RSS

Monthly Archives: ഏപ്രില്‍ 2008

പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയില്‍

(1)

‘മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍’ എന്ന എന്റെ ഒരു ബ്ലോഗിലെ ‘കണ-പ്രതികണ-നശീകരണം’ എന്ന പോസ്റ്റില്‍ ഡാര്‍ക്‌ എനര്‍ജിയെക്കുറിച്ചു് ഒരു പോസ്റ്റ്‌ എഴുതിക്കൂടെ എന്നു് ഒരു കമന്റിലൂടെ റോബി ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ ചില പോസ്റ്റുകള്‍ ഞാനും ലക്‍ഷ്യമിട്ടിരുന്നു എന്നതിനാല്‍ ‘അച്ഛന്‍ കൊതിച്ചതും, വൈദ്യന്‍ കുടിച്ചതും കള്ളു്’ എന്നപോലെ കാര്യങ്ങള്‍ ഒത്തുവന്നു.

ഫിസിക്സിലെ ഇതുവരെയുള്ള കണ്ടുപിടുത്തങ്ങള്‍ ഡാര്‍ക്‌ എനര്‍ജി എന്നൊരു പ്രതിഭാസത്തിന്റെ സാദ്ധ്യതയിലേക്കു് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, അതെന്താണെന്നു് കൃത്യമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല, വിശ്വാസയോഗ്യമായ ചില സങ്കല്‍പനങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും. അതേസമയം, ‘ഡാര്‍ക്‌ മാറ്റര്‍’ എന്നതു് ശാസ്ത്രലോകം തത്വത്തിലും സത്യത്തിലും അംഗീകരിച്ചും തെളിയിച്ചും കഴിഞ്ഞ വസ്തുതയാണുതാനും. മാറ്ററും, എനര്‍ജിയും ‘ഒന്നിന്റെ’ രണ്ടു് മുഖങ്ങളാണെങ്കിലും (ഐന്‍സ്റ്റൈന്‍!) ഡാര്‍ക്‌ മാറ്ററും, ഡാര്‍ക്‌ എനര്‍ജിയും രണ്ടു് വ്യത്യസ്ത ഭാവങ്ങളാണു് എന്ന അഭിപ്രായമാണു് പൊതുവേ നിലവിലിരിക്കുന്നതു്. അതുപോലെതന്നെ, ഡാര്‍ക്‌ മാറ്ററും, ആന്റിമാറ്ററും ഒന്നല്ല, രണ്ടു് വിഭിന്ന പ്രതിഭാസങ്ങളാണു്. മാത്തമാറ്റിക്സിലും ഫിസിക്സിലും മറ്റു് ശാസ്ത്രവിഷയങ്ങളിലും വലിയ അറിവില്ലാത്തവര്‍ക്കും ഇവിടെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണമെന്നു് ആഗ്രഹിക്കുന്നതിനാല്‍, ദുര്‍ഗ്രഹമായ സാങ്കേതിക പദങ്ങളും സമവാക്യങ്ങളുമൊക്കെ കഴിവതും ഒഴിവാക്കി എഴുതാനാണു് ശ്രമിക്കുന്നതു്. ഡാര്‍ക്‌ എനര്‍ജിയിലേക്കു് കടക്കുന്നതിനു് മുന്‍പു് പ്രപഞ്ചത്തിന്റെ ആരംഭം സംബന്ധിച്ചു് ശാസ്ത്രലോകം ഇന്നു് മിക്കവാറും അംഗീകരിച്ചുകഴിഞ്ഞ തത്വങ്ങളില്‍നിന്നും തുടങ്ങേണ്ടിവരുന്നതും അതുകൊണ്ടുതന്നെ. dark എന്ന വാക്കിനു് ഏറ്റവും അനുയോജ്യമായ മലയാളം പദം ‘ശ്യാമം’ എന്നതിനേക്കാള്‍ ‘ഇരുണ്ടതു്’ എന്നാണെന്നു് തോന്നുന്നതിനാല്‍, dark matter, dark energy എന്നിവയ്ക്കു് ഇവിടെ ‘ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊര്‍ജ്ജം’ എന്ന പേരുകള്‍ സ്വീകരിക്കുന്നു. ഭാഷാപണ്ഡിതര്‍ എതിരഭിപ്രായക്കാരാണെങ്കില്‍ തിരുത്തുകയുമാവാം.

പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം മനുഷ്യരുടെ അറിവിന്റെ തലങ്ങളെ ഇതിനോടകം വളരെയേറെ വികസിപ്പിച്ചു. ക്വാണ്ടം ഫിസിക്സ്‌ വഴി ആണവ ഉപഘടകങ്ങളെപ്പറ്റി വളറെയേറെ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കി. ശൂന്യാകാശവും താരവൃന്ദങ്ങളും സംബന്ധിച്ചും മനുഷ്യന്‍ കൈവരിച്ച വിജ്ഞാനം ഗണനീയമാണു്. പക്ഷേ, ഇവയില്‍ നിന്നൊക്കെ എത്രയോ വിപുലമാണു്, മനുഷ്യന്‍ ഇതുവരെ കാര്യമായ ഒരു ശ്രദ്ധയും ചെലുത്താതിരുന്ന പ്രപഞ്ചത്തിലെ ‘ശൂന്യത’ എന്ന മേഖല. ഈ ശൂന്യതയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രപഞ്ചത്തിലെ ‘യഥാര്‍ത്ഥ’ ദ്രവ്യത്തിന്റെ അംശം ആകെ പ്രപഞ്ചത്തിന്റെ നേരിയ ഒരംശം പോലും വരില്ല എന്നതാണു് ഏറെ രസം. ഈ ദ്രവ്യാംശത്തിന്റെതന്നെ വളരെ ചെറിയ ഒരു ഭാഗത്തെപ്പറ്റി മാത്രമാണു് മനുഷ്യനു് ഇതുവരെ എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളാതു്. ആണവലോകത്തിലും (micro cosmos), ശൂന്യാകാശ-താരാപഥലോകത്തിലും (macro cosmos) ദ്രവ്യ-ശൂന്യതകള്‍ തമ്മിലുള്ള അനുപാതത്തില്‍ ഭീമമായ ഈ അന്തരം ഒരുപോലെ നിലനില്‍ക്കുന്നുണ്ടു്. ശൂന്യാകാശത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെയെങ്കിലും ഈ അന്തരം ഉള്‍ക്കൊള്ളാന്‍ നമുക്കു് കഴിയുമ്പോള്‍, ആണവലോകം നമ്മുടെ തലച്ചോറിന്റെ സങ്കല്‍പശേഷികളില്‍ നിന്നും പൂര്‍ണ്ണമായും വഴുതിമാറുകയാണു് ചെയ്യുന്നതു്. ഒരണുവിന്റെ ‘സാക്ഷാല്‍’ ദ്രവ്യാംശം വളരെ വളരെ ചെറുതാണു്. അതേസമയം, അണുകേന്ദ്രവും അതിനു് ചുറ്റുമുള്ള എലക്ട്രോണുകളും തമ്മിലുള്ള ‘അകലം’ ആ കണികകളുടെ അളവുകള്‍ വച്ചു് നോക്കുമ്പോള്‍, വളരെ വലുതുമാണു്. ആണവലോകം ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പുവരെ മനുഷ്യനു് അജ്ഞാതമായിരുന്നതിനാല്‍, അതിനെ മനസ്സിലാക്കാനുതകുന്ന ഒരു neuronal circuit, തലച്ചോറില്‍ evolution വഴി രൂപമെടുക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ലല്ലോ. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണു് ഒരു തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്റെ തലച്ചോറില്‍ ക്വാണ്ടം ലോകത്തെ സങ്കല്‍പിക്കുവാനുതകുന്ന ഒരു intuition രൂപമെടുക്കുന്നതു്. ശില്‍പകാരന്റെ തലയില്‍ ശില്‍പവും, ചിത്രകാരന്റെ ഭാവനയില്‍ ചിത്രവും, പാചകക്കാരിയുടെ സങ്കല്‍പത്തില്‍ ഭക്ഷണത്തിന്റെ അന്തിമരൂപവുമൊക്കെ എങ്ങനെയോ മറഞ്ഞിരിക്കുന്നുണ്ടു് എന്നതുപോലെ! മനുഷ്യനുവേണ്ടി ഭൂമിയല്ല, ഈ ഭൂമിയില്‍ മനുഷ്യന്‍ രൂപമെടുക്കുകയായിരുന്നു എങ്കില്‍, കണ്ണുകളുള്ളതുകൊണ്ടു് സൂര്യന്‍ എന്നല്ല, സൂര്യന്‍ ഉള്ളതുകൊണ്ടു് കണ്ണുകള്‍ ഉണ്ടായി എന്നല്ലേ വരാന്‍ കഴിയൂ?

പ്രപഞ്ചം നിറയുന്ന ഈ ‘ശൂന്യത’ യഥാര്‍ത്ഥത്തില്‍ എന്താണെന്നു് വ്യക്തമായി ഇതുവരെ നമുക്കു് അറിയില്ല എന്നതാണു് സത്യം. ‘ശൂന്യത’ എന്നു് നമ്മള്‍ വിളിക്കുന്നതുകൊണ്ടു് അവിടെ ‘ഒന്നും ഇല്ല’ എന്നു് അര്‍ത്ഥമാക്കാനാവില്ല എന്നു് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുതന്നെ അധികമായിട്ടില്ല. ശൂന്യതാ-ആന്ദോളനങ്ങള്‍ (vacuum fluctuations) മുതലായ ചില ആശയങ്ങളൊക്കെ ഉണ്ടെങ്കിലും അവയൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ ആരംഭദശയിലാണു്. ഈ പഠനങ്ങള്‍ വെളിവാക്കിയ ഒരു വസ്തുത, macro cosmos-ലെ ‘ഇരുണ്ട ലോകങ്ങളെ’ മനസ്സിലാക്കണമെങ്കില്‍ അടിസ്ഥാനപരമായി micro cosmos-ല്‍ തന്നെ, അഥവാ പ്രപഞ്ചത്തിന്റെ ഉത്ഭവവേളയില്‍ രൂപമെടുത്ത ആണവ-ഊര്‍ജ്ജ-ഘടകങ്ങളില്‍ തന്നെ പഠനം ആരംഭിക്കണമെന്നതാണു്. ഇതുവരെയുള്ള അറിവുകള്‍ പരിമിതമാണു് എന്നതുകൊണ്ടു് ശാസ്ത്രജ്ഞര്‍ നിന്നിടത്തുനിന്നു് വട്ടം തിരിയുകയായിരുന്നു എന്നര്‍ത്ഥമില്ല. കഴിഞ്ഞ ഇരുന്നൂറു്, മുന്നൂറു് വര്‍ഷങ്ങളില്‍ ശാസ്ത്രം നേടിയ അറിവുകള്‍ എത്രയോ ആയിരക്കണക്കിനു് വര്‍ഷങ്ങളില്‍ ആര്‍ക്കെങ്കിലും സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്നവയാണു് എന്ന കാര്യം നിഷേധിക്കാനാവില്ലല്ലോ.

ഒരു ആദിസ്ഫോടനം (Big-Bang) വഴി പ്രപഞ്ചം രൂപമെടുക്കുകയായിരുന്നു എന്നതാണു് പ്രപഞ്ചോത്പത്തിയെപ്പറ്റി ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം. സ്ഥല-കാല-ദ്രവ്യങ്ങളുടെ (space, time and matter) ആരംഭം കുറിച്ചുകൊണ്ടു് ഏകദേശം 1370 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഇതു് സംഭവിച്ചുകാണണം എന്നു് കണക്കുകള്‍ വ്യക്തമാക്കുന്നു. ശക്തിയേറിയ ടെലസ്കോപ്പുകളുടെ കണ്ടുപിടുത്തമാണു് ബിഗ്‌-ബാംഗ്‌ തിയറിയില്‍ എത്തിച്ചേരാന്‍ മനുഷ്യനെ പ്രധാനമായും സഹായിച്ചതു്. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയില്‍ എത്തിച്ചേരുന്ന പ്രകാശത്തിന്റെ സ്പെക്ട്രം (‘വെളുത്ത’ സൂര്യപ്രകാശത്തിന്റെ സ്പെക്ട്രം വയലറ്റ്‌ മുതല്‍ ചുവപ്പു് വരെയുള്ള ഏഴു് വര്‍ണ്ണങ്ങളാണു്.) പ്രദര്‍ശിപ്പിക്കുന്ന red shift വഴിയാണു് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതു്. റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു വാഹനത്തിന്റെ സൈറണില്‍ നിന്നും നമ്മുടെ ചെവിയില്‍ എത്തുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി ആ വാഹനം നമ്മോടു് അടുത്തു് വന്നുകൊണ്ടിരിക്കുന്നുവോ, അതോ അകന്നുപോയിക്കൊണ്ടിരിക്കുന്നുവോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ, വളരെ അകലെനിന്നും സ്വീകരിക്കപ്പെടുന്ന പ്രകാശതരംഗങ്ങള്‍ ചുവപ്പുനിറത്തിന്റെ ദിശയിലേക്കു് ‘നീങ്ങി’ കാണപ്പെടുമ്പോള്‍, ആ പ്രകാശത്തിന്റെ ഉത്ഭവസ്ഥാനങ്ങള്‍ നമ്മില്‍നിന്നും അകലുകയാണെന്നു് മനസ്സിലാക്കാം. (മറ്റൊരു ലേഖനത്തിലും ഇതു് ഞാന്‍ സൂചിപ്പിച്ചിരുന്നു.) അതിനുപകരം, പ്രകാശം വയലറ്റ്‌ നിറത്തിന്റെ ദിശയിലേക്കു് നീങ്ങിയാണു് കാണപ്പെട്ടിരുന്നതെങ്കില്‍, ഗാലക്സികള്‍ അടുത്തുവന്നുകൊണ്ടിരിക്കുകയാണെന്നു് അനുമാനിക്കേണ്ടിവരുമായിരുന്നു. (Doppler Effect എന്ന പേരില്‍ അറിയപ്പെടുന്ന ഈ തത്വം തന്നെയാണു് വൈദ്യശാസ്ത്രം ഗര്‍ഭസ്ഥശിശുവിനേയും, ശരീരത്തിന്റെ അന്തര്‍ഭാഗത്തെ cancer-നെയുമൊക്കെ പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ultrasound scanner-ന്റെയും പ്രവര്‍ത്തനതത്വം.)

പക്ഷേ, ഗാലക്സികള്‍ ‘ഭൂമിയില്‍ നിന്നും’ അകന്നുപോകുന്നു എന്ന അര്‍ത്ഥത്തിലല്ല, പ്രപഞ്ചം ആകമാനം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വേണം ഇതു് മനസ്സിലാക്കാന്‍. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനര്‍ത്ഥം, ഈ വികാസം എന്നെങ്കിലും ആരംഭിച്ചിരിക്കണം എന്നതാവുമല്ലോ. ഈ വസ്തുതകളെ ഗണിതശാസ്ത്രപരമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍, കിട്ടുന്ന ഉത്തരമാണു് 1370 കോടി വര്‍ഷങ്ങളാണു് പ്രപഞ്ചത്തിന്റെ പ്രായം എന്നതു്. ഈ കണക്കുകളുടെ ആധാരം ഉപകരണങ്ങളിലൂടെ ലഭിക്കുന്ന മൂല്യങ്ങള്‍ ആണെന്നതിനാല്‍, ഉപകരണങ്ങള്‍ എത്ര നവീനമാവുന്നുവോ, അത്രയും കൂടുതല്‍ കൃത്യവുമായിരിക്കും സ്വാഭാവികമായും കണക്കുകള്‍ വഴി ലഭിക്കുന്ന ഫലവും. പ്രകാശവര്‍ഷം എന്നതു്, പല വിദ്യാസമ്പന്നര്‍ പോലും മനസ്സിലാക്കിയിരിക്കുന്നതുപോലെ, സമയത്തിന്റെ അളവല്ല, ദൂരത്തിന്റെ അളവാണു്. ഒരു സെക്കന്റില്‍ ഏകദേശം മൂന്നു് ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കഴിയുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ടു് പിന്നിടുന്ന ‘ദൂരമാണു്’ ഒരു പ്രകാശവര്‍ഷം. അതായതു്, (300000 x 60 x 60 x 24 x 365) കിലോമീറ്റര്‍! അഞ്ചു് പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയില്‍ അഞ്ചു് വര്‍ഷങ്ങള്‍ക്കു് ശേഷമേ എത്തിച്ചേരൂ എന്നു് സാരം. ഒരുകോടി പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നമ്മള്‍ ഇന്നു് കാണുന്നു എങ്കില്‍, അതു് സംഭവിച്ചതു് ഒരുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പായിരിക്കും എന്നതിനാല്‍, ‘ഒരേസമയം’ എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ക്കു് ഒരു ‘കോസ്മിക്‌ മാനദണ്ഡത്തില്‍’ ചിന്തിക്കുമ്പോള്‍ യാതൊരുവിധ അര്‍ത്ഥവും ഇല്ലാതാവുന്നു!

‘ബിഗ്‌-ബാംഗിന്റെ സമയത്തു്’ (അപ്പോള്‍ സ്ഥലവും സമയവുമൊന്നും ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഇതുപോലുള്ള പദപ്രയോഗങ്ങള്‍ metaphor ആയി മാത്രം മനസ്സിലാക്കുക!) അനന്തമായ ഊര്‍ജ്ജത്തില്‍നിന്നും ഒരു സെക്കന്റിന്റെ കോടാനുകോടിഭാഗത്തിലും ചെറിയതായ സമയത്തിന്റെ ഒരു അംശത്തിനുള്ളില്‍ നമ്മുടെ പ്രപഞ്ചം ജനിക്കുന്നു. പക്ഷേ അതുവഴി രൂപമെടുത്തതു് ഇന്നു് നമ്മള്‍ അറിയുന്ന ദ്രവ്യത്തിന്റെ കണങ്ങള്‍ മാത്രമല്ല. ദ്രവ്യത്തിന്റെ പ്രതികണങ്ങളും (antimatter) അതോടൊപ്പം രൂപമെടുത്തിരുന്നു. നമ്മുടെ ലോകവും, ‘വിപരീതചിഹ്നമുള്ള’ മറ്റൊരു ലോകവും രൂപമെടുത്തു എന്നു് വേണമെങ്കിലും ഈ അവസ്ഥയെ വര്‍ണ്ണിക്കാം. (പല പ്രപഞ്ചങ്ങള്‍ എന്ന ആശയം പോലും ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നുമില്ല.) ഇവിടെ ഒരു പ്രധാന പ്രശ്നമുണ്ടു്. ആദിസ്ഫോടനസമയത്തു് തുല്യമായ അളവിലാണു് കണങ്ങളും പ്രതികണങ്ങളും ഉണ്ടായതെങ്കില്‍, അവ പരസ്പരം ന്യൂട്രലൈസ്‌ ചെയ്തു് വീണ്ടും ഊര്‍ജ്ജമായി മാറുമായിരുന്നേനെ. (‘പ്ലസ്‌ ഒന്നും’ ‘മൈനസ്‌ ഒന്നും’ ചേര്‍ന്നു് പൂജ്യമാവുന്നപോലെ!) അത്തരം ഒരു പ്രപഞ്ചത്തില്‍ ദ്രവ്യമോ, നക്ഷത്രങ്ങളോ, ജീവനോ രൂപമെടുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, പ്രപഞ്ചവും, അതില്‍ നിന്നും ദ്രവ്യവും, അതുവഴി ജൈവലോകവും മനുഷ്യരും ഉണ്ടായി എന്നതുകൊണ്ടുതന്നെ ആദിസ്ഫോടനസമയത്തു് ‘ശകലം ദ്രവ്യം’ മിച്ചം വരത്തക്കവിധത്തില്‍ ഒരു സിമട്രിഭഞ്ജനം (symmetry breaking) സംഭവിച്ചിരിക്കണം എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നു.

ഫിസിക്സില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിവിധ തരം സിമട്രികളുണ്ടു്. അതില്‍ ചിലതു് സാമാന്യഭാഷയില്‍ വിശദീകരിക്കാവുന്നവയാണെങ്കില്‍, മറ്റു് ചിലതു് മനസ്സിലാക്കാന്‍ ഗണിതശാസ്ത്രത്തിന്റെ സഹായമില്ലാതെ സാധിക്കുകയില്ല. ആദ്യത്തെ വിഭാഗത്തില്‍ വരുന്ന ഒന്നാണു് കണ്ണാടിയിലെ ‘പ്രതിബിംബസിമട്രി’. ഒരു ഗോളം തിരിയുന്ന ദിശയുടെ എതിര്‍ദിശയില്‍ തിരിയുന്ന അതിന്റെ കണ്ണാടിയിലെ പ്രതിബിംബം സിമട്രിയുടെ ഒരുദാഹരണമാണു്. (സമയം പുറകോട്ടു് ചലിക്കുന്ന ഒരു ലോകത്തില്‍ ഗോളവും പ്രതിബിംബവും തിരിയുന്നതു് സ്വാഭാവികമായും ഒരേ ദിശയിലായിരിക്കും!) Big-Bang-നു് ശേഷം ദ്രവ്യം രൂപമെടുക്കാന്‍ ആവശ്യമായിരുന്ന matter-antimatter asymmetry-യുടെ ചില നിബന്ധനകളാണു് പ്രപഞ്ചത്തിലെ thermodyanamic equilibrium, parity, charge, baryon number മുതലായവയുടെ symmetry breaking. ആദിസ്ഫോടനത്തിനു് ശേഷം ഇവയുടെ സിമട്രി ഭഞ്ജനമില്ലാതെ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രപഞ്ചം ദ്രവ്യമോ, ജീവനോ ഇല്ലാത്ത ഒരു ‘ഫോട്ടോണ്‍ പ്രപഞ്ചം’ മാത്രമായി തുടരേണ്ടി വരുമായിരുന്നു.

antimatter എന്നതു് ഇന്നൊരു വെറും സങ്കല്‍പമല്ല. ജെനീവയിലെ CERN (European Organization for Nuclear Research)-ല്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ആന്റിമാറ്റര്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. big-bang simulation അടക്കമുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി 1989-ല്‍ ഭൂതലത്തില്‍ നിന്നും നൂറുമീറ്റര്‍ താഴെയായി വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന Large Electron-Positron Collider-ന്റെ നീളം 27 കിലോമീറ്ററാണു്. ആയിരത്തിലേറെ ‘hightech’ കുഴലുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ electromagnetic field വഴി accelerate ചെയ്യപ്പെടുന്ന protons അതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ടിരിക്കുന്ന ഭീമാകാരമായ ഒരു ഹാളില്‍ വച്ചു് പ്രകാശത്തിന്റേതിനോടടുത്ത വേഗതയില്‍ പരസ്പരം കൂട്ടിമുട്ടുന്നു. ഇതിനു് മുന്‍പൊരിക്കലും ഭൂമിയില്‍ പിണ്ഡത്തെ (mass) ഇത്രമാത്രം വേഗതയിലേക്കു് accelerate ചെയ്യാന്‍ മനുഷ്യനു് കഴിഞ്ഞിട്ടില്ല. വേഗതമൂലം collision സമയത്തു് അവയുടെ ഭാരം സാധാരണയേക്കാള്‍ വളരെ കൂടുതലായിരിക്കും – (വീണ്ടും ഐന്‍സ്റ്റൈന്‍!). അതുവഴി രൂപമെടുക്കുന്ന പുതിയ കണങ്ങളുടെ പഠനം വഴി ശാസ്ത്രജ്ഞര്‍ പല ചോദ്യങ്ങളുടെയും മറുപടി തേടുന്നു. ദ്രവ്യത്തിനു് പിണ്ഡം ഉണ്ടാകുന്നതിന്റെ കാരണമെന്തു് എന്നതുമുതല്‍ ക്വാണ്ടം ഫിസിക്സിന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന, Peter Higgs എന്ന ഭൗതികശാസ്ത്രജ്ഞന്‍ postulate ചെയ്ത, Higgs particles-ന്റെയും Higgs field-ന്റെയും അസ്തിത്വം തേടല്‍ വരെ CERN-ലെ അന്വേഷണങ്ങളില്‍ പെടുന്നു.

(തുടരും)

Advertisements
 
13അഭിപ്രായങ്ങള്‍

Posted by on ഏപ്രില്‍ 29, 2008 in ലേഖനം

 

മുദ്രകള്‍: , ,

വീക്ഷണ(ത്രി)കോണം

= കാഴ്ച്ചപ്പാടുകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ =

പരന്നതുമല്ല, ഉരുണ്ടതുമല്ല. ഭൂമി സത്യമായിട്ടും ത്രികോണാകൃതിയിലാണു്.
 

മുദ്രകള്‍: , ,

ഇതു് നരഹത്യയോ നരബലിയോ?

കേരളത്തില്‍ അനുദിനമെന്നോണം സംഭവിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അപകടമരണങ്ങളും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമ്പോള്‍ ചിന്തിച്ചുപോകുന്നു: മനുഷ്യജീവനു് ഈ സമൂഹത്തില്‍ ഇന്നു് എന്തെങ്കിലും വില കല്‍പിക്കാനാവുമോ? കോഴിപ്പോരും അങ്കംവെട്ടും കണ്ടു് കണ്‍കുളിര്‍ത്തിരുന്ന കേരളീയനു് മനസ്സിന്റെ മരവിപ്പുമൂലം മനുഷ്യരക്തം കണ്ടാലേ ഇപ്പോള്‍ തൃപ്തിയാവൂ എന്നുണ്ടോ?

എന്തു് കാരണംകൊണ്ടോ നിയന്ത്രണം വിട്ട ആനകള്‍ പാപ്പാനേയും, പലപ്പോഴും വഴിയാത്രക്കാരെപ്പോലും പരസ്യമായി കുത്തിയും ചവിട്ടിയും കൊല്ലുന്നതു് എത്രയോ വട്ടം സംഭവിച്ചിട്ടും അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കേരളീയസമൂഹത്തിനു് കഴിയാതെ പോകുന്നതിനു് മറ്റെന്തു് നീതീകരണമാണു് നല്‍കാന്‍ കഴിയുക? രക്തത്തിലെ പട്ടയുടെ അംശം നിശ്ചയിക്കുന്നതിനേക്കാള്‍ ഞരമ്പുകളിലൂടെ ഒഴുകുന്ന പട്ടയിലെ രക്തത്തിന്റെ അംശം നിശ്ചയിക്കുന്നതാണു് ഉപകരണസാങ്കേതികപരമായി കൂടുതല്‍ എളുപ്പം എന്ന അവസ്ഥയിലെത്തിയെട്ടും ആള്‍ക്കൂട്ടത്തിനിടയിലൂടെ ആനകളെ എഴുന്നെള്ളിക്കാന്‍ പാപ്പാന്മാരും പരിവാരങ്ങളും അനുവദിക്കപ്പെടുന്നതുമൂലമാവുമോ നിരപരാധികളായ മനുഷ്യര്‍ ജീവന്‍ ബലികഴിക്കേണ്ടിവരുന്നതു്? അതോ, മൃഗമനഃശാസ്ത്രത്തിലോ മൃഗശരീരശാസ്ത്രത്തിലോ വേണ്ടത്ര അറിവോ, ആനകളുടെ സംരക്ഷണസംബന്ധമായി‍ ഉചിതമായ പരിശീലനമോ ഒന്നുമില്ലാതെ ഒരു ‘തന്റേടത്തിന്റെ’ പേരില്‍ ‘ആനനിയന്ത്രകരായി’ ചമയുന്നവരുടെ അജ്ഞതയ്ക്കു് ആനകളും നിഷ്കളങ്കരായ മനുഷ്യരും ഇരയായിത്തീരുകയാണോ?

അതെന്തായാലും, അദ്ധ്യാത്മിക-സാംസ്കാരികകേരളത്തിന്റെ സാമാന്യബോധം അതിനെതിരായി ഉറക്കെ ചിന്തിക്കേണ്ട കാലം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണെനിക്കു് തോന്നുന്നതു്. ആനകളുടെ അനുഭവജ്ഞാനാതീതമായ പരിജ്ഞാനശേഷിയെപ്പറ്റി സിമ്പോസിയം നടത്തുകയല്ല, മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ അവയെ അനുവദിക്കാതിരിക്കാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ ആരായുകയാണു് ആവശ്യം. ഒന്നുകില്‍ ഈ പ്രാകൃതനടപടി പൂര്‍ണ്ണമായും നിരോധിക്കണം, അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം, മനുഷ്യന്റെ ജീവനും സ്വത്തിനും അപകടം വരാത്ത വിധത്തില്‍ ഈ അരങ്ങേറ്റം നടത്താന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയെങ്കിലും ചെയ്യണം.

ഇണക്കിളികളിലൊന്നിനെ അമ്പെയ്തു് വീഴ്ത്തിയ കാട്ടാളത്തത്തിനുനേരെ ‘മാ നിഷാദ’ എന്നലറിയ ആര്‍ഷഭാരതസംസ്കാരത്തിനു് അതിനുള്ള കഴിവു് ഇല്ലാതായി എന്നു് വരുമോ?

 
12അഭിപ്രായങ്ങള്‍

Posted by on ഏപ്രില്‍ 24, 2008 in പലവക

 

മുദ്രകള്‍: , ,

ചിതയിലെരിഞ്ഞ സുവിശേഷങ്ങള്‍

യൂദാസിന്റെ സുവിശേഷം തുടര്‍ച്ച-3

ആരോ ഛര്‍ദ്ദിച്ചതില്‍ ഒരു ചെറിയ കറുപ്പുനിറം കണ്ട വാര്‍ത്ത പലവട്ടം വായ്മൊഴിയായി ചെവികളില്‍നിന്നും ചെവികളിലേക്കു് പകര്‍ന്നപ്പോള്‍ “ഒരുവന്‍ മൂന്നു് കാക്കകളെ ഛര്‍ദ്ദിച്ചു” എന്ന അത്ഭുതവാര്‍ത്തയായി മാറിയ കുട്ടിക്കഥ ചിലരെങ്കിലും ചെറുപ്പകാലത്തു് കേട്ടിരിക്കും. ഈ വര്‍ണ്ണന അതിഭാവുകത്വമാണെന്നു് നമുക്കറിയാം. അതു് ആ കഥ ലക്‍ഷ്യമാക്കുന്നുമുണ്ടാവാം. പക്ഷേ, ഇത്തരമോ, ഇതിലും വിചിത്രമോ, വിസ്മയകരമോ ആയ കഥകള്‍ പോലും മുഖവിലയ്ക്കു് വാങ്ങി കയ്യോടെ എളിയില്‍ തിരുകുന്നവരുടെ ലോകമാണു് ആത്മീയതയുടെ ലോകം. അത്ഭുതങ്ങളിലൂടെയും മായകളിലൂടെയുമാണു് ദൈവാസ്തിത്വം വെളിപ്പെടുന്നതു്! “നേരേ വാ, നേരേ പോ” എന്ന രീതി എന്തുകൊണ്ടോ ദൈവത്തിനു് അത്ര ഇഷ്ടമുള്ള കാര്യമല്ല! അതുകൊണ്ടാവാം, മനുഷ്യര്‍ക്കു് വെളിപ്പെടണമെന്ന ആഗ്രഹം നിയന്ത്രിക്കാന്‍ കഴിയാതാവുന്ന ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ദൈവം സാധാരണമനുഷ്യര്‍ക്കു് മടുപ്പുമൂലം ‘കോട്ടുവാ വിടാന്‍ തോന്നിപ്പോകുന്നത്ര ഏകാന്തവും വിരസവുമായ’ പര്‍വ്വതങ്ങളിലോ, ഗുഹകളിലോ ഒക്കെ ഒറ്റപ്പെട്ട വല്ല മനുഷ്യരും വന്നുപെട്ടിട്ടുണ്ടോ എന്നു് നോക്കി അവരുടെ മുന്നില്‍ ചെന്നു് പ്രത്യക്ഷപ്പെടുന്നതു്!

ഇനി വിഷയത്തിലേക്കു് കടക്കാം. ആദ്യകാലക്രിസ്തുമതം യഹൂദരില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു ചെറിയ വിഭാഗമായിരുന്നു. കാലക്രമേണ ക്രിസ്തീയവിശ്വാസം സമീപപ്രദേശങ്ങളിലേക്കു് വ്യാപിച്ചു. ആരംഭകാല ഇടവകകളില്‍ യേശുചരിതം, പ്രത്യേകിച്ചും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പു് എന്ന അത്ഭുതത്തിലും കേന്ദ്രീകരിച്ചുകൊണ്ടു്, വായ്മൊഴിയായി അനുയായികള്‍ക്കു് പകര്‍ന്നുകൊടുക്കപ്പെട്ടു. അനുയായികള്‍ അവര്‍ കേട്ട കഥകള്‍ “മര്‍ക്കോസ്‌ പറഞ്ഞു, ലൂക്കോസ്‌ പറഞ്ഞു” മുതലായ എംഫസിസോടുകൂടി, ഓരോരുത്തന്‍ അവസരോചിതം തന്റെ ഭാവനയുടെ മസാലയും ചേര്‍ത്തു് സുവിശേഷപ്രസംഗം കേട്ടു് ആത്മാവിനെ രക്ഷിച്ചു് ആസന്നമായ ദൈവരാജ്യത്തിനു് അവകാശികളാകുവാന്‍ തടിച്ചുകൂടിയ ജനങ്ങളുടെ തലയിലേക്കു് ചെവിയിലൂടെ കോരിയൊഴിച്ചു. ഇന്നും ചില ഉപദേശികള്‍ കേരളത്തിലെ ഗ്രാമീണരായ സാധുക്കളോടു് ഘോഷിക്കുന്ന സുവിശേഷങ്ങളിലെ മണ്ടത്തരങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കു് രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുന്‍പു്, മനുഷ്യര്‍ ബൗദ്ധികമായി വളരെയേറെ പിന്നാക്കം നിന്നിരുന്ന ഒരു കാലഘട്ടത്തില്‍, സംഘടിപ്പിച്ചിരുന്ന സുവിശേഷയോഗങ്ങളിലെ പ്രസംഗകരുടെ ‘എരിവു്’ ഏകദേശം ഊഹിക്കാവുന്നതേയുള്ളു. യേശുവിന്റെ രണ്ടാമത്തെ വരവു് ഉടനെ ഉണ്ടാവുമെന്നു് ആ സാധുമനുഷ്യര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. സ്വര്‍ഗ്ഗത്തേയും നരകത്തേയുമൊക്കെ വെളിപ്പെടുത്താന്‍ അക്കാലത്തു് വരയ്ക്കപ്പെട്ട ചിത്രങ്ങളിലും, രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലുമെല്ലാം ഈ ആത്മാര്‍ത്ഥത നമുക്കു് വ്യക്തമായി കാണാന്‍ കഴിയും.

സ്വര്‍ഗ്ഗം (Alpha Version)

നരകം (Beta Version)

ഈച്ചകള്‍ക്കു് അമേധ്യത്തോടു് തോന്നുന്ന അതേ ആഭിമുഖ്യം മനുഷ്യര്‍ക്കു് എന്തുകൊണ്ടോ അത്ഭുതകഥകളോടുണ്ടു്. അതുകൊണ്ടുതന്നെ കേരളത്തിലെ ഏതെങ്കിലും ഒരു വീട്ടിലെ ഫോട്ടോ രക്തം ‘മുള്ളി’ എന്നു് കേട്ടാല്‍ മനുഷ്യര്‍ ഉടനെ അവിടെ ഹാജരാവുന്നു! രക്തം മുള്ളിയതു് ദൈവം ആയിക്കൂടെന്നില്ലല്ലോ! ഭാഗ്യം തേടലിന്റെ രാസവളമാണു് അജ്ഞത. ഇടയിളക്കി അല്‍പം അജ്ഞത വിതറിയാല്‍ ഭാഗ്യംതേടല്‍ തഴച്ചുവളരും.

ക്രിസ്തുവിന്റെ ശിഷ്യന്മാരായാലും എന്നെങ്കിലും മരിക്കേണ്ടിവരുമെന്നതിനാല്‍, കാലത്തിന്റെ കുത്തിയൊഴുക്കില്‍ എപ്പോഴോ യേശുവിനെ നേരില്‍ കണ്ടവര്‍ ആരും ഇപ്പോള്‍ തങ്ങളോടുകൂടെ ഇല്ല എന്ന സത്യം വിശ്വാസിസമൂഹങ്ങളും തിരിച്ചറിയേണ്ടിവന്നു. അതിനോടകം വ്യത്യസ്ത ഇടവകകളില്‍ വ്യത്യസ്തമായ രീതികളില്‍ വായ്മൊഴിയായി പകര്‍ന്നുകൊടുക്കപ്പെട്ട യേശുചരിതങ്ങള്‍ സുവിശേഷങ്ങളുടെ രൂപത്തില്‍ നിലവില്‍ വന്നു് പ്രബലപ്പെട്ടുകഴിഞ്ഞിരുന്നു. തങ്ങളുടെ വിശ്വാസസത്യങ്ങള്‍ പിന്‍തലമുറകള്‍ക്കുവേണ്ടി ലിഖിതരൂപത്തില്‍ ആക്കേണ്ടതു് ഇടവകകളുടെ ഒരാവശ്യമായി മാറി. കേട്ടറിവുകളിലെ പൊരുത്തക്കേടുകള്‍ ഇടവകകളിലെ ലിഖിതരൂപങ്ങളിലും പ്രത്യക്ഷപ്പെട്ടു. ആരംഭകാലത്തു് ഇതൊരു പ്രശ്നമായിരുന്നില്ലെങ്കിലും സഭ വളര്‍ന്നപ്പോള്‍, അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളും, അതോടൊപ്പം ക്രിസ്തുസഭയ്ക്കു് പൊതുവായതും, ഏകോപിതവുമായ സുവിശേഷങ്ങളും ‘പുതിയ നിയമവും’ എല്ലാം ആവശ്യമായിത്തീര്‍ന്നു. അവരവരുടെ ‘വിശ്വാസപ്രമാണങ്ങളെ’ ഉപേക്ഷിക്കുവാന്‍ പല വിഭാഗങ്ങളും തയ്യാറായില്ല. യേശുവിന്റെ മരണത്തിനു് ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ക്കുശേഷം യേശു പറഞ്ഞതെന്തു്, പറയാത്തതെന്തു് എന്നു് കൃത്യമായി പറയാന്‍ ആര്‍ക്കു് കഴിയും? ഓരോ വിഭാഗത്തിനും അവര്‍ പറയുന്നതായിരുന്നു ശരി. അവരുടെ മുന്‍പന്തിയിലായിരുന്നു നോസ്റ്റിക്സ്‌ (gnostics) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശ്വാസിവിഭാഗം. ഈ ചിന്താധാരയുടെ ഭാഗമായി രൂപമെടുത്ത ലിഖിതങ്ങളുടെ നിരയില്‍ വരുന്നതാണു് യൂദാസിന്റെ സുവിശേഷവും.

‘രഹസ്യജ്ഞാനം’ എന്നര്‍ത്ഥമുള്ള gnostikos എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നും രൂപമെടുത്ത Gnosticism മതപരവും തത്വചിന്താപരവുമായ വിവിധ ആശയധാരകളുടെ സംയോജനമാണു്. അക്കാലത്തെ ഗ്രീക്ക്‌-റോമന്‍ ലോകത്തിലെ, ഇന്നത്തെ അര്‍ത്ഥത്തില്‍ വേണമെങ്കില്‍ esoteric എന്നു് വിളിക്കാവുന്ന, ഒരു പരിഷ്കൃത ബൗദ്ധിക പ്രസ്ഥാനം. പുരാതന ഇറാനിലെ ദ്വന്ദ്വ വിശ്വാസം, പ്ലാറ്റോയിലെ ദൃഷ്ടാന്തപരമായ ആദര്‍ശവാദം, യഹൂദരിലെ നിഗൂഢവെളിപാടുകള്‍ മുതലായവയുടെ എല്ലാം ഒരു സമീകൃതസമ്മേളനം. തിന്മകൊണ്ടു് നിര്‍മ്മിച്ചതും, പൈശാചികത വാഴുന്നതുമായ ഈ ലോകം നന്മ നിറഞ്ഞവനായ ഒരു ദൈവത്തിന്റെ സൃഷ്ടിയാവാന്‍ കഴിയില്ല. അതുകൊണ്ടു്, ലോകത്തിന്റെ സ്രഷ്ടാവായ പഴയനിയമത്തിലെ യഹോവ അവര്‍ക്കു് ഒരു ‘താഴ്‌ന്ന’ ദൈവമാണു്. യഹോവയിലും ‘ഉയര്‍ന്നവനായ’ ‘യഥാര്‍ത്ഥ ദൈവത്തിന്റെ’ വെളിപാടു് വഴി മനുഷ്യര്‍ക്കു് വീണ്ടും ദൈവത്തില്‍ എത്തിച്ചേരാന്‍ കഴിയും. പക്ഷേ, ഈ വെളിപാടു് തത്വചിന്താപരമായ ബോധവല്‍ക്കരണം വഴിയോ, ക്രിസ്തുമതം പഴയനിയമത്തില്‍ നിന്നും ഏറ്റെടുത്ത വെളിപാടു് വഴിയോ ഉണ്ടാവുന്നതോ അവയുമായി താരതമ്യപ്പെടുത്താവുന്നതോ അല്ല. ആത്മരഹസ്യത്തിന്റെ അന്തര്‍ജ്ഞാനത്തിലൂടെ (intuition of the mystery of the self) മാത്രം നേടാന്‍ കഴിയുന്ന ഒന്നാണു്. ഉഗ്രകോപിയായ ഒരു യഹോവയുടെ നിയമങ്ങള്‍ പൊക്കിപ്പിടിക്കുന്നു എന്ന കാരണം പറഞ്ഞു് അവര്‍ പഴയനിയമത്തെ നിഷേധിക്കുന്നു. ‘യഥാര്‍ത്ഥ’ദൈവത്തില്‍ നിന്നും വന്ന മനുഷ്യര്‍ക്കു് തിരിച്ചു് ദൈവത്തില്‍ എത്തിച്ചേരാന്‍ യേശുവിന്റെ ആവശ്യമില്ല. മാത്രവുമല്ല, അവര്‍ യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നുമില്ല. കാരണം, സാക്ഷാല്‍ ദൈവത്തിന്റെ മകനായ യേശുവിനു് ഭൗമികമായ ഒരു മരണം സംഭവിക്കുക എന്നതു് സാദ്ധ്യമല്ല എന്നായിരുന്നു അവരുടെ വിശ്വാസം. അവരുടെ അഭിപ്രായത്തില്‍, യേശുവിനു് പകരം മറ്റാരോ ആണു് കുരിശില്‍ മരിച്ചതു്. നോസ്റ്റിക്സിന്റെ കാഴ്ചപ്പാടില്‍ അവരായിരുന്നു യേശുവിന്റെ ആശയങ്ങള്‍ യഥാര്‍ത്ഥമായി പിന്തുടര്‍ന്നിരുന്നവര്‍. ഇതുപോലുള്ള അവരുടെ നിലപാടുകള്‍ സ്വാഭാവികമായും സഭാനേതൃത്വത്തിന്റെ കഠിനമായ എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. കുരിശില്‍ മരിക്കാത്ത, ഉയിര്‍ത്തെഴുന്നേല്‍ക്കാത്ത യേശു!? ക്രിസ്തുവില്‍ കൂടിയല്ലാത്ത വീണ്ടെടുപ്പു്!? പള്ളിയും പട്ടക്കാരനും ആവശ്യമില്ലാത്ത, സഭ എന്ന ഒരു സ്ഥാപനമേ ആവശ്യമില്ലാത്ത ഒരു ക്രിസ്തുമതം!? അങ്ങനെയൊരു ക്രിസ്തുമതത്തില്‍ പൗരോഹിത്യത്തിനു് എന്തു് സ്ഥാനം? അതുകൊണ്ടൊക്കെത്തന്നെ Gnosticism വേരോടേ പിഴുതെറിയപ്പെടേണ്ടതു് സഭാപിതാക്കളുടെ നിലനില്‍പ്പിന്റെ പ്രശ്നവുമായിരുന്നു.

അക്കാലത്തു് ഇടവകകളില്‍ നടപ്പിലിരുന്ന പല സുവിശേഷങ്ങളിലും സ്ത്രീകള്‍ക്കു് നല്‍കിയിരുന്ന സ്ഥാനമാനങ്ങളും പിതാക്കന്മാര്‍ക്കു് സഹിക്കാവുന്നതില്‍ അധികമായിരുന്നു. തോമാസിന്റെ സുവിശേഷത്തില്‍ അപ്പോസ്തലപദവിയുള്ള രണ്ടു് സ്ത്രീകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. ചില നോസ്റ്റിക്‌ ലിഖിതങ്ങളില്‍ ഔദ്യോഗികസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്ത്രീകളെപ്പറ്റി സൂചനയുണ്ടു്. ഒരിടത്തു് മഗ്ദലനമറിയ ശിഷ്യഗണത്തിലെ ഒന്നാമത്തവളായി അവരുടെ നേതൃത്വം അലങ്കരിക്കുന്നതായി പോലും വായിക്കാന്‍ കഴിയും! സഭയുടെ അംഗീകൃത പുതിയനിയമത്തില്‍നിന്നും ഈവിധത്തിലുള്ള യാതൊരു സൂചനയും നമുക്കു് ലഭിക്കുന്നില്ല. അതേസമയം, നാലാം നൂറ്റാണ്ടുവരെ സ്ത്രീകള്‍ സഭയില്‍ അധികാരസ്ഥാനങ്ങളില്‍ സജീവമായിരുന്നു എന്നതിനു് തെളിവുകളുണ്ടു്. പുരാതന കാലത്തെ പൊതുരീതിക്കു് വിരുദ്ധമായി, ആദ്യകാലക്രിസ്തുസഭയില്‍ സ്ത്രീകള്‍ക്കു് നേതൃത്വവും ഉത്തരവാദിത്വവും വഹിക്കാന്‍ അവകാശമുണ്ടായിരുന്നു. പക്ഷേ സഭയിലെ പുരുഷനേതൃത്വം സ്വന്തം സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്തു് നടപ്പിലാക്കിയ നയപരിപാടികള്‍വഴി സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്നും കാലക്രമേണ പുറന്തള്ളപ്പെട്ടു. ആദ്യനൂറ്റാണ്ടുകളില്‍ നിലവിലിരുന്ന മറ്റു് സുവിശേഷങ്ങള്‍ നിരോധിക്കപ്പെടാതിരുന്നെങ്കില്‍, അവ പുതിയനിയമത്തിലെ സുവിശേഷങ്ങള്‍ക്കു് തുല്യമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നു് സഭയിലെ അധികാരസ്ഥാനങ്ങളില്‍ തീര്‍ച്ചയായും സ്ത്രീകളും ഉണ്ടാവുമായിരുന്നു. അതു് മാത്രവുമല്ല, അവ വിലമതിക്കപ്പെട്ടിരുന്നുവെങ്കില്‍, യഹോവ എന്ന ദൈവത്തെ സംബന്ധിച്ചും, പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചും, യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ചുമെല്ലാം ലോകത്തില്‍ ഇന്നു് നിലവിലിരിക്കുന്ന സങ്കല്‍പങ്ങള്‍ മറ്റൊന്നായിരുന്നേനെ! പക്ഷേ ചരിത്രം മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. ‘യഥാര്‍ത്ഥവിശ്വാസം’ ഏതെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി വിശ്വാസിവിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച മത്സരം നിയന്ത്രണാതീതവും രക്തരൂഷിതവുമായി. ഔദ്യോഗികസഭ അംഗീകരിക്കാത്ത സുവിശേഷങ്ങളും ‘മതനിന്ദാഗ്രന്ഥങ്ങളും’ ചുട്ടെരിക്കപ്പെട്ടു. ഇത്തരം നടപടികള്‍ വഴി സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്നു് പുറംതള്ളപ്പെടുക മാത്രമല്ല, Gnosticism എന്ന ശാഖ തന്നെ പൂര്‍ണ്ണമായി നശിപ്പിക്കുകപ്പെടുകയും ചെയ്തു.

ഈ ‘വിശുദ്ധശുദ്ധീകരണത്തിന്റെ’ തലവനായിരുന്നു സഭയിലെ വിശുദ്ധനായ Irenaeus. Lyon-ലെ ബിഷപ്പായിരുന്ന ഇദ്ദേഹം 180-ല്‍ എഴുതിയ Adversus haereses (മതനിന്ദയ്ക്കെതിരെ) എന്ന പുസ്തകത്തിലൂടെ നോസ്റ്റിക്സ്‌ മതനിന്ദകരായി പ്രഖ്യാപിക്കപെട്ടു. യഹോവയല്ല, യേശുവല്ല, പത്രോസല്ല, പൗലോസുമല്ല, ഇറേണിയൂസ്‌ എന്ന സഭാപിതാവാണു് തീരുമാനിച്ചതു്, ഏതാണു് ശരിയായ ക്രിസ്തീയവിശ്വാസം എന്നു്! ബൈബിളില്‍ ‘അദ്ദേഹം സ്ഥാനം നല്‍കിയ’ നാലു് സുവിശേഷങ്ങള്‍ മാത്രമാണു് ശരിയായതെന്നും, അല്ലാത്തതെല്ലാം മതനിന്ദയാണെന്നും പ്രഖ്യാപിക്കപ്പെട്ടു. മതനിന്ദകര്‍ നിര്‍ദ്ദാക്ഷിണ്യം പിന്തുടര്‍ന്നു് നശിപ്പിക്കപ്പെട്ടു. ഇറേണിയൂസ്‌ ചൂണ്ടിക്കാണിക്കുന്ന പ്രമാണങ്ങളില്‍ അധിഷ്ഠിതമല്ലാത്ത ക്രിസ്തുമതം ഒരു ക്രിസ്തുമതമല്ല എന്നു് സമ്മതിച്ചവര്‍ രക്ഷപെട്ടു.

അതുകൊണ്ടു് Gnosticism സഭയില്‍ സ്വന്തമായ ഒരു പാദമുദ്രയും പതിപ്പിക്കാതെ മറയുകയായിരുന്നു എന്നര്‍ത്ഥമില്ല. ക്രിസ്തീയസഭയുടെ പല അനുശാസനങ്ങളും തത്വസംഹിതകളും രൂപമെടുത്തതുതന്നെ gnostic വിശ്വാസങ്ങളോടുള്ള പ്രതികരണം എന്ന രൂപത്തിലായിരുന്നു. സഭാപിതാവായ അഗസ്റ്റിന്റെ പഠിപ്പിക്കലുകള്‍ക്കുപോലും നോസ്റ്റിക്‌ ചിന്തകളോടുള്ള കടപ്പാടു് മറച്ചുപിടിക്കാനാവുന്നതല്ല.

ആരംഭകാലത്തെ ക്രിസ്തുമതത്തിനു് റോമാക്കാരില്‍ നിന്നും നേരിടേണ്ടിവന്ന പിന്തുടരലും പീഡനവും നേരിട്ടു് കണ്ടും അനുഭവിച്ചും അറിഞ്ഞവനായ Irenaeus തന്നെയാണു് മറ്റു് ക്രിസ്ത്യാനികളെ അവരുടെ വിശ്വാസപരമായ നിലപാടുകളിലെ വ്യത്യസ്തതയുടെ പേരില്‍ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതു് എന്നതാണു് ഈ നാടകത്തിലെ ഏറ്റവും വലിയ വിരോധാഭാസം! അതു് തിരിച്ചറിയുന്നതുവഴി നമുക്കു് ലഭിക്കുന്നതു്, സഭാപിതാക്കള്‍ പ്രസംഗിക്കുന്ന ദൈവനീതിയിലും അയല്‍പക്കസ്നേഹത്തിലുമൊക്കെ മറഞ്ഞിരിക്കുന്ന കാപട്യവും മുതലക്കണ്ണീരും കൃത്യമായി അളക്കാന്‍ കഴിയുന്ന ഒരു അളവുകോലാണു്.

അതിലൊക്കെ ഉപരിയായി, ഇത്തരം ചരിത്രങ്ങളില്‍നിന്നും സംശയലേശമില്ലാതെ നമുക്കു് (വേണമെങ്കില്‍!) മനസ്സിലാക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എല്ലാ ദൈവശാസ്ത്രങ്ങളുടെയും, എല്ലാ സ്വര്‍ഗ്ഗസങ്കല്‍പങ്ങളുടെയും, എല്ലാ ദൈവികവെളിപാടുകളുടെയും പിന്നില്‍ മറഞ്ഞിരിക്കുന്ന ‘രഹസ്യം’ മനുഷ്യബുദ്ധിയും മനുഷ്യന്റെ കൈവേലകളും മാത്രമാണെന്ന നിഷേധിക്കാനാവാത്ത സത്യമാണു്. ലളിതമാണു് ഈ സത്യം. പക്ഷേ അതു് തിരിച്ചറിയണമെങ്കില്‍ കാണാതെ പഠിച്ച കുറെയേറെ ‘സര്‍വ്വസമവാക്യങ്ങള്‍’ ചവറ്റുകുട്ടയില്‍ എറിയണം. ഒരു മനുഷ്യജന്മം മുഴുവന്‍ ശ്രമിച്ചാലും സാധിക്കണമെന്നില്ലാത്ത ഒരു ജോലിയാണതു്. കാരണം, കാണാതെ ‘പഠനം’ വഴി കര്‍ത്താവും കര്‍മ്മവും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നു. നിയന്ത്രിക്കേണ്ടവന്റെ നിയന്ത്രണം കാണാതെ പഠിച്ചവ ഏറ്റെടുക്കുന്നു, നീരാളിപ്പിടിത്തം പോലെ! – മിക്കവാറും എല്ലായ്പോഴും മരണം വരെ ആ പിടിയില്‍നിന്നും മനുഷ്യനു് മോചനം നല്‍കാതെ! താന്‍ ആത്യന്തികസത്യത്തിന്റെ “പിടിയില്‍” സുരക്ഷിതനാണെന്ന മിഥ്യാബോധം മൂലം മോചനം നേടണമെന്ന ആഗ്രഹം പോലും അവനില്‍ ഉദിപ്പിക്കാതെ!

 
5അഭിപ്രായങ്ങള്‍

Posted by on ഏപ്രില്‍ 24, 2008 in മതം, ലേഖനം

 

മുദ്രകള്‍: , ,

ക്ഷയരോഗവും നാലു് ശാസ്ത്രജ്ഞരും

സ്ത്രീകള്‍ക്കു് ‘ആവശ്യത്തിലേറെ’ തുടുത്ത മാറിടം ഉണ്ടായാല്‍ അതുപോലും ചില വിരുതന്മാരെ മനുഷ്യവര്‍ഗ്ഗത്തിനു് പ്രയോജനകരമായ കണ്ടുപിടുത്തങ്ങളിലേക്കു് നയിക്കും. അങ്ങനെയൊരു വിരുതനായിരുന്നു stethoscope-ന്റെ ആദ്യമോഡല്‍ കണ്ടുപിടിച്ചവനും, ശ്വാസകോശവൈദ്യത്തിന്റെ പിതാവെന്നു് പൊതുവേ പരിഗണിക്കപ്പെടുന്നവനുമായ Rene Theophile-Hyacinthe Laennec എന്ന ഫ്രഞ്ച്‌ വൈദ്യന്‍! ചെവി നെഞ്ചിനോടു് ചേര്‍ത്തുവച്ചു് ശ്വാസകോശത്തിലും ഹൃദയത്തിലും ‘അപസ്വരങ്ങള്‍’ ഉണ്ടോ എന്നു് കേള്‍ക്കാനുള്ള ശ്രമം ചില ‘മുഴുത്ത കേസുകെട്ടുകളില്‍’ ഫലപ്രദമല്ല, അഭികാമ്യവുമല്ല. 1816-ല്‍ ഒരു സ്ത്രീയെ പരിശോധിക്കേണ്ടിവന്നപ്പോള്‍ അങ്ങനെയൊരു പ്രതിസന്ധിഘട്ടം നേരിടേണ്ടിവന്ന അദ്ദേഹം ഒരു കടലാസ്‌ ചുരുട്ടി കുഴലാക്കി അവരുടെ നെഞ്ചോടു് ചേര്‍ത്തുവച്ചു് നടത്തിയ പരീക്ഷണത്തിന്റെ വിജയമാണു് ആദ്യം ‘ഒറ്റച്ചെവിയന്‍’ തടിക്കുഴലും, പിന്നീടു് ഇന്നത്തെ ‘ഇരട്ടച്ചെവിയന്‍’ സ്റ്റെതസ്കോപ്പും ആയി മാറിയതു്. എപ്പോഴുമെന്നപോലെ, ഇക്കാര്യത്തിലും ആദ്യമാദ്യം പല വൈദ്യന്മാരും ‘ഫ്രഞ്ചു് ഫാഷന്‍’ എന്നു് പരിഹസിച്ചു് ഈ പരിശോധനാരീതിയെ തള്ളിക്കളഞ്ഞിരുന്നു. പക്ഷെ, അധികം താമസിയാതെ ഹൃദയ-ശ്വാസകോശപരിശോധനയുടെ ഒരു അവിഭാജ്യഘടകമായി stethoscope അംഗീകരിക്കപ്പെട്ടു.
അങ്ങനെ, സ്റ്റെതസ്കോപ്പിന്റെ കണ്ടുപിടുത്തം വഴി അക്കാലത്തു് യൂറോപ്പിലെ ഒരു സാധാരണ രോഗമായിരുന്ന ശ്വാസകോശത്തിലെ ക്ഷയരോഗവും രോഗിയുടെ നെഞ്ചില്‍ ചെവി ചേര്‍ത്തു് വയ്ക്കാതെ ‘കേള്‍ക്കാന്‍’ വൈദ്യന്മാര്‍ക്കു് കഴിഞ്ഞു. പക്ഷേ കേള്‍ക്കുകയല്ലാതെ ഫലപ്രദമായ മരുന്നുകളൊന്നും ആ രോഗത്തിനു് അന്നുണ്ടായിരുന്നില്ല. ക്ഷയരോഗത്തിന്റെ കാരണം ദാരിദ്ര്യവും, ഇരുണ്ടതും, ഈര്‍പ്പം നിറഞ്ഞതും, അനാരോഗ്യകരമായതുമായ മുറികളില്‍ തിങ്ങിയൊതുങ്ങിയുള്ള താമസവും ഒക്കെയാണെന്നായിരുന്നു വൈദ്യന്മാരുടെ ഇടയില്‍ പോലും വേരുറച്ചിരുന്ന പൊതുവായ ധാരണ. പ്രകൃത്യാ പ്രതിരോധശക്തി കുറഞ്ഞവരാണെന്നതിനാല്‍, കുഞ്ഞുങ്ങളായിരുന്നു ആ രോഗത്തിനിരയായിക്കൊണ്ടിരുന്നവരില്‍ അധികവും. കുറെനാളത്തെ സുഖവാസകേന്ദ്രങ്ങളിലെ താമസവും, സമൃദ്ധമായ ആഹാരവും, വ്യായാമവും, ശുദ്ധവായുവും, സൂര്യപ്രകാശവും ഒക്കെ ലഭ്യമാക്കുന്നതുവഴി രോഗത്തിനു് അല്‍പം ആശ്വാസം കാണാന്‍ കഴിഞ്ഞിരുന്നു എന്നല്ലാതെ രോഗത്തില്‍ നിന്നുള്ള മോചനം അസാദ്ധ്യമായിരുന്നു. രോഗകാരണം പോലും അജ്ഞാതമായിരുന്ന സാഹചര്യത്തില്‍ അതിനെതിരായ ചികിത്സയും ഉണ്ടാവാതിരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. രോഗത്തിനെതിരായ മരുന്നു് കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, രോഗാണുവിനെ തിരിച്ചറിയാന്‍ 1882-ല്‍ Robert Koch എന്ന ജര്‍മ്മന്‍ വൈദ്യനു് കഴിഞ്ഞു.

ഒരു ക്ഷയരോഗിയെ പരിശോധിക്കുന്ന വൈദ്യന്‍. കയ്യില്‍ ‘കുഴല്‍’ സ്റ്റെതസ്കോപ്പു്

1866-ല്‍ മെഡിസിനില്‍ ബിരുദമെടുത്ത Robert Koch കുറെനാളത്തെ പ്രാക്ടീസും യുദ്ധകാലസേവനവും ഒക്കെയായി ചുറ്റിക്കറങ്ങിയശേഷം 1871-ല്‍ ഡിസ്ട്രിക്റ്റ്‌ സര്‍ജന്‍ ആവുന്നു. അവിടെ അദ്ദേഹം ഒരു microscope, പരീക്ഷണവസ്തുക്കളുടെ നേരിയ പാളികള്‍ കീറിയെടുക്കുന്നതിനുള്ള ഒരു microtome, സ്വയം തട്ടിക്കൂട്ടിയ ഒരു incubator എന്നിവയുമായി ചെറിയ ഒരു ലാബറട്ടറി തുടങ്ങുന്നു. ആദ്യമാദ്യം കടല്‍സസ്യങ്ങളില്‍ പരീക്ഷണം ആരംഭിക്കുന്ന കോഹ്‌ പിന്നീടാണു് രോഗാണുപഠനത്തിലേക്കു് തിരിയുന്നതു്. anthrax ബാക്ടീരിയയെ സംബന്ധിച്ച വിജയകരമായ പഠനങ്ങളിലൂടെ പ്രശസ്തനായ Robert Koch താമസിയാതെ ക്ഷയരോഗത്തിനോടു് സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്നു. 1882-ല്‍ ക്ഷയരോഗത്തിനു് കാരണമാവുന്ന ദണ്ഡു് രൂപത്തിലുള്ള ബാക്ടീരിയയെ കോഹ്‌ കണ്ടെത്തിയതായി കേട്ടപ്പോള്‍ ‘ഉന്നതരായ’ പലവൈദ്യശാസ്ത്രജ്ഞര്‍ക്കും അതു് അംഗീകരിക്കുവാന്‍ മടിയായിരുന്നു! പക്ഷേ, ബാക്ടീരിയ വഴിയുള്ള infection ആണു് ക്ഷയരോഗം ഉണ്ടാക്കുന്നതെന്നു് കോഹ്‌ അസന്നിഗ്ദ്ധം പ്രഖ്യാപിച്ചു. തന്റെ കണ്ടുപിടുത്തത്തിനു് 1905-ല്‍ റോബര്‍ട്ട്‌ കോഹിനു് മെഡിസിനിലെ നോബല്‍ പ്രൈസ്‌ ലഭിച്ചു. ഇതൊക്കെയാണെങ്കിലും, ക്ഷയരോഗം ഉടനെ തുടച്ചുമാറ്റപ്പെടും എന്ന പ്രതീക്ഷ മാത്രം അസ്ഥാനത്തായി. ലോകത്തില്‍ പലയിടങ്ങളിലും ക്ഷയരോഗത്തിനെതിരായ മരുന്നിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അവയെല്ലാം പൂവണിയാതെ പോവുകയായിരുന്നു. ‘ടൂബര്‍കുലീന്‍’ എന്ന പേരില്‍ കോഹ്‌ നിര്‍മ്മിച്ച ഒരു ഔഷധവും രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ പരാജയപ്പെടുകയായിരുന്നു.

Robert Koch (11.12 1843 – 27.05.1910)

ക്ഷയരോഗത്തിനെതിരായ മരുന്നു് കണ്ടുപിടിക്കുന്നതിനുള്ള ജോലി പൂര്‍ത്തിയാക്കേണ്ട ചുമതല, വീണ്ടും അന്‍പതു് വര്‍ഷങ്ങള്‍ക്കു് ശേഷം Selman Abraham Waksman എന്ന, റഷ്യയില്‍ ജനിച്ച, അമേരിക്കക്കാരനായിത്തീര്‍ന്ന, ഒരു ജൈവരസതന്ത്രജ്ഞനില്‍ അധിഷ്ഠിതമായിരുന്നു. ന്യൂജഴ്സിയിലെ Rutgers University-യില്‍ മൈക്രോബയോളജിയുടെ തലവനായിരുന്ന വാക്സ്‌മാന്‍ 1943-ല്‍ Streptomyces Griseus എന്ന കൂണ്‍ജാതിക്കു് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുള്ളതായി കണ്ടെത്തി. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ അവയ്ക്കു് ക്ഷയരോഗത്തിന്റെ അണുക്കളെയും നശിപ്പിക്കാനാവും എന്നതിനു് തെളിവുനല്‍കി. അതില്‍നിന്നും അദ്ദേഹം വേര്‍പെടുത്തിയെടുത്ത Streptomycin, ലാബിലും, മൃഗങ്ങളിലും, ആശുപത്രികളിലും നടത്തിയ ടെസ്റ്റുകളില്‍ വിജയം നേടി. 1952-ല്‍ ഈ കണ്ടുപിടുത്തത്തിനു് വാക്‍സ്മാനു് നോബല്‍ പ്രൈസ്‌ ലഭിച്ചു.

Selman Abraham Waksman (22.07.1888 – 16.08.1973)

അതു് ക്ഷയരോഗത്തിനുമേലുള്ള താത്ക്കാലികവിജയം മാത്രമായിരുന്നു. തൊണ്ണൂറുകളില്‍ റഷ്യയിലെ ജയിലുകളില്‍ നിന്നും streptomycin-നെ ചെറുക്കാന്‍ കഴിയുന്ന അണുക്കളുടെ രൂപത്തില്‍ ക്ഷയരോഗം വീണ്ടും യൂറോപ്പില്‍ കുടിയേറി. ക്ഷയരോഗാണുക്കളുടെ mutation ഇന്നും വൈദ്യശാസ്ത്രത്തിനു് തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഈയിടെ നടത്തിയ ചില കണ്ടെത്തലുകള്‍ ഈ രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിക്കുമെന്നു് പ്രതീക്ഷിക്കാം.

ക്ഷയരോഗചികിത്സയില്‍ മാത്രമല്ല, വൈദ്യശാസ്ത്രത്തിലെ മറ്റു് പല മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു് അടിത്തറ പാകിയ മറ്റൊരു കണ്ടുപിടുത്തമാണു് 1895-ല്‍ Wilhelm Konrad Roentgen കണ്ടെത്തിയ X-Ray. Cathode Ray Tube-ലെ വൈദ്യുതിപ്രവാഹത്തെപ്പറ്റി പഠിക്കുന്നതിനിടയില്‍ തികച്ചും യാദൃച്ഛികമായാണു് Roentgen ശക്തമായ ഈ റേഡിയേഷന്‍ കണ്ടെത്തിയതു്. പ്രവര്‍ത്തനസമയത്തു്, ട്യൂബിനെ ഒരു കറുത്ത കട്ടിക്കടലാസുകൊണ്ടു് മൂടിവച്ചിട്ടും പുറത്തുവന്ന ഈ രശ്മി എത്രയോ പേജുകളുള്ള പുസ്തകത്തേയും, തടിക്കഷണങ്ങളേയും ലോഹത്തേയുമെല്ലാം തുളച്ചുകടക്കുന്നതായി കണ്ടെത്തിയ അദ്ദേഹം അതുപയോഗിച്ചു് തന്റെ തോക്കിന്റെ കുഴലിന്റേയും, മുറിയുടെ വാതിലിന്റേയുമെല്ലാം X-Ray ഫോട്ടോ എടുക്കുന്നു! പ്രകാശത്തിന്റേതുപോലെ പ്രതിഫലനമോ, അപഭംഗമോ ഒന്നും പ്രദര്‍ശിപ്പിക്കാതിരുന്നതുമൂലം പ്രകാശത്തില്‍നിന്നും വ്യത്യസ്തമായ ഏതോ രശ്മിയാണെന്ന തെറ്റിദ്ധാരണയില്‍ അദ്ദേഹം അതിനെ X-radiation എന്നു് നാമകരണം ചെയ്യുന്നു. (പിന്നീടു് അതു് Roentgen radiation എന്നു് അറിയപ്പെടാന്‍ തുടങ്ങി.) അങ്ങനെയിരിക്കെ, ആഴ്ചകളോളം ലാബറട്ടറിയില്‍ നിന്നു് പുറത്തിറങ്ങാതെ പരീക്ഷണം നടത്തുന്ന ഭര്‍ത്താവിനു് ചായയുമായി ഭാര്യ ബെര്‍ത്ത മുറിയിലെത്തുന്നു. അപ്പോഴാണു് ഭാര്യയുടെ കയ്യുടെ X-Ray പടം എടുത്തു് അവളെ കാണിക്കണമെന്നു് അദ്ദേഹത്തിനൊരു മോഹമുദിച്ചതു്! Bertha Roentgen-ന്റെ മോതിരമിട്ട കയ്യുടെ ചിത്രം അങ്ങനെ ലോകത്തിലെ ആദ്യത്തെ മനുഷ്യശരീരഭാഗത്തിന്റെ X-Ray ചിത്രമായി! വെറും ആറുമാസം കഴിഞ്ഞപ്പോഴേക്കും വൈദ്യന്മാര്‍ക്കു് ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലുള്ള പൂര്‍ണ്ണ X-Ray ഉപകരണങ്ങള്‍ മാര്‍ക്കറ്റിലെത്തി. Radiologist എന്നൊരു തൊഴില്‍ വിഭാഗം തന്നെ രൂപമെടുത്തു. പക്ഷേ, അശ്രദ്ധമായ ഉപയോഗം മൂലം കുറേ Radiologist-കള്‍ക്കു് സ്വന്തം ജീവന്‍ ബലികഴിക്കേണ്ടിവന്നപ്പോഴാണു്, അമിതമായ X-Ray മനുഷ്യശരീരത്തിനു് വരുത്താവുന്ന നാശത്തേപ്പറ്റി അവര്‍ ബോധവാന്മാരായതു്! ദോഷകരമായ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ ഇന്നു്, diagnostics-ല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍, അതും കൃത്യമായ അളവില്‍ മാത്രം, x-Ray ഉപയോഗിക്കുന്നു. 1901-ല്‍ Roentgen നോബല്‍ പ്രൈസിനു് അര്‍ഹനായി.

Wilhelm Conrad Roentgen (27.03.1845 – 10.02.1923)


Bertha Roentgen

ഈ ശാസ്ത്രജ്ഞരുടെ ചരിത്രം തീര്‍ച്ചയായും പലരും കേട്ടിട്ടുണ്ടാവും. മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി സ്വയം മറന്നു് അദ്ധ്വാനിച്ച ചില മഹാത്മാക്കളെ നന്ദിപൂര്‍വ്വം സ്മരിക്കുക എന്നതായിരുന്നു ഇവിടെ ലക്‍ഷ്യം.

 
ഒരു അഭിപ്രായം ഇടൂ

Posted by on ഏപ്രില്‍ 20, 2008 in ലേഖനം

 

മുദ്രകള്‍: , , ,

വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍

ഞാന്‍ ജന്മനാതന്നെ വളരെ ‘നല്ലവനും സത്‌സ്വഭാവിയും’ ആയതുകൊണ്ടു് എല്ലാവരേയും തൃപ്തിപ്പെടുത്തണമെന്നു് എനിക്കു് പണ്ടുമുതലേ കലശലായ നിര്‍ബന്ധമുണ്ടായിരുന്നു. തന്മൂലം, അബദ്ധത്തില്‍ എങ്ങാനും അതിനു് കഴിയാതെ വന്നാല്‍ ഞാന്‍ മഹാ ദുഃഖിതനുമായിരുന്നു. അങ്ങനെ ഒരിക്കല്‍ വല്ലാതെ ദുഃഖിച്ചു്, ബൈബിളിലെ പൂര്‍വ്വപിതാക്കന്മാര്‍ അതിദുഃഖം വരുമ്പോള്‍ ചെയ്യുന്നപോലെ ‘രട്ടുടുത്തു് ചാരക്കുഴിയില്‍’ ഇരിക്കുമ്പോഴാണു് “എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നതു് ആര്‍ക്കും സാധിക്കാത്ത ഒരു കലയാണു്” എന്ന Johann Wolfgang von Goethe-യുടെ ഒരു വാചകം വായിക്കാന്‍ ഇട വന്നതു്. “ആര്‍ക്കും പറ്റൂല്ലെങ്കി പിന്നെ നിനക്കു് എന്തോന്നിന്റെ സൂക്കേടാണ്‍ടാ ….” എന്ന വാചകത്തിന്റെ അവസാനം കുമ്പസാരക്കൂട്ടില്‍ നിന്നിറങ്ങുന്ന കുഞ്ഞച്ചന്മാര്‍ സ്വയം ശപിച്ചുകൊണ്ടും കുരിശുവരച്ചുകൊണ്ടും പറയാറുള്ള ആദ്യത്തെ നാലു് തെറികള്‍ തൊങ്ങല്‍ പോലെ കൂട്ടിച്ചേര്‍ത്തു് ആത്മഗതിച്ചിട്ടു് ഞാന്‍ ഉടനെ ചാരക്കൂട്ടില്‍ നിന്നും പുറത്തിറങ്ങി. രട്ടഴിച്ചുമാറ്റി ‘കള്ളന്‍’മുണ്ടു് ധരിച്ചു. (‘കള്ളി’മുണ്ടു് എന്നു് പറഞ്ഞാല്‍ സ്ത്രീകള്‍ ക്ഷോഭിച്ചാലോ!) മാത്രവുമല്ല, എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്ന ഏര്‍പ്പാടു് ആ നിമിഷത്തില്‍തന്നെ ഞാന്‍ നിര്‍ത്തുകയും ചെയ്തു. ഇതൊരു പൊതു അറിയിപ്പിന്റെ ‘കുമ്പസാരം വേര്‍ഷന്‍’ ആയി പരിഗണിക്കണമെന്നു് തത്പരകക്ഷികളോടു് വിനയവിധേയനായ ഈ ‘ഞാന്‍ ആകുന്ന ഞാന്‍’ വിനീതമായി അപേക്ഷിക്കുന്നു. (ശേഷം ആത്മകഥാകഥനം നരകത്തില്‍ എത്തിയശേഷം ‘compulsive compressions and compulsory convections’ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗിലൂടെ ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ‘Adults Only’ സര്‍ട്ടിഫിക്കറ്റുള്ളതുകൊണ്ടു് queue പാലിക്കാന്‍ പ്രായപൂര്‍ത്തിയെത്താത്തവരോടും പ്രായാധിക്യമെത്തിയവരോടും താഴ്മയായി ഇപ്പോഴേ അഭ്യര്‍ത്ഥിക്കുന്നു.)

“നീ മോഷ്ടിക്കരുതു്” എന്നു്, കല്ലില്‍ കൊത്തിയ അക്ഷരങ്ങളുടെ രൂപത്തില്‍ മനുഷ്യരോടു് കല്‍പിക്കുന്ന ഒരു ദൈവം വേറൊരവസരത്തില്‍ അതേ മനുഷ്യരോടു് മോഷ്ടിക്കാനും ആഹ്വാനം ചെയ്താല്‍ അതില്‍ ഒരു പരസ്പരവൈരുദ്ധ്യമുണ്ടു്. വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ അതംഗീകരിക്കുന്നതു് ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിലെ സാമാന്യമായ ഒരു മര്യാദയുമാണു്. എന്തിലെങ്കിലും ചുമ്മാ വിശ്വസിക്കാന്‍ ബുദ്ധി ഒരു നിര്‍ബന്ധമല്ല. സ്ഥിരപ്രതിഷ്ഠ നേടിയവയെ അവിശ്വസിക്കാന്‍ അല്‍പം ബുദ്ധി കൂടാതെ കഴിയുകയുമില്ല. വിശ്വാസി-അവിശ്വാസി ചേരികള്‍ തമ്മില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ഒരു ചര്‍ച്ച നിലവില്‍ വരാനാവാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. അങ്ങനെയൊരു ചര്‍ച്ച വഴി രണ്ടുപക്ഷവും എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അതു് സമയനഷ്ടം മാത്രമായിരിക്കും. “ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ യുക്തിപരവും ഭാഷാപരവുമായ രണ്ടു് വ്യത്യസ്ത തലങ്ങളിലുള്ളവയാണെങ്കില്‍ അവയെ ബന്ധിപ്പിക്കാന്‍ മൂന്നാമതൊരു തലം കൂടാതെ കഴിയുകയില്ല” എന്നു് Bertrand Russel വ്യക്തമാക്കിയിട്ടുണ്ടു്. അതുകൊണ്ടു് വെറുതേ ആ പണിക്കു് പോകാതിരിക്കുന്നതാണു് ഉത്തമം. ദൈനം ദിന ജീവിതത്തിലെ പല വസ്തുതകളും ആശയപരമായി പ്രകടിപ്പിക്കുവാന്‍ ഫോര്‍മല്‍ ലോജിക്കോ ഭാഷയോ പര്യാപ്തമല്ലാത്ത ഇത്തരം paradox B. C. ആറാം നൂറ്റാണ്ടില്‍ തന്നെ തത്വചിന്തകരുടെ തല പുകയിപ്പിച്ചിട്ടുണ്ടു്.

രസകരമായ പല ഉദാഹരണങ്ങള്‍ ഇതിനു് ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഇതാ ഒരുദാഹരണം: അറിയപ്പെടുന്ന ഒരു ‘നുണയന്‍’ “ഈ വാചകം നുണയാണു്” എന്നു് പറഞ്ഞാല്‍, അതു് നേരോ നുണയോ എന്നു് എങ്ങനെ നിശ്ചയിക്കും? ബെര്‍ട്രാന്‍ഡ്‌ റസ്സല്‍ അതു് ഇങ്ങനെ പ്രകടിപ്പിക്കുന്നു: The statement “I am lying” is true, only if it is false and false if it is true. അതുകൊണ്ടു് ‘നൂറ്റിയഞ്ഞൂറ്റിമൂന്നാമത്തെ’ പ്രാവശ്യം എനിക്കു് പറഞ്ഞതു് തന്നെ പറയേണ്ടി വരുന്നു: യുക്തിയുടേയും ഭാഷയുടേയും പണിയായുധങ്ങള്‍ ഉപയോഗിച്ചു് ദൈവം ഉണ്ടെന്നു് തെളിയിക്കാന്‍ വിശ്വാസികള്‍ക്കോ, ദൈവം ഇല്ലെന്നു് തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കോ സാധിക്കുകയില്ല. അതിനാല്‍, കൊക്കില്‍ ഒതുങ്ങാത്തതു് കൊത്താന്‍ നില്‍ക്കാതെ, താങ്ങാന്‍ കഴിയാത്തതു് തലയില്‍ കയറ്റാന്‍ നോക്കി നടു ഒടിഞ്ഞു് അകാലത്തിലേ അവതാളത്തിലാവാന്‍ മെനക്കെടാതെ, ‘സമ്പത്തു് കാലത്തു് തൈപത്തുവച്ചാല്‍ (തൈകള്‍ പതിനൊന്നോ പന്ത്രണ്ടോ ആയാലും കുഴപ്പമില്ല!) ആപത്തു് കാലത്തു് പൂവും കായുമൊക്കെ പത്തോ ഇരുപതോ വീതം പറിച്ചു് ‘ഞം ഞം’ വയ്ക്കാം. അവയില്‍ പത്തിലൊന്നോ, (കൂടുതല്‍ ദൈവാനുഗ്രഹം വേണമെന്ന ദുരുദ്ദേശം ഉണ്ടെങ്കില്‍, പത്തില്‍ പകുതിയോ അതില്‍ കൂടുതലോ!) പള്ളിക്കു് കൊടുത്താല്‍ അച്ചന്മാരും കപി-ആര്യന്മാരുമൊക്കെ തൈ വയ്ക്കാതെ തന്നെ കീര്‍ത്തനങ്ങള്‍ പാടി സസുഖം ‘ഞം ഞം’ വച്ചോളും താനും. പള്ളിക്കു് കൊടുക്കുന്നതിന്റെ രസീതു് വാങ്ങാന്‍ ഒരിക്കലും മറക്കരുതു്. സ്വര്‍ഗ്ഗവാതില്‍ക്കല്‍ ചെല്ലുമ്പോള്‍ കാണിക്കേണ്ടി വരും! മാര്‍ട്ടിന്‍ ലൂതറിന്റെ കാലത്തുതന്നെ അതങ്ങനെ ആയിരുന്നു! (അറിയാത്തവര്‍ ചരിത്രം വായിക്കുക!) ജനപ്പെരുപ്പം മൂലമുള്ള തള്ളിക്കയറ്റം തടയാന്‍ ‘മോളിലും’ ഈയിടെയായി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടു്. സ്വര്‍ഗ്ഗത്തിലെ ചുവപ്പുനാട മൂലം അഡ്‌മിഷനു് കാലതാമസം വരുമ്പോള്‍, നരകത്തിലേക്കെങ്കിലും വിസ നല്‍കിയില്ലെങ്കില്‍ ഭൂമിയിലേക്കു് തിരിച്ചുപോകുമെന്നുവരെ ചിലര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നാണു് ആധികാരിക കേന്ദ്രങ്ങളില്‍ നിന്നുള്ള അറിവു്! ഇത്രയുമൊക്കെ പറഞ്ഞതുകൊണ്ടു് മോഷ്ടിക്കാനും, മോഷ്ടിക്കാതിരിക്കാനും ദൈവത്തേപ്പോലൊരു ‘മനുഷ്യന്‍’ ഒരേ വായ്കൊണ്ടു് പറയുന്നതോ, ഇടത്തോട്ടും വലത്തോട്ടും ഒരേസമയം ഓടാന്‍ ഒരു ഡ്രില്‍ മാസ്റ്റര്‍ കുട്ടികളോടു് ആജ്ഞാപിക്കുന്നതോ ഒന്നും വൈരുദ്ധ്യമല്ല എന്നു് വരുന്നില്ല, ഉണ്ടോ?

അപ്പൊ, പറഞ്ഞുവന്നതു് വിശുദ്ധവചനങ്ങളിലെ വൈരുദ്ധ്യങ്ങളെപ്പറ്റി. എവിടെ തുടങ്ങണമെന്നതു് ഒരു പ്രശ്നമല്ല. എവിടെ വേണമെങ്കിലും തുടങ്ങാം. അതുകൊണ്ടു് മിസ്രയിമില്‍ നിന്നും കനാന്‍ ദേശത്തേക്കു് പുറപ്പെടുന്നതിനുമുന്‍പു്, യഹൂദരെക്കൊണ്ടു് മിസ്രയിമ്യരെ കൊള്ള ചെയ്യിക്കാന്‍ യഹോവ മോശെക്കു് കൊടുക്കുന്ന നിര്‍ദ്ദേശത്തില്‍ തുടങ്ങുന്നു. ശ്രദ്ധിക്കൂ: “ഓരോ സ്ത്രീ തന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരേയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.” – (പുറപ്പാടു് 3: 22) അതേ ദൈവത്തെപ്പറ്റി തന്നെയാണു് കനാനിലേക്കുള്ള വഴിമദ്ധ്യേ രണ്ടു് കല്‍പലകകളില്‍ സ്വന്ത കൈകൊണ്ടു് പത്തു് കല്‍പനകള്‍ എഴുതി മോശെയെ ഏല്‍പിച്ചു എന്നും, അതിലൊന്നു് “നീ മോഷ്ടിക്കരുതു്” എന്നായിരുന്നു എന്നും നമ്മള്‍ വായിക്കുന്നതു്. മോഷ്ടിക്കണമെന്നും മോഷ്ടിക്കരുതെന്നും ഒരേ ദൈവം പറയുന്നുവെങ്കില്‍ അതില്‍ ഒരു പൊരുത്തക്കേടുണ്ടു്, സാമാന്യബോധത്തിനു് നിരക്കാത്ത ഒരു അപാകതയുണ്ടു്. ഈ വൈരുദ്ധ്യം വൈരുദ്ധ്യമാണെന്നു് സമ്മതിക്കേണ്ടതു് മനുഷ്യന്റെ തലച്ചോറിലെ യുക്തിബോധത്തിന്റെ മൗലികമായ ഒരു ബാദ്ധ്യതയുമാണു്. അതിനു് തയ്യാറാവാതിരിക്കുക എന്നാല്‍, അതു് തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ചയില്‍ എവിടെയോ എന്തോ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടു് എന്നതിന്റെ തെളിവായി വേണം മനസ്സിലാക്കാന്‍. (ഇതു് സംബന്ധിച്ചു് കൂടുതല്‍ വിവരങ്ങള്‍ cognitive neurobiology, psychology മുതലായ faculty- കളില്‍ ലഭ്യമാണു്. )

ഇനി, ‘എല്ലാമറിയുന്ന’ ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു് താനും എല്ലാമറിയുന്നവനാണു് എന്ന ധാരണ പുലര്‍ത്തുന്ന മുട്ടായുക്തിക്കാരനായ ഏതെങ്കിലും ഒരു ‘സത്യക്രിസ്ത്യാനി’ ചോദിക്കുന്നു എന്നു് കരുതൂ: ” മോഷ്ടിക്കാന്‍ ദൈവം പറഞ്ഞതു് പത്തു് കല്‍പനകള്‍ നല്‍കുന്നതിനു് മുന്‍പല്ലേ? അതിലെന്തു് തെറ്റു്?” ഇങ്ങനെയൊരു ചോദ്യം ഞാന്‍ സങ്കല്‍പിച്ചെടുത്ത ഒരു സാദ്ധ്യതയാണെന്നു് നിങ്ങള്‍ കരുതണ്ട. ഇതിനേക്കാള്‍ അത്ഭുതകരമായ വാദമുഖങ്ങള്‍ ഞാന്‍ തന്നെ പലവട്ടം കേട്ടിട്ടുണ്ടു്. ചോദ്യം പൊട്ടത്തരമെങ്കിലും വാദത്തിനു് വേണ്ടി അതുപോലും അംഗീകരിച്ചുകൊണ്ടു് നമ്മള്‍ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു എന്നും കരുതൂ! “നീ കൊല ചെയ്യരുതു്” എന്നു് ദൈവം പത്തു് കല്‍പനകള്‍ വഴി ആജ്ഞാപിച്ചതിനു് ശേഷം മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ അതേ ദൈവം തന്നെ കല്‍പിക്കുന്ന ഒരു ഭാഗം വൈരുദ്ധ്യതയുടെ മറ്റൊരു ഉദാഹരണമായി നമ്മള്‍ ചൂണ്ടിക്കാണിക്കുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളില്‍ ശ്വാസമുള്ള ഒന്നിനേയും ജീവനോടെ വക്കാതെ ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്‍പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.”- (ആവര്‍ത്തനം 20: 16, 17) “നീ കൊല ചെയ്യരുതു്” എന്നു് കല്‍പിച്ച അതേ ദൈവം ‘ആ കല്‍പന നല്‍കിയ ശേഷം’ അന്യജാതിക്കാരായ വിവിധ ജനവിഭാഗങ്ങളെ നിഷ്കരുണം കൊന്നൊടുക്കാന്‍ യഹൂദരോടു് ആഹ്വാനം ചെയ്യുകയും, അതുവഴി അവരുടെ വര്‍ഗ്ഗനാശത്തിനെത്തന്നെ നീതീകരിക്കുകയും ചെയ്യുന്നു! ഇവിടെയും കാണും സത്യവിശ്വാസിക്കു് മുട്ടായുക്തിയായി എന്തെങ്കിലും ഒരു ഉരുണ്ടുകളി! സകല മനുഷ്യരെയും ദൈവമാണു് സൃഷ്ടിച്ചതെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട ‘സ്വന്തം’ ജനമായ യഹൂദര്‍ എന്ന, മറ്റേതൊരു മനുഷ്യനേയും പോലെ ‘വിയര്‍പ്പുഗന്ധവും വായ്നാറ്റവും’ ഉള്ള ഒരു മനുഷ്യവിഭാഗത്തിനു് ആ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്നവരുടെ പട്ടണങ്ങള്‍ പതിച്ചുകൊടുക്കുന്നതിനുവേണ്ടി അവിടെയുള്ള ‘ജാതികളെ’ genocide ചെയ്യുന്ന ഒരു യഹോവയെ ലോകവാസികള്‍ ഇന്നു് ദൈവമായി അംഗീകരിക്കണമെന്നു് ഘോഷിക്കാന്‍ ലജ്ജ തോന്നാത്തതിലല്ലേ നമ്മള്‍ അത്ഭുതപ്പെടേണ്ടതു്?

പരസ്പരവൈരുദ്ധ്യങ്ങള്‍ക്കു് ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എനിക്കു് ‘വിശുദ്ധ’ വേദപുസ്തകത്തില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയും. കഴിയാത്തതു്, ബൈബിള്‍ മുഴുവന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അപ്പാടെ ദൈവവചനങ്ങളും സത്യങ്ങളുമാണെന്നു് കണ്ണുമടച്ചു് വിശ്വസിക്കുന്നവരെ ഈ വൈരുദ്ധ്യം മനസ്സിലാക്കിക്കൊടുക്കലാണു്. ഒരു മൊട്ടുസൂചിക്കു് ഒന്നു് കുത്തിയാല്‍ ശൂന്യമാവുന്ന വെറുമൊരു സോപ്പുകുമിളയാണു് തങ്ങളുടെ ശാശ്വതസത്യം എന്നു് തിരിച്ചറിയേണ്ടി വരുന്നതിലെ ഭയം മൂലം അതിനു് ശ്രമിക്കുന്നവരുടെ പുറകെ കൊലവിളിയുമായി എത്താനാണു് ദൈവസ്നേഹം മാതൃകയാക്കുന്ന സത്യവിശ്വാസികള്‍ക്കു് കൂടുതല്‍ താല്‍പര്യം! ബോധോദയത്തിന്റെ സുവര്‍ണ്ണരശ്മികളേക്കാള്‍ ഭക്തിയുടെ മെഴുകുതിരിവെളിച്ചത്തെ അവര്‍ സ്നേഹിക്കുന്നു. സ്വയം അന്വേഷിച്ചു് അറിയുന്നതിനേക്കാള്‍ ആരുടേയോ അറിവുകളെ ആത്യന്തികസത്യമായി അവര്‍ അംഗീകരിക്കുന്നു. വിശ്വാസസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന മുന്‍വിധി മൂലം അവയുടെ സംരക്ഷണത്തിനുവേണ്ടി തന്റേയും അന്യരുടേയും ജീവന്‍ പോലും ബലികഴിക്കാന്‍ അവര്‍ തയ്യാറാവുന്നു! തല മുണ്ഡനം ചെയ്തു്, കാവി ധരിച്ചു്, ഭിക്ഷ തേടി ജീവിച്ചതുകൊണ്ടുമാത്രം ആരും ‘ബുദ്ധന്‍’ ആവുകയില്ല. യേശുവിന്റെ അമലോത്ഭവത്തിലും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിച്ചതുകൊണ്ടു് മാത്രം ആരും ക്രിസ്ത്യാനിയും ആവുകയില്ല. ആത്മീയത, ദൈവവിശ്വാസം, മതവിശ്വാസം ഇവയെല്ലാം വ്യക്തിഗതമായ കാര്യങ്ങള്‍ മാത്രമായിരിക്കണം. അവയില്‍ സാമൂഹിക പ്രതിബദ്ധത അടിച്ചേല്‍പ്പിക്കുന്ന അതേ നിമിഷം അതു് കച്ചവടമായി മാറുകയാണു് ചെയ്യുന്നതു്.

മുകളില്‍ സൂചിപ്പിച്ചപോലെ, മോഷ്ടിക്കാനും കൊല്ലാനും വരെ യഹൂദരെ കര്‍ശനമായി ‘ഉപദേശിച്ച’ യഹോവ എന്ന ഈ ദൈവത്തെപ്പറ്റിത്തന്നെയാണു് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നതു്!: “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ‘ലോകത്തെ സ്നേഹിച്ചു'”!! എന്തൊരു മറിമായം, എന്തു് മായാജാലം! കഴിഞ്ഞവയെപ്പറ്റി യാതൊരു ബോധവുമില്ലാതെ, താന്‍ തന്നെ പറഞ്ഞ കാര്യങ്ങളുടെ ക്രൂരതയെപ്പറ്റി യാതൊരു പശ്ചാത്താപമോ, മനശ്ചാഞ്ചല്യമോ ഇല്ലാതെ, വംശനാശത്തില്‍ നിന്നും വിശ്വസ്നേഹത്തിലേക്കുള്ള ദൈവികമായ ഒരു കുതിച്ചുചാട്ടം! ദൈവം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, എന്തെങ്കിലും ‘ദൈവീകത’ നല്‍കാന്‍ കഴിയുമെങ്കില്‍, അതുപോലൊരു ദൈവം ഇതുപോലൊരു metamorphosis-നു് തന്നെത്തന്നെ വിധേയനാക്കുമെന്നു് തോന്നുന്നില്ല. വിശ്വാസാധിക്യം മൂലം കണ്ണും കാതുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്ന മനുഷ്യര്‍ക്കു് മാത്രമേ ഇതില്‍ വൈരുദ്ധ്യത കാണാതിരിക്കാന്‍ കഴിയുകയുള്ളു.

വേണമെങ്കില്‍ തത്കാലത്തെ ‘the last cry’ എന്നു് വിളിക്കാവുന്ന ഒരു വിളംബരമാണു്, പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന ‘കുറ്റസമ്മതം’ ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത! മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം! എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ്‌ തോമ്പില്‍ ഇട്ട ഒരു കമന്റില്‍, സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. “മലങ്കര മത്തായിമാര്‍ക്കു് ഇത്രയൊക്കെ മതി” എന്ന അനുഭവാധിഷ്ഠിത അറിവിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ചില ക്രിസ്തീയ പുരോഹിതര്‍ ഇങ്ങനെ ഒരു വെടി പൊട്ടിച്ചിട്ടുണ്ടാവാം. സംശയാലുക്കളുടെ കണ്ണില്‍ പൊടിയിട്ടു് നിശബ്ദരാക്കാന്‍ അവര്‍ അതും അതിലപ്പുറവും ചെയ്യും, എന്നും ചെയ്തിട്ടുമുണ്ടു്. പക്ഷേ, സഭയെ സംബന്ധിച്ചു് അങ്ങനെയൊരു ഔദ്യോഗികനിലപാടു് ആത്മഹത്യാപരമായിരിക്കും. ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് കത്തോലിക്കാസഭാനേതൃത്വം ഒരു ഇടയലേഖനം വഴി ആധികാരികമായി അംഗീകരിക്കുമെന്നോ, സഭ അതിനു് എന്നെങ്കിലും തയ്യാറാവുമെന്നോ സാമാന്യബോധമുള്ള ആരും ചിന്തിക്കുമെന്നു് തോന്നുന്നില്ല. ഏതെങ്കിലും ഒരു അച്ചനോ ബിഷപ്പോ അതിനു് ധൈര്യപ്പെട്ടാല്‍, അതു് ‘വത്തിക്കാന്‍’ അറിഞ്ഞാല്‍, അവര്‍ സഭയില്‍ നിന്നും കയ്യോടെ ബഹിഷ്കരിക്കപ്പെടുമെന്ന കാര്യത്തിലും ആര്‍ക്കും ഒരു സംശയവും വേണ്ട. ‘സംശയാലുക്കളെ’ പുറത്താക്കുന്നതു് അയല്‍പക്കസ്നേഹവുമായി തികച്ചും ‘പൊരുത്തപ്പെടുന്ന’ ഒരു business as usual മാത്രമാണു് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം! അതെന്നും അങ്ങനെ തന്നെ ആയിരുന്നുതാനും. ബൈബിളും, മോശെയും, ക്രിസ്തുവും ഒന്നുമല്ല, സഭയുടെ നിലനില്‍പാണു് പ്രശ്നം! സമ്പത്തു് പെരുകാന്‍ സത്യങ്ങള്‍ മറച്ചു് പിടിക്കേണ്ടിവരും! അതു് പാപമല്ല. ഇനി പാപമാണെങ്കില്‍തന്നെ, ധൂപക്കുറ്റി വീശി, അല്‍പം ‘ആനാംവെള്ളം’ അങ്ങു് തളിച്ചേക്കും! ‘ആനാംവെള്ളം’ വഴി ശുദ്ധീകരിക്കപ്പെടാത്ത പാപമെവിടെ? കുന്തിരിക്കത്തിന്റെ പുകയില്‍ പുറത്തുചാടാത്ത സാത്താനെവിടെ?

ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിക്കുക എന്നാല്‍ അതിനര്‍ത്ഥം, യഹൂദവിശ്വാസത്തിന്റെ മാത്രമല്ല, ക്രിസ്തുമതത്തിന്റെയും, ഇസ്ലാമിന്റെ പോലും അടിത്തറ ഇളക്കിമാറ്റുക എന്നതായിരിക്കും! കാരണം ഈ മൂന്നു് മതങ്ങളും വിശ്വസിക്കുന്ന ദൈവം, അടിസ്ഥാനപരമായി, യഹോവ എന്ന ദൈവമാണു്. യഹൂദരുടെ മിസ്രയിമില്‍ നിന്നുള്ള വിമോചനത്തിനും, അവിടെ നിന്നും കനാന്‍ ദേശത്തേക്കുള്ള (നാല്‍പതു് വര്‍ഷം നീണ്ടുനിന്ന!) പുറപ്പാടിനും മോശയെ ചുമതലപ്പെടുത്താന്‍ ഹോരേബ്‌ പര്‍വ്വതത്തില്‍ വച്ചു് ആളിക്കത്തുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന ഒരു മുള്‍മരത്തിന്റെ രൂപത്തില്‍ മോശെക്കു് പ്രത്യക്ഷപെട്ട ദൈവം! അബ്രാഹാമിനെ പൂര്‍വ്വപിതാവായും, യേശുവിനെ പ്രവാചകനായും അംഗീകരിക്കുന്ന മുസ്ലീമുകള്‍ ‘അള്ളാ’ എന്ന പേരു് നല്‍കി വിളിക്കുന്ന അതേ ദൈവം! യഹൂദര്‍ അവരുടെ പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവം എന്നു് വിളിക്കുന്ന യഹോവ! ക്രിസ്ത്യാനികള്‍ യേശുവിന്റെ പിതാവു് എന്നു് വിശ്വസിക്കുന്ന യഹോവ എന്ന അതേ ദൈവം! ഉത്പത്തിയിലും പുറപ്പാടിലും വര്‍ണ്ണിക്കപ്പെടുന്ന സംഭവപരമ്പരകള്‍ വെറും മിത്താണു് എന്നു് സമ്മതിക്കുക എന്നാല്‍, യഹോവ എന്ന ആ ഏകദൈവത്തിന്റെ സാധുത്വത്തെത്തന്നെ ചോദ്യം ചെയ്യുക എന്നേ വരൂ. അതുവഴി പ്രതിക്കൂട്ടില്‍ കയറേണ്ടി വരുന്നതു് ക്രിസ്തുസഭ വിശുദ്ധം എന്നു് പ്രഖ്യാപിച്ചിരിക്കുന്ന പല വിശ്വാസസത്യങ്ങളുമായിരിക്കും! യഹോവ കന്യകമറിയത്തില്‍നിന്നും ജനിപ്പിച്ചു എന്നു് പഠിപ്പിക്കപ്പെടുന്ന യേശുവിന്റെ പിതൃത്വവും അമലോത്ഭവവും അടക്കമുള്ള സഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങള്‍, ആ കുറ്റസമ്മതത്തിലൂടെ ഒഴുകി ഒലിച്ചുപോവുന്ന മൂലക്കല്ലുകളില്‍ ചിലതു് മാത്രമായിരിക്കും! ചുരുക്കത്തില്‍, ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിച്ചു എന്ന പ്രഖ്യാപനം, സഭയിലെ ഒരുപാടു് പഴയ മിത്തുകളുടെയിടയിലെ ഒരു ‘പുത്തന്‍ മിത്തു്’ എന്നതു് മാത്രമേ യാഥാര്‍ത്ഥ്യമാവാന്‍ കഴിയൂ. “ഒത്താല്‍ ഒരു കൊച്ചുവള്ളം, പോയാല്‍ ഒരു മാമ്പലക”! ആരാണു് ഇങ്ങനെയൊരു നിലപാടു് പ്രഖ്യാപിച്ചതു്, ആരാണു് ഇതു് പ്രസിദ്ധീകരിച്ചതിനു് പിന്നില്‍ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എങ്ങും എത്തില്ല, ആരെയും കണ്ടെത്തുകയുമില്ല.

ഒരിടയ്ക്കു് എനിക്കു് ചില എഴുത്തുകള്‍ ലഭിക്കുമായിരുന്നു. ഏതെങ്കിലും വിശുദ്ധയെയോ വിശുദ്ധനെയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതും, അയാള്‍ വഴി ആര്‍ക്കൊക്കെയോ ലഭിച്ച അനുഗ്രഹങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടുള്ളതും ആയിരുന്നു അവ. ആ എഴുത്തിന്റെ കുറെ കോപ്പികള്‍ എടുത്തു് (കൃത്യ എണ്ണം പറഞ്ഞിരിക്കും!) പരിചയക്കാര്‍ക്കു് അയച്ചുകൊടുക്കണം! അങ്ങനെ ചെയ്താല്‍ കിട്ടുന്ന നേട്ടങ്ങളുടെ വര്‍ണ്ണനയാണു് പിന്നെ! അതിനുശേഷം, അങ്ങനെ ചെയ്യാന്‍ മടിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സംഭവിച്ച, മരണമടക്കമുള്ള, അത്യാഹിതങ്ങള്‍ സൂചിപ്പിച്ചുകൊണ്ടു് മനഃശാസ്ത്രപരമായ ഒരു ഭീഷണിയും! ‘ഉണ്ണിയെ കണ്ടാലറിയാം ഊറ്റിലെ പഞ്ഞം’ എന്നപോലെ, ആദ്യവാചകം വായിക്കുമ്പോള്‍ തന്നെ കാര്യം പിടി കിട്ടിയിരുന്നതിനാല്‍, അവ ഞാന്‍ ഒട്ടും താമസിക്കാതെ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിഞ്ഞിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തിനു് ശേഷം, ‘ലെവനെ’ ഒഴിവാക്കിയേക്കാന്‍ വിശുദ്ധന്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, പിന്നെ ‘ഗബ്രിയേല്‍ മാലാഖ’ സദ്‌വര്‍ത്തമാനവുമായി എഴുത്തിന്റെ രൂപത്തില്‍ എന്നെ തേടി വന്നിട്ടില്ല.

ഏതെല്ലാം മാനസികരോഗികളാണു് ഇവിടെ ദൈവത്തെ സഹായിക്കാന്‍ ‘പണിപ്പുരയില്‍’ സജീവമായിരിക്കുന്നതെന്നു് ചിന്തിച്ചാല്‍ മതി. ഇത്തരത്തില്‍ പെട്ടവരാണു് ‘യുക്തി’ ഉപയോഗിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി തിരിച്ചിരിക്കുന്നതു്. ഈ സമൂഹദ്രോഹികള്‍ ദൈവത്തെ നന്നാക്കാന്‍ നോക്കാതെ സ്വയം നന്നാവാനുള്ള വഴി തേടുകയാണു് ആദ്യം ചെയ്യേണ്ടതു്. അതിനു് കൂടുതല്‍ അനുയോജ്യം മനോരോഗാശുപത്രിയോ, ദുര്‍ഗ്ഗുണപരിഹാരപാഠശാലയോ ആയിരിക്കും. ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് മൂന്നു് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന ഒരു സ്ത്രീയുടെ രോഗവും religious mania ആയിരുന്നു. ഇപ്പോള്‍ ആളുപദ്രവം ഉണ്ടാവാതിരിക്കാന്‍ പൂട്ടിയിടുന്നവരുടെ psychiatry clinic-നുള്ളില്‍ കിടന്നു് ആ സ്ത്രീ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു! ഈ കേസ്‌ യൂറോപ്പിലല്ല, കേരളത്തിലായിരുന്നുവെങ്കില്‍, കുഞ്ഞാടിന്റെ രോഗം മറ്റെന്തോ ആണെന്നു് വരുത്താന്‍‍ ഇടയര്‍ ലേഖനപരമ്പര തന്നെ ഇറക്കിയേനെ! പറ്റുമെങ്കില്‍ ജാഥയും സമരവും ഹര്‍ത്താലും പോലും!

സാമ്പത്തിക പരാധീനത മൂലം കോളേജിലെ ക്രിസ്തീയമേധാവികളില്‍ നിന്നു് പീഡനം‍ അനുഭവിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി സഹികെട്ടു് അവസാനം ആത്മഹത്യ ചെയ്തപ്പോള്‍ അവള്‍ എഴുതിയ ചരമകുറിപ്പു് മറ്റാരോ എഴുതിയതാണെന്നു് പറയാന്‍ വരെ മടിക്കാത്തവരല്ലേ യേശുവിന്റെ നിര്‍മ്മലസ്നേഹത്തിന്റെ പ്രതിനിധികള്‍ എന്നു് അഭിമാനിക്കുന്ന പൌരോഹിത്യവര്‍ഗ്ഗം‍! എല്ലാവരും അങ്ങനെ അല്ലല്ലോ എന്നാവാം എതിര്‍യുക്തി! കേരളീയര്‍ ഒന്നടങ്കം തങ്ങളെപ്പറ്റിത്തന്നെ ലജ്ജിക്കുകയാണു് വേണ്ടതു്!

ബൈബിളില്‍ അവിടെയും ഇവിടെയും ഉള്ള നുറുങ്ങുകള്‍ക്കു് പള്ളി നല്‍കുന്ന വിശദീകരണങ്ങള്‍ ചില ഞായറാഴ്ചകളില്‍ കേട്ടതിന്റെ പേരില്‍ ‘മതപണ്ഡിതര്‍’ ചമയുന്നവരുമായി ശാസ്ത്രത്തിന്റേയും ചിന്തകളുടേയും അടിസ്ഥാനത്തില്‍, ഏതെങ്കിലുമൊരു വിഷയത്തില്‍ യഥാതഥമായ അന്വേഷണങ്ങളും അപഗ്രഥനങ്ങളും ഒരിക്കലും സാദ്ധ്യമാവുകയില്ല. വിദ്യാഭ്യാസത്തിലൂടെയും, വായനയിലൂടെയും, ജീവിതാനുഭവങ്ങളിലൂടെയും അറിവും ഉള്‍ക്കാഴ്ചയും നേടിയാല്‍, മിക്കവാറും എല്ലാ വിഷയങ്ങളിലും ലോകത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലവിലുണ്ടെന്നു് മനസ്സിലാക്കാനെങ്കിലും അതു് സഹായിക്കും. അതു് ഒരാരംഭമാണു്. തീവ്രമായ പഠനങ്ങളിലൂടെ വിവിധ കാഴ്ചപ്പാടുകളിലെ, സത്യത്തോടു് കൂടുതല്‍ അടുത്തുനില്‍ക്കുന്ന വസ്തുതകളെ തിരിച്ചറിയാന്‍ ഒരുപക്ഷേ സഹായിച്ചേക്കാവുന്ന വെറും ഒരു തുടക്കം! കുര്‍ബ്ബാനക്രമത്തിന്റേയും കുന്തിരിക്കത്തിന്റേയും, വേദപുസ്തകത്തിന്റേയും വെന്തിങ്ങയുടെയും, കൊന്തയുടെയും കുരിശുവരയുടെയും ഇടുങ്ങിയ ലോകമല്ല അറിവിന്റെ ലോകം. ആ ലോകം ഇത്തിരി കൂടി വിശാലമാണു്.

“Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life.” – Lord Byron

“നന്മയിലേക്കുള്ള ജീവിതപരിവര്‍ത്തനമല്ലാതെ, ദൈവപ്രീതിക്കായി മനുഷ്യര്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരെന്നു് കരുതുന്ന മുഴുവന്‍ ചടങ്ങുകളും മതഭ്രാന്താണു്. ടിബറ്റിലെ പ്രാര്‍ത്ഥനാചക്രങ്ങളോടു് മാത്രമേ അതിനെ താരതമ്യം ചെയ്യാനാവൂ.” – Immanuel Kant.

 
20അഭിപ്രായങ്ങള്‍

Posted by on ഏപ്രില്‍ 13, 2008 in ലേഖനം

 

മുദ്രകള്‍: , ,

സര്‍വ്വശക്തനായ ദൈവത്തെപ്പറ്റി

ചില മതപണ്ഡിതര്‍ ദൈവം സര്‍വ്വശക്തനാണെന്നും, മനുഷ്യനു് തീരുമാനസ്വാതന്ത്ര്യം (free will) ഉണ്ടെന്നും ഒരേ വായ്കൊണ്ടു് പറയുന്നതിലെ വൈരുദ്ധ്യത്തിലേക്കു് വിരല്‍ ചൂണ്ടുകയാണു് ഈ ലേഖനത്തിന്റെ ലക്‍ഷ്യം.

ദൈവത്തിന്റെ സര്‍വ്വശക്തിയിലാണു് എല്ലാ മതങ്ങളും പണിതുയര്‍ത്തിയിരിക്കുന്നതു്. സര്‍വ്വശക്തന്‍ എന്നതിനു് എന്താണര്‍ത്ഥം? എല്ലാം തികഞ്ഞവന്‍, എല്ലാം അറിയുന്നവന്‍, നന്മ നിറഞ്ഞവന്‍, തിന്മ തൊട്ടു് തീണ്ടിയിട്ടില്ലാത്തവന്‍ എന്നൊക്കെയല്ലേ? അതായതു് മനുഷ്യന്റെ അളവുകോലിന്റെ അടിസ്ഥാനത്തില്‍, തെറ്റോ, കുറ്റമോ, കഴിവുകേടോ, ബലഹീനതയോ ഉണ്ടാവാന്‍ പാടില്ലാത്ത എന്തോ ഒന്നു്! പക്ഷേ, ആ എന്തോ ഒന്നിനെ അവന്‍ എന്നോ, അവള്‍ എന്നോ, അതു് എന്നോ വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നതുവഴി മാത്രം ‘എന്തോ ഒന്നായ’ ആ ദൈവത്തില്‍ മാനുഷികത്വത്തിന്റെ അംശം കലര്‍ത്തുകയല്ലേ നമ്മള്‍ ചെയ്യുന്നതു്? മാനുഷികഭാഷയോടുള്ള ദൈവത്തിന്റെ വിധേയത്വമല്ലേ അതു് കാണിക്കുന്നതു്? ദൈവത്തിനു് ലിംഗം ഉണ്ടോ ഇല്ലയോ എന്നോ, ദൈവം എന്താണു് ഏതാണു് എന്നോ ഉള്ള യാതൊരു വിവരവും മനുഷ്യനില്ല എന്ന വസ്തുത ഒരു വശത്തു്. എന്നിട്ടും, ദൈവത്തിന്റെ ലിംഗം സൂചിപ്പിക്കാന്‍ കഴിയുന്ന മൂന്നു് സാദ്ധ്യതകളില്‍ ‘പുരുഷലിംഗം’ എന്ന സാദ്ധ്യത സ്വീകരിക്കാനാണു് മനുഷ്യര്‍ക്കിഷ്ടം! ദൈവത്തെ ‘സര്‍വ്വശക്തന്‍’ എന്നു് വിളിച്ചു് ഒരു ‘പുരുഷന്‍’ ആക്കുന്നതിന്റെ മാനദണ്ഡം പൊതുവേ പുരുഷവര്‍ഗ്ഗം പ്രദര്‍ശിപ്പിക്കുന്ന ‘മാംസപേശികളില്‍’ അധിഷ്ഠിതമായ ശാരീരികശക്തിയല്ലാതെ മറ്റെന്താണു്? ദൈവത്തെ സര്‍വ്വശക്തനായി മാത്രം കാണാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം മനുഷ്യന്റെ സ്വന്തം ശക്തിഹീനതയെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റെന്താണു്?

ഈ യാഥാര്‍ത്ഥ്യമാണു്, മറ്റൊരു ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ, Ludwig Feuerbach- നെ തന്റെ പ്രസിദ്ധമായ ദൈവനിര്‍വചനത്തിലേക്കു് നയിച്ച അടിസ്ഥാനചിന്ത. “ദൈവം മനുഷ്യനു് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും, ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും, അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായ കാര്യങ്ങളുടെ പ്രത്യക്ഷീകരണമാണു്.” എത്ര മനോഹരമായി ഒരു വലിയ സത്യം അദ്ദേഹം പറഞ്ഞിരിക്കുന്നു! അതും വേണമെങ്കില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയില്‍! പക്ഷേ ഫൊയര്‍ബാഹിനെ ആര്‍ക്കുവേണം? മനുഷ്യനു് വേണ്ടതു് അത്ഭുതങ്ങളാണു്, വെളിപാടുകളാണു്!

സര്‍വ്വശക്തനായ ഒരു ദൈവം സര്‍വ്വജ്ഞാനിയും, മനുഷ്യന്റേയും സകല പ്രപഞ്ചത്തിന്റേയും ഭാവി അറിയുന്നവനും ആവണം. അതായതു്, ഒരു മനുഷ്യന്‍ നാളെ എന്തു് ചെയ്യും എന്നു് ദൈവത്തിനു് ‘ദൈവോത്ഭവം’ മുതല്‍ വ്യക്തമായ അറിവുണ്ടാവണം. ഭാവിയിലെ അവന്റെ ഓരോ പ്രവൃത്തിയും ദൈവത്താല്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നു് സാരം. ‘കാശിനു് രണ്ടു് എന്ന നിരക്കില്‍ വില്‍ക്കപ്പെടുന്ന കുരികില്‍ പോലും പിതാവായ ദൈവം സമ്മതിക്കാതെ നിലത്തു് വീഴുകയില്ല’ എന്നാണല്ലോ യേശുവും പറഞ്ഞതു്! (കുരികില്‍ സാധാരണ വീഴുകയല്ല, പറക്കുകയാണു്! എന്നിട്ടും ചിരിക്കാന്‍ കഴിയുന്നതിനെയാണല്ലോ നമ്മള്‍ തമാശ എന്നു് വിളിക്കുന്നതു്!) മറ്റു് വാക്കുകളില്‍, നമ്മുടെ ഭാവി അറിയുന്ന സര്‍വ്വജ്ഞാനിയായ ഒരു ദൈവമുണ്ടു് എന്നു് പറയുന്നതിനു്, സംഭവിക്കാനിരിക്കുന്ന നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും നിശ്ചയിക്കപ്പെട്ടിരിക്കുന്നതും, പ്രവചിക്കാവുന്നതും, മാറ്റാനാവാത്തതുമാണു് എന്ന ഒരര്‍ത്ഥമേ നല്‍കാന്‍ കഴിയൂ. ആ സ്ഥിതിക്കു്, നേര്‍ച്ചയോ, കാഴ്ച്ചയോ, പ്രാര്‍ത്ഥനയോ വഴി ഭാവിയെ മാറ്റിയെടുക്കാമെന്നു് അവകാശപ്പെടുന്നതു് ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തേയും integrity-യെ തന്നെയും ചോദ്യം ചെയ്യുന്നതിനു് തുല്യമായിരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രപഞ്ചത്തെ വേണമെങ്കില്‍ ന്യൂട്ടോണിയന്‍ ഫിസിക്സില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചത്തിനോടു് ഉപമിക്കാം. ഒരു നിശ്ചിത സമയത്തെ വസ്തുക്കളുടെ പിണ്ഡവും, (mass) സ്ഥാനവും, വേഗതയും അറിയാമെങ്കില്‍ അണു മുതല്‍ നക്ഷത്രങ്ങള്‍ വരെയുള്ള സര്‍വ്വ ‘കുന്ത്രാണ്ടങ്ങളുടെയും’ മറ്റൊരു സമയത്തെ സ്ഥാനം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്ന ഒരുതരം ‘ഘടികാരപ്രപഞ്ചം’! ഈ സങ്കല്‍പത്തില്‍ നിന്നും പക്ഷേ ശാസ്ത്രലോകം വളരെ മുന്നോട്ടു് പോയി കഴിഞ്ഞു. ഒപ്പം എത്താന്‍ കഴിയാതിരുന്നതു് മതനേതാക്കള്‍ക്കും, അവര്‍ പുറകോട്ടു് പിടിച്ചുവലിച്ചു് നിര്‍ത്തിയതുമൂലം ‘ട്രെയിനില്‍ കയറിപ്പറ്റാന്‍’ കഴിയാതെ പോയ അവരുടെ ഏറാന്‍ മൂളികള്‍ക്കും മാത്രം!

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, സര്‍വ്വശക്തനായ ഒരു ദൈവം നിയന്തിക്കുന്ന പ്രപഞ്ചത്തില്‍ മനുഷ്യനു് തീരുമാനസ്വാതന്ത്ര്യം ഇല്ല. അഥവാ, എന്തു് തീരുമാനിച്ചാലും വരേണ്ടതേ വരൂ! വരുന്നതു് വരുന്നതുപോലെ സ്വീകരിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേ മനുഷ്യനുള്ളു എന്നു് ചുരുക്കം! നാളെ എന്തുചെയ്യണമെന്നു് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ഒരുത്തനു് നാളെ തീരുമാനിക്കാന്‍ കഴിയുമെങ്കില്‍, അവന്‍ എന്താണു് തീരുമാനിക്കാന്‍ പോകുന്നതു് എന്നു് എത്ര വലിയതായാലും ഒരു ശക്തിക്കും മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെങ്കില്‍, എങ്കില്‍ മാത്രമേ തീരുമാനസ്വാതന്ത്ര്യം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. അവിടെ ദൈവത്തിന്റെ സര്‍വ്വശക്തിക്കു് എന്തര്‍ത്ഥം? എന്തു് സ്ഥാനം? അതായതു്, ഒന്നുകില്‍ ദൈവം സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമൊക്കെ ആണു്, മനുഷ്യന്‍ സര്‍വ്വശക്തനായ ആ ദൈവത്തിന്റെ വെറുമൊരു പാവയും അടിമയും! അല്ലെങ്കില്‍ മനുഷ്യനു് എന്തു് തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, ദൈവത്തിനു് അവനെ നിയന്ത്രിക്കാന്‍ മതിയായ യാതൊരുവിധ ശക്തിയുമില്ല! അപ്പോള്‍ മനുഷ്യന്‍ ദൈവത്തേക്കാള്‍ ശക്തനാണെന്നു് വരും. ഇതിനു് രണ്ടിനും ഇടയിലുള്ള ഒരു നിലപാടു് യുക്തിസഹമല്ല.

അങ്ങനെ മനുഷ്യന്റെ സകല ഭാവിയും അറിഞ്ഞുകൊണ്ടു്, അവനു് എന്തു് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നു് വിധിച്ചു് അവനെ ഇരുട്ടില്‍ നടത്തി കഷ്ടപ്പെടുത്തുന്ന എന്തോ ഒന്നാണു് ദൈവമെങ്കില്‍, ഏറ്റവും ലഘുവായ ഭാഷയില്‍ പറഞ്ഞാല്‍, പറക്കമുറ്റാത്ത മക്കളെ പീഡിപ്പിച്ചു് ആനന്ദിക്കുന്ന പിതാവിനു് തുല്യനും, ക്രൂരനുമായ ഒരു sadist മാത്രമായിരിക്കും അത്തരമൊരു ദൈവം. ഇത്തരമൊരു ചിത്രം ദൈവത്തിനല്ല, ആ ദൈവത്തെ പ്രതിനിധീകരിച്ചു് ഉപജീവനം തേടുന്ന ‘സര്‍വ്വജ്ഞാനിയായ’ ഒരു മതാധികാരിക്കാവും കൂടുതല്‍ ചേരുക.

ദൈവത്തെ സര്‍വ്വശക്തനും, മനുഷ്യവിധിയുടെ നാഥനുമാക്കുന്ന മതങ്ങളുടെ പ്രഖ്യാപനങ്ങളിലെ വൈരുദ്ധ്യങ്ങളുടെ പാരമ്യതയാണു് വരാനിരിക്കുന്ന ഒരു വിധിദിനം എന്നതു്! മനുഷ്യരുടെ തീരുമാനങ്ങള്‍ ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, മനുഷ്യരുടെ ഭാവി എന്തെന്നു് കൃത്യമായി ദൈവത്തിനു് അറിയാമായിരുന്നെങ്കില്‍, മനുഷ്യര്‍ എന്തു് തീരുമാനിച്ചാലും, എന്തു് ചെയ്താലും ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതേ നടക്കുമായിരുന്നുള്ളൂ എന്നതിനാല്‍, മനുഷ്യര്‍ക്കു് അവരുടെ വഴി സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലായിരുന്നു എന്നതിനാല്‍, ഇതെല്ലാം അനുഭവിച്ചതിനും, സഹിച്ചതിനും ശേഷം മരിച്ചു് ദൈവസന്നിധിയില്‍ എത്തുന്ന മനുഷ്യരെ വിചാരണ ചെയ്തു് ‘പാപവും പുണ്യവും’ തരം തിരിച്ചു് നരകവും സ്വര്‍ഗ്ഗവും നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ദൈവത്തേക്കാള്‍ നീതിബോധമില്ലാത്ത, പരിഹാസ്യമായ ഒരു ദൈവരൂപത്തെ സങ്കല്‍പിക്കാന്‍ പോലും കഴിയുമോ?

എല്ലാം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവത്തിനു് വിധവയുടെ ചില്ലിക്കാശുപോലെ ‘എന്തെങ്കിലും’ നല്‍കിയാല്‍ അദ്ദേഹം തന്റെ തീരുമാനം പുനപരിശോധിക്കുമെന്നാണോ? എങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നു. ദൈവത്തിനു് നല്‍കാന്‍ നിധിയില്ല എന്നൊരു പരാതി മതങ്ങള്‍ക്കോ, ആള്‍ദൈവങ്ങള്‍ക്കോ ഒട്ടില്ലതാനും. ദൈവത്തിനു് അല്‍പം കൈക്കൂലി നല്‍കി ലോകത്തിലെ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ നേരെയാക്കുവാന്‍ എന്നിട്ടും എന്തേ മതങ്ങള്‍ക്കു് കഴിയുന്നില്ല?

പാപം ചെയ്ത ആദിമനുഷ്യരെ ദൈവം പറുദീസയില്‍ നിന്നും പുറത്താക്കി! അതിനുകാരണം അവര്‍ ആ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു് നിത്യജീവന്‍ നേടി എന്നാളും ജീവിക്കാതിരിക്കാന്‍ കൂടി ആയിരുന്നു! പിന്നീടു് ദൈവം ഏകജാതനായ പുത്രനെ കുരിശുമരണത്തിനേല്‍പ്പിക്കുന്നു! മനുഷ്യനു് നിത്യജീവന്‍ നേടിക്കൊടുക്കുക എന്നതായിരുന്നുപോല്‍ കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റേയും ലക്‍ഷ്യം! എങ്കില്‍ പിന്നെ അന്നേ മനുഷ്യരെ ആ നിത്യജീവന്റെ ഫലം തിന്നാന്‍ അനുവദിച്ചാല്‍ പോരായിരുന്നോ? നീ നിന്റെ സഹോദരനുള്ളതു് യാതൊന്നും ആഗ്രഹിക്കരുതെന്നു് കല്‍പ്പന! പക്ഷേ, സ്വന്തമകനെ ഭൂമിയില്‍ ജനിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നതു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയെത്തന്നെ! പരസ്യമായി പ്രസംഗിച്ചുനടന്നിരുന്ന യേശുവിനെ ഒരു യൂദാസ്‌ ഒറ്റിക്കൊടുത്തിട്ടുവേണം പുരോഹിതന്മാര്‍ക്കു് പിടിക്കുവാന്‍! അതിനായി എല്ലാം അറിയാവുന്ന യേശു യൂദാസിനെ ‘സ്നേഹം നടിച്ചു്’ കൂട്ടത്തില്‍ കൊണ്ടുനടക്കുകയായിരുന്നു പോലും! (ഞങ്ങളുടെ നാട്ടില്‍ അതിനു് വഞ്ചന എന്നാണു് പറയുന്നതു്!)

ഇതിനേക്കാള്‍ ഒക്കെ മഹാത്ഭുതം ദൈവത്തിന്റെ ഇത്തരം രഹസ്യചിന്തകള്‍ എല്ലാം ചോര്‍ത്താന്‍ കഴിയുന്ന, പൊരുള്‍ തിരിക്കാന്‍ കഴിയുന്ന ചില മനുഷ്യര്‍ ഉണ്ടെന്നതാണു്! അക്കാര്യത്തില്‍ അവര്‍ ചെകുത്താന്മാരെപ്പോലെയാണു്. അവരും ഉറങ്ങുന്നില്ല. എങ്ങനെയാണു് ഇക്കൂട്ടര്‍ ദൈവരഹസ്യങ്ങള്‍ ചോര്‍ത്തുന്നതു് എന്നല്ലേ? ശ്രദ്ധിക്കൂ: “അവന്‍ അവിടം വിട്ടു് പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും, അവന്റെ വായില്‍നിന്നു് വല്ലതും പിടിക്കാമോ എന്നുവച്ചു് അവന്നായി പതിയിരുന്നുകൊണ്ടു് പലതിനേയും കുറിച്ചു് കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.” (ലൂക്കോസ്‌ 11: 53,54) ഇപ്പോള്‍ പിടികിട്ടിയില്ലേ എങ്ങനെയാണു് അവര്‍ മനുഷ്യരുടെ മാത്രമല്ല, ദൈവത്തിന്റെവരെ മനസ്സിലിരുപ്പു് തന്മയത്വത്തോടെ ചോര്‍ത്തുന്നതെന്നു്!

ഏതൊരു വാദവും ന്യായവാദമാവണമെങ്കില്‍ അതിനു് പിന്നില്‍ ഒരു യുക്തി (logic) ഉണ്ടായിരിക്കണം. യുക്തിയില്ലാത്ത വാദം മുട്ടായുക്തിവാദമാണു്. അങ്ങനെയുള്ള വായിട്ടലയ്ക്കല്‍ കൊണ്ടു് ഒന്നേ നേടാനാവൂ: പണ്ടേതന്നെ മലീമസമായ അന്തരീക്ഷത്തെ കുറച്ചു് carbon dioxide കൂടി കൂട്ടിച്ചേര്‍ത്തു് ഒന്നുകൂടി മലിനമാക്കാം, അത്രതന്നെ. അതും ഒരുതരം സ്വാതന്ത്ര്യം!

 
26അഭിപ്രായങ്ങള്‍

Posted by on ഏപ്രില്‍ 7, 2008 in മതം, ലേഖനം

 

മുദ്രകള്‍: , ,