RSS

Daily Archives: ജൂലൈ 31, 2007

ഒരു ഈച്ചയുടെ മരണം

ഈച്ചകളുടെ ഓര്‍മ്മ വളരെ ഹ്രസ്വമാണത്രേ. തനിക്കു് സംഭവിച്ച കാര്യങ്ങള്‍ ഏതാനും സെക്കന്റുകള്‍ കഴിയുമ്പോഴേക്കും ഈച്ച മറന്നുകഴിഞ്ഞിരിക്കും.

ഇക്കഴിഞ്ഞ ദിവസം ഒരു ഒറ്റയാന്‍ ഈച്ച എന്റെ മുറിയില്‍പ്പെട്ടു. പുറത്തുകടക്കാനായി ഒരു ഗരുഡവിമാനം പോലെ പറന്ന ഈച്ച ഭും!! ജനലിന്റെ ചില്ലില്‍ തട്ടി ദാ കിടക്കുന്നു തറയില്‍! കാണാതെ പഠിച്ച ഒരു തെറി പറഞ്ഞശേഷം ഈച്ച കുറച്ചുനേരം തറയില്‍ കിടന്നു. (തെറി പറയാനും പഠിച്ചിരിക്കണം. എല്ലാവരും പറയുന്ന തെറി ഒന്നല്ല. ഇറാനിലെ തെറിയല്ല അമേരിക്കയിലെ തെറി.) മുന്‍കാലുകള്‍കൊണ്ടു് തലതിരുമ്മുന്നതിനിടയില്‍ ചില ഉപതെറികള്‍ കൂടി ഈച്ച ആരോടെന്നില്ലാതെ പറഞ്ഞു. അതിനിടെ തല വേദനിക്കുന്നു എന്നല്ലാതെ, അതെങ്ങനെ സംഭവിച്ചു എന്നകാര്യം ഈച്ച മറന്നുകഴിഞ്ഞിരുന്നു. ധ്രുവപ്രദേശങ്ങളില്‍ വെളിയില്‍ മൂത്രമൊഴിക്കുന്നതുപോലെയാണതു്. മൂത്രം പുറത്തുവരുമ്പോള്‍ത്തന്നെ ഉറയ്ക്കും. എസ്കിമോകള്‍ മൂത്രം ഒഴിക്കുകയല്ല, ഒടിക്കുകയാണു്. ഈച്ചകളുടെ അനുഭവവും മറവിയും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യമാണു് ഗണിതശാസ്ത്രജ്ഞര്‍ differential and integral calculus-ലെ സമയത്തിന്റെ infinitesimal ആയി നിജപ്പെടുത്തിയിരിക്കുന്നതു് എന്നാണെന്റെ വിശ്വാസം.

കഥാനായകനായ ഈച്ചക്കു് തലവേദന കലശലായി ഉണ്ടെങ്കിലും, ഒരിടത്തും ഒരുപാടു് സമയം കുത്തിയിരിക്കരുതു് എന്ന “ഈച്ചാസ്‌ ബേസിക്‌ ഇന്‍സ്റ്റിങ്ക്റ്റ്‌” മൂലമാവാം ഗരുഡവിമാനം പോലെ ഈച്ച വീണ്ടും പുറത്തേക്കു് പറന്നു! ഭും!! വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ (കോണകമഴിഞ്ഞയ്യോ ശിവ ശിവ) N. B. – സഭ്യതയുടെ അതിര്‍വരമ്പു് ലംഘിക്കാതിരിക്കാനാണു് അന്ത്യഭാഗം ബ്രാക്കറ്റില്‍ കൊടുത്തതു്! പകല്‍സമയത്തു് സഭ്യത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായവര്‍ ബ്രാക്കറ്റിലുള്ളതു് ഒഴിവാക്കി വായിക്കുക. കഥയുടെ ആന്തരികഗതിയില്‍ അതുവഴി മാറ്റം വരുന്നില്ല. ഈച്ച തെറി പറയുന്നു, തല തിരുമ്മുന്നു, അല്‍പനേരം കിടന്നകിടപ്പു് കിടക്കുന്നു. വീണ്ടും ഗരുഡ… …

അഞ്ചാമത്തെ വീഴ്ച്ച കഴിഞ്ഞപ്പോള്‍ ഇനി ഒരു അതീന്ദ്രിയധ്യാനം കഴിഞ്ഞാവാം പറക്കല്‍ എന്നു് കരുതിയതുകൊണ്ടാണോ എന്നറിയില്ല, തുടര്‍ന്നുള്ള ടേക്കോഫുകള്‍ ഈച്ച ക്യാന്‍സല്‍ ചെയ്തു. ഈ ഈച്ച ആണോ പെണ്ണോ എന്നു് ആലോചിക്കുന്നതിനിടയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു അശരീരി ഉണ്ടായി. അശരീരി മലയാളത്തിലായിരുന്നു.
ഇവന്‍ അശ്വത്ഥാമാവു് എന്നു വിളിക്കപ്പെടും!”
“തോന്ന്യാസമല്ലേ ഇയാള്‍ ഇതുവരെ ചെയ്തിട്ടുള്ളു” എന്നു മനസ്സില്‍ പറഞ്ഞെങ്കിലും, ഡിപ്ലൊമസിയുടെ പേരില്‍, സ്വര്‍ഗ്ഗത്തിലെ ഭരണഘടനയിലും മതേതരത്വം ഉള്‍പ്പെടുത്തിയതില്‍ എന്റെ അകമഴിഞ്ഞ ആനന്ദം മുകളിലേക്കുനോക്കി രേഖപ്പെടുത്തിയ ശേഷം ഞാന്‍ എന്തോ വായിക്കാന്‍ ആരംഭിച്ചു.
മൂന്നാറിലെ വനഭൂമികയ്യേറ്റം ഒഴിപ്പിക്കലിന്റെ കാര്യത്തിലെന്നപോലെതന്നെ, അശ്വത്ഥാമാവു് സാവകാശം വിസ്മൃതിയിലാണ്ടുകൊണ്ടിരുന്നതിനിടയിലെപ്പോഴോ ഞാന്‍ ഉറങ്ങാന്‍ പോയി.

പിറ്റേദിവസം രാവിലെ ഒരു പുസ്തകം എടുക്കാനായി അലമാരിയുടെ അടുത്തേക്കു് നീങ്ങിയപ്പോഴാണു് കണ്ടതു്, അശ്വത്ഥമാവു്‌ കിടന്നിടത്തുതന്നെ!
“ഹേയ്‌! അശ്വത്ഥാമാവേ!” ഞാന്‍ വിളിച്ചു.
എല്ലാ നല്ല കാര്യങ്ങളും മൂന്നാണു് എന്നു കേട്ടിട്ടുള്ളതുകൊണ്ടു് മൂന്നുപ്രാവശ്യം വിളിച്ചു. (ഉദാഹരണത്തിനു്, ബ്രഹ്മാവു് വിഷ്ണു മഹേശ്വരന്‍, പിതാവു് പുത്രന്‍ പരിശുദ്ധറൂഹാ, ത്രിഗണം, ത്രികോണം, തേങ്ങാക്കണ്ണുകള്‍ അങ്ങനെ പലതും…)

മൂന്നു് വിളി വിളിച്ചിട്ടും അനക്കമില്ല.
ഒരു അന്യശരീരത്തെ തൊടുന്നതിനുമുന്‍പു് ആ ശരീരത്തിനു് ഞാന്‍ തൊടുന്നതു് ഇഷ്ടമാണോ എന്നറിഞ്ഞിരിക്കണം. പക്ഷേ, അതിനു് പരസ്പരം ഒരു കമ്മ്യൂണിക്കേഷന്‍ ആവശ്യമാണു്. ഇവിടെ അതു് സാദ്ധ്യമാവുന്നില്ല. സഹായിക്കപ്പെടേണ്ട അവസ്ഥയിലാണു് അശ്വത്ഥാമാവു് ഈ കിടപ്പു് കിടക്കുന്നതെങ്കില്‍ സഹായിക്കേണ്ടതു് എന്റെ കടമയാണു്. അല്ലാഞ്ഞാല്‍, അതു് ശിക്ഷാര്‍ഹമായ ഒരു ക്രിമിനല്‍കുറ്റവുമാണു്.

അവസാനം എന്നിലെ നല്ലവനായ സമരിയാക്കാരന്‍ തന്നെ ജയിച്ചു. ഒരു letter opener കൊണ്ടു് അനക്കിനോക്കുന്നതിനിടയില്‍, “ബ്രൂട്ടസേ! നീയുമോ?” എന്ന ഭാവത്തില്‍ മലര്‍ന്നുകിടന്നതല്ലാതെ അശ്വത്ഥാമാവു് മിണ്ടിയില്ല, അനങ്ങിയില്ല.

“അശ്വത്ഥാമാ ഹതഃ” എന്നു് ഞാന്‍ എന്നോടുതന്നെ പറഞ്ഞപ്പോള്‍, സ്വരം താഴ്ത്തി “ഈച്ച” എന്നു് കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല.

ചില വെളിപ്പെടുത്തലുകള്‍:

ഈ കഥ ഒരു ആത്മീയഗ്രന്ഥത്തില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആദ്യം ഞാന്‍ ഉദ്ദേശിച്ചതു്. പക്ഷെ, അബദ്ധവശാല്‍ അതു് വായിക്കാന്‍ ഇടവരുന്നവര്‍ ഈച്ചയുടെ പുറത്തേക്കു് പറക്കാനുള്ള ശ്രമം പരമാത്മാവുമായി സംയോജിക്കാനുള്ള ജീവാത്മാവിന്റെ ദാഹമായും, ജനല്‍പ്പാളി അതിനു് തടസ്സമായി നില്‍ക്കുന്ന ലൗകീകപരീക്ഷണങ്ങളായുമൊക്കെ സങ്കല്‍പ്പിച്ചാല്‍ അതെനിക്കു് ബുദ്ധിമുട്ടാവും. പ്രധാന ബുദ്ധിമുട്ടു്, ഈ സത്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഞാന്‍ വിശുദ്ധനാക്കപ്പെട്ടാലാണു്. പിതാവിന്റെ ഭവനം ഉപേക്ഷിച്ച ഒരു മുടിയനായ പുത്രന്‍ എന്ന നിലയില്‍ എനിക്കു് എന്റെ പിതാവിന്റെ ഭവനത്തില്‍ വീണ്ടും തിരിച്ചു് ചെല്ലേണ്ടതുണ്ടു്. എന്നെ വിശുദ്ധനാക്കി, ഏതെങ്കിലും കവലയിലെ കപ്പേളയിലെ ചില്ലുകൂട്ടിലാക്കിയാല്‍, നിറുത്തിപ്പൊരിച്ച കണ്ടാമൃഗവും, വര്‍ണ്ണശബളമായി അലങ്കരിച്ച തീന്മേശയുമായി തപ്പുകളാലും, ചതുരത്തപ്പുകളാലും, പോക്കറ്റുതപ്പുകളാലും (ബൈബിളിനോടും, കേരളത്തിലെ വിദ്യാഭ്യാസമേഖലയോടും കടപ്പാടു്) എന്നെ കാത്തിരിക്കുന്ന എന്റെ പിതാവിന്റെ ഭവനത്തിലെത്താന്‍ എനിക്കു് കഴിയുകയില്ല. എന്നെ കവലയില്‍ കുത്തിപ്പൊക്കിയാല്‍ എന്റെ പിതാവിനു് ധനനഷ്ടവും മാനഹാനിയുമാവും മരണംവരെ വാരഫലം! തന്മൂലം നല്ലവരായ ആര്‍ക്കും തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാനായി ഇതു് ചുമ്മാ ഒരു ബ്ലോഗായി വിക്ഷേപിക്കുന്നു.

ഒരു കാര്യം കൂടി:
ഈ കഥയിലെ ഈച്ചക്കു് ഈച്ചയുമായും, എനിക്കു് ഞാനുമായുമല്ലാതെ, ജനിച്ചവരോ ജനിക്കാത്തവരോ ജനിച്ചേക്കാവുന്നവരോ, മരിച്ചവരോ മരിക്കാത്തവരോ മരിച്ചേക്കാവുന്നവരോ ആയ ആരെങ്കിലുമായി ഏതെങ്കിലും വിധത്തില്‍ ഉണ്ടെന്നു് തോന്നിയേക്കാവുന്ന ബന്ധം അടിസ്ഥാനരഹിതമാണു്, അര്‍ത്ഥശൂന്യമാണു്, ആകസ്മികമാണു്, ആ……..!

Advertisements
 

മുദ്രകള്‍: ,