RSS

Daily Archives: ജനുവരി 6, 2009

കാഴ്ചയിലെ മിഥ്യാബോധം

പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറില്‍ എത്തുന്ന കാര്യങ്ങളെ അതുവരെ അവിടെ സംഭരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളിലെ അനുയോജ്യമായവയുമായി താരതമ്യം ചെയ്യുന്നതുവഴിയാണല്ലോ നമ്മുടെ അനുഭവങ്ങളും അതിനനുസരിച്ചുള്ള തീരുമാനങ്ങളും ഉണ്ടാവുന്നതു്. നമ്മള്‍ ചെയ്യുന്നതും അനുഭവിക്കുന്നതുമായ ഓരോ കാര്യങ്ങളും അതുവഴി നമുക്കു് ലഭിക്കുന്നതു് രസമോ വേദനയോ, സംതൃപ്തിയോ അസന്തുഷ്ടതയോ, വിജയമോ പരാജയമോ എന്നതിന്റെ അടിസ്ഥാനത്തില്‍ തലച്ചോറില്‍ വിലയിരുത്തപ്പെടുകയും തലച്ചോറിന്റെ തന്നെ ഭാഗമായ ഓര്‍മ്മയുടെ കേന്ദ്രത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അനുഭവങ്ങള്‍ പെരുകുന്തോറും ഈ ശേഖരവും വളര്‍ന്നുകൊണ്ടിരിക്കും – സങ്കല്‍പാതീതവും ഭീമവുമായ അളവില്‍! അതുപോലെതന്നെ, തലച്ചോറിനു് അതിന്റേതായ ഓട്ടോമറ്റിസവും ഉണ്ടു്. പരിചയമില്ലാത്ത ഒരു മുറിയിലോ ഒരു വീട്ടിലോ ചെല്ലുമ്പോഴോ, അല്ലെങ്കില്‍ അന്യരെ പരിചയപ്പെടേണ്ടിവരുമ്പോഴോ ഒക്കെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ഉതകുന്ന ചില “സവിശേഷതകള്‍” ഓട്ടോമാറ്റിക്‌ ആയി തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. ഒരു സുഹൃത്തിനെയോ, ബന്ധുവിനേയോ കാണുമ്പോള്‍ “ഒറ്റനോട്ടത്തില്‍” അവരെ തിരിച്ചറിയാന്‍ നമുക്കു് കഴിയുന്നതും അതുകൊണ്ടാണു്. വീണ്ടും കാണുന്ന ഓരോ പരിചിതരേയും ഓരോ പ്രാവശ്യവും ആപാദചൂഡം കൂലങ്കഷമായി പരിശോധിച്ചാലേ തിരിച്ചറിയാന്‍ കഴിയൂ എന്നുവന്നാല്‍ ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ!

മനുഷ്യജീവിതം ഈവിധം ലഘൂകരണത്തിലൂടെ സാദ്ധ്യമാക്കുന്ന തലച്ചോറിന്റെ ഈ കുറുക്കുവഴി മിക്കവാറും എല്ലായ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കാറുമുണ്ടു്. പക്ഷേ, പല സന്ദര്‍ഭങ്ങളിലും തലച്ചോറില്‍ എത്തുന്ന ഇന്ദ്രിയാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. ലോകത്തെ “തിരിച്ചറിയാന്‍” ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതു് കണ്ണുകള്‍ ആണെന്നതിനാല്‍, ദര്‍ശനം വഴി തലച്ചോറില്‍ എത്തുന്ന വിവരങ്ങളുടെ വിലയിരുത്തലിലാണു് അധികപങ്കു് പിശകുകളും സംഭവിക്കുന്നതു്. ഈ പ്രശ്നത്തെ പൊതുവേ “ഒപ്ടിക്കല്‍ ഇല്യൂഷന്‍” എന്നു് വിളിക്കാറുണ്ടെങ്കിലും, സത്യത്തില്‍ പിശകു് പറ്റുന്നതു് നേത്രങ്ങള്‍ക്കല്ല, അവയെ വ്യാഖ്യാനിക്കുന്ന തലച്ചോറിനാണു്.

ചില രസകരമായ ഉദാഹരണങ്ങള്‍ :

1. തിരകളോ? വക്രതയോ?


ഈ ചിത്രത്തില്‍ വെളുത്തതുംകറുത്തതുമായ ചതുരങ്ങള്‍ക്കു് രൂപം നല്‍കുന്ന നെടുകെയും കുറുകെയുമുള്ള രേഖകള്‍ എല്ലാം കൃത്യമായി നേരെയാണു്. എങ്കിലും അവ കാണുന്ന നമ്മളില്‍ അവ വക്രാകൃതിയിലാണെന്ന തോന്നല്‍ ഉണ്ടാവുന്നു.

2. വിചിത്രമായ കറക്കം


മുന്നോട്ടും പിറകോട്ടും തല ചലിപ്പിച്ചുകൊണ്ടു് ഈ ചിത്രത്തെ നോക്കിയാല്‍ ഈ രണ്ടു് വൃത്തങ്ങളും കറങ്ങാന്‍ തുടങ്ങുന്നതുപോലെ തോന്നും.

3. ചാരനിറങ്ങളിലെ മിഥ്യാബോധം

അങ്ങനെ തോന്നുന്നില്ലെങ്കിലും: A, B എന്നു് അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടു് ചതുരങ്ങളുടെയും നിറം ഒന്നുതന്നെയാണു്. അവ രണ്ടു് വ്യത്യസ്ത നിറങ്ങളായി നമുക്കു് തോന്നുന്നതിനു് കാരണം, നമ്മുടെ തലച്ചോറു് നിറങ്ങളെ നിഴലും വെളിച്ചവും അടിസ്ഥാനമാക്കിയാണു് ‘“വ്യാഖ്യാനിക്കുന്നതു്” എന്നതിനാലാണു്.

4. ചെറിയ സ്ത്രീകള്‍ , വലിയ സ്ത്രീകള്‍ ‍!

ചിത്രത്തിലെ മുന്‍വശത്തെ സ്ത്രീകള്‍ പിന്‍വശത്തെ സ്ത്രീകളെ അപേക്ഷിച്ചു് വളരെ ചെറുതായി തോന്നുന്നു. പക്ഷേ ആ മൂന്നു് ജോഡികളുടെയും വലിപ്പം (അളവുകള്‍ ) തുല്യമാണു്. സ്തംഭങ്ങളുടെ ഇടയിലൂടെ പോകുന്നതുവഴി നമ്മുടെ തലച്ചോറില്‍ “ആഴം” എന്ന തോന്നല്‍ ഉളവാക്കപ്പെടുന്നതാണു് കാരണം.

5. ചതുരക്കട്ടയെന്ന മിഥ്യാബോധം

ഈ ചിത്രത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ “കാണാന്‍” നമുക്കു് കഴിയും. കറുത്ത വൃത്തങ്ങളിലൂടെയുള്ള വെളുത്ത രേഖകള്‍ ഒരു ചതുരക്കട്ടയുടെ തോന്നല്‍ നമ്മില്‍ ജനിപ്പിക്കുന്നു.

6. “സൗന്ദര്യം നശ്വരമാണു്”

കണ്ണാടിയില്‍ നോക്കുന്ന ഒരു സ്ത്രീയെയോ, അല്ലെങ്കില്‍ ഒരു തലയോട്ടിയോ ഈ ചിത്രത്തില്‍ വീക്ഷിക്കാന്‍ കഴിയും. (C. Allan Gilbert-ന്റെ ‘All Is Vanity’ എന്ന ഡ്രോയിംഗ്‌)

7. ഗോളവലിപ്പമിഥ്യാബോധം

വലിപ്പബോധവും ആപേക്ഷികമാണു്. ചിത്രത്തിലെ രണ്ടു് നീലഗോളങ്ങളും വ്യത്യസ്ത വലിപ്പമുള്ളവയായി തോന്നുന്നെങ്കിലും അവയുടെ അളവുകള്‍ തുല്യമാണു്.

ഇങ്ങനെയൊക്കെയാണു് നമ്മുടെ “അനുഭവങ്ങളുടെ” യഥാര്‍ത്ഥ സ്ഥിതി! ദര്‍ശനങ്ങളെപ്പറ്റിയും, വെളിപാടുകളെപ്പറ്റിയും, അത്ഭുതങ്ങളെപ്പറ്റിയുമൊക്കെയുള്ള സംഭ്രമജനകമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവയോടൊപ്പം ഈ വസ്തുത കൂടി കൂട്ടിച്ചേര്‍ത്തു് ചിന്തിച്ചാല്‍ ഏറെ അബദ്ധങ്ങള്‍ ഒഴിവാക്കാം. കാണുന്ന കാര്യങ്ങളുടെ‍ തന്നെ സത്യസ്ഥിതി നിസ്സംശയം അറിയാന്‍ കഴിയാത്ത മനുഷ്യന്‍ കാണാത്തവയെപ്പറ്റി പൂര്‍ണ്ണമായ അറിവു് അവകാശപ്പെടുന്നതു് രസകരം എന്നേ പറയാനുള്ളു. വെളിപാടുകളില്‍‍ അധിഷ്ഠിതമായ മതങ്ങളില്‍‍ ഇത്തരം അത്ഭുതങ്ങള്‍ക്കു് യാതൊരു പഞ്ഞവുമില്ല. ചില മനുഷ്യര്‍ അവര്‍ക്കു് ദൈവം വെളിപ്പെട്ടു എന്നും, ഇങ്ങനെയോ അങ്ങനെയോ ഉള്ള ഏതാനും കല്‍പനകള്‍ നല്‍കിയെന്നും, അവ അക്ഷരം പ്രതി അനുസരിക്കാന്‍ മനുഷ്യര്‍ ബാദ്ധ്യസ്ഥരാണെന്നും, തങ്ങളെ അതിനു് ചുമതലപ്പെടുത്തിയെന്നും ഒക്കെ പറയുന്നതു് സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ ഒന്നുകില്‍ ‘optical illusion’ പോലുള്ള മസ്തിഷ്കഭൂതങ്ങള്‍ , അല്ലെങ്കില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍, ഭയപ്പെടുത്താന്‍, ഭരിക്കാന്‍, ചൂഷണം ചെയ്യാന്‍, ബാഹ്യശക്തികള്‍ക്കെതിരായി ഒറ്റക്കെട്ടായി അവരെ അണിനിരത്തുവാന്‍ ഒക്കെയായി മനഃപൂര്‍വ്വം കെട്ടിച്ചമച്ച ഭാവനാസൃഷ്ടികള്‍ മാത്രം! പക്ഷേ, ഇത്തരം വെളിപാടുകള്‍ ഉണ്ടായവര്‍ ശക്തരും, സമൂഹത്തില്‍ സ്വാധീനം ഉള്ളവരും ആണെങ്കില്‍ ഭയപ്പെടുത്തിയും, ആയുധശേഷി ഉപയോഗിച്ചു് ഈ മണ്ടത്തരങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കിയും അവരുടെ “ദര്‍ശനങ്ങള്‍ ‍” ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ അവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവില്ല. കാലങ്ങള്‍ കഴിയുന്തോറും ഇത്തരം മസ്തിഷ്കഭൂതങ്ങള്‍ക്കു് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ദൈവികതയും വിശുദ്ധിയും ലഭിക്കും. ഈ “സനാതനസത്യം” ഇല്ലാതെ ജീവിതം അസാദ്ധ്യമാണെന്ന തോന്നല്‍ വരെ അതിനുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കുണ്ടാവും.

വളര്‍ത്തല്‍ വഴിയും, സമുദായത്തിലെ നിത്യാനുഭവങ്ങള്‍ വഴിയും മനുഷ്യരില്‍ ഈ അവസ്ഥ സൃഷ്ടിക്കുന്നതും ഓര്‍മ്മയില്‍ ശേഖരിക്കുന്നതും തലച്ചോറിലെ ആദ്യം സൂചിപ്പിച്ച ഓട്ടോമാറ്റിസം തന്നെ! ഒരിക്കല്‍ ശേഖരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം ആവശ്യമില്ലാത്തവിധം തലച്ചോറു് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. മനുഷ്യരുടെ തലച്ചോറിലേയും ശരീരത്തിലേയും അധികപങ്കു് ചുമതലകളും പ്രവൃത്തികളും അടിസ്ഥാനപരമായി നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം ഇല്ലാതെയാണു് സംഭവിക്കുന്നതു്. സൈക്കിള്‍ ഓടിക്കാനും കാര്‍ ഡ്രൈവ് ചെയ്യാനുമെല്ലാം പഠിക്കുന്നതിനു് ആരംഭത്തില്‍ നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം തീര്‍ച്ചയായും ആവശ്യമാണു്. പക്ഷേ, ഒരിക്കല്‍ ശീലിച്ചുകഴിഞ്ഞാല്‍ പിന്നെ ഈ പ്രവര്‍ത്തികളുടെ നിയന്ത്രണം തലച്ചോറു് സ്വയമേവ ഏറ്റെടുക്കുന്നു. അതിനുശേഷം അവയില്‍ ബോധപൂര്‍വ്വം “ഇടപെടേണ്ട” ആവശ്യമില്ലെന്നു് മാത്രമല്ല, അങ്ങനെ ചെയ്യുന്നതു് പലപ്പോഴും ആ പ്രവര്‍ത്തികളുടെ സുഗമതയെ തടസപ്പെടുത്തി എന്നും വരാം.

കടപ്പാടു്: MSN, GNU, Public Domain (മുന്‍‌പു് കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക.)

ചാരനിറങ്ങളിലെ മിഥ്യാബോധം എന്ന ചിത്രത്തിലെ A, B എന്നീ ഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്തതു് താഴെ. ആ ചിത്രത്തിലെ നിഴലാണു് തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നതു്.

Advertisements
 

മുദ്രകള്‍: ,