തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്’ വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!





