RSS

Daily Archives: മേയ് 25, 2008

മദ്യപാനിയായിത്തീരുന്ന ‘പരിശുദ്ധ’നോഹ

മഹാപ്രളയവും മരണപ്പെട്ടകവും – (3) കലാശക്കൊട്ടു്

അങ്ങനെ, പ്രളയാവസാനം ഭൂലോകത്തിലെ സകല പാപികളും ചത്തു് സ്ഥലം കാലിയാക്കി. ദൈവത്തിന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്കില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയായി. ചത്തവരുടെ കൂട്ടത്തില്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ വരെയുണ്ടായിരുന്നു. യഹോവ അങ്ങനെയാണു്. കലിപ്പങ്ങു് കയറിയാല്‍ പിന്നെ കുഞ്ഞുമില്ല കുട്ടിയുമില്ല, പാമ്പുമില്ല പഴുതാരയുമില്ല! കോപം കൊണ്ടു് കണ്ണു് കാണാതായാല്‍ മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവ മോശെയെപ്പോലെ തന്നെയാണു്. ദൈവം സ്വന്തം കൈകൊണ്ടു് എഴുതിയ പത്തു് കല്‍പനകളുടെ കല്പലകകള്‍ ദ്വേഷ്യം കേറീപ്പൊ മോശെ എറിഞ്ഞങ്ങടു് പൊട്ടിച്ചില്ലേ? കാളക്കുട്ടീനെ അരച്ചു് കലക്കി എല്ലാത്തിനേം കുടിപ്പിച്ചില്ലേ? സ്വഭാവം കൊണ്ടു് രണ്ടുപേരും ഒന്നുതന്നെ! കലി കേറിയാല്‍ പിന്നെ മോശെക്കും ദൈവത്തിനും തന്നെത്താന്‍ പിടിച്ചാല്‍ പോലും പിടി കിട്ടില്ല! ഇരട്ടപിറന്നതുപോലത്തെ പെരുമാറ്റം.

പ്രളയവും barbecue സദ്യയും കഴിഞ്ഞപ്പോഴേക്കും ദൈവത്തിന്റെ കോപമടങ്ങി തല ഒട്ടൊന്നു് തണുത്തിരുന്നു. ദൈവകോപം അടങ്ങി എന്നതിനു് അടയാളമായി തന്റെ വില്ല് ചേലൊത്തൊരു കാവടിപോലെ ആകാശത്തില്‍ നിവര്‍ത്തിനിര്‍ത്തിയശേഷം ഒരു മേഘടാക്സി (AC, DVD ഒക്കെ ഒള്ള ഒരു പുത്തന്‍ ടൂറിസ്റ്റ്‌ ടാക്സി!) വിളിച്ചു് ദൈവം സ്വര്‍ഗ്ഗത്തിലേക്കു് പോയി. ആണുങ്ങള്‍ പൊട്ടു് തൊടുകയും, സ്വന്തം ശരീരത്തില്‍ ഒരു ക്യാന്‍വാസില്‍‌ എന്നപോലെ വര്‍ണ്ണചിത്രങ്ങള്‍ വരക്കുകയുമൊക്കെ ചെയ്യുന്ന ഏതോ ഒരു നാട്ടില്‍ ഇന്ദ്രചാപം എന്നു് പേരുനല്‍കി വിളിക്കപ്പെടുന്ന ചാപമല്ല യഹോവ പ്രതിഷ്ഠിച്ച ഈ ചാപം. ആ ചാപം വേറെ. അതു് ചുമ്മാ വെറും പാപചാപം. ഈ ചാപം സാക്ഷാല്‍ പാപമോചനചാപം. ശാപചാപവും ദൈവചാപവും തമ്മില്‍ തെറ്റിദ്ധരിക്കരുതു്. കളിമാറും! അപാലാപത്തില്‍ ആഘാതമേറ്റാലെന്നപോലെ വിലാപഗീതങ്ങള്‍ ആലപിക്കേണ്ടിവരുമെന്നു് നാടന്‍ഭാഷ! ‘വയ്ക്കോലില്‍ ഇട്ടു് ചക്ക വെട്ടിയപോലെ ആവും’ എന്നും വേണമെങ്കില്‍ പറയാം.

ദൈവത്തിനു് റ്റാറ്റാ പറഞ്ഞശേഷം നോഹയും കുടുംബവും ജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിച്ചു. ആദ്ധ്യാത്മികത വഴി എളുപ്പം കോടീശ്വരനാവാമെന്നു് നോഹക്കറിയാമായിരുന്നു. വലിയ മുതല്‍ മുടക്കില്ല താനും! ആവശ്യത്തിനു് ഇറക്കമുള്ള ഒരു കാവിവസ്ത്രം വേണമെന്നേയുള്ളു. അങ്കിയുടെ നിറം ബന്ധപ്പെട്ട സാമൂഹികഘടനയുമായി താദാത്മ്യം പ്രാപിക്കാന്‍ പര്യാപ്തമായിരിക്കണം. അതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഇറക്കം തീരെ കുറഞ്ഞാല്‍ കണങ്കാലിലെ രോമവും അരിമ്പാറയും പുഴുക്കടിയുമൊക്കെ കാല്‍ മുത്തുന്ന (നക്കുന്ന) ഭക്തന്മാര്‍ കാണും. അന്നേരം അവര്‍ക്കൊരു ഇമ്പ്രഷന്‍ ഉണ്ടാവില്ല. സ്വാമിയാണെങ്കിലും പുഴുക്കടിയേലൊക്കെ മുത്തുക, തലോടുക എന്നൊക്കെ പറഞ്ഞാല്‍ ചിലരെങ്കിലും അറച്ചു് മാറിനില്‍ക്കും. എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെ. ഒരു സ്വാമി ‘രോമയോ അരോമയോ’, ‘അരിമ്പാറയോ അനരിമ്പാറയോ’ എന്നതെല്ലാം എന്നാളും രഹസ്യമായിരിക്കേണ്ട കാര്യങ്ങളാണു്. അത്ഭുതഗര്‍ഭം പോലെയാണതും. അത്ഭുതഗര്‍ഭം എന്നും ഒരു രഹസ്യമായിരിക്കണം. ‘അരഹസ്യത്തില്‍’ അത്ഭുതമില്ല. നീണ്ട ഒരു കുപ്പായം തുന്നിക്കൂട്ടുന്നതെങ്ങനെ എന്നതായിരുന്നില്ല നോഹയുടെ പ്രശ്നം. കാണിക്കയും നേര്‍ച്ചകാഴ്ചകളുമായി എത്താന്‍ മനുഷ്യരൂപമുള്ള ഏതെങ്കിലുമൊരു ഉണ്ണാക്കന്‍ ഭൂമിയില്‍ ഉണ്ടായിട്ടു് വേണ്ടേ? അസ്ഥികുടീരങ്ങള്‍ സ്പന്ദിക്കാറുണ്ടെങ്കിലും നേര്‍ച്ചയിടാറില്ലല്ലോ! കാക്കകളും കിളികളുമൊക്കെ ഭണ്ഡാരം ഉപയോഗിക്കുന്നതു് ‘ഉന്നം’ പണ്ടേപ്പോലെ ഫലിക്കുന്നുണ്ടോ എന്നൊന്നു് പരിശോധിക്കണമെന്നു് ‘അനുഭവങ്ങളിലെ പാളിച്ചകള്‍’ വഴി തോന്നുമ്പോള്‍ മാത്രമാണുതാനും. കാഷ്ടം കൊടുത്താല്‍ ബെന്‍സും കൈത്തോക്കും കിട്ടുമോ? ഒരു സ്വാമിക്കു് പുതിയ പുതിയ ആശ്രമങ്ങളിലേക്കു് കൈമാറിപ്പിടിച്ചു് കാലുമാറ്റിച്ചവിട്ടുവാന്‍ അത്തരം കളിപ്പാട്ടങ്ങള്‍ minimum requirements ആണെന്നു് ആര്‍ക്കാണറിയാത്തതു്?

അവസാനം, നോഹ പണ്ടത്തെ കയീനെപ്പോലെ കര്‍ഷകനാവാന്‍ തീരുമാനിച്ചു. അവര്‍ നാലാണും നാലു് പെണ്ണും കൂടി കഠിനമായി അദ്ധ്വാനിച്ചു. അയല്‍വാസിയായ ഒരു അണ്ണാറക്കണ്ണനും തന്നാലാവുന്നതു് എന്തൊക്കെയോ ചെയ്തു. പലതും ചെയ്തു എന്നല്ലാതെ, എന്തൊക്കെയാണു് അവന്‍ ചെയ്തുകൂട്ടിയതെന്നതിനെസംബന്ധിച്ച കൃത്യമായ രേഖകള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. രാപ്പകലില്ലാതെ അവര്‍ ഉഴുതുമറിച്ചു് കൃഷി ചെയ്തു. റബ്ബര്‍, കശുവണ്ടി, വെള്ളിലാവു്, കടലാവണക്കു്, കൂര്‍ക്കക്കിഴങ്ങു്, ഒടിച്ചുകുത്തിനാരങ്ങ, കച്ചോലം, വെന്തിപ്പൂ, തൊട്ടാവാടി, അയമോദകം, കൊന്തന്‍പുല്ല്, നാലേമുക്കാല്‍മണിപ്പൂവു് അങ്ങനെ ‘സകലഭൂമിയിലുമുള്ള’ മരങ്ങളും ചെടികളും പുല്ലുകളും അവര്‍ നട്ടുപിടിപ്പിച്ചു. ബാക്കിവന്ന സ്ഥലത്തു് തടമെടുത്തു് ഒരുപാടു് മുന്തിരിയും നട്ടു. അതിനുശേഷം എല്ലാത്തിനും വെള്ളമൊഴിച്ചു്, കണ്ണില്‍ എണ്ണയൊഴിച്ചു് പ്രത്യാശയോടെ കിഴക്കോട്ടു് നോക്കി അവര്‍ കാത്തിരുന്നു് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ തീവ്രതമൂലം എല്ലാം പത്തും നൂറും മേനി വിളവുനല്‍കി. എല്ലാ വിളവിന്റേയും ദശാംശം അവര്‍ ദൈവം ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ കൊടുക്കാനായി നീക്കിവച്ചു. ദൈവത്തിനു് ഒരു ‘സംതിംഗ്‌’ കൊടുക്കുക എന്ന രൂപത്തിലല്ല, ഉദ്ദിഷ്ടകാര്യം സാധിച്ചതിനു് ഉപകാരസ്മരണ എന്നതു് ഒരു ബാദ്ധ്യതയാണെന്ന നിലയില്‍.

ഉത്തമഗീതങ്ങളില്‍ അനുരാഗലോലയായ കാമിനിയെ അംഗോപാംഗം നിരീക്ഷിക്കുന്ന ശലോമോന്റെ സ്തനവര്‍ണ്ണനപോലെ മുന്തിരിക്കുലകള്‍ തോട്ടം മുഴുവന്‍ വിളഞ്ഞുനിറഞ്ഞു – ഉത്തമഗീതങ്ങള്‍ 7: 9. (ശലോമോന്റെ ഉത്തമഗീതങ്ങള്‍ വായിച്ചിട്ടുള്ള, കഴിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടുമാത്രം കല്യാണം കഴിക്കാത്ത, അല്ലെങ്കില്‍ എത്രയോ വട്ടം കഴിക്കുമായിരുന്ന പുരോഹിതരുടെ ഇടയില്‍ ‘celibacy പകല്‍ മാത്രം മതി’ എന്നൊരു ചിന്താഗതി രാത്രികാലങ്ങളില്‍ ശക്തമാവാറുണ്ടത്രേ! പല ‘കന്യകന്മാരിലും കന്യകമാരിലും’ നിലാവുള്ള രാത്രികളില്‍ ഇതൊരു last minute panic ആയി, ബോട്ട്‌ മിസിംഗ്‌ ഭയമായി രൂപാന്തരപ്പെടുകയും, അതു് പലപ്പോഴും പല അവിഹിതബന്ധങ്ങളിലേക്കും, അത്ഭുതഗര്‍ഭങ്ങളിലേക്കും, ദുരൂഹമരണങ്ങളിലേക്കും ഒക്കെ നയിക്കുകയും ചെയ്യാറുണ്ടെന്നുള്ളതു് എല്ലാവര്‍ക്കും അറിയാവുന്ന, എന്നാല്‍ ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ചില റിയാലിറ്റികളാണുതാനും. നമുക്കു് വിലപ്പെട്ട ആദ്ധ്യാത്മികസോപ്പുകുമിളകള്‍ പൊട്ടാതിരിക്കാന്‍ എന്തെന്തു് കാര്യങ്ങള്‍ അറിഞ്ഞില്ലെന്നു് നടിക്കാനും, അറിഞ്ഞവരെ എന്തു് മാര്‍ഗ്ഗമുപയോഗിച്ചും നിശ്ശബ്ദരാക്കാനും നമ്മള്‍ തയ്യാറാവുകയില്ല!?) അതെന്തായാലും, മുന്തിരി വിളഞ്ഞപ്പോള്‍ ഭക്‍ഷ്യസുരക്ഷാനിയമപ്രകാരം മുന്തിരിക്കുലകള്‍ ഇറുത്തെടുത്തു് വീഞ്ഞുണ്ടാക്കി നൂറുകണക്കിനു് അഥവാ, കടല്‍ത്തീരത്തെ മണല്‍ത്തരികളും ആകാശത്തിലെ നക്ഷത്രങ്ങളും പോലെ എണ്ണമറ്റ തടിവീപ്പകളില്‍ നിറച്ചു് സൂക്ഷിക്കാന്‍ നോഹ തീരുമാനിച്ചു.

ദൈവഭക്തര്‍ക്കു് ജപം പോലെതന്നെ കുടിയും തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുക എന്നതു് വലിയ ബുദ്ധിമുട്ടാണു്. കാരണം, അവര്‍ ബലഹീനരാണു്. സ്വന്തം ബലഹീനത കോമ്പന്‍സേറ്റ്‌ ചെയ്യാനല്ലേ അവര്‍ ബലവാനായ ദൈവത്തെ വിടാതെ കൂട്ടുപിടിച്ചിരിക്കുന്നതു്? നോഹയും ഒരു പക്കാ ഭക്തനായിരുന്നു. അതുകൊണ്ടാണല്ലോ ദൈവം അവനെയും കുടുംബത്തെയും മാത്രം പ്രളയത്തില്‍ നിന്നും രക്ഷിച്ചതും! ഒരിക്കല്‍ നോഹ പതിവുപോലെ വീഞ്ഞുകുടിച്ചു് ബോധമില്ലാതെ ഭയങ്കരമായി ‘മൂര്‍ഖന്‍’ വലിച്ചു് കൂടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. കുളിച്ചു എന്നു് കാണിക്കാന്‍ ‘അണ്ടര്‍വയര്‍’ ഊരി പുരപ്പുറത്തിട്ടിരുന്നതുകൊണ്ടു് അന്നത്തെ ദിവസം അങ്കിയുടെ അടിയില്‍ ‘അടിവയര്‍’ മറയ്ക്കാന്‍ മറ്റൊന്നും ധരിക്കാതെ ആയിരുന്നു നോഹയുടെ ഔദ്യോഗിക കാര്യപരിപാടികള്‍. ഉറക്കത്തില്‍ തുണി അഴിഞ്ഞു് താന്‍ നഗ്നനായതും അതിനോടൊപ്പം ‘എന്തതിശയമേ ദൈവത്തിന്റെ…’ എന്ന background music ഉയര്‍ന്നതും നോഹ അറിഞ്ഞില്ല. ഈ സമയത്തു് ഹാം എന്ന ചെക്കന്‍ ഒരു കുറ്റിബീഡി കത്തിക്കാന്‍ തീപ്പെട്ടി തപ്പി അവിടെ കേറിച്ചെന്നു. പിന്നണിഗാനം ‘വൃശ്ചികപ്പൂനിലാവേ … മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാന്‍ നിനക്കു് ലജ്ജയില്ലേ?’ എന്നായി മാറി. പഴയ പ്ലേറ്റായതുകൊണ്ടു് കറങ്ങുന്നിടത്തുതന്നെ കിടന്നു് കറങ്ങി ‘ലജ്ജയില്ലേ? ലജ്ജയില്ലേ?’ എന്നു് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു അശരീരി ആയി കരുതിയ അവന്‍ ഭയന്നു് വിറച്ചു. “യഹോവയായ ദൈവമേ, പാപിയായ എന്നോടു് നീ പൊറുക്കേണമേ! നിന്‍ തിരുമുന്‍പില്‍ ഞാനാരു്? എന്റെ കുറ്റിബീഡി എന്തു്? ഞാന്‍ വെറുമൊരു ഞാഞ്ഞൂല്‍; ഒന്നിനും കൊള്ളാത്ത ഒരു പൃക്ക! എനിക്കു് ലജ്ജയുണ്ടു്, ഞാന്‍ ലജ്ജിക്കുന്നു, ഞാനിതാ മറയുന്നു കര്‍ത്താവേ! ” എന്നു് കുറ്റബോധത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടു് അവന്‍ പുറത്തിറങ്ങി ഓടിച്ചെന്നു് സഹോദരന്മാരെ വിവരമറിയിച്ചു.

അവന്റെ സഹോദരന്മാര്‍ വളരെ ബുദ്ധിമാന്മാരായിരുന്നു. മനുഷ്യര്‍ക്കു് പുറകില്‍ കണ്ണില്ല എന്ന ഒരു കച്ചിത്തുരുമ്പു് മാത്രമാണു് വിധിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ തങ്ങളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗം എന്നവര്‍ മനസ്സിലാക്കി. അവര്‍ ഒരു തുണിക്കഷണവുമായി പുറകോട്ടു് നടന്നുചെന്നു് വളരെ തന്മയത്വമായി കൈയിലെ തുണി പുറകോട്ടു് ഒറ്റ ഏറങ്ങു് വച്ചുകൊടുത്തു. അതേറ്റു എന്നു് പറഞ്ഞാല്‍ മതിയല്ലോ. തുണി വീഴേണ്ടിടത്തു് തന്നെ ചെന്നു് വീണു. ‘തുണി പുറകോട്ടു് എറിയുക’ എന്ന ഡിസിപ്ലിനില്‍ അവര്‍ ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യന്മാര്‍ ആയിരുന്നു! അങ്ങനെ അവര്‍ പിതാവിന്റെ നഗ്നതയുടെ ദര്‍ശനം വഴി ആര്‍ക്കും ശാശ്വതമോ മാരകമോ ആയ ദോഷഫലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട അത്യാവശ്യനടപടികള്‍ വിദഗ്ദ്ധമായി പൂര്‍ത്തിയാക്കി. നോഹയുടെ നഗ്നതയുടെ പേരില്‍ മനുഷ്യരാശിയുടെ ഭാവിതന്നെ വെറുമൊരു വാഴനാരില്‍ തൂങ്ങിക്കിടന്നു് ക്ലോക്കിന്റെ പെന്‍ഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുകയായിരുന്നല്ലോ! ഉറക്കമുണര്‍ന്നു് നീര്‍ക്കുതിരഫോര്‍മാറ്റില്‍ വിശദമായി ഒരു കോട്ടുവായും വിട്ടു് മൂത്രമൊഴിക്കാന്‍ പോകാന്‍ തുടങ്ങിയപ്പോഴാണു് നോഹ the terrible dramatic of the complete history അറിയുന്നതു്. ആരെയെങ്കിലും ഒന്നു് ശപിക്കാഞ്ഞാല്‍ ഈ നഗ്നതാപ്രശ്നത്തിനു് എന്തെങ്കിലും ഒരു ഗൗരവം വരുമോ? നാലുപേര്‍ ഇക്കാര്യം അറിയുമോ? (ഒരു ജനാധിപത്യത്തില്‍ ആഹാരാവകാശം ഇല്ലെങ്കിലും വിവരാവകാശമെങ്കിലും വേണ്ടേ? തങ്ങള്‍ക്കു് ആഹാരാവകാശം ഇല്ല എന്ന വിവരം അല്ലെങ്കില്‍ പിന്നെ ജനങ്ങള്‍ എങ്ങനെ അറിയും?)

നോഹ തന്റെ നഗ്നത കണ്ടവനായ ഹാമിനെ ശപിക്കുന്നതിനു് പകരം അവന്റെ മകന്‍ കനാനെ വിളിച്ചു: “ഡാ, കനാനെ! വാടാ ഇവടെ!” ആ ‘കൊച്ചന്‍’ ഓടിച്ചെന്നു. കോലുമുട്ടായിയോ, സിനിമകാണാന്‍ ചക്രമോ, ഭൗതികമായ മറ്റെന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങളോ തടയുമെന്നു് കരുതിക്കാണും ആ പാവം. അതിനുപകരം അവന്‍ കേട്ടതു്: “ഡാ കനാനെ, നിന്റെ വെല്യാപ്പനാകുന്ന ഞാനാകുന്ന ഞാന്‍ ഇന്നേദിവസം ഇനിമേലില്‍ എന്നേക്കുമായി നിന്നെ യഹോവയുടെ ന്യായപ്രമാണം (YNP) വകുപ്പു് 33, പാരഗ്രാഫ്‌ 13 പ്രകാരം ശപിച്ചിരിക്കുന്നു. നീ മറ്റു് സഹോദരന്മാര്‍ക്കു് ദാസനായിത്തീരും. പോ, എന്റെ കണ്ണുംവെട്ടത്തൂന്നു്, അസത്തേ!”.

‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ’ ചിലര്‍ പിടിക്കാറുണ്ടു്. ഇവിടെ വേണമെങ്കില്‍ കട്ടവനെ തന്നെ പിടിക്കാമായിരുന്നു. എന്നിട്ടും നോഹ നിരപരാധിയെ ചാടിപ്പിടിച്ചു് ശിക്ഷിക്കുന്നു. തന്നത്താന്‍ കള്ളുകുടിച്ചു് ബോധം കെട്ടുറങ്ങിയതിന്റെ ശിക്ഷ ചുമ്മാതെയിരുന്ന പേരക്കിടാവിനു്! മുഴുവന്‍ മനുഷ്യരും പാപികളായിരുന്നപ്പോള്‍ പാപരഹിതരായിരുന്നതിനാല്‍ രക്ഷപെട്ട നോഹയുടെയും കുടുംബത്തിന്റെയും പില്‍ക്കാലചരിത്രമാണിതു്! സകലമാനലോകവും നിര്‍ദ്ദയം നശിപ്പിക്കപ്പെട്ടപ്പോള്‍ ദൈവം രക്ഷപെടുത്തിയ ഒരേയൊരു കുടുംബം! ദൈവദൃഷ്ടിയില്‍ പാപം, പുണ്യം, നന്മ, നീതി എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നു് പിടികിട്ടിയില്ലേ? ഇല്ലെങ്കില്‍ ദാ ഒരു സത്യവാചകം കൂടി. പ്രളയത്തെ അതിജീവിക്കാന്‍ നോഹയുടേതിനേക്കാള്‍ യോഗ്യതയുള്ള മറ്റൊരു കുടുംബമോ കൊച്ചോ പീച്ചിയോ അക്കാലത്തു് ജീവിച്ചിരുന്നില്ല എന്നു് ഞാന്‍ സത്യമായിട്ടും സത്യമായിട്ടും നിങ്ങളോടു് പറയുന്നു! കളരിപരമ്പരദൈവങ്ങളാണേ ഇതു് സത്യം, സത്യം, സത്യം! പരമസത്യം!

ഇനീം പോരാരിക്കും! അവിശ്വാസികളായ തോമാസുകളേ, സര്‍പ്പസന്തതികളെ, ഗൂര്‍ക്കാസഹോദരങ്ങളെ, നിങ്ങള്‍ക്കു് ഹാ കഷ്ടം! നിങ്ങള്‍ കേരളത്തില്‍ ജനിക്കും; സ്വാമിമാരും സ്വാധാകരന്മാരും നിങ്ങളെ ഭരിക്കും; നിങ്ങള്‍ ഏകജാലകത്തില്‍ പലജാലകങ്ങള്‍ കാണും; നിങ്ങള്‍ തുണിയില്ലാതെ ദൈവസന്നിധി തേടും; നിങ്ങള്‍ അരിക്കും ഗോതമ്പിനുമായി തമിഴ്‌നാട്ടിലേക്കു് നോക്കും, നിങ്ങള്‍ക്കോ ലഭിക്കുകയുമില്ല; നിങ്ങള്‍ റോഡ്‌ പണിയും, അതോ ഒഴുകിപ്പോകും; നിങ്ങള്‍ അണകെട്ടും, അതില്‍ തവളകള്‍ മുട്ടയിടും; നിങ്ങള്‍ LDF-നെ തെരഞ്ഞെടുക്കും, അവര്‍ നിങ്ങളെ ചതിക്കും; നിങ്ങള്‍ UDF-നെ തെരഞ്ഞെടുക്കും, അവര്‍ നിങ്ങളെ കൂടുതല്‍ ചതിക്കും; നിങ്ങള്‍ ആള്‍ദൈവങ്ങളെ തേടും, ആണ്‍ദൈവവും പെണ്‍ദൈവവും നിങ്ങളെ ചൂഷണം ചെയ്യും; നിങ്ങളോ തിരിച്ചറിയുകയില്ല; അറിയാത്ത പുള്ളകളായ നിങ്ങള്‍ അങ്ങനെ ചൊറിഞ്ഞാലും അറിയാതെ പിന്നെയും പിന്നെയും ചൊറിയും – അടിമോളെത്തി ചൊറിയും, ദേഹമാസകലം ചൊറിയും! അങ്ങനെ എന്നെങ്കിലും നിങ്ങള്‍ ജീവിക്കുന്നതിനു് പകരം ചൊറിഞ്ഞു് ചൊറിഞ്ഞു് മരിക്കും! മരിക്കുമ്പോഴും നിങ്ങള്‍ ആരെയെങ്കിലും, നിങ്ങളെ ആരെങ്കിലും ചൊറിഞ്ഞുകൊണ്ടേയിരിക്കും!! കാരണം, നിങ്ങളെസംബന്ധിച്ചു് “ചൊറിയലാണഖിലസാരമൂഴിയില്‍”!

പ്രളയത്തിനു് ശേഷം നോഹയുടെ മക്കള്‍ ‘ജാതി ജാതിയായും കുലം കുലമായും’ വേര്‍പിരിഞ്ഞു് ഭൂമിയില്‍ നിറയുകയായിരുന്നു. അവരുടെ വേര്‍പിരിയലിന്റെ കാരണം സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വര്‍ഗ്ഗസമരമായിരുന്നിരിക്കണം. (അങ്ങനെയെന്തോ ചില നിഗമനങ്ങള്‍ ഒരുപാടൊരുപാടു് നാളുകള്‍ക്കു് ശേഷം കാര്‍ള്‍ മാര്‍ക്സ്‌ എന്നൊരു താടിക്കാരന്‍ യഹൂദന്‍ നടത്തിയിട്ടുണ്ടു്.) പ്രളയകാലഘട്ടത്തില്‍ മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ചുരുക്കാന്‍ ദൈവം തീരുമാനിച്ചിരുന്നെങ്കിലും, നോഹയുടെ പിന്‍തലമുറകളില്‍ പലരും നാനൂറും അഞ്ഞൂറും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നുമുണ്ടു്. നോഹയുടെ മകന്‍ ശേം 500 വര്‍ഷം, അവന്റെ മകന്‍ അര്‍പ്പക്ഷാദ്‌ 403 വര്‍ഷം, അവന്റെ മകന്‍ ശാലഹ്‌ 403 വര്‍ഷം, അവന്റെ മകന്‍ ഏബര്‍ 430 വര്‍ഷം … ! ദൈവതീരുമാനങ്ങള്‍ അത്ര കൃത്യമായി സംഭവിക്കണമെന്നു് നിര്‍ബന്ധം പിടിച്ചാല്‍ ശരിയാവില്ലാന്നു് ഗുണപാഠം. ദൈവത്തിനറിയാം ദൈവത്തിന്റെ ഓരോരോ കഷ്ടപ്പാടും ദുരിതങ്ങളും!

ദൈവം സംസാരിച്ചിരുന്നെങ്കില്‍:

“ദിവസത്തില്‍ ഇരുപത്തിനാലു് മണിക്കൂറും കുറെ എണ്ണങ്ങളു് സ്വൈര്യം തരാതെ ‘ഹാലേലുയ്യാ സ്തോത്രം സ്തോത്രം’ന്നു് വണ്ടു് മൂളണപോലെ നിറുത്താണ്ടു് ചെവീലു് അങ്ങടു് മൂളാന്നു് വച്ചാ പ്രാന്തു് പിടിക്കില്യേ ദൈവത്തിനായാലും? അതിനെടേലു് സകല അലവലാതികളു്ടേം തലേന്നും മൂക്കീന്നുമൊക്കെ കൊഴിയണ രോമങ്ങളു് വരെ ഒരെണ്ണം പോലും വിടാതെ കൃത്യമായി എണ്ണണ പണീം ഞാന്‍ തന്നെ ചെയ്യണംത്രെ! എന്തെങ്കിലും ഒരു പ്രതിഫലം തന്നേച്ചാണെങ്കി വേണ്ടില്ല. എനിക്കോ എന്റെ യേശുമോനോ നെറ്റിയേലൊരു കുരിശുരൂപം പോറാന്‍ പത്തു് പൈസേടെ ഒരു തുട്ടുപോലും റോമന്‍ കത്തോലിക്കാസഭേന്നോ, റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭേന്നോ, ഗ്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭേന്നോ, അന്ത്യോക്യാ സിംഹാസനത്തീന്നോ, മലങ്കര സഭേലെ അണ്ടന്‍ അടകോടന്‍ സഭകളീന്നോ, (അവിടെ എത്ര സഭകളൊണ്ടെന്നു് എനിക്കും നല്ല നിശ്ചയില്യാന്നു് കൂട്ടിക്കോളൂ) ഇതുവരെ ഇങ്ങോടു് സ്വര്‍ഗ്ഗത്തിലേക്കു് തന്നിട്ടില്യാ. അറിയ്‌വോ നിങ്ങക്കു്? ഇവടേം ഇല്യേ ചെലവുകളു്? സ്വര്‍ഗ്ഗീയ തീന്മേശ ഒക്കെ ഒരുക്കാതെ പറ്റ്വോ? ഞാന്‍ പറഞ്ഞാലു് ഇത്തിരി അധികമായി പോവും. അതുകൊണ്ടു് മിണ്ടണില്യാ, അത്രന്നെ! ദൈവാത്രെ, ദൈവം”!!

പാവം ദൈവത്തിന്റെ കണ്ണു് നിറയുന്നു!

Advertisements
 

മുദ്രകള്‍: , ,