RSS

Monthly Archives: ജൂലൈ 2007

ഒരു ഈച്ചയുടെ മരണം

ഈച്ചകളുടെ ഓര്‍മ്മ വളരെ ഹ്രസ്വമാണത്രേ. തനിക്കു് സംഭവിച്ച കാര്യങ്ങള്‍ ഏതാനും സെക്കന്റുകള്‍ കഴിയുമ്പോഴേക്കും ഈച്ച മറന്നുകഴിഞ്ഞിരിക്കും.

ഇക്കഴിഞ്ഞ ദിവസം ഒരു ഒറ്റയാന്‍ ഈച്ച എന്റെ മുറിയില്‍പ്പെട്ടു. പുറത്തുകടക്കാനായി ഒരു ഗരുഡവിമാനം പോലെ പറന്ന ഈച്ച ഭും!! ജനലിന്റെ ചില്ലില്‍ തട്ടി ദാ കിടക്കുന്നു തറയില്‍! കാണാതെ പഠിച്ച ഒരു തെറി പറഞ്ഞശേഷം ഈച്ച കുറച്ചുനേരം തറയില്‍ കിടന്നു. (തെറി പറയാനും പഠിച്ചിരിക്കണം. എല്ലാവരും പറയുന്ന തെറി ഒന്നല്ല. ഇറാനിലെ തെറിയല്ല അമേരിക്കയിലെ തെറി.) മുന്‍കാലുകള്‍കൊണ്ടു് തലതിരുമ്മുന്നതിനിടയില്‍ ചില ഉപതെറികള്‍ കൂടി ഈച്ച ആരോടെന്നില്ലാതെ പറഞ്ഞു. അതിനിടെ തല വേദനിക്കുന്നു എന്നല്ലാതെ, അതെങ്ങനെ സംഭവിച്ചു എന്നകാര്യം ഈച്ച മറന്നുകഴിഞ്ഞിരുന്നു. ധ്രുവപ്രദേശങ്ങളില്‍ വെളിയില്‍ മൂത്രമൊഴിക്കുന്നതുപോലെയാണതു്. മൂത്രം പുറത്തുവരുമ്പോള്‍ത്തന്നെ ഉറയ്ക്കും. എസ്കിമോകള്‍ മൂത്രം ഒഴിക്കുകയല്ല, ഒടിക്കുകയാണു്. ഈച്ചകളുടെ അനുഭവവും മറവിയും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യമാണു് ഗണിതശാസ്ത്രജ്ഞര്‍ differential and integral calculus-ലെ സമയത്തിന്റെ infinitesimal ആയി നിജപ്പെടുത്തിയിരിക്കുന്നതു് എന്നാണെന്റെ വിശ്വാസം.

കഥാനായകനായ ഈച്ചക്കു് തലവേദന കലശലായി ഉണ്ടെങ്കിലും, ഒരിടത്തും ഒരുപാടു് സമയം കുത്തിയിരിക്കരുതു് എന്ന “ഈച്ചാസ്‌ ബേസിക്‌ ഇന്‍സ്റ്റിങ്ക്റ്റ്‌” മൂലമാവാം ഗരുഡവിമാനം പോലെ ഈച്ച വീണ്ടും പുറത്തേക്കു് പറന്നു! ഭും!! വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ (കോണകമഴിഞ്ഞയ്യോ ശിവ ശിവ) N. B. – സഭ്യതയുടെ അതിര്‍വരമ്പു് ലംഘിക്കാതിരിക്കാനാണു് അന്ത്യഭാഗം ബ്രാക്കറ്റില്‍ കൊടുത്തതു്! പകല്‍സമയത്തു് സഭ്യത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായവര്‍ ബ്രാക്കറ്റിലുള്ളതു് ഒഴിവാക്കി വായിക്കുക. കഥയുടെ ആന്തരികഗതിയില്‍ അതുവഴി മാറ്റം വരുന്നില്ല. ഈച്ച തെറി പറയുന്നു, തല തിരുമ്മുന്നു, അല്‍പനേരം കിടന്നകിടപ്പു് കിടക്കുന്നു. വീണ്ടും ഗരുഡ… …

അഞ്ചാമത്തെ വീഴ്ച്ച കഴിഞ്ഞപ്പോള്‍ ഇനി ഒരു അതീന്ദ്രിയധ്യാനം കഴിഞ്ഞാവാം പറക്കല്‍ എന്നു് കരുതിയതുകൊണ്ടാണോ എന്നറിയില്ല, തുടര്‍ന്നുള്ള ടേക്കോഫുകള്‍ ഈച്ച ക്യാന്‍സല്‍ ചെയ്തു. ഈ ഈച്ച ആണോ പെണ്ണോ എന്നു് ആലോചിക്കുന്നതിനിടയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു അശരീരി ഉണ്ടായി. അശരീരി മലയാളത്തിലായിരുന്നു.
ഇവന്‍ അശ്വത്ഥാമാവു് എന്നു വിളിക്കപ്പെടും!”
“തോന്ന്യാസമല്ലേ ഇയാള്‍ ഇതുവരെ ചെയ്തിട്ടുള്ളു” എന്നു മനസ്സില്‍ പറഞ്ഞെങ്കിലും, ഡിപ്ലൊമസിയുടെ പേരില്‍, സ്വര്‍ഗ്ഗത്തിലെ ഭരണഘടനയിലും മതേതരത്വം ഉള്‍പ്പെടുത്തിയതില്‍ എന്റെ അകമഴിഞ്ഞ ആനന്ദം മുകളിലേക്കുനോക്കി രേഖപ്പെടുത്തിയ ശേഷം ഞാന്‍ എന്തോ വായിക്കാന്‍ ആരംഭിച്ചു.
മൂന്നാറിലെ വനഭൂമികയ്യേറ്റം ഒഴിപ്പിക്കലിന്റെ കാര്യത്തിലെന്നപോലെതന്നെ, അശ്വത്ഥാമാവു് സാവകാശം വിസ്മൃതിയിലാണ്ടുകൊണ്ടിരുന്നതിനിടയിലെപ്പോഴോ ഞാന്‍ ഉറങ്ങാന്‍ പോയി.

പിറ്റേദിവസം രാവിലെ ഒരു പുസ്തകം എടുക്കാനായി അലമാരിയുടെ അടുത്തേക്കു് നീങ്ങിയപ്പോഴാണു് കണ്ടതു്, അശ്വത്ഥമാവു്‌ കിടന്നിടത്തുതന്നെ!
“ഹേയ്‌! അശ്വത്ഥാമാവേ!” ഞാന്‍ വിളിച്ചു.
എല്ലാ നല്ല കാര്യങ്ങളും മൂന്നാണു് എന്നു കേട്ടിട്ടുള്ളതുകൊണ്ടു് മൂന്നുപ്രാവശ്യം വിളിച്ചു. (ഉദാഹരണത്തിനു്, ബ്രഹ്മാവു് വിഷ്ണു മഹേശ്വരന്‍, പിതാവു് പുത്രന്‍ പരിശുദ്ധറൂഹാ, ത്രിഗണം, ത്രികോണം, തേങ്ങാക്കണ്ണുകള്‍ അങ്ങനെ പലതും…)

മൂന്നു് വിളി വിളിച്ചിട്ടും അനക്കമില്ല.
ഒരു അന്യശരീരത്തെ തൊടുന്നതിനുമുന്‍പു് ആ ശരീരത്തിനു് ഞാന്‍ തൊടുന്നതു് ഇഷ്ടമാണോ എന്നറിഞ്ഞിരിക്കണം. പക്ഷേ, അതിനു് പരസ്പരം ഒരു കമ്മ്യൂണിക്കേഷന്‍ ആവശ്യമാണു്. ഇവിടെ അതു് സാദ്ധ്യമാവുന്നില്ല. സഹായിക്കപ്പെടേണ്ട അവസ്ഥയിലാണു് അശ്വത്ഥാമാവു് ഈ കിടപ്പു് കിടക്കുന്നതെങ്കില്‍ സഹായിക്കേണ്ടതു് എന്റെ കടമയാണു്. അല്ലാഞ്ഞാല്‍, അതു് ശിക്ഷാര്‍ഹമായ ഒരു ക്രിമിനല്‍കുറ്റവുമാണു്.

അവസാനം എന്നിലെ നല്ലവനായ സമരിയാക്കാരന്‍ തന്നെ ജയിച്ചു. ഒരു letter opener കൊണ്ടു് അനക്കിനോക്കുന്നതിനിടയില്‍, “ബ്രൂട്ടസേ! നീയുമോ?” എന്ന ഭാവത്തില്‍ മലര്‍ന്നുകിടന്നതല്ലാതെ അശ്വത്ഥാമാവു് മിണ്ടിയില്ല, അനങ്ങിയില്ല.

“അശ്വത്ഥാമാ ഹതഃ” എന്നു് ഞാന്‍ എന്നോടുതന്നെ പറഞ്ഞപ്പോള്‍, സ്വരം താഴ്ത്തി “ഈച്ച” എന്നു് കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല.

ചില വെളിപ്പെടുത്തലുകള്‍:

ഈ കഥ ഒരു ആത്മീയഗ്രന്ഥത്തില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആദ്യം ഞാന്‍ ഉദ്ദേശിച്ചതു്. പക്ഷെ, അബദ്ധവശാല്‍ അതു് വായിക്കാന്‍ ഇടവരുന്നവര്‍ ഈച്ചയുടെ പുറത്തേക്കു് പറക്കാനുള്ള ശ്രമം പരമാത്മാവുമായി സംയോജിക്കാനുള്ള ജീവാത്മാവിന്റെ ദാഹമായും, ജനല്‍പ്പാളി അതിനു് തടസ്സമായി നില്‍ക്കുന്ന ലൗകീകപരീക്ഷണങ്ങളായുമൊക്കെ സങ്കല്‍പ്പിച്ചാല്‍ അതെനിക്കു് ബുദ്ധിമുട്ടാവും. പ്രധാന ബുദ്ധിമുട്ടു്, ഈ സത്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഞാന്‍ വിശുദ്ധനാക്കപ്പെട്ടാലാണു്. പിതാവിന്റെ ഭവനം ഉപേക്ഷിച്ച ഒരു മുടിയനായ പുത്രന്‍ എന്ന നിലയില്‍ എനിക്കു് എന്റെ പിതാവിന്റെ ഭവനത്തില്‍ വീണ്ടും തിരിച്ചു് ചെല്ലേണ്ടതുണ്ടു്. എന്നെ വിശുദ്ധനാക്കി, ഏതെങ്കിലും കവലയിലെ കപ്പേളയിലെ ചില്ലുകൂട്ടിലാക്കിയാല്‍, നിറുത്തിപ്പൊരിച്ച കണ്ടാമൃഗവും, വര്‍ണ്ണശബളമായി അലങ്കരിച്ച തീന്മേശയുമായി തപ്പുകളാലും, ചതുരത്തപ്പുകളാലും, പോക്കറ്റുതപ്പുകളാലും (ബൈബിളിനോടും, കേരളത്തിലെ വിദ്യാഭ്യാസമേഖലയോടും കടപ്പാടു്) എന്നെ കാത്തിരിക്കുന്ന എന്റെ പിതാവിന്റെ ഭവനത്തിലെത്താന്‍ എനിക്കു് കഴിയുകയില്ല. എന്നെ കവലയില്‍ കുത്തിപ്പൊക്കിയാല്‍ എന്റെ പിതാവിനു് ധനനഷ്ടവും മാനഹാനിയുമാവും മരണംവരെ വാരഫലം! തന്മൂലം നല്ലവരായ ആര്‍ക്കും തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാനായി ഇതു് ചുമ്മാ ഒരു ബ്ലോഗായി വിക്ഷേപിക്കുന്നു.

ഒരു കാര്യം കൂടി:
ഈ കഥയിലെ ഈച്ചക്കു് ഈച്ചയുമായും, എനിക്കു് ഞാനുമായുമല്ലാതെ, ജനിച്ചവരോ ജനിക്കാത്തവരോ ജനിച്ചേക്കാവുന്നവരോ, മരിച്ചവരോ മരിക്കാത്തവരോ മരിച്ചേക്കാവുന്നവരോ ആയ ആരെങ്കിലുമായി ഏതെങ്കിലും വിധത്തില്‍ ഉണ്ടെന്നു് തോന്നിയേക്കാവുന്ന ബന്ധം അടിസ്ഥാനരഹിതമാണു്, അര്‍ത്ഥശൂന്യമാണു്, ആകസ്മികമാണു്, ആ……..!

Advertisements
 

മുദ്രകള്‍: ,

സ്ഥിതിസമത്വം – ഒരു മൃഗദാഹം

1848 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ കാള്‍ മാര്‍ക്സ്‌ ഇങ്ങനെ അവസാനിപ്പിക്കുന്നു: “The proletarians have nothing to lose but their chains. They have a world to win. Workingmen of all countries unite!” തൊഴിലാളിവര്‍ഗ്ഗത്തിനു് നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രമായിരുന്ന, ചരിത്രപരമായ ഒരു “പൂജ്യം” അവസ്ഥ! ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്കു് ഒരു നവ്യാരംഭത്തിനു് നഷ്ടഭയം ഒരു തടസ്സമാവേണ്ട കാര്യമില്ല. തന്മൂലം ഒന്നുമില്ലാത്തവര്‍ എന്തെങ്കിലും ഉള്ളവരായിത്തീരാമെന്ന മോഹത്തില്‍ പുതിയലോകം വാഗ്ദാനം ചെയ്ത നേതാക്കളെ ജീവന്‍ ബലികഴിക്കാന്‍ വരെ സന്നദ്ധരായി പിന്‍തുടര്‍ന്നു. മാര്‍ക്സ്‌ തിരുത്തിയെഴുതിയ ഹേഗെലിന്റെ Thesis, Antithesis, Synthesis മുതലായവയൊക്കെ എന്താണെന്നു് മനസ്സിലാക്കിയവരായിരുന്നില്ല അവര്‍. ദാരിദ്ര്യത്തില്‍നിന്നുള്ള മോചനം, സാമൂഹികനീചത്വത്തില്‍നിന്നുള്ള മോചനം – അതൊക്കെയായിരുന്നു അവരുടെ സ്വപ്നങ്ങള്‍. ചൂഷിതരായിരുന്ന അവരുടെ സഹായത്തോടെ പണ്ടത്തെ ചൂഷകരുടെ കസേരകളില്‍ എത്തിയവര്‍ സ്വയം ചൂഷകരായി മാറി ജനങ്ങള്‍ക്കു് മുഖക്കൊട്ട കെട്ടിയപ്പോള്‍ സ്ഥിതിസമത്വമെന്ന മാര്‍ക്സിന്റെ സ്വപ്നലോകമല്ല യഥാര്‍ത്ഥമാര്‍ക്സിസത്തിന്റെ ലോകമെന്നും, അവിടെ മുതലാളിത്തത്തിന്റെ മുഖച്ഛായക്കു് മാത്രമേ മാറ്റം വരുന്നുള്ളു എന്നും, വ്യക്തിസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യം മുതലായ മനുഷ്യരുടെ മൗലികമായ അവകാശങ്ങള്‍വരെ നിര്‍ദ്ദയം ചവിട്ടിമെതിക്കപ്പെടുമെന്നും ജനങ്ങള്‍ മനസ്സിലാക്കേണ്ടിവന്നു. സ്വന്തം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മതിലിനുള്ളിലടച്ചുകൊണ്ടു് (ഉദാ. കിഴക്കന്‍ ജര്‍മ്മനി) നടപ്പിലാക്കേണ്ടിവരുന്ന ഒരു സാമൂഹികവ്യവസ്ഥിതിയും മനുഷ്യനന്മ ലക്‍ഷ്യമാക്കുന്നതാവുകയില്ലെന്നു് അനുഭവത്തിലൂടെ മനസ്സിലാക്കിയ കിഴക്കന്‍ യൂറോപ്പിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റേയും മനുഷ്യാവകാശങ്ങളുടെയും ശുദ്ധവായു ശ്വസിക്കാനായി കമ്മ്യൂണിസത്തോടു് വിടപറയുകയായിരുന്നു. തൊഴിലാളിവിരുദ്ധരായതുകൊണ്ടല്ല അവര്‍ അതു ചെയ്തതു്. യൂറോപ്പിലും ബഹുഭൂരിപക്ഷം ജനങ്ങളും ജോലി ചെയ്തു് ജീവിക്കുന്നവരാണു്. അധികപങ്കു് ഭാരതീയരില്‍നിന്നും വ്യത്യസ്തമായി, അവര്‍ പ്രബുദ്ധരാണെന്നതിനാല്‍ നിത്യമായ മണ്ടന്‍കളിപ്പിക്കലിനു് അവരെ കിട്ടുകയില്ല.

ഒന്നരനൂറ്റാണ്ടിനുശേഷം പുറകോട്ടു് തിരിഞ്ഞു് നോക്കുമ്പോള്‍ ഒരു ചോദ്യം ചോദിക്കാന്‍ ആരും ആഗ്രഹിച്ചുപോകും. മാര്‍ക്സിസം വഴി, നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രമുണ്ടായിരുന്നവരായ തൊഴിലാളികല്‍ എന്തു് നേടി? മാര്‍ക്സിസത്തിനു് കാലുറപ്പിക്കാന്‍ കഴിഞ്ഞ റഷ്യയിലും, കിഴക്കന്‍ ജര്‍മ്മനിയിലും, മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികള്‍ക്കു് അവരുടെ വിലങ്ങുകള്‍ പൊട്ടിച്ചെറിയാന്‍ കഴിഞ്ഞോ? അവിടങ്ങളില്‍ സം‌ഭവിച്ചതെന്തെന്നു് നമ്മള്‍ കണ്ടുകഴിഞ്ഞു. തൊഴിലാളികളുടെയിടയില്‍ സ്ഥിതിസമത്വമോ അവസരസമത്വമോ സംജാതമാവുന്നതിനുപകരം പാര്‍ട്ടി പുതിയ മതവും, പാര്‍ട്ടിനേതാക്കള്‍ അഭിനവദൈവങ്ങളുമായി മാറുകയായിരുന്നു. (വിദ്യാഭ്യാസപരവും, സാംസ്കാരികവുമായി പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്രാജ്യങ്ങളില്‍ ഇന്നും അവസ്ഥ അതുതന്നെ!) ഏതാനും പേരുടെ സ്വേച്ഛാധിപത്യം കുറെനാളത്തേക്കേ ഏതു് സമൂഹവും സഹിക്കുകയുള്ളു. എത്രനാള്‍ എന്നതു് ആ സമൂഹം മാനസികമായി എത്രത്തോളം വളര്‍ന്നിട്ടുണ്ടു് എന്നതില്‍ ‍ അധിഷ്ഠിതമായിരിക്കും. രാഷ്ട്രീയവും, മതപരവുമായ സമഗ്രാധിപത്യം മനുഷ്യരുടെ മാനസികവളര്‍ച്ചയെ നിരുത്സാഹപ്പെടുത്തുന്നതു് എന്തിനാണെന്നു് ഇതു് വ്യക്തമാക്കുന്നു. മനുഷ്യരെ മൂഢാവസ്ഥയില്‍ പിടിച്ചുനിര്‍ത്തുക എന്ന ജോലി മതങ്ങള്‍ക്കു് താരതമ്യേന എളുപ്പമാണു്. കാരണം, അവര്‍ക്കു് ദൈവത്തിന്റെ പിന്‍തുണയുണ്ടല്ലൊ. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തെ നിരോധിച്ചുകൊണ്ടുമാത്രം നടപ്പിലാക്കാന്‍ കഴിയുന്ന ഏതു് ആദര്‍ശസത്യവും അവനെ മൃഗീയതയില്‍ പിടിച്ചുനിര്‍ത്താനേ ഉപകരിക്കൂ. മനുഷ്യനെ മൃഗത്തിനു് അതീതനാക്കുന്നതു് അവന്റെ ചിന്താശേഷി മാത്രമാണു്. അതും നിരോധിക്കപ്പെട്ടാല്‍!? ധര്‍മ്മവും അധര്‍മ്മവും, വിവേകവും അവിവേകവും, സംബന്ധവും അസംബന്ധവുമെല്ലാം തമ്മിലുള്ള അതിര്‍വരമ്പുകള്‍ക്കു് സ്ഥലകാലധിഷ്ഠിതമായ സാമൂഹികസാഹചര്യങ്ങള്‍ക്കു് അനുസൃതമായി വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ കണ്ടെത്താനാവും. പക്ഷേ, വിശപ്പില്‍ നിന്നും ദാഹത്തില്‍നിന്നും, തണുപ്പില്‍നിന്നും ചൂടില്‍നിന്നും, അനീതിയില്‍ നിന്നും അസമത്വത്തില്‍നിന്നുമെല്ലാം മോചനം നേടാനുള്ള മനുഷ്യരുടെ ദാഹം സാര്‍വ്വലൗകികമാണു്. സ്ഥിതിസമത്വം സാമാന്യബോധത്തിന്റെ വെളിച്ചത്തില്‍ ഒരു അസാദ്ധ്യതയാണു്. രാഷ്ട്രത്തിനു് അതിന്റെ ജനങ്ങള്‍ക്കുവേണ്ടി അങ്ങേയറ്റം ചെയ്യാന്‍ കഴിയുന്നതു്, എന്റെ അഭിപ്രായത്തില്‍, സാമാന്യമായി പ്രതിനിധീകരിക്കാന്‍ കഴിയുന്ന അവസരസമത്വം സമൂഹത്തില്‍ സംജാതമാക്കുകയും, അതു് അനുയോജ്യമായി ഉപയോഗപ്പെടുത്താനുതകുന്ന മാനസികവളര്‍ച്ച വിദ്യാഭ്യാസവും, ബോധവല്‍ക്കരണവും വഴി ജനങ്ങള്‍ക്കു് ലഭ്യമാക്കുകയുമാണു്. ഓരോരുത്തനും നന്നാവുമ്പോള്‍ എല്ലാവരും നന്നാവുന്നു.

ഒരിക്കലും പല്ലുതേക്കാത്തവനു് സഹൃദയനായ ഒരുവന്‍ സദുദ്ദേശത്തില്‍ കരിമ്പു് വാങ്ങിത്തിന്നാന്‍ പണം കൊടുത്താല്‍, അതുകൊടുത്തു് പുഴുങ്ങിയ കിഴങ്ങു് വാങ്ങിത്തിന്നുന്നവര്‍ തീര്‍ച്ചയായും ലോകത്തില്‍ എന്നും ഉണ്ടായിരിക്കും. പല്ലുതേക്കേണ്ടതു് ഒരാവശ്യമാണെന്നു് അറിയേണ്ട പ്രായത്തില്‍ അവരെ അറിയിച്ചാല്‍, ഒരുപക്ഷേ, കരിമ്പു് വാങ്ങാന്‍ പണം കൊടുക്കേണ്ട ആവശ്യം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം.

മാര്‍ക്സിന്റെ ലോകമല്ല ഇന്നത്തെ ലോകം. “ബൗദ്ധികമായി അങ്ങേയറ്റം വിനാശകരം” എന്നു് ഷൊപ്പെന്‍ഹൗവര്‍ വിശേഷിപ്പിച്ച ഹേഗെലിന്റെ ഡയലെക്റ്റിക്സ്ചിന്തകളെ ലോകം പിന്‍തള്ളിക്കഴിഞ്ഞു. യൂറോപ്പിനെ കമ്മ്യൂണിസം എന്ന ഭൂതം ബാധിച്ചിരിക്കുന്നു എന്നു പ്രഖ്യാപിച്ച മാര്‍ക്സ്‌ ഹേഗെലിയന്‍ ഭൂതത്തിന്റെ പിടിയില്‍നിന്നു് സ്വയം ഒരിക്കലും മോചിതനായിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിനെ ഇന്നത്തെ യൂറോപ്പുമായി താരതമ്യം ചെയ്യാനാവില്ല. മാര്‍ക്സിനുശേഷം യൂറോപ്പു് രണ്ടു ലോകമഹായുദ്ധങ്ങള്‍ കണ്ടു. ലെനിന്‍ പരിഷ്ക്കരിച്ചിട്ടുപോലും റഷ്യയില്‍ വിജയം വരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനു് കഴിഞ്ഞില്ല എന്നതു് നിഷേധിക്കാനാവുമോ? സ്വയമേവ മാറ്റങ്ങള്‍ക്കു് വിധേയമായ സാമൂഹികഘടനകളെ ഏതെങ്കിലും ഒരു വ്യവസ്ഥിതിക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുകയല്ല, അവ അനിവാര്യമാക്കിത്തീര്‍ക്കുന്ന പ്രശ്നങ്ങളെ ആധുനികവിജ്ഞാനത്തിന്റെ സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണു് ചെയ്യേണ്ടതു്. ജനങ്ങളെ കാലത്തിനു് അനുസൃതമായി വളരാന്‍ അനുവദിക്കാനുള്ള സമൂഹത്തിന്റെ ബാദ്ധ്യതയിലേക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.

 
2അഭിപ്രായങ്ങള്‍

Posted by on ജൂലൈ 29, 2007 in പലവക

 

മുദ്രകള്‍:

ഒരു ചുണ്ടെലിക്കഥ

ഞാന്‍ എവിടെയോ കേട്ട ഒരു കഥയാണിതു്. ഇതു് വായിക്കാനും വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതു് കേട്ടിട്ടുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ.
ഒരു കര്‍ഷകഭവനത്തിന്റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു. എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.

ഗുണപാഠം:

1. നിന്റെ തലയില്‍ തൂറുന്നവനെല്ലാം നിന്റെ ശത്രു ആവണമെന്നില്ല.

2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്റെ മിത്രമാവണമെന്നില്ല.

3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം, ഒത്തിരി വാലുപൊക്കാതെയെങ്കിലുമിരിക്കുക.

 
7അഭിപ്രായങ്ങള്‍

Posted by on ജൂലൈ 28, 2007 in കഥ

 

മുദ്രകള്‍: ,

ഉപാസന

പറന്നുയരുവാന്‍ചിറകുതേടിപ്പെന്‍‌
ഗ്വിനുകളേപ്പോലീപ്പഴംകുടിലിന്റെ
യഴികളില്‍പിടിച്ചനന്തവിസ്തൃതി
യലകള്‍തീര്‍ക്കുന്നപ്രപഞ്ചസീമയില്‍
മിഴിപതിച്ചുകൊണ്ടിരുന്നുപോയെത്ര
യുഗങ്ങളെത്രയോകറുത്തസന്ധ്യകള്‍ ..

ഒരിക്കലെന്‍തടിച്ചിറകിലായിരം
മിനുത്തതൂവലുംമുളയ്ക്കുമെന്നൊരു
നനുത്തസങ്കല്‍പമണിഞ്ഞുഞാനെന്റെ
വ്രണിതസൗഭാഗ്യമിറുത്തുനല്‍കിയോ
രിതളുകള്‍ചിക്കിച്ചികഞ്ഞുനിര്‍വൃതി
യടഞ്ഞിരിക്കുന്നതണുത്തസന്ധ്യകള്‍ ..

അകലെയെങ്ങോനിന്നരികിലെത്തിയ
ന്നണച്ചുനിര്‍ത്തിയെന്‍കരളിലെത്രയോ
സരസമന്ത്രങ്ങളുരച്ചുവാനിലേ
ക്കുയര്‍ന്നുപൊങ്ങുവാന്‍വിളിച്ചിറക്കിയി
ട്ടകന്നുപോയെങ്ങോമറഞ്ഞമാസ്മര
മധുരനാദത്തിന്‍കുയില്‍‍ക്കിളി ..

കവിതചൊല്ലുമീനദിക്കരയിലെ
പുളകമായ്‌വിരിഞ്ഞുയര്‍ന്നനിന്‍രാഗ
ചലിതവെണ്മണിച്ചിലങ്കതന്‍‌
ലോലമദനരോമാഞ്ചശതങ്ങളില്‍
പതഞ്ഞുനിന്നൊരെന്‍ലളിതസൗഭാഗ്യ
മുണര്‍ത്തിവിട്ടതാംതുടിപ്പുമായ്‌
പ്രണയസംഗീതശ്രുതിവിഭൂഷക
ളണിഞ്ഞുവീണ്ടുമെന്‍കനവിലെ
കണിമലര്‍ക്കൊമ്പിലിരുന്നുചുണ്ടുക
ളുരുമ്മിമോഹങ്ങളുണര്‍ത്തുവാന്‍
ഒരുങ്ങിയെത്തുന്നദിനത്തിനായ്ക്കാത്തു
കഴിഞ്ഞിടുന്നനിന്‍കതിര്‍‍ക്കിളി ..

കിളിയെനിക്കന്നുപറഞ്ഞുതന്നതാം
കഥയിലെക്കാതല്‍തിരഞ്ഞുമാത്തുയി
ലുണര്‍ത്തുപാട്ടിന്റെലഹരിതേടിയും
വിരിഞ്ഞനാള്‍തന്നെകൊഴിഞ്ഞസ്നേഹത്തിന്‍‌
‍വ്രണിതസൗഭാഗ്യമിറുത്തുനല്‍കിയോ
രിതളുകള്‍ചിക്കിച്ചികഞ്ഞുനിര്‍വൃതി
യടഞ്ഞിരിക്കുന്നമരിച്ചസന്ധ്യകള്‍ …!!

 
2അഭിപ്രായങ്ങള്‍

Posted by on ജൂലൈ 26, 2007 in കവിത

 

മുദ്രകള്‍:

നാറാണത്തു് ഭ്രാന്തന്‍

(ഒരു പഴയ കവിത)

ബ്രഹ്മിഷ്ഠവരരുചി ബ്രഹ്മസായൂജ്യം നല്‍കാന്‍
ശുദ്രയാം പറച്ചിയെ കൈമാടി വിളിച്ചപ്പോള്‍
ബ്രഹ്മാണ്ഡമിരുണ്ടില്ല, സ്വര്‍ഗ്ഗങ്ങള്‍ ഗര്‍ജ്ജിച്ചില്ല
പറയി പ്രസവിച്ചൂ പന്ത്രണ്ടുകുരുന്നുകള്‍.
സൂക്തവിജ്ഞാനം ഭ്രഷ്ടുകല്പിച്ചു ജ്വലിച്ചപ്പോള്‍
ജന്മമേകിയ സ്വന്തം മക്കളെയൊന്നൊന്നായി
പാളയില്‍ കിടക്കുന്ന വേളയില്‍ തന്നേ നട-
പ്പാതയില്‍ കിടത്തിയോരെങ്ങൊട്ടോ മറഞ്ഞുപോയ്

ജാതിചിന്തയോ വര്‍ണ്ണഭേദമോ വിശ്വാസമോ
ജാതകപ്പൊരുത്തമോ കൈനീട്ടമഹത്വമോ
തെല്ലുമോര്‍ക്കാതേ വിഷുക്കണിപോലിളംചുണ്ടു
വെറുതേ നുണയുന്ന മനുഷ്യസൂനങ്ങളെ
കൈനീട്ടി വാങ്ങീ കേരം നിറയും, പരശുവിന്‍
മുനയാല്‍ രാമന്‍ തീര്‍ത്ത കൈരളീ മനസ്വിനി

വളരാന്‍ വലുതാവാന്‍, മലയാളത്തിന്‍ മണ്ണില്‍
പന്തിരുകുലത്തിന്റെ തേജസ്സുപരത്തുവാന്‍
സ്നേഹത്തിന്‍ നാരീക്ഷീരം പകര്‍ന്നുതലോടിയാ
പ്രതിഭാമുകുളങ്ങള്‍ വിരിഞ്ഞുവിരാജിക്കാന്‍
ലാളിച്ചുവളര്‍ത്തിയ ദിവ്യദ്വാദശകത്തി
ന്നൊരുകൊച്ചിതളാണീ നാറാണത്തെ ഭ്രാന്തനും

വഴിത്താരയില്‍നിന്നുമൊതുങ്ങിയോരത്തിലെ
പെരിയമരം വീശും തണലില്‍, പണ്ടേതന്നെ
ചിതറിത്തെറിച്ചതാം ശൈശവസ്വപ്നങ്ങളെ
മുഴുവന്‍ വാരിക്കൂട്ടിയൊരിക്കല്‍ കൂട്ടിച്ചേര്‍ക്കാന്‍
പൊതിഞ്ഞുസൂക്ഷിക്കുന്ന മനസ്സിന്‍ മാറാപ്പുമായ്
മുഷിഞ്ഞവസ്ത്രങ്ങളുമലക്‍ഷ്യഭാവങ്ങളു
മശുദ്ധശരീരവും പൈതലിന്‍ ഹൃദയവും
അകലത്തെങ്ങോനട്ടനയനങ്ങളുമതില്‍
നന്മതിന്മകള്‍ വിട്ട നിര്‍ഗ്ഗുണനിസ്സം‌ഗത
ജ്വലിക്കും നൈസര്‍ഗ്ഗികസ്വര്‍ഗ്ഗീയപ്രശാന്തിയും..
ആരെയും ദ്രോഹിക്കാത്തോനാരെയുംവെറുക്കാത്തോ
നാരെയും ശ്രദ്ധിക്കാത്തോനിരുന്നൂ വഴിവക്കില്‍

വഴിയമ്പലങ്ങളില്‍ വഴിചൂണ്ടിനില്‍ക്കുന്നോര്‍
വഴിപാടുമോഹിക്കും ഭണ്ഡാരവേതാളങ്ങള്‍
ചവച്ചുതുപ്പുന്നവയെടുത്തുവീണ്ടുംവീണ്ടും
ചവച്ചുവിഴുങ്ങിക്കൊണ്ടമൃതെന്നൊതുന്നവര്‍
പദങ്ങള്‍ നാലും വെന്ത ശുനകങ്ങളേപ്പോലെ
നടന്നുനടന്നിപ്പോള്‍ തൃണവും മുളക്കാതെ
വിഷസര്‍പ്പം‌പോല്‍‍നീണ്ടവഴിവിട്ടകലത്തെ
തണലില്‍ തിര‍ക്കില്‍നിന്നൊഴിഞ്ഞുസ്വയം‌മറ
ന്നിരിക്കും നാറാണത്തുഭ്രാന്തനെക്കണ്ടോരവര്‍
ചിരിച്ചൂ കിറുക്കനെന്നുരച്ചൂ പരസ്പരം

ലാഭേച്ഛയില്ലാതൊരുകൂലിയും വാങ്ങിക്കാതെ
നിഷ്ഫലാദ്ധ്വാനം ചെയ്തുകൈകൊട്ടിച്ചിരിക്കുന്നോന്‍
മനുഷ്യപ്രയത്നത്തിന്‍ സാമാന്യലക്‍ഷ്യങ്ങളെ
അലക്‍ഷ്യമാക്കുന്നവന്‍ ഭ്രാന്തനല്ലാതാവുമോ?
ജോലിക്കുപോരാകൂലി, പണിചെയ്യാതേപണം
പിടുങ്ങാന്‍ കഴിയുന്നോരാവണം മഹോന്നതര്‍
നാരായമുനകളാരാനോകുറിച്ചിട്ട
നാരദീയങ്ങള്‍ ചൂണ്ടി നാട്ടാരെപ്പിഴിയുവാന്‍
നാട്ടുമാന്യനായ്മുഖ്യപീഠങ്ങള്‍ കയ്യാളുവാന്‍
പട്ടുകള്‍ പുതയ്ക്കാത്തോന്‍ വട്ടനല്ലാതാവുമോ?

ധര്‍മ്മനീതിയും പുണ്യകര്‍മ്മവീഥിയുമതിന്‍
മര്‍മ്മമായ് വിളങ്ങുന്ന സാത്വികസത്യങ്ങളും
മറിമായങ്ങള്‍ക്കൊരു മറയായ്ക്കരുതുന്ന
വെറിയന്മാരേക്കൊണ്ടുനിറയും മഹീതലം
അറിയില്ലവര്‍ക്കതുമൊരിക്കല്‍ഭ്രാന്തായിരു
ന്നൊടുക്കമിരുട്ടിനെയകറ്റും സത്യങ്ങളും
പുതിയവഴികളെത്തേടിയോര്‍ തെളിച്ചതാ
ണിന്നവര്‍ സ്വന്തം എന്നുമദിക്കും മാര്‍ഗ്ഗങ്ങളും
ചന്ദനം ചാലിച്ചെന്നും ലേപനം ചെയ്യാന്‍ സ്മൃതി
മണ്ഡപങ്ങളില്‍‍ വാഴിച്ചിരുത്തും മൂര്‍ത്തങ്ങളും
നടന്നവഴിവിട്ടുനടക്കാന്‍മോഹിച്ചവ
രിറുത്തുമുടിക്കെട്ടിലണിഞ്ഞനിര്‍മ്മാല്യങ്ങ
ളെടുത്തുത്രപയില്ലാതണിഞ്ഞുവിശുദ്ധരായ്
ചമഞ്ഞുനടക്കുന്നമനുഷ്യപ്പേക്കോലങ്ങള്‍

ആരെന്തുചെയ്തീടണമാരാരോടൊന്നിക്കണ
മീവകവിധിക്കുവാനധികാരമേല്‍ക്കുന്നോര്‍
അവര്‍ക്കുചൂടാന്‍‌മുടിമെടഞ്ഞുകൊടുത്തോരെ
അവജ്ഞയോടേനോക്കിക്കിറുക്കെന്നോതുന്നവര്‍
കിറുക്കുതന്നേയവര്‍ക്കൊരിക്കലോര്‍ത്താലല്ലേല്‍
തകര്‍ത്തുകളഞ്ഞേനേ സുവര്‍ണ്ണസിംഹാസനം
മനുഷ്യവിധികളെയിളിച്ചുപന്താടിക്കൊ
ണ്ടിരുന്നുവാഴുന്നതാം ശുനകസിം‌ഹാസനം
ശൂന്യമാക്കുംമ്ലേച്ഛതയിരുന്നുകൂടാത്തിട
ത്തിരുത്തിവാഴിക്കുന്ന നാറാണത്തുഭ്രാന്തന്മാര്‍!

 
2അഭിപ്രായങ്ങള്‍

Posted by on ജൂലൈ 24, 2007 in കവിത

 

മുദ്രകള്‍: ,

അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങള്‍

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (1225-1274) ഒരു സഭാപിതാവും, മതതത്വശാസ്ത്രജ്ഞനും ആയിരുന്നു വിശുദ്ധ തോമാസ് അക്വിനാസ്. സ്കൊളാസ്റ്റിക് യുഗത്തിന്റെ അനിഷേദ്ധ്യനേതാവായ തോമാസിനെ 1323-ല്‍ വിശുദ്ധനും, 1567-ല്‍ സഭാദ്ധ്യാപകനും (Dr. Angelicus) ആയി സഭ പ്രഖ്യാപിച്ചു. 1879-ലെ Aeterni Patris-ഇടയലേഖനത്തിലൂടെ തോമാസിന്റെ തത്വചിന്തകള്‍ കത്തോലിക്കാസ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. 1950-ലെ Humani Generis – ഇടയലേഖനം തോമാസിന്റെ ചിന്തകളെ റോമന്‍-കത്തോലിക്കാസഭയുടെ ഉറപ്പായ വഴികാട്ടിയായി അം‌ഗീകരിക്കുകയും, വ്യതിചലനങ്ങളെ നിരോധിക്കുകയും ചെയ്തു.

വിശുദ്ധനാക്കാന്‍ 49 വര്‍ഷം. സഭയുടെ അംഗീകൃത അദ്ധ്യാപകനാക്കാന്‍ 293 വര്‍ഷം. തത്വങ്ങളെ പഠനപരിശീലനത്തിനു് വിധേയമാക്കാന്‍ 605 വര്‍ഷം. അവ പഠിക്കാതിരിക്കുന്നതു് പാപമാണെന്നു് വിധിക്കുവാന്‍ 676 വര്‍ഷം! തോമാസ് പറഞ്ഞതെന്താണെന്നു് മനസ്സിലാക്കാന്‍ പിതാക്കള്‍ക്കു് അത്ര നാള്‍ വേണ്ടി വന്നിരിക്കണം. വിശ്വാസികള്‍ക്കു് സത്യം വെളിപ്പെടുത്തി കൊടുക്കാനാണു് ഇടയലേഖനങ്ങള്‍ എന്നു് ഇക്കഴിഞ്ഞദിവസം കേരളത്തിലെ ഒരു സഭാപിതാവു് പറഞ്ഞുകേട്ടു. അങ്ങനെയെങ്കില്‍ തോമാസ് കണ്ടെത്തിയ സത്യങ്ങള്‍ വിശ്വാസികള്‍ക്കു് വെളിപ്പെടുത്തിക്കൊടുക്കാന്‍ ഇത്രയേറെ നൂറ്റാണ്ടുകള്‍ വേണ്ടിവന്നതു് എങ്ങനെ എന്നു് മനസ്സിലാവുന്നില്ല. അതോ, സഭയുടെ പണക്കിഴികളുടെ പള്ളയില്‍ കാറ്റു് കയറുമെന്നു് വരുമ്പോഴാ‍ണോ ഇടയലേഖനങ്ങള്‍ രൂപമെടുക്കുന്നതു്? പണക്കിഴി ചുരുങ്ങുന്നതു് മനസ്സിലാക്കാന്‍ കഴിയുന്ന അത്ര എളുപ്പം തത്വചിന്താപരമായ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്നതിനാല്‍ , ഇന്നു് ബൌദ്ധികലോകം പൊതുവേ അം‌ഗീകരിക്കുന്ന കാര്യങ്ങള്‍ ഒരു മുന്നൂറു് വര്‍ഷം കഴിയുമ്പോഴേക്കും ഒരുപക്ഷേ, സാവകാശം സഭാപിതാക്കളും മനസ്സിലാക്കിവരുമെന്നു് പ്രതീക്ഷിക്കാം. – അന്നു് സഭ ഉണ്ടെങ്കില്‍! മറ്റു് ചികിത്സകള്‍ ഫലിക്കാതെ വന്നാല്‍, കാള്‍ മാര്‍ക്സിനെ പിടിച്ചു് വിശുദ്ധനാക്കാനുള്ള സാദ്ധ്യതയും പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല. തോമാസ് മരിച്ചു് 49 വര്‍ഷം കഴിഞ്ഞപ്പോള്‍ വിശുദ്ധനായി. സത്യത്തേക്കാള്‍ വിശുദ്ധന്മാര്‍ക്കായിരുന്നു അക്കാലത്തു് യൂറോപ്പില്‍ കൂടുതല്‍ ഡിമാന്‍ഡ്. ലാറ്റിന്‍ അമേരിക്കയിലേയും, കേരളത്തിലേയുമൊക്കെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥയായിരുന്നു ഏകദേശം അന്നത്തെ യൂറോപ്യന്‍ ക്രിസ്ത്യാനികളുടേതും. കണ്ടുകിട്ടുന്ന അസ്ഥികള്‍ ഏതെങ്കിലും വിശുദ്ധന്റെ തിരുശേഷിപ്പാക്കി മാറ്റാന്‍ അക്കാലത്തു് വളരെ എളുപ്പമായിരുന്നു. അതു് മനസ്സിലാക്കാന്‍ യൂറോപ്യന്‍ ചരിത്രത്തിന്റെ സ്വതന്ത്രരചനകള്‍ വായിച്ചാല്‍ മതി. ഇന്നു് യൂറോപ്പിലെ അവസ്ഥ മാറി. തന്മൂലം, ഇരുണ്ടവരിലും, കറുത്തവരിലുമൊക്കെ വിശുദ്ധന്മാര്‍ ഉണ്ടാവണമെന്ന ദഹിക്കാത്ത ആവശ്യം ചവയ്ക്കാതെ വിഴുങ്ങാന്‍ യൂറോപ്യന്‍ പിതാക്കള്‍ നിര്‍ബന്ധിതരാവുന്നു. കറുത്ത വിശുദ്ധന്മാര്‍ വെളുത്ത യൂറോപ്പില്‍ നിന്നും വളരെ അകലെയാണെന്നതു് മാത്രമാണു് അവരുടെ ഒരേയൊരാശ്വാസം. അതേസമയം, ഒരു ആഫ്രിക്കക്കാരന്‍ മാര്‍പാപ്പ ആവണമെന്നു് പറഞ്ഞാല്‍, അതു് കാര്യം വേറെ.

തോമാസിനുശേഷം പെരിയാറിലൂടെ വെള്ളമേറെയൊഴുകി. ദൈവാസ്തിത്വം തെളിയിക്കുവാന്‍ അദ്ദേഹം അവതരിപ്പിച്ച വാദമുഖങ്ങളെ ബൌദ്ധികതയുടെ ലോകം പണ്ടേ അതിജീവിച്ചുകഴിഞ്ഞു. പക്ഷേ, അക്വിനാസ് പൂര്‍ത്തിയാക്കിയ ജോലി അന്നത്തെ കാഴ്ചപ്പാടില്‍ അനുപമമായിരുന്നു. അതിന്റെ അതുല്യമഹത്വം മനസ്സിലാക്കണമെങ്കില്‍ ആ കാലഘട്ടത്തെക്കുറിച്ചു് അല്പമെങ്കിലും മനസ്സിലാക്കിയിരിക്കണം. തോമാസ് രം‌ഗപ്രവേശം ചെയ്യുമ്പോള്‍ യൂറോപ്പില്‍ നിലവിലിരിക്കുന്നതു് വിശുദ്ധ അഗസ്റ്റിന്റെ (A.D. 354 – 430) തത്വചിന്തകളാണു്. അതനുസരിച്ചു്, സത്യാന്വേഷികളായ മനുഷ്യര്‍ വിശ്വാസത്തിലാണു് ആശ്രയം തേടേണ്ടതു്. പക്ഷേ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അരിസ്റ്റോട്ടിലിന്റെ രചനകളുടെ ലാറ്റിന്‍ പരിഭാഷ, ഇസ്ലാമിക് തത്വചിന്തകന്മാരുടെ കമന്റ്സ് സഹിതം പ്രത്യക്ഷപ്പെടുന്നു. തോമാസിനു് ഗ്രീക്ക് ഭാഷ അറിയില്ലായിരുന്നത്രേ. അതുകൊണ്ടു് അരിസ്റ്റോട്ടിലിനെ മനസ്സിലാക്കാന്‍ ഈ തര്‍ജ്ജമകളല്ലാതെ അദ്ദേഹത്തിനു് മറ്റു് മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നുമില്ല. ഈ ഇസ്ലാം ചിന്തകരില്‍‍ പ്രധാനി, തന്റെ രചനകളില്‍ വിശ്വാസത്തേക്കാള്‍ യുക്തിക്കു് മുന്‍‌ഗണന നല്‍കിയ, അറേബ്യയില്‍ Ibn Rushd എന്നറിയപ്പെടുന്ന, അവെറൊഎസ് ആയിരുന്നു (Averroes 1126-1198). അരിസ്റ്റോട്ടിലിന്റെ ചിന്തകളുടെ ശക്തിയും, ആധികാരികത്വവും തെളിമയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഇസ്ലാം പണ്ഡിതരെ പിന്‍‌തുടരാന്‍ പല ബുദ്ധിജീവികളും തയ്യാറാവുന്നു. താമസിയാതെ അവെറൊയിസം എന്ന തത്വചിന്താപരമായ ഒരു ശാഖ തന്നെ രൂപമെടുത്തു് വളരുന്നു. ഇത്രയുമായപ്പോള്‍ , അതു് സ്വന്തം പഠിപ്പിക്കലുകള്‍ക്കും, നിലനില്‍പ്പിനു് തന്നെയും ഭീഷണിയാവുമെന്നു് മനസ്സിലാക്കുന്ന കത്തോലിക്കാസഭ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമാവുന്നു. അരിസ്റ്റോട്ടിലിന്റെ ‍തത്വങ്ങളെ അവഗണിച്ചതുകൊണ്ടോ, നിരോധിച്ചതുകൊണ്ടോ വലിയ പ്രയോജനമില്ലാത്ത സാഹചര്യം. ഈ പ്രതിസന്ധി പരിഹരിക്കാന്‍ തോമാസിന്റെ ഗുരുനാഥനായിരുന്ന ആല്‍ബെര്‍ട്ടസ് മാഗ്‌നസ് അടക്കം പല സഭാപിതാക്കളും പരിശ്രമിച്ചു് പരാജയപ്പെട്ട പാരീസിലെ അങ്കക്കളരിയിലാണു് തോമാസ് എത്തിച്ചേരുന്നതു്.

ക്രിസ്ത്യാനി അല്ലാത്തവര്‍ക്കും ദൈവത്തെ അറിയുവാനും, അതുവഴി ക്രിസ്തുമതത്തിന്റെ മഹത്വം മനസ്സിലാക്കുവാനും കഴിയുന്ന വിധത്തില്‍, വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ, കാര്യകാരണസഹിതം ദൈവാസ്തിത്വം തെളിയിക്കുക എന്ന ജോലി തോമാസ് ഏറ്റെടുക്കുന്നു. അതിനു്, ആദ്യമായി അരിസ്റ്റോട്ടിലിനെ (ബൈബിളിനെയല്ല!) സമഗ്രമായി പഠിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. അതിനുശേഷം ദൈവാസ്തിത്വം സം‌ബന്ധിച്ചു് അക്കാലത്തു് നിലവിലിരുന്ന തത്വങ്ങളെ തോമാസ് തന്റേതായ വാദമുഖങ്ങള്‍ കൊണ്ടു് ഖണ്ഡിക്കുന്നു. വലിച്ചെറിഞ്ഞവയുടെ കൂട്ടത്തില്‍ തന്റെ ഒരു മുന്‍‌ഗാമി ആയിരുന്ന Saint Anselm of Canterbury-യുടെ (1033 – 1109) ontological argument-ഉം ഉള്‍പ്പെടും. ആന്‍സെല്‍മിനാണെങ്കില്‍ അതു് 1099 ജുലൈ മാസം 13-‌‌നു് പ്രഭാതഭക്ഷണം കഴിഞ്ഞിരിക്കുന്ന സമയത്തു് ഉണ്ടായ ഒരു വെളിപാടിലൂടെ ദൈവം നേരിട്ടു് പ്രത്യക്ഷപ്പെട്ടു് പറഞ്ഞുകൊടുത്തതായിരുന്നു താനും. Anselm അപ്പോഴേക്കും ഇഹലോകവാസം വെടിഞ്ഞു് ദൈവസന്നിധിയില്‍ എത്തിയിരുന്നല്ലോ. തോമാസിന്റെ ഈ കടുംകൈ കണ്ട ദൈവം ആന്‍സെല്‍മിനെ എന്തുപറഞ്ഞു് ആശ്വസിപ്പിച്ചു എന്നെനിക്കറിയില്ല. അങ്ങനെ, ശല്യം ചെയ്തിരുന്ന സകല തത്വങ്ങളെയും തൂത്തെറിഞ്ഞു് മേശ വൃത്തിയാക്കിയ ശേഷം തോമാസ് തന്റെ ജോലി ആരം‌ഭിക്കുന്നു. അതിന്റെ ഫലമാണു് Summa contra Gentiles, Summa Theologiae എന്ന അദ്ദേഹത്തിന്റെ എറ്റവും പ്രധാനപ്പെട്ട രണ്ടു് ഗ്രന്ഥങ്ങള്‍ .

വിശ്വാസത്തില്‍ അധിഷ്ഠിതമായ വി. അഗസ്റ്റിന്റെ ചിന്താഗതികളും, അതോടൊപ്പം സ്വതന്ത്രവും, തത്വചിന്തയില്‍ അധിഷ്ഠിതവും, മതസിദ്ധാന്തങ്ങളില്‍ നിന്നു് വേറിട്ടതും, അനുഭവമാത്രവുമായ (empirical) ഒരു സത്യത്തിന്റെ നിലനില്‍പ്പു് അവകാശപ്പെടുന്ന അവെറൊയിസ്റ്റ് വാദഗതികളും സമന്വയിപ്പിച്ചു്, അരിസ്റ്റോട്ടിലിനെ മാതൃകയാക്കി, ഒരു വ്യവസ്ഥയ്ക്കുള്ളിലാക്കാന്‍ (system) കഴിഞ്ഞതാണു് തോമാസിന്റെ നേട്ടം. പക്ഷേ, ഒരുവശത്തു് ഇന്ദ്രിയാനുഭവങ്ങളിലും, യുക്തിയിലും അധിഷ്ഠിതമായ മതതത്വശാസ്ത്രവും, മറുവശത്തു് വിശ്വാസത്തിലും ദൈവകാരുണ്യത്തിലും അധിഷ്ഠിതമായ മതതത്വശാസ്ത്രവും തമ്മില്‍ വേര്‍തിരിച്ചു് രണ്ടിന്റേയും ലക്‍ഷ്യം ദൈവത്തെ മനസ്സിലാക്കലാണു് എന്നു് സ്ഥാപിച്ച തോമാസ് അതു് പിത്ക്കാലത്തു് സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി ബോധവാനായിരുന്നില്ല. തോമാസ് സദുദ്ദേശത്തോടുകൂടി സ്ഥാപിച്ച വസ്തുതകള്‍ അതുവരെ സാധുത്വമുണ്ടായിരുന്ന കാഴ്ചപ്പാടുകളെ അസാധുവാക്കിത്തീര്‍ക്കുകയായിരുന്നു. ദൈവവും ലോകവും, അറിവും യാഥാര്‍ത്ഥ്യവും, വിശ്വാസവും യുക്തിയും (reason/rationality) തമ്മില്‍ നിലനിന്നിരുന്ന ഏകത്വം തന്റെ വ്യവസ്ഥാപിതചിന്തകള്‍ വഴി മനസ്സറിയാതെ തോമാസ്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇന്നും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണു് അധികപങ്കു് സഭാപിതാക്കളും.

തോമാസിന്റെ അഞ്ചു് ദൈവാസ്തിത്വതെളിവുകള്‍ :

1. ചലനം പ്രപഞ്ച സ്വഭാവമാണു്. ഇതു് ആരോ സം‌ഭവിപ്പിക്കുന്നതാവണം. തന്‍‌മൂലം, അരിസ്റ്റോട്ടിലിന്റെ സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവനെപ്പോലെ, അചഞ്ചലനായ ഒരു ദൈവമുണ്ടായേ പറ്റൂ.

2. കാര്യങ്ങള്‍ക്കു് ഒരു നിമിത്തം വേണ്ടേ? നിമിത്തങ്ങള്‍ക്കു് നിമിത്തമാവാന്‍ സ്വയം നിമിത്തമാവശ്യമില്ലാത്ത ഒരു ആദ്യനിമിത്തവും? വേണമെന്നു് തോമാസ് പറയുന്നു.

3. പ്രപഞ്ചത്തിലെ യാദൃച്ഛികതയുടെ വിശദീകരണം? തോമാസിന്റെ മറുപടി: യാദൃച്ഛികതയ്ക്കു് അപ്പുറമുള്ള ദൈവമെന്ന സത്തയുടെ സ്വത്വം!

4. ലോകത്തിലെ അപൂര്‍ണ്ണതകള്‍ കാണുമ്പോ‍ള്‍ ഒരു അന്തിമ പൂര്‍ണ്ണതയെപ്പറ്റി സങ്കല്പിക്കാന്‍ കഴിയുന്നില്ലേ? ഉണ്ടല്ലോ? അതാണു് ദൈവത്തിനു് തോമാസ് നല്‍കുന്ന നാലാമത്തെ തെളിവു്.

5. ലോകത്തില്‍ എവിടെ നോക്കിയാലും ഒരു പൊരുത്തവും ഐക്യവും കാണാന്‍ കഴിയുന്നില്ലേ? പൂക്കള്‍ . പുഴുക്കള്‍ . പറക്കണമെന്നതിനാല്‍ പക്ഷികള്‍ക്കു് ചിറകുകള്‍ . ആഹരിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യണമെന്നതിനാല്‍ ജീവികള്‍ക്കു് അതിനനുയോജ്യമായ അവയവങ്ങള്‍ . ഇവയൊക്കെ കാണുമ്പോള്‍ ഒന്നുകില്‍ അതെല്ലാം യാദൃച്ഛികതയെന്നോ, അല്ലെങ്കില്‍ ബുദ്ധിമാനായ ദൈവത്തിന്റെ ലക്‍ഷ്യബോധമെന്നോ പറയാം. തോമാസ് സൌകര്യത്തിന്റെ പേരില്‍ രണ്ടാമത്തെ മറുപടി സ്വീകരിക്കുന്നു.

(ഈ തെളിവുകള്‍ പോരെ‍ങ്കില്‍ ‍, ഇതാ, അഞ്ചാം തെളിവിനു് എന്റെവക രണ്ടു് addenda കൂടി:
പാമ്പു് കടിച്ചാല്‍ മനുഷ്യന്‍ ചാവണം. അതുകൊണ്ടു് ഒരു intelligent designer ആയ ദൈവം പാമ്പിന്റെ വായില്‍ വിഷസഞ്ചിയും വിഷപ്പല്ലും വച്ചുപിടിപ്പിക്കുന്നു. ആഹാരം കഴിക്കാന്‍ വകയില്ലാത്ത കുഞ്ഞുങ്ങള്‍ മരിക്കണം. അതുകൊണ്ടു് intelligent planner ആയ ദൈവം അങ്ങനെയുള്ളവര്‍ എന്നു് തനിക്കറിയാവുന്ന ‍കുഞ്ഞുങ്ങളെ ആഹാരം കഴിക്കാതിരിക്കാനായി ദരിദ്രരാജ്യങ്ങളിലെ പാവങ്ങളുടെ വീട്ടില്‍ ജനിപ്പിക്കുന്നു.)

ചരിത്രത്തില്‍ എക്കാലവും, മനുഷ്യബുദ്ധിയുടെ വളര്‍ച്ചക്കനുസൃതമായി, നിലവിലിരിക്കുന്ന ദൈവാസ്തിത്വനീതീകരണസിദ്ധാന്തങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നു് വരുമ്പോള്‍, തെളിവുകള്‍ എന്ന പേരില്‍ പുതിയ വാദമുഖങ്ങള്‍ രം‌ഗപ്രവേശം ചെയ്തിട്ടുണ്ടു്. പ്രപഞ്ചത്തെ സംബന്ധിച്ചു് മനുഷ്യനു് കാര്യമായി ഒന്നും അറിയുകയില്ലെന്നും അറിയാന്‍ കഴിയുകയില്ലെന്നും അം‌ഗീകരിക്കാന്‍ കഴിയാത്തതാണു് അതേ പ്രപഞ്ചത്തിന്റെ തന്നെ കാരണഭൂതനാവേണ്ട ദൈവത്തെ അറിയാനും തെളിയിക്കാനുമൊക്കെ സാധിക്കുമെന്നു് വിശ്വസിക്കാനും വീമ്പിളക്കാനുമുള്ള തന്റേടം മനുഷ്യനു് നല്‍കുന്നതു്. അറിയാന്‍ കഴിയാത്തതിനെ അറിയുന്നതെങ്ങനെ?

ethnological argument, historical argument, ontological argument, teleological argument, nomological argument മുതലായവ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ മനുഷ്യര്‍ പയറ്റിയ അടവുകളില്‍ ചിലതു് മാത്രമാണു്. കസര്‍ത്തുകള്‍ വേറെ പലതുമുണ്ടു്. തെളിയിക്കല്‍ മാത്രം ഇതുവരെ നടന്നില്ല. സാദാ വിശ്വാസി evidence ഉണ്ടോ എന്നു് നോക്കിയല്ല വിശ്വസിക്കുന്നതു് എന്നതിനാല്‍ കാര്യങ്ങള്‍ എല്ലാം ഇന്നും പഴയതുപോലെ. – business as usual.

ഇമ്മാന്വേല്‍ കാന്റിനു് (1724 – 1804) ശേഷം ദൈവാസ്തിത്വം തെളിയിക്കുവാന്‍ ഗൌരവമായ ശ്രമങ്ങള്‍ ആരെങ്കിലും നടത്തിയതായി അറിവില്ല. അങ്ങനെയൊരു ശ്രമത്തില്‍ ആരെങ്കിലും വിജയിച്ചാല്‍ സഭാപിതാക്കള്‍ നേരിട്ടു് വീട്ടിലെത്തി വിവരം പറയുമെന്നതിനാല്‍ , തങ്ങള്‍ക്കു് വാര്‍ത്ത കിട്ടാതെ പോയതാണോ എന്ന സംശയം ആര്‍ക്കും ആവശ്യമില്ലതാനും. ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ മാത്രമായി ജനിച്ചവനായ കാന്റിനുപോലും കഴിഞ്ഞില്ല ദൈവാസ്തിത്വം തെളിയിക്കാന്‍. അതുകൊണ്ടാവാം ഒരുപക്ഷേ, അദ്ദേഹത്തിനു് ശേഷം അങ്ങനെയൊരു ശ്രമത്തിനു് പിന്നീടാരും മുതിരാതിരുന്നതു്. സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെ സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുടെ പണിയായുധങ്ങള്‍ കൊണ്ടു് തെളിയിക്കാന്‍ ശ്രമിക്കുന്നതു് അര്‍ത്ഥശൂന്യവും നിഷ്ഫലവുമാണെന്നു് ചിന്താശേഷിയുള്ള ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കിക്കഴിഞ്ഞു.

ഭൌതികത എന്നൊരു പദം രൂപമെടുത്തു് കഴിഞ്ഞാല്‍ ‍, അതിനു് അതീതമായ ഒരു അവസ്ഥയെ അതിഭൌതികത എന്നു് വിളിക്കാന്‍ അവിടെ എന്താണു് എന്നറിയണമെന്നു് യാതൊരു നിര്‍ബന്ധവുമില്ല. അവിടെ എന്തുവേണമെങ്കിലും സങ്കല്പിക്കുവാന്‍ മനുഷ്യനു് കഴിയും. അതിഭൌതികതയില്‍ കായംകുളം കൊച്ചുണ്ണി പത്മാസനത്തിലിരുന്നു് അതീന്ദ്രിയധ്യാനം നടത്തുകയാണെന്നോ, നീര്‍ക്കോലി ശീര്‍ഷാസനം ചെയ്യുകയാണെന്നോ, ഹിമാലയപര്‍വ്വതത്തിന്റെ ഇളയമ്മാവന്‍ അവിടെ ഒരു ലോട്ടറിക്കട നടത്തുകയാണെന്നോ, മറ്റെന്തു് മസ്തിഷ്കഭൂതമോ സങ്കല്പിക്കുവാന്‍ ആര്‍ക്കും ഒരു തടസ്സവുമില്ല. പദങ്ങള്‍ മനുഷ്യനിര്‍മ്മിതമാണു്. പദാര്‍ത്ഥങ്ങള്‍ സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുടെ ഭാഗമാണു്. അതിനപ്പുറമുള്ളതെല്ലാം സങ്കല്പഭൂതങ്ങളാണു്. അവയുമായി ബന്ധപ്പെടേണ്ട ആവശ്യം മനുഷ്യനില്ല. മറ്റു് ജോലി ഒന്നും ഇല്ലാത്തവര്‍ എവിടെയെങ്കിലും കുത്തിയിരുന്നു് കാക്കേ കാക്കേ കൂടെവിടെ? കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ? എന്നു് മുടങ്ങാതെ ചോദിച്ചുകൊണ്ടിരുന്നാല്‍, ഒരുപക്ഷേ എന്നെങ്കിലും, അനുകമ്പയുടെ പേരില്‍ കാക്ക‍ മറുപടി നല്‍കി എന്നു് വരാം. ദൈവാസ്തിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വിജയസാദ്ധ്യതയുള്ള ഒരു സംരം‌ഭമായിരിക്കുമതു്.

ഏതായാലും, ദൈവാസ്തിത്വത്തിന്റെ തെളിവിനായി ഇമ്മാന്വേല്‍ കാന്റ് നല്‍കുന്ന ചില വാദമുഖങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഇതുവരെ ആരും ഈ ശ്രമത്തില്‍ വിജയിച്ചില്ലെന്നും, ഇവിടെയും ഇതു് ഒരു തെളിവായി അല്ല, ഒരു അടിസ്ഥാനചിന്ത മാത്രമായി പരിഗണിക്കണമെന്നും കാന്റ് തന്നെ ക്ഷമാപണം ചെയ്യുന്നുണ്ടു്.

1. വസ്തുക്കളുടെ ആന്തരികസാദ്ധ്യത എന്തെങ്കിലുമൊരു അസ്തിത്വം ആവശ്യമാക്കിത്തീര്‍ക്കുന്നു.

2. യാതൊന്നും നിലനില്‍ക്കുന്നില്ല എന്നതു് എന്തായാലും അസാദ്ധ്യമാണു്.

3. അനിവാര്യമായ ഒരു സത്ത എന്തായാലും നിലനില്‍ക്കുന്നുണ്ടു്.

4. അനിവാര്യമായ ആ സത്ത ഏകമാണു്.

5. അനിവാര്യമായ ആ സത്ത ലളിതമാണു്.

6. അനിവാര്യമായ ആ സത്ത പരിണാമാതീതവും ശാശ്വതവുമാണു്.

7. അനിവാര്യമായ ആ സത്ത അത്യുന്നത യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു.

8. അനിവാര്യമായ ആ സത്ത ഒരു ചൈതന്യമാണു്.

9. അതൊരു ദൈവമാണു്.

ഇതു് ദൈവാസ്തിത്വത്തിനുള്ള ഒരു തെളിവു് ആവാന്‍ കഴിയില്ല എന്നു് മനസ്സിലാക്കാന്‍ ഇന്നുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, heat-ഉം, temperature- ഉം വ്യത്യസ്ത ഭൌതിക മാനങ്ങളായി കാണുവാന്‍ ശാസ്ത്രം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കാന്റിനോടു് ക്ഷമിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ടു്.

ഇന്നു് നമ്മള്‍ ജീവിക്കുന്നതു് quantum physics-ന്റെ ലോകത്തിലാണു്. ബഹിരാകാശഗവേഷണങ്ങളുടെ ലോകത്തിലാണു്. Dark matter, dark energy മുതലായവയുടെ ഇടയിലൂടെ പ്രകൃതിയില്‍ ഒരു അഞ്ചാം മൌലികശക്തിയെ തേടിക്കൊണ്ടിരിക്കുകയാണു് ഇന്നു് മനുഷ്യന്‍. പ്രകൃതിശാസ്ത്രം ആദ്യകാരണങ്ങളെയും ദൈവങ്ങളെയും അതിജീവിച്ചു് കഴിഞ്ഞു. ഊണിലും, ഉറക്കത്തിലും, വിസര്‍ജ്ജനത്തിലും തന്നെ ഇടവിടാതെ ഉറ്റുനോക്കുന്ന ഒരു big-big brother-ന്റെ കയ്യിലല്ല, അവന്റെ സ്വന്തം കയ്യിലാണു് ഇന്നു് മനുഷ്യന്റെ വിധി. പുറകോട്ടോ, മുന്‍‌പോട്ടോ തനിക്കു് പോകേണ്ടതു് എന്നു് തീരുമാനിക്കേണ്ടതു് ഇന്നു് മനുഷ്യര്‍ തന്നെയാണു്. പുറകോട്ടു് പോകാന്‍ എളുപ്പമാണു്. പുറകോട്ടു് പിടിച്ചു് വലിക്കുന്നവരുടെ പുറകെ പോയാല്‍ മതി.

 

മുദ്രകള്‍: , ,

ദൈവത്തിനു് പുണ്യാഹം തളിക്കുന്നവര്‍ !

ദൈവം സഹായിക്കുന്നതുകൊണ്ടല്ല, സഹായിക്കുമെന്നു് വിശ്വസിക്കുന്നതുകൊണ്ടാണു് മനുഷ്യര്‍ ദൈവസാന്നിദ്ധ്യം ഉണ്ടെന്നു് പ്രതീക്ഷിക്കുന്ന ഇടങ്ങള്‍ തേടി ചെല്ലുന്നതു്. അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ടു് ജീവിക്കുന്നതു് അവരോ ദൈവങ്ങളോ അല്ല, പുരോഹിതന്മാരും, അവരുടെ മുന്നിലും പിന്നിലും നില്‍ക്കുന്നവരുമാണു്. മനുഷ്യന്‍ ഉപ്പും മുളകും നല്‍കി സംരക്ഷിക്കേണ്ട ഒന്നാവുമോ ആണവശക്തിയും, ആകമാനപ്രപഞ്ചവും സംരക്ഷിക്കുന്ന ദൈവം? ഈ ഭൂമിയില്‍ മനുഷ്യന്‍ എന്ന ഒരു വര്‍ഗ്ഗം ഇല്ലായിരുന്നെങ്കില്‍ ദൈവങ്ങള്‍ ആര്‍ക്കുവേണ്ടി? മനുഷ്യര്‍ ഇല്ലെങ്കില്‍ ആരാണു് ദൈവങ്ങള്‍ക്കു് വസിക്കാന്‍ ദേവാ‍ലയങ്ങള്‍ പണിയുന്നതു്? വിശ്വാസികള്‍ ഇല്ലെങ്കില്‍ ആരാണു് പുരോഹിതന്മാര്‍ക്കു് ചെലവിനു് കൊടുക്കുന്നതു്? ഭൂമിയില്‍ മനുഷ്യര്‍ ഇല്ലെങ്കിലും, രാത്രിയും പകലും ഉണ്ടാവാതിരിക്കുമെന്നോ, വാനഗോളങ്ങള്‍ ചലിക്കാതിരിക്കുമെന്നോ കരുതാന്‍ കാരണമൊന്നുമില്ല. പള്ളിയില്‍ പോകാന്‍ ഏതാനും വൃദ്ധജനങ്ങളൊഴികെ മറ്റു് അധികമാരും തയ്യാറാവാത്ത യൂറോപ്പില്‍ പള്ളികള്‍ ഒന്നിനു് പുറകെ ഒന്നു് എന്ന തോതില്‍ അടച്ചുപൂട്ടുകയാണു്. പതിമൂവായിരം പള്ളികള്‍ ഉണ്ടായിരുന്ന നെതര്‍ലന്‍‌റില്‍ പകുതിയിലും ഇന്നു് വിശ്വാസികളുടെ അഭാവം മൂലം കുര്‍ബ്ബാനയില്ല. പല പള്ളികളും ഡിസ്കോ, ബാര്‍ബര്‍ഷോപ്പ് മുതലായ ആവശ്യങ്ങള്‍ക്കായി വിറ്റുകൊണ്ടിരിക്കുന്നു. വരുമാനം ഇല്ലാതായാല്‍ വെറുതെ പള്ളിയിലിരിക്കാന്‍ ദൈവത്തെയും കിട്ടില്ല. അത്ര വലുതാണു് സമ്പത്തിന്റെ ശക്തി. അന്‍പതു് വയസ്സില്‍ താഴെയുള്ള ഒരു കന്യാസ്ത്രീയെ ഇന്നു് കണ്ടുകിട്ടണമെങ്കില്‍ മഷിയിട്ടു് നോക്കേണ്ടിവരും. തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്നതിനാല്‍ പുരോഹിതജോലിക്കു് യുവാക്കളും മടിക്കുന്നു. വിശപ്പും ദാഹവുമില്ലാതെ ജീവിക്കാന്‍ കഴിയണമെന്നതു് അത്ര അപ്രധാനമായ ഒരു കാര്യമല്ലതന്നെ. വിതയ്ക്കാനും കൊയ്യാനും വകയില്ലാത്തവര്‍ക്കു് ആകാശത്തിലെ പറവകളെപ്പോലെ സ്വര്‍ഗ്ഗസ്ഥനായ പിതാവു് ചെലവിനു് കൊടുക്കുമെന്നതു് യേശുവിന്റെ ഒരു തെറ്റിദ്ധാരണയായിരുന്നിരിക്കാo. അവശ്യം തീര്‍ക്കേണ്ട കേടുപാടുകള്‍ പോലും തീര്‍ക്കാന്‍ പണമില്ലാതെ ദേവാലയങ്ങള്‍ പലതും ജീര്‍ണ്ണിച്ചു് അവയില്‍ കാക്കയും കുയിലും കുടിയേറുന്നു. എന്നാലും മനുഷ്യരെ ജാതിയും മതവും തിരിച്ചു് അവമാനിക്കുന്ന അടിസ്ഥാനസ്വഭാവം പുരോഹിതന്‍ കൈവിടുകയില്ല. വിശ്വാസപരമായ വ്യത്യാസങ്ങള്‍ മൂലം പരസ്പരം കടിച്ചുകീറാന്‍ പോലും മടിക്കാത്ത പുരോഹിതര്‍ മനുഷ്യനിന്ദയുടെ കാര്യത്തില്‍ മതഭേദമെന്യേ, ഒരേ നിലപാടു് സ്വീകരിക്കുന്നു. ദൈവം മനുഷ്യനു് വേണ്ടിയോ, അതോ, മനുഷ്യന്‍ ദൈവത്തിനുവേണ്ടിയോ? പുരോഹിതന്‍ എപ്പോഴും രണ്ടാമത്തെ നിലപാടേ സ്വീകരിക്കൂ. ദൈവം എല്ലാ മനുഷ്യര്‍ക്കും വേണ്ടിയോ, അതോ, ചില പ്രത്യേകമനുഷ്യര്‍ക്കു് വേണ്ടിയോ? ചില മനുഷ്യര്‍ക്കു് മാത്രമായി സൃഷ്ടിക്കപ്പെടുന്ന ദൈവത്തിനു് എന്തു് പ്രസക്തി? ഭൂമിയിലെ ചിലരുടെ മാത്രം പ്രാര്‍ത്ഥന കേള്‍ക്കാ‍ന്‍ സന്നദ്ധനായി കാത്തിരിക്കുന്ന ഒരു ദൈവത്തിനു് ജഗന്നാഥന്‍ എന്ന നാമം നല്‍കുന്നതില്‍ എന്തര്‍ത്ഥം?

ഫ്രഞ്ച് തത്വചിന്തകനായ റൂസ്സോ 1762-ലേ പറഞ്ഞു: “ഒരേയൊരു ജനവിഭാഗത്തെ സ്വന്തജനമായി തെരഞ്ഞെടുത്തുകൊണ്ടു് മറ്റു് സകല മനുഷ്യരേയും നിഷേധിക്കുന്ന ഒരു ദൈവം ഒരിക്കലും മനുഷ്യരാശിയുടെ പൊതുവായ പിതാവു് ആവുകയില്ല”. പക്ഷേ, 245 വര്‍ഷങ്ങള്‍ക്കു് ശേഷവും, ഭാരതത്തിലെ അമ്പലത്തറകളില്‍ അഹിന്ദുവിന്റെ പാദസ്പര്‍ശമേറ്റാല്‍ അശുദ്ധമാവുന്ന ദൈവങ്ങളും, അവരുടെ മനുഷ്യരൂപമുള്ള പുരോഹിതന്മാരും വാഴുന്നു! മതസ്വാതന്ത്ര്യം മനുഷ്യനിന്ദയ്ക്കായി ഉപയോഗിക്കാന്‍ മടിക്കാത്തവരെ ദൈവപ്രതിനിധികളായി ആദരിക്കേണ്ടിയും, അവരുടെ ദൈവങ്ങളെ ജീവിതദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായി ആശ്രയിക്കേണ്ടിയും വരുന്ന അഗതികളായ പാവം ഭാരതീയര്‍. ആലംബഹീനരും, പൌരോഹിത്യത്താല്‍ തന്നെ അജ്ഞരാക്കപ്പെട്ടവരുമായ മനുഷ്യര്‍ ദൈവാശ്രയം തേടിയെത്തുമ്പോള്‍ വര്‍ഗ്ഗവും വര്‍ണ്ണവും നോക്കാതെ അതിനുള്ള സാഹചര്യമൊരുക്കി അവരെ സഹായിക്കേണ്ടതിനു് പകരം മനുഷ്യന്‍ തീണ്ടിയതിനാല്‍ ദൈവത്തെയും അമ്പലത്തേയും പുണ്യാഹം കൊണ്ടു് ശുദ്ധീകരിക്കുന്ന യോഗ്യര്‍. ദൈവത്തെ ശുദ്ധീകരിക്കാന്‍ ഏതു് മനുഷ്യനാണു് യോഗ്യത? മനുഷ്യര്‍ നല്‍കാത്ത യോഗ്യതയെവിടെ? മനുഷ്യനു് മനുഷ്യര്‍ നല്‍കുന്ന യോഗ്യത അതേപടി എടുത്തു് മാറ്റാനും അതേ മനുഷ്യര്‍ക്കുതന്നെ കഴിയുമെന്നു് മനസ്സിലാക്കാന്‍ കഴിയാത്തതു് വിഡ്ഢിത്തമല്ലാതെ മറ്റെന്താണു്?

ലുഡ്‌വിഗ് ഫൊയെര്‍ബാഹ് ചൂണ്ടിക്കാണിക്കുന്നു: “ഒന്നുകില്‍ യാതൊരുവിധ നിയമവും നീതിന്യായവും ഇല്ലാത്ത അവസ്ഥയെ ഞാന്‍ അംഗീകരിക്കണം, അല്ലെങ്കില്‍ എന്റെ താല്പര്യങ്ങള്‍ക്കു് പ്രതികൂ‍ലമായി നില്‍ക്കുന്നു എന്നു് വരുമ്പോഴും നിയമത്തേയും നീതിന്യായത്തേയും സഹിക്കാന്‍ ഞാന്‍ തയ്യാറാവണം”. അതായതു്, അമ്പലസന്ദര്‍ശനം എന്റെ ഒരാവശ്യമായി ഞാന്‍ കരുതുന്നുവെങ്കില്‍, അതു് ഒരാവശ്യമായി കരുതാ‍നുള്ള മറ്റാരുടെയും അവകാശം ഞാന്‍ അം‌ഗീകരിക്കണം. മറ്റു് സമൂഹാംഗങ്ങളെ തനിക്കു് തുല്യരായി അംഗീകരിക്കാതെ, സാമൂഹികപൊതുവിഭവങ്ങള്‍ ആസ്വദിക്കുന്നവര്‍ സമൂഹത്തിലെ ഇത്തിക്കണ്ണികളാണു്.

നസറായനായ യേശു വിമര്‍ശിച്ചത്ര തുറന്നടിച്ചു് മതശാസ്ത്രികളെ മറ്റാരെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെന്നു് തോന്നുന്നില്ല. “നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു”. “നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നെ കടക്കുന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു”. “പാമ്പുകളേ, സര്‍പ്പസന്തതികളെ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും”? പക്ഷേ, ഈ വിമര്‍ശനങ്ങള്‍ കൊണ്ടെല്ലാം യേശു എന്തുനേടി? കുരിശില്‍ മരിക്കേണ്ടി വന്നതും, വ്യത്യസ്തമായ പേരുകളില്‍ വേറെ കുറേ പുരോഹിതന്മാര്‍ രൂപമെടുത്തതും മാത്രം മിച്ചം. മനുഷ്യര്‍ ഇന്നും കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കിയും, പുണ്യാഹം തളിച്ചും, വനഭൂമി കയ്യേറിയും തന്‍‌കാര്യം നേടുന്നു. സാംസ്കാരികമായ വളര്‍ച്ചയ്ക്കു് തടസ്സമായി നില്‍ക്കുന്ന സാമൂഹികഘടകങ്ങളെ തിരിച്ചറിഞ്ഞു് അകറ്റിനിര്‍ത്തുകയാണു് ആദ്യം വേണ്ടതു്. ചിന്താശേഷിയുള്ള മനുഷ്യസ്നേഹികള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്കുതകുന്ന നിയമങ്ങള്‍ നിര്‍മ്മിച്ചു് അവ അര്‍പ്പണബോധത്തോടെ നടപ്പാക്കിയതുമൂലമാണു് പുരോഗതി പ്രാപിക്കാന്‍ ഇന്നത്തെ സംസ്കൃതസമൂഹങ്ങള്‍ക്കു് കഴിഞ്ഞതു്.

തലച്ചോറും അതിന്റെ യാഥാര്‍ത്ഥ്യങ്ങളും എന്ന തന്റെ പുസ്തകത്തില്‍ പ്രൊഫ. ഗെര്‍ഹാര്‍ഡ് റോത് പറയുന്നു: “ലോകം എങ്ങനെ ആയിരിക്കണമെന്നാണോ നമ്മള്‍ പഠിച്ചിരിക്കുന്നതു്, അങ്ങനെ ലോകത്തെ കാണാനേ നമുക്കു് കഴിയൂ… നിര്‍ദ്ദിഷ്ടസാഹചര്യങ്ങളില്‍ മനുഷ്യനു് ബോധപൂര്‍വ്വം സംശയിക്കാന്‍ കഴിയാത്ത വസ്തുതകളുണ്ടു്. പക്ഷേ, ഈ നിര്‍ദ്ദിഷ്ടസാഹചര്യങ്ങള്‍ ചരിത്രപരമായി പരിവര്‍ത്തനവിധേയമാണു്. മൂന്നു് നൂറ്റാണ്ടുകള്‍ക്കുമുന്‍‌പു് പൂര്‍ണമായും നിസ്സന്ദേഹം എന്നു് കരുതിയിരുന്നവയേപ്പറ്റി ഇന്നു് മനുഷ്യനു് ചിരിക്കാനേ പറ്റൂ. ഒരുപക്ഷേ, അടുത്ത മൂന്നു് നൂറ്റാണ്ടുകള്‍ക്കു് ശേഷമുള്ള മനുഷ്യര്‍ ഇന്നത്തെ നിസ്സന്ദേഹസത്യങ്ങളെപ്പറ്റിയും ചിരിച്ചെന്നു് വരാം”.

പുണ്യാഹം തളിയും ഇതുമായി എന്തു് ബന്ധം? പഠിച്ചതേ പാടൂ എന്നതുതന്നെ. അഹിന്ദുക്കള്‍ അമ്പലത്തില്‍ കയറിയാല്‍ അടുത്തപടി പുണ്യാഹം തളിക്കലായിരിക്കണമെന്നു് തന്ത്രി പഠിച്ചിട്ടുണ്ടു്. മന്ത്രോച്ചാരണങ്ങളോടെയുള്ള പുണ്യാഹം, ദൈവം വസിക്കേണ്ട പരിസരങ്ങളെ അശുദ്ധിയില്‍ നിന്നു് മോചിപ്പിക്കുമെന്നു് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ചടങ്ങുകള്‍ വഴി, ശാസ്ത്രീയമായ അര്‍ത്ഥത്തിലുള്ള ഒരു ശുചീകരണമോ, അതോ ഏറെയും മലിനീകരണമോ സംഭവിക്കുന്നതെന്നതു് ചര്‍ച്ചാവിഷയമല്ല, ദുഃഖകാരണവുമല്ല. അതാണു് വിശ്വാസത്തിന്റെ ഒരു പ്രധാന ഗുണം. വിശ്വസിക്കാന്‍ വിശ്വസിച്ചാല്‍ മാത്രം മതി. പക്ഷേ, അന്ധമായി വിശ്വസിക്കാതിരിക്കാന്‍ അല്പം ബുദ്ധിയില്ലാതെ കഴിയുകയുമില്ല. അന്ധവിശ്വാസത്തിന്റെ അര്‍ത്ഥശൂന്യതയും, പരിഹാസ്യതയും ആരും ഇതുവരെ മനുഷ്യരെ പറഞ്ഞു് മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ടല്ല, അവ ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയാണു് മനുഷ്യരെ ഇന്നും ഇരുട്ടില്‍ തപ്പിത്തടയാന്‍ വിടുന്നതു്. എളുപ്പം മൂലം അവര്‍ ഇരുട്ടിനെ വെളിച്ചമായി അം‌ഗീകരിക്കാന്‍ തയ്യാറാവുന്നു. “ഇന്നോളം ഒരു മതവും സോപാധികമായോ നിരുപാധികമായോ, തത്വങ്ങളിലൂടെയോ ഉപമകളിലൂടെയോ ഉള്ള യാതൊരു സത്യവും ഉള്‍ക്കൊണ്ടിട്ടില്ല” – ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെ.

“തത്വചിന്തകര്‍ ലോകത്തെ പലവിധത്തില്‍ നിര്‍വചിച്ചു; പക്ഷേ, വേണ്ടതു് ലോകത്തെ മാറ്റിയെടുക്കുകയാണു്” എന്ന വാചകം കാര്‍ള്‍ മാര്‍ക്സ് ലുഡ്‌വിഗ് ഫൊയെര്‍ബാഹിനെതിരെ തൊടുത്തുവിട്ട ഒരു വിമര്‍ശനശരമായിരുന്നു. ജനങ്ങളുടെ ഓപിയം ആയ മതങ്ങളെ വിമര്‍ശിച്ചു് തൃപ്തിപ്പെടുന്നതു് സാമൂഹികപരിവര്‍ത്തനം ലക്‍ഷ്യമാക്കിയ മാര്‍ക്സിനു് മതിയായിരുന്നില്ല. പക്ഷേ, പാര്‍ട്ടി ഓഫീസിലേക്കു് പോകുന്നതിനുമുന്‍‌പു് പള്ളിയിലും അമ്പലത്തിലും പോയി തൊഴുതില്ലെങ്കില്‍ വിജയം വരിക്കാന്‍ കഴിയില്ലെന്നാണു് ഇന്നും പല മാര്‍ക്സിസ്റ്റുകളുടേയും വിശ്വാസം. സമൂഹത്തെ മാറ്റിയെടുക്കണമെങ്കില്‍ മനുഷ്യരുടെ ചിന്തകളില്‍, തലച്ചോറില്‍ മാറ്റങ്ങള്‍ സംഭവിക്കണം. അതില്ലാത്ത പരിവര്‍ത്തനത്തിന്റെ കാലുകള്‍ കുറിയതായിരിക്കും.

ഇമ്മാനുവേല്‍ കാന്റിന്റെ ചില വാചകങ്ങള്‍:

1. സദാ‍ചാരത്തിനു് അതിനായിത്തന്നെ മതത്തിന്റെ ആവശ്യമില്ല.

2. നന്മയെന്ന ആശയത്തിന്റെ അടിസ്ഥാനം അതില്‍ത്തന്നെയാ‍ണു്, മതത്തിലല്ല; എല്ലാത്തിലുമുപരി, അതിനു് അത്ഭുതങ്ങളിലെ വിശ്വാസത്തിന്റെ ആവശ്യമില്ല.

3. രാഷ്ട്രത്തിനുള്ളില്‍ ഒരു സന്മാര്‍ഗ്ഗസമൂഹമായി ഒരുമിച്ചാല്‍ മാത്രമേ തിന്മയെ അതിജീവിക്കാന്‍ കഴിയൂ. (ഭൂമിയിലെ ദൈവരാജ്യം!)

4. വിശ്വാസികളെ ഭരിക്കാന്‍ ആഗ്രഹിക്കുന്ന പുരോഹിതര്‍ യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണു്.

5. യുക്തിയുക്തവിശ്വാസത്തില്‍ നിന്നും ആരംഭിക്കുവാ‍ന്‍ മനുഷ്യപ്രകൃതി ബലഹീനമായതിനാല്‍ മതം വെളിപാടുകളിലെ വിശ്വാസത്തില്‍ നിന്നും ഉത്ഭവിക്കേണ്ടിവരുന്നു. പക്ഷേ, വെളിപാടുകളിലെ വിശ്വാസം യുക്തിയുക്തമതങ്ങളുടെ പ്രതീകമായി സേവനമനുഷ്ഠിക്കത്തക്കവിധം വ്യാഖ്യാനിക്കപ്പെടണം.

6. മനുഷ്യരുടെ നന്മയിലേക്കുള്ള പരിവര്‍ത്തനം മാത്രമാണു് മതപരമായി വിലമതിക്കപ്പെടേണ്ടതു്. അല്ലാത്തതെല്ലാം മതഭ്രാന്താണു്.

 
8അഭിപ്രായങ്ങള്‍

Posted by on ജൂലൈ 19, 2007 in പലവക

 

മുദ്രകള്‍: