RSS

Monthly Archives: മേയ് 2008

ഉടുമ്പു് മുതല്‍ സ്വാമിമാര്‍ വരെ

ഉടുമ്പു് എന്ന പേരില്‍ അറിയപ്പെടുന്ന പല്ലിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജീവിയുണ്ടു്. ചില മനുഷ്യര്‍ അതിനെ തിന്നാറുമുണ്ടു്. ചുമ്മാ പച്ചയ്ക്കു് കടിച്ചുമുറിച്ചങ്ങു് തിന്നുകയല്ല. കൊന്നു്, തൊലിപൊളിച്ചു്, ഉപ്പും മുളകും മറ്റു് പലവിധ മാന്ത്രിക ചൂര്‍ണ്ണങ്ങളും താന്ത്രിക എണ്ണകളും ഒക്കെ വിധിപ്രകാരം ചേര്‍ത്തു് ഓരോരുത്തരുടെ മനോധര്‍മ്മം പോലെ വറുത്തോ പൊരിച്ചോ ചുട്ടോ കരിച്ചോ പുഴുങ്ങിയോ ഒക്കെ. പക്ഷേ ഇതൊക്കെ ചെയ്യണമെങ്കില്‍ ആദ്യം അതിനെ പിടികൂടണമല്ലോ. വിശപ്പുള്ള ശത്രുവിനെ കണ്ടാല്‍ ഇവറ്റകള്‍ ഓടി ഏതെങ്കിലും പാറയുടെ വിള്ളലിലോ പൊത്തുകളിലോ കയറി ഒളിച്ചുകളയും. പൊത്തിന്റെ physical dimensions അനുസരിച്ചു് ചിലപ്പോള്‍ വാലു് അല്‍പം പുറത്തേക്കു് നീണ്ടു് നില്‍ക്കാറുണ്ടു്. അതു് കാണുമ്പോള്‍ നമ്മള്‍ കരുതും വെറുതെ ആ വാലില്‍ പിടിച്ചു് അതിനെ പുറത്തേക്കിങ്ങു് വലിച്ചെടുക്കാമെന്നു്! നിങ്ങള്‍ അങ്ങനെ കരുതുന്ന ഒരു വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്കു് ഉടുമ്പിന്റെ stamina-യെപ്പറ്റി ഒരു ചുക്കും അറിയില്ല. ഉടുമ്പു് എവിടെയെങ്കിലും അള്ളിപ്പിടിച്ചാല്‍ അത്ര എളുപ്പം ആ പിടി വിടുകയില്ല. വടം വലിയില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് പരീക്ഷിച്ചുനോക്കാവുന്ന ഒരു മാതൃകയാണിതു്. പിന്നെയെങ്ങനെ അതിനെ പുറത്തിറക്കുമെന്നല്ലേ? ‘പുകച്ചു് പുറത്തു് ചാടിക്കുക’ എന്നതാണു് തന്ത്രം. അതുകൊണ്ടു് “അനതിവിദൂരഭാവിയില്‍ ഉടുമ്പിറച്ചി തിന്നുകൊള്ളാം” എന്നു് വ്രതമെടുത്തു് മാലയിട്ടതിന്റെ കടം തീര്‍ക്കാന്‍ ഉടുമ്പിന്റെ പുറകെ പാഞ്ഞ നമ്മള്‍ പൊത്തിനു് തൊട്ടുപുറത്തു് തീയിട്ടു് പച്ചിലക്കൊമ്പുകള്‍ കൊണ്ടു് മൂടി പുകയുണ്ടാക്കി മറ്റൊരു പച്ചിലക്കൊമ്പുകൊണ്ടു് വീശി പുക ഗുഹയ്ക്കകത്തേക്കു് കയറ്റുന്നു. മൂടാന്‍ പച്ചിലക്കൊമ്പുകള്‍ വേണമെങ്കിലും വീശാന്‍ പച്ചിലക്കൊമ്പു് തന്നെ വേണമെന്നു് വലിയ നിര്‍ബന്ധമില്ല. ആലവട്ടമോ, വെഞ്ചാമരമോ, പനിനീരില്‍ മുക്കിയ രാമച്ചവിശറിയോ ആയാലും ധാരാളം മതി. പുക ഗുഹയ്ക്കുള്ളില്‍ എത്തിക്കുക എന്നതായിരിക്കണം നമ്മുടെ പരമമായ ലക്‍ഷ്യം. അതു് മറന്നാല്‍ “Operation Oil-Storm Bush-Fire” എന്ന നമ്മുടെ രഹസ്യ ഉദ്യമം പരാജയപ്പെടും.

(സസ്യഭുക്കുകള്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ മാത്രമായി ഇതു് വായിക്കുക. അടുത്ത I. A. S. പരീക്ഷയില്‍ ഈ വിഷയത്തില്‍ നിന്നും ചില ചോദ്യങ്ങള്‍ ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാദ്ധ്യതയുണ്ടെന്നാണു് കവടി നിരത്തിയപ്പോള്‍ കണ്ടതു്. കവടിയില്‍ കണ്ടതു് ഉബുണ്ടു ആയിരുന്നു ഉടുംബു ആയിരുന്നില്ല എന്നും കേള്‍ക്കുന്നുണ്ടു്. വിവരാവകാശനിയമപ്രകാരം ഈ വസ്തുത ഇവിടെ സൂചിപ്പിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണു്.)

പുകവലി മരണകരമാണെന്നു് ഉടുമ്പിനറിയാം. ഉടുമ്പിനല്ല, മറ്റൊരുപാടു് ജീവികള്‍ക്കും അറിയാം. “വലിച്ചില്ലെങ്കിലും ചാവും, പിന്നെ വലിച്ചാലെന്താ?” എന്നു് മനുഷ്യനെപ്പോലെ യുക്തിപൂര്‍വ്വം ചോദിക്കാന്‍ മാത്രം ഉടുമ്പിന്റെ തലച്ചോറു് വളര്‍ന്നിട്ടില്ല. അതിനാല്‍ പുകയേല്‍ക്കുമ്പോള്‍ അതു് പുറത്തേക്കു് ഓടാന്‍ തലനീട്ടും. ഉറുമി, ചുരിക, pepper spray, tongue cleaner പൂസ്ലൈഡ്‌ മുതലായ മാരകായുധങ്ങളുമായി പുറത്തു് കാത്തു് നില്‍ക്കുന്ന ഉടുമ്പിന്റെ ‘രാഷ്ട്രീയവിരോധികളും’ വര്‍ഗ്ഗശത്രുക്കളുമായ നമ്മള്‍ active ആവേണ്ടതിപ്പോഴാണു്. വളരെ offensive and sudden ആയിരിക്കണം നമ്മുടെ അടുത്ത നടപടി. ഇങ്ങനെയൊരു ഇടിമിന്നല്‍ ആക്രമണം വഴി ഇഹലോകവാസം വെടിയുന്നതിനു് മുന്‍പു് ‘ഞാന്‍ പിഴയാളി’ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ പോലുമുള്ള സമയം അതിനു് ലഭിക്കുന്നില്ല. അതാണു് നമ്മുടെ ലക്‍ഷ്യവും! പക്ഷേ ഇത്തരത്തിലുള്ള കടന്നാക്രമണം ഒരു theological controversy ആയി മാറിയിട്ടുണ്ടു് എന്നതു് ഇവിടെ മറച്ചുപിടിക്കുന്നില്ല. ഇത്തരം ഒരു sudden death ഉടുമ്പിന്റെ പാപമോചനത്തേയും സ്വര്‍ഗ്ഗാരോഹണത്തേയും എത്രമാത്രം പ്രതികൂലമായി ബാധിച്ചേക്കാം എന്നതിനെ സംബന്ധിച്ചു് മതപണ്ഡിതരുടെ ഇടയില്‍ ഇന്നും ഭിന്നാഭിപ്രായമാണു് നിലനില്‍ക്കുന്നതു്. “Deficiency in articulation is not a theological discrepancy, at least in the case of ഉടുമ്പു്” എന്ന ഔദ്യോഗിക നിലപാടിനാണു് വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചു് കാണുന്നതു്. ഇതുസംബന്ധിച്ചു് നടന്ന opinion poll നിഷ്പക്ഷമായിരുന്നില്ല എന്നൊരു പരാതി എതിര്‍പക്ഷങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ടു്. ഈ വിഷയത്തില്‍ ഇങ്ങനെയൊരു religious, dogmatic uncertainty നിലവിലുണ്ടു് എന്നു് അറിഞ്ഞിരിക്കാനായി ഇതിവിടെ സൂചിപ്പിച്ചു എന്നേയുള്ളു. ‘കൊന്നാല്‍ പാപം തിന്നാല്‍ തീരും’ എന്ന dogma-യില്‍ വിശ്വസിക്കുന്ന നമുക്കു് ‘കൊന്നു’ എന്നതിനാല്‍ ‘തിന്നുക’ എന്ന അടുത്ത നടപടിയിലേക്കു് നീങ്ങാതെ നിവൃത്തിയുമില്ല. അതായതു്, നമ്മെ സംബന്ധിച്ചിടത്തോളം, ഉടുമ്പു് സമ്പൂര്‍ണ്ണസമാധി അടഞ്ഞു എന്നുറപ്പുവരുത്താന്‍ First Impression Report (F.I.R) തയ്യാറാക്കിയശേഷം മൃതശരീരം ഏതെങ്കിലും ഒരു goods-train-ല്‍ വീട്ടിലെത്തിക്കുക എന്നൊരു ജോലി മാത്രമേ ബാക്കിയുള്ളു.

ചുരുക്കത്തില്‍, പാമ്പു് പിടുത്തം പോലെ അത്ര എളുപ്പമല്ല ഉടുമ്പു് പിടുത്തം. (ചൈനാക്കാര്‍ പാമ്പിറച്ചിപോലും തിന്നാറുണ്ടത്രെ! എന്നു് മുതലാണു് അവര്‍ പാമ്പിനെ പിടിച്ചു് തിന്നാന്‍ തുടങ്ങിയതെന്നെനിക്കറിയില്ല. എന്തായാലും അക്കാലത്തു് അവര്‍ വല്ലാത്ത ദാരിദ്ര്യം അനുഭവിച്ചിരിക്കണം. ചില വിദൂരഭൂതകാലങ്ങളില്‍, ഒരു സമൂഹം ഭൂമുഖത്തുനിന്നു് എന്നേക്കുമായി തിരോധാനം ചെയ്യേണ്ടിവരുമെന്നു് ഭയക്കേണ്ടിവരുന്ന അഭിശപ്തനിമിഷങ്ങളില്‍, ഏതുവിധേനയും മുന്നോട്ടു് പോകാനുള്ള അടങ്ങാത്ത അഭിനിവേശത്തിനു് ദാഹജലം പകര്‍ന്നുകൊണ്ടു് അവരെ രക്ഷപെടുത്തുന്ന ആഹാരരീതികളും ആചാരമര്യാദകളും പില്‍ക്കാല തലമുറകളില്‍ അഭിമാനവും ആവേശവുമായി രൂപാന്തരം പ്രാപിക്കുന്നതും, അതവരുടെ സാംസ്കാരികപൈതൃകത്തിന്റെ അവിഭാജ്യഘടകമായി അംഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതുമൊക്കെ സാധാരണമാണു്.) വിശപ്പു് എന്നതൊരു ഭീകരസംഭവം തന്നെ! അതു് മലയാളിയോടു് പ്രത്യേകം പറയേണ്ട കാര്യവുമില്ല. ‘നവരസങ്ങള്‍’ വെറും സാമ്പാറുപോലെ ഈസിയായി വെള്ളിത്തിരയില്‍ പാടിത്തിമിര്‍ക്കാന്‍ കഴിവുള്ള മലയാളി വിശപ്പിനെപ്പറ്റി പണ്ടേതന്നെ പാടിയിട്ടുണ്ടു്: സസ രിരി ഗഗ മമ – മനുഷ്യര്‍ക്കു് വലുതാണു് വയറാണു് ദൈവം! – പപ തത നിനി സസ…! അങ്ങനെയെത്രയെത്ര വിശുദ്ധവിശപ്പിന്റെ വിരഹവിലാപങ്ങള്‍! നിങ്ങള്‍ കേട്ടിട്ടില്ലേ? ‘ദൈവം എന്ന അതിലെ പ്രയോഗം മൂലം ഉത്സവപ്പറമ്പുകളിലും പെരിയ നാളുകളിലുമൊക്കെ രാത്രി രണ്ടുമണിക്കു് ശേഷം ഇത്തരം പഴയ പാട്ടുകള്‍ വയ്ക്കാറുണ്ടു്. അതുകേട്ടു് നിങ്ങള്‍ ഞെട്ടിയുണര്‍ന്നിട്ടില്ലെങ്കില്‍ നിങ്ങള്‍ ഒരു വനഭൂമി കയ്യേറ്റക്കാരനാവാനാണു് സാദ്ധ്യത. നിങ്ങള്‍ക്കു് മൂങ്ങ മൂളലും ചെങ്ങാലി കുറുകലുമൊക്കെ മാത്രമേ പരിചയമുണ്ടാവൂ. ഇത്തരം സിനിമാപ്പാട്ടുകള്‍ കേല്‍ക്കാനുള്ള വിധി നിങ്ങള്‍ക്കില്ല. അതിനിപ്പോ ഞാനെന്തു് ചെയ്യാന്‍?

ദൈവാനുഗ്രഹം കൊണ്ടു് സാദാദാരിദ്ര്യം ഇന്നുമുണ്ടെങ്കിലും സിനിമാദാരിദ്ര്യം എന്നൊരേര്‍പ്പാടു് ഇന്നു് മലയാളികള്‍ക്കില്ല. മഹാഭാഗ്യം! നമ്മുടെ ഓരോ ചെറിയ ഭാഗ്യങ്ങളില്‍പോലും സന്തോഷിക്കാന്‍ നമുക്കു് കഴിയണം! അതാണു് positive linking! ക്ഷമിക്കണം, positive thinking എന്നാണു് പറയാന്‍ വന്നതു്. പാമ്പിനേയും ഓന്തിനേയുമൊന്നും കേരളീയന്‍ തിന്നിട്ടില്ലെങ്കിലും കരിങ്കുരങ്ങു് രസായനം വരെയൊക്കെ നമ്മളും പോയിട്ടുണ്ടു്. ഓന്തിനെ നമ്മുടെ പൂര്‍വ്വികര്‍ തിന്നിട്ടില്ലാരിക്കും. പക്ഷേ, ഈ അരണേടെ കാര്യത്തില്‍ എനിക്കത്ര ഒരു തീര്‍ച്ചയില്ല എന്നു് കുമ്പസാരിക്കാതെ നിവൃത്തിയുമില്ല. ‘അരവണ’ എന്നു് കേള്‍ക്കുമ്പോള്‍ ഭൂതകാലഭോജനക്രമത്തില്‍ അരണക്കു് യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്നു് ഉറപ്പിച്ചു് പറയാന്‍ അവയിലെ സ്വരസാമ്യം മൂലം എന്തോ ഒരു ധൈര്യക്കുറവു്. അരണ അരവണയിലൂടെ സമസ്തസമൂഹസ്മൃതിപഥത്തില്‍ തന്റെ നാലു് പാദങ്ങളുടെയും മുദ്ര സമീകൃതമായി ചവിട്ടി പതിപ്പിക്കുകയായിരുന്നില്ലേ എന്നൊരു academic suspicion! ചില അരണകളുടെ നോട്ടത്തിലെ തീക്ഷ്ണത കാണുമ്പോള്‍ സത്യത്തില്‍ ഒരു കുറ്റബോധത്തിന്റെ നീറ്റല്‍ ഞാന്‍ അനുഭവിക്കാറുണ്ടു്. എന്റെ പൂര്‍വ്വികര്‍ അവന്റെ പൂര്‍വ്വികരെ കൊന്നു് തിന്നിട്ടുണ്ടാവുമോ? “അരണ കടിച്ചാല്‍ ഉടനെ മരണം” എന്നാണല്ലോ. ചിലപ്പോള്‍ ഉടനെ മരിക്കുന്നതു് അരണയായിരിക്കും. കടിക്കുന്നതു് എന്നെ ആവുമ്പോള്‍ അങ്ങനെ ഒരു സാദ്ധ്യത തള്ളിക്കളയാവുന്നതുമല്ല. വിഷജീവികളെ കാണുമ്പോള്‍ ഇതുപോലെ ചിന്തിക്കുന്നതു് ആശ്വാസദായകമാണു്. ചാവാന്‍ പേടിയില്ലാത്തതുകൊണ്ടു് മരിക്കാന്‍ ഭയമില്ലാതിരിക്കണമെന്നില്ല. സത്യം പറയണമല്ലോ, ഉടുമ്പിനെ തിന്നുന്ന മനുഷ്യരെ കണ്ടതുമുതല്‍ എന്റെ ഈ അരണ-അരവണ-സംശയം കുറയുകയല്ല, കൂടുകയാണു് ചെയ്തിട്ടുള്ളതു്.

ഇതെന്തു്, സോപ്പു്-ചീപ്പു്-കണ്ണാടി-റിബണേയ്‌ എന്നപോലെ പാമ്പുടുമ്പു്-ഓന്തരണ-ഒട്ടകക്കഥയോ എന്നു് നിങ്ങള്‍ക്കു് തോന്നിയേക്കാം. അതു് നിങ്ങളുടെ വെറും തോന്നല്‍ മാത്രം. സത്യത്തില്‍ ഞാന്‍ നിരപരാധിയാണു്. ഈ ദിവസങ്ങളില്‍ ചില മലയാളവാര്‍ത്തകള്‍ വായിച്ചു എന്നൊരപരാധമേ ഞാന്‍ ചെയ്തിട്ടുള്ളു. കേരളത്തില്‍ ഇപ്പോള്‍ ആസാമിമാര്‍ക്കു് പൊതുവേ കഷ്ടകാലമാണത്രെ! അതായതു്, അവരുടെ എല്ലാവരുടെയും ജന്മനക്ഷത്രം ഒന്നായിരിക്കണം. സമൂഹവിവാഹം എന്നൊക്കെ പറയുന്നപോലെ ഒരേ ജന്മനക്ഷത്രത്തില്‍ ഒരു സമൂഹകൂട്ടുപ്രസവമഹാമഹം വഴി പുരാതനജന്മത്തില്‍നിന്നും ആധുനികജന്മത്തിലേക്കു് catapult ചെയ്യപ്പെട്ട സ്ത്രീപുരുഷദിവ്യാവതാരങ്ങളാവണം അവര്‍. ഇവരുടെ നക്ഷത്രഫലത്തിലെ congruency ഒന്നുകൊണ്ടല്ലാതെ മറ്റെന്തു് ന്യായമായ കാരണങ്ങള്‍ കൊണ്ടാണു് ഈ വിശുദ്ധാത്മാക്കള്‍ക്കു് ഇത്രപെട്ടെന്നു് ഒറ്റയടിക്കു് കെട്ടുകെട്ടേണ്ടി വന്നതു്? നക്ഷത്രങ്ങള്‍ കരുതിക്കൂട്ടി അവരെ കെണിക്കുഴിയില്‍ വീഴിക്കുകയായിരുന്നു എന്നു് ഞാന്‍ ന്യായമായും സംശയിക്കുന്നു. എന്തായാലും, സ്വാമിമാരും സ്വാമിനിമാരും കൂട്ടംകൂട്ടമായി പൂര്‍വ്വാശ്രമവും പശ്ചിമാശ്രമവും ഉത്തരാശ്രമവും ദക്ഷിണാശ്രമവും ഉപേക്ഷിച്ചു് പെരുവഴിയാശ്രമത്തിലേക്കു് ഇറങ്ങുകയാണിപ്പോള്‍. നീട്ടിയ നാക്കുള്ളവര്‍, തള്ളിയ കണ്ണുള്ളവര്‍, ഉന്തിയ വയറുള്ളവര്‍, പൊന്തിയ പല്ലുകളുള്ളവര്‍… ഏതാനും ദിവസം മുന്‍പുവരെ അതെല്ലാം ദിവ്യമായ അത്ഭുതങ്ങളായിരുന്നു, ദിവ്യശക്തിയുടെ തെളിവുകളായിരുന്നു! എന്നിട്ടിപ്പോള്‍!? ആസാമി, ഈസാമി, ഊസാമി, ഏസാമി, ഓസാമി, അംസാമി… എത്രയെത്ര സ്വാമിമാര്‍! ദിവ്യന്മാര്‍! ആത്മീയതേജോമൂര്‍ത്തികള്‍! ആണായി പെണ്ണായി ആണും പെണ്ണുമല്ലാത്തതായി… ശുംഭോ! മഹാസാമീ! ഇവരില്‍ പൂര്‍ണ്ണമായി ആശയര്‍പ്പിച്ച കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷരകോമളശ്യാമളര്‍ ചങ്കും കരളും തകര്‍ന്നു് കരയാതിരിക്കുന്നതെങ്ങനെ? ഈ ദൈവകോപത്തില്‍ നിന്നും മോചനം നേടാന്‍ ഇനിയേതു് ആസാമിയെ ഞങ്ങള്‍ തേടും തമ്പ്രാ! “ഇനി ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ!” ടു ഡും! ടു ഡും! ടുട്ടുഡുഡും! ഡുംഡും!… (പേടിക്കണ്ട, ഉടുക്കുകൊട്ടിയതാ!)

ഇവര്‍ ഈ പെരുവഴിയില്‍ സൂര്യനമസ്കാരം ചെയ്യുവാന്നു് കരുതിയോ നിങ്ങള്‍? കമിഴ്‌ന്നു് കിടന്നാണോ സുഹൃത്തുക്കളേ സൂര്യനമസ്കാരം? ഭിക്ഷക്കാര്‍ക്കു് കാവലിരിക്കുന്നവര്‍ കസ്റ്റമേഴ്സിനെ ക്യാന്‍വാസ്‌ ചെയ്യാന്‍ “ഈ പാവത്തിന്റെ കിടപ്പുകണ്ടോ” എന്നു് കരയുന്നതു് കേട്ടിട്ടില്ലേ? അതുപോലെ കമിഴ്‌ന്നു് കിടന്നുള്ള ഈ തിരച്ചില്‍ കണ്ടാലറിയില്ലേ അവരെല്ലം അവരുടെ പേഴ്സീന്നു് വീണുപോയ ദിവ്യശക്തി തപ്പുകയാണെന്നു്. ദിവ്യശക്തിപോയാല്‍ തെരുവിലല്ലാതെ പിന്നെ കുടത്തിലാണോ മനുഷ്യന്‍ തപ്പുന്നതു്?

(ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ‘ഭിക്ഷനല്‍കല്‍’ ഡിപ്പാര്‍ട്‌മെന്റിന്റെ Chief Executive Officer ഞാനായിരുന്നു. അമ്മ പണം ചില്ലറയാക്കി അതിനായി പ്രത്യേകം നിര്‍മ്മിച്ച ഒരു സ്പെഷ്യല്‍ സഞ്ചിയിലിട്ടു് എന്നെയേല്‍പിക്കും. നിരനിരയായി ഇരിക്കുന്ന ഭിക്ഷക്കാരുടെ പാത്രങ്ങളില്‍ അതു് ‘കേസിന്റെ ഗൗരവം’ അനുസരിച്ചു് വിതരണം ചെയ്യുക എന്നതായിരുന്നു എന്റെ ചുമതല. പള്ളിപ്പെരുന്നാളുകളില്‍ ധാരാളം ഭിക്ഷക്കാര്‍ വരുമായിരുന്നു. കാലിന്റെ മുട്ടില്‍ പപ്പടം ഒട്ടിച്ചുവച്ചു് ചായമടിച്ചു് ‘ഭയങ്കര’ വ്രണമാക്കി മാറ്റുന്നതടക്കമുള്ള പല തന്ത്രങ്ങളും ഭിക്ഷക്കാര്‍ പ്രയോഗിക്കാറുണ്ടെന്നു് മനസ്സിലാക്കാനും അക്കാലത്തെ എന്റെ ‘ഭിക്ഷനല്‍കല്‍-ഡ്യൂട്ടി’ സഹായിച്ചിട്ടുണ്ടു്. ഒരു വര്‍ഷത്തില്‍ നാലഞ്ചു് പെരുന്നാളുകളെങ്കിലും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഞാന്‍ ‘ഗുണം വന്നുപോവാന്‍’ എന്റെ ജന്മസമയത്തുതന്നെ അമ്മ നേര്‍ന്ന ഒരു നേര്‍ച്ചയായിരുന്നു എന്നെക്കൊണ്ടു് ഇങ്ങനെ ഭിക്ഷ നല്‍കിച്ചതിനു് കാരണമെന്നു് എന്റെ പതിനൊന്നാം വയസ്സില്‍ സംഭവിച്ച അമ്മയുടെ മരണശേഷമാണു് ബന്ധുക്കളില്‍ നിന്നും ഞാന്‍ അറിഞ്ഞതു്! അങ്ങനെയാണു് അമ്മമാര്‍! അവര്‍ക്കു് പൊതുവേ മനസ്സമാധാനം ഇത്തിരി കമ്മിയാണു്. ഭര്‍ത്താവിനും മക്കള്‍ക്കുമൊക്കെ നല്ലതു് വരാന്‍ എന്തൊക്കെ ചെയ്താലും അവര്‍ക്കു് മതിയാവാറില്ല. അതുകൊണ്ടൊക്കെയാവണം ആസാമിമാരെ തേടുന്നവരില്‍ അധികപങ്കും സ്ത്രീകളാവുന്നതു്. അവര്‍ സത്യത്തില്‍ തേടുന്നതു് ആസാമികളെയല്ല, ആശ്വാസമാണു്.)

ആത്മീയ ആസാമിമാര്‍ തെരുവിലേക്കിറങ്ങുമ്പോള്‍ രാഷ്ട്രീയ ആസാമിമാര്‍ നാക്കു് കുറുനാക്കിന്റെ പുറകിലേക്കും, തല മാളത്തിലേക്കും വലിച്ചു് പതിയെ ഉള്ളിലേക്കു് വലിയുന്നു. സൂത്രത്തില്‍ പമ്മിപ്പമ്മി സൈഡ്‌ പറ്റിയുള്ള ഈ വലിയലിനു് കാരണം ചോദിച്ചാല്‍ അവര്‍ പറയും: “ഹേയ്‌! കാര്യമായൊന്നുമില്ല, പൊതുവേ ഒരുഷ്ണം! പനിക്കാനെങ്ങാനും ആണോന്നറീല്യ. ഇത്തിരി വിശ്രമിക്കണം, അത്രതന്നെ!”

“കേരളം കടഞ്ഞെടുത്ത കാളകൂടമേ നിന്നെ
ഏതു് തെറിയാല്‍ വിളിക്കേണമിന്നു ഞാന്‍?”

ഈ വാര്‍ത്തകളിലെല്ലാം എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതും ബോധം കെടുത്തിയതും ഈ സ്വാമിമാരുടെ പേരുകളാണു്! എന്റെ വിശുദ്ധ പള്ളിമണികളേ! ഇവറ്റകളുടെ പേരുകള്‍ വായിച്ചാല്‍ ഒരുമാതിരിക്കാര്‍ കിടപ്പിലായിപ്പോകും! ഇടി വെട്ടുന്നപോലല്യോ പാമ്പു് കടിക്കുന്നതു്? His Divine Grace A. C. Bhaktivedanta Swaami Prabhupada, Abu al-Qasim al-Khu i, മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ദിവന്നാസ്യോസോസ്‌ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ മുതലായ ചില ഗര്‍ഭം കലക്കിപ്പേരുകള്‍ നമ്മള്‍ ആഴ്ചകളും മാസങ്ങളും അവധിയെടുത്തു് imposition എഴുതിയും പറഞ്ഞും പാടിയും ഏറ്റുപാടിയും ഒരുവിധം പഠിച്ചൊപ്പിക്കും. അപ്പൊ ദാ വരുന്നു a battalion of extra-terrestrial nomenclature of സ്വാമീസ്‌, സ്വാമിനീസ്‌, അമ്മീസ്‌ and പുള്ളക്കല്‍സ്‌!

ആസാമികളുടെ ‘പൊത്തിനു് പുറത്തുചാടല്‍’ വാര്‍ത്തകള്‍ വഴിയാണു് ഞാന്‍ പുകയേല്‍ക്കുമ്പോള്‍ പുറത്തുചാടുന്ന ഉടുമ്പുകളിലെത്തിയതു്. ആ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട സ്വാമിമാരുടെ പേരുകള്‍ എന്നെ അത്ഭുതത്തിന്റെ പാരതന്ത്ര്യത്തില്‍ ജീവനോടെ കുഴിച്ചുമൂടിക്കളഞ്ഞു! ഓരോ പേരുകളും എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു എന്നു് പറഞ്ഞാല്‍ മതിയല്ലോ! അവസാനം ‘ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍’ എന്നൊരുപേരു് വായിച്ചപ്പോള്‍ ഇതെന്തു് ‘cockroach-ബിരിയാണി’ എന്നു് സത്യമായിട്ടും എനിക്കു് പിടികിട്ടിയില്ല. എന്നാല്‍ ഇതൊന്നു് അറിയണമല്ലോ എന്നു് ഞാനും കരുതി. ‘തീര്‍ത്ഥപാദര്‍’ എന്ന വാല്‍ സഹിക്കാവുന്നതേയുള്ളു. തീര്‍ത്ഥത്തില്‍ പാദം വച്ചിരിക്കുന്നവന്‍, പാദം തന്നെ തീര്‍ത്ഥമായിട്ടുള്ളവന്‍, (ഇക്കൂട്ടരുടെ പാദം കഴുകിയ വെള്ളം കുടിച്ചാല്‍ ഉടനെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്താം എന്നു് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു് കേള്‍ക്കുന്നു!) ഒറ്റവരിശ്ലോകം തീര്‍ത്ഥം പോലെ പാടിക്കൊണ്ടിരിക്കുന്നവന്‍, പാദം മരത്തിന്റെയും തൂണിന്റെയുമൊക്കെ അടിയും ആവാമെന്നതിനാല്‍, തൂണുപോലെ തടിച്ച മന്തുകാലുള്ളവന്‍ എന്നൊരര്‍ത്ഥവും വേണമെങ്കില്‍ കല്‍പിക്കാം. അത്ഭുതസിദ്ധികള്‍ക്കു് മന്തു് മങ്ങലേല്‍പിക്കണമെന്നില്ല താനും. പാദര്‍ എന്നതു് പാദന്‍ എന്ന ഏകവചനപൂജകത്തിന്റെ പൂജകബഹുവചനമാവാം. ബഹുമാനവര്‍ദ്ധനവു് എണ്ണത്തിലും വര്‍ദ്ധനവു് വരുത്തും. mathematically speaking, they are directly proportional. അഥവാ, കൂടുന്ന ബഹുമാനം ഒന്നിനെ പലതാക്കും. ഒന്നായതിനെയാണല്ലോ നമ്മള്‍ രണ്ടായും രണ്ടായിരമായും ഒക്കെ കാണുന്നതു്! ഈ സ്വാമിയുടെ പേരിലെ പിടികിട്ടാപുള്ളി ‘ഗരുഡധ്വജാനന്ദന്‍’ എന്ന സംഭവമാണു്. ഗരുഡന്‍ എന്നാല്‍ എന്താണെന്നിപ്പൊ ആര്‍ക്കാ അറിയാത്തതു്? ഗരുഡധ്വജം എന്നു് പറഞ്ഞാല്‍ ഗരുഡന്റെ ചുണ്ടോ, നഖമോ, കണ്ണോ, ലിംഗമോ, ചിറകുകളോ അതോ ഇനിയിപ്പോ അതിന്റെ കാഷ്ടം തന്നെയോ എന്നാണറിയേണ്ടതു്. അതറിഞ്ഞാല്‍ പിന്നെ ആനന്ദവും തീര്‍ത്ഥപാദവുമായി ചേരുംപടി ചേര്‍ത്താല്‍ മതി. ഉദാഹരണത്തിനു്, ഒരു ഗരുഡന്‍ പറന്നുവന്നു് കൊത്തിയാലും, മാന്തിയാലും, ഒളിഞ്ഞു് നോക്കിയാലും, സ്വാമിയോടു് അശ്ലീലം ചിലച്ചു്, ചിരിച്ചു്, അവന്റെ ലിംഗം കൊത്തിയെടുത്തു് പറന്നാലും പാദം തീര്‍ത്ഥാടനമായി, ആനന്ദസമ്പൂര്‍ണ്ണനായി ഇരിക്കുന്ന അചഞ്ചലനായവന്‍ (ആയവര്‍) എന്നൊരര്‍ത്ഥം logically correct ആയിരിക്കും. പക്ഷേ ധ്വജം എന്നാല്‍ ശാര്‍ദൂലവിക്രീഡിതമോ ഭുജംഗവിജൃംഭിതമോ അതോ പറയാന്‍ കൊള്ളാത്ത മറ്റുവല്ല കൂപമണ്ഡൂകങ്ങളുമാണോ എന്നറിയണ്ടേ?

അക്ഷരത്തെറ്റില്ലാതെ കവിതയും മറ്റു് കാര്യങ്ങളുമൊക്കെ ബ്ലോഗില്‍ എഴുതുന്ന ഒരു നല്ല സുഹൃത്താണെന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ അവസാനം സഹായിച്ചതു്. ധ്വജം എന്നാല്‍ പുരുഷലിംഗം, പന എന്നൊക്കെ പല അര്‍ത്ഥങ്ങളുമുണ്ടത്രെ! അതുപോലെ തീര്‍ത്ഥം എന്നാല്‍ പുണ്യസ്ഥലം, മദ്യം എന്നൊക്കെയും അര്‍ത്ഥങ്ങളുണ്ടുപോലും! ഇപ്പൊഴല്ലേ സംഗതി പിടികിട്ട്യെ! ഈ വാക്കുകളെയെല്ലാം ചേരുംപടിചേര്‍ത്തു് സന്ദര്‍ഭം വിവരിച്ചു് ആശയം വിശദമാക്കുമ്പോള്‍ കുറഞ്ഞപക്ഷം ഈ സ്വാമിയെ എങ്കിലും നമുക്കു് കുറ്റം പറയാനാവില്ല. ഒരു conclusion എന്ന രൂപത്തില്‍ ‘ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍’ എന്ന സമസ്യയെ നമുക്കു് ഇങ്ങനെ പൂരിപ്പിക്കാം: പൂര്‍വ്വാശ്രമത്തില്‍ ഈ സ്വാമി ഒരു ‘ഗരുഡന്‍ തൂക്കം’ കളിക്കാരനായിരുന്നു. തന്റെ ഇപ്പോഴത്തെ ആശ്രയമായ പശ്ചിമാശ്രമം വളരെ പുണ്യപ്പെട്ട ഒരു സ്ഥലമായി കരുതുന്ന ഒരുവനാണു് ഈ സ്വാമി. ‘My home is my castle’ അഥവാ, ‘എന്റെ കൂര്‍ക്ക എനിക്കു് കാച്ചിലാണു്’ എന്നാണല്ലോ പഴഞ്ചൊല്ല്! അതുപോലെതന്നെ സ്വാമിയുടെ ആശ്രമം സ്വാമിക്കു് പുണ്യസ്ഥലം! സ്വാമിയുടെ ലിംഗം പുരുഷലിംഗമാണു്. തന്റെ പുണ്യസ്ഥലമായ ആശ്രമശ്രീകോവിലില്‍ ഏകാഗ്രചിത്തനായിരുന്നു് പനംകള്ളില്‍ നിന്നും പട്ട വാറ്റി coca-cola-യും ചേര്‍ത്തു് ‘101 വര്‍ഷം പഴക്കമുള്ള’ Scotch Whisky നിര്‍മ്മിക്കുന്ന ഒരു കുടില്‍വ്യവസായി മാത്രമാണു് ഈ പാവം സ്വാമി. ഭക്തന്മാരുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണു് ഇദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു്. സ്വാമി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതും അത്ര ശരിയല്ല. സ്വാമിയെ അത്ഭുതങ്ങള്‍‍ പ്രവര്‍ത്തിക്കുന്നവനായി ഭക്തര്‍ declare ചെയ്യുകയായിരുന്നു! സ്വാമിയുടെ ഓരോ ചലനവും ഭക്തസഹസ്രങ്ങള്‍ നേരില്‍ കണ്ടു് “അത്ഭുതം അത്ഭുതം” എന്നു് സാക്‍ഷ്യപ്പെടുത്തുകയായിരുന്നു.

ഒരുദാഹരണം: സ്വാമിക്കു് ഏതുസമയവും യാതൊരു പ്രകോപനവുമില്ലാതെ ഇടത്തോട്ടു് തിരിയാമായിരുന്നിട്ടും അതു് അവഗണിച്ചുകൊണ്ടു് സ്വാമി വലത്തോട്ടു് തിരിയുമ്പോള്‍ അതു് വെറുമൊരു തിരിയല്‍ മാത്രമല്ല, അതില്‍ ആഴമേറിയ ചില പ്രപഞ്ചരഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാവണം എന്നു് ഭക്തര്‍ മനസ്സിലാക്കുന്നു. അദ്ദേഹം അതുവഴി ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നതു് മനസ്സിലാക്കാന്‍ നമ്മുടെ സാദാ ഇന്ദ്രിയങ്ങള്‍ക്കാവില്ല എന്നു് അവര്‍ വിധിയെഴുതുന്നു. തികച്ചും അപ്രസക്തം എന്നു് അവിശ്വാസികള്‍ക്കു് തോന്നിയേക്കാവുന്ന ഈ മുഖചലനം വഴി സ്വാമി സൂചിപ്പിച്ചതു് അടുത്ത എലക്ഷനില്‍ ഇടതുപക്ഷം ജയിക്കുമെന്നാവാം, തോല്‍ക്കുമെന്നുമാവാം! ഇറാക്കു് യുദ്ധത്തിന്റെ ഗതിയെപ്പറ്റിയാവാം. ശൂന്യാകാശഗവേഷണത്തെപ്പറ്റിയാവാം. പ്രപഞ്ചത്തിലെ മറ്റെന്തിനെപ്പറ്റിയുമാവാം. ദൈവത്തിനറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ സ്വാമിമാര്‍ക്കും അറിയാം. ‘തിര്യക്കുകളായ’ നമ്മള്‍ എന്തറിയുന്നു! “ശുംഭോ! മഹാസാമീ! കാക്കണേ, കാത്തുകൊള്ളണേ!”

ഏതെങ്കിലും ഭണ്ഡാരത്തിന്റെ വിള്ളലിലൂടെ പതിവായി എന്തെങ്കിലും നേര്‍ച്ചയിട്ടില്ലെങ്കില്‍ ദൈവം പട്ടിണി കിടന്നു് ചാവും എന്നു് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരുപാടു് മനുഷ്യരുണ്ടു് ഈ ലോകത്തില്‍. അങ്ങനെയുള്ളവര്‍ സ്വാമിമാരെ തേടിപ്പിടിച്ചുചെന്നു് “എടുക്കു് സാമി, പിടിക്കു് സാമി, കുടിക്കു് സാമി” എന്നു് കരഞ്ഞുവിളിച്ചു് നേര്‍ച്ചകാഴ്ച്ചകള്‍ പിടിച്ചേല്‍പ്പിച്ചാല്‍ ‘ഞങ്ങളോ നിങ്ങളോ തങ്ങളോ’ വേണ്ടെന്നു് പറയുമെന്നു് കരുതുന്നവര്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിനും ശങ്കുസ്വര്‍ഗ്ഗത്തിനും ഇടയിലുള്ള ഏതോ ചതുര്‍ശങ്കുസ്വര്‍ഗ്ഗത്തിലാണു് ജീവിക്കുന്നതു്. ചുമ്മാ ചക്രം കിട്ടിയാല്‍ കയ്ക്കുമോ? ചക്രം പാവയ്ക്കയല്ല!.

ഇപ്പോള്‍ പത്രങ്ങളില്‍ നേതാക്കന്മാരുടെ ചില obligatory ‘തുമ്മല്‍’ മാത്രമേ കേള്‍ക്കുന്നുള്ളു. നേതാക്കള്‍ക്കു് അവരുടെ അണികളെ ആശ്വസിപ്പിക്കണമല്ലോ! ഒരുപാടു് നാള്‍ മിണ്ടാതിരുന്നാല്‍ ശരിയാവില്ല. വെള്ളാപ്പള്ളി നടേശന്‍ തിരുമേനി പറഞ്ഞതായി കഴിഞ്ഞ ദിവസം വായിച്ചതാണു്: “എല്ലാ സന്ന്യാസിമാരും കള്ളന്മാരല്ല. എന്നാല്‍ കള്ളന്മാര്‍ സന്യാസിമാരാകുന്നതാണു് കാപട്യം.” എല്ലാ സന്ന്യാസിമാരും കള്ളന്മാരല്ലത്രേ! അതു് കഷ്ടമല്ലേ? കള്ളന്മാരാവാനുള്ള അവസരസമത്വം എല്ലാ സന്ന്യാസിമാര്‍ക്കും ലഭിക്കേണ്ടതല്ലേ? കള്ളന്മാര്‍ മുഴുവന്‍ സന്ന്യാസിമാരായി കേരളത്തിന്റെ ആത്മീയലോകലായകം കള്ളസന്ന്യാസിലേയത്തിന്റെ ഒരു പൂരിതലായനി ആയി മാറിയാല്‍ പിന്നെ നല്ലസന്ന്യാസിലേയം എവിടെച്ചെന്നു് ലയിക്കാന്‍? വേണമെങ്കില്‍ ലായനി ചൂടാക്കിനോക്കാം. പക്ഷേ, അതു് രാസപരീക്ഷണങ്ങളില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഒരു പൊട്ടിത്തെറിയില്‍ അവസാനിച്ചു എന്നും വരാം!

എനിക്കു് മനസ്സിലാവാത്ത മറ്റൊരു കാര്യം: ലോകവിമുഖരായി ആത്മീയതയ്ക്കുവേണ്ടി ജീവിക്കുന്ന ‘നല്ലസന്ന്യാസികള്‍’ നിയമപരമായ പരിശോധനകളെ ഭയപ്പെടുന്നതെന്തിനു്? മലിനമായതൊന്നും ഒളിച്ചുവച്ചിട്ടില്ലെങ്കില്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു നിയമരാഷ്ട്രത്തില്‍ ഒരു പൗരന്‍ ആരെ, ഏതു് പരിശോധനയെ ഭയപ്പെടണം? നിയമാനുസൃതമായി, മാനം മര്യാദയായി ജീവിക്കുന്ന ആരും ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു രാജ്യത്തില്‍, ജനങ്ങളോടു് സദാചാരം പ്രസംഗിക്കുന്ന ‘നല്ലസന്ന്യാസികള്‍’ അന്വേഷണം, പരിശോധന എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും എന്തിനിത്ര വെകിളി പിടിക്കണം? അതൊക്കെ കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു് നാറുന്നതുപോലെ ജനങ്ങള്‍ക്കു് തോന്നുന്നു! തോന്നാത്തതു് സ്വാമിമാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും മാത്രം!

Advertisements
 

മുദ്രകള്‍: ,

മദ്യപാനിയായിത്തീരുന്ന ‘പരിശുദ്ധ’നോഹ

മഹാപ്രളയവും മരണപ്പെട്ടകവും – (3) കലാശക്കൊട്ടു്

അങ്ങനെ, പ്രളയാവസാനം ഭൂലോകത്തിലെ സകല പാപികളും ചത്തു് സ്ഥലം കാലിയാക്കി. ദൈവത്തിന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്കില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയായി. ചത്തവരുടെ കൂട്ടത്തില്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ വരെയുണ്ടായിരുന്നു. യഹോവ അങ്ങനെയാണു്. കലിപ്പങ്ങു് കയറിയാല്‍ പിന്നെ കുഞ്ഞുമില്ല കുട്ടിയുമില്ല, പാമ്പുമില്ല പഴുതാരയുമില്ല! കോപം കൊണ്ടു് കണ്ണു് കാണാതായാല്‍ മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവ മോശെയെപ്പോലെ തന്നെയാണു്. ദൈവം സ്വന്തം കൈകൊണ്ടു് എഴുതിയ പത്തു് കല്‍പനകളുടെ കല്പലകകള്‍ ദ്വേഷ്യം കേറീപ്പൊ മോശെ എറിഞ്ഞങ്ങടു് പൊട്ടിച്ചില്ലേ? കാളക്കുട്ടീനെ അരച്ചു് കലക്കി എല്ലാത്തിനേം കുടിപ്പിച്ചില്ലേ? സ്വഭാവം കൊണ്ടു് രണ്ടുപേരും ഒന്നുതന്നെ! കലി കേറിയാല്‍ പിന്നെ മോശെക്കും ദൈവത്തിനും തന്നെത്താന്‍ പിടിച്ചാല്‍ പോലും പിടി കിട്ടില്ല! ഇരട്ടപിറന്നതുപോലത്തെ പെരുമാറ്റം.

പ്രളയവും barbecue സദ്യയും കഴിഞ്ഞപ്പോഴേക്കും ദൈവത്തിന്റെ കോപമടങ്ങി തല ഒട്ടൊന്നു് തണുത്തിരുന്നു. ദൈവകോപം അടങ്ങി എന്നതിനു് അടയാളമായി തന്റെ വില്ല് ചേലൊത്തൊരു കാവടിപോലെ ആകാശത്തില്‍ നിവര്‍ത്തിനിര്‍ത്തിയശേഷം ഒരു മേഘടാക്സി (AC, DVD ഒക്കെ ഒള്ള ഒരു പുത്തന്‍ ടൂറിസ്റ്റ്‌ ടാക്സി!) വിളിച്ചു് ദൈവം സ്വര്‍ഗ്ഗത്തിലേക്കു് പോയി. ആണുങ്ങള്‍ പൊട്ടു് തൊടുകയും, സ്വന്തം ശരീരത്തില്‍ ഒരു ക്യാന്‍വാസില്‍‌ എന്നപോലെ വര്‍ണ്ണചിത്രങ്ങള്‍ വരക്കുകയുമൊക്കെ ചെയ്യുന്ന ഏതോ ഒരു നാട്ടില്‍ ഇന്ദ്രചാപം എന്നു് പേരുനല്‍കി വിളിക്കപ്പെടുന്ന ചാപമല്ല യഹോവ പ്രതിഷ്ഠിച്ച ഈ ചാപം. ആ ചാപം വേറെ. അതു് ചുമ്മാ വെറും പാപചാപം. ഈ ചാപം സാക്ഷാല്‍ പാപമോചനചാപം. ശാപചാപവും ദൈവചാപവും തമ്മില്‍ തെറ്റിദ്ധരിക്കരുതു്. കളിമാറും! അപാലാപത്തില്‍ ആഘാതമേറ്റാലെന്നപോലെ വിലാപഗീതങ്ങള്‍ ആലപിക്കേണ്ടിവരുമെന്നു് നാടന്‍ഭാഷ! ‘വയ്ക്കോലില്‍ ഇട്ടു് ചക്ക വെട്ടിയപോലെ ആവും’ എന്നും വേണമെങ്കില്‍ പറയാം.

ദൈവത്തിനു് റ്റാറ്റാ പറഞ്ഞശേഷം നോഹയും കുടുംബവും ജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിച്ചു. ആദ്ധ്യാത്മികത വഴി എളുപ്പം കോടീശ്വരനാവാമെന്നു് നോഹക്കറിയാമായിരുന്നു. വലിയ മുതല്‍ മുടക്കില്ല താനും! ആവശ്യത്തിനു് ഇറക്കമുള്ള ഒരു കാവിവസ്ത്രം വേണമെന്നേയുള്ളു. അങ്കിയുടെ നിറം ബന്ധപ്പെട്ട സാമൂഹികഘടനയുമായി താദാത്മ്യം പ്രാപിക്കാന്‍ പര്യാപ്തമായിരിക്കണം. അതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഇറക്കം തീരെ കുറഞ്ഞാല്‍ കണങ്കാലിലെ രോമവും അരിമ്പാറയും പുഴുക്കടിയുമൊക്കെ കാല്‍ മുത്തുന്ന (നക്കുന്ന) ഭക്തന്മാര്‍ കാണും. അന്നേരം അവര്‍ക്കൊരു ഇമ്പ്രഷന്‍ ഉണ്ടാവില്ല. സ്വാമിയാണെങ്കിലും പുഴുക്കടിയേലൊക്കെ മുത്തുക, തലോടുക എന്നൊക്കെ പറഞ്ഞാല്‍ ചിലരെങ്കിലും അറച്ചു് മാറിനില്‍ക്കും. എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെ. ഒരു സ്വാമി ‘രോമയോ അരോമയോ’, ‘അരിമ്പാറയോ അനരിമ്പാറയോ’ എന്നതെല്ലാം എന്നാളും രഹസ്യമായിരിക്കേണ്ട കാര്യങ്ങളാണു്. അത്ഭുതഗര്‍ഭം പോലെയാണതും. അത്ഭുതഗര്‍ഭം എന്നും ഒരു രഹസ്യമായിരിക്കണം. ‘അരഹസ്യത്തില്‍’ അത്ഭുതമില്ല. നീണ്ട ഒരു കുപ്പായം തുന്നിക്കൂട്ടുന്നതെങ്ങനെ എന്നതായിരുന്നില്ല നോഹയുടെ പ്രശ്നം. കാണിക്കയും നേര്‍ച്ചകാഴ്ചകളുമായി എത്താന്‍ മനുഷ്യരൂപമുള്ള ഏതെങ്കിലുമൊരു ഉണ്ണാക്കന്‍ ഭൂമിയില്‍ ഉണ്ടായിട്ടു് വേണ്ടേ? അസ്ഥികുടീരങ്ങള്‍ സ്പന്ദിക്കാറുണ്ടെങ്കിലും നേര്‍ച്ചയിടാറില്ലല്ലോ! കാക്കകളും കിളികളുമൊക്കെ ഭണ്ഡാരം ഉപയോഗിക്കുന്നതു് ‘ഉന്നം’ പണ്ടേപ്പോലെ ഫലിക്കുന്നുണ്ടോ എന്നൊന്നു് പരിശോധിക്കണമെന്നു് ‘അനുഭവങ്ങളിലെ പാളിച്ചകള്‍’ വഴി തോന്നുമ്പോള്‍ മാത്രമാണുതാനും. കാഷ്ടം കൊടുത്താല്‍ ബെന്‍സും കൈത്തോക്കും കിട്ടുമോ? ഒരു സ്വാമിക്കു് പുതിയ പുതിയ ആശ്രമങ്ങളിലേക്കു് കൈമാറിപ്പിടിച്ചു് കാലുമാറ്റിച്ചവിട്ടുവാന്‍ അത്തരം കളിപ്പാട്ടങ്ങള്‍ minimum requirements ആണെന്നു് ആര്‍ക്കാണറിയാത്തതു്?

അവസാനം, നോഹ പണ്ടത്തെ കയീനെപ്പോലെ കര്‍ഷകനാവാന്‍ തീരുമാനിച്ചു. അവര്‍ നാലാണും നാലു് പെണ്ണും കൂടി കഠിനമായി അദ്ധ്വാനിച്ചു. അയല്‍വാസിയായ ഒരു അണ്ണാറക്കണ്ണനും തന്നാലാവുന്നതു് എന്തൊക്കെയോ ചെയ്തു. പലതും ചെയ്തു എന്നല്ലാതെ, എന്തൊക്കെയാണു് അവന്‍ ചെയ്തുകൂട്ടിയതെന്നതിനെസംബന്ധിച്ച കൃത്യമായ രേഖകള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. രാപ്പകലില്ലാതെ അവര്‍ ഉഴുതുമറിച്ചു് കൃഷി ചെയ്തു. റബ്ബര്‍, കശുവണ്ടി, വെള്ളിലാവു്, കടലാവണക്കു്, കൂര്‍ക്കക്കിഴങ്ങു്, ഒടിച്ചുകുത്തിനാരങ്ങ, കച്ചോലം, വെന്തിപ്പൂ, തൊട്ടാവാടി, അയമോദകം, കൊന്തന്‍പുല്ല്, നാലേമുക്കാല്‍മണിപ്പൂവു് അങ്ങനെ ‘സകലഭൂമിയിലുമുള്ള’ മരങ്ങളും ചെടികളും പുല്ലുകളും അവര്‍ നട്ടുപിടിപ്പിച്ചു. ബാക്കിവന്ന സ്ഥലത്തു് തടമെടുത്തു് ഒരുപാടു് മുന്തിരിയും നട്ടു. അതിനുശേഷം എല്ലാത്തിനും വെള്ളമൊഴിച്ചു്, കണ്ണില്‍ എണ്ണയൊഴിച്ചു് പ്രത്യാശയോടെ കിഴക്കോട്ടു് നോക്കി അവര്‍ കാത്തിരുന്നു് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ തീവ്രതമൂലം എല്ലാം പത്തും നൂറും മേനി വിളവുനല്‍കി. എല്ലാ വിളവിന്റേയും ദശാംശം അവര്‍ ദൈവം ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ കൊടുക്കാനായി നീക്കിവച്ചു. ദൈവത്തിനു് ഒരു ‘സംതിംഗ്‌’ കൊടുക്കുക എന്ന രൂപത്തിലല്ല, ഉദ്ദിഷ്ടകാര്യം സാധിച്ചതിനു് ഉപകാരസ്മരണ എന്നതു് ഒരു ബാദ്ധ്യതയാണെന്ന നിലയില്‍.

ഉത്തമഗീതങ്ങളില്‍ അനുരാഗലോലയായ കാമിനിയെ അംഗോപാംഗം നിരീക്ഷിക്കുന്ന ശലോമോന്റെ സ്തനവര്‍ണ്ണനപോലെ മുന്തിരിക്കുലകള്‍ തോട്ടം മുഴുവന്‍ വിളഞ്ഞുനിറഞ്ഞു – ഉത്തമഗീതങ്ങള്‍ 7: 9. (ശലോമോന്റെ ഉത്തമഗീതങ്ങള്‍ വായിച്ചിട്ടുള്ള, കഴിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടുമാത്രം കല്യാണം കഴിക്കാത്ത, അല്ലെങ്കില്‍ എത്രയോ വട്ടം കഴിക്കുമായിരുന്ന പുരോഹിതരുടെ ഇടയില്‍ ‘celibacy പകല്‍ മാത്രം മതി’ എന്നൊരു ചിന്താഗതി രാത്രികാലങ്ങളില്‍ ശക്തമാവാറുണ്ടത്രേ! പല ‘കന്യകന്മാരിലും കന്യകമാരിലും’ നിലാവുള്ള രാത്രികളില്‍ ഇതൊരു last minute panic ആയി, ബോട്ട്‌ മിസിംഗ്‌ ഭയമായി രൂപാന്തരപ്പെടുകയും, അതു് പലപ്പോഴും പല അവിഹിതബന്ധങ്ങളിലേക്കും, അത്ഭുതഗര്‍ഭങ്ങളിലേക്കും, ദുരൂഹമരണങ്ങളിലേക്കും ഒക്കെ നയിക്കുകയും ചെയ്യാറുണ്ടെന്നുള്ളതു് എല്ലാവര്‍ക്കും അറിയാവുന്ന, എന്നാല്‍ ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ചില റിയാലിറ്റികളാണുതാനും. നമുക്കു് വിലപ്പെട്ട ആദ്ധ്യാത്മികസോപ്പുകുമിളകള്‍ പൊട്ടാതിരിക്കാന്‍ എന്തെന്തു് കാര്യങ്ങള്‍ അറിഞ്ഞില്ലെന്നു് നടിക്കാനും, അറിഞ്ഞവരെ എന്തു് മാര്‍ഗ്ഗമുപയോഗിച്ചും നിശ്ശബ്ദരാക്കാനും നമ്മള്‍ തയ്യാറാവുകയില്ല!?) അതെന്തായാലും, മുന്തിരി വിളഞ്ഞപ്പോള്‍ ഭക്‍ഷ്യസുരക്ഷാനിയമപ്രകാരം മുന്തിരിക്കുലകള്‍ ഇറുത്തെടുത്തു് വീഞ്ഞുണ്ടാക്കി നൂറുകണക്കിനു് അഥവാ, കടല്‍ത്തീരത്തെ മണല്‍ത്തരികളും ആകാശത്തിലെ നക്ഷത്രങ്ങളും പോലെ എണ്ണമറ്റ തടിവീപ്പകളില്‍ നിറച്ചു് സൂക്ഷിക്കാന്‍ നോഹ തീരുമാനിച്ചു.

ദൈവഭക്തര്‍ക്കു് ജപം പോലെതന്നെ കുടിയും തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുക എന്നതു് വലിയ ബുദ്ധിമുട്ടാണു്. കാരണം, അവര്‍ ബലഹീനരാണു്. സ്വന്തം ബലഹീനത കോമ്പന്‍സേറ്റ്‌ ചെയ്യാനല്ലേ അവര്‍ ബലവാനായ ദൈവത്തെ വിടാതെ കൂട്ടുപിടിച്ചിരിക്കുന്നതു്? നോഹയും ഒരു പക്കാ ഭക്തനായിരുന്നു. അതുകൊണ്ടാണല്ലോ ദൈവം അവനെയും കുടുംബത്തെയും മാത്രം പ്രളയത്തില്‍ നിന്നും രക്ഷിച്ചതും! ഒരിക്കല്‍ നോഹ പതിവുപോലെ വീഞ്ഞുകുടിച്ചു് ബോധമില്ലാതെ ഭയങ്കരമായി ‘മൂര്‍ഖന്‍’ വലിച്ചു് കൂടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. കുളിച്ചു എന്നു് കാണിക്കാന്‍ ‘അണ്ടര്‍വയര്‍’ ഊരി പുരപ്പുറത്തിട്ടിരുന്നതുകൊണ്ടു് അന്നത്തെ ദിവസം അങ്കിയുടെ അടിയില്‍ ‘അടിവയര്‍’ മറയ്ക്കാന്‍ മറ്റൊന്നും ധരിക്കാതെ ആയിരുന്നു നോഹയുടെ ഔദ്യോഗിക കാര്യപരിപാടികള്‍. ഉറക്കത്തില്‍ തുണി അഴിഞ്ഞു് താന്‍ നഗ്നനായതും അതിനോടൊപ്പം ‘എന്തതിശയമേ ദൈവത്തിന്റെ…’ എന്ന background music ഉയര്‍ന്നതും നോഹ അറിഞ്ഞില്ല. ഈ സമയത്തു് ഹാം എന്ന ചെക്കന്‍ ഒരു കുറ്റിബീഡി കത്തിക്കാന്‍ തീപ്പെട്ടി തപ്പി അവിടെ കേറിച്ചെന്നു. പിന്നണിഗാനം ‘വൃശ്ചികപ്പൂനിലാവേ … മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാന്‍ നിനക്കു് ലജ്ജയില്ലേ?’ എന്നായി മാറി. പഴയ പ്ലേറ്റായതുകൊണ്ടു് കറങ്ങുന്നിടത്തുതന്നെ കിടന്നു് കറങ്ങി ‘ലജ്ജയില്ലേ? ലജ്ജയില്ലേ?’ എന്നു് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു അശരീരി ആയി കരുതിയ അവന്‍ ഭയന്നു് വിറച്ചു. “യഹോവയായ ദൈവമേ, പാപിയായ എന്നോടു് നീ പൊറുക്കേണമേ! നിന്‍ തിരുമുന്‍പില്‍ ഞാനാരു്? എന്റെ കുറ്റിബീഡി എന്തു്? ഞാന്‍ വെറുമൊരു ഞാഞ്ഞൂല്‍; ഒന്നിനും കൊള്ളാത്ത ഒരു പൃക്ക! എനിക്കു് ലജ്ജയുണ്ടു്, ഞാന്‍ ലജ്ജിക്കുന്നു, ഞാനിതാ മറയുന്നു കര്‍ത്താവേ! ” എന്നു് കുറ്റബോധത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടു് അവന്‍ പുറത്തിറങ്ങി ഓടിച്ചെന്നു് സഹോദരന്മാരെ വിവരമറിയിച്ചു.

അവന്റെ സഹോദരന്മാര്‍ വളരെ ബുദ്ധിമാന്മാരായിരുന്നു. മനുഷ്യര്‍ക്കു് പുറകില്‍ കണ്ണില്ല എന്ന ഒരു കച്ചിത്തുരുമ്പു് മാത്രമാണു് വിധിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ തങ്ങളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗം എന്നവര്‍ മനസ്സിലാക്കി. അവര്‍ ഒരു തുണിക്കഷണവുമായി പുറകോട്ടു് നടന്നുചെന്നു് വളരെ തന്മയത്വമായി കൈയിലെ തുണി പുറകോട്ടു് ഒറ്റ ഏറങ്ങു് വച്ചുകൊടുത്തു. അതേറ്റു എന്നു് പറഞ്ഞാല്‍ മതിയല്ലോ. തുണി വീഴേണ്ടിടത്തു് തന്നെ ചെന്നു് വീണു. ‘തുണി പുറകോട്ടു് എറിയുക’ എന്ന ഡിസിപ്ലിനില്‍ അവര്‍ ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യന്മാര്‍ ആയിരുന്നു! അങ്ങനെ അവര്‍ പിതാവിന്റെ നഗ്നതയുടെ ദര്‍ശനം വഴി ആര്‍ക്കും ശാശ്വതമോ മാരകമോ ആയ ദോഷഫലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട അത്യാവശ്യനടപടികള്‍ വിദഗ്ദ്ധമായി പൂര്‍ത്തിയാക്കി. നോഹയുടെ നഗ്നതയുടെ പേരില്‍ മനുഷ്യരാശിയുടെ ഭാവിതന്നെ വെറുമൊരു വാഴനാരില്‍ തൂങ്ങിക്കിടന്നു് ക്ലോക്കിന്റെ പെന്‍ഡുലം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുകയായിരുന്നല്ലോ! ഉറക്കമുണര്‍ന്നു് നീര്‍ക്കുതിരഫോര്‍മാറ്റില്‍ വിശദമായി ഒരു കോട്ടുവായും വിട്ടു് മൂത്രമൊഴിക്കാന്‍ പോകാന്‍ തുടങ്ങിയപ്പോഴാണു് നോഹ the terrible dramatic of the complete history അറിയുന്നതു്. ആരെയെങ്കിലും ഒന്നു് ശപിക്കാഞ്ഞാല്‍ ഈ നഗ്നതാപ്രശ്നത്തിനു് എന്തെങ്കിലും ഒരു ഗൗരവം വരുമോ? നാലുപേര്‍ ഇക്കാര്യം അറിയുമോ? (ഒരു ജനാധിപത്യത്തില്‍ ആഹാരാവകാശം ഇല്ലെങ്കിലും വിവരാവകാശമെങ്കിലും വേണ്ടേ? തങ്ങള്‍ക്കു് ആഹാരാവകാശം ഇല്ല എന്ന വിവരം അല്ലെങ്കില്‍ പിന്നെ ജനങ്ങള്‍ എങ്ങനെ അറിയും?)

നോഹ തന്റെ നഗ്നത കണ്ടവനായ ഹാമിനെ ശപിക്കുന്നതിനു് പകരം അവന്റെ മകന്‍ കനാനെ വിളിച്ചു: “ഡാ, കനാനെ! വാടാ ഇവടെ!” ആ ‘കൊച്ചന്‍’ ഓടിച്ചെന്നു. കോലുമുട്ടായിയോ, സിനിമകാണാന്‍ ചക്രമോ, ഭൗതികമായ മറ്റെന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങളോ തടയുമെന്നു് കരുതിക്കാണും ആ പാവം. അതിനുപകരം അവന്‍ കേട്ടതു്: “ഡാ കനാനെ, നിന്റെ വെല്യാപ്പനാകുന്ന ഞാനാകുന്ന ഞാന്‍ ഇന്നേദിവസം ഇനിമേലില്‍ എന്നേക്കുമായി നിന്നെ യഹോവയുടെ ന്യായപ്രമാണം (YNP) വകുപ്പു് 33, പാരഗ്രാഫ്‌ 13 പ്രകാരം ശപിച്ചിരിക്കുന്നു. നീ മറ്റു് സഹോദരന്മാര്‍ക്കു് ദാസനായിത്തീരും. പോ, എന്റെ കണ്ണുംവെട്ടത്തൂന്നു്, അസത്തേ!”.

‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ’ ചിലര്‍ പിടിക്കാറുണ്ടു്. ഇവിടെ വേണമെങ്കില്‍ കട്ടവനെ തന്നെ പിടിക്കാമായിരുന്നു. എന്നിട്ടും നോഹ നിരപരാധിയെ ചാടിപ്പിടിച്ചു് ശിക്ഷിക്കുന്നു. തന്നത്താന്‍ കള്ളുകുടിച്ചു് ബോധം കെട്ടുറങ്ങിയതിന്റെ ശിക്ഷ ചുമ്മാതെയിരുന്ന പേരക്കിടാവിനു്! മുഴുവന്‍ മനുഷ്യരും പാപികളായിരുന്നപ്പോള്‍ പാപരഹിതരായിരുന്നതിനാല്‍ രക്ഷപെട്ട നോഹയുടെയും കുടുംബത്തിന്റെയും പില്‍ക്കാലചരിത്രമാണിതു്! സകലമാനലോകവും നിര്‍ദ്ദയം നശിപ്പിക്കപ്പെട്ടപ്പോള്‍ ദൈവം രക്ഷപെടുത്തിയ ഒരേയൊരു കുടുംബം! ദൈവദൃഷ്ടിയില്‍ പാപം, പുണ്യം, നന്മ, നീതി എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നു് പിടികിട്ടിയില്ലേ? ഇല്ലെങ്കില്‍ ദാ ഒരു സത്യവാചകം കൂടി. പ്രളയത്തെ അതിജീവിക്കാന്‍ നോഹയുടേതിനേക്കാള്‍ യോഗ്യതയുള്ള മറ്റൊരു കുടുംബമോ കൊച്ചോ പീച്ചിയോ അക്കാലത്തു് ജീവിച്ചിരുന്നില്ല എന്നു് ഞാന്‍ സത്യമായിട്ടും സത്യമായിട്ടും നിങ്ങളോടു് പറയുന്നു! കളരിപരമ്പരദൈവങ്ങളാണേ ഇതു് സത്യം, സത്യം, സത്യം! പരമസത്യം!

ഇനീം പോരാരിക്കും! അവിശ്വാസികളായ തോമാസുകളേ, സര്‍പ്പസന്തതികളെ, ഗൂര്‍ക്കാസഹോദരങ്ങളെ, നിങ്ങള്‍ക്കു് ഹാ കഷ്ടം! നിങ്ങള്‍ കേരളത്തില്‍ ജനിക്കും; സ്വാമിമാരും സ്വാധാകരന്മാരും നിങ്ങളെ ഭരിക്കും; നിങ്ങള്‍ ഏകജാലകത്തില്‍ പലജാലകങ്ങള്‍ കാണും; നിങ്ങള്‍ തുണിയില്ലാതെ ദൈവസന്നിധി തേടും; നിങ്ങള്‍ അരിക്കും ഗോതമ്പിനുമായി തമിഴ്‌നാട്ടിലേക്കു് നോക്കും, നിങ്ങള്‍ക്കോ ലഭിക്കുകയുമില്ല; നിങ്ങള്‍ റോഡ്‌ പണിയും, അതോ ഒഴുകിപ്പോകും; നിങ്ങള്‍ അണകെട്ടും, അതില്‍ തവളകള്‍ മുട്ടയിടും; നിങ്ങള്‍ LDF-നെ തെരഞ്ഞെടുക്കും, അവര്‍ നിങ്ങളെ ചതിക്കും; നിങ്ങള്‍ UDF-നെ തെരഞ്ഞെടുക്കും, അവര്‍ നിങ്ങളെ കൂടുതല്‍ ചതിക്കും; നിങ്ങള്‍ ആള്‍ദൈവങ്ങളെ തേടും, ആണ്‍ദൈവവും പെണ്‍ദൈവവും നിങ്ങളെ ചൂഷണം ചെയ്യും; നിങ്ങളോ തിരിച്ചറിയുകയില്ല; അറിയാത്ത പുള്ളകളായ നിങ്ങള്‍ അങ്ങനെ ചൊറിഞ്ഞാലും അറിയാതെ പിന്നെയും പിന്നെയും ചൊറിയും – അടിമോളെത്തി ചൊറിയും, ദേഹമാസകലം ചൊറിയും! അങ്ങനെ എന്നെങ്കിലും നിങ്ങള്‍ ജീവിക്കുന്നതിനു് പകരം ചൊറിഞ്ഞു് ചൊറിഞ്ഞു് മരിക്കും! മരിക്കുമ്പോഴും നിങ്ങള്‍ ആരെയെങ്കിലും, നിങ്ങളെ ആരെങ്കിലും ചൊറിഞ്ഞുകൊണ്ടേയിരിക്കും!! കാരണം, നിങ്ങളെസംബന്ധിച്ചു് “ചൊറിയലാണഖിലസാരമൂഴിയില്‍”!

പ്രളയത്തിനു് ശേഷം നോഹയുടെ മക്കള്‍ ‘ജാതി ജാതിയായും കുലം കുലമായും’ വേര്‍പിരിഞ്ഞു് ഭൂമിയില്‍ നിറയുകയായിരുന്നു. അവരുടെ വേര്‍പിരിയലിന്റെ കാരണം സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വര്‍ഗ്ഗസമരമായിരുന്നിരിക്കണം. (അങ്ങനെയെന്തോ ചില നിഗമനങ്ങള്‍ ഒരുപാടൊരുപാടു് നാളുകള്‍ക്കു് ശേഷം കാര്‍ള്‍ മാര്‍ക്സ്‌ എന്നൊരു താടിക്കാരന്‍ യഹൂദന്‍ നടത്തിയിട്ടുണ്ടു്.) പ്രളയകാലഘട്ടത്തില്‍ മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ചുരുക്കാന്‍ ദൈവം തീരുമാനിച്ചിരുന്നെങ്കിലും, നോഹയുടെ പിന്‍തലമുറകളില്‍ പലരും നാനൂറും അഞ്ഞൂറും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നുമുണ്ടു്. നോഹയുടെ മകന്‍ ശേം 500 വര്‍ഷം, അവന്റെ മകന്‍ അര്‍പ്പക്ഷാദ്‌ 403 വര്‍ഷം, അവന്റെ മകന്‍ ശാലഹ്‌ 403 വര്‍ഷം, അവന്റെ മകന്‍ ഏബര്‍ 430 വര്‍ഷം … ! ദൈവതീരുമാനങ്ങള്‍ അത്ര കൃത്യമായി സംഭവിക്കണമെന്നു് നിര്‍ബന്ധം പിടിച്ചാല്‍ ശരിയാവില്ലാന്നു് ഗുണപാഠം. ദൈവത്തിനറിയാം ദൈവത്തിന്റെ ഓരോരോ കഷ്ടപ്പാടും ദുരിതങ്ങളും!

ദൈവം സംസാരിച്ചിരുന്നെങ്കില്‍:

“ദിവസത്തില്‍ ഇരുപത്തിനാലു് മണിക്കൂറും കുറെ എണ്ണങ്ങളു് സ്വൈര്യം തരാതെ ‘ഹാലേലുയ്യാ സ്തോത്രം സ്തോത്രം’ന്നു് വണ്ടു് മൂളണപോലെ നിറുത്താണ്ടു് ചെവീലു് അങ്ങടു് മൂളാന്നു് വച്ചാ പ്രാന്തു് പിടിക്കില്യേ ദൈവത്തിനായാലും? അതിനെടേലു് സകല അലവലാതികളു്ടേം തലേന്നും മൂക്കീന്നുമൊക്കെ കൊഴിയണ രോമങ്ങളു് വരെ ഒരെണ്ണം പോലും വിടാതെ കൃത്യമായി എണ്ണണ പണീം ഞാന്‍ തന്നെ ചെയ്യണംത്രെ! എന്തെങ്കിലും ഒരു പ്രതിഫലം തന്നേച്ചാണെങ്കി വേണ്ടില്ല. എനിക്കോ എന്റെ യേശുമോനോ നെറ്റിയേലൊരു കുരിശുരൂപം പോറാന്‍ പത്തു് പൈസേടെ ഒരു തുട്ടുപോലും റോമന്‍ കത്തോലിക്കാസഭേന്നോ, റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭേന്നോ, ഗ്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭേന്നോ, അന്ത്യോക്യാ സിംഹാസനത്തീന്നോ, മലങ്കര സഭേലെ അണ്ടന്‍ അടകോടന്‍ സഭകളീന്നോ, (അവിടെ എത്ര സഭകളൊണ്ടെന്നു് എനിക്കും നല്ല നിശ്ചയില്യാന്നു് കൂട്ടിക്കോളൂ) ഇതുവരെ ഇങ്ങോടു് സ്വര്‍ഗ്ഗത്തിലേക്കു് തന്നിട്ടില്യാ. അറിയ്‌വോ നിങ്ങക്കു്? ഇവടേം ഇല്യേ ചെലവുകളു്? സ്വര്‍ഗ്ഗീയ തീന്മേശ ഒക്കെ ഒരുക്കാതെ പറ്റ്വോ? ഞാന്‍ പറഞ്ഞാലു് ഇത്തിരി അധികമായി പോവും. അതുകൊണ്ടു് മിണ്ടണില്യാ, അത്രന്നെ! ദൈവാത്രെ, ദൈവം”!!

പാവം ദൈവത്തിന്റെ കണ്ണു് നിറയുന്നു!

 

മുദ്രകള്‍: , ,

ഒരു പട്ടിച്ചിക്കും വേണ്ട!!, or On Being a Dog

ഇങ്ങനെയൊരു ശുനകജന്മം!!
 

മുദ്രകള്‍: , ,

പെട്ടകവും മറ്റു് ചില ഒട്ടകങ്ങളും

മഹാപ്രളയവും മരണപ്പെട്ടകവും – (2)

തന്റെ മൂന്നു് ആണ്മക്കളായ ശേം, ഹാം, യാഫെത്ത്‌ എന്നിവര്‍ ജനിച്ചപ്പോള്‍ അഞ്ഞൂറുവയസ്സിലേറെ പ്രായമുണ്ടായിരുന്ന നോഹയുടെ അറുന്നൂറാം വയസ്സിലാണു് ജലപ്രളയം സംഭവിച്ചതു്. മൃഗങ്ങളും, പറവജാതികളും, നോഹയുടെ കുടുംബവും എങ്ങനെയോ പെട്ടകത്തിനുള്ളില്‍ കയറിപ്പറ്റി. എങ്ങനെയാ എന്താ എന്നൊന്നും ചോദിക്കാന്‍ നില്‍ക്കണ്ട. പറയുന്നതു് മറുചോദ്യം ചോദിക്കാതെ ചുമ്മാ കണ്ണുമടച്ചങ്ങു് വിശ്വസിക്കുന്നതാണു് സത്യവിശ്വാസം. അതാണു് ദൈവത്തിനു് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തമവിശ്വാസം! മനുഷ്യ-മൃഗ-പറവ-സമൂഹം മുഴുവന്‍ പെട്ടകത്തില്‍ കയറി ഏഴുദിവസങ്ങള്‍ക്കുശേഷം ആകാശത്തിന്റെ കിളിവാതിലുകളും ആഴിയുടെ ഉറവുകളും തുറന്നു. ‘നാല്‍പതു് രാവും നാല്‍പതു് പകലും’ ഈ ‘പൊത്തുകള്‍’ എല്ലാം തുറന്നുതന്നെ ഇരുന്നു.

‘നാല്‍പതു്’! ഈ ‘നാല്‍പതു്’ എന്നതു് അക്കാലത്തെ ഒരു മാന്ത്രികസംഖ്യയായിരുന്നപോലെ തോന്നുന്നു. യഹൂദര്‍ക്കു് മിസ്രയിമില്‍നിന്നും കനാന്‍ദേശത്തെത്താന്‍ വേണ്ടിവന്ന സമയം നാല്‍പതു് വര്‍ഷം! സീനായി പര്‍വ്വതത്തില്‍ യഹോവയില്‍ നിന്നും കല്‍പനകളുടെ കല്‍പലകകള്‍ ഏറ്റുവാങ്ങാന്‍ മോശെ ആഹാരമോ ജലപാനമോ ഇല്ലാതെ കാത്തുകിടന്നതു് നാല്‍പതു് രാവും നാല്‍പതു് പകലും! (അതും ഒന്നല്ല, രണ്ടുപ്രാവശ്യം!) പിശാചിന്റെ പരീക്ഷയെ നേരിടാനുള്ള ശക്തി ആര്‍ജ്ജിക്കാനായി മരുഭൂമിയില്‍ പോയി യേശു നടത്തിയ ഉപവാസത്തിന്റെ ദൈര്‍ഘ്യം നാല്‍പതു് രാവും നാല്‍പതു് പകലും! (ക്രിസ്തീയ പിതാക്കള്‍ ഈ ‘നാല്‍പതിനോടു്’ കൂട്ടുപലിശ അടിസ്ഥാനത്തില്‍ പത്തു് ദിവസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണോ ഇപ്പോഴത്തെ ‘അന്‍പതുനോമ്പു്’ എന്ന സര്‍വ്വരോഗസംഹാരി-ആത്മസംയമന-കുറുന്തോട്ടിരസായനം-നസ്രാണി സ്പെഷ്യല്‍ തട്ടിക്കൂട്ടിയതു് എന്നെനിക്കറിയില്ല! പണ്ടേതന്നെ പട്ടിണി കിടക്കുന്നവര്‍ക്കു് എന്തിനു് പ്രത്യേകം ഒരു നോമ്പു്? ബ്ലീച്ചു് ചെയ്യാത്ത ഒരു കഷണം ‘കോടിമുണ്ടു്’ കീറി വാങ്ങിക്കുമ്പോള്‍ ഏതാനും സെന്റീമീറ്റര്‍ നീളം കുറച്ചു് വാങ്ങി ഇത്തിരി പൈസ ലാഭിക്കാനോ? അരമനകളില്‍ താമസിക്കുന്ന കസവുധാരികളെയല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നതു്!) അതെന്തായാലും ‘നാല്‍പതു്’ എന്നു് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു് ശരീരമാസകലം ഒരു എലക്ട്രോമാഗ്നറ്റിക്‌-‘ആറ്റോമാറ്റിക്‌’-സെക്സോമാറ്റിക്‌-എനര്‍ജി കേറി നിറയുന്നപോലെ തോന്നുന്നില്ലേ? ആകെമൊത്തം ഒരു വിറവല്‍? പൊതുവേ എന്തെന്നില്ലാത്ത ഒരു വിചിത്ര-വികാര-വിജൃംഭണം? ചെറുകുടലും വന്‍കുടലും പ്ലീഹയുമടക്കം സര്‍വ്വതും in longitudinal and ‘latritudinal’ direction-ല്‍ വൈബ്രേറ്റ്‌ ചെയ്യുന്നപോലൊരു തോന്നല്‍? ഉടനെതന്നെ ഏതെങ്കിലും ‘കാറ്റു്’ ഗുരുവിന്റെയോ, ‘ചാറ്റു്’ ഗുരുവിന്റെയോ മുന്നില്‍ പോയി ഉടുതുണിയില്ലാതെ ചമ്പ്രം പടിഞ്ഞിരുന്നു് ‘തവിട്ടുപഞ്ചാര’ അടിക്കണമെന്ന ഒരുതരം അനിയന്ത്രിത, അനിര്‍വചനീയ അഭിനിവേശം? ഒരുതരം ആദ്ധ്യാത്മിക അന്തര്‍ദാഹം? നിങ്ങള്‍ക്കു് അങ്ങനെയൊന്നും തോന്നുന്നില്ലെന്നോ? ഇല്ലെങ്കില്‍ അതെന്റെ കുറ്റമല്ല. നിങ്ങള്‍ പോയി വേറെ വല്ല പണിയും നോക്കു്, ഹല്ല പിന്നെ! ആത്മീയമായി നന്നാവാനൊള്ള ചില കുറുക്കുവഴികള്‍ പറഞ്ഞുകൊടുക്കാമെന്നുവച്ചാല്‍ ഒരുത്തനുകള്‍ക്കും വേണ്ട. ഒരുത്തികള്‍ക്കു് ഒട്ടും വേണ്ട.

അപ്പോള്‍ പറഞ്ഞുവന്നതു് ‘ജലദ്വാരങ്ങള്‍’ തുറന്ന കാര്യമായിരുന്നല്ലോ. ആകാശത്തിന്റെയും ആഴിയുടെയും സകല ‘ജലവാതിലുകളും ജലജന്നലുകളും’ ഇക്കണ്ട നാല്‍പതുദിവസങ്ങളും അടയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ഭൂമിയില്‍ ജലനിരപ്പു് ഉയര്‍ന്നു. വീണ്ടും വീണ്ടും തന്നെയും പിന്നെയും ഉയര്‍ന്നു. അതിനുമീതെ പെട്ടകവും ഒപ്പത്തിനൊപ്പം ഉയര്‍ന്നു. ‘തലയ്ക്കുമീതേ വെള്ളം പൊങ്ങിയാല്‍ അതുക്കു് മീതേ തോണി’! അങ്ങനെ പൊങ്ങിപ്പൊങ്ങി ‘ആകാശത്തിന്‍കീഴെയുള്ള’ സകല പര്‍വ്വതങ്ങളെയും വെള്ളം കീഴിലാക്കി. ഹിമാലയപര്‍വ്വതം വിട്ടു്, കൃത്യമായി പറഞ്ഞാല്‍, മൗണ്ട്‌ എവറസ്റ്റ്‌ വിട്ടു് പതിനഞ്ചുമുഴം കൂടി (നാല്‍പതു് മുഴമല്ല!) വെള്ളം ഉയര്‍ന്നു. ഇതിപ്പൊ ഇത്ര കൃത്യമായി ആരു് എങ്ങനെ അളന്നു എന്നൊക്കെയാവും നിങ്ങളുടെ ചോദ്യം! പറയാന്‍ ഞങ്ങള്‍ക്കു് തത്ക്കാലം മനസ്സില്ലാന്നു് കൂട്ടിക്കോളൂ! അങ്ങനെ, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ (സമുദ്രനിരപ്പില്‍ നിന്നു് അളക്കുമ്പോള്‍ മാത്രം! ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നോ, ആഴിയുടെ അടിത്തട്ടില്‍ നിന്നോ ആണു് അളക്കുന്നതെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരം കൂടിയ വേറെ രണ്ടു് പര്‍വ്വതങ്ങളുണ്ടു്. ‌ പസിഫിക് സമുദ്രത്തില്‍ നില്‍ക്കുന്ന Mauna Kea‍, ഇക്വഡോറിലെ Chimborazo എന്നീ പര്‍വ്വതങ്ങള്‍!) മൗണ്ട്‌ എവറസ്റ്റും കൂടി മൂടിയപ്പോള്‍ ഭൂമി ഒരു ജലഗോളമായി മാറി! ജലഗോളത്തില്‍ സൂര്യപ്രകാശമേറ്റു് വെട്ടിത്തിളങ്ങുന്ന കാഴ്ച സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ക്കു് നയനാനന്ദകരമായിരുന്നു! അവര്‍ ‘ഹായ്‌! ഹായ്‌!’ എന്നതിനു് തുല്യമായ സ്വര്‍ഗ്ഗീയ വാക്കുകള്‍ കൊണ്ടു് അവരുടെ സന്തോഷത്തിനു് sound track നല്‍കി.

വെള്ളമുയരുന്നതിനനുസരിച്ചു് അന്തരീക്ഷവായുവും മുകളിലേക്കു് തള്ളിമാറ്റപ്പെടുമെന്നതിനാല്‍ ജലോപരിതലത്തിലെ ഒരു ഏകദേശമര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദമായ 101 കിലോപാസ്കല്‍ ആയിരുന്നിരിക്കണം. ഇതെന്റെ ഒരൂഹമാണു്. കൃത്യമായ അളവുകള്‍ നടത്താന്‍ പറ്റിയ ഉപകരണങ്ങള്‍ അന്നു് ലോകത്തിലോ, തന്മൂലം പെട്ടകത്തിനകത്തോ ഉണ്ടായിരുന്നില്ലല്ലോ. സാധാരണ ഗതിയില്‍ ഉയരം കൂടുന്നതിനനുസരിച്ചു് മര്‍ദ്ദം കുറയുകയും അന്തരീക്ഷവായുവിന്റെ ഘടനയില്‍ മാറ്റം വരികയുമൊക്കെ ചെയ്യും. ഉദാഹരണത്തിനു് 5000 മീറ്റര്‍ ഉയരത്തില്‍ മര്‍ദ്ദം ഏകദേശം പകുതി (54 kPa) മാത്രമാണു്! താപനിലയില്‍ വരുന്ന വ്യത്യാസമാണെങ്കില്‍ അതിലും ഭയാനകം! ഭൂമിയുടെ ഉപരിതലത്തോടു് ചേര്‍ന്ന അന്തരീക്ഷപാളിയില്‍ (troposphere) ഓരോ ആയിരം മീറ്റര്‍ ഉയരത്തിനും അഞ്ചിനും ആറിനും ഇടയ്ക്കു് ഡിഗ്രി എന്ന തോതില്‍ താപനില കുറയും. പതിനായിരം മീറ്റര്‍ ഉയരത്തില്‍ പൂജ്യത്തിനു് താഴെ 50 ഡിഗ്രിയോളം! വെള്ളവും ഒപ്പം അന്തരീക്ഷവായുവും ഉയര്‍ന്നതുകൊണ്ടു് ഈവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പെട്ടകവാസികള്‍ക്കുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ലെന്നും, അവര്‍ പ്രളയത്തെ അതിജീവിച്ചതുകൊണ്ടു് പെട്ടകത്തിനുള്ളില്‍ conditions under normal temperature and pressure (NTP) നിലവിലിരുന്നു എന്നും വേണം കരുതുവാന്‍. അല്ലെങ്കില്‍ നോഹയും കുടുംബവും മൃഗങ്ങളും പറവകളുമെല്ലാം മരിച്ചു് മരവിച്ചു് മദ്ധ്യഭാരതത്തിലെ ‘കരിനാഗപുരിയില്‍’ നിന്നും North Pole-ന്റെ നിറുകയില്‍ ഐസിന്റെ പുറത്തുകേറി Adam’s costume-ല്‍ തവളാസനത്തിലിരുന്നു് തപസ്സനുഷ്ഠിക്കാന്‍ പോയ ജൈനമതദിഗംബരസന്യാസിവര്യനെപ്പോലെ (കൊട്ടു)വടിയായി പോവുമായിരുന്നല്ലോ!

ആദ്യം സൂചിപ്പിച്ചപോലെ, ജീവജാലങ്ങള്‍ പെട്ടകത്തില്‍ കടന്നു് ഏഴു് ദിവസങ്ങള്‍ക്കുശേഷം മഴ പെയ്യാന്‍ തുടങ്ങി. അതു് നോഹയുടെ അറുന്നൂറാം വയസ്സില്‍ രണ്ടാം മാസം പതിനേഴാം തീയതിയായിരുന്നു. നാല്‍പതു് ദിവസം മഴ പെയ്തു. നൂറ്റമ്പതു് ദിവസം (നാലു് ഗുണം നാല്‍പതു് സമം നൂറ്റന്‍പതു് എന്നായിരുന്നു അന്നത്തെ ഗണിതം!) ഭൂമിയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. അതിനുശേഷം ദൈവം ഒരു കാറ്റടിപ്പിച്ചപ്പോള്‍ വെള്ളം നിലച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു. ജലനിരപ്പു് കുറയാന്‍ തുടങ്ങി. കൃത്യം അഞ്ചു് മാസങ്ങള്‍ക്കു് ശേഷം ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത്‌ പര്‍വ്വതത്തില്‍ ഉറച്ചു. പത്താം മാസം ഒന്നാം തീയതി പര്‍വ്വതശിഖരങ്ങള്‍ കാണായി. പിന്നെയും നാല്പതു് (!) ദിവസം കഴിഞ്ഞശേഷം നോഹ കിളിവാതില്‍ തുറന്നു് ആദ്യം ഒരു മലങ്കാക്കയെയും, പിന്നെ ഒരു പ്രാവിനെയും പുറത്തുവിട്ടു. കാക്ക വന്നും പോയും കൊണ്ടിരുന്നു (ഷട്ടില്‍ സര്‍വീസ്!) പക്ഷേ വെള്ളം കാരണം കാലുവയ്ക്കാന്‍ സ്ഥലം കാണാതെ പ്രാവു് മടങ്ങിവന്നു. ഏഴുദിവസം കഴിഞ്ഞു് അവന്‍ പ്രാവിനെ പിന്നെയും പുറത്തുവിട്ടു. പ്രാവു് വൈകിട്ടു് വായില്‍ ഒരു പച്ച ഒലിവിലയുമായി (തൊണ്ടി സഹിതം!) തിരിച്ചുവന്നു. പിന്നെയും ഏഴുദിവസം കഴിഞ്ഞു് പ്രാവിനെ വീണ്ടും പുറത്തുവിട്ടപ്പോള്‍ പ്രാവു് മടങ്ങിവന്നില്ല. Bingo! അറുന്നൂറ്റൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു. നോഹയുടെ അറുന്നൂറ്റൊന്നാം വയസ്സില്‍, രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. അങ്ങനെ ഒരുവര്‍ഷവും പത്തു് ദിവസങ്ങളും കഴിഞ്ഞപ്പോള്‍ പെട്ടകത്തിലുണ്ടായിരുന്ന ജീവജാലങ്ങളെയെല്ലാം പുറത്തിറക്കാന്‍ ദൈവം ആജ്ഞാപിച്ചു. (പെട്ടകത്തില്‍ കയറിയദിവസം മുതല്‍ കൂട്ടിയാല്‍ ഒരുവര്‍ഷവും പതിനേഴു് ദിവസങ്ങളും!). അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കുകയും പെറ്റു് പെരുകുകയും ചെയ്യട്ടെ എന്നും ദൈവം കല്പിച്ചു. ദൈവം പ്രത്യേകം പറഞ്ഞില്ലെങ്കില്‍ ചില ജാതികള്‍ പെറുകയുമില്ല, പെരുകുകയുമില്ല! ദൈവം ഇതെത്ര കണ്ടിരിക്കുന്നു! ആ ദൈവത്തിനോടാ കളി! വിട്ടു് പിടി മോനേ!

പെട്ടകം അരാരത്ത്‌ പര്‍വ്വതത്തില്‍ ഉറച്ചതു് എന്തായാലും നന്നായി. പ്രളയാവസാനം അതെങ്ങാനും എവറസ്റ്റിന്റെ മുകളില്‍ (ഉയരം 8844,43 മീറ്റര്‍ – May 2005-ലെ അളവു്) ഉറച്ചുപോയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? എങ്കില്‍, ആനയും പോത്തും ജിറാഫും കടുവയും രാജവെമ്പാലയും ടര്‍ക്കിക്കോഴിയുമടക്കമുള്ള പെട്ടകവാസികളെ മുഴുവന്‍ പര്‍വ്വതത്തിനു് താഴെയെത്തിക്കുക എന്നതു് വല്ലാത്ത പൊല്ലാപ്പാവുകയും, തണുപ്പും ശ്വാസം മുട്ടലും മൂലം ‘ശുദ്ധനും അശുദ്ധനുമെല്ലാം’ ഇഹലോകവാസം വെടിയുകയും പത്രത്തിലെ ചരമവാര്‍ത്തയുടെ പേജില്‍ ഫോട്ടോ വരികയും ചെയ്തേനെ! ‘പടയെ പേടിച്ചു് പന്തളത്തു് ചെന്നപ്പോള്‍ പന്തവും കൊളുത്തി പടയിങ്ങോട്ടു്’ എന്ന അവസ്ഥ!

ഇനി താഴെ എത്തിയാല്‍ തന്നെ, നോഹക്കും കുടുംബത്തിനും പണ്ടു് താമസിച്ചിരുന്ന പ്രദേശത്തെത്താന്‍ മറ്റെങ്ങുമില്ലാത്ത നിരക്കില്‍ എയര്‍ ഇന്‍ഡ്യയുടെ ടിക്കറ്റ്‌ വാങ്ങേണ്ടിയും, പ്ലെയിനിലെ ജീവനക്കാര്‍ ‘നീണ്ട മോന്തയുമായി’ വച്ചുനീട്ടുന്ന ഉപ്പുമാവും തൈരുസാദവും തൈരുവടയും തൈരുമുളകും നന്ദിപൂര്‍വ്വം തിന്നു് ആഹ്ലാദവദനരായി മിണ്ടാതിരിക്കുക മാത്രമല്ല, തങ്ങള്‍ അതിഥികളെക്കാള്‍ ‘യോഗ്യര്‍’ എന്നു് കരുതുന്ന എയര്‍ ഇന്‍ഡ്യന്‍ ഫ്ലൈറ്റുകളിലെ മഹതീ-മഹാന്മാരുടെ അവഗണനയും, അപമര്യാദകളും സഹിക്കേണ്ടിവരികയും ചെയ്യുമായിരുന്നു. യാത്രക്കാര്‍ കുറഞ്ഞാല്‍ കമ്പനി പൂട്ടുമെന്നും, പ്രതിഫലം നല്‍കി യാത്ര ചെയ്യുന്ന യാത്രക്കാര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണെന്നും, അവരെ ‘രാജാക്കന്മാരേപ്പോലെ’ സ്വീകരിക്കണമെന്നും, പരിചരിക്കണമെന്നും, അവരുടെ സംതൃപ്തിയാവണം തങ്ങളുടെ ലക്‍ഷ്യമെന്നും അതൊരു ബലഹീനതയല്ലെന്നും, അതു് തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെ ഭാഗമാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പൊതുവേ ഭാരതീയനു് അജ്ഞാതമാണല്ലോ. അവരുടെ അഭിപ്രായത്തില്‍ കസ്റ്റമേഴ്സ്‌ പ്രതീക്ഷിക്കേണ്ടതു് ജീവനക്കാരുടെ ഔദാര്യവും ദയയുമാണു്! ജനങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരുടെ മുന്നില്‍, ജനങ്ങള്‍ അവരുടെ ന്യായമായ, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ പോലും ലഭിക്കാന്‍ പഞ്ചപുച്ഛമടക്കി കാത്തുനില്‍ക്കേണ്ട ഗതികേടു് ഭാരതീയനെ സംബന്ധിച്ചു് ഒരു തികഞ്ഞ സ്വാഭാവികത ആയി മാറിക്കഴിഞ്ഞു. എന്നും അതു് അങ്ങനെ ആയിരുന്നു എന്നുണ്ടോ? Perhaps an indian philosophy?

ഈദൃശ പ്രശ്നങ്ങള്‍ എല്ലാം ഉള്ളതുകൊണ്ടാവാം 8000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ലോകത്തിലെ പതിനാലു് കൊടുമുടികളില്‍ ഒന്നിലും ഉറപ്പിക്കാതെ, നോഹയുടെ പെട്ടകത്തെ ടര്‍ക്കിയുടെ കിഴക്കേയറ്റത്തു് ഇറാന്റെയും അര്‍മ്മീനിയയുടെയും അതിര്‍ത്തികളോടു് ചേര്‍ന്നു് കിടക്കുന്ന അണഞ്ഞ അഗ്നിപര്‍വ്വതനിരയിലെ രണ്ടു് കൊടുമുടികളില്‍ (വലിയ അരാരത്തു് – 5165 മീറ്റര്‍, ചെറിയ അരാരത്തു് – 3896 മീറ്റര്‍) ഒന്നിലെവിടെയോ ഉറപ്പിക്കാന്‍ ദൈവം തീരുമാനിച്ചതു്.

അങ്ങനെ പെട്ടകവാസികളുടെ വീക്ഷണകോണത്തില്‍ കൂടി നോക്കിയാല്‍, പ്രളയം സമംഗളം, അഥവാ കോമഡിയായി പര്യവസാനിച്ചു എന്നു് പറയാം. മരിച്ചവരുടെ ലോകത്തില്‍ ട്രാജഡിയും കോമഡിയും ഒക്കെ ഉണ്ടോ ആവോ! പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങിയ ശുദ്ധിയുള്ള മൃഗങ്ങളിലെ ചിലതിനെങ്കിലും പ്രളയത്തിന്റെ അവസാനം ഒരു happy end ആയിരുന്നില്ല എന്നു് പറയേണ്ടിയിരിക്കുന്നു. കാരണം, മലമുകളിലുറച്ച പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങി അവനവന്റെ ദേശീയഗാനം ആലപിച്ചുകൊണ്ടും, ‘കീജേ’ വിളിച്ചുകൊണ്ടും മലയിറങ്ങി സ്വന്തം നാടുകളിലേക്കു് പോകാന്‍ തുടങ്ങിയ അവയില്‍ ചിലതിനെ നോഹ ഓടിച്ചിട്ടു് പിടിച്ചു് യഹോവയ്ക്കു് സൗരഭ്യവാസനയായി ഹോമയാഗം അര്‍പ്പിച്ചുകളഞ്ഞു! ദൈവം പൊരിച്ച ഇറച്ചി തിന്നിട്ടു് ഒരു വര്‍ഷത്തില്‍ മീതെ ആവുകയും ചെയ്തിരുന്നല്ലോ! നോഹയുടെ barbecue സദ്യയില്‍ സന്തുഷ്ടനായ യഹോവ അരുളിച്ചെയ്തു: “ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു് ഞാന്‍ നിങ്ങളോടു് ഒരു നിയമം ചെയ്യുന്നു. ഞാനും നിങ്ങളും നിങ്ങളോടു് കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു്: ഞാന്‍ എന്റെ വില്ല് മേഘത്തില്‍ വയ്ക്കുന്നു. അതു് ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിനു് അടയാളമായിരിക്കും. ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ല് കാണും. അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഓര്‍ക്കും.”

ഉടയതമ്പുരാനായ യഹോവയായ ദൈവമേ! തുറന്നുപറയുന്നതില്‍ എന്നെ നീ കുറ്റപ്പെടുത്തരുതു്. പണ്ടു് പഠിച്ച ഫിസിക്സ്‌ ഒക്കെ നീ മറന്നു. സമയം കിട്ടുമ്പോള്‍ പഴയ ഫിസിക്സ്‌ പുസ്തകത്തിലെ ‘പ്രകാശം’ എന്ന അദ്ധ്യായം ഒന്നുകൂടി മറിച്ചുനോക്കാന്‍ മറക്കണ്ട, മടിക്ക്വേം വേണ്ട. reflection, refraction ഒക്കെ ബാലപാഠങ്ങളല്ലെ? അതൊക്കെപ്പോലും ഇത്ര പെട്ടെന്നങ്ങു് മറക്ക്വാന്നു് വച്ചാ വല്ലാത്ത കഷ്ടമാണു്ട്ടോ! അതോ, ഓരോരോ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടു് അന്യദൈവങ്ങളുടെ ദേവാലയങ്ങള്‍ക്കു് ചുറ്റും ഉരുണ്ടുനിരങ്ങി, സ്വയം വിഡ്ഢിയാക്കി സകല മനുഷ്യരെയും നാണം കെടുത്തിക്കൊള്ളാമെന്നു് നീ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ?

പ്രളയപുരാണങ്ങള്‍ മിക്കവാറും എല്ലാ പുരാതനസംസ്കാരങ്ങളിലും കാണാന്‍ കഴിയും. പുരാതനസംസ്കാരങ്ങള്‍ നദീതടസംസ്കാരങ്ങള്‍ ആയിരുന്നു എന്നതാവാം അതിനു് കാരണം. വെള്ളപ്പൊക്കവും, നദികള്‍ കര കവിയുന്നതും അനേകം മനുഷ്യരും മൃഗങ്ങളും അതുവഴി ചത്തൊടുങ്ങുന്നതും ഇന്നും നമ്മള്‍ അനുഭവിക്കുന്ന ദുരന്തങ്ങളാണല്ലോ. സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടു് പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ മരണസംഖ്യയും സാമ്പത്തികനാശവും നല്ലൊരു പരിധിവരെ കുറയ്ക്കാന്‍ അവര്‍ക്കു് കഴിയാറുണ്ടെന്നതും ഒരു വസ്തുതയാണു്. നമ്മുടെ രാഷ്ട്രീയ-സാമൂഹിക നായകന്മാര്‍ക്കു് സ്വന്തം വാലില്‍ കടിക്കാന്‍ വട്ടം ചുറ്റുന്ന നായ്ക്കളെപ്പോലെ അഴിമതിയും, അഴിഞ്ഞാട്ടവും, മന്ത്രവാദവുമായി സ്വന്തസുഖം തേടാനും സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കാനുമല്ലാതെ മറ്റൊന്നിനും നേരമില്ലല്ലോ. social science, social engineering മുതലായവയൊക്കെ ആര്‍ക്കുവേണം? വെറുതെ എന്തിനു് മനസ്സിലാവാത്തതൊക്കെ വായിച്ചു് വെറുതെ തല പുണ്ണാക്കണം?

B. C. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യഘട്ടത്തില്‍ രൂപമെടുത്ത ശ്രേഷ്ഠകൃതിയായ Epic of Gilgamesh-ല്‍ വര്‍ണ്ണിക്കുന്ന ഒരു മെസോപ്പൊട്ടേമിയന്‍ പ്രളയചരിതത്തിന്റെ പരിഷ്കരിച്ച പതിപ്പാണു് നോഹയുടെ കാലത്തെ പ്രളയം എന്നതാണു് പണ്ഡിതമതം. ‘EA’ എന്ന ദൈവം Utnapishtim എന്ന രാജാവിന്റെ പട്ടണം നശിപ്പിക്കാന്‍ തീരുമാനിക്കുകയും ഒരു കപ്പല്‍ പണിയുവാന്‍ അദ്ദേഹത്തോടു് ആവശ്യപ്പെടുകയും ചെയ്യുന്നു. ഏഴുദിവസത്തെ പ്രളയത്തിനുശേഷം കപ്പല്‍ ഒരു പര്‍വ്വതമുകളില്‍ അടിയുകയും Utnapishtim രാജാവു് ഭാര്യയോടൊപ്പം അമര്‍ത്യതയിലേക്കു് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതാണു് ആ പുരാണം. B. C. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ രൂപമെടുത്ത Pindar എന്ന കവിയുടെ പ്രളയചരിതത്തില്‍ Zeus എന്ന ദൈവം ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചതായും, Deucalion എന്ന രാജാവും കുടുംബവും ഒരു പെട്ടകത്തില്‍ ആഹാരസാധനങ്ങളുമായി രക്ഷപെട്ടതായും ചിത്രീകരിക്കപ്പെടുന്നു. B. C. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഹൈന്ദവപുരാണത്തില്‍ മത്സ്യം മനുവിനെ വരാന്‍ പോകുന്ന ഒരു പ്രളയം അറിയിക്കുകയും മനു ഒരു തോണിയില്‍ രക്ഷപെടുകയും ചെയ്യുന്നതായി വര്‍ണ്ണിക്കപ്പെടുന്നു.

അതായതു്, പ്രളയവും, ദൈവത്താല്‍ ‘തെരഞ്ഞെടുക്കപ്പെട്ട’ ചിലരുടെ പെട്ടകം വഴിയുള്ള രക്ഷപെടലുമൊക്കെ യഹോവയുടെ ‘മനസ്സില്‍’ ഉദിച്ച ഒരു പ്രത്യേക പദ്ധതിയൊന്നുമല്ല. ലോകത്തില്‍ പലയിടങ്ങളില്‍ പല പല ‘ദൈവങ്ങള്‍ക്കും’ അതുപോലുള്ള ‘നശീകരണഭ്രാന്തുകള്‍’ ഉണ്ടായിട്ടുണ്ടു്. എഴുത്തുകാരന്റെ ഭാവനക്കനുസരിച്ചു് ഈ സങ്കല്‍പകഥകള്‍ക്കു് അവയുടേതായ രൂപവും ഭാവവും ഒക്കെ ലഭിച്ചു എന്നുമാത്രം. ക്രിസ്തുമതവും സഭയുടെ സമ്പത്തും യൂറോപ്പില്‍ രക്തച്ചൊരിച്ചിലുകളിലൂടെ വളര്‍ന്നപ്പോള്‍ ക്രിസ്തുമതപ്രചരണവും ലോകവ്യാപകമായി വളര്‍ന്നു. ‘വട്ടോന്‍ ഇട്ടാലേ വാള പിടിക്കാന്‍ പറ്റൂ!’ അതുവഴി, ബൈബിളിലെ കഥകള്‍ക്കു് മറ്റു് മതങ്ങളിലെ കഥകളെക്കാള്‍ കൂടുതല്‍ പ്രചാരം ലഭിച്ചു. പണവും ദൈവവും മാധ്യമവും എന്നും പരസ്പരപൂരകങ്ങളായിരുന്നു. കേള്‍ക്കുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന കൂടുതല്‍ കൂടുതല്‍ മനുഷ്യരെ ചാക്കിലാക്കി ഇരയാക്കുക എന്നതു് അവയുടെ പൊതുവായ രഹസ്യലക്‍ഷ്യവും!

 

മുദ്രകള്‍: , ,

മഹാപ്രളയവും മരണപ്പെട്ടകവും – 1

(1)

കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകല ചരാചരങ്ങളേയും യഹോവയായ ദൈവം സൃഷ്ടിച്ചു എന്നതു് അത്ര വലിയ ‘ആനക്കാര്യം’ ഒന്നുമല്ലാത്തതിനാല്‍, അതിന്റെ വര്‍ണ്ണനക്കു് ഒരദ്ധ്യായത്തില്‍ കൂടുതല്‍ സ്ഥലം അനുവദിക്കുന്നതു് ഒരു luxury ആയി പഴയനിയമരചയിതാവു് കരുതിയപോലെ തോന്നുന്നു. അതുകൊണ്ടാവാം പ്രപഞ്ചസൃഷ്ടി സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍ ഒന്നാം അദ്ധ്യായത്തിലെ വെറും മുപ്പത്തൊന്നു് വാക്യങ്ങളില്‍ ഒതുക്കാന്‍ ആ ‘ചങ്ങാതി’ തീരുമാനിച്ചതു്! പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും physical and physiological സങ്കീര്‍ണ്ണതകളെപ്പറ്റി എഴുത്തുകാരനു് അത്രയൊക്കെയേ അറിയുമായിരുന്നുള്ളു എന്നതു് അതിന്റെ വസ്തുതായാഥാര്‍ത്ഥ്യം. ‘ദൈവം ആറു് ദിവസങ്ങള്‍ കൊണ്ടു് പുല്ലും, വയ്ക്കോലും, തണ്ണിമത്തങ്ങയും, പിന്നെ സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെയും, അവസാനം ഒരു രസത്തിനെന്നോണം മനുഷ്യനേയും സൃഷ്ടിച്ചു’ – ഫുള്‍ സ്റ്റോപ്പ്‌! “ആര്‍ക്കെങ്കിലും സംശയമുണ്ടോ?” ചോദ്യം പള്ളീലച്ചന്‍‌മാരുടേതുപോലെ ഇത്തിരി ഉറക്കെയും അധികാരസ്വരത്തിലും ആയിരുന്നു! തന്മൂലം ആരും ‘സംശയം ഉണ്ടാവാന്‍’ ധൈര്യപ്പെട്ടില്ല. എല്ലാവരും ആഘോഷപൂര്‍വ്വം ‘സ്തോത്രം’ പാടി, ‘ആമേന്‍’ ആലാപിച്ചു.

അതേസമയം, നോഹയുടെ കാലത്തു് സംഭവിച്ച ഒരു ‘മഹാപ്രളയം’ ഉത്പത്തിയിലെ ആറുമുതല്‍ ഒന്‍പതുവരെയുള്ള നാലു് അദ്ധ്യായങ്ങളില്‍ വലിച്ചുവാരി വിവരിച്ചിരിക്കുന്നു. മനഃപൂര്‍വ്വം സംഭവിപ്പിച്ച ആ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും യഹോവ നശിപ്പിക്കുകയായിരുന്നു! നോഹയും ഭാര്യയും, മൂന്നു് പുത്രന്മാരും അവരുടെ ഭാര്യമാരും, ‘ശുദ്ധിയുള്ള’ മൃഗങ്ങള്‍ ആണും പെണ്ണുമായി ഏഴേഴും, ‘ശുദ്ധിയില്ലാത്ത’ മൃഗങ്ങള്‍ ആണും പെണ്ണുമായി ഈരണ്ടും വീതം മാത്രം രക്ഷപ്പെട്ടു. വെള്ളത്തില്‍ ജീവിക്കുന്ന ഇനങ്ങള്‍ക്കു് അതു് സുഭിക്ഷകാലമായിരുന്നു. അതിഭക്ഷണം മൂലം അവയിലും കുറെയേറെയെണ്ണം ചത്തുമലച്ചു് വെള്ളത്തില്‍ പൊങ്ങിക്കിടന്നു. എന്നിട്ടും, ലോകത്തില്‍ ആദ്യമായി മനുഷ്യന്‍ “ഞാനൊരു മീനായിരുന്നെങ്കില്‍!” എന്നു് ആഗ്രഹിച്ചുപോയ കാലമായിരുന്നു അതു്. പ്രേമത്തിന്റെ ആരംഭഘട്ടങ്ങളില്‍, പെയ്യുന്നതു് മഞ്ഞായാലും മഴയായാലും, മനുഷ്യമനസ്സുകളില്‍ മലരായി, മധുവായി മാത്രം അനുഭവപ്പെടുന്ന ഭാഗ്യാതിരേകത്തിന്റെ അനുപമനിമിഷങ്ങളില്‍ കാമുകി ഊഞ്ഞാലാടുന്നതു് കാണുമ്പോള്‍ “എന്റെ ഉടയതമ്പുരാനേ, ഞാന്‍ ആ ഊഞ്ഞാലായിരുന്നെങ്കില്‍!” എന്നു് ആത്മാര്‍ത്ഥതയുള്ള ഏതു് കാമുകനും ചിന്തിച്ചുപോകാറില്ലേ? അതുപോലെയൊക്കെത്തന്നെ! അത്തരം സന്ദര്‍ഭങ്ങളില്‍ കാമുകിയും ഈ ദിശയില്‍ എന്തെങ്കിലുമൊക്കെ ചിന്തിക്കുന്നുണ്ടാവും, ആ! ആര്‍ക്കറിയാം? വിശുദ്ധ പൗലോസ്‌ പറഞ്ഞപോലെ: “കന്യകമാരുടെ കാര്യത്തില്‍ എനിക്കു് ദൈവത്തിന്റെ വെളിപാടില്ല”.

ആയിരം വര്‍ഷങ്ങള്‍ ദൈവത്തിനു് ഒരു ദിവസം പോലെയാണെന്നു് ക്രിസ്തുമതത്തിലെ ഒരു പുരാതന പിതാവു് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ആ നിഗമനം ശരിയാണെന്നു് പലപ്പോഴും എനിക്കും തോന്നാറുണ്ടു്. കാരണം, ദൈവം ഇടയ്ക്കിടെ ഭൂമിയെ നോക്കാത്തതുകൊണ്ടല്ല, സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും കലണ്ടറുകളിലെ ഈ വ്യത്യാസമാവണം നമ്മുടെ സകല കഷ്ടതകളുടെയും കാരണം. ദൈവം ഓരോ ദിവസവും ഭൂമിയെ നോക്കുന്നുണ്ടെന്നു് കരുതിയാല്‍പോലും, നമുക്കു് അതു് ആയിരം വര്‍ഷത്തില്‍ ഒരിക്കലാണു്. അതിനിടയില്‍ ഇവിടെ, ഈ പാവം ഭൂമിയില്‍, വരള്‍ച്ചയും, വെള്ളപ്പൊക്കവും, ചുഴലിക്കാറ്റും, ഭൂമികുലുക്കവും, മിസ്‌ കിസ്മിസ്സിനെ തുണിയുടുപ്പിക്കലും, മിസ്റ്റര്‍ കോസ്മോസിനെ പൊന്നാടചാര്‍ത്തലുമെല്ലാം എത്രയോ വട്ടം സംഭവിച്ചിരിക്കും! ഒരുപാടു് ജോലിത്തിരക്കുകളുള്ള ദൈവം ‘ഒരുദിവസത്തില്‍’ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഭൂമിയെ നോക്കണമെന്നൊക്കെ പറയുന്നതു് ഇത്തിരി കടന്ന കയ്യാണെന്നാണു് എന്റെയും അഭിപ്രായം.

ആയിരം വര്‍ഷങ്ങള്‍ എന്നു് പറഞ്ഞപ്പോഴാണു് ഓര്‍ത്തതു്: ആദാം മുതല്‍ നോഹ വരെയുള്ള കാലഘട്ടത്തില്‍ മനുഷ്യര്‍ ശരാശരി ആയിരം കൊല്ലത്തോളം ജീവിച്ചിരുന്നിരുന്നു! ആദാം 930 വര്‍ഷം, നോഹ 950 വര്‍ഷം അങ്ങനെയങ്ങനെ… ‘സ്വര്‍ഗ്ഗവര്‍ഷത്തില്‍’ പറഞ്ഞാല്‍ 950 ഭൂമിവര്‍ഷം എന്നതു് കഷ്ടി ഒരു ‘സ്വര്‍ഗ്ഗദിവസം’! അഥവാ, ദൈവദൃഷ്ടിയില്‍ മനുഷ്യര്‍ വെറും ‘ഒറ്റദിവസ ഈച്ചകള്‍’ മാത്രം! പ്രളയത്തിനു് ശേഷമാണു് മനുഷ്യന്റെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ദൈവം വെട്ടിച്ചുരുക്കിയതു്. അതായതു്, ഭൂമിയില്‍ അറുപത്തിരണ്ടര വയസ്സുള്ള ഒരു മനുഷ്യന്റെ പ്രായം സ്വര്‍ഗ്ഗവര്‍ഷപ്രകാരം വെറും പതിനാറിലൊന്നു് സ്വര്‍ഗ്ഗദിവസം! ഈ തീരുമാനത്തിനു് ദുരൂഹമായ ഒരു കാരണമാണു് ബൈബിള്‍ നല്‍കുന്നതു്: മനുഷ്യര്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി. അവര്‍ക്കു് പുത്രിമാര്‍ ജനിച്ചപ്പോള്‍ ‘ദൈവത്തിന്റെ പുത്രന്മാര്‍’ ‘മനുഷ്യരുടെ പുത്രിമാരെ’ സൗന്ദര്യമുള്ളവരെന്നു് കണ്ടിട്ടു് തങ്ങള്‍ക്കു് ബോധിച്ച ഏവരേയും ഭാര്യമാരായി എടുത്തു. അപ്പോള്‍ യഹോവ: “മനുഷ്യനില്‍ എന്റെ ആത്മാവു് സദാ കാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിയിരുപതു് സംവത്സരമാകും എന്നു് അരുളിച്ചെയ്തു”. ദൈവത്തിന്റെ പുത്രന്മാരും, മനുഷ്യരുടെ പുത്രിമാരും! എന്തരോ എന്തോ? ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയാതെ സകല മതപണ്ഡിതന്മാരും പരിചമുട്ടുകളിക്കാരെപ്പോലെ ഇന്നും വട്ടം ചുറ്റുകയാണു്! എന്തൊക്കെയോ ചിലതു് അവര്‍ ഇടക്കിടെ വിളിച്ചുപറയാറുണ്ടു്. പക്ഷേ അതെന്താണെന്നു് പൊതുവേ അവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലാവാറില്ല.

അതെന്തായാലും, പ്രായത്തില്‍ വരുത്തിയ ഈ വെട്ടിച്ചുരുക്കലിനു് അത്ര മോശമല്ലാത്ത ഒരു വിശദീകരണം നല്‍കാന്‍ കഴിയുമെന്നെനിക്കു് തോന്നുന്നു. ആദിപിതാക്കള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നതുകൊണ്ടു് അവരുടെ ലിസ്റ്റിന്റെ നീളം ഗണ്യമായി ചുരുക്കാന്‍ കഴിഞ്ഞു എന്നതാണതു്. 900 വര്‍ഷത്തിനുപകരം അവര്‍ വെറും 60 വര്‍ഷം മാത്രം ജീവിച്ചിരുന്നെങ്കില്‍, ഒരാളുടെ സ്ഥാനത്തു് പതിനഞ്ചുപേരാവും. പത്തു് പുരാതനപിതാക്കന്മാരുടെ സ്ഥാനത്തു് 150 പിതാക്കന്മാര്‍! ഇവര്‍ക്കും മക്കള്‍ക്കുമെല്ലാം പേരിടുന്നതുതന്നെ ഒരു നല്ല ജോലിയായേനെ! ബൈബിളിന്റെ കട്ടി കൂടുമെന്നല്ലാതെ, അതുകൊണ്ടു് ആര്‍ക്കെന്തു് പ്രയോജനം? ശരാശരി, ഓരോ ഇരുപതു് വര്‍ഷം കൂടുമ്പോഴും ഓരോ തലമുറ! മനുഷ്യര്‍ കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ, അല്ലെങ്കില്‍, കുട്ടയിലടുക്കിയ ഉണക്കമത്തിപോലെ, പ്രത്യുത്പാദിപ്പിച്ചു് പ്രത്യുത്പാദിപ്പിച്ചു് പെരുകണമെന്നതു് ഇന്നത്തെ സഭാപിതാക്കളെപ്പോലെതന്നെ ദൈവത്തിനും അക്കാലത്തു് വളരെ നിര്‍ബന്ധമായിരുന്നുതാനും. അനാവശ്യമായി തന്റെ തൂവല്‍ തേയാതിരിക്കാനും, മഷി തീരാതിരിക്കാനും ബൈബിള്‍ എഴുത്തുകാരന്‍ കണ്ടെത്തിയ ഒരു പ്രായോഗിക തന്ത്രം! അവനാരു് മോന്‍?

എന്നേക്കൊണ്ടു് ഞാന്‍ തോറ്റു. (ഈ പ്രയോഗം എന്റെ സ്വന്തമല്ല. ‘കോപ്പിറൈറ്റ്‌ പിശാചുക്കള്‍’ ദയവുചെയ്തു് ഈ ‘സനാതനസത്യം’ മനസ്സിലാക്കുക!) പ്രളയത്തിലേക്കു് വരാതെ ഞാന്‍ ദേ ചുമ്മാ ചൂടന്‍ പാല്‍പ്പായസത്തിന്റെ ചുറ്റും പൂച്ച കറങ്ങുന്നപോലെ ചുറ്റിക്കറങ്ങുന്നു! അതാവതു്, പതിവുപോലെ നോഹയുടെ കാലത്തും ‘ദൈവന്‍’ തന്റെ retina-യിലൂടെ ഭൂമിയിലേക്കു് നോക്കി. ദൈവം പ്രപഞ്ചത്തിനു് മുന്‍പേ ഉള്ളവനെങ്കിലും, പ്രായത്തില്‍ അത്ര കുഞ്ഞല്ലെങ്കിലും, no short sight! no long sight! നോ കണ്ണട, നോ ഇരട്ടക്കുഴല്‍ ദൂരദര്‍ശിനി at all! ദൈവന്‍ എന്നു് പറഞ്ഞതുകൊണ്ടു് തെറ്റിദ്ധരിക്കണ്ട. ദൈവം ആണാണു്, സത്യം! അതിനര്‍ത്ഥം ദൈവം പെണ്ണല്ല എന്നു്! അല്ലെങ്കില്‍ ഞാന്‍ ‘ദൈവള്‍’ എന്നോ ‘ദൈവ’ എന്നോ പറഞ്ഞേനെ. I try my best to be grammatically correct and politically too! ചില കാര്യങ്ങള്‍ പ്രത്യേകം പറഞ്ഞാല്‍ പോലും ‘നിത്യ ഇന്നലെകളായ’ ചില വിശ്വാസികള്‍ക്കു് തെറ്റിദ്ധാരണ ഉണ്ടാവും. പിന്നെ പറയാതിരുന്നാലത്തെ കാര്യം പറയണോ? റെയില്‍വേ സ്റ്റേഷനുകളില്‍ നമ്മെ തോണ്ടിവിളിച്ചു് ഭിക്ഷ യാചിക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ? എന്തെങ്കിലും കിട്ടാതെ അവര്‍ പോകില്ല! അവര്‍ പാവങ്ങള്‍! അവര്‍ക്കറിയില്ലല്ലോ! ആവശ്യത്തിനു് ഔചിത്യമില്ല എന്നല്ലേ? അനുഭവത്തിന്റെ കുറവുമൂലം ആദ്യമാദ്യം നമുക്കും അവരെ വേണ്ടത്ര അറിയാന്‍ കഴിയില്ല. പക്ഷേ അറിയുമ്പോഴെങ്കിലും നമ്മള്‍ അവര്‍ക്കുവേണ്ടി കൂടിയും ചിന്തിക്കണം! അങ്ങനെ, താഴേക്കു് ദൃഷ്ടി പായിച്ച ദൈവം ഭൂമിയിലെ മനുഷ്യപ്പരിഷകള്‍ വീണ്ടും പാപം ചെയ്തു് വഷളന്മാരായിത്തീര്‍ന്നു എന്നു് ഹൃദയവേദനയോടെ മനസ്സിലാക്കി! Yes, He felt the real pain! Just like each and everyone of us. He felt it with His heart, lever and pancreas!

മനുഷ്യനെ സൃഷ്ടിച്ചതിന്റെ പേരില്‍ ദൈവം മൂന്നാമത്തെ പ്രാവശ്യം ദുഃഖിച്ചു. ആദ്യം ദേ, തിന്നരുതു് എന്നു് പ്രത്യേകം പറഞ്ഞ പഴം പറിച്ചുതിന്ന ആദാമും, ഹവ്വായും. പിന്നെ, സ്വന്തസഹോദരനായ ഹാബേലിനെ കൊന്ന കയീന്‍. ഇപ്പൊ, ദാണ്ടെ കിടക്കുന്നു, സകലമാന മനുഷ്യരും പാപത്തിന്റെ നിലയില്ലാ വെള്ളത്തില്‍! ഇവറ്റകള്‍ ഇത്തരക്കാരാണെന്നു് സൃഷ്ടിയില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയതില്‍ ദൈവത്തിനു് തന്നോടുതന്നെ അരിശം തോന്നി. പാപങ്ങളുടെ ഭീകരതയും എണ്ണവും കൂടുന്നതല്ലാതെ കുറയുന്നില്ല! ഈ താന്തോന്നിത്തത്തിനു് പ്രതികാരം ചെയ്യാതിരിക്കാന്‍ ദൈവത്തിനു് കഴിയില്ല. ദൈവം അതിനു് കടപ്പെട്ടവനാണു്. കാരണം, ഏതു് പാപവും പാപിസഹിതം ദൈവത്തിനെതിരാണു്! ഇങ്ങോട്ടു് വിളിച്ചാല്‍ അങ്ങോട്ടു് പോകാത്തതായി ആകെയുള്ളതു് നോഹയും ഭാര്യയും, മുക്കാലുക്കും പോന്ന മൂന്നു് ആമ്പിള്ളേരും അവറ്റങ്ങള്‍ എവിടന്നോ സംഘടിപ്പിച്ചു് സഹധര്‍മ്മിണികളാക്കിയ, പൊട്ടുകുത്താനോ, പുട്ടുചുടാനോ, പട്ടം പറപ്പിക്കാനോ പോലും അറിയാത്ത, എട്ടും പൊട്ടും തിരിയാത്ത, മൂന്നു് പാവാടക്കാരി പെമ്പിള്ളേരും! ബാക്കിയുള്ളവരൊക്കെ തലതെറിച്ച സന്തതികള്‍! നന്മതിന്മകളുടെ അറിവിന്റെ വൃക്ഷവും ജീവന്റെ വൃക്ഷവും തമ്മിലുള്ള fundamental difference തിരിച്ചറിയാത്ത ഇത്തരം വിഡ്ഢികള്‍ ചെറിയ ശിക്ഷകൊണ്ടൊന്നും പഠിക്കുകയില്ല. ‘പ്രാര്‍ത്ഥനകൊണ്ടും ഉപവാസം കൊണ്ടുപോലും ഈ ജാതി ഒഴിഞ്ഞുപോകയില്ല’. ‘ചൊല്ലിക്കൊടു്, നുള്ളിക്കൊടു്, തല്ലിക്കൊടു്, തള്ളിക്കള’ എന്ന ‘കാമസൂത്രവാക്യം’ വേദവാക്യമായി ദൈവത്തിനു് തോന്നി. “തള്ളിക്കളയുകതന്നെ, മറ്റു് പോംവഴിയില്ല”! “ഡാ, മോനേ പണ്ടാറമടങ്ങാനായിട്ടു് നീയൊന്നു് ഗുണം വന്നു് പോടാ കുരുത്തം കെട്ട സന്തതീ” എന്നു് കല്‍പിക്കുന്നതു് ദൈവമാണെങ്കില്‍ പോലും ഈ വര്‍ഗ്ഗം നന്നാവാന്‍ പോകുന്നുണ്ടോ? ഇല്ല! എന്താ കാരണം? ദൈവം മനുഷ്യര്‍ക്കു് free will കൊടുത്തുപോയി! ഇനിയിപ്പോ തിരിച്ചെടുത്താല്‍ മനുഷ്യര്‍ എന്തു് വിചാരിക്കും? അതില്‍പരം ദൈവത്തിനു് ഒരു നാണക്കേടുണ്ടോ? അതുകൊണ്ടു് പ്രളയത്തില്‍ മുക്കിക്കൊല്ലുകതന്നെ പ്രതിവിധി! തത്ക്കാലം ജലപ്രളയമാവട്ടെ എന്നും, തീ കൊണ്ടുള്ള പരിപാടി സോദോം-ഗോമോറയുടെ കാലത്താവാമെന്നുമുള്ള ആല്‍ഗറിതത്തില്‍ ദൈവം ലോഗരിദത്തിലൂടെ എത്തിച്ചേര്‍ന്നു.

അക്കാലത്തു് ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലിനു് SMS, fax, telephone, telegraph, teleprinter, ‘tell-a-woman’ മുതലായ അതിവേഗ telecommunication facilities ആവശ്യമായിരുന്നില്ല. മനുഷ്യര്‍ക്കു് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഒരു കാഹളം സ്വര്‍ഗ്ഗത്തിലേക്കു് നീട്ടിപ്പിടിച്ചു് നല്ലപോലെ നാലുവട്ടം ഊതും. ദൈവത്തിനു് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അവന്‍ ഏതെങ്കിലും മലയില്‍ പ്രത്യക്ഷപ്പെടും. As easy as that. No complication whatsoever! അങ്ങനെ ദൈവം നോഹയോടു് പറഞ്ഞു: “ഡാ, നോഹേ, പ്രളയം അനിവാര്യം. അതുകൊണ്ടു് പെട്ടെന്നുതന്നെ ഗോഫര്‍ മരം കൊണ്ടു് ഒരു പെട്ടകം ഉണ്ടാക്കി നീയും കുടുംബവും അതില്‍ കയറി രക്ഷപെട്ടുകൊള്ളുക. നീയെങ്കിലും രക്ഷപെട്ടില്ലെങ്കില്‍ മനുഷ്യനെ ഉണ്ടാക്കാനായി ഞാന്‍ ഇനിയും മണ്ണുകുഴക്കാനും വാരിയെല്ലൂരാനും ഒക്കെ പോണം. ദൈവമാന്നു് പറഞ്ഞാലും ഈ വയസ്സുകാലത്തിനി G. T. Express പോലെയൊള്ള ഓട്ടമൊന്നും ശരിയാവില്ല. ഇനിയൊള്ള കാലമെങ്കിലും അടുത്തൂണും അഞ്ചുസെന്റ്‌ സ്ഥലവും വാങ്ങി അല്‍പം ഒതുങ്ങിക്കൂടി വിശ്രമജീവിതം നയിക്കണമെന്നൊരു മോഹം എനിക്കുമുണ്ടു്. ഇനീം ഞാന്‍ സൃഷ്ടിക്കാനൊക്കെ പോയാല്‍ കിടപ്പിലായിപ്പോവും. അതിനുമാത്രം ഇടവരുത്തല്ലേ എന്റെ അന്യദൈവങ്ങളേ”!

ദൈവം തുടര്‍ന്നു: “പെട്ടകം എന്നു് കേട്ടതുകൊണ്ടു് പേടിക്കണ്ട. വെള്ളം കയറാത്ത ഇത്തിരി വലിയ ഒരു കോഴിക്കൂടു്, അഥവാ, സാമാന്യത്തില്‍നിന്നും ശകലം ഭേദപ്പെട്ട ഒരു പത്തായം, അത്രതന്നെ! മുന്നൂറു് മുഴം നീളം, അന്‍പതുമുഴം വീതി, മുപ്പതുമുഴം ഉയരം! മുകളില്‍നിന്നും ഒരുമുഴം താഴെ ഒരു കുഞ്ഞു് കിളിവാതിലുമിരുന്നോട്ടെ”. ശ്വാസം കിട്ടണമെന്നതുകൊണ്ടല്ല, പ്രളയാവസാനം, അഥവാ, പെട്ടകപ്പുറത്തു് തുടികൊട്ടും പാട്ടുമായി മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം കേള്‍ക്കാതാവുമ്പോള്‍ മാത്രം, അപ്പോള്‍ മാത്രം തുറക്കാനും കാക്കയേയും പ്രാവിനേയും പുറത്തുവിട്ടു് ജലനിരപ്പു് പരിശോധിക്കുവാനും ഒരു ‘കിളിവാതില്‍’ ഇല്ലാതെ കഴിയുകയില്ല എന്നതിനാലാണതു്. പ്രളയാവസാനം ഭൂമി ഉണങ്ങിയെന്ന വിവരം ദൈവത്തിനു് നേരിട്ടു് പറയാവുന്നസ്ഥിതിക്കു് കാക്കയേയും പ്രാവിനേയും പുറത്തുവിടാന്‍ മാത്രമായി ഒരു കിളിവാതില്‍ അത്ര നിര്‍ബന്ധമാണോ എന്നൊരു സംശയം നോഹയുടെ ‘പൊട്ടബുദ്ധിയില്‍’ തോന്നാതിരുന്നില്ല. പക്ഷേ, “വീട്ടില്‍ മൂത്തവര്‍ അടുപ്പില്‍ കാഷ്ടിക്കുമ്പോള്‍ ചന്തി പൊള്ളാറില്ല” എന്ന മഹദ്‌വചനം നോഹയും ആശാന്‍ കളരിയില്‍ നിന്നേ പഠിച്ചിരുന്നു. ദൈവം പിന്നേയും നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നു: “പെട്ടകത്തിനു് മൂന്നു് തട്ടും, ഒരുവശത്തു് ഒരു വാതിലും വേണം. ആഫ്രിക്കയിലേയും ഇന്‍ഡ്യയിലേയും കൊമ്പനാനകള്‍ക്കും പിടികള്‍ക്കും കയറാനുള്ളതുകൊണ്ടു് വാതില്‍ തീരെ ചെറുതാവരുതു്. സൃഷ്ടിയുടെ സമയത്തു് ഞാന്‍ ഇത്രയും ചിന്തിച്ചില്ല. അല്ലെങ്കില്‍ ആനയേയും ജിറാഫിനേയും കണ്ടാമൃഗത്തിനെയുമൊന്നും ഞാന്‍ സൃഷ്ടിക്കുകയേയില്ലായിരുന്നു. കുഴിയാനതന്നെ ധാരാളം! ഇനിയിപ്പൊ പറഞ്ഞിട്ടു് കാര്യമില്ല. ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഈരണ്ടും, ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഏഴേഴും വീതം പെട്ടകത്തില്‍ കയറ്റണം. ശുദ്ധിയുള്ളവയില്‍ കുറെയെണ്ണത്തിനെ വേണ്ടിവന്നാല്‍ ശാപ്പിടാം എന്നതിനാലാണു് ഏഴേഴെന്നു് പറഞ്ഞതു്. മാത്രവുമല്ല, പ്രളയാവസാനം എനിക്കു് ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍ ശുദ്ധിയുള്ള ചില മൃഗങ്ങളും പറവകളും ആവശ്യമാണുതാനും. നിന്റെ ദൈവമായ യഹോവ എല്ലാം മുന്‍കൂട്ടി കാണുന്നവനാണെന്നു് ഇപ്പോഴെങ്കിലും നിനക്കു് മനസ്സിലായില്ലേ?” മൃഗങ്ങളോടൊപ്പം മത്സ്യങ്ങളെയും പെട്ടകത്തില്‍ കയറ്റണമോ എന്നു് ചോദിക്കാന്‍ നോഹ തുനിഞ്ഞതാണു്. പക്ഷേ, അപ്പോള്‍ അവന്റെ ഭാര്യ അവനെ പിടിച്ചു് പുറകോട്ടു് വലിച്ചു.

പെട്ടകം പണിത ആശാരിമാര്‍ അന്തം വിട്ടു. കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച സകല സാങ്കേതിത്വങ്ങളും തലകീഴ്മറിഞ്ഞതായി അവര്‍ക്കു് തോന്നി. Unbalanced forces of equilibrium മുതല്‍, തട്ടുകളില്‍ ശുദ്ധവായുവും വെളിച്ചവും ലഭ്യമാക്കുന്നതും, തട്ടുകളിലേക്കുള്ള പ്രവേശനവും, കീരിയും പാമ്പും, കുറുക്കനും കോഴിയുമെല്ലാം വസിക്കുന്ന കൂടുകള്‍ തമ്മില്‍ത്തമ്മില്‍ നിലനിര്‍ത്തേണ്ട മിനിമം അകലവുമെല്ലാം തലവേദനയായി. അകത്തും പുറത്തും കീല്‍ തേച്ച പെട്ടകത്തിലെ അറകളില്‍ കഴിയുന്ന മൃഗങ്ങളുടെ ഒരുവര്‍ഷകാലത്തെ വിസര്‍ജ്ജ്യവസ്തുക്കള്‍ പെട്ടകം തുറക്കാതെ പുറത്തുകളയുന്നതെങ്ങനെയെന്നതായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. മലമൂത്രങ്ങളുടെ ദുര്‍ഗ്ഗന്ധവും അവയില്‍ രൂപമെടുക്കുന്ന മാരകമായ വാതകങ്ങളും ഒഴിവാക്കാന്‍ വഴികാണാതെ ആശാരിമാര്‍ കുഴങ്ങി. അക്കാലത്തു് septic tank-കള്‍ ഇല്ലായിരുന്നെങ്കിലും ‘septic tank-ലെ അപകടമരണങ്ങള്‍’ ഒരു hypothesis എന്ന നിലയില്‍ അവര്‍ക്കു് സുപരിചിതമായിരുന്നു. അതേ പേരില്‍ ആയിടെ ഇറങ്ങിയ ഒരു സയന്‍സ്‌ ഫിക്‍ഷന്‍ ഫിലിം ഒരു സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ‘septic tank’ സമൂഹത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയവുമായിരുന്നു. പെട്ടകത്തിന്റെ പണി തീര്‍ത്തശേഷം അധികം താമസിയാതെ തങ്ങള്‍ മുങ്ങിച്ചാവണമെന്നു് പാവം ആശാരിമാര്‍ അറിഞ്ഞിരുന്നില്ല. നോഹ ഒരു മൃഗശാലയോ, സര്‍ക്കസോ മറ്റോ തുടങ്ങാന്‍ പോകുന്നു എന്ന ധാരണയായിരുന്നു അവര്‍ക്കു്. നോഹയുടെ വര്‍ണ്ണനക്കനുസൃതമായും, കുറെയൊക്കെ സ്വന്തം യുക്തിപോലെയും പെട്ടകത്തിന്റെ പണി മുഴുവന്‍ ഒരുവിധം തീര്‍ത്തു് പണിക്കൂലിയും വാങ്ങി പതിവുപോലെ പാപം ചെയ്യാനായി അവര്‍ പട്ടണത്തിലെ മറ്റു് പാപികളുടെ ഇടയിലേക്കു് പോയി.

പെട്ടകത്തില്‍ കയറാനുള്ള മൃഗസമൂഹത്തെ കണ്ട നോഹ അമ്പരന്നുപോയി. ഇവയെ മുഴുവന്‍ എങ്ങനെ ഈ പെട്ടിയിലൊതുക്കും? ആറാം ദിവസം ദൈവം സൃഷ്ടിച്ച കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും ഇത്രയേറെ ഉണ്ടാവുമെന്നു് നോഹ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനുപുറമേ, അഞ്ചാം ദിവസം വൈകിട്ടു് സൃഷ്ടിച്ച പറവകള്‍ വേറെയും! നോഹ അധികസമയവും പ്രാര്‍ത്ഥനയിലും ജപത്തിലും മുഴുകി സമയം കഴിച്ചിരുന്നതിനാല്‍ പൊതുവിജ്ഞാനം ഇത്തിരി കമ്മിയുമായിരുന്നു. വലിയ മൃഗങ്ങളെ ഒഴിവാക്കിയാല്‍ പോലും ബാക്കിയുള്ളവയുടെ നാലിലൊന്നുപോലും ഈ പത്തായത്തില്‍ ഒതുങ്ങുകയില്ല. ‘ചീ ചീ’ എന്നു് മഴ പെയ്യുമ്പോള്‍ പറവകളെ പറന്നുനടക്കാന്‍ അനുവദിക്കുന്നതെങ്ങനെ? സകല പര്‍വ്വതങ്ങള്‍ പോലും വെള്ളത്തിനടിയില്‍ ആയതിനാല്‍ പറന്നുപറന്നു് ചിറകു് തളരുമ്പോള്‍ എവിടെയെങ്കിലും ഒന്നിരിക്കാന്‍ പോലും കഴിയുകയുമില്ല. മൃഗങ്ങള്‍ക്കുപോലും സ്ഥലമില്ലാത്തിടത്തു്, ഓരോ ഇനത്തിനും യോജിച്ച തീറ്റസാധനങ്ങള്‍ എവിടെ കയറ്റും? ആനയും കണ്ടാമൃഗവുമൊക്കെ കുറച്ചു് തീറ്റകൊണ്ടൊന്നും മതിയാവുന്ന തരക്കാരുമല്ല. പ്രളയം തീരുന്നതുവരെ അവറ്റകളെ പട്ടിണിക്കിട്ടാല്‍ അവ പരസ്പരം കടിച്ചുകീറി തിന്നും. പോരാത്തതിനു് ഏതു് വര്‍ഗ്ഗത്തിനും ഒന്നോ അതിലധികമോ വര്‍ഗ്ഗശത്രുക്കളുമുണ്ടു്. ‘വര്‍ഗ്ഗശത്രുതയുടെ’ ഏറ്റവും കൂടിയ തീവ്രത കാണണമെങ്കില്‍ ഏതെങ്കിലും ഒരു മതത്തിലേക്കു് ചുമ്മാ ഒന്നു് നോക്കിയാല്‍ മതി.

പുതിയ സൃഷ്ടി നടത്തിയാലും ഇല്ലെങ്കിലും, ഇതില്‍ ഭേദം പ്രളയം വഴി എല്ലാത്തിനേയും അങ്ങു് കൊല്ലുന്നതു് തന്നെയായിരുന്നു എന്നു് പലവട്ടം നോഹ വിചാരിച്ചെങ്കിലും, പുറത്തു് പറഞ്ഞില്ല. പത്തുനൂറു് വയസ്സിനടുത്തെത്തിയ പിള്ളേരും അവരുടെ ഭാര്യമാരും സ്വന്തം ഭാര്യയും എന്തു് കരുതും? ഹൃദയവിചാരങ്ങളെ പറയാതെതന്നെ അറിയുന്നവനാണു് ദൈവം എന്നു് തിരക്കിനിടയില്‍ നോഹ ചിന്തിച്ചില്ല. മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടു് നോഹയുടെ ദുശ്ചിന്തകള്‍ അറിഞ്ഞതായി ദൈവം ഒട്ടു് നടിച്ചതുമില്ല.

ആകെ ധര്‍മ്മസങ്കടത്തിലായ നോഹ ഈവിധ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിച്ചു എന്നതു് ഇന്നും വെളിച്ചം കാണാത്ത ഒരു രഹസ്യമാണു് – നോഹയുടെ കുടുംബരഹസ്യം.

ചൈനയിലെ പാന്‍ഡയും, ആസ്റ്റ്‌റേലിയയിലെ കംഗാരുവും, കേരളരാഷ്ട്രീയത്തില്‍ മാത്രം കാണാന്‍ കഴിയുന്ന ചില അസാധാരണ ജനുസുകളും, സാമൂഹികപരിഷ്കര്‍ത്താക്കളും, കുതികാല്‍വെട്ടികളും, ചിരിക്കുരുക്കുകളുമൊക്കെ പെട്ടകത്തില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നും ഇതുവരെ ആര്‍ക്കുമറിയില്ല. പ്രളയത്തെ അതിജീവിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല എന്നതിനാല്‍ ഇവയും പെട്ടകത്തില്‍ ഉണ്ടായിരുന്നു എന്നു് ഊഹിക്കാതെ നിവൃത്തിയുമില്ല.

(തുടരും)

 

മുദ്രകള്‍: , ,

ബില്ലറി ക്ലിന്റണ്‍ (Billary Clinton)

= ഭൂതകാലത്തിന്റെ കണ്ണിറുക്കല്‍ =

(അയച്ചുകിട്ടിയതു്. രസകരമായി തോന്നിയതുകൊണ്ടു് പോസ്റ്റുന്നു.)

 

മുദ്രകള്‍: , ,

ദൈവമല്ലാത്ത എനര്‍ജികളെപ്പറ്റി

= തുടര്‍ച്ച-2 =

CERN -ലെ ശാസ്ത്രജ്ഞര്‍ ആദിസ്ഫോടനത്തിലെ അപരിമിതമായ എനര്‍ജി simulate ചെയ്തു് നടത്തുന്ന മറ്റൊരു പരീക്ഷണമാണു് accelerate ചെയ്യപ്പെട്ട പ്രോട്ടോണുകളെ പ്രകാശത്തിന്റേതിനു് തുല്യമായ വേഗതയില്‍ ഒരു ലോഹക്കട്ടിയിലേക്കു് collide ചെയ്യിക്കുക എന്നതു്. അതുവഴി പുതിയ പ്രോട്ടോണുകള്‍ രൂപമെടുക്കുന്നു. അവയില്‍ ശരാശരി പത്തുലക്ഷത്തില്‍ ഒന്നു് എന്ന അനുപാതത്തില്‍ രൂപമെടുക്കുന്ന ആന്റിപ്രോട്ടോണിനെ (പ്രോട്ടോണിന്റെ പ്രതികണം) പിടിച്ചെടുത്തു് ഒരു എലക്ട്രോമാഗ്നെറ്റിക്‌ ഫീല്‍ഡ്‌ വഴി അതിന്റെ വേഗതകുറച്ചു് ‘കെണിയില്‍’ പെടുത്തിയശേഷം ഒരു ആന്റിഎലക്ട്രോണുമായി (എലക്ട്രോണിന്റെ പ്രതികണം) സംയോജിപ്പിക്കുന്നു. അതുവഴി സംജാതമാവുന്ന ആന്റിമാറ്റര്‍ പഠനവിധേയമാക്കപ്പെടുന്നു.

elementary particles-ന്റെ ഭാരം ഭൂമിയിലായാലും, മറ്റേതെങ്കിലും ഗാലക്സിയിലായാലും ഒന്നുതന്നെയായിരിക്കും. സ്വന്തഭാരം ഇത്രയായിരിക്കണമെന്നു് ഓരോ കണങ്ങളും എങ്ങനെ ‘അറിയുന്നു’? അഥവാ, വ്യത്യസ്ത കണങ്ങള്‍ക്കു് എങ്ങനെ വ്യത്യസ്തമായ ഭാരം ലഭിക്കുന്നു? എപ്പോള്‍, എങ്ങനെയാണു് അതു് ‘തീരുമാനിക്കപ്പെട്ടതു്’? ഇവിടെയാണു് Higgs field-ന്റെ പ്രാധാന്യം. എലക്ട്രോമാഗ്നെറ്റിക്‌ ഫീല്‍ഡ്‌ പോലെയുള്ള ഫീല്‍ഡുകളില്‍ നിന്നു് വ്യത്യസ്തമായ Higgs field ഒരു scalar field ആണു്. അതായതു്, അതിനു് ‘അളവു്’ (magnitude) മാത്രമേയുള്ളു, ‘ദിശ’ (direction) ഇല്ല. ഇതിന്റെ മറ്റൊരു അസാധാരണത്വം, ഫീല്‍ഡ്‌ പൂജ്യം ആവുമ്പോള്‍ അതിന്റെ എനര്‍ജി, ഫീല്‍ഡ്‌ പൂജ്യമല്ലാത്തപ്പോഴേക്കാള്‍ കൂടുതലായിരിക്കും എന്നതാണു്. ഈ പ്രത്യേകത നിമിത്തം, ഇന്നു് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു എന്നു് കരുതുന്ന ഈ ഫീല്‍ഡ്‌, പ്രപഞ്ചാരംഭത്തില്‍ മറ്റു് കണങ്ങളുമായി പ്രതിപ്രവര്‍ത്തനം നടത്തി, അവയുടെ സ്വഭാവത്തെ നിശ്ചയിച്ചുറപ്പിച്ചുകാണണം എന്നു് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. Higgs field hypothetical ആയതിനാല്‍, അവയുടെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതുവരെ ഇക്കാര്യങ്ങളില്‍ അവയുടെ പ്രാതിനിധ്യം ഒരു സാദ്ധ്യത മാത്രമായി കണക്കാക്കാനേ പറ്റൂ. Higgs particles തെളിയിക്കപ്പെടേണ്ടിവരുന്നതും, അതിനുവേണ്ടി ആദിസ്ഫോടനത്തിലെ അവസ്ഥ simulate ചെയ്യപ്പെടേണ്ടി വരുന്നതും ഇക്കാരണങ്ങള്‍കൊണ്ടുതന്നെ.

CERN-ല്‍ ആദിസ്ഫോടനം simulate ചെയ്യുന്നതുവഴി എനര്‍ജി ദ്രവ്യമായി മാറ്റപ്പെടുന്നു. അങ്ങനെ, Big-Bang-നു് നൂറുകോടിയില്‍ ഒരംശത്തിനു് താഴെയുള്ള സെക്കന്റിലെവരെ അവസ്ഥയില്‍ എനര്‍ജിയും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാനും, അതുവഴി, അവയില്‍ Higgs field കണ്ടെത്താനും, ആ ഫീല്‍ഡിന്റെ പ്രപഞ്ചാരംഭത്തിലെ പങ്കാളിത്തം മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നു. Higgs field കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു കാരണം ‘ശൂന്യത’ എന്നാല്‍ ‘ഒന്നുമില്ലായ്മ’ ആവാന്‍ കഴിയില്ല എന്ന ചിന്തയാണു്. കണങ്ങളുടെ ഭാരത്തിനു് ‘ഉത്തരവാദി’ vacuum എന്ന ഈ ശൂന്യത ആവാനേ കഴിയൂ എന്നാണു് പൊതുവേ വിശ്വസിക്കപ്പെടുന്നതു്. ഇതു് നേരത്തേ സൂചിപ്പിച്ച symmetry breaking-മായി ബന്ധപ്പെട്ടു് കിടക്കുന്ന കാര്യമാണു്. നമുക്കു് അറിയാവുന്ന നാലു് അടിസ്ഥാന ശക്തികളാണു് gravitational, electromagnetic, weak atomic, and strong atomic എന്നീ forces. ഇവയില്‍ electromagnetic force, weak atomic force എന്നിവ സത്യത്തില്‍ ഒന്നുതന്നെയെങ്കിലും, അവയുടെ ‘ശക്തിയുടെ റേഞ്ച്‌’ തുല്യമല്ല. ആരംഭം മുതലേ എല്ലാം സിമട്രിക്കല്‍ ആയിരുന്നെങ്കില്‍ ഇവ രണ്ടും തുല്യമാവാതിരിക്കാന്‍ കാരണമൊന്നുമില്ലതാനും. തന്മൂലം, ഈ രണ്ടു് ശക്തികളും തമ്മിലുള്ള disparity-ക്കു് കാരണം പ്രപഞ്ചാരംഭത്തിലുണ്ടായ ഒരു symmetry breaking മാത്രമേ ആവാന്‍ കഴിയൂ എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ആന്റിമാറ്ററിന്റെ കഥയും ആരംഭിച്ചതു് ഏതാണ്ടു് ഇതുപോലെതന്നെ ആയിരുന്നു. ഐന്‍സ്റ്റൈന്റെ relativity തിയറിയും, ക്വാണ്ടം തിയറിയും തമ്മില്‍ ഏകോപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വഴി രൂപംകൊണ്ട യൂണിഫൈഡ്‌ ഫീല്‍ഡ്‌ തിയറിയുടെ ഗണിതശാസ്ത്രപരമായ ഒരു അനന്തരഫലമായിരുന്നു ആന്റിമാറ്റര്‍ ഉണ്ടായിരിക്കണമെന്നതു്. തിയററ്റിക്കല്‍ ഫിസിക്സിന്റെ ഈ നിഗമനത്തിന്റെ ഭൗതികസാധുത്വം തേടിയുള്ള അന്വേഷണങ്ങള്‍ ശാസ്ത്രത്തെ ആന്റിമാറ്ററിന്റെ കണ്ടെത്തലില്‍ എത്തിക്കുകയായിരുന്നു. അന്വേഷിക്കുന്നവരാണല്ലോ കണ്ടെത്തുന്നതു്! അന്വേഷിക്കുന്നതിനു് ആദ്യം വേണ്ടതു് അന്വേഷിക്കുന്നതു് എന്തെന്നു് അറിയുകയാണു്. അല്ലെങ്കില്‍ ഒന്നും കണ്ടെത്തുകയില്ലെന്നു് മാത്രമല്ല, അന്വേഷണം ആവശ്യത്തിലേറെ നീണ്ടു് പോയെന്നും വരും!

ചില ആത്മീയര്‍ ശാസ്ത്രം എന്നതു് ‘ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത’ ചവറാണു് എന്നു് വലിയവായില്‍ ഘോഷിക്കാറുണ്ടു്. അവരുടെ അഭിപ്രായത്തില്‍ , ശാസ്ത്രം അടക്കമുള്ള സകല ഭൗതികതയ്ക്കും മുകളില്‍ ‘പത്മാസനത്തില്‍’ ഇരുന്നു് വാഴുന്ന (ഓരോരുത്തര്‍ക്കും വ്യത്യസ്തമായ!) ഒരു ‘ശക്തിയും’ അങ്ങോട്ടു് നയിക്കുന്ന ആത്മീയതയും മാത്രമാണു് സനാതനമായ സത്യം. അങ്ങനെയാണു് അവരുടെ വിശ്വാസമെങ്കില്‍ അതു് അവരുടെ സ്വാതന്ത്ര്യം എന്നേ പറയാനുള്ളു. പക്ഷേ, അങ്ങനെയൊക്കെ വീമ്പിളക്കി ശാസ്ത്രത്തെ കുറ്റം പറയുന്നവര്‍ക്കു് അവരുടെ അഭിപ്രായങ്ങള്‍ എഴുതിവിടാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ഇന്റര്‍നെറ്റും വേണം. മുകളിലെ ‘ശക്തി’ നല്‍കിയ കാഴ്ച അത്രക്കങ്ങു് പോരാത്തതുകൊണ്ടു് അതു് നേരെയാക്കാന്‍ short sight-നും, long sight-നുമൊക്കെ പറ്റിയ കണ്ണടകളും, മനുഷ്യജീവിതം അന്തസ്സോടെ ജീവിക്കാന്‍ യോഗ്യമാക്കിത്തീര്‍ക്കുന്ന മറ്റെല്ലാവിധ ശാസ്ത്രീയ സംവിധാനങ്ങളും വേണം! ശാസ്ത്രത്തിന്റെ അല്ലാതെ പിന്നെ ആരുടെ നേട്ടങ്ങളാണു് അതെല്ലാം? ശാസ്ത്രമെന്നാല്‍ ശൂന്യാകാശഗവേഷണവും, ക്വാണ്ടം ഫിസിക്സും മാത്രമല്ലല്ലോ! വൈദ്യശാസ്ത്രം, ഗതാഗതം, വൈദ്യുതി, കമ്മ്യൂണിക്കേഷന്‍സ്‌ ടെക്നോളജി അങ്ങനെ എത്രയോ മേഖലകളില്‍ ശാസ്ത്രത്തിന്റെ കാല്‍പ്പാടുകള്‍ കാണാന്‍ കഴിയാത്തതു്, കാണാന്‍ ആഗ്രഹിക്കുന്നതു് മാത്രം കാണാനേ മനുഷ്യനു് കഴിയൂ എന്നതുകൊണ്ടല്ലെന്നുണ്ടോ? ശാസ്ത്രവിരോധികള്‍ എന്തേ പണ്ടു് യഹോവ ചെയ്തതുപോലെ, ബ്ലോഗ്‌ പോസ്റ്റുകള്‍ കല്‍പലകയില്‍ കൊത്തി അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നില്ല? അല്ലെങ്കില്‍, എന്തേ നാരായവുമായി പണ്ടത്തേപ്പോലെ ഓലയിലെഴുത്തു് തുടരുന്നില്ല? എന്തേ പഴയപോലെ ഓലക്കുട ചൂടുന്നില്ല, പാളത്തൊപ്പി ധരിക്കുന്നില്ല? ‘ആമസന്ദേശം’ അയക്കുന്നില്ല? പ്രസംഗവും പ്രവൃത്തിയും തമ്മില്‍ ഒരു ‘യോനിപ്പൊരുത്തം’ എങ്കിലും വേണ്ടേ? തൊട്ടുകൂട്ടാന്‍ ഇത്തിരി ധര്‍മ്മനീതി? മേമ്പൊടിക്കു് അല്‍പം ആത്മാര്‍ത്ഥത? വെറ്റിലയിലെ ചുണ്ണാമ്പിന്റെയെങ്കിലും അളവില്‍ അസാരം ആദര്‍ശശുദ്ധി? വേണ്ടേ? പെരുമാറ്റമര്യാദകളെപ്പറ്റി വിവിധ വേദഗ്രന്ഥങ്ങള്‍ ഒന്നും പറയുന്നില്ലേ? പഠിപ്പിക്കുന്നില്ലേ?

ശാസ്ത്രം ഒരു പുതിയ കണ്ടുപിടുത്തം നടത്തുമ്പോള്‍ തുറന്നുവരുന്നതു് പുതിയ പല മേഖലകളാണു്. ചോദ്യത്തിന്റെ മറുപടിയായി ഒരു വാതില്‍ തുറക്കുമ്പോള്‍, പുതിയ ചോദ്യങ്ങളുടെ എത്രയോ അടഞ്ഞതും പുതിയതുമായ വാതിലുകളാണു് കാണപ്പെടാറു്! അതു് ശരിയുമാണു്. പുതിയ ചോദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥ മനുഷ്യബുദ്ധിയുടെ അന്ത്യമായിരിക്കും, മരണമായിരിക്കും. പുതിയ ചോദ്യങ്ങളുടെ പഠനവും മറുപടികളും വഴി പഴയ മറുപടികളെ തിരുത്തുകയോ പുതുക്കുകയോ ചെയ്യേണ്ടിവരുന്നതു് ശാസ്ത്രത്തിന്റെ അടിസ്ഥാനസ്വഭാവമാണു്. അതുവഴിയാണു് ശാസ്ത്രം വളരുന്നതും നിലനില്‍ക്കുന്നതും. പഴയതു് അപ്പാടെ ശരിയെന്നു് വിശ്വസിച്ചു് അതില്‍ കടിച്ചുതൂങ്ങുന്നതാണു് മതവിശ്വാസം. പുതിയതിന്റെ നേരെ മുന്‍വിധി ഇല്ലാതിരിക്കുന്നതും, rational എന്നു് തെളിയിക്കപ്പെട്ട പുതിയവയെ അംഗീകരിക്കുന്നതുമാണു് ശാസ്ത്രീയത. ശാസ്ത്രത്തില്‍ സത്യം ഏകമല്ല, ശാശ്വതമല്ല, ദൈവികവുമല്ല. dark matter, dark energy എന്നീ പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കാമെന്ന നിഗമനത്തില്‍ ശാസ്ത്രം എത്തിച്ചേര്‍ന്നതും ‘പഴയതുവഴി പുതിയതിലേക്കു്’ എന്ന അതേ മാര്‍ഗ്ഗത്തിലൂടെയാണു്. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ സ്വാഭാവികമായ പരിണതഫലമാണതു്.

1905-ല്‍ ഐന്‍സ്റ്റൈന്‍ തന്റെ special theory of relativity അവതരിപ്പിച്ചു. gravitation എന്നതു് സ്ഥല-കാലങ്ങളുടെ വക്രതയുടെ ഫലമായുണ്ടാവുന്ന ഒരു പ്രതിഭാസമാണെന്നു് സ്ഥാപിക്കാന്‍, നിലവിലുണ്ടായിരുന്ന non-Euclidean geometry-യിലെ തിയറി ഉപയോഗിക്കുക മാത്രമാണു് ഐന്‍സ്റ്റൈന്‍ ചെയ്തതു്. Euclidean postulates-ല്‍ അധിഷ്ഠിതമായ, Cartesian coordinates-നു് പൊരുത്തപ്പെടാന്‍ കഴിയുന്ന, സ്ഥലം (space) എന്ന three-dimensional contnuum, കാലം അഥവാ സമയം (time) എന്ന one-dimensional contnuum എന്നിവയെ ആധാരമാക്കുന്ന ന്യൂട്ടോണിയന്‍ ഫിസിക്സില്‍ നിന്നും non-Euclidean mathematics-ന്റെ സഹായത്തോടെ, space-time continuum എന്ന four dimensional continuum സൃഷ്ടിച്ചെടുത്തതുവഴി, നീളം, ഭാരം, സമയം ഇവയെല്ലാം ആപേക്ഷികമാണെന്നും, അവയുടെ വേഗതയില്‍ വരുന്ന വ്യത്യാസത്തിനനുസരിച്ചു് ഈ മൂല്യങ്ങളിലും മാറ്റം സംഭവിക്കുമെന്നും സ്ഥാപിക്കുകയായിരുന്നു ഐന്‍സ്റ്റൈന്‍.

പ്രകാശത്തിന്റെ വേഗത constant ആണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നതു്, Albert Michelson എന്ന അമേരിക്കന്‍ ഫിസിസിസ്റ്റ്‌ നടത്തിയ ഒരു പരീക്ഷണത്തിന്റെ വിശദീകരിക്കാനാവാത്ത ഫലം വഴിയായിരുന്നു. പരീക്ഷണത്തില്‍ സൂര്യനില്‍ നിന്നും എത്തുന്ന പ്രകാശത്തിന്റെ വേഗതയും, ഭൂമി സൂര്യനെ ചുറ്റുന്ന വേഗതയും ചേര്‍ന്നു് 300030 km/sec എന്ന ഫലമാണു് ലഭിക്കേണ്ടിയിരുന്നതെങ്കിലും, Michelson-നു് ലഭിക്കുന്നതു്300000 km/sec മാത്രം! ആപേക്ഷികമായ വേഗതകളെ ഇഷ്ടാനുസരണം പരസ്പരം കൂട്ടാം എന്നതായിരുന്നു അതുവരെയുള്ള ധാരണ. അങ്ങനെയെങ്കില്‍, വേഗതകളെ ഇഷ്ടംപോലെ കൂട്ടിച്ചേര്‍ത്തു് പ്രപഞ്ചത്തിലെവിടെയും നിമിഷം കൊണ്ടു് എത്താന്‍ കഴിയേണ്ടതല്ലേ? അതു് absurd ആണെന്നതിനാല്‍, വേഗതക്കു് ഒരു പരിധി ഉണ്ടാവണം. അതായതു്, ‘അതിനപ്പുറം’ എന്നൊന്നില്ലാത്ത ഒരു maximum വേഗത ഉണ്ടായിരിക്കണം. ഈ ചിന്തവഴി ഐന്‍സ്റ്റൈന്‍ പ്രകാശത്തിന്റെ വേഗതയുടെ constancy- യില്‍ എത്തിപ്പെടുകയായിരുന്നു. 1916-ല്‍ special theory of relativity, general theory of relativity ആയി വിപുലീകരിക്കപ്പെട്ടു.

ഐന്‍സ്റ്റൈന്‍ വിഭാവനം ചെയ്ത പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ static ആയിരുന്നു. അദ്ദേഹത്തിന്റെ പ്രപഞ്ചമോഡലില്‍ ഒരു red shift പ്രവചിക്കപ്പെട്ടിരുന്നില്ല. ഒരു ‘ഐന്‍സ്റ്റൈന്‍’ പോലും മുന്‍വിധിയില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രനല്ല എന്നതിനു് തെളിവാണു് അദ്ദേഹം തന്റെ സമവാക്യത്തെ കൈകാര്യം ചെയ്ത രീതി. തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ഒരു homogeneous, isotropic, and static universe-നു് ഭംഗം വരാതിരിക്കാന്‍ 1917-ല്‍ അദ്ദേഹം തന്റെ സമവാക്യത്തില്‍ ഒരു cosmological constant കുത്തിത്തിരുകുന്നു! തന്റെ ‘സ്റ്റാറ്റിക്‌ യൂണിവേഴ്സ്‌’ ഗ്രാവിറ്റേഷന്‍ വഴി ‘ഇടിഞ്ഞുവീഴാതിരിക്കാന്‍’ ഗ്രാവിറ്റേഷണല്‍ ആകര്‍ഷണത്തെ ചെറുക്കാനുതകുന്ന വികര്‍ഷണത്തിന്റെ ഒരു ഘടകമായിരുന്നു ആ കോണ്‍സ്റ്റന്റ്‌ വഴി ഐന്‍സ്റ്റൈന്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്തതു്! ആ വര്‍ഷം തന്നെ പ്രപഞ്ചത്തിന്റെ വികാസം കണ്ടെത്തുകയും, 1929-ല്‍ Edwin Hubble അതു് നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. ഐന്‍സ്റ്റൈന്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടു് തന്റെ equation-ല്‍ നിന്നും cosmological constant എടുത്തു് മാറ്റുന്നു! യഥാര്‍ത്ഥത്തില്‍, 1922-ല്‍ Alexander Friedmann എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞനാണു് ഐന്‍സ്റ്റൈന്റെ മൂല സമവാക്യത്തില്‍ നിന്നും static അല്ലാത്ത ഒരു പ്രപഞ്ചത്തിനു് അനുയോജ്യമായ homogeneous and isotropic solution കണ്ടെത്തിയതു്.

1998-ല്‍ , പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല, വികാസത്തിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണെന്നും തെളിയിക്കപ്പെട്ടു! അതിനര്‍ത്ഥം, വികാസവേഗതയെ വര്‍ദ്ധിപ്പിക്കുന്ന, സജീവമായ ഏതോ ഒരു anti-gravitational force പ്രപഞ്ചത്തില്‍ ഉണ്ടാവണമെന്നാണല്ലോ! ഉണ്ടെന്നു് തത്വത്തില്‍ അറിയാമെന്നല്ലാതെ, പ്രകാശം പ്രസരിപ്പിക്കുകയോ, മറ്റേതെങ്കിലും രൂപത്തില്‍ സ്വയം വെളിപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍, ഈ പ്രതിഭാസത്തെപ്പറ്റി മറ്റു് വിവരങ്ങളൊന്നും അറിയാന്‍ കഴിയുകയുമില്ല. ഈ രഹസ്യശക്തിയെ ശാസ്ത്രജ്ഞര്‍ dark energy എന്നു് പേരുനല്‍കി വിളിക്കുന്നു. പ്രപഞ്ചത്തിന്റെ വികാസം ആദിസ്ഫോടനം മുതല്‍ ആരംഭിച്ചു എന്നു് നമുക്കറിയാം. എപ്പോഴെങ്കിലും ഒരു ‘മടക്കയാത്ര’ ആരംഭിക്കാന്‍ കഴിയണമെങ്കില്‍ ഈ വികാസത്തിന്റെ ഗതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണു് വേണ്ടതു്. അപ്പോഴാണു് വികാസത്തിന്റെ വേഗത സ്ഥിരമായി കൂടിക്കൊണ്ടിരിക്കുകയാണെന്ന കണ്ടുപിടുത്തം! പ്രപഞ്ചവികാസത്തിനു് കാരണം ഇരുണ്ട എനര്‍ജിയോ, ഇരുണ്ട ദ്രവ്യമോ (dark matter) ആവാം. രണ്ടും പ്രപഞ്ചം മുഴുവനും ഉണ്ടുതാനും. ഈ രണ്ടു് പ്രതിഭാസങ്ങളെയും കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ പലതരത്തില്‍ നടക്കുന്നുണ്ടു്. അതിലൊന്നാണു് ഇരുണ്ട ദ്രവ്യത്തെ കണ്ടെത്താന്‍ cosmologists, elementary particle physicists എന്നിവര്‍ ഒരുമിച്ചു് നടത്തുന്ന ഒരു പരീക്ഷണം. കോസ്മിക്‌ റേഡിയേഷന്‍ തടയുന്നതിനുവേണ്ടി കിലോമീറ്റര്‍ കട്ടിയുള്ള പാറയുടെ ഉള്ളിലാണു് പരീക്ഷണശാല. അങ്ങേയറ്റം ശുദ്ധീകരിച്ച, absolute zero-യോടടുത്ത ഊഷ്മാവിലേക്കു് (-273,15 ° C) തണുപ്പിച്ച germanium crystals-ല്‍ സംഭവിക്കുന്ന ഏറ്റവും ചെറിയ താപവര്‍ദ്ധനപോലും പ്രത്യേക sensors ഉപയോഗിച്ചു് അളക്കുന്നു! വളരെ ചിലവുകൂടിയ ഒരു പദ്ധതിയാണിതു്. ഫലം ലഭിക്കുമോ എന്നു് നിശ്ചയവുമില്ല! മറ്റു് ചിലയിടങ്ങളില്‍, ഇരുണ്ട ദ്രവ്യത്തെ കണ്ടെത്താന്‍ ആദ്യം neutrino-കളെ തേടുന്നു!

ഇരുണ്ട എനര്‍ജിയില്‍ നിന്നു് വ്യത്യസ്തമായി, ഇരുണ്ട ദ്രവ്യത്തെ അതു് പ്രകാശം പ്രസരിപ്പിക്കാത്തതുകൊണ്ടു് നേരിട്ടു് കാണാന്‍ കഴിയുകയില്ലെങ്കിലും, അതിന്റെ അസ്തിത്വം പരോക്ഷമായി വീക്ഷിക്കാന്‍ നമുക്കു് സാധിക്കും. ഇരുണ്ട ദ്രവ്യത്തിന്റെ ഗ്രാവിറ്റി മൂലം, സമീപത്തുകൂടി കടന്നുപോകുന്ന പ്രകാശത്തിന്റെ ഗതിയില്‍ അതു് വരുത്തുന്ന വ്യതിചലനം വഴി അതിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനും, അളവു് കണക്കാക്കുവാനും ശാസ്ത്രജ്ഞര്‍ക്കു് കഴിയും. ഇരുണ്ട ദ്രവ്യം particles ആവണമെന്നില്ലെന്നും vacuum fluctuation-റ്റെ ഫലമാവാമെന്നും ഒരഭിപ്രായം നിലവിലുണ്ടു്.

dark matter- വഴി പ്രകാശം deviate ചെയ്യപ്പെടുന്നു. (simulation)

ഇരുണ്ട എനര്‍ജിയുടെ അടുത്തു് ഈ വക സൂത്രങ്ങള്‍ ഒന്നും വിലപ്പോവില്ല. അതിനു് പ്രധാന കാരണം, ദ്രവ്യത്തിന്റെ ഗുണങ്ങളൊന്നും അതിനില്ല എന്നതാണു്. പ്രപഞ്ചത്തില്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന dark energy പ്രകാശത്തെ എങ്ങനെ, എങ്ങോടു് വ്യതിചലിപ്പിക്കാന്‍? dark energy-യെ മനസ്സിലാക്കണമെങ്കില്‍ പ്രപഞ്ചത്തെ മൊത്തമായി പരിഗണിച്ചാലേ സാദ്ധ്യമാവൂ. അത്തരമൊരു പരിഗണനയില്‍ ഏറിയോ കുറഞ്ഞോ നീതീകരിക്കാവുന്നതായ രണ്ടു് മാതൃകകളുണ്ടു്. ഒന്നു് ഐന്‍സ്റ്റൈന്‍ എടുത്തുമാറ്റിയ cosmological constant-നെ പങ്കുചേര്‍ത്തുകൊണ്ടുള്ളതു്. മറ്റൊന്നു്, അഞ്ചാമത്തെ ഒരു പുതിയ ഫീല്‍ഡ്‌, അഥവാ അഞ്ചാമതൊരു ശക്തി കണ്ടെത്തുക എന്നതാണു്. അത്തരമൊരു ഫീല്‍ഡില്‍ dark energy ഒരു constant ആയിരിക്കുകയില്ല, ഒരു dynamic value ആയിരിക്കും. അതു് സമയത്തിനു് ആപേക്ഷികമായി വ്യത്യാസം വരുന്ന ഒന്നായിരിക്കുമെന്നു് സാരം. ഈവിധം ഒരു പുതിയ ഫീല്‍ഡ്‌ തെളിയിക്കപ്പെട്ടാല്‍, അതു് ശാസ്ത്രത്തിലെ അടിസ്ഥാനപരവും വിപ്ലവകരവുമായ ഒരു നേട്ടമായിരിക്കും. കാരണം, അതുവഴി നമുക്കു് ലഭിക്കുന്നതു് പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഫീല്‍ഡിന്റെ പ്രതിപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അറിവായിരിക്കും. അതോടൊപ്പം തുറക്കപ്പെടുന്നതു് വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങളുമായിരിക്കും.

ചില വസ്തുതകള്‍ :

നമ്മുടെ universe flat ആണു്.

അതിന്റെ പ്രായം (13,7+/- 0,2) milliard വര്‍ഷങ്ങളാണു്. (1370 കോടി വര്‍ഷങ്ങള്‍)

പ്രപഞ്ചത്തില്‍ 70% ഡാര്‍ക്‌ എനര്‍ജിയും, 26% (തണുത്ത!) ഡാര്‍ക്‌ മാറ്ററും 4% മാത്രം നോര്‍മല്‍ ബാര്യോണിക്‌ മാറ്ററുമാണു്.

380000 വര്‍ഷം പ്രായമായപ്പോള്‍ പ്രപഞ്ചം മിക്കവാറും യൂണിഫോം ആയിരുന്നു.

ആദ്യത്തെ സെക്കന്റിന്റെ നേരിയ ഒരംശത്തിനുള്ളില്‍ തന്നെ അതിലെ എല്ലാ ഘടനകളുടെയും ആരംഭം കുറിച്ചിരുന്നു. (കൃത്യമായി പറഞ്ഞാല്‍, ഒരു സെക്കന്റിനെ, ഒന്നിന്റെ വലത്തു് മുപ്പതു് പൂജ്യമുള്ള ഒരു സംഖ്യ കൊണ്ടു് ഹരിച്ചാല്‍ കിട്ടുന്ന അത്ര ചെറിയ ഒരു അംശം!)

ആദ്യനക്ഷത്രങ്ങള്‍ ആരംഭത്തിലേ രൂപമെടുത്തിരുന്നു.

 

മുദ്രകള്‍: , , ,