RSS

നാളെയാണു് ലോകാവസാനം!

20 മേയ്

ശത്രുക്കളേ, മിത്രങ്ങളേ, മാന്യമഹാജനങ്ങളേ,

കാര്യങ്ങൾ അത്തറ്റം ആയി. വിശ്വാസികൾ ആറ്റുനോറ്റു് കാത്തിരുന്ന ആ സുദിനം ഇതാ സമാഗതമായിരിക്കുന്നു! Praise the ‘load’! ഈ നശിച്ച ലോകം ഒന്നു് അവസാനിച്ചു് കിട്ടാൻ വേണ്ടി നൂറ്റാണ്ടുകളിലൂടെ ഉരുവിടപ്പെട്ട പ്രാർത്ഥനകളെത്ര? എണ്ണിത്തീർത്ത കുന്നിക്കുരുക്കളെത്ര? ഒഴുക്കിത്തീർത്ത കണ്ണുനീരുകളെത്ര ലിറ്റർ? എന്തായാലെന്തു്? അവസാനം ദൈവം കൂളിംഗ്‌ ഗ്ലാസ്‌ ഇല്ലാത്ത കരുണാനിധിയായി ലോകത്തിനു് മുന്നിൽ തന്റെ ദീനദയ വഴിഞ്ഞൊഴുകുന്ന കൃഷ്ണമണി പ്രദർശിപ്പിച്ചിരിക്കുന്നു. ലോകാവസാനവിഷയത്തിൽ പണ്ടു് പലവട്ടം സംഭവിച്ചിട്ടുള്ളതുപോലെ ഇതും കളിപ്പിക്കലാവുമെന്ന സംശയം ഇനി വേണ്ട. “This time it is true” എന്നൊരു അംഗ്രേസി പാട്ടുപോലെ ഇത്തവണത്തെ ലോകാവസാനം എല്ലാറ്റിനേയും കൊണ്ടേ പോകൂ. അതിനു് ഗണിതശാസ്ത്രത്തിന്റെ പിൻബലമുള്ള തെളിവുകൾ മോശെയും ദാനിയേലും പത്രോസും യോഹന്നാനും എന്നുവേണ്ട, ക്വീൻ എലിസബെത്തിനോടൊപ്പമിരുന്നു് കുടിയും കടിയും പാളാതെയും പതറാതെയും സൂപ്പു് മോന്താനും ഇറച്ചി ചവയ്ക്കാനും അവകാശം ലഭിക്കാൻ മാത്രം പേരും പെരുമയും ടേബിൾ മാനേഴ്സും ഉള്ള ബൈബിൾപുംഗവന്മാരുടെ മുഴുവൻ പുസ്തകങ്ങളും അമേധ്യത്തിൽ നിന്നും സ്വർണ്ണപ്പല്ലു് തോണ്ടിയെടുക്കുന്നത്ര ശ്രദ്ധയോടെ മതപണ്ഡിതർ അക്ഷരം പ്രതി അരിച്ചുപെറുക്കി കണ്ടെടുക്കുകയും അവയുടെ നിജസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടു്. (രാജകീയമായ പെരുമാറ്റമര്യാദകൾ എന്തെന്നു് അറിയാത്തവർ പ്രിൻസ്‌ വില്യത്തിന്റെ വിവാഹച്ചടങ്ങു് കാണേണ്ടിയിരുന്നു. വില്യത്തിന്റെ പിതാവു് സാക്ഷാൽ പ്രിൻസ്‌ ചാൾസ്‌ ഭാര്യ പ്രിൻസെസ്‌ കമീലയോടൊത്തു് (മപ്പെറ്റ്‌ ഷോയിലെ ‘കമീല ദ ചിക്കൻ’ അല്ല, ആണെന്നു് പറഞ്ഞാലും വലിയ തെറ്റുമില്ല) വെസ്റ്റ്‌മിനിസ്റ്റർ ആബിയിലേക്കു് പ്രവേശിച്ചപ്പോൾ കവാടത്തിൽ സ്വീകരണാർത്ഥം കാത്തുനിന്നിരുന്ന പുരോഹിതനു് പ്രോട്ടൊക്കോൾ പ്രകാരം നൽകിയ ഹസ്തദാനം രാജകീയ പെരുമാറ്റച്ചട്ടങ്ങളുടെ ഉത്തമ മാതൃകയായിരുന്നു. ശീലം മൂലമാവാം, കൈകൊടുക്കുന്നതിനു് മുൻപു് പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു് തന്റെ മൂക്കിന്റെ ദ്വാരങ്ങൾ തലോടുവാൻ ചാൾസ്‌ മറന്നില്ല. ഹിസ്‌ മജെസ്റ്റിയുടെ വിരലുകളിലെ നാസാദ്വാരനനവു് ഹിസ്‌ എക്സെലൻസി സ്വാഭാവികമായും സർവ്വാത്മനാ ബഹുമാനപുരസരം ഏറ്റുവാങ്ങുകയും ചെയ്തു. പുസ്തകത്താളുകൾ മറിയ്ക്കാനുള്ള എളുപ്പത്തിനു് ഓരോവട്ടവും ചൂണ്ടുവിരൽ നക്കി നനയ്ക്കുന്നവർക്കു് സന്തോഷിക്കാം, നിങ്ങളുടെ സിരകളിലൂടെ ഒഴുകുന്നതു് കുലീനതയുടേയും രാജകീയതയുടേയും അനിഷേദ്ധ്യതെളിവായ ‘blue-blood’ ആണെന്ന കാര്യത്തിൽ സംശയം വേണ്ട). അതിനാൽ, ലോകത്തിന്റെ കാറ്റുപോകാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന ഈ ശുഭമുഹൂർത്തത്തിൽ നിങ്ങളെ ഓരോരുത്തരേയും മാനസാന്തരത്തിന്റെ മരുപ്പച്ചയിലേക്കു്, തിരിച്ചറിവിന്റെ നെല്ലിക്കാത്തോട്ടത്തിലേക്കു് സ്വാഗതം ചെയ്യുന്നതിനു് എനിക്കു് അതിയായ സന്തോഷമുണ്ടു്. എന്റെ ഒരു പ്രിൻസിപ്പൽ നടത്തിയിട്ടുള്ളതിൽ ഞാൻ കേട്ടിട്ടുള്ള എല്ലാ സ്വാഗതപ്രസംഗങ്ങളിലും യാതൊരു ആവർത്തനവിരസതയുമില്ലാതെ പതിവായി അദ്ദേഹം ഉപയോഗിച്ചിരുന്ന ഭാഷയിൽ പറഞ്ഞാൽ, “It is my present pleasure (please note: not pleasant pressure!) to welcome each and everyone of you cordially to the long-desired event of the ultimate end of this damn ridiculous disastrous wretched and above all worthless world of pathetic sinners”.

ഇതെന്തിനാണു് ഇപ്പോൾ ഇംഗ്ലീഷിൽ എഴുതിയതെന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ആ സംശയം വളരെ ന്യായമായ ഒന്നാണു്. താനൊരു മഹാസംഭവമാണെന്നു് തനിക്കറിയാവുന്നപോലെതന്നെ വായനക്കാരും അറിയണമെന്നും, വിലമതിക്കണമെന്നും ഭവ്യതയോടെ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണു് നിങ്ങളെങ്കിൽ, മലയാളത്തിൽ എഴുതുമ്പോൾ ഉള്ളടക്കത്തേക്കാൾ സാങ്കേതികതകളിലാണു് നിങ്ങൾ ശ്രദ്ധാലുവായിരിക്കേണ്ടതു്. പ്രഥമപ്രധാനമായ കാര്യം, നിങ്ങൾ എഴുതുന്നതു് എന്താണെന്നു് യാതൊരു കാരണവശാലും നിങ്ങൾക്കോ മറ്റുള്ളവർക്കോ മനസ്സിലാവരുതു് എന്നതാണു്. ആരാധനാലയങ്ങളിൽ ഉരുണ്ടുനേർച്ച നടത്തുന്നവർ കണ്ണുമൂടിക്കെട്ടുന്നതുപോലെ, ഇടത്തോട്ടോ വലത്തോട്ടോ ഉരുളുകയോ, ചുരുളനട്ടയെപ്പോലെ ചുരുളുകയോ ഒക്കെ ചെയ്യാതെ നിവൃത്തിയില്ലെന്നു് വരുന്ന സന്ദർഭങ്ങളിൽ എന്താണു് വിഷയം എന്നു് നിങ്ങൾ പോലും അറിയാതിരിക്കുന്നതു് വളരെ പ്രയോജനകരമായ കാര്യമാണു്. അതു് അനന്തമായ സാദ്ധ്യതകൾ നിങ്ങൾക്കു് മുന്നിൽ തുറന്നുതരും. എഴുത്തുകാരനു് എന്തു് അറിയാം എന്നറിയാനല്ല, അവനു് എന്തു് അറിയില്ല എന്നു് അവനെ അറിയിക്കാനാണു് മനുഷ്യർ ഓരോന്നൊക്കെ വായിക്കുന്നതു്. അതുകൊണ്ടാണു് എഴുത്തിന്റെ ലോകത്തിൽ പരുക്കുപറ്റാതെ രക്ഷപെടണം എന്നാഗ്രഹിക്കുന്നവരെല്ലാം എന്തു് ചവറെഴുതുമ്പോഴും ദുർഗ്രാഹ്യമായ രീതിയിൽ എഴുതുന്നതു്. എത്രവട്ടം വായിച്ചാലും ഒന്നുകിൽ ഒന്നും മനസ്സിലാവാതിരിക്കുകയോ, അല്ലെങ്കിൽ ഓരോ വായനയിലും ഓരോ അർത്ഥങ്ങൾ സങ്കൽപിക്കാനാവുകയോ ചെയ്യുന്ന വിധത്തിൽ എഴുതാൻ കഴിയുന്നവർ ഭാഗ്യവാന്മാർ. അവരെ മഹാജ്ഞാനികളെന്നു് പണ്ഡിതരും പാമരന്മാരും ഒരുപോലെ വാഴ്ത്തും. മഹത്തരമായവ മനസ്സിലാവുകയില്ല എന്ന ഉത്തമവിശ്വാസം തലമുറകളിലൂടെ പകർന്നുകിട്ടിയിട്ടുള്ളതുമൂലം പണ്ഡിതരും, പണ്ഡിതർ പുകഴ്ത്തുന്നു എന്നതിന്റെ മാത്രം പേരിൽ പാമരരും അവര്‍ക്ക് ഓശാന പാടും. ഈ ലോകത്തിൽ ആരും ആരെയുംകാൾ മോശക്കാരാവാൻ ആഗ്രഹിക്കുന്നില്ല. സത്യത്തിൽ, സ്വാതന്ത്ര്യമില്ലായ്മയേക്കാൾ മനുഷ്യർക്കു് താങ്ങാനാവാത്തതു് സമത്വമില്ലായ്മയാണു്. ഒരു കൽത്തുറുങ്കിൽ നിന്നും മറ്റൊരു കൽത്തുറുങ്കിലേക്കു് മാറിപ്പാർക്കാൻ മനുഷ്യർ സന്തോഷത്തോടെ തയ്യാറാവുന്നതിന്റെ കാരണവും അവിടെ ലഭിക്കുമെന്നു് പ്രതീക്ഷിക്കുന്നതോ, വാഗ്ദാനം ചെയ്യപ്പെടുന്നതോ ആയ (ഉയർന്ന) സമത്വസാദ്ധ്യതയല്ലാതെ മറ്റൊന്നുമല്ല. മനുഷ്യർക്കു് ആകർഷകമാവുന്നതു് താഴെയുള്ളവരുമായുള്ള സമത്വമല്ല, മുകളിലുള്ളവരുമായുള്ള സമത്വമാണു്. അതായതു്, സകല മനുഷ്യരുടേയും സമത്വം എന്നതു് താഴെയുള്ളവരുടെ സുന്ദരസ്വപ്നവും മുകളിലുള്ളവരുടെ പേടിസ്വപ്നവുമാണു്. ഇതിൽ സംശയമുള്ളവർ, “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ, നിങ്ങൾ എന്റെ അരികിൽ വരുവിൻ, ഞാൻ നിങ്ങളെ ആശസിപ്പിക്കും” എന്നതിനു് പകരം “ധനികരും ആശ്വാസം അനുഭവിക്കുന്നവരുമേ, നിങ്ങൾ എന്റെ അരികിൽ വരുവിൻ ഞാൻ നിങ്ങളെ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആക്കും” എന്നൊരു മതസ്ഥാപകനോ സാമൂഹികപരിഷ്കർത്താവോ ആഹ്വാനം ചെയ്താൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നു് ചിന്തിച്ചുനോക്കുക. അല്ലെങ്കിൽ, “സർവ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്കു് നഷ്ടപ്പെടുവാൻ ഇരുമ്പുചങ്ങലകൾ മാത്രം, കിട്ടാനുള്ളതോ പുതിയ ഒരു ആകാശവും ഭൂമിയും” എന്നതിനു് പകരം “സർവ്വരാജ്യമുതലാളികളേ സംഘടിക്കുവിൻ, നിങ്ങൾക്കു് നഷ്ടപ്പെടുവാൻ സ്വർണ്ണച്ചങ്ങലകളും Lamborghini-കാറുകളും മാത്രം, കിട്ടാനുള്ളതോ മലീമസമായ ഒരു അന്തരീക്ഷവും എൻഡോസൾഫാനിൽ കുതിർന്ന ഒരു ഭൂമിയും” എന്നു് ജനങ്ങളോടു് ഒന്നു് ആഹ്വാനം ചെയ്തുനോക്കൂ. (Oh, by the way, ഒരിക്കൽ ഒരു Lamborghini വാങ്ങിക്കാൻ ഞാനും അവരുടെ ഷോറൂമിൽ പോയിരുന്നു. പക്ഷേ അവിടത്തെ കിഴങ്ങന്മാർക്കു് ആ വാക്കു് ശരിക്കു് ഉച്ചരിക്കാൻ അറിയാൻ പാടില്ലാഞ്ഞതിനാൽ ഞാൻ പറഞ്ഞതു് എന്താണെന്നു് അവർക്കു് പിടികിട്ടിയില്ല. അതുകൊണ്ടു് ഞാൻ വാങ്ങിയുമില്ല. ആർക്കു് പോയി? ഭാഷ അറിയാത്ത സെയ്‌ല്സ്‌മാന്മാരെ വച്ചു് ആ കമ്പനി എത്രനാൾ പിടിച്ചുനിൽക്കുമെന്നു് എനിക്കറിയില്ല.) അപ്പോൾ നമ്മൾ പറഞ്ഞുവന്നതു് എമർജൻസി ഉപകരണങ്ങളുടെ ഓപറേറ്റിംഗ്‌ ഇൻസ്ട്രക്ഷൻസ്‌ എങ്ങനെ എഴുതണം എന്നതിനെപ്പറ്റി ആയിരുന്നല്ലോ. അത്യാധുനികമായ ഭാഷയാണു് അതിനു് ഏറ്റവും യോജിച്ചതു്. സംസ്കൃതത്തിലുള്ള ശ്ലോകങ്ങളാണെങ്കിൽ ഒന്നുകൂടി നല്ലതു്. പക്ഷേ, അങ്ങനെയൊക്കെ എഴുതാൻ കഴിയുക എന്നതു് സംഗീതം, ചിത്രകല, ശിൽപകല മുതലായവയെല്ലാം പോലെ ജന്മസിദ്ധമായ ഒരു വാസനയാണു്. അതുപോലുള്ള വാസനകളെ പരിശീലനം വഴി പൂർണ്ണതയിലേക്കു് വളർത്തിയെടുക്കാമെന്നല്ലാതെ, പാടാൻ കഴിവില്ലാത്തവൻ പാടാൻ ശ്രമിച്ചാൽ അതു്, മമ്മൂട്ടിയുടെ ഡാൻസ്‌ പോലെ, മാനവചരിത്രത്തിൽ വളരെ വിരളമായി മാത്രം സംഭവിക്കുന്ന അപവാദമായി സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെടും എന്നേയുള്ളു. സാഹിത്യത്തിൽ അതുപോലുള്ള അനന്യസാധാരണമായ അപാരതകളൊന്നും ജന്മസിദ്ധമായി ലഭിച്ചിട്ടില്ലാഞ്ഞിട്ടും എഴുതിയേ അടങ്ങൂ എന്നു് നിർബന്ധമുള്ള എന്നേപ്പോലുള്ളവർക്കു് ചില ലൊട്ടുലൊടുക്കുകളെ ആശ്രയിക്കുകയല്ലാതെ രക്ഷയില്ല. അക്കൂട്ടത്തിൽപ്പെട്ടതാണു് ഇത്തരം അന്യഭാഷാപ്രയോഗങ്ങൾ. വായിക്കുന്നവരുടെ കണ്ണിൽ പൊടിയിട്ടു് എന്തോ ഗഹനമായ കാര്യങ്ങളാണു് കുറിച്ചുവച്ചിരിക്കുന്നതെന്ന തോന്നൽ അവരിൽ സൃഷ്ടിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഈ അന്യഭാഷാക്കസർത്തിനുമുള്ളു. തുറന്നു് പറയാമല്ലോ, നാലക്ഷരം എഴുതുന്നതു് നാലുപേരെക്കൊണ്ടു് വായിപ്പിക്കുക എന്നതു് ഒട്ടും എളുപ്പമായ കാര്യമല്ല. സ്ത്രീനാമത്തിൽ എഴുതിയാൽ ഇപ്പറഞ്ഞ പരിഗണനകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടു് ആണത്തമുള്ള പുരുഷന്മാർ വായനക്കാരായി ഇടിച്ചുകയറുമെന്നു് കേൾക്കുന്നു. സത്യമാണോ എന്നറിയില്ല. (ആണത്തമുള്ള പുരുഷന്മാർ എന്നാൽ എന്തെന്നു് അറിയാത്തവർക്കുവേണ്ടി: പ്രായപൂർത്തിയെത്തുമ്പോൾ സ്ത്രീകൾക്കു് കക്ഷത്തിൽ വരുന്നതു് മുഖത്തും വരുന്ന ജീവികൾ ആണത്തമുള്ള പുരുഷന്മാർ എന്നു് വിളിക്കപ്പെടുന്നു.) ഏതായാലും ലോകാവസാനം മുറ്റത്തെത്തിയതു് നന്നായി. ഇനിയിപ്പോ പുതിയ ഐഡി എടുക്കാനും എഴുതാനുമൊന്നും നിന്നിട്ടു് കാര്യമില്ല. ഭാഗ്യത്തിനു് നരകത്തിൽ പോകാനും, ബ്ലോഗും ബസ്സുമൊക്കെ തുടങ്ങാനും കഴിഞ്ഞാൽ ഈ വസ്തുത ഞാൻ സജീവ പരിഗണനയിലെടുക്കും.

മേയ്‌ മാസം 21-നു് പതാക ഉയർത്തലും ഈശ്വരപ്രാർത്ഥനയും കാഹളനാദവുമായി ആരംഭിക്കുന്ന ന്യായവിധി അഞ്ചുമാസങ്ങൾക്കുശേഷം ഒക്ടോബർ മാസം 21-നു് വെടിക്കെട്ടും ഭൂമികുലുക്കവും അഗ്നിമഴയുമായി ലോകത്തിന്റെ അവസാനം സംഭവിക്കുന്നതോടെ സമംഗളം പര്യവസാനിക്കത്തക്കവിധത്തിലാണു് ദൈവം കാര്യങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നതു്. അതേ, ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ച മറ്റെല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്നപോലെതന്നെ, ഇക്കാര്യത്തിലും ദൈവത്തിനു് വ്യക്തമായ ഒരു പ്ലാനുണ്ടു്. തിരഞ്ഞെടുക്കപ്പെട്ടവർക്കു്, അതും പ്രാർത്ഥനയും ഉപവാസവുമായി ഏറെ കഷ്ടപ്പെട്ടാൽ മാത്രം, മനസ്സിലാക്കാൻ കഴിയുന്ന അതിസങ്കീർണ്ണമായ ഒരു ‘പ്ലാൻ-17’. റഷ്യ, ഇൻഡ്യ, പാകിസ്ഥാൻ, ചൈന, ക്യൂബ, എത്യോപ്പിയ, അർജെന്റീന മുതലായ രാജ്യങ്ങളിൽ ദീർഘകാലപര്യടനം നടത്തി അവിടങ്ങളിലെ പഞ്ചവത്സരപദ്ധതികളുടെ വിവിധ വശങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയശേഷമാണു് ‘ലോകാവസാനത്തിനു് ഒരു പഞ്ചമാസപദ്ധതി’ എന്ന ആശയത്തിൽ അന്തിമമായി ഉറച്ചുനിൽക്കാൻ ദൈവം തീരുമാനിച്ചതു്. ഒരു രാജ്യത്തെ പറുദീസയാക്കി മാറ്റിയെടുക്കാൻ അഞ്ചുവർഷത്തിനുള്ളിൽ രാജ്യപുരോഗതി കൈവരിച്ചിരിക്കണം എന്നൊരു അന്ത്യശാസനം നൽകുകയേ വേണ്ടൂ എന്ന രഹസ്യം വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങളേ ഇതുവരെ മനസ്സിലാക്കിയിട്ടുള്ളു. അതുകൊണ്ടു് ദൈവത്തിനു് ഒരുപാടു് രാജ്യങ്ങളിൽ ചുറ്റിത്തിരിയേണ്ടിവന്നില്ല. അല്ലെങ്കിൽത്തന്നെ, ദൈവത്തെ സംബന്ധിച്ചു് സാമ്പത്തികത്തിൽ ഊന്നിക്കൊണ്ടുള്ള സാമൂഹികനവീകരണം പ്രാവർത്തികമാക്കുന്നതിനുള്ള തത്വശാസ്ത്രം പ്ലാൻഡ്‌ ഇക്കോണമിയോ മാർക്കറ്റ്‌ ഇക്കോണമിയോ എന്നതിനേക്കാൾ, അതു് സെന്‍ട്രലി ഓർഗനൈസ്ഡ്‌ ആണോ അല്ലയോ എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. താൻ ഭരണപക്ഷത്തും പിശാചു് പ്രതിപക്ഷത്തും സർവ്വത്തിന്റേയും (സർബത്തുൾപ്പെടെ) അധികാരം തന്നിൽ നിക്ഷിപ്തവും ആയിരിക്കുന്നിടത്തോളം ഹാപ്പിയാവാതിരിക്കാനുള്ള കാരണമൊന്നും ദൈവത്തിനില്ല. ദൈവം മനുഷ്യരെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന രീതിശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ പ്രായോഗികമായ മറ്റേതെങ്കിലും ഒരു സാദ്ധ്യത തത്കാലം ഇതുപോലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനു് ഉണ്ടെന്നും തോന്നുന്നില്ല.

ഈ മെയ്‌ മാസം 21 മുതൽ സംഭവിക്കാൻ പോകുന്ന കാര്യപരിപാടികളുടെ ഒരു സംക്ഷിപ്തരൂപം eBible fellowship-ന്റെ വെബ്സൈറ്റിൽ വായിക്കാം. വിവരങ്ങൾ PDF ആയും ഹിന്ദിയടക്കം 25 ഭാഷകളിലും ലഭ്യമാണു്. ദൈവവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന കേരളീയരുടെ മാതൃഭാഷ ആ ദേവഭാഷകളുടെ കൂട്ടത്തിൽ ഇല്ലാതെ പോയതു് ദൈവത്തിനു് ആ ഭാഷ വശമില്ലാത്തതുകൊണ്ടാവാനേ വഴിയുള്ളു. പഠിച്ചതല്ലേ യേശുദാസിനായാലും പാടാൻ പറ്റൂ. ഇക്കാലമത്രയും ദൈവത്തിനു് നാലക്ഷരം മലയാളം പഠിപ്പിച്ചുകൊടുക്കാൻ കേരളത്തിൽ നിന്നും ആരും തയ്യാറായില്ല എന്നതു് ഒരു ഞെട്ടലോടെയാണു് ഞാൻ മനസ്സിലാക്കിയതു്. ഇത്രയും ആൾദൈവങ്ങളും ഉപദേശികളും ഉള്ള ഒരു നാടിനെ സംബന്ധിച്ചു് തീർച്ചയായും അതു് അഭിമാനത്തിനു് വക നൽകുന്ന ഒരു കാര്യമല്ല. സത്യം പറഞ്ഞാൽ ദൈവത്തിനു് മലയാളം അറിയില്ല എന്നൊരു ധാരണ ഈ വെബ്സൈറ്റ്‌ കാണുന്നതുവരെ എനിക്കില്ലായിരുന്നു. ബാബേൽ ഗോപുരത്തിന്റെ പണിക്കാലത്തു് നിർമ്മാണപ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുകയും ഗോപുരം ദിനമ്പ്രതിയെന്നോണം പൊങ്ങിപ്പൊങ്ങി സ്വർഗ്ഗത്തിൽ മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ എത്തുകയും ചെയ്തപ്പോഴായിരുന്നല്ലോ ദൈവം ‘ആപാദചൂടൻ’ അമ്പരന്നതും അതുവരെ ലോകത്തിൽ നാട്ടുനടപ്പായിരുന്ന ഒറ്റഭാഷയെ കുലുക്കിക്കുത്തി മലയാളമടക്കമുള്ള പല ഭാഷകളാക്കി ചിതറിച്ചുകളഞ്ഞതും. താൻ ചെയ്യുന്നതെന്തെന്നു് അറിയാത്തവനാവില്ല ദൈവം എന്ന സ്ഥിതിക്കു് താൻ മനുഷ്യരുടെ ഇടയിലേക്കു് അയച്ച ഭാഷകൾ ഏതെന്നും എന്തെന്നും എങ്ങനെയെന്നുമൊക്കെ അറിയാത്തവനാവില്ലല്ലോ ദൈവം എന്നായിരുന്നു എന്റെ ഒരു കണക്കുകൂട്ടൽ. ദൈവത്തിനു് സത്യാവസ്ഥയിൽ മലയാളം അറിയില്ല എങ്കിൽ… എന്റെ ദൈവമേ! എങ്കിൽ, ഇതുവരെ സ്വർഗ്ഗത്തിലേക്കു് മലയാളത്തിൽ വിളിച്ചുകൂവിയ പ്രാർത്ഥനകളും കൂട്ടവിലാപങ്ങളുമെല്ലാം പോത്തിന്റെ ചെവിയിലേക്കു് അയക്കപ്പെടുന്ന ഡോൾബി സിസ്റ്റം സൗണ്ട്‌ പോലെ പാഴും ശൂന്യവുമായി പോയിക്കൊണ്ടിരിക്കുകയായിരുന്നില്ലേ? അതൊരു കൊലച്ചതിയായിപ്പോയി എന്നു് പറഞ്ഞതുകൊണ്ടു് മാത്രം തീരുന്നതാണോ മലയാളവിശ്വാസത്തിനു് സംഭവിച്ച മാനക്കേടു്? OK, മാനമുണ്ടെങ്കിലേ മാനക്കേടുമുള്ളു എന്നു് പറഞ്ഞു് മലയാളിക്കു് വേണമെങ്കിൽ സ്വയം ആശ്വസിപ്പിക്കാം. എന്നാലും!!

ഒരബദ്ധമൊക്കെ ആർക്കും പറ്റാം. ഒന്നല്ല, ഒൻപതും തൊണ്ണൂറും തൊള്ളായിരവും അബദ്ധം പറ്റിയാലും പഠിക്കാതിരിക്കാൻ മാത്രമുള്ള സമ്പൂർണ്ണ സാക്ഷരത കേരളത്തിലെ വിശ്വാസിസമൂഹത്തിനു് മാത്രമേ ഉണ്ടാവൂ എന്നു് തോന്നുന്നു. ആൺദൈവങ്ങൾ, പെൺദൈവങ്ങൾ, ആണും പെണ്ണും കെട്ട ദൈവങ്ങൾ, മെഗാസ്റ്റാറുകൾ, ഗിഗാസ്റ്റാറുകൾ, ആൾവിഗ്രഹങ്ങൾ…. വർഷം തോറും ലക്ഷക്കണക്കിനു് ഭക്തർ പ്രവഹിക്കുന്ന ശബരിമലയിൽ തെളിയുന്ന പ്രകാശം മനുഷ്യരുടെ കൈവേലയാണെന്നു് ദേവസ്വം ബോർഡ്‌ ‘സത്യ’വാങ്‌മൂലം നൽകിയതു് കുറച്ചുനാൾ മുൻപാണു്. അതു് കേട്ടാൽ, ദേവസ്വം ബോർഡൊഴികെ കേരളത്തിൽ മറ്റാർക്കും ഈ ചതി അറിയാനേ പാടില്ലായിരുന്നു എന്നുതോന്നും. സർവ്വജ്ഞാനികൾ ചമയുന്ന കുറേ വിശ്വാസിമണുക്കൂസുകളൊഴികെ ചിന്താശേഷിയുള്ള ഏതെങ്കിലും ഒരു മനുഷ്യൻ പറയില്ല വനത്തിനു് നടുവിൽ ഒരു പ്രത്യേകസമയത്തു് ഒരു അത്ഭുതദീപം തെളിയുന്നുവെന്നു്. ഏതു് ലോകത്തിലാണു് ഇവരൊക്കെ ജീവിക്കുന്നതെന്നു് അറിയണമെങ്കിൽ അവരുമായി ഒരേയൊരു പ്രാവശ്യം ഒരു ചർച്ചയിൽ ഏർപ്പെട്ടാൽ മതി. വയറ്റിലുള്ളതാണു് വാളുവയ്ക്കുമ്പോൾ സുഗന്ധവാഹിയായി പുറത്തുവരുന്നതു് എന്നപോലെ, മനസ്സിലുള്ളതാണു് സംസാരിക്കുമ്പോൾ വാക്കുകളായി പുറത്തുവരുന്നതു് എന്നാണു് ദൈവവും ബൈബിളിലൂടെ നമ്മോടു് പറഞ്ഞിരിക്കുന്നതു്. “ഇവിടെ കാറ്റിനു് സുഗന്ധം” എന്നാണല്ലോ സിൽമയിൽ പറമ്പിലേക്കു് പോകുന്ന ശുഭമുഹൂർത്തത്തിൽ നായികപോലും പാടുന്നതു്. കഴിഞ്ഞ എത്രയോ വർഷങ്ങളിൽ ശബരിമലയിലെത്തിയ ഭക്തജനങ്ങൾ പരമമായ ദൈവിക’സത്യം’ ആണെന്ന ഉത്തമബോദ്ധ്യത്തോടെ നേർച്ചകാഴ്ചകളും മനുഷ്യസാദ്ധ്യമായ മറ്റെല്ലാ വിശുദ്ധചേഷ്ടകളും കാഴ്ചവച്ചതും മനുഷ്യർ തെളിച്ചുകൊണ്ടിരുന്നതായ അതേ പ്രകാശത്തിന് തന്നെയാണു്! സന്ധ്യാസമയത്തു് ഉമ്മരത്തു് വിളക്കുവച്ചു് ദൈവത്തിനോടു് രണ്ടു് വർത്തമാനം പറയുന്ന രീതി വൈദ്യുതിയൊന്നും ഇല്ലാതിരുന്ന കാലം മുതൽ കേരളത്തിൽ നിലവിലുണ്ടു്. അതുകൊണ്ടു് വിളക്കിനെ നോക്കി എന്തെങ്കിലുമൊക്കെ പിറുപിറുക്കുന്നതു് നിർബന്ധമാണെങ്കിൽ മനസ്സിലാക്കാം. പക്ഷേ, സന്ധ്യാനേരത്തു് ഓരോ വീട്ടിലും ചെന്നു് ആ വിളക്കുകൾ കൊളുത്തുന്നതു് സർവ്വവ്യാപിയായ ദൈവമാണെന്നു് എന്തും പറയാൻ മടിക്കാത്ത ദേവസ്വം ബോർഡ്‌ പോലും ഇതുവരെ പറഞ്ഞിട്ടില്ലെന്നാണെന്റെ അറിവു്. വീട്ടിൽ വിളക്കു് കൊളുത്തുന്നതു് ദൈവമാണെന്നു് പറയാതിരിക്കുന്നതും, കാട്ടിൽ വിളക്കു് കൊളുത്തുന്നതു് ദൈവമാണെന്നു് പറയുന്നതും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ല. രണ്ടാമത്തേതു് ധനസമ്പാദനം ലക്ഷ്യമാക്കി നടത്തുന്ന വ്യാജപ്രസ്താവന, ഒന്നാമത്തേതു് ആ ധനസമ്പാദനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള മനഃപൂർവ്വ മൗനം. തീർത്ഥാടനം പോലുള്ള ചടങ്ങുകൾക്കു്, അവ ഏതു് മതത്തിലുള്ളവയായാലും, ഒരൊറ്റ ലക്ഷ്യമേ ഉള്ളു – മനുഷ്യരുടെ (പേഴ്സിന്റെയുള്ളിലെ) ‘നന്മ’.

വിശ്വാസമലയാളത്തിനു് മാത്രമല്ല, അതിൽ പറയുന്ന 25 ഭാഷകളിൽ ഏതെങ്കിലും ഒന്നു് അറിയാത്ത മറ്റെല്ലാ ജനവിഭാഗങ്ങളുടെ കാര്യവും ആകെ അവതാളത്തിലാണു്. കൃത്യമായ കാര്യപരിപാടി അറിയാതെ എന്തെല്ലാം തയ്യാറെടുപ്പുകളാണു് ന്യായവിധി സമയത്തേക്കുവേണ്ടി എടുക്കേണ്ടതെന്നു് എങ്ങനെയാണു് അവർക്കു് അറിയാൻ കഴിയുക? വിധിപ്രകാരമുള്ള മുൻകരുതലുകളും പെരുമാറ്റച്ചട്ടങ്ങളുമെല്ലാം തർജ്ജമ ചെയ്തു് വായിച്ചുപഠിച്ചു് മനഃപാഠമാക്കുക എന്നതു് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മനുഷ്യസാദ്ധ്യമായ കാര്യമല്ല – ട്രാൻസ്ലേഷനും ട്രാൻസ്ലിറ്ററേഷനുമൊക്കെ നിലവിലിരിക്കുന്ന ഇന്നത്തെ ഗൂഗിൾ യുഗത്തിൽ മോശെയുടെ യുഗത്തിലേതുപോലെ കൽപനകളും കാൽപനികതകളുമെല്ലാം കരിമ്പാറയിൽ കൊത്തി ഒപ്പിക്കേണ്ടതിന്റെ ആവശ്യം ഇല്ല എന്നതു് ഒരു ഭാഗ്യമാണെങ്കിലും. പത്തു് കൽപനകൾ കൊത്തിയെടുക്കാൻ സാക്ഷാൽ ദൈവത്തിനു് വേണ്ടിവന്നതു് നാൽപതു് ദിവസങ്ങളാണു്. നാൽപതു് രാവും നാൽപതു് പകലും! കോഴിപ്പിട മുട്ടയുടെ പുറത്തു് അടയിരിക്കുന്നതുപോലെയോ, വാത്മീകി ദേഹമാസകലം ചിതൽപ്പുറ്റു് കയറി മൂടുന്നതുവരെ ചിന്താവിഷ്ടനായി കുത്തിയിരുന്നതുപോലെയോ ക്ഷമയോടും സ്ഥിരചിത്തതയോടും കൂടി നിങ്ങൾ ഈ ദൈവികപ്രവൃത്തിയുടെ പുറത്തു് പൊരുന്നിരുന്നുകൊണ്ടു് ഒന്നു് ചിന്തിച്ചു് നോക്കൂ! പത്തു് കൽപനകൾക്കു് അക്ഷരരൂപം നൽകുന്നതിനുവേണ്ടി കരിമ്പാറയിൽ കല്ലുളിയും ചുറ്റികയും ഉപയോഗിച്ചു് നാൽപതു് ദിവസങ്ങൾ കുത്തിയിരുന്നു് സ്വന്തം കൈകൾകൊണ്ടു് ആഞ്ഞാഞ്ഞു് കൊത്തുന്ന ദൈവം!! ദൈവത്തിന്റെ അത്രയും ക്ഷമയും സ്റ്റാമിനയും ഇക്കാലത്തു് മലയാളത്തിൽ ബ്ലോഗിംഗും ബസ്സിംഗും നടത്തുന്നവരിൽ മാത്രമേ കാണാൻ കഴിയൂ. ഇതും ഇതുപോലുള്ളതുമായ ദൈവത്തിന്റെ എത്രയോ ശാരീരികാദ്ധ്വാനങ്ങളും അത്ഭുതപ്രവൃത്തികളും അവിശ്വസനീയമാണു് എന്നു് പറയുന്നവർ വിശ്വാസികളുടെ ദൃഷ്ടിയിൽ വിഡ്ഢികളും, മാനസികരോഗികളും, വേദകാര്യങ്ങൾ ശരിയായവിധം (എന്നുവച്ചാൽ ശരിയെന്നു് വിശ്വാസി കരുതുന്ന വിധം) വായിക്കാനും മനസ്സിലാക്കാനും കഴിവില്ലാത്തവരുമാണു്.

ദാനിയേലിന്റെ പുസ്തകത്തിലാണു് ലോകാവസാനത്തിന്റെ ഈ രഹസ്യം ഒളിച്ചുവച്ചിരിക്കുന്നതു്. “നീയോ ദാനിയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളെ അടച്ചു് പുസ്തകത്തിനു് മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കയും ചെയ്യും.” (ദാനിയേൽ 12: 4) ഒരു മുഴുവൻ തേങ്ങ ‘കാലിൽ’ കിട്ടിയാൽ തട്ടിക്കളിച്ചുകൊണ്ടിരിക്കാമെന്നല്ലാതെ പട്ടികൾക്കു് കാര്യമായി മറ്റൊന്നും ചെയ്യാനാവില്ല. മനുഷ്യരുടെ കാര്യവും ഏതാണ്ടു് അങ്ങനെതന്നെയാണു്. അടച്ചു് മുദ്രയിട്ട ഒരു പുസ്തകം അവരുടെ കയ്യിൽ കിട്ടിയാൽ അവർക്കും അതു് തട്ടിക്കളിച്ചുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. പക്ഷേ, പട്ടികളിൽ നിന്നും വിരുദ്ധമായി തട്ടിക്കളിയോടൊപ്പം അവരുടെ ജ്ഞാനവും ഓട്ടോമാറ്റിക്‌ ആയി വർദ്ധിച്ചുകൊണ്ടിരിക്കും. അതിനു് പുസ്തകം തുറക്കേണ്ട ആവശ്യം പോലുമില്ല. എന്തുകൊണ്ടെന്നറിയില്ല, എന്റെ കയ്യിൽ കിട്ടിയ പുസ്തകം അടച്ചുപൂട്ടി മുദ്ര വച്ചതായിരുന്നില്ല. അതുകൊണ്ടാവാം, എന്റെ ജ്ഞാനം വർദ്ധിക്കാതിരിക്കുന്നതും, അതിലെ പ്രവചനങ്ങൾക്കു് എന്തെങ്കിലും വിലനൽകാൻ എനിക്കു് കഴിയാതെ പോകുന്നതും.

“നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാലം മുതൽ ആയിരത്തി ഇരുന്നൂറ്റിത്തൊണ്ണൂറു് ദിവസം ചെല്ലും. ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു് ദിവസത്തോളം കാത്തു് ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ. നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു് കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു് വരും.” (ദാനിയേൽ 12: 11 – 13) സ്നേഹസ്വരൂപിയായ ദൈവമേ, നിരന്തരഹോമയാഗവും, മേദസ്സുള്ള പെൺപിള്ളേർ വറുത്തതും പൊരിച്ചതുമെല്ലാം പള്ളിയിൽ എത്തിക്കുന്നതുമൊക്കെ നിർത്തലാക്കിയാൽ ലോകാവസാനം വരും എന്നു് ഞാൻ പേർത്തും പേർത്തും പറയാറുണ്ടായിരുന്നു. പക്ഷേ, ആരും കേട്ടില്ല. മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കാൻ തുടങ്ങിയിട്ടു് കാലമേറെയായി എന്ന കാര്യം ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനിയിപ്പോ ലോകാവസാനവും കൂടി കണ്ടിട്ടു് ചാവാം, അല്ലാതെന്തു് ചെയ്യാൻ?

ദൈവമേ, ഞാനിതാ വിശ്രമിച്ചു് ഉറങ്ങാൻ പോകുന്നു. നീ എനിക്കു് വാഗ്ദാനം ചെയ്ത ഓഹരിക്കും ഡിവിഡന്റിനും ഞാൻ നന്ദി പറയുന്നു. ഏതെങ്കിലും യൂറോപ്യൻ കമ്പനികളിലെ ഓഹരികളോടാണു് എനിക്കു് കൂടുതൽ ഇഷ്ടം എന്നു് പറയുന്നതു് അധികപ്രസംഗമായി കരുതരുതെന്നു് താഴ്മയായി അപേക്ഷിക്കുന്നു. ഞാനും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായിട്ടു് ഉള്ളി പയറു് മുതലായ ഗ്യാസ്‌ ഉണ്ടാവാൻ സാദ്ധ്യതയുള്ള ആഹാരങ്ങളൊന്നും കഴിക്കാറില്ല. രാത്രിയിൽ ഞാനോ എന്റെ ഭാര്യയോ വല്ല കീഴ്ശ്വാസവും വിടുകയും അതു് ദൈവപുത്രൻ മേഘത്തിലേറി വരുന്നതിന്റെ അടയാളമായ കാഹളനാദമാണെന്നു് തെറ്റിദ്ധരിച്ചു് അയൽക്കാർ മുഴുവൻ ഞെട്ടിയുണരുകയും ചെയ്യാതിരിക്കാനാണതു്. രാത്രി പത്തുമണിക്കുശേഷം മനുഷ്യരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ ബഹളമുണ്ടാക്കാൻ ഈ നാട്ടിൽ അനുവാദമില്ലെന്നു് നിനക്കറിയാമെന്നു് കരുതുന്നു. സാത്താൻ ഏതെല്ലാം വിധത്തിലാണു് മനുഷ്യരെ ചതിക്കാനായി തക്കം പാർത്തു് കാത്തിരിക്കുന്നതെന്നു് പിതാവല്ലാതെ പുത്രനോ പരിശുദ്ധറൂഹാപോലുമോ അറിയുന്നില്ലല്ലോ. കാരുണ്യവാനായ ദൈവമേ, അപ്പോൾ ശരി, കുറ്റവിസ്താരസമയത്തു് കോടതിമുറിയിൽ വച്ചു് കാണുന്നതു് വരേയ്ക്കും വണക്കം. ആമീൻ.

Advertisements
 
7അഭിപ്രായങ്ങള്‍

Posted by on മേയ് 20, 2011 in പലവക

 

മുദ്രകള്‍: ,

7 responses to “നാളെയാണു് ലോകാവസാനം!

 1. Jack Rabbit

  മേയ് 21, 2011 at 19:46

  ലോകാവസാനിക്കുന്നതിന്റെ പേരില്‍ വളരെ ബുദ്ധി പൂര്‍വം കച്ചവടം നടത്തുന്ന ഒരു കൂട്ടരേ ഇവിടെ കാണാം

   
 2. c.k.babu

  മേയ് 22, 2011 at 11:29

  Jack Rabbit,

  ലിങ്ക് തുറക്കുന്നില്ല.

  (ലോകാവസാനം പ്രമാണിച്ച് കാഹളവുമൂതി കിഴക്കുനിന്നും വരുന്ന ദൈവദൂതന്മാർക്ക് പിടികൊടുക്കാതിരിക്കാൻ ഞാൻ കുറേ ദൂരെ ഒരിടത്ത് ഒളിച്ചിരിക്കുകയാണ്. അതിനാൽ ഇവിടത്തെ നെറ്റിന്റെ പ്രശ്നമാണോ എന്നറിയില്ല. സ്ഥലവും ദൂരവുമൊന്നും വെളിപ്പെടുത്താൻ നിവൃത്തിയില്ല. കാഹളനാദം ഇവിടെ എത്തുമ്പോൾ മാത്രമേ വീട്ടിലേക്ക് മടങ്ങാവൂ എന്നാണ് വക്കീൽ പറഞ്ഞിരിക്കുന്നത്. അത്യാവശ്യം ഇമെയിൽ നോക്കാൻ മാത്രമേ ലാപ് ടോപ് ഓൺ ചെയ്യാറുള്ളു.) 🙂 🙂

   
  • abyudhayam

   മേയ് 23, 2011 at 12:29

   it s toooooo

    
 3. Jack Rabbit

  മേയ് 22, 2011 at 16:29

  seekebi,
  ഇതാണ് ആ ലിങ്ക – http://eternal-earthbound-pets.com/

  What they do – You’ve committed your life to Jesus. You know you’re saved. But when the Rapture comes what’s to become of your loving pets who are left behind? Eternal Earth-Bound Pets takes that burden off your mind.

   
 4. c.k.babu

  മേയ് 22, 2011 at 18:28

  കൊള്ളാം പരിപാടി. വിശ്വാസികൾ ഇതിലും വലിയ മണ്ടത്തരത്തിൽ ചെന്നു ചാടാൻ മടിക്കില്ലെന്ന് അവർക്കറിയാം. 🙂

   
 5. sinto george

  മേയ് 22, 2011 at 20:12

  ഹഹഹ…ബാബു ചേട്ടാ കിടിലന്‍ blog …..ഇതിലെ എല്ലാം വളരെ രസകരമായിരിക്കുന്നു …പോരാത്തതിന് ജാക്കിന്റെ ലിങ്കും ….

   
 6. Santosh

  മേയ് 29, 2011 at 21:23

  കണക്കിൽ ഒരു ചെറീയേ പിശകുപറ്റിയതല്ലേ? ദേ ഇപ്പൊ ശരിയാക്കിത്തരാം… ഒരു 5 മാസം കൂടി വെയിറ്റു ചെയ്യൂ..

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: