RSS

ഇടവപ്പാതിയിലെ തിരുവോണം

15 ജുലാ

കേരവൃക്ഷങ്ങള്‍ തിങ്ങി വളരുന്ന അളമായതുകൊണ്ടാണു്‌ കേരളത്തിനു് കേരളം എന്നു് പേരു് വീണതെന്നു് പണ്ടു് പള്ളിക്കൂടത്തിലെ സാറന്മാരു് പറഞ്ഞുകേട്ടിട്ടുണ്ടു്. പക്ഷേ, കുറേ നാളത്തെ ഇങ്ക്വിലാബ് വിളിയുടെ പിന്‍ബലത്തില്‍ നേതാക്കളായിത്തീരുന്നവരുടെ ചളപിളാച്ചിയുടെ ഫലമായി, അളം ചളപളയായി, നാടു് കുളമായി മാറുമ്പോള്‍ സമൂഹം കാട്ടാളമായി, കരാളമായി, കേരളമായി പരിണമിക്കുകയാണെന്നാണു് എന്റെ വിശ്വാസം. ആത്മീയതയുടെ ദൃഷ്ടിയിലൂടെ നോക്കിയാല്‍ ഒരുതരം ട്രാന്‍സ്‌സെന്‍ഡെന്‍‌റല്‍ ഫ്യൂഷന്‍! രണ്ടല്ല ഒന്നുതന്നെ. അദ്വൈതം! തന്മൂലം, ഒന്നായതിനെ ഇടയ്ക്കിടെ രണ്ടെന്നു് ‍കാണേണ്ടിവന്നാല്‍‌ ഇണ്ടലിന്റെ ആവശ്യമില്ല. മിണ്ടാതിരുന്നാല്‍ മതി. മൌനം വിദ്വാനു് ഭൂഷണം! വിദ്വാന്‍‌മാര്‍‌ മിണ്ടാതിരുന്നാലല്ലേ കപടവിദ്വാന്‍‌മാര്‍ക്കു് ജനങ്ങളെ കബളിപ്പിച്ചു് ചൂഷണം ചെയ്യാന്‍ പറ്റൂ. പരശുരാമന്റെ മഴുവിനും ഇപ്പോള്‍ പണ്ടത്തേപ്പോലെയുള്ള മൂര്‍ച്ചയില്ല. നേതാക്കള്‍ നിരന്തരം നടത്തുന്ന പരസ്പരവിരുദ്ധമായ പരസ്യപ്രസ്താവനകള്‍ ജനങ്ങളെ ഭ്രാന്തു് പിടിപ്പിക്കുന്നു. ചിക്കുന്‍ ഗുനിയയും മറ്റു് പകര്‍ച്ചവ്യാധികളും പോരെന്നാവാം. ഉഷ്ണം ഉഷ്ണേന ശാന്തി! ഉഷ്ണം കുറക്കാനുള്ള മാര്‍ഗ്ഗങ്ങളാണു് ഹര്‍ത്താല്‍, ബന്ദു്‌, സമരം, സത്യാഗ്രഹം, പട്ട, കൊട്ടോടി മുതലായവ. അസംബ്ലി ഒരു നിയമനിര്‍മാണസഭയല്ല; അം‌ഗന്‍‌വാടിയില്‍ നിന്നും ആരംഭിക്കേണ്ടവരുടെ അങ്കത്തട്ടാണു്. കഴുതകരച്ചില്‍ മുതല്‍ പൂഴിക്കടകന്‍ വരെയാണു് പയറ്റുകള്‍. ലക്‍ഷ്യം മാര്‍ഗ്ഗത്തെ ശുദ്ധീകരിക്കുന്നു എന്ന കാട്ടാളനീതിയാണു് മുദ്രാവാക്യം. ജനങ്ങള്‍ ദിനം‌പ്രതി പകര്‍ച്ചവ്യാധിമൂലം മരിക്കുമ്പോള്‍ അതിനുള്ള നിവാരണമാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനു് പകരം ഹര്‍ത്താല്‍ ആചരിക്കുന്നവരെ കേരളത്തിലേ കാണാന്‍ കഴിയൂ എന്നു് തോന്നുന്നു.

ഈ നാട്ടില്‍ പണ്ടു് ഒരു മാവേലി വാണിരുന്നു എന്നും, അന്നു് നാട്ടില്‍ കള്ളവും ചതിയും ഇല്ലായിരുന്നു എന്നും ഒരു ഐതിഹ്യമുണ്ടു്. അതു് മനുഷ്യരുടെ ഒരു ആഗ്രഹസ്വപ്നം മാത്രമാണെന്നും, അതില്‍ വലിയ കഴമ്പൊന്നുമില്ലെന്നും പ്രചരിപ്പിക്കാന്‍ ചില ദുഷിച്ച നാവുകള്‍ മടിക്കാറുമില്ല.

ആരുപറഞ്ഞു കേരളം ഒരു ഭ്രാന്താലയമാണെന്നു്? കേരളം ഒരു മേളാലയമാണു്. കേരളത്തില്‍ മരണം പോലും ഒരു മേളയാണു്. തൂങ്ങിമരിച്ച ഒരു അനാഥന്റെ മൃതശരീരം കഴുത്തിലെ കയര്‍‌ സഹിതം പത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നതു് ലോകത്തില്‍ മറ്റെവിടെ കാണാന്‍ സാധിക്കും? അഥവാ കാണാന്‍ കഴിഞ്ഞാല്‍ തന്നെയും, അതു് മനുഷ്യത്വവും സംസ്കാരവും ഉള്ളവര്‍ അനുകരിക്കണമെന്നുമില്ല. വിശുദ്ധമേളകളില്‍ നിയന്ത്രണം വിട്ട ആന മനുഷ്യനെ ചവിട്ടിപ്പിടിച്ചു് കുത്തിക്കൊല്ലുന്നതു് പത്രത്തില്‍ കാണിച്ചില്ലെങ്കില്‍ അതുകണ്ടു് ആമോദം കൊള്ളുവാ‍ന്‍ നാട്ടുകാര്‍ക്കു് കഴിയുന്നതെങ്ങനെ? അത്രമാത്രം മരവിച്ചുകഴിഞ്ഞു മലയാളിയുടെ മനസ്സ്. മനുഷ്യമനസ്സും മദ്യപാനിയേപ്പോലെയാണു് – ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ പെട്രോളോ ഡീസലോ ഒക്കെ കുടിച്ചാലേ ഒരു കിക്ക് കിട്ടൂ. എന്തും ശീലിക്കാന്‍ കാലാന്തരേ മനുഷ്യനു് കഴിയും – സ്വന്തം ജീര്‍ണ്ണതയും ഇതിനൊരപവാദമല്ല.

മരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ കഴിയില്ലെന്നു് വരുമ്പോഴാണു് മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നതു്. ചത്താലും അവര്‍ക്കു് സ്വൈര്യം കൊടുക്കാ‍തിരിക്കണമോ?

ബൈബിളിലെ ഭാഷ ഉപയോഗിച്ചാല്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ ജനങ്ങളും, അവരുടെ ആളോഹരി കടവും പെരുകുന്നു. അന്ധവിശ്വാസികള്‍, അര്‍ദ്ധപ്പട്ടിണിക്കാര്‍, ചുമട്ടുതൊഴിലാളികള്‍. പട്ടിണി കിടക്കാന്‍ ഒരു വയര്‍ കൂടി. ഇങ്ക്വിലാബ് വിളിക്കാന്‍ ഒരു തൊണ്ട കൂടി. കൂപ്പുവാന്‍ മെലിഞ്ഞ രണ്ടു് കൈകള്‍ കൂടി. നരകിക്കുന്ന മനുഷ്യാത്മാക്കളുടെ രക്തം കുടിച്ചു് ജീവിച്ചുകൊണ്ടു് അവരുടെ നേരെ കണ്ണടക്കുന്ന രാഷ്ട്രീയ-ആത്മീയ നേതൃത്വത്തിന്റെ മനുഷ്യാധമത്വം‍. ശിരസ്സു് സമുന്നതവും മനസ്സു് സ്വതന്ത്രവുമായ ഒരവസ്ഥ ടാഗോര്‍ സ്വപ്നം കണ്ടു. ഇവിടെ ശിരസ്സു് ചാക്കുകെട്ടു് ചുമക്കുന്നു. മനസ്സു് അന്ധകാരം തേടുന്നു. കടം മൂലം വീടിനു് വെളിയിലിറങ്ങാന്‍ നിവൃത്തിയില്ലാതായവര്‍. ഗത്യന്തരമില്ലാതെ, അന്യായപലിശയ്ക്കു് പണം കടം വാങ്ങി, തിരിച്ചടയ്ക്കാന്‍ കഴിവില്ലാതെ കുടുംബസഹിതം ആത്മഹത്യ ചെയ്യേണ്ടിവരുന്നവര്‍. കടനിവാരണപദ്ധതികള്‍ വാക്കുകളിലും കടലാസ്സുകളിലും ഒതുങ്ങുന്നു. കടത്തില്‍ മൂടിയ കര്‍ഷകനു് രണ്ടുകോടി രൂപ കൈക്കൂലി കൊടുക്കാന്‍ കഴിയുകയില്ലല്ലോ. മാദ്ധ്യമങ്ങള്‍ നിറയെ രാഷ്ട്രീയ നേതാക്കളുടെ വാഗ്ദാനങ്ങളാണു്. മറുപക്ഷം എന്തെല്ലാം തെറ്റുകളാണു് ചെയ്തതെന്നും തങ്ങള്‍ എന്തെല്ലാം ശരികളാണു് ചെയ്യാന്‍ പോകുന്നതെന്നും അധികാരത്തിലെത്തുന്ന വിഭാഗം നിരന്തരം കുരക്കുന്നു. ഇന്നലെയും, നാളെയും അല്ലാതെ “ഇന്നു്” എന്നൊന്നു് അവര്‍ക്കജ്ഞാതമാണു്. വെറും ഒരാഴ്ച്ചക്കാലത്തെ പത്രവാര്‍ത്തയിലെ, ഞങ്ങള്‍ അതു് ചെയ്യും, ഇതു് ചെയ്യും എന്ന ഭാവികാലപ്രവചനഭീഷണിയുടെ നാലിലൊന്നു് അവര്‍ പ്രാവര്‍ത്തീകമാക്കിയിരുന്നെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാടായില്ലെങ്കിലും, മനുഷ്യനു് മാനം മര്യാദയായി ജീവിക്കാന്‍ കഴിയുന്ന ഒരു നാടായി കേരളം പണ്ടേ മാ‍റിയേനെ. സംശയമുള്ളവര്‍ ദിവസവും പത്രങ്ങളില്‍ വരുന്ന ഭാവികാലപ്രവചനങ്ങള്‍ കുറിച്ചുവച്ചു് പരിശോധിക്കുന്നതു് നന്നായിരിക്കും.

ഏതെങ്കിലും ഗ്രന്ഥശാലാവാര്‍ഷികത്തിലാണു് പ്രസം‌ഗമെങ്കില്‍, നാളെമുതല്‍ ഓരോ വീടും ഒരു ഗ്രന്ഥശാലയായി മാറ്റുമെന്നു് വിളംബരം ചെയ്യും. ബീഡിത്തൊഴിലാളിയൂണിയനിലാണു് പ്രസംഗമെങ്കില്‍, ബീഡികളെ മുഴുവന്‍ ചുരുട്ടുകളാക്കി മാറ്റുമെന്നു് ഉറപ്പുനല്‍കും. അതാണു് കേരളരാഷ്ട്രീയം. ഏതെങ്കിലും ഒരു പദ്ധതി ആരംഭിച്ചാല്‍ തന്നെ അതു് താമസിയാതെ തല്ലിപ്പൊളിച്ചു് മുടക്കുമുതല്‍ വേണ്ടപ്പെട്ടവര്‍ പോക്കറ്റിലാക്കും. വേണമെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി അനുയോജ്യമായ ഒരു അന്വേഷണത്തിനു് ഉത്തരവുമിറക്കും. അന്വേഷണത്തില്‍ നിന്നു് അന്വേഷണത്തിലേക്കു്, അഴിമതിയില്‍ നിന്നു് അഴിമതിയിലേക്കു്, ഇടതില്‍ നിന്നു് വലതിലേക്കു്, വലതില്‍ നിന്നു് ഇടതിലേക്കു്. ജനങ്ങള്‍ അനുദിനം നാശത്തില്‍ നിന്നും നാശത്തിലേക്കും. ഭരിക്കുന്നവര്‍ നന്നാവാതെ സമൂഹം നന്നാവുന്നതെങ്ങനെ? സമൂഹം നന്നാവാതെ സമൂഹത്തെ ഭരിക്കുന്നവര്‍ നന്നാവുന്നതെങ്ങനെ? ജനങ്ങള്‍ തെരഞ്ഞെടുത്തു് വിടുന്നവരാണു് അവരെ ഭരിക്കുന്നതു്! (മന്ത്രി + തന്ത്രി) = (മാത + കോത)! (മാത + കോത) = (മന്ത്രി + തന്ത്രി). സമൂഹം വളരണമെങ്കില്‍ മനുഷ്യര്‍ മാനസികമായി വളരണം. മറ്റൊരു പോംവഴിയുമില്ല. മനുഷ്യര്‍ മതങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നിരിക്കുന്നിടത്തോളം മാനസികവളര്‍ച്ച സാദ്ധ്യമാവുകയില്ല.

ഓരോ ജപവും ബോധവല്‍ക്കരണത്തിന്റെ വിപരീത ദിശയിലേക്കു് വയ്ക്കപ്പെടുന്ന ഓരോ ചുവടുകളാണു്. മനസ്സിനെ അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും തടവറയില്‍ തളച്ചിടുവാന്‍ ജപമാലയെക്കാള്‍ അനുയോജ്യവും, കരുത്തേറിയതുമായ ഒരു ചങ്ങലയുമില്ല.

ആവര്‍ത്തിച്ചവയുടെ ആവര്‍ത്തനം മനുഷ്യചേതനയെ മന്ദീഭവീപ്പിക്കാനേ ഉപകരിക്കൂ. ജപം വഴി മനുഷ്യന്‍ അവനെത്തന്നെ ഹിപ്നോട്ടൈസ് ചെയ്യുന്നു. കേട്ടതുതന്നെ കേള്‍ക്കേണ്ടിവരുമ്പോള്‍ തലച്ചോറു് പിന്നെ അങ്ങനെയുള്ളവയെ ശ്രദ്ധിക്കാതെ ഉറങ്ങാന്‍ പോകുന്നു. ചര്‍വ്വിതചര്‍വ്വണത്തിനു് തലച്ചോറിന്റെ പങ്കാളിത്തം ആവശ്യമില്ല. മനുഷ്യരുടെ തലച്ചോറിനെ ഓഫ് ചെയ്യുക എന്നതാണു്‌ ഏതു് ജപവും ലക്‍ഷ്യമാക്കുന്നതും. യേശു പറയുന്നു: “പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ ജാതികളേപ്പോലെ ജല്പനം ചെയ്യരുതു്. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ക്കു് തോന്നുന്നതു്. അവരോടു് തുല്യരാവരുതു്. നിങ്ങള്‍ക്കു് ആവശ്യമുള്ളതു് ഇന്നതു് എന്നു് നിങ്ങള്‍ യാചിക്കും മുമ്പേ നിങ്ങളുടെ പിതാവു് അറിയുന്നുവല്ലോ”- (Matthew 6: 7, 8) മനുഷ്യരുടെ ആവശ്യങ്ങള്‍ സ്വാഭാവികമായും അറിയുന്ന ദൈവത്തെ നാഴികയ്ക്കു് നാല്പതുവട്ടം വിളിച്ചു് തന്റെ പര്‍ച്ചേസ് ലിസ്റ്റിലെ ഐറ്റംസ്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ മനുഷ്യനു് ഒരു സമാധാനവുമില്ല. നിരന്തരം കൊക്കിവിളിച്ചു് നടക്കണമെന്നല്ലാതെ തങ്ങള്‍ എന്തിനാണു് ഇങ്ങനെ കൊക്കുന്നതെന്നു് പിടക്കോഴികള്‍ക്കും വലിയ നിശ്ചയമില്ല. കൊക്കിയില്ലെങ്കില്‍‌ പൂവന്‍ എന്തു് കരുതും എന്നതാവാം ഒരുപക്ഷേ അവയുടെ സങ്കടം.

സാ‍ക്ഷാല്‍ ബ്രഹ്മാ‍വിന്റെ പത്നിയായ സരസ്വതിയെ വിദ്യയുടെ ദേവതയായി ആരാധിക്കുന്ന ഭാരതത്തില്‍ സ്ത്രീപീഡനത്തില്‍ നിന്നു് മോചനം ലഭിക്കണമെങ്കില്‍ സ്ത്രീ അര്‍ദ്ധനഗ്നയായി പൊതുനിരത്തുകളിലൂടെ ഓടണം. ദേവികളെ തടഞ്ഞിട്ടു് നില്‍ക്കാ‍ന്‍ ഇടമില്ലാത്ത ആര്‍ഷഭാരതത്തിലെ ഓരോ പൌരനും ലജ്ജിച്ചു് തലതാഴ്ത്തുകയാണു് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതു്. അതെങ്ങനെ, വനം കയ്യേറ്റവും, അഴിമതിയും ഒക്കെ കഴിഞ്ഞിട്ടു് നാടു് നേരെയാക്കാന്‍ നേതാക്കള്‍ക്കു് നേരമില്ലല്ലോ.

Advertisements
 

മുദ്രകള്‍: , ,

2 responses to “ഇടവപ്പാതിയിലെ തിരുവോണം

 1. VINAYA N.A

  മാര്‍ച്ച് 28, 2009 at 04:27

  പൂവന്‍ കോഴികളെല്ലാം കൂവുന്നത് ക്രിത്യമായ ലക്ഷ്യം മുന്നില്‍ കണ്ടിട്ടുതന്നെ ആയിരിക്കും അല്ലേ അനിലേ

   
 2. ചാർവാകൻ.

  ഫെബ്രുവരി 16, 2011 at 04:49

  (മന്ത്രി + തന്ത്രി) = (മാത + കോത)! (മാത + കോത) = (മന്ത്രി + തന്ത്രി) ഇതാണ് കണക്കെന്നു പറെന്നത്.അടിപൊളി..

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: