RSS

ദൈവങ്ങള്‍ , അര്‍ദ്ധദൈവങ്ങള്‍ – (5)

27 ആഗ

ദൈവം സൃഷ്ടിച്ച ഒരു ലോകത്തില്‍ ദൈവം സൃഷ്ടിച്ച മനുഷ്യര്‍ അതേ ദൈവത്തിന്റെ നാമത്തില്‍തന്നെ വിഭിന്ന മതങ്ങള്‍ സ്ഥാപിക്കുകയും, ആത്മീയമോ ദൈവീകമോ ആയ യാതൊരു നീതീകരണവും നല്‍കാനാവാത്ത തികച്ചും ലൗകികമായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിഭാഗീയ മേല്‍ക്കോയ്മ സ്ഥാപിക്കാനായി മനുഷ്യരെ പരസ്പരം തരംതിരിക്കുകയും അടിച്ചമര്‍ത്തുകയും അറുകൊല ചെയ്യുകയും വരെ ചെയ്യുമ്പോള്‍ അതു് നിഷ്ക്രിയനും നിര്‍വികാരനുമായി നോക്കിനില്‍ക്കേണ്ടിവരുന്ന ഒരു ദൈവം അഗതികള്‍ക്കു് അഭയവും ബലഹീനര്‍ക്കു് ആശ്രയവും നല്‍കുന്ന സര്‍വ്വശക്തന്‍ എന്ന വിശേഷണത്തിനു് അര്‍ഹനല്ലാതായിത്തീരുകയല്ലേ ചെയ്യുന്നതു്? തിന്നാനും തിന്നപ്പെടാനും വേണ്ടി രൂപവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമിയില്‍, ഇര തേടുന്നതിനിടയില്‍ സ്വയം ഇരയായി തീരാതിരിക്കണമെങ്കില്‍ അങ്ങേയറ്റം സൂക്ഷിക്കാനും ശ്രദ്ധിക്കാനും സകല ജീവജാലങ്ങളും ബാദ്ധ്യസ്ഥരാണെന്നിരിക്കെ, ഈ രണ്ടു് വിഭാഗങ്ങള്‍ക്കും ഒരേസമയം ആശ്രയദായകനാവാന്‍ ഒരു ദൈവത്തിനു് കഴിയുന്നതെങ്ങനെ? കൊല്ലുന്നവനേയും, കൊല്ലപ്പെടുന്നവനേയും കൊല സംഭവിക്കുന്ന നിമിഷത്തില്‍ ഒരേ ദൈവംതന്നെ തുണയ്ക്കുമെന്നു് വിശ്വസിക്കാനാവുമോ? ഏകനായ ഒരു ദൈവത്തില്‍ വിശ്വസിക്കുമ്പോഴും വര്‍ഗ്ഗശത്രുക്കള്‍ എന്നപോലെ പെരുമാറുന്ന മതവിഭാഗങ്ങള്‍ അതേ ദൈവത്തിന്റെ നാമത്തില്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ അതിനു് യുക്തിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ന്യായീകരണം നല്‍കാന്‍ കഴിയുന്നതെങ്ങനെ?

വലയില്‍ കുരുങ്ങുന്ന ചെറുപ്രാണിയേയും, അതിനെ കൊന്നുതിന്നുന്ന ചിലന്തിയേയും ഒരേസമയം പിന്തുണയ്ക്കാന്‍ ഏതെങ്കിലും നിഷ്പക്ഷമതികള്‍ക്കു് കഴിയുമോ? അതു് പ്രകൃതി നിയമമെങ്കില്‍ അതിനൊരു നിയന്ത്രകന്റെ ആവശ്യമെന്തു്? അതിന്റെ ചുമതല പ്രകൃതിക്കുതന്നെ വിട്ടുകൊടുക്കുന്നതല്ലേ നല്ലതു്? ഇരയായിത്തീര്‍ന്ന പ്രാണിയെപ്പോലെതന്നെ ആ ചിലന്തിയും ഏതു് നിമിഷവും തന്റെ ശത്രുവര്‍ഗ്ഗത്തിനു് ഇരയായിത്തീരാം. ദൈവം സംരക്ഷിക്കുമെന്ന ഉറപ്പില്‍ സ്വയം സംരക്ഷിക്കാതിരിക്കുന്ന ഏതെങ്കിലുമൊരു ജീവി ഭൂമിയില്‍ ഉണ്ടെന്നു് തോന്നുന്നില്ല. അതോ, വിശ്വാസികളായ മനുഷ്യരെപ്പോലെ ആകാശത്തിലെ പറവകളും പള്ളിയില്‍ നേര്‍ച്ചയിട്ടു് കാര്യം സാധിക്കുകയാണോ? ഇരതേടാനും ശത്രുക്കളുടെ പിടിയില്‍ പെടാതിരിക്കാനും ആകാശത്തിലെ പറവകളടക്കമുള്ള ജീവികള്‍ എത്രമാത്രം ബുദ്ധിമുട്ടണമെന്നതു് അവയ്ക്കേ അറിയൂ. അതു് മനുഷ്യനു് മനസ്സിലാവണമെന്നില്ല. മണവാളവസ്ത്രം ധരിച്ചു് സുവിശേഷം ഘോഷിച്ചു് തിന്നാനുള്ള അപ്പവും കുടിക്കാനുള്ള വീഞ്ഞും സംഘടിപ്പിക്കാനുള്ള ഭാഗ്യം ആ ജീവികള്‍ക്കില്ല. എല്ലാവരും ദൈവരാജ്യം ഘോഷിക്കാന്‍ തുടങ്ങിയാല്‍ അപ്പവും വീഞ്ഞും എവിടെനിന്നു് വരും? ഈ ഭൂമിയിലെ സാധാരണ മനുഷ്യരുടെ പുത്രന്മാരും പുത്രികളും അപ്പം കൊണ്ടും വീഞ്ഞുകൊണ്ടുമല്ല, അധികപങ്കും അദ്ധ്വാനിച്ചു് നേടുന്ന കപ്പയും കഞ്ഞിയുമൊക്കെക്കൊണ്ടാണു് നിത്യവൃത്തി കഴിച്ചുപോകുന്നതെന്ന സത്യം തുറന്നുപറയുന്നതു് ദൈവദൂഷണവും, അധികപ്രസംഗവുമൊക്കെ ആവുമോ എന്തോ! ഒന്നുകില്‍, ദൈവമക്കള്‍ ഈവിധം പരസ്പരം കൊലവിളിക്കുന്നതു് അന്തിമമായി അവസാനിപ്പിക്കണം, അല്ലെങ്കില്‍, ഏറ്റവും ചുരുങ്ങിയതു്, ഈ കൊലവിളി ന്യായീകരിക്കാന്‍ ദൈവനാമം പൊക്കിപ്പിടിക്കാതിരിക്കുകയെങ്കിലും ചെയ്യണം. മര്യാദയുടെ പേരില്‍ മാത്രമല്ല, മനുഷ്യത്വത്തിന്റേയും, വിശ്വാസയോഗ്യതയുടേയും പേരില്‍ അതിനുള്ള ലളിതമായ കടപ്പാടു് അറിയപ്പെടുന്ന ജൈവലോകത്തിലെ തത്ക്കാലത്തെ അന്തിമോത്പന്നമായ മനുഷ്യജാതിയ്ക്കുണ്ടെന്നു് താഴ്മയായി ഇവിടെ സൂചിപ്പിക്കുന്നു.

മൃഗങ്ങളില്‍ നിന്നു് വിഭിന്നമായി, സമൂഹത്തിലെ അസമത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണമെങ്കില്‍ മനുഷ്യര്‍ക്കു് കഴിയും. അനുയോജ്യമായ നിയമനിര്‍മ്മാണവും കഠിനമായ പ്രയത്നവും വഴിയാണു് പരിഷ്കൃതസമൂഹങ്ങള്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും മറ്റു് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതു്. സാമൂഹികപരിഷ്കരണം എന്നതു് മുദ്രാവാക്യം വിളിയോ സ്തോത്രം ചൊല്ലലോ പോലെ അത്ര എളുപ്പമുള്ള കാര്യമല്ല.

കളങ്കമില്ലാത്ത, നന്മനിറഞ്ഞ ഒരു ദൈവത്തില്‍നിന്നും കാപട്യവും തിന്മയും തിങ്ങിവിങ്ങുന്ന ഒരു ലോകം രൂപമെടുക്കുന്നതെങ്ങനെയെന്നു് എനിക്കു് മനസ്സിലാവുന്നില്ല. വിത്തുഗുണം പത്തുഗുണം എന്നല്ലേ ചൊല്ലുതന്നെ? ദൈവം സ്നേഹമെങ്കില്‍ ആ സ്നേഹത്തില്‍നിന്നും പാപികളും കൊലപാതകികളും ഉരുത്തിരിയുന്നതെങ്ങനെ? മീന്‍ പാമ്പിനെ ജനിപ്പിക്കുമോ? ചില മതപണ്ഡിതര്‍ വാദിക്കുന്നതുപോലെ, എന്തു് ചെയ്യണമെന്നും എന്തു് ചെയ്യാതിരിക്കണമെന്നും തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം മനുഷ്യനു് നല്‍കിയതു് ദൈവമെങ്കില്‍, അങ്ങനെയൊരു ദൈവം ഉള്ളതും ഇല്ലാത്തതും തമ്മില്‍ എന്തു് വ്യത്യാസം? അറിവിന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു് നന്മതിന്മകള്‍ തിരിച്ചറിയുന്നതു് പാപമാണെന്നു് കല്‍പിച്ചു് നിരോധിച്ച അതേ ദൈവം തന്നെ, നന്മതിന്മകള്‍ തിരിച്ചറിഞ്ഞു് തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം മനുഷ്യനു് നല്‍കി എന്നുപറഞ്ഞാല്‍ കാക്കാത്തി പോലും ഇക്കാലത്തു് വിശ്വസിക്കുമെന്നു് തോന്നുന്നില്ല. നിരുപാധികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യരുടെ സ്വാതന്ത്ര്യം ദൈവദത്തമെങ്കില്‍, അനുയായികള്‍ക്കു് ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മറ്റനവധി അടിസ്ഥാനസ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന മതങ്ങള്‍ ദൈവനിശ്ചയത്തിനു് എതിരായി പ്രവര്‍ത്തിക്കുകയല്ലേ ചെയ്യുന്നതു്? ദൈവേഷ്ടം അറിയുന്നവരെന്നും കാത്തുസൂക്ഷിക്കുന്നവരെന്നും അവകാശപ്പെടുന്നവര്‍ ദൈവതാല്‍പര്യങ്ങളെ വളച്ചൊടിക്കുന്നതു് ദൈവദൂഷണമാവില്ലെന്നുണ്ടോ?

(“The Creation of Adam” detail of the ceiling fresco in the Sistine Chapel, Vatican, by Michelangelo – ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്.)

ആദാമിനെ സൃഷ്ടിക്കുന്ന ദൈവം മൈക്കെലാഞ്ചെലോയുടെ ഭാവനയില്‍പോലും താടി നീണ്ട ഒരു പുരുഷരൂപമായി മാത്രമേ വെളിപ്പെടുന്നുള്ളു. (ദൈവം തന്റെ രൂപത്തിലായിരുന്നല്ലോ മനുഷ്യനെ സൃഷ്ടിച്ചതു്. ദൈവത്തിനു് പില്‍ക്കാലത്തു് പലതരം മെറ്റമോര്‍ഫസിസ്‌ സംഭവിച്ചുവെങ്കിലും.) കണ്ണും ചെവിയും മൂക്കും നാക്കും തൊലിയും മനുഷ്യരൂപവുമുള്ള ഒരു ദൈവം തന്നെയാണു് ശൂന്യാകാശവും താരാപഥങ്ങളും സൃഷ്ടിച്ചതെന്നും പ്രവര്‍ത്തനക്ഷമമായി കാത്തുസൂക്ഷിക്കുന്നതെന്നും മനുഷ്യനിര്‍മ്മിതമായ ഉപകരണങ്ങള്‍ ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ തിരുമുറ്റത്തെത്തി അളന്നുകുറിച്ചുകൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യര്‍ വിശ്വസിക്കണമെന്നാണോ? അതുമാത്രവുമല്ല, ഏതു് മനുഷ്യന്റെ എത്ര തലമുടി എപ്പോള്‍ എവിടെ എങ്ങനെ കൊഴിയുന്നു എന്നതിന്റെ കൃത്യമായ കണക്കെടുത്തു് വരവുപോക്കുകള്‍ നിശ്ചയിക്കുന്നവന്‍ കൂടിയാവണം ദൈവം! – (മത്തായി 10: 30). എല്ലാം കാണുന്നവനായ ദൈവം മനുഷ്യരുടെ മലമൂത്രവിസര്‍ജ്ജനവും ഒളിഞ്ഞുനോക്കി കാണുന്നുണ്ടെന്ന ചിന്തമൂലം അങ്ങേയറ്റം നിര്‍ഭാഗ്യവതിയായിത്തീര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കഥ കേട്ടിട്ടുണ്ടു്. മറ്റാരും കാണുന്നില്ലെന്നും ശ്രദ്ധിക്കുന്നില്ലെന്നും ഉള്ള ഉറപ്പോടെ സ്വൈര്യമായി മറപ്പുരയില്‍ പോകാനും ദൈവം സമ്മതിക്കുകയില്ലെന്നു് വന്നാല്‍!?

മനുഷ്യരുടെ കണ്ണുനീരും കഷ്ടപ്പാടും കാണാന്‍ ദൈവത്തിനു് കഴിയണമെങ്കില്‍ അവനു് കണ്ണുകള്‍ വേണം. മനുഷ്യരുടെ രോദനങ്ങള്‍ കേള്‍ക്കണമെങ്കില്‍ അവനു് ചെവികള്‍ വേണം. മനുഷ്യര്‍ അര്‍പ്പിക്കുന്ന ഹോമയാഗങ്ങളുടേയും ദഹനയാഗങ്ങളുടേയും സൗരഭ്യവാസനയില്‍ ദൈവം സന്തുഷ്ടനാവണമെങ്കില്‍ അവനു് നാസാരന്ധ്രങ്ങള്‍ വേണം. മനുഷ്യരുടെ ദുഃഖത്തില്‍ ദുഃഖിക്കുവാനും സന്തോഷത്തില്‍ സന്തോഷിക്കുവാനും ദൈവത്തിനു് കഴിയണമെങ്കില്‍ അവനില്‍ വൈകാരികത ഉണ്ടാവണം. അതിലെല്ലാമുപരി, മനുഷ്യരുടെ പാപങ്ങളെ വെറുക്കുന്നവനും ദുര്‍ന്നടപ്പുകളെ ക്രൂരമായി ശിക്ഷിക്കുന്നവനുമാവണം ദൈവം. ചുരുക്കത്തില്‍, ദൈവം എങ്ങനെയുള്ളവന്‍ ആയിരിക്കണമെന്നു് മനുഷ്യരുടെയിടയിലെ ചില മൂപ്പന്മാര്‍ നിശ്ചയിച്ചുറപ്പിക്കുന്നു. അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ ദൈവദോഷികളാക്കി മരണശിക്ഷ നല്‍കി ഉന്മൂലനം ചെയ്തുകൊണ്ടു് അവര്‍ കാലക്രമേണ തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതും ദൈവദത്തവുമായ അവകാശമാക്കി മാറ്റുന്നു. ദൈവകല്‍പനകളും ന്യായപ്രമാണങ്ങളും കെട്ടിച്ചമച്ചു് ആദ്യം അവര്‍ മനുഷ്യരെ പാപികളാക്കിത്തീര്‍ക്കുന്നു. മനുഷ്യരുടെ അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങളില്‍ വരെ അവര്‍ ദൈവനാമം കാണിച്ചു് കണ്ണുരുട്ടി, കൈകടത്തി അധികാരം സ്ഥാപിക്കുന്നു. വിശുദ്ധ പൗലോസ്‌ തന്നെ ഇക്കാര്യം സമ്മതിക്കുന്നു: “എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല. മോഹിക്കരുതു് എന്നു് ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു് കല്‍പനയാല്‍ എന്നില്‍ സകലവിധ മോഹത്തേയും ജനിപ്പിച്ചു. ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.” – (റോമര്‍ 7: 7, 8) മനുഷ്യരുടെ പ്രകൃതിസഹജമായ വാസനകള്‍ പൈശാചീകരിക്കാനായി രൂപം കൊടുക്കപ്പെടുന്ന ന്യായപ്രമാണങ്ങള്‍ അന്യായപ്രമാണങ്ങളേ ആവൂ!

മനുഷ്യവര്‍ഗ്ഗം അറ്റുപോവാതിരിക്കാന്‍ പ്രകൃതി മറ്റു് സകല ജീവജാലങ്ങളിലുമെന്നപോലെതന്നെ മനുഷ്യരിലും സംജാതമാക്കുന്ന മൃദുലവികാരങ്ങളും മോഹങ്ങളുമെല്ലാം ദൈവദൃഷ്ടിയില്‍ ശാപാര്‍ഹമായ കൊടുംപാതകങ്ങളാണെന്നു് വരുത്തി, മനുഷ്യരില്‍ കുറ്റബോധം കുത്തിവച്ചു് പാപികളാക്കുന്നവര്‍ കുഞ്ഞാടുകളുടെ പാപവിമോചനത്തിനായി ദൈവത്തോടു് കേണപേക്ഷിക്കാന്‍ തങ്ങളെ വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ കൊണ്ടു് അലങ്കരിക്കുന്നു! വിശിഷ്ടവസ്ത്രങ്ങള്‍ ധരിച്ചവരുടെ യാചന കേട്ടാല്‍ മാത്രമേ ദൈവം കണ്ണുതുറക്കുകയുള്ളു എന്നതുകൊണ്ടാവാം ഒരുപക്ഷേ ലോകത്തിലെ അര്‍ദ്ധപ്പട്ടിണിക്കാര്‍ മുഴുപ്പട്ടിണിക്കാരായും, അര്‍ദ്ധദൈവങ്ങള്‍ പൂര്‍ണ്ണദൈവങ്ങളായും മാറിക്കൊണ്ടിരിക്കുന്നതു്. കഞ്ഞിക്കില്ലാത്തവന്‍ കസവുടയാട ധരിക്കുന്നതെങ്ങനെ? ഇല്ലായ്മകളും പോരായ്മകളും പരിഹരിക്കാന്‍ ദൈവസഹായം തേടി പള്ളിയില്‍ പോകുമ്പോഴും ഉള്ളതില്‍ നല്ല ഉടയാടകള്‍ വാരിച്ചുറ്റാന്‍ നിര്‍ബന്ധിതനാണു് മനുഷ്യന്‍. (അല്ലെങ്കില്‍ ദൈവം എന്തു് കരുതും?) എല്ലാം സംഭവിപ്പിക്കുന്നവനായ ദൈവം മനുഷ്യരുടെ സകല ദുരിതങ്ങളുടെയും ഉത്തരവാദിയാവണമെന്നിരിക്കെ, തിന്മയും ദുഃഖവും അനുഭവിക്കാന്‍ ഇടവരുമ്പോള്‍ അവയില്‍നിന്നും മോചനം നേടാന്‍ ഞായറാഴ്ച്ചവസ്ത്രങ്ങളില്‍ പൊതിഞ്ഞു് നേര്‍ച്ചകാഴ്ച്ചകളുമായി പള്ളിയിലെത്തുന്നവര്‍ ദൈവത്തിനു് കൈക്കൂലി കൊടുത്തു് ദൈവനിശ്ചയം അസാധുവാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നതു്? തിരുത്തേണ്ടിവരുന്ന തീരുമാനങ്ങള്‍ എടുക്കുന്ന, താന്‍ ചെയ്യുന്നതെന്തെന്നു് വലിയ നിശ്ചയമൊന്നുമില്ലാത്ത, സ്വന്തനിലപാടുകളിലെ മണ്ടത്തരങ്ങള്‍ മനസ്സിലാക്കാന്‍ പുരോഹിതന്റെ സഹായം വേണ്ടിവരുന്ന എന്തോ ഏതോ ആണോ ദൈവം? കഷ്ടപ്പെടുന്നവനെ സഹായിക്കണമെങ്കില്‍ അവന്‍ ഉള്ളവനെപ്പോലെ വേഷം കെട്ടി ദൈവസന്നിധി തേടിയെത്തണം എന്നു് നിഷ്കര്‍ഷിക്കുന്നതിനേക്കാള്‍, അവനു് കഷ്ടത വരുത്താതിരിക്കുന്നതാണു് യഥാര്‍ത്ഥ മനുഷ്യസ്നേഹവും, ദീനാനുകമ്പയുമെന്നു് അറിയാന്‍ കഴിവില്ലാത്തവനാവുമോ ദൈവം? ദൈവത്തിന്റെ പാദപീഠമായ ഈ ഭൂമിയിലെ മരച്ചുവടുകളിലും ചേരിപ്രദേശങ്ങളിലും ദാരിദ്ര്യം മൂലം എല്ലും തൊലിയുമായിത്തീര്‍ന്നു് മരണത്തോടു് മല്ലിടുന്ന ജനലക്ഷങ്ങളെ രക്ഷിക്കാനെന്ന പേരില്‍, കസവില്‍പ്പൊതിഞ്ഞ കാനോന്‍ പാണ്ഡിത്യങ്ങളര്‍പ്പിക്കുന്ന ദിവ്യബലിയും പ്രതീക്ഷിച്ചു് വര്‍ണ്ണച്ഛായാചിത്രങ്ങളാല്‍ അലംകൃതമായ ബസിലിക്കകളില്‍ കാത്തിരിക്കുന്ന ദീനദയാലുവും സകല മനുഷ്യരുടെയും സ്രഷ്ടാവുമായ ജഗദീശ്വരന്‍!

യേശു പറയുന്നതു് ശ്രദ്ധിക്കൂ: “പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്‍പനം ചെയ്യരുതു്. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ക്കു് തോന്നുന്നതു്. അവരോടു് തുല്യരാവരുതു്. നിങ്ങള്‍ക്കു് ആവശ്യമുള്ളതു് ഇന്നതു് എന്നു് നിങ്ങള്‍ യാചിക്കും മുന്‍പേ നിങ്ങളുടെ പിതാവു് അറിയുന്നുവല്ലോ.” – (മത്തായി 6: 8). പട്ടിണിപ്പാവങ്ങളായവര്‍ക്കു് വേണ്ടതു് വിശപ്പടക്കാന്‍ ആവശ്യമായ ആഹാരമാണെന്നു് തിരിച്ചറിയാന്‍ എന്നിട്ടും ദൈവത്തിനു് കഴിയാതെ പോകുന്നതു് ഒന്നുകില്‍ അവര്‍ ജാതികള്‍ ആയതിനാലോ അല്ലെങ്കില്‍, അവര്‍ ദൈവസഹായത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനു് വേണ്ടത്ര ശക്തി ഇല്ലാത്തതിനാലോ ഒക്കെ ആവാം!

പാപികളായ മനുഷ്യരെ രക്ഷപെടുത്താനായി സര്‍വ്വശക്തനായ ദൈവം ലോകാരംഭം മുതല്‍ പെടുന്ന കഷ്ടപ്പാടുകള്‍ ഹൃദയമുരുകുന്നവിധം വര്‍ണ്ണിച്ചുകൊണ്ടു്, ജീവിക്കാന്‍ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവരും, പാപം ചെയ്തതുമൂലം ദൈവദോഷികളായിത്തീര്‍ന്നവരുമായവരുടെ പാപക്കറപുരണ്ട ചില്ലിക്കാശുകളുപയോഗിച്ചു് പണിതുയര്‍ത്തി സുരക്ഷിതമാക്കിയ ബാബേല്‍ ഗോപുരങ്ങളിലെ കല്യാണവിരുന്നുകളിലേക്കു് സൗകര്യപൂര്‍വ്വം പിന്‍തിരിയുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക: ലോകാരംഭം മുതല്‍ ഇന്നോളം പരിശ്രമിച്ചിട്ടും ലോകത്തെ നന്നാക്കാനോ, രക്ഷിക്കാനോ കഴിയാത്ത ഒരു ദൈവത്തിനു് ആ ശ്രമം എന്നേക്കുമായി ഉപേക്ഷിക്കുവാനുള്ള സാമാന്യമായ മര്യാദ ഉണ്ടാവണം. മനുഷ്യരെ പാപവിമോചിതരാക്കുക എന്ന ദൈവത്തിന്റെ ഉള്ളിന്റെയുള്ളിലെ ലക്‍ഷ്യം സാദ്ധ്യമാക്കാന്‍ നോഹയുടെ കാലത്തെ മഹാപ്രളയത്തില്‍ മുങ്ങിച്ചാവേണ്ടിവന്ന മുഴുവന്‍ മനുഷ്യരുടേയും പേരില്‍ , ലോത്തിന്റെ കാലത്തു് തീയും ഗന്ധകവും കൊണ്ടു് കൊന്നൊടുക്കപ്പെട്ട സോദോമിലേയും, ഗോമോറയിലേയും ആയിരങ്ങളുടെ പേരില്‍, “കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരേണമേ” എന്നു് കരഞ്ഞപേക്ഷിച്ചിട്ടും കരുണ ലഭിക്കാതെ മനുഷ്യരുടെ നിത്യരക്ഷയെന്ന ലക്‍ഷ്യം നേടാന്‍ പ്രയോജനരഹിതമായി കുരിശില്‍ തൂങ്ങി മരിക്കേണ്ടിവന്ന ദൈവത്തിന്റെ ഏകജാതനായ യേശുവിന്റെ പേരില്‍, മതങ്ങള്‍ രൂപമെടുത്ത കാലം മുതല്‍ ഇന്നുവരെ ദൈവനാമത്തില്‍ ജീവനൊടുക്കേണ്ടിവന്ന കോടിക്കണക്കിനു് മനുഷ്യരുടെ പേരില്‍ അങ്ങനെയൊരു നടപടി വഴി സ്വന്തം കഴിവുകേടു് അംഗീകരിച്ചു് തന്റെ വിശ്വാസയോഗ്യത തെളിയിക്കുവാനുള്ള പ്രാഥമികമായ കടപ്പാടു് മനുഷ്യരോടു് നല്ലനടപ്പു് ആവശ്യപ്പെടുന്ന ഒരു ദൈവത്തിനു് തീര്‍ച്ചയായും ഉണ്ടെന്നാണെന്റെ വിശ്വാസം. മനുഷ്യസൃഷ്ടിമുതല്‍ ആയിരക്കണക്കിനു് വര്‍ഷങ്ങളിലൂടെ നിരന്തരം ശ്രമിച്ചിട്ടും, മനുഷ്യരെ നേര്‍വഴിക്കു് നടത്താന്‍ കഴിയാത്ത ഒരു ദൈവം “സര്‍വ്വശക്തനായവന്‍” എന്ന സ്വന്തം നാമവിശേഷണത്തിന്റെ പരിഹാസ്യതയെപ്പറ്റി ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു് പറയേണ്ടിവരുന്നതില്‍ ക്ഷമിക്കുക.

Advertisements
 

മുദ്രകള്‍: , ,

6 responses to “ദൈവങ്ങള്‍ , അര്‍ദ്ധദൈവങ്ങള്‍ – (5)

 1. N.J ജോജൂ

  ഓഗസ്റ്റ് 27, 2007 at 12:39

  മുടിയനായ പുത്രാ….

  ഒട്ടൂം പക്വതയില്ലാത്ത ചിന്തകളാണ് താങ്കളുടേത്.
  ബാലിശം എന്നു പറയാവുന്നതരം.

   
 2. സിമി

  ഓഗസ്റ്റ് 27, 2007 at 14:20

  അന്വേഷണം വഴിമുട്ടിയോ?

  മനുഷ്യന്റെ ബുദ്ധി ഇത്രയല്ലേ ഉള്ളൂ. ഉണ്ടെന്നോ ഇല്ലെന്നോ പൂര്‍ണ്ണമായി വിശ്വസിക്കുമ്പോള്‍ ചോദ്യങ്ങളും തിരയലും നില്‍ക്കുന്നല്ലോ.

  അഹം ബ്രഹ്മാസ്മി തത്വമസി എന്നുപറയുന്നതിലെ ദൈവം വേറെയാണല്ലോ.

  എങ്കിലും ദൈവം ഒരു സ്വകാര്യാനുഭവമാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അനുഭവിക്കാതെ വിശ്വസിക്കുന്നവര്‍ക്ക് വിശ്വാസം ഒരു കൈത്താങ്ങും. കാ‍ണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നതനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കാതെ ഈശ്വരേച്ഛയ്ക്കു കീഴ്പ്പെടുന്നവരെയും ഞാന്‍ കുറ്റം പറയുന്നില്ല.

  സഭ, പൌരോഹത്യം, ഒക്കെ വേറെ വിഷയങ്ങളാണ്, എന്നാല്‍ ദൈവം ഇല്ല എന്നു ഉറപ്പിക്കുമ്പോള്‍ ഒരു വലിയ ആകാശത്തിലേക്കുതുറക്കുന്ന ജനാലയാണ് വലിച്ചടയ്ക്കുന്നത്.

  ദൈവത്തിന്റെ ഇല്ലായ്മ സൃഷ്ടിക്കുന്ന ശൂന്യത വേറെ. അതും ഒരു സ്വകാര്യാനുഭവം തന്നെ 🙂

   
 3. c.k.babu

  ഓഗസ്റ്റ് 27, 2007 at 17:45

  പ്രിയ n.j ജോജൂ,
  താങ്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇതു് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണു്. അവ പ്രകടിപ്പിക്കുന്നതിനുള്ള എന്റെ സ്വാതന്ത്ര്യത്തെ ദയവായി അംഗീകരിക്കുക! വായിച്ചതിനു് നന്ദി!

   
 4. c.k.babu

  ഓഗസ്റ്റ് 27, 2007 at 20:14

  പ്രിയ സിമി,
  എന്റെ അന്വേഷണത്തിന്റെ ഒരംശം പോലും ഞാന്‍ ഇതുവരെ എഴുതിയില്ല. മനുഷ്യബുദ്ധിയുടെ പരിമിതിയെപറ്റി കഴിഞ്ഞ ബ്ളോഗില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈ പ്രപഞ്ചത്തിന്റെ ഒരംശം പോലും “തിരയാന്‍” മതിയാവാത്ത ബുദ്ധികൊണ്ടു് അതേ പ്രപഞ്ചത്തിന്റെ “സ്രഷ്ടാവിനെ” തിരയാന്‍ കഴിയുമോ? ഭൌതികമായ കാര്യങ്ങളില്‍ (ഉദാ. ശാസ്ത്രം) തിരച്ചില്‍ നടത്താന്‍ ബുദ്ധി വേണം. ദൈവത്തെ “അറിയാനും” വിശ്വസിക്കാനും അക്ഷരാഭ്യാസം പോലും വേണമെന്നില്ല. പോട്ട പോലെയുള്ള സംരംഭങ്ങള്‍ നിലനില്‍ക്കുന്നതു് അതുകൊണ്ടല്ലേ? സ്ഥലകാലയാഥാര്‍ത്ഥ്യങ്ങളുടെ ഒരു ഭാഗമല്ലാത്ത, ആവാന്‍ കഴിയാത്ത ഒന്നിനെ സ്ഥലകാലയാഥാര്‍ത്ഥ്യങ്ങളുടെ പണിയായുധങ്ങള്‍ കൊണ്ടു് അളക്കാനോ അറിയാനോ കഴിയില്ല. സിമി വായിച്ചു് ദീര്‍ഘമായ ഒരു കമന്റു് ഇട്ട “അക്വീനാസിന്റെ അഞ്ചു് അന്തഃക്കരണങ്ങള്‍” എന്ന എന്റെ ഒരു പഴയ ബ്ലോഗില്‍ ഈ വിഷയം വളരെ ചുരുക്കി ഞാന്‍ സൂചിപ്പിച്ചിരുന്നു. പൌരോഹിത്യം നൂറ്റാണ്ടുകളിലൂടെ ബലാത്സംഗം ചെയ്തു് വികലമാക്കിയ ഒരു വെറും വാക്കു് മാത്രമല്ലേ ഇന്നു് ദൈവം? അഹം ബ്രഹ്മാസ്മി തത്വമസി എന്നാല്‍ എന്തെന്നു് അറിയാവുന്ന എത്രപേരുണ്ടു് കുംഭമേളയില്‍ മുങ്ങിക്കുളിച്ചു് മോക്ഷം നേടാന്‍ വരുന്നവരില്‍? അവരുമായി തത്വചിന്താപരമായ ചര്‍ച്ചകള്‍ നടത്താമെന്നാണോ? ഈവിധ കാര്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ തയ്യാറുള്ളവര്‍ വിദ്യാസമ്പന്നര്‍ എന്നു് നമ്മള്‍ കരുതുന്നവരുടെ ഇടയില്‍ തന്നെ വിരലില്‍ എണ്ണാന്‍ മാത്രമേ ഉണ്ടാവൂ. സായിപ്പിന്റെ ചിന്തകളല്ല, ആഡംബരവസ്തുക്കളും ഫാസ്റ്റ് ഫുഡുമാണു് ഭാരതീയനു് വേണ്ടതു്. അതേസമയം, എല്ലാക്കാര്യങ്ങളിലും മറ്റെല്ലാവരേക്കാളും കൂടുതല്‍ അറിവു് തങ്ങള്‍ക്കുണ്ടെന്നു് അവര്‍ക്കു് ഉറപ്പാണു് താനും. ദൈവവും, വിശ്വാസവുമൊക്കെ വളരെ ആഴമേറിയ ചിന്തകള്‍ക്കു് വിധേയമാക്കിയ ലോകപ്രസിദ്ധരായ തത്വചിന്തകരുണ്ടു്. മതങ്ങള്‍ വച്ചുനീട്ടുന്നതു് കണ്ണുമടച്ചു് വാങ്ങി വിഴുങ്ങാന്‍ അവര്‍ തയ്യാറാവാതിരുന്നതുകൊണ്ടു് ലോകത്തിലെ ഒരു നല്ല വിഭാഗത്തിനു് ഇത്രയൊക്കെ പുരോഗമിക്കാന്‍ കഴിഞ്ഞു. “പരന്ന” ഭൂമിയില്‍ നിന്നുകൊണ്ടു് സൂര്യനെ വിഴുങ്ങുന്ന പാമ്പിനു് പൂജ അര്‍പ്പിക്കുന്ന മറ്റൊരു വിഭാഗം‍ മനുഷ്യര്‍ ആ കാര്യങ്ങളെപ്പറ്റി ഇന്നും കേട്ടിട്ടുപോലുമില്ലെങ്കിലും! “കടാമല്‍ കുടാമ മല്‍ കുടാമ നില്‍ കുടാമ”യോടു് ചേര്‍ത്തു് രണ്ടു് “ഹ്രാം ഹ്രീം” കൂടി കൂട്ടിചേര്‍ത്താല്‍ എന്തോ ആനയാണെന്നു് കരുതാനാണു് ഭാരതീയന്‍ പഠിച്ചതു്. അത്ര എളുപ്പം അതു് മാറ്റിയെടുക്കാനാവില്ല.
  തുറന്നുപറഞ്ഞാല്‍, ഇതുപോലൊരു വിഷയത്തെപ്പറ്റി എഴുതാന്‍ പറ്റിയ ഒരു മാദ്ധ്യമമാണോ ബ്ലോഗ് എന്ന കാര്യത്തില്‍ ‍എനിക്കു് ന്യായമായ സംശയമുണ്ടു്. അതുകൊണ്ടുതന്നെ എന്നെ ശ്രദ്ധയോടെ വായിക്കുന്ന സിമിയോടു് പ്രത്യേകം നന്ദി!

   
 5. മുക്കുവന്‍

  ഓഗസ്റ്റ് 29, 2007 at 20:50

  hmm too long one. still read till the end.

  kollam.. enikkisttaaayi.

   
 6. c.k.babu

  ഓഗസ്റ്റ് 30, 2007 at 08:27

  മുക്കുവന്‍,
  നന്ദി!

  എവിടെപ്പോയിരുന്നു? കണ്ടിട്ടു് കുറേ ആയല്ലോ.

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: