെളിയിലുള്ളവ മുഴുവൻ ഒന്നുകിൽ തെറ്റാണു്, അല്ലെങ്കിൽ തങ്ങൾക്കെതിരായുള്ള ഗൂഢാലോചനകളാണു്. അവർക്കു് ഇഷ്ടമല്ലാത്ത അഭിപ്രായങ്ങൾ പറയുന്ന മനുഷ്യരെല്ലാം, അവരുടെ വിശ്വസനീയതയും ആധികാരികതയും ലോകത്തിൽ പൊതുവെ അംഗീകരിക്കപ്പെടുന്നതാണെങ്കിൽ പോലും, ശത്രുക്കൾക്കു് വേണ്ടി ചാരപ്രവൃത്തി ചെയ്യുന്നവരാണു്. തലമുറകളിലൂടെ വളർത്തിയെടുത്തതും, നിരന്തരം ഊട്ടിയുറപ്പിക്കപ്പെടുന്നതുമായ ഈ പാരനോയ മൂലം കണ്ണും മനസ്സും മൂടപ്പെട്ടതിനാൽ സ്വന്തം വിശ്വാസം മാത്രമാണു് ശരി എന്നതൊഴികെ മറ്റേതെങ്കിലും ഒരു കാര്യത്തിൽ വസ്തുനിഷ്ഠമോ യുക്തിസഹമോ ആയ ഒരു കൺക്ലൂഷനിൽ എത്തിച്ചേരാൻ അവർക്കാവുകയുമില്ല. അന്യചിന്തകളേയും, വിശ്വാസങ്ങളേയും, മനുഷ്യന്റെ മാനസികവളർച്ചയുടെ തെളിവായ യുക്തിബോധത്തേയും പൈശാചീകരിക്കുക കൂടി ചെയ്യുമ്പോൾ, സ്വന്തം മാനസികവിഭ്രാന്തി മറ്റുള്ളവരുടേതാണെന്നു് വരുത്താൻ വളരെ എളുപ്പമാണുതാനും.

അമേരിക്ക മനുഷ്യനെ ചന്ദ്രനിൽ ഇറക്കി എന്നതു് യുക്തിവാദികളും നിരീശ്വരവാദികളും പറഞ്ഞുപരത്തുന്ന ഒരു പച്ചക്കള്ളമാണു്. 1969 മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ Apollo-11, Apollo-12, Apollo-14, Apollo-15, Apollo-16, Apollo-17 എന്നീ പ്രോഗ്രാമുകൾ വഴി ഓരോവട്ടവും ഈരണ്ടുപേർ വീതം പന്ത്രണ്ടു് പേരെ ചന്ദ്രനിൽ എത്തിച്ചു എന്ന അമേരിക്കയുടെ അവകാശവാദം പൊള്ളയാണു്. അപ്പോളൊ എന്നൊരു പ്രോഗ്രാമേ ഉണ്ടായിട്ടില്ല. എല്ലാം വ്യാജ വീഡിയോകൾ കാണിച്ചുകൊണ്ടുള്ള തട്ടിപ്പായിരുന്നു. ഭാവിയിലേക്കു് ഒരു മുൻകരുതൽ എന്ന നിലയിൽ പട്ടി എല്ലു് മണ്ണിൽ കുഴിച്ചിടുന്നതുപോലെ, ശ്രീമാനായ സദ്ദാം ഹുസൈൻ (എന്തെങ്കിലും കാരണവശാൽ വഴിതെറ്റി ഇവിടെ എത്തുന്ന വ്യാകരണക്കാർ ‘ശ്രീമാനായിരുന്ന സദ്ദാം ഹുസൈൻ’ എന്നു് വായിക്കുക. ശാപമോക്ഷം കിട്ടിയില്ലെങ്കിലും പേരുദോഷം ഉണ്ടാവരുതല്ലോ), മരുഭൂമി നിറയെ മാസ്‌ ഡിസ്ട്രക്ഷനുള്ള ‘ABC’ ആയുധങ്ങൾ കുഴിച്ചിട്ടിരിക്കുകയാണെന്നു് നുണ പറഞ്ഞു് ജോർജ്‌ ‘ഡബിൾ യു’ ബുഷ്‌ നമ്മളെ പറ്റിച്ചതും മതപരിവർത്തനയോഗങ്ങളിലെ പടം കാട്ടിപ്രസംഗം പോലെ ‘തുണ്ടുപടങ്ങൾ’ കാണിച്ചല്ലേ? ഉഗ്രപ്രതാപിയായ പഞ്ചപാവം കോളിൻ പവ്വൽ പോലും ആ കെണിയിൽ വീണു് ‘തത്തമ്മ പൂച്ച പൂച്ച’ പോലെ എല്ലാം ഏറ്റുപാടിക്കൊണ്ടു് ബുഷിന്റെ പുറകെ നടന്നില്ലേ, കുറച്ചുനാളാണെങ്കിൽ കുറച്ചുനാൾ? ദൈവം എല്ലാം അറിയുന്നവനാണു്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന കാര്യം മാത്രമല്ല, അമേരിക്കയിൽ ബുഷ്‌ മൂന്നാമതൊരു വട്ടം കൂടി പ്രസിഡന്റ്‌ ആവുകയില്ലെന്നും ദൈവത്തിനു് അറിയാമായിരുന്നു. അഥവാ ആയിരുന്നെങ്കിൽ ദൈവം ബുഷിനെ കളി പഠിപ്പിക്കുമായിരുന്നു. അക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ? ഉണ്ടെങ്കിൽ ഒന്നുകിൽ ഇപ്പോൾ പറയണം. അല്ലെങ്കിൽ, ചത്തൊടുങ്ങുന്നതുവരെ നിശബ്ദത പാലിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണു്. ചില യൂറോപ്യൻ പള്ളികളിൽ കല്യാണസമയത്തു് സന്നിഹിതരായിരിക്കുന്നവരോടു് പുരോഹിതൻ പറയാറുള്ളതും അങ്ങനെതന്നെയാണു്: ഈ കല്യാണത്തിനു് ആർക്കെങ്കിലും സ്ഥാവരമോ ജംഗമമോ ആയ എതിർപ്പുകൾ വല്ലതുമുണ്ടെങ്കിൽ ഇപ്പോൾ, ഈ നിമിഷം പറഞ്ഞുകൊള്ളണം, അല്ലെങ്കിൽ മരണം വരെ മൗനം ഭജ, മൗനം ഭജ, ഭജ മൗനം നീ മൂഢമതേ! (പുരോഹിതന്റെ ‘മൂഢമതേ!’ എന്ന അഭിസംബോധന സ്ത്രീപുരുഷഭേദമെന്യേ ഭക്തരിൽ കെട്ടഴിച്ചുവിടുന്ന ആത്മീയഓർഗാസം അതിഭയങ്കരമായിരിക്കണം! ‘മൂഢാ’ എന്ന പുരോഹിതവിളി കേൾക്കുമ്പോൾ വിനയാന്വിതനായി ‘എന്തോ’ എന്നു് വിളി കേൾക്കുന്നവനാണു് യഥാർത്ഥ ദൈവവിശ്വാസി. അതുകൊണ്ടാവണം തിരുവാസനങ്ങളെക്കൊണ്ടു് ‘മൂഢാ’ എന്നു് വിളിപ്പിക്കാനും വിളി കേൾക്കാനും ഭക്തജനങ്ങൾ ഇത്ര ആവേശം കാണിക്കുന്നതു്.)

ഞാൻ നിങ്ങളോടു് ഒരു രഹസ്യം പറയാം. ഈ ലോകം മുഴുവൻ ഗൂഢാലോചനകളാണു്. നമുക്കു് മനസ്സിലാവാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ വിവരങ്ങളും ഒന്നടങ്കം വിവരദോഷങ്ങളും കൺസ്പിരസിയുടെ ഫലവുമാണു്. വിവരസാങ്കേതികവിദ്യ വിപ്ലവാത്മകമായി വികസിക്കുന്നു എന്നൊക്കെ എന്നെപ്പോലെതന്നെ നിങ്ങളും കേൾക്കാറുണ്ടല്ലോ. പക്ഷേ, ആരുടെയെങ്കിലും വിവരം അൽപമെങ്കിലും വികസിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരത്തിൽപെട്ട ആരെയെങ്കിലും റിയൽ ലോകത്തിലോ വിർച്വൽ ലോകത്തിലോ നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. അതുപോലൊരു മ്യൂട്ടന്റിനെ കാണാനുള്ള ഭാഗ്യം എനിക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഈ ‘ഐടി ഇൻഫ്ലേഷൻ’ തിയറിയും ഒരു യൂറോ-അമേരിക്കൻ കൺസ്പിരസിയുടെ ഫലമാണു്. വിദ്യ വികസിക്കുമ്പോഴും വിവരം വികസിക്കുന്നില്ലെങ്കിൽ അതിനെ വിവരസാങ്കേതികവിദ്യയുടെ വികാസം എന്നെങ്ങനെ വിളിക്കും? പറയുമ്പോൾ നമ്മൾ എപ്പോഴും സദാചാരത്തിന്റെയും സിൽസിലയുടെയും കാര്യം മാത്രം പറഞ്ഞാൽ പോരല്ലോ, വ്യാകരണത്തിന്റെ കാര്യവും പറയേണ്ടേ? നിങ്ങൾ ഈ ലോകത്തെ രക്ഷപെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ? വ്യാകരണത്തെപ്പറ്റി നിശബ്ദത പാലിച്ചുകൊണ്ടു് ഈ ലോകത്തെ രക്ഷപെടുത്താമെന്നാണു് നിങ്ങൾ കരുതുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല. അതു് സംബന്ധമായി ഉള്ളകാര്യം ഞാൻ പറഞ്ഞാൽ ഉറിയുംകൂടി ചിരിക്കും. ചെറുപ്പത്തിൽ എനിക്കു് മഞ്ഞപ്പിത്തമാണെന്നു് കണ്ടെത്തി ഒരു പൊട്ട നാട്ടുവൈദ്യൻ എന്നെക്കൊണ്ടു് ദിവസങ്ങളോളം ആട്ടിൻകാട്ടം പോലുള്ള ഗുളികകൾ വിഴുങ്ങിക്കുകയും, ദിവസേന അതിരാവിലെ തണുത്ത വെള്ളത്തിൽ അൻപത്തൊന്നുവട്ടം മുങ്ങിക്കുകയും, ഈ കലാപരിപാടികൾ അന്ത്യം കാണുന്നതുവരെ കഠിനമായ പഥ്യം നോക്കണമെന്നു് കർശനമായി കൽപിക്കുകയും ചെയ്ത കാലം മുതൽ ഉറിയുടെ ചിരി കാണുന്നതു് എനിക്കത്ര പഥ്യമല്ല. അത്രയും രുചിയോടെ നല്ല നാടൻ പച്ചമുളകു് കീറിയിട്ടു് പുഴമീനിനെ കുടമ്പുളി പറ്റിച്ചതു് ആ പഥ്യകാലത്തിനു് മുൻപോ അതിനുശേഷമോ ഞാൻ കഴിച്ചിട്ടില്ല. മനുഷ്യരെ തല്ലിക്കൊല്ലാൻ മാത്രമുള്ള ആരോഗ്യം എനിക്കു് ഉണ്ടാവുന്നതിനു് മുൻപു് ആ വൈദ്യസ്വരൂപി ഇഹലോകവാസം വെടിഞ്ഞതു് അങ്ങേരുടെ ഭാഗ്യം, ഒരർത്ഥത്തിൽ എന്റേയും.

ഗൂഢാലോചനക്കാർ മീനിനെ പറ്റിക്കുന്നതുപോലെ നമ്മളെ നിർദ്ദാക്ഷിണ്യം ഒട്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം: ഈ സൈറ്റിൽ പോയാൽ നിങ്ങൾക്കു് ഒരു Timeline of Solar System exploration കാണാം. അതു് മുഴുവൻ നുണയാണു്. റഷ്യ, അമേരിക്ക, ജപ്പാൻ, ചൈന എല്ലാം കൂടി ഒത്തൊരുമിച്ചു് ലോകസമൂഹത്തെ വഞ്ചിക്കാനായി നടത്തുന്ന ഒരു കള്ളക്കളിയാണതു്. ഈ കളിയിൽ ഇപ്പോൾ ഇൻഡ്യയും ചേർന്നിരിക്കുന്നു! ഇതുപോലുള്ള പടങ്ങൾ, വീഡിയോകൾ, ലേഖനങ്ങൾ മുതലായവ വ്യാജമായി നിർമ്മിച്ചു് ഇന്റർനെറ്റ്‌ നിറയ്ക്കാനായി അവരെല്ലാം കൂടി കൂലികൊടുത്തു് ആളുകളെ നിർത്തിയിരിക്കുകയാണു്. രഹസ്യ അജൻഡ എന്നു് കേട്ടിട്ടില്ലേ? അതാണു് സാധനം. നമ്മൾ വളരെ കരുതിയിരിക്കണം. ഇക്കാര്യത്തിൽ കൂടുതൽ വിശദമാക്കാൻ എനിക്കു് തത്കാലം നിർവാഹമില്ല. പെന്റഗൺ എന്നെ വീക്ഷിക്കുന്നുണ്ടു്. ഇതു് ഞാൻ A Beautiful Mind-ലെ പ്രൊഫസ്സർ നാഷ്‌ പറയുന്നപോലെ പറയുന്നതല്ല. ഇതെല്ലാം ദൈവവെളിപാടു് പോലെ സത്യമായ കാര്യങ്ങളാണു്. ഗൂഗിളും കൺസ്പിരേറ്റർമ്മാരുടെ പക്ഷത്താണു്. ഗൂഗിളിനു് ഈ പണമെല്ലാം എവിടെനിന്നു് കിട്ടുന്നു എന്നാണു് നിങ്ങളുടെ വിചാരം? എല്ലാം ഒത്തുകളിയാണു്. അല്ലെങ്കിൽ നമ്മുടെ ചോദ്യങ്ങൾക്കു് അവരാരും മറുപടി പറയാത്തതു് എന്തുകൊണ്ടു്? ഞാൻ എന്റെ ടിറ്ററിലും പീസ്‌ ബുക്കിലും ബസിലും ഒബാമയെ ഒന്നിലധികം പ്രാവശ്യം നേരിട്ടു് വെല്ലുവിളിക്കുകയുണ്ടായി. 1. “നിങ്ങൾ സത്യത്തിൽ ചന്ദ്രനിൽ ഇറങ്ങിയോ?” 2. “ചന്ദ്രനിൽ നിങ്ങൾ യഥാർത്ഥത്തിൽ വെള്ളം കണ്ടെങ്കിൽ എത്ര കുടം വെള്ളമാണു് കണ്ടതെന്നു് വെളിപ്പെടുത്താൻ എന്താണു് നിങ്ങൾക്കിത്ര മടി?” ഈ രണ്ടു് നിസ്സാരചോദ്യങ്ങളായിരുന്നു എന്റേതു്. ഇതുവരെ ഒരൊറ്റ മറുപടിപോലും അങ്ങേർ എനിക്കു് നൽകിയിട്ടില്ല. അതെന്തുകൊണ്ടാണെന്നു് കരുതി? സംഗതി ടോപ്‌ സീക്രട്ട്‌ ആയതിനാൽ ഉള്ളിൽ പേടിയില്ലാതിരിക്കുമോ? മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും, ചന്ദ്രനിൽ വെള്ളമടി ഇല്ലെന്നുമുള്ള സത്യം ലോകമറിഞ്ഞാൽ പ്രസിഡന്റ്‌ പദവി കുളിക്കാൻ പോകുമെന്നും ആകെ നനയുമെന്നും അറിയാവുന്നതുകൊണ്ടു് ഒബാമ മിണ്ടാതിരിക്കുകയാണു്. ഇനി അഥവാ അങ്ങേർ മറുപടി പറഞ്ഞാൽത്തന്നെ “ചന്ദ്രനിൽ ഇറങ്ങാത്ത നിങ്ങൾ ചന്ദ്രനിൽ വെള്ളമടി ഇല്ല എന്നു് എങ്ങനെ മനസ്സിലാക്കി” എന്ന മൂന്നാമതൊരു എമണ്ടൻ ചോദ്യം കൂടി ഞാൻ അങ്ങോട്ടു് ചോദിച്ചാൽ അങ്ങേരുടെ മുണ്ടാട്ടം മുട്ടിപ്പോകില്ലേ? അതുപോലൊരു നാണക്കേടു് വലിച്ചു് തലയിൽ വച്ചാൽ അങ്ങേരുടെ രണ്ടു് പെൺപിള്ളേർക്കു് നാലു് മലയാളികൾ കേട്ടാൽ “കൊള്ളാം” എന്നു് പറയുന്ന ഒരു തറവാട്ടിൽനിന്നും ആണത്തവും ദൈവവിശ്വാസവും സിനിമാനടന്മാരെപ്പോലെ സൗന്ദര്യവും മലചവിട്ടി പരിചയവുമുള്ള യുവാക്കളേയും കൂട്ടി കല്യാണാലോചനയുമായി ഏതെങ്കിലുമൊരു ബ്രോക്കർ വൈറ്റ്‌ ഹൗസിൽ ചെല്ലുമോ? അതുകൊണ്ടു് കുടുംബകലഹം ഒഴിവാക്കാനായി ഇക്കാര്യത്തിൽ ഒരു മറുപടി പറയുന്നതിൽ നിന്നും C.I.A. ഒബാമയെ കർശനമായി വിലക്കിയിരിക്കുകയാണു്.

അതുപോലെതന്നെയുള്ള മറ്റൊരു ഗൂഢാലോചനയുടെ ഫലമാണു് മനുഷ്യനിർമ്മിതമായ ഒരുപാടു് സാധനങ്ങൾ ചന്ദ്രോപരിതലത്തിൽ കിടക്കുന്നുണ്ടെന്ന നുണ. ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യർ കുടിച്ചുതീർത്ത കൊക്ക കോളയുടെ ക്യാനുകളും, വിസ്കിയുടെ കാലിക്കുപ്പികളും, വലിച്ചുതീർത്ത സിഗററ്റുകളുടെ പായ്ക്കറ്റുകളുമൊക്കെ അവർ തിരിച്ചുകൊണ്ടുവരികയായിരുന്നോ എന്നു് ആരെങ്കിലും ചോദിച്ചാൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ചക്രശ്വാസം വലിക്കില്ലേ? ടൂറിസ്റ്റുകൾ പോലും ഈവക വസ്തുക്കൾ തിരിച്ചു് സ്വന്തം നാട്ടിലേക്കു് കൊണ്ടുപോകാറില്ലാത്ത സ്ഥിതിക്കു് ആസ്റ്റ്രൊണോട്ടുകൾ അവയൊക്കെ തിരിച്ചു് കൊണ്ടുവന്നു എന്നു് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? മലയാളികളും അവർക്കു് ഉള്ള വേസ്റ്റ്‌ വെളിയിൽ നിക്ഷേപിക്കാറുണ്ടു്. എങ്കിലും, കേരളത്തിൽ നാടൻ പന്നിക്കും പട്ടിക്കും വെളിമ്പ്രദേശത്തു് പിക്നിക്ക്‌ നടത്താൻ പ്രത്യേക വിസയുടെ ആവശ്യമില്ലാത്തതിനാൽ പ്രശ്നം അത്ര ഗുരുതരമല്ല. പക്ഷേ, ചില പ്രത്യേക ട്രേഡ്‌ മാർക്ക്‌ അരിയും പൊടിയുമെല്ലാം പറനിറയെ മാർക്കറ്റിൽ എത്തിയതോടെ അമേധ്യഭോജനം വഴി ഉപജീവനം നടത്തിയിരുന്ന പക്ഷിമൃഗാദികളുടെ മരണനിരക്കിൽ വൻപിച്ച വർദ്ധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ്‌ വെളിപ്പെടുത്തുന്നു. എന്നിട്ടും അത്തരം ഹൈ ക്വാളിറ്റി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന മനുഷ്യർ ചത്തൊടുങ്ങാത്തതിന്റെ പേരിൽ ബന്ധപ്പെട്ട കമ്പനി നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണത്രെ! “ഒന്നുകിൽ മനുഷ്യർ ഞങ്ങൾ നൽകുന്ന കമ്പോസ്റ്റും ഫാക്റ്റം ഫോസും എല്ലുപൊടിയും വാങ്ങി തിന്നിട്ടു് മിണ്ടാതിരിക്കുക, അല്ലെങ്കിൽ തിന്നശേഷം തല്ലിപ്പിടഞ്ഞു് ചാവുക” – ഇതാണു് കമ്പനിയുടെ ഡിമാൻഡ്‌. ഈ ഡിമാൻഡ്‌ അപ്പാടെ അംഗീകരിച്ചില്ലെങ്കിൽ ഭാരതമൊട്ടാകെ അനിശ്ചിതകാലത്തേക്കു് ബന്ത്‌ നടത്തി ജനജീവിതം സ്തംഭിപ്പിക്കുമെന്നു് ‘നെല്ലുകുത്തി അരിയുണ്ടാക്കി കളർ കയറ്റി മനുഷ്യരെ തീറ്റിക്കുന്ന ട്രേഡ്‌ യൂണിയൻ’ (NAKKMTTU) പ്രഖ്യാപിച്ചിട്ടുണ്ടു്. ജീവികൾ ഇല്ലാത്ത ചന്ദ്രനിൽ കേരളീയ മാതൃകയിലുള്ള ഒരു വേസ്റ്റ്‌ ഡിസ്പോസൽ സാദ്ധ്യമാവില്ലല്ലോ. ചുരുങ്ങിയ സമയം കൊണ്ടു് രണ്ടു് ആസ്റ്റ്രൊണോട്ടുകൾക്കു് തിന്നുതീർക്കാവുന്ന അളവിനുമില്ലേ ഒരു പരിധിയൊക്കെ. അതുകൊണ്ടു് അത്തരം സാധനങ്ങൾ എല്ലാം അവിടെത്തന്നെ ഇട്ടിട്ടു് പോരുകയായിരുന്നു എന്നു് അവർക്കു് വീണ്ടും നുണ പറയേണ്ടി വന്നു. പതിവുപോലെ, ഈ നുണയും നേരാണെന്നു് വരുത്താൻ പറ്റിയ ഒരു ലിസ്റ്റുണ്ടാക്കി ഇന്റർനെറ്റിലുമിട്ടു. വിശ്വസിക്കുന്നില്ലെങ്കിൽ ഈ സൈറ്റിൽ പോയാൽ നിങ്ങൾക്കതു് നേരിൽ കണ്ടു് ബോദ്ധ്യപ്പെടാം: List of man-made objects on the Moon.

ഇത്രയും നുണകൾ വെളിപ്പെടുത്തിയ സ്ഥിതിക്കു് ഒരേയൊരു സത്യം കൂടി പറഞ്ഞു് അവസാനിപ്പിച്ചേക്കാം.

മുകളിൽ കൊടുത്ത ലിങ്കിലെ ലിസ്റ്റിൽ ഇല്ലാത്ത ചില ചെറിയ വസ്തുക്കളും മനുഷ്യന്റെ വകയായി ചന്ദ്രോപരിതലത്തിൽ ഉണ്ടു്. അവയിൽ പെട്ടതാണു് അപ്പോളൊ-11, 14, 15 എന്നിവയിലെ ആസ്റ്റ്രൊണോട്ടുകൾ അവിടെ ഫിറ്റുചെയ്തിട്ടുപോന്ന Retroreflektors. അവയിലേക്കയക്കുന്ന ലേസർ രശ്മികളെ അതേ ദിശയിൽതന്നെ തിരിച്ചയക്കുമെന്നതാണു് അവയുടെ പ്രത്യേകത. അതുവഴി ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരവും, ചന്ദ്രന്റെ ഓർബിറ്റുമെല്ലാം കൃത്യമായി അളന്നു് തിട്ടപ്പെടുത്താൻ സാധിക്കും. അത്തരം അളവുകൾക്കു് അനുയോജ്യമായ ഒന്നാണു് ജർമ്മനിയിലെ ബവേറിയയിൽ വെറ്റ്‌സെൽ എന്ന സ്ഥലത്തുള്ള ഈ ഗ്രൗണ്ട്‌ സ്റ്റേഷൻ.

 

മുദ്രകള്‍: ,

ബഹുമാനം താടാ!

ഏതാനും ദിവസങ്ങളായി ഞാൻ വളരെ അസ്വസ്ഥനായിരുന്നു. മലയാളബ്ലോഗ്‌ സമൂഹം ഒരു തീമാറ്റിക്‌ റിസെഷൻ നേരിടേണ്ടിവരുമോ എന്നതായിരുന്നു എന്റെ ഭയം. ഒന്നാലോചിച്ചുനോക്കൂ. ഒരു സുപ്രഭാതത്തിൽ മനോരമ മാതൃഭൂമി ദേശാഭിമാനി മുതലായ പത്രങ്ങൾ തലക്കെട്ടുകൾ മാത്രമുള്ള കുറെ വെള്ളക്കടലാസുകൾ സൂക്ഷിച്ചു് നോക്കിയാൽ മാത്രം കാണാനാവുന്ന ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന, “ഇന്നു് വാർത്തയൊന്നുമില്ല. ജ്യോതിഷക്കാരുടെയോ മറ്റു് രോഗശാന്തിതട്ടിപ്പുകാരുടെയോ പോലും പരസ്യങ്ങളും തരപ്പെട്ടില്ല”, എന്നൊരറിയിപ്പുമായി വരിക്കാരുടെ വീട്ടുപടിക്കൽ എത്തുന്ന ഒരവസ്ഥ! അല്ലെങ്കിൽ, ചാനലുകളിലെ വാർത്താവായനക്കാരി/രൻ ഒരു ചമ്മലോടെ “ഇന്നു് വായിക്കാൻ വാർത്തയൊന്നുമില്ല” എന്നു് പറയുന്ന ഒരവസ്ഥ! വായുഗുളിക വാങ്ങാൻ പോകുമ്പോൾ വാഹനസമരം, പേറ്റുവേദനക്കാരിയെ തലച്ചുമടായി പോലും ആശുപത്രിയിൽ എത്തിക്കാൻ പറ്റാത്തവിധം റോഡ്‌ ബ്ലോക്ക്‌ ചെയ്തുകൊണ്ടുള്ള മഹാസമ്മേളനജാഥകൾ, അത്യാഹിതത്തിൽ പെട്ടവരെ രക്ഷപെടുത്താൻ കൂടി അനുവദിക്കാത്തവിധം ചാണകപ്പുഴുക്കളെപ്പോലെ തിക്കിത്തിരക്കി നുഴഞ്ഞുകയറി പോട്ടം പിടിക്കാനും അന്ത്യശ്വാസം വലിക്കുന്നവനെ ‘ഇന്റർവ്വ്യൂ’ ചെയ്യാനും ശ്രമിക്കുന്ന ചാനൽചെന്നായ്ക്കൾ മുതലായവയൊക്കെ മലയാളികൾ പണ്ടേ ശീലിച്ചുകഴിഞ്ഞു. ഇപ്പോൾ അതൊക്കെ കാണുമ്പോൾ അവർ ‘ശിർച്ചു് ശിർച്ചു് ശാവുകയാണു്’ പതിവു്. മലയാളം സിൽമകൾ കണ്ടുകണ്ടു് മനസ്സു് മരവിച്ചുമുരടിച്ച മലയാളികളിൽ ഇപ്പോൾ ഒരുമാതിരി അത്യാഹിതങ്ങളൊന്നും കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാറില്ല. അത്യാഹിതങ്ങളുടെ തൽസമയപ്രക്ഷേപണങ്ങളിലേക്കു് ആരെങ്കിലും തിരിഞ്ഞുനോക്കണമെങ്കിൽ മരിച്ചുകിടക്കുന്നവരുടെ ദേഹത്തേക്കു് ഒരു ലോഡ്‌ കടുംചുവപ്പു് ചായം കൂടി കോരി ഒഴിച്ചു് ഇത്തിരി ഇഫക്റ്റ്‌ ഉണ്ടാക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്നു് തോന്നുന്നു.

അതിനേക്കാൾ ഒക്കെ ദയനീയമായിരിക്കുകയില്ലേ ‘ചത്ത പാന്റ്‌സ്‌’ പോലെ ഒരനക്കവുമില്ലാത്ത ഒരു മലയാളം ബ്ലോഗ്‌ ലോകം? കണ്ണുള്ളപ്പോൾ കണ്ണിന്റെ ഗുണം അറിയാനാവില്ല എന്നപോലെയാണു് ബ്ലോഗിന്റെ കാര്യവും. ബ്ലോഗിലെ ആസന്നഭൂതകാലം എത്ര ആശയസമൃദ്ധമായിരുന്നു എന്നു് നോക്കൂ. ഉണ്ണിത്താൻ, സക്കറിയ, തിലകൻ, മോഹൻലാൽ, സുകുമാർ അഴീക്കോടു് – അങ്ങനെ എത്രയെത്ര ഗഹനമായ വിഷയങ്ങൾ! ഇതത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. മനസ്സും ശരീരവും പൂർണ്ണമായി അർപ്പിച്ചുകൊണ്ടു് പ്രതിജ്ഞാബദ്ധരായി ഓരോരോ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യർ പെട്ടെന്നു് ഒന്നും ചെയ്യാനില്ലാത്ത ഒരുതരം ശൂന്യാവസ്ഥയെ നേരിടേണ്ടിവന്നാൽ അതു് താങ്ങാൻ അവർക്കാവില്ല. അവരുടെ നാശത്തിലേ അതു് കലാശിക്കൂ. അതുതന്നെയാണു് സജീവമായി ബ്ലോഗിൽ പരിചമുട്ടു് കളിക്കുന്നവരുടെ അവസ്ഥയും. മുട്ടാൻ പരിച ഇല്ലാതാവുന്ന ഒരവസ്ഥ! എത്ര ഭീകരമായിരിക്കുമതു്! എന്തുകാര്യത്തെപ്പറ്റിയും മലയാളികൾ വളരെ മുൻകൂട്ടിത്തന്നെ ഒരു പ്ലാൻ തയ്യാറാക്കുന്നവരാണെന്നതു് ഈ വസ്തുതയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. മെത്തിയൊഴുകിക്കൊണ്ടിരിക്കുന്ന പുഴ വറ്റുകയും അക്കരെ പൂട്ടിയിട്ടിരിക്കുന്ന, അതുകൊണ്ടുതന്നെ കടിയനാവാൻ സാദ്ധ്യതയുള്ള, പട്ടിയുടെ തുടൽ അറ്റുപോവുകയും ചെയ്താൽ ഇക്കരെ നിൽക്കുന്നവന്റെ അവസ്ഥ എന്താവുമെന്നതിനെപ്പറ്റി മലയാളികൾ പുരാതനകാലം മുതൽ തന്നെ അത്യന്തം ആകുലമാനസരായിരുന്നു. ഏതുവിധത്തിലും സാധൂകരണയോഗ്യമായ അത്തരം മുൻകരുതലുകൾ കാലുള്ള പല ഓലക്കുടകളേയും കാലുണ്ടായിരുന്ന ഓലക്കുടകളാക്കി മാറ്റിയിട്ടുമുണ്ടു്. ഒരു ജന്മനാ മലയാളിയായ ഞാൻ മലയാളം ബ്ലോഗ്‌ ലോകത്തിൽ താമസംവിനാ സംഭവിക്കാൻ സാദ്ധ്യതയുള്ള ഒരു തീമാറ്റിക്‌ റിസെഷനെപ്പറ്റി ചില അഡ്വാൻസ്‌ ചിന്തകൾക്കു് തിരി തെളിച്ചു് തീ കൊളുത്താതിരുന്നാൽ അതു് പൈതൃകമായി എനിക്കു് ലഭിച്ച എന്റെ ബൗദ്ധികമുൻകരുതൽശേഷിയോടു് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും.

ദീർഘമായ വാചകമടി, ശുഷ്കമായ ഉള്ളടക്കം. അപ്പോൾ ഞാൻ പറയാൻ വന്നതു്, മോഹൻലാലിനും അഴീക്കോടിനും ഇന്നാ സെന്റിനും ശേഷം എന്നാ സെന്റ്‌, ഏതാ സെന്റ്‌, എന്താ സെന്റ്‌, എപ്പോ സെന്റ്‌ എന്നതിനെപ്പറ്റിയൊക്കെ ‘ആലോചിച്ചു് ചിന്തിച്ചു്’ ശീർഷം പുകച്ചു് ഞാൻ നിദ്രാവിഹീനങ്ങളായ എന്നുടെ രാവുകൾ ഉന്തിത്തള്ളി നീക്കിക്കൊണ്ടിരുന്നപ്പോഴാണു് വെള്ളെഴുത്തിന്റെ ‘ചെരിപ്പുകൾ പുറത്തു് വയ്ക്കണോ’ എന്നൊരു പോസ്റ്റ്‌ ‘കൊസ്ത്യൻ മാർക്ക്‌’ സഹിതം എന്നുടെ കണ്ണിൽപ്പെട്ടതു്. ഞാൻ എന്റെ ബാല്യകാലം ചിലവഴിച്ച ഗ്രാമപ്രദേശത്തു് ഡീസൽ എഞ്ചിൻ കൊണ്ടു് പ്രവർത്തിക്കുന്ന ഒരു റൈസ്‌ മിൽ ആ പ്രദേശത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്ഥാപിച്ച വർക്കിച്ചേട്ടൻ ‘റൈസ്‌ മിൽ കമ്പനിയുടെ’ വാതിൽപ്പാളിയിൽ കരിക്കട്ടകൊണ്ടു് “വർക്കീസ്‌ റൈസ്‌ മിൽ – ഇവിടെ ദയവായി നെല്ലു് കുത്തിക്കൊടുക്കപ്പെടും – സ്വന്തം ഓണർ ആൻഡ്‌ പൊപ്രൈറ്റർ” എന്നൊരു പരസ്യം എഴുതിവച്ചിരുന്നു. അതു് കാണുമ്പോൾ എഴുത്തും വായനയും അറിയില്ലെങ്കിലും കാര്യം പിടികിട്ടിയിരുന്ന സ്ത്രീജനങ്ങളുടെ മനസ്സിൽ ഉരൽ ഉലക്ക മുതലായവ ഉണർത്തിയിരുന്ന നൊസ്റ്റാൽജിക്‌ വികാരത്തിനോടൊപ്പംതന്നെ വിരിഞ്ഞിരുന്ന ആശ്വാസത്തിന്റെ മാരിവിൽക്കൊടിപോലെ എന്റെ മനസ്സിലും വെള്ളെഴുത്തിന്റെ പോസ്റ്റ്‌ വായിച്ചപ്പോൾ ആനന്ദത്തിന്റെ ഒരു അന്തിമന്താരപ്പൂ വിരിഞ്ഞു. അറിവിന്റെ അനുഭൂതി വിരിയുന്ന ഇത്തരം അസുലഭനിമിഷങ്ങളിൽ “യുറേക്കാ” എന്നു് അലറുന്ന ഒരു സ്വഭാവം എനിക്കുണ്ടു്. പക്ഷേ, കുറെ നാളായി എന്റെ അയൽപക്കത്തു് ‘എറീക്ക’ എന്നൊരു വനിത താമസം തുടങ്ങിയിട്ടുള്ളതിനാൽ ഈയിടെയായി അത്തരം സന്തോഷപ്രകടനങ്ങൾ ഞാൻ ഉള്ളിലൊതുക്കാറാണു് പതിവു്. എറീക്ക ഒരു ഭദ്രകാളിയോ ലക്ഷ്മീദേവിയോ വാസവദത്തയോ മുതലായ കാര്യങ്ങൾ എന്നെസംബന്ധിച്ചു് ഒരു പ്രഹേളികയായി തുടരുന്നിടത്തോളം എന്റെ ഈ സന്തോഷമൊതുക്കൽ തുടരുകയല്ലാതെ മാർഗ്ഗമില്ല. എറീക്ക എന്നെ തോണ്ടുന്നതും ഞാൻ എറീക്കയെ തോണ്ടുന്നതും തമ്മിൽ ഫണ്ടമെന്റലായ ചില വ്യത്യാസങ്ങളുണ്ടെന്നു് എന്നേക്കാൾ കൂടുതലായി എറീക്കയ്ക്കറിയാം. അത്ര എൻകറേജിംഗ്‌ ആയ ഒരു കാര്യമല്ല അതു്. ആനന്ദപ്രകടനത്തിനുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ അട്ടഹാസവാസനകൾ അടിച്ചമർത്തപ്പെട്ടാൽ അതു് അന്തിമമായി ആത്മസംഘർഷത്തിലേക്കും ദൂരവ്യാപകമായ മാനസികപ്രതിസന്ധികളിലേക്കും നയിക്കുമെന്നു് ഏതോ എറീക്കയിൽ നിന്നും നേടിയ അനുഭവസമ്പത്തുമായി ഭ്രാന്താശുപത്രിയിൽ എത്തിച്ചേർന്ന ആരോ എഴുതിയിട്ടുണ്ടു്. ഞാൻ വായിച്ചിട്ടില്ല.

വെള്ളെഴുത്തു് ചെരിപ്പു് പുറത്തു് വയ്ക്കണോ എന്നു് ചോദിച്ചതു് എന്നോടു് വ്യക്തിപരമായാണോ എന്നൊരു ഇടക്കാലസംശയം ഉടലെടുത്തതു് അതു് അങ്ങനെയല്ല എന്നു് ഉടൻ തന്നെ പുറം തപ്പിനോക്കിയും രണ്ടു് കണ്ണാടികളുടെ (ആളൊരു ധനികനാണേ! പ്രാതലും മറ്റു് ചിലവുകളും കഴിഞ്ഞു് ആഴ്ചയിൽ രണ്ടു് മലയാളം സിൽമ കാണാനും ഞായറാഴ്ച പള്ളിയിൽ നേർച്ചയിടാനുമുള്ള നല്ലൊരു തുക ബാക്കിവരും! ഒരു വലതുപക്ഷമൂരാച്ചി ആവാനുള്ള ചുറ്റുവട്ടങ്ങളൊക്കെയുണ്ടെന്നു് സാരം.) സഹായത്തോടെയും ഞാൻ ഉറപ്പുവരുത്തി. എന്തുകൊണ്ടെന്നറിയില്ല ഈയിടെയായി എന്തു് കേട്ടാലും, അതിപ്പോ ചെയര്‍മാന്‍ മാംഗ്‌ ഷുവാൻ തുംഗിന്റെ മാൻഡറിൻ ഭാഷയിലെ പ്രസംഗമായാലും അയാൾ പറയുന്നതു് മുഴുവൻ എന്നെപ്പറ്റിയാണു് എന്നൊരു തോന്നൽ എനിക്കുണ്ടാവാറുണ്ടു്. ഇടതുവശത്തുകൂടി നോക്കുമ്പോൾ, സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും ഞാൻ മാംഗ്‌ ഷുവാൻ തുംഗിനേക്കാൾ ഒട്ടും മോശവുമല്ലല്ലോ. എങ്കിലും, വലതുവശത്തുകൂടി നോക്കുമ്പോൾ, പ്രത്യേകിച്ചും എറീക്ക എന്റെ അയൽവാസിയായതിനുശേഷം ശേഷം, ഇത്തരം തോന്നലുകൾ സാവകാശം ഒരു സംശയരോഗമായി മാറിക്കൊണ്ടിരിക്കുന്നില്ലേ എന്നു് തരംതിരിച്ചു് നോക്കാനുള്ള ഒരു ‘ഉൾവിളി’ എന്നെ ചെവിക്കു് പിടിച്ചു് വലിക്കുന്നതുപോലെ മറ്റൊരു തോന്നലും ഇടയ്ക്കിടെ എനിക്കുണ്ടാവാറുണ്ടു്. തോന്നലുകളുടെ ഒരു മായാലോകം. സഹിക്കുകയല്ലാതെ എന്തു് ചെയ്യാൻ?

വെള്ളെഴുത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ കൂലംകഷണംകഷണമായി പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ M.P., M.L.A. മുതലായ ജനപ്രതിനിധികളുടെ ചൂരടിക്കുമ്പോൾതന്നെ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കേണ്ടതും, സല്യൂട്ടടിച്ചു് നിൽക്കേണ്ടതും, അവരുടെ വാട അകന്നുകഴിയുമ്പോൾ മൂന്നുവട്ടം എഴുത്തുമേശക്കു് ചുറ്റും (മേശ ഇല്ലെങ്കിൽ ചന്തിപീഠമായ സ്റ്റൂളിനുചുറ്റും) കഥാനായകനായ ജനപ്രതിനിധിയുടെ നാമം ഉരുവിട്ടുകൊണ്ടു് പ്രദക്ഷിണം ചെയ്യേണ്ടതും വളരെ ആവശ്യമായ ഒരു കാര്യമായി എനിക്കു് തോന്നുന്നു. സാമൂഹികനവീകരണത്തിനു് ഇത്രയും ലളിതമായ ഒരു മാർഗ്ഗം ഉണ്ടെന്ന കാര്യം ഇതുവരെ മനസ്സിലാക്കാഞ്ഞതിൽ എനിക്കു് അസാമാന്യമായ നാണം തോന്നുന്നു. ഇത്തരം ഒരു സാംസ്കാരികപാരമ്പര്യം വളർത്തിയെടുക്കുന്നതിനുവേണ്ടി പ്രത്യേകമായി ഒരു നിയമനിർമ്മാണം നടത്തേണ്ടിവന്നാൽ അതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഉദാഹരണത്തിനു്, അക്ഷരത്തെറ്റുകൂടാതെ ഒരു വാക്കു് എഴുതാൻ അറിയാത്ത ഒരു മന്ത്രിയെ കാണുമ്പോൾ ബഹുമാനിക്കാൻ – മന്ത്രിസ്ഥാനത്തിന്റെ അധികാരശക്തി സ്വന്തം കാര്യസാദ്ധ്യത്തിനായി ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവരല്ലാതെ – നാലക്ഷരം കൂട്ടിച്ചേർത്തു് വായിക്കാൻ അറിയാവുന്ന മറ്റാരും സ്വമേധയാ തയ്യാറാവുകയില്ല. അതിനാൽ ബഹുമാനിക്കപ്പെടാനുള്ള തങ്ങളുടെ അവകാശം നിയമനിർമ്മാണത്തിലൂടെ നേടിയെടുക്കുകയല്ലാതെ അവർ എന്തു് ചെയ്യാൻ?

ഇതിനു് ചില മറുവശങ്ങളുണ്ടു്. ഉദാഹരണത്തിനു്, പരിഹാസം ചോദിച്ചുവാങ്ങുന്ന കാര്യത്തിൽ ചാമ്പ്യൻ എന്നു് പരക്കെ അറിയപ്പെടുന്ന ഒരു ജനപ്രതിനിധി ഏതെങ്കിലും ഒരു ഓഫീസിൽ കയറിച്ചെല്ലുമ്പോൾ അയാൾ സ്വീകരിക്കപ്പെടുന്ന രീതി ആ ഓഫീസറുടെ സ്വഭാവത്തിനും നിലപാടുകൾക്കും അനുസരിച്ചു് വ്യത്യസ്തമായിരിക്കും. കുടുംബവും പ്രാരാബ്ധവുമൊക്കെ ഉള്ള ഒരു ഉദ്യോഗസ്ഥനാണു് അയാളെ സ്വീകരിക്കുന്നതെങ്കിൽ മണമേറ്റാൽ ക്ഷയരോഗം പിടിക്കുന്ന തരത്തിലുള്ള നല്ലയിനം നാലു് തെറി മനസ്സിൽ പറഞ്ഞുകൊണ്ടും, എന്നാൽ തനിക്കുള്ളതിൽ ഏറ്റവും നല്ല ഒരു മന്ദഹാസം മുഖത്തു് ഒട്ടിച്ചുവച്ചുകൊണ്ടുമായിരിക്കും ആ സ്വീകരണം. കാരണം, തന്റെ പണി നഷ്ടപ്പെടുക അല്ലെങ്കിൽ സ്ഥലം മാറ്റം ചെയ്യപ്പെടുക മുതലായ ഭവിഷ്യത്തുകൾ പ്രാരാബ്ധം മൂലം അവനു് താങ്ങാനാവുന്ന കാര്യങ്ങളല്ല. പക്ഷേ, അതു് ഒരുവിധത്തിലും ഒരു ബഹുമാനപ്രകടനമല്ല, ഒരു ചടങ്ങു് മാത്രമാണെന്നു് ആർക്കാണറിയാത്തതു്? ബഹുമാനം – അതു് ഒരുവനു് മറ്റൊരുവനോടു് ഉണ്ടെങ്കിൽ ഉണ്ടു്, ഇല്ലെങ്കിൽ ഇല്ല.

ഇനി, ഒരു ജനപ്രതിനിധി ഓഫീസിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉദ്യോഗസ്ഥൻ അയാളെ വേണ്ടവിധം ആദരിച്ചില്ല എന്നു് കരുതുക. അതിന്റെ കാരണം, ഉദാഹരണത്തിനു്, അവൻ മറ്റൊരു പാർട്ടിയോടു് അനുഭാവം പുലർത്തുന്നവനായതിനാലാവാം. അല്ലെങ്കിൽ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ആവാം. അരാഷ്ട്രീയവാദികളെ അശ്രീകരങ്ങളായി മുദ്രകുത്തി പണ്ടേതന്നെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടുള്ളതുകൊണ്ടു് ഒരു ഉദ്യോഗസ്ഥൻ ഏതെങ്കിലും ഒരു രാഷ്ട്രീയവിഭാഗത്തോടു് ചായ്‌വു് കാണിച്ചാൽ അതു് തെറ്റെന്നു് പറയാനുമാവില്ല. (സത്യത്തിൽ ജനസേവകനായ ഒരു ഉദ്യോഗസ്ഥനു് സജീവരാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണു് സമൂഹത്തിനു് നല്ലതു്! അവർക്കു് രാഷ്ട്രീയമേ പാടില്ല എന്നു് അതിനർത്ഥമില്ല.) അതായതു്, അനാദരവു് കാണിച്ച ഉദ്യോഗസ്ഥൻ സ്വാഭാവികമായും ശിക്ഷിക്കപ്പെടും. പക്ഷേ, ആ ഉദ്യോഗസ്ഥനും – അവൻ അരാഷ്ട്രീയവാദി അല്ലാത്തതിനാൽ – അവന്റെ പാർട്ടിയുടേതായ ഏതെങ്കിലും യൂണിയനിൽ അംഗമായിരിക്കാം. യൂണിയനിലെ അംഗം ശിക്ഷിക്കപ്പെട്ടാൽ അവർ വെറുതെയിരിക്കുമോ? ഇരിക്കാമോ? അതിനാൽ അവർ ആ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതുവരെ വേണ്ടിവന്നാൽ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുപോലും സമരം ചെയ്യും. സാമൂഹികനന്മയും സാമൂഹികപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിൽ സമരങ്ങൾ അവസാനത്തെ മാർഗ്ഗമാണു് എന്നതൊന്നും അപ്പോൾ അവർ ചിന്തിക്കണമെന്നില്ല. ആർക്കും അവനവന്റെ മാർഗ്ഗം അന്തിമമാർഗ്ഗമാണെന്നതിനു് അനുയോജ്യമായ ന്യായീകരണം എപ്പോഴും കണ്ടെത്താനുമാവും. ജനാധിപത്യം നിലവിലിരിക്കുന്ന രാജ്യങ്ങളേ അതിനുപോലുമുള്ള അനുവാദം ജനങ്ങൾക്കു് നൽകുന്നുള്ളു എന്നു് കാണാൻ ചുറ്റുപാടുമുള്ള രാജ്യങ്ങളിലേക്കു് ഒന്നു് കണ്ണോടിച്ചാൽ മതി.

ജനപ്രതിനിധികളെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും ബഹുമാനിക്കണം, സംശയമൊന്നുമില്ല. അതുമാത്രം പോരാ, ഓരോ മനുഷ്യനും തന്റെ സഹജീവിയെ ബഹുമാനിക്കണം. ബഹുമാനം വണ്വേ ട്രാഫിക്കല്ല. അതൊരു പരസ്പരത്വമാണു്. ഒരു മനുഷ്യജീവി എന്ന നിലയിൽ എന്നെ ബഹുമാനിക്കാത്തവനെ തിരിച്ചു് ബഹുമാനിക്കാനുള്ള ഒരു കടപ്പാടും എനിക്കില്ല. ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴോ, വിദേശ ഭരണാധികാരികളെ സ്വീകരിക്കുമ്പോഴോ ഒക്കെ പാലിക്കേണ്ടുന്ന പ്രോട്ടോക്കോൾ അല്ല ബഹുമാനം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഏതെങ്കിലും ഒരു കാരണത്തെ പ്രതിയല്ലാതെയുള്ള തികച്ചും മാനുഷികതയുടെ അടിസ്ഥാനത്തിലുള്ള പരസ്പരബഹുമാനം. അന്യചിന്താഗതിക്കാരുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്തിടത്തു് ഉണ്ടാവാൻ കഴിയാത്ത അതേ പരസ്പരബഹുമാനം. യഥാർത്ഥത്തിലുള്ള ഔദ്യോഗിക പ്രോട്ടോക്കോളുകൾ പാലിക്കാൻ പോയിട്ടു് അവ എന്തെന്നു് അറിയാവുന്ന ഏതെങ്കിലും ഒരു ‘ജനപ്രതിനിധി’ കേരളത്തിൽ ഉണ്ടെങ്കിൽ അതു് അവിശ്വസനീയം എന്നു് വിശേഷിപ്പിക്കേണ്ട യാദൃച്ഛികത എന്നേ പറയാനുള്ളു.

സ്വന്തം സംസ്കാരത്തിന്റെ ഭാഗമായി മനുഷ്യർ പൊതുവേ പരസ്പരം ബഹുമാനിക്കുന്ന സമൂഹങ്ങളിൽ ഇതൊന്നുമൊരു പ്രശ്നമാവേണ്ട കാര്യമേ അല്ല. പക്ഷേ, ജാതിയും മതവും, വർഗ്ഗവും വർണ്ണവും, ഗ്രാം സ്റ്റാറും കിലോസ്റ്റാറും മെഗാസ്റ്റാറും ഗിഗാസ്റ്റാറും, അപ്പൻദൈവങ്ങളും അമ്മദൈവങ്ങളും, ചപ്പും ചവറും, വൺവേ ആരാധനയും അതര്‍വേ അവഗണനയുമായി നഞ്ചുപിടിച്ച മീനുകളെപ്പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന സമൂഹങ്ങളിൽ അതൊക്കെ പ്രശ്നം തന്നെയാണു്. സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടാനായി ഇത്തരം നിസ്സാരകാര്യങ്ങൾ ഏറ്റവും വലിയ പ്രശ്നം എന്ന രീതിയിൽ ഊതിപ്പെരുപ്പിക്കുകയും കൂടി ചെയ്യുമ്പോൾ അധോഗതി ത്വരിതപ്പെടുകയും ചെയ്യുന്നു! സമൂഹത്തിന്റെ അധോഗതിയിൽ നിന്നും ജീർണ്ണതയിൽ നിന്നും നേട്ടങ്ങൾ കൊയ്യുന്നവരുടെ ആവശ്യമാണു് ഇത്തരം കാര്യങ്ങൾ നിയമപരമാക്കണമെന്നതു്. “നീ മോഷ്ടിക്കരുതു്” എന്ന നിയമം കൊണ്ടു് സംരക്ഷിക്കപ്പെടുന്നതു് എന്തെങ്കിലും ഉള്ളവരാണു്. ഒന്നുമില്ലാത്തവനു് എന്തിനു് അതുപോലൊരു നിയമം? ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ നിയമം നിർമ്മിക്കപ്പെടേണ്ടതു് സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി ആയിരിക്കണം. സായിപ്പിന്റെ നിയമങ്ങൾ സായിപ്പിന്റെ നേട്ടങ്ങൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു. മറ്റൊന്നു് അവരിൽ നിന്നും പ്രതീക്ഷിക്കുന്നതു് വിഡ്ഢിത്തവുമായിരിക്കും. പക്ഷേ, അതു് അതേപടി ഏറ്റെടുത്തു് ആറു് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭാരതീയ സമൂഹത്തിനുവേണ്ടി അതു് പുതുക്കി എഴുതപ്പെടുകയോ, അത്തരമൊരു മാറ്റത്തിന്റെ ആവശ്യത്തെപ്പറ്റി ചിന്തിക്കുകപോലുമോ ചെയ്യാതെ അതിനെ കഴിയുന്നത്ര വഷളാക്കാൻ കൂടി ശ്രമിക്കുന്നതിന്റെ പിന്നിൽ സായിപ്പിന്റെ സ്ഥാനം ഏറ്റെടുത്ത ഭാരതീയസായിപ്പുമാർ തന്നെയാണുള്ളതു്. അതിൽ ജനപ്രതിനിധികളുണ്ടു്, ഉദ്യോഗസ്ഥന്മാരുമുണ്ടു്. അതൊന്നും പോരാഞ്ഞിട്ടു്, ഇപ്പോൾ അക്കൂട്ടർ തന്നെ അണ്ടിയോ മാവോ മൂത്തതു് എന്നപോലുള്ളോ തർക്കവുമായി വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കുന്നു! പ്രസംഗം ജനാധിപത്യമെന്നും!

ഒരു ജനാധിപത്യത്തിൽ ജനങ്ങൾക്കും വേണ്ടേ ഒരു ശകലം ബഹുമാനം? അതാരു് നൽകും? അതു് വരേണ്ടതു് ഭാരതത്തിൽ നിന്നോ അതോ ഏതെങ്കിലും വിദേശരാജ്യങ്ങളിൽ നിന്നോ?

ഏതായാലും അതു് വരുന്നതുവരെ ഗൾഫിലും മറ്റു് അന്യരാജ്യങ്ങളിലും പോയി ചോര നീരാക്കുന്നവർ അയക്കുന്ന ഡോളറിന്റെ പിൻബലത്തിൽ ജനാധിപത്യത്തിൽ പങ്കിടപ്പെടേണ്ടുന്ന ബഹുമാനത്തിന്റെ കിഡ്നി ആർക്കു്, ലിവർ ആർക്കു് മുതലായ ഗൗരവതരമായ വിഷയങ്ങളെപ്പറ്റി വിശദമായ ചർച്ച നടക്കട്ടെ. അങ്ങനെയെങ്കിലും മലയാളം ബ്ലോഗ്‌ ലോകത്തിൽ ഒരു തീമാറ്റിക്‌ റിസെഷൻ ഒഴിവായി Post-Thilakan era ഒരു അന്ധകാരയുഗമായിരുന്നു എന്നു് രേഖപ്പെടുത്തേണ്ട ഗതികേടു് ബ്ലോഗ്‌ ചരിത്രകാരന്മാർക്കു് ഉണ്ടാവാതിരിക്കട്ടെ.

 
2അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 2, 2010 in പലവക

 

മുദ്രകള്‍: ,

പുതിയ ദൈവം പുതിയ മതം

ഇതാ ഒരു പുതിയ ദൈവം! ഇതാ ഒരു പുതിയ മതം!

ഭൂമിമലയാളമേ! ഇതാ നിങ്ങൾക്കായി ഒരു സന്തോഷവാർത്ത. പാതാളമറുത (ങ്യാഹ) എന്ന സർവ്വശക്തനായ ഏകദൈവം തന്റെ ജനമായി ലോകാരംഭത്തിലേ തിരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങളുടെ വനരോദനം അവസാനം ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ ദുഃഖത്തിൽ ദൈവത്തിന്റെ മനം കലങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ ആത്മാക്കളെ ജൈവീകതയുടെ പൈശാചികതകളിൽ നിന്നും മോചിപ്പിച്ചു്‌ അമര്‍ത്യതയുടെ ദൈവികതയിലേക്കു് ആനയിക്കുവാൻ ദൈവം എന്നിലും ഞാൻ ദൈവത്തിലുമായ അഗ്നിവേതാളം (സ്വാഹ) എന്ന ഞാൻ ഇതാ അയക്കപ്പെട്ടിരിക്കുന്നു. മനുഷ്യ൹ ഒരു ഇടർച്ചക്കല്ലും തടങ്കൽപ്പാറയുമായി ദൈവത്തിന്റെ കല്ലുവച്ച മുദ്രമോതിരം ധരിച്ച ചൂണ്ടുവിരലും പൊന്നുകെട്ടിയ അംശവടിയുമായി ഞാൻ നിങ്ങളിലേക്കു്‌ താണിറങ്ങി വന്നിരിക്കുന്നു.

ലോകാവസാനകാലത്തു്‌ പെരുച്ചാഴിയെ കൊടിയടയാളമാക്കി ഒരുവൻ വരുമെന്നു്‌ കൺഫൂഷ്യസും ബുദ്ധനും വേദവും ഗീതയും ബൈബിളും ഖുർആനും മുട്ടത്തുവർക്കിയും ബാർബർജോസും പ്രവചിച്ചിട്ടുള്ളതായി നിങ്ങൾ പുരാതനകാലം മുതൽ വായിച്ചറിഞ്ഞിട്ടുള്ളവൻ ഞാൻ തന്നെ. ആദ്യപ്രവാചകനും അന്ത്യപ്രവാചകനും ഞാൻ തന്നെ. ആദിയിലേ ഉണ്ടായിരുന്നവൻ ഞാൻ. അവസാനത്തി൹ മുൻപും പിൻപും ഉള്ളവനും ഞാൻ. രക്ഷകനായ മറ്റൊരു മശിഹയെ ഇനിമേൽ നിങ്ങൾ ഇനി കാക്കേണ്ടതില്ല. മോചനവും രക്ഷയും എന്നിലൂടെ മാത്രം. നാഷണൽ ഹൈവേയും പഞ്ചായത്തു്‌ റോഡും ഇടവഴിയും ഞാൻ. മുക്തിയും മോക്ഷവും നിർവാണവും എന്നിലൂടെ. എഴുതുന്നവനും വായിക്കുന്നവനും പിൻതുടരുന്നവനും ഞാൻ തന്നെ. ഏകദൈവമായ പാതാളമറുത (ങ്യാഹ) എന്നിലും ഞാൻ അവനിലും അടങ്ങിയിരിക്കുന്നു. ഞങ്ങൾ രണ്ടല്ല, ഒന്നുതന്നെ. അദ്വൈതസാരാംശം ഞാൻ തന്നെ. ദ്വൈതസാരാംശവും ഈ ഞാൻ തന്നെ. ദേഹം ദേഹി ആത്മാവു് എന്ന ത്രിത്വസാരാംശം എന്നിൽ സമന്വയിച്ചിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും ഞാൻ. ആദിയും അന്ത്യവും മദ്ധ്യവും ഞാൻ. എട്ടു് ദിക്കുകളും പതിനാറു് ദിക്കുകളും ബാക്കിയുള്ള മുക്കുകളും ഞാൻ തന്നെ. സ്ഥലകാലങ്ങൾ എന്നിലും ഞാൻ അവയിലും വസിക്കുന്നു. പ്രപഞ്ചം എന്നിലും ഞാൻ പ്രപഞ്ചത്തിലും ത്രസിക്കുന്നു.

വാനശാത്രവും വാനരശാസ്ത്രവും ഭൂമിശാസ്ത്രവും ഭൂതശാസ്ത്രവും പാതാളശാസ്ത്രവും പാക്കനാർശ്ശാസ്ത്രവും വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും പല്ലിശാസ്ത്രവും ഹസ്തരേഖാശാസ്ത്രവും സംഖ്യാശാസ്ത്രവും യോഗശാസ്ത്രവും പൊതുയോഗശാസ്ത്രവും കരയോഗശസ്ത്രവും വസ്തുശാസ്ത്രവും വാസ്തുശാസ്ത്രവും കാക്കക്കാഷ്ഠശാസ്ത്രവും എല്ലാം ഞാൻ തന്നെ. സകലശാസ്ത്രവും എന്നിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നു. മിന്നൽ ഞാൻ തന്നെ. ഇടിവെട്ടു് ഞാൻ തന്നെ. അഗ്നിയും ജലവും മണ്ണും പുണ്ണും കാറ്റും തൂറ്റും ചിതൽപ്പുറ്റും ചിലപ്പതിക്കാരവും എല്ലാം ഞാൻ തന്നെ. തൂണിലും കൂണിലും തുരുമ്പിലും കരിമ്പിലും മഴയിലും പുഴയിലും വഴിയിലും കുഴിയിലും മടിയിലും പോക്കറ്റിലും ഞാനുണ്ടു്. ഒന്നായ പാതാളമറുത (ങ്യാഹ) എന്നിലൂടെ പലരായ തിലകനോ മമ്മൂട്ടിയോ മോഹൻലാലോ മറ്റു് അണ്ടൻ അടകോടൻസോ ഒക്കെ ആയി മാറുന്നതാണു് സാക്ഷാൽ മായാമായമറിമായമെന്ന ആദ്ധ്യാത്മിക ‘തത്വമീൻമാംസം’. മുള്ളില്ല, മുശിടില്ല, മുഷ്ക്കൊട്ടുമില്ല. “ഹാ മായ മായ സകലവും മായ” എന്നു് ശലോമോൻ ദീർഘദർശ്ശനം ചെയ്തതും ഈ മിസ്‌ മായാമായമറിയാമ്മ എന്ന ആത്യന്തികരഹസ്യത്തിന്റെ മാപ്ലഫിക്കേഷനെപ്പറ്റിത്തന്നെ.

മലയാളിജനമേ! സത്യദൈവമായ പാതാളമറുതയിലേക്കുള്ള (ങ്യാഹ) വഴി തെളിക്കുന്നവനായ എന്റെ വാക്കുകൾക്കു് നിങ്ങളുടെ ചെവികളെ തരൂ. നിങ്ങളുടെ ശരീരത്തിലെ സർവ്വ കണ്ണുകളെയും എന്നിലേക്കു് തിരിച്ചുവയ്ക്കൂ. എന്റെ വചനങ്ങൾ സകല ലോകവും വായിക്കുന്നതിനായി ബ്ലോഗിലൂടെ കൊടിപിടിച്ചു് അലയടിച്ചു് ഒഴുകിനടക്കുമെന്നു് ആദിയിലേ എഴുതപ്പെട്ടിരിക്കുന്നു. അവ ഇതുവരെയുള്ള എല്ലാ പൊട്ടസത്യങ്ങളേയും അസാധുവാക്കുന്ന ജീവനുള്ള ദൈവത്തിന്റെ നിത്യസത്യവചനങ്ങളാകുന്നു. വായിക്കൂ. കാണാപ്പാഠം പഠിക്കൂ. അവയിലെ ഓരോ വചനങ്ങളും ജപമാലയിലെ കുരുവെണ്ണി ദിനമെണ്ണി ഉരുവിടൂ. അവയെ ലോകമാസകലം പ്രചരിപ്പിക്കൂ. എന്നെ വിടാതെ പിൻതുടർന്നു് നിങ്ങളുടെ ജീവിതത്തിന്റെ മാതൃകയാക്കൂ. ഞാൻ നിങ്ങളെ ഒരു വഴിക്കാക്കും.

മോക്ഷം പ്രാപിക്കാൻ എന്തു് ചെയ്യണമെന്നു് ഇതാ ഞാൻ നിങ്ങൾക്കു് വെളിപ്പെടുത്താൻ പോകുന്നു. ചില നസ്രാണിപ്പള്ളികളിൽ കുർബ്ബാനമദ്ധ്യേ പുരോഹിതൻ ഭക്തജനത്തോടു് ആഹ്വാനം ചെയ്യുന്നതുപോലെ, നിങ്ങൾ ഭയത്തോടും വിറയലോടും കൂടി എന്റെ വചനങ്ങൾ കേട്ടുകൊൾവിൻ. നിങ്ങൾ ഒറ്റക്കായാലും കൂടിവരുമ്പോഴായാലും ഇങ്ങനെ മാത്രം പ്രാർത്ഥിപ്പിൻ: “പാതാളമറുതയെന്ന (ങ്യാഹ) ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല. അഗ്നിവേതാളം (സ്വാഹ) അല്ലാതെ മറ്റൊരു ദൈവദൂതനില്ല. ഞങ്ങളുടെ നിത്യദൈവത്തിന്റെ അംബാസിഡറായ അഗ്നിവേതാളത്തിൽ (സ്വാഹ) ഞങ്ങൾ കണ്ണും കാതുമടച്ചു് വിശ്വസിക്കുന്നു. അവനെതിരായി എന്തെങ്കിലും ചിന്തിക്കുകയോ പറയുകയോ പ്രവർത്തിക്കുകയോ ഞങ്ങൾ ചെയ്യുകയില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ അവനെ ഞങ്ങൾ കയ്യോടെ തല്ലിക്കൊല്ലുകയും അവന്റെ കുടുംബത്തെ മുഴുവനും കല്ലെറിഞ്ഞു് കൊല്ലുകയും കണ്ണിൽ കാണുന്നതെല്ലാം ചുട്ടു് ചാമ്പലാക്കുകയും ചെയ്യും. അദ്വൈതമായ പാതാളമറുതയും (ങ്യാഹ) അഗ്നിവേതാളവും (സ്വാഹ) കിടിലർ! കിടിലർ! കിടിലർ! (ആഹ)” എന്നു് പാതാളത്തിലേക്കു് നോക്കി കർണ്ണകഠോരമായി അട്ടഹസിച്ചുകൊണ്ടു് ദിവസം പത്തുപ്രാവശ്യത്തിൽ കുറയാതെ ഏത്തമിടുക. അതാണു് നിങ്ങളുടെ സകലതലമുറകൾക്കും എന്നേക്കുമായി നൽകപ്പെടുന്ന നിങ്ങളുടെ ദൈവത്തിനോടുള്ള പ്രാർത്ഥനാമുറ.

അന്യദൈവങ്ങളെ ആരാധിക്കുന്നവരിൽ നിന്നും എല്ലാവിധത്തിലും വ്യത്യസ്തരായിരിക്കുന്നതിലാണു് നിങ്ങളുടെ സാമ്യമകന്ന മഹത്വം കുടികൊള്ളുന്നതെന്നു് ഒരിക്കലും മറക്കാതിരിക്കുക. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനമല്ലോ. പാതാളത്തിലേക്കു് നോക്കി പ്രാർത്ഥിക്കുന്നതിൽത്തന്നെ അതിൽ നിങ്ങൾക്കൊരു ദൃഷ്ടാന്തമുണ്ടു്. അന്യവിശ്വാസക്കാർ എന്തു് ചെയ്യുന്നു എന്നു് എപ്പോഴും ശ്രദ്ധിക്കുക. അതിനെയൊക്കെ വിമർശിക്കുകയും അതിനെതിരായതു് മാത്രം പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾക്കു് ആരുടെ വിശ്വാസത്തേയും ആരുടെ ദൈവത്തേയും എപ്പോഴും വിമർശിക്കുകയോ തെറി പറയുകയോ ചെയ്യാം. മറ്റാർക്കും അതിനെ എതിർക്കാൻ അവകാശമില്ല. അതേസമയം, പാതാളമറുതയിലുള്ള (ങ്യാഹ) നിങ്ങളുടെ വിശ്വാസം വിമർശനാതീതമാണു്. അതിലെന്തു് വിമർശിക്കാൻ? അതു് സ്ഥലകാലാതീതവും നിത്യവും ദൈവികവുമായ സനാതനസത്യമല്ലോ. അന്യവിശ്വാസികളും അവിശ്വാസികളും (വിമർശനത്തിന്റെ കാര്യത്തിലൊഴികെ) ചെയ്യുന്ന ഒരു കാര്യവും നിങ്ങളുടെ ജീവിതത്തിൽ പകർത്തരുതു്. അതു് നിങ്ങൾക്കു് ഇതിനാൽ എന്നേക്കുമായി നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഇതു് നിങ്ങളുടെ ദൈവത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കൽപന.

നിങ്ങളുടെ ഏകദൈവവും സർവ്വശക്തനും സകലപ്രപഞ്ചവും സൃഷ്ടിച്ചവനുമായ പാതാളമറുതയും (ങ്യാഹ) നിങ്ങളും തമ്മിലുള്ള നിത്യനിയമത്തിന്റെ അടയാളമായി നിങ്ങൾ നോമ്പു് നോക്കണം. ഇതുവരെ മരിക്കാത്തതുകൊണ്ടാണു് നിങ്ങൾ ജീവിച്ചിരിക്കുന്നതെന്നതിനാൽ, അതിന്റെ പേരിൽ നിങ്ങളുടെ ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും കൽപനകൾ ആചരിക്കാനും നിങ്ങൾ കടപ്പെട്ടിരിക്കുന്നുവല്ലോ. മരിച്ചതിന്റെ പേരിൽ നിങ്ങൾ നന്ദി പറഞ്ഞാൽ മനുഷ്യർ കേൾക്കുകയില്ല. കേൾക്കാത്തതും കാണാത്തതുമായ കാര്യങ്ങൾ മനുഷ്യർ വിലമതിക്കുന്നില്ലെന്നറിയുക. ഒരു മാസം മുഴുവൻ ആഹാരവും ജലപാനവും ഉപേക്ഷിച്ചു് നിങ്ങൾ നോമ്പു് നോക്കണം. ജലപാനം ഇല്ലാത്തതിനാൽ തലച്ചോറു് ഉണങ്ങും. അങ്ങനെ ചിന്താശേഷി പതിയെപ്പതിയെ ഇല്ലാതാവും. അതു് നല്ലതാണു്. എത്ര കുറച്ചു് ചിന്തിക്കുന്നുവോ അത്രയും നിങ്ങൾക്കു് നല്ലതു്. നിങ്ങൾ നോമ്പു് നോക്കുന്നു എന്നതിനു് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കാൻ മറക്കരുതു്. പബ്ലിസിറ്റി എത്ര കൂടുന്നോ അത്രയും നല്ലതു്. ചിന്ത കുറയുന്നപോലെതന്നെ പ്രധാനമാണു് പബ്ലിസിറ്റി കൂടേണ്ടതും. നിങ്ങളുടെ ദൈവത്തോടു് കടുംപിടുത്തമെന്നോണം മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടു് നിങ്ങൾ ആ നാളുകളിൽ ഉപവസിക്കണം. അതിനു് പകരമായി അടുത്തമാസം മുഴുവൻ മൂക്കുമുട്ടെ തിന്നുവാൻ നിങ്ങൾക്കു് അനുവാദമുണ്ടു്. പ്രാർത്ഥനയിൽ മാറ്റം വരുത്താതെ വിഗ്രഹങ്ങളെ നിങ്ങൾക്കു് ആരാധിക്കാം. പക്ഷേ, വിഗ്രഹങ്ങൾ നിങ്ങളെ ആരാധിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക.

നാൽക്കാലികളെ അവ ഇരുക്കാലുകളിൽ നിൽക്കുമ്പോഴും ഇരുക്കാലികളെ അവ ഒറ്റക്കാലിൽ നിൽക്കുമ്പോഴും നിങ്ങൾ ആഹാരത്തിനായോ നിങ്ങളുടെ ദൈവത്തിനു് ബലിയർപ്പണത്തിനായോ കൊലചെയ്യരുതു്. അങ്ങനെ കൊലചെയ്യപ്പെട്ടവയുടെ മാംസം നിങ്ങൾ ഒരിക്കലും ഭക്ഷിച്ചുപോകരുതു്. ഇഴജന്തുക്കളെ തലയും വാലും മുറിച്ചുമാറ്റാതെ വറുത്തോ പുഴുങ്ങിയോ ചുമ്മാതെ വിഴുങ്ങരുതു്. അതേസമയം, അവയെ ജീവനോടെ വിഴുങ്ങുന്നതിനു് ഇതു് ബാധകമല്ല. എന്തിനെയും ജീവനോടെ വിഴുങ്ങുന്നതു് നിങ്ങൾക്കു് നിയമപരമായി അനുവദിച്ചിരിക്കുന്ന വിശുദ്ധഭോജനമല്ലോ.

ആകാശവും ഗാലക്സികളും മാറിപ്പോയാലും നിങ്ങളുടെ ദൈവമായ പാതാളമറുതയുടെ (ങ്യാഹ) കൽപനകൾ മാറിപ്പോകാതെ ഇവിടെ ഈ ഭൂമിയിൽത്തന്നെയുണ്ടാവും. ദൈവത്തിന്റെ ഉഗ്രകോപം നിങ്ങളുടെ തലയിൽ ഇടിത്തീയായി വീഴാതിരിക്കാൻ മുറപോലെ നിങ്ങളുടെ പ്രാർത്ഥന, നോമ്പു്, ആഹാരത്തിലെ ശുചിത്വം എന്നിവ പാലിക്കുക. ഇത്രയുമേ നിങ്ങൾ ചെയ്യേണ്ടതുള്ളു. പാതാളമറുത (ങ്യാഹ) എന്ന ദീനദയാലുവായ നിങ്ങളുടെ ദൈവത്തിനു് ദേഹത്തു് മാത്രമല്ല, കണ്ണിലും ഞരമ്പുകളുണ്ടു്. അതിനാൽ, നിങ്ങളുടെ ദൈവത്തിന്റെ ബ്ലഡ്‌ പ്രെഷർ കൂടാനും അവന്റെ കണ്ണിലെ ഞരമ്പു് പൊട്ടാനും അവനു് കണ്ണു് കാണാതാവാനും ഇടവരത്തക്ക വിധത്തിൽ അനുസരണക്കേടു് കാണിച്ചു് അവനെ പ്രകോപിപ്പിക്കരുതു്.

ഈ കൽപനകൾ അക്ഷരം പ്രതി അനുസരിച്ചു് ലോകാവസാനത്തിനായി കാത്തിരിക്കുക. എനിക്കു് നിങ്ങളെ വിട്ടു് പോകേണ്ടതുണ്ടു്. ഞാൻ എങ്ങോട്ടു് പോകുന്നു എന്നു് നിങ്ങൾ തമ്മിൽത്തമ്മിൽ ചോദിക്കുന്നതെന്തു്? ഞാൻ റേഷനരി വാങ്ങാൻ പോകുന്നു എന്നു് കരുതിയോ? അല്ല, ഞാൻ സെക്കൻഡ്‌ ഷോ കാണാൻ പോകുന്നു എന്നു് കരുതിയോ? റേഷൻ വാങ്ങലും സെക്കൻഡ്‌ ഷോ കാണലും ഞാൻ ലോകാരംഭത്തിനു് മുന്നേതന്നെ ചെയ്തുകഴിഞ്ഞു എന്നു് പറഞ്ഞാൽ ഇപ്പോൾ നിങ്ങൾക്കു് മനസ്സിലാവില്ല. അറിവിൽ ശിശുക്കളും തെറിയിൽ മുതിർന്നവരും സ്വഭാവത്തിൽ കുശുമ്പരും വിശ്വാസത്താൽ സമനില തെറ്റിയവരുമായവരേ, ഞാൻ പോകാതിരുന്നാൽ കുട്ടേട്ടൻ (ദോഹ) നിങ്ങളുടെ അടുത്തേക്കു് വരികയില്ല. കുട്ടേട്ടൻ (ദോഹ) വന്നാലേ നിങ്ങൾക്കു് വെളിവുണ്ടാകൂ. അപ്പോൾ നിങ്ങൾ “അയ്യട!” എന്നു് പല ഭാഷകളിൽ ആർപ്പിടും. ഞാനും കുട്ടേട്ടനും (ദോഹ) ഒന്നുതന്നെയാണെന്നും, ഞങ്ങൾ സൂപ്പർ-മെഗാ-ഗിഗാ സ്റ്റാറുകളെപ്പോലെ ഡബിൾ റോളിൽ പ്രത്യക്ഷപ്പെടുകയാണെന്നും നിങ്ങൾ അറിഞ്ഞിരിക്കാനായി ഞാനിതു് ഇപ്പോൾ നിങ്ങൾക്കു് ഇപ്രകാരം വെളിപ്പെടുത്തിത്തരുന്നു. നാൽപത്തിനാൽക്കോടി റോളുകളിൽ ഒരേസമയം അഭിനയിക്കുന്നവരാണു് ഞങ്ങൾ. കുട്ടേട്ടൻ (ദോഹ) വരുമ്പോൾ നിങ്ങൾക്കു് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിത്തരും. നിങ്ങളുടെ ദൈവത്തെപ്പോലെതന്നെ കുട്ടേട്ടനും (ദോഹ) വളരെ കരുണാനിധിയും ജയലളിതയുമല്ലോ.

ലോകാവസാനകാലത്തു് കുട്ടേട്ടനെപ്പറ്റി (ദോഹ) തീക്ഷ്ണമായ പലതരം അവകാശവാദങ്ങൾ നിങ്ങൾ കേൾക്കും. “കുട്ടേട്ടൻ (ദോഹ) ഞങ്ങളുടേതു്, ഞങ്ങളുടേതു്” എന്ന അത്തരക്കാരുടെ മുറവിളികളിൽ നിങ്ങൾ ചഞ്ചലരാകരുതു്, പരിഭ്രമിക്കുകയുമരുതു്. അക്കാലത്തു് അന്തിമറുതകൾ എഴുന്നേൽക്കും. അവർ “അതാ അവിടെ” എന്നും, “ഇതാ ഇവിടെ” എന്നും പറയും. അതൊക്കെയും സംഭവിക്കേണ്ടതുതന്നെ. എന്നാൽ, “എന്താ അവിടെ?” എന്നോ, “എന്താ ഇവിടെ?” എന്നോ നിങ്ങൾ ആരോടും ചോദിക്കരുതു്. നിങ്ങൾ അറിയേണ്ടതു് എന്തെന്നു് എനിക്കറിയാം. അതു് ഞാൻ നിങ്ങൾക്കു് വെളിപ്പെടുത്തി തന്നിട്ടുമുണ്ടു്. കുട്ടേട്ടൻ (ദോഹ) വരുന്നതുവരെ അതിൽ കൂടുതൽ അറിയേണ്ട ആവശ്യം നിങ്ങൾക്കില്ല. ഇടത്തോട്ടോ വലത്തോട്ടോ, മുൻപിലേക്കോ പിൻപിലേക്കോ, മുകളിലേക്കോ താഴേക്കോ സ്ഥാപിത താത്പര്യക്കാരാൽ പിടിച്ചുവലിക്കപ്പെടാതിരിക്കാനായി കുട്ടേട്ടൻ (ദോഹ) കൈകാലുകളോ വാലോ തലയോ ഇല്ലാത്തവനായിട്ടായിരിക്കും നിങ്ങളിലേക്കു് ഇറങ്ങിവരുന്നതു്. കുട്ടേട്ടനെ (ദോഹ) പിടിക്കാൻ ശ്രമിക്കുന്നവർ പിടികിട്ടാതെ ഇളിഭ്യരായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി തലചൊറിയും. അതുവഴി തല പുണ്ണാവുമെന്നല്ലാതെ അവർ ഒന്നും നേടുകയില്ലെന്നു് സത്യമായും സത്യമായും ഞാൻ നിങ്ങളോടു് പറയുന്നു. പിടികിട്ടുന്നതെല്ലാം വലിച്ചു് നോക്കുന്നവരെ ഭോഷന്മാരാക്കുന്ന കൗശലക്കാരനല്ലോ നിങ്ങളുടെ ദൈവമായ പാതാളമറുത (ങ്യാഹ).

അന്ത്യകാലം ആവുന്നതു് എങ്ങനെ അറിയാം എന്നു് നിങ്ങൾ ചോദിക്കുന്നു. കേൾക്കുക: ആ കാലത്തു് ദൈവം ഡിസ്ട്രിബ്യൂഷൻ ലൈനുകളിലെ വോൾട്ടേജ്‌ കുറയ്ക്കുമെന്നതിനാൽ ട്യൂബ്‌ ലൈറ്റുകൾ പ്രകാശം തരാതിരിക്കും. നക്ഷത്രങ്ങളെ ദൈവം തൊഴുത്തിൽ നിന്നും കയറൂരി വിടുന്നതിനാൽ അവ ഭൂമിയിലേക്കു് മൂക്കും കുത്തി വീഴും. കടലിൽ വീഴുന്നവ ഉടനെ കെട്ടുപോകും. കാട്ടിൽ വീഴുന്നവ കമ്മ്യൂണിസ്റ്റ്‌ പച്ചകളെ കരിച്ചുകളയും. സിൽമാക്കൊട്ടകയിൽ വീഴുന്നവ ടിക്കറ്റെടുക്കാതെ സിൽമാ കാണുകയും സ്റ്റണ്ട്‌ കാണുമ്പോൾ കയ്യടിക്കുകയും ഡാൻസ്‌ കാണുമ്പോൾ കൂവുകയും ചെയ്യും. എന്നാൽ, അതൊക്കെയും സംഭവിക്കേണ്ടതുതന്നെ. ഇതൊക്കെയും സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂമിയിൽ എല്ലായിടവും വലിയ കരച്ചിലും പല്ലുകടിയും ഉണ്ടാവും. സ്വന്തം പല്ലില്ലാത്തവർ വെപ്പുപല്ലുകൾ താഴെ വീഴാതെ ശക്തമായി കൂട്ടിക്കടിച്ചുപിടിച്ചുകൊണ്ടു് അത്യന്തം ദയനീയമായി മൂക്കിലൂടെ വിലപിക്കും. വിലാപം കടലിലും കരയിലും ദിഗന്തങ്ങളെ ഭേദിക്കുമാറു് പ്രതിദ്ധ്വനിക്കൊള്ളും. ഇതൊക്കെ കാണുമ്പോൾ അന്ത്യനാൾ ആഗതമായി എന്നു് ദൈവവിശ്വാസികളായ നിങ്ങൾ തിരിച്ചറിയുക.

അവിശ്വാസികളും അന്യമതവിശ്വാസികളും സുനാമിയിലും ഭൂകമ്പത്തിലും പെട്ടാലെന്നപോലെ പൂച്ചകരച്ചിലോടെ ചത്തൊടുങ്ങിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കുക. നിങ്ങൾ ഇതാ ദൈവരാജ്യത്തിന്റെ നിത്യാവകാശികളായി തീർന്നിരിക്കുന്നു. ഏകദൈവമായ പാതാളമറുതയെ (ങ്യാഹ) സംരക്ഷിക്കാനായി നിങ്ങൾ മനുഷ്യരോടു് കാണിച്ച ഒട്ടിപ്പുകളും തട്ടിപ്പുകളും കാപട്യങ്ങളും ദൈവസന്നിധിയിൽ നിങ്ങൾക്കനുകൂലമായി കണക്കിടപ്പെട്ടിരിക്കുന്നു. ദൈവം നീതിമാനല്ലോ. നിങ്ങൾക്കതു് ആഘോഷത്തിന്റെ കാലം. നിങ്ങൾ തപ്പുകളാലും ചതുരത്തപ്പുകളാലും സത്യദൈവമായ പാതാളമറുതയെ (ങ്യാഹ) സ്തുതിക്കുന്ന വിളവെടുപ്പിന്റെ ഉത്സവക്കാലം. അപ്പോൾ മലയാളസിൽമാനടികളെക്കാൾ സുന്ദരികളായ സ്വർഗ്ഗത്തിലെ തടിച്ചിപ്പാറുമാർ ശലോമോന്റെ ഗീതങ്ങൾ പാടി പമ്മിപ്പമ്മിവന്നു് തള്ളപ്പൂച്ച കുഞ്ഞുങ്ങളെ എന്നപോലെ നിങ്ങളെ കുഞ്ചിയിൽ തൂക്കിയെടുത്തു് ദൈവസന്നിധിയിലേക്കു് കൊണ്ടുപോകും. അതോടെ ദൈവത്തിന്റെ തിരുമുന്നിൽ തിരുമുറ്റത്തു് തീരാത്ത തീരാത്ത തിരുവാതിരകളി കൈകൊട്ടിക്കളി കുച്ചിപ്പുടി കൂച്ചിപ്പിടി മുതലായ കളികൾ തുടങ്ങുകയായി. കൂടിയാട്ടം തേടിയോട്ടം മുട്ട കോരിയും കോരാതെയും ഓട്ടെടാ ഓട്ടം അങ്ങനെ കളികൾ വേറെ ഒരുപാടുണ്ടു്. അതൊക്കെ ആ പെണ്ണുങ്ങൾക്കറിയാം. അവർക്കു് നിത്യത്തൊഴിൽ അഭ്യാസം. നിങ്ങൾ എതിരൊന്നും പറയാതെ ഒരാളായി അങ്ങു് നിന്നുകൊടുക്കുകയേ വേണ്ടൂ.

സ്വർഗ്ഗത്തിൽ നിത്യജീവിതമായതിനാൽ ക്ഷീണമില്ല വിശപ്പില്ല ദാഹമില്ല മലമില്ല മൂത്രമില്ല മൂത്രക്കുടുക്കയില്ല ഗ്യാസ്ട്രബിളില്ല രോഗമില്ല പ്രസവമില്ല ഗർഭമില്ല ഗർഭപാത്രമില്ല മരണമില്ല ശവമില്ല ശവമടക്കില്ല. കളിതന്നെ കളി!! സ്വർഗ്ഗത്തിലെ കഥ അത്രേയുള്ളു. വിശ്വാസികൾക്കു് വിരസത അറിയാനുള്ള ഇന്ദ്രിയം പണ്ടേ ഇല്ലാത്തതിനാൽ സ്വർഗ്ഗത്തിലെ മോണോട്ടോണോസോണോഫോണിയിൽ അവർ അസാധാരണത്വം ഒന്നും കാണുകയില്ല. കഥയ്ക്കു് ഒരിക്കലും പര്യവസാനം ഇല്ലാത്തതിനാൽ ട്രാജെഡിയോ കോമെഡിയോ ട്രാജിക്കൊമെഡിയോ എന്നൊന്നും ആലോചിച്ചു് വെറുതെ സമയം കളയണ്ട. ചുരുക്കത്തിൽ, സ്വർഗ്ഗത്തിലെ നിത്യജീവിതം എന്നാൽ ഒരുതരം സമയംകൊല്ലിക്കളി ചുമ്മാകളി വെറുതേകളി കളിയോ കളി ചാടിക്കളി ഓടിക്കളി തുള്ളിക്കളി മണ്ടൻകളി കള്ളക്കളി പൊള്ളക്കളി നുണക്കളി മതക്കളി പിന്നെയേതാണ്ടൊക്കെയോ പൊട്ടൻകളി!!!

last call

ലോകാവസാനം ഇതാ അടുക്കളപ്പുറത്തെത്തിയിരിക്കുന്നു! വേഗം വേഗം ഈ പുതുപുത്തൻ മതത്തിൽ അംഗങ്ങളാവൂ. നിങ്ങളുടെ ആത്മാവിനെ നിത്യനാശത്തിൽ നിന്നും രക്ഷിക്കൂ!

 
4അഭിപ്രായങ്ങള്‍

Posted by on ഫെബ്രുവരി 21, 2010 in മതം

 

മുദ്രകള്‍: ,

നമുക്കു് വേണ്ടതു് വിശുദ്ധന്മാര്‍

05.04.2007-ല്‍ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വാര്‍ത്തയാണിതു്: ഫ്രാന്‍സിലെ ദേശീയവീരവനിതയും വിശുദ്ധയുമായ, ഓര്‍ലിയന്‍സിലെ കന്യക എന്ന പേരില്‍ അറിയപ്പെടുന്ന Saint Joan of Arc-ന്റെ (1412- 30.05.1431) തിരുശേഷിപ്പു് എന്നു് കരുതി സൂക്ഷിച്ചിരുന്ന ഒരു എല്ലും, തുണിക്കഷണവും ഈജിപ്തിലെ ഏതോ മമ്മിയുടേതാണത്രെ! ഇരുപതു് ശാസ്ത്രജ്ഞര്‍ ഈ അവശിഷ്ടങ്ങളില്‍ നടത്തിയ നടത്തിയ തീവ്രമായ പരിശോധനകളുടെ ഫലമായ കണ്ടെത്തലായിരുന്നു അതു്‌. യൊവാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ആരോ ചെയ്ത വ്യാജപ്രവൃത്തി. 1867-ല്‍ ഫ്രാന്‍സിലെ ഒരു മരുന്നുവ്യാപാരി ആയിരുന്നു ഈ തിരുശേഷിപ്പു് കണ്ടെത്തി പള്ളിക്കാരെ ഏല്‍പ്പിച്ചതു്. അക്കാലത്തു് ഈജിപ്ഷ്യന്‍ മമ്മികളുടെ അംശങ്ങള്‍ ചികിത്സക്കായി ഉപയോഗിക്കുന്ന രീതി യൂറോപ്പില്‍ നിലനിന്നിരുന്നതിനാല്‍ ഈ കണ്ടുപിടുത്തം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയില്ല. മതദ്രോഹികളായ സ്ത്രീകളെ ചിതയില്‍ ദഹിപ്പിക്കുമ്പോള്‍ ഒരു പൂച്ചയെ കൂട്ടത്തില്‍ ദഹിപ്പിക്കുന്നതു് ഒരു ചിട്ട ആയിരുന്നതിനാല്‍, അവശിഷ്ടങ്ങളോടൊപ്പമുണ്ടായിരുന്ന പൂച്ചയുടെ ഒരസ്ഥി അവയുടെ വിശ്വാസയോഗ്യത തെളിയിക്കുന്നു എന്ന ധാരണ ജനങ്ങള്‍ പുലര്‍ത്തിയിരുന്നു.

പതിനാലുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ തുടരെത്തുടരെ നടന്ന യുദ്ധങ്ങള്‍ക്കിടയില്‍, (Hundred Years War) 1429-ല്‍ ഓര്‍ലിയന്‍സില്‍ വച്ചു് ഫ്രഞ്ചുകാരെ വിജയത്തിലേക്കു് നയിച്ചതു് പതിനേഴു് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ കര്‍ഷകകന്യകയായിരുന്നു. നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്ന വെളിപാടുകള്‍ വഴി ഇംഗ്ലണ്ടുകാരെ തോല്‍പിക്കേണ്ട ചുമതല തന്റേതാണെന്നു് ഉറച്ചുവിശ്വസിച്ചതുമൂലം പുരുഷവേഷം ധരിച്ചു് ഇംഗ്ലണ്ടിനെതിരായി യുദ്ധം ചെയ്യാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ലിയന്‍സിലെ യുദ്ധത്തില്‍ ജയിച്ചെങ്കിലും അടുത്തവര്‍ഷം ഇംഗ്ലീഷുകാര്‍ അവളെ പിടികൂടി. 1431 മെയ്‌ 30-നു് ഫ്രാന്‍സിലെ കത്തോലിക്കാസഭ മതനിന്ദയുടെ പേരില്‍ അവളെ ചിതയില്‍ ദഹിപ്പിച്ചു. വിശുദ്ധന്മാരില്‍നിന്നും നേരിട്ടു് വെളിപാടുകള്‍ സ്വീകരിച്ചിരുന്ന യൊവാന്‍ സഭാനേതൃത്വത്തെ അത്ര വിലമതിച്ചിരുന്നില്ല. അതിനാല്‍, അവള്‍ വലിയേട്ടന്മാരുടെ കണ്ണിലെ കരടായിരുന്നു.

ഫ്രഞ്ചുകാരുടെ ആത്മബോധത്തിനു് പുതിയ ഉണര്‍വുനല്‍കിയ യൊവാനെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്നതിനായി നടത്തപ്പെട്ട ദീര്‍ഘനാളത്തെ പരിശ്രമഫലമായി, അവസാനം, 16.05.1920-ല്‍ റോം അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാര്‍ മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ദേശീയ അവധിദിനമായി ആചരിച്ചു് ഈ വിശുദ്ധയെ ആദരിക്കുന്നു.

വിശുദ്ധന്റേതെന്ന പേരില്‍ യൂറോപ്പില്‍ മദ്ധ്യകാലങ്ങളില്‍ ശേഖരിക്കപ്പെട്ട അസ്ഥികള്‍ കൂട്ടിച്ചേര്‍ത്താല്‍ ഇതുവരെ ജീവിച്ചിട്ടില്ലാത്ത എതെങ്കിലും ഒരു ജീവിയായിരിക്കും പുറത്തുവരിക എന്നൊരു ഫലിതം കേട്ടിട്ടുണ്ടു്. തിരുശേഷിപ്പുകളാണെന്ന ധാരണയില്‍ ഈജിപ്ഷ്യന്‍ മമ്മിയുടെ മുന്‍പില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിനായി പ്രാര്‍ത്ഥിക്കുകയും, അപേക്ഷകളര്‍പ്പിക്കുകയും ചെയ്തവരില്‍ ചിലര്‍ക്കെങ്കിലും തീര്‍ച്ചയായും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടിയിട്ടുണ്ടായിരിക്കണം. താന്‍ കുമ്പിട്ടു് പ്രാര്‍ത്ഥിക്കുന്നതു് എന്തിനു് മുന്‍പിലാണെന്ന അറിവിനേക്കാള്‍ എന്തിനു് മുന്‍പിലാണെന്ന വിശ്വാസമാണല്ലോ ഫലപ്രാപ്തിക്കു് നിദാനമാവുന്നതു്. പ്രാര്‍ത്ഥിച്ചില്ലായിരുന്നെങ്കിലും അവ ലഭിക്കുമായിരുന്നു എന്നു് കരുതാനുള്ള ധൈര്യമൊട്ടില്ലതാനും. അവരതില്‍ സംതൃപ്തരാണെങ്കില്‍ ആര്‍ക്കെന്തു് ചേതം? സഹജീവികളെ അവരുടെ ഗതികേടില്‍ വീണ്ടും കഷ്ടപ്പെടുത്തി മുതലെടുക്കുന്നതു് കാണേണ്ടിവരുന്നതു് ചിലര്‍ക്കെങ്കിലും ധാര്‍മ്മികരോഷത്തിനു് കാരണമായേക്കാം. പക്ഷേ, ചൂഷകര്‍ക്കു്‌ സിന്താവാ വിളിക്കാന്‍ ചൂഷിതര്‍ അഹമഹമികയാ ഇടിച്ചു്‌ കയറുന്നിടത്തു്‌ ഏതാനും പേരുടെ ധാര്‍മ്മികരോഷത്തിനു്‌ ആരു്‌ വിലകല്പിക്കുന്നു?

ജനങ്ങള്‍ മുട്ടുകുത്തുന്നതു് നല്ലതാണു്. കാരണം, മുട്ടുകുത്തി തളരുന്നവര്‍ക്കു് എതിര്‍ക്കാന്‍ ശക്തിയുണ്ടാവില്ല. അവര്‍ വിഡ്ഢികളാവുന്നതു് നല്ലതാണു്. കാരണം, വിഡ്ഢികളെ ഭരിക്കാന്‍ എളുപ്പമാണു്. എല്ലാ മനുഷ്യര്‍ക്കും എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാനുള്ള യോഗ്യതയില്ല. അതുകൊണ്ടു് നമുക്കു് ദൈവങ്ങള്‍ മാത്രം പോരാ, വിശുദ്ധരും വേണം. ആര്‍ക്കും എപ്പോഴും കയ്യയച്ചു് നേര്‍ച്ചയിടാനുതകുംവിധം വിശുദ്ധരുടെ വെണ്‍കല്‍പ്രതിമകള്‍ കവലകള്‍തോറും പടുത്തുയര്‍ത്തപ്പെടണം. സ്വദേശികളായ വിശുദ്ധരില്ലെങ്കില്‍ വിദേശികളായ വിശുദ്ധരുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെടണം. താഴ്മയോടെ കൈകൂപ്പി തൊഴുതുവണങ്ങി തിരികത്തിച്ചു് വഴിപാടു് കഴിക്കാനുള്ള അവസരം ആര്‍ഷഭാരതത്തില്‍ ആര്‍ക്കും ഇല്ലാതെ പോകരുതു്. ഭാരതത്തിനു് വേണ്ടതു് വ്യക്തിത്വമുള്ള പൗരന്മാരെയല്ല, മുടങ്ങാതെ മുട്ടുകുത്തുന്നവരെയാണു്.

 

മുദ്രകള്‍: ,