RSS

Daily Archives: മാര്‍ച്ച് 4, 2008

വൈദ്യന്മാര്‍ ‘കൈകഴുകാന്‍’ തുടങ്ങിയതിനെപ്പറ്റി

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പില്‍ വൈദ്യന്‍‌മാരുടെ അവസ്ഥ ദയനീയമായിരുന്നു. ചികിത്സാരംഗത്തു് യഥാര്‍ത്ഥ വൈദ്യന്‍‌മാര്‍ക്കു് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍പോലും സംശയം നിലനിന്നിരുന്നു. ചുരുങ്ങിയപക്ഷം, അവര്‍ക്കു് ചെയ്യാന്‍ കഴിയുന്ന അത്രയും കാര്യങ്ങള്‍ വലിയ വൈദഗ്ദ്ധ്യമൊന്നും ഇല്ലാത്ത ‘മുറിവൈദ്യന്‍‌മാര്‍ക്കും’ ചെയ്യാന്‍ കഴിയുമെന്ന ധാരണ അക്കാലത്തു് വ്യാപകമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും കാര്യങ്ങള്‍ അങ്ങേയറ്റം വഷളായി. വൈദ്യന്‍‌മാര്‍‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. സ്വന്തം ശോചനീയാവസ്ഥ മാറ്റിയെടുത്തു് യോഗ്യത തെളിയിക്കേണ്ടതു് അന്നത്തെ ഡോക്ടറന്‍‌മാരുടെ നിലനില്‍പിന്റെ പ്രശ്നമായി മാറി.

പ്രസവസഹായത്തിനു് അന്നു് യൂറോപ്പില്‍ ലഭിക്കുമായിരുന്നതില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കിയിരുന്ന വിയന്നയിലെ രണ്ടു് ആശുപത്രികളില്‍ ഒന്നു് വയറ്റാട്ടികള്‍ക്കും, മറ്റൊന്നു് വൈദ്യന്മാര്‍ക്കും വേണ്ടിയുള്ളതായിരുന്നു. എന്നിട്ടും, വിശദീകരണം നല്‍കാനാവാത്ത വിധത്തില്‍ നൂറുകണക്കിനു് ഗര്‍ഭിണികള്‍ വര്‍ഷം തോറും വൈദ്യന്മാരുടെ ആശുപത്രിയില്‍ മരിച്ചുകൊണ്ടിരുന്നു. തന്മൂലം ഗര്‍ഭിണികള്‍ ഈ ‘മരണാശുപത്രിയിലേക്കു്’ പോകാന്‍ മടിച്ചു. അവര്‍ വയറ്റാട്ടികളുടെ ആശുപത്രിക്കു് മുന്‍ഗണന നല്‍കി. 1847-ല്‍, ആയിരക്കണക്കിനു് ഗര്‍ഭിണികളുടെ മരണത്തിനു് ഡോക്ടറന്മാരെത്തന്നെ ഉത്തരവാദികളാക്കുന്ന നിലപാടു് സ്വീകരിക്കുവാന്‍, അതുവഴിതന്നെ പില്‍ക്കാലത്തു് ചരിത്രപ്രസിദ്ധനായിത്തീര്‍ന്ന, ഒരു ഡോക്ടര്‍ ധൈര്യപ്പെട്ടതില്‍നിന്നും അന്നത്തെ അവസ്ഥയുടെ രൂക്ഷത ഏകദേശം മനസ്സിലാക്കാം. തടസ്സമില്ലാതെ നടക്കുന്ന പ്രസവങ്ങളില്‍ പോലും എത്രയോ അമ്മമാര്‍ പ്രസവശേഷം രോഗബാധിതരായി മരിച്ചുകൊണ്ടിരുന്നു.

Dr. Ignaz Philipp Semmelweis (01.07.1818 – 13.08.1865)

തന്റെ സഹപ്രവര്‍ത്തകരെപ്പോലെതന്നെ ഇഗ്‌നാസ്‌ സെമ്മെല്‍വൈസ്‌ എന്ന ഡോക്ടര്‍ക്കും ഗര്‍ഭിണികളുടെ ഈ നിഗൂഢമരണത്തെ നിസ്സഹായനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. നൂറുകണക്കിനു് കുഞ്ഞുങ്ങള്‍ ജന്‍‌മനാ അമ്മയില്ലാത്തവരാവേണ്ടി വരുന്ന അവസ്ഥ! എന്താവാം ഈ രോഗത്തിന്റെ കാരണം എന്നതു് സെമ്മെല്‍വൈസിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അതിനെപ്പറ്റി മനസ്സിലാക്കാന്‍ അദ്ദേഹം ഗര്‍ഭിണികളുടെ അതുവരെയുള്ള സകല മരണറിപ്പോര്‍ട്ടുകളും പഠിക്കാന്‍ തീരുമാനിക്കുന്നു. വൈദ്യന്മാരുടെ ആശുപത്രിയില്‍ വയറ്റാട്ടികളുടെ ആശുപത്രിയിലേതിനേക്കാള്‍ മൂന്നിരട്ടി സ്ത്രീകള്‍ മരിക്കുന്നു എന്ന അറിവായിരുന്നു പഠനഫലം. 1846-ല്‍ തന്റെ ആശുപത്രിയില്‍ മാത്രം അഞ്ഞൂറു് സ്ത്രീകള്‍ മരണപ്പെട്ടതായി അദ്ദേഹം മനസ്സിലാക്കി. പ്രസവശേഷം ഗര്‍ഭിണികളെ മരണത്തിലേക്കു് നയിക്കുന്ന പനിയുടെ കാരണം മാത്രം എന്നിട്ടും അജ്ഞാതമായി തുടര്‍ന്നുകൊണ്ടിരുന്നു.

അക്കാലത്തെ Pathology-യിലെ Dissection- ന്റെ ഒരു ചിത്രം

പാത്തോളജിയിലെ തന്റെ ഒരു സഹപ്രവര്‍ത്തകന്റെ മരണം ഈ പ്രശ്നത്തിനൊരു വഴിത്തിരിവായി. ഡിസെക്ഷന്‍ റൂമില്‍ വച്ചുണ്ടായ ഒരു നേരിയ മുറിവു് മരണത്തിലേക്കു് നയിക്കുകയായിരുന്നു. ആശുപത്രിയില്‍ രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ഡിസെക്ഷന്‍ പരിശീലിക്കണമായിരുന്നു. അതിനു് ശേഷമാണു് അവര്‍ ഗര്‍ഭിണികളെ പരിശോധിക്കാന്‍ പോയിരുന്നതു്. ഡിസെക്ഷന്‍ സമയത്തു് കൈകളില്‍ പറ്റുന്ന ശവത്തിന്റെ അവശിഷ്ടങ്ങളാണു് ഇന്‍ഫെക്‍ഷനു് കാരണമാകുന്നതെന്ന നിഗമനത്തിലെത്തുകയായിരുന്നു അതിനാല്‍ സെമ്മെല്‍‌വൈസ്. ഓരോ പരിശോധനക്കും മുന്‍പു് കൈകള്‍ കഴുകണമെന്നു് തന്റെ വിദ്യാര്‍ത്ഥികളോടു് അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ചു. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെതന്നെ, ആരംഭത്തില്‍ പല വിദ്യാര്‍ത്ഥികളും ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വലിയ ശ്രദ്ധയൊന്നും കാണിച്ചില്ല. “പരിശോധിക്കുമ്പോള്‍ കൈകള്‍ എന്തായാലും അശുദ്ധമാവും. പിന്നെ എന്തിനു് ഞങ്ങള്‍ അതിനു് മുന്‍പേ വെറുതെ കൈകള്‍ കഴുകണം?” എന്നതായിരുന്നു അവറ്റകളുടെ മറുചോദ്യം! പക്ഷേ സെമ്മെല്‍വൈസിനു് തന്റെ നിലപാടു് അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞിടത്തെല്ലാം സ്ത്രീകള്‍ക്കു് പനി ബാധിക്കാതായി. ഇതുവഴി ‘അമ്മമാരുടെ രക്ഷകന്‍’ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും, പല ഡോക്ടറന്മാരും ഇതു് അംഗീകരിക്കാന്‍ തയ്യാറായില്ല. സെമ്മെല്‍വൈസ്‌ മറ്റു് പ്രസവാശുപത്രികളിലെ പ്രൊഫസറന്മാര്‍ക്കു് എഴുതിയ എഴുത്തുകള്‍ അവഗണിക്കപ്പെടുകയായിരുന്നു. അവരുടെ ദൃഷ്ടിയില്‍ അദ്ദേഹം ഒരു ‘ബഹളക്കാരനും’ ‘കൈകഴുകല്‍ ഭ്രാന്തനും’ ഒക്കെ ആയിരുന്നു! രോഷാകുലനായ സെമ്മെല്‍വൈസ്‌ ‘മെഡിക്കല്‍ നീറോകള്‍’ എന്നും, ‘ശവം വഴിയുള്ള ഇന്‍ഫെക്‍ഷന്റെ അപ്പൊസ്തലന്മാര്‍’ എന്നുമൊക്കെ അവരെ തിരിച്ചും വിളിച്ചെങ്കിലും, അവസാനം മടുത്തു് ജന്മപട്ടണമായ ബുഡാപെസ്റ്റിലേക്കു് മടങ്ങാന്‍ തീരുമാനിച്ചു. അവിടെയും ശുചിത്വം പാലിച്ചുകൊണ്ട്‌ അനേകം അമ്മമാരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. അണുക്കളോടു് യുദ്ധം പ്രഖ്യാപിച്ച അദ്ദേഹം 1865-ല്‍ അണുബാധമൂലം തന്നെ മരിക്കുകയും ചെയ്തു.

സെമ്മെല്‍വൈസിന്റെ ‘കൈകഴുകല്‍ ഭ്രാന്തില്‍’ ആരംഭിച്ച ശുചിത്വബോധമാണു് പില്‍ക്കാലത്തു് sterile operation theatre എന്ന, ഇന്നു് തികച്ചും സ്വാഭാവികം എന്നു് നമ്മള്‍ കരുതുന്ന, അവസ്ഥയിലേക്കു് വൈദ്യശാസ്ത്രത്തെ കൈപിടിച്ചു് നടത്തിയതു്. വൈദ്യശാസ്ത്രത്തില്‍ എന്നപോലെതന്നെ, ജീവിതത്തിന്റെ എല്ലാ തുറകളിലും ശുചിത്വം എന്നതു് ചോദ്യം ചെയ്യപ്പെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു വസ്തുതയായി ഇന്നു് അംഗീകരിക്കപ്പെടുമ്പോള്‍ പോലും, അതു് എക്കാലവും അങ്ങനെ ആയിരുന്നു എന്നു് സൗകര്യപൂര്‍വ്വം ചിന്തിക്കാനും, അതോടൊപ്പംതന്നെ, നിലവിലിരിക്കുന്ന ദുരാചാരങ്ങളെ ദൂരീകരിക്കാന്‍ ശ്രമിക്കുന്നവരെ തെറി പറയാനുമാണു്, അതേ സൗകര്യത്തിന്റെ പേരില്‍ തന്നെ, ചില ‘നിത്യ ഇന്നലെകള്‍ക്കു്’ ‘ഇപ്പോഴും എപ്പോഴും എന്നേക്കും’ കൂടുതല്‍ താല്‍പര്യം!

Advertisements
 
ഒരു അഭിപ്രായം ഇടൂ

Posted by on മാര്‍ച്ച് 4, 2008 in ലേഖനം

 

മുദ്രകള്‍: , ,