RSS

Daily Archives: ഓഗസ്റ്റ് 3, 2007

ഭാഷയും അറിവും!

അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു് രചനകള്‍ നടത്തിയാല്‍ അതുകൊണ്ടു് എഴുതുന്നവനോ, വായിക്കുന്നവനോ ഒരു പ്രയോജനവുമില്ല എന്ന ഒരു ആശയം പ്രകടിപ്പിക്കുവാന്‍ ഞാന്‍ ഇക്കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്‌ എഴുതി. പക്ഷേ, അതിനു് കിട്ടിയ ചില കമന്റുകള്‍ കണ്ടപ്പോള്‍ എന്റെ ഉദ്ദേശവുമായി യാതൊരു വിധ ബന്ധവും ഇല്ലാത്ത വിധത്തിലാണു് അതു് വായനക്കാരില്‍ എത്തിപ്പെട്ടതെന്നു് മനസ്സിലാക്കേണ്ടിവന്നു. ഭാഷയുടെ പ്രധാന ലക്‍ഷ്യമായ ആശയവിനിമയം സാധ്യമാക്കാന്‍ ആ ബ്ലോഗിനു് കഴിയാതെപോയതിനാല്‍ അതു് ഡിലീറ്റ്‌ ചെയ്യുകയേ എനിക്കു് നിവൃത്തിയുണ്ടായിരുന്നുള്ളു.

വാക്കുകള്‍ ഒറ്റയ്ക്കെടുക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണമാണെന്നതു് വാചകത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നില്ല എന്നിരിക്കെ, (ഉദാ. “രാത്രിയില്‍ പുറത്തേക്കാള്‍ തണുപ്പു് കൂടുതലാണു്”) അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടിയിണക്കുന്നതു് അതിനേക്കാള്‍ അര്‍ത്ഥശൂന്യമാണെന്നു് വെളിപ്പെടുത്താന്‍ ഞാന്‍ നടത്തിയ ശ്രമം അങ്ങനെ ചാപിള്ളയായി. ഇതു് മറ്റൊരു ശ്രമം. പഴയ ആശയം പൌഡര്‍ പൂശി, പുതിയ കുട്ടിക്കുപ്പായത്തില്‍.

“എത്ര യഥാര്‍ത്ഥമാണു് യാഥാര്‍ത്ഥ്യങ്ങള്‍ ” എന്ന പുസ്തകത്തില്‍ മനഃശാസ്ത്രജ്ഞനും, ഭാഷാപണ്ഡിതനുമായ പോള്‍ വറ്റ്‌സ്ലാവിക്‌ ആശയവിനിമയമാണു് യാഥാര്‍ത്ഥ്യങ്ങള്‍ക്കു് രൂപം നല്‍കുന്നതെന്ന പച്ചയായ “യാഥാര്‍ത്ഥ്യത്തിലേക്കു്” വെളിച്ചം വീശുന്നു. ആശയവിനിമയത്തിന്റെ തലങ്ങളില്‍ സ്വാഭാവികമായി സംഭവിക്കാവുന്നതും, മനഃപൂര്‍വം സംഭവിപ്പിക്കുന്നതുമായ വസ്തുതകളും വൈരുദ്ധ്യങ്ങളും ലളിതവും, സരസവുമായി അദ്ദേഹം വിവരിക്കുന്നു. എല്ലാ സത്യങ്ങളോടുമൊപ്പം, അവയുടെ വിപരീതവും സത്യങ്ങളാകാവുന്ന നമ്മുടെ ലോകത്തിന്റെ വികൃതമുഖമാണു് അവിടെ അനാച്ഛാദനം ചെയ്യപ്പെടുന്നതു്. Kafka-യുടെ The Trial-ലെ “K.”-യും, Dostoyevsky-യുടെ The Idiot-ലെ Prince Myshkin-ഉം ജീവിക്കുന്ന ലോകത്തില്‍ നിയമത്തിന്റെ കല്‍പ്പലകകളുടെ മറുവശത്തു് എഴുതപ്പെട്ടിക്കുന്നതു് അതിന്റെ വിപരീതമാണു് എന്നപോലെതന്നെ. (അവസാനം, പ്രിന്‍സ്‌ എന്നേക്കുമായി ഭ്രാന്താലയത്തില്‍ അടയ്ക്കപ്പെടുമ്പോള്‍, “K.” കോടതിയുടെ ദൂതന്മാരാല്‍ കൊല്ലപ്പെടുന്നു.)

ഒരേ യാഥാര്‍ത്ഥ്യങ്ങളെ നമ്മള്‍ ഉള്‍ക്കൊള്ളുന്നതു് വിഭിന്നസാഹചര്യങ്ങളില്‍ വ്യത്യസ്തരീതിയിലാണു്. നമ്മുടെ ഗ്രാമത്തില്‍ ഒരു അറുപതുവയസ്സുകാരന്‍ ഒരു പതിനെട്ടു് വയസ്സുകാരിയെ “പ്രേമിച്ചാല്‍” അതംഗീകരിക്കാന്‍ നമുക്കു് അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കും. അതേസമയം, സിനിമയില്‍, ചായം തേച്ചു്, വിഗ്‌ വച്ചു്, വയറെക്കിപ്പിടിച്ചു് അഭിനയിക്കുന്ന അറുപതുവയസ്സുകാരനായ ഒരു നായകന്‍ പതിനെട്ടു് വയസ്സുകാരിയെ പ്രേമിക്കുന്നതു് നോക്കി ആസ്വദിക്കാന്‍ മാത്രമല്ല, കയ്യടിച്ചു് പ്രോത്സാഹിപ്പിക്കാനും നമുക്കു് മടിയൊന്നുമില്ല. എഴുപതു് വയസ്സുകാരി ഏഴുവയസ്സുകാരിയേപ്പോലെ കള്ളത്തൊണ്ടയുമായി കീരന്‍ കരയുന്നതാണു് നമുക്കു് വേണ്ടതെങ്കില്‍ അതുതന്നെ നമുക്കു് ലഭിക്കും. ഇവിടെയും വാഴുന്നതു് supply and demand എന്ന economics-ലെ അടിസ്ഥാനതത്വം തന്നെ. ഞാന്‍ ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയല്ല. അവര്‍ അതോ, അതില്‍ കൂടുതലോ തുടര്‍ന്നും ചെയ്യുന്നതിനു് എനിക്കു് വിരോധവുമില്ല. ഞാന്‍ കാണുന്ന ചില കാര്യങ്ങള്‍ പറയുന്നു, അത്രതന്നെ. എത്ര വാദിച്ചാലും, എത്ര ചര്‍ച്ച ചെയ്താലും, ഏറ്റവുമൊടുവില്‍, എന്താണോ നമ്മുടെ സത്യമാവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നതു് അതുമാത്രമായിരിക്കും നമ്മുടെ സത്യം. സ്വയം തീരുമാനിക്കാതെ, ഇന്നോളം ആരും സ്വന്തനിലപാടു് തിരുത്തിയിട്ടില്ല.

അറിവു് (information) രൂപമെടുക്കുന്നതു് വീക്ഷകന്റെ മനസ്സിലാണു് എന്നതു്, തികഞ്ഞ കര്‍ത്തൃനിഷ്ഠതയാണെന്നതിനാല്‍ (subjectivity), പല ശാസ്ത്രജ്ഞര്‍ പോലും അതംഗീകരിക്കാന്‍ മടിക്കുന്നു. അറിവിനെ പൂര്‍ണ്ണമായും കര്‍മ്മനിഷ്ഠമാക്കണമെങ്കില്‍ (objective) എല്ലാവര്‍ക്കും എല്ലാറ്റിനും പൊതുവായ, പരമമായ ഒരു പശ്ചാത്തലം (absolute context) ആവശ്യമാണു്. അതു് ഇതുവരെ സങ്കല്‍പാതീതമാണുതാനും. ആശയവിനിമയം നമുക്കംഗീകരിക്കാന്‍ ഇഷ്ടമുള്ളതിനേക്കാള്‍ വളരെ സങ്കീര്‍ണ്ണമാണു്. വിവരസാങ്കേതികവിദ്യയുടേതായ ഇന്നത്തെ ലോകത്തില്‍ അതിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വാചകങ്ങളിലെ semantic punctuation-ന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍, ഒരു വിധിയില്‍ വെറും ഒരു comma മാറിവീണാലുണ്ടാകാവുന്ന അര്‍ത്ഥവ്യത്യാസത്തേപ്പറ്റി കേട്ടിട്ടുള്ള രസകരമായ ഒരു പഴഞ്ചന്‍ ഉദാഹരണം ധാരാളം മതിയാവും. ജഡ്ജിയുടെ വിധി: Hang him, not let him go! Hang him not, let him go!

ഭാഷാപരമായി തെറ്റുകൂടാതെ അവതരിപ്പിച്ചാല്‍ തന്നെ, പറഞ്ഞവന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തില്‍, പറഞ്ഞിടത്തുപറഞ്ഞു് കേള്‍ക്കുന്നവന്‍ മാത്രമല്ല, നേരിട്ട്‌ കേള്‍ക്കുന്നവന്‍ പോലും മനസ്സിലാക്കണമെന്നില്ല. ബൈബിളില്‍ പീലാത്തോസും യേശുവും തമ്മിലുള്ള ഒരു സംഭാഷണം ഉദാഹരണമായെടുക്കാം. യേശു പറയുന്നു: “സത്യത്തിനു് സാക്ഷിനില്‍ക്കേണ്ടതിനു് ഞാന്‍ ജനിച്ചു… സത്യതല്‍പരനായവന്‍ എല്ലാം എന്റെ വാക്കു കേള്‍ക്കുന്നു”. പീലാത്തോസിന്റെ മറുപടി: “സത്യം എന്നാല്‍ എന്തു്”? പീലാത്തോസ്‌ ഈ വാചകം പറഞ്ഞു എന്നു് നമ്മള്‍ അംഗീകരിച്ചാല്‍ തന്നെ, അതൊരു ചോദ്യമായിരുന്നോ, നിര്‍വികാരമായ ഒരു മറുപടി ആയിരുന്നോ, അതോ, ഒരു പരിഹാസവാക്കായിരുന്നോ എന്നൊന്നും ഇന്നു് നമുക്കു് നിശ്ചയിക്കുവാന്‍ കഴിയുകയില്ല. യേശുവിനു് ഏകദേശം നൂറുവര്‍ഷങ്ങള്‍ക്കു് ശേഷം രൂപമെടുത്ത യോഹന്നാന്റെ സുവിശേഷത്തിലെ ഈ വര്‍ണ്ണനയുടെ ആത്മീയവശങ്ങളിലേക്കു് കടക്കാതെ, ആശയവിനിമയത്തിനു് ഉപയോഗിക്കപ്പെടുന്ന ഭാഷയുടെ പരിമിതികളിലേക്കു് വിരല്‍ ചൂണ്ടുകയാണു് ഇവിടെ ലക്‍ഷ്യമാക്കുന്നതു്. പീലാത്തോസിന്റെ വാചകം നേരിട്ടു് കേട്ടാല്‍ പോലും, അവന്‍ എന്താണു് ഉദ്ദേശിച്ചതെന്നു് നിസ്സംശയം മനസ്സിലാക്കാന്‍ കേള്‍ക്കുന്നവര്‍ക്കു് കഴിയണമെന്നില്ല. “വാക്കുകളാല്‍ കരിമ്പുതപ്പേന്തുന്നൂ വാസ്തവമനോഭാവം പലപ്പോഴും” എന്നു് ആ വാക്കുകള്‍ പറഞ്ഞവര്‍ തന്നെ പറയുമ്പോള്‍ അതു് അംഗീകരിക്കാതിരിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ലെന്നു് ചുരുക്കം. അപ്പോള്‍ പിന്നെ കേട്ടുകേള്‍വികള്‍ക്കു് എത്രത്തോളം ആധികാരികത്വം നല്‍കുവാന്‍ കഴിയും?

പറയപ്പെടുന്നതായ വാക്കുകള്‍ ഒരു പരിധി വരെയെങ്കിലും ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കപ്പെടണമെങ്കില്‍, വിവിധ മുന്‍വിധികള്‍ നിറവേറ്റപ്പെട്ടിരിക്കണം. പറഞ്ഞവന്റെ സാമൂഹിക നിലവാരം, പറയേണ്ടിവന്ന സാഹചര്യം, അവന്റെ വിദ്യാഭ്യാസം, ആ വാക്കുകള്‍ക്കു് ആ പ്രദേശത്തു് നിലവിലിരിക്കുന്ന അര്‍ത്ഥം, പറഞ്ഞ സമയത്തെ മുഖഭാവം, വാക്കുകളുടെ ഊന്നലുകള്‍, വാചകങ്ങളിലെ ആരോഹണാവരോഹണങ്ങള്‍ അങ്ങനെ എത്രയോ ഘടകങ്ങള്‍ പരിഗണിക്കാതെ പൂര്‍ണ്ണമായ ഒരു അര്‍ത്ഥനിര്‍ണ്ണയം അസാദ്ധ്യമായിരിക്കും.

അരിസ്റ്റോട്ടിലിന്റെ ചിന്തകളില്‍ രൂപവും (form), ദ്രവ്യവും (matter) ചേരുന്നതാണു് പദാര്‍ത്ഥം. ദ്രവ്യത്തെ ഊര്‍ജ്ജമാക്കി(energy) മാറ്റാമെന്നു് ഐന്‍സ്റ്റൈന്‍ നമ്മെ പഠിപ്പിച്ചു. ഫിസിസിസ്റ്റും, തത്വചിന്തകനുമായ കാര്‍ള്‍ ഫ്രീഡ്രിഹ്‌ ഫൊണ്‍ വൈ(ത്‌)സ്‌സെക്കറിന്റെ (Carl Friedrich von Weizsaecker) ചിന്തയില്‍ അറിവു് (information) രൂപങ്ങളുടെ ആകെത്തുകയാണു്. അപ്പോള്‍ അറിവിന്റെ വാഹകം ദ്രവ്യവും ഊര്‍ജ്ജവുമല്ലാതെ മറ്റെന്താവാന്‍ കഴിയും? രസകരമായ ചിന്തകള്‍! പക്ഷേ, ഇതൊരു ബ്ലോഗ്‌ ആയതുകൊണ്ടു് അധികം നീട്ടുന്നില്ല, നിര്‍ത്തുന്നു.

Advertisements
 
8അഭിപ്രായങ്ങള്‍

Posted by on ഓഗസ്റ്റ് 3, 2007 in പലവക

 

മുദ്രകള്‍: