RSS

Daily Archives: ഡിസംബര്‍ 13, 2010

പ്രപഞ്ചസൃഷ്ടി എന്തെളുപ്പം!

ഈയിടെ കേട്ട ഒരു വിശ്വാസിയുടെ വാദമാണു്: “ദൈവത്തിനു് ആരംഭമില്ല”.

ദൈവത്തിൽ വിശ്വസിച്ചാൽ കാര്യങ്ങൾ പൊതുവേ എളുപ്പമാണെന്നു് കേട്ടിട്ടുണ്ടു്. എന്നാലും ഇത്ര എളുപ്പമാണെന്നു് കരുതിയിരുന്നില്ല. ഈ ദൈവമാണു് ശൂന്യതയിൽ നിന്നും എല്ലാം സൃഷ്ടിച്ചതു് എന്നുകൂടി കേട്ടപ്പോൾ, മരിച്ചു് ജീർണ്ണിക്കാൻ തുടങ്ങിയവനെ ഉയിർപ്പിക്കുന്നതു് നേരിൽ കണ്ടത്ര അത്ഭുതം. പ്രപഞ്ചസൃഷ്ടിയുടെ കഥയിങ്ങനെ: പണ്ടുപണ്ടു് ഒന്നുമുണ്ടായിരുന്നില്ല, ഒന്നും, യാതൊന്നും. എല്ലാം വെറും ശൂന്യം. കാക്കത്തൊള്ളായിരംകോടി ശൂന്യമായ വർഷങ്ങൾ ശൂന്യമായ കലണ്ടറിലൂടെ അങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു. അപ്പോൾ ശൂന്യതയിൽ ശൂന്യനായി നിലകൊള്ളുന്ന ആർക്കോ തോന്നി: “ഇതങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ, എത്ര നാളാണു് ഇങ്ങനെ ഒന്നുമില്ലാതെ ശൂന്യമായിരിക്കുക?” അപ്പോൾ ശൂന്യതയിൽ ശൂന്യനായി നിലകൊള്ളുന്ന മറ്റാർക്കോ തോന്നി: “അതിനെന്തു് പ്രശ്നം, ഇത്രയും നാൾ ഒന്നുമില്ലാതെ ശൂന്യമായിരുന്ന സ്ഥിതിക്കു് ഇനിയും ഒന്നുമില്ലാതെ ശൂന്യമായി ഇരിക്കാമല്ലോ.” ശൂന്യതയിൽ ശൂന്യത ഒഴികെ മറ്റൊന്നുമില്ലാത്തതിനാൽ അവിടെ ഒച്ചവക്കാൻ തൊണ്ടയോ, ശബ്ദതരംഗങ്ങൾക്കു് സഞ്ചരിക്കാൻ അന്തരീക്ഷമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു്, ഇതൊന്നും ആരും പറഞ്ഞുമില്ല, ആരും കേട്ടുമില്ല. പക്ഷേ, പറയാത്തതും കേൾക്കാത്തതും ശൂന്യമായ മനസ്സിൽ “ഉൾക്കൊള്ളാൻ കഴിയുന്ന” ശൂന്യനായ ഒന്നു് ശൂന്യതയിൽ കഴിഞ്ഞിരുന്നു. ഈ ശൂന്യൻ എങ്ങനെ ഈ ശൂന്യതയിൽ എത്തി? അതു് ആ ശൂന്യതക്കും വലിയ പിടിയില്ല. ശൂന്യതയിൽ നിന്നും ഏതു് ശൂന്യൻ ഈ ചോദ്യം ചോദിച്ചാലും “ശൂന്യനായ ഞാൻ ആരംഭശൂന്യനാണു്” എന്ന ഒരൊറ്റക്കരച്ചിൽ മാത്രം ശൂന്യതയിൽ നിന്നും കേൾക്കാം. ശൂന്യതയിൽ വോക്കൽ ഫോൾഡ്സും അന്തരീക്ഷവുമൊന്നും ഇല്ലാത്തതിനാൽ അങ്ങനെ ആരും ചോദിച്ചുമില്ല, കരച്ചിൽ ആരും കേട്ടുമില്ല. ആരംഭമില്ലാത്ത ശൂന്യമായ ഒന്നിനു് ആരംഭം എന്നൊരു (ശൂന്യമായ) ഐഡിയ തോന്നുമോ? നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ തോന്നും എന്നായിരിക്കും മറുപടി. തോന്നില്ല എന്ന സത്യം തോന്നണമെങ്കിൽ നിങ്ങൾ യാഥാർത്ഥ്യബോധമുള്ള ഒരു അവിശ്വാസി ആയിരിക്കണം. ഒരു തികഞ്ഞ ശൂന്യതയിൽ ശൂന്യത ഒഴികെ ബാക്കിയെല്ലാം അസംബന്ധമാണു്. ശൂന്യതയിൽ അസംബന്ധം പോലും അസംബന്ധവും ശൂന്യവുമാണു്. എന്നിട്ടും, ശൂന്യതയിൽ ശൂന്യനായി കഴിഞ്ഞിരുന്ന ആരംഭശൂന്യതക്കു് “ഒരിക്കൽ” ഒരു ആരംഭശൂരത്വം തോന്നി എന്നു് പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച വേദോപദേശം.

നമുക്കു് യാഥാർത്ഥ്യങ്ങളുടെ ലോകത്തിലേക്കു് മടങ്ങി വരാം.

ഏകദേശം 1375 കോടി വർഷങ്ങൾ പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ 454 കോടി വർഷങ്ങൾക്കു് മുൻപു് നമ്മുടെ ഭൂമിയും, കാലക്രമേണ അതിൽ അമീനോ ആസിഡുകളും, ഏകകോശജീവികളും, ബഹുകോശജീവികളും, ജലജീവികളും, കരജീവികളുമൊക്കെ രൂപമെടുത്തു എന്നു് വിശ്വസിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്ന ചിലർക്കു് ഇപ്പറഞ്ഞ മുഴുവൻ വസ്തുതകളും ആറോ എട്ടോ ദിവസം കൊണ്ടു് ഒരു ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കാൻ ബൗദ്ധികമോ യുക്തിപരമോ ആയ ഒരു പ്രശ്നവുമില്ല, അതൊക്കെ വിളിച്ചുപറയാൻ ലജ്ജയുമില്ല. ലിഖിതചരിത്രത്തിനു് ഏതാനും ആയിരം വർഷങ്ങൾ മാത്രമേ പഴക്കമുള്ളു. അതിനപ്പുറമുള്ള മനുഷ്യരാശിയുടേയും, ഭൂമിയുടേയും പ്രപഞ്ചത്തിന്റേയും ചരിത്രം ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യർ മനസ്സിലാക്കാൻ തുടങ്ങിയിട്ടു് ഏതാനും നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളു. “മനുഷ്യനൊഴികെ മറ്റൊരു മൃഗവും സർവ്വകലാശാലകൾ സ്ഥാപിക്കുകയോ, പുസ്തകങ്ങൾ എഴുതുകയോ, ഡോക്ടറേറ്റ്‌ എടുക്കുകയോ ചെയ്തിട്ടില്ല” എന്നതിനാലാവാം, “ദിവസക്കൂലിക്കു്” പ്രപഞ്ചം സൃഷ്ടിച്ച ആ ദൈവം മനുഷ്യവർഗ്ഗം ഉണ്ടാവുന്നതിനു് മുൻപോ, ഉണ്ടായതിനു് ശേഷം അവരുടെ ബുദ്ധി “വൈസ്‌ ചാൻസലർ” ആവാൻ മാത്രം വളർച്ച പ്രാപിക്കുന്നതുവരെയോ ഭൂമിയിൽ ആർക്കും പ്രത്യക്ഷപ്പെട്ടതായി അറിവില്ല. ബോധപൂർവ്വം ചിന്തിക്കാനുള്ള മനുഷ്യരുടെ ശേഷി രൂപമെടുത്തു് അധികം താമസിയാതെതന്നെ, ഏതു് പൊട്ടത്തരവും ആധികാരികം എന്നു് തോന്നുന്ന വിധം തറപ്പിച്ചു് പറഞ്ഞാൽ, പൊതുജനം എന്ന പേരിൽ അറിയപ്പെടുന്ന ബഹുഭൂരിപക്ഷം കഴുതകളും അതു് സത്യം എന്നു് അംഗീകരിക്കുമെന്നു് ചുരുക്കം ചിലർ മനസ്സിലാക്കി. താരതമ്യേന ബുദ്ധിമാന്മാർ എന്നു് പറയാമായിരുന്ന ഇക്കൂട്ടരിൽത്തന്നെ, തത്വദീക്ഷയില്ലാത്തവരായിരുന്ന ചിലർ മനുഷ്യരുടെ ഈ ബലഹീനതയിലെ കച്ചവടസാദ്ധ്യത തിരിച്ചറിയുകയും അവരെ ചൂഷണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ, അവരിലെ കൺകെട്ടുകാരും മന്ത്രവാദികളും ഞൊടിവൈദ്യന്മാരും പണ്ഡിതരായ ഉപദേശികളായി വേഷം കെട്ടി. മനുഷ്യജീവിതത്തിനും മരണത്തിനുപോലും അഭൗമികമായ ഒരു “അർത്ഥം” ഉണ്ടെന്ന അടിസ്ഥാനരഹിതമായ പച്ചനുണ അവർ ലോകം മുഴുവൻ പ്രചരിപ്പിച്ചു. കാലാന്തരത്തിൽ, ഈ മിഥ്യാസങ്കൽപം മനുഷ്യമനസ്സിൽ മുളച്ചുവളർന്നു് പടർന്നുപന്തലിച്ചു് ഒരു തികഞ്ഞ യാഥാർത്ഥ്യമെന്നപോലെ ഒരു വന്മരമായി നിലകൊണ്ടു. ഇന്നും പറിച്ചുമാറ്റാനാവാത്തവിധം പലരെയും ഈ “അർത്ഥംതേടൽ ഭ്രാന്തു്” പിടികൂടിയിരിക്കുന്നു. നഞ്ചുപിടിച്ച മീനുകളെപ്പോലെ, മനുഷ്യജീവിതത്തിനു് ഈ ഭൗതികജീവിതത്തിനും അതീതമായി ഉണ്ടെന്നു് ആരോ പറഞ്ഞുകേട്ട ഏതോ “അഭൗതിക അർത്ഥം” തേടി അലയാൻ തുടങ്ങിയ ജനങ്ങളുടെ ഇടയിൽ വഞ്ചകൻ ദൈവദൂതനും “അദ്ധ്യാപകനും” ആയി അംഗീകരിക്കപ്പെട്ടു. അങ്ങനെ, വായാടികളായ നുണയർ ദൈവത്തിന്റെ പ്രതിനിധികളും, പ്രവാചകന്മാരുമൊക്കെ ആയി രൂപാന്തരം പ്രാപിച്ചു. കാലക്രമേണ, ശുദ്ധമനസ്കരായ മനുഷ്യരെ പാപികളാക്കി മുദ്രകുത്തിയ ഈ കപടന്മാർ അവരുടെ പിടലിയിൽ, പിടിവിടാൻ മടിക്കുന്ന ഒരു കടൽക്കിഴവനെപ്പോലെ, ഇന്നും അള്ളിപ്പിടിച്ചിരിക്കുന്നു. ദൈവത്തിന്റെ പിൻബലത്തോടെ വിളമ്പുന്ന ഏതു് നുണയും വെള്ളം തൊടാതെ വിഴുങ്ങുന്ന വിഡ്ഢികളായി മനുഷ്യർ പതിയെപ്പതിയെ മെരുക്കിയെടുക്കപ്പെട്ടു.

ഏതാണീ ദൈവം? ഈ ദൈവം എവിടെ നിന്നു് വരുന്നു? ചരിത്രം ആ ദൈവത്തെപ്പറ്റി എന്തു് പറയുന്നു? എന്നുമുതലാണു് ഈ ഭൂമിയിൽ ദൈവങ്ങളുടെ തേരോട്ടം ആരംഭിച്ചതു്? സ്വർഗ്ഗത്തിൽ നിന്നും മനുഷ്യരുടെ ഇടയിലേക്കുള്ള ദൈവങ്ങളുടെ യാത്രയിൽ അവരുടെ “തേരുകൾ” അവർ സ്വയം തെളിക്കുകയായിരുന്നോ? സഹസ്രാബ്ദങ്ങളിൽ മനുഷ്യർ ചോദിക്കാതിരുന്ന, ചോദിക്കാൻ ഭയപ്പെട്ടിരുന്ന, ഈ ചോദ്യങ്ങൾ നമുക്കു് നമ്മോടുതന്നെ ഒന്നു് ചോദിച്ചുനോക്കാം. പുരാതനകാലം മുതൽ മനുഷ്യർക്കു് വിശദീകരിക്കാനാവാതിരുന്ന പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളുടെയെല്ലാം പിന്നിൽ “എന്തോ ചിലതു്” മറഞ്ഞിരിക്കുന്നുണ്ടെന്ന കാര്യത്തിൽ മനുഷ്യർക്കു് സംശയമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ദൈവങ്ങൾ ആശയപരമായി ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിലും, ചിന്താശേഷിയുടെ ഒരു പ്രധാന ഘടകമായ “ചോദ്യം ചെയ്യൽ” ചില മറുപടികൾ കണ്ടെത്താനുള്ള അന്വേഷണത്തിനു് അവരെ നിർബന്ധിച്ചു. അതിനുള്ള ശേഷി കൈവരിച്ച ചിലർ ഈ ഭൂമിയിലും, ഭൂമിക്കു് മുകളിൽ ആകാശത്തിലും കാണുന്നതൊക്കെ എന്തെന്നും, മനുഷ്യർക്കു് ഈ ഭൂമിയിൽ എന്തു് കാര്യം എന്നുമൊക്കെ ആലോചിക്കാൻ തുടങ്ങി. ഒരു മൃഗത്തിനു് ഈ ഭൂമിയിൽ എന്തു് കാര്യമുണ്ടോ, അതേ കാര്യമേ മനുഷ്യർക്കും ഉള്ളു എന്നു് സമ്മതിക്കാൻ അവരിൽ പലരും തയ്യാറായിരുന്നില്ല. അത്ര ഉന്നതമായിരുന്നു അവർ മനുഷ്യർക്കു് കൽപിച്ചു് നൽകിയ സ്ഥാനവില. ആകാശവും ഭൂമിയും പോലെ അത്ര വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഭൂമിക്കടിയിലും ചില ലോകങ്ങൾ ഒക്കെ ഉണ്ടാവാമെന്ന കാര്യത്തിൽ അവർക്കു് കാര്യമായ സംശയമൊന്നും ഉണ്ടായിരുന്നില്ല. അതിനോടകം നിത്യോപയോഗത്തിനായി അത്യാവശ്യം ചില വസ്തുക്കളും പണിയായുധങ്ങളുമെല്ലാം നിർമ്മിക്കാൻ അവരിൽ ചിലർക്കു് പ്രാപ്തി കൈവന്നു് കഴിഞ്ഞിരുന്നതിനാൽ, ഇക്കാണുന്നവ മുഴുവൻ അതേ അടിസ്ഥാനത്തിൽ ഏതോ മൂത്താശാരികൾ നിർമ്മിച്ചതായിരിക്കാം എന്ന ന്യായമായ നിഗമനത്തിൽ അവർ എത്തി. കാലക്രമേണ ഓരോ ദൈവത്തിനും അവരുടേതായ ചുമതലകൾ മനുഷ്യർ പകുത്തുനൽകി. ഈ ദൈവങ്ങൾ അവരുടെ ജോലി കൃത്യമായി, എന്നുവച്ചാൽ, മനുഷ്യർക്കു് അനുകൂലമായി, നിറവേറ്റുന്നതിനുവേണ്ടി ബലികളും മറ്റു് കർമ്മങ്ങളും നടത്തപ്പെട്ടു. മനുഷ്യരെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ തൃപ്തിപ്പെടുത്തുന്നവയായിരുന്നു ദൈവങ്ങൾക്കുവേണ്ടി നടത്തപ്പെട്ടിരുന്ന എല്ലാ ചടങ്ങുകളും. മനുഷ്യരെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ദൈവങ്ങളെ എന്തുകൊണ്ടു് തൃപ്തിപ്പെടുത്താതിരിക്കണം?

ഇത്തരം പലദൈവങ്ങളെ സൃഷ്ടിച്ചവരാണു് ഭാരതീയർ, ഈജിപ്റ്റുകാർ, ഗ്രീക്കുകാർ മുതലായവർ. ഈജിപ്റ്റിലെ ബഹുദൈവവിശ്വാസത്തിനു് അന്ത്യം കുറിച്ചുകൊണ്ടു് ചരിത്രത്തിൽ ആദ്യമായി ഫറവോ Akhenaten സൂര്യബിംബത്തിൽ അധിഷ്ഠിതമായ ഒരു ഏകദൈവവിശ്വാസം സ്ഥാപിക്കാൻ ശ്രമിച്ചു. എങ്കിലും അവന്റെ കാലശേഷം ഏകദൈവ ആശയം ഈജിപ്റ്റിലെ പഴയ ബഹുദൈവവിശ്വാസത്തിന്റെ പുരോഹിതന്മാരാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. അതിനുശേഷം നമ്മൾ ഏകദൈവവിശ്വാസം കാണുന്നതു് യഹോവ എന്നൊരു ദൈവത്തിന്റെ നാമത്തിൽ മോശെ സ്ഥാപിച്ച യഹൂദമതത്തിലാണു്. തനിക്കു് സമീപം മറ്റൊരു ദൈവത്തെയും വച്ചുപൊറുപ്പിക്കാത്ത, അങ്ങേയറ്റം അസഹിഷ്ണുവായ, ഒരു മഹാപ്രളയം വഴി മുഴുവൻ ലോകത്തേയും നശിപ്പിക്കാൻ മടിക്കാത്ത, ആകാശത്തിൽ നിന്നും തീയും ഗന്ധകവും ഇറക്കി ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കാൻ സങ്കോചമൊന്നുമില്ലാത്ത ഈ ദൈവത്തിന്റെ നാമത്തിൽ ഇന്നു് മൂന്നു് ലോകമതങ്ങളാണു് നിലവിലിരിക്കുന്നതു് – അബ്രാഹാമിന്റേയും ഇസഹാക്കിന്റേയും യാക്കോബിന്റേയും ദൈവമായ യഹോവയുടെ നാമത്തിൽ മോശെ സ്ഥാപിച്ച യഹൂദമതം, യഹോവയുടെ ഏകജാതനെന്നു് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവിന്റെ നാമത്തിലെ ക്രിസ്തുമതം, മോശെയേയും, അബ്രാഹാമിനേയും, യേശുവിനേയും, ബൈബിളിലെ മറ്റനവധി കഥാപാത്രങ്ങളേയും പ്രവാചകന്മാരായി അംഗീകരിച്ചുകൊണ്ടു്, അല്ലാഹു എന്ന ദൈവത്തിന്റെ നാമത്തിൽ മുഹമ്മദ്‌ സ്ഥാപിച്ച ഇസ്ലാം എന്ന മതം.

ചുരുക്കത്തിൽ, മേൽപറഞ്ഞ ബഹുദൈവങ്ങളും, ഈ ഏകദൈവവും മനുഷ്യരുടെ ജീവിതത്തിലേക്കു് സ്വമേധയാ നുഴഞ്ഞു് കയറുകയായിരുന്നില്ല, ദൈവവിശ്വാസം മനുഷ്യരിൽ അടിച്ചേൽപിച്ചാൽ ഉണ്ടാക്കാൻ കഴിയുന്ന ഭൗതികനേട്ടങ്ങൾ തിരിച്ചറിഞ്ഞ ഒരുകൂട്ടം ഇത്തിക്കണ്ണികൾ പൗരോഹിത്യവേഷം അണിഞ്ഞു് ദൈവങ്ങളെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും സാവകാശം തിരുകിക്കയറ്റുകയായിരുന്നു. ലോകത്തിലെ മുഴുവൻ മനുഷ്യരേയും ഒരു മഹാപ്രളയത്തിൽ മുക്കിക്കൊന്നപ്പോഴും എട്ടു് “നല്ല മനുഷ്യർ” രക്ഷിക്കപ്പെട്ടു എന്ന കെട്ടുകഥയിലൂടെ പുരോഹിതൻ പൊക്കിക്കാണിക്കുന്നതു് ഒരു ഗുണപാഠത്തേക്കാളേറെ മനുഷ്യരാശിക്കുള്ള ഒരു താക്കീതാണു്. മതന്യൂറോസിസ്‌ ബാധിച്ച കോടിക്കണക്കിനു് മനുഷ്യരിലൂടെ ഇന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുപോലെ, ഇതും, ഇതുപോലുള്ള താക്കീതുകളും ഫലം കാണാതെ പോയതുമില്ല. സ്വതന്ത്രചിന്തയിലേക്കു് ഒരു ചുവടുപോലും വയ്ക്കാൻ കഴിയാത്തവിധം മനുഷ്യനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്ന ഒരു കിനാവള്ളിയായി ഇന്നവർ ആ ദൈവത്തെ രൂപാന്തരപ്പെടുത്തിക്കഴിഞ്ഞു. മനുഷ്യഭാവനയിൽ മാത്രമല്ലാതെ, മറ്റേതെങ്കിലും വിധത്തിലുള്ള ഒരു നിലനിൽപുമില്ലാത്ത, മനുഷ്യരുടെ തന്നെ ഭാവനയുടെ വെറുമൊരു സൃഷ്ടി മാത്രമായ ദൈവമെന്ന മസ്തിഷ്കഭൂതത്തെ നോക്കി, ഇടത്തോട്ടു് തിരിയുമ്പോഴും, വലത്തോട്ടു് തിരിയുമ്പോഴും, ജീവിതത്തിലെ ഓരോ പ്രവൃത്തികളും ചെയ്യുമ്പോഴും ഭയന്നു് വിറയ്ക്കുന്നവരാണു് വിശ്വാസികളായ കോടാനുകോടി മനുഷ്യർ. ഈ ഭയത്തിന്റെ നിഴലിൽ നിന്നും സ്വയം മോചിപ്പിച്ചു്, സ്വതന്ത്രമായി ചിന്തിക്കാൻ ഒരു നിമിഷം മനുഷ്യൻ തയ്യാറായാൽ മതി, ഒരിക്കലും മടങ്ങിവരാത്തവിധം ദൈവം എന്ന മിഥ്യാരൂപം എന്നേക്കുമായി ശൂന്യതയിൽ മറയും. മനുഷ്യജീവിതത്തിനു് ദൈവം ഒരു അനിവാര്യതയല്ല. മനുഷ്യൻ സ്വന്തം ആവശ്യത്തിനായി സൃഷ്ടിക്കുന്ന മനഃശാസ്ത്രപരമായ അത്താണികൾക്കു് പ്രകൃത്യതീതമായ ഒരു ദൈവത്തിന്റെ നിലനിൽപുമായി യാതൊരു ബന്ധവുമില്ല. നാൽക്കവലയിലോ ആരാധനാലയങ്ങൾക്കു് മുന്നിലോ ഒരു നേർച്ചപ്പെട്ടിയും വച്ചു് ഇരയെക്കാത്തിരിക്കേണ്ട ഗതികേടുള്ള ഒരു ദൈവത്തിനെ ബിഗ്‌ബാംഗിനും അപ്പുറത്തു് കൊണ്ടുപോയി പ്രതിഷ്ഠിക്കുന്നതു്, പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡിൽ നിന്നും രണ്ടുരൂപയ്ക്കു് വാങ്ങിയ ഏലസ്സിൽ പ്രപഞ്ചസൃഷ്ടിയുടെ ചുമതല അടിച്ചേൽപിക്കുന്നതിനു് തുല്യമാണു്. ഇത്തരം ഭ്രാന്തുകളുടെ ഉത്തരവാദിത്വം ഏലസ്സിനോ ഏതെങ്കിലും ദൈവത്തിനോ അല്ല, ഈ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ആരോ അവർക്കാണു്.

മനുഷ്യൻ ഉണ്ടാവുന്നതിനു് മുൻപു് ദൈവം എന്ന ആശയം പോലും ഉണ്ടാവാൻ കഴിയുമായിരുന്നില്ല എന്നു് മനസ്സിലാക്കാൻ പ്രാഥമിക അറിവേ ആവശ്യമുള്ളു. മനുഷ്യമനസ്സിലല്ലാതെ ഒരു ദൈവത്തിനും നിലനിൽപില്ല, നിലനിൽക്കാനാവില്ല. ഒരു സ്യൂപ്പർ നാച്യുറൽ പവ്വർ എന്ന നിലയിൽ ഒരു ദൈവം മനുഷ്യനു് മുൻപോ, മനുഷ്യനു് ശേഷമോ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ, വ്യത്യസ്ത സംസ്കാരങ്ങളിലെ ബഹുദൈവങ്ങൾ, ഈജിപ്റ്റിലെ ഫറവോ അഖേനറ്റെന്റെ സൂര്യദൈവം “അറ്റെൻ”, മോശെയുടെയും, യേശുവിന്റേയും മുഹമ്മദിന്റേയും ദൈവം യഹോവ/അല്ലാഹു എന്നീ ഏകദൈവങ്ങൾ – ഇത്രയും മാത്രമാണു് ദൈവോത്ഭവം സംബന്ധിച്ച ചരിത്രപരമായ അറിവുകളുടെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നതും രേഖാമൂലം തെളിയിക്കാനാവുന്നതുമായ സത്യങ്ങൾ. അതിനപ്പുറമുള്ളതെല്ലാം ഇവയുടെ വിശദാംശങ്ങളാണു്. ഈ കേന്ദ്രബിന്ദുവിനെ യാതൊരു കാരണവശാലും സ്പര്‍ശിക്കാതെ, വിശദാംശങ്ങളിൽ നിന്നും അനുയോജ്യമായതു് മാത്രം തിരഞ്ഞെടുത്തു്, സ്വന്തനിലപാടുകളുടെ ന്യായീകരണത്തിനായി അവയെപ്പോലും വളച്ചൊടിച്ചു് വ്യാഖ്യാനിക്കുന്നതാണു്  “മതതത്വശാസ്ത്രം”. ശാസ്ത്രത്തിനു് എതിരായ നിലപാടു് സ്വീകരിക്കുന്ന മതങ്ങൾക്കുപോലും അവരുടെ പഠിപ്പിക്കലുകളെ “ഓത്തു്” എന്നു് വിളിക്കുന്നതിനേക്കാൾ മതതത്വ”ശാസ്ത്രം” എന്നു് വിളിക്കുന്നതാണു് ഇഷ്ടം. അങ്ങനെയെങ്കിൽ, ഈ ശാസ്ത്രം എന്നു് പറയുന്ന സംഗതി അത്ര മോശമായിരിക്കാൻ വഴിയില്ല. ഉത്തരത്തിനടിയിലെ പല്ലികൾ പോലും തങ്ങൾ പറയുന്നതു് “ശാസ്ത്രം” ആണെന്നാണു് അവകാശപ്പെടുന്നതു്! അധികം താമസിയാതെ പല്ലികൾ സർവ്വകലാശാലകൾ തുടങ്ങി ഗൗളിശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നൽകാൻ തുടങ്ങിയാലും നമ്മൾ അത്ഭുതപ്പെടേണ്ടതില്ല.

ദൈവാസ്തിത്വം സ്ഥാപിക്കാനായി ബിഗ്‌-ബാംഗ്‌ തിയറിയും ഡാർവിന്റെ പരിണാമസിദ്ധാന്തവുമൊക്കെ തെറ്റാണെന്നു് തെളിയിക്കാൻ നടക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടതു് അവരുടെ ദൈവം എവിടെനിന്നു് വന്നു എന്നതിനെസംബന്ധിച്ച ഈ വസ്തുതകളാണു്. പുരാതനമനുഷ്യർ ഊഹിച്ച പലതരം ദൈവങ്ങളും, അഖേനറ്റെനും, മോശെയും, യേശുവും, മുഹമ്മദും വർണ്ണിച്ച ഏകദൈവങ്ങളും മാത്രമേ ഈ ഭൂമിയിൽ ഉണ്ടായിട്ടുള്ളു. അവരുടെ വർണ്ണനകൾ യാതൊരു എവിഡൻസും ഇല്ലാതെ, അക്കാലത്തെ മനുഷ്യരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട തികച്ചും പ്രാദേശികവും അന്നത്തെ കാലത്തിനു് യോജിച്ചതുമായ അവരുടെ സങ്കൽപങ്ങൾ മാത്രമായിരുന്നു. അവർക്കു് ഓരോരുത്തർക്കും ലഭിച്ച മുൻകാല അറിവുകൾ അവരുടെ ഭാവനയെ ചെത്തിമിനുക്കാൻ സഹായിച്ചിരിക്കാമെന്നതു് പ്രത്യേകം സൂചിപ്പിക്കാതെതന്നെ മനസ്സിലാക്കാവുന്ന കാര്യവുമാണു്. ഒരു വിശ്വാസി എന്തു് വിശ്വസിച്ചാലും, ഇപ്പറഞ്ഞ മതസ്ഥാപകർ എല്ലാവരും മജ്ജയും മാംസവുമുള്ള മനുഷ്യർ മാത്രമായിരുന്നു. ഇത്രയും ലളിതമായ ഒരു സത്യം മനസ്സിലാക്കാൻ എന്തു് കാരണത്തിന്റെ പേരിലായാലും കഴിയാത്തവർ എത്ര ശ്രമിച്ചാലും പിടികിട്ടാത്തത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സങ്കീർണ്ണതകളാണു് ബിഗ്‌-ബാംഗും, നാച്ചുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനും മറ്റെത്രയോ ശാസ്ത്രീയമായ കണ്ടെത്തലുകളുമെല്ലാം. ആർക്കിടെക്ചറിൽ വിദ്യാഭ്യാസം ലഭിക്കാത്ത ഒരു മെഡിക്കൽ ഡോക്ടർക്കു് ഒരു കെട്ടിടത്തിന്റെ ആർക്കിടെക്റ്റ്‌ ആവാൻ കഴിയില്ലായിരിക്കാം. അതേസമയം, ഒരു വണ്ടിനെപ്പോലെ മനുഷ്യരുടെ ചെവിയിൽ നിരന്തരം മൂളിക്കൊണ്ടിരിക്കാനുള്ള ശേഷി ധാരാളം മതി ഒരു മതഘോഷകനാവാൻ. പക്ഷേ, ഒരു മെഡിക്കൽ ഡോക്ടർ ആവാൻ ആ ശേഷി മാത്രം മതിയാവില്ല. ശാസ്ത്രീയമായ ഒരു വിഷയത്തിലും മതോപദേശിസഹജമായ വാചകമടി അറിവിന്റെ മാനദണ്ഡമല്ല. കേരളം പോലുള്ള സ്ഥലങ്ങളിൽ അഴിമതിയും പിടിപാടുമൊക്കെ ബിരുദത്തിലേക്കു് നയിക്കുന്നുണ്ടാവാം. അതു് അത്തരം “പണ്ഡിതരുടെ” അഭിപ്രായപ്രകടനങ്ങളിൽ നമ്മൾ പ്രകടമായി കാണുകയും ചെയ്യുന്നുണ്ടു്.

ശാസ്ത്രത്തെ എതിർക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തീവ്രവിശ്വാസികൾ അവരുടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്നതിനായി എപ്പോഴും ശാസ്ത്രത്തിന്റെ കൂട്ടുപിടിക്കുന്നതു് എന്തിനെന്നു് എനിക്കറിയില്ല. ഇതിനവർ പല മാർഗ്ഗങ്ങൾ സ്വീകരിച്ചു് കാണാറുണ്ടു്. പരിണാമസിദ്ധാന്തം, ബിഗ്‌-ബാംഗ്‌ മുതലായ ശാസ്ത്രീയതകൾ കുറ്റമറ്റതല്ല എന്നു് പിറുപിറുത്തുകൊണ്ടിരിക്കുക എന്നതാണു് അതിലൊന്നു്. അവ കുറ്റമറ്റതല്ല എന്നു് അവർ സ്വയം കണ്ടുപിടിച്ചതൊന്നുമല്ല, ശാസ്ത്രം തന്നെ തുറന്നുപറയുന്നതു് വടക്കുവശത്തു് മറഞ്ഞുനിന്നു് കേട്ടിട്ടു് തെക്കുവശത്തുചെന്നുനിന്നു് വലിയവായിൽ വിളിച്ചുകൂവുന്നതാണു്. ഒരു ശാസ്ത്രീയ നിഗമനത്തിന്റെ പരിമിതികളും പോരായ്മകളും ശാസ്ത്രജ്ഞർ തന്നെ ചൂണ്ടിക്കാണിക്കുന്നതു് ആ വിഷയത്തിൽ കേന്ദ്രീകൃതമായ തുടർഅന്വേഷണങ്ങൾ എവിടെയാണു് ആവശ്യം എന്നു് അന്വേഷകരായ മറ്റു് ശാസ്ത്രജ്ഞരെ അറിയിക്കാൻ കൂടിയാണു്. വിശ്വാസിയുടെ ഏകതാനബുദ്ധിയിൽ അതു് ശാസ്ത്രത്തിന്റെ തോൽവി പ്രഖ്യാപിക്കലായി തോന്നുന്നു. അല്ലെങ്കിൽത്തന്നെ തോന്നലുകളാണല്ലോ അന്ധവിശ്വാസികളുടെ ആഹാരം! ദൈവം ഉണ്ടെന്നു് തെളിയിക്കാൻ വിശ്വാസി സ്വീകരിക്കുന്ന മറ്റൊരു മാർഗ്ഗം, ഇതൊക്കെ ഞങ്ങളുടെ ഗ്രന്ഥത്തിൽ പണ്ടേതന്നെ കുറിച്ചുവച്ചിട്ടുണ്ടു് എന്നു് വിളംബരം ചെയ്യുകയാണു്. ഉദാഹരണത്തിനു്, ബിഗ്‌ബാംഗ്‌ ഞങ്ങളുടെ കിത്താബിൽ രേഖപ്പെടുത്തിയിട്ടുണ്ടു് എന്നവർ വീമ്പിളക്കും. ചന്ദ്രനിലെ വൃദ്ധിക്ഷയങ്ങൾ ഹജ്ജിനു് പോകേണ്ട കാലത്തെ വിളിച്ചറിയിക്കാനുള്ള ഒരേർപ്പാടാണു് എന്നെഴുതിവച്ചിരിക്കുന്ന അതേ കിത്താബിലാണു് ബിഗ്‌ബാംഗ്‌ വർണ്ണിച്ചിരിക്കുന്നതു് എന്നുകൂടി ഓർക്കുക! അതും പോരെങ്കിൽ, ഈ സിദ്ധാന്തം തന്നെയാണു് “പൂർണ്ണമല്ല” എന്നു് ശാസ്ത്രത്തെ കോപ്പിയടിച്ചു് അൽപം മുൻപു് അവർതന്നെ “തെക്കുവശത്തുനിന്നു്” വിളിച്ചുപറയുന്നതു് നമ്മൾ കേട്ടതു്! ഇപ്പോൾ കിഴക്കുവശത്തുനിന്നുകൊണ്ടു് വിളിച്ചുകൂവുന്നതു് അതേ സിദ്ധാന്തം അവരുടെ ഗ്രന്ഥത്തിൽ ഉണ്ടെന്നും! അതായതു്, അത്ര പൂർണ്ണമല്ലാത്ത ബിഗ്‌ബാംഗ്‌ സിദ്ധാന്തം സർവ്വസമ്പൂർണ്ണമായ അവരുടെ ഗ്രന്ഥത്തിൽ ഉണ്ടെന്നു്! എന്താണു് കിത്താബിൽ വ്യക്തമായി പറയുന്ന ഈ ബിഗ്‌-ബാംഗ്‌ എന്നു് സമയവും വിവരവുമുള്ള ആരെങ്കിലും ക്ഷമയോടെ ചോദിക്കുന്നതുവരെ ഈ പല്ലവി തർക്കാവേശം മൂത്ത സത്യവിശ്വാസി നിറുത്താതെ ആവർത്തിച്ചുകൊണ്ടിരിക്കും. ചോദ്യകർത്താവു് വിട്ടുകൊടുക്കുന്നില്ല എന്നു് തോന്നിയാൽ വിശ്വാസി തർക്കത്തിന്റെ സ്വിച്ച്‌ തെറിവിളിയിലേക്കു് മാറ്റിയിടും. ഏതു് ചർച്ചയും തെറിവിളിയിലേക്കു് കൊണ്ടുചെന്നെത്തിക്കാനായി മാത്രം കാത്തുനിൽക്കുന്ന ഏതാനും ചിയർ ഗേൾസുമുണ്ടു് (കടപ്പാടു്: കാളിദാസൻ). ആയിരവും രണ്ടായിരവും വർഷങ്ങളായി ചവയ്ക്കുന്ന ചവറുകൊണ്ടു് ദൈവം, സൃഷ്ടി, മതം മുതലായ വിഷയങ്ങളിൽ ആശയപരമായ ഒരു ചർച്ച നയിക്കാനോ എതിരാളികളെ ബോധ്യപ്പെടുത്താനോ തങ്ങൾക്കാവില്ലെന്നു് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്ത വിശ്വാസികളിൽ നിന്നും പുതിയതെന്തെങ്കിലും യുക്തിബോധമുള്ള ആരെങ്കിലും പ്രതീക്ഷിക്കുമെന്നു് തോന്നുന്നില്ല.

(എന്തുചെയ്യാം, വിശ്വാസികൾക്കു് അരണയുടെ ബുദ്ധിയാണു്. ഇന്നലെ പറഞ്ഞതെന്തെന്നു് ഇന്നത്തേക്കു് അവർ മറന്നുകഴിഞ്ഞിരിക്കും. ശത്രുവിനെ കടിക്കാനായി ഓടുന്നതിനിടയിൽ എന്തിനാണു് ഓടുന്നതെന്ന കാര്യം പാവം അരണ മറക്കുമത്രെ! അരണ കടിച്ചാൽ ഉടനെ മരണമാണെന്നും കേൾക്കുന്നു! മരണം അരണയുടെ കടിയേൽക്കുന്നവന്റേയോ, അതോ അരണയുടേതു് തന്നെയോ എന്നെനിക്കറിയില്ല. ജീവികളുടെ സ്രഷ്ടാവു് മനുഷ്യർക്കു് കഞ്ഞി കുടിക്കാനുള്ള വഴി കാണിച്ചുകൊടുക്കാറില്ലെങ്കിലും, അരണയ്ക്കു് ക്ഷണികത്തിലും താഴ്‌ന്ന “ബുദ്ധി” നൽകി അരണകടിയിൽ നിന്നും നമ്മെ മോചിപ്പിക്കുന്നുണ്ടല്ലോ! മഹാഭാഗ്യം എന്നല്ലാതെ എന്തു് പറയാൻ? രാജവെമ്പാലയ്ക്കും ചേനത്തണ്ടനുമൊക്കെ ഈ അരണബുദ്ധി ജഗന്നിയന്താവു് നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണു് വിഷബാധയേറ്റു് അകാലത്തു് ജീവൻ വെടിയേണ്ടി വന്നവരുടെ പേരിൽ ഞാനിപ്പോൾ ആലോചിക്കുന്നതു്. ഏതായാലും, അരണയുടെ ‘ബുദ്ധി’ അത്ര ക്ഷണികമാണെന്ന അഭിപ്രായം വ്യക്തിപരമായി എനിക്കില്ല. ഇടയ്ക്കിടെ ഏതെങ്കിലും പ്രാണികളെയൊക്കെ പിടിച്ചു് തിന്നണമെന്ന കാര്യം ഇരപിടിക്കാൻ ഓടുന്നതിനിടയിൽ “ക്ഷണികമായി” അരണകൾ മറക്കുമായിരുന്നെങ്കിൽ, അരണവർഗ്ഗം പണ്ടേ ചത്തൊടുങ്ങി വംശനാശം സംഭവിച്ചേനെ. ദൈവം ഇല്ലാതായാൽ, മറ്റൊന്നും സംഭവിക്കുകയില്ലെങ്കിലും, പൗരോഹിത്യത്തിനു് പട്ടിണി മൂലം വംശനാശം സംഭവിക്കും എന്നതുപോലെതന്നെ).

ഒരു ചർച്ചയിൽ തങ്ങളുടെ മതം മണക്കുന്നു എന്നു് തോന്നിയാൽ, സാക്ഷാൽ ചിയർ ഗേൾസിന്റെ മാതൃകയിൽ കുറെപ്പേർ രംഗത്തെത്തി കയ്യും കാലുമൊക്കെ പൊക്കാൻ തുടങ്ങും. ഉള്ളതല്ലേ പൊക്കിക്കാണിക്കാൻ പറ്റൂ. ഏതെങ്കിലും ഒരു ചർച്ചയിൽ വസ്തുനിഷ്ഠവും, യുക്തിസഹമായ അർത്ഥം നൽകാനാവുന്നതുമായ എന്തെങ്കിലും രണ്ടു് വാചകം ഒരുമിച്ചു് പറയാൻ ഇല്ലാത്തവരാണു് ഈ ചിയർ ഗേൾസ്‌. മധുസൂദനൻ ഭട്ടതിരിപ്പാടു്, രാമഭദ്രൻ നമ്പൂതിരിപ്പാടു് എന്നൊക്കെയുള്ള വ്യാജ ID-യുമായിട്ടാണു് ചിലരുടെ വരവു്. സാക്ഷാൽ പേരു് മമ്മദെന്നോ മൊയ്തീൻ എന്നോ മറ്റോ ആയിരിക്കുമെന്നു് അധികം താമസിയാതെ അൽപം വെളിവുള്ളവർക്കെല്ലാം മനസ്സിലാവുകയും ചെയ്യും. കുറുക്കൻ നീലത്തിൽ മുങ്ങിയാലും കൂവുമ്പോൾ ഒറിജിനൽ കുറുക്കന്റെ സ്വരമല്ലേ പുറത്തുവരൂ. ഒരു മഴകൂടി പെയ്താൽ നീലം ഒലിച്ചുപോയി നിറവും പഴയ കുറുക്കന്റേതുതന്നെ. അടുത്തവട്ടം ഗോപാലകൃഷ്ണക്കമ്മത്തു് എന്നോ കുട്ടികൃഷ്ണപിഷാരടി എന്നോ മറ്റോ ആവും ID. തന്റെ സത്യദൈവത്തേയും സമ്പൂർണ്ണമതഗ്രന്ഥത്തേയും പ്രതിനിധീകരിക്കുന്നവനാണു് ഒരുവനെങ്കിൽ, സ്വന്തം പേരിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ എന്താണു് തടസ്സം എന്നെനിക്കറിയില്ല. വ്യാജ ID എന്നതു് തെറിപറയാൻ മാത്രമായി എടുക്കുന്ന ലൈസൻസാണു്. പറയേണ്ടിടത്തു് പറയാനുള്ളതാണു് തെറി. അതു് പറയാൻ വ്യാജ ഐഡിയുടെ ആവശ്യമൊന്നുമില്ല. പ്രത്യേകം ശ്രദ്ധിക്കുക: തെറി പറയലും തുണി പൊക്കിക്കാണിക്കലുമൊക്കെ വിശ്വാസിക്കു് മാത്രമായി ദൈവം അനുവദിച്ചു് നൽകിയിരിക്കുന്ന സ്പെഷ്യൽ അവകാശങ്ങളാണു്. തെറിയുടെ പ്രതികരണമായിപ്പോലും മറ്റുള്ളവർ ആ ഭാഷ പ്രയോഗിച്ചാൽ അതു് സംസ്കാരശൂന്യതയായി ചിയർ ഗേൾസ്‌ വിലയിരുത്തും! വിശ്വാസിക്കു് ആരെയും തെറിവിളിക്കാം, വിശ്വാസിയെ ആരു് തെറി വിളിക്കുന്നതും ദൈവദൂഷണമാണു്, കാരണം, വിശ്വാസി അവന്റെ നോട്ടത്തിൽ ദൈവതുല്യനാണു്. ദൈവതുല്യനെ തെറിവിളിച്ചവരെ കാത്തിരിക്കുന്നതു് നരകത്തിലെ വറചട്ടികളാണു്. ആത്മാർത്ഥമായി പറയട്ടെ: ഒരു കാട്ടിപ്പരുത്തിയോടു് അഞ്ചു് കിലോമീറ്റർ അകലെയിരുന്നുപോലും സ്വർഗ്ഗത്തിലെ മദ്യത്തേയും മദിരാക്ഷികളേയും ആസ്വദിക്കുന്നതിനേക്കാൾ, ചിന്താശേഷി നശിച്ചിട്ടില്ലാത്ത, യുക്തിബോധമുള്ള മനുഷ്യരുമായി നരകത്തിലെ വറചട്ടി പങ്കിടുന്നതാണു് എനിക്കു് കൂടുതൽ ഇഷ്ടം. നരകത്തിലെത്തി, കരിയുന്ന തൊലി വീണ്ടും വീണ്ടും മാറ്റി പുതിയ തൊലി വച്ചുപിടിപ്പിക്കുന്ന ഒരു സാങ്കേതികത്വം പഠിക്കുന്നതു്, സ്വർഗ്ഗത്തിൽ കുടിച്ചു് ബോധം കെട്ടു് “യുവകന്യകകളുമായി” കോണ്ടം ധരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു് കപ്പലും എയിഡ്സും വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദമാണു്. സ്വർഗ്ഗത്തിലെ യുവകന്യകകൾ ആദ്യം കാണുന്ന “രക്തസാക്ഷി” താനാണെന്ന ഓരോ ദൈവത്തിന്റെ പടയാളിയുടെയും ഉറപ്പു്, ദൈവവിശ്വാസം പോലെതന്നെ, മറ്റൊരു വിശ്വാസം മാത്രമാണു്. നിനക്കു് മുന്നേ സ്വർഗ്ഗത്തിലെത്തിയ മറ്റു് പലരേയും രസിപ്പിച്ചവരാണവർ എന്നോർത്താൽ നിനക്കു് നന്നു്.

(തുടരും)

താത്പര്യമുള്ളവർക്കു് തുടര്‍വായനക്കായി എന്റെ ചില പഴയ പോസ്റ്റുകൾ:

ബിഗ്‌-ബാംഗും ബാക്ക്‌ ഗ്രൗണ്ട്‌ റേഡിയേഷനും

ബിഗ്‌-ബാംഗ്‌ ചില അടിസ്ഥാന ശാസ്ത്രീയതകൾ

ബിഗ്‌-ബാംഗ്‌ – സ്ഫോടനം സംഭവിച്ച കോസ്മിക്‌ സൂപ്പ്‌

ഭൂമിയുടെ പരിണാമം

അന്തരീക്ഷ പരിണാമം

ജീവന്റെ ഉത്ഭവത്തെപ്പറ്റി

ഏകദൈവവിശ്വാസവും പരിച്ഛേദനയും

 
13അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 13, 2010 in മതം

 

മുദ്രകള്‍: , , ,