RSS

വിശുദ്ധപിതാക്കളേ ഇതിലേ.. ഇതിലേ…

05 ഡിസം

യേശു മുതല്‍ ഇന്നോളം വിശുദ്ധ കൈവയ്പ്പിലൂടെ പകര്‍ന്നു് നല്‍കപ്പെട്ട സാക്ഷാല്‍ ദൈവീക ചൈതന്യത്തിന്റെ ഉടമകളായോരേ, നിങ്ങള്‍ക്കു് നമസ്കാരം! ഈ കൈവയ്പ്പിലൂടെ നിങ്ങള്‍ “ദൈവമക്കള്‍” ആക്കിത്തീര്‍ത്തവര്‍ അനേകര്‍! എങ്കിലും അതുപോലുള്ള സാദാ വിശ്വാസികള്‍ക്കു് ലഭിച്ചതിനേക്കാള്‍ എത്രയോകൂടുതല്‍ ഭാഗ്യം ലഭിച്ചവരാണു് നിങ്ങള്‍ എന്നു് കര്‍ത്താവില്‍ ഞങ്ങള്‍ അറിയുന്നു. നിങ്ങളുടെ വേഷഭൂഷണങ്ങള്‍, സിംഹാസനങ്ങള്‍ ഇവയെല്ലാം ദൈവാനുഗ്രഹമില്ലാതെ നേടുവാന്‍ കഴിയുകയില്ലെന്നു് ഏതു് വിഡ്ഢിക്കാണു് അറിയാത്തതു്! നിങ്ങളുടെ വാസസ്ഥലമായ രൂപതകള്‍ (“രൂപം ദാ! രൂപ താ!”) നിത്യവിശുദ്ധമായ ദൈവസാന്നിദ്ധ്യത്തിന്റെ സംശയരഹിതമായ തെളിവുകള്‍ അല്ലെങ്കില്‍ പിന്നെയെന്താണു്? കേരളം മുതല്‍ റോം വരെയുള്ള സിംഹാസനാസനസ്ഥരെ തീറ്റിപ്പോറ്റാനായി “ദൈവനാമത്തില്‍ ഇനിയും പെറ്റുപെരുകൂ” എന്നു് നിങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍ “ആമേന്‍” ചൊല്ലി ആമോദം കൊണ്ടു് ആദാമിനേയും ഹവ്വായേയും പോലെ ആദ്യപാപം ചെയ്തു് കുറ്റബോധത്തോടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞാടുകളില്‍ ആര്‍ക്കുണ്ടു് ദൈവസന്നിധിയില്‍ നിങ്ങളുടെയത്ര വില? നിങ്ങളുടെയൊപ്പം നില? ആര്‍ക്കു് നിങ്ങളുടെയത്ര തേജസ്സും, മഹത്വവും അധികാരവും പദവിയും? മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങള്‍ മുഴുവന്‍ മോചിപ്പിക്കപ്പെടാന്‍ ദൈവതിരുമുന്‍പില്‍ അവരുടെ മദ്ധ്യസ്ഥരാവാന്‍ യോഗ്യത നേടിയവരായ നിങ്ങള്‍ “ഭൂമിയില്‍ കെട്ടുന്നതു് സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കുമെന്നും നിങ്ങളുടെ കയ്യിലാണു് സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍” എന്നും ആര്‍ക്കാണറിയാത്തതു്?

നിങ്ങള്‍ ആഹ്വാനം ചെയ്താല്‍ വിമോചനസമരവും വിയോജനസമരവും ചെയ്യാത്ത വിശ്വാസിയുണ്ടോ? കൊടുവാളും വെട്ടുകത്തിയുമായി “ശത്രുക്കളെ” അരിഞ്ഞുവീഴ്ത്താനും കരണത്തടിച്ചു് കുരിശില്‍ തറയ്ക്കാനും മടിക്കുന്ന കുഞ്ഞാടുകളുണ്ടോ? മക്കള്‍ സ്കൂളില്‍ പോവാതിരിക്കാന്‍ അവരെ കൈകാലുകള്‍ കൂച്ചിക്കെട്ടി കട്ടിലിനടിയില്‍ എറിയാന്‍ മടിക്കുന്ന മാതാപിതാക്കളുണ്ടോ? പറയൂ പിതാക്കളേ! നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എന്തു് ചെയ്യണം? ആരുടെ തൊലിയാണു് ഞങ്ങള്‍ ജീവനോടെ ഉരിയേണ്ടതു്? ആരെയാണു് ഞങ്ങള്‍ ജീവനോടെ ചിതയിലെറിയേണ്ടതു്? വിശുദ്ധഭവനങ്ങളിലെ അമലത്വവും അമലോത്ഭവങ്ങളും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ആരെയൊക്കെ വേണമെങ്കിലും ഞങ്ങള്‍ കിണറ്റിലെറിയാം. നിങ്ങളൊന്നു് മൂളിയാല്‍ മതി! നിങ്ങളുടെ ഒരു വാക്കിനായി ഇതാ അടിയങ്ങള്‍ കാത്തിരിക്കുന്നു! നിങ്ങളുടെ വാക്കാണു് ഞങ്ങള്‍ക്കു് ദൈവം! “ആദിയില്‍ വചനമുണ്ടായിരുന്നു, വചനം പിതാക്കളോടു് കൂടെയായിരുന്നു, വചനം ദൈവമായിരുന്നു.”

പണ്ടു്, നസറായനായ ഒരു മരപ്പണിക്കാരനെ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ മുഖത്തുതുപ്പി കുരിശില്‍ തൂക്കിയില്ലേ? നിങ്ങളുടെ സഹപ്രവര്‍ത്തകനായ ബറബ്ബാസിനെ മോചിപ്പിച്ചു് ഞങ്ങള്‍ നിങ്ങള്‍ക്കു് തിരിച്ചുനല്‍കിയില്ലേ? അങ്ങനെയാണു് ഞങ്ങള്‍! ഞങ്ങളുടേതിനെ തിരിച്ചറിയുന്നവരാണു് ഞങ്ങള്‍! എങ്കിലും ഞങ്ങള്‍ പാപികള്‍! ഞങ്ങള്‍ പാപികള്‍! ഞങ്ങള്‍ മഹാ പാപികള്‍!! ഞങ്ങളുടെ പാപങ്ങള്‍ ചോരസഹിതം വലിച്ചെടുക്കുന്ന അട്ടകളെ, പോത്തട്ടകളെ ഞങ്ങള്‍ക്കു് നല്‍കൂ! അങ്ങനെ, മഹാപാപികളായ ഞങ്ങളെ സാത്താന്റെ തടവറയായ, ഞങ്ങളുടെ ശാപമായ ഈ നശ്വരശരീരത്തില്‍നിന്നും ഈ ശവതുല്യശരീരത്തില്‍നിന്നും മോചിപ്പിക്കൂ! എന്നേക്കുമായി!

(ഇത്രയുമാവുമ്പോഴേക്കും സാധാരണഗതിയില്‍ ട്രാന്‍സിലെത്തുന്ന വിശ്വാസികള്‍ ഭക്തിനിര്‍ഭരതയില്‍ സ്വയം മറന്നു് കണ്ണുതള്ളി, നാക്കുനീട്ടി തറയില്‍ വീണു് സമൂഹഗാനമായി സ്തുതിഗീതങ്ങള്‍ ചൊല്ലാനും അപസ്മാരം ബാധിച്ചപോലെ മരണഗോഷ്ടികള്‍ കാണിക്കാനും തുടങ്ങും. ഇതാണു് കാണികള്‍ കൂട്ടംകൂട്ടമായി മാമോദീസാമുങ്ങാന്‍ മടികാണിക്കാത്ത സമയം. പിന്നെ ചട്ടിയിലും തൊട്ടിയിലും വെള്ളവുമായി ഓടിനടന്നു് ഒരു സമൂഹമാമൂദീസയാണു്. ജ്ഞാനസ്നാനമേറ്റു് രക്ഷയുടെ (മുള്‍ )ക്കിരീടം അണിയുന്ന “പുതുക്രിസ്ത്യാനികള്‍ ” ദൈവസ്നേഹത്തില്‍ അത്ഭുതപരതന്ത്രരായി ആര്‍പ്പും ആരവവുമിടുന്നു! “എന്തതിശയമേ ദൈവത്തിന്റെ…..” ഇതിനിടയില്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഒരു അശരീരി ഉണ്ടാവുന്നതു് പതിവാണു്: “ഇവരില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവര്‍ ഇന്നുമുതല്‍ “ആത്മീയമംഗളസമ്പൂര്‍ണ്ണസന്തോഷരൂപതാചൈതന്യസമ്പുഷ്ടസ്വര്‍ഗ്ഗീയരക്ഷാദായകദൈവീകസുവിശേഷഘോഷകലാടഗുരുക്കള്‍ എന്നു് വിളിക്കപ്പെടും.”) ഈ വിശേഷണത്തിനു് നീളവും മഹത്വവും പോരെന്നു് തോന്നുന്നവര്‍ക്കു് അതിനു് പിന്നില്‍ ഒരു നിതാന്തവന്ദ്യദിവ്യശ്രീ (നി. വ. ദി. ശ്രീ.) എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നതിനോടു് എനിക്കു് വിരോധമൊന്നുമില്ല.

(കര്‍ട്ടനുണ്ടെങ്കില്‍ ഒരു പിന്നണിഗാനത്തോടെ കര്‍ട്ടനിടേണ്ടതു് ഇപ്പോഴാണു്. “കഴുത്തില്ലാത്തവന്‍ മാലയിടരുതു്” എന്ന മഹദ്‌വചനം കേട്ടിട്ടില്ലേ?) കര്‍ട്ടനും പിന്നണിഗാനവും ഇല്ലെന്നു് കേള്‍ക്കുന്നതിനാല്‍ ഇതാ കര്‍ട്ടന്‍ വേണമെന്നു് വലിയ നിര്‍ബന്ധമില്ലാത്ത ഒരു പിന്നണിചൂര്‍ണ്ണം. നസ്യമോ മേമ്പൊടിയോ, ഗദ്യമോ പദ്യമോ, പാട്ടോ കൂത്തോ എന്നതെല്ലാം നിങ്ങളുടെ തോന്ന്യവാസം പോലെ! നിങ്ങള്‍ എന്തു് ചെയ്യണം എന്നു് പറയാന്‍ ഞാനെന്താ പ്രധാനപുരോഹിതനോ?

1. “ഭൂമിയില്‍ ആരെയും പിതാവു് എന്നു് വിളിക്കരുതു്, ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു്, സ്വര്‍ഗ്ഗസ്ഥന്‍ തന്നെ.”

2. “നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.”

3. “നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തുകളഞ്ഞു. നിങ്ങള്‍തന്നെ കടക്കുന്നില്ല, കടക്കുന്നവരെ തടുത്തും കളഞ്ഞു.”

4. “അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമടുകള്‍ കെട്ടി മനുഷ്യരുടെ തോളില്‍ വയ്ക്കുന്നു. ഒരു വിരല്‍ കൊണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കു് മനസ്സില്ല.”

5. “അവര്‍ തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു് വിളിക്കുന്നതും അവര്‍ക്കു് പ്രിയമാകുന്നു.”

6. “നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു. ചേര്‍ന്നശേഷം അവനെ നിങ്ങളേക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.”

7. “നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു് വാതില്‍ അടച്ചു് രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു് പ്രാര്‍ത്ഥിക്കുക; രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു് നിനക്കു് പ്രതിഫലം തരും.”

8.”എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു് വിളിക്കപ്പെടും എന്നു് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ക്കുന്നു.”

9. “മനുഷ്യര്‍ നിങ്ങള്‍ക്കു് ചെയ്യേണം എന്നു് നിങ്ങള്‍ ഇച്ഛിക്കുന്നതു് ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്യുവിന്‍; ന്യായപ്രമാണവും പ്രവാചകന്മാരും ഇതുതന്നെ.”

10. “ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരേയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു് കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ടു് അടിക്കുകയും പട്ടണത്തില്‍നിന്നും പട്ടണത്തിലേക്കു് ഓടിക്കുകയും ചെയ്യും. നീതിമാനായ ഹാബേലിന്റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ വച്ചു് കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേല്‍ വരേണ്ടതാകുന്നു.”

(ഇതൊക്കെ യേശു പറഞ്ഞതായി വിശുദ്ധ വേദപുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്ന കാര്യങ്ങളാ. ഇതും ഇതിലൊക്കെ ഒത്തിരി കൂടുതലും പഠിച്ചു് പാസ്സായാലേ പള്ളീലച്ചനാവാന്‍ പറ്റൂ. പക്ഷേങ്കിലു് ഈ പറഞ്ഞ കാര്യങ്ങള്‍ടെയൊക്കെ ശരിയായ അര്‍ത്ഥം വേറെയാ. അതു് ചുമ്മാ അണ്ടനും അടകോടനും ഒക്കെ അറിയണതു് ദൈവത്തിനു് അത്ര ഇഷ്ടോള്ള കാര്യല്ലാന്നു് കണ്ടോ. അതോണ്ടു് ഞാന്‍ പറഞ്ഞതു് കൂട്ടണ്ട. കൃത്യായിട്ടു് അറിയണോന്നൊള്ളോരു് പള്ളീലച്ചനോടൂടെ ഒന്നു് ചോദിച്ചോളൂ.)

Advertisements
 
9അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 5, 2007 in പലവക, മതം

 

മുദ്രകള്‍: ,

9 responses to “വിശുദ്ധപിതാക്കളേ ഇതിലേ.. ഇതിലേ…

 1. പ്രിയ ഉണ്ണികൃഷ്ണന്‍

  ഡിസംബര്‍ 5, 2007 at 22:32

  അപ്പൊ ഇതാണോ 10 കല്പന?

   
 2. റഫീക്ക് കിഴാറ്റൂര്‍

  ഡിസംബര്‍ 5, 2007 at 22:54

  കൊള്ളാം…ട്ടോ.

   
 3. മറ്റൊരാള്‍\GG

  ഡിസംബര്‍ 6, 2007 at 08:54

  🙂
  ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍ക്ക് ഇതൊക്കെ നന്നായ് അറിയാം മാഷേ!പിന്നെ നടപ്പിലാക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള പ്രയാസംകൊണ്ട് മിണ്ടാതിരിക്കുന്നതാണ്.

  ഇതുവരെ ഒരു മൈതാനപ്രസംഗത്തിലും നല്ല ആത്മാവ് പുറപ്പെടുവിക്കേണ്ട ഫലങ്ങളെക്കുറിച്ച് ആരും പറഞ്ഞതായ് ഞാന്‍ കേട്ടിട്ടില്ല.

  പ്രീയാ: ഇതാണ് മോശയ്ക്ക് ദൈവം കൊടുത്ത പത്ത് കല്‍പ്പനകള്‍. സീരിയസ്സ് ആയിട്ടാണ് ചോദിച്ചതെങ്കില്‍ താങ്കളുടെ അറിവിലേക്ക് ഒരു സൂചന തന്നുവെന്ന് മാത്രം.

   
 4. desabhimani

  ഡിസംബര്‍ 6, 2007 at 11:05

  ആമേന്‍!!

   
 5. സി. കെ. ബാബു

  ഡിസംബര്‍ 6, 2007 at 12:07

  പ്രിയ,
  ഇതു് പിതാക്കള്‍ക്കു് “എന്റെ” പത്തു് കല്പനകള്‍! വേണമെങ്കില്‍ ഇവ ഇരുപതോ മുപ്പതോ അതില്‍ കൂടുതലോ ആക്കാമായിരുന്നു. ചോദ്യം ironic ആണെന്നറിയാം എങ്കിലും..

  പത്തു് കല്‍പനകളിലേക്കുള്ള ലിങ്ക് “മറ്റൊരാള്‍\gg” കൊടുത്തിട്ടുണ്ടു്. പക്ഷേ തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാന്‍ ഒരു സൂചന ആവശ്യമാണെന്നു് തോന്നുന്നു. അവിടെ കൊടുത്തിട്ടുള്ളതു് കത്തോലിക്കാസഭ അംഗീകരിക്കുന്ന പത്തു് കല്പനകളാണു്. അവയില്‍ ഗ്രീക്ക് ബൈബിളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ഉദാഹരണത്തിനു്, ഒന്നും രണ്ടും കല്പനകള്‍ക്കിടയിലെ ഈ ഭാഗം:
  “ഒരു വിഗ്രഹം ഉണ്ടാക്കരുതു്. മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു് കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്…” വിഗ്രഹങ്ങളെ ആരാധിക്കുന്ന മതങ്ങളുമായി കിട പിടിക്കാന്‍ അങ്ങനെയൊരു തിരുത്തല്‍ ആവശ്യമായിരുന്നിരിക്കാം. 🙂
  പത്തു് കല്പനകള്‍ വിശദമായി വായിക്കണമെങ്കില്‍ ഇതാ കൈപ്പള്ളി മാഷിന്റെ ബൈബിളിലേക്കു് ഒരു ലിങ്ക്

  റഫീക്ക്,
  നന്ദി.

  മറ്റൊരാള്‍\gg,
  വായിച്ചതിനും ലിങ്ക് നല്‍കിയതിനും നന്ദി.
  കുഞ്ഞിനു് കരയുമ്പോള്‍ മാത്രം പാലു് കൊടുക്കാനാണു് അമ്മമാര്‍ക്കു് പോലും താല്പര്യം. ആരും ഒരിക്കലും മിണ്ടാതിരുന്നാല്‍ സുഖിക്കുന്നവര്‍ സുഖിമാന്മാരായും സഹിക്കുന്നവര്‍ “സഹിമാന്മാരായും” എന്നാളും തുടരുകയാവില്ലേ ഫലം? മനുഷ്യന്‍ മരണാനന്തരം ജീവിച്ചാല്‍ മതിയെങ്കില്‍ മാത്രമേ മിണ്ടാതിരിക്കലിനെ നീതീകരിക്കാനാവൂ എന്നു് തോന്നുന്നു.

  desabhimani,
  നന്ദി. പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ടു്. കമ്ന്റുകള്‍ ഇടാറില്ല എന്നുമാത്രം. മടിയാണു് കാരണം.

   
 6. ബി-ലോകം

  ഡിസംബര്‍ 6, 2007 at 16:03

  ”ഈ പറഞ്ഞ കാര്യങ്ങള്‍ടെയൊക്കെ ശരിയായ അര്‍ത്ഥം വേറെയാ. അതു് ചുമ്മാ അണ്ടനും അടകോടനും ഒക്കെ അറിയണതു് ദൈവത്തിനു് അത്ര ഇഷ്ടോള്ള കാര്യല്ലാന്നു് കണ്ടോ. അതോണ്ടു് ഞാന്‍ പറഞ്ഞതു് കൂട്ടണ്ട. കൃത്യായിട്ടു് അറിയണോന്നൊള്ളോരു് പള്ളീലച്ചനോടൂടെ ഒന്നു് ചോദിച്ചോളൂ”

  ഇതുതന്നെയാ സത്യം. പുതിയ പത്തുകല്‍പ്പനയൊക്കെ വായിച്ച് ഇതൊന്നുമറിയാത്തോര് തെറ്റിധരിക്കും അത്രമാത്രം.

  മതങ്ങളെയും മതപുരോഹിതരെയും വെറുതെ വിടുന്നതല്ലേ നല്ലത്? നമ്മളൊക്കെ ഇന്നലെ വരെ അവരെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തിട്ട് അറിവ് കൂടുതലായെന്ന് തോന്നുന്ന ഘട്ടത്തില് അവരെ തിരുത്താന് ശ്രമിക്കുന്നത് ശരിയാണോ?

   
 7. സി. കെ. ബാബു

  ഡിസംബര്‍ 6, 2007 at 20:54

  ബി-ലോകം,
  താങ്കള്‍ സൂചിപ്പിച്ച വാചകത്തില്‍ ഞാന്‍ ഉദ്ദേശിച്ച irony മനസ്സിലാക്കാന്‍ മാത്രം ബോധമുള്ളവുരാണു് എന്റെ ബ്ലോഗുകള്‍ വായിക്കുന്നവര്‍ എന്നാണെന്റെ വിശ്വാസം. ഇരുപതു് വര്‍ഷം നമ്മള്‍ തെറ്റാണെന്നു് അറിയാതെ ഒരു തെറ്റു്‌ ആവര്‍ത്തിച്ചു എന്നതു്‌ അതു് തെറ്റാണു് എന്നു് തിരിച്ചറിയുമ്പോഴും തിരുത്തരുതു് എന്ന നിലപാടിനെ നീതീകരിക്കണമെന്നാണോ? അങ്ങനെയെങ്കില്‍ അമ്പും വില്ലും വനവാസവും ഉപേക്ഷിച്ചു്‌ e-commerce-ന്റെ ലോകത്തില്‍ എത്തിച്ചേരുവാന്‍ മനുഷ്യനു്‌ കഴിയുമായിരുന്നോ?

  വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

   
 8. ചിത്രകാരന്‍chithrakaran

  ഡിസംബര്‍ 8, 2007 at 09:39

  പ്രിയ സി.കെ. ബാബു,
  ബ്ലോഗില്‍ നന്മയും,ചിന്താശേഷിയുമുള്ളവര്‍ വര്‍ദ്ധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
  മതങ്ങള്‍ക്കും,അധികാരത്തിനും,പിടിച്ചുപറിക്കാര്‍ക്കും സമൂഹത്തിനെ ചൂഷണം ചെയ്യാന്‍ ചില ആയുധങ്ങള്‍ വേണം.
  അത്തരമൊരു ആയുധമാണ് കുരിശില്‍ കിടന്ന് ചോരയൊലിച്ചു പിടയുന്ന ക്രിസ്തുവിന്റെ രൂപം.(കയ്യും കാലും മുറിപ്പെടുത്തി ഭിക്ഷാടനത്തിനുപയോഗിക്കുന്ന കുട്ടികളെപ്പോലെ…!!!)
  ജനമനസ്സുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പറ്റിയ ആ പീഡിതരൂപം ആകര്‍ഷിക്കപ്പെടുന്ന ജനത്തെവച്ച് മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അരമന വാസികളായ ചതിക്കുഴിയാണെന്ന് വിശ്വാസി ഒരിക്കലും തിരിച്ചറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടാകാം.
  ആ ആഗ്രഹങ്ങളെയാണ് താങ്കളെപ്പോലുള്ള സത്യാന്വേഷികളും,മനുഷ്യ സ്നേഹികളും ബ്ലൊഗിലൂടെ പൊളിച്ചു കളയുന്നത്.
  ചിത്രകാരന്റെ ആശംസകള്‍..!!!

   
 9. സി. കെ. ബാബു

  ഡിസംബര്‍ 8, 2007 at 13:34

  ചിത്രകാരന്‍,

  താങ്കളുടെ “ചാണ്ടിച്ചേട്ടന്റെ ദുഃസ്വപ്നം” ഞാന്‍ നേരത്തെ വായിച്ചിരുന്നു. എന്നാല്‍ത്തന്നെയും ലിങ്ക് നല്‍കിയതിനു് നന്ദി. ആശംസകള്‍!

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: