RSS

കേഴുക കേരളമേ…

22 സെപ്

22.09.2007-ലെ കേരളകൗമുദി ഓണ്‍ലൈന്‍ എഡിഷനില്‍ കേരളം എന്ന category-യില്‍ വന്ന മുപ്പതു് വാര്‍ത്തകളില്‍ 25-എണ്ണവും കേരളരാഷ്ട്രീയത്തിലെ അഴിമതിയുടെയും, ചെളിവാരി എറിയലിന്റെയും കാര്യപ്രാപ്തി ഇല്ലായ്മയുടെയും ഉത്തമോദാഹരണങ്ങളാണു്. ഇങ്ങനെയൊരു നാടു് നന്നായാലല്ലേ അത്ഭുതമുള്ളു.

1. മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ്‌ പതിച്ചുനല്‍കിയതില്‍ വന്‍ ക്രമക്കേടു്. (ക്രമക്കേടില്ലാത്ത ഇടപാടുകള്‍ ഏതെന്നു് പറഞ്ഞാല്‍ പണിയും സമയവും ലാഭിക്കാം.)

2. പൊന്മുടി വിവാദഭൂമി ഇടപാടു് ചീഫ്‌ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും? (റാങ്ക്‌ കുറഞ്ഞുപോയി എന്ന പരാതി ഉണ്ടാവരുതു്!)

3. സിസ്റ്റര്‍ അഭയ കേസില്‍ പതിനഞ്ചുവര്‍ഷം മുന്‍പു് കാണാതായ പോസ്റ്റ്‌മോര്‍ട്ടം വര്‍ക്ക്‌ ബുക്ക്‌ സി. ബി. ഐ.-ക്കു് ലഭിച്ചു. (സി. ബി.ഐ.-യില്‍ കുറേ പുരാവസ്തുഗവേഷകരെക്കൂടി നിയമിച്ചാല്‍ ഇത്തരം കേസുകളുടെ അന്വേഷണം എളുപ്പമാക്കാം.)

4. 2000-ത്തിനുശേഷം സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യടക്കിയ മുഴുവന്‍ ഇടപാടുകളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതി പരിശോധിക്കും. (മന്ത്രിമാരുടെ കാര്യക്ഷമതയില്ലായ്മയെപ്പറ്റി അന്വേഷിക്കേണ്ടതു് മന്ത്രിമാര്‍ തന്നെ എന്നതു് യുക്തി!)

5. പന്നിയാര്‍ ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ തിരയാനായി കരസേന എത്തുന്നു. (അഴിമതി നടത്തിയിട്ടു് മുങ്ങാനല്ലാതെ മൃതദേഹങ്ങള്‍ക്കായി മുങ്ങാന്‍ കേരളീയനു് നല്ല നിശ്ചയമില്ല)

6. പ്ലാസ്റ്റിക്‌ നിരോധനം പൂര്‍ണ്ണമായും നടപ്പായാല്‍ അരലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍. (നിരോധനം വഴി തൊഴില്‍ നഷ്ടപ്പെട്ടവര്‍ എത്രയാണാവോ?)

7. കേരള സര്‍വ്വകലാശാല ബി. എഡ്‌. സെന്ററുകളില്‍ അമിത ഫീസ്‌. (എല്ലാത്തരം കലകളും ഉള്‍ക്കൊള്ളുന്നതാണു് സര്‍വ്വകലാശാല!)

8. വിലക്കയറ്റത്തിനെതിരെ സി. പി. ഐ. ദേശീയ പ്രചരണം നടത്തും. (അറിയാവുന്നതല്ലേ അവര്‍ക്കു് ചെയ്യാന്‍ പറ്റൂ?)

9. വായ്പയെടുക്കുന്നതു് ശമ്പളം നല്‍കാനാവരുതു്: ധനമന്ത്രി. (ഇതു് ഞങ്ങളോടു് പറഞ്ഞിട്ടെന്തു് കാര്യം ബഹു. ധനമന്ത്രി?)

10. കെ. എസ്‌. ആര്‍. ടി. സി.-യില്‍ ശമ്പളപരിഷ്കരണം ഉടന്‍: മന്ത്രി. (വായ്പയെടുത്താണാവോ എന്തോ? റോഡുകളുടെ അവസ്ഥ ഇനിയും മോശമാക്കി തൊഴിലാളികള്‍ക്കു് വീട്ടിലിരുന്നു് ശമ്പളം വാങ്ങാന്‍ പറ്റുന്ന അവസരം സൃഷ്ടിക്കണമെന്നാണു് എന്റെ വിനീതമായ അഭിപ്രായം.)

11. സ്പീഡ്‌ ഗവര്‍ണറിന്റെ അറ്റകുറ്റപ്പണികള്‍ക്കു് ആളില്ല; വേഗനിയന്ത്രണം പ്രതിസന്ധിയില്‍. (കരസേനയോടു് ചോദിക്കാമായിരുന്നില്ലേ?)

12. കേരള സര്‍വ്വകലാശാലയുടെ മാസ്റ്റര്‍ ഒഫ്‌ ഹ്യൂമന്‍ റിസോഴ്സ്‌ മാനേജ്‌മെന്റ്‌ കോഴ്സിന്റെ ഒന്നാംവര്‍ഷ പരീക്ഷ നേരത്തെയാക്കി; വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. (അതാണു് യഥാര്‍ത്ഥ ഹ്യൂമന്‍ റിസോഴ്സ്‌ മാനേജ്‌മെന്റ്‌!)

13. സ്വാമി ശിവബോധാനന്ദയെ മര്‍ദ്ദിച്ചു; ശിഷ്യനു് കുത്തേറ്റു. (കത്തിക്കുത്തും, അടിപിടിയും, കൊലപാതകവും, അപകടമരണവും ഇല്ലാത്ത ഒരു ദിവസം എന്നതില്‍ കവിഞ്ഞ ഒരു നാണക്കേടുണ്ടോ കേരളത്തിനു്?)

14. ആദ്യം രാജിവയ്ക്കേണ്ടതു് മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍: കരുണാകരന്‍. (യാതൊരു പ്രതികരണവും അര്‍ഹിക്കാത്ത പ്രസ്താവനകളുമുണ്ടു്!)

15. പെന്‍സ്റ്റോക്ക്‌ പരിപാലനത്തിലെ വീഴ്ച്ചവഴി സംഭവിച്ച പന്നിയാര്‍ പവര്‍ഹൌസ്‌ ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണസംഘത്തില്‍ ആ ജോലിയുടെ ചുമതലക്കാരനായ ചീഫ്‌ എഞ്ചിനീയര്‍തന്നെ നിയമിക്കപ്പെട്ടതില്‍ ആക്ഷേപം. (സത്യമെന്തെന്നു് അറിയാവുന്നവര്‍ അന്വേഷിച്ചാലേ സത്യാവസ്ഥ പുറത്തുവരൂ!)

16. പള്ളിയില്‍ കൂട്ടമണിയടിച്ചാല്‍ വിമോചനസമരമാവില്ല: മന്ത്രി ജി. സുധാകരന്‍. (അങ്ങനെ ആ കെഴങ്ങന്മാരെ കാര്യങ്ങള്‍ കിളികിളിയായി പറഞ്ഞു് മനസ്സിലാക്കൂ സഖാവേ!)

17. പന്നിയാര്‍ ദുരന്തത്തില്‍ മരിച്ച വൈദ്യുതിബോര്‍ഡ്‌ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കു് 3,5 ലക്ഷം മുതല്‍ 4,25 ലക്ഷം വരെ നഷ്ടപരിഹാരം. (ആ തുക പൈപ്പുകളുടെ പരിപാലനത്തിനു് വിനിയോഗിച്ചിരുന്നെങ്കില്‍ ജീവനക്കാര്‍ക്കു് ജീവനും ബന്ധുക്കള്‍ക്കു് ബന്ധുവും നഷ്ടപ്പെടുകയില്ലായിരുന്നു.)

18. പൊന്മുടി: മെര്‍ചിസ്റ്റണ്‍ ഭൂമി ഇടപാടില്‍ മന്ത്രിമാരായ ബിനോയ്‌ വിശ്വം, പി. കെ. ഗുരുദാസന്‍ സതേണ്‍ ഫീല്‍ഡ്‌ വെഞ്ചേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‍ടര്‍ സേവി മനോമാത്യു എന്നിവരെ പ്രതികളാക്കിയുള്ള പൊതുതാല്‍പര്യ ഹര്‍ജി വാദം സെപ്തംബര്‍ 26-നു്. (ജോലി കുറവാണെന്ന പരാതി‍ കേരളത്തിലെ ജഡ്ജിമാരില്‍നിന്നും ഉണ്ടാവുമെന്നു്‍ തോന്നുന്നില്ല!)

19. മന്‍മോഹന്‍സിംഗ്‌ ദേശാഭിമാനമില്ലാത്ത പ്രധാനമന്ത്രി. യുവവിപ്ലവകാരിയായ ഭരത്‌സിംഗിനെയാണു് നമ്മള്‍ മാതൃകയാക്കേണ്ടതു്: വെളിയം. (മാര്‍ക്സ്‌ ജനിച്ചതു് മലബാറിലെ കൂത്തുമുണ്ടയിലായിരുന്നു!)

20. കെട്ടിടങ്ങള്‍ക്കു് വഴിവിട്ടു് അനുമതി നല്‍കി; തോന്നിയ പടി പണിതുയര്‍ത്തി. (വഴി കുഴിയായാല്‍ വഴി മാത്രമല്ല, ചിലപ്പോള്‍ വളിയും വിടും!)

21. സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവു്: മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ലെന്നു് മാണി. (ആരോപിക്കുന്നതിനു് മുന്‍പു് കാര്യവിവരമുള്ളവരോടു് ചോദിക്കുകയില്ലെന്നു് പിടിവാശി പിടിച്ചാല്‍ പിന്നെയെന്തു് ചെയ്യും?)

22. “മുഖ്യമന്ത്രിയെപ്പറ്റി ഇസ്മയില്‍ അങ്ങനെ പറഞ്ഞിട്ടില്ല; പറഞ്ഞെങ്കില്‍ അതു് പറയാന്‍ പാടില്ലാത്തതാണു്”: വെളിയം ഭാര്‍ഗ്ഗവന്‍ (to be or not to be! that is here the question!)

23. വിഭാഗീയത ഉപയോഗിച്ചു് സി. പി. ഐ. യുടെ സൂത്രപ്പണി: ചെന്നിത്തല. (മാത്തിരി എന്തിനാ രാത്തിരി വന്നേ? സൂത്തരം വയ്ക്കാനോ?)

24. സഭാസമ്മേളനം പ്രതിപക്ഷം രാഷ്ട്രീയ പ്രഹസനമാക്കി: മന്ത്രി വിജയകുമാര്‍. (സ്വയമേവ പ്രഹസനമായവയെ പ്രത്യേകം പ്രഹസനമാക്കണമോ?)

25. കുത്തകകളെ നേരിടാന്‍ കേരളത്തിനു് ആന്ധ്രയുടെ പിന്തുണ: ആന്ധ്ര ഭക്‍ഷ്യ-സിവില്‍സപ്ലൈസ്‌ മന്ത്രി കെ. വി. കൃഷ്ണറെഡ്ഡി. (അതാണു് സഹാനുഭൂതി!)

നിഷ്‌പക്ഷത പാലിക്കണമെന്നതിനാല്‍ ഇതാ ബാക്കി അഞ്ചു് വാര്‍ത്തകള്‍ കൂടി:

1. മക്കയില്‍ വാഹനാപകടം: 4 മലയാളികള്‍ മരിച്ചു.

2. ഗുരു സാമൂഹികപരിഷ്കര്‍ത്താക്കളില്‍ അദ്വിതീയന്‍: മന്ത്രി ശ്രീമതി.

3. കോട്ടയ്ക്കല്‍ ശിവരാമനും ദാമോദരചാക്യാര്‍ക്കും കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസിനും കലാദര്‍പ്പണ അവാര്‍ഡ്‌

4. മാതാ അമൃതാനന്ദമയിയുടെ 54-ാ‍ം പിറന്നാള്‍ ആഘോഷം 27-നു്.

5. വേണുഗോപാലിനും ജ്യോത്‌സ്‌നയ്ക്കും ലയണ്‍സ്‌ ക്ലബ്‌ അവാര്‍ഡ്‌.

Advertisements
 
5അഭിപ്രായങ്ങള്‍

Posted by on സെപ്റ്റംബര്‍ 22, 2007 in പലവക

 

മുദ്രകള്‍:

5 responses to “കേഴുക കേരളമേ…

 1. മൂര്‍ത്തി

  സെപ്റ്റംബര്‍ 22, 2007 at 17:17

  ഒന്നും പറയുന്നില്ല..

  the contents are self explanatory..
  (ഔദ്യോഗിക ഭാഷയാണേ.)

   
 2. വക്കാരിമഷ്‌ടാ

  സെപ്റ്റംബര്‍ 22, 2007 at 20:48

  കേരളത്തിലായതുകൊണ്ട് വാര്‍ത്തയായെങ്കിലും ഇതൊക്കെ പുറത്ത് വരുന്നുണ്ട്. അത്രയെങ്കിലുമായി (ഈ അത്രയെങ്കിലുമായി നിലപാട് മാറിയാല്‍ തന്നെ അത്രയെങ്കിലുമായി) 🙂

  പക്ഷേ ഇതൊക്കെ വായിക്കുന്ന നമ്മളോ? ഇനി നാളത്തെ വാര്‍ത്തയ്ക്കായി കാത്തിരിക്കും.

  യഥാ പ്രജാ, തഥാ രാജാവും മന്ത്രിയും. ഒരേക്കര്‍ സ്ഥലം വാങ്ങിക്കുമ്പോള്‍ സ്ഥലത്തിന് നമ്മള്‍ കൊടുക്കുന്ന യഥാര്‍ത്ഥ വില തന്നെ ആധാരത്തില്‍ കാണിക്കുമെന്നും ആയിനത്തില്‍ സര്‍ക്കാരിന് കൊടുക്കേണ്ട പൈസയെല്ലാം കൃത്യമായി കൊടുക്കുമെന്നും ഓരോ മലയാളിയും പണ്ടേ വിചാരിച്ചിരുന്നെങ്കില്‍ സ്ഥലമിടപാടിലുള്ള അഴിമതി അത്രയെങ്കിലും കുറയ്ക്കാമായിരുന്നു. നമ്മളാലാവുന്നത് നമ്മള്‍ ചെയ്യുന്നു. സേവിയാലാവുന്നത് അയാള്‍ ചെയ്യുന്നു. മന്ത്രിമാരാലാവുന്നത് അവര്‍ ചെയ്യുന്നു.

  റോഡ് മുഴുവന്‍ കുഴി. വണ്ടി നിരത്തിലിറക്കാന്‍ വയ്യ. അതുകൊണ്ട് ഒരു കാരണവശാലും ഓഫീസിലെത്താന്‍ പറ്റുന്നില്ല, വണ്ടി ഓടിക്കാന്‍ പറ്റില്ല, കട തുറക്കാന്‍ പറ്റില്ല. അങ്ങിനെയൊരു ഹര്‍ത്താല്‍… എവിടെ? പക്ഷേ ക്ലിന്റണ്‍ ഡല്‍ഹിയില്‍ വന്നോ, നമ്മള്‍ വീടിനു പുറത്തിറങ്ങില്ല-ആരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി.

  കൊച്ചി മുഴുവന്‍ മാലിന്യം കുമിഞ്ഞ് കൂടിയാലും അത് നമ്മുടെ പറമ്പിലല്ലാത്തിടത്തോളം കാലം നമുക്കൊരു ചുക്കുമില്ല-അല്ലെങ്കില്‍ കോടതി പറയണം. മാലിന്യമായതുകൊണ്ട് ഓക്കെ. അല്ലെങ്കില്‍ ജ്യുഡീഷ്യല്‍ ആക്റ്റിവിസത്തെപ്പറ്റി ഒരു ചര്‍ച്ചയാവാമായിരുന്നു.

   
 3. c.k.babu

  സെപ്റ്റംബര്‍ 23, 2007 at 10:19

  പ്രിയ മൂര്‍ത്തി,
  കേരളത്തിന്റെ ദയനീയാവസ്ഥ കാണുമ്പോള്‍ ഒന്നും പറയാതിരിക്കാനാണു് പലപ്പോഴും തോന്നാറുള്ളതു്. പക്ഷേ അതൊരു പരിഹാരമല്ല എന്നതിനാല്‍ പറയാതിരിക്കാനും കഴിയുന്നില്ല. വായിച്ചതിനു് നന്ദി.

  പ്രിയ വക്കാരി,
  “നാടോടുമ്പോള്‍ നടുവേ ഓടാതെ‍” നാട്ടുകാര്‍ എന്തു് ചെയ്യും? നീതിനിഷ്ഠതകൊണ്ടു് സ്വന്തനാശമല്ലാതെ മറ്റെന്തെങ്കിലും നേടാന്‍ ഇന്നത്തെ അവസ്ഥയില്‍ കേരളീയനു് കഴിയുമോ? എല്ലാം നിശ്ശബ്ദമായി സഹിക്കുകയല്ലാതെ മറ്റു് പോംവഴിയില്ലെന്നു് തോന്നുമ്പോഴല്ലേ‍ മനുഷ്യര്‍ നിഷ്ക്രിയരാവുന്നതു്?
  അബോധാവസ്ഥയെ ആത്മീയതയായി കണക്കാക്കാന്‍ കഴിയുന്നവര്‍ക്കു് അതില്‍ ദൈവീകത പോലും ദര്‍ശിക്കാന്‍ കഴിയുകയും ചെയ്യും! അന്ധന്‍ അന്ധനെ വഴി നടത്തിയാല്‍ ഇങ്ങനെയൊക്കെയേ ഇരിക്കൂ.

   
 4. പെരിങ്ങോടന്‍

  സെപ്റ്റംബര്‍ 23, 2007 at 13:12

  ആറ് എന്തു പിഴച്ചു?

   
 5. c.k.babu

  സെപ്റ്റംബര്‍ 23, 2007 at 14:33

  പ്രിയ പെരിങ്ങോടന്‍,
  പ്ലാസ്റ്റിക് നിരോധനത്തെ വിമര്‍ശിക്കുകയായിരുന്നില്ല അതുവഴി ഞാന്‍. അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, നഷ്ടപ്പെടുന്ന തൊഴിലവസരങ്ങള്‍ എത്രയെന്നു് കൂടി അറിഞ്ഞാലല്ലേ ഒരു വിലയിരുത്തല്‍ സാദ്ധ്യമാവൂ. അതാണു് സൂചിപ്പിക്കാന്‍ ആഗ്രഹിച്ചതു്. പരിസ്ഥിതിസംരക്ഷണത്തിനു് വേണ്ടി കൈക്കൊള്ളുന്ന എല്ലാ നടപടികളേയും സ്വാഗതം ചെയ്യുന്നവനാണു് ഞാനും. നന്മകള്‍ നേരുന്നു.

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: