RSS

ഒരു ട്രാജിക്‌ ഹീറോയുടെ അന്ത്യം

03 നവം

പണ്ടുപണ്ടൊരു കാലത്തു്, എന്നുവച്ചാൽ മനുഷ്യൻ ഡോളി എന്ന ആടിനെ ക്ലോൺ ചെയ്തതിനും, അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങൾ ഓ! ബാമാ! എന്നു് അട്ടഹസിക്കാൻ തുടങ്ങുന്നതിനുമൊക്കെ വളരെവളരെപ്പണ്ടു്, സഹ്യപർവ്വതനിരയുടെ പടിഞ്ഞാറുഭാഗത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം എന്നൊരു ഭൂഖണ്ഡത്തിലെ ഒരു ചെറുഗ്രാമത്തിൽ ജനിക്കാനും വളരാനും കൊല്ലപ്പെടാനും അനുഗ്രഹം ലഭിച്ചവനായിരുന്നു നമ്മുടെ കഥാനായകൻ. ഒരു മനുഷ്യൻ ആരായിത്തീരണമെന്നു് തീരുമാനിക്കുന്നതു് അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും ആണെന്നതിനാൽ, നമ്മുടെ നായകൻ സ്വയം ഒരു ട്രാജിക്‌ ഹീറോ ആവുകയായിരുന്നില്ല, അവന്റെ ചുറ്റുപാടുകൾ അവനെ അങ്ങനെ ആക്കിത്തീർക്കുകയായിരുന്നു. “നിങ്ങളെന്നെ എന്തോ ആക്കി” എന്നോ മറ്റോ നമ്മൾ സാധാരണ പറയാറുമുണ്ടല്ലോ. ഒരു ഞണ്ടിൻകുഞ്ഞിന്റെ മാതാപിതാക്കൾ അതിനോടു് നേരെ മാത്രമേ നടക്കാവൂ എന്നു് ഉപദേശിക്കുകയും, അതേസമയം, സഹജവാസനമൂലം നേരെ നടക്കുന്നതിനേക്കാളേറെ വശങ്ങളിലേക്കു് ഓടാൻ നിർബന്ധിതനാവുന്ന ആ പാവം കുഞ്ഞിനെ വശങ്ങളിലൂടെതന്നെ ഓടിച്ചെന്നു് ആക്രമിക്കുകയും ചെയ്യുന്ന പോലത്തെ ഒരു വിധി ആയിരുന്നു നമ്മുടെ നായകന്റേതു്. “വിത്തും കൈക്കോട്ടും”, “പോത്തും കൈവെട്ടും” മുതലായ ഖണ്ഡകാവ്യങ്ങൾ വായിൽനിന്നും ചെവികളിലേക്കു് പകർന്നുകൊടുക്കപ്പെട്ടു് യുഗാന്തരങ്ങളിലൂടെ സജീവമായി നിലകൊണ്ടു് മനുഷ്യരുടെ ജീവിതഗതികളെ നിയന്ത്രിക്കുന്നതുപോലെ, നമ്മുടെ നായകന്റെ കദനകാവ്യവും മുത്തശ്ശിമാരിൽ നിന്നും ഇളം മക്കളിലേക്കും അവർ മുത്തശ്ശികളായപ്പോൾ അവരിൽ നിന്നും അവരുടെ ഇളം മക്കളിലേക്കും പകർന്നുകൊടുത്തുകൊടുത്തു് അനശ്വരമായി ഇന്നുവരെ നിലനിർത്തുകയായിരുന്നു. നമ്മുടെ ട്രാജിക്‌ ഹീറോയുടെ കഥ ആ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ പൂർണ്ണമാവുകയുള്ളു എന്നതിനാൽ, റിവേഴ്സ്‌ ഗിയറിൽ നമുക്കു് അങ്ങോട്ടേക്കു് പോകാം.

ഡെക്കാൻ പ്രദേശം മഴ കുറഞ്ഞ ഒരു പീഠഭൂമി ആവുന്നതിന്റെ പ്രധാന കാരണം ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്തു് ഗുജറാത്തിന്റെ തെക്കൻ അതിർത്തിമുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടമെന്ന സഹ്യാദ്രിയുടെ ദുരുദ്ദേശപരമായ നിലപാടാണെന്നു് നമുക്കെല്ലാവർക്കുമറിയാം. മേഘമില്ലാതെ മഴ പെയ്യുകയില്ല എന്നു് മറ്റാരേക്കാൾ കൂടുതൽ അറിയാമായിരുന്നിട്ടും, ഡെക്കാൻ പീഠഭൂമിപ്രദേശത്തേക്കു് കടന്നുപോകാനുള്ള വിസ മേഘങ്ങൾക്കു് സഹ്യപർവ്വതനിരകൾ അത്ര എളുപ്പം നൽകാറില്ല. നമ്മുടെ കഥാനായകന്റെ ഗ്രാമത്തിന്റെ അവസ്ഥയും ഏതാണ്ടു് ഇതേപോലെയായിരുന്നു. കിഴക്കും തെക്കും ഉന്നതമായ മലകളാലും വടക്കു് നിബിഡമായ വനപ്രദേശത്താലും ചുറ്റപ്പെട്ടിരുന്ന ഈ ഗ്രാമത്തിന്നു് ബാഹ്യലോകത്തേക്കുള്ള പ്രവേശനം പടിഞ്ഞാറുഭാഗത്തുകൂടി മാത്രമേ സാദ്ധ്യമാവുമായിരുന്നുള്ളു. കുടിയേറ്റക്കാലത്തു് ഓരോ കുടിയുടമയും തന്റെ പറമ്പിന്റെ അതിർത്തിയിൽ മഹാമനസ്കതയോടെ അനുവദിച്ചിരുന്ന ഒന്നരയടി + ഒന്നരയടി = മൂന്നടി വീതിയുള്ള വഴി മാത്രമായിരുന്നു അതിനുള്ള ഒരേയൊരു ഉപാധി. ആ ഗ്രാമത്തിലെ ശരാശരി ആയുർദൈര്‍ഘ്യമായിരുന്ന മുപ്പതുവർഷത്തിൽനിന്നും ഒരുവിധം പ്രായപൂർത്തി ആവുന്നതുവരെയുള്ള വർഷങ്ങൾ ഒഴിവാക്കിയാൽ, അവശേഷിക്കുന്ന വർഷങ്ങൾ കൊണ്ടു് ഒരു മനുഷ്യനു് കാൽനടയായി പിന്നിടാൻ കഴിയുന്ന ദൂരം വളരെ പരിമിതമായിരുന്നതിനാൽ, ബാഹ്യലോകവുമായി കാര്യമായ ബന്ധമൊന്നും സ്ഥാപിക്കാൻ അവർക്കാവുമായിരുന്നില്ല. അന്നന്നു് വീട്ടിൽ തിരിച്ചുവരാൻ കഴിയാത്തത്ര ദൂരത്തേക്കു് അവർ യാത്ര ചെയ്യാറുണ്ടായിരുന്നില്ല. കൃഷിക്കാർ അവരുടെ വാർഷികോത്പന്നങ്ങൾ പത്തു് മൈൽ അകലെയുള്ള ചന്തയിൽ കൊണ്ടുപോയി വിൽക്കാൻ കാൽനടയിൽ പരിചയസമ്പന്നരും മരണഭയമില്ലാത്തവരുമായ ചുമട്ടുതൊഴിലാളികളുടെ സഹായം തേടുകയായിരുന്നു പതിവു്. അവിടത്തെ പലചരക്കുകടക്കാരൻ ഒന്നോ രണ്ടോ മാസത്തിലൊരിക്കൽ മുളകു് മല്ലി ഉപ്പു് ചെറുപയർ ഉണക്കമത്തി പുകയില ബീഡി മുതലായ ‘വിദേശീയ’ ആഡംബര ഉത്പന്നങ്ങൾ ചന്തയിൽ നിന്നും ഗ്രാമത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരുന്നതും ഇതേ സ്ട്രാറ്റജി തന്നെയായിരുന്നു. നോക്കുകൂലി എന്ന പകർച്ചവ്യാധി അന്നു് അങ്ങോട്ടേക്കു് വ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ശാരീരികമായി ജോലി ചെയ്യാതെ ജീവിക്കുന്നവർ ആരുമുണ്ടായിരുന്നില്ല എന്നതിനാൽ, എല്ലാവരും തൊഴിലാളികൾ ആയിരുന്നു. അദ്ധ്വാനിക്കാതെ പണമുണ്ടാക്കുന്ന രഹസ്യം ആരും അവരെ അതുവരെ പഠിപ്പിച്ചിരുന്നില്ല എന്നതിനാൽ ആ ഒരു സൂത്രം അവർക്കജ്ഞാതമായിരുന്നു.

ആ ഗ്രാമത്തിൽ എല്ലാവരും പാലിച്ചിരുന്ന ചില അലിഖിതനിയമങ്ങളുണ്ടായിരുന്നു. അവ ഒരു തരിമ്പുപോലും വ്യത്യാസം വരുത്താതെ എല്ലാവരും പാലിച്ചിരുന്നു. എല്ലാവരുമെന്നാൽ, സ്ത്രീകൾ പാലിക്കേണ്ട നിയമങ്ങൾ സ്ത്രീകളും, പുരുഷന്മാർ പാലിക്കേണ്ട നിയമങ്ങൾ പുരുഷന്മാരും, രണ്ടുകൂട്ടരും പാലിക്കേണ്ട … (ബാക്കി നിങ്ങൾക്കറിയാം. പിന്നെയെന്തിനു് ഞാൻ വെറുതെ ഒത്തിരി ടൈപ്പു് ചെയ്തു് എന്റെ വിരലുകൾ വ്രണമാക്കണം?) അങ്ങനെ ഓരോരുത്തരും അവരെ ബാധിക്കുന്നതായ നിയമങ്ങൾ മറുചോദ്യമില്ലാതെ നിവർത്തിച്ചുകൊണ്ടിരുന്നതിനാൽ, അവിടെ നിലനിന്നിരുന്ന എല്ലാ കാര്യങ്ങൾക്കും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. ആ നാട്ടിൽ ആർക്കും വാച്ചോ ടൈംപീസോ ക്ലോക്കോ ഇല്ല എന്നറിയാമായിരുന്നതിനാൽ കോഴിപ്പൂവന്മാർ പുലർകാലേ കൃത്യസമയത്തു് കൂവിയിരുന്നു. (എന്തു് പ്രകോപനത്തിന്റെ പേരിലാണെന്നറിയില്ല, ചില പൂവന്മാർ പട്ടാപ്പകലും കൂവിയിരുന്നു. അത്തരം ദിവസങ്ങളിൽ ആ പൂവന്റെ ഉടമസ്ഥന്റെ വീട്ടിൽ അത്താഴത്തിനു് കറി കോഴിയായിരുന്നു.) അന്ത്യയാമത്തിലെ കോഴികൂവൽ കേൾക്കുന്ന നിമിഷം പുരുഷന്മാർ ഉണർന്നു് പ്രഭാതകർമ്മങ്ങൾ ചെയ്തിരുന്നു. (സ്ത്രീകൾ അതിനുമുൻപേ ഉണർന്നു് പ്രഭാതകർമ്മങ്ങൾ നിർവ്വഹിക്കാറുണ്ടായിരുന്നതിനാൽ, അവർ ഇത്തരം കർമ്മങ്ങൾ ചെയ്യുന്നുണ്ടോ, ഉണ്ടെങ്കിൽത്തന്നെ അതു് പ്രഭാതകർമ്മമോ പ്രദോഷകർമ്മമോ മുതലായ കാര്യങ്ങൾ പുരുഷലോകത്തിന്റെ അറിവിനു് അതീതമായിരുന്നു. സ്ത്രീകളിൽ നിന്നുള്ള പുരുഷന്മാരുടെ പ്രതീക്ഷകൾക്കു് രാവും പകലും ഭംഗമൊന്നും വന്നിരുന്നില്ല എന്നതിനാൽ അവരുടെ ഇത്തരം അപ്രസക്തമായ കാര്യങ്ങളിൽ എന്തെങ്കിലും താത്പര്യം കാണിക്കേണ്ട ആവശ്യം പുരുഷന്മാർക്കു് ഹൃദയംഗമമായിത്തന്നെ ഉണ്ടായിരുന്നുമില്ല). രാവിലെയും വൈകിട്ടും മൊന്തയിൽ വെള്ളവുമായി വരുന്ന കറവക്കാരനെ/കറവക്കാരിയെ കാണുമ്പോൾ അവിടത്തെ പശുക്കൾ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ചുരത്തിയിരുന്നു. അകിടിൽ അവശേഷിക്കുന്ന പാലുകൊണ്ടു് പശുക്കിടാക്കൾപോലും ഒരു ദുർമ്മുഖവും കാണിക്കാതെ തൃപ്തിപ്പെട്ടിരുന്നു. പശുക്കളുടെ കാര്യത്തിൽ മാത്രമല്ല, ആടുകളുടെ കാര്യത്തിലും – സ്വാഭാവികമായും അളവിലും വ്യാപ്തത്തിലും വ്യത്യാസമുണ്ടായിരുന്നെങ്കിൽത്തന്നെയും – കാര്യങ്ങളുടെ കിടപ്പു് ഏതാണ്ടു് ഇങ്ങനെതന്നെ ആയിരുന്നു. ഒട്ടകങ്ങളും ജിറാഫുകളും ആ നാട്ടിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു് അവയെ കറക്കേണ്ടതോ, അവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമങ്ങൾ അവിടത്തെ അലിഖിത ഭരണഘടനയിൽ ഉൾക്കൊള്ളിക്കേണ്ടതോ ആയ ആവശ്യം അവർക്കുണ്ടായിരുന്നില്ല. പാണ്ടയെപ്പറ്റി പാണ്ടി നിയമമുണ്ടാക്കേണ്ടതില്ലല്ലോ.

പാലുകൊണ്ടു് അവർ ചായയും കാപ്പിയും കൂടാതെ തൈരും മോരും വെണ്ണയും അവയുടെ സെക്കൻഡറി ആൻഡ്‌ റ്റെർഷ്യറി പ്രോഡക്റ്റ്‌സും നിർമ്മിച്ചിരുന്നു. എന്നിട്ടും പാലു് ബാക്കിയുണ്ടായിരുന്നവർ അതു് ആ നാട്ടിൽ ആകെയുണ്ടായിരുന്ന ഒരു ചായക്കടയിൽ വിൽക്കുകയായിരുന്നു പതിവു്. അവിടെ എല്ലാ നെൽപ്പാടങ്ങൾക്കരികിലൂടെയും കൈത്തോടുകൾ ഒഴുകുന്നുണ്ടായിരുന്നു എന്നതിനാൽ, പാലിൽ വെള്ളം ചേർക്കുക എന്നതു് ക്ഷിപ്രസാദ്ധ്യമായ കാര്യമായിരുന്നു. ഈ കൈത്തോടുകളിൽ ചില എരണം കെട്ട പൊടിമീനുകൾ രാപകലില്ലാതെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു എന്നതിനാൽ ചായക്കടയിൽ ഡെലിവർ ചെയ്യപ്പെടുന്ന (പ്രസവിക്കപ്പെടുന്ന എന്ന അർത്ഥത്തിലല്ല) പാലിൽ പലപ്പോഴും കുഞ്ഞുമീനുകൾ ഉള്ളതായി കാണപ്പെട്ടിരുന്നു. പക്ഷേ അവിടത്തെ ജനങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്നവരായിരുന്നതിനാൽ അതൊരിക്കലും ഒരു പ്രക്ഷുബ്ധാവസ്ഥയിലേക്കോ, എന്തിനു്, വെറുമൊരു വിപ്ലവത്തിലേക്കുപോലുമോ നയിച്ചിരുന്നില്ല. പശുവിന്റെ അകിട്ടിൽ നിന്നും പാലുമാത്രമല്ല, മീൻകുഞ്ഞുങ്ങളും വരാമെന്ന കാര്യത്തിൽ അവർക്കു് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കൽ ഗ്രാമാതിർത്തിയോടു് ചേർന്നുള്ള വനത്തിലെ ഒരു വലിയ പാറയിൽ നിന്നും രക്തമൊഴുകുന്നു എന്നൊരു ശ്രുതി പരന്നപ്പോൾ പോലും ഒരൊറ്റ ഗ്രാമീണനും അതു് കാണാനായി അവിടേയ്ക്കു് പോയില്ല. അസാധാരണമായി ഒന്നുമില്ലാത്ത ഒരു കാര്യം കാണാനും വേണ്ടി വൃഥാ സമയം ചിലവഴിക്കുന്നവരായിരുന്നില്ല അവർ. അയൽ ഗ്രാമത്തിൽ മഴ പെയ്യുന്നു എന്നു് കേട്ടാൽ അതു് കാണാൻ നമ്മളായാലും പോകാറില്ലല്ലോ.

അവിടത്തെ ഈ പാൽക്കച്ചവടത്തെ സൂക്ഷ്മമായി വീക്ഷിച്ചാൽ ആ ഗ്രാമത്തെ സാമൂഹികമായ അസമത്വങ്ങളിലേക്കോ, പാൽ വ്യവസായത്തിൽ നിന്നും ഉരുത്തിരിഞ്ഞേക്കാവുന്ന ലോകവ്യാപകമായ ഒരു റിസെഷനിലേക്കോ വഴുതിവീഴാതെ സംരക്ഷിച്ചിരുന്ന സാമ്പത്തികശാസ്ത്രത്തിന്റെ ഒരു ഏകദേശരൂപം നമുക്കു് മനസ്സിലാക്കാനാവും. കൊല്ലക്കടയിൽ സൂചി വിൽക്കുന്നതുപോലെ, ചായക്കടയിൽ പാൽ വിൽക്കുന്നവരെല്ലാം അവിടെ നിന്നുതന്നെ പതിവായി ചായ പുട്ടു് ദോശ പരിപ്പുവട ഇടിയപ്പം കുഴലപ്പം ഉണ്ട മുതലായ പലവിധ പലഹാരങ്ങളും വാങ്ങിച്ചു് തിന്നിരുന്നു എന്നതിനാൽ, പാൽവിൽപനക്കാർക്കു് പാലിന്റെ വില കിട്ടിയിരുന്നില്ല എന്നു് മാത്രമല്ല, ചായക്കടക്കാരനു് മാസാവസാനമോ, വർഷത്തിൽ നാലുപ്രാവശ്യമോ, അതുമല്ലെങ്കിൽ ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ വിൽക്കുന്ന മുറയ്ക്കു് വർഷത്തിൽ ഒരിക്കലോ അങ്ങോട്ടു് പണം കൊടുത്തു് കടം വീട്ടേണ്ടി വരികയായിരുന്നു പതിവു്. കടം ഒരിക്കലും വീട്ടാതെ, അതിനു് ഒരു അവധി പറയുക എന്നതു്, അവരെസംബന്ധിച്ചു് അന്തസ്സിന്റേയും തറവാടിത്തത്തിന്റെയും കുലീനതയുടെയും ലക്ഷണമായിരുന്നു. അതുകൊണ്ടുതന്നെ, തനിക്കു് ലഭിക്കേണ്ട പണം തിരിച്ചു് ചോദിക്കുന്നവനോടു് “നിന്റെ കടം ധനു മുപ്പതിനുള്ളിൽ വീട്ടാമെന്നു് ഞാൻ നിന്നോടു് പറഞ്ഞതല്ലേ” എന്ന ഒറ്റ ചോദ്യം മതിയായിരുന്നു ആ നാട്ടിൽ കടം തിരിച്ചു് ചോദിക്കുന്ന ആരെയും മുഖത്തു് അടിയേറ്റപോലെ നിശ്ശബ്ദനാക്കാൻ. കർക്കിടകം ഇരുപത്തെട്ടിനു് കടം തീർക്കാമെന്നു് പറയുന്നതു് ആ നാട്ടിൽ അവഹേളനാതുല്യമായ ഒരു അനാചാരമായിരുന്നു. ഓരോരുത്തനും അങ്ങനെ തന്നിഷ്ടമായി ഓരോരോ തീയതി പറയാൻ തുടങ്ങിയാൽ ഒരു സാധാരണ വർഷത്തിൽ മുന്നൂറ്റിയറുപത്തഞ്ചു് ദിവസവും അധിവർഷത്തിലാണെങ്കിൽ മുന്നൂറ്റി അറുപത്താറു് ദിവസവും അവധി പറയാൻ കഴിയുമല്ലോ എന്നായിരുന്നു അവരുടെ നീതിയുക്തമായ ചോദ്യം. അതുകൊണ്ടു് സാമ്പത്തികവും കടശാസ്ത്രപരവുമായ കാര്യങ്ങൾക്കു് ഒരു അടുക്കും ചിട്ടയും ഉണ്ടായിരിക്കുന്നതിനുവേണ്ടി അവർ അവരുടെ ജ്യോതിഷശാസ്ത്രപ്രകാരം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുഭദിവസമായ ധനു മുപ്പതു് അവധി പറയാനുള്ള ദിവസമായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ വർഷത്തെ ധനു മുപ്പതു് കഴിഞ്ഞുകിട്ടിയാൽ, അടുത്തവർഷത്തെ ധനു മുപ്പതിലേക്കു് അവധി നീട്ടുന്നതിനു് നിയമപരമായ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.

ഗണിതശാസ്ത്രത്തിൽ അവർ പിന്നാക്കമായിരുന്നെങ്കിലും ജ്യോതിഷശാസ്ത്രത്തിൽ അവർ അജയ്യരായിരുന്നു. ചിങ്ങം കന്നി തുലാം തിരുവാതിര പൂരുരുട്ടാതി മുതലായവയൊക്കെ അവർക്കു് പുഷ്പം പോലെ വശമായിരുന്നു. ദീര്‍ഘദൃഷ്ടിയോടെ നടപ്പിലാക്കപ്പെട്ട ഈ സാമ്പത്തികശാസ്ത്രം മൂലം ആ നാട്ടിൽ പാലു് വിൽക്കാത്തവരിൽ നിന്നോ, പാലു് വിൽക്കുന്നവരിൽനിന്നോ, ചായക്കടയോ പലചരക്കുകടയോ കള്ളുഷാപ്പോ നടത്തുന്നവരിൽ നിന്നോ ജന്മി, മുതലാളി, ബൂർഷ്വാ മുതലായ ചൂഷകവർഗ്ഗങ്ങൾ ഉരുത്തിരിഞ്ഞുവന്നില്ല. പുരോഹിതവർഗ്ഗം ഉണ്ടായിരുന്നു. പക്ഷേ, ഏതൊരു സർക്കസിനും കുറെ കോമാളികൾ ആവശ്യമാണു് എന്നവർക്കു് അറിയാമായിരുന്നതിനാൽ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പള്ളിയിൽ പോകുമ്പോഴൊഴികെ മറ്റുദിവസങ്ങളിൽ അക്കൂട്ടരെ ആരും ശ്രദ്ധിക്കുകയോ ഗൗനിക്കുകയോ ചെയ്തിരുന്നില്ല. ഒരു ശവമടക്കു് നടത്താൻ ശവത്തെക്കൂടാതെ മറ്റാരെങ്കിലും കൂടി വേണം എന്നതും പുരോഹിതവർഗ്ഗത്തെ പൂർണ്ണമായി ഒഴിവാക്കാതിരുന്നതിനുള്ള ഒരു കാരണമായിരുന്നിരിക്കാം. ഏതായാലും, സാമ്പത്തികവും, സാമൂഹികവുമായി ആരും ആരെയും തറ ലെവലിൽ നിന്നും ഉയരാൻ അനുവദിക്കാത്ത ‘ഞണ്ടോക്രസിയിൽ’ എന്നപോലെ, ആ ഗ്രാമത്തിന്റെ ഗ്രോസ്‌ ഡൊമസ്റ്റിക്‌ പ്രോഡക്റ്റ്‌സിന്റെ ആകെമൊത്തം മൂല്യമായ ‘ഗ്രോസ്‌ നാഷണൽ ഇൻകം’ സംതുലിതമായി വിതരണം ചെയ്യപ്പെട്ടുകൊണ്ടിരുന്നതിനാൽ, ആർക്കും ധനികരാവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടു് എല്ലാവരും ദരിദ്രരും സംതൃപ്തരുമായി ജീവിച്ചു് മരിച്ചുകൊണ്ടിരുന്നു.

വർഷത്തിലൊരിക്കൽ മാവേലി ആ വഴിയേ വന്നു് വാത്സല്യപൂർവ്വം സ്വന്തം മീശപിരിച്ചുകൊണ്ടു് “കൊള്ളാം” എന്നു് പറഞ്ഞു് പോയിരുന്നു എന്നതൊഴിച്ചാൽ മറ്റേതെങ്കിലുമൊരു മഹാമഹമോ പൊടിപൂരമോ അവർക്കു് അജ്ഞാതമായിരുന്നതിനാൽ, അവരുടെ സ്വൈര്യജീവിതം, തുലാവർഷത്തിൽ മാത്രം മെത്തിയൊഴുകുന്ന അവരുടെ പുഴപോലെതന്നെ, തടസ്സമേതുമില്ലാതെ സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരുന്നു. വേണമെന്നുണ്ടെങ്കിൽ, കോഴി കൂവുന്നതിനേക്കാൾ ഉയർന്നതായ ഒരു ശബ്ദം എന്നു് ആകെ പറയാമായിരുന്നതു്, ആ നാട്ടിൽ അനേക ദശാബ്ദങ്ങളുടെ മൃഗീയമായ ഏകതാനതയ്ക്കുശേഷം സംഭവിച്ച ഒരേയൊരു പരിഷ്കാരം എന്നു് വിളിക്കാവുന്ന ഒരു ഓലമേഞ്ഞ ചാപ്പലിൽ വർഷത്തിലൊരിക്കൽ ഉയിർപ്പുരാത്രിയുടെ അന്ത്യയാമത്തോടടുപ്പിച്ചു് ത്രിത്വത്തിന്റെ അടയാളമെന്നോണം അവിടത്തെ തൂപ്പുകാരനായിരുന്ന അബ്രാഹാം പൊട്ടിച്ചിരുന്ന മൂന്നു് കതിനവെടികളായിരുന്നു. പിൽക്കാലത്തു് ആ ഗ്രാമത്തിലെ ഏതാനും ക്രിസ്ത്യാനിപ്പെൺകുട്ടികളെ ആതുരസേവനത്തിനായി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ അയക്കുക എന്ന സാഹസം ചെയ്യാൻ അവിടത്തെ ചില നസ്രാണികൾ മുന്നോട്ടുവന്നതിന്റെ അംഗീകാരമെന്നോണം യഹോവ, സ്വാഭാവികമായും യേശുവിന്റെ ശുപാര്‍ശപ്രകാരം, ഈജിപ്റ്റിൽ നിന്നുള്ള ഇസ്രായേലിന്റെ പുറപ്പാടു് കാലത്തു് മരുഭൂമിയിൽ വച്ചെന്നപോലെ, മന്നയുടെയും കാടപ്പക്ഷികളുടെയും കൂടെ ഏതാനും ഡോളർ നോട്ടുകളും കൂടി അവിടത്തെ ക്രിസ്തീയ മേൽക്കൂരകളിലേക്കു് വർഷിപ്പിച്ചുകൊടുത്തു. അതിനുശേഷം, ദൈവകൃപയാൽ ത്രിത്വം ത്രിത്വമായിത്തന്നെ ഇന്നും അവിടെ നിലകൊള്ളുന്നുണ്ടെങ്കിലും, ഡോളറിന്റെ എക്സ്ചേഞ്ച്‌ നിരക്കു് വർദ്ധിച്ചതിനു് ഡയറക്റ്റ്‌ലി പ്രൊപ്പോർഷണലായി കതിനവെടികളുടെ എണ്ണത്തിലും ഫ്രീക്വൻസിയിലും അത്ഭുതാവഹമായ വർദ്ധനവുണ്ടാവുകയുണ്ടായി. (ദയവുചെയ്തു് വർദ്ധനവുണ്ടാവുകയുണ്ടായി എന്നതു് വർദ്ധന ഉണ്ടയാവുകയുണ്ടായി എന്നു് വായിക്കരുതു്. രണ്ടാമത്തെ പ്രയോഗം വസ്തുനിഷ്ഠമല്ല. എങ്കിലും, വ്യാഖ്യാനം വഴി അതിനെ വസ്തുനിഷ്ഠമാക്കാം എന്ന സാദ്ധ്യത ഞാൻ തള്ളിക്കളയുന്നുമില്ല.)

ഈ കതിനവെടികൾ നിർബന്ധമായും കോഴി കൂവുന്നതിനു് മുൻപായിരിക്കുമെന്നതിനാലും, അതു് കേട്ടാൽ ഝടുതിയിൽ ഉറക്കമെണീറ്റു് ചാപ്പലിലെത്താൻ മരണാനന്തരജീവിതത്തിനു് അൽപമെങ്കിലും വിലകൽപിക്കുന്ന ഏതൊരു നസ്രാണിയും കടപ്പെട്ടിരിക്കുന്നുവെന്നതിനാലും ഉയിർപ്പുപെരുന്നാളിനു് ശേഷം മിനിമം ഒരാഴ്ചത്തേക്കു് ആ ഗ്രാമത്തിലെ നസ്രാണികളുടേയും, വെടികേട്ടു് അബദ്ധത്തിൽ ഉറക്കമുണർന്നു് ‘പറമ്പിലേക്കു്’ പോയിപ്പോയ അന്യജാതിക്കാരുടേയും മലമൂത്രവിസർജ്ജനാദികർമ്മങ്ങൾ പാളംതെറ്റി ഓടേണ്ടി വരാറുണ്ടെന്നകാര്യം ആനുഷംഗികമായി (ഉഗ്രൻ സവർണ്ണവാക്കു്!) ഇവിടെ സൂചിപ്പിക്കുന്നു. ബയോറിഥം എന്നതു് നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു കാര്യമല്ലതന്നെ.

ക്രിസ്മസ്‌ കരോൾ എന്നപേരിൽ തമ്പേറും കൊട്ടി ഡിസംബർ മാസത്തിലെ തണുത്ത രാത്രികളിൽ മഞ്ഞുകൊണ്ടു് പള്ളിപ്പിരിവു് നടത്താൻ വിധിക്കപ്പെട്ട വിശ്വാസിക്കുഞ്ഞുങ്ങളിലെ ചില തലതെറിച്ച സന്തതികൾ അർദ്ധരാത്രിയിൽ നിന്റെ കുടിലിനു് സമീപമെത്തി “അബ്രാഹമേ, അബ്രാഹാമേ” എന്നു് വിളിക്കുമ്പോൾ ഉറക്കച്ചടവോടെ “അടിയനിതാ പിതാവേ, നിന്റെ ഇഷ്ടം പോലെ എനിക്കു് ഭവിക്കട്ടെ” എന്ന ബൈബിൾ വചനം നീ കോപ്പി-പേയ്സ്റ്റ്‌ ചെയ്യുകയും, അപ്പോൾ, “ഇതാ, നീയും നിന്റെ കുടുംബവും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്ന ദൈവവചനം നീ നേരിട്ടു് ശ്രവിക്കുകയും ചെയ്യുമെന്നു് ലോകാരംഭം മുതലുള്ള സകല പ്രവചകന്മാരാലും സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നവനും, കുർബ്ബാനസമയത്തു് ഗോതമ്പപ്പവും വീഞ്ഞും യേശുവിന്റെ മാംസവും രക്തവുമായി മാറുന്ന transubstantiation നേരിൽ കണ്ടു് ബോദ്ധ്യപ്പെടുകയും, ബ്ലഡ്‌ ഗ്രൂപ്പ്‌ പരിശോധിച്ചു് ഉറപ്പുവരുത്തുകയും ചെയ്തശേഷം, പുലയമഹാസഭയിൽ നിന്നും മാനസാന്തരപ്പെട്ടു് മാമോദീസാ മുങ്ങി ഇടവകവികാരിയിൽ നിന്നും മന്നയും കാടപ്പക്ഷിയും ഏറ്റുവാങ്ങി പുതുക്രിസ്ത്യാനി ആയിത്തീർന്നവനും, ആരംഭത്തിൽ ഓലപ്പുരയായിരുന്ന വിശുദ്ധമന്ദിരത്തിന്റെ തൂപ്പുകാരനും വിശ്വാസികൾക്കു് കതിനവെടിയുമായ അബ്രാഹാം എന്ന (വി)ശുദ്ധൻ ഇവൻ തന്നെയല്ലോ.

വേനൽക്കാലത്തു് ഉഴവുകാളകളേയും പോത്തുകളേയും കുളിപ്പിക്കാനായി ചെറുപ്പക്കാരായ പുരുഷന്മാരും, അലക്കാനും കുളിക്കാനുമായി ചെറുപ്പക്കാരികളും വൃദ്ധകളുമായ സ്ത്രീകളും ഉപയോഗിച്ചിരുന്നതു് ഗ്രാമത്തിന്റെ വടക്കുഭാഗത്തെ വനത്തിലൂടെ ഒഴുകിയിരുന്ന ഒരു പുഴയായിരുന്നു. സാമൂഹികമായ ഈ രണ്ടു് ചടങ്ങുകളും എന്തുകൊണ്ടാണു് ഒരേസമയം നടന്നിരുന്നതു് എന്നതു് വിശദമായ അപഗ്രഥനം ആവശ്യപ്പെടുന്ന, മനുഷ്യജീവിതവുമായി ഇഴപിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന അതീവ സങ്കീർണ്ണമായ ഒരു വിഷയമാണു്. ഏഴെട്ടു് വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത ആൺകുട്ടികൾക്കേ സാധാരണഗതിയിൽ രണ്ടാമത്തെ ഗ്രൂപ്പിൽ അംഗത്വം ലഭിക്കുകയുള്ളു. ഒന്നാമത്തെ ഗ്രൂപ്പിൽ പെൺകുട്ടികൾക്കു് പൊതുവേ പ്രവേശനം ലഭിക്കാറില്ലെങ്കിലും, അതിനും കൂടി ആൺകുട്ടികൾക്കു് അംഗത്വത്തിനു് പ്രായപരിധിയില്ല. അറിഞ്ഞോ അറിയാതെയോ ഈ പ്രായപരിധിയെ മുതലെടുത്തു് രണ്ടു് ഗ്രൂപ്പുകളുടെയും ചർച്ചകൾ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള ആൺകുട്ടികൾക്കു്, അവർ ഒരിക്കൽ കേട്ട കാര്യങ്ങൾ വർഷങ്ങൾക്കുശേഷവും മറക്കാതിരിക്കാൻ മാത്രമുള്ള ഓർമ്മശക്തിയുള്ളവരാണെങ്കിൽ, പിൽക്കാലത്തു്, സ്വന്തം വീക്ഷണങ്ങളിലും ആ പ്രായക്കാരുടേതായിരുന്ന വൈകാരികതകൾ കടന്നുവരാൻ തുടങ്ങുമ്പോൾ, അത്തരം സംഭാഷണങ്ങളുടെ ഉള്ളുകള്ളികൾ വിവേചിച്ചറിയാനും, ചക്കയെ മാങ്ങയെന്നു് തെറ്റിദ്ധരിക്കാതിരിക്കാനും സാധിക്കുമെന്നതിനാലാണു് ഇവിടെ അത്ര പ്രസക്തമല്ലാതിരുന്നിട്ടും ഇതു് വെറുതെ സൂചിപ്പിച്ചതു്.

ഇതുപോലൊരു സമത്വസുന്ദരശ്യാമളകോമളമായ ഗ്രാമത്തിലാണു് നമ്മുടെ നായകൻ ജനിച്ചതു്. മദ്യപാനം ചീട്ടുകളി മുറുക്കു് പുകവലി മുതലായ ലളിതകലകളിൽ പ്രാവീണ്യം ഇല്ലാത്തവരായി അവിടെ ആരുമുണ്ടായിരുന്നില്ല. വിശ്രമസമയങ്ങളിൽ അവർ ചെവിതോണ്ടികൊണ്ടു് ചെവിതോണ്ടിയോ, പല്ലുകുത്തികൊണ്ടു് പല്ലുകുത്തിയോ രസിക്കുക പതിവായിരുന്നു. നീർക്കുതിരകളെപ്പോളെ കോട്ടുവാ വിടുന്ന കലയിൽ അവർ പതിവായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. സ്ത്രീപുരുഷന്മാർ തമ്മിൽ പരസ്യമായി നടത്തിയിരുന്ന മത്സരങ്ങളിൽ ഒരിക്കൽപ്പോലും ആർക്കും ആരെയും തോൽപിക്കാൻ കഴിയാതിരുന്ന ഒരു ഇനമായിരുന്നു പരദൂഷണം. ഈവിധ കലകളെല്ലാം കണ്ടു് വളർന്ന നമ്മുടെ നായകനും സഹജവാസനക്കനുസൃതമായ ഒരു കലയിൽ താത്പര്യം ജനിച്ചതിൽ അവനെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, ഏതു് സമൂഹത്തിനും ചില റ്റബൂകളുണ്ടു് എന്ന കാര്യം ആ സാധു മനസ്സിലാക്കിയില്ല. വ്യക്തിജീവിതത്തിലായാലും സാമൂഹികജീവിതത്തിലായാലും പറയാൻ പാടില്ലാത്ത, ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ, ഭക്ഷിക്കാൻ പാടില്ലാത്ത ചില ഫലങ്ങൾ, സൂചിപ്പിക്കാൻ പോലും പാടില്ലാത്ത ചില വിശുദ്ധികൾ, അശുദ്ധികൾ! നമ്മുടെ നായകൻ തിരഞ്ഞെടുത്ത കലയും അതുപോലെതന്നെ, ആ ഗ്രാമത്തിൽ ഏറ്റവും നിന്ദ്യമായി കരുതി വിലക്കപ്പെട്ടിരുന്ന റ്റബൂ ആയിരുന്നു.

മനുഷ്യജീവിതത്തിന്റെ നിലനിൽപിനു് അനിവാര്യമായതിനാൽ മനുഷ്യശരീരത്തെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്നതിനു് ചർമ്മവുമായുള്ള പരസ്പര ധാരണയിൽ, ശരീരത്തിലെ പരസ്യമോ രഹസ്യമോ ആയ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന എല്ലാ സുഷിരങ്ങളിലും വഴുവഴുപ്പുള്ളതും വ്യത്യസ്തവുമായ ദ്രാവകങ്ങൾ രൂപമെടുക്കാറുണ്ടു്. ഇതിനൊരു മറുവശമുള്ളതു്, അത്തരം ദ്രാവകങ്ങൾ യഥാസമയം അനുയോജ്യമായ രീതിയിൽ നീക്കം ചെയ്യപ്പെട്ടില്ലെങ്കിൽ അതു് ആ ഭാഗങ്ങളിൽ ഉണങ്ങിപ്പിടിച്ചു് ഒരുതരം അസ്വസ്ഥതക്കു് കാരണമാവും എന്നതാണ്. “ഈ വസ്തുവിന്റെ സാന്നിദ്ധ്യം എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു, അതിനെ ആ ഭാഗത്തുനിന്നും നീക്കം ചെയ്യുക” എന്നു് മനുഷ്യരോടു് കൽപിക്കുന്ന തലച്ചോറിന്റെ ഭാഷയാണു് ചൊറിച്ചിലോ, കിരുകിരുപ്പോ ഒക്കെയായി അനുഭവപ്പെടുന്ന ഇത്തരം അസ്വസ്ഥതകൾ. വെള്ളത്തെപ്പറ്റിയുള്ള ചിന്തപോലും നമ്മുടെ നായകനു് അസഹ്യമായ വേദനയുണ്ടാക്കിയിരുന്ന കാര്യമായിരുന്നതിനാൽ, ശൗച്യം കുളി മുതലായ ശുചീകരണ കർമ്മങ്ങളിൽ നിന്നും അവൻ കഴിവതും ഒഴിഞ്ഞുനിൽക്കാറായിരുന്നു പതിവു്. അതുകൊണ്ടുതന്നെ അവന്റെ തലച്ചോറിനു് ശുചീകരണത്തിനുള്ള ഇത്തരം ആഹ്വാനങ്ങൾ നിരന്തരമെന്നോണം നടത്തേണ്ടിയിരുന്നു. ഓരോ വട്ടവും ഈ ആഹ്വാനം അവനിലെ കലാകാരനെ വിളിച്ചുണർത്തി. അവൻ ശരീരത്തിലെ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നിർദ്ദിഷ്ട കഷണങ്ങൾ അടർത്തിയെടുത്തു് വലതുകയ്യിലെ പെരുവിരലിന്റേയും ചൂണ്ടുവിരലിന്റെയും മാത്രം സഹായത്താൽ ചെറിയ ചെറിയ കലാരൂപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഒരു ശിൽപകാരനും ഇന്നോളം സാധിച്ചിട്ടില്ലാത്തത്ര മനോഹരരൂപങ്ങൾ അങ്ങനെ അവൻ മെനഞ്ഞെടുത്തിരുന്നു. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം, അവന്റെ ഗ്രാമത്തിൽ ഈ കല പീള ഞൊട്ടൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു റ്റബൂ ആയിരുന്നു. വിശുദ്ധ കുർബ്ബാന മദ്ധ്യേ മദ്ബഹയിലെ ഭിത്തിയിൽ അച്ചന്മാരും കന്യാസ്ത്രീകളും തമ്മിലുള്ള ലൈംഗികകേളികളുടെ ചലനചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടാൽ സത്യവിശ്വാസികൾ എങ്ങനെ പ്രതികരിക്കുമോ അങ്ങനെതന്നെ ആയിരുന്നു ആ ഗ്രാമവാസികൾ ഈ കലയോടു് കാലാകാലങ്ങളായി പ്രതികരിച്ചുകൊണ്ടിരുന്നതു്.

ഗ്രാമത്തിലെ സദാചാരപരമായ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മൂപ്പന്മാർ ഈ താന്തോന്നിത്തത്തിന്റെ പേരിൽ ഉഗ്രകോപികളായി. മകന്റെ പീള ഞൊട്ടൽ എന്നേക്കുമായി അവസാനിപ്പിക്കാൻ മതിയായ നടപടികൾ ഉടനടി കൈക്കൊണ്ടില്ലെങ്കിൽ കുടുംബത്തെ മൊത്തമായും ചില്ലറയായും ഊരുവിലക്കുമെന്നു് അവർ അവന്റെ മാതാപിതാക്കൾക്കു് അന്ത്യശാസനം നൽകി. കഥാനായകന്റെ വീട്ടിൽ അതിനെത്തുടർന്നു് ശകാരത്തിന്റേയും ഭീഷണിയുടേയും ശിക്ഷകളുടേയും ഒരു അരങ്ങേറ്റം തന്നെ നടന്നു. റോഡിൽ വാഹനാപകടമുണ്ടാവുമ്പോൾ ഗുരുതരമായ പരിക്കേറ്റവർക്കു് ഫസ്റ്റ്‌ എയ്ഡ്‌ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യേണ്ടതിനേക്കാൾ പ്രധാനമായ കാര്യം വാഹനത്തിന്റെ ഡ്രൈവറെ കണ്ടുപിടിച്ചു് കാഴ്ച്ചക്കാരുടെ കൈത്തരിപ്പു് തീർക്കുകയാണെന്ന, ചില പരിഷ്കൃത സമൂഹങ്ങളിൽ ഇന്നും നിലവിലിരിക്കുന്ന, നീതിയുക്തമായ പെരുമാറ്റച്ചട്ടം പോലെ, അവന്റെ ബന്ധുക്കൾ എല്ലാവരും അവനിൽ മാറിമാറി കൈവച്ചു. അപ്പൻ തല്ലി, അമ്മ തല്ലി, മൂത്തവരും ഇളയവരും ഒക്കെത്തല്ലി. അവൻ അതൊക്കെ സഹിച്ചുകൊണ്ടു് തന്റെ കലാപരമായ ജന്മവാസനയിൽ സൃഷ്ടിപരമായി പരീക്ഷണങ്ങൾ തുടരുക മാത്രം ചെയ്തു. അവന്റെ ഈ കടുംപിടുത്തം ആ ഗ്രാമത്തിൽ ബൈബിളിന്റെ കാലത്തുപോലും ഉണ്ടായിട്ടില്ലാത്തത്ര വലിയോരു പൂച്ചകരച്ചിലിനും രോഷപ്രകടനത്തിനും കാരണമായി.

മാറ്റമില്ലാത്ത അവന്റെ ഈ നിലപാടു് ആ സമൂഹത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന ഗൗരവതരമായ ഒരു പ്രശ്നമായിരുന്നതിനാൽ പരിഹാരനിർദ്ദേശങ്ങളും അനവധിയായിരുന്നു. കല്ലെറിഞ്ഞു് കൊല്ലുക, തൂക്കിക്കൊല്ലുക, എൻഡോസൾഫാൻ തളിച്ചു് കൊല്ലാക്കൊല കൊല്ലുക, കൊച്ചിയിലെ ദുർഗ്ഗന്ധത്തിലേക്കു് നാടുകടത്തുക, നഖത്തിനടിയിലൂടെ സൂചി കയറ്റുക, ലിംഗത്തിലൂടെ ഉലക്ക കയറ്റുക, കുരിശിൽ തറയ്ക്കുക, മദ്ധ്യകാലക്രിസ്തീയ മാതൃകയിൽ ചിതയിലെറിയുക, ജീവനോടെ തൊലിയുരിയുക, മൂക്കുകയറിട്ടു് മരണം വരെ കെട്ടിത്തൂക്കുക വിസയില്ലാതെ ഗൾഫിലേക്കു് കപ്പൽ കയറ്റുക മുതലായ ഒട്ടേറെ ശിക്ഷാ മാതൃകകൾ മുന്നോട്ടു് വയ്ക്കപ്പെട്ടു. ഓരോ ഗ്രാമവാസിയും ആൺപെൺഭേദമില്ലാതെ ചുരുങ്ങിയതു് ഈരണ്ടു് ശിക്ഷാവിധിയെങ്കിലും നിർദ്ദേശിച്ചു. അവസാനം, പൊറുക്കാനാവാത്ത പാപം ചെയ്യുന്നവർക്കു് മാലാഖമാരുടെ മദ്ധ്യേ ഹാനോക്കിനോടും ഏലിയാവിനോടും യേശുവിനോടുമൊപ്പം ഏകാന്തനായി സ്വർഗ്ഗത്തിൽ വാഴുന്ന ഏകദൈവം നൽകുന്ന ശിക്ഷയായ പ്രളയമോ അഗ്നിമഴയോ ആണു് ഏറ്റവും നീതീകരിക്കാവുന്നതു് എന്ന ഓലച്ചാപ്പലിലെ പാതിരിയുടെ വിദഗ്ദ്ധാഭിപ്രായം പൊതുവേ അംഗീകരിക്കപ്പെട്ടു. ശിക്ഷാസംബന്ധമായ കാര്യങ്ങളിൽ സ്നേഹസ്വരൂപിയായ ദൈവം നേരിട്ടു് കരുണാനിർഭരമായ എത്രയോ മാതൃകകൾ കാണിച്ചുതന്നിട്ടുണ്ടു് എന്നിരിക്കെ, മാനുഷികമായ ശിക്ഷാവിധികളിൽ അഭയം തേടേണ്ട ആവശ്യമെന്തു് എന്ന പാതിരിയുടെ ഘനഗംഭീരമായ ചോദ്യം തെക്കേമലയും കിഴക്കേമലയും മത്സരിച്ചു് പ്രതിദ്ധ്വനിപ്പിച്ചുകൊണ്ടിരുന്നതല്ലാതെ, അതിനൊരു മറുപടി കണ്ടെത്താൻ അവർക്കാർക്കുമായില്ല. ന്യായമായ എതിര്‍വാദമില്ലെങ്കിൽ എതിരാളിയുടെ വാദം അംഗീകരിക്കേണ്ടിവരുമെന്നതിനാൽ എന്തു് പൊള്ളവാദം നിരത്തിയും വാദം നീട്ടിക്കൊണ്ടു് പോകാൻ പെടാപ്പാടുപെടുന്ന ആധുനികപണ്ഡിതരുടെ സ്വഭാവക്കാരായിരുന്നില്ല അവർ. അതിനാൽ പാതിരി പറഞ്ഞതു് അവർ കാര്യമായ എതിർപ്പൊന്നുമില്ലാതെ അംഗീകരിച്ചു.

അതിൽ അതീവ സന്തുഷ്ടനായി, ഈ നിമിഷം ലോകത്തിൽ എവിടെയെങ്കിലും ഒരു മഹാപ്രളയം നടക്കുന്നതായി തനിക്കു് അറിവൊന്നുമില്ലെങ്കിൽത്തന്നെയും, പ്രളയത്തിൽ മുക്കിക്കൊല്ലുന്നതും വെള്ളത്തിൽ മുക്കിക്കൊല്ലുന്നതും തമ്മിൽ തത്വത്തിൽ വ്യത്യാസമൊന്നുമില്ലാത്തതിനാലും, അടുത്തൊരു പുഴയും, പുഴയിൽ അഗാധമായൊരു കയവും, പുഴയുടെ തീരത്തു് സാധാരണ അളവിലും തൂക്കത്തിലുമുള്ള ഒരു മനുഷ്യനെ വെള്ളത്തിനടിയിൽ പിടിച്ചുനിർത്താൻ മതിയായ ഭാരമുള്ള ധാരാളം കല്ലുകളും ഉണ്ടെന്നതിനാലും, വെറുമൊരു പീള ഞൊട്ടിയുടെ വധശിക്ഷക്കായി പ്രത്യേകം ഒരു അഗ്നിമഴക്കുള്ള ആപ്ലിക്കേഷൻ ദൈവത്തിനു് സമർപ്പിക്കേണ്ട ആവശ്യമില്ല എന്നും പാതിരി ഓർമ്മിപ്പിച്ചു. ഈ ജ്ഞാനോപദേശം ശ്രവിച്ചപ്പോൾ, രക്ഷാവിധികളേക്കാൾ ശിക്ഷാവിധികളിൽ പാതിരിമാർക്കുള്ള അഗാധപാണ്ഡിത്യവും താത്പര്യവും ഒരിക്കലും മനുഷ്യർ മറക്കാൻ പാടില്ലെന്നും, അതിനു് ദൈവത്തേക്കാൾ കൂടുതൽ പാതിരിമാരോടാണു് അവർ കടപ്പെട്ടിരിക്കുന്നതെന്നും ആ സമൂഹം തിരിച്ചറിയുകയും ഈ സത്യം അവർ പരസ്പരം പലവട്ടം ആവർത്തിച്ചുപറഞ്ഞു് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.

താമസിയാതെ കുറ്റവാളിയായ കഥാനായകനുമായി വലിയോരു പുരുഷാരം സ്ത്രീകളുടെ അകമ്പടിയോടെ പുഴയോരത്തേക്കു് ജാഥയായി നീങ്ങി. ജീവനോടെ തൊലിയുരിയുക, ലിംഗത്തിലൂടെ ഉലക്ക കയറ്റുക മുതലായ ലളിതശിക്ഷാവിധികളുടെ അനുയായികളായിരുന്ന ചില സ്ത്രീകൾ ഹൃദയഭേദകമായ വിലാപഗീതങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. കൊല്ലാനുള്ള മൃഗങ്ങളുടെ ചെവിയിൽ കടുകു് വാരിയിട്ടു് തല കുലുക്കിച്ചു് അനുവാദം വാങ്ങുന്ന ദൈവവിശ്വാസികളെപ്പോലെ, കുറ്റവാളികളെ വധശിക്ഷക്കായി കൊണ്ടുപോകുമ്പോഴും, ശത്രുക്കൾ മരിക്കുമ്പോഴും നെഞ്ചത്തടിച്ചു് വിലപിക്കേണ്ട ചുമതല ആ ഗ്രാമത്തിലെ സ്ത്രീകളുടേതായിരുന്നു. യുക്തിപൂർവ്വമായ ഉത്തമബോദ്ധ്യത്തിലൂടെ മതവിശ്വാസികളായിത്തീർന്നതിനാൽ, ചത്താലും സ്വന്തനിലപാടിൽ നിന്നും വ്യതിചലിക്കാൻ തയ്യാറാവാത്ത ബിരുദമാത്രശാസ്ത്രജ്ഞരെപ്പോലെ, തനിക്കു് ചുറ്റും നടക്കുന്നതെന്തെന്നു് ശ്രദ്ധിക്കുകപോലും ചെയ്യാതെ നമ്മുടെ നായകൻ മുഴുവൻ സമയവും അവിടന്നും ഇവിടന്നും പീള ശേഖരിച്ചു് മനോജ്ഞമായ മിനീച്ചർ ശിൽപങ്ങൾ തീർത്തുകൊണ്ടിരുന്നു. പുഴവക്കത്തെത്തിയപ്പോൾ വിധിപ്രകാരമുള്ള ചടങ്ങുകളുടെ ചുമതല പാതിരി ഏറ്റെടുത്തു. പ്രതിയുടെ കുറ്റങ്ങൾ അവൻ ജനത്തിനുമുന്നിൽ അവതരിപ്പിച്ചു: കറപുരളാത്തതും കുലീനവുമായ ഈ ഗ്രാമീണസമൂഹം അനാദികാലം മുതൽ റ്റബൂ ആയിക്കരുതിവരുന്ന ഒരു മഹാപാതകം യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആവർത്തിക്കുന്നതുവഴി പ്രതി എന്തും കണ്ണടച്ചു് വിശ്വസിക്കുന്നവരായ ഇവിടത്തെ ജനങ്ങളെ പ്രകോപിപ്പിക്കുന്നു. ശിൽപകലയിൽ ലജ്ജാവഹമായ നൂതനാശയങ്ങൾ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതിൽ നിന്നും പ്രതി ഈ സമൂഹത്തെ നിത്യനാശത്തിലേക്കു് നയിക്കാൻ ബദ്ധശ്രദ്ധനാണെന്നു് നിസ്സംശയം മനസ്സിലാക്കാം.

വ്യക്തിപരമായ എന്റെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഒരു സത്യം തുറന്നുപറയാൻ ഇവിടെ സന്നിഹിതരായിരിക്കുന്ന മാന്യസമൂഹം എന്നെ അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ: മേൽ ആകാശത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കു് കീഴെ വെള്ളത്തിലെങ്കിലുമുള്ള യാതൊന്നിന്റേയും പ്രതിമയെ നിങ്ങൾ നിർമ്മിക്കുകയോ അവയെ വന്ദിക്കുകയോ ചെയ്യരുതെന്നു് പ്രവാചകനായ മോശെവഴി യഹോവയായ ദൈവം കര്‍ശനമായി കൽപിച്ചിട്ടുണ്ടു്. അതിനർത്ഥം, വിഗ്രഹാരാധന എന്ന അതിഭയങ്കരവും, ദൈവം എന്നേക്കുമായി യഹൂദന്മാർക്കു് നിഷേധിച്ചതുമായ മഹാപാപമാണു്, നിങ്ങൾ നേരിട്ടു് കാണുന്നതുപോലെ, പ്രതി ഈ നിമിഷം പോലും ചെയ്തുകൊണ്ടിരിക്കുന്നതു്. ആ കൽപന യഹൂദന്മാരോടായിരുന്നതുകൊണ്ടു് അന്യജാതികൾ അതു് അനുസരിക്കരുതെന്നു് പറയുന്നതു് എന്തു് നീതി? എന്റെ സഭയിലും ചില പടങ്ങളും രൂപങ്ങളുമൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ എന്നു് ഇപ്പോൾ നിങ്ങൾ ചോദിച്ചേക്കാം. പക്ഷേ, അതൊരു തെറ്റല്ല എന്നു് സ്ഥാപിക്കാനാണു് ഞങ്ങൾ ബൈബിളിന്റെ മറ്റൊരു വേർഷൻ ഇറക്കിയതു്. മനുഷ്യൻ എത്ര വിഡ്ഢിയാണു് എന്നതല്ല, വിഡ്ഢിത്തത്തിൽ നിന്നും തലയൂരാൻ മാത്രം അവൻ സൂത്രശാലിയാണോ എന്നതാണു് കാര്യം. യേശുനാഥനെ സാത്താൻ പരീക്ഷിക്കുന്ന ഭാഗം ഈ സത്യമാണു് നമ്മെ പഠിപ്പിക്കുന്നതു്. വ്യാകുലമാതാവിന്റെ രൂപവും, (ചങ്കു് പറിച്ചു് കാണിച്ചാൽ ചെമ്പരത്തിപ്പൂവല്ല എന്നു് മനുഷ്യരെ മനസ്സിലാക്കാനായി) യേശുനാഥന്റെ ചങ്കു് പറിച്ചെടുത്തു് നെഞ്ചത്തു് ഒട്ടിച്ചുവച്ചിരിക്കുന്നതിന്റെ പടവും, ചില്ലുകൂട്ടിൽ ഇരിക്കുന്ന ഗീവർഗ്ഗീസ്‌ പുണ്യാളന്റെ രൂപവുമൊന്നും വിഗ്രഹം എന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നതല്ല. അതുപോലെതന്നെ, മെക്കയിലെ കല്ലിനെ മുസ്ലീമുകൾ ഭക്തിപൂർവ്വം പ്രദക്ഷിണം വയ്ക്കുന്നതു് വിഗ്രഹാരാധനയുടെ വകുപ്പിൽ പെടുത്താനാവില്ല. ഹിന്ദുക്കൾ ആരാധിക്കുന്നതും വിഗ്രഹങ്ങളെയല്ല. പക്ഷേ, അവർക്കു് ആ കാര്യത്തിൽ വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്തതിനാൽ അന്യമതക്കാർ അവരെ വിഗ്രഹാരാധകർ എന്നു് വിളിക്കുന്നു എന്നുമാത്രം. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ളവർക്കു് ദൈവങ്ങളെ സംരക്ഷിക്കുക എന്നതു് ഒന്നോ ഒന്നരയോ ദൈവമുള്ളവരേപ്പോലെ എളുപ്പം സാധിക്കുന്ന കാര്യമല്ല എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിധിയില്ലാത്തതല്ല ഒരു മനുഷ്യനു് ചെയ്യാൻ കഴിയുന്ന ജോലിയുടെ അളവു്.

പുരാതനകാലം മുതൽതന്നെ മനുഷ്യർക്കു് ഇടയ്ക്കിടെ മീറ്റിയോറൈറ്റുകൾ (Meteorite = എരിഞ്ഞുതീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ) അയച്ചുകൊടുക്കുന്നതു് ‘ഏകദൈവങ്ങളുടെ’ ഒരു പതിവായിരുന്നു. ആരാധിക്കാൻ മുട്ടുമ്പോൾ, മറ്റൊന്നും കിട്ടിയില്ലെങ്കിൽ, ഈ കല്ലുകളിൽ ചിലതിനെയും ചില പ്രാകൃത ഗോത്രങ്ങൾ ആരാധിച്ചിരുന്നു. (മരുപ്രദേശങ്ങളിലെ ചില മേഖലകളിൽ ‘ദൈവത്തിന്റെ’ ഇത്തരം ‘കല്ലേറുകളുടെ’ എണ്ണം ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിതമായി കാണുന്നു എന്നതു് ഒരു പുതിയ അറിവാണു്.) യഹോവയെക്കൊണ്ടു് കൽപലകകളിൽ കൽപനകൾ കൊത്തിക്കുവാൻ മോശെക്ക് വെറും നാൽപതു് ദിവസത്തേക്കു് മലയിലേക്കു് പോകേണ്ടിവന്നപ്പോഴേക്കും യഹൂദന്മാർ കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി ആരാധിച്ചില്ലേ? അതാണു് ശരിയായ അർത്ഥത്തിലെ വിഗ്രഹാരാധന. അല്ലെങ്കിൽ മോശെ ആ കാളക്കുട്ടിയെ തല്ലിപ്പൊട്ടിക്കുമായിരുന്നു എന്നു് നിങ്ങൾ കരുതുന്നുണ്ടോ? ഇതിൽ നിന്നും രണ്ടുകാര്യങ്ങൾ നമുക്കു് മനസ്സിലാക്കാം. ഒന്നാമതു്, ആരാധിക്കാൻ ഒരു ദൈവമില്ല എന്നുവന്നാൽ മിനിമം ഒരു ദൈവത്തെയെങ്കിലും മനുഷ്യർ ഏതാനും ദിവസങ്ങൾക്കകം നിർബന്ധമായും ഉണ്ടാക്കിയിരിക്കും. രണ്ടാമതു്, ഏതു് വിഗ്രഹമാണു് വിഗ്രഹം, ഏതു് വിഗ്രഹമാണു് വിഗ്രഹമല്ലാത്തതു് എന്നു് ഒറ്റനോട്ടത്തിൽ പറയാൻ പറ്റുന്ന കാര്യമല്ല. ഒരുപാടു് വ്യാഖ്യാനത്തിലൂടെ സ്ഥാപിച്ചെടുക്കേണ്ട ഒരു ദൈവികരഹസ്യമാണതു്. അതിനാണു് എന്നേപ്പോലെയുള്ളവർ തിയോളജി പഠിക്കുന്നതു്. തിയോളജി എന്നാൽ കക്ക വാറ്റി ചുണ്ണാമ്പുണ്ടാക്കുന്നതുപോലുള്ള ഒരു ഏർപ്പാടല്ല. അങ്ങനെ നിങ്ങൾക്കു് തോന്നുന്നതു്, ഞാൻ ചെയ്യുന്നതുപോലെ, അടിയുറച്ച വിശ്വാസത്തിൽ മൂടുറപ്പിച്ചുകൊണ്ടു് കാര്യങ്ങൾ പഠിക്കാനുള്ള ദൈവവിളി നിങ്ങൾക്കില്ലാത്തതുകൊണ്ടാണു്. ആദ്യം നിങ്ങൾ ചെയ്യേണ്ടതു് കാര്യങ്ങൾ ശരിയായി മനസ്സിലാക്കുക എന്നതാണു്. ശരിയായി മനസ്സിലാക്കുക എന്നാൽ അതിനു് ഒരർത്ഥമേയുള്ളു: വേദഗ്രന്ഥങ്ങളെപ്പറ്റി ദൈവശാസ്ത്രജ്ഞന്മാർ പറയുന്നതു് വാപൊളിച്ചിരുന്നു് കേൾക്കുക, കേൾക്കുന്നതു് കണ്ണുമടച്ചു് വിശ്വസിക്കുക.

പാതിരിയുടെ കുറ്റപത്രവായന ഇങ്ങനെ ദൈവത്തെയും സ്വർഗ്ഗത്തേയും നരകത്തേയും കുറിച്ചു് മതോപദേശികൾ നടത്തുന്ന ദൃക്‌സാക്ഷി വിവരണം പോലെ ഏഴാം കടലിനുമപ്പുറത്തേക്കു് നീണ്ടുപരന്നുകൊണ്ടിരുന്നപ്പോൾ, ആളുകൾ പതിയെ ഇരുന്നും നിന്നും ഉറങ്ങാൻ തുടങ്ങി. അതിനാൽ മനസ്സില്ലാമനസ്സോടെ കുറ്റപത്രവായന നിർത്തി, കറുത്തവസ്ത്രം ധരിച്ചു് അക്ഷമരായി കാത്തുനിന്നിരുന്ന ആരാച്ചാരന്മാരെ കൃത്യനിർവ്വഹണത്തിനായി ക്ഷണിക്കുകയേ അവനു് നിവൃത്തിയുണ്ടായിരുന്നുള്ളു. അവർ രണ്ടുപേർ ചേർന്നു് അവന്റെ കഴുത്തിൽ പള്ളിപണിയാൻ പറ്റിയ ഒരു പാറക്കല്ലു് കെട്ടിയുറപ്പിച്ചശേഷം അവനെ കയത്തിലേക്കു് തള്ളിയിട്ടു. ഈ സമയത്തുപോലും നമ്മുടെ ട്രാജിക്‌ ഹീറോ ഒരു പക്കാ കലാകാരനു് യോജിച്ച വിധത്തിൽ തന്റെ ശിൽപസൃഷ്ടിയിൽ വ്യാപൃതനായിരുന്നു. വധശിക്ഷാസമയത്തെ പതിവുപോലെ, ജനക്കൂട്ടം “കരുണാമയനായ ദൈവം വലിയവനും വാഴ്ത്തപ്പെട്ടവനുമാകുന്നു” എന്നു് മുടങ്ങാതെ വിലാപരാഗത്തിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. കയത്തിലേക്കു് താണുകൊണ്ടിരുന്നതിനിടയിൽ കഥാനായകൻ വലത്തുകൈ ഉയർത്തിപ്പിടിച്ചു് ഒരു കഷണം പീളയെ പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു് ഞെക്കിയും ഞരടിയും തന്റെ അവസാനത്തെ കലാരൂപം പൂർത്തിയാക്കി കരയിലെ കാഴ്ചക്കാരുടെ മദ്ധ്യത്തിലേക്കു് ഞൊട്ടിത്തെറിപ്പിച്ചു. ഹൃദയഭേദകമായിരുന്ന ഈ ദാരുണസംഭവം കൂടുതൽ വിശദമാക്കാൻ മാത്രം കഠിനഹൃദയനല്ല ഞാൻ എന്നതിനാൽ ഈ കഥാകഥനം ഇവിടെ നിർത്തുകയേ എനിക്കു് നിവൃത്തിയുള്ളു.

(ചെറുപ്പത്തിൽ കേട്ടിട്ടുള്ള ഒരു ‘ഗുണപാഠ’കഥയുടെ പുനരാവിഷ്കരണം. ഒരിടത്തു് ഒരു പീള ഞൊട്ടി ഉണ്ടായിരുന്നുവെന്നും, ആരെത്ര ശ്രമിച്ചാലും അവൻ തന്റെ ഈ കലാപരിപാടി അവസാനിപ്പിക്കുകയില്ലായിരുന്നുവെന്നും, അവസാനം ഗത്യന്തരമില്ലാതെ ആളുകൾ അവനെ വെള്ളത്തിൽ കെട്ടിത്താഴ്ത്തിയപ്പോഴും കയ്യുയർത്തി ഞൊട്ടിക്കാണിച്ചുകൊണ്ടാണു് അവൻ താണുപോയതെന്നും ഒറിജിനൽ)

Advertisements
 
2അഭിപ്രായങ്ങള്‍

Posted by on നവംബര്‍ 3, 2010 in നര്‍മ്മം

 

2 responses to “ഒരു ട്രാജിക്‌ ഹീറോയുടെ അന്ത്യം

 1. ബിനോയ്//HariNav

  നവംബര്‍ 5, 2010 at 23:49

  “..(മരുപ്രദേശങ്ങളിലെ ചില മേഖലകളിൽ ‘ദൈവത്തിന്റെ’ ഇത്തരം ‘കല്ലേറുകളുടെ’ എണ്ണം ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിതമായി കാണുന്നു എന്നതു് ഒരു പുതിയ അറിവാണു്.)..”

  തന്നെ തന്നെ 🙂

   
 2. c.k.babu

  നവംബര്‍ 6, 2010 at 18:13

  ബിനോയ്,
  ഒരു സ്വര്‍ഗ്ഗീയ കല്ല് സംരക്ഷിക്കപ്പെടണം, ആരാധിക്കപ്പെടണം. അതുകൊണ്ട് എവിടെ വിശ്വാസിയുണ്ടോ, അവിടേക്ക് ദൈവത്തിന്റെ കല്ലേറുകളുടെ സാന്ദ്രതയും കൂടിയിരിക്കും. അത്രേയുള്ളു. 🙂

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: