RSS

വിശ്വാസിയുടെ സമ്പൂർണ്ണജ്ഞാനം

02 ജനു

ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.

എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. ‘കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ’ സകലത്തിനേയും സൃഷ്ടിച്ചവനും, ‘അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ’ സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും ‘അറിയുന്നവനെ’ സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക?

ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം.

വിശ്വാസപരമായ കാര്യങ്ങളിൽ നാസ്തികരുമായി തർക്കിക്കാനായി എത്തുന്ന ചില വിശ്വാസികൾ ‘ദൈവം മനുഷ്യനു് നൽകിയ’ ചട്ടങ്ങളെയും പ്രമാണങ്ങളെയുമൊക്കെപ്പറ്റി പ്രകടിപ്പിക്കുന്ന ആധികാരികത മനം പിരട്ടൽ ഉണ്ടാക്കുന്നവിധം അസഹ്യമാണു്. ഏതോ ദൈവം നൽകിയ കൽപനകളുടെ ശരിതെറ്റുകൾ ഒരു നാസ്തികനുമായി ചർച്ച ചെയ്യാൻ വരുന്നവനു് യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടിട്ടുണ്ടാവാനാണു് സാദ്ധ്യത. ആധുനിക മനുഷ്യർ ഒരു ദൈവത്തിന്റെയും സഹായമില്ലാതെ സ്വയം കണ്ടെത്തിയതും, പരിഷ്കൃതലോകത്തിൽ നിലവിലിരിക്കുന്നതും, സാമൂഹികസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു് നവീകരിക്കപെട്ടുകൊണ്ടിരിക്കുന്നതുമായ നിയമങ്ങൾ വ്യത്യസ്ത മതഗ്രന്ഥങ്ങൾ രൂപമെടുത്ത പുരാതനകാലങ്ങളിലും ബാധകമായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ജയിലറകളിൽ കഴിയേണ്ടിവരുമായിരുന്ന ക്രിമിനലുകളും മാനസികരോഗികളുമാണു് പല മതങ്ങളിലും ദൈവങ്ങളും ദൈവതുല്യരുമായി ഇന്നും ആരാധിക്കപ്പെടുന്നവർ. ആരാധ്യപുരുഷന്റെ ക്രിമിനൽ കുറ്റങ്ങൾവരെ മറച്ചുപിടിക്കുക, അതിനു് കഴിയുന്നില്ലെങ്കിൽ അവയെ ഏതുവിധേനയും ന്യായീകരിക്കാനെങ്കിലും ശ്രമിക്കുക എന്നതു് അന്ധമായ അനുഗമനത്തിന്റെ ഒരു സ്വഭാവജന്യഗുണമാണു്. ഒരു ക്രിമിനലിനെ ദൈവമാക്കുന്നവർ ഒന്നുകിൽ സ്വയം ക്രിമിനലുകൾ ആയിരിക്കണം, അല്ലെങ്കിൽ ക്രിമിനാലിറ്റി എന്നാൽ എന്തെന്നു് അറിയാൻ പോലും ബോധമില്ലാത്തത്ര അജ്ഞരോ, സെൻസ്‌ ഓഫ്‌ റിയാലിറ്റി നഷ്ടപ്പെട്ടവരോ ആയിരിക്കണം. ദൈവം ഒരുതരം ബാധയാണു്. ദൈവവിശ്വാസം അതു് ബാധിച്ചതിന്റെ ലക്ഷണമാണു്. ആ തീരാവ്യാധി തലയിൽ കയറി കൂടിയാൽ പിന്നെ മനുഷ്യർ കലങ്ങിയ വെള്ളത്തിൽ നീന്തുന്ന മീനുകൾക്കു് തുല്യമായിരിക്കും. ഭംഗിവാക്കുകളിൽ എളുപ്പം മയങ്ങിവീഴുന്ന കാര്യത്തിൽ സ്ത്രീകളെ തോൽപിക്കുന്ന ഇക്കൂട്ടരെ പിടിച്ചു് കൂട്ടിലാക്കുക എന്നതു് അനായാസം സാധിക്കുന്ന കാര്യമാണു്. തങ്ങളെ പിടിക്കാൻ വരുന്നവർ ദൈവനാമത്തിൽ എഴുന്നള്ളുന്നവരാണെങ്കിൽ അവർക്കു് അങ്ങോട്ടു് ഏൽപിച്ചുകൊടുക്കുന്നതു് ഒരു കടമയും സന്തോഷവുമായി കാണുന്നവരാണവർ. അറിഞ്ഞുകൊണ്ടു് ഒരു മീനും ചെയ്യാത്ത ഒരു കാര്യം. ഈ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ നിലനിൽപിന്റെ കാര്യത്തിൽ മീനുകളെക്കാൾ അനേകം പടികൾ താഴെ കഴിയുന്ന ‘ബുദ്ധിരാക്ഷസന്മാർ’ ആണു് വിശ്വാസികൾ.

ജന്മവും വളർത്തലും മൂലം തന്റേതായിത്തീർന്ന ഒരു ദൈവത്തെ അനുഭവം വഴി അറിയുന്നു എന്നും മറ്റും അവകാശപ്പെടാൻ അക്ഷരാഭ്യാസം പോലും ആർക്കുമാവശ്യമില്ല. അതിന്റെ തെളിവുകൾ ഏതു് തീർത്ഥാടനകേന്ദ്രവും, ഏതു് പള്ളിയും, ഏതു് അമ്പലവും ധാരാളമായി നൽകുന്നുണ്ടു്. വിശ്വാസികളിലെ ഈ സാധുക്കളെ ഒഴിവാക്കിയാൽതന്നെ, ‘വിദ്യാസമ്പന്നർ’ എന്നവകാശപ്പെടുന്ന ബാക്കിയുള്ളവരിൽ നല്ലൊരു പങ്കും ശാസ്ത്രീയവും സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളിൽ അവിശ്വാസികളായ മറ്റു് ലോകവാസികളെ അപേക്ഷിച്ചു് ഏറ്റവും കുറഞ്ഞ പരിജ്ഞാനം സ്വന്തമാക്കിയിട്ടുള്ളവരാണെന്നു് കാണാൻ കഴിയും. സ്വന്തം പ്രവർത്തനമണ്ഡലങ്ങളിൽ പോലും ദൈവത്തിന്റെ കൂട്ടുപിടിക്കാതെ ഒരുചുവടുപോലും മുന്നോട്ടു് വയ്ക്കാൻ ധൈര്യപ്പെടാത്തവർ. ദൈവം എന്തു് ചതിയാണു് ഒരുക്കിയിരിക്കുന്നതെന്നറിയില്ലല്ലോ. അനുയോജ്യമായ പഠനവും പരിശീലനവും വഴി തന്റെ തൊഴിൽ സ്വായത്തമാക്കിയിട്ടുള്ള ഒരുവനു് അവന്റെ ‘കർമ്മം’ ചെയ്യാൻ ഒരു ദൈവത്തിന്റെയും ഒത്താശ ആവശ്യമില്ല. എന്തു് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമുള്ള അറിവും ആത്മവിശ്വാസവുമാണു് അവന്റെ കൈമുതൽ.

ആരെയാണു് വിശ്വാസികൾ “ദൈവം, ദൈവം” എന്നു് കൊട്ടിഘോഷിക്കുന്നതെന്നു് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിലുള്ള ഓരോ തരിയുടെയും വിധി മുൻകൂട്ടി (എന്ന്വച്ചാൽ ഇന്നലെയും മിനിഞ്ഞാന്നും ഒന്നുമല്ല, പ്രപഞ്ചം ഉണ്ടാവുന്നതിനും വളരെ മുൻപേതന്നേ!) നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ചങ്ങാതിയാണു് ദൈവം എന്ന പേരിൽ അറിയപ്പെടുന്ന ഈ ‘ഏതാണ്ടു്’. പക്ഷേ, ചില്ലിക്കാശു്, മെഴുകുതിരി, പാച്ചോറു്, പായസം, തുലാഭാരം മുതലായവയൊക്കെ കണ്ടാൽ തീട്ടം കണ്ട ഈച്ചയെപ്പോലെ ഈ ദൈവം തമ്പുരാനു് നിയന്ത്രണം വിടും, വായിൽ വെള്ളമൂറും. അപ്പോൾ ലോകാരംഭത്തിനും മുൻപുതന്നെ താൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ വിശ്വാസിക്കു് അനുകൂലമായവിധത്തിൽ നീക്കുപോക്കുകൾ വരുത്തി നേർച്ചകാഴ്ചകൾ സ്വന്തമാക്കുകയല്ലാതെ അങ്ങേർക്കു് മറ്റു് പോംവഴിയൊന്നുമില്ല. അങ്ങേയറ്റം പരസ്പരവിരുദ്ധമായ ഈ രണ്ടു് കാര്യങ്ങളും ഒരേ നാവുകൊണ്ടു് പറയുകയും ഒരേ ‘ബുദ്ധി’ കൊണ്ടു് വിശ്വസിക്കുകയും ചെയ്യുന്ന ജീവികളാണു് വിശ്വാസികൾ എന്നറിയപ്പെടുന്നവർ. ഭാവിയിലൊരിക്കൽ ദൈവം ഇവരെക്കൊണ്ടു് സ്വർഗ്ഗം മുഴുവൻ നിറയ്ക്കുമത്രെ! രക്ഷപെടുത്താൻ കഴിയുന്നവർ സ്വയം രക്ഷപെടുത്തുക എന്നേ എനിക്കു് പറയാനുള്ളു. വിശ്വാസിയുടെ നക്കാപ്പിച്ചകൾ കാണുമ്പോൾ മയങ്ങിവീഴുന്ന ദൈവം! ഓരോ മൺതരിയും എപ്പോൾ എന്തു് ചെയ്യണം, എങ്ങനെ പെരുമാറണം, ഓരോ മനുഷ്യന്റെയും ഓരോ ജീവിയുടെയും ഓരോ രോമവും എപ്പോൾ എവിടെ എങ്ങനെ (നടക്കുമ്പോഴോ കിടക്കുമ്പോഴോ ഉണ്ണുമ്പോഴോ ഉറങ്ങുമ്പോഴോ കുളിക്കുമ്പോഴോ ചീകുമ്പോഴോ….) കൊഴിയണം മുതലായ കാര്യങ്ങൾ ഈ വക വസ്തുക്കളൊന്നും ഉണ്ടാവുന്നതിനും മുന്നേതന്നെ മാറ്റമില്ലാത്തവിധം നിശ്ചയിച്ചുറപ്പിച്ച അതേ ദൈവം! അതുപോലൊരു ദൈവത്തിനുവേണ്ടി അൽപമെങ്കിലും ചിന്താശേഷിയുള്ള ഒരു മനുഷ്യന്റെ പക്കൽ അറപ്പും അവജ്ഞയും അവഗണനയും മാത്രമേ ബാക്കിയുണ്ടാവാൻ പാടുള്ളു. അതിനു് വിപരീതമായ ഏതു് വികാരവും മനുഷ്യബുദ്ധിയോടുള്ള അക്ഷന്തവ്യമായ അവഹേളനമാണു്.

“എന്റെ ഗ്രന്ഥം നീ ശരിക്കല്ല മനസ്സിലാക്കുന്നതു്”, “എന്റെ ഗ്രന്ഥം മനസ്സിലാവണമെങ്കിൽ എന്റെ ദൈവം മനസ്സുവയ്ക്കണം”, “എന്റെ ദൈവം നിന്റെ മനസ്സു് അടച്ചിരിക്കുന്നു” – ഇതെല്ലാം ഒരു അവിശ്വാസിയോടോ അന്യവിശ്വാസിയോടോ ഒറ്റ ശ്വാസത്തിൽ പറയാൻ ഒരു മതവിശ്വാസിക്കു് ഒരു ബുദ്ധിമുട്ടുമില്ല. നിന്റെ ദൈവം മനസ്സുവച്ചാലേ എനിക്കു് നിന്റെ ഗ്രന്ഥം മനസ്സിലാക്കാൻ കഴിയുകയുള്ളു എങ്കിൽ, ഞാൻ അതു് മനസ്സിലാക്കണമെന്നു് നിന്റെ ദൈവത്തിനു് തോന്നുന്നുണ്ടെങ്കിൽ, ആ ജോലി ചെയ്യേണ്ടതു് അങ്ങേരല്ലേ? അതിനു് നീയെന്തിനു് എന്റെ പിന്നാലെ നടന്നു് വായിട്ടലയ്ക്കണം? അതോ നീതന്നെയാണോ നിന്റെ ദൈവം? ഒരുതരം ‘അഹം ബ്രഹ്മാസ്മി’? പരസ്പരവൈരുദ്ധ്യങ്ങളെ അഹംഭാവവുമായി കൂട്ടിക്കലർത്തി മനുഷ്യരൂപത്തിൽ വാർത്തെടുക്കുന്നതാണു് ഒരു ദൈവവിശ്വാസി എന്നതിനാൽ അതിനുവേണ്ട എല്ലാ യോഗ്യതകളും നിനക്കുണ്ടു്.

മനുഷ്യൻ മറ്റു് ദൈവങ്ങളെ ആരാധിക്കരുതെന്നു് കൽപിക്കുന്ന ഒരു ദൈവം അവർക്കു് തന്നെവിട്ടു് പോകാൻ തോന്നിക്കുന്ന വിധം തന്നെക്കാൾ ശക്തനായ ഒരു ദൈവമെങ്കിലും ഉണ്ടെന്നു് അംഗീകരിക്കുകയാണു് ചെയ്യുന്നതു്. അതായതു്, മറ്റു് ദൈവങ്ങളെ മാത്രമല്ല, മനുഷ്യരെപ്പോലും ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടൻ മാത്രമാണു് ആ ദൈവം. മറ്റു് ദൈവങ്ങളെക്കാൾ താൻ യോഗ്യനാണെന്നു് വരുത്താൻ മനുഷ്യർക്കു് കൽപന നൽകുകയല്ല, ആ ദൈവങ്ങളെ നേരിടുകയാണു് അന്തസ്സുള്ള ഒരു ദൈവം ചെയ്യേണ്ടതു്. തനിക്കൊപ്പം യോഗ്യതയില്ലാത്ത ദൈവങ്ങളെ അവഗണിക്കുന്നതിൽ ഒരു സർവ്വശക്തനു് എന്തു് പ്രശ്നം? സർവ്വശക്തനായ ഒരു ദൈവത്തിലും ശക്തനായ മറ്റൊരു ദൈവം ഉണ്ടാവുന്നതെങ്ങനെ? മറ്റേതെങ്കിലും ഒരു ദൈവം താനാണു് കൂടുതൽ ശക്തിമാൻ എന്നു് അവകാശപ്പെട്ടാൽ അവനെ നേരിടുന്നതിനു് പകരം “അയ്യോ ആരും അങ്ങോട്ടു് പോകല്ലേ, അവനെ ആരാധിക്കല്ലേ” എന്നു് വിലപിക്കുകയല്ല ഒരു സർവ്വശക്തൻ ചെയ്യേണ്ടതു്. ഇതിന്റെയെല്ലാം പിന്നിൽ യഥാർത്ഥത്തിൽ ഒരു ദൈവമായിരുന്നെങ്കിൽ മാറിമാറി കൽപനകളിറക്കുക, കഥയും നോവലുമെഴുതുക മുതലായ നാണംകെട്ട പണികൾക്കു് അവൻ പോകുമായിരുന്നില്ല. ദൈവനാമത്തിൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന കഥാപ്രസംഗങ്ങൾ എത്ര തിരുത്തിയാലും പുതുക്കിയാലും പണിതിട്ടും പണിതിട്ടും പണി തീരാത്ത വീടുപോലെ അപൂർണ്ണമായി അവശേഷിക്കും. കാലാന്തരത്തിൽ ബൗദ്ധികലോകം അതിനെ ഒരു ഭാർഗ്ഗവീനിലയമായി എഴുതിത്തള്ളിയാലും കുറെ ‘നിത്യ ഇന്നലെകൾ’ അതിനെ കെട്ടിപ്പിടിച്ചു് അതിലെ കെട്ടുകഥകൾ ദൈവവചനങ്ങൾ ആയാലെന്നപോലെ പ്രസംഗിച്ചുകൊണ്ടിരിക്കും. അണഞ്ഞതും കരിന്തിരി കത്തുന്നതുമായ ഏറെ കൽവിളക്കുകൾ അത്തരം ദൈവങ്ങളുടെയും ദൈവവചനങ്ങളുടെയും കഥകൾ വിളിച്ചോതുന്ന മൂകസാക്ഷികളായി ലോകചരിത്രത്തിൽ നിലകൊള്ളുന്നുണ്ടു്.

“എനിക്കറിയാത്ത കാര്യങ്ങൾ എന്നെ അലട്ടുന്നില്ല” എന്നൊരു ചൊല്ലുണ്ടു്. എനിക്കു് ഒരു ചുക്കും അറിയില്ലെങ്കിൽ എന്നെ ഒരു ചുക്കും അലട്ടുന്നില്ല എന്നും വേണമെങ്കിൽ അതിനെ വായിക്കാം. അതുപോലെ, ഒരു മാങ്ങാത്തൊലിയും അറിയില്ലെങ്കിലും എല്ലാം അറിയുന്നവൻ എന്നു് ഭാവിക്കാൻ ഏറ്റവും പറ്റിയ സൂത്രമാണു് ദൈവം. ആ സൂത്രത്തെ, അതായതു് ദൈവത്തെ, കൈവശമാക്കിയവരാണു് സുവിശേഷഘോഷണം നടത്തുന്ന ഉപദേശി, പാസ്റ്റർ മുതലായ അന്യഗ്രഹജീവികൾ. മനുഷ്യരെപ്പോലെതന്നെ രണ്ടുകാലിൽ നടക്കുന്നവരും കൈകൊണ്ടു് വാരിത്തിന്നുന്നവരുമാണു് അവരുമെങ്കിലും, നാലാളു് കൂടിനിൽക്കുന്നതു് കണ്ടാൽ പരിശുദ്ധാത്മാവു് ബാധിച്ചവരെപ്പോലെ അവർക്കോ കേൾക്കുന്നവർക്കോ മനസ്സിലാവാത്ത മറുഭാഷ സംസാരിച്ചില്ലെങ്കിൽ ഇരിക്കപ്പൊറുതിയില്ലാത്ത ഒരുതരം വിചിത്ര ജീവികൾ. ആവേശം മൂത്താൽ സ്റ്റേജിൽ കൊഞ്ചു് തെറിക്കുന്നതുപോലെ തെറിച്ചും കുതിച്ചും കൊണ്ടാവും അവരുടെ ഈ മറുഭാഷാവതരണം. ഒരു മൾട്ടിടാസ്കിംഗ്‌ വിദഗ്ദ്ധനായ അവരുടെ ദൈവം നക്ഷത്രങ്ങളെയും ഗ്യാലക്സികളെയുമൊക്കെ ശൂന്യാകാശത്തിലൂടെ യാതൊരു ട്രാഫിക്‌ ജാമോ കൂട്ടിയിടിയോ ഉണ്ടാവാത്തവിധം ഓടിച്ചുകൊണ്ടിരിക്കുന്നതു് എത്ര അതിശയകരമാണെന്നു് കേൾവിക്കാരെ ബോദ്ധ്യപ്പെടുത്തുന്ന അവരുടെ വാചകമടിവീഡിയോകൾ കണ്ടിട്ടുള്ളവർക്കു് ഇപ്പറഞ്ഞ കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല.

വിവരദോഷവും വക്രബുദ്ധിയും ഇണചേരുമ്പോൾ പിറക്കുന്ന വിടുവായത്തമാണു് മതതത്വ’ശാസ്ത്രം’. നിനക്കു് വേണ്ടതെല്ലാം നിന്റെ വേദഗ്രന്ഥത്തിലുണ്ടു് എന്നാണവർ പഠിപ്പിക്കുന്നതു്. അതത്ര തെറ്റായ ഒരു കാര്യമല്ലെന്നു് പറയേണ്ടിയിരിക്കുന്നു. കാരണം, ഒരു പൊത്തകവും വായിക്കാത്ത പോത്തുകളും തിന്നുക, തൂറുക, കുഞ്ഞുങ്ങളെ ജനിപ്പിക്കുക, ചാവുക മുതലായ കർമ്മങ്ങൾ ചെയ്യുന്നുണ്ടു്. ചില സന്ദർഭങ്ങളിൽ കവിത ചൊല്ലാനും, ചാണകത്തിൽ കലാസൃഷ്ടികൾ നടത്താനുമുള്ള സർഗ്ഗാത്മകതപോലും പോത്തുകളിൽ വീക്ഷിക്കാൻ കഴിയും. വേദങ്ങളും ഉപനിഷത്തുക്കളുമൊന്നും വായിക്കാഞ്ഞിട്ടും ആത്മീയമായ കാര്യങ്ങളിലും പോത്തുകൾ മനുഷ്യരേക്കാൾ ഒട്ടും പിന്നിലല്ല. ഒരു ഭഗവദ്‌ഗീതാപണ്ഡിതന്റെ അഭിപ്രായത്തിൽ, “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്ന ആദ്യത്തെ ഒറ്റ വരിയിൽത്തന്നെ ആ ഗ്രന്ഥത്തിലെ മുഴുവൻ സന്ദേശവും നൽകിയിട്ടുള്ള ലോകത്തിലെ ഒറ്റ ഗ്രന്ഥമാണു് ഭഗവദ്‌ഗീത. ആ സന്ദേശം എന്തെന്നും അദ്ദേഹം തന്നെ പറയുന്നുണ്ടു്. പക്ഷേ, ആ സന്ദേശത്തിൽ എത്താനായി “രണ്ടും നാലും വാക്കുകൾ ഇടത്തോട്ടിട്ടിട്ടു് മൂന്നും ഒന്നും വാക്കുകൾ ഒന്നു് തിരിച്ചിട്ടുകൊണ്ടു്” ആ ഒന്നാംവരിയെ ബലാൽക്കാരേണതന്നെ അംഗഭംഗപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല. സത്യാന്വേഷികളായ മനുഷ്യർ സത്യത്തിൽ എത്തിച്ചേരാൻ എന്തെന്തു് ത്യാഗങ്ങളും കുറുക്കുവഴികളും സ്വീകരിക്കുകയില്ല? അതുപോലൊരു ചെറിയ ഗിമിക്ക്‌. അതുവഴി “ക്ഷേത്രേ ക്ഷേത്രേ കുരു ധർമ്മം” എന്ന ഹൈബ്രിഡിൽ എത്തിച്ചേരുന്ന അദ്ദേഹം ആ സന്ദേശം നമ്മോടു് അരുളിച്ചെയ്യുന്നു: “അവനവന്റെ കർമ്മമണ്ഡലത്തിൽ അവനവന്റേതായ ധർമ്മം അനുഷ്ഠിക്കുക.” അതുതന്നെയല്ലേ പോത്തുകളും ചെയ്യുന്നതു്? പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ ഇടപാടിൽ കർമ്മം ചെയ്യാത്തതിന്റേയോ, ധർമ്മം അനുഷ്ഠിക്കാത്തതിന്റെയോ പേരിൽ ഒരു പെറ്റിക്കേസുപോലും പോത്തിനെ പ്രതിയാക്കി ഇതുവരെ കാലൻ ഫയൽ ചെയ്തിട്ടില്ല എന്നും നമ്മൾ നന്ദിപൂർവ്വം സ്മരിക്കുക.

Advertisements
 
3അഭിപ്രായങ്ങള്‍

Posted by on ജനുവരി 2, 2012 in പലവക

 

മുദ്രകള്‍: , ,

3 responses to “വിശ്വാസിയുടെ സമ്പൂർണ്ണജ്ഞാനം

 1. മുക്കുവന്‍

  ജനുവരി 4, 2012 at 18:44

  എനിക്കറിയാത്ത കാര്യങ്ങൾ എന്നെ അലട്ടുന്നില്ല” എന്നൊരു ചൊല്ലുണ്ടു്. എനിക്കു് ഒരു ചുക്കും അറിയില്ലെങ്കിൽ എന്നെ ഒരു ചുക്കും അലട്ടുന്നില്ല എന്നും വേണമെങ്കിൽ അതിനെ വായിക്കാം!
  ഈ ഒറ്റ വരിയില്‍ എല്ലാമടക്കി മാഷെ!

   
 2. c.k.babu

  ജനുവരി 4, 2012 at 20:11

  ശാസ്ത്രജ്ഞാനമോ ശാസ്ത്രബോധമോ അയല്‍പക്കത്തുകൂടി പോലും പോയിട്ടില്ലാത്തവര്‍ സ്വന്തം ഗ്രന്ഥം നിറയെ ശാസ്ത്രത്തിലെ ഏറ്റവും ആധുനികമായ തത്വങ്ങള്‍ വരെ കണ്ടെത്തുന്ന ലോകമാണു്‌ വിശ്വാസികളുടേതു്‌. യഥാര്‍ത്ഥ ജ്ഞാനം എന്നാല്‍ ദൈവജ്ഞാനമാണെന്നു്‌ കരുതുന്ന അത്തരം ‘പണ്ഡിതര്‍’ ഇതിനെ നേരെ തിരിച്ചായിരിക്കും വ്യാഖ്യാനിക്കുന്നതു്‌. അവരുടെ നോട്ടത്തില്‍ ശാസ്ത്രജ്ഞരാണു്‌ ഒരു ചുക്കും അറിയാത്തവര്‍. അനുകരണത്തിന്റെ കാര്യത്തില്‍ ഇന്നും കുരങ്ങിന്റെ സ്വഭാവത്തില്‍ നിന്നും ഒരു പടിപോലും വളര്‍ന്നിട്ടില്ലാത്ത വിശ്വാസികളെ അവര്‍ മനസ്സിലാക്കുന്ന പരിണാമസിദ്ധാന്തത്തിന്റെ ഏറ്റവും നല്ല തെളിവായി ചൂണ്ടിക്കാണിക്കാവുന്നതാണു്‌. ഒരു സുപ്രഭാതത്തില്‍ കുറെ കുരങ്ങന്മാര്‍ രാവിലെ ഉറക്കം തെളിയുമ്പോള്‍ മനുഷ്യരായി മാറുന്നതാണല്ലോ അവരുടെ അഭിപ്രായത്തില്‍ പരിണാമസിദ്ധാന്തം!

   
 3. Ajith Kumar

  ഫെബ്രുവരി 2, 2012 at 17:43

  “”മനുഷ്യൻ മറ്റു് ദൈവങ്ങളെ ആരാധിക്കരുതെന്നു് കൽപിക്കുന്ന ഒരു ദൈവം അവർക്കു് തന്നെവിട്ടു് പോകാൻ തോന്നിക്കുന്ന വിധം തന്നെക്കാൾ ശക്തനായ ഒരു ദൈവമെങ്കിലും ഉണ്ടെന്നു് അംഗീകരിക്കുകയാണു് ചെയ്യുന്നതു്. അതായതു്, മറ്റു് ദൈവങ്ങളെ മാത്രമല്ല, മനുഷ്യരെപ്പോലും ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടൻ മാത്രമാണു് ആ ദൈവം.””

  എനിക്ക് വയ്യ…!!!!!
  ഇതിൽ കൂടുതൽ എന്ത് പറയാനാ….!!!!

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: