RSS

ആദാമിന്റെ അയല്‍നാട്ടുകാര്‍

14 ഫെബ്രു

ആദാമിനു് അയല്‍നാട്ടുകാരോ? ഇതെന്തു് കഥ? ആറു് ദിവസങ്ങള്‍ കൊണ്ടു് സകല പ്രപഞ്ചത്തെയും, ജലജീവികളെയും, പറവജാതികളെയും, കരയിലെ ജന്തുക്കളെയും അവയ്ക്കൊക്കെ മകുടം ചാര്‍ത്താനായി ആദാം എന്ന മനുഷ്യനെയും, സൃഷ്ടിക്കുകയായിരുന്നില്ലേ ദൈവം? ആദാം ഒച്ചയും ബഹളവുമൊന്നും ഉണ്ടാക്കാതെ ഒറ്റക്കിരിക്കുന്നതു് കണ്ട ദൈവം ആ ഒരു കുറവു് പരിഹരിക്കാന്‍ അവന്റെ ഇടത്തുവശത്തെ ഒരു വാരിയെല്ലുകൊണ്ടുതന്നെ ഹവ്വ എന്ന സ്ത്രീയേയും സൃഷ്ടിച്ചു. ദൈവത്തിന്റെ അവസാനത്തെ സൃഷ്ടി ആയിരുന്നു ഹവ്വ! അതോടെ ദൈവത്തിനു് സ്വൈര്യമായി. പക്ഷേ, അതുവഴി പുരുഷനു് ലഭിച്ചതു് സ്വൈര്യമോ സ്വൈര്യക്കേടോ എന്നതു് അന്നുമുതല്‍ ഇന്നുവരെ പരിഹാരമില്ലാതെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണുതാനും!

“മേല്‍പ്പടി” ജനുസ്സുകള്‍ രണ്ടും കൂടി ചില കൊസ്രാക്കൊള്ളി ഒപ്പിച്ചതിനാല്‍ ദൈവം അവരെ പറുദീസയില്‍ നിന്നും ചാടിച്ചു് വിടുന്നു. പഠിച്ച പ്രാര്‍ത്ഥനയും ചൊല്ലി അടങ്ങിയൊതുങ്ങി ഇരിക്കാന്‍ എന്നിട്ടും അവറ്റകള്‍ തയ്യാറില്ലാതിരുന്നതിനാല്‍ അവര്‍ക്കു് അധികം താമസിയാതെ രണ്ടു് മക്കളും ജനിക്കുന്നു. സുഖപ്രസവമായിരുന്നതിനാല്‍ വയറ്റാട്ടിയുടെ ആവശ്യം വന്നില്ല, ഭാഗ്യം! മൂത്തവന്‍ കയീന്‍. ദൈവത്തിന്റെ യാതൊരു ഗുണവുമില്ലാത്ത ഒരു ദ്രോഹി! നീചനും ദുഷ്ടനും കുശുമ്പനുമായിരുന്ന അവന്‍ കര്‍ഷകനായിത്തീര്‍ന്നു. ഇളയവന്‍ ഹാബേല്‍. നല്ലവരില്‍ നല്ലവനായ ഒരു മാലാഖപ്പയ്യന്‍! അസൂയയോ കുശുമ്പോ ഒന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ശുദ്ധഹൃദയന്‍. ആടു് മേയ്ക്കലായിരുന്നു ജോലി.

വിളവെടുപ്പു് സമയത്തു് കയീന്‍ ചൊറിയുന്ന കുറേ ചേനയും ചേമ്പും ധാന്യങ്ങളുമൊക്കെ ദേവാലയത്തിലെത്തിക്കുന്നു. പൊരിച്ച ഇറച്ചി ഇഷ്ടപ്പെടുന്ന ദൈവം ആദാമിന്റെ ‘ഭാഷയില്‍’ പറഞ്ഞു: “ആര്‍ക്കുവേണം നിന്റെ കുമ്പളങ്ങേം കാച്ചിലും. വേണോങ്കി നീ തന്നെ കൊണ്ടോയി തിന്നോ!” അതേസമയം ഹാബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്നും, അവയുടെ ‘മേദസ്സില്‍’ നിന്നുതന്നെ ഒരു വഴിപാടു് ദേവാലയത്തില്‍ എത്തിക്കുന്നു. അതു് കണ്ടപ്പോള്‍ ദൈവത്തിനു് സന്തോഷമായി: “മിടുക്കന്‍! നീയാണ്‍ടാ മോന്‍! നിന്നിലും, നിന്റെ മാംസവഴിപാടിലും ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നും പറഞ്ഞു് ദൈവം മാംസവുമെടുത്തു് സ്വര്‍ഗ്ഗത്തിലേക്കു് പോയി. ആദാമും കുടുംബവുമായി നാലു് മനുഷ്യരല്ലാതെ, പുരോഹിതന്മാരോ, മറ്റാരെങ്കിലുമോ ലോകത്തിലില്ലാതിരുന്നതിനാല്‍ ഇറച്ചി അവിടെ ഇരുന്നാല്‍ ഒന്നുകില്‍ ചീഞ്ഞുനാറും, അല്ലെങ്കില്‍ പട്ടിതിന്നും. ഇന്നത്തെപ്പോലെ പൂട്ടും കെട്ടും ഫ്രിഡ്ജുമൊക്കെയുള്ള വലിയ ബസിലിക്കകളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടു്, വേഗം സ്വര്‍ഗ്ഗത്തിലെത്തിച്ചാല്‍ കേടാവുന്നതിനു് മുന്‍പു് തനിക്കും മാലാഖമാര്‍ക്കുമൊക്കെ ഒരുമിച്ചു് കറിവച്ചോ, പൊരിച്ചോ ഒക്കെ കഴിക്കാമെന്നു് ദൈവം കരുതി.

കയീന്റെ മനസ്സില്‍ ഇതൊരു പകയായി പുകഞ്ഞുകൊണ്ടിരുന്നു. മറ്റു് പോംവഴി ഒന്നും കാണാതിരുന്നതിനാല്‍ അവന്‍ ഹാബേലിനെ ചുമ്മാ അങ്ങു് തല്ലിക്കൊന്നു! ദൈവത്തെ മാംസവഴിപാടു് നല്‍കി സന്തോഷിപ്പിച്ചതിനു് ഹാബേലിനു് കിട്ടിയ പ്രതിഫലം നോക്കണേ! പാവം ഹാബേല്‍! അന്നു് പക്ഷേ കൊന്നതേ ഉള്ളു. ഇന്നാണെങ്കില്‍ പള്ളീലച്ചന്മാര്‍ അവനെ തെമ്മാടിക്കുഴിയില്‍ ശവമടക്കുകയും ചെയ്തേനെ! അതാണു് ‘മതനീതി’ എന്ന വാക്കിനു് മതതത്വശാസ്ത്രത്തിലെ ഇന്നത്തെ അര്‍ത്ഥം!

നല്ലവരെയല്ല, ദ്രോഹികളെയും പാപികളെയുമൊക്കെയാണു് നശിപ്പിക്കേണ്ടതെന്ന തിരിച്ചറിവു് ഒരുപാടു് നാള്‍ കഴിഞ്ഞു് നോഹയുടെ കാലത്താണു് ദൈവത്തിനുണ്ടാവുന്നതു്. ലോകത്തിലെ മുഴുവന്‍ മനുഷ്യരും ‘കുഞ്ഞുങ്ങളടക്കം’ പാപികളായിത്തീര്‍ന്ന അക്കാലത്തു് അവരെ കൊല്ലാനാണു് ഭൂമി മുഴുവന്‍ മുങ്ങുവാന്‍ തക്ക ഒരു പ്രളയം ദൈവം സംഘടിപ്പിച്ചതു്. ‘നീ കൊല ചെയ്യരുതു്’ എന്ന തോന്നല്‍ പിന്നേയും കുറെനാള്‍ കഴിഞ്ഞു് മോശെയുടെ കാലത്താണു് ദൈവത്തിനുണ്ടാവുന്നതു്. കാലും കയ്യും മാറ്റി വയ്ക്കുന്നതിനേക്കാള്‍ എളുപ്പം അഭിപ്രായം മാറ്റാന്‍ കഴിയും. പ്രത്യേകിച്ചും അതുവഴി ‘മാറ്റാരെ’ തോല്പിക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍! അതിപ്പോ മനുഷ്യന്റെ കാര്യത്തിലായാലും ദൈവത്തിന്റെ കാര്യത്തിലായാലും വ്യത്യാസമൊന്നുമില്ല.

എന്തായാലും, ‘പിള്ളേരുടെ’ കളി കാര്യമായി എന്നറിഞ്ഞപ്പോള്‍ ദൈവം കുപിതനായി കയീനെ ‘get out’ അടിക്കുന്നു. അപ്പോള്‍ കയീന്‍ നല്‍കുന്ന മറുപടിയും, അവന്റെ പില്‍ക്കാലജീവിതവും ഇവര്‍ നാലുപേര്‍ അല്ലാതെ മറ്റു് മനുഷ്യരും അക്കാലത്തു് ലോകത്തില്‍ ജീവിച്ചിരുന്നു എന്നതിന്റെ സംശയരഹിതമായ തെളിവുകളാണു്.

അനുജനെ കൊന്നതിന്റെ പേരില്‍ ദൈവം കയീനെ ശാസിച്ചു് പുറത്താക്കുമ്പോള്‍ കയീന്‍ പറയുന്നു: “ഇതാ നീ ഇന്നു് എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു് ഒളിച്ചു് ഭൂമിയില്‍ ഉഴലുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍ എന്നെ കൊല്ലും.”

ഹാബേല്‍ മരിച്ചസ്ഥിതിക്കു് ആദാമും ഹവ്വയുമല്ലാതെ മറ്റു് മനുഷ്യര്‍ ലോകത്തില്‍ ഇല്ലെങ്കില്‍ കയീനെ ആരു് കൊല്ലാന്‍? അവന്‍ ആരില്‍നിന്നും ഒളിക്കാന്‍? എന്നിട്ടും ദൈവമായ യഹോവ കയീനെ കാണുന്നവര്‍ ആരും അവനെ കൊല്ലാതിരിക്കാനായി അവനൊരു അടയാളം വയ്ക്കുകയും, ആരെങ്കിലും അവനെ കൊന്നാല്‍ അവനു് ‘ഏഴിരട്ടി’ പകരം കിട്ടുമെന്നു് അരുളിച്ചെയ്യുകയും ചെയ്യുന്നു. ‘ഏഴിരട്ടി പകരം’ എന്നാല്‍ എന്താണെന്നു് എനിക്കറിയില്ല. ഏഴു് പ്രാവശ്യം കൊല്ലുമെന്നായിരിക്കും. മറ്റാരുമില്ലാത്ത ലോകത്തില്‍ ആരു് കാണാനാണു് ദൈവം അവനൊരു അടയാളം വയ്ക്കുന്നതു്? ആര്‍ക്കാണു് ദൈവം ഏഴിരട്ടി പകരം ചെയ്തു് പക വീട്ടുന്നതു്?

അങ്ങനെ, യഹോവയുടെ സന്നിധിയില്‍നിന്നു് പുറപ്പെടുന്ന കയീന്‍, ഏദെനു് കിഴക്കു് ‘നോദ്‌’ എന്ന ദേശത്തു് ചെന്നു് പാര്‍ക്കുന്നു. അവിടെവച്ചു് കയീന്‍ തന്റെ ‘ഭാര്യയെ’ പരിഗ്രഹിക്കുകയും, അവള്‍ ഗര്‍ഭം ധരിച്ചു് ഹാനോക്കിനെ പ്രസവിക്കുകയും ചെയ്യുന്നു. കയീന്‍ ഒരു പട്ടണം പണിതു് അതിനു് തന്റെ മകന്റെ പേരായ ‘ഹാനോക്‌’ എന്നു് പേരിടുന്നു. അവന്റെ തലമുറകള്‍ ആദാമിന്റെ വംശാവലിയുമായി ബന്ധമില്ലാതെ മറ്റൊരു സ്വതന്ത്ര ശാഖയായി വളര്‍ച്ച പ്രാപിക്കുന്നു. ആദാമിനും ഹവ്വയ്ക്കും മൂന്നാമതു് ജനിക്കുന്ന ശേത്തിന്റെ പിന്‍ഗാമികളാണു് ആദാമിന്റെ വംശപാരമ്പര്യമായി ബൈബിളില്‍ വര്‍ണ്ണിക്കപ്പെടുന്നതു്. ആദാം, ശേത്ത്,… നോഹ,… അബ്രാഹാം, യിസഹാക്ക്‌, യാക്കോബ്‌,… ദാവീദ്‌, ശലോമോന്‍,… യോസേഫ്, യേശു,… കേരളാകോണ്‍ഗ്രസ്…!

അതായതു്, ആദാമിന്റെ കാലത്തുതന്നെ മറ്റു് ദേശങ്ങളും, അവിടെ കൊലപാതകം പോലുള്ള കുറ്റങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നു് അറിയാന്‍ മാത്രമെങ്കിലും സാംസ്കാരികമായി വളര്‍ച്ച പ്രാപിച്ചിരുന്ന മനുഷ്യരും ഉണ്ടായിരുന്നിരിക്കണം. കയീന്റെ ഭാര്യയും ഒരു ‘നോദ്‌ ദേശക്കാരി’ ആയിരുന്നിരിക്കാനാണു് മിക്കവാറും സാദ്ധ്യത.

(ആധാരം: ഉല്‍പത്തി നാലാം അദ്ധ്യായം)

Advertisements
 
3അഭിപ്രായങ്ങള്‍

Posted by on ഫെബ്രുവരി 14, 2008 in ബൈബിള്‍, മതം

 

മുദ്രകള്‍: , , ,

3 responses to “ആദാമിന്റെ അയല്‍നാട്ടുകാര്‍

 1. കിരണ്‍ തോമസ് തോമ്പില്‍

  ഫെബ്രുവരി 14, 2008 at 19:59

  ഈ സംശയങ്ങളൊക്കെ ഉള്ളതുകൊണ്ടാകും ഇപ്പോള്‍ കത്തോലിക്കാ സഭ ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെയുള്ള പുസ്തകങ്ങള്‍ മിത്താണ് എന്ന് പറയുന്നത്. മാത്രവുമല്ല പരിണാമ സിദ്ധാന്തം പോലും അംഗീകരിച്ചോളാനും പറയുന്നുണ്ട്. എന്നാല്‍ ആദ്യ സൃഷ്ടിയുടെ തുടക്കം ദൈവത്തില്‍ നിന്നാണ് എന്ന് മാത്രം.

  ഇതില്‍ ഒരു വിരോധഭാസമുണ്ട്. ഉല്‍പ്പത്തി കഥയാണെങ്കില്‍ ആദവും ഹൌവയും കഥ. ആദവും ഹൌവയുമില്ലെങ്കില്‍ ജന്മ പാപമില്ല. ജന്മ പാപമിലെങ്കില്‍ യേശുവിന്റെ കുരിസില്‍ മരണവും രക്ഷാകര പദ്ധതിയും പുനര്‍ വിശദീകരിക്കപ്പെടണം. മാമോദിസയും തര്‍ക്ക വിഷയമാകും. മൊത്തം കണ്‍ഫ്യൂഷന്‍

   
 2. സി. കെ. ബാബു

  ഫെബ്രുവരി 14, 2008 at 21:29

  ഉല്‍‌പത്തി മുതല്‍ പുറപ്പാടുവരെയുള്ള പുസ്തകങ്ങള്‍ മിത്താണെങ്കില്‍ സംഖ്യയും, ലേവ്യയും, ഇവയുടെ ഒക്കെ ചുരുക്കിക്കുറിപ്പായ ആവര്‍ത്തനവും മിത്തുതന്നെ. ഒരു നുണയില്‍ പടുത്തുയര്‍ത്തുന്ന ചീട്ടുകൊട്ടാരം അതിലെ ഒരു ചീട്ടു് എടുത്തു് മാറ്റിയാല്‍‍ തകര്‍ന്നു് നിലം‌പതിക്കുന്നതാവാനേ കഴിയൂ. ഇവയൊക്കെ മിത്താണെന്നും, ഡാര്‍വിന്റെ പരിണാമസിദ്ധാന്തം അംഗീകരിച്ചോളാനും പറഞ്ഞു് മാര്‍പാപ്പ ഒരു ഇടയലേഖനം ഇറക്കുമോ? ഇത്തരം മുട്ടായുക്തികള്‍ ചിലവാവുന്നിടത്തു് ചിലവാക്കാന്‍ ചില അച്ചന്മാര്‍ ശ്രമിക്കുന്നുണ്ടാവാം. അതുകൊണ്ടെന്തു് കാര്യം?

  ജന്മപാപം പോലും! ഭൂമിയിലെ സസ്യ-ജന്തുജീവിതം നോക്കിക്കാണുന്ന സാമാന്യബോധമുള്ള ആര്‍ക്കെങ്കിലും പ്രത്യുത്പാദനം ഒരു പാപമാണെന്നു് പറയാന്‍ കഴിയുമോ?

  ഈ മണ്ടത്തരങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലാതിരുന്നവര്‍ നൂറ്റാണ്ടുകള്‍ക്കു് മുന്‍‌പും ഉണ്ടായിരുന്നു. അന്നു് കത്തോലിക്കാസഭ സര്‍വ്വശക്തമായിരുന്നതുകൊണ്ടു് അവരെയൊക്കെ ചുട്ടെരിച്ചു് ‘ദൈവഹിതം’ നടപ്പാക്കി. അവരുടെ ജീവിതം നശിപ്പിച്ചതിനു് എന്തു് നീതീകരണമാണു് സഭയ്ക്കു് നല്‍കാനുള്ളതു്?

   
 3. കാവലാന്‍

  ഫെബ്രുവരി 16, 2008 at 08:04

  വാലന്റൈന്‍സ് ഡേ കഴിഞ്ഞ് വായിക്കാന്‍ മാറ്റിവച്ചിരിക്കയായിരുന്നു.വായിച്ചു.

  ചിരിമാത്രം ചിരിമാത്രം….

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: