RSS

സേതുസമുദ്രം – ഒരു വീക്ഷണം

12 സെപ്

സ്വന്തം ഭൂതകാലസംസ്കാരത്തെ വിലമതിക്കാനുള്ള എത്രമാത്രം ബാദ്ധ്യത ഒരു സമൂഹത്തിനുണ്ടു് എന്നതു് അതുവഴി അംഗങ്ങള്‍ക്കു് കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങളും, അതിനായി സഹിക്കേണ്ടിവരുന്ന കോട്ടങ്ങളും ആ സമൂഹത്തിന്റെ ലോകത്തിലെ അന്തസ്സുറ്റ നിലനില്‍പ്പിനെ എത്രത്തോളം അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കും എന്നതില്‍ അധിഷ്ഠിതമായിരിക്കണമെന്നാണു് എനിക്കു് തോന്നുന്നതു്. അതിന്റെ വിലയിരുത്തല്‍ മനുഷ്യന്‍ ഇന്നോളം നേടിയെടുത്തതും, ബൗദ്ധികലോകം പൊതുവേ അംഗീകരിക്കുന്നതുമായ അറിവുകളുടെ വെളിച്ചത്തില്‍ ആയിരുന്നാലേ അതിനു് യുക്തിസഹമായ നീതീകരണം നല്‍കാന്‍ കഴിയുകയുള്ളു.

സേതുസമുദ്ര-കപ്പല്‍ച്ചാല്‍-പദ്ധതി നടപ്പാക്കിയാല്‍ ഇന്ധനലാഭം വഴി നേടാന്‍ കഴിയുന്നതു് വര്‍ഷം തോറും 21 കോടി രൂപയാണു് (കേരളകൗമുദി 09. 04. 2007). അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഇന്ധനശേഖരം ഇനി ഏതാനും ദശാബ്ദങ്ങളിലേക്കു് മാത്രമേ തികയൂ എന്ന ശാസ്ത്രനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ധനം ലാഭിക്കേണ്ടതിന്റെ ആവശ്യം തീര്‍ച്ചയായും വ്യക്തമാണു്. പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്ന വിധത്തില്‍ പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍ തേടേണ്ടതു് അസ്തിത്വപ്രാധാന്യമര്‍ഹിക്കുന്ന വിഷയവുമാണു്. അനതിവിദൂരഭാവിയില്‍ അന്ത്യം കാണേണ്ടിവരുന്ന എണ്ണ ലാഭിക്കാനായി പ്രകൃതിയിലെ അമൂല്യതകളെ എന്നേക്കുമായി നശിപ്പിക്കണമോ എന്നതാണു് തന്മൂലം ചിന്തിക്കപ്പെടേണ്ട പ്രശ്നം. തിരുത്താനാവാത്ത ശസ്ത്രക്രിയകള്‍ക്കു് പ്രകൃതിയെ വിധേയമാക്കിയാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നതു് പിന്‍തലമുറകളായിരിക്കും. ഭൂമിയെ നമ്മള്‍ നമ്മുടെ മക്കളില്‍നിന്നും കടമെടുത്തിരിക്കുക മാത്രമാണെന്നു് ആരോ പറഞ്ഞു് കേട്ടിട്ടുണ്ടു്. അവര്‍ക്കതു് ചുരുങ്ങിയപക്ഷം പരിക്കുകളില്ലാതെയെങ്കിലും തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടു്.

പരിസ്ഥിതിസംബന്ധമായി ഇന്നു് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറിയപങ്കും മനുഷ്യന്‍ തന്നെ സൃഷ്ടിച്ചവയാണു്. വ്യത്യസ്തമായ മരങ്ങളും ചെടികളും നിറഞ്ഞുനിന്നിരുന്ന കേരളത്തിലെ മനോഹരങ്ങളായ വനങ്ങള്‍ നിശ്ശേഷം വെട്ടിനശിപ്പിച്ചു് തേക്കുപോലുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച monoculture വിപ്ലവം ഒരുദാഹരണം മാത്രം. ചില തെറ്റുകള്‍ തിരുത്താവുന്നവയാണു്. പക്ഷേ, മറ്റു് ചിലതില്‍നിന്നും മോചനം നേടാന്‍ സ്വന്തം മരണം വഴിയല്ലാതെ മനുഷ്യനു് ഒരിക്കലും കഴിയുകയുമില്ല. സങ്കുചിതമായ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ സാമൂഹികസ്ഥാപനങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ കൈക്കൊണ്ട പല നടപടികളും സമൂഹത്തിന്റെ സ്വയം നശീകരണത്തിനു് വഴിമരുന്നായി തീരുകയായിരുന്നു. അജ്ഞത മൂലമോ അപ്രമാദിത്വം മൂലമോ അന്നു് അവര്‍ക്കതറിയാന്‍ കഴിയാതെ പോയി. ഇന്നത്തെ മനുഷ്യനു് അതിനു് അനുവാദമില്ല. കാരണം, നമ്മള്‍ ജീവിച്ചിരിക്കുന്ന യുഗം അറിവിന്റെ യുഗമാണു്. അറിയണമെന്ന ആഗ്രഹമുണ്ടെങ്കില്‍ വസ്തുതകള്‍ യഥാര്‍ത്ഥവെളിച്ചത്തില്‍ കാണാനുള്ള സാദ്ധ്യത ഇന്നു് ലോകത്തിലുണ്ടു്. നമ്മള്‍ വസിക്കുന്ന, ഭൂമി എന്ന കൊമ്പു് മുറിക്കാതിരിക്കാന്‍ ഇന്നു് വേണമെങ്കില്‍ മനുഷ്യനു് കഴിയുമെന്നു് ചുരുക്കം. ജീവന്റെ നിലനില്‍പ്പിനു് അനുപേക്ഷണീയമായ സാഹചര്യങ്ങള്‍ നശിപ്പിക്കപ്പെടരുതെന്നും, ജീവിതത്തിന്റെ ഭാഗമായ ഘടകങ്ങള്‍ നിഷേധിക്കപ്പെടരുതെന്നുമുള്ള സാമാന്യസത്യം അംഗീകരിക്കാന്‍ വലിയ അറിവിന്റെ ആവശ്യമൊന്നും ഇല്ലെങ്കില്‍ത്തന്നെയും! ഭൂമിക്കു് നമ്മെയല്ല, നമുക്കു് ഭൂമിയെയാണു് ആവശ്യം.

80 ശതമാനം മനുഷ്യര്‍ അവരുടെ ജീവിതചെലവു് ഒരുദിവസം രണ്ടു് ഡോളറില്‍ താഴെയും, 35 ശതമാനം പേര്‍ വെറും ഒരു ഡോളറില്‍ താഴെയും ഒതുക്കി തൃപ്തിപ്പെടേണ്ടിവരുന്ന ഭാരതത്തിലെ സാധാരണജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇന്ധനലാഭം വഴി ഓരോ വര്‍ഷവും നേടാന്‍ കഴിഞ്ഞേക്കാവുന്ന 21 കോടി രൂപ വിനിയോഗിക്കപ്പെടുകയില്ലെന്നു് മാത്രമല്ല, അതിനതു് പര്യാപ്തമാവുകയുമില്ല. അതിലുപരി, പരിസ്ഥിതിമലിനീകരണത്തിന്റെ ദുഷ്ഫലങ്ങളില്‍ ആദ്യവും അധികവും മുങ്ങിക്കുളിക്കേണ്ടതു് സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണുതാനും. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ എറ്റവും കൂടുതല്‍ ബാധിക്കുന്ന സമൂഹനിരകളെ ശ്രദ്ധിച്ചാല്‍ ഇതു് മനസ്സിലാവും. രാമസേതുവിനെസംബന്ധിച്ചു് നിലവിലിരിക്കുന്ന പുരാണാധിഷ്ഠിതകഥകള്‍ ശരിയായാലും തെറ്റായാലും, രാമസേതുവും അതിന്റെ പരിസരങ്ങള്‍ പരിവാസത്തിനു് പ്രയോജനപ്പെടുത്തുന്ന ജലസസ്യങ്ങളും, പവിഴപ്പുറ്റുകളും യാഥാര്‍ത്ഥ്യങ്ങളാണു്, അമൂല്യമാണു്. അവയെ സംരക്ഷിക്കാന്‍ ഒരു പൈസയുടെപോലും ചെലവുമില്ല. അവയെ വെറുതെവിട്ടാല്‍ മതി! അതേസമയം, കപ്പല്‍ച്ചാല്‍ നിര്‍മ്മിക്കാനായി അവയെ നശിപ്പിക്കുന്നതുവഴി നേടാന്‍ കഴിയുന്നതു് ഓരോ വര്‍ഷവും 21 കോടി രൂപ എന്ന കണക്കില്‍, നൂറു് വര്‍ഷംകൊണ്ടു് 2100 കോടി രൂപയാണു്. അതായതു്, അതുവഴി നൂറു് വര്‍ഷംകൊണ്ടു് നേടാന്‍ കഴിയുന്നതു് ഭാരതത്തിന്റെ ഒരു വര്‍ഷത്തെ Gross National Product-ന്റെ ഏകദേശം ആറു് ശതമാനം മാത്രമാണു്. (ഉറവിടം: UN Statistics, World Bank Statistics)

ചുരുക്കത്തില്‍ , സേതുസമുദ്ര-കപ്പല്‍ച്ചാല്‍ -പദ്ധതിയില്‍ ഒരു ദീര്‍ഘവീക്ഷണവുമില്ല. സ്ഥാപിതമായ ഏതോ താല്‍പര്യങ്ങളുടെ താത്കാലികലാഭം മാത്രമാണു് അതിന്റെ ലക്‍ഷ്യം. സമ്പത്തികമോ, പരിസ്ഥിതിപരമോ ആയ എന്തെങ്കിലും നേട്ടം സാമന്യജനങ്ങള്‍ക്കു് അതുവഴി ഉണ്ടാവുകയില്ല എന്നിരിക്കെ, എന്തിനുവേണ്ടി അവര്‍ അതിനെ പിന്‍താങ്ങണം എന്നെനിക്കറിയില്ല. സര്‍വ്വോപരി, ഭാരതീയന്റെ സാമൂഹികപുരോഗതിക്കു് പ്രധാന തടസ്സമായി നില്‍ക്കുന്നതു് 21 കോടി രൂപയുടെ കുറവല്ല, സ്ഥാപിതതാല്‍പര്യങ്ങള്‍ നൂറ്റാണ്ടുകളിലൂടെ അവനില്‍ വളര്‍ത്തിയെടുത്ത ആന്തരിക അടിമത്തമാണു്. ഈ സത്യം അറിയാന്‍ അവനു് അവകാശമില്ലെന്നു് അവന്‍ തന്നെ അടിയുറച്ചു് വിശ്വസിക്കുന്നു, തിരുത്താനാവാത്തവിധം!!

Advertisements
 
12അഭിപ്രായങ്ങള്‍

Posted by on സെപ്റ്റംബര്‍ 12, 2007 in ബൈബിള്‍, മതം, ലേഖനം

 

മുദ്രകള്‍: , ,

12 responses to “സേതുസമുദ്രം – ഒരു വീക്ഷണം

 1. വക്കാരിമഷ്‌ടാ

  സെപ്റ്റംബര്‍ 12, 2007 at 14:44

  നല്ല ലേഖനം.

  പതിവുപോലെ ഇവിടെയും മതത്തിനെ കൊണ്ടുവന്ന് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു. ഈ കപ്പല്‍ ചാല്‍ പരിപാടിയെ പല പരിസ്ഥിതിവാദികളും എതിര്‍ക്കുന്നുണ്ട്. അതില്‍ ശ്രദ്ധയൂന്നിയുള്ള സംവാദവും കേസും കോടതിയുമായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അതിനു പകരം കേസ് കൊടുത്തവര്‍ പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കൊടുത്തും വഴി തടഞ്ഞും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു. ഇനി കോടതി തീര്‍ച്ചയായും കേസ് തള്ളും. അപ്പോള്‍ പിന്നെ കോടതി പോലും അംഗീകരിച്ചു എന്ന് പറഞ്ഞ് പണിയുമായി മുന്നോട്ട് പോവുകയും ചെയ്യും.

  കേരളത്തിനു പോലും ഈ കപ്പല്‍ ചാല്‍ പരിപാടി ദോഷകരമായി ബാധിക്കുമെന്നാണ് (സുനാമി പോലുള്ളവ ഉള്‍പ്പടെ) പലരും പറഞ്ഞത്. പക്ഷേ വിശ്വഹിന്ദു പരിഷത്ത് എതിര്‍ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ഇനി കോണ്‍ഗ്രസ്സിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇതിനെ എതിര്‍ക്കാന്‍ പറ്റില്ല. അവസാനം നഷ്ടം നമ്മുടെ പരിസ്ഥിതിക്കും അവിടുള്ള മുക്കുവന്മാര്‍ക്കും. രാഷ്ട്രത്തിന്റെ നന്മയെക്കാള്‍ ടെന്‍ഡര്‍ വിളി മുതലുള്ള ഇതിലുള്‍പ്പെട്ടിട്ടുള്ളവരുടെ നന്മയ്ക്ക് കൂടുതല്‍ പ്രാധാന്യം വരുമ്പോള്‍ ഇങ്ങിനത്തെ പലതും ഇനി നശിക്കും. അടുത്തത് സൈലന്റ് വാലി, അങ്ങിനെ പലതും…

  പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഒരു ജനകീയ ഹര്‍ത്താലോ ബന്ദോ വഴിതടയലോ ഇതുവരെ ആര്‍ക്കും നടത്താന്‍ സാധിച്ചിട്ടുമില്ല.

   
 2. Anand

  സെപ്റ്റംബര്‍ 12, 2007 at 19:38

  നല്ല ഒന്നാന്തരം ലേഖനം. അഭിനന്ദനങ്ങള്‍

  ആനന്ദ്

   
 3. കുതിരവട്ടന്‍ :: kuthiravattan

  സെപ്റ്റംബര്‍ 12, 2007 at 20:03

  നന്നായി എഴുതിയിരിക്കുന്നു.

   
 4. chithrakaran:ചിത്രകാരന്‍

  സെപ്റ്റംബര്‍ 13, 2007 at 10:01

  പ്രിയ മുടിയനായ പുത്രാ,
  സേതുസമുദ്രം കപ്പല്‍ ചാല്‍ പദ്ധിതി നടപ്പിലാകേണ്ടത് ഇന്ത്യയുടെ സാംബത്തിക താല്‍പ്പര്യങ്ങക്ക് ആവശ്യമാണെന്നാണ് ചിത്രകാരനു തോന്നുന്നത്.

  ശ്രീ ലങ്കയെ ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ടിവരുന്ന ഇന്നത്തെ കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യന്‍ തീരത്തോട് ചേര്‍ക്കാന്‍ കഴിയുന്ന സേതുസമുദ്രം പദ്ധതിയില്‍ യാതൊരു കാല വിളംബവുമില്ലാതെ നടപ്പാക്കണമെന്നാണ് ചിത്രകാരന്റെ അഭിപ്രായം.

  ലണ്ടന്‍ പാലമ്പോലെ(?) കപ്പല്പോകുംബോള്‍ അടക്കാനും തുറക്കാനും സാധിക്കുന്ന രണ്ടു ഗോപുരങ്ങളുള്ള ശ്രീ ലങ്കയിലേക്കുള്ള ഒരു റോഡ് മാര്‍ഗ്ഗവും അതിലെ സാദ്ധ്യമാണെങ്കില്‍ …. എന്ന് ചിത്രകാരന്‍ സ്വപ്നം കാണുന്നു.

  ഒന്നുമില്ലാത്ത വെറും എണ്ണയുടെ മരുഭൂമി മാത്രമുള്ള അറേബ്യന്‍ നാടുകളും, ലോകം മുഴുവനും മനുഷ്യാദ്ധ്വാനത്തിന്റെ മഹനീയ വിസ്മയങ്ങള്‍ കൊണ്ട് വികസിച്ച് സമൃദ്ധി നേടുംബോള്‍ എല്ലാം ഉണ്ടായിട്ടും മാനസ്സികമായ വിലങുകളണിഞ്ഞ് അടിമയുടെ അസ്തിത്വബോധവുമായി ലോകത്തിന് അടുക്കളപ്പണിക്കാരെ മാത്രം നകിക്കൊണ്ട് നില്‍ക്കുന്നതുകാണ്‍ഊംബോള്‍ ഇന്ത്യക്കാരനായതില്‍ ചിത്രകാരനു ലജ്ജ തോന്നുന്നു.
  സസ്നേഹം….

   
 5. c.k.babu

  സെപ്റ്റംബര്‍ 13, 2007 at 12:34

  പ്രിയ വക്കാരിമഷ്ടാ,
  അഭിപ്രായം അറിയിച്ചതിനു് നന്ദി. രാമസേതുവിന്റെ ഉത്ഭവം plate tectonics- ലാണു് തേടേണ്ടതു് എന്ന കാര്യത്തില്‍ ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ക്കു് സംശയം ഉണ്ടാവും എന്നു് തോന്നുന്നില്ല. ഭാരതീയനു് പക്ഷേ മതം ജീവിതത്തിന്റെ ഒരു ഭാഗമെന്നതിലുപരി, ജീവിതം മതത്തിന്റെ ഒരു ഭാഗമാണെന്നതിനാല്‍ എന്തും ഏതും മതത്തിന്റെ കണ്ണടയിലൂടെ കാണാനേ അവനു് കഴിയൂ. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു് പൊതുനന്മയേക്കാള്‍ അവരവരുടെ നിലനില്‍പ്പാണു് പ്രധാനം. ജനവികാരം മാനിക്കാതെ ഒരു വിധി പ്രസ്താവിക്കുവാന്‍ സാധാരണഗതിയില്‍ കോടതികളും തയ്യാറാവുകയില്ല. അതായതു്, വസ്തുനിഷ്ഠമായ ഒരു നിലപാടു് ഇതുപോലുള്ള കാര്യങ്ങളില്‍ പ്രതീക്ഷിക്കാനാവില്ല. ജനങ്ങള്‍ ബോധവാന്മാരായാലേ സമൂഹത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനാവൂ. അതിനു് തടസ്സമായി നില്‍ക്കുന്നതു് മതാന്ധതയാണെന്നാണു് എന്റെ ഉറച്ച വിശ്വാസം. പലപ്പോഴും മതത്തെ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാത്തതും അതുകൊണ്ടു് തന്നെ. പരിസ്ഥിതിസംരക്ഷണത്തിനു് വേണ്ടിയോ, സമൂഹത്തിന്റെ പൊത്നന്മയ്ക്കു് വേണ്ടിയോ ഒരു സമരത്തിനു് മടിക്കുന്നവര്‍ മതം അതിനു് പിന്നിലുണ്ടെന്നറിഞ്ഞാല്‍ ഉടനെ ചാടിപ്പുറപ്പെടുന്നതും അതുകൊണ്ടുതന്നെയല്ലേ?

  പ്രിയ anand,
  വളരെ നന്ദി.

  പ്രിയ കുതിരവട്ടന്‍,
  അഭിപ്രായത്തിനു് നന്ദി.

  പ്രിയ ചിത്രകാരന്‍,
  സാമ്പത്തികതാല്പര്യങ്ങളില്‍ ആനുപാതികത്വം പരിഗണിക്കപ്പെടണം. രാമസേതുവിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി എന്നാണു് ഞാന്‍ പറയാന്‍ ആഗ്രഹിച്ചതു്. ഭാരതത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വളര്‍ച്ച അങ്ങേയറ്റം ആഗ്രഹിക്കുന്ന ഒരുവനാണു് ഞാനും.

  വെറും എണ്ണപ്പാടങ്ങള്‍ മാത്രമുള്ള അറേബ്യന്‍ നാടുകള്‍ അവരുടെ എണ്ണ അമേരിക്കനും യൂറോപ്യനും വിറ്റു് ഡോളര്‍‍ നേടുന്നു. അതു് തിരിച്ചു് വാങ്ങിക്കൊണ്ടു് പോകാന്‍ അതേ അമേരിക്കനും, യൂറോപ്യനും അറേബ്യയിലെത്തി അവര്‍ക്കു് അംബരചുംബികള്‍ പണിയുന്നു. എണ്ണ ഇല്ലാതാവുന്ന ഒരു കാലം സങ്കല്‍പ്പിച്ചുനോക്കൂ. “എനിക്കു് ശേഷം പ്രളയം” എന്ന നിലപാടു് ഒരു രാഷ്ട്രത്തിനും ചേര്‍ന്നതല്ല. അറബിയെ മാതൃകയാക്കേണ്ട ആവശ്യം ഭാരതീയനുണ്ടെന്നു് തോന്നുന്നില്ല.

  സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കു് priority- യുടെ അടിസ്ഥാനത്തിലാണു് പരിഹാരം കാണേണ്ടതു്. അനുയോജ്യമായ ഒരു infrastructure സ്വന്തം നാട്ടിലില്ലാത്തപ്പോള്‍ ശ്രീലങ്കയിലേക്കു് ഒരു റോഡു് നിര്‍മ്മിക്കുന്നതു് ആന വാങ്ങുന്നതിനു് മുന്‍പു് തോട്ടി വാങ്ങുന്നതിനു് തുല്യമല്ലേ? കേരളത്തിലെ റോഡുകള്‍, വിദ്യുച്ഛക്തി, ജലവിതരണം മുതലായവ കാണൂ!

  അറിവിന്റെ ഉറവയായിരുന്ന ഒരു ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ മാനസികമായ വിലങ്ങുകളണിഞ്ഞു് നില്‍ക്കുന്നതു് കാണേണ്ടിവരുന്നതു് തീര്‍ച്ചയായും വേദനാജനകമാണു്. അതിനാണു് ആദ്യം പരിഹാരം കാണേണ്ടതു്. ബോധവല്‍ക്കരണമാണു് അതിന്റെ മാര്‍ഗ്ഗം. അതു് സംഭവിച്ചുതുടങ്ങി. അതിനു് തടസ്സമായി നില്‍ക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞു് ഇരിക്കേണ്ടിടത്തു് ഇരുത്തിയാല്‍, അതിവേഗം വളരാന്‍ ഭാരതത്തിനു് കഴിയും. ഭാരതീയനെ ലോകം വിലമതിക്കുന്ന കാലം വിദൂരമല്ല എന്നാണെന്റെ വിശ്വാസം.

  അടുക്കളപ്പണിയെന്നല്ല, ചെയ്യേണ്ട വിധത്തില്‍ ചെയ്യാന്‍ പഠിക്കുന്ന ഏതു് ജോലിയും ബഹുമാനം അര്‍ഹിക്കുന്നു എന്നാണെന്റെ അഭിപ്രായം.
  ഭാവുകാശംസകള്‍!

   
 6. ബൂര്‍ഷ്വാസി

  സെപ്റ്റംബര്‍ 13, 2007 at 14:08

  നല്ല ലേഖനം..
  ബി ജെ പി യു ടെയും സംഘങ്ങളുടെയും എതിര്‍പ്പ്‌ യഥാര്‍ഥ പ്രശ്നങ്ങളെ മൂടി വെക്കുമെന്നുറപ്പ്‌.പാരിസ്ഥിതികമായ പ്രശ്നങ്ങളെ പറ്റി കൂടുതല്‍ ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല.ഒന്നര വര്‍ഷം മുന്‍പ്‌ ഫ്രണ്ട്‌ ലൈനില്‍ വന്ന ലേഖനങ്ങളുടെ ലിങ്ക്‌ ഇവിടെ ചേര്‍ക്കുന്നു
  http://www.frontlineonnet.com/fl2201/stories/20050114005002600.htm

  http://www.frontlineonnet.com/fl2201/stories/20050114005902400.htm

  http://www.frontlineonnet.com/fl2201/stories/20050114004602900.htm

   
 7. c.k.babu

  സെപ്റ്റംബര്‍ 13, 2007 at 14:46

  ബൂര്‍ഷ്വാസി,
  വായിച്ചതിനും, ലിങ്കുകള്‍ നല്‍കിയതിനും നന്ദി.

   
 8. chithrakaran ചിത്രകാരന്‍

  സെപ്റ്റംബര്‍ 14, 2007 at 14:35

  പ്രിയ മുടിയനായ പുത്രാ,
  ചിത്രകാരന്‍ വേണ്ടത്ര ആലോചിക്കാതെ സാധാ മലയാളരീതിയില്‍ അങ്ങു കാച്ചിയപ്പോള്‍ അടുക്കളപ്പണിയെ നികൃഷ്ടജോലിയായി ദ്വനിപ്പിച്ചു പോയി. മുടിയന്‍ പറഞ്ഞതുപോലെ എല്ലാ പണിക്കും ചെയ്യേണ്ടവിധം ചെയ്താല്‍ മഹത്വമുണ്ട്.
  അടുക്കളപ്പണിയെ തെറ്റായി ശ്രദ്ധിക്കാതെ വിലകുറച്ചുകണ്ടതില്‍ ചിത്രകാരന്‍ വായനക്കാരോട് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദാസ്യവൃത്തിക്ക് എന്നു തിരുത്തിവായിക്കാന്‍ അപേക്ഷ.

   
 9. നന്ദു

  ഒക്ടോബര്‍ 10, 2007 at 12:24

  Dear “Mudiyanaaya Puthran”,
  I appreciate your straight approach to the subject.

  “സേതുസമുദ്ര-കപ്പല്‍ച്ചാല്‍-പദ്ധതി നടപ്പാക്കിയാല്‍ ഇന്ധനലാഭം വഴി നേടാന്‍ കഴിയുന്നതു് വര്‍ഷം തോറും 21 കോടി രൂപയാണു് “

  Do you think these 21 Crore Rs will be utilized for the Development of Nation? and all these money shall reach to the Govt. Treasuries?. Never… Twenty Crore out of 21 will be flown to private pockets !. so why should we cry for this SAVINGS?.

   
 10. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|

  ഒക്ടോബര്‍ 14, 2007 at 10:06

  എല്ലാവരും ഈ ലിങ്ക് ഒന്നു വായിക്കാന് അപേക്ഷിക്കുന്നു..

  http://www.rediff.com/news/2007/oct/01inter.htm

   
 11. c.k.babu

  നവംബര്‍ 11, 2007 at 15:39

  ചിത്രകാരന്‍, നന്ദു, ജിഹേഷ് എടക്കൂട്ടത്തില്‍,

  അവധിയിലായിരുന്നതുകൊണ്ടു് കമന്റ്സ് ഇപ്പോഴാണു് വായിച്ചതു്.

  താമസിച്ചാണെങ്കിലും എല്ലാവര്‍ക്കും നന്ദി.

   
 12. Shahnas

  ഓഗസ്റ്റ് 27, 2008 at 09:46

  hi 21 crores seem to ba a wrong figure. 21 crore can be saved in a day by fuel efficiency measures in KSRTC buses. It must be higher. Anyways to eavluate such projects on a holictic level some countries use what is a called a “triple bottomline’ Cost benefit analysis. Nammude nattil ithinonnum aarum minakkedarilla….http://en.wikipedia.org/wiki/Triple_bottom_line

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: