RSS

Monthly Archives: ജൂണ്‍ 2008

പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

കൂട്ടുകാരനോടു് പങ്കുചേര്‍ന്നു് കഞ്ചാവു് വലിക്കുമ്പോഴും, എവിടെയോ കണ്ടുകിട്ടിയ ഒരു പുസ്തകം വായിക്കണമെന്നല്ലാതെ, കത്തിക്കണമെന്നു് തോന്നാത്ത ഒരു തെരുവുബാലന്‍‍! ഉറങ്ങാന്‍ അരമനയില്ലാതെ, ഉടുക്കാന്‍ കസവുടയാടകളില്ലാതെ, ചൂഷണം ചെയ്യാന്‍ ‘വിശ്വാസിപ്പട’ ഇല്ലാതെ, തെരുവില്‍ വളര്‍ന്നു്, തെരുവില്‍ ഉറങ്ങി, കിട്ടുന്ന പണികള്‍ ചെയ്തു് പട്ടിണി മാറ്റി, ദുരിതവും കഷ്ടപ്പാടും മറക്കാന്‍ കഞ്ചാവിലും, മയക്കുമരുന്നുകളിലും അഭയം തേടുമ്പോഴും ഒരു പുസ്തകം വായിക്കാനുള്ളതാണു്, കത്തിക്കാനുള്ളതല്ല എന്നു് മറക്കാത്തവര്‍! ‘പ്രബുദ്ധകേരളത്തിലെ’ പ്രമാണിമാര്‍ ഇതൊന്നും കണ്ടാല്‍ ലജ്ജിക്കുകയില്ല. കാരണം, ലജ്ജിക്കണമെങ്കില്‍ ലജ്ജ എന്നൊന്നു് ഉണ്ടായിരിക്കണം. അതുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു് കണ്ണാടിയില്‍ നോക്കാന്‍ പോലും ലജ്ജിക്കേണ്ടി വരുമായിരുന്നല്ലോ!
കത്തോലിക്കാസഭയും, ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയുമൊക്കെ ചരിത്രത്തില്‍ നിന്നും ഒരിക്കലും മായാതെ മറയാതെ നില്‍ക്കുന്ന ‘പുസ്തകം കത്തിക്കല്‍’ വിദഗ്ദ്ധരാണു്. അവര്‍ക്കൊപ്പം തല ഉയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നതില്‍ ‘പുസ്തകം കത്തിക്കലില്‍’ പങ്കുചേരുന്ന കേരളത്തിലെ ആത്മീയകുഞ്ഞാടുകളും, ഗാന്ധി-നെഹ്രു-കോണ്‍ഗ്രസ്സും, മുസ്ലീം-ലീഗ്‌ ചങ്ങാതിമാരും അടക്കമുള്ള സകല ‘സാമൂഹികപരിഷ്കര്‍ത്താക്കള്‍ക്കും’ തീര്‍ച്ചയായും അഭിമാനിക്കാം!
‘കത്തിക്കല്‍’ ഇന്നോളം ഒരു പരിഹാരമായിരുന്നില്ല. പക്ഷേ, അതറിയണമെങ്കിലും എന്തെങ്കിലുമൊക്കെ വായിച്ചിരിക്കണമല്ലോ. main hobby ആയ പ്രത്യുത്പാദനത്തിനുശേഷം, വല്ലപ്പോഴും സമയം കിട്ടിയാല്‍ ‘നന്മനിറഞ്ഞ മറിയം – ഉറക്കക്കഷായം’ കൊന്തമാല മേമ്പൊടി ചേര്‍ത്തു് സേവിക്കുന്നവര്‍ക്കെവിടെ പുസ്തകം വായിക്കാന്‍ നേരം? ഇനി, അഥവാ അബദ്ധത്തിലെങ്ങാനും ഒരു പുസ്തകം വായിക്കുന്നുണ്ടെങ്കില്‍ത്തന്നെ, അതു് ‘മുലച്ചിപ്പശു കുമ്പസാരക്കൂട്ടില്‍’ എന്ന വിശ്വസാഹിത്യത്തിലെ classic ആയിരിക്കും താനും!
Advertisements
 

മുദ്രകള്‍: ,

മൃതശരീരം വജ്രമോതിരമാക്കി ധരിക്കാം

ജനിച്ചു എന്നതു് സത്യമാണെങ്കില്‍ എന്നെങ്കിലും മരിക്കാതെ തരമില്ല. അതു് എന്നാളത്തേക്കും ഒരു സത്യമായി തുടരുമോ എന്നു് പറയാനാവില്ല എങ്കിലും, പ്രൗഢഗംഭീരമായി പാണ്ടിപ്പോത്തിന്റെ പുറത്തുകയറി മീശയൊക്കെ പിരിച്ചു് യമനെന്ന കാലമാടന്‍ അന്റാര്‍ട്ടിക്കിന്റെയും തെക്കു് എവിടെനിന്നോ ബുദ്ധിമുട്ടി കഷ്ടപ്പെട്ടു് വീട്ടുപടിക്കല്‍ എത്തുമ്പോള്‍ “നീ തിരിച്ചുപോടാ കാലാ, എനിക്കു് തോന്നുമ്പോ ഞാന്‍ അങ്ങു് വന്നോളാം” എന്നൊക്കെ പറഞ്ഞാല്‍ അദ്ദേഹം വല്ലാതെ ദുഃഖിക്കും. ഇത്രേം വഴി പോത്തിനേം അടിച്ചു് വന്നിട്ടു് ചുമ്മാ വെറുംകൈ ആയി മടങ്ങണം എന്നു് വന്നാല്‍ യമനെന്നല്ല, ആര്‍ക്കായാലും മലയാളസിനിമയിലെ നായികമാരെപ്പോലെ ഉടനടി ഉള്ളുകലങ്ങി നെഞ്ചുരുകും, കണ്ണില്‍ saturated NaCl Solution നിറയും, അതു് original ‘kaalan’ mark കണ്മഷിയുമായി കെട്ടിപ്പുണര്‍ന്നു് കവിളിലൂടെ കാവേരിപോലെ താഴേക്കു് ഒഴുകി, ശിവന്റെ ജടയില്‍ ഗംഗാജലം എന്നപോലെ, മീശയില്‍ കുടിപാര്‍ക്കാന്‍ തുടങ്ങും. നമ്മള്‍ നിരുപാധികമായി കൂടെ പോകാമെന്നു് സമ്മതിക്കുന്നതുവരെ അങ്ങേര്‍ കരച്ചില്‍ നിറുത്തുകയില്ല. അവസാനം സഹാനുഭൂതിയുടെ പേരില്‍ നമ്മള്‍ കനിഞ്ഞു് യമദേവന്റെ ഇംഗിതത്തിനു് വഴങ്ങും. നമ്മളെസംബന്ധിച്ചിടത്തോളം അതൊരു പൂര്‍ണ്ണവിരാമമാണു്. അതോടെ തീര്‍ന്നു കാര്യങ്ങള്‍. വിമോചനസമരവും, സാമൂഹ്യപാഠവും, മാങ്ങാച്ചമ്മന്തിയും, മാര്‍ക്സിസവും, വായ്നാറ്റമുള്ള വിശുദ്ധപിതാക്കളും, അമ്മയാവാന്‍ കൊതിക്കുന്ന കന്യാസ്ത്രീകളും എല്ലാം അവിടെ വരെ മാത്രം!

നമ്മള്‍ കാലന്റെ കൂടെ പോയാലും തീരാത്ത ചില കാര്യങ്ങള്‍ നമ്മള്‍ ഉപേക്ഷിച്ചു് പോകുന്നവര്‍ക്കു് നേരിടേണ്ടതായുണ്ടു്. ശവസംസ്കാരം എങ്ങനെ ആയിരിക്കണം? മണ്ണില്‍ കുഴിച്ചിടണമോ? ദഹിപ്പിക്കണമോ? ദഹിപ്പിച്ചാല്‍ തന്നെ ഭസ്മം കടലില്‍ വിതറണമോ? മൂവാണ്ടന്‍മാവിനു് വളമാക്കണമോ? കുടത്തില്‍ ശേഖരിച്ചു് കുഴിച്ചിടണമോ? കുഴിച്ചിടണമെങ്കില്‍ തന്നെ തെമ്മാടിക്കുഴിയിലോ, എലിക്കുഴിയിലോ, അതോ പുലിക്കുഴിയിലോ? ഇതൊന്നുമല്ലെങ്കില്‍, വൈദ്യന്‍കുഞ്ഞുങ്ങള്‍ക്കു് കീറിമുറിച്ചു് പഠിക്കാന്‍ ശവം മെഡിക്കല്‍ കോളേജിനെ ഏല്‍പിക്കണമോ? അങ്ങനെ ഉടനെ ഉത്തരം കണ്ടുപിടിക്കേണ്ട നൂറുനൂറു് ചോദ്യങ്ങളായിരിക്കും അര്‍ജ്ജുനന്റെ ‘പെരുകുന്ന’ ശരം പോലെ ഇടതടവില്ലാതെ ബന്ധുക്കളുടെ മേല്‍ പതിച്ചുകൊണ്ടിരിക്കുന്നതു്. ആരെയും ബുദ്ധിമുട്ടിക്കരുതെന്നു് നിര്‍ബന്ധമുള്ളവരായിരുന്നു മരിച്ച നമ്മളെങ്കില്‍ സമയത്തും കാലത്തും ഒരു വില്‍പത്രം എഴുതിയുണ്ടാക്കി ശവസംസ്കാരത്തിനു് വേണ്ടിവരുന്ന ചില്ലറസഹിതം, “ഞാന്‍ ചത്തിട്ടേ തുറക്കാവൂ, അല്ലെങ്കില്‍ തല്ലുകൊള്ളും!” എന്നൊരു warning വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തി, കഞ്ഞിപ്പശകൊണ്ടു് ഭദ്രമായി ഒട്ടിച്ച ഒരു കവറില്‍ ‘കള്ളനു് കഞ്ഞിവച്ച’ ഏതെങ്കിലും ഒരു വക്കീലിനെ ഏല്‍പിച്ചിട്ടുണ്ടാവും. യമന്റെ വാച്ചു് ‘made in’ ആയതുകൊണ്ടാവാം ചിലപ്പോള്‍ ഫാസ്റ്റും മറ്റുചിലപ്പോള്‍ സ്ലോവും ആവുമെന്നതിനാല്‍, കൃത്യസമയത്തു് വില്‍പത്രം എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും എല്ലാവര്‍ക്കും അതു് കഴിയണമെന്നുമില്ല. രണ്ടു് മുട്ടും കീറിയ രണ്ടു് ജീന്‍സും, (ഒന്നു് പഴക്കം മൂലവും, മറ്റേതു് ഫാഷനുവേണ്ടി മേടിച്ചപ്പോള്‍ തന്നെ ബ്ലേഡിനു് വരഞ്ഞുകീറിയതും!) വാങ്ങിച്ചപ്പോള്‍ വെള്ളയായിരുന്ന മൂന്നു് ബ്രൗണ്‍ റ്റീഷര്‍ട്ടും സ്വന്തം സ്ഥാവരജംഗമവസ്തുക്കള്‍ എന്നു് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയുന്നവര്‍ക്കു് സമയത്തു് വില്‍പത്രം എഴുതാന്‍ കഴിയാതെ പോവുന്നതു് പേനയില്‍ മഷി ഇല്ലാതിരുന്നതുകൊണ്ടും ആയിക്കൂടെന്നില്ല.
ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ സ്നേഹിച്ചിരുന്ന, നമ്മളെ സ്നേഹിച്ചിരുന്ന ചില മനുഷ്യജീവികളെ ലോകത്തില്‍ ബാക്കിയാക്കിയിട്ടാണല്ലോ നമ്മള്‍ കാലന്റെ കൂടെ പോകുന്നതു്! സ്വയം എന്നെങ്കിലും ഇതേ യാത്ര ആരംഭിക്കുന്നതുവരെ അവരില്‍ പലരും നമ്മളെ മനസ്സില്‍ ഓര്‍മ്മകളായി സൂക്ഷിക്കുന്നവരായിരിക്കും. അവരില്‍ പലരും ആ ഓര്‍മ്മയുടെ പ്രതീകങ്ങളായി എന്തെങ്കിലുമൊക്കെ വസ്തുക്കള്‍ നിധിപോലെ കരുതി കാത്തു് സൂക്ഷിക്കുന്നുമുണ്ടാവാം. ചിലപ്പോള്‍ ഒരു ഫോട്ടോ, അല്ലെങ്കില്‍ നമ്മള്‍ നല്‍കിയ ചെറിയ ചെറിയ സമ്മാനങ്ങള്‍, നമ്മള്‍ നല്‍കിയ എഴുത്തുകള്‍ അങ്ങനെ പലതും! മാലയുടെ പതക്കത്തിനുള്ളില്‍ സ്നേഹിക്കുന്നവരുടെ തലമുടിയുടെ അംശം സൂക്ഷിക്കുന്ന ഒരേര്‍പ്പാടു് വളരെ പണ്ടു് ഉണ്ടായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. ഇന്നും അതുപോലുള്ള ഒറ്റപ്പെട്ട രീതികള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാവാം. ഈ രീതിയുടെ ഒരു പരിഷ്കരിച്ച പതിപ്പാണു് മൃതശരീരത്തില്‍ നിന്നും കൃത്രിമമായി വജ്രം നിര്‍മ്മിച്ചെടുക്കുക എന്നതു്. ബന്ധുവിന്റെ ഭൗതികാവശിഷ്ടത്തിന്റെ ഒരംശം ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു് വജ്രക്കല്ലാക്കി രൂപാന്തരപ്പെടുത്തി മോതിരത്തിലോ കമ്മലിലോ മറ്റോ പതിപ്പിച്ചു് ആഭരണമായി ധരിക്കുവാന്‍ സങ്കേതികമായി ഇന്നു് സാദ്ധ്യമാണു്.

വേണമെങ്കില്‍ ഈ രീതിയെ ‘വജ്രശവസംസ്കാരം’ എന്നു് വിളിക്കാം. ഇതിലെ ഒരു പ്രശ്നം, വജ്രം നിര്‍മ്മിക്കണമെങ്കില്‍ ശവശരീരം ദഹിപ്പിക്കപ്പെടണം എന്നതാണു്. മണ്ണില്‍ അടക്കപ്പെടുന്ന ശവശരീരങ്ങളെ വജ്രമാക്കാനാവില്ല എന്നു് ചുരുക്കം. ഓവല്‍ ആകൃതിയിലും, ഹൃദയരൂപത്തിലും, മറ്റു് പലതരം മാതൃകകളിലുമുള്ള ‘വജ്രക്കല്ലുകള്‍’ ലഭ്യമാണു്. ആവശ്യമെങ്കില്‍, ഈ കല്ലുകളില്‍, നഗ്നനേത്രങ്ങള്‍ കൊണ്ടു് കാണാന്‍ കഴിയാത്തത്ര ചെറിയ അക്ഷരങ്ങളില്‍ പേരു് കൊത്തിവയ്ക്കാനുമാവും. വജ്രക്കല്ല് വളരാന്‍ ഏകദേശം മൂന്നു് മാസം സമയമെടുക്കും. കല്ലിന്റെ വലിപ്പവും മറ്റുമനുസരിച്ചു് ഇന്നത്തെ നിരക്കില്‍, മൂന്നു് ലക്ഷം മുതല്‍ ഒന്‍പതു് ലക്ഷം വരെ രൂപ ചിലവു് വരും. ഒന്നില്‍ കൂടുതല്‍ കല്ലുകളും ഓര്‍ഡര്‍ ചെയ്യാം. സ്വാഭാവികമായും അവയ്ക്കു് അതിനനുസരിച്ചു് കൂടുതല്‍ വിലയും നല്‍കേണ്ടിവരും. സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ‘വജ്രംവളര്‍ത്തല്‍’ കമ്പനിയുടെ സഹായത്തോടെ വിയന്നയിലെ ഒരു ശവമടക്കു് കമ്പനിയാണു് ഈ സേവനം വാഗ്ദാനം ചെയ്യുന്നതു്. അധികം വിയന്നക്കാരും മണ്ണിനടിയില്‍ അന്ത്യവിശ്രമം കൊള്ളാന്‍ ആഗ്രഹിക്കുന്നവരായതുകൊണ്ടാവാം, മരിച്ചവരെ വജ്രമാക്കാന്‍ വലിയ ഇടിച്ചുകയറ്റം ഇതുവരെ തുടങ്ങിയിട്ടില്ല. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ‘വജ്രശവസംസ്കാരം’ അനുവദിക്കുന്നുമില്ല. ഇതൊരു പുതിയരീതി ആയതാവാം അതിന്റെ ഒരു കാരണം.
അത്യാവശ്യത്തിനു് ചില്ലറ പോക്കറ്റിലും, തലയില്‍ ആവശ്യത്തിനു് മുടിയുമുണ്ടെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുറെ മുടി മുറിച്ചെടുത്തു് കത്തിച്ചു് ആ കരിയില്‍ നിന്നും വേണമെങ്കില്‍ വജ്രമുണ്ടാക്കാം. തത്വത്തില്‍, ശരീരത്തിലെ ഏതു് ഭാഗത്തുനിന്നെടുക്കുന്ന രോമങ്ങളും വജ്രമായി സ്ഥാനാരോഹണം ചെയ്യപ്പെടാന്‍ യോഗ്യതയുള്ള potential candidates ആണു്.
സാങ്കേതികം:
മൃതശരീരം 800 മുതല്‍ 950 വരെ ഡിഗ്രി സെന്റിഗ്രേഡില്‍ ദഹിപ്പിക്കപ്പെടുമ്പോള്‍ ബാക്കിയാവുന്നതില്‍ ഏകദേശം മൂന്നു് ശതമാനം കാര്‍ബണ്‍ ആയിരിക്കും. ഈ ബാക്കിയെ ചുരുങ്ങിയതു് 1200 ഡിഗ്രിയില്‍ വീണ്ടും ദഹിപ്പിക്കുമ്പോള്‍ മുഴുവന്‍ കാര്‍ബണും കാര്‍ബണ്‍ഡയോക്സൈഡ്‌ ആയിത്തീരും. അവസാനം ബാക്കിവരുന്നതു് ഭൗതികാവശിഷ്ടമായ ചാരമാണു്. വജ്രം വളര്‍ത്തിയെടുക്കാന്‍ amorphous carbon ആവശ്യമായതിനാല്‍, ദഹനപ്രക്രിയ അല്‍പം വ്യത്യസ്തമായ രീതിയില്‍ നടത്തപ്പെടണം. 50000 മുതല്‍ 60000 വരെ ബാര്‍ മര്‍ദ്ദത്തില്‍, 1800 മുതല്‍ 2000 വരെ കെല്‍വിന്‍ ടെമ്പറേച്ചറില്‍, hexagonal crystals ആയി മാറുന്ന കാര്‍ബണെ അനുയോജ്യമായ ഒരു catalytic agent-ന്റെ സഹായത്തോടെ ഏതാനും ആഴ്ചകള്‍ കൊണ്ടു് വജ്രമാക്കി മാറ്റുന്നു!
ദൈവദോഷം:
മനുഷ്യപുത്രന്‍ കാഹളനാദവുമായി മേഘത്തില്‍ വരുമ്പോള്‍ ഈ വജ്രമോതിരങ്ങള്‍ സൂചിക്കുഴയിലൂടെ കടക്കില്ല എന്നു് പറഞ്ഞേക്കാന്‍ സാദ്ധ്യതയുണ്ടു്. കാരണം, ‘വജ്രമോതിരം’ ജീവിച്ചിരുന്നപ്പോള്‍ നല്ല ചുറ്റുപാടുള്ളവന്‍/ള്‍ ആയിരുന്നിരിക്കണമല്ലോ! അതിനാല്‍ യേശു അവനെ/ളെ ഒരുപക്ഷേ നരകത്തിലേക്കു് തള്ളിയേക്കാം. വജ്രത്തിനു് അതു് അത്ര സാരമുള്ള കാര്യമാവാന്‍ വഴിയില്ല. കാരണം, വജ്രമാവാന്‍ സഹിക്കേണ്ടിവന്നതിനേക്കാള്‍ വലിയ ചൂടും മര്‍ദ്ദവുമൊന്നും നരകത്തില്‍ ഉണ്ടാവാന്‍ വഴിയില്ല. അല്ലെങ്കില്‍, ഇത്രയും ഭീമമായ മര്‍ദ്ദം താങ്ങുമ്പോള്‍ പണ്ടേക്കു് പണ്ടേ നരകത്തിലെ ‘ചാവാത്ത പുഴുക്കള്‍’ വയറുപൊട്ടിച്ചാവേണ്ടതായിരുന്നു! അത്രയും വലിയ മര്‍ദ്ദവും ചൂടും നരകത്തില്‍ ഉണ്ടായിരുന്നു എങ്കില്‍, അവിടെ ചെല്ലുന്നവരെ മുഴുവന്‍ പിശാചു് വജ്രാഭരണങ്ങളാക്കി മാറ്റി ഭാര്യയുടെയും പിള്ളേരുടെയും തന്റെയുമൊക്കെ കാതിലും, കഴുത്തിലും, മൂക്കിലും, പാദത്തിലും, അരയിലും, മുടിയുടെ പകുക്കലിലും, തുളയ്ക്കാനും തിരുകാനും പറ്റുന്ന മറ്റു് ശരീരഭാഗങ്ങളിലുമൊക്കെ കുത്തിത്തിരുകി സര്‍ക്കസ്‌ കുതിരകളെപ്പോലെ സര്‍വ്വാഭരണവിഭൂഷിതരായി ഞെളിഞ്ഞേനെ! എങ്കില്‍ ദൈവം പോലും എത്രയും വേഗം നരകത്തില്‍ എത്തി, പിശാചിന്റെ കീഴില്‍ എന്തെങ്കിലും ജോലി കണ്ടെത്തി നാലു് കാശുണ്ടാക്കി, ആഭരണലോട്ടറി ചേര്‍ന്നു് മലയാളിമങ്കമാരെപ്പോലെ തന്നെയും ആഭരണത്തില്‍ പൊതിഞ്ഞേനെ! ‘തിരുവാഭരണം’ എന്താ ദൈവത്തിനു് കയ്ക്കുമോ?
 
ഒരു അഭിപ്രായം ഇടൂ

Posted by on ജൂണ്‍ 28, 2008 in പലവക

 

മുദ്രകള്‍: ,

ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?

“മതമില്ലാത്ത ജീവന്‍” എന്ന പാഠഭാഗം വിവാദവിഷയമായിരിക്കുകയാണല്ലോ. അവിടെ ‘ജീവന്‍’ എന്നതു് ഒരു വിദ്യാര്‍ത്ഥിയുടെ പേരാണു്. ആ പാഠഭാഗം വായിച്ച എനിക്കു് അതില്‍ ഏതെങ്കിലും വിധത്തില്‍ ആരുടെ എങ്കിലും മതവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതായോ, മതവികാരം വൃണപ്പെടുന്നതായോ തോന്നിയില്ല. ഇനി, ജീവന്‍ എന്ന വാക്കു് ഭാഷാപരമായ അര്‍ത്ഥത്തില്‍ എടുത്താല്‍ എനിക്കു് എന്റെ ഈ നിലപാടു് തിരുത്തേണ്ടി വരുമോ? അഥവാ, ‘ജീവനു്’ സത്യത്തില്‍ ഒരു മതമുണ്ടോ? അതറിയണമെങ്കില്‍ ആദ്യം ജീവന്‍ എന്തെന്നു് അറിയണമല്ലോ. ജീവന്‍ എന്നതുകൊണ്ടു് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നതു് പല മതങ്ങളും പഠിപ്പിക്കുന്ന, മനുഷ്യന്‍ മരിച്ചാലും മരിക്കാത്ത, ‘ആത്മാവു്’ എന്ന എന്തോ ഒന്നു് അല്ല എന്നു് ആദ്യമേ സൂചിപ്പിക്കുന്നു. രൂപമെടുത്തു്, വളര്‍ന്നു്, അവസാനിക്കുന്ന, പൂര്‍ണ്ണമായ അനിശ്ചിതത്വത്തില്‍ അധിഷ്ഠിതമായ, ജൈവശാസ്ത്രപരമായ ഒരു പ്രതിഭാസം മാത്രമാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ജീവന്‍. ‘ആത്മാവു്’ എന്ന വിഷയത്തെപ്പറ്റി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടല്ല, നേരേ മറിച്ചാണു്. ഭൂമിയിലെ പല ‘ആത്മീയരാജകൊട്ടാരങ്ങളുടെയും’ അറപ്പുരകളില്‍ ടണ്‍ കണക്കിനു് ശേഖരിച്ചുവച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഈ ഒരു വിഷയത്തെപ്പറ്റി മാത്രം എഴുതിയിട്ടുള്ളവയാണു്. കൂലികൊടുത്തു് എഴുതിപ്പിച്ചിട്ടുള്ള ഒരു നല്ല പങ്കു് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ! ഏതു് നിലപാടുകള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണോ അവ എഴുതപ്പെട്ടതു്, അവയെല്ലാം ഇന്നും പരിഹരിക്കപ്പെടാത്ത ചോദ്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണു്! ‘ആത്യന്തികമായ അര്‍ത്ഥം’ കണ്ടെത്തി എന്നു് ‘വിശ്വസിക്കാനല്ലാതെ’ മറ്റൊന്നും അവര്‍ അതുവഴി ഇന്നുവരെ നേടിയുമില്ല. അങ്ങനെ വെറുതെ വിശ്വസിക്കാനായിരുന്നെങ്കില്‍ ആ ബുദ്ധിമുട്ടുകളുടെ എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ? എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ‘തെളിയിക്കാന്‍’ ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തിട്ടും, ഇതൊന്നും അറിയാത്ത ആ പാവങ്ങള്‍ നില്‍ക്കുന്നിടത്തുനിന്നുപോലും ഒരു ചുവടു് മുന്നോട്ടു് വയ്ക്കാന്‍ ഇന്നും കഴിയാത്ത പണ്ഡിതര്‍ അവരുടെ ‘ചിന്താശേഷിയെപ്പറ്റി ചിന്തിക്കേണ്ട’ കാലം അതിക്രമിച്ചിരിക്കുന്നു എന്നു് പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.

‘മുട്ടുമ്പോള്‍ മാത്രം തൂറിയാല്‍ മതി എന്നു് തീരുമാനിച്ചു് മുക്കിത്തൂറുന്നവരോടു് ടാറ്റാ പറഞ്ഞു്’ സ്വന്തവഴികള്‍ തേടി പിരിഞ്ഞ ശാസ്ത്രജ്ഞര്‍ തങ്ങള്‍ക്കു് ചുറ്റുമുള്ള ലോകത്തിലെ ചെറിയ ചെറിയകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കൊച്ചുകൊച്ചു് ചുവടുവയ്പുകളിലൂടെ അവര്‍ വളരെ ദൂരം പോവുകയും ചെയ്തു. മുക്കുന്നവര്‍ (മാമോദീസ മുക്കുന്നവരല്ല, തൂറാന്‍ മുട്ടാഞ്ഞിട്ടും ചുമ്മാ കഷ്ടപ്പെട്ടു് മുക്കിത്തൂറാന്‍ നോക്കുന്നവര്‍!) മുക്കാത്തവരെ ഭയപ്പെടുന്ന കാഴ്ച്ചയാണു് ഇന്നു് നമ്മള്‍ കാണുന്നതു്! അനുഭവങ്ങളില്‍ നിന്നും പഠിക്കുക, അതു് പില്‍ക്കാലങ്ങളില്‍ പ്രാവര്‍ത്തികമാക്കുക എന്നതു് മനുഷ്യബോധത്തിന്റെ ഭാഗമാണു്. അതുകൊണ്ടാണു് സഹസ്രാബ്ദങ്ങള്‍ ആദ്ധ്യാത്മികമായി കുത്തിയിരുന്നു് മുക്കിയിട്ടും തൂറാന്‍ കഴിയാതിരുന്ന ‘ആത്മാവു്’ എന്ന ‘അമേധ്യം’ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചതു്. മുക്കുന്നവര്‍ മുക്കി മുക്കി കണ്ണൊക്കെ ശരിക്കും ചുവന്നു് ഉള്ളി മൂക്കുന്നപോലെ നല്ലപോലെ അങ്ങു് മൂക്കട്ടെ!

‘ജീവന്‍’ എന്ന പൊതുവില്‍ നിന്നും ആദ്യമായി മനുഷ്യജീവന്‍ എന്ന ‘ഘടകത്തെ’ വേര്‍പെടുത്തി നമുക്കൊന്നു് ചിന്തിച്ചുനോക്കാം. ഒരുദാഹരണം: വ്യത്യസ്ത മതാനുയായികളായ രണ്ടു് ദമ്പതികള്‍ക്കു് ഒരാശുപത്രിയില്‍ ഒരേ രാത്രിയില്‍ ജനിക്കുന്ന രണ്ടു് കുഞ്ഞുങ്ങളെ ആരുമറിയാതെ കട്ടില്‍ മാറ്റിക്കിടത്തിയാല്‍, ആര്‍ക്കും ഒരു സംശയത്തിനും ഇടവരാതെ വളര്‍ന്നു് വലുതാവാന്‍ അവരെ അനുവദിച്ചാല്‍, അവരുടെ മതങ്ങള്‍ അവരെ ജനിപ്പിച്ച മാതാപിതാക്കളുടേതാവുമോ? ഇല്ലല്ലോ? ഏതു് കുടുംബത്തില്‍ അവര്‍ വളരുന്നുവോ ആ കുടുംബത്തിലേതായിരിക്കും അവരുടെ മതവും വിശ്വാസവും. ഈ രണ്ടു് മതങ്ങളും തമ്മില്‍ പിന്നീടു് എന്നെങ്കിലും രക്തരൂഷിതമായ ഒരു സംഘട്ടനം ഉണ്ടാവുന്നു എന്നും, അതില്‍ ഈ രണ്ടു് കുടുംബങ്ങളും പങ്കെടുക്കുന്നു എന്നുമുള്ള ഒരു worst case സങ്കല്‍പിച്ചാല്‍, അവിടെവച്ചു് ഇവര്‍ രണ്ടുപേരും അവര്‍ക്കു് ജന്മം നല്‍കിയ മാതാപിതാക്കളെപ്പോലും ഒരുപക്ഷേ കൊലചെയ്തു എന്നും വരാം. ഇവിടെ വേണമെങ്കില്‍ നമുക്കു് നമ്മോടുതന്നെ ചോദിക്കാം: മനുഷ്യജീവനു് അതില്‍ത്തന്നെ ഒരു മതമുണ്ടോ? ഇതിനു് നിങ്ങളുടെ മറുപടി “ഉണ്ടു്” എന്നെങ്ങാനുമാണെങ്കില്‍ നിങ്ങള്‍ രക്ഷപെടുത്താനാവാത്തവിധം ആഴത്തില്‍ ഒരു വിശ്വാസി ആയിക്കഴിഞ്ഞിരിക്കാനാണു് സാദ്ധ്യത. നിങ്ങള്‍ ഒരു വിശ്വാസിയായിത്തന്നെ തുടരുന്നതാണു് എന്തുകൊണ്ടും നിങ്ങള്‍ക്കു് നല്ലതും! നിങ്ങളുടെ നിലപാടു് ന്യായീകരിക്കാന്‍ ഉതകുന്ന എന്തെങ്കിലുമൊക്കെ വാദമുഖങ്ങള്‍ നിങ്ങള്‍ക്കു് കണ്ടെത്താനാവുമെന്ന കാര്യത്തിലും എനിക്കു് യാതൊരു സംശയവുമില്ല. പക്ഷേ, നിങ്ങള്‍ക്കു് ഒരിക്കലും അറിയാന്‍ കഴിയാത്തതു്, നിങ്ങളുടെ വാദമുഖങ്ങള്‍ക്കു് നിങ്ങളുടെ ഭക്തിയുടെ ലോകത്തില്‍ മാത്രമേ സാധുതയുള്ളൂ എന്നതാണു്; നിങ്ങള്‍ക്കു് മനസ്സിലാക്കാന്‍ കഴിയാത്തതു്, ഭക്തിയുടെ ലോകത്തിനു് വെളിയില്‍ മറ്റൊരു ലോകമുണ്ടെന്നും, അവിടെ reason, logic, rationality എന്നിവയുടെയൊക്കെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിയിരിക്കുന്ന മറ്റൊരു ലോകം നിലനില്‍ക്കുന്നുണ്ടെന്നതാണു്. വൈജ്ഞാനികതയുടെ ആ ലോകത്തില്‍ മനുഷ്യര്‍ മറ്റു് ഗ്രഹങ്ങളില്‍ കുടിയേറാന്‍ കഴിയുമോ എന്ന പഠനങ്ങളില്‍ വരെ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നതു് നിങ്ങളെ ഒരുവിധത്തിലും അലട്ടണമെന്നില്ല. (നിങ്ങള്‍ ചെയ്യേണ്ടതെന്തെന്നു് എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുന്‍പു് ദൈവം നേരിട്ടു് വെളിപ്പെട്ടു് ആരോടൊക്കെയോ അരുളിച്ചെയ്തിട്ടുമുണ്ടല്ലോ!) അവിടത്തെ നിയമങ്ങള്‍ അറിയാത്തവര്‍ അവിടെ എന്തെങ്കിലും തേടിയിട്ടു് വലിയ കാര്യമുണ്ടെന്നും തോന്നുന്നില്ല. ഗ്രാമീണകര്‍ഷകരുടെ ഭാഷയില്‍ പറഞ്ഞാല്‍ “മുതുകാള പശുവിനെ മെനക്കെടുത്തുന്നതിനു് തുല്യം!” ആയിരിക്കും ഭക്തന്‍ ശാസ്ത്രത്തില്‍ കയ്യിട്ടു് അളിച്ചുവാരുന്നതു്! ഭാഷ ഇത്തിരി പരുക്കനാണു്! ഇഞ്ചിയും മഞ്ഞളും കറുകപ്പട്ടയുമൊക്കെ കൃഷിചെയ്തു് ജീവിക്കുന്ന പാവം ഗ്രാമീണകര്‍ഷകരല്ലേ! അവര്‍ക്കു് ഭൂമി ഉരുണ്ടതായാലെന്തു്? പരന്നതായാലെന്തു്? സമയത്തും കാലത്തും മഴയും വെയിലും, കഞ്ഞിയും കറിയുമൊക്കെ കിട്ടിയാല്‍ തന്നെ അവര്‍ ഭയങ്കരമായിട്ടു് ഹാപ്പിയാവും! ദൈവത്തെ മനസ്സറിഞ്ഞു് സ്തുതിക്കും! അവരുടെയല്ലേ ഭാഷ? ചുമ്മാ ക്ഷമിച്ചുകള!

“ചൊവ്വാഗ്രഹത്തില്‍ ജീവനുണ്ടാവുമോ?” എന്ന ശാസ്ത്രജ്ഞരുടെ ചോദ്യം അവിടെ മനുഷ്യജീവനുണ്ടോ എന്ന അര്‍ത്ഥത്തിലേക്കു് ചുരുക്കി മനസ്സിലാക്കുന്ന ധാരാളം പേരെ പള്ളിയിലേക്കും, തിരിച്ചുമുള്ള വഴിയില്‍ വച്ചു് ഇടയ്ക്കിടെ കാണാറുണ്ടു്. ചൊവ്വയിലെ ഏതെങ്കിലും ഒരു നിഴലിന്റെ ഫോട്ടോയ്ക്കു് മനുഷ്യരൂപവുമായി നേരിയ ഛായ ഉണ്ടെന്നു് തോന്നിയാല്‍ ഉടനെ അവര്‍ അതു് അവിടെ ആരോ വെളിക്കിരിക്കുന്നതാണെന്നു് പ്രഖ്യാപിച്ചുകളയും! വീക്ഷകരുടെ പ്രായത്തിനും ലിംഗത്തിനും നിലപാടിനും ഒക്കെ അനുസരിച്ചു് ചൊവ്വാഗ്രഹത്തില്‍ തൂറാനിരിക്കുന്നതു് ആണോ പെണ്ണോ വിശുദ്ധനോ വിശുദ്ധയോ ഒക്കെ ആയി മുദ്രകുത്തപ്പെടും! തോരണം കെട്ടിയ ഒരു കൊടിമരം കണ്ടാല്‍ ഇത്തിരി പൊക്കമുള്ള ഏതോ സ്ത്രീ സാരിചുറ്റി നില്‍ക്കുന്നതായി കരുതുന്ന മലയാളനാട്ടിലെ വില്ലാളിവീരന്മാര്‍ക്കാണോ അത്തരം ഭാവനകള്‍ക്കു് പഞ്ഞം? ജീവന്‍ എന്ന വാക്കു് ഭാഷാപരമായി നമ്മള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍, ഒരു കഷണം കല്ലിനു് ജീവനില്ല എന്ന കാര്യത്തില്‍ നമുക്കു് സംശയം ഒന്നും ഉണ്ടാവാന്‍ വഴിയില്ല. ഒരു ഏകകോശജീവിക്കു് ജീവന്‍ ഉണ്ടെന്നാണു് നമ്മള്‍ വിശ്വസിക്കുന്നതെന്നു് ആ പേരുതന്നെ നമ്മോടു് പറയുന്നുണ്ടു്. അതേസമയം ഒരു വൈറസിനോ? ‘പെരുകുക’ എന്ന ഒരു പരിപാടി ഒഴികെ അക്ഷരാര്‍ത്ഥത്തില്‍ മറ്റൊന്നിനും കഴിവില്ലാത്ത, അതിനുപോലും ജീവനുള്ള ഒരു അന്യസെല്ലിനെ ആശ്രയിക്കേണ്ടിവരുന്ന ഒരു വൈറസിനു് ‘ജീവന്‍’ ഉണ്ടെന്നു് പറയാന്‍ പറ്റുമോ? ഇവിടെയും നമ്മുടെ മറുപടി എന്താണു് എന്നതു് ഏതു് കാഴ്ചപ്പാടില്‍ നിന്നുകൊണാണ്ടു് നമ്മള്‍ വിധിയെഴുതുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഒരു ‘നിര്‍ജ്ജീവവസ്തുവിന്റെ’ പരമാണുതലങ്ങളിലേക്കു് ഇറങ്ങി പരിശോധിച്ചാല്‍, അവിടെ ചില ശക്തികളും ചലനങ്ങളുമൊക്കെ കാണാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ആ അവസ്ഥയെ ബയോളജിക്കല്‍ ആയ അര്‍ത്ഥത്തില്‍ ‘ജീവന്‍’ എന്നു് വിളിക്കാമോ എന്നതു് മറ്റൊരു കാര്യം. ഇവിടത്തെ ചര്‍ച്ചാവിഷയം അതല്ല താനും. അന്യഗ്രഹങ്ങളില്‍ പ്രിമിറ്റീവ്‌ ആയ ‘ബയോളജിക്കല്‍ ജീവന്‍’ എന്ന പ്രതിഭാസം ഉണ്ടോ എന്നറിയാനാണു് ശാസ്ത്രം ശ്രമിക്കുന്നതു്. അല്ലാതെ അവിടെ ഏതെങ്കിലും വിശുദ്ധനും വിശുദ്ധയും ‘കണ്ണുപൊത്തിയും, മറശീല പൊക്കിയും’ കളിക്കുന്നുണ്ടോ എന്നറിയാനല്ല.

ഏതായാലും, വൈറസ്‌ മുതല്‍ അമീബയും തിമിംഗലവും വരെയുള്ള ജീവികള്‍ക്കു്, അഥവാ അവയുടെ ‘ജൈവശാസ്ത്രപരമായ ജീവനു്’ മതമുണ്ടാവില്ല എന്ന കാര്യത്തില്‍ സാധാരണഗതിയില്‍ നമുക്കു് സംശയം ഉണ്ടാവാന്‍ പാടില്ലാത്തതാണു്. പക്ഷേ ഈ ‘മിണ്ടാപ്രാണികളെ’ പോലും മനുഷ്യനു് വേണമെങ്കില്‍ ‘ദൈവവിശ്വാസികള്‍’ ആക്കി മാറ്റാന്‍ കഴിയും! “മരത്തിന്‍കൊമ്പിലിരിക്കും പക്ഷി ‘പെടുക്കും’ ശബ്ദമതുകേട്ടുറക്കമുണര്‍ന്നുടനെ നിന്റെ ‘പടച്ചോനെ’ നീ സ്തുതിക്കൂ!” എന്നും മറ്റും പണ്ഡിതരായ ഉപദേശിമാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ! ഈ പാട്ടിനോടു് നീതിപുലര്‍ത്താനായി എത്രയെത്ര ഞൊറിയിട്ട മേക്കാമോതിരങ്ങള്‍ പുലര്‍കാലേ ഞെട്ടിയുണര്‍ന്നു് “(അമ്പടി!) മനമേ പക്ഷിഗണങ്ങളുണര്‍ന്നിതാ പാട്ടുപാടീടുന്നു!” എന്നും മറ്റും തോണ്ട കീറിയിട്ടില്ല? ദൈവത്തെ ‘യുക്തിയുക്തം’ അനുഭവിച്ചറിഞ്ഞിട്ടുള്ള ഉപദേശിമാരുടെ അഭിപ്രായത്തില്‍ ഉച്ചഭാഷിണിയിലൂടെയും അല്ലാതെയുമുള്ള ഭൂമിയിലെ സകല ഒച്ചകള്‍ക്കും ഒച്ചുകള്‍ക്കും ഒരൊറ്റ ലക്ഷ്യമേയുള്ളു – ദൈവത്തെ സ്തുതിക്കുക! ചുമ്മാ ഏതെങ്കിലും ദൈവത്തെ സ്തുതിക്കലല്ല! ഏതു് ദൈവത്തിന്റെ ദാസനാണോ നമ്മുടെ കഥാനായകനായ ഉപദേശി, അദ്ദേഹത്തിന്റെ personally experienced, officially verified, recognized, sealed, registered and reserved, exclusively for all his believers on earth ആയ ദൈവത്തെ ആണു് ഇക്കണ്ട ചീവീടുകള്‍ മുഴുവന്‍ വായടയ്ക്കാതെ സ്തുതിച്ചുകൊണ്ടിരിക്കുന്നതു്! ചീവീടുകള്‍ പോലും ചിലക്കുമ്പോള്‍ മനുഷ്യര്‍ ചിലക്കാതിരുന്നാല്‍ എങ്ങനെ ശരിയാവും? അതാണതിന്റെ പിന്നിലെ ഉപദേശി-logic! കൂടുതല്‍ ‘ആത്മീയലോജിക്‌’ അറിയണമെന്നുള്ളവര്‍ ഏതെങ്കിലും ഉപദേശിയുടെ മാളികയ്ക്കു് മുന്നില്‍ താഴാഴ്മയോടെ നേര്‍ച്ചയുമായി ക്യൂ നില്‍ക്കുക! ചില ഉപദേശികള്‍ ജയിലിലായിരിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ടു്, കൂടുതല്‍ നാളുകള്‍ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വന്നേക്കാം. അതിനാല്‍ ‘പൊങ്കാലസ്റ്റൈലില്‍’ റോഡരികില്‍ കഞ്ഞിവച്ചു്, മാങ്ങയും ചെമ്മീനും ചമ്മന്തി അരച്ചു് കുടികിടക്കാനും തയ്യാറായി പോവുക! അമ്മിക്കല്ലും പുള്ളക്കല്ലും, ചൂലും ശ്രീ-ശ്രീ-‘തിരു’കിടയും, കൊന്തയും വെന്തിങ്ങയും, പല്ലുകുത്തിയും ചെവിതോണ്ടിയും, ശ്രീ-ശ്രീ-ഒട്ടകമാര്‍ക്കു് കൊതുകുതിരിയുമൊക്കെ കൂടെ കരുതിയിരിക്കണം എന്നു് സാരം! “ദുഃഖിച്ചാല്‍ സൂക്ഷിക്കേണ്ട” എന്നാണല്ലോ മഹദ്‌വചനം!

“മത്തായിക്കുട്ടന്‍ പഠിക്കാത്തതു് മത്തായിച്ചേട്ടന്‍ ഒരിക്കലും പഠിക്കില്ല” എന്ന അര്‍ത്ഥത്തില്‍ ഒരു ജര്‍മ്മന്‍ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടു്. അതായതു്, മനുഷ്യനെ ചാക്കിട്ടു് പിടിച്ചു് വെട്ടില്‍ വീഴിക്കണമെങ്കില്‍ ചെറുപ്പത്തിലേ ചാക്കിട്ടിരിക്കണം. അതൊരു one way traffic പോലെയാണു്. ഒരിക്കല്‍ ചാക്കില്‍ വീണുകിട്ടിയാല്‍ പിന്നെ ഒരു മടക്കയാത്ര അത്ര എളുപ്പമല്ല. ഒരുത്തനെ വിഡ്ഢിക്കു് തുല്യനായ വിശ്വാസി ആക്കിത്തീര്‍ക്കണമെങ്കില്‍ അതിനുള്ള ശ്രമം ബാല്യത്തിലേ ആരംഭിച്ചിരിക്കണം. ഒരുവനെ വീഴിച്ചാല്‍ മതി, അവന്റെ പിന്‍തലമുറകള്‍ മിക്കവാറും അവന്റെ ‘സത്യമാര്‍ഗ്ഗം’ പിന്‍തുടര്‍ന്നുകൊള്ളും. മുന്‍പേ ഗമിച്ചീടിന ഉറുമ്പിന്റെ പുറകെ ആണല്ലോ മറ്റു് ഉറുമ്പുകള്‍ ഇലക്കഷണങ്ങളും, അരിയും, നെല്ലും, വെള്ളിക്കുരിശും, വെഞ്ചാമരവും, ബാന്റുമേളവുമായി “ഈ വഴി വളരെ ഇടുക്കം ഞെരുക്കം, ആരിതു് കടന്നിടുമേ?” എന്ന കോറസുമായി മലചവിട്ടുന്നതു്! അതുപോലെതന്നെ, മത്തായിക്കുട്ടന്‍ എന്തു് പഠിക്കണമെന്നു് മത്തായിച്ചേട്ടന്‍ തീരുമാനിക്കും. മത്തായിക്കുട്ടന്‍ മത്തായിച്ചേട്ടനാവുമ്പോള്‍ തന്റെ മോന്‍ മാത്യൂസ്കുട്ടന്‍ എന്തു് പഠിക്കണമെന്നു് അഭിനവമത്തായിച്ചേട്ടന്‍ തീരുമാനിക്കും. ചുരുക്കത്തില്‍, തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തില്‍ മുലകുടി മാറിയിട്ടില്ലായിരുന്ന (മത്തായികുടുംബത്തില്‍ മുലകുടി ആര്‍ഭാടപൂര്‍വ്വമായ ഒരു ദീര്‍ഘകാലപ്രക്രിയയാണു്!) അഭിവന്ദ്യ മാത്തന്‍പിതാവു് തന്റെ കടിപ്രദേശത്തുനിന്നു് കടിഞ്ഞൂലായി പുറപ്പെട്ട മാത്തുക്കുട്ടിക്കു് തന്റെ സകലമാന സ്ഥാവരജംഗമസ്വത്തുക്കളും കാലാകാലം കൈവശം വച്ചനുഭവിച്ചാനന്ദിക്കാന്‍ തണ്ടപ്പേരില്‍ എഴുതിച്ചേര്‍ത്ത തീറാധാരത്തിന്റെ ഓലവരയ്ക്കായി പതിനാറു് വര്‍ഷം കൊണ്ടു് കാണാതെ പഠിച്ച ഏതോ ‘അജ്ഞാനപ്പാനയിലെ’ ആദ്യത്തെ നാലുവരികളാണു് മത്തായിത്തറവാട്ടിലെ വിജ്ഞാനസമ്പത്തു്. അതില്‍ കൂടുതല്‍ അറിവു് മത്തായിത്തറവാടിനു് ആവശ്യമില്ല. കൂടുതല്‍ അറിവു് ആവശ്യമുണ്ടെങ്കില്‍ അതു് ചോദിച്ചറിയാനാണു് ആത്മീയപിതാക്കള്‍! കുമ്പസാരക്കൂട്ടില്‍ വച്ചു് ആരും കേള്‍ക്കാതെ അവരോടു് ചോദിക്കാം. അവര്‍ക്കെല്ലാം അറിയാം. കാരണം, ദൈവത്തിനു് അറിയുന്നതെല്ലാം അവര്‍ക്കറിയാം. അല്‍പം കൈമടക്കു് കൊടുത്താല്‍ ദൈവത്തിനറിയാത്ത ചില രഹസ്യ അടവുകള്‍ (occult science!) വരെ അവര്‍ പഠിപ്പിച്ചുതരും! അവരാരാ പുള്ളികള്‍! പള്ളി പഠിപ്പിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും പഠിക്കണം എന്നു് മത്തായികളോടു് പറയുന്നവന്‍ നിരീശ്വരവാദിയും ദൈവദോഷിയുമായി വീക്ഷിക്കപ്പെടണമെന്ന ഒരു പാഠം മാത്രമേ അവര്‍ക്കു് വേദോപദേശക്ലാസ്സില്‍ പഠിക്കേണ്ടിവന്നുള്ളു. ഈ പരിജ്ഞാനത്തിന്റെ അനന്തരഫലമായി, അങ്ങനെയുള്ളവരെ കണ്ടാല്‍ മതി, പിശാചിനെ കണ്ട കുരിശിനെപ്പോലെ, മത്തായിത്തറവാട്ടിലെ ആണ്‍-പെണ്‍-വയറുകള്‍ക്കുള്ളില്‍ കൊളുത്തിപ്പിടിക്കാനും പുളിച്ചുതികട്ടാനും തുടങ്ങും. അതു് പൊതുസമൂഹത്തിനു് പൊതുവേ മാരകമായ ഒരവസ്ഥയാണു്. ഇത്തരം സ്ഫോടകാത്മകമായ സാഹചര്യങ്ങളില്‍ മത്തായിമാരുടെ അയല്‍വാസികള്‍ gas mask ധരിച്ചേ പുറത്തിറങ്ങാറുള്ളു.

തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തിനു് മുന്‍പു് ‘ആമീന്‍’ എന്ന ഒരു വാക്കു് മാത്രമായിരുന്നു മത്തായികുടുംബത്തിന്റെ വൈജ്ഞാനികസമ്പത്തു്. പാതിരിയുടെ പദാനുഗരായി ഇഴഞ്ഞുനീങ്ങി വിധേയത്വം രേഖപ്പെടുത്തുന്നതിനിടയില്‍, പാതിരി അരുളിച്ചെയ്യുന്ന ഓരോ തിരുവചനത്തിന്റേയും അന്ത്യത്തില്‍ ‘ആമീന്‍’ ചൊല്ലുന്നതു് അവര്‍ക്കു് കുടുംബമഹിമയുടെയും, തറവാടിത്തത്തിന്റെയും അടയാളമായിരുന്നു! കര്‍ത്താവിന്റെ ശിഷ്യന്മാര്‍ അധികവും മീന്‍ പിടുത്തക്കാരായിരുന്നതുകൊണ്ടു് ഈ ‘ആമീനും’ ആ മീന്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഏതോ ഇനമാണെന്നായിരുന്നു മത്തായി-ചേട്ടന്‍-അനിയന്മാരുടെ പൊതുവായ ധാരണ. ഉണക്ക അയലയോ, ഉണക്ക മത്തിയോ, അല്ലെങ്കില്‍ ‘കുറിച്ചി’ എന്നു് മറുപേരുള്ള മുള്ളനോ ഒക്കെ ചുട്ടതും, പുഴുങ്ങിയ ‘ചെണ്ടമുറിയന്‍’ കപ്പയുമൊക്കെ (ചില വിദേശതാലൂക്കുകളില്‍ പൂളക്കിഴങ്ങു് എന്നും പറയും!) ആയിരുന്നു പലപ്പോഴും മത്തായികുടുംബത്തിലെ ‘ബ്രേക്ഫാസ്റ്റും, ലഞ്ചും, സപ്പറും’ എന്നതിനാല്‍, ‘മീന്‍’ അവരെസംബന്ധിച്ചു് ചിരപരിചിതമായ ഒരു വാക്കും വസ്തുവുമായിരുന്നു താനും. മീനില്‍ നിന്നും ആമീനിലേക്കുള്ള വഴി അത്ര ദീര്‍ഘമല്ലല്ലോ! പള്ളിയിലെ കുര്‍ബ്ബാനയില്‍ ഓരോ മത്തായിയും തന്റെ ‘ആമീന്‍ പാണ്ഡിത്യം’ വെളിപ്പെടുത്താന്‍ അങ്ങേയറ്റം പരിശ്രമിക്കാറുണ്ടായിരുന്നു. ആരോഹണാവരോഹണങ്ങളിലൂടെ അവര്‍ ആമീന്‍ ചൊല്ലിക്കഴിയുന്ന നേരംകൊണ്ടു് ഒരുമാതിരിക്കാര്‍ ഒരു ദേശീയഗാനം മുഴുവന്‍ തെറ്റുകൂടാതെ ചൊല്ലിത്തീര്‍ത്തിരിക്കും! കൂടാതെ, അന്നത്തെ നാലുവരി അജ്ഞാനപ്പാനയാണു് പില്‍ക്കാലത്തു് അജ്ഞാനപ്പനയും, വെറും പനയും, പനംകള്ളും, തെങ്ങിന്‍കള്ളും ഒക്കെയായി രൂപാന്തരം പ്രാപിച്ചതു് എന്നുകൂടി ഇവിടെ സൂചിപ്പിച്ചുകൊള്ളുന്നു. ‘കേരളസംസ്കാരം, ഒരു വികടവീക്ഷണം’ എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ നൂറ്റമ്പത്തിമൂന്നാം വാല്യത്തില്‍ പ്രതിപാദിക്കുന്ന ‘മത്തായിചരിതത്തില്‍’ ഈ വസ്തുതകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരങ്ങള്‍ വാല്യം 153-ല്‍ തന്നെ ചേര്‍ത്തതു് ഒരു വെറും യാദൃച്ഛികതയല്ല, അതൊരു അത്ഭുതമാണു്! ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാര്‍ക്കു് പ്രത്യക്ഷപ്പെട്ടു് വലവീശാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വീശിക്കോരിയതു് 153 വലിയ മത്സ്യങ്ങളെ ആയിരുന്നു എന്നു് യോഹന്നാന്റെ സുവിശേഷത്തില്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടു്! എത്ര കൃത്യമായാണു് ഈ സംഖ്യകള്‍ രണ്ടും ഒത്തുവന്നതു് എന്നുനോക്കൂ! ഇവിടെ നമ്മള്‍ തിരിച്ചറിയേണ്ടതു്, മീന്‍, ആമീന്‍ എന്നിവയെ മത്തായികുടുംബവുമായി ഇത്ര സൂക്ഷ്മമായി ബന്ധപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ മത്തായിമാരോടുള്ള സ്നേഹത്തിന്റെ ആഴമാണു്. നമുക്കു് കോറസായി “എന്തതിശയമേ, ദൈവത്തിന്‍ സ്നേഹം!” എന്ന ഗാനം ആലപിക്കാം. പാടാന്‍ അറിയാത്തവര്‍ മുഴുനീളത്തില്‍ വെറുതെ മൂളിയശേഷം അവസാനത്തെ ‘ആമീന്‍’ മാത്രം ഉറക്കെച്ചൊല്ലുക!

ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ‘മതവിരുദ്ധഭാഗങ്ങള്‍’ നീക്കണം എന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടു് തെരുവിലിറങ്ങാന്‍ ഇന്നു് കുറേപ്പേരെങ്കിലും തയ്യാറാവുന്നുണ്ടെങ്കില്‍ അതിനു് കാരണം കീഴ്‌വഴക്കത്തില്‍ അധിഷ്ഠിതമായ ഈ വിധേയത്വമാണു്. ഇടയലേഖനം എന്നു് കേള്‍ക്കുമ്പോള്‍ തന്നെ അരയും തലയും മുറുക്കി ചാടിപ്പുറപ്പെടുന്ന അവരില്‍ അധികവും ആ പാഠഭാഗങ്ങള്‍ വായിച്ചിട്ടുള്ളവരല്ല എന്നതു് മറ്റൊരു സത്യം. അതു് വായിക്കേണ്ട ആവശ്യം അവര്‍ക്കില്ല. എന്തിനു് അവരതു് വായിക്കണം? പിതാക്കള്‍ അതുപോലെ എന്തൊക്കെയോ പറഞ്ഞു എന്നു് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ തന്നെ ധാരാളം! “പിതാവു് എന്റെ ഇടയന്‍, എനിക്കു് കാലിനോ കൈക്കോ മുട്ടുവേണ്ട, പിതാവു് എനിക്കായി മുട്ടിക്കൊള്ളും” എന്ന വിശുദ്ധവചനം ശ്രദ്ധിക്കുക! ആ പാഠങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ കൂട്ടം കൂട്ടമായി ‘നിരീശ്വരവാദികളായി ആകാശം ഇടിഞ്ഞുവീണേക്കാവുന്ന’ ഒരു ‘ബോംബും’ ആ പാഠങ്ങളിലില്ല എന്നു് അതു് നിഷ്പക്ഷമായി വായിച്ചിരുന്നെങ്കില്‍ അവര്‍ക്കും ഒരുപക്ഷേ മനസ്സിലായേനെ! (ഞാന്‍ ഒരു ശുഭാപ്തിവിശ്വാസക്കാരനാണു്!)

സാധാരണജനങ്ങളുടെ അജ്ഞത മുതലെടുത്തു് തിന്നു് കൊഴുക്കുന്ന, കൊഴുക്കുമ്പോള്‍ celibacy-യും, സന്യാസിജീവിതത്തിലെ മറ്റു് നിയന്ത്രണങ്ങളുമൊക്കെ മറക്കാന്‍ തോന്നുന്ന, നമുക്കു് കൃത്യവും, വ്യക്തവും ആയി അറിയാവുന്ന ചിലരുടെയും, അവരുടെ ശിങ്കിടികളുടെയും ചരടുവലിക്കൊത്തു് തെരുവിലിറങ്ങി കൊത്തിച്ചാവാന്‍ ഈ ‘കൊത്തുകോഴികള്‍’ സ്വമേധയാ സന്നദ്ധരാവുകയാണു്. തന്റെ നിലനില്‍പ്പിനു് ദോഷം ചെയ്യുന്ന, തനിക്കു് നഷ്ടമല്ലാതെ ലാഭം ഒന്നുമില്ലാത്ത ഒരു നടപടി കൈക്കൊള്ളരുതെന്നു് instinctive ആയി ഏതു് മൃഗത്തിനും അറിയാം. എന്നിട്ടും, ചിന്താശേഷി ഉണ്ടാവേണ്ടവരായ മനുഷ്യരില്‍ ചിലര്‍ തങ്ങളുടെ അദ്ധ്വാനഫലം കൊണ്ടു് സുഖജീവിതം നയിക്കുന്ന ഏതാനും ഇത്തിക്കണ്ണികളുടെ കസേര ഉറപ്പിക്കാന്‍ തെരുവിലിറങ്ങി തല്ലുകൊള്ളാന്‍ തയ്യാറാവുന്നതിനു് കാരണം തങ്ങള്‍ ബലിയാടുകള്‍ ആക്കപ്പെടുകയാണെന്നു് അവര്‍ അറിയുന്നില്ല എന്നതു് മാത്രമാവാനേ കഴിയൂ. ജാതിമതഭേദമെന്യേ, സാമൂഹികജീര്‍ണ്ണതക്കെതിരെ, സമൂഹത്തിലെ മാനുഷികവും, സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാല്‍ അതിനു് അന്തസ്സുണ്ടു്, നീതീകരണമുണ്ടു്. അങ്ങനെ ജനങ്ങള്‍ ചെയ്താല്‍ ആദ്യം മാളത്തില്‍ നിന്നും പുറത്തുചാടേണ്ടവരാണു് ഇന്നു് ‘ഏഴാം ക്ലാസിലെ നിരീശ്വരവാദം’ എന്ന ഉമ്പാച്ചി കാണിച്ചു് അനുയായികളെ ഒരു ജനകീയസര്‍ക്കാരിനെതിരെ അണിനിരത്തുന്നതു്! ഇവരുടെ ചരടുവലിക്കൊപ്പിച്ചു്, നാളെയും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ മറുചോദ്യം ചോദിക്കാതെ ‘തെരുവുയുദ്ധം’ നടത്താന്‍ ഏതാനും വിഡ്ഢികളെ കിട്ടണമെങ്കില്‍ ഇന്നത്തെ യുവതലമുറയില്‍ തന്നെ ഇവര്‍ തലമുറകളായി നടത്തുന്ന brain washing തുടങ്ങിയിരിക്കണം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു് നോക്കുമ്പോള്‍, കുട്ടികള്‍ ഒരുകാര്യവും വിമര്‍ശനാത്മകമായി പഠിക്കരുതു്, ചിന്തിക്കരുതു് എന്ന നിലപാടുകൊണ്ടു് ആര്‍ക്കാണു് നേട്ടം എന്നു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഇനി, ആളുകള്‍ മുഴുവന്‍ നിരീശ്വരവാദികളാവാന്‍ തീരുമാനിച്ചു എന്നു് വാദത്തിനുവേണ്ടി കരുതുക! എന്തേ? ജനങ്ങള്‍ക്കു് അതിനുള്ള അവകാശമില്ലേ? ഭരണഘടന അതിനു് അനുവാദം നല്‍കുന്നില്ലേ? ദൈവത്തില്‍ വിശ്വസിക്കാനും, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കാനും, ഏതെങ്കിലുമൊരു മതത്തില്‍ അംഗമാവാനും, അല്ലെങ്കില്‍ ആവാതിരിക്കാനുമുള്ള തീരുമാനം സ്വയം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കു് അനുവദിക്കുന്ന ഭരണഘടന നിലവിലിരിക്കുന്ന ഒരു രാജ്യത്തില്‍, “മതേതരത്വം നിരീശ്വരവാദമാണോ?” എന്നു് ചോദിക്കുന്നവരോടു് ഒന്നേ പറയാനുള്ളു: മതേതരത്വം നിരീശരവാദമല്ലെങ്കില്‍ അതു് മതവിശ്വാസവുമല്ല; മതേതരത്വം മതവിശ്വാസമാണെങ്കില്‍ അതു് നിരീശരവാദവുമാണു്. അത്ര ലളിതമാണു് കാര്യം.

യൂറോപ്പില്‍ ശ്മശാനം ഓരോ മതവിഭാഗങ്ങളുടെതല്ല, നിരീശ്വരവാദികള്‍ക്കടക്കം എല്ലാവര്‍ക്കും പൊതുവാണു്. അവിടെ തെമ്മാടിക്കുഴികളില്ല. ശവസംസ്കാരത്തിനു് ചിലവുള്ളതുകൊണ്ടു് നിശ്ചിത ഫീസുമുണ്ടു്. കഴിവില്ലാത്തവര്‍ക്കു് സഹായം ലഭിക്കും. ശവം എവിടെ സൂക്ഷിക്കണമെന്നും, എങ്ങനെയൊക്കെ സംസ്കരിക്കാമെന്നും (കുഴിച്ചിടല്‍, ദഹിപ്പിക്കല്‍, മുതലായ രീതികള്‍) ഉള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളുണ്ടു്. അതു് പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണു്. അനുവദിച്ചിട്ടില്ലാത്ത തരത്തിലുള്ള ശവസംസ്കാരം ശിക്ഷാര്‍ഹവുമാണു്. സാധാരണഗതിയില്‍ ശവസംസ്കാരം അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ആളുകളെ ഏല്‍പിക്കാറാണു് പതിവു്. ഞാന്‍ ഇതിവിടെ പറയാന്‍ കാരണം, “നിന്നെ തെമ്മാടിക്കുഴിയില്‍ അടക്കും”, അല്ലെങ്കില്‍ “നിന്റെ ശവം ഞങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കുകയില്ല, നിന്റെ മക്കളെ പള്ളിയില്‍ കെട്ടിക്കുകയില്ല” മുതലായ നാറുന്ന ഭീഷണികള്‍ അവിടെ ചെലവാവില്ല എന്നു് സൂചിപ്പിക്കാന്‍ വേണ്ടിയാണു്. മനുഷ്യനെ ‘തെമ്മാടിക്കുഴിയില്‍’ അടക്കാന്‍ മടിക്കാത്ത ഇത്തരം സാക്ഷാല്‍ തെമ്മാടികളെ പ്രബുദ്ധന്‍ എന്നു് അഭിമാനിക്കുന്ന കേരളീയന്‍ ഇന്നും സഹിക്കുന്നതും, ഇനിയും സംരക്ഷിക്കാന്‍ തുനിയുന്നതും ലജ്ജാവഹമാണു് എന്നേ പറയാനുള്ളു.

മനുഷ്യര്‍ നിരീശ്വരവാദികളായാല്‍ ലോകം അവസാനിക്കും എന്നു് പേപ്പിടി കാണിക്കുന്ന സമൂഹദ്രോഹികള്‍! ലോകം അവസാനിക്കും എന്നതു് ഒരു പരിധിവരെ ശരിയാണു്. ആരുടെ ലോകമാണു് അവസാനിക്കുന്നതു് എന്നേ അറിയേണ്ടതുള്ളു. അതു് പക്ഷേ ഈ ഭൂമിയോ, അതില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ലോകമോ ആയിരിക്കുകയില്ല. ജനങ്ങള്‍ ബോധവാന്മാരായാല്‍ അവസാനിക്കുന്നതു് അഗതികളില്‍ അഗതികളായവരുടെ പോലും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ അറയ്ക്കാത്ത, സത്യവേദമോതുന്ന പിശാചുക്കളുടേതായിരിക്കും. ഇനി പറയൂ, എന്തുകൊണ്ടാണു് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ശീലിക്കരുതെന്നു് പരിശുദ്ധപിതാക്കന്മാര്‍ കടുംപിടുത്തം പിടിക്കുന്നതെന്നു്. യേശു പഠിപ്പിച്ചപോലെ, പ്രാര്‍ത്ഥിക്കണം എന്നു് തോന്നുമ്പോള്‍ മനുഷ്യര്‍ മുഴുവന്‍ മുറിയില്‍ കയറി വാതിലടച്ചു് ഏകാന്തമായി, ഏകാഗ്രമായി ‘ദൈവവുമായി’ communicate ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അച്ചന്മാര്‍ പള്ളിയില്‍ ചൂണ്ട ഇട്ടുകൊണ്ടിരുന്നിട്ടു് എന്തുകാര്യം? മനുഷ്യര്‍ സ്വയംപര്യാപ്തത കൈവരിക്കാതിരിക്കേണ്ടതു് മറ്റാരേക്കാള്‍ കൂടുതലായി പൗരോഹിത്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണു്. കുപ്പായം ഊരിമാറ്റി, സാധാരണജനങ്ങളെപ്പോലെ ജോലിചെയ്തു് വിയര്‍ക്കേണ്ട അവസ്ഥയില്‍ പുരോഹിതര്‍ എത്താതിരിക്കണമെങ്കില്‍ ജനങ്ങള്‍ അജ്ഞരായി തുടരണം. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പള്ളിക്കു് എന്തു് സംഭവിക്കുമെന്നു് പതിവായി യൂറോപ്പും മറ്റും സന്ദര്‍ശിക്കുന്ന പിതാക്കള്‍ നേരിട്ടു് കണ്ടു് മനസ്സിലാക്കുന്ന കാര്യങ്ങളാണുതാനും.

ഭരണഘടന ജനങ്ങള്‍ക്കു് എത്രതന്നെ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചാലും, വ്യക്തമായ ഒരു നിലപാടു് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കു് കഴിയണമെങ്കില്‍ കാര്യങ്ങളുടെ വ്യത്യസ്തവശങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കു് കഴിയണം. തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കു് വിപരീതമായ ചില നിലപാടുകള്‍ ലോകത്തില്‍ നിലവിലുണ്ടു് എന്നുപോലും അറിയാന്‍ അവസരം നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്കു് അങ്ങനെ ഒന്നിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുമോ? കുട്ടികളിലേക്കു് ‘അറിവു്’ കുനീല്‍ വച്ചു് കോരി ഒഴിക്കാതെ, മറുപടികളിലും പരിഹാരങ്ങളിലും സ്വയം എത്തിച്ചേരാന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു ശിക്ഷണരീതി തെറ്റാണെന്നു് പറയുന്നവന്‍ ഒന്നുകില്‍ വിഡ്ഢി, അല്ലെങ്കില്‍ പഠിച്ച കള്ളനും ചൂഷകനും! ഇതില്‍ ഏതു് വിഭാഗമാണു് തങ്ങള്‍ എന്നു് ഈ വിദ്യാഭ്യാസരീതിയെ വിമര്‍ശിക്കുന്നവര്‍ക്കു് സ്വയം തീരുമാനിക്കാം. രണ്ടായാലും, സ്വന്തം കോട്ടകൊത്തളങ്ങള്‍ സംരക്ഷിക്കാന്‍ ഭാവിതലമുറയെ കരുവാക്കുന്നവര്‍ ചെയ്യുന്നതു് കുട്ടികള്‍ക്കു് അവരുടെ കഴിവുകള്‍ കണ്ടെത്തി സ്വതന്ത്രമായി വളരാനുള്ള മൗലികാവകാശത്തില്‍ കൈകടത്തലാണെന്നതിനാല്‍, അതു് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യാവകാശധ്വംസനമാണു്.

സ്ഥാപിതതാല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നതോ, വിഭാഗീയചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതോ, സാമുദായികജിഹ്വകളോ, ലാഭമാത്രലക്‍ഷ്യത്തില്‍ നടത്തപ്പെടുത്തുന്നതോ അല്ലാത്ത, സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു നല്ല മാധ്യമം പോലുമില്ലാത്ത ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍ അമാവാസി‌ നാളിലെ അര്‍ദ്ധരാത്രിയില്‍ കലങ്ങിയ വെള്ളത്തില്‍ നീന്തേണ്ടി വരുന്ന മത്സ്യങ്ങളെപ്പോലെ ആയിരിക്കും. അവര്‍ക്കായി വീശപ്പെട്ട വലകളെയോ അവ വീശിയവരെയോ കാണുവാന്‍ അവര്‍ക്കു് കഴിയുകയില്ല.

പന്ത്രണ്ടുവയസ്സില്‍ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം മാനസികമായി വളര്‍ന്നിട്ടുണ്ടാവുമോ എന്നതാണു് പരിഗണനാര്‍ഹമായ ഒരു സംശയം. പന്ത്രണ്ടുവയസ്സു് അത്ര ചെറിയ ഒരു പ്രായമായി എനിക്കു് തോന്നുന്നില്ല. അതു് യേശു പണ്ടു് പന്ത്രണ്ടാമത്തെ വയസ്സില്‍ത്തന്നെ യേരുശലേം ദേവാലയത്തിലെ പുരോഹിതന്മാരുമായി ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം വളര്‍ന്നിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. ‘ദൈവപുത്രനായിരുന്ന’ യേശു ഒരു സ്പെഷ്യല്‍ അപവാദമായിത്തന്നെ നിലനില്‍ക്കട്ടെ. പല സമൂഹങ്ങളിലും പെണ്‍കുട്ടികള്‍ പന്ത്രണ്ടു് വയസ്സിനു് മുന്‍പേ തന്നെ പ്രത്യുത്പാദനശേഷി കൈവരിക്കാറുണ്ടു് എന്നതും ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പഠിക്കുന്നതിനുള്ള പ്രായപരിധിയുടെ മാനദണ്ഡമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയുടെയും പക്വതയുടെയും കാര്യത്തില്‍ ചുരുങ്ങിയതു് മൂന്നുനാലു് വയസ്സിനെങ്കിലും പെണ്‍കുട്ടികളെക്കാള്‍ പിന്നിലായിരിക്കുമെന്നതും മറക്കരുതല്ലോ. ആണ്‍കുട്ടികളും പഠിക്കേണ്ടതാണല്ലോ ഈ പുസ്തകം! അതല്ല, ഈ പാഠഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഉദ്ദിഷ്ട ലക്‍ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഒരു പന്ത്രണ്ടു് വയസ്സുകാരനു് കഴിയും, കഴിയണം. ‘അവനു്’ കഴിയുമെങ്കില്‍ ‘അവള്‍ക്കു്’ തീര്‍ച്ചയായും കഴിയും. മതപരമായ അടിസ്ഥാനവിവരങ്ങള്‍ കുട്ടികള്‍ അപ്പോഴേക്കും അവരുടെ വീട്ടില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുണ്ടാവണം. അതിനര്‍ത്ഥം അതിനോടകം അവര്‍ അവരവരുടെ മതഗ്രന്ഥങ്ങള്‍ വായിച്ചിട്ടും പഠിച്ചിട്ടും ഉണ്ടായിരിക്കും എന്നല്ല. അതിന്റെ ആവശ്യവുമില്ല. കുട്ടികളെപ്പറ്റി മുതലക്കണ്ണീര്‍ ഒഴുക്കുന്ന പാതിരിമാരില്‍ എത്രപേര്‍ സ്വന്തം മതഗ്രന്ഥങ്ങള്‍ മനസ്സിരുത്തിയോ അല്ലാതെയോ വായിച്ചിട്ടുണ്ടു്? അച്ചന്മാര്‍ മറുപടി പറയണമെന്നില്ല. എന്തിനു് വെറുതെ ഒരു നുണകൂടി പറയണം? അതില്‍ വായിച്ചതൊക്കെ ദൈവവചനമാണെന്നു് പറയുന്നതുതന്നെ ആവശ്യത്തിലേറെ നുണയാണു്. സാമൂഹികപിന്നാക്കാവസ്ഥമൂലം ഇത്തരം അറിവുകളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം എന്നതു് ഇവിടെ വിസ്മരിക്കുന്നില്ല. പ്രായത്തിലെ തുല്യത ബുദ്ധിയിലെ തുല്യതയുടെയും അളവുകോല്‍ ആവണമെന്നില്ല എന്നും അറിയാം. പക്ഷേ, വീട്ടില്‍ വൈദ്യുതി എന്ന ഒരു ഏര്‍പ്പാടെ ഇല്ലായിരുന്നു എന്നതു് ഒരുവനു് electrical engineer ആവാന്‍ നിര്‍ബന്ധമായും ഒരു തടസ്സമാവണമെന്നില്ലല്ലോ. ഇതുപോലുള്ള ഏറ്റക്കുറച്ചിലുകള്‍ ‘പരിഷ്കൃതരാജ്യങ്ങളില്‍’ പോലുമുണ്ടു്. അതുപക്ഷേ മറ്റൊരു വിഷയമാണു്. അവയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്കൂളുകളിലെ അദ്ധ്യാപകരും ബന്ധപ്പെട്ട മാതാപിതാക്കളും കൂടി തേടുന്നതാവും ഏറ്റവും ഉചിതം. അല്ലെങ്കില്‍ തന്നെ, കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്തൃബന്ധം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണുതാനും.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠമായാലും, മറ്റേതു് പുസ്തകമായാലും, അതു് വായിക്കുന്നവനു് അവന്‍ കാണാന്‍ ആഗ്രഹിക്കുന്നതു് മാത്രമേ അതില്‍ കാണാന്‍ സാധിക്കുകയുള്ളു. ഏതൊരു ഭരണകൂടത്തിന്റെയും ചുമതലയാണു്, സമൂഹത്തിന്റെ പൊതുനന്മയെ ലക്‍ഷ്യമാക്കി നിയമനിര്‍മ്മാണം നടത്തേണ്ടതും, അതു് നടപ്പില്‍ വരുത്തി സംരക്ഷിക്കേണ്ടതും. ദീര്‍ഘവീക്ഷണമില്ലാതെ മുന്‍കാലങ്ങളില്‍ കൈക്കൊണ്ട ചില തെറ്റായ നടപടികളുടെ ഫലമാണു് ഇന്നു് കേരളസമൂഹം അനുഭവിക്കുന്നതു്. ജനങ്ങളുടെ പൊതുനന്മക്കായി government ഏറ്റെടുത്ത പല ചുവടുകള്‍ക്കും പൂര്‍ണ്ണപിന്‍തുണ പ്രഖ്യാപിച്ച ജനങ്ങളെ വിഡ്ഢികളാക്കിയ നിലപാടുകള്‍ വരെ അധികാരിതലങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടു് എന്നതു് മറച്ചുപിടിക്കാനാവില്ല. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇപ്പോഴും, ഭാവിയിലും ഭരണം ‘പിന്‍വലിയല്‍ നയം’ കാഴ്ചവയ്ക്കുമെന്നു് ജനങ്ങള്‍ സംശയിച്ചാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അര്‍ഹതയില്ലാത്തവര്‍ക്കു് ജനങ്ങളുടെ ചിലവില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ നന്നു് എന്നുമാത്രം സൂചിപ്പിക്കുന്നു. മുന്നോട്ടു് പോയില്ലെങ്കിലും, പുറകോട്ടു് പോകാതിരിക്കാനെങ്കിലും ഒരു സമൂഹത്തിനു് കഴിയണമല്ലോ!

 
22അഭിപ്രായങ്ങള്‍

Posted by on ജൂണ്‍ 26, 2008 in പലവക

 

മുദ്രകള്‍: ,

പാമ്പു് പൊരിച്ചതുണ്ടു്… 

(ഒരു ചൈനീസ് ആഹാരം)

പുളയും പെരുമ്പാമ്പുണ്ടു്…

പാമ്പിന്‍ ചോരയുണ്ടു്…

ചോരച്ചാരായമുണ്ടു്…

പാമ്പു് പൊരിച്ചതുണ്ടു്…

ഉണ്ണാന്‍ വാ മുടിഞ്ഞവനേ!!

 

മുദ്രകള്‍: , ,

കാര്യകാരണബന്ധവും ആദ്യകാരണവും

ദൈവാസ്തിത്വത്തെപ്പറ്റിയുള്ള വാദങ്ങളില്‍ മതപണ്ഡിതര്‍ ദൈവത്തെ പ്രപഞ്ചത്തിന്റെ ആദികാരണമായി സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ടു്. ഏതൊരു ഫലത്തിനും (effect) ഒരു കാരണം (cause) ഉണ്ടായേ തീരൂ എന്ന ധാരണയാണു് അവരെ ഈ നിലപാടില്‍ എത്തിക്കുന്നതു്. അതേസമയം, തത്വചിന്തകര്‍ causality എന്നു് വിളിക്കുന്ന, ‘കാര്യകാരണബന്ധം’ എന്ന ഈ ‘പ്രതിഭാസം’ ചരിത്രപരമായി വളരെ പഴയ ഒന്നല്ല. പുരാതനതത്വചിന്തയില്‍, പ്രത്യേകിച്ചും ‘സ്കൊളാസ്റ്റിക്‌’ യുഗത്തില്‍, causa formalis, causa materialis, causa finalis, causa efficiens എന്ന നാലുതരം ‘causa’ ഉപയോഗത്തിലുണ്ടായിരുന്നു. ഇതില്‍ നാലാമത്തേതു് മാത്രമാണു് ഇന്നത്തെ ’cause’ എന്ന വാക്കുമായി ഏകദേശം ബന്ധപ്പെടുത്തി ചിന്തിക്കാവുന്നതു്. അതായതു്, ‘causa’ എന്ന പദം ‘കാര്യവും കാരണവും’ തമ്മില്‍ ബന്ധപ്പെടുത്തുന്ന, causality എന്ന, ഇന്നത്തെ അര്‍ത്ഥത്തിലേക്കു് എത്തിച്ചേര്‍ന്നതു് നൂറ്റാണ്ടുകളിലൂടെയാണു്.

ന്യൂട്ടോണിയന്‍ ഫിസിക്സില്‍ നിന്നും തന്റെ തത്വചിന്തയുടെ ഊര്‍ജ്ജം സംഭരിക്കുന്ന ഇമ്മാന്വേല്‍ കാന്റ്‌ പറയുന്നു: “എന്തെങ്കിലുമൊരു കാര്യം സംഭവിക്കുമ്പോള്‍, അതു് അതിനു് മുന്‍പു് സംഭവിച്ച എന്തോ ഒന്നിന്റെ ഒരു നിയമാനുസൃതമായ തുടര്‍ച്ചയായി നമ്മള്‍ മനസ്സിലാക്കുന്നു.” കാര്യകാരണബന്ധത്തെ ഈവിധം ചുരുക്കുന്നതാണു് determinism. അതായതു്, പ്രകൃതിയില്‍ സ്ഥിരമായ നിയമങ്ങള്‍ ഉണ്ടെന്നും, അതുവഴി, ഏതൊരു വ്യവസ്ഥയുടെയും നിലവിലുള്ള അവസ്ഥ അറിയാമെങ്കില്‍, ഭാവിയിലെ അവസ്ഥ വ്യക്തമായി മുന്‍കൂട്ടി നിശ്ചയിക്കാനാവും എന്നുമുള്ള നിലപാടു്. കാലക്രമേണ ഇതു് ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ അവിഭാജ്യഘടകം എന്ന നിലയില്‍ പൊതുവേ അംഗീകരിക്കപ്പെടുകയായിരുന്നു. (“സൃഷ്ടിയുടെ ആദ്യപ്രഭാതം എഴുതിയതാണു് പ്രായശ്ചിത്തദിനത്തിലെ അരുണോദയം വായിക്കുന്നതു്” എന്ന വാക്യത്തിലൂടെ ഒമര്‍ ഖയ്യാം പണ്ടേതന്നെ ഇത്തരം ഒരു നിലപാടു് സ്വീകരിച്ചിരുന്നു!) ഇത്തരമൊരു സമീപനം ശരിയാവുന്ന മേഖലകളുണ്ടു്. പക്ഷേ, ആറ്റൊമിക്‌ ഫിസിക്സില്‍ എത്തുമ്പോള്‍ ഡിറ്റര്‍മിനിസം പരാജയപ്പെടേണ്ടിവരുന്നു. ആണവശാസ്ത്രത്തില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലും കര്‍ശനമായ ഡിറ്റര്‍മിനിസം എല്ലായ്പോഴും ബാധകമാവുന്നില്ല എന്നു് കാണാവുന്നതാണു്.

പുരാതനകാലത്തെ ഗ്രീക്ക്‌ തത്വചിന്തകരായിരുന്ന Democritus, Leucippus എന്നിവരുടെ ‘ആറ്റൊമിസം’ എന്ന തിയറിയില്‍ത്തന്നെ, ഡിറ്റര്‍മിനിസത്തിനു് അനുകൂലമല്ലാത്ത നിലപാടു് കാണാന്‍ കഴിയും. ‘ചെറിയവയില്‍’ സംഭവിക്കുന്ന ‘ക്രമരഹിതമായ’ എത്രയോ പ്രക്രിയകളാണു് ‘വലിയവയില്‍’ സംഭവിക്കുന്ന പ്രക്രിയകള്‍ക്കു് നിദാനം എന്നവര്‍ പഠിപ്പിക്കുന്നു. ഡെമോക്രൈറ്റസ്‌ ഇങ്ങനെ എഴുതി: “ഒരു വസ്തു മധുരിക്കുന്നതോ കയ്ക്കുന്നതോ എന്നതു് നമ്മുടെ തോന്നല്‍ മാത്രമാണു്, അതിന്റെ നിറവും നമ്മുടെ വെറും തോന്നലാണു്, യഥാര്‍ത്ഥത്തില്‍ പരമാണുവും ശൂന്യതയും മാത്രമേയുള്ളു.”

വസ്തുതകളിലെ ചെറിയ അംശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ അവയുടെ statistical സ്വാഭാവത്തില്‍ എത്തിച്ചേരും. സ്റ്റാറ്റിസ്റ്റിക്കല്‍ എന്നാല്‍, “ഒരുപക്ഷേ അങ്ങനെ, അല്ലെങ്കില്‍ ഇങ്ങനെ” എന്നു് ലളിതമാക്കി പറയാം. കൃഷിയിറക്കുന്ന ഒരു കര്‍ഷകനു് അറിയില്ല, കാലാകാലങ്ങളില്‍ മഴ ലഭിക്കുമോ, അതോ വരള്‍ച്ച ഉണ്ടാവുമോ, കേടുകൂടാതെ വിളവെടുക്കാന്‍ പറ്റുമോ എന്നൊക്കെ. പകര്‍ന്നുകിട്ടിയതും സ്വന്തവുമായ അനുഭവങ്ങളിലൂടെ ഇടവപ്പാതിയും തുലാവര്‍ഷവും പോലുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങളെപ്പറ്റി ചില ധാരണകളൊക്കെയുള്ള കര്‍ഷകന്‍ അതിനനുസരിച്ചു് വിളവിറക്കുകയും മറ്റു് പ്രവൃത്തികള്‍ ചെയ്യുകയുമൊക്കെ ചെയ്യുന്നു. നൂറു് ശതമാനം ഉറപ്പില്ലെങ്കിലും മിക്കവാറും അവന്റെ ധാരണയ്ക്കനുസരിച്ചു് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും. എങ്കിലും ഈ വിഷയത്തില്‍ പൂര്‍ണ്ണമായ ഒരു ‘അറിവു്’ അവനോ മറ്റാര്‍ക്കെങ്കിലുമോ സാദ്ധ്യമല്ല. ‘സ്റ്റാറ്റിസ്റ്റിക്കല്‍’ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതും ഈ അനിശ്ചിതത്വം മാത്രമാണു്. പരമാണുവിന്റെ, അഥവാ ക്വാണ്ടം ഫിസിക്സിന്റെ തലങ്ങളില്‍ ഈ അനിശ്ചിതത്വം കൃഷിപ്പണിയിലേതിനേക്കാള്‍ എത്രയോ മടങ്ങു് സങ്കീര്‍ണ്ണമാണു് എന്നുമാത്രം.

പൊതുവായി പറഞ്ഞാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ നിയമങ്ങള്‍ എന്നതുകൊണ്ടു് അര്‍ത്ഥമാക്കാവുന്നതു്, അതുവഴി പരാമര്‍ശിക്കപ്പെടുന്ന ഭൗതികവ്യവസ്ഥ അപൂര്‍ണ്ണമായി മാത്രമേ നമുക്കു് മനസ്സിലാക്കാന്‍ കഴിയൂ എന്നാണു്. സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ്‌ എന്ന ശാസ്ത്രശാഖക്കു് രൂപം നല്‍കുകവഴി ഈ അനിശ്ചിതാവസ്ഥയെ ഗണിതശാസ്ത്രപരമായ ഒരു അടിത്തറയില്‍ ഉറപ്പിച്ചതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണു് Gibbs, Boltzmann എന്നീ ശാസ്ത്രജ്ഞര്‍. ഈ രണ്ടുപേരുടെയും നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അക്കാലത്തെ ‘തലമൂത്ത’ ശാസ്ത്രജ്ഞര്‍ തയ്യാറായില്ല എന്നതില്‍നിന്നും, അവരുടെ കണ്ടെത്തലുകളിലെ ‘വിപ്ലവാത്മകത’ ഏകദേശം മനസ്സിലാക്കാന്‍ കഴിയും. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ തന്റെ കൈനറ്റിക്‌ ഗ്യാസ്‌ തിയറിയോടു് കാണിച്ച എതിര്‍പ്പു് താങ്ങാനാവാതെ ബോള്‍ട്സ്‌മാന്‍ 1906-ല്‍ ജീവനൊടുക്കി. മരണത്തിനു് ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് അതുവരെ ശാസ്ത്രലോകത്തിനു് അജ്ഞാതനായിരുന്ന ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ എന്നൊരു ഫിസിസിസ്റ്റ്‌ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസം വഴി തന്റെ ശാസ്ത്രീയ നിലപാടുകള്‍ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുമെന്നു് അറിയാന്‍ ആ ഹതഭാഗ്യനു് കഴിയാതെ പോയി. ക്ലാസിക്കല്‍ ഫിസിക്സിലെയും, ക്വാണ്ടം ഫിസിക്സിലെയും മിക്കവാറും എല്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ രൂപവത്കരണങ്ങളിലും കാണാന്‍ കഴിയുന്ന ‘k’ (Boltzmann Constant) വഴി ശാസ്ത്രം അദ്ദേഹത്തെ എന്നേക്കുമായി ആദരിക്കുന്നു.

black body radiation-നെ സംബന്ധിച്ചു് പഠനം നടത്തിക്കൊണ്ടിരുന്ന Max Planck, എനര്‍ജി റേഡിയേഷന്‍ സ്ഥിരമായ ഒരു പ്രതിഭാസം അല്ലെന്നും, അതു് ചെറിയ ചെറിയ എനര്‍ജി ‘ക്വാണ്ടുകള്‍’ (പൊതിക്കെട്ടുകള്‍) ആയിട്ടാണു്, അഥവാ സ്റ്റാറ്റിസ്റ്റിക്കല്‍ ആയിട്ടാണു് റേഡിയേറ്റ്‌ ചെയ്യപ്പെടുന്നതെന്നും കണ്ടെത്തിയതോടെ quantum theory ജന്മമെടുത്തു. മാക്സ്‌ പ്ലാങ്കിന്റെ ക്വാണ്ടം തിയറിയുടെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റൈന്‍, ബോര്‍, സൊമ്മര്‍ഫെല്‍ഡ്‌ എന്നിവര്‍ ഏറ്റെടുത്തു് പൂര്‍ത്തിയാക്കിയ ജോലികളിലൂടെ ലഭിച്ച അറിവുകള്‍ ഡിറ്റര്‍മിനിസം എന്ന ആശയത്തെത്തന്നെ കൈവെടിയുവാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിക്കുകയായിരുന്നു. അവരുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്‍താങ്ങിക്കൊണ്ടു് വെര്‍ണര്‍ ഹൈസന്‍ബെര്‍ഗിന്റെ uncertainty തത്വവും രൂപമെടുത്തു. elementary particle-ന്റെ സ്ഥാനവും വേഗതയും ഒരേസമയം, യഥേഷ്ടം, കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല എന്നതാണു് ആ തത്വം. സ്ഥാനം കൃത്യമായി നിശ്ചയിക്കാന്‍ കഴിയുമ്പോള്‍ വേഗതയോ, വേഗത കൃത്യമായി നിശ്ചയിക്കാനാവുമ്പോള്‍ സ്ഥാനമോ നമുക്കു് പിടി തരികയില്ല.

ഒരു വസ്തുവിന്റെ നിശ്ചിത സമയത്തെ സ്ഥാനവും വേഗതയും അറിഞ്ഞാലേ ന്യൂട്ടോണിയന്‍ മെക്കാനിക്സില്‍ അതിന്റെ ചലനം വിവരിക്കുവാന്‍ നമുക്കു് കഴിയുകയുള്ളു എന്നതിനാല്‍, ഒരേസമയം സ്ഥാനവും വേഗതയും കൃത്യമായി നിശ്ചയിക്കാന്‍ കഴിയാത്ത elementary particles-ന്റെ ലോകത്തില്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ്‌ പരാജയപ്പെടുന്നു. അവിടെ സ്റ്റാറ്റിസ്റ്റിക്സില്‍ അധിഷ്ഠിതമായ ക്വാണ്ടം മെക്കാനിക്സില്‍ ആശ്രയിക്കുകയല്ലാതെ ശാസ്ത്രത്തിനു് മറ്റു് വഴിയില്ല. അതുകൊണ്ടു് ഒന്നു് പൂര്‍ണ്ണമായും തെറ്റെന്നും, മറ്റേതു് പൂര്‍ണ്ണമായും ശരിയെന്നും അര്‍ത്ഥമാവുന്നില്ല. അവയുടെ ലോകത്തില്‍, അവയുടേതായ പശ്ചാത്തലത്തില്‍ അവ ശരികള്‍ തന്നെ. ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റിയും, ക്വാണ്ടം മെക്കാനിക്സും ന്യൂട്ടോണിയന്‍ ഫിസിക്സിനെ ഉള്‍ക്കൊള്ളുന്നു, നേരേ മറിച്ചല്ല താനും. അതുകൊണ്ടുതന്നെ ഒരു ‘ഡിറ്റര്‍മിനിസ്റ്റിക്‌’ ലോകചിത്രത്തിനു് (world view) ശാസ്ത്രദൃഷ്ടിയില്‍ നിലനില്‍ക്കാന്‍ ആവില്ല. എല്ലാ പ്രപഞ്ചനിയമങ്ങളും സ്റ്റാറ്റിസ്റ്റിക്കല്‍ ആണു്. കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതം എന്നു് ‘തോന്നുന്ന’ ദൈനംദിനപ്രതിഭാസങ്ങള്‍ക്കു് ആ പ്രത്യേക പശ്ചാത്തലത്തില്‍, ആ പ്രത്യേക പരിധികള്‍ക്കുള്ളില്‍ മാത്രമേ എന്തെങ്കിലും വില കല്‍പിക്കാനാവൂ. determinism ഒരിക്കലും പ്രപഞ്ചത്തിനു് പൊതുവായ ഒരു നിയമമാവുകയില്ല.

പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളും മനുഷ്യജീവിതവുമൊക്കെ പൂര്‍ണ്ണമായും ‘ഡിറ്റര്‍മിനിസ്റ്റിക്‌’ ആയിരുന്നുവെങ്കില്‍, കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമായിരുന്നെങ്കില്‍, ലോകത്തില്‍ ഒരു ദൈവമോ, ആരാധനയോ, അമ്പലങ്ങളോ ഉണ്ടാവുമായിരുന്നില്ല. ഉണ്ടാവേണ്ട ആവശ്യവുമില്ലായിരുന്നു. എന്തിനുവേണ്ടി? determinism എന്നാല്‍ ഭാവിയിലെ ഓരോ ചലനങ്ങള്‍ പോലും കൃത്യമായി ഇന്നേതന്നെ അറിയാന്‍ കഴിയുന്ന, അവയെ കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാന്‍ ഒരു ശക്തിക്കും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍, അത്തരം ഒരവസ്ഥയില്‍, ഭാവിയിലെ സ്വന്തം നന്മക്കോ, തന്നെ ദ്രോഹിച്ച അന്യന്റെ തിന്മക്കോ(!) വേണ്ടി മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ വലിയൊരു വിഡ്ഢിത്തം ഉണ്ടാവില്ലല്ലോ! ലോകാരംഭം അടക്കമുള്ള എല്ലാ കാര്യങ്ങളും ലോകാരംഭത്തിനു് മുന്‍പേ ‘തീരുമാനിക്കപ്പെട്ടിരിക്കുന്നു’ എങ്കില്‍, ആ തീരുമാനം മാറ്റാവുന്നതാണെന്നു് വിശ്വസിക്കുന്നവന്‍, അങ്ങനെ മറ്റുള്ളവരെ ഉപദേശിക്കുന്നവന്‍, അതിനു് അവരോടു് പ്രതിഫലം വാങ്ങുന്നവന്‍ – ഈ മാതിരി ‘അവന്മാരെല്ലാം’ ആ തീരുമാനം എടുത്ത ‘അവനേക്കാള്‍’ ഉമ്മിണി വല്യ ഒരു ‘അവന്‍’ ആയിരിക്കണം!

ഇവിടെയാണു് സാമാന്യമായി ചിന്തിക്കുന്നവര്‍ക്കു് മതങ്ങളുടെ പഠിപ്പിക്കലുകളിലെ ഇരട്ടത്താപ്പു് വ്യക്തമാവുന്നതു്. ഒരുകൈകൊണ്ടു് മതങ്ങള്‍ പ്രപഞ്ചത്തിലെയും, മനുഷ്യരുടെ ജീവിതത്തിലെയും അനിശ്ചിതത്വം ചൂണ്ടിക്കാണിക്കുന്നു! ഒപ്പംതന്നെ മറുകൈകൊണ്ടു് അതേ അനിശ്ചിതത്വത്തെ നിയന്ത്രിക്കാനും, ഓരോരുത്തന്റെയും ‘ദൈവനിശ്ചിതമായ’ വിധി അവനു് അനുയോജ്യവും അനുകൂലവുമാക്കിത്തീര്‍ക്കാനും കഴിവുള്ള സര്‍വ്വശക്തനായ ഒരു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു! മനുഷ്യര്‍ക്കു് താന്‍ തന്നെ നല്‍കിയ തന്റെ സ്വന്തം ‘ദൈവവിധി’ പള്ളിക്കു് കൈക്കൂലി കൊടുത്താല്‍ തിരുത്തി എഴുതാന്‍ തയ്യാറാവുന്ന ദൈവം ഒരു വിചിത്രദൈവമായിരിക്കണം! അങ്ങനെയൊരു ദൈവം അവനെക്കൊണ്ടു് ജീവിക്കുന്നവരുടെ കണ്ടുപിടുത്തവുമായിരിക്കണം! അങ്ങനെയെങ്കില്‍, ദൈവത്തെയല്ല, അവരെയാണു് നമ്മള്‍ നമിക്കേണ്ടതു്. നമ്മള്‍ ചെയ്യുന്നതും മറ്റൊന്നുമല്ലല്ലോ!

 
9അഭിപ്രായങ്ങള്‍

Posted by on ജൂണ്‍ 18, 2008 in ലേഖനം

 

മുദ്രകള്‍: ,

ഗര്‍ഭസ്ഥശിശു സംസാരിക്കുന്നു

by Kurt Tucholsky** (ഒരു സ്വതന്ത്ര തര്‍ജ്ജമ)

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

ഞാന്‍ വളരണം, പുഷ്ടി പ്രാപിക്കണം. ഒന്‍പതു് മാസം ഞാന്‍ ശല്യമില്ലാതെ മയങ്ങണം; എനിക്കു് സുഖമായിരിക്കണം. അവര്‍ എനിക്കു് എല്ലാ നന്മകളും നേരുന്നു; അവര്‍ എന്നെ സംരക്ഷിക്കുന്നു; അവര്‍ എനിക്കായി കാവലിരിക്കുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ എന്തെങ്കിലും ചെയ്താല്‍, എന്റെ ദൈവമെ!, അവര്‍ എല്ലാവരും ഉടനെ ഓടിയെത്തും. ആരെങ്കിലും എന്നെ തൊട്ടുപോയാല്‍ അവന്‍ ശിക്ഷിക്കപ്പെടും; എന്റെ അമ്മയെ അവര്‍ ജയിലിലേക്കു് തുരത്തും, പുറകെ എന്റെ അപ്പനേയും; അതു് ചെയ്ത വൈദ്യന്‍ വൈദ്യജോലി ഉപേക്ഷിക്കേണ്ടിവരും; അവനെ സഹായിച്ച വയറ്റാട്ടി തടവിലടയ്ക്കപ്പെടും. – ഞാന്‍ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവാണു്.

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

– ഒന്‍പതു് മാസക്കാലം.

ഈ ഒന്‍പതു് മാസം കഴിഞ്ഞാല്‍, ഞാന്‍ സ്വയമറിയണം, പിന്നെ എങ്ങനെ മുന്നോട്ടു് പോകണമെന്നു്.

ക്ഷയരോഗം? ഒരു വൈദ്യനും എന്നെ സഹായിക്കുകയില്ല. ആഹാരത്തിനു് വകയില്ലേ? കുടിക്കാന്‍ പാലില്ലേ? – ഒരു രാഷ്ട്രവും എന്നെ സഹായിക്കുന്നില്ല. കഠിനമായ യാതന, ആത്മവേദന? സഭ എന്നെ സമാശ്വസിപ്പിക്കും, പക്ഷേ അതുവഴി എന്റെ വയര്‍ നിറയുകയില്ല. ‘ഒടിയ്ക്കാനും കടിയ്ക്കാനും’ ഇല്ലാത്തതിനാല്‍ ഗത്യന്തരമില്ലാതെ ഞാന്‍ മോഷ്ടിച്ചാല്‍?: ഉടനെ ഒരു നിയമപാലകന്‍ എത്തി എന്നെ പിടികൂടും.

അന്‍പതു് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആരും എന്നെ പരിപാലിക്കുന്നില്ല, ആരും. അത്രയും കാലം ഞാന്‍ എന്നെ സ്വയം സഹായിക്കണം.

ഒന്‍പതു് മാസക്കാലം എന്നെ ആരെങ്കിലും കൊല്ലാന്‍ ശ്രമിച്ചാല്‍ അതിന്റെ പേരില്‍ അവരെല്ലാം മരിച്ചുകളയും താനും.

നിങ്ങള്‍തന്നെ പറയൂ: ഇതൊരു വിചിത്രമായ സംരക്ഷണമല്ലേ?

(1927)

**Kurt Tucholsky: 09.01.1890 – 21.12.1935: German satirical essayist, poet, and critic (pseudonyms: Theobald Tiger, Peter Panter, Ignaz Wrobel, Kaspar Hauser)

നിയമപഠനത്തിനുശേഷം ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത കുര്‍ട്‌ ടുഹോള്‍സ്കി 1924-ല്‍ ജര്‍മ്മനി വിട്ടശേഷം ആദ്യം പാരീസിലും പിന്നീടു് സ്വീഡനിലും ജീവിച്ചു. 1933-ല്‍ അദ്ദേഹത്തിന്റെ രചനകള്‍ നാസികള്‍ നിരോധിക്കുകയും ജര്‍മ്മന്‍ പൗരത്വം എടുത്തുകളയുകയും ചെയ്തു. 1935-ല്‍ ടുഹോള്‍സ്കി ആത്മഹത്യ ചെയ്തു.

 
10അഭിപ്രായങ്ങള്‍

Posted by on ജൂണ്‍ 14, 2008 in പലവക

 

മുദ്രകള്‍: ,

ദൈവത്തെ തലയിലൊതുക്കിയിട്ടേ അടങ്ങൂ!

‘വിശുദ്ധ സത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍’ എന്ന എന്റെ ഒരു പോസ്റ്റും, സജി എന്ന ബ്ലോഗര്‍ അതിനെഴുതിയ മറുപടിയും, അദ്ദേഹത്തിന്റെ തന്നെ ‘ദൈവത്തെ അറിയാന്‍’ എന്ന മറ്റൊരു പോസ്റ്റും വായിച്ചതിനു് ശേഷം ഇതു് വായിക്കുന്നതു് നന്നായിരിക്കും.

തങ്ങള്‍ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങള്‍ ‘ദൈവം’ നേരിട്ടു് അരുളിച്ചെയ്തതാണെന്നും, അതു് അറിവിന്റെ പൂര്‍ണ്ണതയാണെന്നും, മനുഷ്യജീവിതത്തിനു് വേണ്ടതു് മുഴുവന്‍ അവയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മറ്റേതെങ്കിലും ഒരറിവിന്റെ ആവശ്യം മനുഷ്യനില്ലെന്നും വിശ്വസിക്കുന്നവരുമായി ഞാന്‍ സാധാരണഗതിയില്‍ ചര്‍ച്ചകള്‍ക്കു് തുനിയാറില്ല. അതു് ബൈബിള്‍ അടക്കമുള്ള മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരോടു് വെറുപ്പുള്ളതുകൊണ്ടല്ല, മനുഷ്യനു് ഒരു ജീവിതമേ ഉള്ളു എന്നും, അതു് ഈ ലോകത്തിലെ ജീവിതമാണെന്നും വിശ്വസിക്കുന്നതുകൊണ്ടു്. ആ ഒരു ജീവിതം ഭൂമിയിലെ നരകമായി തീരരുതു് എന്നാഗ്രഹിക്കുന്നതുകൊണ്ടു്. ഒരു മനുഷ്യന്‍ ഭക്തിയിലും വിശ്വാസത്തിലും അവന്റെ ഭാഗ്യം കണ്ടെത്തുന്നുവെങ്കില്‍, അവയില്ലാത്ത ഒരു ജീവിതം അവനെ നിര്‍ഭാഗ്യവാനാക്കിത്തീര്‍ക്കുമെന്നുണ്ടെങ്കില്‍, അവനെ ആ വഴിയെ പോകാന്‍ അനുവദിക്കുന്നതാണു് അവനുവേണ്ടി എനിക്കു് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സത്കര്‍മ്മം എന്നു് എനിക്കറിയാവുന്നതുകൊണ്ടു്, അതുകൊണ്ടുമാത്രം. യാതൊരു വിദ്യാഭ്യാസവുമില്ലാത്തവര്‍ പോലും അവര്‍ക്കു് ആരോ ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥനകള്‍ ചൊല്ലി, ആരോ കല്‍പിച്ച അനുഷ്ഠാനങ്ങളും ‘കടമകളും’ നിര്‍വഹിച്ചു് സംതൃപ്തി അടയാറുണ്ടു്. വായിക്കാനറിയാത്ത അവര്‍ക്കുവേണ്ടിയല്ല ഞാനെഴുതുന്നതു് എന്നു് സ്പഷ്ടം. അവര്‍ ആ അവസ്ഥയില്‍ നിന്നും മോചനം പ്രാപിച്ചെങ്കില്‍ എന്നു് അതിയായ ആഗ്രഹം ഉണ്ടെങ്കിലും! അവരെ അവരുടെ പ്രവൃത്തികളിലെ അര്‍ത്ഥശൂന്യത ആധുനികശാസ്ത്രസത്യങ്ങള്‍ വിശദീകരിച്ചു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവന്‍ ഭ്രാന്തനായിരിക്കണം. കാരണം, അവന്റെ ഉദ്യമം ഫലപ്രദമാവുകയില്ല എന്നുമാത്രമല്ല, അതുവഴി അവന്‍ ആ സാധുക്കളെ നിത്യനിര്‍ഭാഗ്യത്തിലേക്കു് നയിക്കുകയുമാവും ചെയ്യുന്നതു്. എനിക്കു് ദുഃഖം തോന്നുന്നതു് അതിലല്ല. സാമാന്യത്തില്‍ അധികം വിദ്യാഭ്യാസമുണ്ടെന്നു് നമ്മള്‍ കരുതുന്ന മനുഷ്യര്‍ പോലും അവരുടെ വാദമുഖങ്ങളിലെ വൈരുദ്ധ്യം തിരിച്ചറിയാതെ, ‘ദൈവം’ എന്ന സര്‍വ്വജ്ഞാനത്തിന്റെയും സര്‍വ്വശക്തിയുടെയും പിന്‍ബലം തങ്ങള്‍ക്കുണ്ടെന്ന ഹുങ്കില്‍ അവിശ്വാസികളേയും അന്യവിശ്വാസികളെയും കുറ്റം വിധിക്കുന്നതും പലപ്പോഴും പരിഹസിക്കുന്നതും കാണുമ്പോള്‍ ദുഃഖം മാത്രമല്ല, സഹതാപവും തോന്നാറുണ്ടു്. എങ്കിലും, സ്വന്തഭാഗ്യാനുഭൂതിയില്‍ എത്തിച്ചേരാന്‍ അവര്‍ക്കു് മറ്റൊരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍, അവരെ പോലും ആ വഴി പിന്തുടരാന്‍ അനുവദിക്കുന്നതാണു് എനിക്കിഷ്ടം.

വ്യക്തിപരമായി പറഞ്ഞാല്‍, ഈ ലോകത്തില്‍ എന്റെ ജീവിതം ജീവിക്കുവാന്‍, എന്റെ ഭാഗ്യം കണ്ടെത്തുവാന്‍, എനിക്കൊരു ദൈവത്തിന്റെ ആവശ്യമില്ല. എന്റെ സഹായം ആവശ്യമുള്ള ഒരു ദൈവം, ഞാന്‍ അമ്പലവും പള്ളിയും പണിതുകൊടുക്കേണ്ട ഒരു ദൈവം, ഞാന്‍ നേര്‍ച്ചയും കാഴ്ചയും അര്‍പ്പിച്ചില്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയാത്ത ഒരു ദൈവം എന്റെ നിലനില്‍പിനായി, എന്റെ ഭാഗ്യത്തിനായി എനിക്കാവശ്യമില്ല. ജോലി ചെയ്തു് ജീവിക്കാനാണു് എനിക്കിഷ്ടം. ഞാന്‍ ഇന്നോ നാളെയോ മരിച്ചാല്‍, അല്ലെങ്കില്‍ ഒരു രോഗിയായിത്തീര്‍ന്നാല്‍, അതിന്റെ പിന്നില്‍ ഒരു ദൈവത്തെയോ പിശാചിനെയോ ഞാന്‍ കാണുകയില്ല. അതു് എന്നേപ്പോലെതന്നെ മറ്റാര്‍ക്കും സംഭവിക്കാമായിരുന്ന ഒരു കഷ്ടകാലം, വിധി, അല്ലെങ്കില്‍ യാദൃച്ഛികത – അത്രമാത്രം! ആ അവസ്ഥയെ ‘വര്‍ണ്ണിക്കാന്‍’ ഭാഷ ഏതു് പദമാണു് ഉപയോഗിക്കുന്നതു് എന്നതിനു് ഞാന്‍ യാതൊരു വിലയും കല്‍പിക്കുന്നില്ല. എന്റെ ഭാഗ്യങ്ങള്‍ ദൈവാനുഗ്രഹമെന്നും, എന്റെ നിര്‍ഭാഗ്യങ്ങള്‍ ദൈവശാപമെന്നും വിധിയെഴുതിയതുകൊണ്ടു് ഞാന്‍ ഒന്നും നേടുന്നില്ല. വിശപ്പിനും വേദനയ്ക്കും വിവിധ ഭാഷകളില്ല. അവയുടെ ഭാഷ കേരളത്തിലും, ഇറാക്കിലും, ചൈനയിലും, ബര്‍മ്മയിലും ഒന്നുതന്നെ! ലോകത്തില്‍ എവിടെയെങ്കിലും ഭൂകമ്പമോ, വെള്ളപ്പൊക്കമോ, വരള്‍ച്ചയോ മറ്റു് പ്രകൃതിക്ഷോഭങ്ങളോ മൂലം അന്യമതസ്ഥരോ, അന്യരാജ്യക്കാരോ ആയ ആയിരങ്ങളും പതിനായിരങ്ങളും മരണമടയുമ്പോള്‍, അനാഥരാവുമ്പോള്‍ അതൊരു ദൈവശാപമാണെന്നു് പറയാന്‍ മാത്രം ഞാന്‍ മൃഗമോ, ദൈവവിശ്വാസിയോ അല്ല. നിരപരാധിയായ ഒരു കന്യാസ്ത്രീ തലക്കു് അടിയേറ്റു് അബോധാവസ്ഥയിലാവുകയും കിണറ്റില്‍ എറിയപ്പെടുകയും ചെയ്തപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിവന്ന ഒരു ദൈവത്തിനു് എന്നെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാനോ, ദ്രോഹിക്കുവാനോ കഴിയില്ലെന്നു് എനിക്കു് ഉറപ്പാണു്. അത്തരം ക്രൂരതകളെ മൂടി വയ്ക്കാനും, എന്തിനു്, നീതീകരിക്കാന്‍ പോലും ശ്രമിക്കുന്ന, ദൈവവാക്യങ്ങള്‍ മെതിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നവരുടെ സഹായമോ, സേവനമോ, സാന്ത്വനമോ എനിക്കാവശ്യമില്ല. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു, എന്റെ അദ്ധ്വാനഫലത്തില്‍ ആശ്രയിക്കുന്നു.

Friedrich Nietzsche: “നമ്മില്‍ നേരിയ ഒരംശമെങ്കിലും ഭക്തിയുണ്ടെങ്കില്‍, കൃത്യസമയത്തു് നമ്മുടെ ജലദോഷം മാറ്റിത്തരുന്ന ഒരു ദൈവം, അല്ലെങ്കില്‍, വലിയൊരു മഴ പെയ്യുന്നതിനു് തൊട്ടുമുന്‍പു് നമ്മെ വണ്ടിയില്‍ കയറ്റിച്ച ഒരു ദൈവം, ശുദ്ധ അസംബന്ധവും പരിഹാസ്യനുമായി നമുക്കു് തോന്നേണ്ടതും, അങ്ങനെയൊരു ദൈവത്തെ, അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ, വലിച്ചെറിയേണ്ടതുമാണു്. വീട്ടുജോലിക്കാരനായ, പോസ്റ്റ്‌മാനായ, പഞ്ചാംഗക്കാരനായ ഒരു ദൈവം – ചുരുക്കത്തില്‍, എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണവിഡ്ഢിത്തമായ സകല യാദൃച്ഛികതകളെയും പ്രതിനിധീകരിക്കുന്ന ഒരു വാക്കു്! വിദ്യാസമ്പന്നരുടെ ഇടയിലെ മൂന്നിലൊന്നും ഈശ്വരേച്ഛ എന്ന പദം ഏതര്‍ത്ഥത്തിലാണോ വിശ്വസിക്കുന്നതു്, അതേ വിശദീകരണം തന്നെയാണു് ദൈവത്തിനെതിരായ ഏറ്റവും ശക്തിയേറിയ വാദമുഖവും. അതിലും ശക്തിയേറിയ ഒരു വാദമുഖം ദൈവത്തിനെതിരായി കണ്ടെത്താനാവില്ല.”

ദൈവമോ മതവിശ്വാസമോ അല്ല, സര്‍വ്വജ്ഞാനികളില്‍ നിന്നും, അഹങ്കാരികളില്‍ നിന്നും, അധികാരികളില്‍ നിന്നും, സമഗ്രാധിപത്യത്തില്‍ നിന്നും, ഏകാധിപത്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു സമൂഹത്തിനു് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതു് പരസ്പരനിയന്ത്രണം സാദ്ധ്യമാവുന്ന (ഉദാ. legislative, executive, judiciary) ഒരു ജനാധിപത്യ ഭരണസംവിധാനമാണു്, ഒരു നിയമരാഷ്ട്രമാണു്. അതിന്റെ കാര്യക്ഷമത ജനങ്ങളുടെ ബൗദ്ധിക-സാംസ്കാരിക നിലവാരത്തിലാണു് അധിഷ്ഠിതമെന്നതിനാല്‍, അങ്ങോട്ടേക്കു് മനുഷ്യരെ നയിക്കുകയാണു് ഒരു രാജ്യത്തിന്റെ ചുമതല. കോടികള്‍ ചെലവാക്കി ഒരു രാജ്യം അതിന്റെ പുതിയ തലമുറകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതു് അതുവഴി ഭാവിയിലെങ്കിലും സമൂഹം ബോധവത്കൃതമാവും എന്ന പ്രതീക്ഷയിലാണു്. അരയില്‍ ഏലസ്സുകെട്ടി തീയിലൂടെ നടക്കാന്‍, കവിളിലും നാക്കിലും ശൂലം തിരുകി തെക്കുവടക്കു് തുള്ളിച്ചാടിയോടാന്‍, ധ്യാനമന്ദിരത്തില്‍ ചമ്പ്രം പടിഞ്ഞിരുന്നു് പൂരപ്പാട്ടുപാടി രോഗം ഭേദമാക്കാന്‍, ദൈവാവതാരങ്ങളായ അമ്മയെയോ അപ്പനേയോ കെട്ടിപ്പിടിച്ചു് ആത്മസായുജ്യം അടയാന്‍ ലജ്ജതോന്നാത്ത ഒരുകൂട്ടം വിഡ്ഢികളെ സൃഷ്ടിക്കാന്‍ ശാസ്ത്രമോ എഞ്ചിനീയറിംഗോ മറ്റേതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസമോ വേണ്ട. അതിനു് മുടക്കുന്ന പണത്തിന്റെ ഒരംശം കൊണ്ടു് ഊട്ടുപുരകളും, ധ്യാനമന്ദിരങ്ങളും, വഴിനീളെ പ്രാര്‍ത്ഥനാലയങ്ങളും സ്ഥാപിച്ചാല്‍ മതി. ജനങ്ങളെ വനത്തിലേക്കു് പറഞ്ഞുവിട്ടാല്‍ ആ പണവും ലാഭിക്കാം. ശ്രീരാമനും, സീതയ്ക്കും, ലക്ഷ്മണനും, പാണ്ഡവര്‍ക്കും വാനരന്മാര്‍ക്കുമൊക്കെ വനത്തില്‍ വര്‍ഷങ്ങളോളം ജീവിക്കാമെങ്കില്‍ സാദാജാതി മനുഷ്യര്‍ക്കു് എന്തുകൊണ്ടാവില്ല? ബാക്കിവരുന്ന തുക സ്വാമി-സ്വാമിനി-അമ്മ-അമ്പാരിചാരികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക! തുറന്നുപറയട്ടെ, ഭാരതം ഒരു സൗദി അറേബ്യയോ, അമേരിക്കയോ, ക്യൂബയോ ആയിക്കാണാന്‍ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇതു് സജിയുടെ ലേഖനത്തില്‍ നിന്നും: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല, കേട്ടിട്ടില്ല, തൊട്ടിട്ടില്ല, മണത്തിട്ടും ഇല്ല. എന്നുവച്ചാല്‍, മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കു് ദൈവം ഒരുനാളും ഗോചരമായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ദൈവത്തെക്കുറിച്ചു് തലച്ചോറിനു് ഒരു വിവരവും ലഭിച്ചിട്ടില്ല. ശുദ്ധ ശൂന്യമെന്നു് അര്‍ത്ഥം! അതുകൊണ്ടു് ആരെങ്കിലും താന്‍ ദൈവത്തെക്കുറിച്ചു് ചിന്തിച്ചു എന്നു് പറഞ്ഞാല്‍ അതു് അസംബന്ധമാണു്….. പിന്നെ എങ്ങനെ ദൈവത്തെ അറിയാം? ദൈവം സ്വയം വെളിപ്പെടുത്തുക! മറ്റൊരു പോംവഴിയുമില്ല….”

ഒരു വിശ്വാസി എന്നോടു് ഇങ്ങനെ ചില വാചകങ്ങള്‍ പറഞ്ഞാല്‍, അവന്‍ ഒരു പൂര്‍ണ്ണവിശ്വാസിയാണു് എന്നെനിക്കു് അറിയാമെങ്കില്‍ ഞാനതിനു് മറുപടി പറയാന്‍ പോവുകയില്ല. കാരണം, പറഞ്ഞിട്ടു് പ്രയോജനമില്ലെന്നറിയാം. അതേസമയം, ശാസ്ത്രവുമായി ബന്ധമുള്ള ആരെങ്കിലുമാണു് അതു് പറഞ്ഞതെങ്കില്‍, ആ വ്യക്തിക്കു് ശാസ്ത്രീയതയുടെ fundamentals സംബന്ധിച്ചു് യാതൊരു വിവരവുമില്ലെന്നും, ഒരു ശാസ്ത്രജ്ഞന്‍ എന്ന പേരിനു് യാതൊരു അര്‍ഹതയുമില്ലെന്നും എനിക്കു് പറയേണ്ടിവരും. കാരണം, ഈ വാചകങ്ങള്‍ അവയില്‍ത്തന്നെ വൈരുദ്ധ്യങ്ങളാണു്. ആ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയാത്തതാണു് ഇത്തരം പ്രശ്നങ്ങളുടെ മുഴുവന്‍ കാരണവും. ഈ വാചകങ്ങള്‍ പറയാന്‍ ഒരു വ്യക്തിക്കു് നിര്‍ദ്ദേശം കൊടുക്കുന്ന ഒരു തലച്ചോറു് അങ്ങനെയൊരു വൈരുദ്ധ്യം കണ്ടിരുന്നെങ്കില്‍ ആ നിര്‍ദ്ദേശം കൊടുക്കുമായിരുന്നില്ല. ഇനി, ആ വൈരുദ്ധ്യങ്ങള്‍ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു തലച്ചോറിനെ അംഗീകരിക്കാന്‍ ആദ്യത്തെ തലച്ചോറിനു് കഴിയണമെങ്കില്‍ reasonable ആയി, rational ആയി, logical ആയി, ചുരുക്കത്തില്‍ ശാസ്ത്രീയമായി ചിന്തിക്കാന്‍ അതിനു് കഴിയണം. അതു് പറയുന്നത്രയോ, പലരും സ്വയം കരുതുന്നത്രയോ എളുപ്പമല്ല എന്നതാണു് പ്രശ്നം. അല്‍പം ബുദ്ധിയും വളരെയേറെ അദ്ധ്വാനവും കൊണ്ടു് മാത്രമേ അതു് നേടാനാവൂ.

Perception എന്ന വിഷയത്തെപ്പറ്റി കുറച്ചല്ല എഴുതാനാവുന്നതു്. രണ്ടുമൂന്നു് കാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കുന്നു: ആധുനിക neuro-biology-യുടെ വെളിച്ചത്തില്‍ perception എന്നതു് തലച്ചോറിന്റെ ഒരു നിര്‍മ്മിതി (construct) മാത്രമാണു്. ലോകം അതില്‍ത്തന്നെ വര്‍ണ്ണശബളമല്ല. നമ്മള്‍ ചെറുതായി കാണുന്നു എന്നതുകൊണ്ടു് അകലെയുള്ള വസ്തുക്കള്‍ (ഉദാ. സൂര്യന്‍) ചെറുതല്ല. നമ്മള്‍ കാണുന്ന വസ്തുക്കളുടെ ഒരു miniature അഥവാ, ചെറിയ ‘ചിത്രങ്ങള്‍’ തലച്ചോറില്‍ ശേഖരിക്കപ്പെടുന്നില്ല.

തലച്ചോറില്‍ അറിവു് രൂപമെടുക്കുന്നതു് ഇന്ദ്രിയങ്ങള്‍ വഴിയാണെങ്കില്‍, ആ ഇന്ദ്രിയങ്ങള്‍ക്കു് ഒരുനാളും ഗോചരമായിരുന്നിട്ടില്ലാത്ത, ഗോചരമാവാന്‍ കഴിയാത്ത ഒരു ദൈവത്തെ ‘അറിയാന്‍’ മനുഷ്യനു് എങ്ങനെ കഴിയും? ഏതു് വിധത്തില്‍, ഏതു് മാര്‍ഗ്ഗത്തിലൂടെ ദൈവം മനുഷ്യനു് സ്വയം വെളിപ്പെടുത്തിക്കൊടുക്കും? അസാദ്ധ്യത സൂചിപ്പിക്കാന്‍ ഒരു നാടന്‍ പഴഞ്ചൊല്ലുണ്ടു്: “അതു് സംഭവിക്കുന്ന കാലം കാക്ക മലര്‍ന്നു് പറക്കും!” എന്നാണതു്. കാക്ക മലര്‍ന്നു് പറക്കുന്നതു് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഒരു കാക്ക മലര്‍ന്നു് പറക്കുന്നതു് സങ്കല്‍പിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. കാരണം, കാക്കയും, പറക്കലും, മലര്‍ന്നു്, കമിഴ്‌ന്നു് എന്നീ വാക്കുകളും എനിക്കു് പരിചിതമാണു്. ഈ വാക്കുകളെ ഏതുവിധത്തില്‍ വേണമെങ്കിലും combine ചെയ്യാന്‍ എനിക്കു് കഴിയും. ആ combinations എല്ലാം സാദ്ധ്യമാവണം എന്നു് പറയുന്നതു് ഭ്രാന്തായിരിക്കും. അറബിക്കടല്‍ മുഴുവന്‍ ഞാന്‍ ഒറ്റക്കു് കുടിച്ചുവറ്റിച്ചു എന്നു് സങ്കല്‍പിക്കാന്‍ എനിക്കു് ഒരു പ്രയാസവുമില്ല. കടല്‍, വെള്ളം, കുടി മുതലായ, എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ മനോധര്‍മ്മം പോലെ കൂട്ടിച്ചേര്‍ക്കുക മാത്രമാണു് ഞാന്‍ അതുവഴി ചെയ്യുന്നതു്. അതിനു് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഉണ്ടാവണമെന്നു് നിര്‍ബന്ധം പിടിക്കുന്നതു് ഒരു മാനസികരോഗം മാത്രമേ ആവൂ.

ക്രിസ്തുസഭയില്‍ വിഗ്രഹാരാധന നടപ്പിലായതിനെപ്പറ്റി മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ സഭയുടെ ആദ്യകാല(സ്വതന്ത്ര)ചരിത്രം വായിക്കുക. പ്രത്യേകിച്ചും A. D. 787-ല്‍ നിഖ്യായില്‍ വച്ചു് നടന്ന ഏഴാം എക്യൂമെനിക്കല്‍ കൗണ്‍സിലിനെ സംബന്ധിച്ചും അതിനു് മുന്‍പും പിന്‍പും ഉള്ള യൂറോപ്യന്‍ ചരിത്രത്തെക്കുറിച്ചുമൊക്കെ. പല കാര്യങ്ങളും നമ്മള്‍ അറിഞ്ഞതുപോലെയോ, നമ്മളെ അറിയിച്ചതുപോലെയോ അല്ല എന്നു് മനസ്സിലാക്കാന്‍ സ്വയം അന്വേഷിക്കുക, വിവിധ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുക എന്നതല്ലാതെ മറ്റു് കുറുക്കുവഴികളൊന്നുമില്ല. കുറുക്കുവഴികളിലൂടെ ലഭിക്കുന്ന ഉത്തരങ്ങളും കുറിയതായിരിക്കും!

മനുഷ്യന്റെ തലച്ചോറില്‍ ബാല്യത്തിലേ ഒരു ദൈവരൂപം സൃഷ്ടിക്കപ്പെടുന്നു. അതു് അവന്റെ സമൂഹത്തിന്റെ, അവന്റെ സമുദായത്തിന്റെ ദൈവമായിരിക്കും. യഹൂദന്റെ ദൈവം മോശെയുടെ ദൈവമാണു്. രൂപമില്ല, നാമമില്ല, (ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു!) ഭൗതികമായ ഒന്നുകൊണ്ടും വര്‍ണ്ണിക്കാനാവില്ല. (മോശെയുടെ ഈ ദൈവവര്‍ണ്ണനയ്ക്കു് rational ആയ ഒരു അര്‍ത്ഥവുമില്ല! വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണതു്!) പക്ഷേ മൈക്കലാഞ്ചലോ വരയ്ക്കുന്ന ദൈവത്തിനു് ഒരു വൃദ്ധനായ മനുഷ്യന്റെ രൂപമാണു്. മുലകുടി മാറാത്ത ഒരു കുഞ്ഞിനെ അദ്ദേഹത്തിനു് വേണമെങ്കില്‍ ദൈവമായി വരക്കാമായിരുന്നു. മൈക്കലാഞ്ചലോ വരയ്ക്കുന്ന ദൈവത്തിന്റെ ചിത്രം അദ്ദേഹത്തിനു് ബൈബിളില്‍ നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തിലെ ഒരു സാങ്കല്‍പിക ചിത്രമാണു്, ഭാവനാചിത്രമാണു്. ശ്രീബുദ്ധന്‍ ഒരു ‘ദൈവത്തെ’ ചൂണ്ടിക്കാണിച്ചില്ല. പക്ഷേ, ബുദ്ധമതവിശ്വാസികള്‍ ബുദ്ധന്റെ പ്രതിമ സൃഷ്ടിച്ചു് ആരാധിക്കുന്നു. ബുദ്ധരൂപം സ്വര്‍ണ്ണമോ, വെള്ളിയോ, കളിമണ്ണോ എന്നതു് ഓരോ ബുദ്ധമതസമൂഹത്തിന്റെയും സാമ്പത്തികശേഷിയില്‍ മാത്രം അധിഷ്ഠിതമായ കാര്യമാണു്.

ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാമെങ്കില്‍, യഹോവയെ ആരും കണ്ടിട്ടില്ല എന്ന അഭിപ്രായം ശരിയാവുകയില്ല. പുറപ്പാടു് പുസ്തകത്തില്‍ ദൈവത്തെ കണ്ടതിനെപ്പറ്റി എഴുതിയിരിക്കുന്നു: ‘അനന്തരം മോശെയും അഹരോനും നാദാബും അബീഹുവും യിസ്രായേല്‍ മൂപ്പന്മാരില്‍ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്‍ക്കുകീഴെ നീലക്കല്ലുപടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛത പോലെയും ആയിരുന്നു’. – (പുറപ്പാടു് 24: 9, 10)

വെറും ഒന്‍പതു് അദ്ധ്യായങ്ങള്‍ക്കുശേഷം നമ്മള്‍ വീണ്ടും വായിക്കുന്നു: ‘അപ്പോള്‍ അവന്‍ (മോശെ): “നിന്റെ തേജസ്സു് എനിക്കു് കാണിച്ചു് തരേണമേ എന്നപേക്ഷിച്ചു. അതിനു് അവന്‍ (യഹോവ): “… കൃപ ചെയ്‌വാന്‍ എനിക്കു് മനസ്സുള്ളവനോടു് ഞാന്‍ കൃപ ചെയ്യും. കരുണ കാണിപ്പാന്‍ എനിക്കു് മനസ്സുള്ളവനു് ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു. നിനക്കു് എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു് ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്‍പിച്ചു. ഇതാ എന്റെ അടുക്കല്‍ ഒരു സ്ഥലമുണ്ടു്; അവിടെ ആ പാറമേല്‍ നീ നില്‍ക്കേണം. എന്റെ തേജസ്സു് കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പില്‍ ആക്കി ഞാന്‍ കടന്നുപോകുവോളം എന്റെ കൈകൊണ്ടു് നിന്നെ മറയ്ക്കും. പിന്നെ എന്റെ കൈ നീക്കും. നീ എന്റെ പിന്‍ഭാഗം കാണും. എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.’ – (പുറപ്പാടു് 33: 18 – 23)

ഇതു് കേരളത്തിലെ ഏതെങ്കിലും ഒരു സ്വാമി ശുഷ്കാനന്ദ കൂടുവിട്ടു് കൂടുമാറുന്നതിന്റെ വര്‍ണ്ണനയല്ല! ഭൂമി, സൂര്യന്‍, ചന്ദ്രന്‍, ജീവജാലങ്ങള്‍, galaxies, black holes, dark energy, dark matter മുതല്‍ elementary particles വരെ അടങ്ങിയിരിക്കുന്ന നമ്മുടെ പ്രപഞ്ചത്തെ മുഴുവന്‍ നിര്‍മ്മിച്ചവന്‍ ‘ആയിരിക്കേണ്ട’ ഒരു ദൈവമാണു് മോശെക്കു് തന്റെ ‘ചന്തി’ കാണിച്ചുകൊടുത്തു എന്നെഴുതിവച്ചിരിക്കുന്നതു്! മോശെയെ തന്റെ പിന്‍ഭാഗം കാണിക്കാനായി ദൈവം മനുഷ്യരൂപത്തില്‍ ഭൂമിയില്‍ വന്നു എന്നാവും മറുവാദം! അങ്ങനെ അല്ലെന്നു് ആരു് തെളിയിക്കും? ഒരുത്തന്‍ അവന്റെ മനസ്സില്‍ കെട്ടിച്ചുമക്കുന്ന ദൈവത്തിന്റെ ചിത്രം ഏതാണെന്നു് മനസ്സിലാക്കാന്‍ നിഷ്പക്ഷമതികളെ ഇത്തരം വാദഗതികള്‍ സഹായിക്കും. അങ്ങനെ വില കുറഞ്ഞവനാണു് ദൈവമെങ്കില്‍ ആ ദൈവത്തെ ഒഴിവാക്കാനുള്ള ബാദ്ധ്യത ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്കുണ്ടെന്നണെന്റെ ഉറച്ച വിശ്വാസം.

അതു് അങ്ങനെയല്ല, ഇങ്ങനെയാണു് മോശെ ഉദ്ദേശിച്ചതു് എന്നും മറ്റും പറയുന്നവര്‍ മനുഷ്യരായിരിക്കുന്നിടത്തോളം അവരുടെ അപഗ്രഥനങ്ങളിലെ സത്യവും, അസത്യവും, ആധികാരികതയും ചോദ്യം ചെയ്യപ്പെടാം. എന്തടിസ്ഥാനത്തില്‍, എന്തു് നീതിയുടെ പേരില്‍ ഞാന്‍ മറ്റൊരു മനുഷ്യന്‍ പറയുന്നതിനെ കണ്ണുമടച്ചു് വിശ്വസിക്കണം? മറ്റുള്ളവര്‍ വിശ്വസിക്കുന്നതുകൊണ്ടു് ഞാനും വിശ്വസിക്കണമെന്നു് ഒരു നിയമവുമില്ല. യഹൂദര്‍ മുഴുവന്‍ കാളക്കുട്ടിയെ ആരാധിച്ചു എന്നതുകൊണ്ടു് മോശെയും ആ കാളക്കുട്ടിയില്‍ വിശ്വസിക്കുകയായിരുന്നോ? അതോ തല്ലിപ്പൊട്ടിച്ചു് അരച്ചുകലക്കി എല്ലാത്തിനേയും കുടിപ്പിക്കുകയായിരുന്നോ? എന്റെ യുക്തിയെ ഒരുവിധത്തിലും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കാനുള്ള ഒരു ബാദ്ധ്യതയും എനിക്കില്ല, ആര്‍ക്കുമില്ല. കേള്‍ക്കുന്നതെല്ലാം വിശ്വസിക്കണമോ വേണ്ടയോ എന്നതു് ഓരോ വ്യക്തിയുടെയും പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍പെട്ട കാര്യമാണു്.

ബൈബിളിനെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതിനു് മുന്‍പു് ഒരുവന്‍ ബൈബിള്‍ മനസ്സിരുത്തി വായിച്ചിരിക്കണം. ഭഗവദ്‌ ഗീതയെ വിമര്‍ശിക്കുന്നതിനു് മുന്‍പു് ഒരുവന്‍ ഭഗവദ്‌ ഗീത വായിച്ചിരിക്കണം, മനസ്സിലാക്കിയിരിക്കണം. ഖുര്‍ ആനെ അപഗ്രഥിക്കണമെന്നുള്ളവന്‍ അതു് പഠിച്ചിരിക്കണം. വായിച്ചിട്ടും പഠിച്ചിട്ടുമുള്ളവര്‍ പറയുന്നതു് കേട്ടു് വിശ്വസിച്ചാല്‍ മതിയെന്നുള്ളവര്‍ക്കു് തീര്‍ച്ചയായും അങ്ങനെയും ആവാം. ആരുപറഞ്ഞു വേണ്ടെന്നു്? പക്ഷേ, അവര്‍ മറ്റുള്ളവരെ ഉപദേശിക്കാതിരിക്കുകയെങ്കിലും ചെയ്യണം, സാമാന്യമര്യാദയുടെ പേരില്‍! കേട്ടിടത്തു് കേട്ടിട്ടു്, എല്ലാം പഠിച്ചവന്‍ എന്ന ഭാവത്തില്‍ മറ്റുള്ളവരെ ‘ഫയങ്കര ചോദ്യങ്ങള്‍’ ചോദിച്ചു് തറപറ്റിച്ചു എന്നു് സ്വയം വിശ്വസിപ്പിച്ചു് “ആത്മാന്വേഷി” ആവാന്‍ ബ്ലോഗ് നീളെ ഓടിനടക്കാതിരിക്കുകയെങ്കിലും ചെയ്യണം. മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ടു്: ‘ആയിരം ബുദ്ധിമാന്മാര്‍ക്കു് പുറത്തെടുക്കാന്‍ കഴിയാത്ത ഒരു കല്ല് വിഡ്ഢി കിണറ്റിലിട്ടുകളയും’ എന്നു്. കല്ല് ആര്‍ക്കുവേണമെങ്കിലും കിണറ്റിലിടാം! ഒരെതിര്‍പ്പുമില്ല. പക്ഷേ, ദയവുചെയ്തു് എടുക്കാന്‍ പറയരുതു്. അറിയാന്‍ വേണ്ടിയാണു് വായിക്കുന്നതെങ്കില്‍, വെറുതെ ‘വായിച്ചാല്‍’ മാത്രം പോരാ, വായിക്കുന്നതു് മനസ്സിലാക്കാനും, മനസ്സില്‍ ഇരുത്താനും കഴിയണം. അഞ്ചാം പേജില്‍നിന്നും പത്താം പേജില്‍ എത്തുമ്പോഴേക്കും അതുവരെ വായിച്ചതു് മറന്നാല്‍ അവിടെയും ഇവിടെയും എഴുതിയിരിക്കുന്നവ തമ്മിലുള്ള വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയില്ല.

ദൈവവചനം നിര്‍വചനപ്രകാരം കുറ്റമറ്റതായിരിക്കണം എന്നതിനാല്‍, അതില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ഏതൊരു വൈരുദ്ധ്യവും അതിന്റെ പൊതുവായ ദൈവികതയെയും, ആധികാരികതയെയും ചോദ്യം ചെയ്യുന്നതായിരിക്കും. “ഒന്നുകില്‍ ഗര്‍ഭിണി, അല്ലെങ്കില്‍ ഗര്‍ഭിണി അല്ല” എന്നല്ലാതെ ‘ശകലം ഗര്‍ഭിണി’ എന്നൊന്നില്ല. “നീ കൊല ചെയ്യരുതു്” എന്ന കല്‍പന “നീ ആരെയും ഒരു കാരണവശാലും കൊല ചെയ്യരുതു്” എന്ന അര്‍ത്ഥത്തില്‍ മാത്രമേ ഒരു ദൈവകല്‍പന ആവൂ. ബൈബിളില്‍ മറ്റൊരിടത്തു് അനുസരണയില്ലാത്ത മകനെവരെ കല്ലെറിഞ്ഞു് കൊല്ലാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അത്തരമൊരു കല്‍പന ദൈവികമല്ല, മാനുഷികം പോലുമല്ല; അതു് ഏതോ വികൃതമനസ്സില്‍ രൂപമെടുത്ത കാട്ടാളത്തം മാത്രമേ ആവൂ. സര്‍വ്വശക്തനായ ഒരു ദൈവത്തിനു് ഇതൊന്നും കൂടാതെതന്നെ മനുഷ്യരില്‍ നിന്നും “കൊല ചെയ്യണം” എന്ന വികാരം എടുത്തു് മാറ്റാന്‍ കഴിയുമായിരുന്നു, ഇന്നും വേണമെങ്കില്‍ കഴിയും എന്നതിനാല്‍, ഇത്തരം കല്‍പനകള്‍ക്കു് യാതൊരുവിധ വിലയോ ദൈവികതയോ കല്‍പിക്കാന്‍ കഴിയുകയില്ല. എത്രയെത്ര വിശദീകരണങ്ങള്‍! എത്രയെത്ര തിരിമറികള്‍! കാലാകാലങ്ങളില്‍ മാറിമാറിവന്ന എത്രയെത്ര അര്‍ത്ഥവ്യത്യാസങ്ങള്‍! മനുഷ്യന്റെ free will ഒക്കെ കുറെനാള്‍ ഇട്ടു് പയറ്റി ഇപ്പോള്‍ വളരെ പഴകിക്കഴിഞ്ഞു. ഇന്നും അതൊന്നും മനസ്സിലാവാത്തവര്‍ ധാരാളമുണ്ടെങ്കിലും! അവരാണല്ലോ വരുമാനമാര്‍ഗ്ഗം! അവര്‍ക്കെന്തിനു് അപഗ്രഥനങ്ങള്‍! പള്ളിമണി കേട്ടാല്‍ അവര്‍ എത്തിക്കൊള്ളും! അതാണു് വിശ്വാസം! അവരില്ലെങ്കില്‍ പാതിരിമാര്‍ പണ്ടേ തൂമ്പ വാങ്ങേണ്ടി വരുമായിരുന്നു.

മറ്റൊരുവന്റെ മുതല്‍ അവന്റെ അനുവാദമില്ലാതെ എടുക്കുന്നതു് മോഷണമാണു്. അവനോടു് അതു് കരുതിക്കൂട്ടി, അഥവാ, തിരിച്ചുകൊടുക്കുകയില്ലെന്നു് രഹസ്യമായി തീരുമാനിച്ചുകൊണ്ടു് കടം വാങ്ങുന്നതു് വഞ്ചനയാണു്. “യിസ്രയേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു് മിസ്രയീമ്യരോടു് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. “യഹോവ മിസ്രയീമ്യര്‍ക്കു് ജനത്തോടു് കൃപ തോന്നിച്ചതുകൊണ്ടു് അവര്‍ ചോദിച്ചതൊക്കെയും അവര്‍ക്കു് കൊടുത്തു”. അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു.” – (പുറപ്പാടു് 12: 35, 36) അക്കാലത്തെ മിസ്രയീമ്യര്‍ (ഈജിപ്തുകാര്‍) കൂടാരങ്ങളുമായി നാടുചുറ്റിയിരുന്ന ആട്ടിടയന്മാരായിരുന്ന യിസ്രായേല്യരെപ്പോലെ ‘കാടന്മാര്‍’ ആയിരുന്നില്ല. അവര്‍ സംസ്കാരസമ്പന്നരായ ഒരു ജനവിഭാഗമായിരുന്നു. ഇന്നും നമ്മെ അത്ഭുതസ്തബ്ധരാക്കുന്ന പല നേട്ടങ്ങളും മാനവരാശിക്കു് കാഴ്ചവച്ച ഒരു പുരാതനസംസ്കാരം. “ഇടയന്മാരെല്ലാം മിസ്രയീമ്യര്‍ക്കു് വെറുപ്പല്ലോ” – ഉത്പത്തി: 46: 34) എന്നിട്ടും യിസ്രയേല്യര്‍ മിസ്രയീമില്‍ അത്ര ബുദ്ധിമുട്ടി ആയിരുന്നില്ല ജീവിച്ചിരുന്നതെന്നതിനു് ബൈബിള്‍ തന്നെ സാക്‍ഷ്യം വഹിക്കുന്നുണ്ടു്: “മിസ്രയീമ്യര്‍ക്കു് വേല ചെയ്‌വാന്‍ ഞങ്ങളെ വിടേണം എന്നു് ഞങ്ങള്‍ ‘മിസ്രയീമില്‍ വച്ചു്’ നിന്നോടു് പറഞ്ഞില്ലയോ? മിസ്രയീമില്‍ ശവക്കുഴി ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയില്‍ മരിപ്പാന്‍ കൂട്ടിക്കൊണ്ടു് വന്നതു്.” – (പുറപ്പാടു് 14: 11, 12) “ഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകും വണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീം ദേശത്തുവച്ചു് യഹോവയുടെ കയ്യാല്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളായിരുന്നു.” (പുറപ്പാടു് 16: 3) അങ്ങനെയുള്ള ഒരു ജനവിഭാഗത്തിനെ ആണു് യഹോവ ‘നന്ദിപൂര്‍വ്വം’ പത്തു് ബാധകള്‍ വരുത്തി പീഡിപ്പിക്കുന്നതു്! ആദ്യജാതന്മാരെ മുഴുവന്‍ കൊന്നൊടുക്കുന്നതു്! ഏറ്റവും ചുരുങ്ങിയപക്ഷം യഹൂദര്‍ നൂറ്റാണ്ടുകള്‍ അവിടെ ജീവിച്ചു് ജോലിചെയ്തു് മിസ്രയീമ്യരുടെ ഐശ്വര്യത്തിന്റെ പങ്കുപറ്റിയതിന്റെ നന്ദിയെങ്കിലും കാണിക്കാമായിരുന്നില്ലേ? സര്‍വ്വശക്തനായ ഒരു ദൈവത്തെ പത്തുവട്ടം കുരങ്ങുകളിപ്പിക്കുന്ന ഒരു ഫറവോ ആ ദൈവത്തേക്കാള്‍ ശക്തനും യോഗ്യനുമല്ലേ? ആ കഥകളെല്ലാം നേരോ നുണയോ എന്നതെല്ലാം മറ്റൊരു പേജീല്‍ എഴുതിയിരിക്കുന്ന കാര്യം! യഹൂദര്‍ അവിടം വിടാനുണ്ടായ ചരിത്രപരമായ കാരണങ്ങളിലേക്കും ഇവിടെ കടക്കുന്നില്ല. മറ്റൊരു ലേഖനത്തില്‍ ഞാന്‍ അതു് വിവരിച്ചിട്ടുമുണ്ടു്.

ഇതൊന്നും ഞാന്‍ ഒരു വിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കേണ്ട കാര്യങ്ങളല്ല. താന്‍ വിശ്വസിക്കുന്നതു് എന്തിലാണെന്നു് ഏതൊരു വിശ്വാസിയും സ്വയമാണു് അന്വേഷിച്ചറിയേണ്ടതു്. അവനു് അതിനു് കഴിവില്ലെങ്കില്‍, ആഗ്രഹമില്ലെങ്കില്‍, അവന്‍ അവന്റെ വിശ്വാസത്തില്‍ സംതൃപ്തനെങ്കില്‍ ആര്‍ക്കു് എന്തു് ചൊറിച്ചില്‍? പക്ഷേ വിശ്വാസത്തിന്റെ യുക്തിസമ്പൂര്‍ണ്ണത തെളിയിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതു് പരിഹാസ്യമാണു്. എന്നുമുതലാണു് വിശ്വാസി ശാസ്ത്രത്തെ സ്നേഹിക്കാന്‍ തുടങ്ങിയതു്? പണ്ടു് “ചെകുത്താന്‍” ആയിരുന്ന ശാസ്ത്രം ഇന്നെങ്ങനെ കറിവേപ്പിലയും സഹായിയുമാവും? ഇങ്ങനെയുമുണ്ടോ കാപട്യം? കുറെ നാള്‍ ഞാനും ഓടിയിരുന്നു, വിശ്വാസികളുടെ മുന്‍നിരയില്‍ തന്നെ! എനിക്കു് ധാരാളം മതിയായി. ഇനി വേണ്ട. ദൈവം പ്രവാചകന്മാരോടു് പറഞ്ഞതിന്റെ അര്‍ത്ഥം അങ്ങനെ ആയിരുന്നില്ല ഇങ്ങനെ ആയിരുന്നു എന്നു് വ്യക്തമായി അറിയാവുന്നവര്‍ എന്നു് ഭാവിച്ചിരുന്നവരുടെ അടുത്തുനിന്നാണു് ഞാനും വരുന്നതു്. എന്റെ വ്യക്തിപരമായ അന്വേഷണങ്ങളുടെ ഒരു നേരിയ അംശമാണു് ഞാന്‍ ഇടയ്ക്കിടെ ബ്ലോഗില്‍ കുറിച്ചിടുന്നതു്. എന്നെ സന്തോഷത്തോടെ വായിക്കുന്ന ചിലരെങ്കിലും ഉണ്ടു് എന്നതിനാല്‍, ഗൂഗിള്‍ അനുവദിക്കുന്നിടത്തോളം അതു് തുടരണമെന്നുമുണ്ടു്. ആര്‍ക്കെങ്കിലും അതു് അവരുടെ അന്വേഷണങ്ങള്‍ക്കു് പ്രചോദനമായാല്‍ ആവട്ടെ എന്നതാണു് ലക്‍ഷ്യം. ആരെയെങ്കിലും ഉപദേശിച്ചു് നന്നാക്കുക എന്നതൊന്നും എനിക്കു് കഴിയുന്ന കാര്യങ്ങളല്ല. എന്റെ ലക്‍ഷ്യവുമല്ല. എന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വിമര്‍ശിക്കുന്നതിനുമുന്‍പു് ഞാന്‍ ഇതുവരെ എഴുതിയ കാര്യങ്ങളെങ്കിലും മനസ്സിരുത്തി ഒന്നു് വായിച്ചിരുന്നെങ്കില്‍ എന്നാലോചിച്ചുപോകുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ പണ്ടെന്നോ ആരംഭിച്ചിടത്തുനിന്നു് വീണ്ടും വീണ്ടും ആരംഭിക്കേണ്ടിവരുന്നതു് എനിക്കെന്നല്ല, ആര്‍ക്കായാലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരിക്കും എന്നു് തോന്നുന്നു. പോരാത്തതിനു്, ഞാന്‍ വരുന്നതു് പ്രാഗ്‌മാറ്റിസത്തിന്റെ പള്ളിക്കൂടത്തില്‍ നിന്നാണുതാനും! ആവശ്യമില്ലാത്ത, പ്രയോജനമില്ലാത്ത ചെറിയ ചുവടുകള്‍ പോലും ഒഴിവാക്കുക എന്നതു് അതുവഴി എന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമായിപ്പോവുകയും ചെയ്തു.

ഇതൊക്കെയാണു് സാക്ഷാല്‍ ദൈവത്തെ സംബന്ധിച്ച കാര്യങ്ങളെങ്കില്‍, ആ ദൈവത്തെ പ്രതിനിധീകരിക്കുന്നവരെപ്പറ്റി എന്തിനു് മനുഷ്യന്‍ വെറുതെ കൂടുതല്‍ എഴുതിയോ പറഞ്ഞോ എനര്‍ജി നഷ്ടപ്പെടുത്തണം? എന്റെ ബ്ലോഗിലോ, മറ്റു് ചില ബ്ലോഗുകളിലോ പലവട്ടം നല്‍കിയ മറുപടികളുടെ ചോദ്യങ്ങളാണു് വീണ്ടും വീണ്ടും പലപ്പോഴും കുപ്പായം പോലും മാറാതെ അവിടെയും ഇവിടെയും അവതരിപ്പിക്കപ്പെടുന്നതു്.

തനിക്കു് പറയാനുള്ള കാര്യങ്ങള്‍ ആര്‍ക്കും സംശയത്തിനു് ഇടവരാത്തവിധത്തില്‍ പറയാനുള്ള കഴിവെങ്കിലും ഒരു ദൈവത്തിനുണ്ടാവണം. എത്രയോ പ്രാവശ്യം മനുഷ്യര്‍ ഇടപെട്ടു് തിരുത്തുകയും, പുതുക്കുകയും, വ്യഖ്യാനിക്കുകയും, മറിക്കുകയും, തിരിക്കുകയും ചെയ്യേണ്ടിവരുന്ന കുറേ വാചകങ്ങള്‍ ഒരിക്കലും ദൈവത്തിന്റേതാവാന്‍ കഴിയില്ല. ഇതൊക്കെ ആയിട്ടും ഫലപ്രാപ്തി കൈവരിക്കാന്‍ കഴിയുന്നുമില്ല! അതാണേറെ രസം! ‘വിഗ്രഹങ്ങള്‍ ഉണ്ടാക്കരുതു്’ എന്നു് ദൈവം പറഞ്ഞാല്‍ ‘വിഗ്രഹങ്ങള്‍ ഉണ്ടാക്കരുതു്’ എന്നേ അതിനര്‍ത്ഥമുള്ളു. അതിനു് മറ്റൊരര്‍ത്ഥമുണ്ടെങ്കില്‍, ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു് പറയാന്‍ പോവരുതു്. പാപികളായ മനുഷ്യരെ മുഴുവന്‍ ദൈവം പ്രളയം വഴി കൊല്ലുന്നതു് ഭാവിയില്‍ ഒരിക്കലും മനുഷ്യര്‍ പാപം ചെയ്യാത്തവരായി തീരുമെങ്കില്‍ മാത്രമേ നീതീകരിക്കാന്‍ ആവൂ. അല്ലെങ്കില്‍ മനുഷ്യരാശിയുടെ കൂട്ടക്കൊലയ്ക്കു് ദൈവത്തെ കോടതികയറ്റുകയാണു് ആവശ്യം! മക്കളെ ജനിപ്പിച്ചു എന്നതു് അവരെ കൊല്ലുന്നതിനുള്ള ന്യായീകരണമല്ല. ഏതു് സംസ്കൃതസമൂഹത്തിലും അതു് കൊലക്കുറ്റമാണു്, ശിക്ഷാര്‍ഹമാണു്.

തത്വചിന്തകനായ ലുഡ്‌വിഗ്‌ വിറ്റ്‌ഗന്‍സ്റ്റൈന്‍ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ടു്: “വാക്കുകള്‍ ചെയ്യേണ്ടതു് യാഥാര്‍ത്ഥ്യത്തെ യുക്ത്യനുസൃതമായി വെളിപ്പെടുത്തുകയാണു്. പറയാന്‍ കഴിയുന്നവ തെളിച്ചും വ്യക്തമായും പറയാന്‍ കഴിയും. പറയാന്‍ കഴിയാത്തവയെപ്പറ്റി മനുഷ്യന്‍ നിശബ്ദത പാലിക്കണം.”

 
 

മുദ്രകള്‍: , ,