RSS

Monthly Archives: ജനുവരി 2009

അല്പം സ്വന്തം കാര്യം

1. എന്റെ പഠനമുറി – പുസ്തകംസ്‍, വീഡിയോസ്, ഡിവിഡീസ് ‍ മുതത്സ്.

2. വായന – എഴുത്തു് – കൊട്ടു് – തട്ടു് – മുട്ടു് – പാട്ടു് – ‘ഇട്ടിസി’.
Advertisements
 

മുദ്രകള്‍: , ,

പ്രാര്‍ത്ഥനയുടെ വില

(By Friedrich Nietzsche – ഒരു സ്വതന്ത്ര പരിഭാഷ)

ആത്മാവിന്റെ ആരോഹണം അജ്ഞാതമായവരോ, അല്ലെങ്കില്‍ അതു് അവരുടെ ശ്രദ്ധയില്ലാതെ സംഭവിക്കുന്നവരോ, അതുമല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ സ്വന്തമായ ചിന്ത എന്നൊന്നു് ഇല്ലാത്തവരോ ആയവര്‍ക്കു് വേണ്ടിയാണു് പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. സമാധാനവും ഒരുതരം അന്തസ്സും ആവശ്യമായ വിശുദ്ധമന്ദിരങ്ങളിലും, ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പെട്ട ആളുകള്‍ എന്തു് ചെയ്യാന്‍? അതുകൊണ്ടു് അവര്‍ ഒരു ശല്യമാവാതിരിക്കാന്‍ വേണ്ടി ചെറുതും വലുതുമായ മതങ്ങളുടെ സ്ഥാപകന്മാര്‍ അവര്‍ക്കു് കൈകളും കാലുകളും (കണ്ണുകള്‍ പ്രത്യേകിച്ചും!) ഒരു നിര്‍ദ്ദിഷ്ടരീതിയില്‍ സ്ഥിരമായി ‘വിന്യസിച്ചു’കൊണ്ടുള്ളതും, ഓര്‍മ്മശക്തിയെ പങ്കെടുപ്പിച്ചുകൊണ്ടും ആയാസപ്പെടുത്തിക്കൊണ്ടുള്ളതുമായ ചുണ്ടുകളുടെ ഒരുതരം ദീര്‍ഘവും യാന്ത്രികവുമായ ജോലി – പ്രാര്‍ത്ഥന – എന്ന പ്രമാണസൂത്രം കല്‍പിച്ചുകൊടുത്തു!

അതിന്റെ ഫലമായി അവര്‍ ഒന്നുകില്‍ ടിബറ്റുകാരെപ്പോലെ ‘ഓം മണി പദ്മേ ഹൂം’ എന്നു് എണ്ണമറ്റ പ്രാവശ്യം അയവിറക്കും, അല്ലെങ്കില്‍, ബനാറസിലേപ്പോലെ ദൈവത്തിന്റെ നാമമായ റാം-റാം-റാം മുതലായവ (ആകര്‍ഷകമായോ അല്ലാതെയോ) വിരലുകളില്‍ എണ്ണിത്തീര്‍ക്കും, അല്ലെങ്കില്‍, വിഷ്ണുവിന്റെ ആയിരമോ, അള്ളായുടെ തൊണ്ണൂറ്റൊന്‍പതോ വിളിപ്പേരുകള്‍ വിളിച്ചു് ബഹുമാനിക്കും, അതുമല്ലെങ്കില്‍ അവര്‍ പ്രാര്‍ത്ഥനാചക്രങ്ങളേയോ കൊന്തമാലയേയോ ഓപറേറ്റ്‌ ചെയ്യും. അതെന്തായാലും, ഈ ജോലിവഴി അവര്‍ കുറെനേരത്തേക്കെങ്കിലും ‘കെട്ടിയിടപ്പെടുകയും’ ഒരുമാതിരി സഹിക്കാവുന്ന രൂപത്തിലുള്ള ഒരു കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യുമെന്നതാണു് പ്രധാനമായ കാര്യം.

സ്വന്തചിന്തകള്‍ ഉള്ളവരും ആത്മാവിന്റെ ഔന്നത്യം സ്വാഭാവികമായിത്തന്നെ അറിയാവുന്നവരുമായ ഭക്തന്മാരുടെ പ്രയോജനത്തിനു് വേണ്ടിയാണു് ഇക്കൂട്ടത്തില്‍ പെട്ടവരുടെ തരം പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. ‘ശരിയായ’ ഭക്തന്മാര്‍ക്കുപോലും അഭിവന്ദ്യതയുടെ ഒരു പരമ്പര പദങ്ങളും സ്വരങ്ങളും, ഭക്തിപൂരിതമായ യാന്ത്രികതയും ആനന്ദദായകമാവുന്ന ചില ക്ഷീണിതനിമിഷങ്ങളുണ്ടു്. സ്വയം സഹായിക്കാന്‍ കഴിയുന്ന ഭക്തരായ അപൂര്‍വ്വമനുഷ്യര്‍ ഉണ്ടെന്നു് സങ്കല്‍പിച്ചാലും – എല്ലാ മതങ്ങളിലും ധര്‍മ്മനിഷ്ഠനായ മനുഷ്യന്‍ ഒരു അപവാദമാണു് – ആത്മാവില്‍ ദരിദ്രതയുള്ള ആദ്യത്തെ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ സ്വയം സഹായിക്കാന്‍ അറിയാത്തവരാണു്. അവരുടെ ‘പ്രാര്‍ത്ഥനാചടപടശബ്ദം’ നിരോധിക്കുക എന്നാല്‍, പ്രോട്ടസ്റ്റന്റുകാര്‍ നമ്മളെ കൂടുതല്‍ കൂടുതല്‍ കാണിച്ചു് തരുന്നതുപോലെ, അവരില്‍ നിന്നും അവരുടെ മതം എടുത്തു് മാറ്റുക എന്നായിരിക്കും അര്‍ത്ഥം.

ഇതുപോലുള്ള മനുഷ്യരില്‍ നിന്നും മതം ആഗ്രഹിക്കുന്നതു് അവര്‍ കണ്ണുകള്‍ കൊണ്ടും, കൈകള്‍ കൊണ്ടും, കാലുകള്‍ കൊണ്ടും, ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ കൊണ്ടും ശാന്തത പാലിക്കുക എന്നതു് മാത്രമാണു് – അതുവഴി കുറെനേരത്തേക്കു് അവര്‍ നല്‍കുന്ന കാഴ്ചയില്‍ പുരോഗതി ഉണ്ടാവും, അവര്‍ മനുഷ്യസമാനരാവും!

 
 

മുദ്രകള്‍: ,

പ്രകൃതിഭംഗി

1. മഞ്ഞുമലകള്‍ക്കു് ദര്‍ശനം നല്‍കുന്ന സൂര്യന്‍

2. കുശലം പറയുന്ന കരയും കടലും

 

മുദ്രകള്‍: ,

ലോജിക്കിന്റെ ഉത്ഭവം

(by Friedrich Nietzsche – സ്വതന്ത്ര പരിഭാഷ)

മനുഷ്യമസ്തിഷ്കത്തില്‍ എങ്ങനെയാണു് യുക്തിബോധം രൂപം കൊണ്ടതു്? തീര്‍ച്ചയായും യുക്തിയില്ലായ്മയുടെ, ആദ്യകാലത്തു് ഭീമാകാരമായിരുന്നിരിക്കാനിടയുള്ള ലോകത്തില്‍ നിന്നേ ആവൂ. നമ്മള്‍ ഇന്നു് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്ന എണ്ണമറ്റ അസ്തിത്വങ്ങള്‍ എന്നെന്നേക്കുമായി മണ്മറഞ്ഞു. എന്നിരുന്നാലും അവയുടെ വഴികള്‍ നേരായവ ആയിരുന്നിരിക്കണം. ഉദാഹരണത്തിനു്, ആഹാരത്തിന്റെ കാര്യത്തിലോ, വര്‍ഗ്ഗശത്രുക്കളുടെ കാര്യത്തിലോ ‘തുല്യമായതിനെ’ വീണ്ടും വീണ്ടും എളുപ്പം കണ്ടെത്താന്‍ കഴിയാതിരുന്നവനു്, അല്ലെങ്കില്‍ വളരെ സാവധാനം അന്തര്‍ഗണിച്ചിരുന്നവനു്, അഥവാ അന്തര്‍ഗണനത്തില്‍ (subsumption) വളരെ സൂക്ഷ്മാലു ആയിരുന്നവനു്, തുടര്‍ജീവിതത്തിനുള്ള സാദ്ധ്യത, സാമ്യതയുള്ളവയിലെല്ലാം ഉടനടി സമത്വം കണ്ടെത്തിയിരുന്നവനെ അപേക്ഷിച്ചു് അത്യന്തം വിരളമായിരുന്നു. അതായതു്, സമാനതയെ തുല്യതയായി പരിഗണിക്കാനുള്ള പ്രബലമായ പ്രവണതയാണു്, – സത്യത്തില്‍ അതൊരു യുക്തിഹീനമായ പ്രവണതയാണു്; കാരണം, ‘തുല്യമായവ’ എന്നൊന്നു് യഥാര്‍ത്ഥത്തില്‍ ഇല്ല – എല്ലാ യുക്തിബോധത്തിന്റെയും അടിത്തറ പാകിയതു്. അതുപോലെതന്നെ, സാരാംശം (substance) എന്ന, യുക്തിബോധത്തിനു് ഒഴിവാക്കാനാവാത്ത ആശയത്തിന്റെ – അങ്ങനെയൊന്നിനു് കര്‍ശനമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമായി ഒരു സാദൃശ്യവും ഇല്ലെങ്കിലും! – രൂപമെടുക്കലിനു് ദീര്‍ഘകാലം വസ്തുക്കളിലെ പരിവര്‍ത്തനം എന്ന പ്രതിഭാസം കാണപ്പെടാതെയോ, അനുഭവപ്പെടാതെയോ പോയിട്ടുണ്ടാവണം. കൃത്യമായി കാര്യങ്ങള്‍ കാണാന്‍ കഴിയാതിരുന്ന അസ്തിത്വങ്ങള്‍ക്കു് എല്ലാം ‘ഒഴുകുന്നതായി’ (ചലനാത്മകമായി) കാണാന്‍ കഴിഞ്ഞവയെ അപേക്ഷിച്ചു് നേട്ടങ്ങള്‍ കൈവരിക്കാനായി.

അടിസ്ഥാനപരമായി, തീരുമാനമെടുക്കുന്നതിലെ ഏതുതരം കൂടിയ ശ്രദ്ധയും, സന്ദേഹത്തിന്റെ ഏതുതരം പ്രവണതയും ജീവിതത്തിനു് അങ്ങേയറ്റം അപകടകരമാണു്. അതിന്റെ നേരെ വിപരീതമായ പ്രവണത, തീരുമാനം നീട്ടിവയ്ക്കുന്നതിനേക്കാള്‍ അതംഗീകരിക്കുന്നതും, കാത്തിരിക്കുന്നതിനേക്കാള്‍ തെറ്റുപറ്റുന്നതും, രചിക്കുന്നതും, നിഷേധിക്കുന്നതിനേക്കാള്‍ സമ്മതിക്കുന്നതും, നീതിപൂര്‍വ്വമാവുന്നതിനേക്കാള്‍ വിധിക്കുന്നതും കാലാന്തരങ്ങളിലൂടെ അതിശക്തമായി വളര്‍ത്തിയെടുക്കപ്പെടാതിരുന്നെങ്കില്‍, ജീവനുള്ളവയൊന്നും അതിജീവിക്കുമായിരുന്നില്ല. ഇന്നത്തെ മനുഷ്യരുടെ തലച്ചോറിനുള്ളിലെ യുക്തിപൂര്‍വ്വമായ ചിന്തകളുടെയും അനുമാനങ്ങളുടെയും ഗതി, ഒറ്റയൊറ്റയായി എടുത്താല്‍ അത്യന്തം യുക്തിഹീനവും, നീതിരഹിതവുമായ ആസക്തികളുടെ സമരങ്ങളും പ്രക്രിയകളുമാണു്. നമ്മള്‍ അറിയുന്നതു് സാധാരണഗതിയില്‍ ആ സമരത്തിന്റെ ഫലം മാത്രം – അത്ര വേഗത്തിലും അത്ര മറഞ്ഞുമാണു് അതിപുരാതനമായ ഈ മെക്കാനിസം ഇന്നു് നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു്.

വാല്‍ നക്ഷത്രം:

ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ എന്ന പേരിനു് പല ഉച്ചാരണങ്ങള്‍ നല്‍കി കാണുന്നതിനാല്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ: ഇംഗ്ലീഷ്‌ ഭാഷയില്‍ നിന്നും വിപരീതമായി ജര്‍മ്മന്‍ ഭാഷ ഉച്ചരിക്കുന്നതു് എഴുതുന്നതുപോലെ തന്നെയാണു്. അക്ഷരങ്ങളുടെ ഉച്ചാരണത്തിലും വ്യത്യാസമുണ്ടു്. z എന്ന അക്ഷരം റ്റ്‌സ്‌, sch എന്നതു് ഷ്‌, e എന്നതു് എ, ch എന്നതു് ഹ്‌ (ചിലപ്പോള്‍ ‘ക്‌’ എന്നും!). ച, ജ മുതലായ അക്ഷരങ്ങള്‍ ഇല്ല. g = ഗ്‌, j = യ്‌, v = ഫ്‌. ei = ഐ, ie = ഈ. ഉദാഹരണത്തിനു്, നിഷ്കളങ്കമായ ഉച്ചാരണത്തില്‍, Rajan‍ = രയാന്‍, Varghese = ഫര്‍ഗ്‌ഹേസെ etc. ചൈനാക്കാര്‍ എന്ന ‘Chinesen’ കിനേസെന്‍, ഷിനേസെന്‍, ഹിനേസെന്‍ എന്നൊക്കെ ഉച്ചരിക്കപ്പെടും! ഹിമാലയ ‘ഹിമലായ’ ആയി മാറും. ഇംഗ്ലീഷില്‍ ‘ഫ്രീഡ്രിക്ക്‌ നീച്ച’ എന്നാണു് പ്രയോഗമെങ്കിലും അദ്ദേഹത്തിന്റെ മാതൃഭാഷയായ ജര്‍മ്മനില്‍ അതു് ‘ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ’ എന്നാണു്. ജര്‍മ്മനില്‍ ‘ജര്‍മ്മന്‍’ എന്നതു് ഡൊയ്റ്റ്ഷ്‌ (Deutsch) എന്നും. Goethe എന്നതു് ചില മലയാളപത്രങ്ങള്‍ വരെ ‘ഗൊയ്ഥെ’ എന്നും മറ്റും എഴുതാറുണ്ടെങ്കിലും, ‘ഗ്വേറ്റെ’ എന്നതാണു് ജര്‍മ്മനില്‍ ശരി. ഉച്ചരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ t-ക്കും e-ക്കും ഇടയില്‍ ഒരു ഇളം ‘h’ (ഹ്‌) ഉണ്ടെന്നു് മനസ്സിലാവുകയും ചെയ്യും. അതുപോലെ കാര്‍ള്‍ മാര്‍ക്സിന്റെ പുസ്തകം ‘ദസ്‌ കപിറ്റാല്‍’ (das Kapital) ആണു്. Kapital എന്ന ജര്‍മ്മന്‍ വാക്കു് നപുംസകലിംഗമായതിനാല്‍ ചേര്‍ക്കേണ്ടുന്ന ഒരു ആര്‍ട്ടിക്കിളാണു് ദസ്‌. ‘ദാസ്‌ കാപിറ്റല്‍’ അല്ല. ഇംഗ്ലീഷില്‍ the മാത്രമാണു് ആര്‍ട്ടിക്കിള്‍ എങ്കില്‍ ജര്‍മ്മനില്‍ അവ പുല്ലിംഗത്തിനും (der), സ്ത്രീലിംഗത്തിനും (die), നപുംസകത്തിനും (das) വേറെ വേറെയാണു്. ഇവയ്ക്കു് നാമം വിഭക്തിയോടു് ചേരുന്നതിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലവിധ രൂപമാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യും! (ഉദാ. den, dem, des, dessen, deren…) ചില ജര്‍മ്മന്‍ വാക്കുകള്‍ അവയുടെ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷിലേക്കുപോലും തര്‍ജ്ജമ ചെയ്യുക ദുഷ്കരമാണു്. മലയാളത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെയൊക്കെയാണെങ്കിലും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന സ്വിറ്റ്‌സര്‍ലന്റ്‌, ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളിലെ സംസാരഭാഷയില്‍ പലപ്പോഴും അവ ഒരേ ഭാഷയാണെന്നു് പോലും തോന്നാത്തത്ര വ്യത്യാസങ്ങള്‍ ഉണ്ടുതാനും. മലയാളം വിക്കിപ്പീഡിയയില്‍ ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചപ്പോള്‍ അതിലെ പല പ്രയോഗങ്ങളും വളരെ രസകരമായി തോന്നി. ഈച്ചയെ അറിയാവുന്നതുകൊണ്ടാവാം നീച്ച അരോചകമായി തോന്നിയതു്. കൊളോണിയല്‍ മുതലാളികള്‍ ആയിരുന്ന ഇംഗ്ലീഷുകാര്‍ അന്യഭാഷകളിലെ വാക്കുകള്‍ അവരുടെ നാക്കിനു് ചേരുമ്പടി വെട്ടി മുറിക്കുകയായിരുന്നല്ലോ! ഇംഗ്ലീഷിനോടൊപ്പം ജര്‍മ്മന്‍ ഉച്ചാരണങ്ങളും അറിയണമെന്നുള്ളവര്‍ക്കു് ഇതാ രണ്ട്‌ ലിങ്കുകള്‍: dict.cc, inogolo.com. Friedrich Nietzsche എന്ന പേരിന്റെ ഉച്ചാരണങ്ങള്‍ രണ്ടാമത്തെ ലിങ്കിലേ ലഭിക്കൂ.]

 
 

മുദ്രകള്‍: ,

യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

1. തലച്ചോറിലെ മറിയരൂപം

ഫ്ലോറിഡക്കാരിയായ Pamela Latrimore എന്നൊരു 42 വയസ്സുകാരിയുടെ തലച്ചോറു് Magnet Resonance Scanning-നു് വിധേയമാക്കിയപ്പോള്‍ ആ ചിത്രത്തില്‍ തലച്ചോറിന്റെ രണ്ടു് പാര്‍ശ്വങ്ങളുടെയും ഇടയിലായി അതാ ഇരിക്കുന്നു വിശുദ്ധ കന്യകമറിയം! ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടതിന്റെ തെളിവാണു് അതെന്ന കാര്യത്തില്‍ യൂട്ടെറസ്‌ ക്യാന്‍സര്‍ രോഗിണിയായ ആ സ്ത്രീക്കു് പിന്നെ സംശയമൊന്നും ഉണ്ടായിരുന്നില്ലത്രെ!
ആരറിഞ്ഞു: ഒരുപക്ഷേ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഫോട്ടോ കുറെനാള്‍ കണ്ടു് ശീലിച്ചുകഴിയുമ്പോള്‍ കിടക്കവിരികളിലെയും വസ്ത്രങ്ങളിലെയുമൊക്കെ കറയിലും ചെളിയിലും വിശ്വാസികള്‍ അല്‍ഫോന്‍സാമ്മയുടെ മുഖവും തിരിച്ചറിയാന്‍ തുടങ്ങിയേക്കാം!
2. ജനല്‍പ്പാളിയില്‍ പ്രത്യക്ഷപ്പെടുന്ന യേശു

ഒര്‍ലാന്‍ഡോയിലെ Seventh Day Adventist ആശുപത്രിയുടെ ചാപ്പലിന്റെ ജനല്‍പ്പാളിയില്‍ യേശുവിന്റെ രൂപം ‘അതിനിഗൂഢമായി’ പ്രത്യക്ഷപ്പെടുന്നു. ആ ആശുപത്രിക്കു് ദൈവികമായ എന്തോ ‘ശക്തി’ ഉണ്ടെന്ന കാര്യത്തില്‍ അവിടെ കഴിയുന്ന രോഗികള്‍ക്കു് നല്ല ഉറപ്പാണത്രെ!
3. ഭിത്തിയില്‍ വെളിപ്പെടുന്ന മറിയം

കാലിഫോര്‍ണിയയിലുള്ള ഒരു കണ്ണടവ്യാപാരി 2006-ല്‍ തന്റെ ഓഫീസിന്റെ ഭിത്തിയില്‍ കന്യകമറിയത്തെ കണ്ടപ്പോള്‍ അവനു് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം മയാമിയില്‍ ഒരു വാള്‍ പേപ്പറില്‍ വിശുദ്ധകുടുംബം മുഴുവനായി പ്രത്യക്ഷപ്പെട്ടിരുന്നു പോലും! അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയസ്ഥിതിക്കു് വിശുദ്ധകുടുംബത്തിനു് ജോര്‍ജ്‌ ബുഷ്‌ ‘അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്‌’ നല്‍കിക്കാണും!
4. പൊട്ടേറ്റൊ ചിപ്സില്‍ “അവതരിക്കുന്ന” യേശു


പൊട്ടേറ്റോ ചിപ്സില്‍ വരെ യേശു മുഖം കാണിച്ചത്രേ! ഫ്ലോറിഡക്കാരിയായ ഒരു സ്ത്രീ ചിപ്സ്‌ വായിലേക്കു് വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ യേശുവിനെ കാണുകയായിരുന്നു! ഭാഗ്യം എന്നല്ലാതെ എന്തു്പറയാന്‍? യേശുവിനെ ചവച്ചരച്ചു് വിഴുങ്ങിയിരുന്നെങ്കില്‍! ഹോ!

(കടപ്പാടു്: MSN, ZoomIn)
 
1 അഭിപ്രായം

Posted by on ജനുവരി 8, 2009 in ചിത്രങ്ങള്‍

 

മുദ്രകള്‍: , , ,

കാഴ്ചയിലെ മിഥ്യാബോധം

പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറില്‍ എത്തുന്ന കാര്യങ്ങളെ അതുവരെ അവിടെ സംഭരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളിലെ അനുയോജ്യമായവയുമായി താരതമ്യം ചെയ്യുന്നതുവഴിയാണല്ലോ നമ്മുടെ അനുഭവങ്ങളും അതിനനുസരിച്ചുള്ള തീരുമാനങ്ങളും ഉണ്ടാവുന്നതു്. നമ്മള്‍ ചെയ്യുന്നതും അനുഭവിക്കുന്നതുമായ ഓരോ കാര്യങ്ങളും അതുവഴി നമുക്കു് ലഭിക്കുന്നതു് രസമോ വേദനയോ, സംതൃപ്തിയോ അസന്തുഷ്ടതയോ, വിജയമോ പരാജയമോ എന്നതിന്റെ അടിസ്ഥാനത്തില്‍ തലച്ചോറില്‍ വിലയിരുത്തപ്പെടുകയും തലച്ചോറിന്റെ തന്നെ ഭാഗമായ ഓര്‍മ്മയുടെ കേന്ദ്രത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അനുഭവങ്ങള്‍ പെരുകുന്തോറും ഈ ശേഖരവും വളര്‍ന്നുകൊണ്ടിരിക്കും – സങ്കല്‍പാതീതവും ഭീമവുമായ അളവില്‍! അതുപോലെതന്നെ, തലച്ചോറിനു് അതിന്റേതായ ഓട്ടോമറ്റിസവും ഉണ്ടു്. പരിചയമില്ലാത്ത ഒരു മുറിയിലോ ഒരു വീട്ടിലോ ചെല്ലുമ്പോഴോ, അല്ലെങ്കില്‍ അന്യരെ പരിചയപ്പെടേണ്ടിവരുമ്പോഴോ ഒക്കെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ഉതകുന്ന ചില “സവിശേഷതകള്‍” ഓട്ടോമാറ്റിക്‌ ആയി തലച്ചോറില്‍ ശേഖരിക്കപ്പെടുന്നു. ഒരു സുഹൃത്തിനെയോ, ബന്ധുവിനേയോ കാണുമ്പോള്‍ “ഒറ്റനോട്ടത്തില്‍” അവരെ തിരിച്ചറിയാന്‍ നമുക്കു് കഴിയുന്നതും അതുകൊണ്ടാണു്. വീണ്ടും കാണുന്ന ഓരോ പരിചിതരേയും ഓരോ പ്രാവശ്യവും ആപാദചൂഡം കൂലങ്കഷമായി പരിശോധിച്ചാലേ തിരിച്ചറിയാന്‍ കഴിയൂ എന്നുവന്നാല്‍ ജീവിതം തന്നെ അസാദ്ധ്യമായിരുന്നേനെ!

മനുഷ്യജീവിതം ഈവിധം ലഘൂകരണത്തിലൂടെ സാദ്ധ്യമാക്കുന്ന തലച്ചോറിന്റെ ഈ കുറുക്കുവഴി മിക്കവാറും എല്ലായ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കാറുമുണ്ടു്. പക്ഷേ, പല സന്ദര്‍ഭങ്ങളിലും തലച്ചോറില്‍ എത്തുന്ന ഇന്ദ്രിയാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. ലോകത്തെ “തിരിച്ചറിയാന്‍” ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതു് കണ്ണുകള്‍ ആണെന്നതിനാല്‍, ദര്‍ശനം വഴി തലച്ചോറില്‍ എത്തുന്ന വിവരങ്ങളുടെ വിലയിരുത്തലിലാണു് അധികപങ്കു് പിശകുകളും സംഭവിക്കുന്നതു്. ഈ പ്രശ്നത്തെ പൊതുവേ “ഒപ്ടിക്കല്‍ ഇല്യൂഷന്‍” എന്നു് വിളിക്കാറുണ്ടെങ്കിലും, സത്യത്തില്‍ പിശകു് പറ്റുന്നതു് നേത്രങ്ങള്‍ക്കല്ല, അവയെ വ്യാഖ്യാനിക്കുന്ന തലച്ചോറിനാണു്.

ചില രസകരമായ ഉദാഹരണങ്ങള്‍ :

1. തിരകളോ? വക്രതയോ?


ഈ ചിത്രത്തില്‍ വെളുത്തതുംകറുത്തതുമായ ചതുരങ്ങള്‍ക്കു് രൂപം നല്‍കുന്ന നെടുകെയും കുറുകെയുമുള്ള രേഖകള്‍ എല്ലാം കൃത്യമായി നേരെയാണു്. എങ്കിലും അവ കാണുന്ന നമ്മളില്‍ അവ വക്രാകൃതിയിലാണെന്ന തോന്നല്‍ ഉണ്ടാവുന്നു.

2. വിചിത്രമായ കറക്കം


മുന്നോട്ടും പിറകോട്ടും തല ചലിപ്പിച്ചുകൊണ്ടു് ഈ ചിത്രത്തെ നോക്കിയാല്‍ ഈ രണ്ടു് വൃത്തങ്ങളും കറങ്ങാന്‍ തുടങ്ങുന്നതുപോലെ തോന്നും.

3. ചാരനിറങ്ങളിലെ മിഥ്യാബോധം

അങ്ങനെ തോന്നുന്നില്ലെങ്കിലും: A, B എന്നു് അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടു് ചതുരങ്ങളുടെയും നിറം ഒന്നുതന്നെയാണു്. അവ രണ്ടു് വ്യത്യസ്ത നിറങ്ങളായി നമുക്കു് തോന്നുന്നതിനു് കാരണം, നമ്മുടെ തലച്ചോറു് നിറങ്ങളെ നിഴലും വെളിച്ചവും അടിസ്ഥാനമാക്കിയാണു് ‘“വ്യാഖ്യാനിക്കുന്നതു്” എന്നതിനാലാണു്.

4. ചെറിയ സ്ത്രീകള്‍ , വലിയ സ്ത്രീകള്‍ ‍!

ചിത്രത്തിലെ മുന്‍വശത്തെ സ്ത്രീകള്‍ പിന്‍വശത്തെ സ്ത്രീകളെ അപേക്ഷിച്ചു് വളരെ ചെറുതായി തോന്നുന്നു. പക്ഷേ ആ മൂന്നു് ജോഡികളുടെയും വലിപ്പം (അളവുകള്‍ ) തുല്യമാണു്. സ്തംഭങ്ങളുടെ ഇടയിലൂടെ പോകുന്നതുവഴി നമ്മുടെ തലച്ചോറില്‍ “ആഴം” എന്ന തോന്നല്‍ ഉളവാക്കപ്പെടുന്നതാണു് കാരണം.

5. ചതുരക്കട്ടയെന്ന മിഥ്യാബോധം

ഈ ചിത്രത്തിലും ഇല്ലാത്ത ഒരു വസ്തുവിനെ “കാണാന്‍” നമുക്കു് കഴിയും. കറുത്ത വൃത്തങ്ങളിലൂടെയുള്ള വെളുത്ത രേഖകള്‍ ഒരു ചതുരക്കട്ടയുടെ തോന്നല്‍ നമ്മില്‍ ജനിപ്പിക്കുന്നു.

6. “സൗന്ദര്യം നശ്വരമാണു്”

കണ്ണാടിയില്‍ നോക്കുന്ന ഒരു സ്ത്രീയെയോ, അല്ലെങ്കില്‍ ഒരു തലയോട്ടിയോ ഈ ചിത്രത്തില്‍ വീക്ഷിക്കാന്‍ കഴിയും. (C. Allan Gilbert-ന്റെ ‘All Is Vanity’ എന്ന ഡ്രോയിംഗ്‌)

7. ഗോളവലിപ്പമിഥ്യാബോധം

വലിപ്പബോധവും ആപേക്ഷികമാണു്. ചിത്രത്തിലെ രണ്ടു് നീലഗോളങ്ങളും വ്യത്യസ്ത വലിപ്പമുള്ളവയായി തോന്നുന്നെങ്കിലും അവയുടെ അളവുകള്‍ തുല്യമാണു്.

ഇങ്ങനെയൊക്കെയാണു് നമ്മുടെ “അനുഭവങ്ങളുടെ” യഥാര്‍ത്ഥ സ്ഥിതി! ദര്‍ശനങ്ങളെപ്പറ്റിയും, വെളിപാടുകളെപ്പറ്റിയും, അത്ഭുതങ്ങളെപ്പറ്റിയുമൊക്കെയുള്ള സംഭ്രമജനകമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവയോടൊപ്പം ഈ വസ്തുത കൂടി കൂട്ടിച്ചേര്‍ത്തു് ചിന്തിച്ചാല്‍ ഏറെ അബദ്ധങ്ങള്‍ ഒഴിവാക്കാം. കാണുന്ന കാര്യങ്ങളുടെ‍ തന്നെ സത്യസ്ഥിതി നിസ്സംശയം അറിയാന്‍ കഴിയാത്ത മനുഷ്യന്‍ കാണാത്തവയെപ്പറ്റി പൂര്‍ണ്ണമായ അറിവു് അവകാശപ്പെടുന്നതു് രസകരം എന്നേ പറയാനുള്ളു. വെളിപാടുകളില്‍‍ അധിഷ്ഠിതമായ മതങ്ങളില്‍‍ ഇത്തരം അത്ഭുതങ്ങള്‍ക്കു് യാതൊരു പഞ്ഞവുമില്ല. ചില മനുഷ്യര്‍ അവര്‍ക്കു് ദൈവം വെളിപ്പെട്ടു എന്നും, ഇങ്ങനെയോ അങ്ങനെയോ ഉള്ള ഏതാനും കല്‍പനകള്‍ നല്‍കിയെന്നും, അവ അക്ഷരം പ്രതി അനുസരിക്കാന്‍ മനുഷ്യര്‍ ബാദ്ധ്യസ്ഥരാണെന്നും, തങ്ങളെ അതിനു് ചുമതലപ്പെടുത്തിയെന്നും ഒക്കെ പറയുന്നതു് സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ ഒന്നുകില്‍ ‘optical illusion’ പോലുള്ള മസ്തിഷ്കഭൂതങ്ങള്‍ , അല്ലെങ്കില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍, ഭയപ്പെടുത്താന്‍, ഭരിക്കാന്‍, ചൂഷണം ചെയ്യാന്‍, ബാഹ്യശക്തികള്‍ക്കെതിരായി ഒറ്റക്കെട്ടായി അവരെ അണിനിരത്തുവാന്‍ ഒക്കെയായി മനഃപൂര്‍വ്വം കെട്ടിച്ചമച്ച ഭാവനാസൃഷ്ടികള്‍ മാത്രം! പക്ഷേ, ഇത്തരം വെളിപാടുകള്‍ ഉണ്ടായവര്‍ ശക്തരും, സമൂഹത്തില്‍ സ്വാധീനം ഉള്ളവരും ആണെങ്കില്‍ ഭയപ്പെടുത്തിയും, ആയുധശേഷി ഉപയോഗിച്ചു് ഈ മണ്ടത്തരങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കിയും അവരുടെ “ദര്‍ശനങ്ങള്‍ ‍” ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ അവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവില്ല. കാലങ്ങള്‍ കഴിയുന്തോറും ഇത്തരം മസ്തിഷ്കഭൂതങ്ങള്‍ക്കു് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ദൈവികതയും വിശുദ്ധിയും ലഭിക്കും. ഈ “സനാതനസത്യം” ഇല്ലാതെ ജീവിതം അസാദ്ധ്യമാണെന്ന തോന്നല്‍ വരെ അതിനുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കുണ്ടാവും.

വളര്‍ത്തല്‍ വഴിയും, സമുദായത്തിലെ നിത്യാനുഭവങ്ങള്‍ വഴിയും മനുഷ്യരില്‍ ഈ അവസ്ഥ സൃഷ്ടിക്കുന്നതും ഓര്‍മ്മയില്‍ ശേഖരിക്കുന്നതും തലച്ചോറിലെ ആദ്യം സൂചിപ്പിച്ച ഓട്ടോമാറ്റിസം തന്നെ! ഒരിക്കല്‍ ശേഖരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം ആവശ്യമില്ലാത്തവിധം തലച്ചോറു് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. മനുഷ്യരുടെ തലച്ചോറിലേയും ശരീരത്തിലേയും അധികപങ്കു് ചുമതലകളും പ്രവൃത്തികളും അടിസ്ഥാനപരമായി നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം ഇല്ലാതെയാണു് സംഭവിക്കുന്നതു്. സൈക്കിള്‍ ഓടിക്കാനും കാര്‍ ഡ്രൈവ് ചെയ്യാനുമെല്ലാം പഠിക്കുന്നതിനു് ആരംഭത്തില്‍ നമ്മുടെ ബോധപൂര്‍വ്വമായ പങ്കാളിത്തം തീര്‍ച്ചയായും ആവശ്യമാണു്. പക്ഷേ, ഒരിക്കല്‍ ശീലിച്ചുകഴിഞ്ഞാല്‍ പിന്നെ ഈ പ്രവര്‍ത്തികളുടെ നിയന്ത്രണം തലച്ചോറു് സ്വയമേവ ഏറ്റെടുക്കുന്നു. അതിനുശേഷം അവയില്‍ ബോധപൂര്‍വ്വം “ഇടപെടേണ്ട” ആവശ്യമില്ലെന്നു് മാത്രമല്ല, അങ്ങനെ ചെയ്യുന്നതു് പലപ്പോഴും ആ പ്രവര്‍ത്തികളുടെ സുഗമതയെ തടസപ്പെടുത്തി എന്നും വരാം.

കടപ്പാടു്: MSN, GNU, Public Domain (മുന്‍‌പു് കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക.)

ചാരനിറങ്ങളിലെ മിഥ്യാബോധം എന്ന ചിത്രത്തിലെ A, B എന്നീ ഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്തതു് താഴെ. ആ ചിത്രത്തിലെ നിഴലാണു് തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നതു്.

 

മുദ്രകള്‍: ,

മമ്മൂട്ടിയുടെ ബ്ലോഗും എന്റെ പുതുവര്‍ഷവും

2009 ജനുവരി മാസം ഒന്നാം തീയതി മുതല്‍ നന്നാവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണു് രാത്രി രണ്ടുമണിക്കു് ഉറങ്ങാന്‍ കിടന്നിട്ടും, നല്ലൊരു അവധി ദിവസമായിരുന്നിട്ടും രാവിലെ ആറുമണിക്കു് പതിവുപോലെ കണ്ണുതുറന്നപ്പോള്‍ ഒന്നുകൂടി ‘എംബ്രിയോണിക്‌’ മാതൃകയില്‍ ചുരുണ്ടുകൂടിക്കിടന്നു് ഉറങ്ങാതെ എഴുന്നേറ്റു് കട്ടിലില്‍ ഇരുന്നതു്. തുടര്‍ന്നു് ഉറങ്ങണമോ വേണ്ടയോ എന്നു് ഒരു പിടിയുമില്ലാതെ ഏതാണ്ടു് ഒരു അരമണിക്കൂര്‍ ഞാന്‍ അങ്ങനെ ഇരുന്നുകാണണം. കാരണം, ബാത്രൂമില്‍ എത്തിയപ്പോഴാണു് അവിടത്തെ സമയം സൂക്ഷിപ്പുകാരന്‍ ‘ആറു് മുപ്പതു്’ എന്നു് എന്നെ നോക്കി ചിരിച്ചതു്! കണ്ണടച്ചുപിടിച്ചാലും കാണാന്‍ കഴിയുന്നത്ര വലിയ അക്കങ്ങളുള്ള ആ പഹയന്റെ അടുത്തു് ഞഞ്ഞാപിഞ്ഞാ ഒന്നും ചിലവാവില്ല. പറഞ്ഞാല്‍പറഞ്ഞതുതന്നെ! ചിരിച്ചാല്‍ ചിരിച്ചതുതന്നെ!

വര്‍ഷത്തില്‍ 365 ദിവസവും, അധിവര്‍ഷത്തില്‍ 366 ദിവസവും ആവര്‍ത്തിച്ചിട്ടും ആവേശത്തിനു് ഒരു കുറവും സംഭവിച്ചിട്ടില്ലാത്ത ‘പ്രഭാതകര്‍മ്മങ്ങള്‍’ എന്ന പരോപകാരം ‘താമസമെന്തേ വരുവാന്‍’ എന്ന പിന്നണിഗാനത്തോടുകൂടെ പൂര്‍ത്തിയാക്കി അടുക്കളയിലെത്തി രണ്ടു് ടോസ്റ്റും രണ്ടു് കപ്പു് കാപ്പിയും ഒരു ഗ്ലാസ്‌ ജ്യൂസും ഒരു മുട്ടയും ഒരു സ്ലൈസ്ഡ്‌ തക്കാളിയും പ്രധാനറോളുകളില്‍ അഭിനയിക്കുന്ന ‘ബ്രേക്ക്ഫാസ്റ്റ്‌’ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ആഘോഷപൂര്‍വ്വം ആസ്വദിച്ചുകഴിഞ്ഞപ്പോള്‍ ടാര്‍സനേപ്പോലെ കൂവിവിളിച്ചു് ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്കു് ഒന്നു് ഊഞ്ഞാലാടാമെന്നൊരു ധൈര്യം തോന്നിയെങ്കിലും അടുക്കളയിലോ പ്രാന്തപ്രദേശങ്ങളിലോ മരങ്ങളും ഊഞ്ഞാലും ഒന്നുമില്ലാത്തതുകൊണ്ടും, സര്‍വ്വവസ്ത്രാഭരണഷൂവിഭൂഷിതനായവന്‍ മരം ചാടുന്നതു് ടാര്‍സവംശത്തിനു് ആകമാനം അപമാനമായതുകൊണ്ടും ഞാന്‍ ഒരു ഭാരതീയ ഋഷിവര്യനെപ്പോലെ സംയമനം പാലിക്കാന്‍ തീരുമാനിച്ചു. ബോധപൂര്‍വ്വമല്ലെങ്കിലും അതുവഴി 2009-ല്‍ നല്ലവനാവണം എന്നെടുത്ത തീരുമാനത്തിനോടു് എനിക്കു് നീതി പുലര്‍ത്താനുമായി. ‘Man proposes God disposes’ എന്നാണല്ലോ! എന്റെ പ്രൊപ്പോസല്‍ ദൈവം ഡിസ്പോസല്‍ ആക്കി എന്നു് ചുരുക്കം!

പണ്ടൊക്കെ മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലാവുകയായിരുന്നുവെങ്കില്‍, ഇന്നു് മറ്റു് കടുംകൈകള്‍ ഫലിക്കാതെ വരുമ്പോള്‍ ബ്ലോഗില്‍ പോസ്റ്റി മനുഷ്യരെ വധിക്കുക എന്നതാണു് അംഗീകൃത ലോകതത്വം. അവശനും ആര്‍ത്തനും ആലംബഹീനനുമായ ഒരു മനുഷ്യനു് ഒറ്റയ്ക്കു് ബ്ലോഗ്‌ മാനിയക്കെതിരായി ഒന്നും ചെയ്യാനാവില്ല. ‘വധിച്ചില്ലെങ്കില്‍ വധിക്കപ്പെടും എന്നതാണു് സ്ഥിതി!’ ഒരു കല്യാണം കഴിക്കണമെങ്കില്‍ ബ്ലോഗ്‌ വേണം എന്ന നിലയില്‍ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. “നീ പോടാ ബ്ലോഗില്ലാത്തവനേ!” എന്ന വാചകം ഇക്കാലത്തു് ഒരുവനോടു് പറയാവുന്നതില്‍ വച്ചു് ഏറ്റവും വലിയ തെറിയാണു്! ഇനിയും അമാന്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്നു് വന്നപ്പോള്‍ ഞാനും തുടങ്ങി കുറെനാള്‍ മുമ്പു് ഒന്നുരണ്ടെണ്ണം. വരമൊഴി തിരുമൊഴിയാവാതെ പാഴ്മൊഴിയായി മൊഴിചൊല്ലി വിടചൊല്ലാതിരിക്കാന്‍ നാല്‍പതു് ദിവസം എരുമപ്പാല്‍ മാത്രം കുടിച്ചുകൊണ്ടു് വ്രതമെടുത്തു. ഏറ്റവും നല്ല ‘ശുഭമുഹൂര്‍ത്തം’ കണിയാനു് കൈമടക്കുകൊടുത്തു് പിടിച്ചുവാങ്ങി. അങ്ങനെ ഞാന്‍ ഗൂഗിളിന്റെ ബ്ലോഗില്‍‍‍ വലതുകാല്‍ ചവിട്ടി ഗൃഹപ്രവേശം നടത്തി. ഒന്നോ ഒന്നിലധികമോ ബ്ലോഗുകള്‍ ഉള്ളവനു് ഇരുപത്തിനാലുമണിക്കൂറും ഇരുന്നയിരുപ്പു് ഇരിക്കേണ്ടി വന്നേക്കാമെന്നതിനാല്‍ വിരേചനം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാവാമെങ്കിലും വിരസത ഉണ്ടാവാന്‍ വഴിയില്ല. അതായതു്, മറ്റു് കടുംകൈകള്‍ ഒന്നും ചെയ്യാനില്ലെന്നു് തോന്നുമ്പോഴൊക്കെ ബ്ലോഗില്‍ പോസ്റ്റെഴുതി അബദ്ധത്തില്‍ അവ വായിക്കേണ്ടി വരുന്നവരെ വധിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു് അത്ഭുതപ്പെടാം, കണ്ണുതള്ളാം.

ഒന്നാം തീയതി ചെയ്യാന്‍ പറ്റിയ മറ്റു് സദ്കര്‍മ്മങ്ങള്‍ ഒന്നും തത്കാലം തലയില്‍ മുട്ടിവിളിക്കാത്തതുകൊണ്ടു് അവസാനം കമ്പ്യൂട്ടറിനെ ശരണം പ്രാപിച്ചു. മന്മോഹന്‍ജിയോ സോണിയാജിയോ രാഹുല്‍ജിയോ ഇമെയിലായി എനിക്കു് പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടോ എന്നു് നോക്കി. അത്ഭുതം! ഇല്ല! നവവത്സരാഘോഷങ്ങള്‍ കഴിഞ്ഞു് ഒത്തിരി താമസിച്ചു് കിടന്നതുകൊണ്ടു് പാവങ്ങള്‍ കൂര്‍ക്കം വലിച്ചു് ഉറങ്ങുകയാവും. ധൃതി വേണ്ടല്ലോ. അവര്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുതുകയോ വിളിക്കുകയോ ചെയ്യട്ടെ! ഒബാമയുടെ ഇമെയിലും വന്നിട്ടില്ല. അതു് പിന്നെ അമേരിക്കയിലെ സാമ്പത്തികബുദ്ധിമുട്ടുകൊണ്ടാണെന്നു് കരുതി ക്ഷമിക്കാം. ബ്ലോഗില്‍ എന്തുണ്ടു് വിശേഷം? പുതിയ കഥകളോ കവിതകളോ മറ്റോ? റബ്ബറിന്റെ വിലനിലവാരം എങ്ങനെയുണ്ടു്? എന്റെ കൈവശം തുളവീണ നാലു് ബലൂണുകള്‍ ഉണ്ടു്. റബ്ബറിന്റെ വില അല്‍പം കൂടിയിട്ടു് വേണം അതൊന്നു് വിറ്റു് നാലു് കാശുണ്ടാക്കി അടിപൊളിയായി ഒന്നാഘോഷിക്കാന്‍! അങ്ങനെ പോസ്റ്റുകള്‍ തപ്പി തപ്പി ചെല്ലുമ്പോഴാണു് കണ്ടതു്: മമ്മൂട്ടി ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു! ഒരു പറ്റു് മമ്മൂട്ടിക്കും പറ്റാമെന്നതിനാല്‍ അതു് അത്ര സാരമാക്കാനില്ല. മറ്റു് ശീലക്കേടുകള്‍ ഒന്നുമില്ലല്ലോ! ഒരബദ്ധം മമ്മൂട്ടിക്കു്പറ്റിയതുകൊണ്ടു് അതേ അബദ്ധം മോഹന്‍ലാലിനു് പറ്റിക്കൂടെന്നുമില്ല. കണ്ണില്‍ വിലകുറഞ്ഞ ഏതെങ്കിലും എണ്ണ ഒഴിച്ചു് ചായ കുടിച്ചുകൊണ്ടു് കാത്തിരിക്കുക തന്നെ! ഏതായാലും നമ്മടെ മമ്മുക്കാ എഴുതിയതല്ലേ! വായിക്കാമെന്നു് കരുതി.

പുതുവത്സരാശംസകളോടെയുള്ള തുടക്കം നന്നായി. ഒരു നല്ല കാര്യം തുടങ്ങുമ്പോളങ്ങനെ വേണം. മമ്മൂക്കായ്ക്കു് എന്റെയും ‘ചങ്കുതുറന്ന’ നവവത്സരാശംസകള്‍! അത്രയൊക്കെയേ എനിക്കു് പറ്റൂ! താഴേക്കു് വായിച്ചു് ചെന്നപ്പോള്‍ ഒരു വാചകം എന്റെ ശ്രദ്ധയില്‍പെട്ടു. “അധ്വാനിക്കുക എന്നതു് ഒരു ഭാരമോ കടമയോ അല്ല, ഒരു ശീലമാണു്.” ഉള്ളതു് പറയണമല്ലോ! രണ്ടുവട്ടം വായിച്ചിട്ടും അതിന്റെ ഗുട്ടന്‍സ്‌ എനിക്കു് പിടി കിട്ടിയില്ല. എന്റെ അനുഭവത്തില്‍ അദ്ധ്വാനം ഭാരമേറിയ ഒരു കാര്യമാണു്. (ചുമ്മാ ഒരു രസത്തിനാണെന്നും പറഞ്ഞു് എടുത്താല്‍ പൊങ്ങാത്ത ചാക്കുകെട്ടു് ചുമക്കുന്നവനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു നാറാണത്തു് ഭ്രാന്തന്‍ ഉണ്ടായിരുന്നു. പക്ഷേ അതു് വേറെ കേസുകെട്ടു്!) എന്റെ അഭിപ്രായത്തില്‍ അദ്ധ്വാനം ഭാരം മാത്രമല്ല, കടമയുമാണു്. ഒരു മനുഷ്യജീവി എന്ന നിലയില്‍ എനിക്കു് കടമകളുണ്ടു്. എന്റെ രാജ്യത്തിനോടു്, എന്റെ സമൂഹത്തിനോടു്, എന്റെ കുടുംബത്തിനോടു്, എല്ലാറ്റിലുമുപരി എന്നോടുതന്നെ! എന്റെ ജീവിതത്തിനോടു് ഞാനെങ്കിലും കടപ്പെട്ടിരിക്കണമല്ലോ. ജീവിതം മുന്നോട്ടു് പോകണമെന്നതു് നിലനില്‍പിന്റെ പ്രശ്നമാണു്. അതിനാല്‍, ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ജീവിതം ഒരു ബാദ്ധ്യതയാണു്, അല്ലെങ്കില്‍ ആവണം. എന്റെ കടമകള്‍ നിറവേറ്റാന്‍ വേണ്ടി ഏതൊരു സാധാരണ മനുഷ്യനെയും പോലെ എനിക്കു് ചെയ്യാന്‍ കഴിയുന്നതാണു് അദ്ധ്വാനം. അതുവഴി അദ്ധ്വാനം എന്റെ കടമയായി മാറുകയല്ലേ ചെയ്യുന്നതു്? ബൗദ്ധികമായാലും ശാരീരികമായാലും മനുഷ്യോര്‍ജ്ജം ചിലവഴിക്കപ്പെടേണ്ടി വരുന്നു എന്നതിനാല്‍ അദ്ധ്വാനം (work) ഒരു ഭാരം തന്നെയാണു്. മനുഷ്യശരീരത്തിന്റെ രണ്ടു് ശതമാനം മാത്രം ഭാരം വരുന്ന തലച്ചോറു് ആകെ ഊര്‍ജ്ജത്തിന്റെ ശരാശരി ഇരുപതു് ശതമാനമാണു് ഉപയോഗിക്കുന്നതു്. ഊര്‍ജ്ജത്തിന്റെ 80 ശതമാനം കൊണ്ടു് ശരീരത്തിലെ ബാക്കി 98 ശതമാനം തൃപ്തിപ്പെടുന്നു! അതായതു്, ശരീരംകൊണ്ടുള്ള അദ്ധ്വാനം മാത്രമല്ല, ബൗദ്ധികമായ അദ്ധ്വാനവും ഭാരം തന്നെയാണു്. അതേസമയം, മമ്മൂക്ക പറഞ്ഞതു് അദ്ധ്വാനം ഒരു ഭാരമായി ‘കരുതരുതു്’ എന്നായിരുന്നെങ്കില്‍ ഒരു പള്ളിപ്രസംഗത്തിനു് നല്‍കുന്ന വില തീര്‍ച്ചയായും ആ വാചകത്തിനു് നല്‍കേണ്ടിയും വന്നേനെ! അദ്ധ്വാനിക്കാത്തവര്‍ അദ്ധ്വാനിക്കുന്നവരോടു് നടത്തുന്ന ആഹ്വാനങ്ങളാണല്ലോ പള്ളിപ്രസംഗങ്ങള്‍! അതുപോലെ, അദ്ധ്വാനം എന്റെ ദൃഷ്ടിയില്‍ അതില്‍ത്തന്നെ ഒരു ശീലമല്ല. അതു് ജീവിതത്തിലെ അനിവാര്യതകള്‍ മൂലം ചെയ്യേണ്ടിവരികയും ശീലമായി മാറുകയും ചെയ്യുന്ന ഒരു ബാദ്ധ്യതയാണു്. ഇരതേടല്‍, ഇണചേരല്‍, ഇളംതലമുറയെ വളര്‍ത്തി വലുതാക്കല്‍ മുതലായ ജീവജാലങ്ങളുടെ സ്വാഭാവികഗതി തടസ്സപ്പെടാതിരിക്കണമെങ്കില്‍ നിറവേറ്റപ്പെടേണ്ട അദ്ധ്വാനങ്ങള്‍, കടമകള്‍!

കൂടാതെ, അത്ര പ്രധാനമല്ലെങ്കിലും രസകരമായി തോന്നിയതു് ‘കൗശലപൂര്‍വ്വമുള്ള നിക്ഷേപങ്ങളുമുണ്ടാവണം’ എന്ന പ്രയോഗമാണു്. ഇന്നത്തെ സാമ്പത്തികപ്രതിസന്ധിക്കു് കാരണം പ്രധാനമായും ഓഹരി-, റിയല്‍ എസ്റ്റേറ്റ്‌മേഖലകളിലെ ‘കൗശലക്കാര്‍’ – പ്രത്യേകിച്ചും അമേരിക്കയില്‍ – വേണ്ടവിധം നിയന്ത്രിക്കപ്പെടാതിരുന്നതുമൂലമാണെന്നിരിക്കെ, ‘കൗശലപൂര്‍വ്വമായ നിക്ഷേപങ്ങള്‍’ എന്നതു് ഒഴിവാക്കാമായിരുന്നു എന്നു് തോന്നുന്നു. കൗശലം എന്ന പദത്തിനു് സൂത്രപ്പണികളിലുള്ള സാമര്‍ത്ഥ്യം എന്നൊരു നെഗറ്റീവ്‌ ഛായ കൂടി ഉള്ളതുകൊണ്ടാവാം, കൗശലം എന്നു് കേള്‍ക്കുമ്പോള്‍ ഞാന്‍ സാധാരണ കുറുക്കനെയാണു് ഓര്‍ക്കാറു്. കേരളത്തിലെ ഒരു പ്രസിദ്ധ സിനിമാനടന്‍ ബ്ലോഗെഴുതുമ്പോള്‍ വായനക്കാരുടെ പ്രതീക്ഷയും അതിനനുസൃതം വലുതായിരിക്കുമല്ലോ. വായന കൂടുതല്‍ ശ്രദ്ധാപൂര്‍വ്വവും!

മമ്മൂട്ടിയേപ്പോലുള്ളവര്‍ ബ്ലോഗിംഗിലേക്കു് കടന്നുവരുന്നതു് കേരളസമൂഹത്തിനു് പൊതുവേയും, മലയാളം ബ്ലോഗ്‌ ലോകത്തിനു് പ്രത്യേകിച്ചും അഭിമാനത്തിനും പുതിയ ഉണര്‍വ്വിനും കാരണമാവുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണു്. ഏറെ നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

(ഇതില്‍ മമ്മൂട്ടിയെപ്പറ്റിക്കൂടി എഴുതിയതു് അതുവഴി എന്റെ ബ്ലോഗില്‍ നാലാളെ കൂട്ടാനാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ!)

 

മുദ്രകള്‍: , ,