RSS

Monthly Archives: മാര്‍ച്ച് 2009

പാപത്തിന്റെ ഉറവിടം

(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)


ക്രിസ്തീയത ഭരിക്കുന്നതോ, അല്ലെങ്കിൽ ഒരിക്കൽ ഭരിച്ചിരുന്നതോ ആയ പ്രദേശങ്ങളിലെല്ലാം മനസ്സിലാക്കപ്പെടുന്ന വിധത്തിലുള്ള പാപം:

പാപം എന്നതു് ഒരു യഹൂദചിന്തയും ഒരു യഹൂദകണ്ടുപിടുത്തവുമാണു്. എല്ലാ ക്രിസ്തീയ ധാർമ്മികതയുടെയും ഈ ഒരു പശ്ചാത്തലത്തിൽ നിന്നുള്ള കാഴ്ചപ്പാടിൽ ക്രിസ്തീയതയുടെ യഥാർത്ഥ ലക്ഷ്യം ലോകത്തെ മുഴുവൻ ‘യഹൂദീകരിക്കുക’ എന്നതായിരുന്നു. ക്രിസ്തീയതയ്ക്കു് ഈ ലക്ഷ്യം യൂറോപ്പിൽ എത്രത്തോളം സാദ്ധ്യമായി എന്നു് ഏറ്റവും നന്നായി മനസ്സിലാക്കാൻ പാപചിന്ത എന്നൊന്നില്ലാത്ത ലോകമായിരുന്ന ഗ്രീക്ക്‌ പൗരാണികതയ്ക്കു് നമ്മുടെ ചിന്താമേഖലകളുമായി ഇപ്പോഴുമുള്ള അന്യത്വം എത്ര വലുതാണു് എന്നു് ചിന്തിച്ചാൽ മതി – പരസ്പരസൗഹൃദം സ്ഥാപിക്കാനും കൂട്ടിച്ചേർക്കാനും പൂർണ്ണമനസ്സോടെ അനേകം തലമുറകളും എത്രയോ ഉൽകൃഷ്ടവ്യക്തികളും നടത്തിയ പരിശ്രമങ്ങൾക്കു് ഒരു കുറവും ഇല്ലാതിരുന്നിട്ടുകൂടി.

“നീ അനുതപിച്ചാലേ ദൈവം നിന്നോടു് കാരുണ്യവാനാവൂ” ഒരു പുരാതന ഗ്രീസ്കാരനില്‍ ഇതൊരു പൊട്ടിച്ചിരിയും അസഹ്യതയുമേ ജനിപ്പിക്കുമായിരുന്നുള്ളു: “അടിമകൾ അങ്ങനെ ചിന്തിച്ചേക്കാം” എന്നാവും അവൻ അതിനു് മറുപടി പറയുക. ഇവിടെ ഒരു ശക്തിമാനായ, അതിശക്തിമാനായ, എന്നിട്ടും പ്രതികാരദാഹിയായ ഒരു ദൈവമാണു് സങ്കല്‍പിക്കപ്പെടുന്നതു്: ബഹുമാനത്തിനു് പരിക്കേല്‍പിക്കുക എന്ന ഒരു കാര്യത്തിലൊഴികെ യാതൊരുവിധ ഹാനിയും വരുത്തുവാൻ ആർക്കും കഴിയാത്തത്ര വലിയതാണു് അവന്റെ ശക്തി. ഓരോ പാപവും ദൈവബഹുമാനത്തിനു് പരിക്കേൽപിക്കലാണു്, ദൈവത്തിന്റെ രാജകീയപ്രൗഢിയ്ക്കു് പരിക്കേൽപ്പിക്കുന്ന കുറ്റകൃത്യം – അതിൽ കൂടുതലൊന്നുമില്ല! പശ്ചാത്താപം, താഴാഴ്മ, പൊടിമണ്ണിൽ കിടന്നു് ഉരുളൽ – അതൊക്കെയാണു് അവൻ കരുണ ദാനം ചെയ്യുന്നതിനുള്ള ആദ്യത്തേതും അവസാനത്തേതുമായ നിബന്ധന: അതിനർത്ഥം, അതൊക്കെയാണു് അവന്റെ ദൈവികമഹത്വം പുനഃപ്രതിഷ്ഠിക്കപ്പെടുന്നതിനുള്ള നിബന്ധന!

പാപം വഴി മറ്റു് നഷ്ടങ്ങൾ വല്ലതും സംഭവിക്കുന്നുണ്ടോ, അതുവഴി നിഗൂഢമായതും പെരുകുന്നതും, മനുഷ്യരെ ഒന്നിനുപിറകെ ഒന്നായി പിടികൂടി ശ്വാസം മുട്ടിക്കുന്നതുമായ പകർച്ചവ്യാധിപോലെയുള്ള മറ്റു് അത്യാഹിതങ്ങളുടെ വിത്തുകൾ പാകപ്പെടുന്നുണ്ടോ – അതൊന്നും മഹത്വദാഹിയും പൗരസ്ത്യനുമായ ഈ സ്വർഗ്ഗവാസിയിൽ യാതൊരു ഉത്ക്കണ്ഠയും ഉണ്ടാക്കുന്നില്ല: പാപം എന്നതു് അവനോടു് ചെയ്യുന്ന ഒരു കുറ്റകൃത്യമാണു്, മാനവരാശിയോടുള്ളതല്ല! – തന്റെ കരുണ അവൻ ആർക്കാണോ ദാനം ചെയ്തതു്, അവനു് പാപങ്ങളുടെ സ്വാഭാവികമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ഉത്ക്കണ്ഠയില്ലായ്മയും അവൻ ദാനം ചെയ്യുന്നു.

മനുഷ്യരാശിക്കെതിരെ ഏതെങ്കിലും ഒരു പാപം ചെയ്യാൻ മൗലികമായിത്തന്നെ ആര്‍ക്കും ഒരിക്കലും കഴിയാത്തത്ര അകലത്തിൽ വേർപെട്ടതായും, പരസ്പരം എതിർതിരിഞ്ഞതായുമാണു് ദൈവവും മനുഷ്യനും ഇവിടെ ചിന്തിക്കപ്പെടുന്നതു് – ഓരോ പ്രവർത്തിയും അതിന്റെ പ്രകൃത്യതീതമായ അനന്തരഫലങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമാണു് വിലയിരുത്തപ്പെടേണ്ടതു്, അവയുടെ പ്രകൃത്യനുസൃതമായ ഫലങ്ങളുടെ കാഴ്ചപ്പാടിലല്ല: പ്രകൃത്യനുസൃതമായതെല്ലാം പൊതുവേ അയോഗ്യമെന്നു് കരുതുന്ന യഹൂദചിന്ത അങ്ങനെയാണു് ആഗ്രഹിക്കുന്നതു്!

അതേസമയം, ഗ്രീക്കുകാര്‍ ഇതിനു് വിപരീതമായി ദൈവനിന്ദകനും അന്തസ്സു് ഉണ്ടാവാൻ കഴിയും എന്നു് ചിന്തിച്ചിരുന്നവരാണു് – പ്രമീതിയസിന്റെ (Prometheus) കാര്യത്തിലെന്ന പോലെ മോഷണത്തിലും, അസൂയാഭ്രാന്തിന്റെ ഫലമായി എജാക്സ്‌ (Ajax) നടത്തുന്ന കന്നുകാലിക്കൂട്ടക്കൊലയിലും: ദൈവനിന്ദകനുപോലും അന്തസ്സു് കൽപിച്ചു് പാടിപ്പുകഴ്ത്താനും കൂട്ടിച്ചേർക്കാനുമുള്ള ആഗ്രഹത്തിന്റെ പേരിൽ അവർ ട്രാജഡി കണ്ടുപിടിച്ചു – സാഹിത്യരചനാപരമായ കഴിവും ഔന്നത്യത്തിലേക്കുള്ള ചായ്‌വും ഒക്കെ ഉണ്ടായിട്ടുപോലും യഹൂദനു് അവന്റെ അഗാധസത്തയിൽ എന്നും അന്യമായി നിലനിന്ന ഒരു കലയും ഒരു ആസക്തിയും.

 
10അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 29, 2009 in ഫിലോസഫി, മതം

 

മുദ്രകള്‍: , ,

കാര്യകാരണബന്ധം – (cause and effect)

(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

“വിശദീകരണം” (explanation) എന്നാണു് നമ്മള്‍ അതിനെ വിളിക്കുന്നതു്: പക്ഷേ പൗരാണികമായ കാലഘട്ടങ്ങളിലെ ജ്ഞാനത്തില്‍ നിന്നും ശാസ്ത്രത്തില്‍ നിന്നും നമ്മളെ വേര്‍തിരിക്കുന്നതു് “വര്‍ണ്ണന”യാണു് (description). നമ്മള്‍ കൂടുതല്‍ മെച്ചമായി വര്‍ണ്ണിക്കുന്നു – പക്ഷേ, മുന്‍പുണ്ടായിരുന്നവരെപ്പോലെതന്നെ നമ്മളും വളരെ കുറച്ചേ വിശദീകരിക്കുന്നുള്ളു. പഴയ സംസ്കാരങ്ങളിലെ അപരിഷ്കൃതരായ ആളുകളും അന്വേഷകരും “കാരണവും” “ഫലവും” (cause and effect) എന്നു് പറയപ്പെടുന്ന രണ്ടു് വ്യത്യസ്തകാര്യങ്ങള്‍ മാത്രമാണു് കണ്ടതെങ്കില്‍ നമ്മള്‍ നാനാവിധമായ ഒന്നിനുപിറകെഒന്നുകള്‍ കണ്ടെത്തി; രൂപമെടുക്കലിന്റെ (becoming) ചിത്രം നമ്മള്‍ പൂര്‍ത്തീകരിച്ചു, എങ്കിലും ആ ചിത്രത്തിന്റെ അപ്പുറമോ അതിനു് പിന്നിലോ എത്തിച്ചേര്‍ന്നതുമില്ല.

എല്ലാവിധത്തിലും കൂടുതല്‍ പൂര്‍ണ്ണമായി “കാരണങ്ങളുടെ” നിരകള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ നമ്മള്‍ ഇങ്ങനെ തീരുമാനിക്കുന്നു: അതോ ഇതോ ഒക്കെ സംഭവിക്കാന്‍ അതും ഇതുമൊക്കെ ആദ്യമേ സംഭവിച്ചിരിക്കണം – പക്ഷേ അതുവഴി നമ്മള്‍ എന്തെങ്കിലും മനസ്സിലാക്കുക എന്നതു് ഉണ്ടായില്ല. ഉദാഹരണത്തിനു്, ഏതൊരു രാസപരമായ രൂപമെടുക്കലിലും ഗുണം (quality) എന്നതു് ഒരു “അത്ഭുതമായി” പണ്ടേപ്പോലെതന്നെ നമുക്കു് തോന്നുന്നു, അതുപോലെതന്നെയാണു് ഓരോ യാന്ത്രികചലനങ്ങളും; തള്ളല്‍ (push) എന്നാല്‍ എന്തെന്നു് ആരും “വിശദീകരിച്ചില്ല”. എങ്ങനെ നമുക്കു് അതൊക്കെ വിശദീകരിക്കാന്‍ കഴിയും! വരകള്‍, പ്രതലങ്ങള്‍, രൂപങ്ങള്‍, പരമാണുക്കള്‍, വിഭജിക്കാവുന്ന സമയഘട്ടങ്ങള്‍, വിഭജിക്കാവുന്ന സ്ഥലങ്ങള്‍ (spaces) മുതലായ ഇല്ലാത്ത കാര്യങ്ങള്‍ കൊണ്ടാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ – എല്ലാറ്റിനേയും നമ്മള്‍ ആദ്യമേതന്നെ ചിത്രങ്ങളായി, നമ്മുടെ ചിത്രങ്ങളായി, മാറ്റുമ്പോള്‍ എങ്ങനെയാണു് വിശദീകരണം എന്നതു് സാദ്ധ്യം പോലുമാവുന്നതു്!

കാര്യങ്ങളെ കഴിവതും വിശ്വസ്തമായി മാനുഷീകരിക്കാനുള്ള ഒരു ശ്രമമായി ശാസ്ത്രത്തെ പരിഗണിച്ചാല്‍ ധാരാളം മതി; കാര്യങ്ങളെയും അവയുടെ ഒന്നിനുപിറകെഒന്നുകളെയും വര്‍ണ്ണിക്കുന്നതിലൂടെ നമ്മള്‍ നമ്മെത്തന്നെ കൂടുതല്‍ കൃത്യമായി വര്‍ണ്ണിക്കുവാന്‍ പഠിക്കുന്നു.

കാരണവും ഫലവും: അത്തരമൊരു ദ്വിത്വം (duality) ഒരുപക്ഷേ ഒരിക്കലും നിലനില്‍ക്കുന്നില്ല – നമ്മുടെ മുന്നിലെ അവിച്ഛിന്നതയില്‍നിന്നും (continuum) ഏതാനും കഷണങ്ങള്‍ വേര്‍പെടുത്തി എടുക്കുക മാത്രമാണു് സത്യത്തില്‍ നമ്മള്‍ ചെയ്യുന്നതു്; അഥവാ, ഒരു ചലനത്തെ എപ്പോഴും ഒറ്റപ്പെട്ട ബിന്ദുക്കളായി മാത്രം നമ്മള്‍ നിരീക്ഷിക്കുന്നതുപോലെ, യഥാര്‍ത്ഥത്തില്‍ കാണുകയല്ല, അനുമാനിക്കുകമാത്രമാണു് (നമ്മള്‍ ചെയ്യുന്നതു്). വിവിധതരം ഫലങ്ങള്‍ (effects) സംഭവിക്കുന്നതിന്റെ ഗതിവേഗം നമ്മെ വഴിതെറ്റിക്കുന്നു; പക്ഷേ ആ ഗതിവേഗം നമുക്കു് മാത്രമാണു്. നമുക്കു് പിടികിട്ടാത്ത അനന്തമായ എത്രയോ പ്രക്രിയകള്‍ ഈ ദ്രുതഗതിയുടെ നിമിഷത്തില്‍ സംഭവിക്കുന്നുണ്ടു്.

കാരണവും ഫലവും എന്നതു് നമ്മുടെ രീതി അനുസരിച്ചു് യഥേഷ്ടം വിഭജിക്കപ്പെട്ടതും കഷണിക്കപ്പെട്ടതുമായി കാണാതെ, അവിച്ഛിന്നതയായി കാണാന്‍ കഴിയുന്ന, സംഭവപരമ്പരകളുടെ ഒരു പ്രവാഹമായി കാണാന്‍ കഴിയുന്ന ഒരു മനുഷ്യബുദ്ധി (intellect) കാര്യകാരണബന്ധം എന്ന ആശയം വലിച്ചെറിയുകയും എല്ലാ നിബന്ധനത്വവും (coditionality) നിഷേധിക്കുകയും ചെയ്യും.
 
10അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 23, 2009 in ഫിലോസഫി

 

മുദ്രകള്‍: ,

സാമൂഹ്യവാസന – (Herd instinct)

(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

സാമൂഹ്യവാസന – (Herd instinct)

ധാര്‍മ്മികനീതിയെ (morality) അഭിമുഖീകരിക്കുന്നിടത്തെല്ലാം മാനുഷികമായ ഉള്‍പ്രേരണകളുടെയും പ്രവര്‍ത്തനങ്ങളുടെയും സ്ഥാനവിലകളും വിലയിരുത്തലുകളുമാണു് നമുക്കു് കാണാന്‍ കഴിയുന്നതു്. ഈ വിലയിരുത്തലുകളും സ്ഥാനമൂല്യങ്ങളും എല്ലായ്പോഴും ഒരു സാമൂഹികകൂട്ടത്തിന്റെ, ഒരു സമുദായത്തിന്റെ ആവശ്യങ്ങളുടെ ആവിഷ്കരണമാണു്. കൂട്ടത്തിനു് ഏറ്റവും പ്രയോജനപ്രദമായതു് – രണ്ടാമത്തേതു്, മൂന്നാമത്തേതു് – എന്താണോ അതാണു് ആ കൂട്ടത്തിലെ എല്ലാ വ്യക്തികളുടെയും ഉത്തമമായ മൂല്യങ്ങളുടെ മാനദണ്ഡം. വ്യക്തികളെ സാമൂഹികകൂട്ടത്തിന്റെ ഒരു ഭാഗം മാത്രമായിത്തീരാനും, കൂട്ടത്തിന്റെ ഒരംശം എന്ന നിലയില്‍ മാത്രം തനിക്കൊരു മൂല്യം കല്‍പിക്കുവാനും ധാര്‍മ്മികനീതി പരിശീലിപ്പിക്കുന്നു. പക്ഷേ, സാമൂഹികപരിപാലനത്തിന്റെ നിബന്ധനകള്‍ വ്യത്യസ്തസമൂഹങ്ങളില്‍ വ്യത്യസ്തമായിരുന്നതിനാല്‍ അങ്ങേയറ്റം വ്യത്യസ്തമായ ധര്‍മ്മനീതികളും നിലനിന്നിരുന്നു. കൂട്ടങ്ങളിലും, സമുദായങ്ങളിലും, രാഷ്ട്രങ്ങളിലും, സമൂഹങ്ങളിലും അത്യന്താപേക്ഷിതമായി സംഭവിക്കാനിരിക്കുന്ന പരിവര്‍ത്തനപ്രക്രിയകളെ‍ പരിഗണിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ ധാര്‍മ്മികനീതികള്‍ ഭാവിയിലും ഉണ്ടായിരിക്കുമെന്നു് പ്രവചിക്കാന്‍ പ്രയാസമില്ല. ഒരു വ്യക്തിയിലെ സാമൂഹ്യവാസനയാണു് ധാര്‍മ്മികനീതി.

“കാലിക്കൂട്ട”-മനസ്സാക്ഷിക്കുത്തു് – (Herd remorse)

മാനവചരിത്രത്തിന്റെ ചിരകാലീനവും അതിവിദൂരവുമായ കാലഘട്ടങ്ങളില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു മനസ്സാക്ഷിക്കുത്തായിരുന്നു നിലനിന്നിരുന്നതു്. താന്‍ ഇച്ഛിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ക്കു് മാത്രമാണു് സ്വയം‍ ഉത്തരവാദിയായി ഇന്നു് ഒരുവനു് തോന്നുന്നതു്, ഒരു വ്യക്തി എന്ന നിലയില്‍ അവനു് അവനില്‍ തന്നെ അഭിമാനവുമുണ്ടു്: വ്യക്തിയുടെ ഈ ആത്മബോധത്തില്‍ നിന്നും ആസക്തികളില്‍ നിന്നും ആരംഭിക്കുന്നു എന്നതിനാല്‍ നമ്മുടെ എല്ലാ നിയമാദ്ധ്യാപകരും നിയമത്തിന്റെ ഉറവിടം എല്ലായ്പോഴും ഇവിടെയായിരുന്നു എന്ന രീതിയില്‍ ചിന്തിക്കുന്നവരാണു്. പക്ഷേ, മനുഷ്യരാശിയുടെ സുദീര്‍ഘമായ കാലഘട്ടങ്ങളിലെ അധികപങ്കിലും വ്യക്തി എന്ന നിലയില്‍ ചിന്തിക്കുന്നത്ര ഭീതിജനകമായി മറ്റൊന്നുമുണ്ടായിരുന്നില്ല. ഒറ്റക്കായിരിക്കുക, ഏകനായി കാര്യങ്ങള്‍ അനുഭവിക്കുക, അനുസരിക്കുകയോ ഭരിക്കുകയോ ചെയ്യാതിരിക്കുക, ഒരു വ്യക്തി ആയിരിക്കുക – അതൊക്കെ അക്കാലത്തു് സന്തോഷമായിരുന്നില്ല, ശിക്ഷയായിരുന്നു; മനുഷ്യന്‍ വ്യക്തിയായി വിധിക്കപ്പെടുകയായിരുന്നു. ചിന്താസ്വാതന്ത്ര്യം യഥാര്‍ത്ഥ ദുരിതമായി പരിഗണിക്കപ്പെട്ടിരുന്നു. നിയമവും വിധേയത്വവും ഇന്നു് നമ്മള്‍ നിര്‍ബന്ധവും നഷ്ടവുമായി അനുഭവിക്കുമ്പോള്‍, അക്കാലത്തു് ആത്മാഭിമാനം (egoism) ആയിരുന്നു വേദനയും യഥാര്‍ത്ഥ ദുരിതവുമായി മനുഷ്യനു് അനുഭവപ്പെട്ടിരുന്നതു്. അവനവന്‍ ആയിരിക്കുക, സ്വന്തം അളവുകളും തൂക്കങ്ങളും കൊണ്ടു് തന്നെത്തന്നെ അളക്കുക – അതു് അക്കാലത്തെ അഭിരുചിക്കു് വിരുദ്ധമായിരുന്നു. അത്തരം പ്രവണതകള്‍ ഭ്രാന്തായി പരിഗണിക്കപ്പെട്ടിരുന്നിരിക്കണം: കാരണം, ഒറ്റക്കായിരിക്കുക എന്ന അവസ്ഥയുമായി ഓരോ ദുരിതവും, ഓരോ ഭയവും ബന്ധിപ്പിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ഇച്ഛാശക്തിയുടെ (free will) തൊട്ടടുത്ത അയല്‍വാസി അക്കാലത്തു് ചീത്ത മനസ്സാക്ഷിയായിരുന്നു: എത്രമാത്രം അസ്വതന്ത്രമായി ഒരുവന്‍ പെരുമാറിയിരുന്നോ, വ്യക്തിബോധത്തിനുപകരം എത്രമാത്രം കാലിക്കൂട്ടനൈസര്‍ഗ്ഗികത അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്തിയിരുന്നോ അത്രമാത്രം ധാര്‍മ്മികനീതിയുള്ളവനായി അവന്‍ സ്വയം വിലമതിച്ചു. തന്റെ കൂട്ടത്തിനു് ഹാനി വരുത്തുന്നതെല്ലാം, ഒരുവന്‍ അതു് ആഗ്രഹിച്ചതോ അല്ലാത്തതോ ആവട്ടെ, ഓരോ വ്യക്തിയിലും മനസ്സാക്ഷിക്കുത്തുണ്ടാക്കി – അതിനോടൊപ്പം അവന്റെ അയല്‍വാസിക്കും, അങ്ങനെ മുഴുവന്‍ കൂട്ടത്തിനും! – അക്കാര്യത്തില്‍ ഏതായാലും നമ്മള്‍* നല്ലൊരുപങ്കു് തിരുത്തിപ്പഠിച്ചു.

* നമ്മള്‍ എന്നതുകൊണ്ടു് നീറ്റ്‌സ്‌ഷെ ഇവിടെ ഉദ്ദേശിക്കുന്നതു് പശ്ചിമയൂറോപ്യരെയാണു്.

 
12അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 11, 2009 in ഫിലോസഫി

 

മുദ്രകള്‍: ,

ധാര്‍മ്മികതയും ഫിസിക്സും

(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

എത്ര മനുഷ്യര്‍ക്കു് നിരീക്ഷിക്കാനറിയാം! അതറിയാവുന്ന ചുരുക്കം പേരില്‍ തന്നെ – എത്രപേര്‍ സ്വയം നിരീക്ഷിക്കുന്നുണ്ടു്! ‘ഓരോരുത്തനും അവനില്‍ നിന്നുതന്നെയാണു് ഏറ്റവും അകലത്തില്‍’ – ഇതു് ഏതു് ‘സൂക്ഷ്മപരിശോധകരും’ മനോവ്യഥയോടെ മനസ്സിലാക്കുന്ന കാര്യമാണു്; “നീ നിന്നെത്തന്നെ തിരിച്ചറിയുക” എന്ന, ദൈവം മനുഷ്യരോടു് അരുളിച്ചെയ്യുന്ന നീതിവാക്യം മിക്കവാറും കല്‍പിച്ചുകൂട്ടിയുള്ള ഒരു ദ്രോഹചിന്തപോലെയാണു്! ആത്മനിരീക്ഷണത്തിന്റെ കാര്യം യഥാര്‍ത്ഥത്തില്‍ അത്രമാത്രം നിരാശാജനകമാണെന്നതിനു്, ധാര്‍മ്മിക നടപടികളുടെ സാരാംശത്തെപ്പറ്റി മിക്കവാറും എല്ലാ മനുഷ്യരും സംസാരിക്കുന്ന രീതി സാക്ഷ്യം വഹിക്കുന്നു: ദ്രുതമായ, ആകാംക്ഷയുള്ള, ഉത്തമബോദ്ധ്യമായ, വായാടിത്തമായ അവരുടെ രീതി, അതിന്റെ ആവിഷ്കരണം, അതിന്റെ മന്ദഹാസം, അതിന്റെ മര്യാദയോടെയുള്ള അത്യുത്സാഹം! അവര്‍ നിന്നോടു് ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നെന്നു് തോന്നുന്നപോലെ: “എന്റെ പ്രിയപ്പെട്ട സുഹൃത്തേ, കൃത്യമായി അതിലാണെന്റെ വൈദഗ്ദ്ധ്യം! നിന്നോടു് മറുപടി പറയാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയിലേക്കാണു് നീ നിന്റെ ചോദ്യം തിരിച്ചുവിട്ടതു്: യാദൃച്ഛികമായി ഇക്കാര്യത്തിലെപ്പോലെ മറ്റൊന്നിലും ഞാന്‍ അത്ര ജ്ഞാനിയല്ല”.

അതായതു്: “അതു് അങ്ങനെതന്നെയാണു് ശരി” എന്നൊരു മനുഷ്യന്‍ വിധിക്കുകയും, “അതുകൊണ്ടു് അതു് സംഭവിക്കണം” എന്നു് തീരുമാനിക്കുകയും, അങ്ങനെ അവന്‍ ശരിയെന്നു് തിരിച്ചറിയുകയും, ആവശ്യം എന്നു് കരുതുകയും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ അവന്റെ നടപടികളുടെ സാരാംശം ‘ധാര്‍മ്മികം’ ആണു്!

പക്ഷേ, എന്റെ പ്രിയ സുഹൃത്തേ, ഇവിടെ നീ ഒരു നടപടിയെപ്പറ്റി എന്നതിനു് പകരം മൂന്നു് നടപടികളെപ്പറ്റിയാണു് എന്നോടു് സംസാരിക്കുന്നതു്: ഉദാഹരണത്തിനു്, “അതു് അങ്ങനെതന്നെയാണു് ശരി” എന്ന നിന്റെ വിധി ഒരു പ്രവൃത്തിയാണു് – ഏതൊരു വിധി കല്‍പിക്കലും ധാര്‍മ്മികമോ അധാര്‍മ്മികമോ ആയ രീതിയില്‍ നടത്തിക്കൂടെ? ഇതാണു്, കൃത്യമായി ഇതുമാത്രമാണു് ശരി എന്നു് എന്തടിസ്ഥാനത്തില്‍ നീ തീരുമാനിക്കുന്നു?

“എന്റെ മനസ്സാക്ഷി എന്നോടു് പറയുന്നതുകൊണ്ടു്; മനസ്സാക്ഷി ഒരിക്കലും അധാര്‍മ്മികമായി സംസാരിക്കുകയില്ല, ധാര്‍മ്മികം എന്നാല്‍ എന്തായിരിക്കണമെന്നു് നിശ്ചയിക്കുന്നതുതന്നെ മനസ്സാക്ഷിയാണു്!”

പക്ഷേ സുഹൃത്തേ, എന്തുകൊണ്ടു് നീ നിന്റെ മനസ്സാക്ഷിയുടെ ഭാഷക്കു് ചെവി കൊടുക്കുന്നു? അത്തരമൊരു വിധി സത്യവും, തെറ്റുപറ്റാത്തതുമാണെന്നു് പരിഗണിക്കാന്‍ എത്രത്തോളം നിനക്കു് അവകാശമുണ്ടു്? നിന്റെ ഈ വിശ്വാസത്തിനു് ഇപ്പറയുന്ന മനസ്സാക്ഷി ഇല്ലേ? ബൗദ്ധികമനസ്സാക്ഷി എന്നൊന്നിനെപ്പറ്റി നിനക്കൊന്നും അറിയില്ലേ? നിന്റെ ‘മനസ്സാക്ഷി’ക്കു് പിന്നിലുള്ള ഒരു മനസ്സാക്ഷിയെപ്പറ്റി? “അതു് അങ്ങനെതന്നെയാണു് ശരി” എന്ന നിന്റെ വിധിക്കു് നിന്റെ സഹജവാസനകകളില്‍, നിന്റെ ഇഷ്ടങ്ങളില്‍, അനിഷ്ടങ്ങളില്‍, അനുഭവങ്ങളില്‍, അനുഭവമില്ലായ്മകളില്‍ എല്ലാം മറഞ്ഞുകിടക്കുന്ന ഒരു മുന്‍ചരിത്രമുണ്ടു്; “അതു് എങ്ങനെയാണു് അവിടെ രൂപമെടുത്തതു്?” എന്നു് ആദ്യംതന്നെ നീ നിന്നോടു് ചോദിക്കണം. പിന്നീടു്: “അതിനു് ചെവി നല്‍കാന്‍ എന്താണു് എന്നെ പ്രേരിപ്പിക്കുന്നതു്?” എന്നു് തുടര്‍ന്നു് ചോദിക്കുക.

തന്റെ ഓഫീസറുടെ കല്‍പനകള്‍ ചെവിക്കൊള്ളുന്ന ഉത്തമനായ ഒരു പട്ടാളക്കാരനേപ്പോലെ നിനക്കു് നിന്റെ മനസ്സാക്ഷിയുടെ കല്‍പനകളെ ചെവിക്കൊള്ളാം. അല്ലെങ്കില്‍, കല്‍പിക്കുന്നവനെ സ്നേഹിക്കുന്ന ഒരു സ്ത്രീയെപ്പോലെ. അല്ലെങ്കില്‍, കല്‍പിക്കുന്നവനെ ഭയപ്പെടുന്ന ഒരു മുഖസ്തുതിക്കാരനെയോ ഭീരുവിനെയോ പോലെ. അതുമല്ലെങ്കില്‍, എതിരായി ഒന്നും പറയാനില്ലാത്തതുകൊണ്ടു് നിശബ്ദം പിന്തുടരുന്ന ഒരു ഭോഷനെപ്പോലെ. ചുരുക്കത്തില്‍, ഒരു നൂറു് തരത്തില്‍ നിനക്കു് നിന്റെ മനസ്സാക്ഷിക്കു് ചെവിനല്‍കാം.

ഇങ്ങനെയോ അങ്ങനെയോ ഉള്ള ഏതെങ്കിലും ഒരു വിധി നിന്റെ മനസ്സാക്ഷിയുടെ ഭാഷയായി നീ കേള്‍ക്കുന്നതിന്റെ – അതായതു്, ഏതെങ്കിലും ഒരുകാര്യം ശരിയാണു് എന്നു് നിനക്കു് തോന്നുന്നതിന്റെ കാരണം നീ നിന്നെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിലും, ബാല്യം മുതല്‍ ശരിയാണെന്നു് നിന്നോടു് പറഞ്ഞിട്ടുള്ളവയെ നീ അന്ധമായി അംഗീകരിച്ചതിലുമാവാം കിടക്കുന്നതു്: അല്ലെങ്കില്‍, നിന്റെ കര്‍ത്തവ്യം എന്നു് നീ വിളിക്കുന്ന കാര്യങ്ങള്‍ വഴി ഇതുവരെ നിനക്കു് ഉപജീവനമാര്‍ഗ്ഗവും ബഹുമതിയും ലഭിച്ചതിലുമാവാം അതിന്റെ കാരണം – അവ നിന്റെ ‘നിലനില്‍പിന്റെ നിബന്ധനകള്‍’ ആയി നിനക്കു് തോന്നുന്നതുകൊണ്ടു് നീ അവയെ ‘ശരി’ ആയി പരിഗണിക്കുന്നു (നിലനില്‍ക്കാന്‍ നിനക്കൊരു അവകാശമുണ്ടെന്നതു് നിന്നെസംബന്ധിച്ചു് അനിഷേധ്യമാണുതാനും!). നിന്റെ ധാര്‍മ്മികവിധിയുടെ ‘അചഞ്ചലത്വം’ നിന്റെ വ്യക്തിപരമായ നികൃഷ്ടതയുടെ, വ്യക്തിത്വമില്ലായ്മയുടെ തെളിവാവാം, നിന്റെ ‘ധാര്‍മ്മികശക്തി’യുടെ ഉറവ നിന്റെ നിര്‍ബന്ധബുദ്ധിയില്‍ ആവാം – അല്ലെങ്കില്‍ പുതിയ ആദര്‍ശങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നിന്റെ കഴിവുകേടില്‍ ആവാം!

ചുരുക്കിപ്പറഞ്ഞാല്‍: നീ സൂക്ഷ്മമായി ചിന്തിച്ചിരുന്നെങ്കില്‍, നന്നായി നിരീക്ഷിച്ചിരുന്നെങ്കില്‍, കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍ നിന്റെ ഈ ‘കര്‍ത്തവ്യ’ത്തേയും നിന്റെ ഈ ‘മനസ്സാക്ഷി’യേയും തീര്‍ച്ചയായും നീ കര്‍ത്തവ്യം എന്നോ മനസ്സാക്ഷി എന്നോ വിളിച്ചുകൊണ്ടിരിക്കുമായിരുന്നില്ല: പൊതുവേ ധാര്‍മ്മികവിധികള്‍ എങ്ങനെയാണു് രൂപംകൊണ്ടതു് എന്നതിനെക്കുറിച്ചുള്ള നിന്റെ ധാരണ, ശ്രേഷ്ഠമായ ഈ പദങ്ങളെ ഉപയോഗശൂന്യമാക്കുമായിരുന്നു – ഉദാഹരണത്തിനു് പാപം, മോക്ഷം, വീണ്ടെടുപ്പു് മുതലായ ശ്രേഷ്ഠപദങ്ങള്‍ നിനക്കു് ഉപയോഗശൂന്യമായതുപോലെ. – ഇനി ഇപ്പോള്‍ നീ എന്നോടു് ‘നിരുപാധിക അനുപേക്ഷ്യത’ (categorical imperative)* ഒന്നും ഉദ്ധരിക്കാതിരിക്കൂ സുഹൃത്തേ! – ആ വാക്കു് എന്റെ ചെവിയില്‍ ഇക്കിളിയിടുന്നു, നിന്റെ ഗൗരവസാന്നിദ്ധ്യത്തില്‍ പോലും എനിക്കു് ചിരിക്കേണ്ടിവരുന്നു: പഴയ കാന്റിനെയാണു് (Immanuel Kant) ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നതു്. വക്രമാര്‍ഗ്ഗങ്ങളിലൂടെ ‘വസ്തു അതില്‍ത്തന്നെ’ (thing in itself) – അതും വളരെ പരിഹാസ്യമായ ഒരു കാര്യം തന്നെ! – എന്ന ആശയത്തിലെത്തിച്ചേര്‍ന്ന കാന്റിന്റെ ഹൃദയത്തില്‍ ആ കുറ്റത്തിന്റെ ശിക്ഷ എന്നോണം ‘നിരുപാധികാനുപേക്ഷ്യത’ നുഴഞ്ഞുകയറുകയും അതുവഴി വീണ്ടും ‘ദൈവം’, ‘ആത്മാവു്’, ‘സ്വാതന്ത്ര്യം’, ‘മരണമില്ലായ്മ’ മുതലായവയിലേക്കു് ഒരു കുറുക്കന്‍ വഴിതെറ്റി തന്റെ കൂട്ടിലേക്കു് പിന്തിരിയുന്നതുപോലെ അവന്‍ വഴിതെറ്റി പിന്തിരിയുകയും ചെയ്തു – എന്നിരുന്നാല്‍ തന്നെയും കാന്റിന്റെ ശക്തിയും സാമര്‍ത്ഥ്യവും ആയിരുന്നു ആ കൂടു് തള്ളിത്തുറന്നതു്!

എന്തു്? നീ നിന്നിലെ ‘നിരുപാധിക അനുപേക്ഷ്യത’യെ ആദരിക്കുന്നുവെന്നോ? ധാര്‍മ്മികവിധി എന്നു് വിളിക്കപ്പെടുന്ന നിന്റെ ‘അചഞ്ചലത്വത്തെ’? “എല്ലാവരും എന്നേപ്പോലെതന്നെ വിധിക്കണം” എന്ന വികാരത്തിന്റെ ‘നിരുപാധികത്വത്തെ’? അതിനേക്കാള്‍ ഇവിടെ നീ നിന്റെ സ്വാര്‍ത്ഥപരതയെ ആദരിക്കൂ! നിന്റെ സ്വാര്‍ത്ഥതയുടെ അന്ധതയെ, നിസ്സാരത്വത്തെ, ലാളിത്യത്തെ! എന്തെന്നാല്‍, ഒരുവനു് അവന്റെ വിധി ഒരു പൊതുനിയമം ആയി തോന്നുന്നതു് സ്വാര്‍ത്ഥതയാണു്; ഈ സ്വാര്‍ത്ഥപരത വീണ്ടും അന്ധവും നിസ്സാരവും ലളിതവുമാണു്. കാരണം, അതു് തുറന്നു് കാണിക്കുന്നതു് നീ ഇതുവരെ നിന്നെത്തന്നെ കണ്ടെത്തിയിട്ടില്ലെന്നും, നീ നിനക്കു് സ്വന്തമായ, നിന്റേതു് മാത്രമായ ഒരു ആദര്‍ശം ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നുമാണു് – അതു് ഒരിക്കലും മറ്റൊരുവന്റേതാവാന്‍ കഴിയില്ല, അപ്പോള്‍പിന്നെ ‘എല്ലാവരുടേതും എല്ലാവരുടേതും’ ആവുന്ന കാര്യം മിണ്ടാതിരിക്കുക!

“ഈ കാര്യത്തില്‍ ഓരോരുത്തരും ഈ രീതിയില്‍ പ്രവര്‍ത്തിക്കണം” എന്നു് ഇപ്പോഴും വിധിക്കുന്നവന്‍ ആത്മജ്ഞാനത്തിലേക്കു് അഞ്ചു് ചുവടുപോലും നടന്നിട്ടില്ല, അല്ലെങ്കില്‍ അവന്‍ അറിഞ്ഞേനെ:

ഒരുപോലെയുള്ള പ്രവൃത്തികള്‍ ഇല്ലെന്നു്, ഉണ്ടാവാന്‍ കഴിയില്ലെന്നു്,

ഇന്നോളം ചെയ്യപ്പെട്ടതായ ഓരോ പ്രവൃത്തിയും അതുല്യമായ, വീണ്ടും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ചെയ്യപ്പെട്ടവയാണെന്നു്,

ഭാവിയില്‍ ചെയ്യപ്പെടാനിരിക്കുന്ന ഓരോ പ്രവൃത്തികളുടെ കാര്യത്തിലും അതു് ഇങ്ങനെതന്നെ ആയിരിക്കുമെന്നു്,

പ്രവൃത്തിസംബന്ധമായ നിയന്ത്രണങ്ങള്‍ പരുക്കനായ ബാഹ്യതലത്തിനു് മാത്രമാണു് ബാധകമെന്നു് (ഇതുവരെയുള്ള ഏറ്റവും ആന്തരികവും സൂക്ഷ്മവുമായ ധാര്‍മ്മികതകളുടെ നിയന്ത്രണങ്ങള്‍ക്കുപോലും ഇതു് ബാധകമാണെന്നു്),

ഈ നിയന്ത്രണങ്ങള്‍ വഴി സമാനതയെന്നൊരു തോന്നല്‍, അതേ യഥാര്‍ത്ഥത്തില്‍ ഒരു തോന്നല്‍ മാത്രം നേടാനായേക്കാമെന്നു്,

അതിനെപ്പറ്റി ചിന്തിക്കുമ്പോഴോ, പിന്തിരിഞ്ഞു് നോക്കുമ്പോഴോ, ഓരോ പ്രവൃത്തിയും അപ്രവേശ്യമായതും, എന്നാളും അങ്ങനെമാത്രം ആയിരിക്കുന്നതുമായ ഒന്നാണെന്നു്,

പ്രവൃത്തി തിരിച്ചറിയപ്പെടാവുന്നതല്ലാത്തതുകൊണ്ടു് ‘നല്ലതു്’, ‘കുലീനം’, മഹത്തരം’ മുതലായ നമ്മുടെ അഭിപ്രായങ്ങള്‍ പ്രവൃത്തികള്‍ വഴി സത്യമെന്നു് തെളിയിക്കപ്പെടാവുന്നതല്ലെന്നു്,

തീര്‍ച്ചയായും നമ്മുടെ അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍, മൂല്യപട്ടികകള്‍ എല്ലാം നമ്മുടെ പ്രവൃത്തികളുടെ യന്ത്രഘടനയിലെ ഏറ്റവും ശക്തമായ ഉത്തോലകങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നു്,

എങ്കിലും ഓരോ പ്രത്യേക കാര്യങ്ങളില്‍ അവയുടെ മെക്കാനിക്സിന്റെ നിയമങ്ങള്‍ തെളിയിക്കപ്പെടാവുന്നതല്ലെന്നു്.

അതുകൊണ്ടു് നമുക്കു് നമ്മുടെ അഭിപ്രായങ്ങളുടെയും വിലയിരുത്തലുകളുടെയും ശുദ്ധീകരണത്തിലേക്കും, പുതിയതും സ്വന്തവുമായ മൂല്യപട്ടികകളുടെ സൃഷ്ടിയിലേക്കും നമ്മെ ചുരുക്കാം – ‘നമ്മുടെ പ്രവൃത്തികളുടെ ധാര്‍മ്മികമൂല്യ’ത്തെപ്പറ്റി നമുക്കു് ഇനിമേല്‍ ആധിപിടിക്കാതിരിക്കാം! അതേ, സുഹൃത്തുക്കളേ! ഒരുവന്‍ മറ്റൊരുവനെപ്പറ്റി നടത്തുന്ന ധാര്‍മ്മികവായാടിത്തത്തെ സംബന്ധിച്ചു് നമുക്കു് മനംപിരട്ടല്‍ തോന്നേണ്ട സമയമായി! ധാര്‍മ്മികന്യായപീഠത്തില്‍ ഇരിക്കുന്നതു് നമുക്കു് അരോചകമാവേണ്ടിയിരിക്കുന്നു! ആ വായാടിത്തവും ദുഷിച്ച അഭിരുചികളും നമുക്കു് ഭൂതകാലത്തെ കാലത്തിലൂടെ ഏതാനും ചെറിയ ചുവടുകള്‍ മുന്നോട്ടു് വലിക്കുക എന്നതു് മാത്രമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്തവരും, വര്‍ത്തമാനകാലത്തില്‍ ജീവിക്കാത്തവരുമായവര്‍ക്കു് വിട്ടുകൊടുക്കാം – അവര്‍ക്കെന്നാല്‍ അധികം പേര്‍ക്കും, മിക്കവാറും എല്ലാവര്‍ക്കും! പക്ഷേ, നമ്മള്‍ ആരാണോ, അവരാവാനാണു് നമ്മള്‍ ആഗ്രഹിക്കുന്നതു് – പുതിയവര്‍, അദ്വിതീയര്‍, താരതമ്യപ്പെടുത്താനാവാത്തവര്‍, തങ്ങള്‍ക്കു് സ്വന്തം നിയമം നല്‍കുന്നവര്‍, തങ്ങളെ സ്വയം നിര്‍മ്മിക്കുന്നവര്‍! അതിനു് നമ്മള്‍ നിയമപരവും, ഈ ലോകത്തില്‍ അനിവാര്യവുമായ എല്ലാത്തിന്റേയും ഏറ്റവും നല്ല പഠനക്കാരും കണ്ടുപിടുത്തക്കാരുമാവണം: ഈ അര്‍ത്ഥത്തില്‍ സ്രഷ്ടാക്കള്‍ ആവാന്‍ കഴിയണമെങ്കില്‍ നമ്മള്‍ ഫിസിസിസ്റ്റുകള്‍ ആവണം – കാരണം, ഇതുവരെയുള്ള വിലയിരുത്തലുകളും ആദര്‍ശങ്ങളും ഒന്നുകില്‍ ഫിസിക്സിനെപ്പറ്റിയുള്ള അജ്ഞതയില്‍ അധിഷ്ഠിതമോ, അല്ലെങ്കില്‍ ഫിസിക്സിനു് വിരുദ്ധമായി പടുത്തുയര്‍ത്തപ്പെട്ടതോ ആയിരുന്നു. അതുകൊണ്ടു്: ഫിസിക്സ്‌ നീണാള്‍ വാഴട്ടെ! അതിലും കൂടുതലായി എന്താണോ നമ്മെ ഫിസിക്സിലേക്കു് നിര്‍ബന്ധിക്കുന്നതു് അതു്! – നമ്മുടെ സത്യസന്ധത!

* “Act only according to that maxim whereby you can at the same time will that it should become a universal law.” വിശദമായി വേണമെങ്കില്‍ മുകളിലെ ലിങ്കില്‍ വായിക്കാം.

 
7അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 5, 2009 in ഫിലോസഫി

 

മുദ്രകള്‍: , ,

മരണത്തെപ്പറ്റിയുള്ള ചിന്ത

(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)

മരണത്തെപ്പറ്റിയുള്ള ചിന്ത

തെരുവുകളുടെ ദുര്‍ഘടതകളുടെയും, ആവശ്യങ്ങളുടെയും, ബഹളങ്ങളുടെയും നടുവില്‍ ജീവിക്കേണ്ടിവരുമ്പോള്‍ അതെന്നില്‍ വിഷാദഭാവം കലര്‍ന്നൊരു ഭാഗ്യം സൃഷ്ടിക്കുന്നു. എത്രമാത്രം ആസ്വാദനവും, അക്ഷമയും, അഭിലാഷവും, എത്രമാത്രം വരണ്ട ജീവിതവും, ജീവിതത്തിന്റെ മദോന്മത്തതയുമാണു് ഓരോ നിമിഷവും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു്! എങ്കില്‍ത്തന്നെയും, ബഹളം വയ്ക്കുന്നവരും, ജീവിക്കുന്നവരും, ജീവിതദാഹികളുമായ ഇവര്‍ക്കുമുഴുവന്‍ താമസിയാതെ എല്ലാം നിശബ്ദമാവും. ഓരോരുത്തന്റെയും തൊട്ടുപിന്നില്‍ അവന്റെ നിഴല്‍, അവന്റെ ഇരുണ്ട സഹയാത്രികന്‍ നില്‍ക്കുന്നുണ്ടു്! ദേശാന്തരഗമനം ചെയ്യുന്ന ഒരു കപ്പലിന്റെ യാത്രാരംഭത്തിനു് മുന്‍പുള്ള ഏറ്റവും അവസാനത്തെ നിമിഷം പോലെയാണതു്: പരസ്പരം പറഞ്ഞറിയിക്കാന്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര കാര്യങ്ങള്‍! ആ നാഴിക ഞെരുക്കുന്നു, ഈ ശബ്ദമുഖരിതകളുടെ എല്ലാം പിന്നില്‍ ഇരയ്ക്കായി അത്യാര്‍ത്തിയോടെ, ഉറപ്പോടെ സമുദ്രവും അതിന്റെ ശൂന്യമായ നിശബ്ദതയും അക്ഷമയോടെ കാത്തിരിക്കുന്നു. അതോടൊപ്പം അവരെല്ലാവരും ഇതുവരെ ഉണ്ടായിരുന്നതെല്ലാം ഒന്നുമായിരുന്നില്ലെന്നും, അല്ലെങ്കില്‍ കുറവായിരുന്നുവെന്നും, അടുത്ത ഭാവിയില്‍ വരാനിരിക്കുന്നതാണു് എല്ലാമെന്നും കരുതുന്നു – എല്ലാവരും! അതുകൊണ്ടാണു് ഈ തിരക്കു്, ഈ ആര്‍പ്പുവിളി, ഈ സ്വയം ചെവിപൊട്ടിക്കല്‍, സ്വയം മുന്‍ഗണന നേടല്‍! ആ ഭാവിയില്‍ ഓരോരുത്തനും ഒന്നാമനാവണം – പക്ഷേ, മരണവും ശ്മശാനനിശബ്ദതയും മാത്രമാണു് ആ ഭാവിയില്‍ എല്ലാവര്‍ക്കും പൊതുവായതും തികച്ചും തീര്‍ച്ചയായതും! എന്നിട്ടും ഈ ഒരേയൊരു തീര്‍ച്ചയും പൊതുത്വവും മനുഷ്യരെ മിക്കവാറും ഒട്ടുംതന്നെ ബാധിക്കുന്നില്ലെന്നു് മാത്രമല്ല, അവര്‍ മരണവുമായുള്ള അവരുടെ സാഹോദര്യത്വം തിരിച്ചറിയുന്നതില്‍ നിന്നും അങ്ങേയറ്റം അകലെയുമാണു്!

മരണത്തെ സംബന്ധിച്ച ചിന്തകള്‍ ചിന്തിക്കാന്‍ മനുഷ്യര്‍ സമ്പൂര്‍ണ്ണമായും തയ്യാറില്ല എന്നു് കാണുന്നതു് എന്നെ ഭാഗ്യവാനാക്കുന്നു. ജീവിതത്തെ സംബന്ധിച്ച ചിന്തകള്‍ മരണചിന്തകളേക്കാള്‍ നൂറുമടങ്ങു് ചിന്തായോഗ്യമാക്കുന്നതിനുവേണ്ടി സന്തോഷത്തോടെ എന്തെങ്കിലും ചെയ്യുവാനാണു് ഞാന്‍ ആഗ്രഹിക്കുന്നതു്.

സദാചാരഘോഷകരോടു്

ഞാന്‍ സദാചാരം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു് ആഗ്രഹിക്കുന്നവര്‍ക്കു് ഞാന്‍ ഇങ്ങനെ ഒരു ഉപദേശം തരുന്നു: ഉത്കൃഷ്ടമായ എല്ലാ കാര്യങ്ങളുടെയും അവസ്ഥകളുടെയും മൂല്യവും മാഹാത്മ്യവും ഉന്മൂലനം ചെയ്യാനാണു് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ അധരവ്യായാമം ഇതുവരെയെന്നപോലെതന്നെ ഇനിയും തുടരുക! അവയെ നിങ്ങളുടെ ധര്‍മ്മാചാരങ്ങളുടെ (moral) തലപ്പത്തു് പ്രതിഷ്ഠിച്ചു്, രാവിലെ മുതല്‍ വൈകിട്ടുവരെ സ്വഭാവഗുണത്തിലെ ഭാഗ്യത്തെപ്പറ്റിയും, ആത്മാവിന്റെ ശാന്തിയെപ്പറ്റിയും, നീതിനിഷ്ഠയെപ്പറ്റിയും, സര്‍വ്വാന്തര്‍യാമിയായ ന്യായവിധിയെപ്പറ്റിയും വാതോരാതെ ചിലയ്ക്കുക. നിങ്ങള്‍ അതു് ചെയ്യുന്ന രീതി അനുസരിച്ചു് ആ നല്ല കാര്യങ്ങള്‍ക്കു് അവസാനം ഒരു ജനസമ്മതിയും തെരുവിന്റെ ആര്‍പ്പുവിളികളും നേടാനാവും. പക്ഷേ അപ്പോഴേക്കും അവയുടെ പുറത്തെ സ്വര്‍ണ്ണം മുഴുവന്‍ തേഞ്ഞുപോയിട്ടുണ്ടാവും! പോരാ, അവയുടെ അകത്തെ സ്വര്‍ണ്ണം മുഴുവന്‍ ഈയമായി മാറിയിട്ടുണ്ടാവും! ആല്‍കെമിയുടെ വിപരീതകലയില്‍, അഥവാ അമൂല്യമായവയെ അവമൂല്യനം ചെയ്യുന്നതില്‍, സത്യമായിട്ടും നിങ്ങള്‍ അതിസമര്‍ത്ഥരാണു്!

ഇതുവരെയെന്നതുപോലെ ഇനിയും നിങ്ങള്‍ അന്വേഷിക്കുന്നതിന്റെ നേരെ വിപരീതമായതു് ലഭിക്കാതിരിക്കാന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു രീതി ശ്രമിച്ചുനോക്കൂ: ആ നല്ല കാര്യങ്ങളെ നിഷേധിക്കൂ, ജനക്കൂട്ടത്തിന്റെ കയ്യടികളില്‍നിന്നും, ലഘുവായ പ്രചാരങ്ങളില്‍ നിന്നും അവയെ സ്വതന്ത്രമാക്കൂ, അവയെ വീണ്ടും ഏകാന്തമനസ്സുകളുടെ ഗുപ്തമായ ലജ്ജാശീലമാക്കി മാറ്റൂ, ധര്‍മ്മാചാരം നിഷിദ്ധമായ എന്തോ ആണെന്നു് പറയൂ! ഒരുപക്ഷേ അങ്ങനെ നിങ്ങള്‍ക്കു് ഇത്തരം കാര്യങ്ങളുടെ നേരെയുള്ള മനുഷ്യരുടെ രീതി ഉള്‍ക്കൊള്ളാനായേക്കും, അതിലാണു് കാര്യം. ‘വീരോചിതം’, അതാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. പക്ഷേ, അപ്പോള്‍ ഭയക്കേണ്ടതായ ചിലതു് അവയിലുണ്ടാവണം, അല്ലാതെ, ഇതുവരെയെന്നപോലെ, അറപ്പു് തോന്നേണ്ടവയാവരുതു്!

ധര്‍മ്മാചാരങ്ങളെ സംബന്ധിച്ചു് ഇന്നു് പറയേണ്ടതു് മാസ്റ്റര്‍ എക്‍ഹാര്‍ട്ട്‌ (Meister Eckhart) പറഞ്ഞപോലെയാണു്: “ദൈവത്തില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ഞാന്‍ ദൈവത്തോടു് അപേക്ഷിക്കുന്നു.”

 
14അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 2, 2009 in ഫിലോസഫി

 

മുദ്രകള്‍: ,