RSS

Daily Archives: നവംബര്‍ 18, 2007

മൂട്ടപ്പടയുടെ കടി

കട്ടിലുണ്ടൊന്നെന്‍വീട്ടില്‍ കിടക്കുവാന്‍ കട്ടിലില്‍
മൂട്ടയുമുണ്ടൊന്നെന്നെക്കടിക്കാനുറക്കത്തില്‍ ‍..

ചില്ലുജാലകത്തില്‍ വില്‍ക്കാന്‍ വച്ചനാളിലീക്കട്ടില്‍
കണ്ടനേരത്തേ തിരിച്ചറിഞ്ഞൂ ഇതെന്‍ കട്ടില്‍ !
അന്തിയില്‍ തലചായ്ക്കാനന്ത്യത്തില്‍ മരിക്കുവാന്‍
വേണമീക്കട്ടില്‍ , ഇല്ല മറ്റൊരു സഹചാരി..
ആദ്യകാഴ്ച്ചയില്‍ത്തന്നെ സ്നേഹിച്ചൊരീമഞ്ചത്തിന്‍
‍നെഞ്ചത്തിലെത്തീ മൂട്ട തഞ്ചത്തില്‍ കുടിപാര്‍ക്കാന്‍!
പാവമല്ലേ, ഞാനോര്‍ത്തു, ജീവിയല്ലേ; ബുദ്ധനെ
പഠിച്ചോനല്ലേ നീയും, കാരുണ്യം കാണിക്കേണ്ടെ?

“കടിക്കാതിരുന്നൂടെ മൂട്ടേ ഞാന്‍ നിനക്കെന്റെ
ചോരനല്‍കുന്നോനല്ലേയാഹാരദാതാവല്ലേ?
കഷ്ടപ്പെട്ടുവാങ്ങിയ കട്ടിലിലിഷ്ടംപോലെ
സ്വസ്ഥമായുറങ്ങുവാന്‍ വിടില്ലെന്നാണോ മൂട്ടേ?
മുട്ടയായിരുന്നില്ലേ മൊട്ടയില്‍ മൂട്ടേ നീയും
മുട്ടയില്‍ത്തന്നേ വേണോ മുടിഞ്ഞ കടിയിപ്പോ-
ളെനിക്കുവേണേല്‍ നിന്നെ ഞെരിച്ചുകൊല്ലാമെന്നു-
മറന്നുപോയോ മൂട്ടേ, അഹന്തവേണ്ടാ കേട്ടോ!”

ക്ഷിപ്രകോപിയാം മൂട്ട ക്ഷോഭിച്ചൂപതിവുപോല്‍
ഭര്‍ത്സിച്ചൂ തെറികൊണ്ടുപൊതിഞ്ഞൂ “ദുഷ്ടാ! നിന്റെ
കട്ടിലുസൂക്ഷിക്കുന്നതാരെന്നുകരുതി നീ?
കൂലിയില്ലാതെ വേലചെയ്യണോ നിനക്കു ഞാന്‍
ഒട്ടൊന്നുകഴിഞ്ഞോട്ടേ കാണിച്ചുതരാം നിന്നെ.”
വാശികേറിയ മൂട്ടയിട്ടുകൂട്ടീമുട്ടകള്‍
‍വിരിഞ്ഞുപുറത്തെത്തീ മൂട്ടതന്‍പെരുമ്പട..
കത്തികള്‍ കൈബോംബുകള്‍ തോക്കുകള്‍ സന്നാഹങ്ങള്‍
എന്തിനും മടിക്കാത്ത ചാവേറിന്‍ പടപോലെ
യുദ്ധസന്നദ്ധരായവര്‍ കാത്തിരുന്നെനിക്കായി
ഉറങ്ങാനെന്നോമനക്കട്ടിലിലെത്തുന്നോളം..

കടിയും കുത്തും മൂലമുറങ്ങാന്‍ കഴിയാതെ
തിരിഞ്ഞും മറിഞ്ഞുമായ്‌ മലര്‍ന്നും കമിഴ്‌ന്നും ഞാന്‍
മടുത്തനേരങ്ങളില്‍ തലകുത്തിയും നിന്നു!
നാളുകള്‍ നിദ്രാഹീനരാവുകള്‍ പിന്നിട്ടപ്പോള്‍
‍അറിയില്ലെനിക്കെന്നോ ഉറങ്ങീ അബോധമായ്‌
നശിച്ച മൂട്ടക്കൂട്ടം ഒറ്റരാത്രികൊണ്ടെന്നെ
ചെയ്തിതാ തുളകളാല്‍ സര്‍വ്വാംഗം അഭിഷേകം
സ്വിറ്റ്‌സര്‍ലണ്ടുകാരുണ്ടാക്കും ചീസുപോലായെന്‍ ദേഹ
കാറ്റുപോവാത്തതേ ഭാഗ്യം, പോയാലും സമം തന്നെ..
പാലസ്തീന്‍ തെരുവുകള്‍ക്കിടയില്‍ ദൈവത്തിന്റെ
നാമത്തില്‍ ചീറിപ്പായും വെടിയുണ്ടകള്‍ തീര്‍ക്കും
അമൂര്‍ത്തചിത്രങ്ങളെ കാണുവാന്‍ കഴിഞ്ഞവര്‍
‍ക്കറിയാന്‍ സാധിച്ചേക്കും ചിലപ്പോളിന്നെന്‍ സ്ഥിതി..

അന്നു ഞാനാമൂട്ടയെ ഞെക്കാതെവിട്ടല്ലോയെ-
ന്നുള്ളൊരു ദുഃഖം എന്നെ വല്ലാതെ ഞെരുക്കുന്നു!
നീ കൊല്ലുന്നില്ലെന്നാകില്‍ നിന്നെ കൊല്ലുമെന്നായാല്‍
കൊലയും ധര്‍മ്മം തന്നെ, കഷ്ടമാണെങ്കില്‍പ്പോലും..
അസഹിഷ്ണുതയ്ക്കുനേര്‍ സഹിഷ്ണുവായാല്‍ നിന്റെ
സഹിഷ്ണുതയ്ക്കൊപ്പം തകര്‍ക്കുമവര്‍ നിന്നെ!
മൂട്ടകള്‍ക്കറിയാത്ത നീതിശാസ്ത്രങ്ങള്‍ ചൊല്ലി
മൂട്ടയെ പഠിപ്പിക്കാനാവില്ല; ഒരിക്കലും…

Advertisements
 

മുദ്രകള്‍: ,