RSS

ഒരു അമ്മയുടെ ഓര്‍മ്മക്കു്

20 ആഗ

(മദ്യപിക്കാന്‍ പണം കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു് കത്തിച്ചു എന്ന ഒരു പത്രവാര്‍ത്തയാണു് ഈ കഥയുടെ ആധാരം)

ലഹളയിട്ടുകൊണ്ടാണു് അന്നും പപ്പയും മമ്മിയും വൈകിട്ടു് വീട്ടില്‍ വന്നുകയറിയതു്. കൂലിപ്പണി കഴിഞ്ഞു് മമ്മി മടങ്ങി വരുമ്പോള്‍ പപ്പ കവലയില്‍ കാത്തുനില്‍ക്കുന്നതു് പതിവായിരുന്നു. പണിക്കൂലി പിടിച്ചുവാങ്ങി, കടം വാങ്ങി കുടിച്ച മദ്യത്തിന്റെ പണം കൊടുത്തുതീര്‍ക്കുക അതാണു് ലക്‍ഷ്യം. പലപ്പോഴും മമ്മി പണം കൊടുക്കുമായിരുന്നു. കൊടുക്കാത്ത ദിവസങ്ങളില്‍ ലഹളയാണു്. കുടിച്ചതിന്റെ അളവിനനുസരിച്ചു് ലഹളയും നീണ്ടുപോവും. അയല്‍ക്കാര്‍ വന്നു് ബഹളം വച്ചാല്‍ ചിലപ്പോള്‍ ലഹള നിറുത്തും. ചിലപ്പോള്‍ അവരോടും പപ്പ വഴക്കിടും. അതിരാവിലെ എഴുന്നേറ്റു് പണിക്കു് പോകേണ്ട മമ്മിക്കു് പലപ്പോഴും പാതിരാത്രിക്കു് ശേഷവും ഉറങ്ങാന്‍ കഴിയാതിരുന്നിട്ടുണ്ടു്. ആദ്യമാദ്യം മമ്മി പതിവായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കരയുമായിരുന്നു. കരഞ്ഞുകരഞ്ഞു് ഉറങ്ങുമായിരുന്നു. പിന്നെപ്പിന്നെ ആയപ്പോള്‍ കരയാതായി. കരയാതെ വെറുതെ കിടക്കും. എപ്പോഴെങ്കിലും ഉറങ്ങും. ലഹള തുടങ്ങുമ്പോള്‍ ഞാന്‍ ഒരു മൂലയില്‍ എല്ലാം കണ്ടുകൊണ്ടു് ഒളിച്ചിരിക്കാറാണു് പതിവു്. രാത്രിയേറെച്ചെന്നിരുന്നു. പെട്ടെന്നായിരുന്നു അതു്. പപ്പയുടെ കയ്യില്‍ ഒരു വാക്കത്തി! അതുകൊണ്ടു് പപ്പ മമ്മിയുടെ കഴുത്തിനു് വെട്ടി. താഴെ വീണ മമ്മിയുടെ ദേഹത്തു് തലേദിവസം വാങ്ങിയ മണ്ണെണ്ണ മുഴുവന്‍ ഒഴിച്ചതും തീപ്പെട്ടി ഉരച്ചു് തീവച്ചതും എല്ലാം നിമിഷം കൊണ്ടെന്നോണം കഴിഞ്ഞു. ഇതിനിടയിലെല്ലാം പപ്പ നിറുത്താതെ തെറി വിളിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടെന്നറിയില്ല, ഓടാനാണു് എനിക്കു് തോന്നിയതു്. പപ്പ എന്തിനോ അടുക്കളയിലേക്കു് പോയ തക്കത്തിനു് ഞാന്‍ ഇറങ്ങി ഓടി. മമ്മിയുടെ മരിച്ച ശരീരം അപ്പോഴും കത്തിക്കൊണ്ടിരുന്നു.

ഞാന്‍ ഓടി, അടുത്തൊരു വനത്തിലേക്കു്. രാത്രിയില്‍ ഒറ്റക്കു് മുറ്റത്തിറങ്ങാന്‍ പോലും എനിക്കു് ഭയമായിരുന്നു. പക്ഷേ, ഇപ്പോള്‍ എനിക്കു് ഇരുട്ടിനേയോ വനത്തിനേയോ ഭയം തോന്നിയില്ല. ഭയം പപ്പയെ മാത്രമായിരുന്നു. എനിക്കു് ജന്മം നല്‍കിയ മനുഷ്യനെ. വനത്തിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിലെ കുറ്റിക്കാട്ടില്‍ ഞാന്‍ ഒളിച്ചിരുന്നു. വീടിരുന്ന ഭാഗത്തു് ഒരു വലിയ തീജ്വാല ഉയര്‍ന്നു് പൊങ്ങുന്നതു് കണ്ടു. വീടും തീപിടിച്ചു് കത്തുകയായിരുന്നു. ഞാന്‍ എന്റെ കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു. പപ്പയോടുള്ള ഭയവും മമ്മിയേപ്പറ്റിയുള്ള ചിന്തകളുമായിരുന്നു എന്റെ മനസ്സുനിറയെ.

പത്തുവര്‍ഷം മുന്‍പായിരുന്നു പപ്പയുടെയും മമ്മിയുടെയും വിവാഹം. മമ്മിയുടെ അപ്പനു് ആകെയുണ്ടായിരുന്നതു് കത്തിക്കൊണ്ടിരിക്കുന്ന എന്റെ ഈ മമ്മിയും ഈ കുടിലും അതിനുചുറ്റുമുള്ള ഇത്തിരി മണ്ണുമായിരുന്നു. അതായിരുന്നു “സ്ത്രീധനം”. മമ്മിയുടെ അമ്മ നേരത്തേ മരിച്ചുപോയിരുന്നു. അതിനടുത്ത വര്‍ഷം ഞാന്‍ ജനിച്ചു. എന്നെ ജിതുമോന്‍ എന്നു് വിളിക്കണമെന്നതു് മമ്മിയുടെ ആഗ്രഹമായിരുന്നു. മമ്മിയെ മമ്മിയെന്നും പപ്പയെ പപ്പയെന്നും വിളിക്കണമെന്നതും മമ്മിയുടെ ആഗ്രഹമായിരുന്നു. പാവപ്പെട്ടവര്‍ക്കു് അതൊന്നും യോജിച്ചതല്ല എന്നു് എന്റെ ‍ വലിയപ്പച്ചന്‍ ആദ്യമാദ്യമൊക്കെ തടസ്സം പറയുമായിരുന്നു. വിവാഹത്തിനു് ഏതാനും നാള്‍ മുന്‍പു് മമ്മി കണ്ട ഒരു സിനിമയിലെ നായികയുടെ കുഞ്ഞുമോന്റെ പേരും ജിതുമോന്‍ എന്നായിരുന്നു. അവന്റെ മാതാപിതാക്കളെ അവനും മമ്മിയെന്നും പപ്പയെന്നുമായിരുന്നു വിളിച്ചിരുന്നതു്. മമ്മി രണ്ടോ മൂന്നോ സിനിമകളേ ആകെ കണ്ടിട്ടുണ്ടായിരുന്നുള്ളു. കുഞ്ഞായിരുന്നപ്പോള്‍ അതിന്റെ കഥകള്‍ എന്നെ മടിയിലിരുത്തി മമ്മി പറഞ്ഞുതരുമായിരുന്നു. ആ സിനിമയിലെ നായകനും നായികയും നയിച്ചിരുന്നതുപോലൊരു ജീവിതമായിരുന്നു എന്റെ മമ്മിയും സ്വപ്നം കണ്ടിരുന്നതു്.

പപ്പക്കു് ഒരു കമ്പനിയില്‍ പണിയുണ്ടായിരുന്നു. എതാനും വര്‍ഷം മുന്‍പു് ആ കമ്പനി പൂട്ടി. പപ്പയുടെ പണി പോയി. അതോടെ പപ്പ മദ്യപിക്കാന്‍ തുടങ്ങി. അതറിഞ്ഞതുമുതല്‍ വലിയപ്പച്ചന്‍ ദുഃഖിതനായിരുന്നു. ഒരുദിവസം എന്നേയും മമ്മിയേയും അടുത്തുവിളിച്ചിരുത്തി വലിയമ്മച്ചിയേപ്പറ്റിയും മമ്മിയുടെ കുട്ടിക്കാലത്തേപ്പറ്റിയുമൊക്കെ ഒരുപാടു് കഥകള്‍ വലിയപ്പച്ചന്‍ ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു. അന്നു് വൈകിട്ടു് ഉറങ്ങാന്‍ കിടന്ന വലിയപ്പച്ചന്‍ പിന്നീടൊരിക്കലും ഉണര്‍ന്നില്ല. ദാരിദ്ര്യം താങ്ങാനാവാതെ വന്നപ്പോള്‍ മമ്മി കൂലിപ്പണിക്കും വീട്ടുജോലിക്കും ഒക്കെ പോകാന്‍ തുടങ്ങി. മമ്മി വൈകിട്ടു് തിരിച്ചുവരുമ്പോള്‍ ധനികവീടുകളില്‍നിന്നു് കിട്ടുന്ന ആഹാരങ്ങള്‍ എനിക്കായി കൊണ്ടുവരുമായിരുന്നു. ഞാന്‍ അതു് കഴിക്കുമ്പോള്‍ മമ്മി അടുത്തിരുന്നു് എന്റെ തലമുടിയില്‍ തലോടുമായിരുന്നു. അപ്പോഴെല്ലാം മമ്മിയുടെ കണ്ണുകള്‍ നിറയുന്നതു് എന്നില്‍നിന്നും മറച്ചുപിടിക്കാന്‍ മമ്മി പാടു് പെടുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. അപ്പോള്‍ മമ്മി എന്താണു് ആലോചിച്ചിരുന്നതെന്നു് എനിക്കറിയില്ല. എന്റെ പപ്പ മമ്മിയെ അടുത്തിരുത്തി തലമുടിയില്‍ തലോടുന്നതു് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ എന്റെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്ന മമ്മിയുടെ തലമുടിയില്‍ ഞാന്‍ തിരിച്ചും തലോടിയപ്പോള്‍ മമ്മി നിയന്ത്രണം വിട്ടു് പൊട്ടിക്കരഞ്ഞു. മമ്മിയെ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാനായി പിന്നീടു് അങ്ങനെ ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇനിയൊരിക്കലും എന്റെ ജീവിതത്തില്‍ അതുപോലുള്ള നിമിഷങ്ങള്‍ ഉണ്ടാവുകയില്ല എന്നു് ചിന്തിച്ചപ്പോള്‍ എനിക്കു് ശ്വാസം കിട്ടാത്തതുപോലെ തോന്നി. കാറ്റിനു് മനുഷ്യശരീരം കത്തിക്കരിയുന്ന മണമുണ്ടായിരുന്നു. എനിക്കതു് എന്റെ മമ്മിയുടെ മണമായിരുന്നു. ആ മണമേറ്റു്, ആ കുറ്റിക്കാട്ടിലിരുന്നു് എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി.

ഉണര്‍ന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചു് ഉയര്‍ന്നുകഴിഞ്ഞിരുന്നു. ഞാന്‍ വീടിനെ ലക്‍ഷ്യമാക്കി നടന്നു. വീടിരുന്നിടത്തു് ചാരം മാത്രമേ ഉണ്ടായിരുന്നുള്ളു. മമ്മിയുടെ ശരീരം അവിടെ കണ്ടില്ല. പപ്പയും അവിടെ ഉണ്ടായിരുന്നില്ല. കുറേ നാട്ടുകാര്‍ അവിടെ ചുറ്റിപ്പറ്റിനിന്നിരുന്നു. ചില പോലീസുകാര്‍ എന്തൊക്കെയോ ചെയ്തുകൊണ്ടു് അതിലെ നടന്നിരുന്നു. ആരോ എന്നെ പോലീസുകാര്‍ക്കു് ചൂണ്ടിക്കാട്ടി. പപ്പയുടെ അകന്ന ബന്ധുക്കളായ ഒരു ചേട്ടന്റേയും ചേച്ചിയുടെയും കൂടെ ആ പോലീസുകാര്‍ എന്നെ പറഞ്ഞുവിട്ടു. അവര്‍ ഇക്കാര്യം നേരത്തെതന്നെ ആലോചിച്ചിരുന്നതുപോലെയായിരുന്നു സംസാരം.

ആ ചേച്ചി മമ്മിയേക്കാള്‍ ഇളയതായിരുന്നു. അവര്‍ക്കു് മക്കളുണ്ടായിരുന്നില്ല. ചേട്ടന്‍ രാവിലെ ജോലിക്കു് പോയാല്‍ ഇരുട്ടിയിട്ടേ മടങ്ങിവരൂ. ചേട്ടന്‍ ഇല്ലാത്ത അവസരങ്ങളില്‍ മിക്കപ്പോഴും അവിടെ ശുഭ്രവസ്ത്രധാരികളായ പുരുഷന്മാര്‍ വരാറുണ്ടായിരുന്നു. എന്തുകൊണ്ടോ പിന്‍വാതിലിലൂടെയായിരുന്നു അവര്‍ അകത്തുകടന്നിരുന്നതു്. അവര്‍ വലിയ വലിയ ആളുകളും ചേട്ടനു് വേണ്ടപ്പെട്ടവരുമാണെന്നാണു് ചേച്ചി എന്നോടു് പറഞ്ഞിരുന്നതു്.അവര്‍ വരുന്ന ദിവസങ്ങളില്‍ ചേച്ചി എന്നെ വീടിനു് പുറത്തേക്കു് പറഞ്ഞുവിടുമായിരുന്നു. അവര്‍ ആരാണെന്നറിയണമെന്ന ആഗ്രഹം എനിക്കു് ഒട്ടുമുണ്ടായിരുന്നില്ല. ആ ചേച്ചിക്കു് ചേട്ടനോടു് പക്ഷേ വളരെ സ്നേഹമായിരുന്നു. ചേട്ടന്‍ എത്തുമ്പോഴേക്കും ആഹാരമെല്ലാം റെഡിയാക്കി എന്നും കാത്തിരിക്കുന്ന ആ ചേച്ചിക്കു് ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്റെ മമ്മിക്കു് അതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല.

ഒരു ദിവസം ആ ചേട്ടന്‍ എന്നെ ഒരു പാതിരിയുടെ വീട്ടില്‍ ജോലിക്കായി കൊണ്ടുപോയി ആക്കി. (പപ്പ പോലീസ് സ്റ്റേഷനില്‍ വച്ചു് മരിച്ച വിവരം വഴിക്കുവച്ചാണു് ആ ചേട്ടന്‍ എന്നോടു് പറഞ്ഞതു്.) പാതിരി പറയുന്ന പണികളൊക്കെ ചെയ്താല്‍ മതി. ആഹാരവും വസ്ത്രവും തരും. അതില്‍ കൂടുതല്‍ എന്തുവേണമെന്നു് ആ ചേട്ടനും പാതിരിയും ചോദിച്ചപ്പോള്‍ അതു് ശരിയാണെന്നു് എനിക്കും തോന്നി. എന്നും വൈകിട്ടു് കുളിച്ചിട്ടേ കിടക്കാവൂ എന്നു് അച്ചന്‍ എന്നോടു് പ്രത്യേകം പറഞ്ഞു. എനിക്കു് കിടക്കാന്‍ തന്ന പായും തലയണയുമായി ഞാന്‍ തറയില്‍ കിടന്നു. ഉറങ്ങാന്‍ ആരംഭിക്കുകയായിരുന്നു. അപ്പോഴാണു് വല്ലാതെ കുളിരുന്നതിനാല്‍ അച്ചന്റെ കൂട്ടത്തില്‍കിടന്നു് കുളിരുമാറ്റിക്കൊടുക്കാന്‍ അച്ചന്‍ എന്നെ വിളിച്ചതു്. അച്ചന്‍ കുളിരുമാറുന്നതുവരെ എന്നെ മെത്തയില്‍ അങ്ങോട്ടുമിങ്ങോട്ടുമിട്ടു് ഉരുട്ടിക്കൊണ്ടിരുന്നു. കുളിരുമാറിയപ്പോള്‍ അച്ചന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. എന്നോടു് വീണ്ടും തറയില്‍പോയി കിടക്കാന്‍ അച്ചന്‍ ആവശ്യപ്പെട്ടു. എന്റെ തുടകളില്‍ കഫം പോലെ വഴുവഴുപ്പുള്ള ഏതോ ദ്രാവകം ഒട്ടിപ്പിടിച്ചിരുന്നു. പിറ്റേദിവസം ഏതോ വലിയ ഒരു ചടങ്ങില്‍ അച്ചനു് പ്രസംഗിക്കാനുണ്ടായിരുന്നു. അച്ചന്റെ കൂര്‍ക്കം വലി കേട്ടുകൊണ്ടു് ഉറങ്ങാതെ കിടന്നപ്പോള്‍ അറപ്പായിരുന്നു മനസ്സുനിറയെ. അച്ചനുണരുന്നതിനുമുന്‍പു് അവിടം വിടണമെന്ന ഒരു മോഹമേ എനിക്കുണ്ടായിരുന്നുള്ളു.

കവലയിലെ ഒരു കടത്തിണ്ണയില്‍ എത്തിയപ്പോള്‍ നേരം ശരിക്കും വെളുത്തിരുന്നില്ല. ആരെ ആശ്രയിക്കാന്‍? എങ്ങോട്ടു് പോകാന്‍? ആദ്യം ആ വഴി വന്നതു് ഒരു പാറമടയില്‍ മെറ്റല്‍ പൊട്ടിക്കാന്‍ പോകുന്നവരായിരുന്നു. മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവരോടൊപ്പം കൂടി. പെണ്ണുങ്ങള്‍ നിറുത്താതെ കലപിലയിട്ടു് ചിരിച്ചുകൊണ്ടിരുന്നു. എന്റെ മമ്മി ഇങ്ങനെ ചിരിക്കുന്നതു് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഇവര്‍ക്കു് ദുഃഖമില്ലായിരിക്കാം. പാറമടയിലെത്തി. ഓരോരുത്തരും ചുറ്റികയുമായി അവരവരുടെ “സീറ്റുകളിലേക്കു്” പോയി. മേല്‍നോട്ടക്കാരന്‍ ചോദിച്ചു: “നീ പണിയാന്‍ വന്നതാണോ?” “അതേ.” എനിക്കും കിട്ടി ഒരു ചുറ്റിക. എന്റെ സീറ്റു് ഇരിക്കാന്‍ മാത്രം വലിപ്പമുള്ള ഒരു കല്ലായിരുന്നു. അതില്‍ ഇരുന്നു് ജോലി ചെയ്തിരുന്നവന്‍ മദ്യപിച്ചു് കരള്‍ ദ്രവിച്ചു് കഴിഞ്ഞ ദിവസങ്ങളില്‍ എന്നോ മരിച്ചുപോയി എന്ന കാര്യം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അറിഞ്ഞതു്. ഒരുപക്ഷേ, ഈ കല്ലില്‍ തന്നെയാവാം എന്റേയും അവസാനം. പക്ഷേ, എനിക്കുശേഷം ഈ കല്ലേറ്റെടുക്കുന്നവനോടു് മുന്‍ഗാമി കുടിച്ചു് കരള്‍ ദ്രവിച്ചാണു് മരിച്ചതെന്നു് ആരും പറയുകയില്ല എന്നെനിക്കുറപ്പായിരുന്നു.

വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ഇതുവരെ എത്ര ആയിരം പ്രാവശ്യം എന്റെ കയ്യിലെ ചുറ്റിക ഉയരുകയും താഴുകയും ചെയ്തു എന്നെനിക്കറിയില്ല. എന്റെ മമ്മിയുടെ മരണശേഷം ഞാന്‍ ചിരിച്ചിട്ടില്ല. എനിക്കാരോടും പരാതിയുമില്ല. മമ്മി എരിഞ്ഞടങ്ങിയ തറയില്‍ വീണ്ടുമൊരു കുടില്‍ രൂപമെടുത്തു. കടങ്ങള്‍ ഇന്നു് ആരോടുമില്ല. മിക്കപ്പോഴും എന്റെ മമ്മി സ്വപ്നങ്ങളിലൂടെ എന്റെ അടുത്തെത്താറുണ്ടു്. ഞാന്‍ ആഹാരം കഴിക്കുന്നതു് നോക്കിയിരിക്കാറുണ്ടു്. എന്റെ മുടിയില്‍ തലോടാറുണ്ടു്. ചിലപ്പോള്‍ ചിതയുടെ നാളങ്ങളില്‍ മിന്നിത്തിളങ്ങി, മമ്മിയുടെ സിനിമയിലെ നായികയേപോലെ, ഒരു രാജകുമാരനുതുല്യനായ ജിതുമോനെയും മടിയില്‍വച്ചു്…

Advertisements
 
10അഭിപ്രായങ്ങള്‍

Posted by on ഓഗസ്റ്റ് 20, 2007 in കഥ

 

മുദ്രകള്‍:

10 responses to “ഒരു അമ്മയുടെ ഓര്‍മ്മക്കു്

 1. SHAN ALPY

  ഓഗസ്റ്റ് 20, 2007 at 16:47

  ജിതുമോണ്റ്റെ ജീവിത ഗന്ധമുള്ള ” കഥ ”
  വളരെ മനോഹരമായിരിക്കുന്നു.
  തീറ്ന്നതറിഞ്ഞില്ല.
  ഇടക്കെവിടയോ കണ്ണുനിറഞ്ഞതുപോലെ
  അഭിനന്ദനങ്ങള്

   
 2. സിമി

  ഓഗസ്റ്റ് 21, 2007 at 12:16

  ഇതും നന്നായിട്ടുണ്ട്. കഥയില്‍ പ്രതികാരം ഒന്നും ഇല്ലാത്തത് നന്നായി.

   
 3. c.k.babu

  ഓഗസ്റ്റ് 21, 2007 at 13:45

  ഷാന്‍,
  നിശ്ചലമായ മനസ്സോടെ ഇതെഴുതാന്‍ എനിക്കും ആവുമായിരുന്നില്ല.
  സിമി,
  നന്ദി!

   
 4. സഹയാത്രികന്‍

  ഓഗസ്റ്റ് 25, 2007 at 13:53

  കൊള്ളാം സുഹൃത്തേ…

   
 5. c.k.babu

  ഓഗസ്റ്റ് 26, 2007 at 09:13

  സഹയാത്രികാ, വളരെ നന്ദി!

   
 6. chithrakaran ചിത്രകാരന്‍

  ഓഗസ്റ്റ് 26, 2007 at 09:42

  ഓണാശംസകള്‍… മുടിയനായപുത്രാ… സഹോദരാ 🙂

   
 7. c.k.babu

  ഓഗസ്റ്റ് 26, 2007 at 15:30

  ചിത്രകാരാ,
  താങ്കള്‍ക്കും തിരുവോണമംഗളങ്ങള്‍!

   
 8. ഈ പാവം ഞാന്‍

  ഓഗസ്റ്റ് 26, 2007 at 17:30

  വളരെ നന്നായിരിക്കുന്നു.
  ഹ്രിദയ സ്പര്‍ശിയായ കഥ.
  വായിച്ചു കൊണ്ടിരുന്നപ്പോളെപ്പൊഴോ എന്റെ ഹ്രിദയം ജിതു മോനു വേണ്ടി ഒന്നു വിതുമ്പിയോ??…
  എനിക്കറിയില്ല.

   
 9. c.k.babu

  ഓഗസ്റ്റ് 28, 2007 at 11:50

  ഈ പാവം ഞാന്‍,
  വായിച്ചതിനു് നന്ദി. എല്ലാ നന്മകളും നേരുന്നു!

   
 10. BS Madai

  ഫെബ്രുവരി 28, 2009 at 10:17

  പ്രിയ ബാബുമാഷെ (മുടിയനായ പുത്രാ എന്നു വിളിക്കാന്‍ തോന്നുന്നില്ല!) – ഒരുപാട് വൈകി എഴുതുന്ന കമന്റ്, പ്രസക്തി ഉണ്ടോ എന്നറിയില്ല, വായന നടന്നത് ഇപ്പോഴാണ്. വായനക്കാരില്‍ നൊമ്പരമുണര്‍ത്തുന്ന ഒരു നല്ല കഥ. ഇഷടായി – അതു കുറിക്കാതെ പോകാന്‍ മനസ്സു വന്നില്ല….

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: