RSS

ദൈവത്തിനു് പുണ്യാഹം തളിക്കുന്നവര്‍ !

19 ജുലാ

ദൈവം സഹായിക്കുന്നതുകൊണ്ടല്ല, സഹായിക്കുമെന്നു് വിശ്വസിക്കുന്നതുകൊണ്ടാണു് മനുഷ്യര്‍ ദൈവസാന്നിദ്ധ്യം ഉണ്ടെന്നു് പ്രതീക്ഷിക്കുന്ന ഇടങ്ങള്‍ തേടി ചെല്ലുന്നതു്. അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ടു് ജീവിക്കുന്നതു് അവരോ ദൈവങ്ങളോ അല്ല, പുരോഹിതന്മാരും, അവരുടെ മുന്നിലും പിന്നിലും നില്‍ക്കുന്നവരുമാണു്. മനുഷ്യന്‍ ഉപ്പും മുളകും നല്‍കി സംരക്ഷിക്കേണ്ട ഒന്നാവുമോ ആണവശക്തിയും, ആകമാനപ്രപഞ്ചവും സംരക്ഷിക്കുന്ന ദൈവം? ഈ ഭൂമിയില്‍ മനുഷ്യന്‍ എന്ന ഒരു വര്‍ഗ്ഗം ഇല്ലായിരുന്നെങ്കില്‍ ദൈവങ്ങള്‍ ആര്‍ക്കുവേണ്ടി? മനുഷ്യര്‍ ഇല്ലെങ്കില്‍ ആരാണു് ദൈവങ്ങള്‍ക്കു് വസിക്കാന്‍ ദേവാ‍ലയങ്ങള്‍ പണിയുന്നതു്? വിശ്വാസികള്‍ ഇല്ലെങ്കില്‍ ആരാണു് പുരോഹിതന്മാര്‍ക്കു് ചെലവിനു് കൊടുക്കുന്നതു്? ഭൂമിയില്‍ മനുഷ്യര്‍ ഇല്ലെങ്കിലും, രാത്രിയും പകലും ഉണ്ടാവാതിരിക്കുമെന്നോ, വാനഗോളങ്ങള്‍ ചലിക്കാതിരിക്കുമെന്നോ കരുതാന്‍ കാരണമൊന്നുമില്ല. പള്ളിയില്‍ പോകാന്‍ ഏതാനും വൃദ്ധജനങ്ങളൊഴികെ മറ്റു് അധികമാരും തയ്യാറാവാത്ത യൂറോപ്പില്‍ പള്ളികള്‍ ഒന്നിനു് പുറകെ ഒന്നു് എന്ന തോതില്‍ അടച്ചുപൂട്ടുകയാണു്. പതിമൂവായിരം പള്ളികള്‍ ഉണ്ടായിരുന്ന നെതര്‍ലന്‍‌റില്‍ പകുതിയിലും ഇന്നു് വിശ്വാസികളുടെ അഭാവം മൂലം കുര്‍ബ്ബാനയില്ല. പല പള്ളികളും ഡിസ്കോ, ബാര്‍ബര്‍ഷോപ്പ് മുതലായ ആവശ്യങ്ങള്‍ക്കായി വിറ്റുകൊണ്ടിരിക്കുന്നു. വരുമാനം ഇല്ലാതായാല്‍ വെറുതെ പള്ളിയിലിരിക്കാന്‍ ദൈവത്തെയും കിട്ടില്ല. അത്ര വലുതാണു് സമ്പത്തിന്റെ ശക്തി. അന്‍പതു് വയസ്സില്‍ താഴെയുള്ള ഒരു കന്യാസ്ത്രീയെ ഇന്നു് കണ്ടുകിട്ടണമെങ്കില്‍ മഷിയിട്ടു് നോക്കേണ്ടിവരും. തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്നതിനാല്‍ പുരോഹിതജോലിക്കു് യുവാക്കളും മടിക്കുന്നു. വിശപ്പും ദാഹവുമില്ലാതെ ജീവിക്കാന്‍ കഴിയണമെന്നതു് അത്ര അപ്രധാനമായ ഒരു കാര്യമല്ലതന്നെ. വിതയ്ക്കാനും കൊയ്യാനും വകയില്ലാത്തവര്‍ക്കു് ആകാശത്തിലെ പറവകളെപ്പോലെ സ്വര്‍ഗ്ഗസ്ഥനായ പിതാവു് ചെലവിനു് കൊടുക്കുമെന്നതു് യേശുവിന്റെ ഒരു തെറ്റിദ്ധാരണയായിരുന്നിരിക്കാo. അവശ്യം തീര്‍ക്കേണ്ട കേടുപാടുകള്‍ പോലും തീര്‍ക്കാന്‍ പണമില്ലാതെ ദേവാലയങ്ങള്‍ പലതും ജീര്‍ണ്ണിച്ചു് അവയില്‍ കാക്കയും കുയിലും കുടിയേറുന്നു. എന്നാലും മനുഷ്യരെ ജാതിയും മതവും തിരിച്ചു് അപമാനിക്കുന്ന അടിസ്ഥാനസ്വഭാവം പുരോഹിതന്‍ കൈവിടുകയില്ല. വിശ്വാസപരമായ വ്യത്യാസങ്ങള്‍ മൂലം പരസ്പരം കടിച്ചുകീറാന്‍ പോലും മടിക്കാത്ത പുരോഹിതര്‍ മനുഷ്യനിന്ദയുടെ കാര്യത്തില്‍ മതഭേദമെന്യേ, ഒരേ നിലപാടു് സ്വീകരിക്കുന്നു. ദൈവം മനുഷ്യനു് വേണ്ടിയോ, അതോ, മനുഷ്യന്‍ ദൈവത്തിനുവേണ്ടിയോ? പുരോഹിതന്‍ എപ്പോഴും രണ്ടാമത്തെ നിലപാടേ സ്വീകരിക്കൂ. ദൈവം എല്ലാ മനുഷ്യര്‍ക്കും വേണ്ടിയോ, അതോ, ചില പ്രത്യേകമനുഷ്യര്‍ക്കു് വേണ്ടിയോ? ചില മനുഷ്യര്‍ക്കു് മാത്രമായി സൃഷ്ടിക്കപ്പെടുന്ന ദൈവത്തിനു് എന്തു് പ്രസക്തി? ഭൂമിയിലെ ചിലരുടെ മാത്രം പ്രാര്‍ത്ഥന കേള്‍ക്കാ‍ന്‍ സന്നദ്ധനായി കാത്തിരിക്കുന്ന ഒരു ദൈവത്തിനു് ജഗന്നാഥന്‍ എന്ന നാമം നല്‍കുന്നതില്‍ എന്തര്‍ത്ഥം?

ഫ്രഞ്ച് തത്വചിന്തകനായ റൂസ്സോ 1762-ലേ പറഞ്ഞു: “ഒരേയൊരു ജനവിഭാഗത്തെ സ്വന്തജനമായി തെരഞ്ഞെടുത്തുകൊണ്ടു് മറ്റു് സകല മനുഷ്യരേയും നിഷേധിക്കുന്ന ഒരു ദൈവം ഒരിക്കലും മനുഷ്യരാശിയുടെ പൊതുവായ പിതാവു് ആവുകയില്ല”. പക്ഷേ, 245 വര്‍ഷങ്ങള്‍ക്കു് ശേഷവും, ഭാരതത്തിലെ അമ്പലത്തറകളില്‍ അഹിന്ദുവിന്റെ പാദസ്പര്‍ശമേറ്റാല്‍ അശുദ്ധമാവുന്ന ദൈവങ്ങളും, അവരുടെ മനുഷ്യരൂപമുള്ള പുരോഹിതന്മാരും വാഴുന്നു! മതസ്വാതന്ത്ര്യം മനുഷ്യനിന്ദയ്ക്കായി ഉപയോഗിക്കാന്‍ മടിക്കാത്തവരെ ദൈവപ്രതിനിധികളായി ആദരിക്കേണ്ടിയും, അവരുടെ ദൈവങ്ങളെ ജീവിതദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായി ആശ്രയിക്കേണ്ടിയും വരുന്ന അഗതികളായ പാവം ഭാരതീയര്‍! ആലംബഹീനരും, പൌരോഹിത്യത്താല്‍ തന്നെ അജ്ഞരാക്കപ്പെട്ടവരുമായ മനുഷ്യര്‍ ദൈവാശ്രയം തേടിയെത്തുമ്പോള്‍ വര്‍ഗ്ഗവും വര്‍ണ്ണവും നോക്കാതെ അതിനുള്ള സാഹചര്യമൊരുക്കി അവരെ സഹായിക്കേണ്ടതിനു് പകരം മനുഷ്യന്‍ തീണ്ടിയതിനാല്‍ ദൈവത്തെയും അമ്പലത്തേയും പുണ്യാഹം കൊണ്ടു് ശുദ്ധീകരിക്കുന്ന യോഗ്യര്‍. ദൈവത്തെ ശുദ്ധീകരിക്കാന്‍ ഏതു് മനുഷ്യനാണു് യോഗ്യത? മനുഷ്യര്‍ നല്‍കാത്ത യോഗ്യതയെവിടെ? മനുഷ്യനു് മനുഷ്യര്‍ നല്‍കുന്ന യോഗ്യത അതേപടി എടുത്തു് മാറ്റാനും അതേ മനുഷ്യര്‍ക്കുതന്നെ കഴിയുമെന്നു് മനസ്സിലാക്കാന്‍ കഴിയാത്തതു് വിഡ്ഢിത്തമല്ലാതെ മറ്റെന്താണു്?

ലുഡ്‌വിഗ് ഫൊയെര്‍ബാഹ് ചൂണ്ടിക്കാണിക്കുന്നു: “ഒന്നുകില്‍ യാതൊരുവിധ നിയമവും നീതിന്യായവും ഇല്ലാത്ത അവസ്ഥയെ ഞാന്‍ അംഗീകരിക്കണം, അല്ലെങ്കില്‍ എന്റെ താല്പര്യങ്ങള്‍ക്കു് പ്രതികൂ‍ലമായി നില്‍ക്കുന്നു എന്നു് വരുമ്പോഴും നിയമത്തേയും നീതിന്യായത്തേയും സഹിക്കാന്‍ ഞാന്‍ തയ്യാറാവണം”. അതായതു്, അമ്പലസന്ദര്‍ശനം എന്റെ ഒരാവശ്യമായി ഞാന്‍ കരുതുന്നുവെങ്കില്‍, അതു് ഒരാവശ്യമായി കരുതാ‍നുള്ള മറ്റാരുടെയും അവകാശം ഞാന്‍ അം‌ഗീകരിക്കണം. മറ്റു് സമൂഹാംഗങ്ങളെ തനിക്കു് തുല്യരായി അംഗീകരിക്കാതെ, സാമൂഹികപൊതുവിഭവങ്ങള്‍ ആസ്വദിക്കുന്നവര്‍ സമൂഹത്തിലെ ഇത്തിക്കണ്ണികളാണു്.

നസറായനായ യേശു വിമര്‍ശിച്ചത്ര തുറന്നടിച്ചു് മതശാസ്ത്രികളെ മറ്റാരെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെന്നു് തോന്നുന്നില്ല. “നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു”. “നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നെ കടക്കുന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു”. “പാമ്പുകളേ, സര്‍പ്പസന്തതികളെ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും”? പക്ഷേ, ഈ വിമര്‍ശനങ്ങള്‍ കൊണ്ടെല്ലാം യേശു എന്തുനേടി? കുരിശില്‍ മരിക്കേണ്ടി വന്നതും, വ്യത്യസ്തമായ പേരുകളില്‍ വേറെ കുറേ പുരോഹിതന്മാര്‍ രൂപമെടുത്തതും മാത്രം മിച്ചം. മനുഷ്യര്‍ ഇന്നും കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കിയും, പുണ്യാഹം തളിച്ചും, വനഭൂമി കയ്യേറിയും തന്‍‌കാര്യം നേടുന്നു. സാംസ്കാരികമായ വളര്‍ച്ചയ്ക്കു് തടസ്സമായി നില്‍ക്കുന്ന സാമൂഹികഘടകങ്ങളെ തിരിച്ചറിഞ്ഞു് അകറ്റിനിര്‍ത്തുകയാണു് ആദ്യം വേണ്ടതു്. ചിന്താശേഷിയുള്ള മനുഷ്യസ്നേഹികള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്കുതകുന്ന നിയമങ്ങള്‍ നിര്‍മ്മിച്ചു് അവ അര്‍പ്പണബോധത്തോടെ നടപ്പാക്കിയതുമൂലമാണു് പുരോഗതി പ്രാപിക്കാന്‍ ഇന്നത്തെ സംസ്കൃതസമൂഹങ്ങള്‍ക്കു് കഴിഞ്ഞതു്.

തലച്ചോറും അതിന്റെ യാഥാര്‍ത്ഥ്യങ്ങളും എന്ന തന്റെ പുസ്തകത്തില്‍ പ്രൊഫ. ഗെര്‍ഹാര്‍ഡ് റോത് പറയുന്നു: “ലോകം എങ്ങനെ ആയിരിക്കണമെന്നാണോ നമ്മള്‍ പഠിച്ചിരിക്കുന്നതു്, അങ്ങനെ ലോകത്തെ കാണാനേ നമുക്കു് കഴിയൂ… നിര്‍ദ്ദിഷ്ടസാഹചര്യങ്ങളില്‍ മനുഷ്യനു് ബോധപൂര്‍വ്വം സംശയിക്കാന്‍ കഴിയാത്ത വസ്തുതകളുണ്ടു്. പക്ഷേ, ഈ നിര്‍ദ്ദിഷ്ടസാഹചര്യങ്ങള്‍ ചരിത്രപരമായി പരിവര്‍ത്തനവിധേയമാണു്. മൂന്നു് നൂറ്റാണ്ടുകള്‍ക്കുമുന്‍‌പു് പൂര്‍ണമായും നിസ്സന്ദേഹം എന്നു് കരുതിയിരുന്നവയേപ്പറ്റി ഇന്നു് മനുഷ്യനു് ചിരിക്കാനേ പറ്റൂ. ഒരുപക്ഷേ, അടുത്ത മൂന്നു് നൂറ്റാണ്ടുകള്‍ക്കു് ശേഷമുള്ള മനുഷ്യര്‍ ഇന്നത്തെ നിസ്സന്ദേഹസത്യങ്ങളെപ്പറ്റിയും ചിരിച്ചെന്നു് വരാം”.

പുണ്യാഹം തളിയും ഇതുമായി എന്തു് ബന്ധം? പഠിച്ചതേ പാടൂ എന്നതുതന്നെ. അഹിന്ദുക്കള്‍ അമ്പലത്തില്‍ കയറിയാല്‍ അടുത്തപടി പുണ്യാഹം തളിക്കലായിരിക്കണമെന്നു് തന്ത്രി പഠിച്ചിട്ടുണ്ടു്. മന്ത്രോച്ചാരണങ്ങളോടെയുള്ള പുണ്യാഹം, ദൈവം വസിക്കേണ്ട പരിസരങ്ങളെ അശുദ്ധിയില്‍ നിന്നു് മോചിപ്പിക്കുമെന്നു് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ചടങ്ങുകള്‍ വഴി, ശാസ്ത്രീയമായ അര്‍ത്ഥത്തിലുള്ള ഒരു ശുചീകരണമോ, അതോ ഏറെയും മലിനീകരണമോ സംഭവിക്കുന്നതെന്നതു് ചര്‍ച്ചാവിഷയമല്ല, ദുഃഖകാരണവുമല്ല. അതാണു് വിശ്വാസത്തിന്റെ ഒരു പ്രധാന ഗുണം. വിശ്വസിക്കാന്‍ വിശ്വസിച്ചാല്‍ മാത്രം മതി. പക്ഷേ, അന്ധമായി വിശ്വസിക്കാതിരിക്കാന്‍ അല്പം ബുദ്ധിയില്ലാതെ കഴിയുകയുമില്ല. അന്ധവിശ്വാസത്തിന്റെ അര്‍ത്ഥശൂന്യതയും, പരിഹാസ്യതയും ആരും ഇതുവരെ മനുഷ്യരെ പറഞ്ഞു് മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ടല്ല, അവ ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയാണു് മനുഷ്യരെ ഇന്നും ഇരുട്ടില്‍ തപ്പിത്തടയാന്‍ വിടുന്നതു്. എളുപ്പം മൂലം അവര്‍ ഇരുട്ടിനെ വെളിച്ചമായി അം‌ഗീകരിക്കാന്‍ തയ്യാറാവുന്നു. “ഇന്നോളം ഒരു മതവും സോപാധികമായോ നിരുപാധികമായോ, തത്വങ്ങളിലൂടെയോ ഉപമകളിലൂടെയോ ഉള്ള യാതൊരു സത്യവും ഉള്‍ക്കൊണ്ടിട്ടില്ല.” – ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെ.

“തത്വചിന്തകര്‍ ലോകത്തെ പലവിധത്തില്‍ നിര്‍വചിച്ചു; പക്ഷേ, വേണ്ടതു് ലോകത്തെ മാറ്റിയെടുക്കുകയാണു്” എന്ന വാചകം കാര്‍ള്‍ മാര്‍ക്സ് ലുഡ്‌വിഗ് ഫൊയെര്‍ബാഹിനെതിരെ തൊടുത്തുവിട്ട ഒരു വിമര്‍ശനശരമായിരുന്നു. ജനങ്ങളുടെ ഓപിയം ആയ മതങ്ങളെ വിമര്‍ശിച്ചു് തൃപ്തിപ്പെടുന്നതു് സാമൂഹികപരിവര്‍ത്തനം ലക്‍ഷ്യമാക്കിയ മാര്‍ക്സിനു് മതിയായിരുന്നില്ല. പക്ഷേ, പാര്‍ട്ടി ഓഫീസിലേക്കു് പോകുന്നതിനുമുന്‍‌പു് പള്ളിയിലും അമ്പലത്തിലും പോയി തൊഴുതില്ലെങ്കില്‍ വിജയം വരിക്കാന്‍ കഴിയില്ലെന്നാണു് ഇന്നും പല മാര്‍ക്സിസ്റ്റുകളുടേയും വിശ്വാസം. സമൂഹത്തെ മാറ്റിയെടുക്കണമെങ്കില്‍ മനുഷ്യരുടെ ചിന്തകളില്‍, തലച്ചോറില്‍ മാറ്റങ്ങള്‍ സംഭവിക്കണം. അതില്ലാത്ത പരിവര്‍ത്തനത്തിന്റെ കാലുകള്‍ കുറിയതായിരിക്കും.

ഇമ്മാനുവേല്‍ കാന്റിന്റെ ചില വാചകങ്ങള്‍:

1. സദാ‍ചാരത്തിനു് അതിനായിത്തന്നെ മതത്തിന്റെ ആവശ്യമില്ല.

2. നന്മയെന്ന ആശയത്തിന്റെ അടിസ്ഥാനം അതില്‍ത്തന്നെയാ‍ണു്, മതത്തിലല്ല; എല്ലാത്തിലുമുപരി, അതിനു് അത്ഭുതങ്ങളിലെ വിശ്വാസത്തിന്റെ ആവശ്യമില്ല.

3. രാഷ്ട്രത്തിനുള്ളില്‍ ഒരു സന്മാര്‍ഗ്ഗസമൂഹമായി ഒരുമിച്ചാല്‍ മാത്രമേ തിന്മയെ അതിജീവിക്കാന്‍ കഴിയൂ. (ഭൂമിയിലെ ദൈവരാജ്യം!)

4. വിശ്വാസികളെ ഭരിക്കാന്‍ ആഗ്രഹിക്കുന്ന പുരോഹിതര്‍ യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണു്.

5. യുക്തിയുക്തവിശ്വാസത്തില്‍ നിന്നും ആരംഭിക്കുവാ‍ന്‍ മനുഷ്യപ്രകൃതി ബലഹീനമായതിനാല്‍ മതം വെളിപാടുകളിലെ വിശ്വാസത്തില്‍ നിന്നും ഉത്ഭവിക്കേണ്ടിവരുന്നു. പക്ഷേ, വെളിപാടുകളിലെ വിശ്വാസം യുക്തിയുക്തമതങ്ങളുടെ പ്രതീകമായി സേവനമനുഷ്ഠിക്കത്തക്കവിധം വ്യാഖ്യാനിക്കപ്പെടണം.

6. മനുഷ്യരുടെ നന്മയിലേക്കുള്ള പരിവര്‍ത്തനം മാത്രമാണു് മതപരമായി വിലമതിക്കപ്പെടേണ്ടതു്. അല്ലാത്തതെല്ലാം മതഭ്രാന്താണു്.

Advertisements
 
8അഭിപ്രായങ്ങള്‍

Posted by on ജൂലൈ 19, 2007 in പലവക

 

മുദ്രകള്‍:

8 responses to “ദൈവത്തിനു് പുണ്യാഹം തളിക്കുന്നവര്‍ !

 1. ബാജി ഓടംവേലി

  ജൂലൈ 20, 2007 at 17:25

  ഒരല്‌പം കൂടിപ്പോയീ എന്ന് പറയാതിരിക്കുവാന്‍ വയ്യാ.
  പലതും അതിശയോക്‌തി കലര്‍ത്തി എഴുതി
  സ്വന്തം പേരില്‍ എഴുതിക്കൂടേ
  ബാജി

   
 2. c.k.babu

  ജൂലൈ 21, 2007 at 08:49

  പ്രിയ ബാജി,
  എന്നെ വായിച്ചതിനു് നന്ദി. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ ഞാന്‍ എഴുതുന്നതിനേക്കാള്‍ കൂടിപ്പോകുന്നില്ലെന്നാണോ? പിന്നെ പേരു്! പേരോ ഉള്ളടക്കമോ പ്രധാനം?
  ബ്ലോഗുകള്‍ വായിച്ചു. നല്ലതു്! സമയവും, ക്ഷമയും ഉണ്ടെങ്കില്‍ ഇടക്കിടെ എന്റെ ബ്ലോഗുകള്‍ കാണുക.
  ആശംസകള്‍!

   
 3. chithrakaran ചിത്രകാരന്‍

  ജൂലൈ 21, 2007 at 11:34

  പ്രിയ മുടിയനായ പുത്രാ,

  താങ്കള്‍ മുടിയനല്ലെന്നു മാത്രമല്ല, ബൂലൊകത്തിന്റെ പ്രതീക്ഷയാണെന്നുകൂടി ചിത്രകാരന്‍ മനസ്സിലാക്കുന്നു.
  വിശദമായ വായനക്ക്‌ വീണ്ടും വരും.
  ആശംസകളോടെ !!!!!!

   
 4. c.k.babu

  ജൂലൈ 22, 2007 at 10:43

  പ്രിയ ചിത്രകാരന്‍,
  ഇതുവഴി വന്നതിനും, ആശംസകളറിയിച്ചതിനും നന്ദി.
  you are always welcome!
  all the best!

   
 5. മുക്കുവന്‍

  ജൂലൈ 22, 2007 at 14:03

  baaji kollam 🙂 iniyum ezhuthooo.

   
 6. c.k.babu

  ജൂലൈ 23, 2007 at 08:36

  ഹലോ മുക്കുവന്‍,
  Than-Q!
  നന്മകള്‍ നേരുന്നു!

   
 7. Rajeesh || നന്പ്യാര്‍

  ജൂലൈ 28, 2007 at 11:59

  താങ്കളുടെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും വരികള്‍ക്കിടെയിലൂടെയുള്ള വായനകള്‍ക്കും ഉള്ള വ്യക്തതയും സുതാര്യതയും വളരെ ഇഷ്ടപ്പെട്ടു. നന്നായിരുക്കുന്നു

   
 8. c.k.babu

  ജൂലൈ 28, 2007 at 16:00

  പ്രിയ രാജീഷ്,
  സ്വാഗതം!

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: