RSS

പതിനാലുവട്ടം പേപ്പട്ടി കടിച്ച കുട്ടി

26 മാര്‍
പേപ്പട്ടിവിഷവും വാറ്റുചാരായവും തമ്മില്‍ എന്തു് ബന്ധം എന്ന ചോദ്യത്തിനു്, രണ്ടും മനുഷ്യനെ പേ പിടിപ്പിച്ചു് നശിപ്പിക്കുമെന്ന മറുപടി നല്‍കിയാല്‍ അതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല എന്നു് നമുക്കു് സമ്മതിക്കേണ്ടിവരും. പക്ഷെ, അതിനേക്കാള്‍ രസകരമാണു്, പേപ്പട്ടിവിഷത്തിനെതിരായ കുത്തിവയ്പിലേക്കു് Louis Pasteur-നെ നയിച്ചതു് വാറ്റുചാരായമാണെന്ന വസ്തുത. വാറ്റുമ്പോള്‍ ചാരായം ഉണ്ടാവേണ്ടതിനുപകരം മദ്യ-വിനാഗരി-രസഗുള-സാമ്പാറുണ്ടായാല്‍ നിര്‍മ്മാതാക്കള്‍ക്കു് ധനനഷ്ടവും, കുടിയന്മാര്‍ക്കു് രുചിനഷ്ടവുമായിരിക്കും ഫലം! കൃത്യമായി അതുതന്നെ ആയിരുന്നു ഫ്രാന്‍സിലെ വാറ്റുചാരായനിര്‍മ്മാതാക്കളുടെയും, കുടിയന്മാരുടെയും പ്രശ്നം! വാറ്റിയെടുക്കുന്ന ചാരായം പലപ്പോഴും മദ്യത്തിനു് പകരം കലങ്ങിയ ഒരുതരം മിശ്രിതമായിത്തീരുന്നു! കുടി നിര്‍ത്തുന്നതു് മദ്യപാനികള്‍ക്കു് നാണക്കേടും, നഷ്ടം സഹിക്കുന്നതു് ‘ഷാപ്പുമുതലാളിമാര്‍ക്കു്’ മാനക്കേടും ആണെന്നതിനാല്‍ ഈ സ്ഥിതിക്കൊരു പരിഹാരം ആവശ്യമായിത്തീര്‍ന്നു. പക്ഷേ, പല്ലവി പഴയതും പുതിയതും ഒന്നുതന്നെ: “പൂച്ചക്കു് ആരു് പൂമണി കെട്ടും”? അപ്പോഴാണു് പരീക്ഷണം ഭ്രാന്താക്കി മാറ്റിയ ഒരു രസതന്ത്രജ്ഞനെപറ്റി അവര്‍ കേട്ടതു്! തേടിയ വള്ളി കാലിലും, simultaneously കയ്യിലും കഴുത്തിലുമൊക്കെ ചുറ്റിയപോലെ! അവര്‍ Louis Pasteur എന്ന ആ രസതന്ത്രജ്ഞനെ സമീപിച്ചു് നിവേദനം സമര്‍പ്പിച്ചു. “പറ്റൂങ്കി, ഞങ്ങടെ കള്ളുകുടി മുട്ടിക്കുന്ന ഈ ശൈത്താനെ ഒന്നു് പരീക്ഷിച്ചു് പുകച്ചു് പുറത്തു് ചാടിക്കു്!”

ആയിരം മടങ്ങു് വരെ (മാത്രം!) magnification അനുവദിച്ചിരുന്ന അക്കാലത്തെ light microscope-ന്റെ സഹായത്തോടെ Pasteur കണ്ട micro cosmos പല വലിപ്പത്തിലും രൂപത്തിലുമുള്ള ബാക്റ്റീരിയകളുടെതായിരുന്നു. അതുവഴി, മദ്യത്തിനും, വിനാഗിരിക്കും കാരണഭൂതരായ രണ്ടു് വ്യത്യസ്ത ബാക്റ്റീരിയകളേയും കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. അന്തരീക്ഷത്തില്‍ ‘കുടിപാര്‍ക്കുന്ന’ ഇത്തരം അണുക്കളാണു് ആഹാരസാധനങ്ങളില്‍ കുടിയേറി അവയെ ആസ്വദിക്കാനാവാത്തതാക്കുന്നതെന്നും Pasteur മനസ്സിലാക്കി. ആഹാരപദാര്‍ത്ഥങ്ങളിലെ ബാക്റ്റീരിയകളെ നശിപ്പിക്കുകയും, പുതിയവയുടെ പ്രവേശനം തടയുകയും ചെയ്താല്‍ അവ ഏറെനാള്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം കണ്ടെത്തി. (ചില നിശ്ചിത ഊഷ്മാവില്‍, നിശ്ചിത സമയത്തേക്കു് ചൂടാക്കി sterile and hermetically sealed ആയിട്ടുള്ള കൂടുകളില്‍ അടച്ചു് ആഹാരപദാര്‍ത്ഥങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതി ഇന്നും pasteurization എന്നാണല്ലോ അറിയപ്പെടുന്നതും!)
micro organism ആണു് ‘കള്ളിനെ’ കുളമാക്കുന്നതെങ്കില്‍, മനുഷ്യരെ രോഗികളാക്കുന്നതും അതുപോലുള്ള അണുക്കള്‍ തന്നെ ആയിക്കൂടെ എന്നതായിരുന്നു Pasteur-ന്റെ ചിന്ത. അങ്ങനെയെങ്കില്‍, അവയെ കണ്ടുപിടിക്കുക എന്നതല്ലേ പ്രതിരോധനടപടികള്‍ തേടുന്നതിനുള്ള ആദ്യപടി? അതിനാല്‍, വര്‍ഷംതോറും ആയിരക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുകൊണ്ടിരുന്ന പേപ്പട്ടിവിഷത്തിന്റെ അണുക്കളെ തേടുവാന്‍ അദ്ദേഹം തീരുമാനിക്കുന്നു. പക്ഷേ, വൈറസുകളെ ‘കണ്ടെത്താനുള്ള’ ശ്രമത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിനു് കഴിയുമായിരുന്നില്ല. കാരണം, ബാക്റ്റീരിയകളെക്കാള്‍ എത്രയോ മടങ്ങു് ചെറുതായ വൈറസുകളാണു് പേപ്പട്ടിവിഷബാധയ്ക്കു് കാരണമെന്നതിനാല്‍, അവയെ കാണാന്‍ അന്നത്തെ മൈക്രോസ്കോപ്പുകളുടെ magnification പര്യാപ്തമായിരുന്നില്ല.

Louis Pasteur പേപ്പട്ടിയുടെ ഉമിനീര്‍ ശേഖരിക്കുന്നു.

വിഷം ബാധിച്ച പട്ടികള്‍ ആദ്യമാദ്യം, കാണുന്നവരെയും, കാണുന്നതിനേയും ഒക്കെ ഭ്രാന്തുപിടിച്ചപോലെ ചാടിക്കടിക്കുന്നു. അവസാനം മയക്കം ബാധിച്ചു് ഏറെ ഉമിനീരൊഴുക്കി ദയനീയമായി ചാവുന്നു. ഈ രോഗം ബാധിച്ച മനുഷ്യരില്‍ രോഗാണുക്കള്‍ സാവകാശം spinal nerve വഴി തലച്ചോറില്‍ എത്തുന്നു. ഭ്രാന്തമായ ചേഷ്ടകളും, വെള്ളത്തിനോടുള്ള ഭയവുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ക്രൂരമായ ഈ രോഗത്തിന്റെ അവസാനം അവരും അതിദാരുണമായി അവസാനിക്കുന്നു.

1885-ല്‍ പതിനാലുവട്ടം ഒരു പേപ്പട്ടിയുടെ കടി ഏല്‍ക്കേണ്ടിവന്ന, ഒന്‍പതു് വയസ്സുകാരനായ Joseph Meister എന്ന കുട്ടിയെ ബന്ധുക്കള്‍ Pasteur-ന്റെ അടുത്തെത്തിച്ചപ്പോള്‍, ദൂരവ്യാപകമാവാവുന്നതും, അതുകൊണ്ടുതന്നെ വിഷമം പിടിച്ചതുമായ ഒരു തീരുമാനം എടുക്കേണ്ട ബാദ്ധ്യതയാണു് Pasteur-ന്റെ തലയില്‍ വന്നുവീണതു്! നിലവിലിരിക്കുന്ന വൈദ്യശാസ്ത്രസാദ്ധ്യതകളുടെ വെളിച്ചത്തില്‍ അവന്‍ മരിക്കുമെന്നതു് സംശയമില്ലാത്ത കാര്യം! കാരണം, പേപ്പട്ടിവിഷബാധ അന്നുവരെ ചികിത്സയില്ലാത്ത രോഗമായിരുന്നു. പേപ്പട്ടിവിഷത്തിന്റെ അണുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, വിഷബാധയേറ്റ കുഴിമുയലിന്റെ spinal cord-ല്‍ നിന്നും അദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു മരുന്നു് പട്ടികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വിജയം കൈവരിച്ചിരുന്നു. പക്ഷേ, അതുകൊണ്ടു് അതു് മനുഷ്യരിലും ഫലപ്രദമായിക്കൊള്ളണമെന്നില്ലല്ലോ! ചികിത്സിച്ചില്ലെങ്കില്‍ മരിക്കുമെന്നതു് ചികിത്സ വഴി മരിക്കേണ്ടി വന്നാല്‍ അതിനുള്ള നീതീകരണമാവുമോ? അങ്ങനെയൊരു നീതീകരണം സമൂഹം അംഗീകരിക്കണമെന്നുണ്ടോ? സമൂഹത്തിന്റെ പൊതുമനസ്സാക്ഷിയില്‍ വേരുറച്ച മുന്‍വിധികളാണു് പൊതുവേ ethics-ന്റെ അടിത്തറ എന്നിരിക്കെ, അവയില്‍നിന്നു് പൊടുന്നനെയുള്ള ഒരു സ്വാതന്ത്ര്യം പ്രാപിക്കല്‍ മനുഷ്യര്‍ക്കു് സാദ്ധ്യമാവണമെന്നുണ്ടോ? മനുഷ്യജീവനേക്കാള്‍ നീതിശാസ്ത്രഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍ക്കു് കൂടുതല്‍ വില കല്‍പിക്കുന്ന സാമൂഹിക വ്യവസ്ഥിതികളില്‍ ജീവിക്കേണ്ടിവരുന്ന, ഉത്തരവാദിത്വബോധമുള്ള ഒരു ശാസ്ത്രജ്ഞന്‍ ഇതുപോലൊരു സന്ദര്‍ഭത്തില്‍ എന്നും അനുഭവിച്ചിട്ടുള്ള, ഇന്നും അനുഭവിക്കേണ്ടിവരുന്ന ഇത്തരത്തിലുള്ള ethical conflict എത്ര ശക്തമാണെന്നു് അറിയാവുന്നവര്‍ക്കേ Pasteur ആ സമയത്തു് നേരിടേണ്ടിവന്ന മാനസികസംഘര്‍ഷത്തിന്റെ ആഴം കുറച്ചെങ്കിലും മനസ്സിലാക്കാന്‍ കഴിയുകയുള്ളു.

Joseph Meister

Pasteur എന്നിട്ടും ഒരു പരീക്ഷണത്തിനു് ധൈര്യപ്പെടുന്നു! താന്‍ നിര്‍മ്മിച്ചെടുത്ത serum അവനില്‍ കുത്തിവയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു! തത്ഫലമായി ജോസഫ്‌ മൈസ്റ്റര്‍ എന്ന ഒന്‍പതു് വയസ്സുകാരന്‍ രക്ഷപെടുക മാത്രമല്ല, വൈദ്യശാസ്ത്രത്തിന്റേയും, അതിലുപരി മാനവചരിത്രത്തിന്റെയും ഏടുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയുന്നു! അങ്ങനെ ചരിത്രത്തിലാദ്യമായി പേപ്പട്ടിവിഷം ചികിത്സിച്ചു് ഭേദമാക്കപ്പെട്ടു എന്ന വാര്‍ത്ത ഒരു സാന്ത്വനഗീതം പോലെ മനുഷ്യര്‍ ലോകമെമ്പാടും ചെവിക്കൊണ്ടു. പേപ്പട്ടിവിഷം ബാധിച്ചതുമൂലം ചികിത്സ തേടിയെത്തിയ എല്ലാവരേയും തന്നെ രക്ഷപെടുത്താന്‍ Pasteur-ക്കു് കഴിഞ്ഞു. തികഞ്ഞ ആത്മാഭിമാനത്തോടെ ആണു് Pasteur തന്റെ റിപ്പോര്‍ട്ട്‌ Academy of Science-നു് സമര്‍പ്പിക്കുന്നതു്: “വിഷബാധയേറ്റ ആയിരത്തി എഴുന്നൂറുപേരില്‍ പത്തുപേര്‍ മാത്രമേ മരിച്ചുള്ളു. അതിനു് കാരണം അവര്‍ താമസിച്ചാണു് ചികിത്സിക്കപ്പെട്ടതു് എന്നതാണുതാനും”. രോഗങ്ങളുടെമേല്‍ മനുഷ്യന്‍ കൈവരിച്ച വിജയങ്ങളുടെ പാതയിലെ ഒരു പ്രധാന നാഴികക്കല്ലായ ഈ സംഭവത്തിന്റെ സ്മരണ നിലനിര്‍ത്താനായി പാരീസിലെ Institut Pasteur-ന്റെ മുന്നില്‍ Joseph Meister എന്ന കുട്ടി ഒരു പട്ടിയോടൊപ്പം നില്‍ക്കുന്നതിന്റെ പ്രതിമ കൊത്തിവച്ചിട്ടുണ്ടു്.

കാലപ്പഴക്കം കൊണ്ടു് സ്വാഭാവികമായിത്തീരുന്നതുമൂലം മനുഷ്യരാശിയുടെ നേട്ടങ്ങള്‍ എല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്നും വീണുകിട്ടിയ ‘മന്നാ’ ആണെന്നു് കരുതാനാണു് നമുക്കു് എളുപ്പവും, താത്പര്യവും. പക്ഷേ, അവയെല്ലാം ദീര്‍ഘകാലത്തെ കഠിനമായ, തളരാതെയുള്ള പ്രയത്നം വഴി ഏതാനും ചില മനുഷ്യര്‍, പലപ്പോഴും സ്വന്തം അണികളില്‍നിന്നുള്ള എതിര്‍പ്പുകളെയും, മറ്റു് പ്രതികൂല സാഹചര്യങ്ങളെയും പോലും നേരിട്ടുകൊണ്ടു് നേടിയെടുത്തവയാണെന്നു് അറിഞ്ഞിരിക്കുന്നതു്, ഇന്നത്തെ ലോകത്തില്‍ എത്തിച്ചേരാന്‍ മനുഷ്യന്‍ ആരംഭിച്ച യാത്ര എവിടെനിന്നു്, എങ്ങനെ ഒക്കെ ആയിരുന്നു എന്നു് ഇടയ്ക്കിടെ ഓര്‍ത്തിരിക്കുന്നതു്, സ്വയം മറക്കാതെ ആത്മസംയമനത്തോടെ മുന്നോട്ടുള്ള യാത്ര തുടരുന്നതിനു് സഹായകമായേക്കാം – കുറഞ്ഞപക്ഷം, അതിനായി വഴിവെട്ടുന്ന നിസ്വാര്‍ത്ഥരായ മനുഷ്യര്‍ക്കു് കുഴിവെട്ടാതിരിക്കാനെങ്കിലും!

Advertisements
 
ഒരു അഭിപ്രായം ഇടൂ

Posted by on മാര്‍ച്ച് 26, 2008 in ലേഖനം

 

മുദ്രകള്‍: , ,

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: