RSS

Daily Archives: നവംബര്‍ 21, 2007

ബ്ലോഗനിസം – ഒരു അത്യാസന്നകവിത

പലതും സംഭവിച്ചു ഭൂലോകത്തില്‍ ..
ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ..

പട്ടി കുരച്ചു.. ബൗ.. ബൗ..
പൂച്ച കരഞ്ഞു.. മ്യാ……വൂ..
നീര്‍ക്കുതിര..?

[നീര്‍ക്കുതിര എന്തു് ചെയ്യാന്നാ പറേണെ? കൂവീന്നൊ, കൊക്കീന്നൊ, പാടീന്നൊ? ഒരു പിടീല്യാലോ. സാരല്യ. വഴീണ്ടു്.]

നീര്‍ക്കുതിര കോട്ടുവായിട്ടു.. സ്വാ.. ഹ..
അന്തരീക്ഷം മലീമസമായി
ഒരു തിമിംഗലം ഉറച്ചുതുമ്മി.. അച്യു..
സുനാമി.. അലകള്‍ ..
ചത്തു.. ഒത്തിരിപ്പേര്‍ ..
പാതിരാക്കോഴി പിടഞ്ഞുതുള്ളി അല്ല, കിടന്നുമുള്ളി

[“എടീ പുന്നാരൂട്ട്യേ.. മോളൂട്ട്യേ.. ഷ്‌നുക്കിപുട്‌സീ..”
“ഇന്നു് രാവിലെ തന്നെ തുടങ്ങ്യോ?”
“ചക്കരക്കുട്ട്യേ, തേങ്കുട്ട്യേ! നീ എവട്യാന്റെ പെണ്ണൂട്ട്യേ?”
“ഞാന്‍ മൊളകരയ്ക്ക്വാ..”
“അയ്യയ്യോ! എന്നാ വേണ്ട! എരിയും!!”]

അപ്പൊ, എവട്യാ നിര്‍ത്ത്യേ?

ങാ! പാതിരാക്കോഴി കിടന്നുമുള്ളി
തിത്തിരിപ്പുള്ളു് പുലര്‍കാലേ ചുട്ടുപുട്ടു, അല്ല പുട്ടുചുട്ടു..
പുട്ടില്‍ക്കടുവ അല്ല, പുട്ടില്‍ക്കടല
[കടലില്‍ പുട്ടു് എന്നല്ലേ ഇച്ചിര്യോടെ ആധുനികം‌ന്നൊരു സംശ്യം!]
കടലേ.. നിലക്കടലേ.. ഛേ! നീലക്കടലേ..
[ഈ അക്ഷരപ്പിശാചുക്കളെക്കൊണ്ടു് തോറ്റു!]
കടലാന, കടലാമ, കടലോരം, കറുത്തമ്മ..
കടലെന്തു്? കരയെന്തു്? കടലായാല്‍ കരയെന്തു്?
ഞാനെന്തു്? നീയെന്തു്? ഞാനും നീയുമെന്തു്?
എന്തെന്നാല്‍ എന്തു്? എന്തെന്തു്? ഉന്തുന്തു്..

“ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു
ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്തു്..”

കാളേയുന്തു്.. ഖാളേയുന്തു്.. ഗാളേയുന്തു്..
ഘാളേയുന്തു്.. ങാളെയുന്തു് ചാളേയുന്തു്.. .. ..
ഉന്തോടുന്തു് ഉന്തുന്തു്!!

[പരിഹസിക്ക്യാ? മൂതേവീ! ഇങ്ങനെ അത്യാസന്നാധുനികത്തിലൊരെണ്ണം ഒണ്ടാക്കിയെടുക്കുന്നേന്റെ പേറ്റുനോവു് വല്ലോം നിനക്കറിയോ? അസത്തേ! അതാവില്ലാലൊ. സരസ്വതി പെണ്ണുങ്ങളെ പ്രേമിക്ക്യോ? അശ്രീകരം! ദേ തെക്കേ മൂലയ്ക്കുപോയി ലേശം നാണിച്ചൂടേ നെനക്കു്? എടീ, സകലമാന ഇസങ്ങളുടെയും ഒന്നിച്ചൊള്ള അവസാന ഇസത്തിന്റെ ജന്മാണ്‍ടീ കാളീ ഇതു്. റൊമാന്റിസിസം, നോമിനലിസം, സെന്‍സേഷനിലിസം, ഫെനൊമെനലിസം, കണ്‍വെന്‍ഷനിലിസം, റിയലിസം, ഇവാഞ്ചെലിസം, ഫിലോമിനയിസം, ഇടിക്കുട്ടപ്പനിസം, കമ്മ്യൂണിസംന്നൊക്കെ കേട്ടിട്ടില്ലേ? അവറ്റകളുടെയൊക്കെ അന്ത്യത്തിലെ അവതാരം! "ബ്ലോഗനിസം"!! സായിപ്പിന്റെ ഭാഷേലു് the last cry! വിക്കില്ലാത്ത പീടികേലു് അതിന്റെ കൃത്യമായ പരിഭാഷ കിട്ടും. "അവസാനത്തെ മലര്‍ച്ച അല്ല, അലര്‍ച്ച"! കലാസാഹിത്യസൈദ്ധാന്തികലോകത്തിലെ അവസാനത്തെ ഈ കണ്ണി വെളക്കിച്ചേര്‍ക്കാനായിട്ടാ ഭൂലോകം മുഴുവന്‍ രാപകലില്ലാതെ ഓരോരോ ബ്ലോഗരരു് മൂപ്പരരു്മാരു് ഓരോന്നിങ്ങനെ ഉരുക്കിക്കൂട്ടിക്കൊണ്ടിരിക്കണതു്! സൂര്യനസ്തമിക്കാത്ത സാമ്രാജ്യം‌ന്നൊക്കെ കേട്ടിട്ടില്ലേ? ഇല്ലെങ്കി, തൊമ്മനു് അയയുമ്പോ ചാണ്ടിക്കു് മുറുകും‌ന്നെങ്കിലും കേട്ടിട്ടൊണ്ടാവും. ഒരു ബ്ലോഗറു് ഒറങ്ങാന്‍ പോണേനു് മുന്‍പേ വേറെ എവട്യെങ്കിലും ഒരു ബ്ലോഗറു് ഒണര്‍ന്നു് ഉരുക്കലു് തൊടങ്ങീരിക്കും‌ന്നു് സാരം! അക്കാര്യത്തിലു് മാത്രം ഒരു സംശ്യം വേണ്ട! കമ്യൂന്റെ വാണം കത്തിക്കുന്നേടത്തു് കാമന്റെ ബാണോം കൊണ്ടു് ചെന്നാ പൊടിപോലും ബാക്കിണ്ടാവില്ല, അറിയാ‌വോ നെനക്കു്. ആധുനികം കൊണ്ടു് മാത്രേ രക്ഷപെടാനാവൂ! ഇപ്പൊ ഇതു് കളിയല്ലാന്നു് മനസ്സിലായില്ലേ?

എനിക്കു് അടുത്ത പ്രശോധനം വരണേനു് മുന്‍പു് നീയാ പുട്ടങ്ങ്‌ടു് വെളമ്പു്. അഷ്ടിക്കു് ശേഷം സൃഷ്ടി!]

Advertisements
 

മുദ്രകള്‍: ,