RSS

കുഞ്ഞാടിന്റെ ആസനത്തിലെ കൃമിയെപ്പറ്റി

29 ഡിസം

“മദ്യപാനി, മാനസികരോഗി, തെരുവുവേശ്യ എന്നീ മൂന്നു് വിഭാഗങ്ങള്‍ നമ്മളോടു് എങ്ങനെ പെരുമാറിയാലും, ഒരുപക്ഷേ തുണിപൊക്കി കാണിച്ചാല്‍ തന്നെയും, പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതെ, കാണാത്ത ഭാവത്തില്‍ സ്ഥലം വിടുന്നതാണു് അന്തസ്സുള്ളവര്‍ക്കു് അനുയോജ്യം” എന്നു് ഞാന്‍ ഗുരുതുല്യം ബഹുമാനിച്ചിരുന്ന ഒരു വ്യക്തി ഒരിക്കല്‍ പറഞ്ഞതോര്‍മ്മിക്കുന്നു. അന്നേ തന്നെ വാര്‍ദ്ധക്യത്തിലെത്തിയിരുന്ന ആ മാന്യദേഹം ഇന്നു് ജീവിച്ചിരിപ്പില്ല. അല്ലെങ്കില്‍ ഈ മൂന്നു് വിഭാഗവും ഒരുമിച്ചുചേര്‍ന്ന “ദൈവമക്കള്‍” എന്നൊരു സങ്കരവര്‍ഗ്ഗം കൂടി ലോകത്തിലുണ്ടു് എന്നു് അദ്ദേഹത്തോടു് ഞാന്‍ പറഞ്ഞേനെ! ആദ്യത്തെ മൂന്നുവിഭാഗത്തില്‍, മദ്യപാനിയേയും, മാനസികരോഗിയേയും ചികിത്സിച്ചു് ഭേദമാക്കാം. തെരുവുവേശ്യ അങ്ങനെയൊരു അവസ്ഥയില്‍ പലപ്പോഴും സ്വന്ത കുറ്റത്താലല്ല വന്നുപെടുന്നതു് എന്നതിനാല്‍ അനുയോജ്യമായ മാര്‍ഗ്ഗങ്ങളിലൂടെ അവളെയും രക്ഷപെടുത്താം. പക്ഷേ, തങ്ങളുടെ സഹായമില്ലെങ്കില്‍ ദൈവം “കിടപ്പിലായിപ്പോകും” എന്നു് കരുതി ദൈവത്തെ രക്ഷിക്കാന്‍ മനുഷ്യരോടു് വിശുദ്ധയുദ്ധം പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ “സേനാനായകന്മാരെ” ചികിത്സിച്ചുപോലും രക്ഷപെടുത്താനാവില്ല. കാരണം, ആവശ്യത്തിനു് വെളിച്ചം ലഭിക്കാത്ത photographic plate-നു് തുല്യമായ അവരുടെ തലച്ചോറിനെ ചികിത്സി‍ച്ചോ, മറ്റു് വിധത്തിലോ നന്നാക്കാനാവില്ല. യാതൊരു വിവരവുമില്ലെങ്കിലും, “വലിയ വലിയ കാര്യങ്ങളേ” അവര്‍ക്കു് വേണ്ടൂ. അവര്‍ “വലിയവരില്‍ വലിയവനായ” ദൈവത്തിന്റെ ആളുകളാണല്ലോ! ചെറിയ ചെറിയ കാര്യങ്ങളുമായി അവര്‍ക്കെന്തു് ബന്ധം? ഗോതമ്പപ്പം മനുഷ്യമാംസമാണെന്നു് വിശ്വസിച്ചുകൊണ്ടു് ചവക്കാതെ വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങാതെ അല്‍പം വീഞ്ഞുകൂടി അതു് മനുഷ്യരക്തമാണെന്നു് വിശ്വസിച്ചു് കുടിക്കാന്‍ മടിക്കാത്ത ഈ വര്‍ഗ്ഗത്തിനു് ശാസ്ത്രമെന്നാല്‍ “ഈനാംപേച്ചിയോ മരപ്പട്ടിയോ” എന്നറിയില്ലെങ്കിലും, ഐന്‍സ്റ്റൈനും ന്യൂട്ടണുമൊക്കെയേ വേണ്ടൂ! പൊതുതെരുവില്‍ നിന്നുകൊണ്ടു് ദൈവനാമത്തില്‍ വഴിപോക്കരെ തുണിപൊക്കി കാണിക്കുകയും ചെയ്യും! ലജ്ജ, നാണം, തൊലി എന്നൊക്കെ വിളിക്കപ്പെടുന്ന ഒരു മാനസികാവസ്ഥ എന്നാല്‍ എന്തെന്നു് മനുഷ്യര്‍ക്കു് അറിയില്ലെങ്കില്‍ അവര്‍ എന്തും ചെയ്യും! ഒഴിവായി പോകേണ്ടവര്‍ വഴിയാത്രക്കാരാണു്.

സ്വയം സ്വതന്ത്രമാക്കി വിജ്ഞാനവിഹായസ്സിലേക്കു് പറന്നുയരാന്‍ ശ്രമിക്കുന്ന ആധുനിക മനുഷ്യബുദ്ധിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ദൈവമക്കളുടെ ചില അഭിപ്രായപ്രകടനങ്ങള്‍ കേള്‍ക്കുമ്പോള്‍ “പറഞ്ഞാല്‍ അപ്പന്‍ അമ്മയെ കൊല്ലും, പറഞ്ഞില്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നേണ്ടിവരും” എന്ന അവസ്ഥയിലെ ധര്‍മ്മസങ്കടം! (“മനുഷ്യമാംസം തിന്നുകയും, മനുഷ്യരക്തം കുടിക്കുകയും” ചെയ്യുന്നവര്‍ പട്ടിയിറച്ചി തിന്നുന്നതിലും അപാകത കാണണമെന്നില്ലെങ്കിലും!) ധര്‍മ്മസങ്കടം എന്നാല്‍, ഇത്തരം ദൈവമക്കള്‍ ഒരുപക്ഷേ മനസ്സിലാക്കിയേക്കാവുന്നതുപോലെ ധര്‍മ്മം കൊടുക്കുന്നതിലെ സങ്കടമല്ല, വേദങ്ങളിലും, ഗീതങ്ങളിലും ഗാഥകളിലുമൊക്കെ ഇടക്കിടെ മുഴങ്ങുന്ന സാക്ഷാല്‍ മാനുഷികധര്‍മ്മത്തിന്റെ സങ്കടം! വിവിധ വിജ്ഞാനശാഖകളില്‍ ബാഹ്യവും ആന്തരികവുമായ പ്രതികൂല സാഹചര്യങ്ങളിലും പരിക്ഷീണരാവാതെ, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി മനുഷ്യന്റെ അന്തര്‍നേത്രങ്ങളിലെ തിമിരം മാറ്റാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരും ബുദ്ധിജീവികളും കൈവരിക്കുന്ന ഓരോ നേട്ടങ്ങള്‍ക്കുമനുസരിച്ചു് ഓരോ ചുവടു് പുറകോട്ടു് മാറിനിന്നു് കൊഞ്ഞനം കാണിക്കുന്ന, ബൗദ്ധിക-സാംസ്കാരികനിലവാരത്തില്‍ ഇന്നും “കൂമ്പാളക്കോണകപ്രായം” കഴിഞ്ഞിട്ടില്ലാത്ത, ദൈവസംരക്ഷകരും ലോകരക്ഷിതാക്കളുമായി സ്വയം അവരോധിച്ചിരിക്കുന്ന, ചില “തുത്തുകുണുക്കിപ്പക്ഷികളുടെ” ജല്‍പനങ്ങള്‍ മനസ്സിലുണര്‍ത്തുന്ന ധര്‍മ്മസങ്കടം!

പ്രപഞ്ചത്തിന്റെ ചലനാത്മകത അഭംഗുരം നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്വം ദൈവത്തില്‍ നിന്നും നേരിട്ടു് ഏറ്റെടുത്തു് അതിനുവേണ്ടി പകല്‍മുഴുവനും, പിന്നെ സമയം കിട്ടുമ്പോഴൊക്കെയും ഇടതടവില്ലാതെ തുത്തുകള്‍ കുണുക്കി ആഗോളവും, അതിഗോളവുമായ മഹാവിപത്തുകളില്‍ നിന്നും പ്രപഞ്ചത്തേയും, പിന്നെ “തുണിയുടുത്തും, തുണിയഴിച്ചും” ആടുന്ന കുഞ്ഞാടുകളേയും രക്ഷപെടുത്തുകയെന്ന ഭഗീരഥപ്രയത്നത്തില്‍ മുഴുകിയിരിക്കുന്ന വര്‍ഗ്ഗമാണല്ലോ തുത്തുകുണുക്കിപ്പക്ഷികള്‍! ഈ “വിശുദ്ധ ചന്തികള്‍” അവരുടെ കൃമിപിടിച്ച ആസനം നിരന്തരം കുണുക്കിയില്ലെങ്കില്‍ എന്തായിരുന്നേനെ ലോകത്തിന്റെ ഗതി എന്നു് ചിന്തിക്കാന്‍ കൂടി വയ്യ!

കത്തനാരുടെ “കാക്കാലവേഷത്തിനൊത്ത” കസവുടയാടയുടെ അടിത്തൊങ്ങലില്‍ പൊടി പുരളാതിരിക്കാന്‍ ആസനത്തോടൊട്ടിനിന്നു് കാപ്പയുടെ അടിവശം പൊക്കിപ്പിടിക്കാനും, തിരുമേനിയുടെ തിരുമുഖത്തു് വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ ഇടതുവശത്തുനിന്നു് കുട പിടിച്ചുകൊടുക്കാനും, മേദസ്സും വിയര്‍പ്പും കലര്‍ന്ന സ്വന്തദുര്‍ഗ്ഗന്ധത്തില്‍ പിതാവു് ശ്വാസം മുട്ടി ചാവാതിരിക്കാന്‍ വലതുവശത്തുനിന്നു് നിരന്തരം വിശറികൊണ്ടു് വീശിക്കൊടുക്കാനും, വിശുദ്ധശരീരത്തിന്റെ മടക്കുകളില്‍ നിന്നുയരുന്ന കാരുണ്യത്തിന്റെ ഈര്‍പ്പമുള്ള വിടക്കിന്റെ വിഷക്കാറ്റേറ്റു് രോമഹര്‍ഷം കൊള്ളാനും, അതോടൊപ്പം ദൈവാനുഗ്രഹത്താല്‍ തനിക്കു് മാത്രം ലഭിച്ച ഈ അസുലഭ അവസരത്തില്‍ അഭിമാനം കൊള്ളാനും, ആനന്ദാശ്രു പൊഴിക്കാനും, അതിനു് അര്‍ഹത ലഭിക്കാതിരുന്ന “തെണ്ടിപ്പരിഷകളുടെ” നേരെ പുച്ഛം കലര്‍ന്ന നേത്രശരങ്ങള്‍ വര്‍ഷിക്കാനും “ഭാഗ്യം” ലഭിക്കുന്ന ഒരു സാദാ മുട്ടുകുത്തിവിശ്വാസിക്കു് അതിലുപരിയായി നേടാന്‍ ഒരു കാര്യം മാത്രമേയുള്ളു: ഹിമാലയത്തിന്റെ ഏറ്റവും മുകളിലെ തുമ്പത്തു് കയറിനിന്നു് ഇതുവരെ ഒരു കഴുതയും കാമം കരഞ്ഞുതീര്‍ത്തിട്ടില്ലാത്ത അത്ര ഉച്ചത്തില്‍ സകല ലോകവും കേള്‍ക്കെ “സ്തോത്രം കര്‍ത്താവേ, ഹാലേലുയ്യ” എന്നു് വിളിച്ചു് കൂവി നാലു് വളിയും വിട്ടു് തന്നെത്താന്‍ നെഞ്ചത്തു് തല്ലി ചാവുക! ഭൂമിയില്‍ എവറസ്റ്റിന്റെ തലയോളം ദൈവത്തോടു് അടുത്തുനില്‍ക്കുന്ന മറ്റൊരു സ്ഥാനവുമില്ല. അവിടെ നിന്നു് പുറപ്പെട്ടാല്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൈവസന്നിധിയില്‍ എത്തിച്ചേരാം. അതില്‍പരം മുട്ടില്‍ മുട്ടുകുത്തിന്റെ തഴമ്പുള്ള ഒരു വിശ്വാസിക്കു് എന്തുവേണം?

“മഹാപുരോഹിതനോടു് ഇങ്ങനെയോ മറുപടി പറയുന്നതു്?” എന്ന “അതിഗഹനമായ” ചോദ്യം ചോദിച്ചുകൊണ്ടു് യേശുവിന്റെ കന്നത്തടിക്കുകയും, ഒപ്പം “എങ്ങനെയുണ്ടു് പിതാവേ ഞാന്‍?” എന്ന ഭാവത്തില്‍ നക്കാപ്പിച്ചക്കുവേണ്ടി മഹാപുരോഹിതനെ ഒളികണ്ണിട്ടു് നോക്കുകയും ചെയ്യുന്ന ആത്മീയമന്ദബുദ്ധികള്‍! പക്ഷേ വാല്‍മാക്രികള്‍ക്കു് ചെളിക്കുണ്ടിനപ്പുറമുള്ള ലോകം അജ്ഞാതമാണല്ലോ! അങ്ങനെയൊരു ലോകത്തെപ്പറ്റി സൂചിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ മതി, അവനെ വാല്‍മാക്രികള്‍ ഒന്നടങ്കം “ഹാലേലുയ്യ” മുഴക്കി ആട്ടിയോടിക്കുകയും ദൈവനാമത്തില്‍ വിജയഭേരി മുഴക്കുകയും ചെയ്യും!

സാഹചര്യങ്ങള്‍ മനുഷ്യനെ അടിമയാക്കിത്തീര്‍ക്കാം. പക്ഷേ തന്റെ അടിമത്തത്തില്‍നിന്നും മോചനം പ്രാപിക്കാനാവും വ്യക്തിത്വമുള്ള ആരുടെയും ശ്രമം. അതേസമയം ആത്മാവില്‍ അടിമകളായി ജനിക്കുന്നവര്‍ സ്വന്തം അടിമത്വത്തില്‍ ആനന്ദിക്കുന്നവരായിരിക്കും. ആരുടെയെങ്കിലും മുന്നില്‍ മുട്ടുമടക്കുന്നതിലാണു് അവരുടെ ജന്മസാഫല്യം. അവരുടെ ദയനീയമായ ഈ അവസ്ഥയിലേക്കു് വിരല്‍ ചൂണ്ടുന്നവരെല്ലാം അവരുടെ ശത്രുക്കളും! സ്വയം മനസ്സിലാക്കാന്‍ കഴിവില്ല; പറഞ്ഞു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛവും! ഒടേതമ്പുരാനെ മാറാപ്പില്‍ പൊതിഞ്ഞുകെട്ടിക്കൊണ്ടു് നടക്കുന്ന മഹാന്മാരെ ഉപദേശിക്കാന്‍ യോഗ്യതയുള്ള മനുഷ്യരെവിടെ? സ്വതന്ത്രവ്യക്തിത്വത്തിന്റെ അന്തസ്സ്‌ മനസ്സിലാക്കാനുള്ള ശേഷി അവരുടെ തലച്ചോറിനില്ല. കഷ്ടമാണു്, പക്ഷേ എന്തുചെയ്യാം!? (ഈ ഖണ്ഡിക ഞാന്‍ ea jabbar-ന്റെ സ്നേഹസംവാദം എന്ന ബ്ലോഗിലെ ഒരു പോസ്റ്റിനിട്ട കമന്റാണു്.)

ഇനി, ഈ “ജന്മനാ വിഡ്ഢികളോടു്” മാന്യമായ ഒരു മറുപടി പറയാമെന്നു് കരുതിയാലോ? അതു് അതിനേക്കാള്‍ കഷ്ടം! ചികിത്സയില്ലാത്ത പകര്‍ച്ചവ്യാധികളുടെ രോഗാണുക്കള്‍ തിങ്ങിവിങ്ങുന്ന കഫം പോലെ ഈ നികൃഷ്ടജീവികള്‍ തൂത്തെറിഞ്ഞാലും വിട്ടുപോകാതെ ദേഹത്തില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. മതഭ്രാന്തിന്റെ വിഷവായുവേറ്റു് ശ്വാസം മുട്ടി ചാവാതിരിക്കണമെന്നുണ്ടെങ്കില്‍ ഈ “ആത്മീയചന്തയിലെ കൂട്ടിക്കൊടുപ്പുകാരെ” വിട്ടു് കഴിയുന്നത്ര ദൂരത്തില്‍ അകന്നു് നിന്നോളൂ! മറ്റൊരു പോംവഴി ഞാന്‍ കാണുന്നില്ല.

Advertisements
 
15അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 29, 2007 in പ്രതികരണം

 

മുദ്രകള്‍: ,

15 responses to “കുഞ്ഞാടിന്റെ ആസനത്തിലെ കൃമിയെപ്പറ്റി

 1. കാവലാന്‍

  ഡിസംബര്‍ 29, 2007 at 16:07

  സുരക്ഷിത്മായ ഒരു നിശ്ചിത അകലം പ്രവൃത്തികള്‍ക്കുകൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു.
  ഹെഡ്ഡിംഗു കണ്ടാല്‍ സാമാന്യജനം വായിക്കാന്‍ മടിയ്ക്കും.

  നവവത്സരാശംസകള്‍.

   
 2. സി. കെ. ബാബു

  ഡിസംബര്‍ 29, 2007 at 16:30

  കാവലാന്‍,

  രാവിലെ Blog Aggregator നോക്കിയപ്പോള്‍ ഇങ്ങനെയൊന്നു് എഴുതേണ്ടിവന്നു. എന്താ ചെയ്യാ?

   
 3. ചിത്രകാരന്‍chithrakaran

  ഡിസംബര്‍ 29, 2007 at 16:35

  പ്രിയ സുഹൃത്ത് പി.കെ.ബാബു,
  താങ്കള്‍ പ്രകടിപ്പിക്കുന്ന ധാര്‍മ്മിക രോക്ഷവും,ആത്മാര്‍ത്ഥതയും,താങ്കള്‍ കേള്‍വിക്കാരനായി ഉദ്ദേശിക്കുന്ന മതവിശ്വാസിയോട് താങ്കള്‍ക്കുള്ള മാനവികമായ അടങ്ങാത്ത നിര്‍മ്മല സ്നേഹവും ചിത്രകാരനു മനസ്സിലാകും.

  താങ്കളുടെ ഓരോ വരിയും ശരിയാണെങ്കിലും അതിലെ ഒരു തരി ആശയം പോലും വിശ്വാസിയുടെ വാതിലില്ലാത്ത കുടുക്കക്കകത്ത് കയറില്ല.
  അതിനുള്ള ഏകവഴി ഈ വിശ്വാസിക്കു പഥ്യമായ ബാലസാഹിത്യകൃതികളിലോ,കോമിക്ക് പുസ്തകങ്ങളിലോ കഥാരൂപത്തില്‍ വല്ല നല്ല കാര്യവും പറഞ്ഞുകൊടുക്കുകയാണ്.
  വളിപ്പു സാഹിത്യമെഴുതുന്നവരുടെ ബോധവല്‍ക്കരണത്തിലൂടെയും കുറച്ചു പുരോഗതിയുണ്ടാക്കാം.
  താങ്കളും,ജബ്ബാര്‍ മാഷും,സുകുമാരേട്ടനും പ്രസരിപ്പിക്കുന്ന ആധുനിക ചിന്തകള്‍ നേരിട്ട് വിശ്വാസിക്ക് ഗുണം ചെയ്യില്ല.
  പക്ഷേ, ബ്ലോഗിലെ ചിന്താശീലമുള്ള വലിയൊരു സമൂഹത്തെ ഒരു മാനവിക തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിങ്ങള്‍ വിജയിക്കുന്നുണ്ട്.
  ആ മഹത്തായ പ്രവര്‍ത്തനത്തിനിടക്ക് കുഞ്ഞാടുകള്‍ കൂട്ടം തെറ്റിവന്ന് താങ്കളുടെ സമയം കുറച്ച് അപഹരിച്ചെന്നു വരും. അതില്‍ വിഷമിക്കേണ്ടതില്ല. കുഞ്ഞാടിനറിയില്ലല്ലോ കുഞ്ഞാടാണെന്ന്… ദൈവത്തിന്റെ പ്രീതിക്കു പാത്രമാകാന്‍ ഭാഗ്യം ലഭിച്ച … സ്വയം ദൈവത്തിന്റെ സ്പെഷല്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപിലെ കര്‍മ്പൂച്ചയാണെന്നു വിശ്വസിക്കുന്ന കുഞ്ഞാടിനെ ഇടയന്റെ അരികിലേക്ക് സ്നേഹപൂര്‍വ്വം വഴികാണിച്ചുകൊടുക്കുക മാത്രം ചെയ്യുക.സമയം നഷ്ടപ്പെടുത്താതിരിക്കാനുള്ള എളുപ്പവഴി അതുമാത്രമാണ്.

  താങ്കളില്‍ നിന്നും കുഴിച്ചുമൂടപ്പെട്ട ചരിത്രത്തിന്റെ വിലപ്പെട്ട നിധികള്‍ പ്രതീക്ഷിച്ചുകൊണ്ട്….
  സസ്നേഹം,ചിത്രകാരന്‍.

   
 4. സി. കെ. ബാബു

  ഡിസംബര്‍ 29, 2007 at 17:06

  ചിത്രകാരന്‍,

  നന്ദി!

   
 5. Umesh::ഉമേഷ്

  ഡിസംബര്‍ 29, 2007 at 17:40

  സാബൂ,

  താങ്കള്‍ “മുടിയനായ പുത്രന്‍” എന്ന പേരില്‍ എഴുതിയിരുന്നപ്പോള്‍ മുതല്‍ താങ്കളുടെ ബ്ലോഗ് താത്പര്യത്തോടെ വായിച്ചിരുന്ന ഒരാളാണു ഞാന്‍. അഭിപ്രായങ്ങളോടു മിക്കവാറും പൂര്‍ണ്ണമായ (മോശ യഹൂദനായിരുന്നോ തുടങ്ങിയവയെപ്പറ്റി അറിവില്ലാത്തതിനാല്‍ പൂര്‍ണ്ണം എന്നു പറഞ്ഞുകൂടാ) യോജിപ്പും ഉണ്ടു്.

  പക്ഷേ, അടുത്ത കാലത്തായി താങ്കളുടെ ഭാഷ വളരെ പരുഷമാകുന്നു. ആളുകളില്‍ യുക്തിചിന്ത വളര്‍ത്തുകയും അവരെ അന്ധവിശ്വാസങ്ങളില്‍ നിന്നു രക്ഷിക്കുകയും ആണു താങ്കളുടെ ബ്ലോഗിന്റെ ലക്ഷ്യം എന്നു ഞാന്‍ കരുതുന്നു. അതിനു് ഈ ഭാഷ ഉതകില്ല.

  ഞാന്‍ മലയാളത്തിലെ പല യുക്തിവാദപ്രസിദ്ധീകരണങ്ങളും വായിക്കുന്നതു നിര്‍ത്തിയതു് അവ ഇങ്ങനെ എഴുതാന്‍ തുടങ്ങിയപ്പോഴാണു്. പ്രസിദ്ധീകരണങ്ങളുടെ കാര്യങ്ങളില്‍ സമ്മതിക്കാം. എല്ലാ മാസത്തിലും പ്രസിദ്ധീകരിക്കുമ്പോള്‍ എഴുതാന്‍ വിഷയമില്ലാതെ വരുമ്പോള്‍ ഏതെങ്കിലും മതഗ്രന്ഥത്തെയോ മിത്തിനെയോ എടുത്തു് പൊതിരെ തെറി വിളിക്കുകയല്ലാതെ അവര്‍ക്കു് ഒന്നും ചെയ്യാന്‍ കഴിയില്ല. വിലപ്പെട്ട സമയം ചെലവഴിച്ചു് ഇഷ്ടമുള്ളപ്പോള്‍ മാത്രം ബ്ലോഗ് എഴുതേണ്ട താങ്കള്‍ അങ്ങനെ ചെയ്യരുതു്.

  വിശ്വാസികളുടെ വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റില്ല എന്നതു് ഒരു അന്ധവിശ്വാസമാണു്. യുക്തിയുക്തമായ തെളിവുകള്‍ നല്‍കി വികാരം കുത്തിച്ചെലുത്താതെ കാര്യങ്ങള്‍ വിശദീകരിച്ചാല്‍ വ്യത്യാസം വരും. മസൂരി, ഗ്രഹണങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ ഇപ്പോള്‍ കാര്യമായി ആര്‍ക്കും തന്നെയില്ല. ശബരിമലയിലെ മകരജ്യോതി, മന്ത്രവാദം, ജ്യോതിഷം, കുട്ടിച്ചാത്തന്‍, ബാധയുപദ്രവം, ആള്‍ദൈവങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പല വിശ്വാസികള്‍ക്കും യുക്തിവാദികളുടെ പ്രവര്‍ത്തനം മൂലം വ്യത്യാസം വരുന്നുണ്ടു്. അങ്ങനെയുള്ള എഴുത്താകണം താങ്കളുടേതു് എന്നു് അപേക്ഷിക്കുന്നു. ശ്രീ ജബ്ബാറിന്റെ ബ്ലോഗ് ആണു് ഇതില്‍ എനിക്കു് നല്ല ഉദാഹരണമായി കാണിക്കാന്‍ തോന്നുന്നതു്.

  പിന്നെ, ഇതു പോലെ ആളെപ്പറയാതെ പുലഭ്യം പറയുന്നതും ശരിയല്ല. വായനക്കാര്‍ക്കു് ഇതു മനസ്സിലാവണമെന്നില്ല. എല്ലാവരും എല്ലാം വായിക്കുന്നവരല്ല. സാജന്‍ ഈയിടെ എഴുതിയ പോസ്റ്റിനെപ്പറ്റിയാണു് ഇതെങ്കില്‍ സാജന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു് ഉത്തരം പറഞ്ഞു് അദ്ദേഹത്തിന്റെ വാദത്തിന്റെ മുനയൊടിക്കുക. അല്ലാതെ ദയവായി ഇങ്ങനെ ചെയ്യാതിരിക്കുക.

   
 6. സി. കെ. ബാബു

  ഡിസംബര്‍ 29, 2007 at 19:00

  ഉമേഷ്,

  (ബാബു സാബു ആയതു് “അക്ഷരപ്പിശാചാണെന്നു്” കരുതുന്നു.)

  എന്നെ പതിവായി വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

  പരുഷമെന്നു് വേണമെങ്കില്‍ പറയാവുന്ന‍ എന്റെ രണ്ടു് പോസ്റ്റുകള്‍ ഒന്നു് ഇതും, മറ്റൊന്നു് എന്റെ “മനുഷ്യചരിതങ്ങള്‍” എന്ന ബ്ലോഗിലെ “അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാര്‍” എന്ന പോസ്റ്റുമാണു്. രണ്ടാമത്തേതു് പരുഷമായതിന്റെ വിശദീകരണം ഞാന്‍ മൂര്‍ത്തിയുടെ കമന്റിനു് ഇട്ട മറുപടിയില്‍ വിശദമാക്കിയിട്ടുണ്ടു്.

  ഈ പോസ്റ്റ് പരുഷമാക്കിയതു് അതിന്റെ ലക്‍ഷ്യം നിറവേറ്റാന്‍ diplomacy അപര്യാപ്തമാണു് എന്നു് അനുഭവം എന്നെ പഠിപ്പിച്ചതിനാലാണു്. തെരുവിലിറങ്ങി തെറി വിളിക്കാന്‍ ശീലിച്ചിട്ടില്ലാത്തതിനാല്‍‍ അതു് anonymous ആയി ചെയ്യാനും‍ നിര്‍ബന്ധിതനായി. ലക്‍ഷ്യം നിറവേറ്റാന്‍ അതു് ‍മതിയായിരുന്നുതാനും. അതു് വായിക്കുന്നവര്‍ക്കു് ഞാന്‍ അവരെയാണു് ഉദ്ദേശിക്കുന്നതു് എന്നു് തോന്നും എന്നു് താങ്കള്‍ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചിന്താക്കുഴപ്പത്തിലായേനെ.

  പോസ്റ്റുകളില്‍ ഇടയ്ക്കിടെ ഞാന്‍ ഹാസ്യരസം കലര്‍ത്താറുണ്ടെങ്കിലും, വസ്തുനിഷ്ഠത കൈവെടിയാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടു്. അതു് ഇനിയും അങ്ങനെതന്നെ ആയിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

  സമയം അനുവദിക്കുന്നതിനനുസരിച്ചു് മിക്കവാറും എല്ലാ പോസ്റ്റുകളും‍ ഞാന്‍ വായിക്കാറുണ്ടു്. കമന്റുകള്‍ വിരളമായേ ഇടാറുള്ളു എന്നുമാത്രം. ea jabbar-ന്റെ പോസ്റ്റുകളില്‍ നൂറും ഇരുന്നൂറും കമന്റുകള്‍ക്കുശേഷവും, ചര്‍ച്ച തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്നതു് ശ്രദ്ധിച്ചിട്ടുണ്ടാവും എന്നു് കരുതുന്നു. ജബ്ബാറിന്റെ ക്ഷമയോടുള്ള എന്റെ ബഹുമാനം ഞാന്‍ അദ്ദേഹത്തെ ഒരു കമന്റ് വഴി അറിയിച്ചിട്ടുമുണ്ടു്.

  പക്ഷേ ചര്‍ച്ചയ്ക്കുവേണ്ടി മാത്രമുള്ള ഒരു ചര്‍ച്ച എന്റെ ബ്ലോഗില്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനുള്ള സമയം എനിക്കില്ലെന്നതാണു് ഒരു പ്രധാന കാരണം. ഞാന്‍ വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ അവ എന്നോടൊപ്പം പങ്കുവയ്ക്കുന്നതിനു് വിരോധമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുകയാണു് എന്റെ ലക്‍ഷ്യം. അവയില്‍ അധികപങ്കും ബൌദ്ധികലോകം ഇതിനോടകം അംഗീകരിച്ചു് കഴിഞ്ഞവയുമാണു്. അതുകൊണ്ടു് അതു് സ്ഥാപിച്ചെടുക്കാനുള്ള വലിയ ബാദ്ധ്യത എനിക്കൊട്ടില്ലതാനും.

  തുടര്‍ന്നും വായിക്കുമെന്ന പ്രതീക്ഷയോടെ,

   
 7. കാവലാന്‍

  ഡിസംബര്‍ 30, 2007 at 10:48

  “താങ്കളുടെ ഓരോ വരിയും ശരിയാണെങ്കിലും അതിലെ ഒരു തരി ആശയം പോലും വിശ്വാസിയുടെ വാതിലില്ലാത്ത കുടുക്കക്കകത്ത് കയറില്ല.”;-ചിത്രകാരന്‍

  “ഞാന്‍ വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ അവ എന്നോടൊപ്പം പങ്കുവയ്ക്കുന്നതിനു് വിരോധമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുകയാണു് എന്റെ ലക്‍ഷ്യം. അവയില്‍ അധികപങ്കും ബൌദ്ധികലോകം ഇതിനോടകം അംഗീകരിച്ചു് കഴിഞ്ഞവയുമാണു്. അതുകൊണ്ടു് അതു് സ്ഥാപിച്ചെടുക്കാനുള്ള വലിയ ബാദ്ധ്യത എനിക്കൊട്ടില്ലതാനും.”:-സി. കെ. ബാബു

  ഈകാഴ്ച്ചപ്പാടിനു വളരെ നന്ദി.

   
 8. സി. കെ. ബാബു

  ഡിസംബര്‍ 30, 2007 at 13:28

  കാവലാന്‍,

  ഞാനും നന്ദി പറയുന്നു.

   
 9. സി. കെ. ബാബു

  ഡിസംബര്‍ 30, 2007 at 13:35

  എന്നെ വായിക്കുന്നവരായ എല്ലാ സഹൃദയര്‍ക്കും:

  സാജന്‍ എന്ന ബ്ലോഗറുടെ ശല്യം ഒഴിവാക്കാനായി എനിക്കു് comment moderation വീണ്ടും വയ്ക്കേണ്ടി വന്നു. അതുമൂലം നിങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ക്ഷമിക്കുക! (July 2007-ല്‍ ഞാന്‍ ബ്ലോഗ് തുടങ്ങിയ ശേഷം ഇതു് മൂന്നാമത്തെ പ്രാവശ്യമാണു് ഈ “ഒഴിയാബാധയെ” അകറ്റിനിര്‍ത്താന്‍ എനിക്കു് ഈ നടപടി സ്വീകരിക്കേണ്ടി വരുന്നതു്.

  എന്നാല്‍‍ കഴിയുന്നത്ര പരുഷമായി ഒരു ബ്ലോഗ് ഇട്ടിട്ടും എന്റെ ബ്ലോഗില്‍ താന്‍ അനാശാസ്യനാണെന്നു് എന്തുകൊണ്ടോ അങ്ങേര്‍ക്കു് പിടി കിട്ടുന്നില്ല. ആ മാന്യദേഹത്തിന്റെ ബ്ലോഗുകള്‍ വായിക്കാതിരിക്കാം. പക്ഷേ എന്റെ ബ്ലോഗില്‍ ഇടുന്ന കമന്റുകള്‍ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യാന്‍ എനിക്കു് മറ്റു് പോംവഴിയില്ല.

  എന്റെ ഈ നിലപാടിന്റെ അടിസ്ഥാനം ഞാന്‍ വെള്ളെഴുത്തിന്റെ ഒരു പോസ്റ്റില്‍ ഇട്ട കമന്റില്‍ ചുരുക്കി പറഞ്ഞിട്ടുള്ളതു് ഇവിടെ കൊടുക്കുന്നു.

  ദേവന്റെ കമന്റിന്റെ ഭാഗം:

  “അവനവന്റെ ബ്ലോഗില്‍ ഇടുന്ന പോസ്റ്റിന്റെയും കിട്ടുന്ന കമന്റിന്റെയും കണ്ടന്റ്, പബ്ലിഷര്‍ എന്ന നിലയ്ക്ക് ബ്ലോഗ് ഉടമസ്ഥന്റെ പ്രോപ്പര്‍ട്ടി ആണ്‌ (…) എന്ന നിലയ്ക്ക് പോസ്റ്റ് അവിടെ ഇട്ടേയ്ക്കണോ അതോ എടുത്തു തോട്ടിലെറിയണോ എന്ന തീരുമാനവും അദ്ദേഹത്തിന്റെ ഡിസ്ക്രീഷനില്‍ ചെയ്യുന്ന കാര്യം.”

  ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്ന “ഭീരു” എന്നതുകൊണ്ടാണോ എന്നറിയില്ല, ദേവന്റെ കമന്റിനോടു് യോജിക്കാന്‍ തോന്നുന്നതു്. ഒരുവന്റെ ബ്ലോഗ് അവന്റെ “ആത്മീയസമ്പത്താണു്.” അതു് എങ്ങനെ ഇരിക്കണമെന്നും അതിനു് എന്തു് സംഭവിക്കണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവന്റേതാണു്. അവന്റെ സ്വാതന്ത്ര്യം വഴി എനിക്കു് അവനെ ചെളി വാരി എറിയാനുള്ള എന്റെ സ്വാതന്ത്ര്യം നഷ്ടമാവുമ്പോള്‍ അതു് “ആകമാനസ്വാതന്ത്ര്യത്തെ” കൊലചെയ്യലായി എനിക്കു് തോന്നുന്നതു് സ്വാഭാവികം. വീക്ഷണകോണമാണല്ലോ പലപ്പോഴും നിലപാടുകള്‍ക്കാധാരം.

   
 10. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി

  ഡിസംബര്‍ 30, 2007 at 14:26

  നന്നായിട്ടുണ്ട് ബാബു .. ! ഞാന്‍ ഒരിക്കല്‍ ഒരു ബ്ലോഗില്‍ എഴുതിയ ഒരു കമന്റ് ഇവിടെവായിക്കുമല്ലോ …

   
 11. സി. കെ. ബാബു

  ഡിസംബര്‍ 30, 2007 at 14:51

  K. P. S.,

  ലിങ്കില്‍ സൂചിപ്പിച്ച കമന്റ് വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു് പൂര്‍ണ്ണമായും യോജിക്കുന്നു.

  ആശംസകള്‍!

   
 12. രാജന്‍ വെങ്ങര

  ഡിസംബര്‍ 30, 2007 at 15:59

  സാറിന്റെ ബ്ലൊഗില്‍ എന്തു വരണം എന്തു വരേണ്ട എന്നു നിശ്ചയിക്കാന്‍ സാറിനു സ്വതന്ത്ര്യമുണ്ടു എന്നതു ശരി തന്നെ.പക്ഷെ ഗൌരവ പൂര്‍വ്വമായ വായനക്ക് തിരഞ്ഞ്ടുക്കുന്ന അപൂര്‍വ്വം ചിലതില്‍ ഒന്നായ ഒരു ബ്ബ്ലൊഗാണു ഇതു.
  ഇതില്‍ ഇങ്ങിനെ വികാരവിക്ഷോപങ്ങളുടെ പ്രകടനം കാണേണ്ടി വരുമ്പോള്‍ നിരാശ തോന്നുന്നു.
  കുറ്ച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നതി തെറ്റുണ്ടോ..?

   
 13. സി. കെ. ബാബു

  ഡിസംബര്‍ 30, 2007 at 16:19

  രാജന്‍ വെങ്ങര,

  മുകളിലെ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ചോദ്യത്തിനു് മറുപടി കിട്ടുമെന്നാണെന്റെ വിശ്വാസം.

  ആശംസകള്‍!

   
 14. റോബി

  ഡിസംബര്‍ 31, 2007 at 22:11

  ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതായി ലോകത്തില്‍ ഒന്നുമില്ലെന്ന് താങ്കളുടെ ബ്ലോഗിന്റെ തലവാചകം. താങ്കളുടെ ബ്ലോഗ്‌ അത്തരത്തിലൊന്നാണെന്നാണ്‌ താങ്കള്‍ കരുതുന്നതെന്ന്‌ എനിക്കു തോന്നുന്നു. അല്ലെങ്കില്‍ എന്തിനാണ്‌ കമന്റ്‌ മോഡറേഷന്‍ വെച്ചിരിക്കുന്നത്‌?

  ഈ ബ്ലോഗിനു വന്ന പരിണാമത്തില്‍ ഖേദിക്കുന്നു.

   
 15. സി. കെ. ബാബു

  ജനുവരി 1, 2008 at 12:44

  റോബി,

  ഇതിന്റെ മറുപടി “യേശുവും ക്ലിയോപാട്രയും” എന്ന എന്റെ പോസ്റ്റില്‍ താങ്കള്‍ ഇട്ട കമന്റിന്റെ മറുപടിയില്‍ കൊടുത്തിട്ടുണ്ടു്.

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: