RSS

Monthly Archives: ഡിസംബര്‍ 2007

യേശുവും ക്ലിയോപാട്രയും

തലക്കെട്ടു് വായിക്കുമ്പോള്‍ യേശുവിനു് ക്ലിയോപാട്രയുമായുണ്ടായിരുന്ന ഏതോ വൈകാരിക ബന്ധമാണു് ഞാന്‍ വെളിപ്പെടുത്താന്‍ പോകുന്നതു് എന്നു് കരുതുന്നവരെ ആദ്യമേ നിരാശപ്പെടുത്തട്ടെ! “മുല എന്നു് കേള്‍ക്കുമ്പോള്‍” തൊണ്ണൂറു് വയസ്സുള്ള ഒരു വന്ദ്യ വയോധികയുടെ ശരീരത്തേക്കാള്‍, ഒരു യുവസുന്ദരിയുടെ ശരീരം അതിന്റെ പശ്ചാത്തലമാക്കുന്നതാണു് നമുക്കു് കൂടുതല്‍ ഇഷ്ടം എന്നതിനു് തെളിവായി ബ്ലോഗില്‍ അടുത്തയിട നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ഇങ്ങനെ ഒരു താക്കീതു് ആവശ്യമാണെന്നു് തോന്നുന്നു. ചെറുപ്പക്കാരനായിരുന്ന യേശുവിന്റെയും, “മാദകത്തിടമ്പായിരുന്ന” ക്ലിയോപാട്രയുടെയും പേരുകള്‍ ഒരുമിച്ചു് കേള്‍ക്കുമ്പോള്‍ ഉടനെ നമ്മുടെ മനസ്സില്‍ അതിനൊരു ലൈംഗിക പശ്ചാത്തലം ഉടലെടുത്താല്‍ അതില്‍ അസാധാരണമായൊന്നുമില്ല. പക്ഷേ, അങ്ങനെയൊരു അഭിനവ “ഡാവിജ്ചി കോഡ്” ഇവിടെ പ്രതീക്ഷിക്കരുതു് എന്നാണു് പറയാന്‍ ഉദ്ദേശിച്ചതു്. അവര്‍ രണ്ടുപേരും ജീവിച്ചിരുന്ന ചരിത്രപരമായ കാലഘട്ടം ഏകദേശം ഒന്നായിരുന്നു എന്നതു് മാത്രമാണു് ഇവിടെ അവരെ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചതിനു് കാരണം.

ക്ലിയോപാട്രയും (B. C. 69- B. C. 30) യേശുവും ഏകദേശം സമകാലികരായിരുന്നിട്ടും, അവരെപ്പറ്റിയുള്ള ചരിത്രപരമായ നമ്മുടെ ഇന്നത്തെ അറിവുകള്‍ തമ്മില്‍ അജഗജാന്തരമുണ്ടു്. ക്ലിയോപാട്രയുടെ ജീവിതത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നമുക്കറിയാമെങ്കിലും യേശുവിന്റെ ജീവിതം സംബന്ധിച്ചു് ചരിത്രപരമായി വളരെ വിരളമായ കാര്യങ്ങളേ നമുക്കറിയൂ.

പതിനെട്ടാം വയസ്സില്‍ ഈജിപ്റ്റിന്റെ രാജ്ഞിയായി അധികാരമേറ്റ ക്ലിയോപാട്ര ആദ്യം ജൂലിയസ്‌ സീസറിന്റെ കാമുകിയും, പിന്നീടു് മാര്‍ക്ക്‌ ആന്റണിയുടെ ഭാര്യയുമായി റോമന്‍ സാമ്രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും സജീവമായി നിയന്ത്രിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നും യേശുവിന്റെ ജനനത്തിനു് ഏകദേശം മൂന്നു് ദശാബ്ദങ്ങളുടെ അകലമേയുള്ളു. ഭൂമിശാസ്ത്രപരമായും ഇവരുടെ ജീവിതങ്ങള്‍ തമ്മിലുള്ള ദൂരം അത്ര വലിയതു് എന്നു് പറയാവുന്നതല്ല. യേശു ജീവിച്ചിരുന്ന പ്രദേശങ്ങള്‍ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ പോലുമായിരുന്നു. ഈ വസ്തുതകളുടെ എല്ലാം വെളിച്ചത്തില്‍ വേണം സകല ലോകത്തിന്റെയും രക്ഷകനായി, യോസേഫ്‌ എന്നൊരു പുരുഷനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയിലൂടെ ദൈവത്തിന്റെ ഏകജാതനായി ജന്മമെടുക്കുന്ന യേശുവിന്റെ ചരിത്രം നമ്മള്‍ മനസ്സിലാക്കാന്‍. അതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, അക്കാലത്തെ ലോകചരിത്രവുമായി വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞു് കിടക്കുന്ന റോമന്‍ സാമ്രാജ്യവും, സംസ്കാരവുമായി യേശുവിന്റെ ജീവിതം ബന്ധപ്പെടുത്താന്‍ കഴിയുന്ന കണ്ണികള്‍ എങ്ങനെ ഇത്ര ലോലമാവാന്‍ കഴിഞ്ഞു എന്നതാണു്. “കൈസറിനുള്ളതു് കൈസര്‍ക്കും ദൈവത്തിനുള്ളതു് ദൈവത്തിനും കൊടുപ്പിന്‍” – (മത്തായി 22: 21) മുതലായ യേശുവിന്റെ ചില പ്രസ്താവനകളും, പീലാത്തോസിന്റെ മുന്നിലെ വിചാരണയും വിധിക്കലുമൊക്കെയാണു് ആകെയുള്ള ആ കണ്ണികള്‍. തന്റെ മുറ്റത്തു് തന്നെ ഉണ്ടായിരുന്ന അന്നത്തെ ലോകസാമ്രാജ്യത്തിന്റെ സംസ്കാരവുമായി സജീവമായി ബന്ധപ്പെടുകയോ, അതിന്റെ ഒരു ഭാഗമായോ വിമര്‍ശകനായോ രംഗപ്രവേശം ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ യേശു ലോകചരിത്രത്തിന്റെ ഏടുകളില്‍ ഇത്രയേറെ ശൂന്യസ്ഥലവും ചോദ്യചിഹ്നങ്ങളും ഉപേക്ഷിച്ചു് പോകേണ്ടി വരികയില്ലായിരുന്നു. (ഇവിടെ ഉദ്ദേശിക്കുന്നതു് സഭാചരിത്രമല്ല എന്നു് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.) യേശുവിന്റെ അവതാരലക്‍ഷ്യം സകല മനുഷ്യരുടെയും രക്ഷ ആയിരുന്നുവെന്നതു് ശരിയെങ്കില്‍ ചരിത്രത്തിലെ ഈ അവ്യക്തത പ്രത്യേകിച്ചും ന്യായീകരിക്കാനാവുന്നതല്ല. റോമന്‍ ചരിത്രവുമായി, അഥവാ ലോകചരിത്രവുമായി ബന്ധപ്പെടുക എന്നൊരു ലക്‍ഷ്യം യേശുവിനു് ഉണ്ടായിരുന്നില്ല എന്നൊരു നിഗമനം കൊണ്ടു് മാത്രമേ ഇതുപോലൊരു അവ്യക്തത നീതീകരിക്കാനാവുകയുള്ളു. ഈ നിഗമനത്തില്‍ കഴമ്പില്ലാതില്ല താനും.

യേശു ജനിച്ചതു് “യഹൂദജനത്തിനു്” നിത്യജീവന്‍ നേടിക്കൊടുക്കാനാണു്. റോമാക്കാരുടെയോ, മറ്റു് ജനവിഭാഗങ്ങളുടെയോ “മോചനം” യേശുവിന്റെ ലക്‍ഷ്യമായിരുന്നില്ല എന്നതിനു് യേശുവിന്റെ വചനങ്ങള്‍ തന്നെ സാക്‍ഷ്യം വഹിക്കുന്നു:

“ഈ പന്ത്രണ്ടു് പേരേയും യേശു അയക്കുമ്പോള്‍ അവരോടു് ആജ്ഞാപിച്ചതെന്തെന്നാല്‍: ജാതികളുടെ അടുക്കല്‍ പോകാതെയും, ശമര്യരുടെ പട്ടണത്തില്‍ കടക്കാതേയും യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍. നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു് ഘോഷിപ്പിന്‍.” – മത്തായി 10: 5 – 7)

ഭൂതോപദ്രവമുള്ള മകളെ സുഖപ്പെടുത്താന്‍ കരഞ്ഞുകൊണ്ടു് പുറകെ ചെല്ലുന്ന കനാന്യസ്ത്രീയെ യേശു ശ്രദ്ധിക്കുന്നതുപോലുമില്ല. അവസാനം ശിഷ്യന്മാര്‍ അപേക്ഷിച്ചപ്പോള്‍ യേശുവിന്റെ മറുപടി: “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.” അവള്‍ നിര്‍ബന്ധിക്കുമ്പോള്‍ യേശു പറയുന്നു: “മക്കളുടെ അപ്പം എടുത്തു് നായ്ക്കുട്ടികള്‍ക്കു് ഇട്ടുകൊടുക്കുന്നതു് നന്നല്ല.” അതിനു് മറുപടിയായി അവള്‍: “അതെ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു് വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ” എന്നു് തിരിച്ചടിക്കുമ്പോഴാണു് യേശു “നിന്റെ വിശ്വാസം വലുതു്, നിന്റെ ഇഷ്ടം പോലെ നിനക്കു് ഭവിക്കട്ടെ” എന്ന ഔദാര്യം കാണിക്കുന്നതു്.- (മത്തായി 15: 24-28) യഹൂദന്മാര്‍ ഒഴിച്ചുള്ളവര്‍ക്കു് “നായ്ക്കുട്ടികള്‍” എന്ന ഓമനപ്പേര്‍ നല്‍കുന്ന യേശു, സകല ലോകവാസികളേയും രക്ഷിക്കാന്‍ ജന്മമെടുത്ത ദൈവപുത്രനാണെന്നു് വിശ്വസിക്കാനാവുമോ?

ഏതു് ജാതിയില്‍പ്പെട്ടവനേയും ക്രിസ്തുമതത്തില്‍ ചേര്‍ക്കണമെന്നു് പത്രോസിനു് “അരുളപ്പാടുണ്ടാവുന്നതു്” പില്‍കാലത്തു് മാത്രമാണു്. യോപ്പയില്‍ താമസിക്കുന്ന കാലത്തു് വിശന്നു് വിവശനായപ്പോള്‍ പത്രോസിനു് ഒരു വെളിപാടുണ്ടാവുന്നു. ആകാശത്തില്‍ നിന്നും “വലിയൊരു തുപ്പട്ടി പോലെ” നാലുകോണും കെട്ടി ഭൂമിയിലേക്കു് ഇറക്കിവിട്ട ഒരു പാത്രത്തില്‍ നാല്‍ക്കാലിയും ഇഴജാതിയും പറവയും ഉണ്ടായിരുന്നു. “പത്രോസേ, എഴുന്നേറ്റു് അറുത്തു് തിന്നുക” എന്നൊരു ശബ്ദം കേട്ടു. അപ്പോള്‍ (നല്ല വിശപ്പുണ്ടായിരുന്നിട്ടും!) “ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ” എന്നു് പത്രോസ്‌. അതിനു് സ്വര്‍ഗ്ഗീയ മറുപടി: “ദൈവം ശുദ്ധീകരിച്ചതു് നീ മലിനമെന്നു് വിചാരിക്കരുതു്.” ഇങ്ങനെ ഒന്നല്ല, രണ്ടല്ല, മൂന്നു് പ്രാവശ്യം ഉണ്ടാവുന്നു!

“നാല്‍ക്കാലികളെയും, ഇഴജാതികളെയും” ക്രിസ്ത്യാനികളാക്കുന്നതിന്റെ പ്രാരംഭമായി പത്രോസ്‌, ശതാധിപനും, ദൈവഭയമുള്ളവനും, “ധര്‍മ്മം കൊടുക്കുന്നവനുമായ” കൊര്‍ന്നേല്യോസിനേയും കൂട്ടരേയും (അവര്‍ അഗ്രചര്‍മ്മികള്‍ ആയിരുന്നെങ്കിലും!) മാമ്മോദീസ മുക്കുന്നു! അഗ്രചര്‍മ്മികളെ മാമ്മോദീസ മുക്കിയെന്നു് കേള്‍ക്കുമ്പോള്‍ അഗ്രചര്‍മ്മമില്ലാത്ത അപ്പൊസ്തോലന്മാരും, സഹോദരന്മാരും ചൂടാവുന്നുണ്ടെങ്കിലും പത്രോസ്‌ തന്റെ വെളിപാടു് വിശദീകരിക്കുമ്പോള്‍ അവര്‍ വീണ്ടും ശാന്തരാവുന്നു! – (അപ്പൊ. പ്രവൃത്തികള്‍ 10,11)

ജാതികളെയും ക്രിസ്ത്യാനികളാക്കണമെന്നതു് തന്റെ ലക്‍ഷ്യമായിരുന്നെങ്കില്‍ അതു് യേശു ജീവിച്ചിരുന്ന കാലത്തുതന്നെ പത്രൊസിനോടു് പറയുന്നതിനു് എന്തായിരുന്നു തടസ്സം എന്നു് മനസ്സിലാവുന്നില്ല. അതോ ഒരു “ക്രിസ്തീയ ഗ്ലോബലൈസേഷന്റെ” സാമ്പത്തികനേട്ടങ്ങള്‍ യേശുവിന്റെ ശ്രദ്ധയില്‍ പെടാതെ പോയതോ?

ഒരു ആഗോള ക്രിസ്ത്യാനീകരണം എന്ന ചിന്ത യേശുവിനുണ്ടായിരുന്നില്ല എന്നതിനു് ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. “വീട്ടുകാരനെ ബന്ധിച്ചുകഴിഞ്ഞാല്‍ വീടു് കവര്‍ച്ച ചെയ്യുന്നതു് എളുപ്പമാണെന്നു്” അറിയാമായിരുന്ന യേശു അക്കാലത്തെ “വീട്ടുകാരന്‍” ആയിരുന്ന റോമാസാമ്രാജ്യത്തിനു് അവകാശപ്പെട്ട നികുതി മടികൂടാതെ കൊടുക്കാന്‍ ഉപദേശിക്കുമ്പോള്‍ അതില്‍ ഒരിക്കലും “വീടു് കവര്‍ച്ച” എന്ന ലക്‍ഷ്യം ഉണ്ടായിരുന്നു എന്നു് വിശ്വസിക്കാനാവില്ല.

യേശുവിനു് ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പു് ക്ലിയോപാട്ര ലോകചരിത്രത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോന്ന യുദ്ധം ആസൂത്രണം ചെയ്യുന്നു! പക്ഷേ ദൈവപുത്രനായ യേശു ഗലീലിയയിലേയും ചുറ്റുപാടുകളിലേയും പൊടി പിടിച്ച പ്രദേശങ്ങളില്‍, താന്‍ പറയുന്ന സാമാന്യവാചകങ്ങളുടെ പോലും അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവില്ലാത്ത കുറെ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ യഹൂദരുടെ ഇടയില്‍ ഉടനെ വരാനിരിക്കുന്ന ദൈവരാജ്യം പ്രസംഗിക്കുന്നു!

“ഈ സാദൃശം അവരോടു് പറഞ്ഞു. എന്നാല്‍ തങ്ങളോടു് പറഞ്ഞതു് ഇന്നതു് എന്നു് അവര്‍ ഗ്രഹിച്ചില്ല.” – യോഹന്നാന്‍ 10: 6)

“അവന്‍ എന്തു് സംസാരിക്കുന്നു എന്നു് നാം അറിയുന്നില്ല.” – യോഹ. 16: 18)

താന്‍ ദൈവപുത്രന്‍ തന്നെ എന്നു് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ യേശു കണ്‍കെട്ടു് വിദ്യകളുടെ സഹായം തേടുന്നു! നിലത്തു് തുപ്പി ചേറുണ്ടാക്കി അന്ധന്റെ കണ്ണില്‍ തേച്ചു് അവനു് കാഴ്ച കൊടുക്കുന്നു! “ആബ്രകഡാബ്ര” മന്ത്രിച്ചുകൊണ്ടു് മരിച്ചവരെ ഉയിര്‍പ്പിക്കുകയും, മുടന്തരെ നടത്തുകയും, മൂകബധിരന്മാരെ സുഖപ്പെടുത്തുകയും ചെയ്യുന്നു!

ഭൂതഗ്രസ്തനായ ഒരുവനില്‍ നിന്നും അവനില്‍ കുടി പാര്‍ത്തിരുന്ന അനേകം പിശാചുക്കളെ കുടിയൊഴിപ്പിച്ചു് അവരെ അവരുടെ മുട്ടിപ്പായ അപേക്ഷപ്രകാരം അടുത്തു് മലയരികില്‍ കഥയറിയാതെ മേഞ്ഞുകൊണ്ടിരുന്ന ഏകദേശം രണ്ടായിരം പന്നികളില്‍ കുടിയേറി പാര്‍ക്കാന്‍ അനുവദിക്കുകയും, അവ കടുന്തൂക്കത്തോടെ കടലിലേക്കു് പാഞ്ഞു് വീര്‍പ്പുമുട്ടി ചാവുകയും ചെയ്യുന്നു. – (മര്‍ക്കോസ് 5: 2 – 15) (പാവം പന്നികള്‍! അല്ലാതെന്തു് പറയാന്‍?)

ഇതുപോലുള്ള കെട്ടുകഥകള്‍ ഇന്നും വിശ്വസിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കുക: ഇന്നത്തെ ലോകത്തില്‍ മാനസികരോഗം പിശാചുബാധയല്ല. മറ്റേതൊരു രോഗവും പോലെതന്നെ മരുന്നുകള്‍ കൊണ്ടും മനഃശാസ്ത്രപരമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ കൊണ്ടും ചികിത്സിക്കാവുന്നതും, പലപ്പോഴും സുഖപ്പെടുത്താവുന്നതുമാണു്. പന്നിക്കൂട്ടങ്ങളെ ഇക്കാലത്തു് ഈവക കാര്യങ്ങളില്‍ പങ്കെടുപ്പിച്ചു്, “പിശാചു് ബാധിപ്പിച്ചു്” കൂട്ട ആത്മഹത്യയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലെത്തിക്കാറില്ല! അറിവു് കുറവായിരുന്നെങ്കിലും, അസഹിഷ്ണുതയ്ക്കു് കുറവൊന്നുമില്ലാതിരുന്ന പൂര്‍വ്വികരോടു് (അവര്‍ ഇന്നില്ലാത്തതുകൊണ്ടു്!) മര്യാദയുടെ പേരില്‍ ക്ഷമിക്കാമെങ്കിലും അവരുടെ വിഡ്ഢിത്തങ്ങള്‍ മുഖവിലകൊടുത്തു് വാങ്ങേണ്ട ആവശ്യമോ, ഗതികേടോ ഇന്നത്തെ ബോധമുള്ള മനുഷ്യര്‍ക്കില്ല.

Advertisements
 

മുദ്രകള്‍: , , ,

കുഞ്ഞാടിന്റെ ആസനത്തിലെ കൃമിയെപ്പറ്റി

“മദ്യപാനി, മാനസികരോഗി, തെരുവുവേശ്യ എന്നീ മൂന്നു് വിഭാഗങ്ങള്‍ നമ്മളോടു് എങ്ങനെ പെരുമാറിയാലും, ഒരുപക്ഷേ തുണിപൊക്കി കാണിച്ചാല്‍ തന്നെയും, പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതെ, കാണാത്ത ഭാവത്തില്‍ സ്ഥലം വിടുന്നതാണു് അന്തസ്സുള്ളവര്‍ക്കു് അനുയോജ്യം” എന്നു് ഞാന്‍ ഗുരുതുല്യം ബഹുമാനിച്ചിരുന്ന ഒരു വ്യക്തി ഒരിക്കല്‍ പറഞ്ഞതോര്‍മ്മിക്കുന്നു. അന്നേ തന്നെ വാര്‍ദ്ധക്യത്തിലെത്തിയിരുന്ന ആ മാന്യദേഹം ഇന്നു് ജീവിച്ചിരിപ്പില്ല. അല്ലെങ്കില്‍ ഈ മൂന്നു് വിഭാഗവും ഒരുമിച്ചുചേര്‍ന്ന “ദൈവമക്കള്‍” എന്നൊരു സങ്കരവര്‍ഗ്ഗം കൂടി ലോകത്തിലുണ്ടു് എന്നു് അദ്ദേഹത്തോടു് ഞാന്‍ പറഞ്ഞേനെ! ആദ്യത്തെ മൂന്നുവിഭാഗത്തില്‍, മദ്യപാനിയേയും, മാനസികരോഗിയേയും ചികിത്സിച്ചു് ഭേദമാക്കാം. തെരുവുവേശ്യ അങ്ങനെയൊരു അവസ്ഥയില്‍ പലപ്പോഴും സ്വന്ത കുറ്റത്താലല്ല വന്നുപെടുന്നതു് എന്നതിനാല്‍ അനുയോജ്യമായ മാര്‍ഗ്ഗങ്ങളിലൂടെ അവളെയും രക്ഷപെടുത്താം. പക്ഷേ, തങ്ങളുടെ സഹായമില്ലെങ്കില്‍ ദൈവം “കിടപ്പിലായിപ്പോകും” എന്നു് കരുതി ദൈവത്തെ രക്ഷിക്കാന്‍ മനുഷ്യരോടു് വിശുദ്ധയുദ്ധം പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ “സേനാനായകന്മാരെ” ചികിത്സിച്ചുപോലും രക്ഷപെടുത്താനാവില്ല. കാരണം, ആവശ്യത്തിനു് വെളിച്ചം ലഭിക്കാത്ത photographic plate-നു് തുല്യമായ അവരുടെ തലച്ചോറിനെ ചികിത്സി‍ച്ചോ, മറ്റു് വിധത്തിലോ നന്നാക്കാനാവില്ല. യാതൊരു വിവരവുമില്ലെങ്കിലും, “വലിയ വലിയ കാര്യങ്ങളേ” അവര്‍ക്കു് വേണ്ടൂ. അവര്‍ “വലിയവരില്‍ വലിയവനായ” ദൈവത്തിന്റെ ആളുകളാണല്ലോ! ചെറിയ ചെറിയ കാര്യങ്ങളുമായി അവര്‍ക്കെന്തു് ബന്ധം? ഗോതമ്പപ്പം മനുഷ്യമാംസമാണെന്നു് വിശ്വസിച്ചുകൊണ്ടു് ചവക്കാതെ വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങാതെ അല്‍പം വീഞ്ഞുകൂടി അതു് മനുഷ്യരക്തമാണെന്നു് വിശ്വസിച്ചു് കുടിക്കാന്‍ മടിക്കാത്ത ഈ വര്‍ഗ്ഗത്തിനു് ശാസ്ത്രമെന്നാല്‍ “ഈനാംപേച്ചിയോ മരപ്പട്ടിയോ” എന്നറിയില്ലെങ്കിലും, ഐന്‍സ്റ്റൈനും ന്യൂട്ടണുമൊക്കെയേ വേണ്ടൂ! പൊതുതെരുവില്‍ നിന്നുകൊണ്ടു് ദൈവനാമത്തില്‍ വഴിപോക്കരെ തുണിപൊക്കി കാണിക്കുകയും ചെയ്യും! ലജ്ജ, നാണം, തൊലി എന്നൊക്കെ വിളിക്കപ്പെടുന്ന ഒരു മാനസികാവസ്ഥ എന്നാല്‍ എന്തെന്നു് മനുഷ്യര്‍ക്കു് അറിയില്ലെങ്കില്‍ അവര്‍ എന്തും ചെയ്യും! ഒഴിവായി പോകേണ്ടവര്‍ വഴിയാത്രക്കാരാണു്.

സ്വയം സ്വതന്ത്രമാക്കി വിജ്ഞാനവിഹായസ്സിലേക്കു് പറന്നുയരാന്‍ ശ്രമിക്കുന്ന ആധുനിക മനുഷ്യബുദ്ധിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ദൈവമക്കളുടെ ചില അഭിപ്രായപ്രകടനങ്ങള്‍ കേള്‍ക്കുമ്പോള്‍ “പറഞ്ഞാല്‍ അപ്പന്‍ അമ്മയെ കൊല്ലും, പറഞ്ഞില്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നേണ്ടിവരും” എന്ന അവസ്ഥയിലെ ധര്‍മ്മസങ്കടം! (“മനുഷ്യമാംസം തിന്നുകയും, മനുഷ്യരക്തം കുടിക്കുകയും” ചെയ്യുന്നവര്‍ പട്ടിയിറച്ചി തിന്നുന്നതിലും അപാകത കാണണമെന്നില്ലെങ്കിലും!) ധര്‍മ്മസങ്കടം എന്നാല്‍, ഇത്തരം ദൈവമക്കള്‍ ഒരുപക്ഷേ മനസ്സിലാക്കിയേക്കാവുന്നതുപോലെ ധര്‍മ്മം കൊടുക്കുന്നതിലെ സങ്കടമല്ല, വേദങ്ങളിലും, ഗീതങ്ങളിലും ഗാഥകളിലുമൊക്കെ ഇടക്കിടെ മുഴങ്ങുന്ന സാക്ഷാല്‍ മാനുഷികധര്‍മ്മത്തിന്റെ സങ്കടം! വിവിധ വിജ്ഞാനശാഖകളില്‍ ബാഹ്യവും ആന്തരികവുമായ പ്രതികൂല സാഹചര്യങ്ങളിലും പരിക്ഷീണരാവാതെ, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി മനുഷ്യന്റെ അന്തര്‍നേത്രങ്ങളിലെ തിമിരം മാറ്റാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരും ബുദ്ധിജീവികളും കൈവരിക്കുന്ന ഓരോ നേട്ടങ്ങള്‍ക്കുമനുസരിച്ചു് ഓരോ ചുവടു് പുറകോട്ടു് മാറിനിന്നു് കൊഞ്ഞനം കാണിക്കുന്ന, ബൗദ്ധിക-സാംസ്കാരികനിലവാരത്തില്‍ ഇന്നും “കൂമ്പാളക്കോണകപ്രായം” കഴിഞ്ഞിട്ടില്ലാത്ത, ദൈവസംരക്ഷകരും ലോകരക്ഷിതാക്കളുമായി സ്വയം അവരോധിച്ചിരിക്കുന്ന, ചില “തുത്തുകുണുക്കിപ്പക്ഷികളുടെ” ജല്‍പനങ്ങള്‍ മനസ്സിലുണര്‍ത്തുന്ന ധര്‍മ്മസങ്കടം!

പ്രപഞ്ചത്തിന്റെ ചലനാത്മകത അഭംഗുരം നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്വം ദൈവത്തില്‍ നിന്നും നേരിട്ടു് ഏറ്റെടുത്തു് അതിനുവേണ്ടി പകല്‍മുഴുവനും, പിന്നെ സമയം കിട്ടുമ്പോഴൊക്കെയും ഇടതടവില്ലാതെ തുത്തുകള്‍ കുണുക്കി ആഗോളവും, അതിഗോളവുമായ മഹാവിപത്തുകളില്‍ നിന്നും പ്രപഞ്ചത്തേയും, പിന്നെ “തുണിയുടുത്തും, തുണിയഴിച്ചും” ആടുന്ന കുഞ്ഞാടുകളേയും രക്ഷപെടുത്തുകയെന്ന ഭഗീരഥപ്രയത്നത്തില്‍ മുഴുകിയിരിക്കുന്ന വര്‍ഗ്ഗമാണല്ലോ തുത്തുകുണുക്കിപ്പക്ഷികള്‍! ഈ “വിശുദ്ധ ചന്തികള്‍” അവരുടെ കൃമിപിടിച്ച ആസനം നിരന്തരം കുണുക്കിയില്ലെങ്കില്‍ എന്തായിരുന്നേനെ ലോകത്തിന്റെ ഗതി എന്നു് ചിന്തിക്കാന്‍ കൂടി വയ്യ!

കത്തനാരുടെ “കാക്കാലവേഷത്തിനൊത്ത” കസവുടയാടയുടെ അടിത്തൊങ്ങലില്‍ പൊടി പുരളാതിരിക്കാന്‍ ആസനത്തോടൊട്ടിനിന്നു് കാപ്പയുടെ അടിവശം പൊക്കിപ്പിടിക്കാനും, തിരുമേനിയുടെ തിരുമുഖത്തു് വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ ഇടതുവശത്തുനിന്നു് കുട പിടിച്ചുകൊടുക്കാനും, മേദസ്സും വിയര്‍പ്പും കലര്‍ന്ന സ്വന്തദുര്‍ഗ്ഗന്ധത്തില്‍ പിതാവു് ശ്വാസം മുട്ടി ചാവാതിരിക്കാന്‍ വലതുവശത്തുനിന്നു് നിരന്തരം വിശറികൊണ്ടു് വീശിക്കൊടുക്കാനും, വിശുദ്ധശരീരത്തിന്റെ മടക്കുകളില്‍ നിന്നുയരുന്ന കാരുണ്യത്തിന്റെ ഈര്‍പ്പമുള്ള വിടക്കിന്റെ വിഷക്കാറ്റേറ്റു് രോമഹര്‍ഷം കൊള്ളാനും, അതോടൊപ്പം ദൈവാനുഗ്രഹത്താല്‍ തനിക്കു് മാത്രം ലഭിച്ച ഈ അസുലഭ അവസരത്തില്‍ അഭിമാനം കൊള്ളാനും, ആനന്ദാശ്രു പൊഴിക്കാനും, അതിനു് അര്‍ഹത ലഭിക്കാതിരുന്ന “തെണ്ടിപ്പരിഷകളുടെ” നേരെ പുച്ഛം കലര്‍ന്ന നേത്രശരങ്ങള്‍ വര്‍ഷിക്കാനും “ഭാഗ്യം” ലഭിക്കുന്ന ഒരു സാദാ മുട്ടുകുത്തിവിശ്വാസിക്കു് അതിലുപരിയായി നേടാന്‍ ഒരു കാര്യം മാത്രമേയുള്ളു: ഹിമാലയത്തിന്റെ ഏറ്റവും മുകളിലെ തുമ്പത്തു് കയറിനിന്നു് ഇതുവരെ ഒരു കഴുതയും കാമം കരഞ്ഞുതീര്‍ത്തിട്ടില്ലാത്ത അത്ര ഉച്ചത്തില്‍ സകല ലോകവും കേള്‍ക്കെ “സ്തോത്രം കര്‍ത്താവേ, ഹാലേലുയ്യ” എന്നു് വിളിച്ചു് കൂവി നാലു് വളിയും വിട്ടു് തന്നെത്താന്‍ നെഞ്ചത്തു് തല്ലി ചാവുക! ഭൂമിയില്‍ എവറസ്റ്റിന്റെ തലയോളം ദൈവത്തോടു് അടുത്തുനില്‍ക്കുന്ന മറ്റൊരു സ്ഥാനവുമില്ല. അവിടെ നിന്നു് പുറപ്പെട്ടാല്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൈവസന്നിധിയില്‍ എത്തിച്ചേരാം. അതില്‍പരം മുട്ടില്‍ മുട്ടുകുത്തിന്റെ തഴമ്പുള്ള ഒരു വിശ്വാസിക്കു് എന്തുവേണം?

“മഹാപുരോഹിതനോടു് ഇങ്ങനെയോ മറുപടി പറയുന്നതു്?” എന്ന “അതിഗഹനമായ” ചോദ്യം ചോദിച്ചുകൊണ്ടു് യേശുവിന്റെ കന്നത്തടിക്കുകയും, ഒപ്പം “എങ്ങനെയുണ്ടു് പിതാവേ ഞാന്‍?” എന്ന ഭാവത്തില്‍ നക്കാപ്പിച്ചക്കുവേണ്ടി മഹാപുരോഹിതനെ ഒളികണ്ണിട്ടു് നോക്കുകയും ചെയ്യുന്ന ആത്മീയമന്ദബുദ്ധികള്‍! പക്ഷേ വാല്‍മാക്രികള്‍ക്കു് ചെളിക്കുണ്ടിനപ്പുറമുള്ള ലോകം അജ്ഞാതമാണല്ലോ! അങ്ങനെയൊരു ലോകത്തെപ്പറ്റി സൂചിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ മതി, അവനെ വാല്‍മാക്രികള്‍ ഒന്നടങ്കം “ഹാലേലുയ്യ” മുഴക്കി ആട്ടിയോടിക്കുകയും ദൈവനാമത്തില്‍ വിജയഭേരി മുഴക്കുകയും ചെയ്യും!

സാഹചര്യങ്ങള്‍ മനുഷ്യനെ അടിമയാക്കിത്തീര്‍ക്കാം. പക്ഷേ തന്റെ അടിമത്തത്തില്‍നിന്നും മോചനം പ്രാപിക്കാനാവും വ്യക്തിത്വമുള്ള ആരുടെയും ശ്രമം. അതേസമയം ആത്മാവില്‍ അടിമകളായി ജനിക്കുന്നവര്‍ സ്വന്തം അടിമത്വത്തില്‍ ആനന്ദിക്കുന്നവരായിരിക്കും. ആരുടെയെങ്കിലും മുന്നില്‍ മുട്ടുമടക്കുന്നതിലാണു് അവരുടെ ജന്മസാഫല്യം. അവരുടെ ദയനീയമായ ഈ അവസ്ഥയിലേക്കു് വിരല്‍ ചൂണ്ടുന്നവരെല്ലാം അവരുടെ ശത്രുക്കളും! സ്വയം മനസ്സിലാക്കാന്‍ കഴിവില്ല; പറഞ്ഞു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛവും! ഒടേതമ്പുരാനെ മാറാപ്പില്‍ പൊതിഞ്ഞുകെട്ടിക്കൊണ്ടു് നടക്കുന്ന മഹാന്മാരെ ഉപദേശിക്കാന്‍ യോഗ്യതയുള്ള മനുഷ്യരെവിടെ? സ്വതന്ത്രവ്യക്തിത്വത്തിന്റെ അന്തസ്സ്‌ മനസ്സിലാക്കാനുള്ള ശേഷി അവരുടെ തലച്ചോറിനില്ല. കഷ്ടമാണു്, പക്ഷേ എന്തുചെയ്യാം!? (ഈ ഖണ്ഡിക ഞാന്‍ ea jabbar-ന്റെ സ്നേഹസംവാദം എന്ന ബ്ലോഗിലെ ഒരു പോസ്റ്റിനിട്ട കമന്റാണു്.)

ഇനി, ഈ “ജന്മനാ വിഡ്ഢികളോടു്” മാന്യമായ ഒരു മറുപടി പറയാമെന്നു് കരുതിയാലോ? അതു് അതിനേക്കാള്‍ കഷ്ടം! ചികിത്സയില്ലാത്ത പകര്‍ച്ചവ്യാധികളുടെ രോഗാണുക്കള്‍ തിങ്ങിവിങ്ങുന്ന കഫം പോലെ ഈ നികൃഷ്ടജീവികള്‍ തൂത്തെറിഞ്ഞാലും വിട്ടുപോകാതെ ദേഹത്തില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. മതഭ്രാന്തിന്റെ വിഷവായുവേറ്റു് ശ്വാസം മുട്ടി ചാവാതിരിക്കണമെന്നുണ്ടെങ്കില്‍ ഈ “ആത്മീയചന്തയിലെ കൂട്ടിക്കൊടുപ്പുകാരെ” വിട്ടു് കഴിയുന്നത്ര ദൂരത്തില്‍ അകന്നു് നിന്നോളൂ! മറ്റൊരു പോംവഴി ഞാന്‍ കാണുന്നില്ല.

 
15അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 29, 2007 in പ്രതികരണം

 

മുദ്രകള്‍: ,

അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാര്‍

‍ചില കാര്യങ്ങള്‍ക്കു് ചരിത്രത്തില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല എന്നു് മാത്രമല്ല, പലപ്പോഴും ഒന്നിനു് ഒന്നു് എന്ന അനുപാതത്തില്‍ ആവര്‍ത്തിക്കപ്പെടുക പോലും ചെയ്യുന്നതായി തോന്നുന്നു. ഗ്രീക്ക്‌ തത്വചിന്തകനായിരുന്ന ഹിറാക്ലൈറ്റസുമായി ബന്ധപ്പെടുത്തി വര്‍ണ്ണിക്കപ്പെടുന്ന ഒരു സംഭവം ഇതിനു് തെളിവായി ചൂണ്ടിക്കാണിക്കാവുന്ന ഒരു നല്ല ഉദാഹരണമാണു്.

ഒരു അസാധാരണ പ്രതിഭയും, ഹിറാക്ലൈറ്റസിന്റെ കുടുംബസുഹൃത്തുമായിരുന്ന ഹെര്‍മൊഡോര്‍ എഫേസൂസ്‌ ഭരിക്കുന്ന സമയത്തു് എഫേസൂസ്യര്‍ അവനെ നാടുകടത്തുന്നു! “ഞങ്ങളുടെ ഇടയില്‍ ആരും അത്ര വലിയ കഴിവുള്ളവനാവരുതു്” എന്നതായിരുന്നു ഈ നടപടിക്കു് അവര്‍ നല്‍കിയ നീതീകരണം! (ഒരു തനിമലയാളവായ്മൊഴിയാണോ എന്നു് സംശയിച്ചുപോകാവുന്ന വാചകം!) ഇതു് കേട്ട ഹിറാക്ലൈറ്റസ്‌, “എഫേസൂസിലെ പ്രായപൂര്‍ത്തിയായ സകലരും തൂങ്ങിച്ചാവുകയും, ഭരണം കുട്ടികളെ ഏല്‍പ്പിക്കുകയുമാണു് ചെയ്യേണ്ടതു്” എന്നു് പ്രതികരിച്ചുകൊണ്ടു് എഫേസൂസ്‌ വിട്ടു് പോകുന്നു!

(കുലീനകുടുംബത്തില്‍ പിറന്നതുമൂലം, ഭരണകാര്യങ്ങളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെട്ടവനായ ഹിറാക്ലൈറ്റസ്‌ ഒരിക്കല്‍ കുട്ടികളോടൊത്തു് “വട്ടു്” കളിച്ചുകൊണ്ടിരിക്കുന്നതു് കണ്ട മറ്റു് നേതാക്കള്‍ അതു് വിശ്വസിക്കാനാവാതെ അന്തം വിട്ടു് പിളര്‍ന്ന വായുമായി ചുറ്റും കൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ: “എന്താ നശിച്ചവരേ, കുട്ടികളോടൊപ്പം വട്ടു് കളിക്കാതെ നിങ്ങളോടൊപ്പം രാഷ്ട്രീയം കളിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതു്?” ഒരേ പുഴയില്‍ രണ്ടുവട്ടം ഇറങ്ങാന്‍ ആര്‍ക്കും കഴിയില്ലെന്ന, ഇന്നും അര്‍ത്ഥസമ്പൂര്‍ണ്ണമായ, പ്രസിദ്ധ വാചകത്തിന്റെ മൂലവും ഇദ്ദേഹത്തിന്റേതു് തന്നെ!)

കേരളജനതയുടെ (ഭാരതജനതയുടെ എന്നു് വായിച്ചാലും വ്യത്യാസമൊന്നും വരാനില്ല!) തലവിധിയെന്നു് വിളിക്കാവുന്ന രാഷ്ട്രീയ-സാമുദായിക “ആചാര്യന്മാരെ” ഹിറാക്ലൈറ്റസ്‌ കാണുകയോ, കേള്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍, ഇവറ്റകള്‍ ഒന്നടങ്കം, ഓരോരുത്തരും ഒരിക്കല്‍ മുങ്ങിയാല്‍ പിന്നെ പൊങ്ങാന്‍ കഴിയാത്തത്ര ഭാരമുള്ള കല്ലും കഴുത്തില്‍ കെട്ടി ജാഥയായി, ഇങ്ക്വിലാബും വിളിച്ചുകൊണ്ടു്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചെന്നു് മുങ്ങിച്ചാവണം എന്നു് പറയുമായിരുന്നു എന്നാണെന്റെ വിശ്വാസം. ആരും ഭരിക്കാതിരുന്നെങ്കില്‍ കേരളത്തിലെ ജനത തീര്‍ച്ചയായും ഇതിലും മെച്ചപ്പെട്ടേനെ!

ഭരണത്തിലിരിക്കുന്ന കക്ഷികളില്‍ ജനങ്ങള്‍ അസംതൃപ്തരാണെങ്കില്‍ അവരെ ഇറക്കിവിട്ടു് പ്രതിപക്ഷത്തിരിക്കുന്നവരെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ക്കു് കഴിയും. പക്ഷേ, അതുകൊണ്ടു് കേരളത്തില്‍ എന്തെങ്കിലും നേടാനാവുമോ? അധികം ആലോചിക്കേണ്ട! ഇല്ലെന്നു് തന്നെ മറുപടി. ഭൂരിപക്ഷമുണ്ടാക്കി അധികാരത്തിലെത്താനാവുമെങ്കില്‍ ഇതുവരെ സഹശയനം ചെയ്തിരുന്നവരുടെ കിടപ്പറ വിട്ടു് അടിവസ്ത്രങ്ങള്‍ പോലും മാറാതെ, ആദര്‍ശപരമായി കടകവിരുദ്ധമായ നിലപാടുകള്‍ പുലര്‍ത്തുന്നവരുടെ കിടപ്പറയിലെത്താന്‍ മടിക്കാത്ത രാഷ്ട്രീയനേതാക്കള്‍ ഒരുവശത്തു്! ധര്‍മ്മത്തിന്റെയും നീതിയുടെയും മുഖംമൂടി അണിഞ്ഞുകൊണ്ടു് പിശാചുപോലും നാണിക്കുന്ന അധര്‍മ്മവും അനീതിയും ചെയ്യാന്‍ ലജ്ജ തോന്നാത്ത ആത്മീയ ഗുരുക്കള്‍ മറുവശത്തു്. അതിനിടയില്‍ സ്വന്തം നേതാവു് എന്തു് താന്തോന്നിത്തം കാണിച്ചാലും പിന്‍തുണ നല്‍കാന്‍ മടിക്കാത്ത, ദയനീയതയ്ക്കു് ഇരട്ടപിറന്നപോലുള്ള കുറേ അനുയായികളും!

പത്രവാര്‍ത്തകളിലെ സിംഹഭാഗവും അഴിമതിക്കഥകളും, ജുഡീഷ്യല്‍ അന്വേഷണവും, ക്രൈംബ്രാഞ്ച്‌ അന്വേഷണവും, C.B.I. അന്വേഷണവുമൊക്കെയാണു് കയ്യടക്കുന്നതു്. അന്വേഷണകമ്മീഷനുകള്‍, പരസ്യാന്വേഷണം, രഹസ്യാന്വേഷണം, ഏകോപനസമിതി, പ്രകോപനസമിതി മുതലായവ വേറെയും! അന്വേഷിക്കേണ്ട അഴിമതികളില്‍ അധികപങ്കും രാഷ്ട്രീയ പിന്‍തുണയോടെ സംഭവിക്കുന്നതാണെന്നതു് ഇതിനെല്ലാം പിന്നില്‍ ഒളികണ്ണും മന്ദഹാസവുമായി മറഞ്ഞിരിക്കുന്ന നാറുന്ന യാഥാര്‍ത്ഥ്യവും! (ഈ സാഹചര്യത്തില്‍, “അഴിമതിവകുപ്പു്” എന്നൊരു വകുപ്പു് അഴിമതി എന്ന വിഴുപ്പു് അലക്കാന്‍ മാത്രമായി സൃഷ്ടിക്കുന്നതു് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നു് തോന്നുന്നു! തന്മയത്വമായി “അഴിമതിക്കുന്നതില്‍” താത്വികവും, പ്രായോഗികവുമായ വൈദഗ്ദ്ധ്യം തെളിയിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയ “ആചാര്യനെ” ആ വകുപ്പിന്റെ ചുമതല ഏല്‍പിക്കുന്നതു് തികച്ചും ധീരവും ധാര്‍മ്മികവുമായ ഒരു ചുവടുവയ്പ്പുമായിരിക്കും!)

ജനങ്ങള്‍ക്കു് അടിസ്ഥാനസൗകര്യങ്ങള്‍ പോലും വേണ്ടത്ര ലഭിക്കുന്നില്ല. പക്ഷേ അതു് ഉറപ്പാക്കാന്‍ ബാദ്ധ്യതയുള്ളവരുടെ ശമ്പളവും സൗകര്യങ്ങളും നിരന്തരം വര്‍ദ്ധിപ്പിക്കുന്നു. “സാമൂഹിക ഉടമ്പടി” എന്നൊന്നുണ്ടു്. സമൂഹം വാഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ മൗലികമായ ചില അവകാശങ്ങളാണു് അതിന്റെ ഉള്ളടക്കം. വിദ്യാഭ്യാസം, ആതുരശൂശ്രൂഷ, ഗതാഗതസൗകര്യം, ശുദ്ധജലവിതരണം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാരസ്വതന്ത്ര്യം മുതലായവ ജനങ്ങളുടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അവകാശങ്ങളാണു്. ജനങ്ങള്‍ എന്തു് ചിന്തിക്കണം, എന്തു് പറയണം എന്നു് തീരുമാനിക്കുന്നതു് പാര്‍ട്ടി സെക്രട്ടറിയല്ല, ജനങ്ങള്‍ തന്നെയാണു്. അതേസമയം, സമൂഹത്തിന്റെ സുരക്ഷിതത്വം, രാജ്യത്തിന്റെ കെട്ടുറപ്പു് മുതലായവ അപകടത്തില്‍ പെടുത്താതിരിക്കാനുള്ള ബാദ്ധ്യത ജനങ്ങള്‍ക്കുണ്ടുതാനും. പൗരധര്‍മ്മബോധം ഒരു സമൂഹത്തിന്റെ സാംസ്കാരികനിലവാരത്തിന്റെ മാനദണ്ഡമാണു്. ബാല്യം മുതലേ വളര്‍ത്തിയെടുക്കേണ്ട ഒന്നാണതു്. ജനങ്ങളോടു് സമൂഹത്തിനുള്ള ഉത്തരവാദിത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും, കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണു് ഒരു ഭരണകൂടത്തിന്റെ ചുമതല. എത്രയോ വട്ടം ജനങ്ങള്‍ അവസരം നല്‍കിയിട്ടും അതിനു് കഴിയാത്തവര്‍ സ്വന്തം കഴിവുകേടു് അംഗീകരിക്കുകയും, കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാതെ ഇറങ്ങി പോവുകയുമാണു് വേണ്ടതു് – ഒരിക്കലും തിരിച്ചുവരാതെ! ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ, മുന്നണിയെയോ അല്ല അതുവഴി ഇവിടെ ഉദ്ദേശിക്കുന്നതു്. ഏതു് പാര്‍ട്ടിക്കും, ഏതു് മുന്നണിക്കും അതിനുള്ള ബാദ്ധ്യതയുണ്ടു്.

സ്വജനപക്ഷപാതം മുതല്‍ സ്ത്രീപീഡനം വരെ സ്ഥിരം “അജണ്ട”കളായ മന്ത്രിമാരെയും, ജനങ്ങളുടെ പൊതുസ്വത്തായ വനഭൂമി കയ്യേറാന്‍ മടി കാണിക്കാത്ത രാഷ്ട്രീയനേതാക്കളേയും, പൊതുനന്മക്കായി വിനിയോഗിക്കേണ്ട ഫണ്ടുകള്‍ സ്വന്തം പോക്കറ്റുകളിലേക്കൊഴുക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തേയുമൊക്കെ കേരളീയര്‍ ഇതിനോടകം എത്രയോ സഹിച്ചുകഴിഞ്ഞു. ഇപ്പോഴും സഹിക്കുന്നു! ഇത്തരക്കാര്‍ കേരളത്തെ നന്നാക്കുമെന്നാണോ? ഇവരുടെ കയ്യില്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്നാണോ? വിശ്വസിച്ചോളൂ! ഇതെഴുതുന്ന ഞാന്‍ ചൈനയിലെ കൈസറാണെന്നുകൂടി കൂട്ടത്തില്‍ വിശ്വസിച്ചോളൂ! വെറുതേ വിശ്വസിക്കുന്നതിനു് ചെലവൊന്നുമില്ലല്ലോ! കേരളത്തിലെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഒരു വാക്കേയുള്ളു: അരാജകത്വം! അതു് ഭരണകക്ഷിയെ താഴെയിറക്കി പ്രതിപക്ഷത്തെ അധികാരത്തിലേറ്റിയാല്‍ പരിഹരിക്കപ്പെടുന്നതല്ല. എല്ലാ തലങ്ങളിലും, എല്ലാ അര്‍ത്ഥത്തിലും അത്രമാത്രം ദ്രവിച്ചു് ജീര്‍ണ്ണിച്ചുകഴിഞ്ഞു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍!

ഒരു വകുപ്പു് കൈകാര്യം ചെയ്യുന്ന മന്ത്രിക്കു് ഏറ്റവും ചുരുങ്ങിയതു് ആ വിഷയത്തിലെങ്കിലും പാണ്ഡിത്യമുണ്ടാവണം. സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ “മഹാജാഥകളില്‍” ഏറ്റവും ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നവന്‍ ആ പാര്‍ട്ടിയുടെ നേതാവാവും. എന്നെങ്കിലുമൊരിക്കല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു് മന്ത്രിക്കസേരക്കും അര്‍ഹനാവും! പഠിക്കുന്ന കാലത്തു് കൊടിയും പിടിച്ചു് തെരുവു് നിരങ്ങിയിരുന്നതിനാല്‍ വിദ്യാഭ്യാസം ഉണ്ടാവില്ല. ഇനി, ഏതെങ്കിലും പരീക്ഷ പാസായിട്ടുണ്ടെങ്കില്‍ തന്നെ, അതു് കോപ്പിയടിച്ചോ, ഗൈഡ്‌ കാണാതെ പഠിച്ചോ ഒക്കെ ഒപ്പിച്ചതുമാവും. ഇക്കൂട്ടര്‍ അധികം “ഭരിക്കാതെ” ശമ്പളവും വാങ്ങി വീട്ടില്‍ പോയിരുന്നെങ്കില്‍ ശമ്പളമായി കൊടുത്ത പണം മാത്രമേ കേരളീയനു് നഷ്ടമാവുമായിരുന്നുള്ളു! ചരിത്രത്തിന്റെ പനയോലക്കെട്ടുകളില്‍ “സ്വര്‍ണ്ണലിപികളില്‍” എഴുതപ്പെട്ടു് അനശ്വരന്മാരാവാന്‍ ഇവര്‍ ചില ഭരണപരിഷ്കാരങ്ങള്‍ നടത്തിക്കളയും! അതാണു് കഷ്ടം! പരിഷ്കാരങ്ങള്‍ നടത്താന്‍ കഴിയാത്തവരുടെ മേഖലയാണു് ഉദ്ഘാടനം! ഏതു് കലുങ്കിന്റെ മൂട്ടിലും കാണാം ഉദ്ഘാടകന്റെ പേരും ജന്മനക്ഷത്രവും കൊത്തിവച്ച ഒരു ശിലാഫലകം! ഈ അനശ്വരശില്‍പം കണ്ടാല്‍ കാലു് പൊക്കി മൂത്രമൊഴിക്കാതിരിക്കാന്‍ തോന്നാത്ത ശുനകരില്ലെന്നാണു് കേട്ടുകേള്‍വി!

ഈ അവസ്ഥക്കെന്തെങ്കിലും പരിഹാരമുണ്ടോ? ഇല്ലെന്നു് പറയാന്‍ ഒരു pessimist ആവണമെന്നു് നിര്‍ബന്ധമൊന്നുമില്ല! ചുരുങ്ങിയപക്ഷം, ഇന്നത്തെ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോഴെങ്കിലും! അടിമുടി പുതുക്കി പണിയേണ്ടതല്ലാത്ത ഒരു സാമൂഹികഘടകവും ഇന്നു് കേരളത്തിലില്ല. ജനനം മുതല്‍ ഈ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നു് അറിയാനോ അനുഭവിക്കാനോ കഴിഞ്ഞിട്ടില്ലാത്ത സാമാന്യജനങ്ങള്‍ ഇതാണു് ജീവിതം എന്നു് കരുതി തൃപ്തിപ്പെടുന്നു. ഏതെങ്കിലും വിധത്തില്‍ നാടു് വിട്ടു് രക്ഷപെടാന്‍ കഴിയുന്നവര്‍ അങ്ങനെ രക്ഷപെടുന്നു. അല്ലാത്തവര്‍ പുറകോട്ടല്ലാതെ മുന്നോട്ടു് ഗതിയില്ലാതെ നട്ടം തിരിയുന്നു, ശ്വാസം മുട്ടുന്നു! ഇതില്‍ നിന്നും എത്രയോ ഉന്നതമായി ജീവിക്കുന്ന ജനവിഭാഗങ്ങള്‍ ലോകത്തിലുണ്ടു്. സമൂഹത്തിന്റെ ചെലവില്‍ ലോകം ചുറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും, ആത്മീയനേതാക്കള്‍ക്കുമൊക്കെ അതറിയുകയും ചെയ്യാം. പക്ഷേ ജനങ്ങളോടു് അതവര്‍ പറയുകയില്ല. പറയുകയില്ലെന്നു് മാത്രമല്ല, പറയാന്‍ ശ്രമിക്കുന്നവരെ ആനുകാലിക മാധ്യമങ്ങളില്‍ അവര്‍ക്കുള്ള സ്വാധീനവും, സമൂഹം സദുദ്ദേശത്തില്‍ അവര്‍ക്കു് നല്‍കിയ അധികാരങ്ങളുമൊക്കെ ഉപയോഗിച്ചു് തടയാനും, കഴിയുമെങ്കില്‍ നിശ്ശബ്ദരാക്കാനും ശ്രമിക്കുകയും ചെയ്യും. (ഇക്കൂട്ടരുടെ ഏറ്റവും വലിയ പേടിസ്വപ്നമാണു് internet! അവിടെയും സദാചാരപോലീസിന്റെ വേഷം കെട്ടിയ അവരുടെ ചെരിപ്പുനക്കികളെ കുത്തിത്തിരുകാന്‍ അവര്‍ അനവരതം ശ്രമിക്കുന്നുമുണ്ടു്!)

ഒരു ജനാധിപത്യവ്യവസ്ഥിതി കാര്യക്ഷമമാവണമെങ്കില്‍ സമൂഹാംഗങ്ങള്‍ ബോധവല്‍കൃതരായിരിക്കണം. ജനങ്ങളെ ബോധവല്‍കരിക്കേണ്ടവര്‍ക്കു് അതിനു് താല്‍പര്യമില്ല. (അതിനവര്‍ക്കു് കഴിവുമില്ല. പക്ഷേ ഈ കഴിവില്ലായ്മ അവര്‍ ജനങ്ങളില്‍ നിന്നും തന്മയത്വത്തോടെ മറച്ചുപിടിക്കുന്നു!) അവര്‍ ജീവിക്കുന്നതുതന്നെ ജനങ്ങളുടെ അബോധാവസ്ഥ മുതലെടുത്താണു്. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനേക്കാള്‍ അവരുടെ ശ്രദ്ധ തിരിച്ചുവിടുവാനായി, വ്യക്തിഹത്യ ലക്‍ഷ്യമാക്കി, വായ്ക്കു് diarrhoea ബാധിച്ചാലെന്നപോലെ പരസ്പരം ചെളി വാരിയെറിയുന്ന പ്രസംഗങ്ങളുമായി, നാടുനീളെ കറങ്ങുന്നതാണു് അവര്‍ക്കു് കൂടുതലിഷ്ടം. മറ്റൊന്നു് അവര്‍ പഠിച്ചിട്ടില്ല, അവര്‍ക്കറിയുകയുമില്ല! ഈ കബളിപ്പിക്കല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയ പാവം ജനങ്ങളും! കാരണം, ജനങ്ങള്‍ ഇന്നോളം സ്വയം ചിന്തിച്ചിട്ടില്ലല്ലോ! “വിശ്വസ്തരായ” നേതാക്കളും, പിതാക്കളും, വല്യേട്ടന്മാരും അവര്‍ക്കുവേണ്ടി ചിന്തിക്കാനുള്ളപ്പോള്‍ പിന്നെ അവര്‍ എന്തിനു് സ്വയം ചിന്തിക്കണം? “വല്യ വല്യ ആളുകള്‍” പറഞ്ഞാല്‍ അതില്‍ കഴമ്പില്ലാതിരിക്കുമോ? ഇവറ്റകള്‍ പറയാന്‍ തുടങ്ങിയിട്ടു് പക്ഷേ ദശാബ്ദങ്ങളായി! ഇതുവരെ സമൂഹത്തിനു് പുരോഗതിക്കു് പകരം അധോഗതിയാണെന്നു് മാത്രം! എല്ലാവര്‍ക്കുമല്ലതാനും! സമൂഹത്തിന്റെ മുതുകത്തു് കയറിയിരിക്കുന്ന ഒരു ന്യൂനപക്ഷത്തിനു് അന്നും ഇന്നും ജീവിതം സുഖം, സുഭിക്ഷം! തീര്‍ച്ചയായും ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അവരെ ശരിയായ ലക്‍ഷ്യത്തിലേക്കു് നയിക്കാന്‍ കഴിവുള്ളവരാവണം അവരെ നയിക്കേണ്ടതു്. പോയ വഴിയേ അടിക്കാന്‍ ഒരു നായകന്റെ ആവശ്യമില്ല. പരിശീലിപ്പിച്ചാല്‍ ഒരു ശുനകനും അതു് കഴിയും.

രാഷ്ട്രീയത്തിലായാലും, മതങ്ങളിലായാലും, സമഗ്രാധിപത്യവ്യവസ്ഥിതി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കാലാനുസൃതമല്ല. അതിലുപരി, ജനാധിപത്യവ്യവസ്ഥിതി പോലും നിരന്തരം ജനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനു് വിധേയമാക്കപ്പെടുകയും കാലോചിതമായി പരിഷ്കരിക്കപ്പെടുകയും ചെയ്യണം. ഇങ്ക്വിലാബ്‌ വിളിച്ചുകൊണ്ടു് തെക്കോട്ടും വടക്കോട്ടും ഓടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഓടാനുള്ള ആരോഗ്യം വേണമെന്നേ ഉള്ളു. പക്ഷേ, ഒരു സമൂഹത്തിന്റെ പുനരുദ്ധാരണവും, പുനര്‍നിര്‍മ്മാണവും, നവീകരണവും അതുവഴി സാദ്ധ്യമാവും എന്നു് കരുതുന്നതു് വിഡ്ഢിത്തമായിരിക്കും. സാമൂഹ്യശാസ്ത്രങ്ങളില്‍, ധനതത്വശാസ്ത്രങ്ങളില്‍, ആരോഗ്യപരവും പരിസ്ഥിതിപരവുമായ കാര്യങ്ങളില്‍, അങ്ങനെ ഒരു സമൂഹത്തിന്റെ അന്തസ്സുറ്റ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമായ എല്ലാ തലങ്ങളിലും യോഗ്യതയും, കഴിവും, പ്രാപ്തിയുമുള്ള വ്യക്തിത്വങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിനമായ അദ്ധ്വാനം കൊണ്ടുമാത്രമേ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയൂ. അതൊരു വെല്ലുവിളിയായി കരുതി ഏറ്റെടുക്കാനുള്ള തന്റേടം ഉള്ള ഒരു ജനതക്കു് മാത്രമേ വളരാനാവൂ. ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്തത്തെ കെട്ടിപ്പിടിച്ചാലേ അതു് സാദ്ധ്യമാവൂ എന്നില്ല. ലോകത്തിലെ വളര്‍ച്ച പ്രാപിച്ച സമൂഹങ്ങള്‍ കാണിച്ചുതരുന്ന മാതൃകകള്‍ കാണുകയും, മനസ്സിലാക്കുകയും, അവ നമ്മുടെ സമൂഹത്തിന്റെ ആന്തരികഘടനകളുമായി പൊരുത്തപ്പെടുത്തി നടപ്പാക്കുകയുമേ അതിനാവശ്യമുള്ളു.

“Since Marx had practically forbidden all social technology, which he denounced as Utopian, his Russian desciples found themselves at first entirely unprepared for their great tasks in the field of social engineering. As Lenin was quick to realize, Marxism was unable to help in matters of practical economics. ‘I do not know of any socialist who has dealt with these problems’, said Lenin, after his rise to power; ‘there was nothing written about such matters in the Bolshevik textbooks, or in those of the Mensheviks.’ After a period of unsuccessful experiment, the so-called ‘period of war-communism’, Lenin decided to adopt measures which meant in fact a limited and temporary return to private enterprise. This so-called NEP (New Economic Policy) and the later experiments – five year plans, etc. have nothing whatever to do with the theories of ‘Scientific Socialism’ once propounded by Marx and Engels.” – Sir Karl Popper: “The Open Society and Its Enemies” Vol.II

 
15അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 26, 2007 in പലവക, ലേഖനം

 

മുദ്രകള്‍: , , ,

ക്രിസ്തുമസ്സും ക്രിസ്തുവര്‍ഷവും

B. C. അഞ്ചാം വര്‍ഷം മെയ്‌ മാസം 23-ാ‍ം തീയതി രാവിലെ മൂന്നാം മണി നേരത്തു് ബെത്‌ലഹേമിനടുത്ത ദെയാര്‍ എന്ന സ്ഥലത്തു് മറിയയുടെ മകനായി ജനിച്ച യേശുവിന്റെ ജന്മദിനം ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25-നു് ആഘോഷിക്കുന്നു. അതായതു്, യേശുവിന്റെ എത്രാമത്തെ ജന്മദിനമാണു് ഇതു് എന്നതിന്റെ അടിസ്ഥാനത്തില്‍, ഒന്നുകില്‍ ഏഴു് മാസം താമസിച്ചോ, അല്ലെങ്കില്‍ അഞ്ചുമാസം നേരത്തെയോ ആണു് നമ്മള്‍ അതു് ആഘോഷിക്കുന്നതു്.

നമ്മള്‍ ക്രിസ്തുവര്‍ഷത്തില്‍ തീയതി എഴുതുമ്പോഴൊക്കെ യേശുവിന്റെ ദൈവീക പ്രാധാന്യം അംഗീകരിക്കുകയല്ലേ ചെയ്യുന്നതു് എന്നൊക്കെ ചോദിക്കുന്ന ചിലരുണ്ടു്. അവര്‍ ശകവര്‍ഷവും, കൊല്ലവര്‍ഷവും, ഹിജ്‌റാബ്ദവും ഒക്കെ വിസ്മരിക്കുന്നു. കണക്കന്മാര്‍ക്കു് കാലം കണക്കാക്കുന്നതിനു് ഒരു റെഫറന്‍സ്‌ പോയിന്റ്‌ വേണമെന്നേയുള്ളു. കോലോത്തു് ഭട്ടതിരിയുടെ മൂന്നാമത്തെ മോള്‍ക്കു് നാലാമതു് പിറന്ന ആണ്‍കുട്ടിയുടെ ജന്മദിനം അടിസ്ഥാനമാക്കി ഒരു “കോലോത്തു്വര്‍ഷം” ആരംഭിക്കാന്‍ ഗണിതശാസ്ത്രപരമായി തടസ്സമൊന്നുമില്ല.

ഇതു് ചിത്രകാരന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട ഒരു കമന്റിന്റെ “copy-paste!”

യേശു ദൈവത്തിന്റെ പുത്രനാണു്. അതായതു് അവന്റെ പിതാവായ “ദൈവം” ദാവീദിന്റെ കുടുംബത്തില്‍പ്പെട്ടവനാണു്. “ഇവളെ ഗര്‍ഭിണി ആക്കിയതു് ഞാനാണു്. ദാവീദിന്റെ മകനായ യോസേഫേ, നീ മടികൂടാതെ ചുമ്മാ ഏറ്റെടുത്തോളൂ” എന്നു് ദൈവം സ്നേഹപൂര്‍വ്വം സ്വപ്നത്തില്‍ വെളിപ്പെടുത്തിയതുകൊണ്ടു് ആശാരിയായിരുന്ന പാവം യോസേഫ് മറിയയെ ഗര്‍ഭസഹിതം ഏറ്റെടുക്കുകയായിരുന്നു!

എഴുത്തുകാരനു് വേണമെങ്കില്‍ മറിയയെ ദാവീദിന്റെ ഗോത്രത്തില്‍ പിറന്നവളായി വര്‍ണ്ണിക്കാമായിരുന്നു. പക്ഷേ അമ്മവഴി വംശാവലി നിശ്ചയിക്കുന്ന രീതി അക്കാലത്തു് യഹൂദരുടെ ഇടയില്‍ നിലവിലില്ലായിരുന്നു! അതുകൊണ്ടു് യേശുവിനെ ദാവീദിന്റെ ഗോത്രത്തില്‍ “ദൈവം ജനിപ്പിച്ചവന്‍” ആക്കണമെങ്കില്‍ അനുയോജ്യനായ ഒരു ആശാരിയുടെ തലയില്‍ വച്ചുകെട്ടി, ദാവീദിന്റെ ഗോത്രത്തില്‍ പിറന്നവനാക്കുകയേ വഴിയുണ്ടായിരുന്നുള്ളു!

അതെന്തായാലും, “കുളമ്പു് രണ്ടായി പിരിഞ്ഞിരിക്കുന്നതു് തന്നെ എങ്കിലും, അയവിറക്കുന്നതല്ലായ്കയാല്‍ അശുദ്ധം” എന്നു് മോശെ വഴി ദൈവം വിലക്കിയതിനാല്‍ യേശു തിന്നിരിക്കാന്‍ ഒരിക്കലും ഇടയില്ലാത്ത പന്നിമാംസം തിന്നുന്നതിനോ, അവനവന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചു് വിദേശിയോ സ്വദേശിയോ ആയ മദ്യം കുടിക്കുന്നതിനോ, പടക്കം പൊട്ടിച്ചു് ആമോദിക്കുന്നതിനോ, ബഹു. നസ്രാണി മന്ത്രിസാര്‍ കാണിച്ചുതന്നതുപോലെ ആകാശത്തുവച്ചോ, അതിനു് വകയില്ലെങ്കില്‍ ഭൂമിയില്‍‍ വച്ചോ അന്യന്റെ ഭാര്യേടെ “മാമ്മത്തേല്‍ തോണ്ടി” സുഖിക്കുന്നതിനോ തടസ്സമൊന്നുമില്ല!

ഈ അര്‍ത്ഥത്തില്‍,

എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്സിന്റേയും നവവത്സരത്തിന്റേയും എല്ലാവിധ മംഗളങ്ങളും നേരുന്നു!!!

 
11അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 24, 2007 in പലവക

 

മുദ്രകള്‍:

ആത്മാവും ജീവിതവും

ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണു് എന്നിലെ ആത്മാവു് എന്നു് വേണമെങ്കില്‍ പറയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ചത്താല്‍ പിന്നെ എന്റെ ശരീരത്തില്‍ ആത്മാവുണ്ടാവില്ല. അതായതു്, ജീവന്‍ ശരീരത്തെ ഉപേക്ഷിക്കുമ്പോള്‍ ആത്മാവും ശരീരത്തെ ഉപേക്ഷിക്കുന്നു. ഇനി, ജീവനും ആത്മാവും ഒന്നാവുമോ? ആണെന്നു് ചിലര്‍, അല്ലെന്നു് ചിലര്‍! അറിയാനും, ആഗ്രഹിക്കാനും, പ്രവര്‍ത്തിക്കാനും, ചിന്തിക്കാനുമെല്ലാം ജീവനുണ്ടെങ്കിലേ കഴിയൂ. മരിച്ച ശരീരത്തിനു് ഈവിധ ശേഷികളില്ല. മരണം വ്യക്തിത്വത്തിന്റെയും, അതുവഴി ആത്മാവിന്റെയും അന്ത്യമാണെന്നു് ചിലര്‍. വ്യക്തിയുടെ ഈ ലോകത്തിലെ ജീവിതം അവസാനിക്കുമ്പോള്‍ പ്രപഞ്ചസാരാംശമായ ഈശ്വരനില്‍ ലയിക്കുന്ന അനശ്വരചൈതന്യമാണു് ആത്മാവെന്നു് മറ്റുചിലര്‍. ഇതില്‍ ഏതാവും ശരി? ഏതാണു് ശരിയെന്നു് മറ്റുള്ളവര്‍ വേണമെങ്കില്‍ തനിയെ തീരുമാനിക്കട്ടെ എന്നു് കരുതാം. പക്ഷെ അതിനെ സംബന്ധിച്ചു് എനിക്കു് സ്വന്തമായ ഒരു തീരുമാനം വേണമല്ലോ! ഈ വിഷയം സംബന്ധിച്ച എന്റെ തീരുമാനം ഞാന്‍ തിന്നുന്ന “പൂരിമസാലയുടെ” രുചിയെ സ്വാധീനിക്കുന്നില്ലെങ്കിലും, ഒരുപക്ഷേ കൂട്ടത്തിലോടി മടുത്തതുകൊണ്ടാവാം, ഇതുപോലുള്ള കാര്യങ്ങളില്‍ സ്വന്തമായ ഒരു തീരുമാനം വേണമെന്ന ഒരു നിര്‍ബന്ധം എനിക്കുള്ളതു്. ഈ നിര്‍ബന്ധം മൂലം ഞാന്‍ എന്നെത്തന്നെ ദ്രോഹിക്കുകയാണെന്നും എനിക്കറിയാം. കാരണം, വ്യക്തമായ ഒരു നിലപാടു് സ്വീകരിക്കുന്നതിനു് മുന്‍പു് വ്യത്യസ്തമായ നിലപാടുകള്‍ അറിഞ്ഞിരിക്കണം. നീണ്ട അന്വേഷണങ്ങളിലൂടെയല്ലാതെ ഒരു തീരുമാനത്തിനു് വേണ്ടത്ര അളവു് അറിവു് ശേഖരിക്കാനുമാവില്ല. അതിനാല്‍, ഉള്ള സമയം ലുബ്ധിച്ചു് പങ്കിടണം. അതായതു്, പൂരിമസാല ആസ്വദിച്ചു് തിന്നുന്നതിനു് പകരം “ആര്‍ത്തിപിടിച്ചു്” തിന്നണം. പറ്റുമെങ്കില്‍ പകുതി സമയം കൊണ്ടു്! പ്രത്യേകിച്ചും ആത്മാവിന്റെ പ്രശ്നങ്ങള്‍ കേരളത്തിലെ മന്ത്രിമാരുടെ പ്രസംഗങ്ങള്‍ പോലെ കണ്ണുമടച്ചു് അവഗണിക്കാവുന്ന ഒരു കാര്യമല്ല താനും. മനുഷ്യന്‍ ചത്താലും ആത്മാവു് ചാവുന്നില്ലെങ്കില്‍ ഇക്കാര്യം അവഗണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കലെത്തുന്ന “ആത്മാവിന്റെ തലയില്‍” ഇടിത്തീപോലെ വന്നു് വീഴാം! വെള്ളം ഒഴുകി പോയി കഴിഞ്ഞിട്ടു് ചിറ കെട്ടിയിട്ടു് കാര്യമില്ലല്ലോ. (വേലിയേറ്റ സമയത്തു് വെള്ളം അടിയില്‍ നിന്നു് മുകളിലേക്കു് ഒഴുകുന്നതു് തടയാന്‍ കെട്ടുന്ന ചിറകളെയല്ല ഇവിടെ ഉദ്ദേശിച്ചതു്!) കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണു് ഇത്തിരിനേരം ഇക്കാര്യത്തിനായി നീക്കി വയ്ക്കാമെന്നു് കരുതിയതു്.

ആത്മാവിനെ സംബന്ധിച്ച വൈവിധ്യമാര്‍ന്ന നിലപാടുകള്‍ ഇന്നുള്ളതുപോലെ എന്നും ലോകത്തിലുണ്ടായിരുന്നോ? ഉദാഹരണത്തിനു് ശിലായുഗത്തില്‍? ഇന്നു് മനുഷ്യര്‍ ആശയവിനിമയത്തിനു് ഉപയോഗിക്കുന്ന ഭാഷ എന്ന മാധ്യമം ഏതാനും ചില സ്വരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന, മനുഷ്യര്‍ വാക്കുകള്‍ക്കു് പകരം ആംഗ്യഭാഷ ഉപയോഗിച്ചിരുന്ന വളരെ പഴയ കാലഘട്ടങ്ങളില്‍? ആത്മാവിനെ സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ എന്തായാലും അന്നു് ഉണ്ടായിരുന്നിരിക്കില്ല. ഭാഷയുടെ പരിമിതി ഒന്നുകൊണ്ടുമാത്രം അതു് സാദ്ധ്യവുമായിരുന്നില്ല. അപ്പോള്‍ മനുഷ്യനിലെ ദൈവാത്മാവിനെ തിരിച്ചറിയുവാന്‍ ഭാഷ വേണമെന്നാണോ? അതോ, ആത്മാവുതന്നെ ഭാഷയുടെ സൃഷ്ടി ആണെന്നോ? മനുഷ്യചരിത്രത്തില്‍ എവിടെയായിരുന്നു ആത്മാവിനെ പറ്റിയുള്ള ചിന്തകളുടെ ആരംഭം? ആത്മാവു് എന്ന വാക്കു് ഒറ്റയടിക്കു് നിര്‍വ്വചിക്കാനാവുന്നതാണോ? ഓരോ സംസ്കാരത്തിലും അതിനു് ഓരോരോ കാലഘട്ടങ്ങളില്‍ കല്‍പിച്ചിരുന്ന അര്‍ത്ഥം തന്നെ അതിനെ വളരെ സങ്കീര്‍ണ്ണമാക്കുന്നു. ആരംഭത്തില്‍, ശ്വാസം, വായു മുതലായ അര്‍ത്ഥത്തില്‍ ഗ്രീക്ക്‌ ഭാഷയില്‍ pneuma, എബ്രായഭാഷയില്‍ ruach, ലാറ്റിനില്‍ spiritus/anima എന്നൊക്കെ വിളിക്കപ്പെട്ടിരുന്ന കാലത്തു് ആത്മാവു് തികച്ചും ഭൗതികമായ ഒന്നായിട്ടാണു് കരുതപ്പെട്ടിരുന്നതു്. ഇംഗ്ലീഷ്‌ ഭാഷയിലെ ghost-നു് തുല്യമായ ജര്‍മ്മന്‍ ഭാഷയിലെ Geist എന്ന വാക്കു് ആരംഭത്തില്‍ ഭൂതം എന്ന അര്‍ത്ഥത്തില്‍, ഭയപ്പെടുത്തുന്ന “ശരീരമില്ലാത്ത അരൂപി” ആയിരുന്നു. കാലം മാറിയപ്പോള്‍ ആത്മാവിന്റേയും കോലം മാറി. പ്ലാറ്റോ അതിനെ വ്യക്തിത്വത്തിനു് അതീതമായ reason, ആശയം എന്നീ നിലകളില്‍ മനസ്സിലാക്കിയപ്പോള്‍ അരിസ്റ്റോട്ടിലിനു് ആത്മാവു് ആത്മബോധവും, ചിന്തയും, വ്യക്തിചൈതന്യവും ഒക്കെയായിരുന്നു. ജര്‍മ്മന്‍ തത്വചിന്തകനായ ഇമ്മാന്വേല്‍ കാന്റിന്റെ ചിന്തകളില്‍ ആത്മാവിന്റെ സ്ഥാനം “അഹം”, “ബുദ്ധി”, “ആത്മബോധം” മുതലായ വാക്കുകള്‍ അപഹരിക്കുന്നു. Geist എന്ന ജര്‍മ്മന്‍ വാക്കു് മനസ്സു്, ചൈതന്യം, ആത്മാവു്, ബോധം മുതലായ എത്രയോ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണു്. അതിനു് ആത്മാവു് എന്ന വാക്കിനു് മതങ്ങള്‍ നല്‍കുന്ന അര്‍ത്ഥവുമായി നേരിയ ബന്ധമേയുള്ളുവെന്നു് വേണമെങ്കില്‍ പറയാം. ജര്‍മ്മന്‍ ചിന്തകനായിരുന്ന ഹേഗെലിന്റെ കാഴ്ചപ്പാടില്‍, ആത്മനിഷ്ഠതയില്‍ നിന്നും വസ്തുനിഷ്ഠതയിലൂടെ പരമമായിത്തീരുന്ന ആത്മചൈതന്യത്തിന്റെ (Geist) വികാസം, ജനവിഭാഗങ്ങളുടെ ഭാഗധേയങ്ങളില്‍, ചിന്തകളില്‍ സാക്ഷാത്കരിക്കപ്പെടുന്നതാണു് ആകമാനലോകചരിത്രം തന്നെ!

മുടിനാരിന്റെ ഒരംശം, അല്ലെങ്കില്‍, അല്‍പം ഉമിഴ്‌നീര്‍ ഇതൊക്കെ ധാരാളം മതി ഇന്നു് ജീന്‍ പരിശോധനവഴി ഒരു മനുഷ്യന്റെ അനന്യത (identity) നിശ്ചയിക്കാന്‍. മരണശേഷവും ഒരുവന്‍ “ജന്തുശാസ്ത്രപരമായി” ആരായിരുന്നുവെന്നു് അവന്റെ ഓരോ തരിയും വിളിച്ചുപറയുന്നുണ്ടെന്നു് സാരം. അതായതു്, മരണസമയത്തു് “ദാ പോകുന്നു” എന്നു് ചൂണ്ടിക്കാണിക്കാവുന്ന ഒന്നല്ല മനുഷ്യാത്മാവു്. ഇന്ദ്രിയഗോചരമായ കാര്യങ്ങളുടെ ബോധപൂര്‍വ്വമായ അനുഭവശേഷി, ചിന്താശേഷി, ഭാവനാശേഷി, ശ്രദ്ധ, ഓര്‍മ്മ, ആഗ്രഹം, വികാരം, ശരീരത്തിന്റെ അനന്യത്വം തിരിച്ചറിയല്‍, “ഞാന്‍” എന്ന ആത്മബോധം മുതലായ വിഭിന്ന മാനസിക അവസ്ഥകളെല്ലാം “ആത്മാവിന്റെ” പലതരം മുഖങ്ങളാണു്. രോഗമോ, അപകടമോ മൂലം തലച്ചോറിന്റെ ബന്ധപ്പെട്ട ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായാല്‍, ഇപ്പറഞ്ഞതില്‍ ഒന്നോ അതിലധികമോ ശേഷികള്‍ നഷ്ടപ്പെടാം, മറ്റു് ശേഷികളെ ബാധിക്കാതെ തന്നെ! അനുഭവശേഷി “ഒറ്റയാനായ” ഒരു ആത്മാവിന്റെ പ്രവൃത്തിയല്ലെന്നു് ചുരുക്കം!

ഇന്നത്തെ ശാസ്ത്രം പ്രപഞ്ചോത്ഭവം ഒരു ആദിസ്ഫോടനത്തിന്റെ (big bang) ഫലമാണെന്നു് വ്യാഖ്യാനിക്കുന്നു. അങ്ങേയറ്റം ലളിതമാക്കി പറഞ്ഞാല്‍ ഏതാണ്ടു് ഇങ്ങനെ: പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണു്. അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയിലെത്തുന്ന തരംഗങ്ങളില്‍ വീക്ഷിക്കാന്‍ കഴിയുന്ന red shift (Doppler effect) ആണു് ഈ നിഗമനത്തിനു് ആധാരം. (റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു പോലീസ്‌ വാഹനത്തിലെ സൈറണ്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ വാഹനം അടുത്തുവരുന്നോ അതോ നമ്മില്‍ നിന്നും അകന്നുപോകുന്നോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്ന പോലെ!) പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അതു് എന്നെങ്കിലും ആരംഭിച്ചതായിരിക്കണം. ഈ വികാസം ഒരുപക്ഷേ എന്നാളും തുടരാം. അല്ലെങ്കില്‍ എന്നെങ്കിലും അവസാനിക്കാം; അതിനുശേഷം വീണ്ടും സങ്കോചിക്കാന്‍ ആരംഭിക്കാം. (അതിന്റെ വ്യവസ്ഥകള്‍ കൃത്യമായി അറിയണമെങ്കില്‍ ഭൗതികശാസ്ത്രത്തില്‍ (ഗണിതശാസ്ത്രത്തിലും!) മുങ്ങാങ്കുഴി ഇടണം!) ഒന്‍പതോ പത്തോ അതില്‍ കൂടുതലോ പൂജ്യങ്ങള്‍ കൊണ്ടു് മാത്രം എഴുതാന്‍ കഴിയുന്ന “ഒത്തിരി” വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു big bang ഉണ്ടാവാം! അതായതു്, “ഇക്കഴിഞ്ഞ” ആദിസ്ഫോടനത്തിനുശേഷം, ഊര്‍ജ്ജം ദ്രവ്യമായി മാറിക്കൊണ്ടിരുന്നതിനിടയില്‍ ഈ “അടുത്തയിട” രൂപമെടുത്ത ഒരു കണ്ണിയാണു് മനുഷ്യന്‍. മരിച്ചു് മണ്ണായാലും, ഭസ്മമായാലും മനുഷ്യന്‍ ഇവിടെത്തന്നെയുണ്ടു്. ഇലകളുടെ, പൂക്കളുടെ, മൃഗങ്ങളുടെ, മനുഷ്യരുടെ ഒരു ഭാഗമായി, പ്രപഞ്ചത്തിന്റെ ഭാഗമായി, ദ്രവ്യത്തിന്റെ ഭാഗമായി – ഒരിക്കലും മോചനമില്ലാതെ! കോടാനുകോടി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഊര്‍ജ്ജമാവാന്‍…, ദ്രവ്യമാവാന്‍…, ഊര്‍ജ്ജമാവാന്‍…!

ഒരുകാര്യം ശരിയാണു്. നമുക്കു് ഈ പ്രപഞ്ചത്തില്‍ നിന്നും മോചനമില്ല – ശാസ്ത്രത്തിന്റെ വെളിച്ചത്തിലായാലും, അദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലായാലും!

ദ്രവ്യത്തെയും ഊര്‍ജ്ജത്തെയും ഒരു ചെറിയ സമവാക്യം കൊണ്ടു് പരസ്പരം ബന്ധിപ്പിക്കാമെന്നു് ഐന്‍സ്റ്റൈനുശേഷം ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം. അങ്ങേര്‍ക്കു് മുന്‍പു് അങ്ങനെയൊരു കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. മനസ്സിന്റെ, ആത്മാവിന്റെ വളര്‍ച്ചയാണു് മനുഷ്യനെ പുതിയ പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാക്കുന്നതു്. മനുഷ്യാത്മാവു് ദൈവികമായ പരമാത്മാവിന്റെ ഭാഗമെങ്കില്‍, ദൈവം പൂര്‍ണ്ണനെങ്കില്‍, മനുഷ്യാത്മാവിന്റെ, മനുഷ്യമനസ്സിന്റെ വളര്‍ച്ച അര്‍ത്ഥശൂന്യമാണു്. പൂര്‍ണ്ണത എങ്ങനെ, എന്തിലേക്കു് വളരാന്‍?

അദ്ധ്യാത്മികത പറയുന്നു: തൂണിലും തുരുമ്പിലും ഞാന്‍ (അഹം!) ഉണ്ടു്. എത്ര ശരി! പക്ഷേ, ഞാന്‍ എന്റെ തന്നെ ഭാഗമായവയെ, “ഞാന്‍” തന്നെയായവയെ ദൈവം എന്ന പേരു് നല്‍കി വിളിക്കുന്നു. ചിലര്‍ അതില്‍ കച്ചവടസാദ്ധ്യതകള്‍ കാണുന്നു. മനുഷ്യനിലെ “ഞാന്‍” എന്ന അന്തസത്തയെ സ്വന്തബുദ്ധിയിലൊതുങ്ങുന്ന ദൈവമാക്കി, രൂപം നല്‍കി, അദ്ധ്യാത്മികതയുടെ പരിവേഷം ചാര്‍ത്തി, മോചനമില്ലായ്മയില്‍ നിന്നും “മോചനം” നല്‍കുന്ന പരമശക്തിയാക്കി വില്‍ക്കാന്‍ ചിലര്‍ തയ്യാറാവുമ്പോള്‍, മറ്റു് ചിലര്‍ വാങ്ങാന്‍ തയ്യാറാവുന്നു. ചിലര്‍ക്കു് വില്‍ക്കാന്‍ അറിയാം. മറ്റുചിലര്‍ക്കു് വാങ്ങാനേ അറിയൂ! അതും, ഒരര്‍ത്ഥത്തില്‍, മോചനമില്ലാത്ത ഒരുതരം അഭിശപ്താവസ്ഥ! വീണ്ടെടുപ്പു്! മോക്ഷം! എന്താണു് അതുവഴി മനുഷ്യന്‍ മനസ്സിലാക്കേണ്ടതു്? ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായ മനുഷ്യനെ എങ്ങോട്ടു്, ആരു് വീണ്ടെടുക്കാന്‍? പ്രപഞ്ചത്തില്‍ ഞാന്‍! എന്നില്‍ പ്രപഞ്ചം! പ്രപഞ്ചം ഞാനും ഞാന്‍ പ്രപഞ്ചവും! എന്നെ ഞാന്‍ അല്ലാതാക്കാന്‍ ആര്‍ക്കും കഴിയും, നഗ്നനേത്രങ്ങള്‍ക്കു് കാണാന്‍ കഴിയാത്ത ഒരു വൈറസിനു് പോലും! പക്ഷേ എന്നെ ഇല്ലാതാക്കി പ്രപഞ്ചത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രപഞ്ചത്തിനു് പോലും കഴിയില്ല. പ്രപഞ്ചത്തെ ഇല്ലാതാക്കി സ്വതന്ത്രമാവാന്‍ എനിക്കുമാവില്ല. കാരണം, ഞങ്ങള്‍ ഒന്നാണു് – ഒന്നിന്റെ നിരന്തരം മാറുന്ന രണ്ടു് മുഖങ്ങള്‍!

കളിച്ചു് ചിരിച്ചു് പിണങ്ങി ഇണങ്ങി വളര്‍ന്ന രണ്ടു് കിളികളിലൊന്നു് ഒരുമിച്ചു് പറക്കാന്‍ ആരംഭിക്കുമ്പോള്‍തന്നെ ചിറകറ്റു് വീണു് എന്നേക്കുമായി വേര്‍പിരിയുന്നതു് അനുഭവിക്കേണ്ടിവന്ന ഇണക്കിളി ഒരു വീണ്ടും കാണല്‍ സ്വാഭാവികമായും ആഗ്രഹിച്ചുപോകും – മരണശേഷമെങ്കിലും!

ക്ഷമിക്കൂ! പക്ഷേ അതൊരു ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുന്നതിനേക്കാള്‍, നഷ്ടസ്വര്‍ഗ്ഗങ്ങളെ ഓര്‍ത്തു് കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെപ്പോലെ വിലപിക്കുന്നതിനേക്കാള്‍, ആഗ്രഹസ്വപ്നങ്ങള്‍ കണ്ടു് പൂഴിമണലില്‍ തലപൂഴ്ത്തി മയങ്ങുന്നതിനേക്കാള്‍ പച്ചയായ മനുഷ്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ നേരിടുന്നതാണു്, പരിഹാരം തേടുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. പിച്ചച്ചട്ടികളില്‍ കയ്യിട്ടുവാരി ജീവിക്കേണ്ടി വരുന്ന ദൈവങ്ങളുടെ കാണാത്ത സ്വര്‍ഗ്ഗത്തിലെ സാങ്കല്‍പികസുഗന്ധത്തേക്കാള്‍ എന്റെ വിശപ്പടക്കാന്‍ എന്നെ സഹായിക്കാന്‍ കഴിയുന്ന മണ്ണിന്റെ മണമാണു് എന്നെ ഉന്മത്തനാക്കുന്നതു്.

 
10അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 20, 2007 in ലേഖനം

 

മുദ്രകള്‍: , ,

കാളന്‍ നെല്ലാവുന്നതെങ്ങനെ?

“മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി” എന്നൊരു പത്രപ്പരസ്യം ചെറുപ്പകാലത്തു് എന്നെ ജീവിതനൈരാശ്യത്തിന്റെ പടുകുഴിയിലെ കൊടുചുഴിയില്‍ എത്തിച്ചതിന്റെ കദനകഥയാണിതു്. പത്രം വിടര്‍ത്താത്തവര്‍ പോലും കാണണമെന്നും, വായിക്കാനറിയാവുന്നവര്‍ വായിക്കണമെന്നുമുള്ള ദുരുദ്ദേശത്തോടെ പത്രത്തിന്റെ ഒരു പ്രത്യേക മൂലയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഈ പരസ്യം എന്നെ നിരാശപ്പെടുത്തുക മാത്രമല്ല, എന്റെ ബുദ്ധിസ്ഥിരതതന്നെ ചോദ്യം ചെയ്യപ്പെടണമോ എന്ന പരിതാപകരമായ അവസ്ഥയില്‍ എന്നെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. കാര്യം വളരെ ലളിതമാണു്.

മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ എങ്ങനെ നെല്ലാവും എന്നതായിരുന്നു എന്റെ ചിന്താശേഷിയെ അപ്പാടെ പിടിച്ചുകുലുക്കിയ പ്രശ്നം. എല്ലാ ചികിത്സകളും എപ്പോഴും ഫലിക്കണമെന്നില്ല എന്നതു് ശരി. ചില ചികിത്സകള്‍ ഫലിക്കാതെവരാം എന്ന വിവരം, മുതിര്‍ന്നവരുടെ സംസാരങ്ങളില്‍ നേരിട്ടു് പങ്കെടുക്കാന്‍ അനുവാദമില്ലാതിരുന്നിട്ടും, എങ്ങനെയോ എന്റെ തലമണ്ടയില്‍ എത്തിപ്പെട്ടു് കുടിതാമസമുറപ്പിച്ചിരുന്നു. പക്ഷേ മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുന്നതു് കാളന്‍ നെല്ലായി തീരുന്നതിനു് ഒരു നിമിത്തമാവുന്നതെങ്ങനെ എന്ന ചോദ്യത്തിനു് തത്വചിന്താപരമായി എന്നെ തൃപ്തിപ്പെടുത്താനുതകുന്ന ഒരു മറുപടി കണ്ടെത്താന്‍ എനിക്കു് കഴിഞ്ഞില്ല എന്നതായിരുന്നു തലവേദന.

അതിന്റെ കാരണവും വളരെ വ്യക്തമാണു്. കാളന്‍ എന്ന വാക്കുമായി associate ചെയ്യുവാന്‍ കഴിയുന്ന ഒരേയൊരു പദാര്‍ത്ഥമേ എന്റെ തലച്ചോറു് എന്ന hard disk-ല്‍ save ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളു. അതു് എന്റെ ഗ്രാമത്തിലെ സദ്യകളില്‍ എല്ലായ്പോഴും, വീടുകളില്‍ വല്ലപ്പോഴും വച്ചുവിളമ്പിയിരുന്ന ഒരുതരം മോരുകറിയാണു്. പാചകകലയിലെ ഈ അമൂല്യ composition-ന്റെ വെറുമൊരു ബാഹ്യനിരൂപണത്തിനേ ഇതുസംബന്ധമായ എന്റെ അറിവു് മതിയാവുകയുള്ളു. അതു് ഏതാണ്ടു് ഇങ്ങനെയാണു്: ഏത്തക്ക ellipse രൂപത്തില്‍ അരിഞ്ഞെടുത്തു്, അവയെ ഗണിതശാസ്ത്രത്തിലെ ചില പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കഷണിച്ചു്, എണ്ണ, കടുകു്, മുളകു്, മഞ്ഞള്‍, കറിവേപ്പില, മോരു് മുതലായ ഘടകങ്ങളുമായി ചില പ്രത്യേക seqence-ല്‍ സമയബന്ധിതമായി പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനപ്രക്രിയക്കു് വിധേയമാക്കുമ്പോള്‍ സംജാതമാവുന്ന ഒരു അനുപമകാവ്യശില്‍പമാണു് “കാളന്‍” എന്ന മോരുകറി! ഒരു നവവധുപോലെ അങ്ങനെ കണ്മുന്നില്‍ വിരിഞ്ഞു് നില്‍ക്കുമ്പോഴും കാളന്‍ എന്ന അന്തിമസിംഫണിയിലെ മേല്‍പറഞ്ഞ ചേരുവകള്‍ അവയുടെ തനതായ വ്യക്തിത്വം ഒളിഞ്ഞും മറഞ്ഞും നമ്മെ വെളിപ്പെടുത്താന്‍ ശ്രമിക്കാറുണ്ടു്. അതുമൂലമാണു് അവയെ പരിചയപ്പെടുവാനും, ഇവിടെ വര്‍ണ്ണിക്കുവാനും എനിക്കു് കഴിഞ്ഞതും. അതുകൊണ്ടു് ഈ അഭിനേതാക്കള്‍ മാത്രമാണു് കാളനെ കാളന്‍ ആക്കുന്നതു് എന്നു് കരുതുന്നതു് ശരിയായിരിക്കുകയില്ല. കാരണം, എന്റെ നഗ്നനേത്രങ്ങള്‍ക്കു് കാണാന്‍ കഴിയാത്ത ചില അമൂല്യചേരുവകള്‍ അതിന്റെ രൂപ-ഭാവ-രുചിസമ്പൂര്‍ണ്ണതയ്ക്കു് നിദാനമാവുന്നുണ്ടെന്നു് ഒരോ ആസ്വാദനത്തിലും എന്റെ നഗ്നമായ നാവു് എന്നോടു് വിളിച്ചുപറഞ്ഞിട്ടുണ്ടു്.

ഈവിധ ഗുണഗണങ്ങളെല്ലാമുള്ള കാളന്‍ നെല്ലായി എന്നാണു് പത്രം കാണുമ്പോഴൊക്കെ ഞാന്‍ വായിക്കേണ്ടിവരുന്നതു്! നെല്ല് എന്ന സമൂഹനാമത്തിനുള്ളില്‍ വരുന്ന പല ഉപവിഭാഗങ്ങളെയും ഒരു കര്‍ഷകഗ്രാമത്തില്‍ അംഗമായിരുന്ന എനിക്കു് ന്യായമായും പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടു്. ചെമ്പാവു്, ഇട്ടിക്കണ്ടപ്പന്‍ അങ്ങനെ എത്രയോ ഇനങ്ങള്‍! നെല്ല് സംബന്ധമായി ആവശ്യത്തിലേറെയുണ്ടായിരുന്ന എന്റെ ജ്ഞാനമാണു് കാളന്‍ നെല്ലായി എന്ന യുക്തിഹീനമായ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കാന്‍ എനിക്കു് കഴിയാതിരുന്നതിന്റെ പ്രധാന കാരണം.

സംശയം മൂലം ഞാന്‍ സംശയാലുവായി മാറി. ജീവിതം നരകമായി. എന്തുതന്നെ സംഭവിച്ചാലും, ആകാശം തന്നെ ഇടിഞ്ഞു് വീണാലും, കാളന്‍ നെല്ലായി എന്നു് വിശ്വസിക്കാന്‍ മാത്രം ഞാന്‍ തയ്യാറില്ലായിരുന്നു. ഗത്യന്തരമില്ലാതെ സംശയം തീര്‍ക്കാന്‍ ഞാന്‍ എന്റെ നാലാം ക്ലാസിലെ ക്ലാസ്‌ടീച്ചര്‍ ആയിരുന്ന അന്നക്കുട്ടിടീച്ചറിനെ സമീപിച്ചു. എപ്പോഴും അലക്കിത്തേച്ച സാരിയും ബ്ലൗസും ധരിച്ച അന്നക്കുട്ടിടീച്ചറിനെ എനിക്കു് വളരെ ബഹുമാനമായിരുന്നു. എന്റെ ചോദ്യത്തിനു് മറുപടി പറയാന്‍ കഴിവുള്ള മറ്റാരും എന്റെ അറിവിലുണ്ടായിരുന്നില്ല. അക്കാലത്തു്, അന്നക്കുട്ടിടീച്ചറും എന്നേപ്പോലെ കക്കൂസില്‍ പോകുന്നവളാണെന്നു് ആരെങ്കിലും എന്നോടു് പറഞ്ഞിരുന്നെങ്കില്‍ അവനെ ഞാന്‍ തല്ലിക്കൊല്ലുമായിരുന്നു.

ഒരിക്കല്‍ ടീച്ചറെ ഒറ്റക്കു് കണ്ടപ്പോള്‍ ഞാന്‍ സമയം നഷ്ടപ്പെടാതിരിക്കാനായി ഒരു മുഖവുരയുമില്ലാതെ ചോദിച്ചു: “കാളന്‍ നെല്ലാവുമോ ടീച്ചറെ?”

മറുപടിക്കു് പകരം ടീച്ചര്‍ എനിക്കു് തന്നതു് ഒരു പ്രത്യേക തരം നോട്ടമായിരുന്നു. ആ നോട്ടം കാളനെ വര്‍ണ്ണിച്ചതുപോലെ അത്ര എളുപ്പം വര്‍ണ്ണിക്കാനാവുന്നതല്ല. “എവിടെയോ എന്തോ തകരാറുണ്ടല്ലോ?” എന്നോ, “നിന്റെ പാത്രങ്ങളൊക്കെ അലമാരീല്‍ തന്നെയൊണ്ടോടാ?” എന്നോ ഒക്കെ അര്‍ത്ഥമാക്കാവുന്ന ഒരുതരം നോട്ടമില്ലേ? അതു്. എന്റെ ചോദ്യത്തിന്റെ എല്ലാ വശങ്ങളും ടീച്ചര്‍ക്കു് മനസ്സിലാവാത്തതാവും എന്നേ ശുദ്ധഗതിക്കാരനായ ഞാന്‍ കരുതിയുള്ളു. പക്ഷേ, ഇതുപോലുള്ള നോട്ടം നേരിട്ടിട്ടുള്ളവര്‍ ആരും സാധാരണഗതിയില്‍ ചോദ്യം ആവര്‍ത്തിക്കാറില്ല എന്നതുകൊണ്ടു് എന്റെ ജ്ഞാനദാഹം തീര്‍ക്കാന്‍ മെനക്കെടാതെ ഞാനും പിന്‍വാങ്ങി.

സ്കൂള്‍ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ എനിക്കു് കുറവായിരുന്നില്ല. പെണ്‍പിള്ളേരോടു് ചോദിച്ചു് മാത്രം തീര്‍ക്കാന്‍ കഴിയുന്നവ എന്നു് ഉറപ്പായിരുന്ന ചില സംശയങ്ങള്‍ ചോദിച്ചു് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ ഒന്നുകില്‍ ഇത്തരം നോട്ടമോ, അല്ലെങ്കില്‍ “ചെര്‍ക്കനു് വല്ലാത്ത സൂക്കേടാണല്ലോ?”, “ഞാന്‍ ഹെഡ്‌മാസ്റ്ററോടു് പറയൂട്ടോ!” മുതലായ ഹൃദയഭേദകമായ മറുപടികളാണു് എനിക്കു് നേരിടേണ്ടി വന്നിട്ടുള്ളതു്. അതിനാല്‍ കാര്യകാരണങ്ങള്‍ തേടിയുള്ള എന്റെ അന്വേഷണങ്ങള്‍ക്കു് പള്ളിക്കൂടത്തിലെ പെണ്‍പിള്ളേരെ സമീപിക്കുന്ന ഏര്‍പ്പാടു് ഞാന്‍ നിര്‍ത്തി. കാതു് കുത്തിയിടത്തു് ആരെങ്കിലും ഇറച്ചിക്കു് പോകുമോ?

എതായാലും, കാളന്‍ നെല്ലാവുന്നതു് എങ്ങനെ എന്ന എന്റെ ന്യായമായ സംശയം അന്നക്കുട്ടിടീച്ചര്‍ പറഞ്ഞുതന്നില്ലെങ്കിലും പില്‍ക്കാലത്തു് ഞാന്‍ തീര്‍ക്കുക തന്നെ ചെയ്തു. ലോകത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കാറുണ്ടെന്നു് പള്ളി വഴി ഞാന്‍ മനസ്സിലാക്കിയതോടെ എന്റെ സംശയം തനിയെ മാറുകയായിരുന്നു. ഉദാഹരണത്തിനു് വെള്ളം വീഞ്ഞാവും, വീഞ്ഞു് രക്തമാവും, ഗോതമ്പപ്പം മാംസമാവും. നമ്മള്‍ അങ്ങനെയങ്ങു് വിശ്വസിക്കണമെന്നേയുള്ളു. എത്ര എളുപ്പം, അല്ലേ? അതായതു്, മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലാവുമെന്നും, നെല്ലായി എന്നും നമ്മള്‍ വിശ്വസിക്കുക. അപ്പോള്‍ അതു് സംഭവിച്ചിരിക്കും. നമ്മള്‍ ഉറപ്പായി വിശ്വസിച്ചാല്‍ സാമ്പാറു് വേണമെങ്കില്‍ ഗോതമ്പു് പോലുമാവും! ആടു് പട്ടിയാവും, എലി പുലിയാവും, ആളു് വടിയാവും, വടി പാമ്പാവും, അങ്ങനെയങ്ങനെ എന്തു് വേണമെങ്കിലും…

ഇത്ര നിസ്സാരമായ ഒരു കാര്യത്തിനു് അന്നക്കുട്ടിടീച്ചറിനെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയ എന്റെ ബുദ്ധിമോശം ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്കു് ആ ടീച്ചര്‍ നോക്കിയപോലെ എന്നെത്തന്നെ നോക്കാന്‍ തോന്നാറുണ്ടു്!!

 
 

മുദ്രകള്‍: ,

മതഭ്രാന്തിന്റെ കഫസ്ഖലനം!

ea jabbaar -ന്റെ “ഖുറാന്‍” എന്ന ബ്ലോഗില്‍ Sebin Abraham Jacob ഇട്ട ഒരു കമന്റിന്റെ ഭാഗമായ ഈ വീഡിയോ മതഭ്രാന്തിന്റെ ഒരു ഉത്തമ ഉദാഹരണമായി തോന്നിയതിനാല്‍ ഒരു പോസ്റ്റായി ഇവിടെ കൊടുക്കുന്നു – ആ ബ്ലോഗില്‍ പോകാത്തവര്‍ക്കും ഈ ബ്ലോഗില്‍ വരുന്നവര്‍ക്കുമായി. (ജബ്ബാറിന്റെയും സെബിന്റെയും അനുവാദം പ്രതീക്ഷിക്കുന്നു.)

അനര്‍ഗ്ഗളം വിനിര്‍ഗ്ഗമിക്കുന്ന ഈ ആത്മീയഭ്രാന്തിന്റെ കഫസ്ഖലനത്തില്‍ വിജൃംഭിതരായി, വികാരവിവശരായി, വ്രീഡാനമ്രകളായി ദൈവദൂതസാന്നിദ്ധ്യത്തില്‍, പരമാനന്ദസുഖത്തില്‍ അന്തംവിട്ടു് കുത്തിയിരിക്കുന്ന ഈ പെണ്ണാടുകളെ ഒരുനോക്കു് കണ്ടാല്‍ മതി, സുവിശേഷഘോഷകവേഷം കെട്ടി ഉപജീവനം കഴിക്കുന്ന ഈ എലിപിടുത്തക്കാര്‍ ലക്‍ഷ്യമിടുന്നതു് സമൂഹത്തിലെ ഏതു് വിഭാഗം “എലികളെ” ആണെന്നു് മനസ്സിലാക്കാന്‍. അമലോത്ഭവവും, അതീന്ദ്രിയപദാര്‍ത്ഥാന്തരീകരണവും മാത്രമല്ല, ഒരുമാതിരി ഏതു് “കൂടൊഴിഞ്ഞു് കൂടുമാറല്‍” തന്ത്രവും മുഖവിലയ്ക്കു്, കയ്യും മൊത്തി വാങ്ങി ഈ “വിശ്വാസിസമൂഹം” പുകയില തിരുകുന്നതുപോലെ എളിയില്‍ തിരുകിക്കൊള്ളും!

 
14അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 14, 2007 in പലവക

 

മുദ്രകള്‍: