RSS

Monthly Archives: ഓഗസ്റ്റ് 2007

ദൈവങ്ങള്‍ ‍, അര്‍ദ്ധദൈവങ്ങള്‍ – (6)

= തുടര്‍ച്ച =

(രോഗശാന്തിശുശ്രൂഷയില്‍ പങ്കെടുത്തു് ഭൂതബാധയില്‍നിന്നു് മോചനം നേടാന്‍ പോട്ടയിലേക്കു് പോകേണ്ട ചിലര്‍ വഴിതെറ്റി എന്റെ ബ്ലോഗില്‍ വന്നു് കയറുന്നതായി കാണുന്നു! അങ്ങനെയുള്ളവര്‍ “പോട്ട” എന്ന ബോര്‍ഡുമായി വരുന്ന ട്രാന്‍സ്പോര്‍ട്ട്‌ ബസിനു് കൈ കാണിക്കുകയോ, അല്ലെങ്കില്‍ ഒരു കഷണം ശര്‍ക്കര വാങ്ങി വായിലിട്ടു് നുണഞ്ഞുകൊണ്ടു് പോട്ട വരെ നടക്കുകയോ ചെയ്യുക. വേണ്ടാത്തിടത്തു് കൈവച്ചു് ചത്തതിനെ ഉയിര്‍പ്പിക്കുക എന്നതു് ഈ ബ്ലോഗിന്റെ ലക്‍ഷ്യമല്ല. രോഗശാന്തി, ഉയിര്‍പ്പിക്കല്‍, അതിശയഗര്‍ഭം മുതലായ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ആത്മീയലാടഗുരുക്കളെ തേടുന്നവര്‍ ഉചിതമായ നേര്‍ച്ചകാഴ്ച്ചകളുമായി അനുയോജ്യമായ ധ്യാനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക. അങ്ങനെയുള്ളവര്‍ വഴിയേ പോകുന്നവരെ നോക്കി “ബാലിശം, ബാലിശം” എന്നു് വിളിച്ചുകൂവി സമയം കളയാതെ, ധ്യാനകേന്ദ്രങ്ങളില്‍ മുട്ടിലിഴഞ്ഞും, തറയിലുരുണ്ടും ദൈവത്തെ പിടിച്ചുനിര്‍ത്തി പ്രീതിപ്പെടുത്തി കാര്യം നേടാന്‍ ശ്രമിക്കണമെന്നു് താഴ്മയായി അപേക്ഷിക്കുന്നു. ഭൂതങ്ങളും പ്രേതങ്ങളും ബാധിച്ചവരില്‍ അധികപങ്കും മാമോദീസ വഴി പരിശുദ്ധാത്മാവിനെയും സ്വീകരിച്ചിട്ടുള്ളവരായതിനാല്‍ അവര്‍ പല ഭാഷകളിലാണു് സംസാരിക്കുന്നതു്. സ്വര്‍ഗ്ഗീയഭാഷകള്‍ എനിക്കൊട്ടു് വശവുമില്ല. എന്റെ ഈ കഴിവുകേടു് ക്ഷമിക്കുക!)

സര്‍വ്വശക്തിയും പരാജയവും തമ്മില്‍ പൊരുത്തപ്പെടുകയില്ല എന്നതിനാല്‍ , മനുഷ്യരെ പാപവിമുക്തരാക്കാന്‍ സര്‍വ്വശക്തനായ ഒരു ദൈവം ആദിമുതല്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലവത്താകാതിരിക്കുന്നതില്‍ എന്തോ പൊരുത്തക്കേടുള്ളതുപോലെ എനിക്കു് തോന്നുന്നു. സാമാന്യബോധത്തിനു് നിരക്കുന്ന വിധം ഈ വൈരുദ്ധ്യം മനസ്സിലാക്കാന്‍ രണ്ടു് വഴികളേയുള്ളു. ഒന്നുകില്‍ , മനുഷ്യര്‍ എന്തു് ചിന്തിക്കുന്നു, എന്തു് പറയുന്നു, എന്തു് പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ ദൈവത്തിനു് യാതൊരു പങ്കോ, താല്‍പര്യമോ ഇല്ല. അല്ലെങ്കില്‍ ദൈവത്തിനു് മനുഷ്യരെ നന്നാക്കാനുള്ള ശക്തിയില്ല. ശക്തിയില്ലാത്ത ദൈവം സര്‍വ്വശക്തനാവുമോ? മനുഷ്യരുടെ ചെയ്തികളില്‍ ഒരു താല്‍പര്യവുമില്ലാത്ത ദൈവം അവരുടെ സ്രഷ്ടാവാവുമോ? അതായതു്, ഈ രണ്ടു് വഴികളും ആദ്യം സൂചിപ്പിച്ച ആന്തരികവൈരുദ്ധ്യം യുക്തിസഹമായി വിശദീകരിക്കാന്‍ മതിയായവയല്ല. തന്റെ അന്വേഷണങ്ങള്‍ വഴിമുട്ടിയപ്പോള്‍ , നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ എന്ന പോളണ്ടുകാരന്‍ സ്വീകരിച്ച, “കോപ്പര്‍നിക്കസിന്റെ വഴിത്തിരിവു്” എന്നറിയപ്പെടുന്ന മാര്‍ഗ്ഗമേ ഇവിടെയും സഹായകമാവൂ എന്നു് തോന്നുന്നു. തലച്ചോറില്‍ വേരുറച്ച നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം വഴിമുട്ടുമ്പോള്‍ ‍, ആ നിഗമനങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ടു് പുതിയ വഴികളെ തേടുക! ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ക്രിസ്തീയസഭയുടെ പഠിപ്പിക്കലുകള്‍ അടിസ്ഥാനമാക്കി വാനഗോളങ്ങളുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നു് തിരിച്ചറിഞ്ഞ കോപ്പര്‍നിക്കസ്‌, അതുവരെ സങ്കല്‍പാതീതവും, സഭയുടെ ദൃഷ്ടിയില്‍ ശിക്ഷാര്‍ഹവുമായിരുന്ന മറ്റൊരു നിഗമനത്തിനു് ധൈര്യപ്പെടുകയായിരുന്നു. സൗരയൂധത്തിന്റെ കേന്ദ്രത്തില്‍ ഭൂമിക്കു് പകരം സൂര്യനെ പ്രതിഷ്ഠിച്ചതുവഴി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. പഠിപ്പിക്കല്‍ വഴി തലച്ചോറില്‍ വേരുറച്ചുപോയതുമൂലം, ഉപേക്ഷിക്കാന്‍ പാടില്ലെന്നു് ഉറപ്പായ എല്ലാ “സത്യങ്ങള്‍ക്കും” ശാസ്ത്രത്തില്‍ തെളിയിക്കപ്പെട്ട ഇതേ മാര്‍ഗ്ഗം ബാധകമാക്കാവുന്നതാണെന്നു് തോന്നുന്നു. പ്രപഞ്ചനിയന്ത്രകനാവേണ്ട സര്‍വ്വശക്തന്‍ മനുഷ്യരെ നന്നാക്കാന്‍ കാലാകാലങ്ങളായി പെടുന്ന പാടുകളെപ്പറ്റി പഠിപ്പിച്ചു് വച്ചിരിക്കുന്ന “സത്യങ്ങള്‍ “, ഈ ലോകത്തില്‍ എന്നും നിലനിന്നിരുന്ന, ഇന്നും നിലനില്‍ക്കുന്ന, (സംസ്കാരസമ്പന്നരായ മനുഷ്യരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഇല്ലാതെ പോയാല്‍ ഭാവിയില്‍ എന്നാളും നിലനില്‍ക്കാന്‍ എല്ലാ സാദ്ധ്യതകളുമുള്ള!) അനീതികളുടേയും ഉച്ചനീചത്വങ്ങളുടേയും വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സത്യാന്വേഷികള്‍ നേരിടേണ്ടിവരുന്ന പൊരുത്തക്കേടുകള്‍ സര്‍വ്വശക്തനേയും മനുഷ്യനേയും തമ്മില്‍ , അഥവാ, സ്രഷ്ടാവിനേയും സൃഷ്ടിയേയും തമ്മില്‍ പരസ്പരം സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുന്നതുവഴി പരിഹരിക്കപ്പെട്ടേക്കാം!

ആലംബഹീനരായ മനുഷ്യര്‍ക്കു് അവരുടെ ദൈവത്തിലോ, ദൈവങ്ങളിലോ ആശ്രയവും ആശ്വാസവും തേടാതിരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മുതലെടുത്തു്, അര്‍ദ്ധദൈവങ്ങള്‍ ചമയുന്ന ഒരു ന്യൂനപക്ഷം സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ജനലക്ഷങ്ങളുടെ ഗതികേടും ബലഹീനതയും എന്നാളും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ ജനങ്ങളുടെ അജ്ഞതയും, അന്ധവിശ്വാസങ്ങളും സര്‍വ്വസാദ്ധ്യതകളും ഉപയോഗിച്ചു് പ്രോത്സാഹിപ്പിക്കുന്നു. സംസ്കാരസമ്പന്നതയും, പുരോഗതിയും കൈവരിക്കാന്‍ ശ്രമിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിനും ഇതുപോലുള്ള അവസ്ഥകള്‍ കണ്ടില്ലെന്നു് നടിക്കാന്‍ അവകാശമില്ല. അര്‍ദ്ധബോധാവസ്ഥയില്‍ ഉറഞ്ഞുതുള്ളുന്ന മനുഷ്യക്കോലങ്ങളുടെ ജല്‍പനങ്ങളിലൂടെ കോഴിവെട്ടും, വെള്ളംകുടിയും, ഭോജനയാഗവും, പാനീയയാഗവും – ചോദ്യം ചെയ്യാന്‍ ആരുമില്ലെങ്കില്‍ നരബലിവരെയും! – ശുദ്ധഗതിക്കാരായ മനുഷ്യരോടു് ആവശ്യപ്പെടുന്ന ഒരു ശാപ്പാട്ടുരാമനോ ജഗദീശ്വരന്‍?

ഏതു് സമൂഹത്തിലും ഇതുപോലെ കുറേ സ്വപ്നാടകരുണ്ടാവുമെന്നതു് ശരിതന്നെ. പക്ഷേ, പരിഷ്കൃതസമൂഹങ്ങളില്‍ അവരുടെ എണ്ണം പരിമിതമായിരിക്കും. തന്മൂലം സാമൂഹികപുരോഗതിയുടെ പാതയിലെ വിലങ്ങുതടികളാവാന്‍ അവര്‍ക്കു് കഴിയില്ല. അതേസമയം ബഹുഭൂരിപക്ഷവും അന്ധവിശ്വാസികളായ ഒരു സമൂഹത്തില്‍ സ്ഥിതി നേരേ മറിച്ചായിരിക്കും. മറ്റൊന്നു് അറിയാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തതുമൂലം നൂറ്റാണ്ടുകളായി കിടന്നിടത്തുതന്നെ കിടന്നു് ജീര്‍ണ്ണിക്കുന്നവര്‍ ഉണര്‍ന്നെഴുന്നേറ്റു് അലറിയാല്‍ ‍, തകര്‍ന്നു് വീഴുന്നതു് ദൈവത്തിന്റെ മനസ്സിലിരുപ്പു് അപ്പാടെ അറിയുന്നവരായി ഭാവിക്കുന്ന നായകന്മാരുടെ സിംഹാസനങ്ങളായിരിക്കുമെന്നതിനാല്‍ , മനുഷ്യരുടെ അറിവില്ലായ്മയും പിന്നാക്കാവസ്ഥയും നിഗൂഢമായി, തന്മയത്വത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മാത്രവുമല്ല, അതെല്ലാം ദൈവവിധിയാണെന്നും, അവയെ സന്തോഷപൂര്‍വ്വം താഴാഴ്മയോടെ ഏറ്റുവാങ്ങിയാല്‍ ദൈവസന്നിധിയില്‍ പ്രത്യേക ബോണസ്‌ ലഭിക്കുമെന്നുവരെ പഠിപ്പിക്കപ്പെടുന്നു. കവലകള്‍ തോറും നിന്നു് സുവിശേഷിക്കുന്നവര്‍ വിളിച്ചുകൂവുന്ന വിശുദ്ധവാക്യങ്ങള്‍ പലതും നമുക്കു് കേട്ടുകേട്ടു് കാണാപ്പാഠമായവയാണു്. പലര്‍ക്കും അറിയാത്തതു് ആ വാക്യങ്ങളോടു് ചേര്‍ന്നുതന്നെ അവയുടെ വിപരീതവും എഴുതപ്പെട്ടിരിക്കുന്നു എന്നതാണു്. (ഇതൊക്കെ പരിശോധിക്കാന്‍ ആര്‍ക്കെവിടെ സമയം?) വേദഗ്രന്ഥങ്ങള്‍ വായിക്കാന്‍ എല്ലാവര്‍ക്കും അനുവാദമൊട്ടില്ലതാനും! തങ്ങള്‍ക്കു് വേണ്ടതു് കിട്ടുന്നതുവരെ ദൈവവചനങ്ങള്‍ തിരിച്ചും മറിച്ചും, ഹരിച്ചും ഗുണിച്ചും വളച്ചൊടിക്കാന്‍ കഴിവുള്ളവരെയാണു് ദൈവം അതിനു് നിയമിച്ചിരിക്കുന്നതു്!

എന്റേയും കൂടി നന്മക്കായി ദൈവം അരുളിച്ചെയ്തു എന്നു് പഠിപ്പിക്കപ്പെടുന്ന വചനങ്ങള്‍ എന്താണെന്നു് മറ്റാരെങ്കിലും പറഞ്ഞു് കേള്‍ക്കുന്നതിനേക്കാള്‍ അതു് സ്വയം വായിച്ചു് മനസ്സിലാക്കുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. എനിക്കു് മനസ്സിലാവാത്ത ദൈവവചനങ്ങള്‍ എന്നെ മനസ്സിലാക്കുവാന്‍ മറ്റു് മനുഷ്യരുടെ സഹായം തേടേണ്ടിവരുന്ന ഒരു ദൈവത്തില്‍ എന്തോ പന്തികേടുള്ളതുപോലെ എനിക്കു് തോന്നുന്നു. എങ്കില്‍ത്തന്നെയും, വായിക്കാനറിയാത്തവരും, വായിക്കാന്‍ മടിയായവരും, വായിച്ചാല്‍ മനസ്സിലാവാത്തവരുമൊക്കെ ഭാവിയിലും “വായിച്ചവര്‍ എന്നു് കരുതുന്നവര്‍ ‍” പറയുന്നതു് സന്തോഷപൂര്‍വ്വം കണ്ണുമടച്ചു് വിശ്വസിക്കാനും, ഏറ്റുപാടാനുമാണു് തീരുമാനിക്കുന്നതെങ്കില്‍ അതവരുടെ ഇഷ്ടം!

വിശുദ്ധബൈബിളിലെ എത്രയോ പരസ്പരവൈരുദ്ധ്യങ്ങളില്‍ ചിലതു്:

“അവന്‍ ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു് സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു”. – (ലൂക്കോസ്‌ 1: 51-53)

അതേസമയം തന്നെ അഞ്ചു് അദ്ധ്യായങ്ങള്‍ താഴെ:

“അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ”. – (ലൂക്കോസ്‌ 6: 35) (ദുഷ്ടന്മാരോടു് ദയകാണിച്ചാലേ താഴ്‌ന്നവരെ ഉയര്‍ത്താന്‍ കഴിയൂ എന്നാവാം!)

അതുപോലെതന്നെ മറ്റൊരിടത്തു്:

“അങ്ങനെ ഉള്ളവനു് ഏവനും ലഭിക്കും, ഇല്ലാത്തവനോടോ ഉള്ളതും കൂടി എടുത്തുകളയും”. – (മത്തായി 25: 29) (സഹൃദയനായ ദൈവം! അല്ലാതെന്തുപറയാന്‍?)

മനഞ്ഞില്‍ എന്ന മത്സ്യത്തിന്റെ തല കണ്ടാല്‍ പാമ്പാണെന്നും, വാലുകണ്ടാല്‍ മീനാണെന്നും തോന്നുമെന്നു് കേട്ടിട്ടുണ്ടു്. അവസരോചിതം തലയോ, വാലോ ഉയര്‍ത്തിക്കാണിച്ചു് പാമ്പോ, മീനോ ആണെന്നു് വരുത്താന്‍ മനഞ്ഞിലിനു് തന്മൂലം വലിയ ബുദ്ധിമുട്ടില്ല. അധികപങ്കു് വേദവാക്യങ്ങളും ഏതാണ്ടു് അതുപോലെയാണു്. ഏതു് ഭാഗം എപ്പോള്‍ എവിടെ ഉപയോഗിക്കണം എന്ന ബോധവും, അല്‍പം പരിശീലനവുമുണ്ടെങ്കില്‍ ആര്‍ക്കും അവയെ അപഗ്രഥിച്ചു്, വളച്ചുകെട്ടി പാമ്പോ മീനോ ആക്കി മാറ്റാന്‍ ലളിതമായി സാധിക്കും. അടിയാന്മാരുടെ വളര്‍ത്തിയെടുത്ത അറിവില്ലായ്മയും, ഇടയന്മാരുടെ ദൈവദത്തമായ ശിക്ഷാധികാരവും കൂടെ ഒത്തുചേരുമ്പോള്‍ പൂര്‍ണ്ണവുമായി!

യേശുവിന്റെ തന്നെ മറ്റു് ചില വചനങ്ങള്‍ :

“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു് നിരൂപിക്കരുതു്. സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു്”. – (മത്തായി 10: 34)

ഏതാനും അദ്ധ്യായങ്ങള്‍ താഴെ:

“അപ്പോള്‍ യേശു: വാള്‍ ഉറയില്‍ ഇടുക, വാള്‍ എടുക്കുന്നവന്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും”. – (മത്തായി 26: 52)

ഗിരിപ്രഭാഷണത്തിലെ മറ്റൊരു യേശുവചനം:

“സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു് വിളിക്കപ്പെടും”. – (മത്തായി 5: 9)

മറ്റൊരിടത്തു്:

“ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു് ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു് ഇച്ഛിക്കേണ്ടു”. – (ലൂക്കോസ്‌ 12: 49)

ഇനി വേറൊരിടത്തു്:

“സഹോദരനോടു് നിസ്സാര എന്നു് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്നില്‍ നില്‍ക്കേണ്ടിവരും, മൂഢാ എന്നു് പറഞ്ഞാലോ അഗ്നിനരകത്തിനു് അര്‍ഹനാകും”. – (മത്തായി 5: 22) (സഹോദരനെ നിന്ദിക്കുന്നവരെല്ലാം നരകത്തില്‍ എത്തുമെങ്കില്‍ , സ്വര്‍ഗ്ഗത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരും!)

ഒരുവശത്തു് വാളും തീയുമായി നില്‍ക്കുന്ന യേശുതന്നെ മറുവശത്തു് സമാധാനവും സഹോദരസ്നേഹവും പ്രസംഗിക്കുന്നു! ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാതിരിക്കണമെങ്കില്‍ അജ്ഞത പ്രോത്സാഹിപ്പിക്കപ്പെടണം. അറിയാനുള്ള ശ്രമം ദൈവത്തിനു് നേരെയുള്ള അനുസരണക്കേടാവണം. അവിശ്വാസം പാപമാക്കപ്പെടണം. പലതും മറച്ചുപിടിക്കപ്പെടണം. പലതും നിരോധിക്കപ്പെടണം. പലരും കുരിശില്‍ തറയ്ക്കപ്പെടണം. സ്വതന്ത്രബുദ്ധികള്‍ ദൈവദോഷികളാക്കപ്പെടണം. ചിന്താശേഷി നശിപ്പിക്കപ്പെടണം. വായടച്ചു് കൂടെ നടക്കുന്നവരുടെ കുനിഞ്ഞ ശിരസ്സും, മുതുകും നിവരാതെ നിത്യം കുനിഞ്ഞുതന്നെയിരിക്കാന്‍ അതാവശ്യമാണു്. മനുഷ്യചേതനയോടു് ചെയ്യുന്ന കൊടുംക്രൂരതയെന്നല്ലാതെ ഇതിനെ എന്തു് പേരു് പറഞ്ഞാണു് വിളിക്കേണ്ടതു്?

ഈ ബ്ലോഗിനെപ്പറ്റി ഒരു വിശദീകരണം: (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍!)

ഇതു് സ്വതന്ത്രചിന്തയുടെ ലോകമാണു്. ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ശരിയെങ്കില്‍ അംഗീകരിക്കുവാനും, തെറ്റെങ്കില്‍ അതു് സ്വന്തം വിശദീകരണങ്ങള്‍ വഴി ഖണ്ഡിക്കുവാനും, (internet is free to all!) അതുമല്ലെങ്കില്‍ അപ്പാടെ അവഗണിക്കാന്‍ പോലുമുള്ള ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു് ഈ ലോകത്തിന്റെ അടിസ്ഥാനസ്വഭാവം. ഇവിടെ ഒന്നും മനഃപൂര്‍വ്വം മറച്ചുപിടിക്കപ്പെടുന്നില്ല. ഒന്നും അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല. അന്യചിന്തകളെ പിന്‍തുടരുന്നവര്‍ തടയപ്പെടുന്നില്ല. ജന്മം മുതല്‍ സ്വന്തകുറ്റം മൂലമല്ലാതെ മറ്റനേകം മനുഷ്യരെപ്പോലെ ഞാനും പിന്‍തുടരേണ്ടിവന്ന ആദര്‍ശങ്ങളിലെ, ഇന്നത്തെ എന്റെ അറിവിനു് അംഗീകരിക്കാന്‍ നിവൃത്തിയില്ലാത്ത വൈരുദ്ധ്യങ്ങളിലേക്കു് വിരല്‍ ചൂണ്ടുകയാണു് എന്റെ ലക്‍ഷ്യം. ഇവിടെ വിശുദ്ധിയോ അയിത്തമോ മനുഷ്യനെ അകറ്റിനിര്‍ത്തുന്നില്ല. മനുഷ്യാദ്ധ്വാനത്തിന്റെ ഗന്ധമില്ലാത്ത ഒരു സത്യവും ഇവിടെയില്ല. ആദര്‍ശങ്ങളുടെ മദ്ധ്യബിന്ദുവായി മനുഷ്യന്‍ മാറുകയാണാവശ്യം. അതിനു് ആദ്യം വേണ്ടതു് ആദര്‍ശങ്ങള്‍ മനുഷ്യനു് വേണ്ടിയാണെന്നും, മനുഷ്യന്‍ ആദര്‍ശങ്ങള്‍ക്കുവേണ്ടിയല്ലെന്നും അംഗീകരിക്കുകയാണു്. (കുറേനാള്‍ അധികാരത്തിന്റെ മത്തു് മോന്തിക്കഴിയുമ്പോള്‍ മനുഷ്യര്‍ സൗകര്യപൂര്‍വ്വം മറക്കുന്ന ഒരു സത്യം!)

Advertisements
 

മുദ്രകള്‍: , ,

ദൈവങ്ങള്‍ , അര്‍ദ്ധദൈവങ്ങള്‍ – (5)

ദൈവം സൃഷ്ടിച്ച ഒരു ലോകത്തില്‍ ദൈവം സൃഷ്ടിച്ച മനുഷ്യര്‍ അതേ ദൈവത്തിന്റെ നാമത്തില്‍തന്നെ വിഭിന്ന മതങ്ങള്‍ സ്ഥാപിക്കുകയും, ആത്മീയമോ ദൈവീകമോ ആയ യാതൊരു നീതീകരണവും നല്‍കാനാവാത്ത തികച്ചും ലൗകികമായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിഭാഗീയ മേല്‍ക്കോയ്മ സ്ഥാപിക്കാനായി മനുഷ്യരെ പരസ്പരം തരംതിരിക്കുകയും അടിച്ചമര്‍ത്തുകയും അറുകൊല ചെയ്യുകയും വരെ ചെയ്യുമ്പോള്‍ അതു് നിഷ്ക്രിയനും നിര്‍വികാരനുമായി നോക്കിനില്‍ക്കേണ്ടിവരുന്ന ഒരു ദൈവം അഗതികള്‍ക്കു് അഭയവും ബലഹീനര്‍ക്കു് ആശ്രയവും നല്‍കുന്ന സര്‍വ്വശക്തന്‍ എന്ന വിശേഷണത്തിനു് അര്‍ഹനല്ലാതായിത്തീരുകയല്ലേ ചെയ്യുന്നതു്? തിന്നാനും തിന്നപ്പെടാനും വേണ്ടി രൂപവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമിയില്‍, ഇര തേടുന്നതിനിടയില്‍ സ്വയം ഇരയായി തീരാതിരിക്കണമെങ്കില്‍ അങ്ങേയറ്റം സൂക്ഷിക്കാനും ശ്രദ്ധിക്കാനും സകല ജീവജാലങ്ങളും ബാദ്ധ്യസ്ഥരാണെന്നിരിക്കെ, ഈ രണ്ടു് വിഭാഗങ്ങള്‍ക്കും ഒരേസമയം ആശ്രയദായകനാവാന്‍ ഒരു ദൈവത്തിനു് കഴിയുന്നതെങ്ങനെ? കൊല്ലുന്നവനേയും, കൊല്ലപ്പെടുന്നവനേയും കൊല സംഭവിക്കുന്ന നിമിഷത്തില്‍ ഒരേ ദൈവംതന്നെ തുണയ്ക്കുമെന്നു് വിശ്വസിക്കാനാവുമോ? ഏകനായ ഒരു ദൈവത്തില്‍ വിശ്വസിക്കുമ്പോഴും വര്‍ഗ്ഗശത്രുക്കള്‍ എന്നപോലെ പെരുമാറുന്ന മതവിഭാഗങ്ങള്‍ അതേ ദൈവത്തിന്റെ നാമത്തില്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ അതിനു് യുക്തിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ന്യായീകരണം നല്‍കാന്‍ കഴിയുന്നതെങ്ങനെ?

വലയില്‍ കുരുങ്ങുന്ന ചെറുപ്രാണിയേയും, അതിനെ കൊന്നുതിന്നുന്ന ചിലന്തിയേയും ഒരേസമയം പിന്തുണയ്ക്കാന്‍ ഏതെങ്കിലും നിഷ്പക്ഷമതികള്‍ക്കു് കഴിയുമോ? അതു് പ്രകൃതി നിയമമെങ്കില്‍ അതിനൊരു നിയന്ത്രകന്റെ ആവശ്യമെന്തു്? അതിന്റെ ചുമതല പ്രകൃതിക്കുതന്നെ വിട്ടുകൊടുക്കുന്നതല്ലേ നല്ലതു്? ഇരയായിത്തീര്‍ന്ന പ്രാണിയെപ്പോലെതന്നെ ആ ചിലന്തിയും ഏതു് നിമിഷവും തന്റെ ശത്രുവര്‍ഗ്ഗത്തിനു് ഇരയായിത്തീരാം. ദൈവം സംരക്ഷിക്കുമെന്ന ഉറപ്പില്‍ സ്വയം സംരക്ഷിക്കാതിരിക്കുന്ന ഏതെങ്കിലുമൊരു ജീവി ഭൂമിയില്‍ ഉണ്ടെന്നു് തോന്നുന്നില്ല. അതോ, വിശ്വാസികളായ മനുഷ്യരെപ്പോലെ ആകാശത്തിലെ പറവകളും പള്ളിയില്‍ നേര്‍ച്ചയിട്ടു് കാര്യം സാധിക്കുകയാണോ? ഇരതേടാനും ശത്രുക്കളുടെ പിടിയില്‍ പെടാതിരിക്കാനും ആകാശത്തിലെ പറവകളടക്കമുള്ള ജീവികള്‍ എത്രമാത്രം ബുദ്ധിമുട്ടണമെന്നതു് അവയ്ക്കേ അറിയൂ. അതു് മനുഷ്യനു് മനസ്സിലാവണമെന്നില്ല. മണവാളവസ്ത്രം ധരിച്ചു് സുവിശേഷം ഘോഷിച്ചു് തിന്നാനുള്ള അപ്പവും കുടിക്കാനുള്ള വീഞ്ഞും സംഘടിപ്പിക്കാനുള്ള ഭാഗ്യം ആ ജീവികള്‍ക്കില്ല. എല്ലാവരും ദൈവരാജ്യം ഘോഷിക്കാന്‍ തുടങ്ങിയാല്‍ അപ്പവും വീഞ്ഞും എവിടെനിന്നു് വരും? ഈ ഭൂമിയിലെ സാധാരണ മനുഷ്യരുടെ പുത്രന്മാരും പുത്രികളും അപ്പം കൊണ്ടും വീഞ്ഞുകൊണ്ടുമല്ല, അധികപങ്കും അദ്ധ്വാനിച്ചു് നേടുന്ന കപ്പയും കഞ്ഞിയുമൊക്കെക്കൊണ്ടാണു് നിത്യവൃത്തി കഴിച്ചുപോകുന്നതെന്ന സത്യം തുറന്നുപറയുന്നതു് ദൈവദൂഷണവും, അധികപ്രസംഗവുമൊക്കെ ആവുമോ എന്തോ! ഒന്നുകില്‍, ദൈവമക്കള്‍ ഈവിധം പരസ്പരം കൊലവിളിക്കുന്നതു് അന്തിമമായി അവസാനിപ്പിക്കണം, അല്ലെങ്കില്‍, ഏറ്റവും ചുരുങ്ങിയതു്, ഈ കൊലവിളി ന്യായീകരിക്കാന്‍ ദൈവനാമം പൊക്കിപ്പിടിക്കാതിരിക്കുകയെങ്കിലും ചെയ്യണം. മര്യാദയുടെ പേരില്‍ മാത്രമല്ല, മനുഷ്യത്വത്തിന്റേയും, വിശ്വാസയോഗ്യതയുടേയും പേരില്‍ അതിനുള്ള ലളിതമായ കടപ്പാടു് അറിയപ്പെടുന്ന ജൈവലോകത്തിലെ തത്ക്കാലത്തെ അന്തിമോത്പന്നമായ മനുഷ്യജാതിയ്ക്കുണ്ടെന്നു് താഴ്മയായി ഇവിടെ സൂചിപ്പിക്കുന്നു.

മൃഗങ്ങളില്‍ നിന്നു് വിഭിന്നമായി, സമൂഹത്തിലെ അസമത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണമെങ്കില്‍ മനുഷ്യര്‍ക്കു് കഴിയും. അനുയോജ്യമായ നിയമനിര്‍മ്മാണവും കഠിനമായ പ്രയത്നവും വഴിയാണു് പരിഷ്കൃതസമൂഹങ്ങള്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും മറ്റു് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതു്. സാമൂഹികപരിഷ്കരണം എന്നതു് മുദ്രാവാക്യം വിളിയോ സ്തോത്രം ചൊല്ലലോ പോലെ അത്ര എളുപ്പമുള്ള കാര്യമല്ല.

കളങ്കമില്ലാത്ത, നന്മനിറഞ്ഞ ഒരു ദൈവത്തില്‍നിന്നും കാപട്യവും തിന്മയും തിങ്ങിവിങ്ങുന്ന ഒരു ലോകം രൂപമെടുക്കുന്നതെങ്ങനെയെന്നു് എനിക്കു് മനസ്സിലാവുന്നില്ല. വിത്തുഗുണം പത്തുഗുണം എന്നല്ലേ ചൊല്ലുതന്നെ? ദൈവം സ്നേഹമെങ്കില്‍ ആ സ്നേഹത്തില്‍നിന്നും പാപികളും കൊലപാതകികളും ഉരുത്തിരിയുന്നതെങ്ങനെ? മീന്‍ പാമ്പിനെ ജനിപ്പിക്കുമോ? ചില മതപണ്ഡിതര്‍ വാദിക്കുന്നതുപോലെ, എന്തു് ചെയ്യണമെന്നും എന്തു് ചെയ്യാതിരിക്കണമെന്നും തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം മനുഷ്യനു് നല്‍കിയതു് ദൈവമെങ്കില്‍, അങ്ങനെയൊരു ദൈവം ഉള്ളതും ഇല്ലാത്തതും തമ്മില്‍ എന്തു് വ്യത്യാസം? അറിവിന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു് നന്മതിന്മകള്‍ തിരിച്ചറിയുന്നതു് പാപമാണെന്നു് കല്‍പിച്ചു് നിരോധിച്ച അതേ ദൈവം തന്നെ, നന്മതിന്മകള്‍ തിരിച്ചറിഞ്ഞു് തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം മനുഷ്യനു് നല്‍കി എന്നുപറഞ്ഞാല്‍ കാക്കാത്തി പോലും ഇക്കാലത്തു് വിശ്വസിക്കുമെന്നു് തോന്നുന്നില്ല. നിരുപാധികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യരുടെ സ്വാതന്ത്ര്യം ദൈവദത്തമെങ്കില്‍, അനുയായികള്‍ക്കു് ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മറ്റനവധി അടിസ്ഥാനസ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന മതങ്ങള്‍ ദൈവനിശ്ചയത്തിനു് എതിരായി പ്രവര്‍ത്തിക്കുകയല്ലേ ചെയ്യുന്നതു്? ദൈവേഷ്ടം അറിയുന്നവരെന്നും കാത്തുസൂക്ഷിക്കുന്നവരെന്നും അവകാശപ്പെടുന്നവര്‍ ദൈവതാല്‍പര്യങ്ങളെ വളച്ചൊടിക്കുന്നതു് ദൈവദൂഷണമാവില്ലെന്നുണ്ടോ?

(“The Creation of Adam” detail of the ceiling fresco in the Sistine Chapel, Vatican, by Michelangelo – ചിത്രത്തിനു് ഗൂഗിളിനോടു് കടപ്പാടു്.)

ആദാമിനെ സൃഷ്ടിക്കുന്ന ദൈവം മൈക്കെലാഞ്ചെലോയുടെ ഭാവനയില്‍പോലും താടി നീണ്ട ഒരു പുരുഷരൂപമായി മാത്രമേ വെളിപ്പെടുന്നുള്ളു. (ദൈവം തന്റെ രൂപത്തിലായിരുന്നല്ലോ മനുഷ്യനെ സൃഷ്ടിച്ചതു്. ദൈവത്തിനു് പില്‍ക്കാലത്തു് പലതരം മെറ്റമോര്‍ഫസിസ്‌ സംഭവിച്ചുവെങ്കിലും.) കണ്ണും ചെവിയും മൂക്കും നാക്കും തൊലിയും മനുഷ്യരൂപവുമുള്ള ഒരു ദൈവം തന്നെയാണു് ശൂന്യാകാശവും താരാപഥങ്ങളും സൃഷ്ടിച്ചതെന്നും പ്രവര്‍ത്തനക്ഷമമായി കാത്തുസൂക്ഷിക്കുന്നതെന്നും മനുഷ്യനിര്‍മ്മിതമായ ഉപകരണങ്ങള്‍ ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ തിരുമുറ്റത്തെത്തി അളന്നുകുറിച്ചുകൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യര്‍ വിശ്വസിക്കണമെന്നാണോ? അതുമാത്രവുമല്ല, ഏതു് മനുഷ്യന്റെ എത്ര തലമുടി എപ്പോള്‍ എവിടെ എങ്ങനെ കൊഴിയുന്നു എന്നതിന്റെ കൃത്യമായ കണക്കെടുത്തു് വരവുപോക്കുകള്‍ നിശ്ചയിക്കുന്നവന്‍ കൂടിയാവണം ദൈവം! – (മത്തായി 10: 30). എല്ലാം കാണുന്നവനായ ദൈവം മനുഷ്യരുടെ മലമൂത്രവിസര്‍ജ്ജനവും ഒളിഞ്ഞുനോക്കി കാണുന്നുണ്ടെന്ന ചിന്തമൂലം അങ്ങേയറ്റം നിര്‍ഭാഗ്യവതിയായിത്തീര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കഥ കേട്ടിട്ടുണ്ടു്. മറ്റാരും കാണുന്നില്ലെന്നും ശ്രദ്ധിക്കുന്നില്ലെന്നും ഉള്ള ഉറപ്പോടെ സ്വൈര്യമായി മറപ്പുരയില്‍ പോകാനും ദൈവം സമ്മതിക്കുകയില്ലെന്നു് വന്നാല്‍!?

മനുഷ്യരുടെ കണ്ണുനീരും കഷ്ടപ്പാടും കാണാന്‍ ദൈവത്തിനു് കഴിയണമെങ്കില്‍ അവനു് കണ്ണുകള്‍ വേണം. മനുഷ്യരുടെ രോദനങ്ങള്‍ കേള്‍ക്കണമെങ്കില്‍ അവനു് ചെവികള്‍ വേണം. മനുഷ്യര്‍ അര്‍പ്പിക്കുന്ന ഹോമയാഗങ്ങളുടേയും ദഹനയാഗങ്ങളുടേയും സൗരഭ്യവാസനയില്‍ ദൈവം സന്തുഷ്ടനാവണമെങ്കില്‍ അവനു് നാസാരന്ധ്രങ്ങള്‍ വേണം. മനുഷ്യരുടെ ദുഃഖത്തില്‍ ദുഃഖിക്കുവാനും സന്തോഷത്തില്‍ സന്തോഷിക്കുവാനും ദൈവത്തിനു് കഴിയണമെങ്കില്‍ അവനില്‍ വൈകാരികത ഉണ്ടാവണം. അതിലെല്ലാമുപരി, മനുഷ്യരുടെ പാപങ്ങളെ വെറുക്കുന്നവനും ദുര്‍ന്നടപ്പുകളെ ക്രൂരമായി ശിക്ഷിക്കുന്നവനുമാവണം ദൈവം. ചുരുക്കത്തില്‍, ദൈവം എങ്ങനെയുള്ളവന്‍ ആയിരിക്കണമെന്നു് മനുഷ്യരുടെയിടയിലെ ചില മൂപ്പന്മാര്‍ നിശ്ചയിച്ചുറപ്പിക്കുന്നു. അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ ദൈവദോഷികളാക്കി മരണശിക്ഷ നല്‍കി ഉന്മൂലനം ചെയ്തുകൊണ്ടു് അവര്‍ കാലക്രമേണ തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതും ദൈവദത്തവുമായ അവകാശമാക്കി മാറ്റുന്നു. ദൈവകല്‍പനകളും ന്യായപ്രമാണങ്ങളും കെട്ടിച്ചമച്ചു് ആദ്യം അവര്‍ മനുഷ്യരെ പാപികളാക്കിത്തീര്‍ക്കുന്നു. മനുഷ്യരുടെ അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങളില്‍ വരെ അവര്‍ ദൈവനാമം കാണിച്ചു് കണ്ണുരുട്ടി, കൈകടത്തി അധികാരം സ്ഥാപിക്കുന്നു. വിശുദ്ധ പൗലോസ്‌ തന്നെ ഇക്കാര്യം സമ്മതിക്കുന്നു: “എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല. മോഹിക്കരുതു് എന്നു് ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു് കല്‍പനയാല്‍ എന്നില്‍ സകലവിധ മോഹത്തേയും ജനിപ്പിച്ചു. ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.” – (റോമര്‍ 7: 7, 8) മനുഷ്യരുടെ പ്രകൃതിസഹജമായ വാസനകള്‍ പൈശാചീകരിക്കാനായി രൂപം കൊടുക്കപ്പെടുന്ന ന്യായപ്രമാണങ്ങള്‍ അന്യായപ്രമാണങ്ങളേ ആവൂ!

മനുഷ്യവര്‍ഗ്ഗം അറ്റുപോവാതിരിക്കാന്‍ പ്രകൃതി മറ്റു് സകല ജീവജാലങ്ങളിലുമെന്നപോലെതന്നെ മനുഷ്യരിലും സംജാതമാക്കുന്ന മൃദുലവികാരങ്ങളും മോഹങ്ങളുമെല്ലാം ദൈവദൃഷ്ടിയില്‍ ശാപാര്‍ഹമായ കൊടുംപാതകങ്ങളാണെന്നു് വരുത്തി, മനുഷ്യരില്‍ കുറ്റബോധം കുത്തിവച്ചു് പാപികളാക്കുന്നവര്‍ കുഞ്ഞാടുകളുടെ പാപവിമോചനത്തിനായി ദൈവത്തോടു് കേണപേക്ഷിക്കാന്‍ തങ്ങളെ വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ കൊണ്ടു് അലങ്കരിക്കുന്നു! വിശിഷ്ടവസ്ത്രങ്ങള്‍ ധരിച്ചവരുടെ യാചന കേട്ടാല്‍ മാത്രമേ ദൈവം കണ്ണുതുറക്കുകയുള്ളു എന്നതുകൊണ്ടാവാം ഒരുപക്ഷേ ലോകത്തിലെ അര്‍ദ്ധപ്പട്ടിണിക്കാര്‍ മുഴുപ്പട്ടിണിക്കാരായും, അര്‍ദ്ധദൈവങ്ങള്‍ പൂര്‍ണ്ണദൈവങ്ങളായും മാറിക്കൊണ്ടിരിക്കുന്നതു്. കഞ്ഞിക്കില്ലാത്തവന്‍ കസവുടയാട ധരിക്കുന്നതെങ്ങനെ? ഇല്ലായ്മകളും പോരായ്മകളും പരിഹരിക്കാന്‍ ദൈവസഹായം തേടി പള്ളിയില്‍ പോകുമ്പോഴും ഉള്ളതില്‍ നല്ല ഉടയാടകള്‍ വാരിച്ചുറ്റാന്‍ നിര്‍ബന്ധിതനാണു് മനുഷ്യന്‍. (അല്ലെങ്കില്‍ ദൈവം എന്തു് കരുതും?) എല്ലാം സംഭവിപ്പിക്കുന്നവനായ ദൈവം മനുഷ്യരുടെ സകല ദുരിതങ്ങളുടെയും ഉത്തരവാദിയാവണമെന്നിരിക്കെ, തിന്മയും ദുഃഖവും അനുഭവിക്കാന്‍ ഇടവരുമ്പോള്‍ അവയില്‍നിന്നും മോചനം നേടാന്‍ ഞായറാഴ്ച്ചവസ്ത്രങ്ങളില്‍ പൊതിഞ്ഞു് നേര്‍ച്ചകാഴ്ച്ചകളുമായി പള്ളിയിലെത്തുന്നവര്‍ ദൈവത്തിനു് കൈക്കൂലി കൊടുത്തു് ദൈവനിശ്ചയം അസാധുവാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നതു്? തിരുത്തേണ്ടിവരുന്ന തീരുമാനങ്ങള്‍ എടുക്കുന്ന, താന്‍ ചെയ്യുന്നതെന്തെന്നു് വലിയ നിശ്ചയമൊന്നുമില്ലാത്ത, സ്വന്തനിലപാടുകളിലെ മണ്ടത്തരങ്ങള്‍ മനസ്സിലാക്കാന്‍ പുരോഹിതന്റെ സഹായം വേണ്ടിവരുന്ന എന്തോ ഏതോ ആണോ ദൈവം? കഷ്ടപ്പെടുന്നവനെ സഹായിക്കണമെങ്കില്‍ അവന്‍ ഉള്ളവനെപ്പോലെ വേഷം കെട്ടി ദൈവസന്നിധി തേടിയെത്തണം എന്നു് നിഷ്കര്‍ഷിക്കുന്നതിനേക്കാള്‍, അവനു് കഷ്ടത വരുത്താതിരിക്കുന്നതാണു് യഥാര്‍ത്ഥ മനുഷ്യസ്നേഹവും, ദീനാനുകമ്പയുമെന്നു് അറിയാന്‍ കഴിവില്ലാത്തവനാവുമോ ദൈവം? ദൈവത്തിന്റെ പാദപീഠമായ ഈ ഭൂമിയിലെ മരച്ചുവടുകളിലും ചേരിപ്രദേശങ്ങളിലും ദാരിദ്ര്യം മൂലം എല്ലും തൊലിയുമായിത്തീര്‍ന്നു് മരണത്തോടു് മല്ലിടുന്ന ജനലക്ഷങ്ങളെ രക്ഷിക്കാനെന്ന പേരില്‍, കസവില്‍പ്പൊതിഞ്ഞ കാനോന്‍ പാണ്ഡിത്യങ്ങളര്‍പ്പിക്കുന്ന ദിവ്യബലിയും പ്രതീക്ഷിച്ചു് വര്‍ണ്ണച്ഛായാചിത്രങ്ങളാല്‍ അലംകൃതമായ ബസിലിക്കകളില്‍ കാത്തിരിക്കുന്ന ദീനദയാലുവും സകല മനുഷ്യരുടെയും സ്രഷ്ടാവുമായ ജഗദീശ്വരന്‍!

യേശു പറയുന്നതു് ശ്രദ്ധിക്കൂ: “പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്‍പനം ചെയ്യരുതു്. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ക്കു് തോന്നുന്നതു്. അവരോടു് തുല്യരാവരുതു്. നിങ്ങള്‍ക്കു് ആവശ്യമുള്ളതു് ഇന്നതു് എന്നു് നിങ്ങള്‍ യാചിക്കും മുന്‍പേ നിങ്ങളുടെ പിതാവു് അറിയുന്നുവല്ലോ.” – (മത്തായി 6: 8). പട്ടിണിപ്പാവങ്ങളായവര്‍ക്കു് വേണ്ടതു് വിശപ്പടക്കാന്‍ ആവശ്യമായ ആഹാരമാണെന്നു് തിരിച്ചറിയാന്‍ എന്നിട്ടും ദൈവത്തിനു് കഴിയാതെ പോകുന്നതു് ഒന്നുകില്‍ അവര്‍ ജാതികള്‍ ആയതിനാലോ അല്ലെങ്കില്‍, അവര്‍ ദൈവസഹായത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനു് വേണ്ടത്ര ശക്തി ഇല്ലാത്തതിനാലോ ഒക്കെ ആവാം!

പാപികളായ മനുഷ്യരെ രക്ഷപെടുത്താനായി സര്‍വ്വശക്തനായ ദൈവം ലോകാരംഭം മുതല്‍ പെടുന്ന കഷ്ടപ്പാടുകള്‍ ഹൃദയമുരുകുന്നവിധം വര്‍ണ്ണിച്ചുകൊണ്ടു്, ജീവിക്കാന്‍ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവരും, പാപം ചെയ്തതുമൂലം ദൈവദോഷികളായിത്തീര്‍ന്നവരുമായവരുടെ പാപക്കറപുരണ്ട ചില്ലിക്കാശുകളുപയോഗിച്ചു് പണിതുയര്‍ത്തി സുരക്ഷിതമാക്കിയ ബാബേല്‍ ഗോപുരങ്ങളിലെ കല്യാണവിരുന്നുകളിലേക്കു് സൗകര്യപൂര്‍വ്വം പിന്‍തിരിയുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക: ലോകാരംഭം മുതല്‍ ഇന്നോളം പരിശ്രമിച്ചിട്ടും ലോകത്തെ നന്നാക്കാനോ, രക്ഷിക്കാനോ കഴിയാത്ത ഒരു ദൈവത്തിനു് ആ ശ്രമം എന്നേക്കുമായി ഉപേക്ഷിക്കുവാനുള്ള സാമാന്യമായ മര്യാദ ഉണ്ടാവണം. മനുഷ്യരെ പാപവിമോചിതരാക്കുക എന്ന ദൈവത്തിന്റെ ഉള്ളിന്റെയുള്ളിലെ ലക്‍ഷ്യം സാദ്ധ്യമാക്കാന്‍ നോഹയുടെ കാലത്തെ മഹാപ്രളയത്തില്‍ മുങ്ങിച്ചാവേണ്ടിവന്ന മുഴുവന്‍ മനുഷ്യരുടേയും പേരില്‍ , ലോത്തിന്റെ കാലത്തു് തീയും ഗന്ധകവും കൊണ്ടു് കൊന്നൊടുക്കപ്പെട്ട സോദോമിലേയും, ഗോമോറയിലേയും ആയിരങ്ങളുടെ പേരില്‍, “കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരേണമേ” എന്നു് കരഞ്ഞപേക്ഷിച്ചിട്ടും കരുണ ലഭിക്കാതെ മനുഷ്യരുടെ നിത്യരക്ഷയെന്ന ലക്‍ഷ്യം നേടാന്‍ പ്രയോജനരഹിതമായി കുരിശില്‍ തൂങ്ങി മരിക്കേണ്ടിവന്ന ദൈവത്തിന്റെ ഏകജാതനായ യേശുവിന്റെ പേരില്‍, മതങ്ങള്‍ രൂപമെടുത്ത കാലം മുതല്‍ ഇന്നുവരെ ദൈവനാമത്തില്‍ ജീവനൊടുക്കേണ്ടിവന്ന കോടിക്കണക്കിനു് മനുഷ്യരുടെ പേരില്‍ അങ്ങനെയൊരു നടപടി വഴി സ്വന്തം കഴിവുകേടു് അംഗീകരിച്ചു് തന്റെ വിശ്വാസയോഗ്യത തെളിയിക്കുവാനുള്ള പ്രാഥമികമായ കടപ്പാടു് മനുഷ്യരോടു് നല്ലനടപ്പു് ആവശ്യപ്പെടുന്ന ഒരു ദൈവത്തിനു് തീര്‍ച്ചയായും ഉണ്ടെന്നാണെന്റെ വിശ്വാസം. മനുഷ്യസൃഷ്ടിമുതല്‍ ആയിരക്കണക്കിനു് വര്‍ഷങ്ങളിലൂടെ നിരന്തരം ശ്രമിച്ചിട്ടും, മനുഷ്യരെ നേര്‍വഴിക്കു് നടത്താന്‍ കഴിയാത്ത ഒരു ദൈവം “സര്‍വ്വശക്തനായവന്‍” എന്ന സ്വന്തം നാമവിശേഷണത്തിന്റെ പരിഹാസ്യതയെപ്പറ്റി ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു് പറയേണ്ടിവരുന്നതില്‍ ക്ഷമിക്കുക.

 

മുദ്രകള്‍: , ,

കുരുവിളയെ വിശുദ്ധനാക്കണം

എന്റെ വിനീതമായ ഈ അഭിപ്രായം ഒരു വളിപ്പോ കളിപ്പോ അല്ല. സൂക്ഷിച്ചുനോക്കിയാല്‍ ഇതിനുപിന്നിലെ മരണതുല്യമായ ആത്മാര്‍ത്ഥത ആര്‍ക്കും കാണാന്‍ കഴിയും. കുരുവിളയെന്ന നാമത്തില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നതു് കളങ്കമില്ലാത്ത ഒരാത്മാവാണു്. ആ പാപരാഹിത്യം കാണാന്‍ കഴിയാത്തതു് നോക്കുന്നവരുടെ വീക്ഷണത്രികോണത്തിന്റെ തകരാറുകൊണ്ടു് മാത്രമാണു്. അവര്‍ ഒരുനിമിഷം ജോസപ്പുപിതാവിന്റെ മൂലയിലേക്കു് മാറിനിന്നു് കാര്യങ്ങള്‍ വീക്ഷിക്കാനുള്ള സന്മനസ്സു് കാണിച്ചാല്‍ കുരുവിളപ്പിതാവിന്റെ സത്യസന്ധത മഷിയില്‍ തെളിയുന്നതുപോലെ വ്യക്തമാവുന്നതു് കാണാം.

ഹേയ്‌! പൊതുജനമേ! നിങ്ങള്‍ പണ്ടേതന്നെ കഴുതകളായതിന്റെ ഉത്തരവാദിത്തം എന്തു് നരകത്തിന്റെ പേരില്‍ പാവം കുരുവിളസാര്‍ അനുഭവിക്കണമെന്നു് ഒന്നു് പറഞ്ഞുതരുമോ?

ഒരു ക്രിസ്തീയസഭയില്‍ കുപ്പായമിടാത്തൊരു കുഞ്ഞാടിനു് ലഭിക്കാവുന്ന മുഴുവന്‍ ബഹുമതികളും ലഭിച്ച ഒരു ശുദ്ധമനസ്കനെ കുറ്റംവിധിച്ചു് കുരിശിലേറ്റുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതു് നരകവാസിയായ സാത്താനാണു്. തന്മൂലം കുഞ്ഞുങ്ങളേ! നിങ്ങള്‍ പോട്ടയിലേക്കു് ചെല്ലൂ. പിശാചുബാധയില്‍നിന്നും ഭൂതബാധയില്‍നിന്നും നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കൂ. അങ്ങനെ, സഭയില്‍ അനിതരസാധാരണമായ ദൈവഭയവും താഴാഴ്മയും ആത്മശുദ്ധിയും തെളിയിച്ചതിന്റെ പേരില്‍ ലെഫ്റ്റനന്റ്‌, കമാണ്ടര്‍, മേജര്‍, ജനറല്‍, ഷെവലിയര്‍ മുതലായ പദവികളുടെ ഭാരം യാതൊരു മടിയോ മുറുമുറുപ്പോ കൂടാതെ ഏറ്റുവാങ്ങിയ കുരുവിളപ്പിതാവിന്റെ യഥാര്‍ത്ഥവ്യക്തിത്വം മനസ്സിലാക്കാന്‍ ശ്രമിക്കൂ. സത്യം തിരിച്ചറിയാന്‍ കഴിയാതെ പോയതിനു് ദൈവത്തോടു് മാപ്പു് ചോദിക്കൂ. വീണ്ടും വീണ്ടും രട്ടുടുത്തു് ചാരക്കുഴിയിലിരുന്നു് വിലപിക്കൂ, അനുതപിക്കൂ!

അദ്ദേഹത്തിന്റെ വസ്തു ഇടപാടുകള്‍ക്കു് ആത്മീയവും ഭൗതികവുമായി പിന്‍തുണ നല്‍കിയവരുടെ മുന്‍പന്തിയില്‍ യേശു എന്ന പേരു് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതു് അദ്ദേഹത്തിന്റെ നിഷ്കളങ്കതയുടെ തെളിവല്ലെങ്കില്‍ പിന്നെയെന്താണു്? അജ്ഞരേ! നിങ്ങള്‍ പത്രവാര്‍ത്തകള്‍ കാണാറില്ലേ? വായിക്കാറില്ലേ? യേശുവിനെ നിങ്ങള്‍ക്കു് വിശ്വാസമില്ലെങ്കില്‍ വേണ്ട. ഏലക്കാടിന്റെ ആധാരത്തില്‍ കയ്യൊപ്പുവച്ച മോഹന്‍ലാലിനെയെങ്കിലും വിശ്വാസം വേണ്ടേ?

കേരളത്തിലെ പൊതുമരാമത്തിന്റെ പൊതുമന്ത്രിയായി അദ്ദേഹം ചെയ്യുന്ന നിസ്വാര്‍ത്ഥസേവനങ്ങളൊന്നും നിങ്ങള്‍ കാണുന്നില്ലേ? നടുറോഡില്‍ കിണറുകുഴിക്കാമെന്ന അത്യന്താധുനിക അറിവു് ജനങ്ങള്‍ക്കു് നേടിക്കൊടുക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതില്‍ അദ്ദേഹം അല്പമെങ്കിലും മടി കാണിച്ചോ? ദിനംപ്രതി എത്രപേരെയാണു് അദ്ദേഹം ജനനന്മക്കായി കേരളറോഡുകളിലെ കിണറുകളില്‍ ‍വീണു് ചാവാന്‍ വിടുന്നതു്? എത്ര പേരെയാണു് ബസുകളുടെ വീലുകള്‍ക്കടിയിലേക്കെറിഞ്ഞു് ചമ്മന്തിപ്പരുവമാക്കുന്നതു്? ഭാരതത്തിലെ ജനസംഖ്യ അല്‍പമെങ്കിലും കുറയ്ക്കാന്‍ റോഡില്‍ അപകടമരണങ്ങള്‍ വരുത്തിക്കൂട്ടി ചിക്കുന്‍ ഗുനിയയുമായി അദ്ദേഹം മത്സരിച്ചു് കഷ്ടപ്പെടുന്നതു് എന്തുകൊണ്ടു് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നില്ല? ഇതൊന്നും കാണേണ്ടതുപോലെ കാണാന്‍ നിങ്ങള്‍ക്കു് കഴിയാത്തതിനു് ആ പാവം എന്തു പിഴച്ചു?

പിടിപ്പുകേടുമൂലം, പൊതുമരാമത്തിനായി, പ്രയോജനരഹിതമായി പൊടിപൊടിച്ച കോടികളെ കേരളത്തിലെ ജനസംഖ്യ കൊണ്ടു് ഹരിച്ചാല്‍ ഓരോ കേരളീയനും തലയില്‍ വഹിക്കുന്ന കടം എത്രയെന്നു് അറിയാന്‍ കഴിയും. ഉപയോഗയോഗ്യമായ റോഡും, പാലവും ഉണ്ടാക്കാത്തതിന്റെ കടമാണു് അതെന്നതിനാല്‍ അതു് താങ്ങുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്നതു് ശരിയാവാം. പക്ഷേ, കടമെടുക്കുന്ന പണം ലക്‍ഷ്യം നിറവേറ്റാതെ ഏതാനും പോക്കറ്റുകളിലേക്കൊഴുകുന്നതു് കാണാനും അറിയാനും കണക്കുകൂട്ടാനും നിങ്ങള്‍ക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്വവും കുരുവിളസാര്‍ ഏറ്റെടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നതു്? പറയുന്നതിനും വേണ്ടേ സഖാക്കളേ ഒരു മര്യാദയൊക്കെ? ഷെവലിയര്‍ കുരുവിള ഒരു പാവമാണെന്നു് കരുതി അങ്ങനെയങ്ങു് മുതലെടുക്കാമോ?

കുരുവിളസാര്‍ ചെയ്ത അത്ഭുതപ്രവൃത്തികള്‍ക്കു് എണ്ണമില്ല. ഇത്രയേറെ അത്ഭുതങ്ങള്‍ ചെയ്ത ഒരു വിശുദ്ധനും ഇന്നോളം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാണു് പൊതുജനാഭിപ്രായം. അദ്ദേഹത്തിന്റെ സകല അത്ഭുതപ്രവൃത്തികളും എഴുതിയാല്‍ ആ പുസ്തകങ്ങള്‍ ലോകത്തിലെങ്ങും ഒതുങ്ങുമെന്നു് തോന്നുന്നില്ല.

ഭയം, ഭക്തി, താഴാഴ്മ, കീഴ്‌വഴക്കം, നീതിബോധം, ധര്‍മ്മബോധം, കുടുംബബോധം, കടല്‍കടന്നുള്ള അയല്‍പക്കസ്നേഹം അങ്ങനെ എണ്ണിയെണ്ണിപ്പറയാവുന്ന എത്രയോ സത്‌ഗുണങ്ങളുടെ ഉടമയായ ഒരു ജന-, സഭാ-, കുടുംബപ്രതിനിധിയും, മനുഷ്യസ്നേഹിയും, സാമൂഹികപരിഷ്കര്‍ത്താവും, മന്ത്രിയുമായ ഷെവലിയര്‍ കുരുവിളയെ അര്‍ഹിക്കുന്ന ബഹുമാനവും ആദരവും നല്‍കി അനശ്വരനാക്കാന്‍, അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ വിശുദ്ധനാക്കി പ്രഖ്യാപിക്കണം എന്നു് ഈ വിഷയവുമായി ബന്ധപ്പെട്ടവരോടു് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

അതോടൊപ്പം, ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം വലിച്ചുവാരി തലയില്‍ കയറ്റി റാങ്കുസഹിതം പരീക്ഷ പാസ്സായി, ഇപ്പോള്‍ “നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാതെ, മൂന്നാറിലെ കാട്ടില്‍ ചെന്നുകിടക്കുന്ന” നാരായണസ്വാമിയെ മാനസികസമനില തെറ്റിയവനായി പ്രഖ്യാപിച്ചു് ആദ്യം പോട്ടയിലും, പിന്നെ കുതിരവട്ടത്തും പൂട്ടിയിടണമെന്നും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ടു് ഞാന്‍ വിരമിക്കുന്നു. എനിക്കു് അല്പം തിരക്കുണ്ടു്.

(ഒരേക്കര്‍ ഏലത്തോട്ടം ഒപ്പിക്കാന്‍ പറ്റുമോന്നു് നോക്കണം. മൂന്നാറില്‍ ഒന്നു് റിസോര്‍ട്ടണം, റിസോര്‍ട്ടണംന്നൊരു മോഹം എനിക്കുംണ്ടെന്നു് കൂട്ടിക്കോളൂ.)

 
 

മുദ്രകള്‍: ,

ദൈവങ്ങള്‍ ‍, അര്‍ദ്ധദൈവങ്ങള്‍ – (4)

ഏതാനും വര്‍ഷങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്നവനായ മനുഷ്യന്‍ തനിക്കു് ചുറ്റും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി തനിക്കു് ശരിയെന്നു് തോന്നുന്ന ഒരഭിപ്രായം പറഞ്ഞാല്‍ അവനു് പരസ്യമായി വധശിക്ഷ വിധിക്കാന്‍വരെ ധൈര്യപ്പെടുന്ന മറ്റു് ചില മനുഷ്യരുടെ അതിനുള്ള അധികാരം ഒരു ദൈവം നല്‍കിയതെങ്കില്‍, ആ ദൈവവുമായി ഒരു വര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യര്‍ക്കു് പൊതുവായി എന്തെങ്കിലും ബന്ധമുണ്ടാവുന്നതെങ്ങനെയെന്നു് എനിക്കു് മനസ്സിലാവുന്നില്ല. യുക്തിസഹമായ എന്തു് നീതീകരണത്തിന്റെ പേരില്‍, ഏതെങ്കിലുമൊരു മനുഷ്യനു് തന്റെ “ദൈവികാധികാരം” അംഗീകരിക്കുന്ന സ്വന്തം അനുയായികളെ അല്ലാതെ, മറ്റു് മനുഷ്യരെ ദൈവനാമത്തില്‍ ശിക്ഷിക്കാനാവും? ഇംഗ്ലണ്ടിലെ നിയമം ജര്‍മ്മനിയില്‍ ബാധകമാവുമോ? ഒരു ഇംഗ്ലണ്ടുകാരന്‍ ജര്‍മ്മനിയിലെ റോഡുകളില്‍ ഇടതുവശത്തുകൂടി കാറോടിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ശിക്ഷാര്‍ഹനാവുന്നതു് ജര്‍മ്മന്‍ നിയമം അനുസരിച്ചാണു്. ജര്‍മ്മനിയില്‍ ഇംഗ്ലീഷുകാരുടെ നിയമം നടപ്പാക്കണമെന്നു് പറഞ്ഞാല്‍ ആരെങ്കിലും അതംഗീകരിക്കുമോ?

ഈ പ്രപഞ്ചത്തേസംബന്ധിച്ചു് കാര്യമായി ഒന്നുംതന്നെ ഇതുവരെ മനുഷ്യനു് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും, ഒരുപക്ഷേ ഒരിക്കലും അറിയാന്‍ കഴിയില്ലെന്നുമിരിക്കെ, തനിക്കു് അങ്ങേയറ്റം അജ്ഞാതമായ ഒരു പ്രപഞ്ചത്തിന്റെ “സ്രഷ്ടാവു്” ആവേണ്ട ഒരു സര്‍വ്വശക്തന്‍ തന്റെ പോക്കറ്റിലാണെന്നു് പഠിപ്പിക്കുന്ന മനുഷ്യരെപ്പറ്റി എന്തു് പറയാന്‍? ആകര്‍ഷണശക്തി, കാന്ത-വൈദ്യുതശക്തി, ആണവശക്തി ഇവയൊക്കെ മനസ്സിലാക്കി “ശക്തി” എന്ന വാക്കിനു് പുതിയ മാനങ്ങള്‍ നല്‍കാന്‍ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടുതന്നെ അധികം വര്‍ഷങ്ങളായിട്ടില്ല. ശക്തി എന്നാല്‍ എന്തെന്നു് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നതിനു് മുന്‍പേ സര്‍വ്വശക്തനെ പിടിച്ചു കൂട്ടിലാക്കാനും, അവനേക്കൊണ്ടു് തനിക്കു് തോന്നിയതൊക്കെ ചെയ്യിക്കാനും കഴിയുന്ന മനുഷ്യരെ വണങ്ങാതെന്തുചെയ്യും? വിശദീകരിക്കാന്‍ കഴിയാത്ത ചില പ്രപഞ്ചപ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ സഹായിച്ചേക്കാവുന്ന പ്രപഞ്ചത്തിലെ ഒരു അഞ്ചാം മൗലികശക്തിയെ തേടുകയാണു് ഇന്നു് ഭൗതികശാസ്ത്രജ്ഞര്‍. അതേസമയം, ഭാരതത്തില്‍ ഇന്നും പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടില്ലാത്ത കാക്കാത്തി കൈനോക്കി ഭാവി പ്രവചിക്കുക മാത്രമല്ല, ലോട്ടറി അടിക്കാന്‍ ഏതു് നിറത്തിലുള്ള അടിവസ്ത്രം ധരിച്ചുകൊണ്ടു് ടിക്കറ്റ്‌ വാങ്ങണമെന്നുവരെ കിറുകൃത്യമായി തത്തക്കിളിയെക്കൊണ്ടു് പറയിക്കുകയും ചെയ്യുന്നു! അപകടത്തില്‍ മുറിഞ്ഞറ്റുപോയ കാലു് സ്ത്രോത്രം ചൊല്ലി കൂട്ടിച്ചേര്‍ക്കാമെന്നു് വിശ്വസിക്കുന്നവരാണു് ശാസ്ത്രത്തേയും ഗവേഷണത്തേയും പരിഹസിക്കുന്നതു്! പ്രാര്‍ത്ഥനാപുസ്തകത്തിലെ അക്ഷരങ്ങള്‍ തെളിഞ്ഞു് കാണാന്‍ ധരിക്കുന്ന വെള്ളെഴുത്തുകണ്ണട അവര്‍ ഏദെന്‍തോട്ടത്തില്‍ നിന്നു് പെറുക്കി എടുത്തതാവുമോ?

ഒരു പ്രപഞ്ചനിയന്ത്രകശക്തി ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അതല്ല ഇവിടെ ചര്‍ച്ചാവിഷയം. ദൈവം എന്ന ആശയം അതില്‍ത്തന്നെ ഒരു വിഡ്ഢിത്തമാണെന്നു് വിളംബരം ചെയ്യുക എന്നതും ഇവിടെ ഉദ്ദേശ്യമല്ല. കാര്യസാദ്ധ്യത്തിനായി ഒരു പരിഹാസ്യചിത്രമാക്കി തരംതാഴ്ത്തപ്പെടുന്ന ദൈവമാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്നതു്. ഈശ്വരവിശ്വാസികളെ നിരീശ്വരവാദികളാക്കുക എന്നതൊന്നും എന്റെ ലക്‍ഷ്യമല്ല. പക്ഷേ കേള്‍ക്കുന്നതെന്തും മുഖവിലയ്ക്കെടുക്കാനുള്ള ഒരു ബാദ്ധ്യതയും എനിക്കില്ല എന്നു് ഞാന്‍ വിശ്വസിക്കുന്നു. അന്ധമായി എന്തും വിശ്വസിക്കാന്‍ മനുഷ്യര്‍ തയ്യാറാവരുതെന്നാണു് എന്റെ അഭിപ്രായവും. ദൈവീകമായ അരുളപ്പാടുകളും വെളിപാടുകളുമെല്ലാം ഉണ്ടായിട്ടുള്ളതു് ഇന്നുവരെ മനുഷ്യര്‍ക്കു് മാത്രമാണു്. മനുഷ്യരില്‍ അതിരുകവിഞ്ഞ വിശ്വാസം അര്‍പ്പിക്കുന്നതു് അങ്ങേയറ്റം അപകടകരമാണെന്നു് സ്വന്തം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ സ്വന്തനിലപാടു് ഏതെന്നു് ഓരോരുത്തരും അവരവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ തീരുമാനിക്കുന്നതിനോടു് എനിക്കു് യാതൊരു വിയോജിപ്പുമില്ല. പക്ഷേ, തന്റെ വിശ്വാസം മാത്രമാണു് ശരിയെന്നും, അതു് ഏതുവിധേനയും ആരിലും അടിച്ചേല്‍പ്പിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും തനിക്കുണ്ടെന്നുമുള്ള ആരുടെ നിലപാടും നീതീകരിക്കാനാവില്ല. ശാശ്വതമെന്നു് കരുതിയ എത്രയോ പരമസത്യങ്ങള്‍ കാലത്തിന്റെ കുത്തിയൊഴുക്കില്‍ തകര്‍ന്നുവീഴുന്നതു് ഇതിനോടകം ലോകം കണ്ടുകഴിഞ്ഞു!?

അന്യനിലപാടുകള്‍ മാത്രമല്ല, സ്വന്തനിലപാടുകളും വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുവാന്‍ ഏതു് സത്യാന്വേഷിക്കും കടപ്പാടുണ്ടു്. അതിനു് മടി കാണിക്കുന്നിടത്തു് യുക്തിചിന്തപോലും യുക്തിസഹമാവുകയില്ല. തത്വശാസ്ത്രപരമായും, പ്രകൃതിശാസ്ത്രപരമായും മനുഷ്യന്‍ ഇതുവരെ കൈവരിച്ച സങ്കീര്‍ണ്ണവും ആഴമേറിയതുമായ കാര്യങ്ങളില്‍ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായാലേ സ്വന്തനിലപാടുകളുടെ അപഗ്രഥനം ഒരു പരിധി വരെയെങ്കിലും വസ്തുനിഷ്ഠമാവുകയുള്ളു. വേദഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുമാത്രം തെറ്റുകള്‍ ശരിയോ, അവയില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടു് ശരികള്‍ തെറ്റോ ആവുകയില്ല. മനുഷ്യചേതന പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു അന്തിമ ഉത്പന്നമല്ല, നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഇന്നലെ വരെ ശരിയായിരുന്നവ എന്നേക്കും ശരിയാവണമെന്നില്ല. പല പുരാതനസമൂഹങ്ങളിലും നരബലി സ്വാഭാവികമായിരുന്നു. അതിനു് ധാരാളം തെളിവുകളുണ്ടു്. പക്ഷേ, ഇന്നു് ഏതെങ്കിലുമൊരു പരിഷ്കൃതസമൂഹം മനുഷ്യജീവനോടുള്ള ഈ കാട്ടാളത്തം അനുവദിക്കുമോ? ബൈബിളിലെ പഴയനിയമവും പുതിയനിയമവും വഴി നമുക്കു് ലഭിക്കുന്ന അക്കാലത്തെ സമൂഹത്തിന്റെ ചിത്രങ്ങളില്‍നിന്നും, ആ കാലഘട്ടത്തിലെ മനുഷ്യര്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളുടെ ഒരു ഏകദേശരൂപം വേണമെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനേക്കാള്‍ നികൃഷ്ടമായ നിലയില്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ഒരുപക്ഷേ ഇന്നും ലോകത്തില്‍ ഉണ്ടാവാം; ഇല്ലെന്നല്ല. ആടുമാടുകളെ ബലികഴിക്കലും, ഭൂതവും പ്രേതവും ബാധിക്കലും ഒഴിപ്പിക്കലും, മരിച്ചവരെ ഉയിര്‍പ്പിക്കലും, ദൈവവും മനുഷ്യനുമായുള്ള മല്‍പിടുത്തവുമൊക്കെ അന്നു് ആരും വിശ്വസിച്ചിരുന്ന സ്വാഭാവികതകളായിരുന്നു. അന്നുള്ളവരുടെ മാനസികനിലവാരവും അതിനനുസൃതം മാത്രമേ ആവാന്‍ കഴിയൂ. നിസ്സാരവും, പലപ്പോഴും മാനുഷികവുമായ പ്രവൃത്തികള്‍വരെ പാപങ്ങളായിക്കരുതി മരണശിക്ഷ വിധിക്കുകയും, അതിന്റെ പേരില്‍ മനുഷ്യരെ പരസ്യമായി കല്ലെറിഞ്ഞും തീയിലിട്ടും കൊല്ലുകയും ചെയ്തിരുന്ന ഒരു സമൂഹം എത്രമാത്രം പിന്നാക്കമായിരുന്നിരിക്കണമെന്നു് ചിന്തിക്കാവുന്നതേയുള്ളു. ഇന്നും ഇത്തരം കാട്ടാളത്തങ്ങള്‍ ഭാഗികമായെങ്കിലും നിയമപരമായി നിലനിര്‍ത്തുന്ന സമൂഹങ്ങള്‍ അവയുടെ അജ്ഞതയും മൃഗീയതയും സംസ്കാരശൂന്യതയുമാണു് വെളിപ്പെടുത്തുന്നതു്. മാനസികമായ വളര്‍ച്ചകൊണ്ടേ മൃഗീയത മൃഗീയതയാണെന്നു് മനസ്സിലാക്കപ്പെടുകയുള്ളു. സമൂഹത്തില്‍ നിലവിലിരിക്കുന്ന ദുരാചാരങ്ങള്‍ ദൂരീകരിക്കപ്പെടണമെങ്കില്‍ അവ ദുരാചാരങ്ങളാണെന്നു് മനസ്സിലാക്കപ്പെടണം. അവ എന്നേക്കുമായി കൈവെടിയേണ്ടതിന്റെ ആവശ്യം അംഗീകരിക്കപ്പെടണം. മലീമസവും ദുര്‍ഗ്ഗന്ധവാഹികളുമായ ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടാതെ അതു് സാദ്ധ്യമാവുകയില്ല. അതു് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവരാണു് യഥാര്‍ത്ഥ സമൂഹദ്രോഹികള്‍.

കുട്ടികള്‍ എറിഞ്ഞോടിച്ചു് വഴിമുട്ടിനില്‍ക്കുന്ന ഒരു ശുനകന്റെ അടുത്തേക്കു് വെറുംകയ്യോടെ ചെല്ലുന്നവന്റേയും നേരെ കുരയ്ക്കാനും, പറ്റിയാല്‍ കടിക്കാനുമേ ആ ജീവിക്കു് കഴിയൂ. തലമുറകളിലൂടെ ഭയപ്പെടുത്തി നിശബ്ദരാക്കിയ മനുഷ്യരുടെ, മാറ്റങ്ങളെ നിരുപാധികം എതിര്‍ക്കാനുള്ള പ്രവണതയും ഈ ഉദാഹരണത്തിനു് തുല്യമാണു്. ശിക്ഷണം വഴി തുറക്കപ്പെട്ട ഒരു മനസ്സിലേ സഹിഷ്ണുതയ്ക്കും പ്രതിപക്ഷബഹുമാനത്തിനും ഇടമുണ്ടാവുകയുള്ളു. വിമോചനം പരമാവധി ദുര്‍ഘടമായ വിധത്തില്‍, ആജീവനാന്തം തന്റെ ബാല്യകാലശിക്ഷണത്തിന്റെ അടിമയായിരിക്കും മനുഷ്യന്‍ എന്നു് എത്ര പറഞ്ഞാലും മതിയാവുമെന്നു് തോന്നുന്നില്ല. “കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍” എന്ന സാര്‍വ്വലൗകികക്ഷണപ്പത്രവുമായി കാത്തിരിക്കുന്നവരുടെ നിഗൂഢലക്‍ഷ്യവും മനുഷ്യമനസ്സിന്റെ, അഥവാ മസ്തിഷ്കത്തിന്റെ ഈ ബലഹീനത മുതലെടുക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. മസ്തിഷ്കപ്രക്ഷാളണം ചെയ്യപ്പെട്ട കുറേ ചാവേര്‍പ്പടകള്‍ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ നിലനില്‍പ്പിനു് എന്നും അനിവാര്യമായിരുന്നല്ലോ. അരയിലുറപ്പിച്ച ബോംബുമായി നിരപരാധികളായ മനുഷ്യരുടെയിടയിലെത്തി തന്നേയും അവരേയും സ്ഫോടനത്തിനിരയാക്കുന്ന ദൈവത്തിന്റെ സേനാനായകന്മാരും അരയില്‍ ബോംബുമായി ജനിക്കുകയായിരുന്നില്ല, ബോംബേറുകാരായി തീരുകയായിരുന്നു, അഥവാ അവരെയങ്ങനെ ആക്കിത്തീര്‍ക്കുകയായിരുന്നു.

“തത്വചിന്താപരമായ ഏതു് നിലപാടിലാണു് നമ്മള്‍ ഇന്നു് നില്‍ക്കുന്നതെങ്കിലും, ആ നിലപാടില്‍നിന്നുകൊണ്ടു് വീക്ഷിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്നു എന്നു് വിശ്വസിക്കുന്ന ലോകത്തെസംബന്ധിച്ച തെറ്റിദ്ധാരണകളാണു് ഏറ്റവും തീര്‍ച്ചയായതും, ഉറപ്പായതുമായി നമുക്കു് കാണാന്‍ കഴിയുന്നതു്” – ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ.

(തുടരും)

 

മുദ്രകള്‍: , ,

ഒരു അമ്മയുടെ ഓര്‍മ്മക്കു്

(മദ്യപിക്കാന്‍ പണം കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു് കത്തിച്ചു എന്ന ഒരു പത്രവാര്‍ത്തയാണു് ഈ കഥയുടെ ആധാരം)

ലഹളയിട്ടുകൊണ്ടാണു് അന്നും പപ്പയും മമ്മിയും വൈകിട്ടു് വീട്ടില്‍ വന്നുകയറിയതു്. കൂലിപ്പണി കഴിഞ്ഞു് മമ്മി മടങ്ങി വരുമ്പോള്‍ പപ്പ കവലയില്‍ കാത്തുനില്‍ക്കുന്നതു് പതിവായിരുന്നു. പണിക്കൂലി പിടിച്ചുവാങ്ങി, കടം വാങ്ങി കുടിച്ച മദ്യത്തിന്റെ പണം കൊടുത്തുതീര്‍ക്കുക അതാണു് ലക്‍ഷ്യം. പലപ്പോഴും മമ്മി പണം കൊടുക്കുമായിരുന്നു. കൊടുക്കാത്ത ദിവസങ്ങളില്‍ ലഹളയാണു്. കുടിച്ചതിന്റെ അളവിനനുസരിച്ചു് ലഹളയും നീണ്ടുപോവും. അയല്‍ക്കാര്‍ വന്നു് ബഹളം വച്ചാല്‍ ചിലപ്പോള്‍ ലഹള നിറുത്തും. ചിലപ്പോള്‍ അവരോടും പപ്പ വഴക്കിടും. അതിരാവിലെ എഴുന്നേറ്റു് പണിക്കു് പോകേണ്ട മമ്മിക്കു് പലപ്പോഴും പാതിരാത്രിക്കു് ശേഷവും ഉറങ്ങാന്‍ കഴിയാതിരുന്നിട്ടുണ്ടു്. ആദ്യമാദ്യം മമ്മി പതിവായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കരയുമായിരുന്നു. കരഞ്ഞുകരഞ്ഞു് ഉറങ്ങുമായിരുന്നു. പിന്നെപ്പിന്നെ ആയപ്പോള്‍ കരയാതായി. കരയാതെ വെറുതെ കിടക്കും. എപ്പോഴെങ്കിലും ഉറങ്ങും. ലഹള തുടങ്ങുമ്പോള്‍ ഞാന്‍ ഒരു മൂലയില്‍ എല്ലാം കണ്ടുകൊണ്ടു് ഒളിച്ചിരിക്കാറാണു് പതിവു്. രാത്രിയേറെച്ചെന്നിരുന്നു. പെട്ടെന്നായിരുന്നു അതു്. പപ്പയുടെ കയ്യില്‍ ഒരു വാക്കത്തി! അതുകൊണ്ടു് പപ്പ മമ്മിയുടെ കഴുത്തിനു് വെട്ടി. താഴെ വീണ മമ്മിയുടെ ദേഹത്തു് തലേദിവസം വാങ്ങിയ മണ്ണെണ്ണ മുഴുവന്‍ ഒഴിച്ചതും തീപ്പെട്ടി ഉരച്ചു് തീവച്ചതും എല്ലാം നിമിഷം കൊണ്ടെന്നോണം കഴിഞ്ഞു. ഇതിനിടയിലെല്ലാം പപ്പ നിറുത്താതെ തെറി വിളിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടെന്നറിയില്ല, ഓടാനാണു് എനിക്കു് തോന്നിയതു്. പപ്പ എന്തിനോ അടുക്കളയിലേക്കു് പോയ തക്കത്തിനു് ഞാന്‍ ഇറങ്ങി ഓടി. മമ്മിയുടെ മരിച്ച ശരീരം അപ്പോഴും കത്തിക്കൊണ്ടിരുന്നു.

ഞാന്‍ ഓടി, അടുത്തൊരു വനത്തിലേക്കു്. രാത്രിയില്‍ ഒറ്റക്കു് മുറ്റത്തിറങ്ങാന്‍ പോലും എനിക്കു് ഭയമായിരുന്നു. പക്ഷേ, ഇപ്പോള്‍ എനിക്കു് ഇരുട്ടിനേയോ വനത്തിനേയോ ഭയം തോന്നിയില്ല. ഭയം പപ്പയെ മാത്രമായിരുന്നു. എനിക്കു് ജന്മം നല്‍കിയ മനുഷ്യനെ. വനത്തിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിലെ കുറ്റിക്കാട്ടില്‍ ഞാന്‍ ഒളിച്ചിരുന്നു. വീടിരുന്ന ഭാഗത്തു് ഒരു വലിയ തീജ്വാല ഉയര്‍ന്നു് പൊങ്ങുന്നതു് കണ്ടു. വീടും തീപിടിച്ചു് കത്തുകയായിരുന്നു. ഞാന്‍ എന്റെ കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു. പപ്പയോടുള്ള ഭയവും മമ്മിയേപ്പറ്റിയുള്ള ചിന്തകളുമായിരുന്നു എന്റെ മനസ്സുനിറയെ.

പത്തുവര്‍ഷം മുന്‍പായിരുന്നു പപ്പയുടെയും മമ്മിയുടെയും വിവാഹം. മമ്മിയുടെ അപ്പനു് ആകെയുണ്ടായിരുന്നതു് കത്തിക്കൊണ്ടിരിക്കുന്ന എന്റെ ഈ മമ്മിയും ഈ കുടിലും അതിനുചുറ്റുമുള്ള ഇത്തിരി മണ്ണുമായിരുന്നു. അതായിരുന്നു “സ്ത്രീധനം”. മമ്മിയുടെ അമ്മ നേരത്തേ മരിച്ചുപോയിരുന്നു. അതിനടുത്ത വര്‍ഷം ഞാന്‍ ജനിച്ചു. എന്നെ ജിതുമോന്‍ എന്നു് വിളിക്കണമെന്നതു് മമ്മിയുടെ ആഗ്രഹമായിരുന്നു. മമ്മിയെ മമ്മിയെന്നും പപ്പയെ പപ്പയെന്നും വിളിക്കണമെന്നതും മമ്മിയുടെ ആഗ്രഹമായിരുന്നു. പാവപ്പെട്ടവര്‍ക്കു് അതൊന്നും യോജിച്ചതല്ല എന്നു് എന്റെ ‍ വലിയപ്പച്ചന്‍ ആദ്യമാദ്യമൊക്കെ തടസ്സം പറയുമായിരുന്നു. വിവാഹത്തിനു് ഏതാനും നാള്‍ മുന്‍പു് മമ്മി കണ്ട ഒരു സിനിമയിലെ നായികയുടെ കുഞ്ഞുമോന്റെ പേരും ജിതുമോന്‍ എന്നായിരുന്നു. അവന്റെ മാതാപിതാക്കളെ അവനും മമ്മിയെന്നും പപ്പയെന്നുമായിരുന്നു വിളിച്ചിരുന്നതു്. മമ്മി രണ്ടോ മൂന്നോ സിനിമകളേ ആകെ കണ്ടിട്ടുണ്ടായിരുന്നുള്ളു. കുഞ്ഞായിരുന്നപ്പോള്‍ അതിന്റെ കഥകള്‍ എന്നെ മടിയിലിരുത്തി മമ്മി പറഞ്ഞുതരുമായിരുന്നു. ആ സിനിമയിലെ നായകനും നായികയും നയിച്ചിരുന്നതുപോലൊരു ജീവിതമായിരുന്നു എന്റെ മമ്മിയും സ്വപ്നം കണ്ടിരുന്നതു്.

പപ്പക്കു് ഒരു കമ്പനിയില്‍ പണിയുണ്ടായിരുന്നു. എതാനും വര്‍ഷം മുന്‍പു് ആ കമ്പനി പൂട്ടി. പപ്പയുടെ പണി പോയി. അതോടെ പപ്പ മദ്യപിക്കാന്‍ തുടങ്ങി. അതറിഞ്ഞതുമുതല്‍ വലിയപ്പച്ചന്‍ ദുഃഖിതനായിരുന്നു. ഒരുദിവസം എന്നേയും മമ്മിയേയും അടുത്തുവിളിച്ചിരുത്തി വലിയമ്മച്ചിയേപ്പറ്റിയും മമ്മിയുടെ കുട്ടിക്കാലത്തേപ്പറ്റിയുമൊക്കെ ഒരുപാടു് കഥകള്‍ വലിയപ്പച്ചന്‍ ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു. അന്നു് വൈകിട്ടു് ഉറങ്ങാന്‍ കിടന്ന വലിയപ്പച്ചന്‍ പിന്നീടൊരിക്കലും ഉണര്‍ന്നില്ല. ദാരിദ്ര്യം താങ്ങാനാവാതെ വന്നപ്പോള്‍ മമ്മി കൂലിപ്പണിക്കും വീട്ടുജോലിക്കും ഒക്കെ പോകാന്‍ തുടങ്ങി. മമ്മി വൈകിട്ടു് തിരിച്ചുവരുമ്പോള്‍ ധനികവീടുകളില്‍നിന്നു് കിട്ടുന്ന ആഹാരങ്ങള്‍ എനിക്കായി കൊണ്ടുവരുമായിരുന്നു. ഞാന്‍ അതു് കഴിക്കുമ്പോള്‍ മമ്മി അടുത്തിരുന്നു് എന്റെ തലമുടിയില്‍ തലോടുമായിരുന്നു. അപ്പോഴെല്ലാം മമ്മിയുടെ കണ്ണുകള്‍ നിറയുന്നതു് എന്നില്‍നിന്നും മറച്ചുപിടിക്കാന്‍ മമ്മി പാടു് പെടുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. അപ്പോള്‍ മമ്മി എന്താണു് ആലോചിച്ചിരുന്നതെന്നു് എനിക്കറിയില്ല. എന്റെ പപ്പ മമ്മിയെ അടുത്തിരുത്തി തലമുടിയില്‍ തലോടുന്നതു് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ എന്റെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്ന മമ്മിയുടെ തലമുടിയില്‍ ഞാന്‍ തിരിച്ചും തലോടിയപ്പോള്‍ മമ്മി നിയന്ത്രണം വിട്ടു് പൊട്ടിക്കരഞ്ഞു. മമ്മിയെ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാനായി പിന്നീടു് അങ്ങനെ ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇനിയൊരിക്കലും എന്റെ ജീവിതത്തില്‍ അതുപോലുള്ള നിമിഷങ്ങള്‍ ഉണ്ടാവുകയില്ല എന്നു് ചിന്തിച്ചപ്പോള്‍ എനിക്കു് ശ്വാസം കിട്ടാത്തതുപോലെ തോന്നി. കാറ്റിനു് മനുഷ്യശരീരം കത്തിക്കരിയുന്ന മണമുണ്ടായിരുന്നു. എനിക്കതു് എന്റെ മമ്മിയുടെ മണമായിരുന്നു. ആ മണമേറ്റു്, ആ കുറ്റിക്കാട്ടിലിരുന്നു് എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി.

ഉണര്‍ന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചു് ഉയര്‍ന്നുകഴിഞ്ഞിരുന്നു. ഞാന്‍ വീടിനെ ലക്‍ഷ്യമാക്കി നടന്നു. വീടിരുന്നിടത്തു് ചാരം മാത്രമേ ഉണ്ടായിരുന്നുള്ളു. മമ്മിയുടെ ശരീരം അവിടെ കണ്ടില്ല. പപ്പയും അവിടെ ഉണ്ടായിരുന്നില്ല. കുറേ നാട്ടുകാര്‍ അവിടെ ചുറ്റിപ്പറ്റിനിന്നിരുന്നു. ചില പോലീസുകാര്‍ എന്തൊക്കെയോ ചെയ്തുകൊണ്ടു് അതിലെ നടന്നിരുന്നു. ആരോ എന്നെ പോലീസുകാര്‍ക്കു് ചൂണ്ടിക്കാട്ടി. പപ്പയുടെ അകന്ന ബന്ധുക്കളായ ഒരു ചേട്ടന്റേയും ചേച്ചിയുടെയും കൂടെ ആ പോലീസുകാര്‍ എന്നെ പറഞ്ഞുവിട്ടു. അവര്‍ ഇക്കാര്യം നേരത്തെതന്നെ ആലോചിച്ചിരുന്നതുപോലെയായിരുന്നു സംസാരം.

ആ ചേച്ചി മമ്മിയേക്കാള്‍ ഇളയതായിരുന്നു. അവര്‍ക്കു് മക്കളുണ്ടായിരുന്നില്ല. ചേട്ടന്‍ രാവിലെ ജോലിക്കു് പോയാല്‍ ഇരുട്ടിയിട്ടേ മടങ്ങിവരൂ. ചേട്ടന്‍ ഇല്ലാത്ത അവസരങ്ങളില്‍ മിക്കപ്പോഴും അവിടെ ശുഭ്രവസ്ത്രധാരികളായ പുരുഷന്മാര്‍ വരാറുണ്ടായിരുന്നു. എന്തുകൊണ്ടോ പിന്‍വാതിലിലൂടെയായിരുന്നു അവര്‍ അകത്തുകടന്നിരുന്നതു്. അവര്‍ വലിയ വലിയ ആളുകളും ചേട്ടനു് വേണ്ടപ്പെട്ടവരുമാണെന്നാണു് ചേച്ചി എന്നോടു് പറഞ്ഞിരുന്നതു്.അവര്‍ വരുന്ന ദിവസങ്ങളില്‍ ചേച്ചി എന്നെ വീടിനു് പുറത്തേക്കു് പറഞ്ഞുവിടുമായിരുന്നു. അവര്‍ ആരാണെന്നറിയണമെന്ന ആഗ്രഹം എനിക്കു് ഒട്ടുമുണ്ടായിരുന്നില്ല. ആ ചേച്ചിക്കു് ചേട്ടനോടു് പക്ഷേ വളരെ സ്നേഹമായിരുന്നു. ചേട്ടന്‍ എത്തുമ്പോഴേക്കും ആഹാരമെല്ലാം റെഡിയാക്കി എന്നും കാത്തിരിക്കുന്ന ആ ചേച്ചിക്കു് ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്റെ മമ്മിക്കു് അതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല.

ഒരു ദിവസം ആ ചേട്ടന്‍ എന്നെ ഒരു പാതിരിയുടെ വീട്ടില്‍ ജോലിക്കായി കൊണ്ടുപോയി ആക്കി. (പപ്പ പോലീസ് സ്റ്റേഷനില്‍ വച്ചു് മരിച്ച വിവരം വഴിക്കുവച്ചാണു് ആ ചേട്ടന്‍ എന്നോടു് പറഞ്ഞതു്.) പാതിരി പറയുന്ന പണികളൊക്കെ ചെയ്താല്‍ മതി. ആഹാരവും വസ്ത്രവും തരും. അതില്‍ കൂടുതല്‍ എന്തുവേണമെന്നു് ആ ചേട്ടനും പാതിരിയും ചോദിച്ചപ്പോള്‍ അതു് ശരിയാണെന്നു് എനിക്കും തോന്നി. എന്നും വൈകിട്ടു് കുളിച്ചിട്ടേ കിടക്കാവൂ എന്നു് അച്ചന്‍ എന്നോടു് പ്രത്യേകം പറഞ്ഞു. എനിക്കു് കിടക്കാന്‍ തന്ന പായും തലയണയുമായി ഞാന്‍ തറയില്‍ കിടന്നു. ഉറങ്ങാന്‍ ആരംഭിക്കുകയായിരുന്നു. അപ്പോഴാണു് വല്ലാതെ കുളിരുന്നതിനാല്‍ അച്ചന്റെ കൂട്ടത്തില്‍കിടന്നു് കുളിരുമാറ്റിക്കൊടുക്കാന്‍ അച്ചന്‍ എന്നെ വിളിച്ചതു്. അച്ചന്‍ കുളിരുമാറുന്നതുവരെ എന്നെ മെത്തയില്‍ അങ്ങോട്ടുമിങ്ങോട്ടുമിട്ടു് ഉരുട്ടിക്കൊണ്ടിരുന്നു. കുളിരുമാറിയപ്പോള്‍ അച്ചന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. എന്നോടു് വീണ്ടും തറയില്‍പോയി കിടക്കാന്‍ അച്ചന്‍ ആവശ്യപ്പെട്ടു. എന്റെ തുടകളില്‍ കഫം പോലെ വഴുവഴുപ്പുള്ള ഏതോ ദ്രാവകം ഒട്ടിപ്പിടിച്ചിരുന്നു. പിറ്റേദിവസം ഏതോ വലിയ ഒരു ചടങ്ങില്‍ അച്ചനു് പ്രസംഗിക്കാനുണ്ടായിരുന്നു. അച്ചന്റെ കൂര്‍ക്കം വലി കേട്ടുകൊണ്ടു് ഉറങ്ങാതെ കിടന്നപ്പോള്‍ അറപ്പായിരുന്നു മനസ്സുനിറയെ. അച്ചനുണരുന്നതിനുമുന്‍പു് അവിടം വിടണമെന്ന ഒരു മോഹമേ എനിക്കുണ്ടായിരുന്നുള്ളു.

കവലയിലെ ഒരു കടത്തിണ്ണയില്‍ എത്തിയപ്പോള്‍ നേരം ശരിക്കും വെളുത്തിരുന്നില്ല. ആരെ ആശ്രയിക്കാന്‍? എങ്ങോട്ടു് പോകാന്‍? ആദ്യം ആ വഴി വന്നതു് ഒരു പാറമടയില്‍ മെറ്റല്‍ പൊട്ടിക്കാന്‍ പോകുന്നവരായിരുന്നു. മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവരോടൊപ്പം കൂടി. പെണ്ണുങ്ങള്‍ നിറുത്താതെ കലപിലയിട്ടു് ചിരിച്ചുകൊണ്ടിരുന്നു. എന്റെ മമ്മി ഇങ്ങനെ ചിരിക്കുന്നതു് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഇവര്‍ക്കു് ദുഃഖമില്ലായിരിക്കാം. പാറമടയിലെത്തി. ഓരോരുത്തരും ചുറ്റികയുമായി അവരവരുടെ “സീറ്റുകളിലേക്കു്” പോയി. മേല്‍നോട്ടക്കാരന്‍ ചോദിച്ചു: “നീ പണിയാന്‍ വന്നതാണോ?” “അതേ.” എനിക്കും കിട്ടി ഒരു ചുറ്റിക. എന്റെ സീറ്റു് ഇരിക്കാന്‍ മാത്രം വലിപ്പമുള്ള ഒരു കല്ലായിരുന്നു. അതില്‍ ഇരുന്നു് ജോലി ചെയ്തിരുന്നവന്‍ മദ്യപിച്ചു് കരള്‍ ദ്രവിച്ചു് കഴിഞ്ഞ ദിവസങ്ങളില്‍ എന്നോ മരിച്ചുപോയി എന്ന കാര്യം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അറിഞ്ഞതു്. ഒരുപക്ഷേ, ഈ കല്ലില്‍ തന്നെയാവാം എന്റേയും അവസാനം. പക്ഷേ, എനിക്കുശേഷം ഈ കല്ലേറ്റെടുക്കുന്നവനോടു് മുന്‍ഗാമി കുടിച്ചു് കരള്‍ ദ്രവിച്ചാണു് മരിച്ചതെന്നു് ആരും പറയുകയില്ല എന്നെനിക്കുറപ്പായിരുന്നു.

വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ഇതുവരെ എത്ര ആയിരം പ്രാവശ്യം എന്റെ കയ്യിലെ ചുറ്റിക ഉയരുകയും താഴുകയും ചെയ്തു എന്നെനിക്കറിയില്ല. എന്റെ മമ്മിയുടെ മരണശേഷം ഞാന്‍ ചിരിച്ചിട്ടില്ല. എനിക്കാരോടും പരാതിയുമില്ല. മമ്മി എരിഞ്ഞടങ്ങിയ തറയില്‍ വീണ്ടുമൊരു കുടില്‍ രൂപമെടുത്തു. കടങ്ങള്‍ ഇന്നു് ആരോടുമില്ല. മിക്കപ്പോഴും എന്റെ മമ്മി സ്വപ്നങ്ങളിലൂടെ എന്റെ അടുത്തെത്താറുണ്ടു്. ഞാന്‍ ആഹാരം കഴിക്കുന്നതു് നോക്കിയിരിക്കാറുണ്ടു്. എന്റെ മുടിയില്‍ തലോടാറുണ്ടു്. ചിലപ്പോള്‍ ചിതയുടെ നാളങ്ങളില്‍ മിന്നിത്തിളങ്ങി, മമ്മിയുടെ സിനിമയിലെ നായികയേപോലെ, ഒരു രാജകുമാരനുതുല്യനായ ജിതുമോനെയും മടിയില്‍വച്ചു്…

 
10അഭിപ്രായങ്ങള്‍

Posted by on ഓഗസ്റ്റ് 20, 2007 in കഥ

 

മുദ്രകള്‍:

ഒരു കൊച്ചുകഥ

ഇളം ചൂടുള്ള ഒരു ശരത്‍ക്കാലസായാഹ്നം. വോള്‍ടയര്‍ നടക്കാനിറങ്ങിയതായിരുന്നു. ഒരു ചിന്തകനായതുകൊണ്ടു് സ്വാഭാവികമായും പലപല ചിന്തകളും കൂടെയുണ്ടായിരുന്നു. അങ്ങനെ സ്വയം മറന്നെന്നോണം നടന്നുനീങ്ങുന്നതിനിടയിലാണു് വഴിയരികിലെ ഒരു ചെളിക്കുഴിയില്‍ കുറേ പന്നികള്‍ ഉരുണ്ടുമറിയുന്നതു് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടതു്. (അക്കാലത്തു് ഫ്രാന്‍സില്‍ പന്നികള്‍ക്കു് റോഡരുകിലെ ചെളിക്കുഴികളില്‍ പടിയാന്‍ അനുവാദമുണ്ടായിരുന്നു.) പന്നികളുടെ മലവും മൂത്രവുമൊക്കെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ചേര്‍ക്കുഴി.
“പാവങ്ങള്‍! അറിവില്ലായ്മകൊണ്ടാവും. കഷ്ടം തന്നെ.” വോള്‍ടയര്‍ ചിന്തിച്ചു.
“ഹേയ്‌! സുഹൃത്തുക്കളെ, പന്നികളെ!”
ഒരു പന്നി പ്രതിനിധി മുന്നോട്ടുവന്നു.
“ങൂം! എന്തുവേണം?”
“എനിക്കൊന്നും വേണ്ട. എന്നാലും ഈ ദുര്‍ഗ്ഗന്ധം എങ്ങനെ നിങ്ങള്‍ സഹിക്കുന്നു എന്നു് ആലോചിച്ചുപോയി.”
“ഇതിനിപ്പോ എന്താ ഒരു കുഴപ്പം?”
“ശരീരശുദ്ധിക്കു് ശുദ്ധജലത്തിലെ കുളിയായിരുന്നില്ലേ ഭേദം എന്നൊരു തോന്നല്‍ !”
“ഹേയ്‌! വോള്‍ടേരേ, നരനായേ!”
“എന്തോ?”
“താന്‍ തീട്ടം തിന്നിട്ടുണ്ടോ?”
“ഇല്ല.”
“എന്നെങ്കിലും തിന്നാന്‍ ആഗ്രഹമുണ്ടോ?”
“എനിക്കു് തോന്നുന്നില്ല.”
“എടാ മരമാക്രീ!”
“എന്തോ?”
“താന്‍ തീട്ടക്കുഴിയില്‍ പടിഞ്ഞിട്ടുണ്ടോ?”
“ഇല്ല.”
“എന്നെങ്കിലും പടിയാന്‍ ആഗ്രഹമുണ്ടോ?”
“ഞാന്‍ അങ്ങനെ കരുതുന്നില്ല.”
“പിന്നെ മഹത്തായ വരാഹസമൂഹത്തേസംബന്ധിച്ചു് എന്തു് മനസ്സിലാക്കാനാണു് താന്‍ വ്യാമോഹിക്കുന്നതു്?”
“ഞാന്‍… അതു്…”
“എടോ കഴുതേ!”
“എന്തോ?”
“താന്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?”
“അതിപ്പോ ദൈവം തത്വചിന്താപരമായി…”
“ഹേയ്‌! വോള്‍ടേരേമാനെ! താന്‍ ഇങ്ങോട്ടുനോക്കിക്കേ! താന്‍ എന്നെ കണ്ടോ? ഈ നില്‍ക്കുന്ന ഞാനാണു് ദൈവം. ഈ ചേറു്! ഇതാണു് സത്യം! ഇനി തന്നെ ഞങ്ങള്‍ കുപ്പായസഹിതം ഈ സത്യത്തിലിട്ടു് മുക്കിക്കൊല്ലാതിരിക്കണമെങ്കില്‍ വേഗം സ്ഥലം കാലിയാക്കു്!”

(അതിന്റെ ശിക്ഷയായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള നാടുകടത്തല്‍)

പാവം വോള്‍ടയര്‍! വേലിയേലിരുന്ന പാമ്പിനെ എടുത്തു്….

 
8അഭിപ്രായങ്ങള്‍

Posted by on ഓഗസ്റ്റ് 19, 2007 in കഥ

 

മുദ്രകള്‍:

ദൈവങ്ങള്‍ , അര്‍ദ്ധദൈവങ്ങള്‍ – (3)

ബൈബിളിലെ വിവരണപ്രകാരം ലോകത്തിലെ ആദിമനുഷ്യര്‍ ദൈവതിരുമുന്‍പില്‍ ചെയ്ത ആദ്യപാപം അനുസരണമില്ലായ്മയായിരുന്നു. എന്തു് അനുസരണക്കേടാണു് അവര്‍ കാണിച്ചതു്? എദെന്‍ തോട്ടത്തിന്റെ നടുവില്‍ നിന്നിരുന്ന ഒരു വൃക്ഷത്തില്‍നിന്നും നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പഴം പറിച്ചുതിന്നു. അതായതു്, അറിവുണ്ടാവാന്‍, അഥവാ അജ്ഞതയില്‍നിന്നും മോചനം നേടാന്‍ ശ്രമിച്ചു എന്നതാണു് മനുഷ്യര്‍ ചെയ്ത ആദ്യത്തെ പാപം! തിരിച്ചറിവു് നേടാന്‍ ശ്രമിക്കുന്നതു് ദൈവത്തോടു് ചെയ്യുന്ന ഏറ്റവും വലിയ പാപമായി വരുത്തുകയും, അതിന്റെ പേരില്‍ ദൈവം മനുഷ്യരെ പറുദീസയില്‍നിന്നും പുറത്താക്കിയതായി വര്‍ണ്ണിക്കുകയും ചെയ്യുന്നതുവഴി പുരോഹിതന്‍ അനുസരണയില്ലായ്മയെയും പാപങ്ങളുടെ പട്ടികയിലെ പ്രധാന സ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കുന്നു. ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളെ ഇടതുകൈകൊണ്ടു് അമ്മാനമാടാന്‍ കഴിയുന്ന, കഴിയേണ്ടുന്ന ഒരു ദൈവം തോട്ടത്തിന്റെ നടുവില്‍ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നട്ടുപിടിപ്പിച്ചപ്പോള്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു് എന്തെന്നു് അറിഞ്ഞില്ല പോലും! തിന്നാന്‍ കൊള്ളാത്ത, അഥവാ തിന്നാല്‍ മരിച്ചുപോകുന്ന ഫലം കായ്ക്കുന്ന ഒരു വൃക്ഷമായി തീരുമെന്നു് അറിഞ്ഞുകൊണ്ടു്, തന്റെ മക്കള്‍ അതു് പറിച്ചു് തിന്നുമോ എന്നു് പരീക്ഷിക്കാനായി ഒരു സാധാരണ കര്‍ഷകന്‍ പോലും അതിനു് തടമെടുത്തു് നട്ടുനനച്ചു് വളമിട്ടു് വളര്‍ത്തുവാന്‍ തയ്യാറാവുകയില്ല എന്നിരിക്കെ, സര്‍വ്വജ്ഞാനിയായ ഒരു ദൈവം അതുപോലൊരു മരം, അതും തോട്ടത്തിന്റെ ഒത്തനടുവില്‍ത്തന്നെ, നട്ടുപിടിപ്പിക്കുന്നു! ആത്മീയനേതൃത്വം പൊതുവേ അവരുടെ അനുയായികള്‍ക്കു് കര്‍ശനമായി വിലക്കുന്ന സ്വാതന്ത്ര്യം മനുഷ്യരുടെ പ്രവൃത്തികളില്‍ അനുവദിക്കുന്നവനാണു് ദൈവം എന്നു് കരുതിയാല്‍ തന്നെ, അവയുടെ പരിണതഫലങ്ങള്‍ അറിയാത്തവനാവുകയില്ല എന്നു് അംഗീകരിക്കാതെ നിവൃത്തിയില്ല. പുരോഹിതന്റെ പഠിപ്പിക്കലുകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ മനുഷ്യര്‍ മണ്ടന്മാരായി തുടരണം. അതിനാല്‍ പുരോഹിതന്‍ മനുഷ്യരെ പഠിപ്പിച്ചു: “അറിവു് പാപമാണു്, അനുസരണമില്ലായ്മ പാപമാണു്, ലൈംഗികത പാപമാണു്”! ചുരുക്കത്തില്‍, ജീവിതത്തിനു് അര്‍ത്ഥപൂര്‍ണ്ണതയും വ്യക്തിത്വവും ആനന്ദസൗഭാഗ്യവും പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ അപ്പാടെ പാപമാണു്! കൊന്തനമസ്കാരവും നോമ്പും പ്രാര്‍ത്ഥനയും ഒഴികെ ബാക്കി എല്ലാം അനുതപിച്ചു് കരഞ്ഞുവിളിച്ചു് കുമ്പസാരിക്കേണ്ട മഹാപാപങ്ങളാണു്! ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമല്ല, സ്ത്രീയെ മോഹിക്കേണ്ടതിനു് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ടു് അവളോടു് വ്യഭിചാരം ചെയ്തുകഴിഞ്ഞു – (മത്തായി 5: 27, 28) പുരുഷനെ മോഹിക്കേണ്ടതിനു് അവനെ നോക്കുന്ന സ്ത്രീകളും ഹൃദയം കൊണ്ടു് അവനോടു് വ്യഭിചാരം ചെയ്യുന്നുണ്ടോ ആവോ! അതോ സ്ത്രീകള്‍ക്കു് മോഹവും ഹൃദയവും ഒന്നും ഇല്ലെന്നാവുമോ? പിന്നെ എന്തിനാണെന്നുണ്ടോ പെണ്‍വര്‍ഗ്ഗം ഒന്നടങ്കം കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി കണ്ണെഴുതി വളകളും തളകളും കിലുങ്ങുന്നവിധം തുള്ളിക്കുണുങ്ങി നടക്കുന്നതു്? (പുരാതനകാലത്തെ യഹൂദരുടെ ഇടയില്‍ സ്ത്രീകള്‍ക്കും പന്ത്രണ്ടു് വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്കും ആത്മാവില്ല എന്ന വിശ്വാസം നിലനിന്നിരുന്നത്രേ! ഒരുപക്ഷേ അതുകൊണ്ടാവാം മോഹിക്കേണ്ടതിനായി നോക്കി വ്യഭിചരിക്കുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളെ യേശു ഉള്‍പെടുത്താതിരുന്നതു്. ആത്മാവില്ലാത്തവര്‍ക്കെന്തിനു് ഹൃദയം? ഹൃദയമില്ലാത്തവര്‍ക്കെന്തു് മോഹം?)

സ്ത്രീപുരുഷശരീരങ്ങള്‍ യുവത്വം ആരംഭിക്കുന്നതോടെ മനോഹാരിതയുടെ പാരമ്യതയില്‍ എത്തുന്നതു് പരസ്പരം ആകര്‍ഷിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആസ്വദിക്കപ്പെടാനും അതുവഴി മനുഷ്യന്‍ എന്ന വര്‍ഗ്ഗം ഭൂമിയില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമാവാതിരിക്കാനും വേണ്ടിയാവാനാണു് കൂടുതല്‍ സാദ്ധ്യത എന്നെനിക്കു് തോന്നുന്നു. ഭൂതങ്ങളേപ്പോലെ അടിമുതല്‍ മുടിവരെ കറുത്ത കുപ്പായത്തില്‍ മൂടി മനുഷ്യരെ ഭയപ്പെടുത്തിയാല്‍ മാത്രമേ വംശവര്‍ദ്ധനവിനുള്ള ദാഹം വര്‍ദ്ധിക്കുകയുള്ളുവെങ്കില്‍, പ്രായപൂര്‍ത്തി ആവുന്നതോടെ പ്രകൃതി മനുഷ്യരെ കറുത്ത ചാക്കുകൊണ്ടു് പൊതിയുമായിരുന്നു. കരടികളെ രോമം കൊണ്ടു് പൊതിയുന്ന പ്രകൃതിക്കു് തീര്‍ച്ചയായും അതിനുള്ള കഴിവു് ഉണ്ടാവുമായിരുന്നു എന്നാണെന്റെ വിശ്വാസം. തണുപ്പില്‍നിന്നും രക്ഷനേടാന്‍ പ്രത്യേകം പുതപ്പുവാങ്ങാതെ കഴിക്കുകയും ചെയ്യാമായിരുന്നു. ചാക്കില്‍ പൊതിഞ്ഞവരെ ചാക്കിട്ടുപിടിച്ചു് ലൈംഗീകവേഴ്ച്ച നടത്തി മനുഷ്യര്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെ പെരുകണമെന്നതു് ദൈവത്തിന്റെ കല്‍പനയാണോ എന്നെനിക്കറിയില്ല. അതായിരുന്നു ദൈവത്തിന്റെ ലക്‍ഷ്യമെങ്കില്‍, കുഞ്ഞിനെ പ്രസവിക്കുന്നതിനു് പകരം മത്സ്യങ്ങളേപ്പോലെയോ, തവളകളേപ്പോലെയോ ആയിരക്കണക്കിനു് മുട്ടകള്‍ ഒറ്റയടിക്കു് ഇടാന്‍ ശേഷിയുള്ള പ്രസവയന്ത്രങ്ങളായി സ്ത്രീകളെ സൃഷ്ടിക്കുന്നതായിരുന്നില്ലേ കൂടുതല്‍ അനുയോജ്യം? ഓണത്തിനു് ഒന്നാംതരമൊരു പൂക്കളം ഒരുക്കിയശേഷം അതിനുമീതെ ഒരു വലിയ ചാക്കിട്ടങ്ങുമൂടിയാല്‍ എന്താ അതിന്റെ ഒരു ചന്തം!? മതാന്ധതയിലെ അബോധാവസ്ഥമൂലം പറയുന്നതിന്റെ പരിണതഫലം എന്തെന്നുപോലും അറിയാന്‍ കഴിവില്ലാതായിത്തീര്‍ന്ന ഒരുപറ്റം വികലമാനസരാല്‍ നയിക്കപ്പെടേണ്ടിവരുന്ന പാവം വിശ്വാസികള്‍!

കുര്‍ട്‌ ടുഹോള്‍സ്കി പറയുന്നപോലെ, “എനിക്കു് കഴിയുന്നില്ല അതുകൊണ്ടു് നിനക്കു് അനുവാദവുമില്ല” എന്നതാവാം ഈ ഷണ്ഡപണ്ഡിതരെ നയിക്കുന്ന ചേതോവികാരം. പുരോഹിതന്‍ അനുഗ്രഹിച്ചതുകൊണ്ടു് മാത്രം കുഞ്ഞുങ്ങള്‍ ജനിക്കുകയോ, അനുവദിക്കാത്തതുകൊണ്ടു് ജനിക്കാതിരിക്കുകയോ ചെയ്യുമെന്നു് എനിക്കു് തോന്നുന്നില്ല. വംശവര്‍ദ്ധനവിനു് അതിലുപരി ജന്തുശാസ്ത്രപരമായ ചില സൂത്രങ്ങള്‍ നിറവേറ്റപ്പെടേണ്ടതുണ്ടു്. ഒരു പുതിയ ജീവന്‍ രൂപംകൊള്ളാന്‍ ഇക്കാലത്തു് സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടേ തീരൂ എന്നില്ല എന്നതിന്റെ തെളിവല്ലേ കൃത്രിമ ഗര്‍ഭധാരണം വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍? അതൊന്നും മനസ്സിലാവാത്ത ആത്മാവിന്റെ വക്കീലന്മാര്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതല്ലേ കൂടുതല്‍ ഉത്തമം? ഇന്ദ്രിയങ്ങള്‍ ഈ ലോകത്തില്‍ മാര്‍ഗ്ഗദര്‍ശനം ലഘൂകരിക്കാനും ജീവിതം ആസ്വാദ്യകരമാക്കുവാനുമുള്ളതാണു്. അവയുടെ പ്രേരണക്കനുസൃതമായി ഉപയോഗിക്കേണ്ട സമയത്തു് മനുഷ്യശരീരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ അവ പുഴുവിനും ചിതലിനുമൊക്കെ സന്തോഷം പകരാനേ ഉപകരിക്കൂ. ലൈംഗികത പുരോഹിതദൃഷ്ടിയില്‍ മാത്രമാണു് പൈശാചികം. പ്രകൃതിയുടെ ഭംഗിയും അതിലെ വിഭവങ്ങളും യുവത്വത്തിന്റെ സൗന്ദര്യവും ആസ്വദിക്കപ്പെടാനുള്ളതാണു്. കാട്ടുമൃഗങ്ങള്‍ പോലും അവയുടെ ജന്മസഹജമായ വാസനകള്‍ക്കു് അനുസൃതമായാണു് ജീവിക്കുന്നതു്. പക്ഷേ, ചിന്താശേഷിയുള്ള, സമൂഹജീവികള്‍ എന്നവകാശപ്പെടുന്ന മനുഷ്യര്‍ക്കുമാത്രം അതു് മഹാപാപമായതിനാല്‍ ദൈവം നിഷേധിക്കുന്നു, അഥവാ നിഷേധിക്കുന്നതായി പുരോഹിതന്‍ പഠിപ്പിക്കുന്നു.

കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ അടിത്തറ കുടുംബമാണു്. ഭദ്രതയുള്ള കുടുംബത്തില്‍നിന്നേ വിവേകമുള്ള തലമുറകള്‍ ഉരുത്തിരിയുകയുള്ളു. ലൈംഗികവും, മാനസികവുമായ ആകര്‍ഷണം കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മുന്‍വിധിയാണു്. നോമ്പും പ്രാര്‍ത്ഥനയുമാണു് ജീവിതലക്‍ഷ്യമെങ്കില്‍ അതിനു് ഒരു കുടുംബം വേണമെന്നില്ല. പ്രാര്‍ത്ഥന അധികപങ്കു് മനുഷ്യര്‍ക്കും ഒരു ലക്‍ഷ്യമല്ല; ജീവിതം സുഖപ്രദമാവണം എന്ന ലക്‍ഷ്യത്തിനു് ദൈവസഹായം ഉറപ്പുവരുത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പിന്‍തുടരപ്പെടുന്ന ഒരു മാര്‍ഗ്ഗം മാത്രമാണു്. അസ്തിത്വഭയത്തില്‍ അധിഷ്ഠിതമായ (തത്വത്തില്‍ അടിസ്ഥാനരഹിതമായ) മാനസികമായ ഒരാവശ്യം, അത്രതന്നെ. പ്രാര്‍ത്ഥനവഴി ആര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കില്‍ അതിനു് ആര്‍ക്കെന്തു് പരാതി? പക്ഷേ മനുഷ്യന്‍ തേടുന്ന ആത്മീയസമാധാനം ആവശ്യത്തിനനുസരിച്ചു് വിതരണം (demand and supply) എന്ന കമ്പോളനിയമത്തിനു് അധീനമാക്കപ്പെടുമ്പോള്‍ അതു് ആത്മീയമോ ദൈവീകമോ അല്ല, പ്രത്യുത, ലൗകികവും മാനുഷികവുമാണു്, വില്‍ക്കലും വാങ്ങലുമാണു്, കച്ചവടമാണു്, വ്യവസായമാണു്. അതിനായി ഒരു ജഗദീശ്വരന്റെ നാമം ദുരുപയോഗം ചെയ്യപ്പെടുന്നതു് അനീതിയും അധര്‍മ്മവുമാണു്. അതു് ദൈവത്തെ നിന്ദിക്കലും താഴ്ത്തിക്കെട്ടലുമാണു്. സ്വയം അദ്ധ്വാനിക്കാതെ പ്രാര്‍ത്ഥനയും ധ്യാനവും മാത്രം ജീവിതലക്‍ഷ്യമാക്കുന്ന സന്ന്യാസിമാരും വിശപ്പും ദാഹവും ഉള്ളവര്‍ തന്നെയാണു് എന്നതിനാല്‍, അവര്‍ സത്യത്തില്‍ മറ്റു് മനുഷ്യരുടെ ചെലവില്‍ ജീവിക്കുന്നവരല്ലേ? പ്രാര്‍ത്ഥനകൊണ്ടേ ഭൂമി വിളവുനല്‍കൂ എന്നു് അദ്ധ്വാനിക്കുന്ന പാവങ്ങളെ വിശ്വസിപ്പിച്ചു് സ്വന്തം അപ്പം നേടുകയല്ലേ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു്? എന്തെങ്കിലും പ്രവര്‍ത്തിക്കുന്നവര്‍ക്കേ തെറ്റുപറ്റുകയുള്ളു. ഒന്നും ചെയ്യാത്തവനു് തെറ്റു് പറ്റുന്നതെങ്ങനെ? നിഷ്ക്രിയത്വം തെറ്റോ പാപമോ അല്ലാത്തതുമൂലമാണു് അപ്രമാദിത്വം അവകാശപ്പെട്ടു് ദൈവതുല്യരാകുവാന്‍ നിഷ്ക്രിയര്‍ക്കു് കഴിയുന്നതു്. ഒന്നും ചെയ്യാതെ, മറ്റുള്ളവരുടെ പ്രവൃത്തികളിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു് അവരുടെ ചെലവില്‍ ജീവിക്കുന്നതു് ഒരു മഹത്വമായി കണക്കാക്കപ്പെടുന്ന സമൂഹങ്ങളില്‍ കഴിയുമെങ്കില്‍ ഒന്നും ചെയ്യാതിരിക്കാന്‍ ചില അതിബുദ്ധിമാന്മാര്‍ ശ്രമിക്കുന്നതില്‍ എന്തത്ഭുതം? വലിയ അദ്ധ്വാനമൊന്നുമില്ലാതെ ഭൂമിയില്‍ അല്ലലറിയാതെ ജീവിക്കാനും സ്വര്‍ഗ്ഗത്തില്‍ സ്വന്തം സീറ്റ്‌ ഉറപ്പാണെന്നു് വിശ്വസിക്കാനും കഴിയുന്നതിനേക്കാള്‍ അഭികാമ്യമായ ജീവിതം എവിടെ? ആഹാരസമ്പാദനത്തിനായി ജീവജാലങ്ങള്‍ ഇരകളുടെ ബലഹീനതകള്‍ മുതലെടുക്കുന്നതു് പ്രകൃതിസഹജമാണു്. പക്ഷേ സഹജീവികളെ ഒരേ ദൈവത്തിന്റെ മക്കള്‍ എന്നു് വിശേഷിപ്പിക്കാനും, അതേ ദൈവനാമം തന്നെ കാണിച്ചു് പൊള്ളവാഗ്ദാനം നല്‍കി ചൂഷണം ചെയ്യാനും തൊലിക്കട്ടി മാത്രം പോരാ, ഒരു നല്ല പങ്കു് മനുഷ്യാധമത്വവും വേണം. ഇതൊരു തന്ത്രമാണെന്നു് മനസ്സിലാക്കാന്‍ കഴിവില്ലാതാക്കിത്തീര്‍ത്ത സാധാരണമനുഷ്യര്‍ സ്വമേധയാ ബലിമന്ദിരങ്ങള്‍ തേടിച്ചെല്ലുക മാത്രമല്ല, അതിലെ യുക്തിഹീനത പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്ന സത്യാന്വേഷികളെ – വിരോധാഭാസമെന്നേ പറയേണ്ടൂ – എന്തുവിലകൊടുത്തും നശിപ്പിക്കേണ്ട ദൈവദോഷികളായും, തങ്ങളെ ചൂഷണം ചെയ്യുന്നവരെ ഭയഭക്തിപുരസരം തൊഴുതുവണങ്ങേണ്ട ദൈവതുല്യരായും വിലയിരുത്തുകകൂടി ചെയ്യുന്നു! ബലിമന്ദിരങ്ങള്‍ തേടി അങ്ങോട്ടു് ചെല്ലുന്ന ബലിമൃഗങ്ങള്‍!

ഏതെങ്കിലും ഒരു മത്തായിയുടേയോ മര്‍ക്കോസിന്റേയോ വംശം നിലനില്‍ക്കണമോ വേണ്ടയോ എന്നതു് പ്രകൃതിയുടെ തലവേദനയല്ല. അതു് അവരുടെ സ്വന്തം കാര്യം. തങ്ങള്‍ക്കു് വേണ്ടതു് വനവാസമോ ഗുഹാവാസമോ തപസ്സോ ശുഷ്കാസനമോ എന്നു് ഒരോരുത്തരും സ്വയം തീരുമാനിക്കണം. വ്യക്തിപരമായ ഏതെങ്കിലും പരിഗണനകളുടെ പേരില്‍, “പ്രകൃതിവിരുദ്ധജീവിതം” തെരഞ്ഞെടുക്കുന്നവര്‍ അവരുടെ നിലപാടു് നീതീകരിക്കാന്‍ ശ്രമിക്കുന്നതു് മനസ്സിലാക്കാം. അതിനുള്ള സ്വാതന്ത്ര്യവും തീര്‍ച്ചയായും അവര്‍ക്കുണ്ടു്. പക്ഷെ അങ്ങനെയുള്ളവര്‍ മനുഷ്യരുടെമേല്‍ അധികാരം സ്ഥാപിച്ചു്, പ്രകൃതിസഹജമായ വാസനകളും വികാരങ്ങളും പാപങ്ങളാണെന്നു് വിവക്ഷിച്ചു് അവരില്‍ കുറ്റബോധം കുത്തിവയ്ക്കുന്നതു് മനുഷ്യദ്രോഹമാണു്, മനുഷ്യവര്‍ഗ്ഗത്തോടു് ചെയ്യുന്ന പാതകമാണു്. മനുഷ്യര്‍ അവരുടെ ഭാവി തലമുറയെ കുറ്റബോധത്തോടെ ജനിപ്പിക്കേണ്ടിവരുന്നതോ ദൈവഹിതം? ഇത്തരം ഭ്രാന്തു് ദൈവകല്‍പനയെന്നു് പഠിപ്പിക്കുന്നവരാണു് യഥാര്‍ത്ഥദൈവദോഷികള്‍. മനുഷ്യര്‍ എന്തു് ചെയ്യുന്നതും, എന്തു് ചെയ്യാതിരിക്കുന്നതുമാണോ തന്റെ നിലനില്‍പ്പിനു് പ്രയോജനപ്രദം, അതിനു് അനുയോജ്യമായി മനുഷ്യരെ വളര്‍ത്തിയെടുക്കുക എന്നതാണു് പുരോഹിതന്‍ പഠിപ്പിക്കുന്ന സകല ദൈവകല്‍പനകളുടെയും ലക്‍ഷ്യം. പുരോഹിതന്‍ പറയുന്ന “ദൈവതിരുമുന്‍പില്‍” എന്ന വാക്കിനു് “പുരോഹിതതിരുമുന്‍പില്‍” എന്നല്ലാതെ മറ്റു് യാതൊരു അര്‍ത്ഥവും കല്പിക്കേണ്ടതില്ല. ദൈവം ആവശ്യപ്പെട്ടാല്‍ വിശ്വാസികളുടെ പിതാവായ അബ്രാഹാമിനേപ്പോലെ സ്വന്തം മകനെ വരെ ബലികഴിക്കാന്‍ മനുഷ്യര്‍ തയ്യാറായിരിക്കണം. (അബ്രാഹാമിന്റെ കാലത്തു് നരബലി എന്ന ഏര്‍പ്പാടു് അസാധാരണമായിരുന്നില്ല എന്നു് മാത്രമേ ഈ വര്‍ണ്ണന വഴി മനസ്സിലാക്കേണ്ടതുള്ളു.) തന്റെ ആവശ്യമെന്തെന്നു് ദൈവം പുരോഹിതനെ അറിയിക്കുന്നു; പുരോഹിതന്‍ അതു് മനുഷ്യരെ അറിയിക്കുന്നു; അവര്‍ അനുസരണയുള്ള കുഞ്ഞാടുകളേപ്പോലെ കഴുത്തു് നീട്ടി കാണിക്കുന്നു, അഥവാ കാണിക്കണമെന്നു് പുരോഹിതന്‍ ആഗ്രഹിക്കുന്നു.

മനുഷ്യര്‍ നന്മ ചെയ്യുന്നതിലെ സന്തോഷം രേഖപ്പെടുത്തുന്നതിനേക്കാള്‍, തിന്മ ചെയ്യുന്നതിലെ ദുഃഖവും അതിലേറെ അമര്‍ഷവും പ്രകടിപ്പിക്കുന്നതിലും, അതിനു് നിര്‍ബന്ധമായും പരിഹാരം ചെയ്യാന്‍ കല്‍പിക്കുന്നതിലും ദൈവം കാണിക്കുന്നതായി പൊതുവേ വേദഗ്രന്ഥങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്ന ശുഷ്കാന്തി ശ്രദ്ധേയമാണു്. മൃഗങ്ങളിലും, സസ്യങ്ങളില്‍പോലും അസ്തിത്വസ്വാഭാവികതയായ ഗുണങ്ങള്‍ മനുഷ്യരില്‍ പാപങ്ങളായി പരിണമിക്കുന്നതു്, പരിഗണിക്കണമെന്നു് പഠിപ്പിക്കപ്പെടുന്നതു്, പാപപരിഹാരമായി ലഭിക്കുന്ന ബലിയര്‍പ്പണങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ദൈവത്തിനു് കഴിയില്ല എന്നതുകൊണ്ടാവുമോ? മനുഷ്യരുടെ അദ്ധ്വാനഫലം കൊണ്ടു് ജീവിക്കേണ്ടിവരുന്ന ഒരു ദൈവം തന്റെ നിലനില്‍പ്പുതന്നെ സാദ്ധ്യമാക്കിത്തീര്‍ക്കുന്ന മനുഷ്യരുടെ ആശ്രിതനല്ലേ ആവുകയുള്ളു? കൃഷി ചെയ്തോ ചുമടു് ചുമന്നോ റിക്ഷ വലിച്ചോ റോഡു് മെറ്റല്‍ ചെയ്യാന്‍ കരിംപാറ തല്ലിപ്പൊട്ടിച്ചോ മറ്റേതെങ്കിലും വിധത്തില്‍ അദ്ധ്വാനിച്ചോ ഒരു ദൈവവും മനുഷ്യര്‍ക്കു് ചെലവിനു് കൊടുത്തതായി ഇന്നോളം ഞാന്‍ കേട്ടിട്ടില്ല. നേരേമറിച്ചു്, പറുദീസയില്‍നിന്നും പുറത്താക്കിയപ്പോള്‍ മുഖം വിയര്‍ത്തു് അദ്ധ്വാനിച്ചു് കഷ്ടതയോടെ അഹോവൃത്തി കഴിക്കുവാന്‍ കല്‍പിക്കുക മാത്രമല്ല, വിളവു് നശിപ്പിക്കുന്ന മുള്ളും പറക്കാരയും കൃഷിഭൂമിയില്‍നിന്നു് മുളയ്ക്കട്ടേയെന്നു് മനുഷ്യനെ ശപിക്കുക കൂടിയായിരുന്നു സ്നേഹമയനായ ദൈവം! (ഉല്പത്തി 3: 17, 18) ആ ദൈവം തന്നെ മനുഷ്യന്റെ പ്രയത്നഫലത്തിന്റെ അംശം കാഴ്ചയും വഴിപാടുമായി ആവശ്യപ്പെടുന്നു! ചുരുങ്ങിയപക്ഷം ബൈബിളില്‍ അങ്ങനെ വര്‍ണ്ണിക്കപ്പെടുന്നു. “വെറുംകയ്യോടെ നിങ്ങള്‍ എന്റെ മുന്‍പാകെ വരരുതു്.” – (പുറപ്പാടു് 34: 20) വെറുംകയ്യോടെ വരരുതു് എന്നു് കേട്ടതുകൊണ്ടു് കയ്യില്‍ കിട്ടിയതുമായി ദൈവസന്നിധിയില്‍ എത്താതിരിക്കാനും ദൈവം മുന്‍കൂട്ടിത്തന്നെ കരുതല്‍ നടപടി സ്വീകരിക്കുന്നു. ശ്രദ്ധിക്കൂ: “കുരുടു്, ചതവു്, മുറിവു്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനേയും യഹോവയ്ക്കു് അര്‍പ്പിക്കരുതു്. ഇവയില്‍ ഒന്നിനേയും യഹോവയ്ക്കു് യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു്. അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയേയും കുഞ്ഞാടിനേയും സ്വമേധാദാനമായിട്ടു് അര്‍പ്പിക്കാം. എന്നാല്‍ നേര്‍ച്ചയായിട്ടു് അതു് പ്രസാദമാകയില്ല. വരി ചതച്ചതോ, എടുത്തുകളഞ്ഞതോ, ഉടച്ചതോ, മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവയ്ക്കു് അര്‍പ്പിക്കരുതു്.” – (ലേവ്യ. 22: 22 – 24) (വാസെക്ടമി കഴിഞ്ഞ പുരുഷന്മാര്‍ എന്തിനായി ദൈവസന്നിധിയിലെത്തുന്നു എന്നെനിക്കു് മനസ്സിലാവുന്നില്ല. കണ്ടതു് കണ്ടതു് കൊത്തിനടക്കുന്ന കാവളങ്കാളിയല്ല ദൈവമെന്നു് അവര്‍ക്കറിയില്ലെന്നുണ്ടോ?) ഇതൊക്കെയാണു് ദൈവവചനങ്ങള്‍! ഈ ഭാഷാനിലവാരം ഇന്നു് കേരളരാഷ്ട്രീയത്തില്‍ പോലും കാണാന്‍ കഴിയില്ല എന്നാണെന്റെ വിശ്വാസം. ഈ ദൈവം തന്നെയാണു് പില്‍ക്കാലത്തു് സകല മനുഷ്യരുടേയും നിത്യരക്ഷക്കായി തന്റെ ഏകജാതനായ യേശുവിനു് ഭൂമിയില്‍ മനുഷ്യജന്മം നല്‍കുന്നതും, അവനെ മനുഷ്യരെക്കൊണ്ടു് കുരിശില്‍ തറപ്പിക്കുന്നതുമെല്ലാം!

പ്രകാശവര്‍ഷങ്ങള്‍ അകലെ ഇന്നു് ഒരു നക്ഷത്രസ്ഫോടനം നടന്നാല്‍, അതിന്റെ വിവരം നാളെ ജനിക്കുന്നവര്‍ വയസ്സുചെന്നു് മരിച്ചാലും സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ ഭൂമിയില്‍ എത്തണമെന്നില്ല എന്നത്ര വലുതായ പ്രപഞ്ചത്തിന്റെ “നാഥനായ” ഒരു ദൈവം മനുഷ്യരോടു് തനിക്കു് ചൊറിയും പുഴുക്കടിയുമില്ലാത്ത ആടുകളേയും കാളകളേയും ബലിനല്‍കണമെന്നു് ആവശ്യപ്പെടുന്നു!

(തുടരും)

 

മുദ്രകള്‍: , ,