RSS

വിശുദ്ധപൗലോസിന്റെ സ്ത്രീവിരോധം

23 ജനു

മതങ്ങളില്‍ പൊതുവേയും, കത്തോലിക്കാസഭയില്‍ പ്രത്യേകിച്ചും, സ്ത്രീകള്‍ ‘വിലകുറഞ്ഞ’ മനുഷ്യരായി വീക്ഷിക്കപ്പെടുന്നു. പ്രാര്‍ത്ഥിക്കാനും, നോമ്പുനോക്കാനും, കുമ്പസാരിക്കാനും, അടുക്കളപ്പണിയും തോട്ടപ്പണിയും ചെയ്യാനുമൊക്കെ സ്ത്രീകള്‍ക്കു് ഇഷ്ടംപോലെ സ്വാതന്ത്ര്യമുണ്ടു്. പക്ഷേ വിശ്വാസിസമൂഹത്തിന്റെ നേര്‍പകുതിയായ സ്ത്രീവര്‍ഗ്ഗത്തിനു് പൗരോഹിത്യം സ്വീകരിക്കുന്നതിനോ, സഭയിലെ നയരൂപീകരണപ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്നതിനോ അര്‍ഹതയില്ല. patriarchal society-കളില്‍ രൂപമെടുത്ത മതങ്ങളില്‍ മറ്റൊരു നിലപാടു് പ്രതീക്ഷിക്കുന്നതിലും വലിയ കാര്യമൊന്നുമില്ല. കാണാനും, തിന്നാനും നല്ലതെന്നു് തിരിച്ചറിഞ്ഞ പഴം സദുദ്ദേശത്തില്‍ പുരുഷനു് നല്‍കി അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ പോലും അവിടെ പാപിഷ്ഠയായെ വിവക്ഷിക്കപ്പെടുകയുള്ളു. അതാണു് ദൈവവിശ്വാസം തലയില്‍ കയറിയാല്‍ പുരുഷനു് സംഭവിക്കുന്ന metamorphosis! (അതുകൊണ്ടു് സ്ത്രീകള്‍ക്കു് religious mania ഉണ്ടാകാറില്ല എന്നര്‍ത്ഥമില്ല.) ഇതൊക്കെയാണെങ്കിലും, അല്ലെങ്കില്‍ അതുകൊണ്ടുതന്നെ, ബൈബിളിലെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍, ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തുവും, ക്രിസ്തുമതം യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ സ്ഥാപിച്ചവനായ വിശുദ്ധ പൗലോസും സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനത്തെ സംബന്ധിച്ചു് ഏകാഭിപ്രായം പുലര്‍ത്തുന്നവരല്ല എന്നു് മനസ്സിലാക്കേണ്ടിവരുമ്പോള്‍, ബൈബിളിലെ മറ്റു് പല കാര്യങ്ങളിലുമെന്നപോലെതന്നെ, നിഷ്പക്ഷമതികളായ അന്വേഷകര്‍ക്കു് അത്ഭുതപ്പെടേണ്ടിവരുന്നു.

വിശുദ്ധ പൗലോസ്‌ കല്‍പിക്കുന്നു: “സ്ത്രീയെ തൊടാതിരിക്കുന്നതു് ‘മനുഷ്യനു്’ നല്ലതു്. എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഓരോരുത്തനു് സ്വന്തം ഭാര്യയും, ഓരോരുത്തിക്കു് സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.” – (1. കൊരിന്ത്യര്‍ 7: 2) വിശുദ്ധ പൗലോസിന്റെ അഭിപ്രായത്തില്‍, ലൈംഗികജീവിതത്തിന്റെ ലക്‍ഷ്യം മനുഷ്യരാശിയുടെ നിലനില്‍പ്പല്ല, പുരുഷനും സ്ത്രീയും വഴിപിഴച്ചുപോകാതിരിക്കാനുള്ള ഒരു കുറുക്കുവഴി മാത്രമാണു്! അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ടെസ്റ്റ്‌ ട്യൂബ്‌ വഴി വംശം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ-സാങ്കേതികവിദ്യകള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അതിനാല്‍, വംശം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയും പരസ്പരം ‘തൊടുകയല്ലാതെ’ മറ്റു് വഴിയൊന്നുമുണ്ടായിരുന്നില്ല. ഇനി, പൗലോസിന്റെ ആഗ്രഹം പോലെ, സകല മനുഷ്യരും ക്രിസ്ത്യാനികളാവുകയും, അവര്‍ എല്ലാവരും ‘ദുര്‍ന്നടപ്പു്’ എന്ന ഏര്‍പ്പാടു് ഉപേക്ഷിക്കുകയും ചെയ്തു എന്നു് കരുതിയാലോ? ‘തൊടൂല്ല നിന്നെ ഞാന്‍’ എന്നു് പുരുഷന്മാരും, ‘തൊട്ടുപോകരുതു് എന്നെ’ എന്നു് സ്ത്രീകളും കടുംപിടുത്തം പിടിക്കുന്ന ഒരവസ്ഥ!? പണ്ടു് ആദാമും ഹവ്വായും ദൈവകല്‍പന അക്ഷരം പ്രതി അനുസരിക്കുകയും, പാമ്പു് പറിച്ചുകൊടുത്ത പഴം തിന്നാതിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നെങ്കിലത്തെ അവസ്ഥയുമായി ഇതൊന്നു് താരതമ്യം ചെയ്തുനോക്കുന്നതു് നന്നായിരിക്കും! അവര്‍ അനുസരണശീലരായിരുന്നെങ്കില്‍ ഇന്നു് മനുഷ്യലോകം ഉണ്ടാവുമായിരുന്നോ? വിശുദ്ധന്മാരായാലും സഹജീവികളോടു് പറയാവുന്നതിന്റെയും, ആവശ്യപ്പെടാവുന്നതിന്റെയും പരിധി എന്തു് എന്നു് അറിഞ്ഞിരിക്കുന്നതുകൊണ്ടു് വലിയ തെറ്റില്ലെന്നു് തോന്നുന്നു. സ്വന്തം അമ്മയുടെ വയറ്റില്‍ പത്തുമാസം കഴിഞ്ഞതിനുശേഷമാണു് താനും ഈ ഭൂമിയുടെ വെളിച്ചം കണ്ടതെന്ന സാമാന്യസത്യം മറന്നുകൊണ്ടല്ലാതെ ‘സ്ത്രീയെ തൊടാതിരിക്കുന്നതു് മനുഷ്യനു് നല്ലതു്’ എന്നും മറ്റുമുള്ള ‘മതതത്വശാസ്ത്രങ്ങള്‍’ വിളമ്പാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

അതേസമയം, ഉഭയസമ്മതപ്രകാരം ‘പെണ്ണിനെ ആണൊന്നു് തൊട്ടാലോ, പെണ്ണൊന്നു് ആണിനെ തൊട്ടാലോ’ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടാവാനില്ല എന്ന നിലപാടാണു് യേശു സ്വീകരിച്ചു് കാണുന്നതു്. ഒരു പെണ്ണിന്റെ ദുഃഖത്തില്‍ അല്‍പം കരയേണ്ടിവരുന്നതും അത്ര വലിയ ഒരു പ്രശ്നമായി യേശു കരുതുന്നില്ല. ബേഥാന്യാക്കാരനായ ലാസറിനെ ഉയിര്‍പ്പിച്ച ഭാഗം ബൈബിളില്‍ വായിച്ചിട്ടില്ലേ? ലാസര്‍ മാര്‍ത്തയുടെയും മറിയയുടെയും സഹോദരനായിരുന്നു. യേശു അവരെ വളരെ സ്നേഹിച്ചിരുന്നു. (ഈ മറിയയാണു് യേശുവിനെ പരിമളതൈലം പൂശി, തലമുടികൊണ്ടു് അവന്റെ കാല്‍ തുടച്ചതു്.) ലാസര്‍ രോഗം പിടിപെട്ടു് കിടക്കുന്നു എന്നു് ആളയച്ചു് പറഞ്ഞിട്ടും യേശു ബേഥാന്യായിലേക്കു് രണ്ടു് ദിവസം കഴിഞ്ഞാണു് പോകുന്നതു്. കാരണം, “അവന്റെ ദീനം മരിക്കാനല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിനായിട്ടാണു്” എന്നു് യേശുവിനു് അറിയാമായിരുന്നു. ലാസറിനെ കല്ലറയില്‍ വച്ചു് നാലു് ദിവസം കഴിയുമ്പോള്‍ അവിടെ എത്തുന്ന യേശുവിനെ സ്വീകരിക്കാന്‍ ഗ്രാമവാതില്‍ക്കലേക്കു്‍ മാര്‍ത്ത ഒറ്റയ്ക്കാണു് ഓടിച്ചെല്ലുന്നതു്. സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വാഗ്ദാനം അവള്‍ക്കു് നല്‍കുന്നതല്ലാതെ യേശു ഗ്രാമത്തിലേക്കു് കടക്കുന്നില്ല. മാര്‍ത്ത തിരിച്ചുചെന്നു് “ഗുരു വന്നിട്ടുണ്ടെന്നും, നിന്നെ വിളിക്കുന്നു” എന്നും രഹസ്യമായി മറിയയോടു് പറയുന്നു. അതുകേട്ട മറിയ യേശുവിന്റെ അരികിലെത്തി കാല്‍ക്കല്‍ വീണു് കരയുമ്പോള്‍ യേശുവും ‘ഉള്ളം നൊന്തു് കലങ്ങി’ കരയുന്നു. ‘Jesus wept’ (യേശു കണ്ണുനീര്‍ വാര്‍ത്തു) എന്ന ഇംഗ്ലീഷ്ബൈബിളിലെ ഏറ്റവും നീളം കുറഞ്ഞ വാക്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു് ഇവിടെയാണെന്നതു് ഒരു accidental coincidence മാത്രമാവാം! – (യോഹന്നാന്‍ 11: 1 – 44)

മറിയ യേശുവിനെ മുന്നൂറിലേറെ വെള്ളിക്കാശു് വിലയുള്ള ‘സ്വച്ഛജടാമാംസി’ തൈലം പൂശുമ്പോള്‍ “അതു് വിറ്റു് ദരിദ്രരെ സഹായിക്കാമായിരുന്നില്ലേ” എന്നു് ചോദിക്കുന്നവരുടെ മുന്‍പിലും യേശു അവളെ ന്യായീകരിക്കുന്നു: “ദരിദ്രര്‍ എല്ലായ്പ്പോഴും നിങ്ങളുടെ അടുക്കല്‍ ഉണ്ടല്ലോ. ഇച്ഛിക്കുമ്പോള്‍ അവര്‍ക്കു് നന്മ ചെയ്യാന്‍ നിങ്ങള്‍ക്കു് കഴിയും. ഞാനോ എല്ലായ്പോഴും നിങ്ങളോടു് കൂടെ ഇരിക്കയില്ല. കല്ലറയിലെ അടക്കത്തിനായി എന്റെ ദേഹത്തിനു് മുന്‍പുകൂട്ടി അവള്‍ തൈലം തേച്ചു.” – (മര്‍ക്കോസ്‌ 14: 3 – 9)

മറ്റൊരവസരത്തില്‍, യേശു മാര്‍ത്തയുടെയും മറിയയുടെയും വീട്ടില്‍ ആയിരുന്നപ്പോള്‍ ശുശ്രൂഷയാല്‍ കുഴങ്ങിയ മാര്‍ത്ത, തന്നെ ജോലിയില്‍ സഹായിക്കാതെ അവന്റെ അടുത്തിരുന്നു് വചനം കേള്‍ക്കുന്ന മറിയയെ പറ്റി പരാതി പറയുമ്പോഴും യേശു മറിയയുടെ ‘പക്ഷം’ ചേരുന്നു. “മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും, മനം കലങ്ങിയുമിരിക്കുന്നു. എന്നാല്‍ അല്‍പമേ വേണ്ടൂ; അല്ല, ഒന്നുമതി. മറിയ നല്ല അംശം തെരഞ്ഞെടുത്തിരിക്കുന്നു; അതു് ആരും അവളോടു് അപഹരിക്കയുമില്ല.” – (ലൂക്കോസ്‌ 10: 38 – 42) ചിലരോടു് ആര്‍ക്കും ഒരു പ്രത്യേക താല്‍പര്യം തോന്നും. അതു് സൗന്ദര്യം മൂലമോ, ശാരീരിക chemistry യുടെ പൊരുത്തം മൂലമോ ഒക്കെയാവാം. അതില്‍ എന്തോ വലിയ കുഴപ്പമുണ്ടെന്നു് കരുതുന്നതാണു് കുഴപ്പം.

വ്യഭിചാരക്കുറ്റം ചുമത്തിയ ഒരു സ്ത്രീയുടെ പുറകെ ‘മുണ്ടും മടക്കിക്കുത്തി’ കല്ലെറിയാന്‍ എത്തുന്ന സദാചാരവക്കീലന്മാരില്‍നിന്നും അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യേശു ഒരു സ്ത്രീവിരോധി ആവുമോ? അന്നത്തെ മനുഷ്യര്‍ക്കു് മനസ്സാക്ഷി ഉണ്ടായിരുന്നു – അതുകൊണ്ടു് മനസ്സാക്ഷിക്കുത്തും. തന്മൂലം, “നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ ഒന്നാമതു് കല്ലെറിയട്ടെ” എന്ന വാചകം അവരില്‍നിന്നും അവളെ രക്ഷിക്കുവാന്‍ യേശുവിനു് അന്നു് ധാരാളം മതിയായിരുന്നു. ഇന്നാണെങ്കില്‍ ആദ്യം കല്ലേറു് കൊള്ളുന്നതു് യേശുവിനു് തന്നെയായിരിക്കും. അതിനുശേഷമേ അവര്‍ അവളെ എറിയൂ. അവളെ ആദ്യം എറിയുന്നവന്റെ ശരീരത്തിനു് അവള്‍ തലേന്നു് പുരട്ടിയിരുന്ന സുഗന്ധത്തിന്റെ ഗന്ധവുമായിരിക്കും.

മഹാപുരോഹിതന്മാരോടും ജനത്തിന്റെ മൂപ്പന്മാരോടും യേശു പറയുന്നു: “ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു് മുന്‍പായി ദൈവരാജ്യത്തില്‍ കടക്കുന്നു.” – (മത്തായി 21: 31)

യോഹന്നാന്റെ സുവിശേഷപ്രകാരം, ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷപ്പെടുന്നതുതന്നെ മഗ്ദലക്കാരത്തി മറിയക്കാണു്. അല്ലാതെ, തന്റെ ‘പള്ളി പണിയേണ്ട പാറയായ’ പത്രോസിനോ, മറ്റു് ശിഷ്യന്മാര്‍ക്കോ അല്ല. – (യോഹന്നാന്‍ 20: 1 – 18) ഇങ്ങനെയൊക്കെയാണെങ്കിലും, ക്രിസ്തുമതത്തില്‍ സ്ത്രീകള്‍ രണ്ടാം കിടക്കാര്‍! ‘സ്ത്രീകളും വേശ്യകളുമൊക്കെ വേണമെങ്കില്‍ ദൈവരാജ്യത്തില്‍ കടന്നോട്ടെ. അതിനാര്‍ക്കു് പരാതി? ഇവിടെ പെണ്ണുങ്ങള്‍ അത്ര കേമികളാവണ്ട.’ എന്നതാവാം പിതാക്കന്മാരുടെ നിലപാടു്!

“സ്ത്രീകളെ തൊടാതിരിക്കൂ” എന്നു് വിശുദ്ധ പൗലോസ്‌. “വിശ്വാസികളേ! നിങ്ങള്‍ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കൂ, അഥവാ കുഞ്ഞുങ്ങളെ എത്രവേണമെങ്കിലും ജനിപ്പിക്കൂ” എന്നു് ആധുനിക മതാധികാരികള്‍! ഈവിധ ഉപദേശവൈരുദ്ധ്യങ്ങള്‍ക്കു് നടുവില്‍ കുറേ വിശ്വാസിസമൂഹങ്ങളും! സ്വന്തം സൃഷ്ടി സ്വയം നശിപ്പിച്ചു്, ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവാന്‍ ഇടയാക്കുന്ന ഉപദേശങ്ങള്‍ ഒരു ദൈവത്തില്‍ നിന്നും ഏതായാലും ഉണ്ടാവുമെന്നു് തോന്നുന്നില്ല. ജനപ്പെരുപ്പം മൂലം സാമൂഹികഭദ്രത തന്നെ അപകടത്തിലാവുന്നു എന്നറിഞ്ഞുകൊണ്ടു്, തുടര്‍ന്നും പെറ്റുപെരുകൂ എന്നു് അവരെ ഉത്ബോധിപ്പിക്കാനും മനുഷ്യസ്നേഹമോ സാമാന്യബോധമോ ഉള്ള ഒരു ദൈവം തയ്യാറാവുകയില്ല. ജനപ്പെരുപ്പം സ്ഫോടകാത്മകമായ അവസ്ഥയിലേക്കു് നീങ്ങുന്നതു് കാണുമ്പോള്‍ അതു് നിയന്ത്രിക്കുവാന്‍ അനുയോജ്യമായ ശാസ്ത്രീയവിജ്ഞാനം ഉപയോഗപ്പെടുത്തുവാനുള്ള കടപ്പാടു് ഏതൊരു സമൂഹത്തിനുമുണ്ടു്. അങ്ങനെയുള്ള ശ്രമങ്ങള്‍ക്കു് നേരെ കണ്ണടക്കുകയോ, തുരങ്കം വയ്ക്കുകയോ ചെയ്യുന്നവര്‍ ആരുതന്നെ ആയാലും, അവര്‍ ചെയ്യുന്നതു് സമൂഹദ്രോഹമാണു്.

Advertisements
 

മുദ്രകള്‍: , ,

5 responses to “വിശുദ്ധപൗലോസിന്റെ സ്ത്രീവിരോധം

 1. കടവന്‍

  ജനുവരി 23, 2008 at 16:12

  നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ ഒന്നാമതു് കല്ലെറിയട്ടെ” എന്ന വാചകം അവരില്‍നിന്നും അവളെ രക്ഷിക്കുവാന്‍ യേശുവിനു് അന്നു് ധാരാളം മതിയായിരുന്നു. ഇന്നാണെങ്കില്‍ ആദ്യം കല്ലേറു് കൊള്ളുന്നതു് യേശുവിനു് തന്നെയായിരിക്കും. അതിനുശേഷമേ അവര്‍ അവളെ എറിയൂ. അവളെ ആദ്യം എറിയുന്നവന്റെ ശരീരത്തിനു് അവള്‍ തലേന്നു് പുരട്ടിയിരുന്ന സുഗന്ധത്തിന്റെ ഗന്ധവുമായിരിക്കും.

   
 2. ഭൂമിപുത്രി

  ജനുവരി 23, 2008 at 18:19

  സക്കറിയയുടെ ഒരുനോവലില്‍(ഓര്‍മ്മശരിയാണെങ്കില്‍,‘എന്തുണ്ട് പിലാത്തോസേ വിശേഷ?’)ഇതാണു വിഷയം.

   
 3. റോബി

  ജനുവരി 23, 2008 at 20:32

  ഇതു മാത്രമല്ല…സ്ത്രീകള്‍ പൊതുസഭയില്‍ സംസാരിക്കരുതെന്നും തലയില്‍ മുണ്ടിട്ടു നടക്കണമെന്നും സംശയങ്ങള്‍ ചോദിക്കരുതെന്നും(അഥവാ ചോദിക്കണമെങ്കില്‍ രഹസ്യമായി ഭര്‍ത്താവിനോട്‌ ചോദിക്കാം) വി.പോള്‍ പറയുന്നുണ്ട്…

   
 4. സി. കെ. ബാബു

  ജനുവരി 24, 2008 at 13:05

  കടവന്‍,

  നന്ദി.

  ഭൂമിപുത്രി,

  സക്കറിയ ബൈബിളിനെ വിമര്‍ശിക്കാറുണ്ടെന്നറിയാം. പക്ഷേ “ഭൂമിശാസ്ത്രപരമായ” കാരണങ്ങളാല്‍ എല്ലാ രചനകളും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അവസരം ലഭിച്ചാല്‍ ആ കുറവു് പരിഹരിക്കണമെന്നുണ്ടു്.

  റോബി,

  ശരിയാണു്. സ്ത്രീകളെ സംബന്ധിച്ചു് മാത്രമല്ല, അറിവിനെ സംബന്ധിച്ചും, അവിശ്വാസികളെ സംബന്ധിച്ചുമൊക്കെ വിശുദ്ധ പൌലോസ് സ്വീകരിക്കുന്ന പല നിലപാടുകളും ഇന്നു് അംഗീകരിക്കാവുന്നവയല്ല. പക്ഷേ അവയൊന്നും വിശ്വാസികളെ അധികം അലട്ടാറില്ലെന്നു് മാത്രം.

   
 5. കിരണ്‍ തോമസ് തോമ്പില്‍

  ജനുവരി 30, 2008 at 06:49

  ബാബു സാറേ ഈ പോസ്റ്റ് കാണാന്‍ വൈകിപ്പോയീ.ഇതുവരെ ചിന്തിക്കാതിരുന്ന ഒരു സംഗതിയാണ് താങ്കള്‍ പറഞത്. അപ്പോള്‍ ദുര്‍ന്നടപ്പ് ഒഴിവാക്കാനാണ് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് അല്ലേ. അപ്പോള്‍ കത്തോലിക്ക സഭ പറയുന്നത് പോലെ സന്താനോല്പാദനത്തിന് അത്രക്ക് വലിയ പ്രാധാന്യമൊന്നും ഇല്ല എന്ന് ഇതില്‍ നിന്ന് ചിന്തിച്ച് കൂടെ ഈ വചനങളുടെ ബാക്കി ഭാഗങ്ങള്‍ക്കൂടി വായിച്ചാല്‍ വീണ്ടും ഈ ചിന്തയെ സാധൂകരിക്കപ്പെടുന്നതായി തോന്നുന്നു

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: