RSS

Daily Archives: മാര്‍ച്ച് 11, 2008

ഗോവസൂരിപ്രയോഗത്തിന്റെ ഉത്ഭവം

“എനിക്കു് വെമ്പോളം (cow-pox) വന്നതാ. അതുകൊണ്ടു് എനിക്കിനി മസൂരി വരൂല്ല.” താന്‍ ഒരിക്കല്‍ ചികിത്സിച്ച ഒരു പശുനോട്ടക്കാരിപ്പെണ്ണിന്റെ ഈ വാചകം ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ തലയില്‍ പതിഞ്ഞതു് മായ്ക്കാനാവാത്തവിധം ആഴത്തിലായിരുന്നു. കാര്യം ശരിയാണു്. താരതമ്യേന ഹാനികരമല്ലാത്ത ഗോവസൂരി വന്നിട്ടുള്ള ആര്‍ക്കും പിന്നീടു് മാരകമായ മസൂരി വന്നതായി ജെന്നര്‍ കേട്ടിട്ടില്ല. അതുകൊണ്ടു് അതു് ശാസ്ത്രതത്വമാക്കാവുന്ന ഒരു വസ്തുത ആവണമെന്നുണ്ടോ? അദ്ദേഹം‍ ഈ ആശയത്തില്‍ അങ്ങേയറ്റം ആകൃഷ്ടനാവുകയും അങ്ങനെയൊരു സാദ്ധ്യതയില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരു തത്വത്തിന്റെ പ്രായോഗികസാദ്ധ്യതയെ സംബന്ധിച്ച വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ വിശ്വാസങ്ങളോ ശാസ്ത്രലോകം അതു് അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല. ഒരു തത്വം ശാസ്ത്രസത്യമാവണമെങ്കില്‍ അതു് ആര്‍ക്കും ഏതു് സമയവും പരിശോധിക്കാനും സ്വയം ബോദ്ധ്യപ്പെടാനും ഉതകുന്ന വിധത്തില്‍ പരീക്ഷണങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാവുന്നതാവണം. അതിനെന്തു് വഴി എന്നതായിരുന്നു ഡോക്ടര്‍ ജെന്നറെ വിട്ടുമാറാതെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം.

Dr. Edward Jenner (17.05.1749 – 26.01.1823)

അദ്ദേഹത്തിന്റെ ബെര്‍ക്കിലിയിലെ ‘ഗ്രാമഡോക്ടര്‍പ്രാക്ടീസില്‍’ മനുഷ്യരും മൃഗങ്ങളും ചികിത്സിക്കപ്പെട്ടിരുന്നു. അതു് വൈദ്യശാസ്ത്രത്തിനും, മനുഷ്യരാശിക്കും ഒരു ഭാഗ്യമായി തീര്‍ന്നു എന്നുവേണം പറയാന്‍. 1796 മെയ്‌ മാസത്തില്‍ സാറാ നെല്‍ംസ്‌ എന്നൊരു പശുകറവക്കാരി അവളുടെ കയ്യിലെ ചില പോളങ്ങള്‍ കാണിക്കാന്‍ ഡോക്ടറെ വീട്ടിലേക്കു് വിളിക്കുന്നു. പരിശോധനയില്‍ അതു് ‘ബ്ലോസം’ എന്ന അവളുടെ പശുവിന്റെ അകിടില്‍നിന്നും പകര്‍ന്ന, അപകടകാരിയല്ലാത്ത ഗോവസൂരി ആണെന്നും, അല്ലാതെ, അക്കാലത്തു് മൂന്നില്‍ രണ്ടു് കുഞ്ഞുങ്ങളെയും ബാധിച്ചിരുന്ന മരണകരമായ മസൂരി അല്ലെന്നും ജെന്നര്‍ മനസ്സിലാക്കുന്നു. ഒരു വൈറസ്‌ ഇന്‍ഫെക്ഷനാണു് മസൂരിയുടെ കാരണമെന്നു് ഇന്നു് നമുക്കു് അറിയാം. പക്ഷേ അന്നു് യൂറോപ്പില്‍ പൊതുവേ നിലനിന്നിരുന്ന വിശ്വാസം ഈ രോഗത്തിന്റെ കാരണം ഭൂമിയില്‍നിന്നുള്ള ആവിയാണെന്നും, അതൊരു ദൈവശിക്ഷയാണെന്നുമൊക്കെ ആയിരുന്നു. താന്‍ കാത്തിരുന്ന അവസരം സംജാതമായി എന്നു് മനസ്സിലാക്കുന്ന ജെന്നര്‍ ഒരു പരീക്ഷണത്തിനു് ധൈര്യപ്പെടുന്നു. മെയ്‌ മാസം പതിനാലാം തീയ്യതി ജെന്നര്‍ എട്ടു് വയസ്സുകാരനായ ജെയിംസ്‌ ഫിപ്പ്‌സിനേയും സാറായേയും തന്റെ പ്രാക്ടീസില്‍ വിളിച്ചുവരുത്തി, ജെയിംസിന്റെ തൊലിയില്‍ പോറലുണ്ടാക്കി പോളജലം പുരട്ടി അവനില്‍ ഗോവസൂരിയുടെ അണുക്കളെ പ്രവേശിപ്പിക്കുന്നു. ഒന്‍പതു് ദിവസം സാധാരണരോഗലക്ഷണങ്ങള്‍ കാണിച്ച ജെയിംസ്‌ പത്താം ദിവസം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നു.

അങ്ങനെ ജെന്നറുടെ പദ്ധതിയുടെ ആദ്യത്തെ ചുവടു് വിജയകരമായി. അനിശ്ചിതത്വം നിറഞ്ഞ, സാഹസികമായ രണ്ടാമത്തെ ചുവടു് ജെയിംസിന്റെ ശരീരത്തില്‍ മാരകമായ മസൂരിയുടെ അണുക്കള്‍ പ്രവേശിപ്പിക്കുക എന്നതാണു്! ജെയിംസിന്റെ ശരീരത്തിലെ ഗോവസൂരിയുടെ അണുക്കള്‍ അവന്റെ ശരീരത്തെ മസൂരിക്കു് ഇമ്യൂണ്‍ ആക്കിയിട്ടുണ്ടെന്നു് ജെന്നര്‍ക്കു് അറിയാമായിരുന്നു. പക്ഷേ അങ്ങനെയല്ലെങ്കില്‍!? മസൂരിയുടെ അണുക്കള്‍ വഴി ജെയിംസ്‌ മരിച്ചാല്‍? അല്ലെങ്കില്‍ അവന്‍ ജീവിതകാലം മുഴുവന്‍ ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ ഉള്ളവനായിത്തീര്‍ന്നാല്‍? അതുമല്ലെങ്കില്‍ ഈ പരീക്ഷണം ഒരു പകര്‍ച്ചവ്യാധിയായി പടര്‍ന്നുപിടിച്ചാല്‍? മറുപടിയില്ലാത്ത ചോദ്യങ്ങള്‍! ജെയിംസും, മാതാപിതാക്കളും, രണ്ടു് സഹപ്രവര്‍ത്തകരും – Jenner’s ethic commission! – പരീക്ഷണത്തിനു് അനുവാദം നല്‍കുന്നു. അങ്ങനെ, പരീക്ഷണഫലം എന്താവുമെന്നു് വ്യക്തമായ യാതൊരു ധാരണയുമില്ലാതെ ജെന്നര്‍ ആ ചുവടുവയ്പിനു് തയ്യാറാവുന്നു! ജെയിംസില്‍ ഗോവസൂരിപ്രയോഗം നടത്തിയതിനു് ആറാഴ്ച്ചകള്‍ക്കു് ശേഷം ആസന്നമരണനായ ഒരു രോഗിയുടെ വ്രണത്തില്‍ നിന്നുള്ള സിക്രീറ്റ്‌ വഴി ജെന്നര്‍ അവന്റെ ശരീരത്തില്‍ മസൂരിയുടെ രോഗാണുക്കളെ പ്രവേശിപ്പിക്കുന്നു! നിര്‍ണ്ണായകമായ നിമിഷങ്ങള്‍… മണിക്കൂറുകള്‍… ദിവസങ്ങള്‍… പക്ഷേ ജെയിംസിനു് മസൂരി ബാധിക്കുന്നില്ല! ഗോവസൂരിയുടെ അണുക്കള്‍ ജെയിംസിന്റെ ശരീരത്തിനു് മസൂരിയെ ചെറുക്കുന്നതിനുള്ള ശക്തി നേടിക്കൊടുത്തിരുന്നു! പരീക്ഷണവിജയം കേട്ടവര്‍ കേട്ടവര്‍ തങ്ങളുടെ മക്കളെ കുത്തിവയ്പിക്കാന്‍ ജെന്നറിന്റെ അടുത്തെത്തിച്ചു. ജെന്നര്‍ എഴുതി: “മനുഷ്യരാശിയുടെ ഏറ്റവും ഭീകരമായ മസൂരി എന്ന വ്യാധിയുടെ ഉന്മൂലനമാവണം ഗോവസൂരിപ്രയോഗത്തിന്റെ അന്തിമമായ ലക്‍ഷ്യം.”

യൂറോപ്പില്‍ എല്ലാ ഡോക്ടറന്മാരും താമസിയാതെ ഈ കുത്തിവയ്പു് ഏറ്റെടുത്തു. ചില രാജ്യങ്ങള്‍ കുത്തിവയ്പു് നിര്‍ബന്ധമാക്കി. എന്നിട്ടും മസൂരി തിരിച്ചുവന്നുകൊണ്ടിരുന്നു. അറുപതുകളുടെ മദ്ധ്യത്തില്‍ ലോകത്തില്‍ ഏകദേശം ഒന്നര കോടി മനുഷ്യര്‍ മസൂരി ബാധയ്ക്കു് അടിമകളായി. തന്മൂലം WHO മസൂരിക്കെതിരായി ഒരു frontal attack തന്നെ പ്ലാന്‍ ചെയ്തു. പക്ഷേ, കുത്തിവയ്പ്പില്‍ വീഴ്ച്ചവരുത്തിയതുമൂലം 1972-ല്‍ യൂഗോസ്ലാവിയയില്‍ വീണ്ടും നൂറ്റന്‍പതുപേര്‍ രോഗബാധിതരാവുകയും, 35-പേര്‍ മരിക്കുകയും ചെയ്തു. രോഗികളെ മാറ്റിപാര്‍പ്പിച്ചും, സമൂഹകുത്തിവയ്പ്പുവഴിയും അവിടെ രോഗത്തെ നിയന്ത്രണാധീനമാക്കുകയായിരുന്നു. ലോകത്തില്‍നിന്നും മസൂരി ഉന്മൂലനം ചെയ്യപ്പെട്ടു എന്നു് WHO 1979 ഒക്ടോബറില്‍‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. ബ്ലോസം എന്ന പശുവില്‍ നിന്നാരംഭിച്ചതുമൂലം ഈ കുത്തിവയ്പ്പു് പശു എന്നര്‍ത്ഥമുള്ള vacca എന്ന ലാറ്റിന്‍ പദവുമായി ബന്ധപ്പെടുത്തി ഇന്നും vaccination എന്നപേരില്‍ അറിയപ്പെടുന്നു. ഗോവസൂരിപ്രയോഗം എന്തുകൊണ്ടാണു് ഫലപ്രദമാവുന്നതെന്നോ, ഏതു് രോഗാണുവാണു് അതിനു് കാരണമാവുന്നതെന്നോ ഒന്നും അറിയാന്‍ ജെന്നര്‍ക്കു് അന്നു് കഴിയുമായിരുന്നില്ല. കാരണം, microbe-കളുടെ യഥാര്‍ത്ഥലോകം അന്നു് മനുഷ്യനു് അജ്ഞാതമായിരുന്നു. അതിനെ സംബന്ധിച്ച പഠനങ്ങള്‍, ഏകദേശം അന്‍പതു് വര്‍ഷങ്ങള്‍ക്കു്ശേഷം മാത്രമാണു് ഫ്രഞ്ചു്രസതന്ത്രജ്ഞനായിരുന്ന Louis Pasteur തുടങ്ങിയതു്.

Advertisements
 
1 അഭിപ്രായം

Posted by on മാര്‍ച്ച് 11, 2008 in ലേഖനം

 

മുദ്രകള്‍: , ,