RSS

Daily Archives: ജനുവരി 18, 2008

ഒറ്റമൂലി ഇരട്ടമൂലി ഇത്യാദി….

താമസിച്ചാണു് സൂരജിന്റേയും, അതുവഴി സുമേഷ്‌ ചന്ദ്രന്റെയും പോസ്റ്റുകള്‍ കണ്ടതു്. അവയ്ക്കു് നേരിട്ടുള്ള കമന്റല്ല ഇതു്. എങ്കിലും അതിനോടു് കൂട്ടിച്ചേര്‍ത്തു് വായിക്കാമെന്നു് തോന്നുന്നു. എനിക്കു് നേരിട്ടു് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ചില കാര്യങ്ങളാണു് ഇവ.

ഒരു B.Sc.(zoology) final year വിദ്യാര്‍ത്ഥിയെ പെസഹാരാത്രിയില്‍ പള്ളിയിലേക്കു് പോകുന്ന വഴി ഒരു പട്ടി കടിക്കുന്നു. തന്നെ കടിച്ചതു് അയല്‍വാസിയുടെ പട്ടി തന്നെയാണെന്നു് പൂര്‍ണ്ണ സാമ്യം മൂലം അതിരാവിലെ തന്നെ എഞ്ചിനിയറിംഗ്‌ ബിരുദധാരിയായ സഹോദരനോടൊപ്പം പട്ടിയെ നേരിട്ടു് കണ്ടു് അവന്‍ സ്ഥിരീകരിക്കുന്നു. (വിദ്യാഭ്യാസയോഗ്യത പറയാന്‍ കാരണം അവര്‍ അജ്ഞരായിരുന്നില്ല എന്നു് അറിഞ്ഞിരിക്കാനാണു്.) അത്ര ഉറപ്പായതിനാല്‍ കുടുംബസുഹൃത്തായ ഡോക്ടര്‍ പോലും vaccination-ന്റെ ആവശ്യമില്ലെന്നു് ഉപദേശിക്കുന്നു. താമസിയാതെ ഈ കഥ തന്നെ എല്ലാവരും മറക്കുന്നു. 80 ദിവസങ്ങള്‍ക്കു് ശേഷം പെട്ടെന്നു് ഒരു പനി വരുമ്പോള്‍ rabies എന്നൊരു സംശയം ആര്‍ക്കുമുണ്ടാവുന്നില്ല. പനിയുമായി ആശുപത്രിയില്‍ ചെന്നപ്പോള്‍ ഗുളികക്കൊപ്പം കുടിക്കാന്‍ കൊടുത്ത വെള്ളത്തിനു് നേരേ അവന്‍ ഭയം പ്രകടിപ്പിക്കുന്നതു് (hydrophobia) കണ്ട ഡോക്ടര്‍ “ഇവനെ എന്നെങ്കിലും പട്ടി കടിച്ചിരുന്നോ?” എന്നു് ചോദിച്ചപ്പോഴാണു് ആ കഥ വീണ്ടും ഓര്‍മ്മയിലെത്തുന്നതു്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അവനെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലിലേക്കു് മാറ്റി. ലോകത്തിലിന്നോളം പേപ്പട്ടിവിഷബാധ രോഗലക്ഷണം തുടങ്ങിയതിനുശേഷം ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഇനി ആകെ ചെയ്യാന്‍ കഴിയുന്നതു് അവന്‍ violent ആകാതിരിക്കാന്‍ കൃത്യമായ interval-ല്‍ sedate ചെയ്തുകൊണ്ടിരിക്കുക മാത്രമാണെന്നും chief doctor നേരിട്ടു് അറിയിച്ചപ്പോള്‍ അവന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തകര്‍ന്നതു് ഒരു ലോകമായിരുന്നു. ഇടയ്ക്കിടെ പൂര്‍ണ്ണബോധം! വീണ്ടും അബോധാവസ്ഥ! മരുന്നിന്റെ ശക്തികൊണ്ടു് violent ആവുന്നില്ലെന്നു് മാത്രം! അസഹ്യവും ക്രൂരവുമായ കാഴ്ച്ച! ആശുപത്രിയിലെത്തി രണ്ടാം ദിവസം അവന്‍ മരിച്ചു.

കട്ടിലില്‍ നിന്നു് താഴെ വീഴാനുള്ള സാദ്ധ്യത ഉള്ളതുകൊണ്ടു് തറയില്‍ ഒരു mattress-ല്‍ കിടത്തിയിരുന്ന ആ ഇരുപത്തൊന്നു് വയസ്സുകാരന്റെ മുറിക്കു് വെളിയില്‍ ജീവച്ഛവങ്ങളെപ്പോലെ കാത്തിരിക്കുന്ന ബന്ധുമിത്രാദികള്‍! അപ്പോള്‍ ദാ വരുന്നു, ഒരു ഒറ്റമൂലിക്കാരന്‍! ലുങ്കി, ബനിയന്‍, തലയില്‍ കെട്ടു്, കയ്യില്‍ എന്തിനെന്നറിയില്ല, കുത്തിപ്പിടിക്കാന്‍ മാത്രം ബലമില്ലാത്ത ഒരു വടിയും! “ചെറുനാരങ്ങാനീരില്‍” ഒരു ചെയ്ത്തുണ്ടത്രേ! ചെറുനാരങ്ങയും പേപ്പട്ടിവിഷവും പൊരുത്തപ്പെടുകയില്ലെന്നു് പണ്ടേ കേട്ടിട്ടുണ്ടു്. അതു് നേരാണോ എന്നറിയില്ല. പക്ഷേ, വെള്ളത്തെ ഭയക്കുന്ന രോഗമുള്ള ഒരു രോഗിയെ നാരങ്ങാനീരു് കുടിപ്പിക്കുന്നതെങ്ങനെ? ബലം പ്രയോഗിച്ചു് കുടിപ്പിക്കണം എന്നായിരുന്നു ഗുരുവിന്റെ മറുപടി! അധികം അവിടെ നിന്നാല്‍ തടി കേടാവും എന്നു് തോന്നിയതുകൊണ്ടാവും, അത്ഭുതചികിത്സകന്‍ സ്ഥലം വിട്ടു. മറ്റു് മനുഷ്യരുടെ എത്ര ദയനീയമായ അവസ്ഥയും ചൂഷണം ചെയ്യാന്‍ മടിക്കാത്ത മനുഷ്യാധമന്മാര്‍ ലോകത്തിലുണ്ടെന്നു് ഞാന്‍ ആദ്യം മനസ്സിലാക്കിയതു് അന്നായിരുന്നു. വേണ്ടപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ പലപ്പോഴും യുക്തിഹീനമായ കാര്യങ്ങള്‍ക്കുപോലും അംഗീകാരം നല്‍കും. അവര്‍ അജ്ഞരാണെങ്കില്‍ പ്രത്യേകിച്ചും ! ഇവിടെ പറഞ്ഞ അതേ സാഹചര്യത്തില്‍, അയാളുടെ ഒറ്റമൂലിപ്രയോഗത്തിനു് സമ്മതം മൂളുന്നവരും ഉണ്ടാവാം. മനുഷ്യരുടെ ഈ ബലഹീനതയെപ്പറ്റിയുള്ള “അറിവാണു്” അത്യാഹിതസമയത്തു് അന്യരെ ലജ്ജയില്ലാതെ സമീപിക്കുവാനുള്ള ധൈര്യം അയാള്‍ക്കു് നല്‍കുന്നതു്.

കോളേജിലേക്കു് പോകുന്ന വഴി വെളിപാടുണ്ടായി “സിദ്ധന്‍” ആയിത്തീര്‍ന്ന ഒരുവനെപ്പറ്റി കേട്ടിട്ടുണ്ടു്. സിദ്ധന്‍ പ്രസിദ്ധന്‍ ആയതോടെ തമിഴ്‌നാട്ടില്‍നിന്നുവരെ luxury coach-കളില്‍ രോഗികള്‍ എത്തിയിരുന്നു അയാളുടെ വീടിനു് മുന്നില്‍. ഒരു miniature പോട്ട! ഒരിക്കല്‍ അവിടെ ചികിത്സയ്ക്കു് പോയ എന്റെ ഒരു നാട്ടുകാരി വൃദ്ധ അവര്‍ക്കു് സിദ്ധന്റെ ചികിത്സ വളരെ ഫലം ചെയ്തു എന്നെന്നോടു് പറയുകയുണ്ടായി. നല്ലകാര്യം! ഞാന്‍ കരുതി. “എന്തു് മരുന്നാണു് സിദ്ധന്‍ നല്‍കിയതു്?” ഞാന്‍ അന്വേഷണകുതുകിയായി. “അയലത്തല തേക്കിന്റെ ഇലയില്‍ പൊതിഞ്ഞു് അടുപ്പിലിട്ടു് ചുട്ടു് ദിവസം രണ്ടുനേരം സേവിക്കുക.” മേമ്പൊടി ചേര്‍ക്കണമോ എന്നു് ഞാന്‍ ചോദിച്ചില്ല.

ആ സ്ത്രീക്കു് അഞ്ചു് പെണ്മക്കളായിരുന്നു. അവരെല്ലാവരും ഒറ്റയടിക്കു് എന്നപോലെ വിവാഹപ്രായത്തില്‍ എത്തിയപ്പോള്‍ അവരുടെ വിവാഹപ്രശ്നം പരിഹരിക്കാന്‍ മദ്യപാനമാണു് ഏറ്റവും എളുപ്പവഴി എന്നു് അവരുടെ കെട്ട്യോനു് തോന്നി. കുടിച്ചുകഴിഞ്ഞാല്‍ മുഴുവനും പെണ്മക്കളായതു് കെട്ട്യോളുടെ കുറ്റം കൊണ്ടാണെന്നും, അതു് ഭാര്യയെ ഇത്തിരി ഉറക്കെ പറഞ്ഞു് മനസ്സിലാക്കണമെന്നും, എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ അതു് അടിച്ചേല്‍പ്പിക്കണമെന്നും അങ്ങേര്‍ക്കു് തോന്നും. അതുവഴി ഭാര്യ രോഗിണി ആയി മാറി. ഭര്‍ത്താവിന്റെ ബഹളം അയല്‍ക്കാരുടെ ultimatum വഴിയും, ഭാര്യയുടെ രോഗം സിദ്ധചികിത്സ വഴിയും ഭേദമായി. എങ്ങനെ ആയാലെന്താ, സംഗതി കോമഡി ആയി അവസാനിച്ചാല്‍ മതിയല്ലോ!

പച്ച മരുന്നുകളിലും വേരുകളിലുമൊക്കെ രോഗപ്രതിരോധശേഷിയുള്ള ഘടകങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. അവ പഠനവിധേയമാക്കണം. അവ വേര്‍തിരിച്ചു് സംഭരിച്ചാല്‍ ആപല്‍ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. കീഴാനെല്ലിയിലും, മത്തങ്ങയിലും, പപ്പായയിലുമൊക്കെ ഔഷധഗുണങ്ങളുണ്ടാവാം. ആയുര്‍വേദസസ്യങ്ങള്‍ എല്ലായിടത്തും എല്ലാക്കാലത്തും വളരുന്നവയാവണമെന്നില്ല. പച്ചമരുന്നു് കിട്ടാനില്ലാത്തതുകൊണ്ടു് രോഗി ചത്തോട്ടെ എന്നതു് ആയുര്‍വ്വേദത്തിന്റെയും നിലപാടാവാനാവില്ലല്ലോ. ഒറ്റമൂലികൊണ്ടു് ഒരു രോഗം സുഖപ്പെട്ടാല്‍ നല്ല കാര്യം. പക്ഷേ, അതൊരു “ലോട്ടറി” അടിച്ചതോ, അതോ യഥാര്‍ത്ഥത്തില്‍ അതിനു് പിന്നില്‍ വസ്തുതകള്‍ ഉണ്ടോ എന്നറിയേണ്ടതു് പൊതുനന്മക്കു് ആവശ്യമാണെന്നു് തോന്നുന്നു. ഗവേഷണം ഏതു് ശാസ്ത്രത്തിന്റെയും വളര്‍ച്ചക്കു് ആവശ്യമാണു്. പേപ്പട്ടിവിഷത്തിനും, മസൂരിക്കും, ക്ഷയത്തിനുമൊക്കെ പരിഹാരം കണ്ടെത്തിയ മഹാത്മാക്കളും ഗവേഷണത്തിലൂടെ, അന്വേഷണത്തിലൂടെ ആണു് അതൊക്കെ നേടിയെടുത്തതു്. മാനവരാശിയുടെ നിലനില്‍പ്പു് തന്നെ അവരെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ അപകടത്തിലാവുമായിരുന്നു എന്ന സത്യം മറക്കാതിരിക്കാനുള്ള പ്രാഥമികബാദ്ധ്യത നമുക്കുണ്ടു്.

ആയുര്‍വേദചികിത്സാരീതികളെ ആധുനിക മെഡിസിനേയും, ശാസ്ത്രത്തെയും മാതൃകയാക്കി നവീകരിക്കാനുള്ള യാതൊരു ശ്രമവും നടത്താന്‍ അതുമായി ബന്ധപ്പെട്ടവര്‍ തയ്യാറാവാതിരുന്നതുമൂലം, വൈദ്യന്‍ എന്ന പേരില്‍ ആര്‍ക്കും അതില്‍ കയറി നിരങ്ങാന്‍ കഴിയുന്ന ഒരവസ്ഥ സംജാതമാവുകയായിരുന്നു. സംസ്കൃതശ്ലോകങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വിവക്ഷിച്ചില്ലെങ്കില്‍ ഗൗരവതരമായ അര്‍ത്ഥവ്യത്യാസം വരാമെന്നതിനാല്‍ ആയുര്‍വേദപുസ്തകങ്ങള്‍ അതു് ആദ്യം ഭാഷാപരമായിത്തന്നെ സംശയത്തിനു് ഇടനല്‍കാത്തവിധത്തില്‍ പുനരാവിഷ്കരിക്കപ്പെടണം. അച്ഛനില്‍നിന്നും മകനിലേക്കു് പകര്‍ന്നുകൊണ്ടു് ഒരു ശാസ്ത്രത്തിനും അധികം വളരാന്‍ ആവില്ല.

ഗുരുവിന്റെ പ്രതിമയ്ക്കു് മുന്നില്‍ നിന്നു് അസ്ത്രവിദ്യ ശീലിച്ചു് അര്‍ജ്ജുനനേക്കാള്‍ കേമനായതിനു് ഏകലവ്യനോടു് ദ്രോണര്‍ ചോദിച്ച ഗുരുദക്ഷിണ അവന്റെ വലതുകയ്യുടെ തന്നെ പെരുവിരലായിരുന്നു! അതാണു് നമ്മുടെ പാരമ്പര്യം! തീര്‍ച്ചയായും ദ്രോണരുടെ പ്രവൃത്തി നീതീകരിക്കുന്നവരുണ്ടാവും. ഏതു് നിലപാടിനും അതിന്റേതായ ന്യായവാദങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നതാണല്ലോ മനുഷ്യജീവിതത്തിന്റെ ഒരു പ്രത്യേകത! പക്ഷേ മനുഷ്യരില്‍ അന്തര്‍ലീനമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അല്ലെങ്കില്‍ വെറുതെ സിനിമയും സ്വപ്നവും കണ്ടു് ജന്മം പാഴാക്കുന്നതു് നൂറുകോടിയില്‍ മീതെ ജനങ്ങളായിരിക്കും.

Advertisements
 
 

മുദ്രകള്‍: , , ,