RSS

ലോകാവസാനത്തിലെ കുഴലൂത്തു്

11 നവം

മനുഷ്യപുത്രന്റെ രണ്ടാമത്തെ വരവിനേപ്പറ്റിയുള്ള ബൈബിളിലെ വര്‍ണ്ണന:

“ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു് വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും; അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു് വിളങ്ങും… മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു് കാണും. അവന്‍ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടും കൂടെ അയക്കും; അവന്‍ തന്റെ വ്രതന്മാരെ ആകാശത്തിന്റെ അറുതിമുതല്‍ അറുതിവരെയും നാലുദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കും.” – (മത്തായി 24: 29-31) ആര്‍ക്കും സംശയത്തിനു് ഇട വരാതിരിക്കാന്‍ ഉടനെതന്നെ യേശു സത്യം ചെയ്തു് പറയുന്നു: “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു.” – (മത്തായി 24: 34)

അന്ത്യനാളില്‍ സംഭവിക്കാന്‍ പോകുന്നതു് എന്തെല്ലാമാണെന്നും, അവയെല്ലാം തന്റെ ചുറ്റും നില്‍ക്കുന്നവരുടെ തലമുറയില്‍ തന്നെ നിസ്സംശയം സംഭവിക്കുമെന്നും യേശുവിനു് നല്ല നിശ്ചയമുണ്ടു്. നാളും നാഴികയും മാത്രമേ തനിക്കു് പിടി കിട്ടാതുള്ളു. ശ്രദ്ധിക്കൂ!: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു് മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” – (മത്തായി 24: 36) (അര്‍ദ്ധജ്ഞാനികള്‍ ജ്ഞാനികളെക്കാള്‍ ഭാഗ്യവാന്മാരാണു് എന്നൊരു ചൊല്ലാണു് എനിക്കോര്‍മ്മ വരുന്നതു്!)

ലോകാവസാനനാളിലെ യേശുവിന്റെ രണ്ടാമത്തെ വരവിന്റെ സമയത്തു് കാഹളധ്വനി മുഴക്കുന്ന ദൂതന്‍മാര്‍! ഇന്നാണെങ്കില്‍ ഏകതാനത്തിലുള്ള കുഴലൂത്തിനു് പകരം visual effect-‍ ന്റെ പേരില്‍ ഒരു laser show-യ്ക്കും, മേഘയാത്രയ്ക്കു് പകരം ഒരു inter galactic jet-നും യേശു മുന്‍ഗണന നല്‍കുമായിരുന്നു എന്നാണെന്റെ വിശ്വാസം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുന്‍പു്, മരിച്ചവര്‍ ഇടയ്ക്കിടെ കല്ലറയ്ക്കു് പുറത്തിറങ്ങി അവരവരുടെ ദേശീയഗാനങ്ങള്‍ ആലപിച്ചിരുന്നെങ്കിലും, വിദ്യുച്ഛക്തി, ലേസര്‍, മേസര്‍, ഏറോനോട്ടിക്സ്‌ മുതലായവയെ സംബന്ധിച്ചൊന്നും വലിയ ഗന്ധം അന്നു് ജീവിച്ചിരുന്ന മനുഷ്യര്‍ക്കുണ്ടായിരുന്നില്ല എന്നതിനാല്‍ ആട്ടിന്‍കൊമ്പോ മാട്ടിന്‍കൊമ്പോ മറ്റോ കൊണ്ടുണ്ടാക്കിയ കാഹളം ധ്വനിപ്പിക്കുകയല്ലാതെ മറ്റു് വഴിയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഉള്ളതുകൊണ്ടു് ഓണം പോലെ!

സൂര്യന്‍ ഇരുളുകയും, ചന്ദ്രന്‍ വെളിച്ചം നല്‍കാതിരിക്കുകയും, നക്ഷത്രങ്ങള്‍ കാര്‍ത്തികവിളക്കുകള്‍ പോലെ ആകാശത്തുനിന്നും ചടപടാന്നു് ഭൂമിയിലേക്കു് വീഴുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ പിന്നണിഗാനം പോലെ ഒരു ബാന്റുമേളം കൂടി കുത്തിത്തിരുകാന്‍ മടിക്കാത്തവരെ അവര്‍ അര്‍ഹിക്കുന്ന ആദരവോടെയും, ബഹുമാനത്തോടെയും അവഗണിക്കാന്‍ ശ്രമിക്കുന്നതാണു് അഭികാമ്യവും, സാമാന്യബോധത്തിനു് നിരക്കുന്നതുമെന്നു് തോന്നുന്നു. സ്വതന്ത്രബുദ്ധികളുടെ സൂര്യന്‍ ഇരുളുകയില്ല, അവരുടെ ചന്ദ്രന്‍ വെളിച്ചം നല്‍കാതിരിക്കുകയുമില്ല. ഭീരുക്കള്‍ പലവട്ടം മരിക്കുന്നു; ധീരന്മാര്‍ ഒരിക്കലേ മരിക്കൂ! ഇടിമുഴക്കവും കാഹളനാദവുമായി അവതരിപ്പിക്കപ്പെടുന്ന ഈ അന്ത്യകാലവര്‍ണ്ണനകള്‍ക്കു് മനുഷ്യരെ ഭയപ്പെടുത്തി മൂലയില്‍ കയറ്റുക എന്ന ഒരു ലക്‍ഷ്യമേയുള്ളു: അനുയായികളെ മറുചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ വായടച്ചുകൊണ്ടു് ഭാരം വലിക്കാന്‍ മടിക്കാത്ത കഴുതകളാക്കി മാറ്റുക. വിശ്വാസികളെ താഴ്ത്തിക്കെട്ടുക എന്ന ശിക്ഷണതന്ത്രം കാലാകാലമായി മതങ്ങള്‍, പ്രത്യേകിച്ചും കത്തോലിക്കാസഭ, വിജയകരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒരു ചൂഷണതന്ത്രമാണല്ലോ.

ഒന്നടങ്കമായോ, ഒന്നിനു് പുറകേ ഒന്നായോ ഭൂമിയിലേക്കു് വീഴുന്ന നക്ഷത്രങ്ങളില്‍ എത്രയെണ്ണത്തിനു് ഇടം നല്‍കാന്‍ പാവം ഭൂമിക്കു് കഴിയും? ഇതുപോലുള്ള എത്രയോ ഭൂമികളെ ഒരുമിച്ചു് വിഴുങ്ങാന്‍ മതിയായ വലിപ്പമുള്ള നക്ഷത്രങ്ങള്‍ ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിനുണ്ടെന്നു് അറിയാമായിരുന്നെങ്കില്‍ യേശു അന്നു് അങ്ങനെ പറയുമായിരുന്നോ? സ്വാഭാവികമായും അവയെല്ലാം കിറുകൃത്യമായി വന്നുവീഴുന്നതു് ഭൂമിയില്‍ തന്നെ! മതപ്രഭുക്കളുടെ അഭിപ്രായത്തില്‍ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നതിനാല്‍ ഭൂമിയിലേക്കല്ലാതെ നക്ഷത്രങ്ങള്‍ പിന്നെ എങ്ങോട്ടുപോയി വീഴാന്‍? ആകാശത്തിന്റെ ശക്തികള്‍ മുഴുവന്‍ ഒരു സോഷ്യലിസ്റ്റ്‌-കമ്മ്യൂണിസ്റ്റ്‌-ആശയവ്യവസ്ഥിതി കൂട്ടായ്മയിലെന്നപോലെ സഹകരണാടിസ്ഥാനത്തില്‍ ഇളകിപ്പോയിക്കൊണ്ടിരിക്കുമ്പോഴും മനുഷ്യപുത്രന്റെ വാഹനമാവാന്‍ വേണ്ടി മേഘങ്ങള്‍ മാത്രം ഒരു പോറല്‍ പോലുമേല്‍ക്കാതെ അറ്റന്‍ഷനായി കാത്തുനില്‍ക്കുന്നു! ബൈബിള്‍ എഴുതപ്പെട്ട കാലത്തു് നക്ഷത്രമെന്നാല്‍ എന്തെന്നോ, സൂര്യനും ഭൂമിയും ചന്ദ്രനുമൊക്കെ തമ്മിലുള്ള ബന്ധമെന്തെന്നോ ഒന്നും അറിയാന്‍ കഴിയാതിരുന്ന മനുഷ്യരെ ഇതുപോലുള്ള മണ്ടത്തരങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുന്നതു് നീതീകരിക്കാനാവില്ലെന്നറിയാം. പക്ഷേ അതെല്ലാം അക്ഷരം പ്രതി ശരിയാണെന്നും, ഇന്നും വിലപ്പോവണമെന്നും പിടിവാശി പിടിക്കുന്നവര്‍ അതേ മനുഷ്യരുടെ മാനസികനിലവാരത്തില്‍ അടിഞ്ഞുകൂടാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നതു്?

ലോകാവസാനവും യേശുവിന്റെ രണ്ടാമത്തെ വരവും ഉടനെ സംഭവിക്കാന്‍ പോകുന്നു എന്ന സുവിശേഷവുമായി രംഗപ്രവേശം ചെയ്ത ക്രിസ്തുമതം ലൗകികജീവിതത്തെ അര്‍ത്ഥശൂന്യവും അനാവശ്യവുമാക്കി മാറ്റുകയായിരുന്നു. കാരണം, താന്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ അധികം താമസിയാതെ ഭൂമിയില്‍ ദൈവരാജ്യം സംഭവിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നതിനു് വ്യക്തവും നിസ്സംശയവുമായ ഉറപ്പു് ക്രിസ്ത്യാനികള്‍ക്കു് നല്‍കിയിട്ടാണു് യേശു പോയതു്. ദൈവപുത്രന്റെ ഈ വാഗ്ദാനം ബൈബിളില്‍ വെളുപ്പില്‍ കറുപ്പായി മത്തായിയുടെയും, മര്‍ക്കോസിന്റെയും, ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതു് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” – (മത്തായി 24: 34, 35), (മര്‍ക്കോസ്‌ 13: 30,31), (ലൂക്കോസ്‌ 21: 32,33)

ദൈവരാജ്യം ഇന്നോ നാളെയോ സംഭവിക്കുമെങ്കില്‍ പിന്നെ ഐഹികജീവിതത്തെപ്പറ്റി വേവലാതിപ്പെട്ടിട്ടു് എന്തു് കാര്യം? ഭൂമിയിലെ ദുഃഖങ്ങളെപ്പറ്റി ചിന്തിച്ചു് എന്തിനു് വെറുതെ തല പുണ്ണാക്കണം? നിത്യമായ സ്വര്‍ഗ്ഗീയശരീരം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നശ്വരമായ ശരീരത്തിനു് പിന്നെയെന്തു് വില? ആത്മാവു് എന്നാല്‍ മാവോ പ്ലാവോ എന്നു് അറിയില്ലെങ്കിലും പാപമോചനം നേടി, ആത്മാവിനെ രക്ഷപെടുത്തി സ്വര്‍ഗ്ഗത്തിലെത്താന്‍ ചാവുന്നതിനു് മുന്‍പു് എന്തെല്ലാം ധര്‍മ്മകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരിക്കണമെന്നു് ഓതിയും ചൊല്ലിയും പാടിയും പറഞ്ഞും കുഞ്ഞാടുകളുടെ തലയില്‍ വേര്‍പെടുത്താനാവാത്തവിധം വേരോടിക്കുന്നതില്‍ ആത്മീയഗുരുക്കള്‍ വിജയം വരിച്ചിരുന്നു. അവരുടെ പഠിപ്പിക്കലുകള്‍ സംശയിക്കുന്നതും, വിശ്വസിക്കാതിരിക്കുന്നതും തീകൊണ്ടുള്ള കളിയായിരുന്നുതാനും. സുരക്ഷിതമായ ഒരു സ്ഥാനം സ്വര്‍ഗ്ഗത്തില്‍ ഉറപ്പുവരുത്തുക എന്നതില്‍ക്കവിഞ്ഞ മറ്റേതെങ്കിലുമൊരു ലക്‍ഷ്യം അക്കാലത്തെ ക്രിസ്ത്യാനികളുടെ കാഴ്ച്ചപ്പാടില്‍ ഭോഷത്തമായിരുന്നു.

തന്റെ വചനങ്ങള്‍ കേട്ടുകൊണ്ടു് ചുറ്റും നിന്നവരുടെ തലമുറ പണ്ടാറമടങ്ങുന്നതിനു് മുന്‍പുതന്നെ ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാവും എന്നു് സത്യം ചെയ്തു് യേശു മറഞ്ഞിട്ടു് ഇപ്പോള്‍ രണ്ടായിരം വര്‍ഷമായി. ഇതൊരു ചതി ആയിപ്പോയല്ലോ എന്റെ കര്‍ത്താവേ എന്നു് യേശുവിന്റെ മുഖത്തു് നോക്കി ചോദിക്കാന്‍ അങ്ങേരുടെ പൊടി പോലും കാണാനുമില്ല. ഏതെങ്കിലും അനോഫിലിസ്‌ മാര്‍ ക്യൂലക്സിനോടു് ചോദിക്കാമെന്നു് കരുതിയാല്‍ മറുപടി കിട്ടുകയില്ലെന്നു് മാത്രമല്ല, കൊന്നു് കിണറ്റിലെറിഞ്ഞശേഷം അതൊരു ആത്മഹത്യയായിരുന്നു എന്നുവരുത്തി തെമ്മാടിക്കുഴിയില്‍ ശവമടക്കിയെന്നും വരും.

അതേസമയം, ദൈവരാജ്യം എപ്പോള്‍ വരുന്നു എന്ന ചോദ്യത്തിന്റെ മറുപടിയില്‍ യേശു മറ്റൊരു നിലപാടു് സ്വീകരിക്കുന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെ ഉണ്ടല്ലോ എന്നു് അവന്‍ ഉത്തരം പറഞ്ഞു.” – (ലൂക്കോസ്‌ 17: 20,21) എന്റെ ഒരു സംശയം ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ!: ദൈവരാജ്യം മനുഷ്യരുടെ ഇടയില്‍ തന്നെ ഇരിക്കെ, ഈ ദൈവരാജ്യം തന്നെ ആയ, ചുരുങ്ങിയപക്ഷം അതിന്റെ പ്രതിനിധിയെങ്കിലുമാവേണ്ട യേശു എന്നിട്ടും എന്തിനു് വീണ്ടും അതേ ദൈവരാജ്യം സ്ഥാപിക്കാനായി ദയനീയവും ക്രൂരവുമായ വിധത്തില്‍ കുരിശില്‍ മരിക്കുകയും, ഉയിര്‍ത്തെഴുന്നേറ്റു് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്യണം? ദൈവരാജ്യം (യേശു) മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കെ, അതേ ദൈവരാജ്യത്തിന്റെ ഉടയവനായ മനുഷ്യപുത്രനെ കുരിശില്‍ തറക്കാന്‍ മനുഷ്യനു് കഴിഞ്ഞുവെങ്കില്‍ വരാനിരിക്കുന്ന ദൈവരാജ്യത്തിലും അതുപോലുള്ള ക്രൂരതകള്‍ ചെയ്യാന്‍ മനുഷ്യര്‍ മടിക്കുമോ? ഉടനെ വരാനിരിക്കുന്ന ദൈവരാജ്യം പ്രസംഗിക്കുന്ന ദൈവജ്ഞര്‍ നിരപരാധികളോടു് ചെയ്യുന്ന പാതകങ്ങള്‍ അനുദിനമെന്നോണം കാണുന്നവരല്ലേ നമ്മള്‍ ?

സ്വര്‍ഗ്ഗത്തിലെത്തി ദൈവത്തിന്റെ മടിയിലിരിക്കാനായി ആറ്റുനോറ്റു് കാത്തിരിക്കുന്നവരെ തീര്‍ച്ചയായും നിരാശപ്പെടുത്തിയേക്കാവുന്ന, മുകളില്‍ സൂചിപ്പിച്ചതില്‍ നിന്നൊക്കെ തികച്ചും വിപരീതമായ മറ്റു് രണ്ടു് നിലപാടുകള്‍ ഇതാ പഴയനിയമത്തില്‍ നിന്നും:

“മനുഷ്യര്‍ക്കു് ഭവിക്കുന്നതു് മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നെ… രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യനു് മൃഗത്തേക്കാള്‍ വിശേഷതയില്ല… മനുഷ്യരുടെ ആത്മാവു് മേലോട്ടു് പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു് കീഴോട്ടു് ഭൂമിയിലേക്കു് പോകുന്നുവോ? ആര്‍ക്കറിയാം? … തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു് കാണ്മാന്‍ ആര്‍ അവനെ മടക്കിവരുത്തും?” – (സഭാപ്രസംഗി 3: 19-22)

“പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണന്‍ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?… മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?” – (ഇയ്യോബ്‌ 14: 10-14)

ആത്മീയഗുരുക്കള്‍ക്കും, മതപണ്ഡിതര്‍ക്കും, മറ്റു് തല്‍പരകക്ഷികള്‍ക്കും ഇതൊക്കെ യഥേഷ്ടം വ്യാഖ്യാനിക്കാം, സ്തോത്രം ചൊല്ലി ആമോദം കൊള്ളാം. അതോടൊപ്പം, മനുഷ്യരുടെ ജീവിതമിട്ടാണു് അവര്‍ പന്താടുന്നതെന്ന ക്രൂരസത്യം വേണമെങ്കില്‍ പതിവുപോലെ വിസ്മരിക്കുകയുമാവാം.

കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ കാത്തിരിക്കുന്ന ദൈവരാജ്യം! വിഡ്ഢിത്തം ഒരിക്കലും മരിക്കുന്നില്ല എന്നതിനാല്‍ അടുത്ത രണ്ടായിരം വര്‍ഷങ്ങള്‍ക്കു് ശേഷവും ഈ കാത്തിരിപ്പു് തുടരുന്ന ഏതാനും പേരെങ്കിലും ഈ ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നു് അനുമാനിക്കുന്നതില്‍ തെറ്റുണ്ടാവില്ല. വിഡ്ഢിത്തം വേദനിക്കുമായിരുന്നെങ്കില്‍ ലോകം ഒരു കൂട്ടക്കരച്ചിലായിരുന്നേനെ!

ബൈബിളില്‍ മറ്റൊരിടത്തു് യേശു വരാനിരിക്കുന്ന ദൈവരാജ്യത്തെ, മണവാളനെ കാത്തിരിക്കുന്ന പത്തു് കന്യകമാരോടു് ഉപമിക്കുന്നു. ഈ പത്തുപേരും സ്ഥിരമായി എണ്ണവിളക്കുകള്‍ (മണ്ണെണ്ണയോ വെളിച്ചെണ്ണയോ എന്നു് ചോദിക്കരുതു്, എനിക്കറിയില്ല) കൈവശമുള്ളവരായിരുന്നു. പക്ഷേ അതില്‍ പുത്തിയുള്ള അഞ്ചെണ്ണത്തിന്റെ വിളക്കുകളിലേ എണ്ണയുണ്ടായിരുന്നുള്ളു. പുത്തികുറഞ്ഞ അഞ്ചു് പൊട്ടിപ്പെണ്ണുങ്ങള്‍ കാത്തിരിക്കുന്നതിനിടയില്‍ ഉറക്കം തൂങ്ങാതിരിക്കാന്‍ ഉള്ള എണ്ണ അവരുടെ കണ്ണിലൊഴിച്ചതിനാല്‍ എണ്ണയില്ലാത്ത വിളക്കുകളുമായിട്ടായിരുന്നു കാത്തിരുപ്പു്! മണവാളന്‍ വന്നപാടെ എണ്ണയുള്ള മണവാട്ടിമാരുടെ അന്തഃപുരത്തില്‍ കയറി ഛടേന്നു് വാതിലടച്ചു. എണ്ണയില്ലാത്തവര്‍ വാതിലിനു് പുറത്തുനിന്നു് തമ്പേറു് കൊട്ടുന്നപോലെ മുട്ടോടു് മുട്ടു്. എണ്ണയില്ലാതെ വിളക്കു് കത്തുകയില്ല എന്നറിയാമായിരുന്ന (മണ്ടനല്ലാതിരുന്ന) മണവാളന്‍ അഞ്ചു് മണ്ടിപ്പെണ്ണുങ്ങളേയും ആട്ടിയോടിച്ചു് പമ്പയും പെരിയാറും കടത്തി! സാരാംശം: സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം ലഭിക്കണമെങ്കിലും അല്‍പസ്വല്‍പം “എണ്ണ” കൈവശമുണ്ടായിരിക്കണം! എണ്ണയില്ലാത്ത വിളക്കുമായി ചെന്നു് മുട്ടിയും തട്ടിയും കാര്യം സാധിക്കാമെന്നു് കരുതിയാല്‍ പോയി പണി നോക്കാന്‍ പറയും ദൈവം! അറിയാത്ത പുള്ളയ്ക്കു് പുഴുക്കടി ചൊറിയുന്നപോലെ ചൊറിയുമ്പോഴേ അറിയൂ.

ഒരു മണവാളന്‍ ഒന്നിലധികം മണവാട്ടിമാരെ ഒരേസമയം വച്ചുപുലര്‍ത്തുന്ന ബഹുഭാര്യത്വം (polygamy) എന്ന ഏര്‍പ്പാടു് ഇക്കാലത്തു് സംസ്കാരസമ്പന്നമായ സമൂഹങ്ങളില്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണു്. പണ്ടൊരിക്കല്‍ ഒരു വിരുതന്‍ പതിനാറായിരത്തിയെട്ടു് ഭാര്യമാരെ ഒരേസമയം ഭാഗ്യവതികളാക്കിയതാണു് ഗിന്നസ്‌ ബുക്കിലെ റിക്കോര്‍ഡ്‌! ആ കിടിലോല്‍ക്കിടിലന്റെ റിക്കോര്‍ഡ്‌ ഭേദിക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ നാലു് ഭാര്യമാര്‍ തികഞ്ഞപ്പോഴേക്കും കിടപ്പിലായിപ്പോയതായിട്ടാണു് കേട്ടുകേള്‍വി! ഇതു് ഔദ്യോഗികമായ കണക്കാണു്. അനൗദ്യോഗികമായി നാലു് എന്ന എണ്ണം മുകളിലേക്കു് തിരുത്തപ്പെട്ടുകൂടാ എന്നില്ല. മണവാട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ യേശുക്രിസ്തുവാണു് ലോകചാമ്പ്യന്‍. പക്ഷേ അവര്‍ തമ്മിലുള്ള ബന്ധം ഒരുതരം platonic love ആണെന്നതിനാല്‍ വിപരീതതെളിവു് ലഭിക്കുന്നതുവരെ ഗിന്നസ്‌ ബുക്ക്‌ statistics-ല്‍ നിന്നും ഒഴിവാക്കുന്നു. മിടുക്കിപ്പെണ്ണാണെങ്കില്‍ സാധാരണഗതിയില്‍ ഒരു ഭാര്യ മാത്രം മതി ഒരുത്തനെ സ്വൈര്യം കെടുത്തി ലോകവിമുഖനാക്കി താടിയും ജഡയും നീട്ടി കൈലാസത്തിലെത്തിക്കാന്‍. “തപസ്സോ വാ, ജ്യോതിര്‍മയീ പോ” എന്നാണു് മഹദ്വചനം! ആറു് കൈകളുള്ള ഒരുത്തി മുറിക്കാത്ത മുപ്പതു് നഖങ്ങള്‍ കൊണ്ടു് മാന്താന്‍ തുടങ്ങിയാല്‍ ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ തീരുമാനിക്കുകയല്ലാതെ ഒരു സാദാ പുരുഷനു് മറ്റെന്തു് രക്ഷാമാര്‍ഗ്ഗം?

ഇതു് സാദാ പുരുഷന്റെ കാര്യമാണു്. അതേസമയം, പുരുഷവര്‍ഗ്ഗത്തിന്റെ ഒരു ഉപവിഭാഗമായ മണവാളവര്‍ഗ്ഗം ഒരു പ്രത്യേക ജനുസ്സാണു്. കൗശലബുദ്ധിയില്‍ കുറുക്കനെ കടത്തിവെട്ടാന്‍ കഴിയുന്ന ഇക്കൂട്ടരുടെ മുന്നില്‍ ഏതു് ഭദ്രകാളിയും സുല്ലുപറയും. ബുദ്ധിയുണ്ടെങ്കിലും വിളക്കില്‍ എണ്ണയില്ലാത്തതിനാല്‍ ചില മണവാട്ടികള്‍ നിഷ്ഫലമായി വര്‍ഷങ്ങളോളം ഈ വര്‍ഗ്ഗത്തിന്റെ അനുഗ്രഹം തേടി കാത്തിരിക്കേണ്ടിവരുന്നു. മണവാളദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ വേണ്ട എണ്ണയുടെ പേരു് സ്ത്രീധനം എന്നാണെന്ന ഒരു വ്യത്യാസം മാത്രമേയുള്ളു. സ്വന്തവിളക്കില്‍ സ്വയം സമ്പാദിച്ച എണ്ണയില്ലാത്തതിനാലാവാം, ഇവരില്‍ അധികപങ്കിനും വേണ്ടതു് കുടുംബത്തിനു് വിളക്കായ ഒരു മണവാട്ടി എന്നതിലുപരി അവളുടെ വിളക്കിലെ എണ്ണയാണു്. അദ്ധ്വാനിച്ചു് എണ്ണനേടി വിളക്കിലൊഴിക്കാന്‍ കഴിവുള്ള മണവാളനെ മാത്രമേ വിളക്കുമായി എതിരേല്‍ക്കുകയുള്ളു എന്നു് ഉറക്കെപ്പറയാനുള്ള തന്റേടം കൈവരിക്കാന്‍ മണവാട്ടികള്‍ക്കു് കഴിയാത്തിടത്തോളം മണവാളമട്ടൂസുകള്‍ ചാണകപ്പുഴുക്കള്‍ പോലെ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യും.

വിഡ്ഢിത്തത്തിന്റെ കാര്യത്തില്‍ യേശുവിന്റെ കാലത്തേതില്‍നിന്നും വലിയ മാറ്റമൊന്നും ഇന്നും വന്നിട്ടില്ല എന്നതാണു് ഇതിന്റെയൊക്കെ പൊതുവായ വജ്രച്ചുരുക്കം. വിദൂരഭാവിയില്‍പ്പോലും ഈ സ്ഥിതി മാറുമെന്നു് വിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ലാത്തതിനാല്‍ customers ഇല്ലാതാവുമെന്ന ഭയം മതങ്ങള്‍ക്കു് എന്തായാലും ആവശ്യമില്ല. സ്ത്രീധനത്തിനു് വകയില്ലാത്തതിനാല്‍ സ്വാഭാവികമണവാട്ടിപ്പട്ടം കെട്ടാന്‍ കഴിയാതെപോകുന്നവരുടെ എണ്ണം പെരുകുന്നതു് ക്രിസ്തുവിന്റെ മണവാട്ടികളുടെ എണ്ണം ചെറിയ തോതിലെങ്കിലും പെരുകാന്‍ സഹായിക്കുമെന്നതിനാല്‍ സാമ്പത്തികശാസ്ത്ര പരിഗണനയുടെ പേരില്‍ ഈ വിഷയത്തില്‍ status quo നിലനിര്‍ത്തുക എന്നതു് സഭയുടെ political strategy-യുടെ ഒരു ഭാഗമായി എന്നാളും തുടരുകയും ചെയ്യും. വിശ്വാസിവൃന്ദത്തിന്റെ ബൗദ്ധികനിലവാരത്തിന്റെ കിഴുക്കാംതൂക്കായ പതനം മൂലം എന്നെങ്കിലും അവര്‍ നാലുകാലില്‍ നടക്കാന്‍ തുടങ്ങിയാല്‍ അതൊരു socio-ecological catastrophe ആയിത്തീരുമോ എന്നോരു സംശയമേയുള്ളു. നാലുകാലില്‍ നില്‍ക്കാന്‍ രണ്ടുകാലില്‍ നില്‍ക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി ഭൂതലവിസ്തീര്‍ണ്ണമെങ്കിലും കൂടാതെ കഴിയില്ലല്ലോ. അതിര്‍വേലി പൊളിച്ചുമാറ്റിക്കെട്ടുന്നവരാണു് അയല്‍ക്കാരെങ്കില്‍ രാജ്യത്തിന്റെ ഉള്ള വിസ്തീര്‍ണ്ണം കുറയുകയല്ലാതെ കൂടുകയൊട്ടില്ലതാനും.

Advertisements
 

മുദ്രകള്‍: , ,

3 responses to “ലോകാവസാനത്തിലെ കുഴലൂത്തു്

 1. പ്രിയ ഉണ്ണികൃഷ്ണന്‍

  നവംബര്‍ 11, 2007 at 22:40

  എല്ലാം സത്യം തന്നെ. ന്താപ്പൊ ചെയ്യാ?

   
 2. സി. കെ. ബാബു

  നവംബര്‍ 13, 2007 at 09:31

  പ്രിയ ഉണ്ണികൃഷ്ണന്‍,

  വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നൊന്നും കരുതുന്നില്ല. എന്തെങ്കിലും ചെയ്യുന്നതു് ഒന്നും ചെയ്യാത്തതില്‍ ഭേദമാണെന്ന ഒരു തോന്നല്‍ , അഥവാ ഭ്രാന്തു്, അത്രതന്നെ.

   
 3. sreedevi Nair

  നവംബര്‍ 16, 2007 at 04:36

  Dear sir
  ente blog vayichathinu thanks
  lokavasaanathile kuzhaloothu
  naam eppoolee kelkkunnillee?

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: