RSS

വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍

13 ഏപ്രി

ഞാന്‍ ജന്മനാതന്നെ വളരെ ‘നല്ലവനും സത്‌സ്വഭാവിയും’ ആയതുകൊണ്ടു് എല്ലാവരേയും തൃപ്തിപ്പെടുത്തണമെന്നു് എനിക്കു് പണ്ടുമുതലേ കലശലായ നിര്‍ബന്ധമുണ്ടായിരുന്നു. തന്മൂലം, അബദ്ധത്തില്‍ എങ്ങാനും അതിനു് കഴിയാതെ വന്നാല്‍ ഞാന്‍ മഹാ ദുഃഖിതനുമായിരുന്നു. അങ്ങനെ ഒരിക്കല്‍ വല്ലാതെ ദുഃഖിച്ചു്, ബൈബിളിലെ പൂര്‍വ്വപിതാക്കന്മാര്‍ അതിദുഃഖം വരുമ്പോള്‍ ചെയ്യുന്നപോലെ ‘രട്ടുടുത്തു് ചാരക്കുഴിയില്‍’ ഇരിക്കുമ്പോഴാണു് “എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നതു് ആര്‍ക്കും സാധിക്കാത്ത ഒരു കലയാണു്” എന്ന Johann Wolfgang von Goethe-യുടെ ഒരു വാചകം വായിക്കാന്‍ ഇട വന്നതു്. “ആര്‍ക്കും പറ്റൂല്ലെങ്കി പിന്നെ നിനക്കു് എന്തോന്നിന്റെ സൂക്കേടാണ്‍ടാ ….” എന്ന വാചകത്തിന്റെ അവസാനം കുമ്പസാരക്കൂട്ടില്‍ നിന്നിറങ്ങുന്ന കുഞ്ഞച്ചന്മാര്‍ സ്വയം ശപിച്ചുകൊണ്ടും കുരിശുവരച്ചുകൊണ്ടും പറയാറുള്ള ആദ്യത്തെ നാലു് തെറികള്‍ തൊങ്ങല്‍ പോലെ കൂട്ടിച്ചേര്‍ത്തു് ആത്മഗതിച്ചിട്ടു് ഞാന്‍ ഉടനെ ചാരക്കൂട്ടില്‍ നിന്നും പുറത്തിറങ്ങി. രട്ടഴിച്ചുമാറ്റി ‘കള്ളന്‍’മുണ്ടു് ധരിച്ചു. (‘കള്ളി’മുണ്ടു് എന്നു് പറഞ്ഞാല്‍ സ്ത്രീകള്‍ ക്ഷോഭിച്ചാലോ!) മാത്രവുമല്ല, എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്ന ഏര്‍പ്പാടു് ആ നിമിഷത്തില്‍തന്നെ ഞാന്‍ നിര്‍ത്തുകയും ചെയ്തു. ഇതൊരു പൊതു അറിയിപ്പിന്റെ ‘കുമ്പസാരം വേര്‍ഷന്‍’ ആയി പരിഗണിക്കണമെന്നു് തത്പരകക്ഷികളോടു് വിനയവിധേയനായ ഈ ‘ഞാന്‍ ആകുന്ന ഞാന്‍’ വിനീതമായി അപേക്ഷിക്കുന്നു. (ശേഷം ആത്മകഥാകഥനം നരകത്തില്‍ എത്തിയശേഷം ‘compulsive compressions and compulsory convections’ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗിലൂടെ ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ‘Adults Only’ സര്‍ട്ടിഫിക്കറ്റുള്ളതുകൊണ്ടു് queue പാലിക്കാന്‍ പ്രായപൂര്‍ത്തിയെത്താത്തവരോടും പ്രായാധിക്യമെത്തിയവരോടും താഴ്മയായി ഇപ്പോഴേ അഭ്യര്‍ത്ഥിക്കുന്നു.)

“നീ മോഷ്ടിക്കരുതു്” എന്നു്, കല്ലില്‍ കൊത്തിയ അക്ഷരങ്ങളുടെ രൂപത്തില്‍ മനുഷ്യരോടു് കല്‍പിക്കുന്ന ഒരു ദൈവം വേറൊരവസരത്തില്‍ അതേ മനുഷ്യരോടു് മോഷ്ടിക്കാനും ആഹ്വാനം ചെയ്താല്‍ അതില്‍ ഒരു പരസ്പരവൈരുദ്ധ്യമുണ്ടു്. വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ അതംഗീകരിക്കുന്നതു് ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിലെ സാമാന്യമായ ഒരു മര്യാദയുമാണു്. എന്തിലെങ്കിലും ചുമ്മാ വിശ്വസിക്കാന്‍ ബുദ്ധി ഒരു നിര്‍ബന്ധമല്ല. സ്ഥിരപ്രതിഷ്ഠ നേടിയവയെ അവിശ്വസിക്കാന്‍ അല്‍പം ബുദ്ധി കൂടാതെ കഴിയുകയുമില്ല. വിശ്വാസി-അവിശ്വാസി ചേരികള്‍ തമ്മില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ഒരു ചര്‍ച്ച നിലവില്‍ വരാനാവാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. അങ്ങനെയൊരു ചര്‍ച്ച വഴി രണ്ടുപക്ഷവും എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അതു് സമയനഷ്ടം മാത്രമായിരിക്കും. “ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ യുക്തിപരവും ഭാഷാപരവുമായ രണ്ടു് വ്യത്യസ്ത തലങ്ങളിലുള്ളവയാണെങ്കില്‍ അവയെ ബന്ധിപ്പിക്കാന്‍ മൂന്നാമതൊരു തലം കൂടാതെ കഴിയുകയില്ല” എന്നു് Bertrand Russel വ്യക്തമാക്കിയിട്ടുണ്ടു്. അതുകൊണ്ടു് വെറുതേ ആ പണിക്കു് പോകാതിരിക്കുന്നതാണു് ഉത്തമം. ദൈനം ദിന ജീവിതത്തിലെ പല വസ്തുതകളും ആശയപരമായി പ്രകടിപ്പിക്കുവാന്‍ ഫോര്‍മല്‍ ലോജിക്കോ ഭാഷയോ പര്യാപ്തമല്ലാത്ത ഇത്തരം paradox B. C. ആറാം നൂറ്റാണ്ടില്‍ തന്നെ തത്വചിന്തകരുടെ തല പുകയിപ്പിച്ചിട്ടുണ്ടു്.

രസകരമായ പല ഉദാഹരണങ്ങള്‍ ഇതിനു് ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഇതാ ഒരുദാഹരണം: അറിയപ്പെടുന്ന ഒരു ‘നുണയന്‍’ “ഈ വാചകം നുണയാണു്” എന്നു് പറഞ്ഞാല്‍, അതു് നേരോ നുണയോ എന്നു് എങ്ങനെ നിശ്ചയിക്കും? ബെര്‍ട്രാന്‍ഡ്‌ റസ്സല്‍ അതു് ഇങ്ങനെ പ്രകടിപ്പിക്കുന്നു: The statement “I am lying” is true, only if it is false and false if it is true. അതുകൊണ്ടു് ‘നൂറ്റിയഞ്ഞൂറ്റിമൂന്നാമത്തെ’ പ്രാവശ്യം എനിക്കു് പറഞ്ഞതു് തന്നെ പറയേണ്ടി വരുന്നു: യുക്തിയുടേയും ഭാഷയുടേയും പണിയായുധങ്ങള്‍ ഉപയോഗിച്ചു് ദൈവം ഉണ്ടെന്നു് തെളിയിക്കാന്‍ വിശ്വാസികള്‍ക്കോ, ദൈവം ഇല്ലെന്നു് തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കോ സാധിക്കുകയില്ല. അതിനാല്‍, കൊക്കില്‍ ഒതുങ്ങാത്തതു് കൊത്താന്‍ നില്‍ക്കാതെ, താങ്ങാന്‍ കഴിയാത്തതു് തലയില്‍ കയറ്റാന്‍ നോക്കി നടു ഒടിഞ്ഞു് അകാലത്തിലേ അവതാളത്തിലാവാന്‍ മെനക്കെടാതെ, ‘സമ്പത്തു് കാലത്തു് തൈപത്തുവച്ചാല്‍ (തൈകള്‍ പതിനൊന്നോ പന്ത്രണ്ടോ ആയാലും കുഴപ്പമില്ല!) ആപത്തു് കാലത്തു് പൂവും കായുമൊക്കെ പത്തോ ഇരുപതോ വീതം പറിച്ചു് ‘ഞം ഞം’ വയ്ക്കാം. അവയില്‍ പത്തിലൊന്നോ, (കൂടുതല്‍ ദൈവാനുഗ്രഹം വേണമെന്ന ദുരുദ്ദേശം ഉണ്ടെങ്കില്‍, പത്തില്‍ പകുതിയോ അതില്‍ കൂടുതലോ!) പള്ളിക്കു് കൊടുത്താല്‍ അച്ചന്മാരും കപി-ആര്യന്മാരുമൊക്കെ തൈ വയ്ക്കാതെ തന്നെ കീര്‍ത്തനങ്ങള്‍ പാടി സസുഖം ‘ഞം ഞം’ വച്ചോളും താനും. പള്ളിക്കു് കൊടുക്കുന്നതിന്റെ രസീതു് വാങ്ങാന്‍ ഒരിക്കലും മറക്കരുതു്. സ്വര്‍ഗ്ഗവാതില്‍ക്കല്‍ ചെല്ലുമ്പോള്‍ കാണിക്കേണ്ടി വരും! മാര്‍ട്ടിന്‍ ലൂതറിന്റെ കാലത്തുതന്നെ അതങ്ങനെ ആയിരുന്നു! (അറിയാത്തവര്‍ ചരിത്രം വായിക്കുക!) ജനപ്പെരുപ്പം മൂലമുള്ള തള്ളിക്കയറ്റം തടയാന്‍ ‘മോളിലും’ ഈയിടെയായി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടു്. സ്വര്‍ഗ്ഗത്തിലെ ചുവപ്പുനാട മൂലം അഡ്‌മിഷനു് കാലതാമസം വരുമ്പോള്‍, നരകത്തിലേക്കെങ്കിലും വിസ നല്‍കിയില്ലെങ്കില്‍ ഭൂമിയിലേക്കു് തിരിച്ചുപോകുമെന്നുവരെ ചിലര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നാണു് ആധികാരിക കേന്ദ്രങ്ങളില്‍ നിന്നുള്ള അറിവു്! ഇത്രയുമൊക്കെ പറഞ്ഞതുകൊണ്ടു് മോഷ്ടിക്കാനും, മോഷ്ടിക്കാതിരിക്കാനും ദൈവത്തേപ്പോലൊരു ‘മനുഷ്യന്‍’ ഒരേ വായ്കൊണ്ടു് പറയുന്നതോ, ഇടത്തോട്ടും വലത്തോട്ടും ഒരേസമയം ഓടാന്‍ ഒരു ഡ്രില്‍ മാസ്റ്റര്‍ കുട്ടികളോടു് ആജ്ഞാപിക്കുന്നതോ ഒന്നും വൈരുദ്ധ്യമല്ല എന്നു് വരുന്നില്ല, ഉണ്ടോ?

അപ്പൊ, പറഞ്ഞുവന്നതു് വിശുദ്ധവചനങ്ങളിലെ വൈരുദ്ധ്യങ്ങളെപ്പറ്റി. എവിടെ തുടങ്ങണമെന്നതു് ഒരു പ്രശ്നമല്ല. എവിടെ വേണമെങ്കിലും തുടങ്ങാം. അതുകൊണ്ടു് മിസ്രയിമില്‍ നിന്നും കനാന്‍ ദേശത്തേക്കു് പുറപ്പെടുന്നതിനുമുന്‍പു്, യഹൂദരെക്കൊണ്ടു് മിസ്രയിമ്യരെ കൊള്ള ചെയ്യിക്കാന്‍ യഹോവ മോശെക്കു് കൊടുക്കുന്ന നിര്‍ദ്ദേശത്തില്‍ തുടങ്ങുന്നു. ശ്രദ്ധിക്കൂ: “ഓരോ സ്ത്രീ തന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരേയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.” – (പുറപ്പാടു് 3: 22) അതേ ദൈവത്തെപ്പറ്റി തന്നെയാണു് കനാനിലേക്കുള്ള വഴിമദ്ധ്യേ രണ്ടു് കല്‍പലകകളില്‍ സ്വന്ത കൈകൊണ്ടു് പത്തു് കല്‍പനകള്‍ എഴുതി മോശെയെ ഏല്‍പിച്ചു എന്നും, അതിലൊന്നു് “നീ മോഷ്ടിക്കരുതു്” എന്നായിരുന്നു എന്നും നമ്മള്‍ വായിക്കുന്നതു്. മോഷ്ടിക്കണമെന്നും മോഷ്ടിക്കരുതെന്നും ഒരേ ദൈവം പറയുന്നുവെങ്കില്‍ അതില്‍ ഒരു പൊരുത്തക്കേടുണ്ടു്, സാമാന്യബോധത്തിനു് നിരക്കാത്ത ഒരു അപാകതയുണ്ടു്. ഈ വൈരുദ്ധ്യം വൈരുദ്ധ്യമാണെന്നു് സമ്മതിക്കേണ്ടതു് മനുഷ്യന്റെ തലച്ചോറിലെ യുക്തിബോധത്തിന്റെ മൗലികമായ ഒരു ബാദ്ധ്യതയുമാണു്. അതിനു് തയ്യാറാവാതിരിക്കുക എന്നാല്‍, അതു് തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ചയില്‍ എവിടെയോ എന്തോ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടു് എന്നതിന്റെ തെളിവായി വേണം മനസ്സിലാക്കാന്‍. (ഇതു് സംബന്ധിച്ചു് കൂടുതല്‍ വിവരങ്ങള്‍ cognitive neurobiology, psychology മുതലായ faculty- കളില്‍ ലഭ്യമാണു്. )

ഇനി, ‘എല്ലാമറിയുന്ന’ ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു് താനും എല്ലാമറിയുന്നവനാണു് എന്ന ധാരണ പുലര്‍ത്തുന്ന മുട്ടായുക്തിക്കാരനായ ഏതെങ്കിലും ഒരു ‘സത്യക്രിസ്ത്യാനി’ ചോദിക്കുന്നു എന്നു് കരുതൂ: ” മോഷ്ടിക്കാന്‍ ദൈവം പറഞ്ഞതു് പത്തു് കല്‍പനകള്‍ നല്‍കുന്നതിനു് മുന്‍പല്ലേ? അതിലെന്തു് തെറ്റു്?” ഇങ്ങനെയൊരു ചോദ്യം ഞാന്‍ സങ്കല്‍പിച്ചെടുത്ത ഒരു സാദ്ധ്യതയാണെന്നു് നിങ്ങള്‍ കരുതണ്ട. ഇതിനേക്കാള്‍ അത്ഭുതകരമായ വാദമുഖങ്ങള്‍ ഞാന്‍ തന്നെ പലവട്ടം കേട്ടിട്ടുണ്ടു്. ചോദ്യം പൊട്ടത്തരമെങ്കിലും വാദത്തിനു് വേണ്ടി അതുപോലും അംഗീകരിച്ചുകൊണ്ടു് നമ്മള്‍ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു എന്നും കരുതൂ! “നീ കൊല ചെയ്യരുതു്” എന്നു് ദൈവം പത്തു് കല്‍പനകള്‍ വഴി ആജ്ഞാപിച്ചതിനു് ശേഷം മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ അതേ ദൈവം തന്നെ കല്‍പിക്കുന്ന ഒരു ഭാഗം വൈരുദ്ധ്യതയുടെ മറ്റൊരു ഉദാഹരണമായി നമ്മള്‍ ചൂണ്ടിക്കാണിക്കുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളില്‍ ശ്വാസമുള്ള ഒന്നിനേയും ജീവനോടെ വക്കാതെ ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്‍പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.”- (ആവര്‍ത്തനം 20: 16, 17) “നീ കൊല ചെയ്യരുതു്” എന്നു് കല്‍പിച്ച അതേ ദൈവം ‘ആ കല്‍പന നല്‍കിയ ശേഷം’ അന്യജാതിക്കാരായ വിവിധ ജനവിഭാഗങ്ങളെ നിഷ്കരുണം കൊന്നൊടുക്കാന്‍ യഹൂദരോടു് ആഹ്വാനം ചെയ്യുകയും, അതുവഴി അവരുടെ വര്‍ഗ്ഗനാശത്തിനെത്തന്നെ നീതീകരിക്കുകയും ചെയ്യുന്നു! ഇവിടെയും കാണും സത്യവിശ്വാസിക്കു് മുട്ടായുക്തിയായി എന്തെങ്കിലും ഒരു ഉരുണ്ടുകളി! സകല മനുഷ്യരെയും ദൈവമാണു് സൃഷ്ടിച്ചതെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട ‘സ്വന്തം’ ജനമായ യഹൂദര്‍ എന്ന, മറ്റേതൊരു മനുഷ്യനേയും പോലെ ‘വിയര്‍പ്പുഗന്ധവും വായ്നാറ്റവും’ ഉള്ള ഒരു മനുഷ്യവിഭാഗത്തിനു് ആ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്നവരുടെ പട്ടണങ്ങള്‍ പതിച്ചുകൊടുക്കുന്നതിനുവേണ്ടി അവിടെയുള്ള ‘ജാതികളെ’ genocide ചെയ്യുന്ന ഒരു യഹോവയെ ലോകവാസികള്‍ ഇന്നു് ദൈവമായി അംഗീകരിക്കണമെന്നു് ഘോഷിക്കാന്‍ ലജ്ജ തോന്നാത്തതിലല്ലേ നമ്മള്‍ അത്ഭുതപ്പെടേണ്ടതു്?

പരസ്പരവൈരുദ്ധ്യങ്ങള്‍ക്കു് ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എനിക്കു് ‘വിശുദ്ധ’ വേദപുസ്തകത്തില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയും. കഴിയാത്തതു്, ബൈബിള്‍ മുഴുവന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അപ്പാടെ ദൈവവചനങ്ങളും സത്യങ്ങളുമാണെന്നു് കണ്ണുമടച്ചു് വിശ്വസിക്കുന്നവരെ ഈ വൈരുദ്ധ്യം മനസ്സിലാക്കിക്കൊടുക്കലാണു്. ഒരു മൊട്ടുസൂചിക്കു് ഒന്നു് കുത്തിയാല്‍ ശൂന്യമാവുന്ന വെറുമൊരു സോപ്പുകുമിളയാണു് തങ്ങളുടെ ശാശ്വതസത്യം എന്നു് തിരിച്ചറിയേണ്ടി വരുന്നതിലെ ഭയം മൂലം അതിനു് ശ്രമിക്കുന്നവരുടെ പുറകെ കൊലവിളിയുമായി എത്താനാണു് ദൈവസ്നേഹം മാതൃകയാക്കുന്ന സത്യവിശ്വാസികള്‍ക്കു് കൂടുതല്‍ താല്‍പര്യം! ബോധോദയത്തിന്റെ സുവര്‍ണ്ണരശ്മികളേക്കാള്‍ ഭക്തിയുടെ മെഴുകുതിരിവെളിച്ചത്തെ അവര്‍ സ്നേഹിക്കുന്നു. സ്വയം അന്വേഷിച്ചു് അറിയുന്നതിനേക്കാള്‍ ആരുടേയോ അറിവുകളെ ആത്യന്തികസത്യമായി അവര്‍ അംഗീകരിക്കുന്നു. വിശ്വാസസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന മുന്‍വിധി മൂലം അവയുടെ സംരക്ഷണത്തിനുവേണ്ടി തന്റേയും അന്യരുടേയും ജീവന്‍ പോലും ബലികഴിക്കാന്‍ അവര്‍ തയ്യാറാവുന്നു! തല മുണ്ഡനം ചെയ്തു്, കാവി ധരിച്ചു്, ഭിക്ഷ തേടി ജീവിച്ചതുകൊണ്ടുമാത്രം ആരും ‘ബുദ്ധന്‍’ ആവുകയില്ല. യേശുവിന്റെ അമലോത്ഭവത്തിലും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിച്ചതുകൊണ്ടു് മാത്രം ആരും ക്രിസ്ത്യാനിയും ആവുകയില്ല. ആത്മീയത, ദൈവവിശ്വാസം, മതവിശ്വാസം ഇവയെല്ലാം വ്യക്തിഗതമായ കാര്യങ്ങള്‍ മാത്രമായിരിക്കണം. അവയില്‍ സാമൂഹിക പ്രതിബദ്ധത അടിച്ചേല്‍പ്പിക്കുന്ന അതേ നിമിഷം അതു് കച്ചവടമായി മാറുകയാണു് ചെയ്യുന്നതു്.

മുകളില്‍ സൂചിപ്പിച്ചപോലെ, മോഷ്ടിക്കാനും കൊല്ലാനും വരെ യഹൂദരെ കര്‍ശനമായി ‘ഉപദേശിച്ച’ യഹോവ എന്ന ഈ ദൈവത്തെപ്പറ്റിത്തന്നെയാണു് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നതു്!: “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ‘ലോകത്തെ സ്നേഹിച്ചു'”!! എന്തൊരു മറിമായം, എന്തു് മായാജാലം! കഴിഞ്ഞവയെപ്പറ്റി യാതൊരു ബോധവുമില്ലാതെ, താന്‍ തന്നെ പറഞ്ഞ കാര്യങ്ങളുടെ ക്രൂരതയെപ്പറ്റി യാതൊരു പശ്ചാത്താപമോ, മനശ്ചാഞ്ചല്യമോ ഇല്ലാതെ, വംശനാശത്തില്‍ നിന്നും വിശ്വസ്നേഹത്തിലേക്കുള്ള ദൈവികമായ ഒരു കുതിച്ചുചാട്ടം! ദൈവം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, എന്തെങ്കിലും ‘ദൈവീകത’ നല്‍കാന്‍ കഴിയുമെങ്കില്‍, അതുപോലൊരു ദൈവം ഇതുപോലൊരു metamorphosis-നു് തന്നെത്തന്നെ വിധേയനാക്കുമെന്നു് തോന്നുന്നില്ല. വിശ്വാസാധിക്യം മൂലം കണ്ണും കാതുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്ന മനുഷ്യര്‍ക്കു് മാത്രമേ ഇതില്‍ വൈരുദ്ധ്യത കാണാതിരിക്കാന്‍ കഴിയുകയുള്ളു.

വേണമെങ്കില്‍ തത്കാലത്തെ ‘the last cry’ എന്നു് വിളിക്കാവുന്ന ഒരു വിളംബരമാണു്, പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന ‘കുറ്റസമ്മതം’ ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത! മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം! എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ്‌ തോമ്പില്‍ ഇട്ട ഒരു കമന്റില്‍, സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. “മലങ്കര മത്തായിമാര്‍ക്കു് ഇത്രയൊക്കെ മതി” എന്ന അനുഭവാധിഷ്ഠിത അറിവിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ചില ക്രിസ്തീയ പുരോഹിതര്‍ ഇങ്ങനെ ഒരു വെടി പൊട്ടിച്ചിട്ടുണ്ടാവാം. സംശയാലുക്കളുടെ കണ്ണില്‍ പൊടിയിട്ടു് നിശബ്ദരാക്കാന്‍ അവര്‍ അതും അതിലപ്പുറവും ചെയ്യും, എന്നും ചെയ്തിട്ടുമുണ്ടു്. പക്ഷേ, സഭയെ സംബന്ധിച്ചു് അങ്ങനെയൊരു ഔദ്യോഗികനിലപാടു് ആത്മഹത്യാപരമായിരിക്കും. ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് കത്തോലിക്കാസഭാനേതൃത്വം ഒരു ഇടയലേഖനം വഴി ആധികാരികമായി അംഗീകരിക്കുമെന്നോ, സഭ അതിനു് എന്നെങ്കിലും തയ്യാറാവുമെന്നോ സാമാന്യബോധമുള്ള ആരും ചിന്തിക്കുമെന്നു് തോന്നുന്നില്ല. ഏതെങ്കിലും ഒരു അച്ചനോ ബിഷപ്പോ അതിനു് ധൈര്യപ്പെട്ടാല്‍, അതു് ‘വത്തിക്കാന്‍’ അറിഞ്ഞാല്‍, അവര്‍ സഭയില്‍ നിന്നും കയ്യോടെ ബഹിഷ്കരിക്കപ്പെടുമെന്ന കാര്യത്തിലും ആര്‍ക്കും ഒരു സംശയവും വേണ്ട. ‘സംശയാലുക്കളെ’ പുറത്താക്കുന്നതു് അയല്‍പക്കസ്നേഹവുമായി തികച്ചും ‘പൊരുത്തപ്പെടുന്ന’ ഒരു business as usual മാത്രമാണു് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം! അതെന്നും അങ്ങനെ തന്നെ ആയിരുന്നുതാനും. ബൈബിളും, മോശെയും, ക്രിസ്തുവും ഒന്നുമല്ല, സഭയുടെ നിലനില്‍പാണു് പ്രശ്നം! സമ്പത്തു് പെരുകാന്‍ സത്യങ്ങള്‍ മറച്ചു് പിടിക്കേണ്ടിവരും! അതു് പാപമല്ല. ഇനി പാപമാണെങ്കില്‍തന്നെ, ധൂപക്കുറ്റി വീശി, അല്‍പം ‘ആനാംവെള്ളം’ അങ്ങു് തളിച്ചേക്കും! ‘ആനാംവെള്ളം’ വഴി ശുദ്ധീകരിക്കപ്പെടാത്ത പാപമെവിടെ? കുന്തിരിക്കത്തിന്റെ പുകയില്‍ പുറത്തുചാടാത്ത സാത്താനെവിടെ?

ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിക്കുക എന്നാല്‍ അതിനര്‍ത്ഥം, യഹൂദവിശ്വാസത്തിന്റെ മാത്രമല്ല, ക്രിസ്തുമതത്തിന്റെയും, ഇസ്ലാമിന്റെ പോലും അടിത്തറ ഇളക്കിമാറ്റുക എന്നതായിരിക്കും! കാരണം ഈ മൂന്നു് മതങ്ങളും വിശ്വസിക്കുന്ന ദൈവം, അടിസ്ഥാനപരമായി, യഹോവ എന്ന ദൈവമാണു്. യഹൂദരുടെ മിസ്രയിമില്‍ നിന്നുള്ള വിമോചനത്തിനും, അവിടെ നിന്നും കനാന്‍ ദേശത്തേക്കുള്ള (നാല്‍പതു് വര്‍ഷം നീണ്ടുനിന്ന!) പുറപ്പാടിനും മോശയെ ചുമതലപ്പെടുത്താന്‍ ഹോരേബ്‌ പര്‍വ്വതത്തില്‍ വച്ചു് ആളിക്കത്തുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന ഒരു മുള്‍മരത്തിന്റെ രൂപത്തില്‍ മോശെക്കു് പ്രത്യക്ഷപെട്ട ദൈവം! അബ്രാഹാമിനെ പൂര്‍വ്വപിതാവായും, യേശുവിനെ പ്രവാചകനായും അംഗീകരിക്കുന്ന മുസ്ലീമുകള്‍ ‘അള്ളാ’ എന്ന പേരു് നല്‍കി വിളിക്കുന്ന അതേ ദൈവം! യഹൂദര്‍ അവരുടെ പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവം എന്നു് വിളിക്കുന്ന യഹോവ! ക്രിസ്ത്യാനികള്‍ യേശുവിന്റെ പിതാവു് എന്നു് വിശ്വസിക്കുന്ന യഹോവ എന്ന അതേ ദൈവം! ഉത്പത്തിയിലും പുറപ്പാടിലും വര്‍ണ്ണിക്കപ്പെടുന്ന സംഭവപരമ്പരകള്‍ വെറും മിത്താണു് എന്നു് സമ്മതിക്കുക എന്നാല്‍, യഹോവ എന്ന ആ ഏകദൈവത്തിന്റെ സാധുത്വത്തെത്തന്നെ ചോദ്യം ചെയ്യുക എന്നേ വരൂ. അതുവഴി പ്രതിക്കൂട്ടില്‍ കയറേണ്ടി വരുന്നതു് ക്രിസ്തുസഭ വിശുദ്ധം എന്നു് പ്രഖ്യാപിച്ചിരിക്കുന്ന പല വിശ്വാസസത്യങ്ങളുമായിരിക്കും! യഹോവ കന്യകമറിയത്തില്‍നിന്നും ജനിപ്പിച്ചു എന്നു് പഠിപ്പിക്കപ്പെടുന്ന യേശുവിന്റെ പിതൃത്വവും അമലോത്ഭവവും അടക്കമുള്ള സഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങള്‍, ആ കുറ്റസമ്മതത്തിലൂടെ ഒഴുകി ഒലിച്ചുപോവുന്ന മൂലക്കല്ലുകളില്‍ ചിലതു് മാത്രമായിരിക്കും! ചുരുക്കത്തില്‍, ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിച്ചു എന്ന പ്രഖ്യാപനം, സഭയിലെ ഒരുപാടു് പഴയ മിത്തുകളുടെയിടയിലെ ഒരു ‘പുത്തന്‍ മിത്തു്’ എന്നതു് മാത്രമേ യാഥാര്‍ത്ഥ്യമാവാന്‍ കഴിയൂ. “ഒത്താല്‍ ഒരു കൊച്ചുവള്ളം, പോയാല്‍ ഒരു മാമ്പലക”! ആരാണു് ഇങ്ങനെയൊരു നിലപാടു് പ്രഖ്യാപിച്ചതു്, ആരാണു് ഇതു് പ്രസിദ്ധീകരിച്ചതിനു് പിന്നില്‍ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എങ്ങും എത്തില്ല, ആരെയും കണ്ടെത്തുകയുമില്ല.

ഒരിടയ്ക്കു് എനിക്കു് ചില എഴുത്തുകള്‍ ലഭിക്കുമായിരുന്നു. ഏതെങ്കിലും വിശുദ്ധയെയോ വിശുദ്ധനെയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതും, അയാള്‍ വഴി ആര്‍ക്കൊക്കെയോ ലഭിച്ച അനുഗ്രഹങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടുള്ളതും ആയിരുന്നു അവ. ആ എഴുത്തിന്റെ കുറെ കോപ്പികള്‍ എടുത്തു് (കൃത്യ എണ്ണം പറഞ്ഞിരിക്കും!) പരിചയക്കാര്‍ക്കു് അയച്ചുകൊടുക്കണം! അങ്ങനെ ചെയ്താല്‍ കിട്ടുന്ന നേട്ടങ്ങളുടെ വര്‍ണ്ണനയാണു് പിന്നെ! അതിനുശേഷം, അങ്ങനെ ചെയ്യാന്‍ മടിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സംഭവിച്ച, മരണമടക്കമുള്ള, അത്യാഹിതങ്ങള്‍ സൂചിപ്പിച്ചുകൊണ്ടു് മനഃശാസ്ത്രപരമായ ഒരു ഭീഷണിയും! ‘ഉണ്ണിയെ കണ്ടാലറിയാം ഊറ്റിലെ പഞ്ഞം’ എന്നപോലെ, ആദ്യവാചകം വായിക്കുമ്പോള്‍ തന്നെ കാര്യം പിടി കിട്ടിയിരുന്നതിനാല്‍, അവ ഞാന്‍ ഒട്ടും താമസിക്കാതെ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിഞ്ഞിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തിനു് ശേഷം, ‘ലെവനെ’ ഒഴിവാക്കിയേക്കാന്‍ വിശുദ്ധന്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, പിന്നെ ‘ഗബ്രിയേല്‍ മാലാഖ’ സദ്‌വര്‍ത്തമാനവുമായി എഴുത്തിന്റെ രൂപത്തില്‍ എന്നെ തേടി വന്നിട്ടില്ല.

ഏതെല്ലാം മാനസികരോഗികളാണു് ഇവിടെ ദൈവത്തെ സഹായിക്കാന്‍ ‘പണിപ്പുരയില്‍’ സജീവമായിരിക്കുന്നതെന്നു് ചിന്തിച്ചാല്‍ മതി. ഇത്തരത്തില്‍ പെട്ടവരാണു് ‘യുക്തി’ ഉപയോഗിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി തിരിച്ചിരിക്കുന്നതു്. ഈ സമൂഹദ്രോഹികള്‍ ദൈവത്തെ നന്നാക്കാന്‍ നോക്കാതെ സ്വയം നന്നാവാനുള്ള വഴി തേടുകയാണു് ആദ്യം ചെയ്യേണ്ടതു്. അതിനു് കൂടുതല്‍ അനുയോജ്യം മനോരോഗാശുപത്രിയോ, ദുര്‍ഗ്ഗുണപരിഹാരപാഠശാലയോ ആയിരിക്കും. ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് മൂന്നു് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന ഒരു സ്ത്രീയുടെ രോഗവും religious mania ആയിരുന്നു. ഇപ്പോള്‍ ആളുപദ്രവം ഉണ്ടാവാതിരിക്കാന്‍ പൂട്ടിയിടുന്നവരുടെ psychiatry clinic-നുള്ളില്‍ കിടന്നു് ആ സ്ത്രീ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു! ഈ കേസ്‌ യൂറോപ്പിലല്ല, കേരളത്തിലായിരുന്നുവെങ്കില്‍, കുഞ്ഞാടിന്റെ രോഗം മറ്റെന്തോ ആണെന്നു് വരുത്താന്‍‍ ഇടയര്‍ ലേഖനപരമ്പര തന്നെ ഇറക്കിയേനെ! പറ്റുമെങ്കില്‍ ജാഥയും സമരവും ഹര്‍ത്താലും പോലും!

സാമ്പത്തിക പരാധീനത മൂലം കോളേജിലെ ക്രിസ്തീയമേധാവികളില്‍ നിന്നു് പീഡനം‍ അനുഭവിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി സഹികെട്ടു് അവസാനം ആത്മഹത്യ ചെയ്തപ്പോള്‍ അവള്‍ എഴുതിയ ചരമകുറിപ്പു് മറ്റാരോ എഴുതിയതാണെന്നു് പറയാന്‍ വരെ മടിക്കാത്തവരല്ലേ യേശുവിന്റെ നിര്‍മ്മലസ്നേഹത്തിന്റെ പ്രതിനിധികള്‍ എന്നു് അഭിമാനിക്കുന്ന പൌരോഹിത്യവര്‍ഗ്ഗം‍! എല്ലാവരും അങ്ങനെ അല്ലല്ലോ എന്നാവാം എതിര്‍യുക്തി! കേരളീയര്‍ ഒന്നടങ്കം തങ്ങളെപ്പറ്റിത്തന്നെ ലജ്ജിക്കുകയാണു് വേണ്ടതു്!

ബൈബിളില്‍ അവിടെയും ഇവിടെയും ഉള്ള നുറുങ്ങുകള്‍ക്കു് പള്ളി നല്‍കുന്ന വിശദീകരണങ്ങള്‍ ചില ഞായറാഴ്ചകളില്‍ കേട്ടതിന്റെ പേരില്‍ ‘മതപണ്ഡിതര്‍’ ചമയുന്നവരുമായി ശാസ്ത്രത്തിന്റേയും ചിന്തകളുടേയും അടിസ്ഥാനത്തില്‍, ഏതെങ്കിലുമൊരു വിഷയത്തില്‍ യഥാതഥമായ അന്വേഷണങ്ങളും അപഗ്രഥനങ്ങളും ഒരിക്കലും സാദ്ധ്യമാവുകയില്ല. വിദ്യാഭ്യാസത്തിലൂടെയും, വായനയിലൂടെയും, ജീവിതാനുഭവങ്ങളിലൂടെയും അറിവും ഉള്‍ക്കാഴ്ചയും നേടിയാല്‍, മിക്കവാറും എല്ലാ വിഷയങ്ങളിലും ലോകത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലവിലുണ്ടെന്നു് മനസ്സിലാക്കാനെങ്കിലും അതു് സഹായിക്കും. അതു് ഒരാരംഭമാണു്. തീവ്രമായ പഠനങ്ങളിലൂടെ വിവിധ കാഴ്ചപ്പാടുകളിലെ, സത്യത്തോടു് കൂടുതല്‍ അടുത്തുനില്‍ക്കുന്ന വസ്തുതകളെ തിരിച്ചറിയാന്‍ ഒരുപക്ഷേ സഹായിച്ചേക്കാവുന്ന വെറും ഒരു തുടക്കം! കുര്‍ബ്ബാനക്രമത്തിന്റേയും കുന്തിരിക്കത്തിന്റേയും, വേദപുസ്തകത്തിന്റേയും വെന്തിങ്ങയുടെയും, കൊന്തയുടെയും കുരിശുവരയുടെയും ഇടുങ്ങിയ ലോകമല്ല അറിവിന്റെ ലോകം. ആ ലോകം ഇത്തിരി കൂടി വിശാലമാണു്.

“Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life.” – Lord Byron

“നന്മയിലേക്കുള്ള ജീവിതപരിവര്‍ത്തനമല്ലാതെ, ദൈവപ്രീതിക്കായി മനുഷ്യര്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരെന്നു് കരുതുന്ന മുഴുവന്‍ ചടങ്ങുകളും മതഭ്രാന്താണു്. ടിബറ്റിലെ പ്രാര്‍ത്ഥനാചക്രങ്ങളോടു് മാത്രമേ അതിനെ താരതമ്യം ചെയ്യാനാവൂ.” – Immanuel Kant.

Advertisements
 
20അഭിപ്രായങ്ങള്‍

Posted by on ഏപ്രില്‍ 13, 2008 in ലേഖനം

 

മുദ്രകള്‍: , ,

20 responses to “വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍

 1. Harold

  ഏപ്രില്‍ 13, 2008 at 20:24

  ബാബു
  കള്ളന്‍ മുണ്ടിഷ്ടപ്പെട്ടു.പോസ്റ്റും.

  പിന്നെ സ്കൂളില്‍ പഠിപ്പിച്ചത്, (1975 ല്‍ )ഇപ്പോഴും ഓര്‍മ്മയുണ്ട്:

  Nehru says that all Indians are liers. ( Nehru is an Indian. So what he says is a lie.That is all Indian’s are പുണ്യാളന്‍സ്)

  അപ്പോള്‍ ബാബു പുണ്യാളാ,
  🙂

  കിരണ്‍ പറഞ്ഞത് സത്യമാണ്. വിശ്വാസത്തിന്റെ മൂലക്കല്ലിളകുമോ എന്നത് അവിടിരിക്കട്ടെ.

  കത്തോലിക്കാ വേദപാഠ ക്ലാസുകളില്‍ പഴയ നിയമം മിത്താണെന്നു തന്നെയാണ് പഠിപ്പിക്കുന്നത്.

  താങ്കള്‍ പറഞ്ഞപോലെ വിശ്വാസിയെ യുക്തിവാദി ആക്കാനോ യുക്തി വാദിയെ വിശ്വാസിയാക്കാനോ ചര്‍ച്ചകളിലൂടെ കഴിയുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണെന്ന് ഞാന്‍ കൂടി പറഞ്ഞാല്‍ പിന്നെ താങ്കള്‍ ഇത്ര ബുദ്ധിമുട്ടുന്നതെന്തിനാണെന്ന ചോദ്യമുദിക്കില്ലേ?

   
 2. റോബി

  ഏപ്രില്‍ 13, 2008 at 20:26

  വേറൊന്നു കൂടെയുണ്ട്..

  വിഗ്രഹങ്ങള്‍ ഉണ്ടാകരുതെന്ന് രണ്ടാം പ്രമാണം.(ഈ കല്പന കത്തോലിക്കാ സഭ ഡിലീറ്റു ചെയ്തു). പുറപ്പാട് പുസ്തകത്തില്‍ തന്നെ ഒരു പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപെടാന്‍ പാമ്പിന്റെ പ്രതിമയെ ഉണ്ടാക്കാന്‍ മോശയോട് ദൈവം പറയുന്നുണ്ട്. ഇതിനെപറ്റി ഒരു പുരോഹിതനോടു ചോദിച്ചപ്പോള്‍ ആര്‍ക്കും മനസ്സിലാകാത്ത കുറെ ന്യായീകരണങ്ങള്‍ പറഞ്ഞു. 🙂

   
 3. സി. കെ. ബാബു

  ഏപ്രില്‍ 13, 2008 at 21:25

  harold,

  പഴയ നിയമം മിത്താണെന്നു് സഭ ഔദ്യോഗികമായി പ്രസ്താവിക്കുന്ന ഒരു ഇടയലേഖനം മാര്‍പാപ്പയുടെ പക്ഷത്തു് നിന്നും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ details തരുമോ?

  ഈ ലേഖനം വിശ്വാസിയെ യുക്തിവാദി ആക്കാന്‍ ആയിരുന്നെങ്കില്‍ പറഞ്ഞതു് ശരി. പക്ഷേ അതല്ലല്ലോ ഇവിടെ ലക്‍ഷ്യം.

  “മോഷ്ടിക്കാനും, മോഷ്ടിക്കാതിരിക്കാനും, കൊല്ലാനും കൊല്ലാതിരിക്കാനും ദൈവത്തേപ്പോലൊരു ‘മനുഷ്യന്‍’ ഒരേ വായ്കൊണ്ടു് പറയുന്നതു്” പോലുള്ള കാര്യങ്ങള്‍ വൈരുദ്ധ്യമാണെന്നു് സ്ഥാപിക്കുന്നതു് മറ്റൊരു കാര്യമാണു്. ബൈബിള്‍ വാക്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണു് ഞാന്‍ ചെയ്തതു്. വിശ്വാസി യുക്തിവാദി ആയില്ലെങ്കിലും താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു് ഇങ്ങനെയും ഒരു വശം ഉണ്ടു് എന്നു് വേണമെങ്കില്‍ ‍അവന്‍ അറിയുന്നതിനു് എനിക്കു് എതിരൊന്നുമില്ലതാനും. 🙂

  റോബി,

  സാവകാശം സഭയില്‍ സ്ഥാനം പിടിച്ച വിഗ്രഹാരാധന 730-ല്‍ നിരോധിച്ചതും വീണ്ടും നടപ്പിലാക്കിയതും എല്ലാം ഒരു നീണ്ട കഥയാണു്. 787-ല്‍ Irene രാജ്ഞിയുടെ ‘മേല്‍നോട്ടത്തില്‍’ നിഖ്യായില്‍ നടന്ന എഴാം എക്യൂമെനികല്‍ കൌണ്‍സിലില്‍ ‍ വച്ചു് അന്തിമമായി വിഗ്രഹാരാധന സഭയില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. സ്വന്തം മകനെ കൊലയ്ക്കു് കൊടുത്ത Irene രാജ്ഞിതന്നെ (ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധ!) ഒരു പ്രത്യേക കഥയാണു്. സമയം പോലെ സഭയുടെ അക്കാലത്തെ ചരിത്രം ചുരുക്കിയെങ്കിലും എഴുതണമെന്നുണ്ടു്.

   
 4. പ്രിയ ഉണ്ണികൃഷ്ണന്‍

  ഏപ്രില്‍ 14, 2008 at 04:50

  “നന്മയിലേക്കുള്ള ജീവിതപരിവര്‍ത്തനമല്ലാതെ, ദൈവപ്രീതിക്കായി മനുഷ്യര്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരെന്നു് കരുതുന്ന മുഴുവന്‍ ചടങ്ങുകളും മതഭ്രാന്താണു്.”

  !!!

   
 5. സി. കെ. ബാബു

  ഏപ്രില്‍ 14, 2008 at 06:58

  പ്രിയ,

  ഇമ്മാന്വേല്‍ കാന്റ്! “നീ നിന്റെ സ്വന്തം ബുദ്ധി പ്രയോജനപ്പെടുത്തൂ” എന്നു് മനുഷ്യരോടു് ആഹ്വാനം ചെയ്ത, ബോധവല്‍ക്കരണത്തിന്റെ മുന്നണിപ്പോരാളി!

   
 6. യാരിദ്‌|~|Yarid

  ഏപ്രില്‍ 14, 2008 at 07:06

  ബാബു മാഷെ…;)

   
 7. സി. കെ. ബാബു

  ഏപ്രില്‍ 14, 2008 at 07:25

  യാരിദ്,

  😉

   
 8. കാവലാന്‍

  ഏപ്രില്‍ 14, 2008 at 10:47

  എന്റെ സീക്കേ…………..യ്
  കൊല്ല് കൊല്ല് എന്നെ വല്ലകുരിശോണ്ടും തല്ലിക്കൊല്ല്.ചിരിക്കാനൊരു വഹയാണല്ലോ ഇതില് നെറയെ.
  വായിക്കാറുണ്ട് എല്ലാം അഭിപ്രായിക്കാറില്യാന്നേള്ളൂ.

   
 9. സി. കെ. ബാബു

  ഏപ്രില്‍ 14, 2008 at 11:34

  കാവലാനെ,

  സുനാമീം ഭൂമികുലുക്കോം ഒന്നിച്ചു് വന്നാലത്തെ ഗൌരവത്തിലാ ‍ചെല പാര്‍ട്ടികളു് വിശ്വാസത്തെ കൈകാര്യം ചെയ്യുന്നതു്! ചിരിക്കാതെന്തു് ചെയ്യും?

  അഭിപ്രായം പറയാതെ കാവലാനെ ഞാനും വായിക്കാറുണ്ടു്! അതുകൊണ്ടു് അഭിപ്രായം പറയാത്തതു് അഭിപ്രായം ഇല്ലാത്തതുകൊണ്ടല്ല എന്നറിയാം. 🙂 നന്മകള്‍ നേരുന്നു.

   
 10. Reji

  ഏപ്രില്‍ 14, 2008 at 16:35

  Mr. CK is correct, all 3 religions are based on the Old Testament (OT) and there are lot of contradictions in that book.

  But my problem is, I don’t really see a connection between OT and New Testament (NT). One is preaching for “eye-fo-eye”, while the other is preaching for “forgiveness and compassion”. In OT we see a blood thirsty GOD. The OT GOD is not a global GOD, he is acting only for a particular creed and treating all others are enemies. If GOD is for everyone, this shouldn’t have been happend.

  The contents of OT and NT are totally different. If NT is a continuation of OT, how come GOD changed his policy in NT?. Or is it something like a strategy change? (ie. “eye-for-eye” is not working so let me try another method… “forgiveness” !!).

  More over I don’t see any where in NT, Jessus is asking to follow the OT. (Am I right?).
  I think Jesus just abandoned the OT and implented the NT, right?

  I appreciate Mr. CK’s and others comments in this reagrd.

  thanks
  RT

   
 11. സി. കെ. ബാബു

  ഏപ്രില്‍ 14, 2008 at 18:27

  reji,

  You can read in the Bible:
  “Do not think that I have come to abolish the Law or the Prophets; I have not come to abolish them but to fulfill them. I tell you the truth, until heaven and earth disappear, not the smallest letter, not the least stroke of a pen, will by any means disappear from the Law until everything is accomplished. Anyone who breaks one of the least of these commandments and teaches others to do the same will be called least in the kingdom of heaven, but whoever practices and teaches these commands will be called great in the kingdom of heaven.
  For I tell you that unless your righteousness surpasses that of the Pharisees and the teachers of the law, you will certainly not enter the kingdom of heaven. – (Matthew 5: 18-20)

  It is evident from these verses that Jesus never wanted to change the Mosaic laws. Jesus himself made no literary account of his teachings either. New Testament is a product of subseqent, successive efforts of his followers, not necessarily the immediate, edited and corrected in centuries thereafter. Therefore it is not fully correct to say that Jesus abandoned Old Testament and implemented New Testament. Truth is that we don’t know, free of doubt, what is fiction in NT and what Jesus really told. We can see discrepancies not only between OT and NT but between the Gospels also.

  I think the main problem with many ‘believers’ is that they are not really aware of the completely different pictures of one and the same God presented in OT and NT and they are least bothered about it too!

   
 12. അപ്പു

  ഏപ്രില്‍ 15, 2008 at 05:26

  പ്രിയപ്പെട്ട ബാബുവേട്ടാ,

  താങ്കളുടെ ലേഖനങ്ങളൊക്കെയും ഞാന്‍ വായിക്കാറുണ്ട്. ആദ്യമായാണ് ഇവിടെ ഒരു കമന്റിടുന്നത്.

  ഈ ലേഖനത്തിന്റെ തുടക്കത്തില്‍ താങ്കള്‍ പറയുന്നുണ്ടല്ലോ, “എനിക്കു് പറഞ്ഞതു് തന്നെ പറയേണ്ടി വരുന്നു: യുക്തിയുടേയും ഭാഷയുടേയും പണിയായുധങ്ങള്‍ ഉപയോഗിച്ചു് ദൈവം ഉണ്ടെന്നു് തെളിയിക്കാന്‍ വിശ്വാസികള്‍ക്കോ, ദൈവം ഇല്ലെന്നു് തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കോ സാധിക്കുകയില്ല“.

  വളരെ ശരിയാണ്. എന്റെ അഭിപ്രായത്തില്‍, മതങ്ങളുടെയോ ദൈവങ്ങളുടെയോ സപ്പോര്‍ട്ടില്ലാതെ തന്നെ മറ്റൊരു മനുഷ്യനെ മനുഷ്യനായി കാണാനും സ്നേഹിക്കാനും, ആവശ്യത്തില്‍ സഹായിക്കാനും ഉള്ള മനസ് ആര്‍ക്കുണ്ടോ അവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ – അവന്‍ മതവിശ്വാസിയായാലും യുക്തിവാദിയായാലും. ദൈവികഭാവവും അതുതന്നെ. അതിനാല്‍ യുക്തിവാദികള്‍ അവര്‍ വിശ്വസിക്കുന്നത് തുടര‍ട്ടെ, ദൈവവിശ്വാസികള്‍ അവരുടെ വിശ്വാസവും. തര്‍ക്കങ്ങള്‍ ഒരിടത്തും എത്തുന്നില്ലല്ലോ.

  രജിയുടെ കമന്റിനു തുടര്‍ച്ചയായി പറയട്ടെ, പുതിയനിയമത്തില്‍ ക്രിസ്തു പറയുന്ന ഒരു വാചകമുണ്ട് “പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിപ്പിന്‍” പുതിയനിയമത്തിലെ ഈയൊരു ദൈവിക\ മനുഷ്യ ഭാവമാണ് എനിക്ക് കൂടുതലായി ഇഷ്ടപ്പെട്ടിട്ടുള്ളത്.

  ബാബുവേട്ടന്റെ ലേഖനങ്ങള്‍ പലപ്പോഴും കൂടുതല്‍ വായിക്കാനും, അതിലെ റെഫറന്‍സുകള്‍ക്കുപിന്നാലെ ഇന്റര്‍നെറ്റില്‍ പരതുവാനും പ്രചോദനമായിട്ടുണ്ട്. തന്മൂലം പുതിയ പലകാര്യങ്ങളും മനസ്സിലാവുകയും ചെയ്തു.

  ഞാന്‍ തര്‍ക്കത്തിനൊന്നും വന്നതല്ല കേട്ടോ!
  സ്നേഹപൂര്‍വ്വം
  അപ്പു.

   
 13. തോന്ന്യാസി

  ഏപ്രില്‍ 15, 2008 at 07:33

  കുര്‍ബ്ബാനക്രമത്തിന്റേയും കുന്തിരിക്കത്തിന്റേയും, വേദപുസ്തകത്തിന്റേയും വെന്തിങ്ങയുടെയും, കൊന്തയുടെയും കുരിശുവരയുടെയും ഇടുങ്ങിയ ലോകമല്ല അറിവിന്റെ ലോകം. ആ ലോകം ഇത്തിരി കൂടി വിശാലമാണു്.

  ഇത്തരം തിരിച്ചറിവുകളാണ് നമുക്കിന്നില്ലാതെ പൊകുന്നതും

   
 14. സി. കെ. ബാബു

  ഏപ്രില്‍ 15, 2008 at 08:13

  അപ്പു,

  അഭിപ്രായത്തിനു് നന്ദി. ദൈവവിശ്വാസം ഒരു തടവറയാവാതിരിക്കാന്‍, മറ്റു് മനുഷ്യരെ അവരുടെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മാത്രം വിലയിരുത്താതിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന മനസ്സോടെ സമീപിച്ചാലേ സാദ്ധ്യമാവൂ. ഇത്തരം ലേഖനങ്ങള്‍ക്കു് എന്തെങ്കിലും നേടാന്‍ കഴിയുമെങ്കില്‍, അതു് കാര്യങ്ങള്‍ ഒന്നുകൂടി നോക്കിക്കാണണമെന്ന ആഗ്രഹത്തിനു് പ്രേരിപ്പിക്കുക എന്നതു് മാത്രമാണു്. അന്തിമതീരുമാനം തീര്‍ച്ചയായും ഓരോരുത്തരുടെ സ്വന്തമായിരിക്കണം.

  മനുഷ്യരെ വഴിതെറ്റിക്കുന്നതു് അവരെ നയിക്കുന്നവരാണു്. ദൈവത്തെ അവര്‍ അതിനു് ഒരു ഉപകരണമാക്കുന്നു. ദൈവത്തെ സ്നേഹിക്കാനല്ല, ഭയപ്പെടാനാണു് അവര്‍ പഠിപ്പിക്കുന്നതു്. ഭയത്തില്‍ സ്വതന്ത്രചിന്ത സാദ്ധ്യമാവില്ല എന്നു് മന‍ഃശാസ്ത്രവും നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. സജീവരല്ലാത്ത‍ മനുഷ്യര്‍ എന്നും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടു്.

  മനുഷ്യത്വത്തേയും സ്നേഹത്തേയും നിഷേധിക്കുന്നവര്‍ യുക്തിവാദികളായാലും, വിശ്വാസികളായാലും അവര്‍ മനുഷ്യരല്ല. അപ്പുവിന്റെ നിലപാടുകളോടു് യോജിക്കുന്നു.

  തോന്ന്യാസി,

  നന്ദി.

   
 15. സൂരജ് :: suraj

  ഏപ്രില്‍ 19, 2008 at 21:38

  ബാബു മാഷ്,
  🙂 ആ compressions-ഉം convections-ഉം പെരുത്തിഷ്ടായി. ഇതെഴുതിയതിന് ‘അവിടെ ചെല്ലുമ്പോ’ grill mode-ല്‍ ഇട്ടാവും പൊരിക്കല്‍!!
  നമ്മളെ രണ്ടുപേരെയും ഒരേ അടുപ്പില്‍ അഡ്മിറ്റ് ചെയ്യാന്‍ ഞാനൊരു നിവേദനം കൊടുക്കാനാലോചിക്കുന്നുണ്ട്…പക്ഷേ എന്റെ തൊഴിലു വച്ച് നോക്കുമ്പോ എനിക്ക് ന്യൂക്ലിയര്‍ റിയാക്ടറാവും കിട്ടുക എന്ന് ചിലര്‍ പറയുന്നു…ഹ ഹ ഹ!

   
 16. സി. കെ. ബാബു

  ഏപ്രില്‍ 22, 2008 at 08:35

  നന്ദി, സൂരജ്.

   
 17. സജി

  ജൂണ്‍ 1, 2008 at 23:45

  ബൈബിള്‍ വിശ്വാസികളോട് പ്രത്യേക വെറുപ്പ് ഇല്ലെന്നു കരുതട്ടെ!(വായിച്ചിട്ട് അങ്ങിനെ തോന്നിപ്പോയി) ആരോഗ്യകരമായ സംവ്വാദത്തിന്‍ സാധ്യത കാണുന്നില്ലെകിലും ഒന്നു ശ്രമിച്ച് നോക്കുകായാണ്. ഒന്നു രണ്ടു കാര്യങ്ങള്‍ മറുപടി പറയേണ്ടവയുണ്ട്.

  1. ദൈവം കൊള്ളയിടാന്‍ ആവശ്യപ്പെട്ട കാര്യം: പുറപ്പാട് 3:22-കൊള്ളയിടണം എന്ന് മലയാള പരിഭാഷ ശരിയല്ലാത്തതു കൊണ്ടാണ് ഇത്തരം ഒരു തെറ്റിദ്ധാരണ വന്നത്.അതിന്റെ എബ്രായ പദം- naw-tsal’എന്നാണ്. അര്‍ത്ഥാല്‍-preserve, recover, rescue. വീണ്ടെടുക്കുക എന്നതായിരിക്കും അല്പം കൂടി ശരിയായ വിവര്‍ത്തനം.

  കാരണം: 430 വര്‍ഷം ഈജിപ്റ്റീല്‍ കഴിഞ്ഞുവെങ്കിലും, ജോസഫിന്റെ കാലം കഴിഞ്ഞതിനു ശേഷം തക്ക കൂലി ലഭിക്കാത്ത അടിമകളായി കഴിഞ്ഞ യിസ്രായേല്യരോട് വിമോചന ദിവസം, തടഞ്ഞു വച്ചിരുന്ന കൂലി വീണ്ടെടുക്കുവാനാണ് ദൈവം ആവശ്യപ്പെട്ടത്, അത് കൊള്ളയല്ല.

  2. ഉല്പത്തി മുതല്‍ പുറപ്പാട് വരെയുള്ള പുസ്തകങ്ങള്‍ ഏത് മാര്‍പാപ്പ പറഞ്ഞാലും, മിത്ത് അല്ല. അത് പറയാന്‍‍ ഒരു മാര്‍പാപ്പയ്ക്കും അധികാരമില്ല.

  3.പ്രതികരണത്തില്‍ റോബി പറഞ്ഞ വിഷയം: വിഗ്രഹങ്ങള്‍ ഉണ്ടാകരുതെന്ന് രണ്ടാം പ്രമാണം,എന്നാല്‍ പുറപ്പാട് പുസ്തകത്തില്‍ തന്നെ ഒരു പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപെടാന്‍ പാമ്പിന്റെ പ്രതിമയെ ഉണ്ടാക്കാന്‍ മോശയോട് ദൈവം പറയുന്നുണ്ട് എന്ത് കൊണ്ട്?..
  വിശദമായ മറുപടി
  ഇവിടെ കൊടുത്തിട്ടുണ്ട്.

   
 18. സജി

  ജൂണ്‍ 2, 2008 at 01:23

  ക്ഷമിക്കണം… ഇവിടെ യാണ് ലിങ്ക്

   
 19. സി. കെ. ബാബു

  ജൂണ്‍ 2, 2008 at 20:03

  സജി,

  Please see my post

   
 20. paulose

  ജൂണ്‍ 7, 2008 at 21:09

  A few comments about the views of C K Babu.

  Nobody said that Jesus changed the laws of Moses. The laws of Moses are the Ten Commandments. But Jews did have many other laws which they follow even today. Jesus did emphasize the Ten Commandments which are the basic laws of all Christians. “New Testament is a corrected version by his followers” is an often used allegation by Christian haters especially those of Sangh parivar. But the fact is that Jesus did not write any book to get corrected later. Jesus talked to the people of Israel and his words were remembered and written down by his followers later. Jesus did not abandon the Old Testament and started a new testament. Jesus did not start any testaments either. New Testament is the teaching of Jesus Christ as Gita is the teaching of Krishna and Quran is the teaching of Mohammed.

  Nobody is sure whether the teachings attributed to all religious leaders are truly taught by them. The words attributed to Krishna in the form of Gita can never be verified whether those were words of the real person Krishna and there is no historical evidence that there was people like Krishna or Rama. They could be just fiction characters as well. These are just beliefs only.

  No believer has any problem in identifying the God in OT and NT. And the picture is not completely different either. It is only the angle from which one sees these two.

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: