RSS

Daily Archives: ഡിസംബര്‍ 15, 2008

മനുഷ്യാവകാശം?

1. അമ്മയെ സഹായിക്കാന്‍ കല്ലുചുമക്കുന്ന പിഞ്ചുമകള്‍

2. ജീവിക്കാന്‍ വേണ്ടി താങ്ങാനാവാത്ത കല്ലുകള്‍ ചുമക്കേണ്ടി വരുന്ന ബാലന്‍

മനുഷ്യാവകാശം ഇല്ലാത്തവര്‍  ‍:

അമ്മമാരും മക്കളും! ജീവിതത്തിന്റെ മൌലികമായ അനിവാര്യതകള്‍ക്കുവേണ്ടി ചോര നീരാക്കുന്നവര്‍ . അവരെ സഹായിക്കാന്‍ ദൈവമില്ല, മനുഷ്യരില്ല. അവര്‍ക്കു് അവര്‍ മാത്രം! പൊട്ടിക്കുന്ന കല്ലിന്റെ അളവിനു് കിട്ടുന്ന കൂലി. എത്രനാള്‍ അദ്ധ്വാനിക്കുന്നുവോ അത്രനാള്‍ ജീവിതം. മനുഷ്യാവകാശങ്ങള്‍ എന്തെന്നു് അറിയാത്തതിനാല്‍ മനുഷ്യാവകാശലംഘനത്തെപ്പറ്റി പരാതികളുമില്ല! പരാതി ഉണ്ടായാല്‍ പോലും വാദിക്കാന്‍ വക്കീലില്ല, വാദം കേള്‍ക്കാന്‍ കോടതികളുമില്ല. മന്ത്രിമാരേയും ഉദ്യോഗസ്ഥന്മാരേയും വിലയ്ക്കെടുത്തു് തങ്ങള്‍ക്കു് അനുകൂലമാക്കാന്‍ തുടുത്ത അവയവങ്ങളോ മുഴുത്ത പണസഞ്ചികളോ ഇല്ല. ഇതുവരെ “ദൈവത്തിനു്” എന്തെങ്കിലും കൊടുത്തിട്ടുള്ളതല്ലാതെ ദൈവത്തില്‍ നിന്നും ഒന്നും ലഭിച്ചിട്ടില്ലാത്ത അവരെ പാപമോചിതരാക്കി “ദൈവമക്കളാക്കാന്‍” ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടു് എന്നാണു് കേള്‍വി. അതു് നന്നായി. മരണശേഷമെങ്കിലും അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമല്ലോ! പാറപൊട്ടിച്ചു് ഉണ്ടാക്കുന്നതിന്റെ ഒരംശം പിടിച്ചുപറിക്കാനും, പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനും ഒക്കെ വേണം ഒരുതരം ദൈവവരം (തൊലിക്കട്ടി എന്നു് പച്ചമലയാളം)! വിധവയുടെ ചില്ലിക്കാശു് ആയാലും കിട്ടുന്നതു് പോന്നോട്ടെ! പണത്തിനു് ദുര്‍ഗ്ഗന്ധമില്ല, അയിത്തമില്ല, ജാതിയില്ല, മതമില്ല, ലിംഗമില്ല.

മനുഷ്യാവകാശം ഉള്ളവര്‍‍ (അഥവാ, മനുഷ്യാവകാശം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നവര്‍ ‍):

(സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട) സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യകാത്വം പരിശോധിച്ചതു് മനുഷ്യാവകാശലംഘനമാണെന്നു് സിസ്റ്റര്‍ ജെസി കുര്യന്‍ – വാര്‍ത്ത

അഭയാ കേസുമായി ബന്ധപ്പെട്ട്‌ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന റിപ്പോര്‍ട്ടു പുറത്തുവിട്ട നടപടി വൈദ്യശാസ്ത്ര നീതിക്കു നിരക്കാത്തതും മനുഷ്യത്വരഹിതവുമാണെന്നു വിദേശരാജ്യങ്ങളിലടക്കം മുപ്പതു വര്‍ഷത്തിലേറെയായി സേവനം ചെയ്തിട്ടുള്ള പ്രമുഖ ഗൈനക്കോളജിസ്റ്റ്‌ ഡോ. മേരി മാഴ്സെലസ്‌ അഭിപ്രായപ്പെട്ടു. – വാര്‍ത്ത.

മനുഷ്യാവകാശലംഘനം കന്യാചര്‍മ്മപരിശോധനയ്ക്കു് മാത്രമാണോ ബാധകം എന്നറിയില്ല. മനുഷ്യാവകാശം ഇല്ലാത്തതുകൊണ്ടാണോ നിരപരാധികള്‍ കൊല്ലപ്പെടുന്നതും, കളിച്ചുനടക്കേണ്ട കുട്ടികള്‍ കല്ലുമടകളില്‍ പാറപൊട്ടിക്കുന്ന ജോലിയില്‍ ഏര്‍പ്പെടേണ്ടിവരുന്നതെന്നും അറിയില്ല. അത്തരം കാര്യങ്ങളെപ്പറ്റി വിശദവും വ്യക്തവുമായി അറിയാവുന്ന പലരും അഭയയുടെ കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സ്ഥിതിക്കു് അവരിലാരെങ്കിലും ആരോരുമില്ലാത്ത ഈ അഗതികള്‍ക്കുവേണ്ടിയും രംഗപ്രവേശം ചെയ്താലോ എന്ന പ്രതീക്ഷയാണു് ഈ പോസ്റ്റിനാധാരം. പദവിയും കാര്യവിവരവും ഉള്ളവര്‍ ഇടപെട്ടാലല്ലേ എന്തെങ്കിലും നടക്കൂ!

Advertisements
 

മുദ്രകള്‍: , ,