RSS

Monthly Archives: മാര്‍ച്ച് 2008

പതിനാലുവട്ടം പേപ്പട്ടി കടിച്ച കുട്ടി

പേപ്പട്ടിവിഷവും വാറ്റുചാരായവും തമ്മില്‍ എന്തു് ബന്ധം എന്ന ചോദ്യത്തിനു്, രണ്ടും മനുഷ്യനെ പേ പിടിപ്പിച്ചു് നശിപ്പിക്കുമെന്ന മറുപടി നല്‍കിയാല്‍ അതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല എന്നു് നമുക്കു് സമ്മതിക്കേണ്ടിവരും. പക്ഷെ, അതിനേക്കാള്‍ രസകരമാണു്, പേപ്പട്ടിവിഷത്തിനെതിരായ കുത്തിവയ്പിലേക്കു് Louis Pasteur-നെ നയിച്ചതു് വാറ്റുചാരായമാണെന്ന വസ്തുത. വാറ്റുമ്പോള്‍ ചാരായം ഉണ്ടാവേണ്ടതിനുപകരം മദ്യ-വിനാഗരി-രസഗുള-സാമ്പാറുണ്ടായാല്‍ നിര്‍മ്മാതാക്കള്‍ക്കു് ധനനഷ്ടവും, കുടിയന്മാര്‍ക്കു് രുചിനഷ്ടവുമായിരിക്കും ഫലം! കൃത്യമായി അതുതന്നെ ആയിരുന്നു ഫ്രാന്‍സിലെ വാറ്റുചാരായനിര്‍മ്മാതാക്കളുടെയും, കുടിയന്മാരുടെയും പ്രശ്നം! വാറ്റിയെടുക്കുന്ന ചാരായം പലപ്പോഴും മദ്യത്തിനു് പകരം കലങ്ങിയ ഒരുതരം മിശ്രിതമായിത്തീരുന്നു! കുടി നിര്‍ത്തുന്നതു് മദ്യപാനികള്‍ക്കു് നാണക്കേടും, നഷ്ടം സഹിക്കുന്നതു് ‘ഷാപ്പുമുതലാളിമാര്‍ക്കു്’ മാനക്കേടും ആണെന്നതിനാല്‍ ഈ സ്ഥിതിക്കൊരു പരിഹാരം ആവശ്യമായിത്തീര്‍ന്നു. പക്ഷേ, പല്ലവി പഴയതും പുതിയതും ഒന്നുതന്നെ: “പൂച്ചക്കു് ആരു് പൂമണി കെട്ടും”? അപ്പോഴാണു് പരീക്ഷണം ഭ്രാന്താക്കി മാറ്റിയ ഒരു രസതന്ത്രജ്ഞനെപറ്റി അവര്‍ കേട്ടതു്! തേടിയ വള്ളി കാലിലും, simultaneously കയ്യിലും കഴുത്തിലുമൊക്കെ ചുറ്റിയപോലെ! അവര്‍ Louis Pasteur എന്ന ആ രസതന്ത്രജ്ഞനെ സമീപിച്ചു് നിവേദനം സമര്‍പ്പിച്ചു. “പറ്റൂങ്കി, ഞങ്ങടെ കള്ളുകുടി മുട്ടിക്കുന്ന ഈ ശൈത്താനെ ഒന്നു് പരീക്ഷിച്ചു് പുകച്ചു് പുറത്തു് ചാടിക്കു്!”

ആയിരം മടങ്ങു് വരെ (മാത്രം!) magnification അനുവദിച്ചിരുന്ന അക്കാലത്തെ light microscope-ന്റെ സഹായത്തോടെ Pasteur കണ്ട micro cosmos പല വലിപ്പത്തിലും രൂപത്തിലുമുള്ള ബാക്റ്റീരിയകളുടെതായിരുന്നു. അതുവഴി, മദ്യത്തിനും, വിനാഗിരിക്കും കാരണഭൂതരായ രണ്ടു് വ്യത്യസ്ത ബാക്റ്റീരിയകളേയും കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. അന്തരീക്ഷത്തില്‍ ‘കുടിപാര്‍ക്കുന്ന’ ഇത്തരം അണുക്കളാണു് ആഹാരസാധനങ്ങളില്‍ കുടിയേറി അവയെ ആസ്വദിക്കാനാവാത്തതാക്കുന്നതെന്നും Pasteur മനസ്സിലാക്കി. ആഹാരപദാര്‍ത്ഥങ്ങളിലെ ബാക്റ്റീരിയകളെ നശിപ്പിക്കുകയും, പുതിയവയുടെ പ്രവേശനം തടയുകയും ചെയ്താല്‍ അവ ഏറെനാള്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം കണ്ടെത്തി. (ചില നിശ്ചിത ഊഷ്മാവില്‍, നിശ്ചിത സമയത്തേക്കു് ചൂടാക്കി sterile and hermetically sealed ആയിട്ടുള്ള കൂടുകളില്‍ അടച്ചു് ആഹാരപദാര്‍ത്ഥങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന രീതി ഇന്നും pasteurization എന്നാണല്ലോ അറിയപ്പെടുന്നതും!)
micro organism ആണു് ‘കള്ളിനെ’ കുളമാക്കുന്നതെങ്കില്‍, മനുഷ്യരെ രോഗികളാക്കുന്നതും അതുപോലുള്ള അണുക്കള്‍ തന്നെ ആയിക്കൂടെ എന്നതായിരുന്നു Pasteur-ന്റെ ചിന്ത. അങ്ങനെയെങ്കില്‍, അവയെ കണ്ടുപിടിക്കുക എന്നതല്ലേ പ്രതിരോധനടപടികള്‍ തേടുന്നതിനുള്ള ആദ്യപടി? അതിനാല്‍, വര്‍ഷംതോറും ആയിരക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുകൊണ്ടിരുന്ന പേപ്പട്ടിവിഷത്തിന്റെ അണുക്കളെ തേടുവാന്‍ അദ്ദേഹം തീരുമാനിക്കുന്നു. പക്ഷേ, വൈറസുകളെ ‘കണ്ടെത്താനുള്ള’ ശ്രമത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിനു് കഴിയുമായിരുന്നില്ല. കാരണം, ബാക്റ്റീരിയകളെക്കാള്‍ എത്രയോ മടങ്ങു് ചെറുതായ വൈറസുകളാണു് പേപ്പട്ടിവിഷബാധയ്ക്കു് കാരണമെന്നതിനാല്‍, അവയെ കാണാന്‍ അന്നത്തെ മൈക്രോസ്കോപ്പുകളുടെ magnification പര്യാപ്തമായിരുന്നില്ല.

Louis Pasteur പേപ്പട്ടിയുടെ ഉമിനീര്‍ ശേഖരിക്കുന്നു.

വിഷം ബാധിച്ച പട്ടികള്‍ ആദ്യമാദ്യം, കാണുന്നവരെയും, കാണുന്നതിനേയും ഒക്കെ ഭ്രാന്തുപിടിച്ചപോലെ ചാടിക്കടിക്കുന്നു. അവസാനം മയക്കം ബാധിച്ചു് ഏറെ ഉമിനീരൊഴുക്കി ദയനീയമായി ചാവുന്നു. ഈ രോഗം ബാധിച്ച മനുഷ്യരില്‍ രോഗാണുക്കള്‍ സാവകാശം spinal nerve വഴി തലച്ചോറില്‍ എത്തുന്നു. ഭ്രാന്തമായ ചേഷ്ടകളും, വെള്ളത്തിനോടുള്ള ഭയവുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ക്രൂരമായ ഈ രോഗത്തിന്റെ അവസാനം അവരും അതിദാരുണമായി അവസാനിക്കുന്നു.

1885-ല്‍ പതിനാലുവട്ടം ഒരു പേപ്പട്ടിയുടെ കടി ഏല്‍ക്കേണ്ടിവന്ന, ഒന്‍പതു് വയസ്സുകാരനായ Joseph Meister എന്ന കുട്ടിയെ ബന്ധുക്കള്‍ Pasteur-ന്റെ അടുത്തെത്തിച്ചപ്പോള്‍, ദൂരവ്യാപകമാവാവുന്നതും, അതുകൊണ്ടുതന്നെ വിഷമം പിടിച്ചതുമായ ഒരു തീരുമാനം എടുക്കേണ്ട ബാദ്ധ്യതയാണു് Pasteur-ന്റെ തലയില്‍ വന്നുവീണതു്! നിലവിലിരിക്കുന്ന വൈദ്യശാസ്ത്രസാദ്ധ്യതകളുടെ വെളിച്ചത്തില്‍ അവന്‍ മരിക്കുമെന്നതു് സംശയമില്ലാത്ത കാര്യം! കാരണം, പേപ്പട്ടിവിഷബാധ അന്നുവരെ ചികിത്സയില്ലാത്ത രോഗമായിരുന്നു. പേപ്പട്ടിവിഷത്തിന്റെ അണുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, വിഷബാധയേറ്റ കുഴിമുയലിന്റെ spinal cord-ല്‍ നിന്നും അദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു മരുന്നു് പട്ടികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വിജയം കൈവരിച്ചിരുന്നു. പക്ഷേ, അതുകൊണ്ടു് അതു് മനുഷ്യരിലും ഫലപ്രദമായിക്കൊള്ളണമെന്നില്ലല്ലോ! ചികിത്സിച്ചില്ലെങ്കില്‍ മരിക്കുമെന്നതു് ചികിത്സ വഴി മരിക്കേണ്ടി വന്നാല്‍ അതിനുള്ള നീതീകരണമാവുമോ? അങ്ങനെയൊരു നീതീകരണം സമൂഹം അംഗീകരിക്കണമെന്നുണ്ടോ? സമൂഹത്തിന്റെ പൊതുമനസ്സാക്ഷിയില്‍ വേരുറച്ച മുന്‍വിധികളാണു് പൊതുവേ ethics-ന്റെ അടിത്തറ എന്നിരിക്കെ, അവയില്‍നിന്നു് പൊടുന്നനെയുള്ള ഒരു സ്വാതന്ത്ര്യം പ്രാപിക്കല്‍ മനുഷ്യര്‍ക്കു് സാദ്ധ്യമാവണമെന്നുണ്ടോ? മനുഷ്യജീവനേക്കാള്‍ നീതിശാസ്ത്രഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍ക്കു് കൂടുതല്‍ വില കല്‍പിക്കുന്ന സാമൂഹിക വ്യവസ്ഥിതികളില്‍ ജീവിക്കേണ്ടിവരുന്ന, ഉത്തരവാദിത്വബോധമുള്ള ഒരു ശാസ്ത്രജ്ഞന്‍ ഇതുപോലൊരു സന്ദര്‍ഭത്തില്‍ എന്നും അനുഭവിച്ചിട്ടുള്ള, ഇന്നും അനുഭവിക്കേണ്ടിവരുന്ന ഇത്തരത്തിലുള്ള ethical conflict എത്ര ശക്തമാണെന്നു് അറിയാവുന്നവര്‍ക്കേ Pasteur ആ സമയത്തു് നേരിടേണ്ടിവന്ന മാനസികസംഘര്‍ഷത്തിന്റെ ആഴം കുറച്ചെങ്കിലും മനസ്സിലാക്കാന്‍ കഴിയുകയുള്ളു.

Joseph Meister

Pasteur എന്നിട്ടും ഒരു പരീക്ഷണത്തിനു് ധൈര്യപ്പെടുന്നു! താന്‍ നിര്‍മ്മിച്ചെടുത്ത serum അവനില്‍ കുത്തിവയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു! തത്ഫലമായി ജോസഫ്‌ മൈസ്റ്റര്‍ എന്ന ഒന്‍പതു് വയസ്സുകാരന്‍ രക്ഷപെടുക മാത്രമല്ല, വൈദ്യശാസ്ത്രത്തിന്റേയും, അതിലുപരി മാനവചരിത്രത്തിന്റെയും ഏടുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയുന്നു! അങ്ങനെ ചരിത്രത്തിലാദ്യമായി പേപ്പട്ടിവിഷം ചികിത്സിച്ചു് ഭേദമാക്കപ്പെട്ടു എന്ന വാര്‍ത്ത ഒരു സാന്ത്വനഗീതം പോലെ മനുഷ്യര്‍ ലോകമെമ്പാടും ചെവിക്കൊണ്ടു. പേപ്പട്ടിവിഷം ബാധിച്ചതുമൂലം ചികിത്സ തേടിയെത്തിയ എല്ലാവരേയും തന്നെ രക്ഷപെടുത്താന്‍ Pasteur-ക്കു് കഴിഞ്ഞു. തികഞ്ഞ ആത്മാഭിമാനത്തോടെ ആണു് Pasteur തന്റെ റിപ്പോര്‍ട്ട്‌ Academy of Science-നു് സമര്‍പ്പിക്കുന്നതു്: “വിഷബാധയേറ്റ ആയിരത്തി എഴുന്നൂറുപേരില്‍ പത്തുപേര്‍ മാത്രമേ മരിച്ചുള്ളു. അതിനു് കാരണം അവര്‍ താമസിച്ചാണു് ചികിത്സിക്കപ്പെട്ടതു് എന്നതാണുതാനും”. രോഗങ്ങളുടെമേല്‍ മനുഷ്യന്‍ കൈവരിച്ച വിജയങ്ങളുടെ പാതയിലെ ഒരു പ്രധാന നാഴികക്കല്ലായ ഈ സംഭവത്തിന്റെ സ്മരണ നിലനിര്‍ത്താനായി പാരീസിലെ Institut Pasteur-ന്റെ മുന്നില്‍ Joseph Meister എന്ന കുട്ടി ഒരു പട്ടിയോടൊപ്പം നില്‍ക്കുന്നതിന്റെ പ്രതിമ കൊത്തിവച്ചിട്ടുണ്ടു്.

കാലപ്പഴക്കം കൊണ്ടു് സ്വാഭാവികമായിത്തീരുന്നതുമൂലം മനുഷ്യരാശിയുടെ നേട്ടങ്ങള്‍ എല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്നും വീണുകിട്ടിയ ‘മന്നാ’ ആണെന്നു് കരുതാനാണു് നമുക്കു് എളുപ്പവും, താത്പര്യവും. പക്ഷേ, അവയെല്ലാം ദീര്‍ഘകാലത്തെ കഠിനമായ, തളരാതെയുള്ള പ്രയത്നം വഴി ഏതാനും ചില മനുഷ്യര്‍, പലപ്പോഴും സ്വന്തം അണികളില്‍നിന്നുള്ള എതിര്‍പ്പുകളെയും, മറ്റു് പ്രതികൂല സാഹചര്യങ്ങളെയും പോലും നേരിട്ടുകൊണ്ടു് നേടിയെടുത്തവയാണെന്നു് അറിഞ്ഞിരിക്കുന്നതു്, ഇന്നത്തെ ലോകത്തില്‍ എത്തിച്ചേരാന്‍ മനുഷ്യന്‍ ആരംഭിച്ച യാത്ര എവിടെനിന്നു്, എങ്ങനെ ഒക്കെ ആയിരുന്നു എന്നു് ഇടയ്ക്കിടെ ഓര്‍ത്തിരിക്കുന്നതു്, സ്വയം മറക്കാതെ ആത്മസംയമനത്തോടെ മുന്നോട്ടുള്ള യാത്ര തുടരുന്നതിനു് സഹായകമായേക്കാം – കുറഞ്ഞപക്ഷം, അതിനായി വഴിവെട്ടുന്ന നിസ്വാര്‍ത്ഥരായ മനുഷ്യര്‍ക്കു് കുഴിവെട്ടാതിരിക്കാനെങ്കിലും!

Advertisements
 
ഒരു അഭിപ്രായം ഇടൂ

Posted by on മാര്‍ച്ച് 26, 2008 in ലേഖനം

 

മുദ്രകള്‍: , ,

ഒരു ബാം‌ഗ്ലൂര്‍കാരി

= എന്നിട്ടും സന്തോഷിക്കുന്ന ഹൃദയനൈര്‍മ്മല്യം =
 
 

മുദ്രകള്‍: ,

സോദോം-ഗോമോറയും ലോത്തിന്റെ അഗമ്യഗമനവും

=തുടര്‍ച്ച=

അങ്ങനെ, സാറ പാകം ചെയ്ത രുചികരമായ അപ്പം, അബ്രാമിന്റെ പരിചാരകര്‍ കൊന്നു്, തൊലിപൊളിച്ചു്, ‘നന്മതിന്മകളെ’ വേര്‍പെടുത്തി, കഷണമാക്കി, അരച്ചതും പൊടിച്ചതുമായ ചേരുവകള്‍ ചേര്‍ത്തു് കറിപ്പരുവത്തിലാക്കിയ കാളക്കുട്ടിയെ കത്തിയും മുള്ളുമൊന്നുമില്ലാഞ്ഞിട്ടും, വൃത്തത്തിനും അലങ്കാരത്തിനും ഭംഗം വരാത്തവിധത്തില്‍, കമിതാക്കള്‍ മരം ചുറ്റി ഓടുമ്പോള്‍ കറിവേപ്പു് ചൊല്ലുന്ന പ്രേമഗാനം പോലെ, കൈകൊണ്ടുതന്നെ വിശദമായി കുഴച്ചുരുട്ടി യഹോവയും രണ്ടു് കൂട്ടുകാരും പരമാവധി ആസ്വാദ്യതയോടെ വിഴുങ്ങി ആനന്ദപുളകിതരായി. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെ വര്‍ണ്ണിക്കാന്‍ വരികളില്ല. ശകലമെങ്കിലും അതിനോടു് അടുത്തു് നില്‍ക്കുന്ന ഒരു വരി എന്നു് വേണമെങ്കില്‍ പറയാവുന്നതു് ഇതുമാത്രം: “പ്രാണനാഥനെനിക്കു് നല്‍കിയ പരമാനന്ദസുഖത്തെ പറവതിനെളുതാമോ… ഓ… ഔ… അം…അഃ…”

പ്രായോഗികജീവിതത്തിലെ കടമകള്‍ മാടിവിളിക്കുമ്പോള്‍ കവിത ആസ്വദിക്കാന്‍ പുരുഷവര്‍ഗ്ഗത്തിനാവില്ല. അതിനാല്‍, ആഹാരത്തിനു് ശേഷം യഹോവയുടെ രണ്ടു് കൂട്ടുകാരും ദൗത്യനിര്‍വ്വഹണത്തിനായി സോദോം-ഗോമോറയിലേക്കു് പുറപ്പെട്ടു. വിരഹവേദനയോടെ പറഞ്ഞുവിടാന്‍ കൊതിച്ച രണ്ടു് ഏമ്പക്കം പോലും വഴിമദ്ധ്യേ വിടാനായി അവര്‍ postpone ചെയ്യുകയായിരുന്നു. ഇന്നത്തെ മനുഷ്യരെപ്പോലെ പോര്‍ഷെയോ, പ്രൈവറ്റ്‌ ജെറ്റോ ഒക്കെ ഉപയോഗിക്കുന്ന രീതി സ്വര്‍ഗ്ഗവാസികള്‍ അന്നു് തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ ആ വഴിമുഴുവന്‍ അവര്‍ രണ്ടുകാലില്‍ നടന്നുതീര്‍ക്കേണ്ടിവന്നു. “ആളകലം, പാറവെടി” എന്ന മാതിരി വിളിച്ചുകൂവിക്കൊണ്ടു് അസമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു K.S.R.T.C ബസുപോലും അന്നു് ആ വഴി ഓടുന്നുണ്ടായിരുന്നില്ല. ‘നിനക്കു് നിന്റെ ദൈവം പിടിപ്പിച്ച കാലുകളെ ഓര്‍ത്തു് നീ നിന്റെ ദൈവത്തെ സ്തുതിക്കുക’ എന്നു് ഇടതടവില്ലാതെ പ്രാര്‍ത്ഥിച്ചു് എല്ലാവരും സംതൃപ്തി അടയുകയായിരുന്നു പതിവു്. “ദൈവം നിങ്ങള്‍ക്കു് കാലുകള്‍ നല്‍കാതിരുന്നെങ്കില്‍ നിങ്ങള്‍ ഉരുളേണ്ടി വരുമായിരുന്നില്ലേ?” എന്ന, ഉണ്ടുണ്ടു് ഉരുളപോലെ ഉരുണ്ട ചില മഹാപുരോഹിതന്മാരുടെ ചോദ്യങ്ങള്‍ക്കു് മുന്നില്‍ ജനം ചൂളിപ്പോയി. “പള്ളീലച്ചന്‍ പറയണതിലു് എന്നാടി പുള്ളേ ഒരു തെറ്റു്?” എന്നു് ചൂണ്ടുവിരല്‍ സ്വര്‍ഗ്ഗത്തിലേക്കു് ചൂണ്ടിയ ഒരു പീരങ്കി പോലെ മൂക്കില്‍ ചേര്‍ത്തു് വച്ചുകൊണ്ടു്, ഏലി മറിയയോടും, മറിയ സാറയോടും, സാറ കണ്ണീല്‍ കണ്ട സര്‍വ്വ പെണ്ണുങ്ങളോടും, ഇവരെല്ലാവരും തലയിണമന്ത്രമായി, ‘പാപഫലം’ തിന്നുന്നതിനു് മുന്‍പുള്ള സൂപ്പുകുടിപോലെ, അവരവരുടെ കെട്ട്യോന്മാരോടും ചിലച്ചപ്പോള്‍ കാലുകള്‍ ദൈവം തന്നതാണെന്ന കാര്യം സംശയിക്കാന്‍ പാടില്ലാത്ത വിശ്വാസമായി ഓരോരുത്തരുടേയും തലച്ചോറില്‍ കിനാവള്ളി പോലെ പിടിമുറുക്കി. ഉള്ള കാലുകള്‍ നഷ്ടപ്പെട്ടു് ഉരുണ്ടുരുണ്ടു് ചന്തയിലേക്കു് പോകേണ്ടിവരാതിരിക്കാന്‍ ചിലര്‍ ഉരുണ്ടുനേര്‍ച്ചപോലും കഴിക്കാന്‍ സന്നദ്ധരായി.

പൊടിപിടിച്ച മരുപ്രദേശങ്ങളിലൂടെ നടന്നുനടന്നു് വൈകുന്നേരമായപ്പോഴേക്കും ദൈവത്തിന്റെ കൂട്ടുകാര്‍ സോദോമില്‍ എത്തി. ലോത്ത്‌ പട്ടണവാതില്‍ക്കല്‍ കുത്തിയിരിക്കുന്നുണ്ടായിരുന്നു. പട്ടണവാതില്‍ക്കല്‍ ചുറ്റിത്തിരിയുക എന്ന ഹോബിയില്‍നിന്നും പൂര്‍ണ്ണമായി തങ്ങളെ മോചിപ്പിക്കാന്‍ സോക്രട്ടീസ്‌ അടക്കമുള്ള പുരുഷന്മാര്‍ക്കു് ഇന്നോളം കഴിഞ്ഞിട്ടില്ല. വീട്ടില്‍ തങ്ങളെ കാത്തിരിക്കുന്ന ബാന്റുമേളത്തെപ്പറ്റി വ്യക്തമായ ചില ധാരണകളൊക്കെയുള്ളതുകൊണ്ടു് അതിനായി ആത്മാര്‍ത്ഥമായ ഒരു ശ്രമം ആരും ഇതുവരെ നടത്തിയിട്ടുമില്ല. അവരെ കണ്ടപാടെ ലോത്ത്‌ പറഞ്ഞു: “കയറിവരൂ, കാല്‍ കഴുകൂ, അപ്പം തിന്നൂ, മാംസം കഴിക്കൂ, കിടന്നുറങ്ങൂ, അതിരാവിലെ കെട്ടുകെട്ടൂ! (വഴിയെ പോകുന്നവരെ മുഴുവന്‍ വീട്ടില്‍ വിളിച്ചുകേറ്റി കാലുകഴുകിച്ചു് തീറ്റകൊടുത്തു് ഉറക്കുന്നതു് അക്കാലത്തെ ഒരു രീതി ആയിരുന്നു എന്നു് തോന്നുന്നു. അവര്‍ അതിനു് പ്രതിഫലം കൊടുത്തിരുന്നതുകൊണ്ടാണൊ എന്നറിയില്ല, അവര്‍ പലപ്പോഴും ‘ദൈവങ്ങള്‍’ എന്നു് സംബോധന ചെയ്യപ്പെട്ടിരുന്നതു്! സത്രങ്ങള്‍ അത്ര സുലഭമായിരുന്നില്ലല്ലോ.) ക്ഷണിക്കുന്നതു് ആരായാലും, അതങ്ങനെ ചാടിപ്പിടിച്ചു് സ്വീകരിക്കുന്നതു് അപമര്യാദ ആയതുകൊണ്ടാവാം, അവര്‍ പറഞ്ഞു: “വേണ്ട, ഞങ്ങള്‍ വീഥിയില്‍ കിടന്നോളാം.” ‘നിഷേധിക്കേണ്ടതു് അവരുടെ കടമ, നിര്‍ബന്ധിക്കേണ്ടതു് തന്റെ ചുമതല’ എന്നറിയാവുന്ന ലോത്ത്‌ അവരെ പിടിച്ചപിടിയാലെ വീട്ടിലെത്തിച്ചു.

ശുചീകരണത്തിനും, ആഹാരത്തിനും ശേഷം അവര്‍ ഉറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും പുരുഷമൈഥുനക്കാരായ സോദോം നിവാസികള്‍ വീടുവളഞ്ഞു. അതും ഒന്നും രണ്ടും പേരല്ല. ‘സോദോം പട്ടണത്തിലെ പുരുഷന്മാര്‍ സകലഭാഗത്തുനിന്നും ആബാലവൃദ്ധം’ ലോത്തിന്റെ മുറ്റത്തും പറമ്പിലുമായി ഒരു പാര്‍ട്ടിസമ്മേളനത്തിനെന്നപോലെ തടിച്ചുകൂടുകയായിരുന്നു! പുറത്തു് കവാത്തു് ചെയ്യുന്ന കാമരാജകോമാളികളോടു് ലോത്ത്‌ പറഞ്ഞു: “ബ്രദറണ്‍സ്‌! എനിക്കു് പുരുഷന്‍ തൊടാത്ത രണ്ടു് പുത്രീസ്‌ ഉണ്ടു്. they are at your disposal. പക്ഷേ, പുരുഷന്മാരെ മാത്രം ചോദിക്കരുതു്”. “എടാ വിദേശി! നീ ആരെടാ ഞങ്ങളെ പഠിപ്പിക്കാന്‍?” എന്നും പറഞ്ഞു് അവര്‍ വാതില്‍ തല്ലിപ്പൊളിക്കാന്‍ കാഹളമൂതി. അപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത ഒരു മഹാത്ഭുതം! സ്തോത്രം കര്‍ത്താവേ! (ഞാന്‍ കൊസ്തിപൊന്തനാണേ! അത്ഭുതമെന്നു് കേട്ടാ ഉടനെ ‘സ്തോത്രം’ എന്നു് പറയണതു് ഞങ്ങളുടെ ഒരു രീതിയാ. അതങ്ങനെ എളുപ്പം മാറണ രോഗമല്ല. ന്യൂനപക്ഷസ്വാതന്ത്ര്യമെന്നും പറയും!) ആ രണ്ടു് ദൈവന്‍സ്‌ അതിശയകരമായി അവര്‍ക്കെല്ലാം അന്ധത പിടിപ്പിക്കുന്നു! ജനം ലോത്തിന്റെ വീടിന്റെ വാതില്‍ തപ്പിനടന്നു് വിഷമിക്കുന്നു! കണ്ണറിയാതെ, അവര്‍ തമ്മില്‍ത്തമ്മില്‍ ചുമ്മാ വേണ്ടാത്തിടത്തൊക്കെ കേറി പിടിക്കുന്നു. പിടിച്ചതെവിടെ എന്നതിന്റെ അടിസ്ഥാനത്തില്‍, ചിലര്‍ ഇക്കിളി മൂലം പൊട്ടിച്ചിരിക്കുന്നു. മറ്റുചിലര്‍ വേദനമൂലം പൊട്ടിക്കരയുന്നു!

അതിനുശേഷം ദൈവത്തിന്റെ ആ രണ്ടു് കൂട്ടുകാര്‍ ലോത്തിനോടു് പറഞ്ഞു: “നിനക്കു് വേണ്ടപ്പെട്ടവരെയെല്ലാം immediately വിവരം അറിയിച്ചോളൂ. എന്നിട്ടു് അവരേയും കൂട്ടി വല്ല ഗള്‍ഫിലേക്കോ കാനഡേലേക്കൊ മറ്റോ ഓടിയാല്‍ തത്ക്കാലം തടി രക്ഷപെടുത്താം.” ജനങ്ങളുടെ കൃത്യമായ സെന്‍സസ്‌ കൈവശം ഇല്ലാതിരുന്നതിനാല്‍ ലോത്തിനു് വേണ്ടപ്പെട്ടവര്‍ ആരെല്ലാമെന്നതു് ദൈവത്തിനും നല്ല നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടു് ഡീസന്റാവാന്‍ ഒരു decentralization തന്നെ ആണു് ഭേദം എന്നു് ദൈവം കരുതി. ലോത്ത്‌ രാത്രിതന്നെ പെണ്മക്കളെ ‘കൂച്ചിക്കെട്ടേണ്ടവരായ’ ഭാവിമരുമക്കളോടു് കാര്യം പറഞ്ഞു. “ചുമ്മാ കളി പറയാതെ വീട്ടീ പോടോ കാര്‍ന്നോരെ! ഞങ്ങ ഇതെത്ര കേട്ടേക്കണു” എന്നായിരുന്നു അവരുടെ മറുപടി. വെളുപ്പിനുതന്നെ ആ രണ്ടു് പുരുഷന്മാര്‍ ലോത്തിനേയും ഭാര്യയേയും രണ്ടു് പെണ്മക്കളേയും കയ്യോടെ, അഥവാ ഓരോ കയ്യില്‍ ഓരോരുത്തരായി, പട്ടണത്തിനു് വെളിയില്‍ കൊണ്ടുപോയി ആക്കിയശേഷം പറഞ്ഞു: “ജീവന്‍ വേണമെങ്കില്‍ പുറകോട്ടു് തിരിഞ്ഞുനോക്കാതെ പര്‍വ്വതത്തിലേക്കു് ഓടിക്കോ!”

ഈ ദൈവങ്ങളു് പറയുന്നതെല്ലാം മുഖവിലക്കെടുത്താല്‍ ശരിയാവില്ല എന്നറിയാവുന്ന ലോത്ത്‌ പറഞ്ഞു: “എനിക്കെങ്ങും പറ്റൂല്ല അവടം വരെ ഓടാന്‍. ഞാന്‍ വേണോങ്കി ദോ, ദാക്കാണണെ ചെറിയ പട്ടണം വരെ ഓടാം.”

ലെവന്‍ ആളു് പുലിയാണല്ലോ എന്നു് ആത്മഗതിച്ചുകൊണ്ടു് ‘ദൈവം’ പറഞ്ഞു: “മുടിഞ്ഞു് മുദ്രയിടാനക്കൊണ്ടു്! അങ്ങനേങ്കി അങ്ങനെ. നീ ഒന്നോടിയാല്‍ മതി!”

അങ്ങനെ ഓടിയോടി സൂര്യന്‍ ഉദിച്ചപ്പോഴത്തേക്കും ലോത്ത്‌ ‘സോവര്‍’ എന്ന പട്ടണത്തില്‍ എത്തി. തിരിഞ്ഞുനോക്കാതെ ഓടീതുകൊണ്ടു് കെട്ട്യോളു് കൂട്ടത്തിലില്ല എന്ന കാര്യം ലോത്തു് അറിയണതു് അവിടെ എത്തിയശേഷമാണു്! ഓട്ടത്തിനിടയില്‍, “ഉപ്പിടണ പാത്രം പോലും എടുക്കാന്‍ എനിക്കു് പറ്റീല്ലല്ലോ ന്റെ ഫറവോന്റെ ‘പട്ടിപന്നിഗരുഡനാദിത്യനിത്യാദി’ ദൈവങ്ങളേ” എന്നോര്‍ത്തു് നിലവിളിച്ചോണ്ടു് പുറകോട്ടു് തിരിഞ്ഞുനോക്കിയതിനാല്‍ അവള്‍ ഉപ്പുതൂണായിപ്പോവുകയായിരുന്നു! അന്തുപ്പു് എന്തുപ്പാ, ഇന്തുപ്പായിരുന്നോ എന്നെനിക്കറിയില്ല. ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, നൈട്രേറ്റ്‌ അങ്ങനെ എന്തെന്തെല്ലാം ‘ഉപ്പുകള്‍’! ലോത്തും രണ്ടു് പെണ്മക്കളും സോവറില്‍ എത്തിയെന്നു് ഉറപ്പായപ്പോള്‍ യഹോവ തന്റെ സന്നിധിയില്‍നിന്നു്, ‘ആകാശത്തില്‍നിന്നുതന്നെ’, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു് സോദോമിനേയും ഗോമോറയേയും നിശ്ശേഷം നശിപ്പിച്ചു. ‘കമ്മ്യൂണിസ്റ്റ്‌ പച്ച’ പോലും ബാക്കിവന്നില്ല.

പക്ഷേ എന്തുകൊണ്ടോ ലോത്ത്‌ സോവറില്‍ പാര്‍പ്പാന്‍ ഭയപ്പെട്ടു. അതിനാല്‍ അവന്‍ പെണ്മക്കളുമായി പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ ചെന്നു് പാര്‍ത്തു. അങ്ങനെയിരിക്കെ, ‘ഭൂമിയില്‍ എല്ലാടവുമുള്ള നടപ്പുപോലെ’ തങ്ങളുടെ അടുത്തു് വരുവാന്‍ ‘ഭൂമിയില്‍’ (സോവറും പരിസരപ്രദേശങ്ങളും ഭൂമിയില്‍ പെടുകയില്ലേ എന്നു് ചോദിക്കരുതു്!) പുരുഷന്മാര്‍ ആരുമില്ലെന്ന ഭയാനകസത്യം ആദ്യം മൂത്തവളും, അവള്‍വഴി ഇളയവളും മനസ്സിലാക്കുന്നു. മൂത്തവള്‍ പറഞ്ഞു: “വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിനു് അവനെ വീഞ്ഞു് കുടിപ്പിച്ചു് അവനോടുകൂടെ ശയിക്ക.” അങ്ങനെ, ലോത്തിനെ വീഞ്ഞുകുടിപ്പിച്ചശേഷം മൂത്തവള്‍ അപ്പനോടൊത്തു് ശയിക്കുന്നു. ‘അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല!’ ‘ഉഷസ്സായി സന്ധ്യയുമായി, ഒന്നാം രാത്രി’. പിറ്റേന്നു് രണ്ടാമത്തവളും ഇതേ നടപടിക്രമങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കുന്നു. ‘അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല!’ ‘ഉഷസ്സായി സന്ധ്യയുമായി, രണ്ടാം രാത്രി’. സൃഷ്ടിയുടെ രണ്ടു് രാത്രികള്‍! മൂന്നാം രാത്രി ശബത്തായിരുന്നോ എന്നെനിക്കറിയില്ല. അങ്ങനെ അവര്‍ രണ്ടുപേരും പിതാവില്‍നിന്നും ഗര്‍ഭം ധരിക്കുന്നു! സ്രഷ്ടാവറിയാതെ സൃഷ്ടി നടത്തിക്കാന്‍ മാത്രം ബോധം കെടുത്തുന്ന സോവറിലെ വീഞ്ഞു് ഉഗ്രന്‍ സാധനമായിരുന്നിരിക്കണം! ഏതായാലും ഗുഹയിലേക്കു് പോയപ്പോള്‍ രണ്ടുകലം വീഞ്ഞു് കൂട്ടത്തില്‍ കരുതാന്‍ ആ കുട്ടികള്‍ക്കു് തോന്നിയതു് നന്നായി. ഒരു വംശം നശിക്കാതെ കഴിഞ്ഞല്ലോ! മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു. അവനു് മോവാബ്‌ എന്നു് പേര്‍. അവന്‍ മോവാബ്യരുടെ പിതാവു്. രണ്ടാമത്തവള്‍ ബെന്‍-അമ്മീ എന്നവനെ പ്രസവിച്ചു. അവന്‍ അമ്മോന്യര്‍ക്കു് പിതാവു്.

സോദോം-ഗോമോറയെ മുഴുവന്‍ തീയും ഗന്ധകവും കൊണ്ടു് നശിപ്പിക്കുന്നതിനു്, അവിടത്തെ ജനങ്ങള്‍ പുരുഷമൈഥുനക്കാരായിരുന്നു എന്ന മഹാപരാധം കാരണമായി ചൂണ്ടിക്കാണിക്കുന്ന യഹോവ, അതുവഴി രണ്ടു് പെണ്‍കുട്ടികളെ എത്തിക്കുന്നതു് വംശം നശിക്കാതിരിക്കാന്‍ സ്വന്തം അപ്പനോടൊത്തു് ശയിക്കേണ്ടിവരുന്ന ദുരവസ്ഥയിലേക്കാണു്. അപ്പവും കാളയിറച്ചിയും തിന്നു് ആമോദം കൊള്ളുന്ന യഹോവയ്ക്കു് ഇത്തരമൊരു ദയനീയാവസ്ഥയില്‍ എന്തുകൊണ്ടാണാവോ മനുഷ്യനു് കേള്‍ക്കാന്‍ കൊള്ളാവുന്ന മറ്റു് strategy-കളൊന്നും ‘തലയില്‍’ ഉദിക്കാതിരുന്നതു്? അതോ ദൈവം ഒരു L. D. Clerck-ന്റെ പോലും കാര്യക്ഷമതയോ വസ്തുനിഷ്ഠതയോ ഇല്ലാത്ത വെറുമൊരു കണക്കപ്പിള്ളയോ? ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു നേരിയ നുറുങ്ങുമാത്രം, അതും പക്ഷവാദപരമായി, കുത്തിക്കുറിക്കുവാന്‍ ഒരു ദൈവം തന്നെ വേണമെന്നുണ്ടോ? അതൊക്കെ വളരെ വിശദമായി, നിഷ്പക്ഷമായി എത്രയോ ചരിത്രകാരന്മാര്‍ ചെയ്തിരിക്കുന്നു, ഇന്നും ചെയ്യുന്നു?!

ഈ ആധുനിക ലോകത്തില്‍ ദൈവത്തിന്റെയോ മതങ്ങളുടെയോ പേരില്‍ മനുഷ്യനെ അജ്ഞതയുടെ അന്ധകാരത്തില്‍ തപ്പിത്തടയാന്‍ വിടുന്നതു്, ഒരു അംഗീകൃതലോകതത്വമായി മാറിക്കഴിഞ്ഞ ജനാധിപത്യവ്യവസ്ഥിതിയില്‍ നീതീകരിക്കാനാവുമോ എന്നെനിക്കറിയില്ല. അന്ധവിശ്വാസികളായവരുടെ ‘ജനാധിപത്യം’ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ആധിപത്യമാണു്. ജനാധിപത്യത്തിന്റെ അടിസ്ഥാനനിബന്ധനകള്‍ അവിടെ പാലിക്കപ്പെടുകയില്ല. ശുദ്ധഗതിക്കാരായ മനുഷ്യരില്‍ കാലഹരണപ്പെട്ട ആശയങ്ങളും ആദര്‍ശങ്ങളും ഇന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു് അനുവദിക്കാനാവുമോ എന്നു് എല്ലാ ജനാധിപത്യശക്തികളും പരസ്യമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണെനിക്കു് തോന്നുന്നതു്. സ്വന്തം ഇഷ്ടമോ ‘കുറ്റമോ’ മൂലമല്ലാതെ, പിറന്നുവീഴുന്നതിന്റെ മാത്രം പേരില്‍ അവരുടേതായിത്തീരുന്ന മതങ്ങളിലും വിശ്വാസങ്ങളിലും മനുഷ്യരെ തുടരാന്‍ അനുവദിക്കുകയും, നിഷ്പക്ഷമായ ബോധവല്‍ക്കരണം വഴി, അഥവാ വിവിധ വിജ്ഞാനമേഖലകളിലേക്കുള്ള പ്രവേശനം മുന്‍വിധിയില്ലാതെ, ‘ആത്മീയരക്ഷാധികാരി’ ചമയാതെ, സാദ്ധ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതുവഴി സമൂഹത്തിന്റെ ജീര്‍ണ്ണത മനസ്സിലാക്കാനും, ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ, ശാസ്ത്രത്തിന്റെ സഹായത്തോടെ സാമൂഹികപുനര്‍നിര്‍മ്മാണത്തിന്റെ ആവശ്യം സ്വയം ഉള്‍ക്കൊള്ളാനുതകുന്ന മാനസികവളര്‍ച്ച നേടിയെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ലേ, വിഡ്ഢിത്തപാരായണം വഴി, മൂഢമുദ്രാവാക്യങ്ങള്‍ വഴി, മനുഷ്യരെ തിരുത്താനാവാത്ത മസ്തിഷ്കപ്രക്ഷാളനത്തിനു് വിധേയരാക്കുന്ന മതങ്ങളുടെയും, രാഷ്ട്രീയത്തിലെ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളുടെയും നീരാളിപ്പിടുത്തത്തിനു് വിട്ടുകൊടുക്കുന്നതിനേക്കാള്‍ അഭികാമ്യം?

(ലേഖനത്തിനാധാരം: ഉത്പത്തി: അദ്ധ്യായം 18, 19)

 
14അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 18, 2008 in ലേഖനം

 

മുദ്രകള്‍: , , ,

ഗോവസൂരിപ്രയോഗത്തിന്റെ ഉത്ഭവം

“എനിക്കു് വെമ്പോളം (cow-pox) വന്നതാ. അതുകൊണ്ടു് എനിക്കിനി മസൂരി വരൂല്ല.” താന്‍ ഒരിക്കല്‍ ചികിത്സിച്ച ഒരു പശുനോട്ടക്കാരിപ്പെണ്ണിന്റെ ഈ വാചകം ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ തലയില്‍ പതിഞ്ഞതു് മായ്ക്കാനാവാത്തവിധം ആഴത്തിലായിരുന്നു. കാര്യം ശരിയാണു്. താരതമ്യേന ഹാനികരമല്ലാത്ത ഗോവസൂരി വന്നിട്ടുള്ള ആര്‍ക്കും പിന്നീടു് മാരകമായ മസൂരി വന്നതായി ജെന്നര്‍ കേട്ടിട്ടില്ല. അതുകൊണ്ടു് അതു് ശാസ്ത്രതത്വമാക്കാവുന്ന ഒരു വസ്തുത ആവണമെന്നുണ്ടോ? അദ്ദേഹം‍ ഈ ആശയത്തില്‍ അങ്ങേയറ്റം ആകൃഷ്ടനാവുകയും അങ്ങനെയൊരു സാദ്ധ്യതയില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരു തത്വത്തിന്റെ പ്രായോഗികസാദ്ധ്യതയെ സംബന്ധിച്ച വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ വിശ്വാസങ്ങളോ ശാസ്ത്രലോകം അതു് അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല. ഒരു തത്വം ശാസ്ത്രസത്യമാവണമെങ്കില്‍ അതു് ആര്‍ക്കും ഏതു് സമയവും പരിശോധിക്കാനും സ്വയം ബോദ്ധ്യപ്പെടാനും ഉതകുന്ന വിധത്തില്‍ പരീക്ഷണങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാവുന്നതാവണം. അതിനെന്തു് വഴി എന്നതായിരുന്നു ഡോക്ടര്‍ ജെന്നറെ വിട്ടുമാറാതെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം.

Dr. Edward Jenner (17.05.1749 – 26.01.1823)

അദ്ദേഹത്തിന്റെ ബെര്‍ക്കിലിയിലെ ‘ഗ്രാമഡോക്ടര്‍പ്രാക്ടീസില്‍’ മനുഷ്യരും മൃഗങ്ങളും ചികിത്സിക്കപ്പെട്ടിരുന്നു. അതു് വൈദ്യശാസ്ത്രത്തിനും, മനുഷ്യരാശിക്കും ഒരു ഭാഗ്യമായി തീര്‍ന്നു എന്നുവേണം പറയാന്‍. 1796 മെയ്‌ മാസത്തില്‍ സാറാ നെല്‍ംസ്‌ എന്നൊരു പശുകറവക്കാരി അവളുടെ കയ്യിലെ ചില പോളങ്ങള്‍ കാണിക്കാന്‍ ഡോക്ടറെ വീട്ടിലേക്കു് വിളിക്കുന്നു. പരിശോധനയില്‍ അതു് ‘ബ്ലോസം’ എന്ന അവളുടെ പശുവിന്റെ അകിടില്‍നിന്നും പകര്‍ന്ന, അപകടകാരിയല്ലാത്ത ഗോവസൂരി ആണെന്നും, അല്ലാതെ, അക്കാലത്തു് മൂന്നില്‍ രണ്ടു് കുഞ്ഞുങ്ങളെയും ബാധിച്ചിരുന്ന മരണകരമായ മസൂരി അല്ലെന്നും ജെന്നര്‍ മനസ്സിലാക്കുന്നു. ഒരു വൈറസ്‌ ഇന്‍ഫെക്ഷനാണു് മസൂരിയുടെ കാരണമെന്നു് ഇന്നു് നമുക്കു് അറിയാം. പക്ഷേ അന്നു് യൂറോപ്പില്‍ പൊതുവേ നിലനിന്നിരുന്ന വിശ്വാസം ഈ രോഗത്തിന്റെ കാരണം ഭൂമിയില്‍നിന്നുള്ള ആവിയാണെന്നും, അതൊരു ദൈവശിക്ഷയാണെന്നുമൊക്കെ ആയിരുന്നു. താന്‍ കാത്തിരുന്ന അവസരം സംജാതമായി എന്നു് മനസ്സിലാക്കുന്ന ജെന്നര്‍ ഒരു പരീക്ഷണത്തിനു് ധൈര്യപ്പെടുന്നു. മെയ്‌ മാസം പതിനാലാം തീയ്യതി ജെന്നര്‍ എട്ടു് വയസ്സുകാരനായ ജെയിംസ്‌ ഫിപ്പ്‌സിനേയും സാറായേയും തന്റെ പ്രാക്ടീസില്‍ വിളിച്ചുവരുത്തി, ജെയിംസിന്റെ തൊലിയില്‍ പോറലുണ്ടാക്കി പോളജലം പുരട്ടി അവനില്‍ ഗോവസൂരിയുടെ അണുക്കളെ പ്രവേശിപ്പിക്കുന്നു. ഒന്‍പതു് ദിവസം സാധാരണരോഗലക്ഷണങ്ങള്‍ കാണിച്ച ജെയിംസ്‌ പത്താം ദിവസം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നു.

അങ്ങനെ ജെന്നറുടെ പദ്ധതിയുടെ ആദ്യത്തെ ചുവടു് വിജയകരമായി. അനിശ്ചിതത്വം നിറഞ്ഞ, സാഹസികമായ രണ്ടാമത്തെ ചുവടു് ജെയിംസിന്റെ ശരീരത്തില്‍ മാരകമായ മസൂരിയുടെ അണുക്കള്‍ പ്രവേശിപ്പിക്കുക എന്നതാണു്! ജെയിംസിന്റെ ശരീരത്തിലെ ഗോവസൂരിയുടെ അണുക്കള്‍ അവന്റെ ശരീരത്തെ മസൂരിക്കു് ഇമ്യൂണ്‍ ആക്കിയിട്ടുണ്ടെന്നു് ജെന്നര്‍ക്കു് അറിയാമായിരുന്നു. പക്ഷേ അങ്ങനെയല്ലെങ്കില്‍!? മസൂരിയുടെ അണുക്കള്‍ വഴി ജെയിംസ്‌ മരിച്ചാല്‍? അല്ലെങ്കില്‍ അവന്‍ ജീവിതകാലം മുഴുവന്‍ ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ ഉള്ളവനായിത്തീര്‍ന്നാല്‍? അതുമല്ലെങ്കില്‍ ഈ പരീക്ഷണം ഒരു പകര്‍ച്ചവ്യാധിയായി പടര്‍ന്നുപിടിച്ചാല്‍? മറുപടിയില്ലാത്ത ചോദ്യങ്ങള്‍! ജെയിംസും, മാതാപിതാക്കളും, രണ്ടു് സഹപ്രവര്‍ത്തകരും – Jenner’s ethic commission! – പരീക്ഷണത്തിനു് അനുവാദം നല്‍കുന്നു. അങ്ങനെ, പരീക്ഷണഫലം എന്താവുമെന്നു് വ്യക്തമായ യാതൊരു ധാരണയുമില്ലാതെ ജെന്നര്‍ ആ ചുവടുവയ്പിനു് തയ്യാറാവുന്നു! ജെയിംസില്‍ ഗോവസൂരിപ്രയോഗം നടത്തിയതിനു് ആറാഴ്ച്ചകള്‍ക്കു് ശേഷം ആസന്നമരണനായ ഒരു രോഗിയുടെ വ്രണത്തില്‍ നിന്നുള്ള സിക്രീറ്റ്‌ വഴി ജെന്നര്‍ അവന്റെ ശരീരത്തില്‍ മസൂരിയുടെ രോഗാണുക്കളെ പ്രവേശിപ്പിക്കുന്നു! നിര്‍ണ്ണായകമായ നിമിഷങ്ങള്‍… മണിക്കൂറുകള്‍… ദിവസങ്ങള്‍… പക്ഷേ ജെയിംസിനു് മസൂരി ബാധിക്കുന്നില്ല! ഗോവസൂരിയുടെ അണുക്കള്‍ ജെയിംസിന്റെ ശരീരത്തിനു് മസൂരിയെ ചെറുക്കുന്നതിനുള്ള ശക്തി നേടിക്കൊടുത്തിരുന്നു! പരീക്ഷണവിജയം കേട്ടവര്‍ കേട്ടവര്‍ തങ്ങളുടെ മക്കളെ കുത്തിവയ്പിക്കാന്‍ ജെന്നറിന്റെ അടുത്തെത്തിച്ചു. ജെന്നര്‍ എഴുതി: “മനുഷ്യരാശിയുടെ ഏറ്റവും ഭീകരമായ മസൂരി എന്ന വ്യാധിയുടെ ഉന്മൂലനമാവണം ഗോവസൂരിപ്രയോഗത്തിന്റെ അന്തിമമായ ലക്‍ഷ്യം.”

യൂറോപ്പില്‍ എല്ലാ ഡോക്ടറന്മാരും താമസിയാതെ ഈ കുത്തിവയ്പു് ഏറ്റെടുത്തു. ചില രാജ്യങ്ങള്‍ കുത്തിവയ്പു് നിര്‍ബന്ധമാക്കി. എന്നിട്ടും മസൂരി തിരിച്ചുവന്നുകൊണ്ടിരുന്നു. അറുപതുകളുടെ മദ്ധ്യത്തില്‍ ലോകത്തില്‍ ഏകദേശം ഒന്നര കോടി മനുഷ്യര്‍ മസൂരി ബാധയ്ക്കു് അടിമകളായി. തന്മൂലം WHO മസൂരിക്കെതിരായി ഒരു frontal attack തന്നെ പ്ലാന്‍ ചെയ്തു. പക്ഷേ, കുത്തിവയ്പ്പില്‍ വീഴ്ച്ചവരുത്തിയതുമൂലം 1972-ല്‍ യൂഗോസ്ലാവിയയില്‍ വീണ്ടും നൂറ്റന്‍പതുപേര്‍ രോഗബാധിതരാവുകയും, 35-പേര്‍ മരിക്കുകയും ചെയ്തു. രോഗികളെ മാറ്റിപാര്‍പ്പിച്ചും, സമൂഹകുത്തിവയ്പ്പുവഴിയും അവിടെ രോഗത്തെ നിയന്ത്രണാധീനമാക്കുകയായിരുന്നു. ലോകത്തില്‍നിന്നും മസൂരി ഉന്മൂലനം ചെയ്യപ്പെട്ടു എന്നു് WHO 1979 ഒക്ടോബറില്‍‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. ബ്ലോസം എന്ന പശുവില്‍ നിന്നാരംഭിച്ചതുമൂലം ഈ കുത്തിവയ്പ്പു് പശു എന്നര്‍ത്ഥമുള്ള vacca എന്ന ലാറ്റിന്‍ പദവുമായി ബന്ധപ്പെടുത്തി ഇന്നും vaccination എന്നപേരില്‍ അറിയപ്പെടുന്നു. ഗോവസൂരിപ്രയോഗം എന്തുകൊണ്ടാണു് ഫലപ്രദമാവുന്നതെന്നോ, ഏതു് രോഗാണുവാണു് അതിനു് കാരണമാവുന്നതെന്നോ ഒന്നും അറിയാന്‍ ജെന്നര്‍ക്കു് അന്നു് കഴിയുമായിരുന്നില്ല. കാരണം, microbe-കളുടെ യഥാര്‍ത്ഥലോകം അന്നു് മനുഷ്യനു് അജ്ഞാതമായിരുന്നു. അതിനെ സംബന്ധിച്ച പഠനങ്ങള്‍, ഏകദേശം അന്‍പതു് വര്‍ഷങ്ങള്‍ക്കു്ശേഷം മാത്രമാണു് ഫ്രഞ്ചു്രസതന്ത്രജ്ഞനായിരുന്ന Louis Pasteur തുടങ്ങിയതു്.

 
1 അഭിപ്രായം

Posted by on മാര്‍ച്ച് 11, 2008 in ലേഖനം

 

മുദ്രകള്‍: , ,

‘സംരക്ഷകരായ’ പുരുഷലോകം എവിടെ?

പുരപ്പുറത്തു് panel പിടിപ്പിച്ചു് ഒരു solar system തട്ടിക്കൂട്ടുന്ന ഭാരതീയ വനിതകള്‍.

ഭ്രൂണഹത്യക്കിരയായി, ലോകത്തിന്റെ വെളിച്ചം കാണാതെ ഗര്‍ഭത്തിലേ കൊല്ലപ്പെടാമായിരുന്നവര്‍! ഭാരതത്തിനു് സ്ത്രീ എന്നൊരു വര്‍ഗ്ഗമേ ആവശ്യമില്ലാത്തതുമൂലമല്ല, ഭാരതീയന്‍ സ്വയം വളര്‍ത്തിയെടുത്ത ഒരു സാമൂഹികവ്യവസ്ഥിതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കാന്‍ സ്ത്രീ എന്ന ‘ജീവിയില്‍’ നിന്നും പുരുഷലോകം പ്രതീക്ഷിക്കുന്ന സാമ്പത്തികയോഗ്യതകള്‍ നിറവേറ്റാന്‍ കഴിയാത്ത മാതാപിതാക്കള്‍ “പെണ്ണെങ്കില്‍ അതിനെ കൊന്നേക്കൂ” എന്നു് അപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നതുമൂലം! ലജ്ജാവഹമായ ചില ദുരാചാരങ്ങള്‍ തൂത്തെറിയാനുള്ള തന്റേടമോ, ധൈര്യമോ, താല്‍പര്യമോ ഇല്ലാത്ത രാഷ്ട്രീയ-സാമൂഹികനേതൃത്വങ്ങള്‍ രാജ്യത്തിലെ ജനസംഖ്യയുടെ പകുതിയെ, അവര്‍ സ്വയം തെരഞ്ഞെടുത്തതല്ലാത്ത ലൈംഗികതയുടെ പേരില്‍, സ്ത്രീത്വത്തിന്റെ പേരില്‍ വിവേചിക്കുന്നതിലും അവഗണിക്കുന്നതിലും അപാകതയൊന്നും കാണാത്തതുമൂലം!

പണമില്ലായ്മ പെണ്മക്കളെ കൊലചെയ്യാന്‍ മതിയായ കാരണമായി കരുതുന്നതാണോ ആര്‍ഷഭാരതസംസ്കാരം എന്നെനിക്കറിയില്ല; Indian sub-continent-നെപ്പറ്റി ലോകത്തിനുമുന്നില്‍ ഭാരതീയനു് അഭിമാനിക്കാന്‍ അതു് വകനല്‍കുന്നുണ്ടോ എന്നും.

ഇവരുടെ ആണുങ്ങള്‍ കള്ളുഷാപ്പില്‍ ആയതുകൊണ്ടാണു് ഇവര്‍ക്കിതു് ചെയ്യേണ്ടിവരുന്നതു് എന്നു് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു് ഭാഗികമായി മാത്രമേ നേരാവുകയുള്ളു. ഇതുപോലെ ‘ആണിന്റേയും പെണ്ണിന്റേയും’ പണി ചെയ്യേണ്ടിവരുന്ന, എന്നിട്ടും പീഡനമേല്‍ക്കേണ്ടിവരുന്ന സ്ത്രീകളുടെ ‘സംരക്ഷകരായ’ പുരുഷന്മാരെല്ലാവരും കള്ളുഷാപ്പിലാവണമെന്നില്ല. ചിലര്‍ ചീട്ടുകളിക്കുന്നുണ്ടാവാം, ചിലര്‍ വട്ടുകളിക്കുന്നുണ്ടാവാം, മറ്റുചിലര്‍ “പകിട പകിട പന്ത്രണ്ടേ” എന്നു് നീട്ടിവിളിച്ചു് പകിട കളിക്കുന്നുണ്ടാവാം. ഇതിലൊന്നും താല്‍പര്യമില്ലാത്തവര്‍ “വന്നോരേം കാണാം, പോണോരേം കാണാം ബീഡീം വലിക്കാം, ചായേം കുടിക്കാം” എന്ന ഫിലോസഫിയുമായി ഗതികിട്ടാപ്രേതം പോലെ ഏതെങ്കിലും കവല നിരങ്ങുന്നുണ്ടാവാം. ചിലര്‍ “ലോകാവസാനം ഇതാ നിന്റെ മൂക്കിനു് താഴെ. യേശു ഇപ്പൊത്തന്നെ മേഘത്തില്‍ വരും” എന്ന ഉപദേശിപ്രസംഗം കേള്‍ക്കുന്നുണ്ടാവാം. വേറെ ചിലര്‍ “ഇങ്ക്വിലാബ്‌ സിന്ദാബാദ്‌” എന്ന രാഷ്ട്രീയസര്‍വ്വരോഗസംഹാരി കണ്ണും മൂക്കുമടച്ചുപിടിച്ചുകുടിച്ചു് വികാരവിജൃംഭിതരായോ, പേയിളകിയോ തെക്കുവടക്കു് നെട്ടോട്ടമോടുന്നുണ്ടാവാം, പരസ്പരം വെട്ടിക്കൊല്ലുന്നുണ്ടാവാം. ഇതിലൊന്നും പെടാത്ത ചില ബുദ്ധിജീവി തമ്പ്രാക്കന്മാര്‍ ‘പന്തിടഞ്ഞ കുളുര്‍കൊങ്ക രണ്ടുമിടതിങ്ങി കിഞ്ചന കുലുങ്ങുന്നതു്’ നോക്കി വാപൊളിച്ചുനിന്നു് ഈച്ച പിടിക്കുന്നുണ്ടാവാം. അതുകൊണ്ടൊക്കെക്കൊണ്ടാണല്ലോ ഇവരുടെയിടയിലെതന്നെ ചില മഹത്തുക്കള്‍ പറഞ്ഞതു്: “പൊതുജനം പലവിധം!”

(ഇതു് വായിക്കുന്നവര്‍ മുകളില്‍ പറഞ്ഞ കൂട്ടത്തിലൊന്നും പെടുന്നവരല്ല എന്നറിയാം. അതിനാല്‍ അവര്‍ ഒന്നുകില്‍ ‘പാവം ഭാരതം’ എന്നുപറഞ്ഞു് ദുഃഖിക്കുകയോ, അല്ലെങ്കില്‍ always look on the bright side of life എന്ന പാട്ടുപാടി ഒന്നു് കണ്ണിറുക്കി ‘ബ്രൈറ്റ്‌ സൈഡിലേക്കു്’ നോക്കുകയോ ചെയ്യുക! അതുപോലെതന്നെ, ഇത്തരം ജോലികള്‍ സ്ത്രീകള്‍ ചെയ്തുപോകരുതു് എന്ന അര്‍ത്ഥത്തിലാണു് ഇതു് പറയുന്നതെന്നു് ഇതുപോലുള്ള ജോലികള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും ഉണ്ടെന്നും, വേണമെന്നും വാദിക്കുന്നവര്‍ തെറ്റിദ്ധരിക്കരുതെന്നും വിനീതമായി അപേക്ഷിക്കുന്നു.)

Solar system ഇങ്ങനെയും!

 
 

മുദ്രകള്‍: , ,

വിലപേശുന്ന യഹോവ

പ്രകൃതിവിരുദ്ധവേഴ്ച്ചയും, നിഷിദ്ധഗമനവും, ആടുമാടു്-ഒട്ടകസംബന്ധമായ അവകാശത്തര്‍ക്കങ്ങളുമൊക്കെയാണു് ദൈവമായ യഹോവയുടെ പഴയനിയമത്തിലെ portfolio! ഇത്തരം കാര്യങ്ങളില്‍ ഏതാണു് കുറ്റമായി കണ്ടു് ശിക്ഷിക്കേണ്ടതു്, ഏതാണു് കുറ്റമാണെങ്കില്‍ പോലും കണ്ണടക്കേണ്ടതു് മുതലായ തീരുമാനങ്ങള്‍ ദൈവം കൈക്കൊള്ളുന്നതു് ‘ആരാണു്’ അതു് ചെയ്യുന്നതു് എന്നതിന്റെ വെളിച്ചത്തില്‍ ആയിരിക്കുമെന്നു് മാത്രം!

അബ്രാഹാമിന്റെ ഇളയ സഹോദരനായിരുന്ന ഹാരാന്റെ മകനായിരുന്നു ലോത്തു്. ഹാരാന്‍ ലോത്തിന്റെ ചെറുപ്പത്തിലേ മരിച്ചുപോയി. തന്മൂലം ലോത്തു് അബ്രാഹാമിന്റെ കൂടെ ആയിരുന്നു നാടോടിയിരുന്നതു്. പക്ഷേ രണ്ടുപേര്‍ക്കും ആടുമാടുകളും മറ്റു് സമ്പത്തുകളും കണ്ടമാനം പെരുകിയപ്പോള്‍ അവരുടെ ഇടയന്മാര്‍ തമ്മില്‍ പിണക്കമുണ്ടായി. അതിനാല്‍ അബ്രാം (അന്നു് ദൈവം അവന്റെ പേരു് അബ്രാഹാം എന്നാക്കി മാറ്റിയിരുന്നില്ല!) ലോത്തുമായി പിരിയാന്‍ തീരുമാനിക്കുന്നു. അബ്രാം ‘first choice’ ലോത്തിനു് കൊടുക്കുന്നു. ലോത്തു് യോര്‍ദ്ദാനരികെ, നല്ല നീരോട്ടമുള്ള, ‘യഹോവയുടെ തോട്ടം പോലെയും, മിസ്രയീം ദേശം പോലെയും’ മനോഹരമായിരുന്ന പ്രദേശം തെരഞ്ഞെടുക്കുന്നു. അബ്രാം കനാന്‍ ദേശത്തുതന്നെ വസിക്കുന്നു.

ലോത്തു് സോദോം വരെ കൂടാരം നീക്കി നീക്കി അടിച്ചുകൊണ്ടിരുന്നു. ലോത്തിന്റെ കഷ്ടകാലത്തിനു് എന്നേ പറയേണ്ടൂ, ആ ഭാഗത്തെ ‘നാലു് രാജാക്കന്മാര്‍ക്കു് അഞ്ചു് രാജക്കന്മാര്‍ക്കെതിരെ’ യുദ്ധം ചെയ്യണമെന്നു് തോന്നിയതു് അപ്പോഴാണു്. അതിനിടയില്‍പെടുന്ന ലോത്തിനെ, സമ്പത്തു് സഹിതം, ജയിച്ച വിഭാഗക്കാര്‍ പിടിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ അബ്രാം തന്റെ വീട്ടില്‍ ജനിച്ചവരും, ‘കരാട്ടെയും കുങ്ങ്‌-ഫുവും’ മറ്റു് ചില പൂഴിക്കടകന്‍ അടികളും, കോഴിപ്പോരടക്കമുള്ള തൊഴുത്തില്‍കുത്തും നിഴല്‍ക്കുത്തുമൊക്കെ പഠിച്ച മുന്നൂറ്റിപതിനെട്ടു് അഭ്യാസികളുമായി ചെന്നു് ലോത്തിനെ മോചിപ്പിച്ചു് തിരിച്ചുകൊണ്ടുവരുന്നു. പക്ഷേ അതുകൊണ്ടു് വലിയ പ്രയോജനമുണ്ടാവുന്നില്ല. കാരണം, അപ്പോഴാണു് സോദോം-ഗോമോറയിലെ ജനങ്ങള്‍ ദുഷ്ടരും പാപികളും പുരുഷമൈഥുനക്കാരുമൊക്കെ ആണെന്ന വിവരം ഒരു കൂട്ടക്കരച്ചിലിന്റെ രൂപത്തില്‍ ദൈവസന്നിധിയിലെത്തുന്നതു്. കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ദൈവം രണ്ടു് കൂട്ടുകാരുമായി – വിശപ്പുണ്ടായിരുന്നതുകൊണ്ടാവാം – ആദ്യം അബ്രാമിന്റെ വീട്ടുപരിസരത്തെത്തുന്നു. അവരോടു് മരച്ചുവട്ടില്‍ ഇരിക്കാന്‍ അപേക്ഷിച്ചശേഷം, അക്കാലത്തെ രീതിപോലെ, അബ്രാം ഛഠേന്നു് മൂന്നിടങ്ങഴി മാവു് കുഴച്ചു് അപ്പമുണ്ടാക്കാന്‍ ഭാര്യ സാറയെയും, ഇളയതും നല്ലതുമായ ഒരു കാളക്കുട്ടിയെ ‘കൊന്നു് കഷണിച്ചു് കറിവയ്ക്കാന്‍’ ഒരു ബാല്യക്കാരനേയും ചുമതലപ്പെടുത്തുന്നു.

യഹോവ കൂട്ടുകാരോടൊത്തു് ആഹരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ ചോദിക്കുന്നു: “നിന്റെ ഭാര്യ സാറ എവിടെ?” “അവള്‍ കൂടാരത്തിലുണ്ടു്” എന്നു് അബ്രാമിന്റെ മറുപടി. അപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നു: “ഒരു ആണ്ടു് കഴിഞ്ഞിട്ടു് ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും. അപ്പോള്‍ നിന്റെ ഭാര്യ സാറയ്ക്കു് ഒരു മകന്‍ ഉണ്ടാകും.” ഈ അരുളപ്പാടു് കേള്‍ക്കുമ്പോള്‍ സാറ, “വൃദ്ധയായ എനിക്കു് മക്കളുണ്ടാകുമോ” എന്നു് ഉള്ളില്‍ പരിഹസിച്ചു് ചിരിക്കുന്നു. ഇതു് മനസ്സിലാക്കിയ യഹോവ അബ്രാഹാമിനോടു് പറയുന്നു: “നിന്റെ ഭാര്യ ചിരിക്കുന്നതെന്തു്? യഹോവയ്ക്കു് കഴിയാത്ത കാര്യമുണ്ടോ?” ഉടനെ സാറ: “ഇല്ല ഞാന്‍ ചിരിച്ചില്ല”. യഹോവ: “അങ്ങനെയല്ല, നീ ചിരിച്ചു.”

അതെന്തായാലും സാറ ഈ സംഭവം നടക്കുന്ന സമയത്തു് അത്ര വൃദ്ധ ആയിരുന്നിരിക്കാന്‍ ഇടയില്ല. കാരണം, ഇതിനു് ശേഷം (സാറ യിസഹാക്കിനെ പ്രസവിക്കുന്നതിനു് മുന്‍പു്!) അബ്രാം ഗെരാരില്‍ ചെന്നു് പാര്‍ക്കുമ്പോള്‍ “ഇവള്‍ എന്റെ പെങ്ങള്‍” എന്നു് പറയുകയും അവിടത്തെ രാജാവായ അബീമേലെക്‌ അവളെ ആളയച്ചു് കൂട്ടിക്കൊണ്ടു് പോവുകയും ചെയ്യുന്നുണ്ടു്. അബീമേലെക്‌ സാറയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കാന്‍ യഹോവ സ്വപ്നം വഴി പ്രത്യക്ഷപ്പെട്ടും മറ്റും രാത്രിയില്‍ ഉറക്കമൊഴിച്ചു് കുറെയേറെ പാടു് പെടുന്നതായും വര്‍ണ്ണിക്കപ്പെടുന്നു! (ഭാര്യയെ സഹോദരി എന്നു് പറയുന്നതു് അബ്രാമിന്റെ ഒരു പതിവു് സൂത്രമാണു്. ഒരിക്കല്‍ മിസ്രയിമില്‍ വച്ചു് ഈ തന്ത്രം വഴി ഫറവോയില്‍ നിന്നും കുറേ സമ്പത്തു് അബ്രാം നേടിയിരുന്നു. അബ്രാമിന്റെ മകനായ യിസഹാക്കും പില്‍ക്കാലത്തു് ഇതേ തന്ത്രം തന്നെ പ്രയോഗിക്കുന്നുണ്ടു്!) അതായതു്, അബീമേലെക്‌ രാജാവിന്റെ ദൃഷ്ടിയില്‍ ആകര്‍ഷണീയയായി തോന്നാന്‍ മാത്രമെങ്കിലുമുള്ള യൗവനം സാറയ്ക്കു് ആ സമയത്തു് ഉണ്ടായിരുന്നിരിക്കണം.

തിന്നു് തൃപ്തിയായ ശേഷം യഹോവയുടെ കൂട്ടുകാര്‍ സോദോമിലേക്കു് പോകുന്നു. അബ്രാം ദൈവത്തിന്റെ സന്നിധിയില്‍ (ദൈവം അബ്രാമിന്റെ സന്നിധിയില്‍ എന്നതാവും ഇവിടെ കൂടുതല്‍ ശരി!) തന്നെ നില്‍ക്കുന്നു. സോദോമിനെ നശിപ്പിക്കാതിരിക്കാന്‍ വേണ്ടി അബ്രാം യഹോവയുമായി ‘ഹൃദയഭേദകമായ’ ഒരു ‘bargaining’ നടത്തുന്നുണ്ടു്. അതു് വായിച്ചാല്‍ ആരും കരഞ്ഞുപോകും.

അബ്രാം: “പക്ഷേ ആ പട്ടണത്തില്‍ അന്‍പതു് നീതിമാന്മാര്‍ ഉണ്ടെങ്കില്‍ നീ അതിനെ നശിപ്പിക്കുമോ?”

ദൈവം: “ഇല്ല, അന്‍പതു് നീതിമാന്മാര്‍ അവിടെയുണ്ടെങ്കില്‍ ക്ഷമിച്ചേക്കാം.”

അബ്രാം: “പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോടു് സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ. അന്‍പതു് നീതിമാന്മാരില്‍ പക്ഷേ അഞ്ചുപേര്‍ കുറഞ്ഞുപോയെങ്കിലോ?”

ദൈവം: “(എന്നാ ശരി.) നാല്‍പത്തഞ്ചുപേരെ ഞാന്‍ അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കയില്ല.”

അബ്രാം: “പക്ഷേ നാല്‍പതുപേരെ കണ്ടാലോ?”

ദൈവം: “(നിന്നേക്കൊണ്ടു് തോറ്റു!) ഇല്ല, നാല്‍പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല.”

അബ്രാം: “കര്‍ത്താവു് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ?”

ദൈവം: (ആത്മഗതം: ഇന്നു് കണി കണ്ടതു് ആരെയാണാവോ?) “സമ്മതിച്ചു. മുപ്പതു് പേരെ അവിടെ കണ്ടാല്‍ നശിപ്പിക്കയില്ല.”

അബ്രാം: “ഞാന്‍ കര്‍ത്താവിനോടു് സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതു് പേരെ അവിടെ കണ്ടാലോ?”

ദൈവം: (ആത്മഗതം: ‘ദൈവമേ’ ഇതു് പുലിവാലു് പിടിച്ചപോലായല്ലോ?) “ഇല്ല ഇരുപതു് നീതിമാന്മാരെ അവിടെ കണ്ടാല്‍ ഞാന്‍ ആ പട്ടണത്തെ നശിപ്പിക്കയില്ല.”

അബ്രാം: “ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടാലോ?”

ദൈവം: “(ഒരുതരം, രണ്ടുതരം, മൂന്നുതരം! ഇതു് എന്റെയും അവസാനവാക്കു്.) ഇല്ല, പത്തു് നീതിമാന്മാരെ അവിടെ കണ്ടാല്‍ ആ പട്ടണത്തെ‍ നശിപ്പിക്കില്ല.”

അതിനുശേഷം തടി കഴിച്ചിലാക്കി, വളരെ വളരെ ദീര്‍ഘമായ ഒരു നിശ്വാസവും വിട്ടു് യഹോവ അവിടെനിന്നും രക്ഷപെടുന്നു.

(കാളക്കച്ചവട-ടെക്‍നോളജിയില്‍ ബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റാഗിംഗും ഈശ്വരപ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ ആദ്യം പഠിക്കുന്ന പാഠം ദൈവവും അബ്രാമും തമ്മിലുള്ള ഈ സംഭാഷണമാണു്.)

ആധാരം: ഉല്‍പത്തി 11: 27-32, 13: 1-13, 18: 1-33, 20: 1-18.

അടുത്തതില്‍: സോദോം-ഗോമോറയുടെ നാശവും, ലോത്തിന്റെ അഗമ്യഗമനവും (incest)

 
4അഭിപ്രായങ്ങള്‍

Posted by on മാര്‍ച്ച് 7, 2008 in മതം, ലേഖനം

 

മുദ്രകള്‍: , , ,

വൈദ്യന്മാര്‍ ‘കൈകഴുകാന്‍’ തുടങ്ങിയതിനെപ്പറ്റി

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പില്‍ വൈദ്യന്‍‌മാരുടെ അവസ്ഥ ദയനീയമായിരുന്നു. ചികിത്സാരംഗത്തു് യഥാര്‍ത്ഥ വൈദ്യന്‍‌മാര്‍ക്കു് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍പോലും സംശയം നിലനിന്നിരുന്നു. ചുരുങ്ങിയപക്ഷം, അവര്‍ക്കു് ചെയ്യാന്‍ കഴിയുന്ന അത്രയും കാര്യങ്ങള്‍ വലിയ വൈദഗ്ദ്ധ്യമൊന്നും ഇല്ലാത്ത ‘മുറിവൈദ്യന്‍‌മാര്‍ക്കും’ ചെയ്യാന്‍ കഴിയുമെന്ന ധാരണ അക്കാലത്തു് വ്യാപകമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും കാര്യങ്ങള്‍ അങ്ങേയറ്റം വഷളായി. വൈദ്യന്‍‌മാര്‍‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. സ്വന്തം ശോചനീയാവസ്ഥ മാറ്റിയെടുത്തു് യോഗ്യത തെളിയിക്കേണ്ടതു് അന്നത്തെ ഡോക്ടറന്‍‌മാരുടെ നിലനില്‍പിന്റെ പ്രശ്നമായി മാറി.

പ്രസവസഹായത്തിനു് അന്നു് യൂറോപ്പില്‍ ലഭിക്കുമായിരുന്നതില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കിയിരുന്ന വിയന്നയിലെ രണ്ടു് ആശുപത്രികളില്‍ ഒന്നു് വയറ്റാട്ടികള്‍ക്കും, മറ്റൊന്നു് വൈദ്യന്മാര്‍ക്കും വേണ്ടിയുള്ളതായിരുന്നു. എന്നിട്ടും, വിശദീകരണം നല്‍കാനാവാത്ത വിധത്തില്‍ നൂറുകണക്കിനു് ഗര്‍ഭിണികള്‍ വര്‍ഷം തോറും വൈദ്യന്മാരുടെ ആശുപത്രിയില്‍ മരിച്ചുകൊണ്ടിരുന്നു. തന്മൂലം ഗര്‍ഭിണികള്‍ ഈ ‘മരണാശുപത്രിയിലേക്കു്’ പോകാന്‍ മടിച്ചു. അവര്‍ വയറ്റാട്ടികളുടെ ആശുപത്രിക്കു് മുന്‍ഗണന നല്‍കി. 1847-ല്‍, ആയിരക്കണക്കിനു് ഗര്‍ഭിണികളുടെ മരണത്തിനു് ഡോക്ടറന്മാരെത്തന്നെ ഉത്തരവാദികളാക്കുന്ന നിലപാടു് സ്വീകരിക്കുവാന്‍, അതുവഴിതന്നെ പില്‍ക്കാലത്തു് ചരിത്രപ്രസിദ്ധനായിത്തീര്‍ന്ന, ഒരു ഡോക്ടര്‍ ധൈര്യപ്പെട്ടതില്‍നിന്നും അന്നത്തെ അവസ്ഥയുടെ രൂക്ഷത ഏകദേശം മനസ്സിലാക്കാം. തടസ്സമില്ലാതെ നടക്കുന്ന പ്രസവങ്ങളില്‍ പോലും എത്രയോ അമ്മമാര്‍ പ്രസവശേഷം രോഗബാധിതരായി മരിച്ചുകൊണ്ടിരുന്നു.

Dr. Ignaz Philipp Semmelweis (01.07.1818 – 13.08.1865)

തന്റെ സഹപ്രവര്‍ത്തകരെപ്പോലെതന്നെ ഇഗ്‌നാസ്‌ സെമ്മെല്‍വൈസ്‌ എന്ന ഡോക്ടര്‍ക്കും ഗര്‍ഭിണികളുടെ ഈ നിഗൂഢമരണത്തെ നിസ്സഹായനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. നൂറുകണക്കിനു് കുഞ്ഞുങ്ങള്‍ ജന്‍‌മനാ അമ്മയില്ലാത്തവരാവേണ്ടി വരുന്ന അവസ്ഥ! എന്താവാം ഈ രോഗത്തിന്റെ കാരണം എന്നതു് സെമ്മെല്‍വൈസിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അതിനെപ്പറ്റി മനസ്സിലാക്കാന്‍ അദ്ദേഹം ഗര്‍ഭിണികളുടെ അതുവരെയുള്ള സകല മരണറിപ്പോര്‍ട്ടുകളും പഠിക്കാന്‍ തീരുമാനിക്കുന്നു. വൈദ്യന്മാരുടെ ആശുപത്രിയില്‍ വയറ്റാട്ടികളുടെ ആശുപത്രിയിലേതിനേക്കാള്‍ മൂന്നിരട്ടി സ്ത്രീകള്‍ മരിക്കുന്നു എന്ന അറിവായിരുന്നു പഠനഫലം. 1846-ല്‍ തന്റെ ആശുപത്രിയില്‍ മാത്രം അഞ്ഞൂറു് സ്ത്രീകള്‍ മരണപ്പെട്ടതായി അദ്ദേഹം മനസ്സിലാക്കി. പ്രസവശേഷം ഗര്‍ഭിണികളെ മരണത്തിലേക്കു് നയിക്കുന്ന പനിയുടെ കാരണം മാത്രം എന്നിട്ടും അജ്ഞാതമായി തുടര്‍ന്നുകൊണ്ടിരുന്നു.

അക്കാലത്തെ Pathology-യിലെ Dissection- ന്റെ ഒരു ചിത്രം

പാത്തോളജിയിലെ തന്റെ ഒരു സഹപ്രവര്‍ത്തകന്റെ മരണം ഈ പ്രശ്നത്തിനൊരു വഴിത്തിരിവായി. ഡിസെക്ഷന്‍ റൂമില്‍ വച്ചുണ്ടായ ഒരു നേരിയ മുറിവു് മരണത്തിലേക്കു് നയിക്കുകയായിരുന്നു. ആശുപത്രിയില്‍ രാവിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ഡിസെക്ഷന്‍ പരിശീലിക്കണമായിരുന്നു. അതിനു് ശേഷമാണു് അവര്‍ ഗര്‍ഭിണികളെ പരിശോധിക്കാന്‍ പോയിരുന്നതു്. ഡിസെക്ഷന്‍ സമയത്തു് കൈകളില്‍ പറ്റുന്ന ശവത്തിന്റെ അവശിഷ്ടങ്ങളാണു് ഇന്‍ഫെക്‍ഷനു് കാരണമാകുന്നതെന്ന നിഗമനത്തിലെത്തുകയായിരുന്നു അതിനാല്‍ സെമ്മെല്‍‌വൈസ്. ഓരോ പരിശോധനക്കും മുന്‍പു് കൈകള്‍ കഴുകണമെന്നു് തന്റെ വിദ്യാര്‍ത്ഥികളോടു് അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ചു. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെതന്നെ, ആരംഭത്തില്‍ പല വിദ്യാര്‍ത്ഥികളും ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വലിയ ശ്രദ്ധയൊന്നും കാണിച്ചില്ല. “പരിശോധിക്കുമ്പോള്‍ കൈകള്‍ എന്തായാലും അശുദ്ധമാവും. പിന്നെ എന്തിനു് ഞങ്ങള്‍ അതിനു് മുന്‍പേ വെറുതെ കൈകള്‍ കഴുകണം?” എന്നതായിരുന്നു അവറ്റകളുടെ മറുചോദ്യം! പക്ഷേ സെമ്മെല്‍വൈസിനു് തന്റെ നിലപാടു് അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞിടത്തെല്ലാം സ്ത്രീകള്‍ക്കു് പനി ബാധിക്കാതായി. ഇതുവഴി ‘അമ്മമാരുടെ രക്ഷകന്‍’ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും, പല ഡോക്ടറന്മാരും ഇതു് അംഗീകരിക്കാന്‍ തയ്യാറായില്ല. സെമ്മെല്‍വൈസ്‌ മറ്റു് പ്രസവാശുപത്രികളിലെ പ്രൊഫസറന്മാര്‍ക്കു് എഴുതിയ എഴുത്തുകള്‍ അവഗണിക്കപ്പെടുകയായിരുന്നു. അവരുടെ ദൃഷ്ടിയില്‍ അദ്ദേഹം ഒരു ‘ബഹളക്കാരനും’ ‘കൈകഴുകല്‍ ഭ്രാന്തനും’ ഒക്കെ ആയിരുന്നു! രോഷാകുലനായ സെമ്മെല്‍വൈസ്‌ ‘മെഡിക്കല്‍ നീറോകള്‍’ എന്നും, ‘ശവം വഴിയുള്ള ഇന്‍ഫെക്‍ഷന്റെ അപ്പൊസ്തലന്മാര്‍’ എന്നുമൊക്കെ അവരെ തിരിച്ചും വിളിച്ചെങ്കിലും, അവസാനം മടുത്തു് ജന്മപട്ടണമായ ബുഡാപെസ്റ്റിലേക്കു് മടങ്ങാന്‍ തീരുമാനിച്ചു. അവിടെയും ശുചിത്വം പാലിച്ചുകൊണ്ട്‌ അനേകം അമ്മമാരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. അണുക്കളോടു് യുദ്ധം പ്രഖ്യാപിച്ച അദ്ദേഹം 1865-ല്‍ അണുബാധമൂലം തന്നെ മരിക്കുകയും ചെയ്തു.

സെമ്മെല്‍വൈസിന്റെ ‘കൈകഴുകല്‍ ഭ്രാന്തില്‍’ ആരംഭിച്ച ശുചിത്വബോധമാണു് പില്‍ക്കാലത്തു് sterile operation theatre എന്ന, ഇന്നു് തികച്ചും സ്വാഭാവികം എന്നു് നമ്മള്‍ കരുതുന്ന, അവസ്ഥയിലേക്കു് വൈദ്യശാസ്ത്രത്തെ കൈപിടിച്ചു് നടത്തിയതു്. വൈദ്യശാസ്ത്രത്തില്‍ എന്നപോലെതന്നെ, ജീവിതത്തിന്റെ എല്ലാ തുറകളിലും ശുചിത്വം എന്നതു് ചോദ്യം ചെയ്യപ്പെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു വസ്തുതയായി ഇന്നു് അംഗീകരിക്കപ്പെടുമ്പോള്‍ പോലും, അതു് എക്കാലവും അങ്ങനെ ആയിരുന്നു എന്നു് സൗകര്യപൂര്‍വ്വം ചിന്തിക്കാനും, അതോടൊപ്പംതന്നെ, നിലവിലിരിക്കുന്ന ദുരാചാരങ്ങളെ ദൂരീകരിക്കാന്‍ ശ്രമിക്കുന്നവരെ തെറി പറയാനുമാണു്, അതേ സൗകര്യത്തിന്റെ പേരില്‍ തന്നെ, ചില ‘നിത്യ ഇന്നലെകള്‍ക്കു്’ ‘ഇപ്പോഴും എപ്പോഴും എന്നേക്കും’ കൂടുതല്‍ താല്‍പര്യം!

 
ഒരു അഭിപ്രായം ഇടൂ

Posted by on മാര്‍ച്ച് 4, 2008 in ലേഖനം

 

മുദ്രകള്‍: , ,