RSS

പാപ്പയ്ക്കും തന്‍പള്ളി പൊന്‍പള്ളി

ആകാശത്തട്ടിനു്‌ മുകളില്‍ ഒരു സ്വര്‍ഗ്ഗമോ ഭൂമിക്കടിയില്‍ ഒരു നരകമോ ഇല്ലെന്നു്‌ കോപ്പര്‍നിക്കസിന്റെ ഹീലിയോസെന്റ്റിക് മോഡലിനു്‌ ശേഷമോ, ഏറ്റവും വൈകിയാല്‍ പ്രപഞ്ചവികസനം എന്ന ആശയം ഹബ്ബിള്‍ കണ്ടെത്തിയതിനു്‌ ശേഷമെങ്കിലുമോ ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവണം. അതിനേക്കാള്‍ എത്രയോ കൂടുതല്‍ മനുഷ്യര്‍, ദൈവപുത്രനായിരുന്ന ഒരു യേശു കുരിശില്‍ മരിച്ചെന്നും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ പോയെന്നും, ജീവിച്ചിരിക്കുന്നവരിലേയും മരിച്ചവരിലേയും നല്ലവരായ മനുഷ്യരെ മുഴുവന്‍ അതേ സ്വര്‍ഗ്ഗത്തിലേക്കു്‌ കൂട്ടിക്കൊണ്ടുപോകാനായി ഇന്നോ നാളെയോ മേഘത്തിന്റെ പുറത്തു്‌ കയറി മടങ്ങിവരുമെന്നും വിശ്വസിച്ചു്‌ കാത്തിരിക്കുന്നവരായുണ്ടു്‌. ബൈബിളിലെ പുതിയനിയമത്തില്‍ ഉള്ള കാര്യങ്ങള്‍ മുഴുവന്‍ യേശു നേരിട്ടു്‌ പറഞ്ഞതോ ചെയ്തതോ ഒക്കെ ആണെന്ന തെറ്റായ ധാരണ പുലര്‍ത്തുന്നവരാണു്‌ അവരില്‍ അധികവും. മറ്റെല്ലാ മതങ്ങളെയും പോലെതന്നെ, സത്യത്തിന്റെ അംശം പോലും അവകാശപ്പെടാനില്ലാത്ത കുറെ കഥകളുടെ അടിസ്ഥാനത്തിലാണു്‌ ക്രൈസ്തവമതങ്ങളും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്‌. അത്തരം മതവിഭാഗങ്ങളില്‍ ഒന്നാണു്‌ മാര്‍പ്പാപ്പ നയിക്കുന്ന കത്തോലിക്കാസഭയും.

ഏതെങ്കിലുമൊരു മാര്‍പ്പാപ്പയ്ക്കു്‌ ഒരു സുപ്രഭാതത്തില്‍ ഈ കാത്തിരിപ്പും വിശ്വാസവും ആകെമൊത്തം അടിസ്ഥാനരഹിതവും അബദ്ധവുമാണെന്നു്‌ മനസ്സിലാക്കാന്‍ മതിയായ ശാസ്ത്രബോധം ഉദിച്ചാല്‍ പോലും അങ്ങേര്‍ അതു്‌ ഒരു ഇടയലേഖനം വഴി തന്നെ പിന്‍തുടരുന്ന വിശ്വാസികളെ മുഴുവന്‍ അറിയിക്കുമെന്നു്‌ കരുതാന്‍ മാത്രം വിഡ്ഢിത്തം കത്തോലിക്കാസഭ നശിച്ചു്‌ കാണണം എന്നു്‌ ആഗ്രഹിക്കുന്നവര്‍ക്കുപോലും ഉണ്ടായിരിക്കുമെന്നു്‌ തോന്നുന്നില്ല. കാരണം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സഭ മനുഷ്യരെ ദൈവികമെന്നും നിത്യമെന്നും പറഞ്ഞു്‌ പഠിപ്പിച്ച ആദര്‍ശസത്യങ്ങളുടെ അന്ത്യമായിരിക്കുമതു്‌. ഇനി, ഒരു മാര്‍പ്പാപ്പ സത്യമായും അങ്ങനെ ചെയ്തു എന്നു്‌ കരുതുക! അടുത്തനിമിഷം പുറത്തു്‌ തെരുവുകളില്‍ ആ പാപ്പയുടെ രക്തത്തിനു്‌ വേണ്ടിയുള്ള അലര്‍ച്ചകളാവും ഉയരുന്നതു്‌. കോപ്പര്‍നിക്കസിന്റെ അസ്റ്റ്റോണമിയോ, മാര്‍പ്പാപ്പയ്ക്കുണ്ടായ പുതിയ ശാസ്ത്രബോധമോ ഒന്നുമല്ല വിശ്വാസികള്‍ക്കു്‌ വേണ്ടതു്‌. അവര്‍ മാര്‍പ്പാപ്പയെ ചുമക്കുന്നതു്‌ തലമുറകളിലൂടെ നടന്നുനടന്നു്‌ പുല്ലുപോലും മുളക്കാതായ വഴികളിലൂടെ അവന്‍ തങ്ങളെ തുടര്‍ന്നും നയിക്കുമെന്ന പ്രതീക്ഷയിലാണു്‌. അതിനു്‌ തയ്യാറില്ലാത്ത പാപ്പയെ എടുത്തു്‌ ദൂരെയെറിഞ്ഞു്‌ തങ്ങളുടെ സ്വപ്നാടനത്തിനു്‌ തടസ്സം നില്‍ക്കാത്ത മറ്റൊരു പാപ്പയെ അവര്‍ വാഴിക്കും. അതാണു്‌ മനുഷ്യര്‍. ജനക്കൂട്ടത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും റാഷണല്‍ ആയിരുന്നിട്ടില്ല, അവ എക്കാലവും ഇമോഷണലേ ആയിരുന്നിട്ടുള്ളു. ഇന്നു്‌ പുകഴ്ത്തുന്നവനെ നാളെ ഇകഴ്ത്താനും, വേണമെങ്കില്‍ അവനെത്തന്നെ മറ്റന്നാള്‍ വീണ്ടും പുകഴ്ത്താനും മടിയില്ലാത്തവരായിരുന്നു എന്നാളും ജനക്കൂട്ടം.

ഇതു്‌ മാര്‍പ്പാപ്പയെയും കത്തോലിക്കാസഭയേയും മാത്രം ബാധിക്കുന്ന ഒരു കാര്യമാണെന്നു്‌ കരുതണ്ട. സുവര്‍ണ്ണവാഗ്ദാനങ്ങളുടെ പുറകെ മണത്തുകൊണ്ടു്‌ നടക്കുന്ന ഏതു്‌ കൂട്ടത്തിനും ബാധകമായ കാര്യമാണിതു്‌. ഉദാഹരണത്തിനു്‌ തൊഴിലാളികളുടെ ലോകാധിപത്യം എന്ന മാര്‍ക്സിയന്‍ സ്വപ്നം ഇന്നല്ലെങ്കില്‍ നാളെ ലോകത്തില്‍ സംജാതമാകുമെന്നു്‌ വിശ്വസിക്കുന്നവരാണു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകള്‍. ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഒട്ടേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടു്‌, രക്തപ്പുഴകള്‍ ഒഴുകിയിട്ടുണ്ടു്‌. എന്നിട്ടും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശാശ്വതമായി വേരുറപ്പിക്കാന്‍ മാര്‍ക്സിസത്തിനു്‌ കഴിഞ്ഞില്ല എന്നതു്‌ കഴിഞ്ഞ മുപ്പതു്‌ വര്‍ഷങ്ങളിലെ ലോകചരിത്രം. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മാര്‍ക്സിസം ഒരു പരാജയമായിരുന്നു എന്നു്‌ താന്‍ അംഗീകരിക്കുന്നു എന്നു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരതത്തിലെ നേതാവു്‌ ശ്രീ പ്രകാശ് കാരാട്ടു്‌ ഒരു പ്രസ്താവന ഇറക്കും എന്നു്‌ പ്രതീക്ഷിക്കാനാവുമോ? അതും, കത്തോലിക്കാസഭയുടെ നിലപാടുകള്‍ കാലോചിതമോ സാമാന്യബോധത്തിനു്‌ നിരക്കുന്നതോ അല്ലെന്നൊരു പ്രസ്താവന മാര്‍പ്പാപ്പ ഇറക്കും എന്നു്‌ പ്രതീക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പ്രകാശ് കാരാട്ടു്‌ അങ്ങനെ പ്രസ്താവിച്ചാല്‍ അതില്‍ സന്തോഷിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാവുമെന്നപോലെതന്നെ, മാര്‍പ്പാപ്പ താന്‍ ഇരിക്കുന്ന കൊമ്പു്‌ മുറിക്കുന്നതു്‌ കാണാന്‍ ആഗ്രഹിക്കുന്ന പാപ്പാവിരുദ്ധരും തീര്‍ച്ചയായും ഉണ്ടാവും. സൗദി രാജാവോ, ഇറാനിലെ അയത്തൊള്ളമാരോ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളല്ല എന്ന സത്യം ഒരിക്കല്‍ അംഗീകരിക്കും എന്നു്‌ കരുതുന്നപോലെയോ, ഭഗവദ്ഗീതയും ഭഗവാനും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം ഹൈന്ദവപണ്ഡിതര്‍ എന്നെങ്കിലും സമ്മതിച്ചുതരുമെന്നു്‌ വ്യാമോഹിക്കുന്നതുപോലെയോ ഒക്കെത്തന്നെ.

കാരാട്ടു്‌ അങ്ങനെ ഒരു പ്രസ്താവന ഇറക്കിയാല്‍, അബദ്ധം ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച പാപ്പയുടെ കാര്യത്തില്‍ എന്നപോലെതന്നെ, അതുവരെ കാരാട്ടിനെ ചുമന്നവര്‍ കാരാട്ടിന്റെ രക്തം കിട്ടുന്നതുവരെ മുറവിളി കൂട്ടിക്കൊണ്ടിരിക്കും. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു്‌ നേരിടാന്‍ കഴിവില്ലാത്തവര്‍ രക്തം കൊണ്ടേ തൃപ്തിപ്പെട്ടിട്ടുള്ളു. കൈകാലുകള്‍ വെട്ടല്‍, തലവെട്ടല്‍ മുതലായവയൊക്കെയാണു്‌ അവര്‍ക്കു്‌ ആകെ അറിയാവുന്ന മാര്‍ഗ്ഗങ്ങള്‍. ചാവുന്നതു്‌ ഞാനോ എനിക്കു്‌ വേണ്ടപ്പെട്ടവരോ അല്ലാതിരിക്കുകയും, എന്റെ ശത്രുപക്ഷത്തില്‍ പെട്ടവര്‍ ആയിരിക്കുകയും ചെയ്യുന്നിടത്തോളം അതെന്നെ അലട്ടുന്നില്ലെന്നു്‌ മാത്രമല്ല, സന്തോഷപ്രദമായ കാര്യവുമായിരിക്കും.

സ്ഥാപനങ്ങളായി മാറിയ എല്ലാ മത-രാഷ്ട്രീയ വ്യവസ്ഥകളും മനുഷ്യരക്തം കൊണ്ടു്‌ കുതിര്‍ന്ന മണ്ണിലാണു്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്‌. അവനവന്റെ ശരികള്‍ക്കും നീതിശാസ്ത്രങ്ങള്‍ക്കും വേണ്ടി കൊന്നവരും ചത്തവരും. അവര്‍ക്കിടയില്‍ പെട്ടുപോയതുകൊണ്ടുമാത്രം ചാവേണ്ടിവന്ന നിരപരാധികള്‍ അതിലേറെയും! തങ്ങളെ രക്ഷപെടുത്താനായി അവതരിക്കുന്ന മശിഹായെ കാത്തിരിക്കുന്നവരാണു്‌ പൊതുവേ മനുഷ്യര്‍. അവരുടെ ഇടയിലേക്കു്‌ ലോകത്തെ രക്ഷപെടുത്താനുള്ള ഒറ്റമൂലിസിദ്ധാന്തങ്ങളുമായി എത്തുന്നവര്‍ അതിനാലാണു്‌ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതു്‌. ഈ മശിഹാമാരുടെയെല്ലാം യഥാര്‍ത്ഥ ചിത്രവും, ലോകത്തിന്റെ യഥാര്‍ത്ഥ ചരിത്രവും എന്തെന്നു്‌ മനസ്സിലാക്കാനും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും മനുഷ്യര്‍ക്കു്‌ കഴിയുമായിരുന്നെങ്കില്‍ ആത്യന്തികപരിഹാരമായി കരുതി മനുഷ്യര്‍ പിന്‍തുടര്‍ന്ന എല്ലാ ആദര്‍ശസത്യങ്ങളും നീതിശാസ്ത്രങ്ങളും പൊള്ളയായ വിടുവാക്കുകളായിരുന്നു എന്നു്‌ അവര്‍ തിരിച്ചറിഞ്ഞേനെ. ചുരുങ്ങിയപക്ഷം, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി നേടിയെടുക്കാന്‍ മാത്രം യോഗ്യതയുള്ള ഒരു ശാശ്വതസത്യവും, ഒരു നീതിശാസ്ത്രവും, ഒരു ദൈവസ്നേഹവും, ഒരു മനുഷ്യസ്നേഹവും, ഒരു തൊഴിലാളിസ്നേഹവും, ഇന്നോളം ലോകത്തില്‍ ഉണ്ടായിട്ടില്ല എന്നറിയാനെങ്കിലും അതവരെ സഹായിച്ചേനെ.

 
ഒരു അഭിപ്രായം ഇടൂ

Posted by on ഫെബ്രുവരി 19, 2013 in ലേഖനം

 

മുദ്രകള്‍: , ,

രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍

തങ്ങള്‍ അര്‍ഹിക്കുന്ന ഒരു ഭരണകൂടത്തെ മിക്കവാറും എല്ലാ ലോകസമൂഹങ്ങള്‍ക്കും ലഭിച്ചേക്കാമെങ്കിലും, അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഒരു ഭരണകൂടം ലഭിക്കുക എന്ന അസുലഭഭാഗ്യം വളരെ ചുരുക്കം രാജ്യങ്ങള്‍ക്കേ സിദ്ധിച്ചിട്ടുള്ളു. അതിലൊന്നാണു്‌ ഭാരതം. അഭിമാനിക്കുക, ആനന്ദിക്കുക! ഭാരതത്തിലെ പരമോന്നത പദവികളില്‍ പലതും അലങ്കരിക്കാന്‍ മനുഷ്യജീവികള്‍ വേണമെന്നു്‌ വലിയ നിര്‍ബന്ധമൊന്നും ഇല്ല. വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചും പരിഹരിക്കാവുന്ന ഒരു കാര്യമാണതു്‌. വിഗ്രഹങ്ങള്‍ പഞ്ചലോഹങ്ങളില്‍ പണിതീര്‍ത്തിട്ടുള്ളവയാണെങ്കില്‍ കാണാന്‍ നല്ല ഗമയുണ്ടാവും. അവയങ്ങനെ വാണരുളുന്നതു്‌ കാണുന്ന മറ്റു്‌ സമൂഹങ്ങള്‍ക്കു്‌ അവയോടും, അവയുടെ ഭരണത്തിന്‍ കീഴിലുള്ള ജനങ്ങളോടും ബഹുമാനവും ഭയവുമൊക്കെ തോന്നാന്‍ അതു്‌ സഹായകമാവുകയും ചെയ്യും. ലോകം അത്രയും പുരോഗമിച്ചിട്ടില്ലാത്തതിനാലായിരിക്കണം ഇപ്പോള്‍ ലോകത്തിലുള്ള അധികാരസ്ഥാനങ്ങളിലെ സിംഹാസനങ്ങളില്‍ വാണരുളുന്നവര്‍ മിക്കവരും തന്നെ മനുഷ്യരാണു്‌. മനുഷ്യര്‍ ചിരഞ്ജീവികള്‍ അല്ലാത്തതിനാല്‍, വല്ലപ്പോഴുമെങ്കിലും സിംഹാസനയോഗ്യതയുള്ള പുതിയ ആസനങ്ങളെ കണ്ടെത്താതെ നിവൃത്തിയില്ല. വടക്കന്‍ കൊറിയയില്‍ പോലും ഭരണസാരഥ്യം വഹിക്കുന്നവര്‍ മരിക്കാതിരിക്കുന്നില്ല. ഇതു്‌ കേള്‍ക്കുമ്പോള്‍ അതു്‌ സാദ്ധ്യമോ എന്നൊരു സംശയം ആര്‍ക്കും തോന്നിയേക്കാമെങ്കിലും അതൊരു സത്യമാണു്‌.

അത്ഭുതമെന്നേ പറയേണ്ടൂ, ഇപ്പോഴത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ പ്രായവും കുറയുകയല്ല, ഒരു സെക്കന്‍ഡില്‍ ഒരു സെക്കന്‍ഡ് എന്ന നിരക്കില്‍ കൂടിക്കൊണ്ടിരിക്കുകയാണു്‌. താമസിയാതെ ഭാരതത്തിനു്‌ ഒരു നവപ്രധാനമന്ത്രിയെ വേണ്ടിവരുമെന്നു്‌ സാരം. ഉജ്ജ്വലസാരഥികളായ അമൃതാനന്ദജി മയില്‍ജി അമ്മജി, യെന്തരു്‌ജി ഊരു്‌ജി അപ്പജി മുതലായ ചില പേരുകള്‍ ആ സ്ഥാനത്തേക്കു്‌ നിര്‍ദ്ദേശിക്കപ്പെട്ടു്‌ കാണുന്നുണ്ടെങ്കിലും അവരൊന്നും രാഹുല്‍ജി, ഹസാരെജി തുടങ്ങിയവരോളം യോഗ്യതയുള്ളവരായി എനിക്കു്‌ തോന്നുന്നില്ല. ഇതില്‍ എന്റെ ഇഷ്ടതാരം രാഹുല്‍ജിയാണു്‌. രാഹുല്‍ജി ഗാന്ധിജിക്കു്‌ എന്താണൊരു കുഴപ്പം? ഭാരതത്തിലെ ഏതു്‌ ഉന്നതപദവിയും അലങ്കരിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഉള്ളവനാണു്‌ അദ്ദേഹം. ഗൗരവതരമായ കാര്യങ്ങളൊക്കെ പറയാനായി വായ് തുറന്നാല്‍ അല്പം വിടക്കു്‌ മണക്കുന്ന തമാശകളേ വെളിയില്‍ വരൂ എന്നതു്‌ ശരിയാണെങ്കിലും, കേരളത്തിലെ ചില രാഷ്ട്രീയ-മത-സാംസ്കാരിക നേതാക്കള്‍ വായ് തുറന്നു്‌ വിസര്‍ജ്ജിക്കുന്നത്ര കൊടിയ വിഷം തുപ്പാന്‍ കഴിയണമെങ്കില്‍ രാഹുല്‍ജി ഇനിയും മൈലുകളും ഫര്‍ലോങ്ങുകളും സഞ്ചരിക്കേണ്ടതുണ്ടു്‌, കണ്ടമാനം പരിശീലിക്കേണ്ടതുണ്ടു്‌. പക്ഷേ, അദ്ദേഹം നയിക്കേണ്ടതു്‌ വെറുമൊരു സംസ്ഥാനത്തെയല്ല, മൊത്തം ഭാരതത്തെ ആണെന്നതിനാല്‍ ഇതൊരു പരിമിതിയായി കാണേണ്ടതില്ലെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു തുള്ളി വിഷം ചേര്‍ക്കുന്നതുപോലെയല്ലല്ലോ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലേക്കു്‌ ഒരു തുള്ളി വിഷം ഒഴിക്കുന്നതു്‌. വിദ്വാന്‍ അല്ലാത്തതിനാല്‍ “മൗനം വിദ്വാനു്‌ ഭൂഷണം” എന്ന മന്മോഹന്‍ജി തത്വത്തിന്റെ ആരാധകനാവേണ്ട കാര്യം രാഹുല്‍ജിക്കില്ല, ആയിട്ടു്‌ പ്രയോജനവുമില്ല.

പിന്നെ കേള്‍ക്കാറുള്ള ഒരു പ്രധാന പരാതി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നുവരെ ഭാരതത്തില്‍ നിലവിലിരിക്കുന്നതു്‌ നെഹ്രുകുടുംബത്തിന്റെ ആധിപത്യമാണെന്നും, അതിനൊരു അറുതി വരുത്തേണ്ടതു്‌ അത്യാവശ്യമാണെന്നുമൊക്കെയാണു്‌. (ദൈവാനുഗ്രഹം മൂലം) അതുപോലൊരു മഹാഭാഗ്യം ലഭിച്ചാല്‍ സുബോധമുള്ള മനുഷ്യര്‍ ആരെങ്കിലും അങ്ങനെയല്ലാതെ പെരുമാറുമോ? കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ, ആത്മപ്രശംസ, കുടുംബപ്രശംസ, ജാതിപ്രശംസ, മതപ്രശംസ മുതലായ കലാപരിപാടികള്‍ ആടിത്തിമിര്‍ക്കുന്ന ഭാരതീയനാണു്‌ ഒരു രാജ്യത്തിന്റെ ഭരണം വീണുകിട്ടിയാല്‍ അതു്‌ വല്ലവനേയും പിടിച്ചേല്പിക്കുന്നതു്‌! ഇനി ഏല്പിക്കാമെന്നു്‌ വച്ചാലും ആരെ ഏല്പിക്കാന്‍? സായി ബാബ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും ആ ബുദ്ധി പോയില്ല. അല്ലെങ്കില്‍ ഭാരതത്തിലെ മുഴുവന്‍ പ്രശ്നങ്ങളുടെയും പരിഹാരം ശൂന്യാകാശത്തില്‍ നിന്നും ഭസ്മരൂപത്തിലോ, വായില്‍ നിന്നും ഇരുമ്പുണ്ടയുടെ രൂപത്തിലോ മറ്റോ അങ്ങേര്‍ നേരിട്ടു്‌ ഇറക്കുമതി ചെയ്തു്‌ തന്നേനെ. ഇനിയിപ്പോള്‍ ആകെ ഒരു ഓപ്ഷനേയുള്ളു: ഒന്നുകില്‍ രാഹുല്‍ജി അല്ലെങ്കില്‍ ഹസാരെജി. മോന്തായം കണ്ടാല്‍ വോട്ടു്‌ കുത്താനോ അതോ ഒരു കുത്തു്‌ കൊടുക്കാനോ തോന്നുന്നതു്‌ എന്നതാണു്‌ ഓപ്ഷന്‍. ഹീറോപ്രേമികളായ ഭാരതീയര്‍ക്കു്‌ എളുപ്പം തീരുമാനിക്കാവുന്ന ഒരു കാര്യമാണതു്‌. ചൈനയും ജപ്പാനുമൊക്കെ ഭാരതത്തിലേക്കു്‌ കയറ്റി അയക്കുന്ന പേനയ്ക്കും സ്കൂട്ടറിനുമൊക്കെ “ഹീറോ” എന്നു്‌ പേരിടുന്നതു്‌ ഒന്നും കാണാതെയാണെന്നു്‌ കരുതിയോ? കണ്ണുകള്‍ ഇത്തിരി ചെറുതാണെങ്കിലും അത്രകൂടി ഭയങ്കരമായ കാഴ്ചശേഷി ഉള്ളവരാണവര്‍. സില്‍മയിലെ ഒരു ഹീറോയില്‍ നിന്നും എന്തെല്ലാം ഗുണങ്ങളാണോ ഭാരതീയന്‍ പ്രതീക്ഷിക്കുന്നതു്‌, അതെല്ലാം ഒത്തിണങ്ങിയ ഒരു അതുല്യ പ്രതിഭാസമാണു്‌ ശ്രീ രാഹുല്‍ജി എന്ന കാര്യത്തില്‍ ശത്രുക്കള്‍ക്കുപോലും എതിരഭിപ്രായം ഉണ്ടാവും എന്നു്‌ തോന്നുന്നില്ല. യുവകോമളന്‍, കുലീനന്‍, തറവാടി, സവര്‍ണ്ണന്‍, വേണ്ടിവന്നാല്‍ നെറ്റിയില്‍ ചാന്തുപൊട്ടു്‌ തൊടാന്‍ പോലും  മടിക്കാത്ത സാക്ഷാല്‍ ഭാരതീയന്‍! ഇനി നിങ്ങള്‍ (സ്വന്തം) നെഞ്ചത്തു്‌ കൈവച്ചു്‌ (എന്ന്വച്ചാല്‍ നെഞ്ചത്തു്‌ എവിടെയെങ്കിലും കൈവച്ചല്ല, നെഞ്ചിന്റെ ഒരല്പം ഇടത്തുവശത്തേക്കു്‌ മാറി ചങ്കു്‌ ഇരിക്കുന്ന ഭാഗത്തു്‌ കൈവച്ചു്‌) പറയൂ: മലയാളം സില്‍മയില്‍ ഒരു മധുരപ്പതിനെട്ടുകാരി നായികയുടെ പുറകെ “മണിയാന്‍ചെട്ടിക്കു്‌ മണിമിഠായി” എന്നോ, “കണ്ണാ പൊത്തീലേലെ, കാട്ടുകുറിഞ്ഞീലേലെ” എന്നോ മറ്റോ പാടുന്നപോലെ തോന്നത്തക്കവിധം ചുണ്ടനക്കിക്കൊണ്ടു്‌ ആല്‍മരം ചുറ്റി ഓടേണ്ടതു്‌ മമ്മൂട്ടിയോ അതോ മമ്മുക്കോയയോ? ആരാണു്‌ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആവേണ്ടതു്‌? രാഹുല്‍ജിയോ അതോ ഹസാരെജിയോ? നിങ്ങള്‍ ചുമ്മാ കണകുണാന്നു്‌ ഓരോ വര്‍ത്തമാനം പറയരുതു്‌.

ദോഷം പറയരുതല്ലോ, കേരളാകാങ്കിരസിലും മുസല്‍മാന്‍ലീഗിലുമൊക്കെ എന്തിനും പോന്ന നേതാക്കളെ മലയാളക്കരയും വളര്‍ത്തിയെടുത്തിട്ടുണ്ടു്‌. മന്ത്രിയോ തന്ത്രിയോ എന്താണു്‌ ആവേണ്ടതെന്നു്‌ പറഞ്ഞേച്ചാല്‍ മതി. ബാക്കി കാര്യം അവര്‍ ഏറ്റെടുത്തുകൊള്ളും. പക്ഷേ, ഹിന്ദി പറയുകയും ചപ്പാത്തി തിന്നുകയും ചെയ്യുന്നവര്‍ കൈവച്ചാലേ ഡല്‍ഹിയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ഭാരതഭരണയന്ത്രത്തിന്റെ സ്റ്റിയറിങ് തിരിയുകയുള്ളു എന്നതൊരു പ്രശ്നമാണു്‌. ചക്കക്കൂട്ടാന്‍ തിന്നു്‌ ശീലമുള്ളതുകൊണ്ടു്‌ ചപ്പാത്തിയുടെ കാര്യം ഇവരും ഒപ്പിച്ചേക്കും. അമ്പലങ്ങളില്‍ നിന്നു്‌ കേള്‍ക്കുന്ന സംസ്കൃതശ്ലോകങ്ങളും, നസ്രാണിപ്പള്ളികളില്‍ നിന്നു്‌ കേള്‍ക്കുന്ന സുറിയാനിശീലുകളും, സില്‍മാക്കൊട്ടകയില്‍ നിന്നും കേള്‍ക്കുന്ന ഹിന്ദിപ്പാട്ടുകളും, ജന്മനാ കേട്ടുപഠിച്ച തട്ടുതകര്‍പ്പന്‍ പൂരപ്പാട്ടുകളുമൊക്കെ കൂട്ടിച്ചേര്‍ത്തു്‌ ഒരു അവിയല്‍ രൂപത്തില്‍ വച്ചുകീറിയാല്‍ ഭാഷയുടെ കാര്യവും ഒരുവിധം തട്ടിക്കൂട്ടാനായേക്കും. യഥാര്‍ത്ഥ പ്രശ്നം അതൊന്നുമല്ല: കയ്യെത്തുന്ന ദൂരത്തില്‍ സ്ത്രീ എന്നു്‌ തോന്നിയേക്കാവുന്ന വല്ല രൂപവും നീങ്ങുന്നതു്‌ കണ്ടാല്‍ സ്റ്റിയറിങ്ങില്‍ നിന്നും കൈവിട്ടു്‌ ചങ്ങായിമാര്‍ അതിന്റെ പുറകെ പോകും. അതൊരുതരം ഇന്‍സ്റ്റിങ്ക്റ്റ് ആയതിനാല്‍ അത്ര എളുപ്പം ചികിത്സിച്ചു്‌ ഭേദമാക്കാവുന്ന ഒരു രോഗവുമല്ല.

അതുകൊണ്ടു്‌ എന്റെ മുദ്രാവാക്യം: “രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍, രാഹുല്‍ജി സിന്ദാബാദ്, ബാക്കിയെല്ലാം അഹമ്മദാബാദ്”!

 
1 അഭിപ്രായം

Posted by on ജനുവരി 22, 2013 in പലവക

 

മുദ്രകള്‍: , , ,

കൊന്നാലും ചാകാത്ത വിശുദ്ധകന്യക തെക്ല

ക്രൈസ്തവസഭയിലെ ആദ്യരക്തസാക്ഷിണി എന്നറിയപ്പെടുന്നതു്‌ വിശുദ്ധ തെക്ലയാണു്‌. രണ്ടാം നൂറ്റാണ്ടില്‍ നിന്നുള്ള ‘പൗലോസിന്റെയും തെക്ലയുടെയും പ്രവൃത്തികള്‍’ (Acts of Paul and Thecla) എന്ന അപോക്രിഫല്‍ കൃതിയിലൂടെയാണു്‌ വി. തെക്ലയെ ലോകം അറിയുന്നതു്‌. ഐകോണിയത്തില്‍ (ഇന്നത്തെ കോന്യ) ജീവിച്ചിരുന്ന ധനികനായൊരു അന്യജാതിപുരോഹിതന്റെ മകളായി ജനിച്ചവളും സുന്ദരിയുമായിരുന്ന തെക്ല വി. പൗലോസിന്റെ കന്യകാത്വമഹത്വം സംബന്ധിച്ച പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതോടെയാണു്‌ കന്യകാജീവിതം തിരഞ്ഞെടുത്തു്‌ ക്രിസ്ത്യാനിയായി ജീവിക്കാന്‍ തീരുമാനിക്കുന്നതു്‌. വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും, ബ്രഹ്മചര്യത്തോടു്‌ ഉണ്ടായിപ്പോയ ആസക്തി മൂലം പ്രതിശ്രുതവരനെ ഉപേക്ഷിച്ചു്‌ പൗലോസിനോടൊപ്പം പുരുഷവേഷത്തില്‍ അവള്‍ അന്ത്യോഖ്യയിലേക്കു്‌ ഒളിച്ചുപോകുന്നു. ഭാവി മണവാളനും ബന്ധുക്കളും ചേര്‍ന്നു്‌ മടക്കി കൊണ്ടുവന്നു്‌ അവരാലാവുന്ന എല്ലാ വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അവള്‍ ദൈവത്തിന്റെ മണവാട്ടി ആവാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതേയുള്ളു. ഇനിയാണു്‌ ശരിയായ കഥ തുടങ്ങുന്നതു്‌.

വി. പൗലോസിനെ ചാട്ടയ്ക്കടിച്ചു്‌ ഓടിച്ചശേഷം ഭാവിവരനും അവളുടെ അമ്മയും ചേര്‍ന്നു്‌ അവളെ ക്രിസ്ത്യാനി എന്ന കുറ്റം ചുമത്തി പൂര്‍ണ്ണ നഗ്നയാക്കി സിംഹം കടുവ പുള്ളിപ്പുലി എന്നീ ഹിംസ്രജന്തുക്കളുടെ മുന്നിലേക്കു്‌ എറിഞ്ഞുകൊടുത്തു. ആ വന്യജീവികളാകട്ടെ, കുഞ്ഞാടുകളെപ്പോലെ അവളുടെ കാല്‍ചുവട്ടില്‍ കിടക്കുകയും അവളുടെ ദേഹം മുഴുവന്‍ നക്കിത്തുടയ്ക്കുകയും ചെയ്തതല്ലാതെ അവള്‍ക്കു്‌ ഒരു പോറല്‍ പോലും വരുത്തിയില്ല! ഈ സംഭവത്തെപ്പറ്റി ഉന്നതനായ ഒരു സഭാപിതാവു്‌ അംബ്രോസിയസ് എഴുതി പുകഴ്ത്തുന്നതു്‌ ശ്രദ്ധിക്കൂ. സ്റ്റാറ്റ്യുട്ടറി വാണിംഗ്: ഇതു്‌ കേള്‍ക്കുന്നവര്‍ തല കറങ്ങി വീഴാതിരിക്കാന്‍ വല്ല തൂണിലോ (തുരുമ്പില്‍ ആവാതിരിക്കുന്നതാണു്‌ നല്ലതു്‌) മറ്റോ മുറുക്കിപ്പിടിക്കുന്നതു്‌ നന്നായിരിക്കും.

“കന്യകാത്വത്തിന്റെ മാന്ത്രികശക്തി അത്ര അത്ഭുതകരമായതാണു്‌. സിംഹങ്ങള്‍ പോലും അതിനു്‌ നേരെയുള്ള വിസ്മയം സാക്ഷ്യപ്പെടുത്തുകയാണിവിടെ. വിശപ്പുണ്ടെങ്കിലും അവളുടെ ശരീരമാകുന്ന തീറ്റ അവയെ പ്രലോഭിപ്പിച്ചില്ല. പ്രലോഭനം ഉണ്ടായിട്ടും ആ ഭീകരജന്തുക്കള്‍ അവളെ കടിച്ചുകീറിയില്ല, പ്രകോപനം ഉണ്ടായിട്ടും കോപാഗ്നി അവയില്‍ ആളിക്കത്തിയില്ല, വന്യത ശീലമായിരുന്നിട്ടും ആ സ്വഭാവം അവയുടെ തെറ്റിദ്ധാരണയ്ക്കു്‌ വഴിവച്ചില്ല, കാട്ടുജീവികള്‍ ആയിരുന്നിട്ടും അവ വന്യപ്രകൃതിയുടെ നിയന്ത്രണത്തിനു്‌ കീഴ്പ്പെടാന്‍ തയ്യാറായില്ല. ആ രക്തസാക്ഷിണിയെ ആദരിച്ചതിലൂടെ അവ ദൈവഭക്തിയുടെ ഗുരുക്കളായി മാറുകയായിരുന്നു. അതുപോലെതന്നെ, പുരുഷവര്‍ഗ്ഗത്തില്‍പെട്ട യാതൊരുവനും, അവന്‍ ജന്തുലോകത്തില്‍ നിന്നും വരുന്നവനാണെങ്കില്‍പോലും, നഗ്നയായ ഒരു യുവകന്യകയുടെ ശരീരത്തിലേക്കു്‌ നോക്കുന്നതു്‌ തെറ്റാണു്‌ എന്ന സൂചന നല്‍കാനെന്നോണം, ലജ്ജാപുരസരം ആ വന്യമൃഗങ്ങള്‍ കണ്ണുകള്‍ ഭൂമിയിലേക്കു്‌ താഴ്ത്തിപ്പിടിച്ചുകൊണ്ടു്‌ കന്യകയായ തെക്ലയുടെ പാദങ്ങള്‍ വാസനിക്കുക മാത്രം ചെയ്തതുവഴി അവ കന്യകാത്വമഹത്വത്തിന്റെയും ഗുരുക്കളാവുകയായിരുന്നു”. ഉടയതമ്പുരാനെപ്പെറ്റ അമ്മേ, ബീഭത്സം, രൗദ്രം!

അതുകൊണ്ടും തീര്‍ന്നില്ല തെക്ലയോടുള്ള അക്രൈസ്തവരുടെ പീഡനം. റോമില്‍ അവള്‍ ജീവനോടെ ചിതയില്‍ വയ്ക്കപ്പെട്ടു. പക്ഷേ, ആളുന്ന ജ്വാലകള്‍ക്കു്‌ അവളെ ഒരു കോപ്പും ചെയ്യാനായില്ല. പിന്നീടു്‌ അവള്‍ വിഷപ്പാമ്പുകളുടെ കുഴിയില്‍ എറിയപ്പെട്ടു. സിംഹവും കടുവയും പുലിയുമൊക്കെ ചെയ്തതുപോലെ ആ ഇഴജന്തുക്കള്‍ക്കു്‌ അവളെ സ്നേഹാദരവുകളോടെ ആപാദചൂഡം നക്കിത്തുടയ്ക്കാന്‍ അവസരം ലഭിക്കുന്നതിനു്‌ മുന്‍പു്‌ ഒരു വെള്ളിടി വെട്ടി അവറ്റകള്‍ ഒന്നടങ്കം ഇഹലോകവാസം വെടിഞ്ഞു. പിന്നീടൊരിക്കല്‍ നിറയെ നീര്‍നായ്ക്കളുള്ള ഒരു തടാകത്തിലേക്കു്‌ “ക്രിസ്തുവിന്റെ നാമത്തില്‍ ഈ അന്തിമദിനത്തില്‍ ഞാന്‍ മാമൂദീസ ഏല്‍ക്കുന്നു” എന്നു്‌ വിളിച്ചുപറഞ്ഞുകൊണ്ടു്‌ വി. തെക്ല വീഴുന്നുണ്ടു്‌. അപ്പോഴും ആ നീര്‍നായ്ക്കളെല്ലാം ഇടിവെട്ടേറ്റു്‌ ചത്തു എന്നതല്ലാതെ, അവള്‍ക്കു്‌ ഒന്നും സംഭവിച്ചില്ല. രണ്ടു്‌ ഉഗ്രന്‍ മൂരികളിലായി കെട്ടിയിടപ്പെട്ടപ്പോഴും അവള്‍ അത്ഭുതകരമായി രക്ഷപെടുത്തപ്പെട്ടു.

അങ്ങനെ ഈ പീഡനങ്ങളും ദഹിപ്പിക്കലുമെല്ലാം തെക്ല അത്ഭുതകരമായി അതിജീവിച്ചു. അവളുടെ അതിജീവനത്തിനിടയിലെപ്പോഴോ ഭര്‍ത്താവാകേണ്ടിയിരുന്നവന്‍ മരിച്ചു. അതിനൊക്കെ ശേഷം അവള്‍ പല അപ്പൊസ്തലിക യാത്രകളിലും വി. പൗലോസിനെ അനുഗമിക്കുകയും, മറ്റു്‌ കന്യകമാരെ സമ്മേളിപ്പിച്ചു്‌ അവരോടു്‌ സുവിശേഷഘോഷണം നടത്തുകയും, ഉയര്‍ന്ന പ്രായത്തില്‍ എത്തി “സുന്ദരമായൊരു നിദ്രയില്‍ കര്‍ത്താവില്‍ വിലയം പ്രാപിക്കുകയുമാണു്‌ ചെയ്തതെങ്കിലും സഭയ്ക്കു്‌ അവള്‍ രക്തസാക്ഷിണിയാണു്‌. കത്തോലിക്കാസഭ സെപ്റ്റംബര്‍ 23-നും, കിഴക്കന്‍ സഭകള്‍ സെപ്റ്റംബര്‍ 24-നും, കോപ്റ്റ്സ് ജൂലൈ 19-നും അവളുടെ ഓര്‍മ്മദിവസമായി ആചരിക്കുന്നു. പൊതുവെ സിംഹവും വന്യമൃഗങ്ങളും അതിനു്‌ പുറമെ ചിതയുമാണു്‌ അവളുടെ പോര്‍ട്ട് ഫോളിയോ.

ഇത്തരം വ്യാജസൃഷ്ടികള്‍ ഇക്കാലത്തു്‌ ആരെങ്കിലും വിശ്വസിക്കുമോ എന്നു്‌ ചോദിച്ചാല്‍ വിശ്വാസികള്‍ അതും അതിലപ്പുറവും വിശ്വസിക്കുമെന്നേ മറുപടി പറയാനാവൂ. തെക്ലയുടെ കന്യകാത്വത്തിന്റെ മാസ്മരികത വര്‍ണ്ണിച്ചവനായി മുകളില്‍ സൂചിപ്പിച്ച അംബ്രോസിയസിനു്‌ പുറമെ, ഗ്രിഗൊര്‍ വോണ്‍ നസിയന്‍സ്, ക്രിസൊസ്റ്റൊമസ്, ഹിറോണിമസ്, അഗസ്റ്റിനസ് തുടങ്ങിയ ഒട്ടേറെ അത്യുന്നതസഭാപിതാക്കള്‍ തെക്ലയെ അവള്‍ അനുഭവിച്ച പീഡനങ്ങളുടെ പേരിലും, അവളുടെ കളങ്കമില്ലാത്ത കന്യകാത്വത്തിന്റെ പേരിലും വാഴ്ത്തുകയും പാടിപ്പുകഴ്ത്തുകയും ചെയ്തിട്ടുള്ളവരാണു്‌. മിലാന്റെ പാലകപുണ്യവതിയായ തെക്ലയുടെ തിരുശേഷിപ്പു്‌ ചുരുങ്ങിയതു്‌ പത്തൊന്‍പതാം നൂറ്റാണ്ടു്‌ വരെയെങ്കിലും അവിടത്തെ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്രെ!

ഇതൊക്കെ വളരെ പഴയ കഥകളാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പ്രസിദ്ധീകരണത്തിനു്‌ സമ്മതിമുദ്ര ലഭിച്ചിട്ടുള്ള ഒരു കത്തോലിക്കാമതപണ്ഡിതന്റെ “വീടിനും വിദ്യാലയത്തിനും വേണ്ടിയുള്ള സഭാചരിത്രം” എന്നൊരു കൃതിയില്‍ ദൈവം തന്റെ ദാസിയെ രക്ഷപെടുത്തിയ മുഴുവന്‍ അത്ഭുതങ്ങളോടും കൂടി തെക്ലയുടെ രക്തസാക്ഷിത്വം വിവരിക്കപ്പെടുന്നുണ്ടു്‌. കത്തോലിക്കാ മതത്തിലെ “റിസര്‍ച്ച്” വിഭാഗത്തിനും തെക്ലയുടെ അത്ഭുതകരമായ ഈ കഥകളില്‍ “ചരിത്രപരമായ സത്യത്തിന്റെ ധാന്യമണികള്‍” ദര്‍ശിക്കാന്‍ കഴിയുന്നുണ്ടത്രെ!

കത്തോലിക്കരുടെ ആത്മപരിപാലനത്തിനായി തെക്ലയുടെ നാമത്തിലെ ഒരു പള്ളിപ്രാര്‍ത്ഥന: “സര്‍വ്വശക്തനായ ദൈവമേ! നിന്റെ വിശുദ്ധയുവകന്യകയും രക്തസാക്ഷിണിയുമായ തെക്ലയുടെ വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന ഓര്‍മ്മ ഞങ്ങള്‍ കൊണ്ടാടുമ്പോഴെല്ലാം സ്വര്‍ഗ്ഗീയവും യഥാര്‍ത്ഥവുമായ ദിവ്യാനുഭൂതി സ്വീകരിക്കാനുള്ള യോഗ്യത ഞങ്ങളില്‍ പെരുകാനും, അവളുടേതുപോലെ വീരോചിതമായ വിശ്വാസം അനുകരിക്കാനുള്ള വാഞ്ഛ ഞങ്ങളില്‍ കൂടുതലായി ആളിക്കത്തുവാനും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമീന്‍”.

(അവലംബം: ക്രിസ്തുമതത്തിന്റെ കുറ്റകൃത്യങ്ങള്‍: കാര്‍ള്‍ ഹൈന്‍സ് ഡെഷ്നെര്‍)

 
1 അഭിപ്രായം

Posted by on ജനുവരി 2, 2013 in Uncategorized

 

മുദ്രകള്‍: , , ,

അല്ലാഹുവും യഹോവയും

ബൈബിളും ഖുര്‍ആനും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും, ബൈബിളിലെയും ഇസ്ലാമിലെയും ദൈവങ്ങള്‍ പോലും രണ്ടും രണ്ടാണെന്നും വാദിക്കുന്ന മുസ്ലീമുകളുണ്ടു്‌. ഊഹമല്ല, അവരില്‍ ചിലരെ ബ്ലോഗിലൂടെ നേരിട്ടു്‌ പരിചയപ്പെടാനുള്ള ‘മഹാഭാഗ്യം’ എനിക്കുണ്ടായിട്ടുണ്ടു്‌. പക്ഷേ, ആരെന്തു്‌ പറഞ്ഞാലും, ബൈബിള്‍ ഇല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ ഉണ്ടാവുമായിരുന്നില്ല എന്നതാണു്‌ സത്യം. മോശെയുടെ വടി പാമ്പാവുന്നപോലുള്ള ‘അത്ഭുതങ്ങള്‍’ (മണ്ടത്തരങ്ങള്‍ എന്നു്‌ മലയാളം) പോലും ബൈബിളില്‍ നിന്നും അതേപോലെ ഏറ്റെടുത്തിരിക്കുന്ന ഖുര്‍ആനും ബൈബിളും തമ്മില്‍ ബന്ധമൊന്നുമില്ല എന്നു്‌ പറയണമെങ്കില്‍ അല്പമൊന്നും ‘ദൈവാനുഗ്രഹം’ ഉണ്ടായാല്‍ പോര. അതെങ്ങനെ, ആ ഗ്രന്ഥങ്ങള്‍ വായിച്ചാലല്ലേ അവയില്‍ എന്തെന്തു്‌ വിഡ്ഢിത്തങ്ങളാണു്‌ എഴുതിവച്ചിരിക്കുന്നതു്‌  എന്നറിയാനാവൂ. വായിച്ചതുകൊണ്ടു്‌ മാത്രം മണ്ടത്തരം തിരിച്ചറിയണമെന്നില്ല എന്നതു്‌ മറ്റൊരു സത്യം. ശാസ്ത്രത്തില്‍ കൊട്ടക്കണക്കിനു്‌ ബിരുദങ്ങള്‍ ഉള്ളതു്‌, ഗ്യാലക്സികളുടെയും, ബ്ലാക്ക് ഹോളിന്റെയും, ഡാര്‍ക്ക് എനര്‍ജിയുടെയുമൊക്കെ സ്രഷ്ടാവായ ഒരു ദൈവം കാഞ്ചിപുരം പട്ടില്‍ പൊതിഞ്ഞു്‌ നിന്നുകൊണ്ടു്‌ തന്റെ ‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കുന്നതു്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നു്‌ വിശ്വസിക്കാന്‍ ഒരു തടസ്സമല്ല എന്നതിന്റെ തെളിവുകള്‍, “എന്നോടു്‌ സംവദിക്കാന്‍ ആദ്യം എന്റെ ഗ്രന്ഥം പഠിച്ചിട്ടു്‌ വാ” എന്നും മറ്റുമുള്ള വീമ്പിളക്കലുകളുമായി റിയല്‍ ലോകത്തില്‍ നിന്നും വിര്‍ച്ച്വല്‍ ലോകത്തിലേക്കു്‌ അലയടിച്ചു്‌ കയറിക്കൊണ്ടിരിക്കുന്ന ആധുനികയുഗത്തില്‍ ജീവിക്കുന്നവരല്ലേ നമ്മള്‍. സര്‍വ്വാംഗവിഭൂഷിതനായി സ്വയം പ്രദര്‍ശിപ്പിക്കുന്ന ഒരു സര്‍വ്വേശ്വരനില്‍ വിശ്വസിക്കാന്‍ മടിയില്ലാത്തവര്‍ വേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും വായിക്കാത്തതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. വായിക്കാതിരുന്നാല്‍ സമയമെങ്കിലും ലാഭിക്കാം. ആ സമയം കൂടി പ്രാര്‍ത്ഥനയ്ക്കായി വിനിയോഗിക്കുകയും ചെയ്യാം.

ദൈവം മോശെയ്ക്കു്‌ (മൂസയ്ക്കു്‌) പ്രത്യക്ഷപ്പെട്ടതിനെപ്പറ്റിയുള്ള ഖുര്‍ആനിലെയും ബൈബിളിലെയും വര്‍ണ്ണനകളാണു്‌ താഴെ കൊടുക്കുന്നതു്‌. ബൈബിളില്‍ നിന്നുള്ള ഇത്തരം പകര്‍ത്തിയെഴുതലുകള്‍ എത്ര വേണമെങ്കിലും ഖുര്‍ആനില്‍ കാണാനാവും. ഇവിടെ നല്‍കിയിരിക്കുന്നതു്‌ ഖുര്‍ആനിലെ ‘ഖസസ്’ എന്ന അദ്ധ്യായത്തില്‍ നിന്നും, ബൈബിളിലെ ‘പുറപ്പാടു്‌’ പുസ്തകത്തിലെ മൂന്നും നാലും ആദ്ധ്യായങ്ങളില്‍ നിന്നും എടുത്തിട്ടുള്ളവയാണു്‌. സന്ദര്‍ഭവും മറ്റും കൂടുതല്‍ അറിയണമെന്നുള്ളവര്‍ പുറപ്പാടു്‌ പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങള്‍ വായിച്ചശേഷം ഖുര്‍ആനിലെ ഇരുപത്തെട്ടാം അദ്ധ്യായം വായിക്കുന്നതായിരിക്കും നല്ലതു്‌. ‘ഖസസ്’ എന്നാല്‍ ‘കഥാകഥനം’ എന്നാണു്‌. എല്ലാം കെട്ടുകഥകളാവുമ്പോള്‍ ഒരദ്ധ്യായത്തിനെങ്കിലും കഥാകഥനം എന്ന പേരു്‌ നല്‍കാതിരിക്കുന്നതെങ്ങനെ? ഞാന്‍ കൂടുതല്‍ പറയുന്നില്ല. “മറ്റാര്‍ക്കും ഒരുകാലത്തും അതുപോലൊന്നു്‌ എഴുതിയുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തവിധം മഹനീയമായ” ഗ്രന്ഥത്തില്‍ പകര്‍ത്തിവച്ചിരിക്കുന്ന, ലോകാവസാനം വരെ വലിഡിറ്റി നഷ്ടപ്പെടാത്ത ശാശ്വതസത്യങ്ങളും, അവയുടെ ‘തീകായല്‍’ നിലവാരവുമൊക്കെ അറിയണമെന്നുള്ളവര്‍ സ്വയം വായിച്ചു്‌ ഒരു നിഗമനത്തിലെത്തുക.

ആദ്യം ഖുര്‍ആനിലെ ഖസസില്‍ നിന്നുള്ള ഈ ഭാഗങ്ങള്‍ കാണൂ:

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്നു്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോടു്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്നു്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്നു്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?

അങ്ങനെ അദ്ദേഹം അതിന്നടുത്തു്‌ ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.

നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടതു്‌ ഒരു സര്‍പ്പമെന്നോണം പിടയുന്നതു്‌ കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു്‌ നോക്കിയതു്‌ പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ടു്‌ വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.

നീ നിന്‍റെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത്‌ വരുന്നതാണ്‌. ഭയത്തില്‍ നിന്ന്‌ മോചനത്തിനായ്‌ നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക്‌ ചേര്‍ത്തു്‌ പിടിക്കുകയും ചെയ്യുക. അങ്ങനെ അതു്‌ രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്കു്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു്‌ തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു”. (28: 29 – 32)

ലോകം ഉണ്ടാവുന്നതിനും മുന്നേ മുഹമ്മദ് നബി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നും മറ്റും വിശ്വസിക്കുന്നവരുണ്ടു്‌. പക്ഷേ, മൂസയ്ക്കു്‌ അല്ലാഹു പ്രത്യക്ഷപ്പെട്ടപ്പോള്‍ നബി ആ ഭാഗത്തെങ്ങും ഉണ്ടായിരുന്നില്ല എന്നാണു്‌ അല്ലാഹുതന്നെ പറയുന്നതു്‌. അതില്‍ തെറ്റില്ല. നബി ആ സമയത്തു്‌ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നിരിക്കാമല്ലോ.

“(നബിയേ,) മൂസായ്ക്ക്‌ നാം കല്‍പന ഏല്‍പിച്ചു്‌ കൊടുത്ത സമയത്തു്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. … … നാം (മൂസായെ) വിളിച്ച സമയത്തു്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു.) നിനക്കു്‌ മുമ്പു്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്കു്‌ നീ താക്കീതു്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ചു്‌ മനസ്സിലാക്കിയേക്കാം”. (28: 44, 46)

ഇനി ബൈബിളില്‍ മോശെക്കു്‌ ദൈവം പ്രത്യക്ഷപ്പെടുന്ന ഈ ഭാഗം കാണൂ:

“മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു്‌ അപ്പുറത്തു്‌ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടുചെന്നു. അവിടെ ‘യഹോവയുടെ ദൂതൻ’ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു്‌ അഗ്നിജ്വാലയിൽ അവനു്‌ പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു്‌ തീ പിടിച്ചു്‌ കത്തുന്നതും മുൾപടർപ്പു്‌ വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു്‌ വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു്‌ ഞാൻ ചെന്നു്‌ നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിനു്‌ അവൻ വരുന്നതു്‌ ‘യഹോവ’ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു്‌ അവനെ മോശേ, മോശേ എന്നു്‌ വിളിച്ചു. അതിനു്‌ അവൻ: ഇതാ, ഞാൻ എന്നു്‌ പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു്‌ അടുക്കരുതു്‌; നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു്‌ ചെരിപ്പു്‌ അഴിച്ചുകളക എന്നു്‌ കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു്‌: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു്‌ വിടുവിപ്പാനും ആ ദേശത്തുനിന്നു്‌ നല്ലതും വിശാലവുമായ ദേശത്തേക്കു്‌, പാലും തേനും ഒഴുകുന്ന ദേശത്തേക്കു്‌, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു്‌ അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു”. (പുറപ്പാടു്‌  3 : 1 – 8)

ഇനി, വടി പാമ്പാവുന്നതും കൈ കുഷ്ഠരോഗമുള്ളതാവുന്നതും വീണ്ടും സുഖപ്പെടുന്നതുമായ ഭാഗം:

“അതിനു്‌ മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു്‌ പ്രത്യക്ഷനായിട്ടില്ല എന്നു്‌ പറയും എന്നുത്തരം പറഞ്ഞു. യഹോവ അവനോടു്‌: നിന്റെ കയ്യിൽ ഇരിക്കുന്നതു്‌ എന്തു്‌ എന്നു്‌ ചോദിച്ചു. ഒരു വടി എന്നു്‌ അവൻ പറഞ്ഞു. അതു്‌ നിലത്തിടുക എന്നു്‌ കല്പിച്ചു. അവൻ നിലത്തിട്ടു; അതു്‌ ഒരു സർപ്പമായിത്തീര്‍ന്നു; മോശെ അതിനെ കണ്ടു്‌ ഓടിപ്പോയി. യഹോവ മോശെയോടു്‌: നിന്റെ കൈ നീട്ടി അതിനെ വാലിനു്‌ പിടിക്ക എന്നു്‌ കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു്‌ അവന്റെ കയ്യിൽ വടിയായിത്തീര്‍ന്നു. ഇതു്‌ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു്‌ പ്രത്യക്ഷനായി എന്നു്‌ അവർ വിശ്വസിക്കേണ്ടതിനു്‌ ആകുന്നു. യഹോവ പിന്നെയും അവനോടു്‌: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു്‌ കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു്‌ എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു്‌ കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു്‌ പുറത്തെടുത്തപ്പോൾ, അതു്‌ വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും”. (പുറപ്പാടു്‌  4 : 1 – 8)

എന്തു്‌ തോന്നുന്നു? ബൈബിളും ഖുര്‍ആനും തമ്മിലും, രണ്ടിലെയും ദൈവങ്ങള്‍ തമ്മിലും വല്ല ബന്ധവും കാണാന്‍ കഴിയുന്നുണ്ടോ?

ബൈബിള്‍! ഖുര്‍ആന്‍! ദൈവവചനങ്ങള്‍! മനുഷ്യരെ തന്നില്‍ വിശ്വസിപ്പിക്കാന്‍ വടിയെ പാമ്പാക്കുന്നതുപോലുള്ള ‘മാജിക്കിന്റെ’ സഹായം തേടേണ്ടിവരുന്ന ഒരു മന്ത്രവാദിദൈവം വെളിപ്പെടുത്തുന്ന നിത്യസത്യങ്ങള്‍ !!

 
1 അഭിപ്രായം

Posted by on നവംബര്‍ 10, 2012 in മതം

 

മുദ്രകള്‍: , , , , ,

ജ്ഞാനവിജ്ഞാനപൊതുയോഗം

“ആയിരക്കണക്കിനു്‌ മനുഷ്യരില്‍ ജ്ഞാനസിദ്ധിയിലൂടെയുള്ള പൂര്‍ണ്ണതയ്ക്കായി ഒരുപക്ഷേ ഒരുവന്‍ ശ്രമിക്കുന്നുണ്ടാവാം. അവരില്‍ത്തന്നെ കഷ്ടിച്ചു്‌ ഒരുത്തന്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ എന്നെ അറിയുന്നുള്ളു.” – ഭഗവദ്ഗീത (7: 3)

കൃത്യമായി വേണ്ടവര്‍ക്കു്‌:
മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്വതഃ

അതായതു്‌, ജ്ഞാനസിദ്ധിയിലൂടെയുള്ള പൂര്‍ണ്ണത കൈവരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ വളരെ വിരളമാണു്‌. വിരളമെന്നു്‌ വച്ചാല്‍, ആയിരക്കണക്കിനു്‌ മനുഷ്യരില്‍ കഷ്ടിച്ചു്‌ ഒരാള്‍ എന്ന നിരക്കില്‍ വിരളം. അങ്ങനെ പൂര്‍ണ്ണത കൈവരിച്ചവരില്‍ത്തന്നെ ഒരുത്തന്‍ മാത്രമേ തന്നെ യഥാര്‍ത്ഥത്തില്‍ അറിയുന്നുള്ളു എന്നാണു്‌ ഭഗവാന്‍ പരാതിപ്പെടുന്നതു്‌. പൂര്‍ണ്ണത കൈവരിച്ച എലീറ്റുകളില്‍ നിന്നും ഏതു്‌ നിരക്കിലാണു്‌ ഫൈനല്‍ എലീറ്റുകള്‍, (എന്ന്വച്ചാല്‍, ഭഗവാന്‍ അര്‍ജ്ജുനനു്‌ പകര്‍ന്നു്‌ നല്‍കിയതുപോലുള്ള, യാതൊന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തില്‍ അവശേഷിക്കുന്നില്ലാത്തതുപോലുള്ള മുഴുവന്‍ “ഫിനോമിനല്‍ ജ്ഞാനവും ന്യൂമിനസ് ജ്ഞാനവും” (3: 2) കൈവരിച്ച ‘മഹാബാഹുക്കള്‍’!) രൂപമെടുക്കുന്നതെന്നു്‌ ഭഗവാന്‍ വ്യക്തമായി പറയുന്നില്ലെങ്കിലും, ആകെമൊത്തം പൂര്‍ണ്ണന്മാരില്‍ നിന്നും കാളകൂടം പോലെ ഒറ്റയൊരു ഒറിജിനല്‍ ഇന്ദ്രിയാതീന്ദ്രിയജ്ഞാനി മാത്രമേ ഉരുത്തിരിഞ്ഞു്‌ വരികയുള്ളു എന്നാണു്‌ ഭഗവാന്‍ ഉദ്ദേശിച്ചതെന്നു്‌ കരുതുക വയ്യ. അങ്ങനെ സംഭവിച്ചാല്‍ ലോകത്തില്‍ ഒരേയൊരു പരമജ്ഞാനി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. അതുവഴി പരമശിവനു്‌ പണിയാവും എന്നതില്‍ കവിഞ്ഞ നേട്ടമൊന്നുമില്ല. അതുകൊണ്ടു്‌ ഇവിടെയും ആയിരക്കണക്കിനു്‌ ജ്ഞാനികളില്‍ ഒരുവന്‍ എന്ന നിരക്കില്‍ പരമജ്ഞാനിപ്പട്ടവും നേടാനാവും എന്നേ കരുതാനാവൂ. അതായതു്‌, ജ്ഞാനത്തിന്റെ പുറകെ പരക്കം പായുന്ന ആയിരക്കണക്കിനു്‌ ഭക്തരില്‍ നിന്നും ഒരു ജ്ഞാനി, പരമജ്ഞാനത്തിന്റെ പുറകെ വച്ചുപിടിക്കുന്ന ആയിരക്കണക്കിനു്‌ ജ്ഞാനികളില്‍ നിന്നും ഒരു പരമജ്ഞാനി എന്ന രീതിയിലാവണം കാര്യങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നതു്‌. ജ്ഞാനറിഫൈനറിയിലെ ആദ്യത്തെ അരിപ്പിനു്‌ ബാധകമായ ആയിരങ്ങളില്‍ ഒന്നു്‌ എന്ന നിരക്കു്‌ പരമജ്ഞാനറിഫൈനറിയിലെ രണ്ടാമത്തെ അരിപ്പിനും ബാധകമാവാതിരിക്കാന്‍ കാരണമൊന്നും ഇല്ലാത്തതുകൊണ്ടാവണം ഭഗവാന്‍ അതു്‌ പ്രത്യേകം സൂചിപ്പിക്കാതിരുന്നതു്‌ എന്നേ കരുതാനാവൂ.

അതെന്തായാലും, ഇതു്‌ ഭഗവാന്‍ നേരിട്ടു്‌ പറയുന്നതാണെന്നതിനാല്‍ സത്യമായിരിക്കണം. ഇനി സത്യമല്ല എന്നു്‌ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതു്‌ അവരുടെ ഭാഷയുടെ പരിമിതി മൂലമാവാനേ വഴിയുള്ളു.  പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഇതൊരു പ്രശ്നമായിക്കൂടെന്നില്ല. ഉദാഹരണത്തിനു്‌, ആര്‍ഷഭാരതത്തില്‍ ഭഗവാനെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുള്ള എത്രപേര്‍ ഉണ്ടായിരിക്കും എന്നൊന്നു്‌ അറിയണം എന്നു്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ ‘ആയിരങ്ങളില്‍ ഒന്നു്‌’ എന്നതു്‌ അത്ര സഹായകരമായ ഒരു അനുപാതമല്ല.  ‘ആയിരക്കണക്കിനു്‌’ എന്നു്‌ പറഞ്ഞാല്‍ പല ആയിരങ്ങളാവാമല്ലോ. മുകളിലേക്കു്‌ കൃത്യമായ ഒരു പരിധി നിശ്ചയിക്കുക എന്നതും സാദ്ധ്യമല്ല. പതിനായിരത്തില്‍ ഒന്നും അന്‍പതിനായിരത്തില്‍ ഒന്നും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ടെന്നതു്‌ കണക്കു്‌. ഭാരതം ഒരു ബനാന റിപ്പബ്ലിക്ക് ആയതിനാല്‍ എല്ലാം കണക്കാണു്‌ എന്നൊരു വാദം ന്യായമാണെങ്കിലും, ഗണിതത്തില്‍ പ്രായോഗികമാക്കാവുന്ന ഒരു വാദമല്ല അതു്‌. കണ്ണുനിറയെ കൈമടക്കു്‌ കൊടുത്താല്‍ കണിയാനെയും അതുവഴി ഗ്രഹങ്ങളെയും ദൈവങ്ങളെയും വിധിയെയുമൊക്കെ സ്വാധീനിക്കാമെങ്കിലും ഗണിതശാസ്ത്രത്തില്‍ നേര്‍ച്ചപ്പെട്ടികളില്ല, നേര്‍ച്ചയിടുന്ന ചില ‘ശാസ്ത്രജ്ഞര്‍’ അതിലൂടെ ചുറ്റിത്തിരിയുന്നുണ്ടെങ്കിലും.

ചുരുക്കത്തില്‍, ഭാരതത്തിലെ ഒറിജിനല്‍ പരമജ്ഞാനികളുടെ ഒരു കണക്കു്‌ എടുക്കണമെന്നുണ്ടെങ്കില്‍ ഭഗവാന്‍ നല്‍കിയ നിരക്കില്‍ ചില ഒത്തുതീര്‍പ്പുകള്‍ നടത്തുകയല്ലാതെ നിവൃത്തിയില്ല. ആ ഒത്തുതീര്‍പ്പുകള്‍ വഴി ജ്ഞാനികളുടെ എണ്ണം കൂടുകയല്ലാതെ കുറയാന്‍ ഇടവരാത്തവിധത്തിലായിരിക്കാന്‍ വേണ്ടി, ഭാരതത്തില്‍ പതിനായിരം പേരില്‍ ഒരാള്‍ എന്ന തോതില്‍ ഈശ്വരനെ യഥാര്‍ത്ഥത്തില്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്നും, അവരിലെ പതിനായിരം പേരില്‍ ഒരുവന്‍ എന്ന തോതില്‍ യഥാര്‍ത്ഥത്തില്‍ ഭഗവാനെ അറിയാന്‍ മാത്രം പൂര്‍ണ്ണതയെത്തിയവര്‍ ഉണ്ടെന്നും നമുക്കൊന്നു്‌ സങ്കല്പിച്ചുനോക്കാം. ഭാരതത്തിലെ ആകെമൊത്തം ജനങ്ങളില്‍ നൂറുകോടിയും ഭക്തരായ ഹിന്ദുക്കളാണെന്നും കൂടി കരുതിയാല്‍, പതിനായിരത്തില്‍ ഒന്നിന്റെ പതിനായിരത്തില്‍ ഒന്നു്‌ എന്ന നിരക്കില്‍ ആര്‍ഷഭാരതത്തില്‍ ആകെയുള്ള യഥാര്‍ത്ഥ ‘ഭഗവാന്‍ ജ്ഞാനികള്‍’ പത്തെണ്ണം! മോശമില്ല, പത്തെങ്കിലുമുണ്ടല്ലോ!

ആകെ ആശയക്കുഴപ്പത്തിലായി എന്നു്‌ പറഞ്ഞാല്‍ മതിയല്ലോ. ബ്ലോഗിലെ വിര്‍ച്വല്‍ ലോകത്തില്‍ തപ്പിയാല്‍ ഇന്ദ്രിയാതീന്ദ്രിയജ്ഞാനികളായ ഒരു പത്തുപേരെ ഒപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. അപ്പോള്‍ പിന്നെ മജ്ജയും മാംസവും വിശാലമായ ചിരിയും വട്ടമിട്ടു്‌ പിടുത്തവുമായി ഭാരതത്തില്‍ ചുറ്റിത്തിരിയുന്ന മൃതാനന്ദമയി, വായുസ്വാമി, ആസ്വാമി, ഈസ്വാമി മുതലായ ജന്മങ്ങളൊന്നും ഇന്ദ്രിയാതീന്ദ്രിയജ്ഞാനികളല്ലെന്നോ? അതോ വിര്‍ച്വല്‍ ലോകത്തില്‍ സര്‍വ്വജ്ഞാനികള്‍ ചമയുന്ന ആസാമികളാണോ കള്ളനാണയങ്ങള്‍? സാക്ഷാല്‍ ഭഗവാനു്‌ കണക്കു്‌ തെറ്റി എന്നു്‌ എങ്ങനെ കരുതും?

പരമജ്ഞാനികളൊന്നും ആയില്ലെങ്കിലും, ഈശ്വരനില്‍ എത്തിച്ചേരാന്‍ നമ്മള്‍ ഒന്നും അറിയേണ്ടതില്ല, ഭഗവാന്റെ നാമം വെറുതെ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയെന്നും മറ്റുമുള്ള ചില ‘പരമജ്ഞാനികളുടെ’ വ്യാഖ്യാനങ്ങള്‍ വിശ്വസിച്ചു്‌ അന്തംവിട്ടു്‌ ജപിച്ചു്‌ മരിച്ചവര്‍ക്കും, ജപിച്ചുകൊണ്ടു്‌ മരണത്തിലേക്കു്‌ അടുത്തുകൊണ്ടിരിക്കുന്നവര്‍ക്കും അണ്ടി പോയപ്പോള്‍ ശൂന്യമായ സ്വന്തം കൈവെള്ളയിലെ ജീവിതവരയും വിധിവരയും തലവരയും ഹൃദയവരയുമൊക്കെ നോക്കി ദീര്‍ഘനിശ്വാസം വിടേണ്ടിവന്ന അണ്ണാന്റെ അവസ്ഥ വരാതിരുന്നാല്‍ മതിയായിരുന്നു.

ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ, ഹരേരാമ, രാമ രാമ ഹരേഹരേ.

ഒത്തുപിടിച്ചാല്‍ മലയും പോരും!

 
17അഭിപ്രായങ്ങള്‍

Posted by on ഒക്ടോബര്‍ 14, 2012 in പലവക

 

മുദ്രകള്‍: , ,

ഒന്നര സെന്റിമീറ്റര്‍ തൊലി

ഒരു കുട്ടിയുടെ ചേലാകര്‍മ്മം സംബന്ധിച്ച ഒരു കേസില്‍ കഴിഞ്ഞ മെയ്മാസത്തില്‍ കൊളോണിലെ ഒരു ജഡ്ജി തന്റെ വിധിയിലൂടെ വൈദ്യശാസ്ത്രപരമായ കാരണങ്ങളൊന്നുമില്ലാത്ത, ഏതെങ്കിലുമൊരു മതം അങ്ങനെയൊരു ചടങ്ങു്‌ നിഷ്കര്‍ഷിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം നടത്തപ്പെടുന്ന ചേലാകര്‍മ്മത്തെ ‘ബോഡി ഇഞ്ചുറി’യായി വിലയിരുത്തി. അതുവഴി, നിലവിലിരിക്കുന്ന നിയമപ്രകാരം ചേലാകര്‍മ്മം കുറ്റകൃത്യമാണെന്നും, തന്മൂലം ശിക്ഷാര്‍ഹമാണെന്നും കൂടിയായിരുന്നു ആ ‘പഹയന്‍’ സൂചിപ്പിച്ചുകളഞ്ഞതു്‌! അതു്‌ ജര്‍മ്മനിയില്‍ ജീവിക്കുന്ന യഹൂദരുടെയും മുസ്ലീമുകളുടെയും മതവികാരം വ്രണപ്പെടുത്തിയെന്നു്‌ പറയേണ്ടതില്ലല്ലോ. ആണായി പിറക്കുന്ന കുഞ്ഞുങ്ങളുടെ ലിംഗാഗ്രത്തില്‍ നിന്നുമുള്ള ഒന്നര സെന്റിമീറ്റര്‍ തൊലി തനിക്കു്‌ അവകാശപ്പെട്ടതാണെന്നു്‌ യഹോവയായ ദൈവം കല്പിച്ചിട്ടുണ്ടെന്നു്‌ യഹൂദരും, അങ്ങനെതന്നെയൊരു അവകാശവാദം അല്ലാഹുവും നടത്തിയിട്ടുണ്ടെന്നു്‌ മുസ്ലീമുകളും ഒന്നടങ്കം വികാരഭരിതരായി വിലപിച്ചു. അങ്ങനെയൊരു അവകാശവാദം ദൈവത്തിനു്‌ ഉണ്ടായിരുന്നെങ്കില്‍ (നൂറു്‌ രൂപ കടമെടുത്താല്‍ കയ്യില്‍ കിട്ടുന്നതു്‌ തൊണ്ണൂറോ തൊണ്ണൂറ്റഞ്ചോ ആയിരിക്കും, പലിശ നൂറു്‌ രൂപയ്ക്കും കൊടുക്കുകയും വേണം എന്ന രീതിയില്‍ ചില ബാങ്കുകള്‍ തുടക്കത്തിലേ പിടിച്ചുവയ്ക്കുന്ന ‘ഡിസാജിയോ’ പോലെ) ആ തൊലി സ്വര്‍ഗ്ഗത്തില്‍ പിടിച്ചുവച്ചശേഷം ആണ്‍കുഞ്ഞുങ്ങളെ ഭൂമിയിലേക്കു്‌ അയച്ചാല്‍ മതിയായിരുന്നില്ലേ എന്നു്‌ കുഞ്ഞുങ്ങളുടെ ശാരീരികമായ ഇന്റെഗ്രിറ്റിയില്‍ കടന്നാക്രമണം നടത്താന്‍ മാതാപിതാക്കളടക്കമുള്ള ആര്‍ക്കും അവകാശമില്ലെന്ന നിലപാടുകാരായ എതിര്‍പക്ഷം. ഒരു സര്‍ക്കംസിഷന്‍ ആവശ്യമാക്കുന്ന മെഡിക്കല്‍ ഇന്‍ഡിക്കേഷന്‍ ഒന്നുമില്ലാതിരുന്നിട്ടും, മതം അങ്ങനെ ആവശ്യപ്പെടുന്നു എന്നതു്‌ ഒരു ന്യായീകരണം ആയാലെന്നപോലെ, കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കത്തിവയ്ക്കുന്നതു്‌ കാട്ടാളത്തമാണെന്നു്‌ വ്യക്തമാക്കാന്‍ ശ്രമിക്കുന്ന, പീഡിയാട്ട്രീഷന്‍സ് ഒക്കെ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിനു്‌ ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരുടെയും പിന്‍തുണ ഉണ്ടുതാനും.

ചേലാകര്‍മ്മം എന്നതു്‌ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായിരുന്നെങ്കില്‍, ഉദാഹരണത്തിനു്‌ അഗ്രചര്‍മ്മം എന്നതു്‌, പടവലങ്ങയുടെ നീളം കൂടാന്‍ തുമ്പത്തു്‌ കെട്ടിത്തൂക്കുന്ന കല്ലുപോലെ, ലിംഗാഗ്രത്തില്‍ തൂങ്ങിക്കിടക്കുന്ന, ഉപയോഗശൂന്യം എന്നു്‌ തോന്നിയേക്കാവുന്ന, ഒന്നോ രണ്ടോ കിലോഗ്രാം ഭാരമുള്ള വല്ല സാധനവുമായിരുന്നെങ്കില്‍, വെറുതെ ഭാരം ചുമന്നുകൊണ്ടുനടക്കുന്നതിന്റെ പരിഹാസ്യത മാത്രം മൂലം, ഈ ലോകത്തില്‍ ജീവിക്കുന്ന മുഴുവന്‍ പുരുഷന്മാരും ഒരു ദൈവത്തിന്റെയും കല്പനയ്ക്കു്‌ കാത്തുനില്‍ക്കാതെ അതു്‌ മുറിച്ചുമാറ്റുമായിരുന്നു എന്നാണെന്റെ തോന്നല്‍. അഗ്രചര്‍മ്മത്തിനു്‌ ഒരു ലക്ഷ്യമുള്ളതുകൊണ്ടാണു്‌ എവൊല്യൂഷന്‍ അതിനെ അവിടെ വച്ചുപിടിപ്പിച്ചതും പൊറുപ്പിച്ചുകൊണ്ടിരിക്കുന്നതും. മുറിച്ചുമാറ്റേണ്ടതു്‌ വച്ചുപിടിപ്പിക്കുന്ന ദൈവങ്ങള്‍ക്കു്‌ എവൊല്യൂഷന്റെ ഭാഷ മനസ്സിലാവുകയില്ല. അല്ലെങ്കില്‍ത്തന്നെ, ദൈവം ആര്‍ക്കു്‌ പ്രത്യക്ഷപ്പെടുന്നുവോ, അവന്റെ ഭാഷ മനസ്സിലാകുന്നവര്‍ക്കു്‌ മാത്രം ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന വിധം പറയാനുള്ള ഭാഷാവൈദഗ്ദ്ധ്യമേ ദൈവത്തിനുള്ളു എന്നതു്‌ വിശ്വാസികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാറുള്ള കാര്യവുമാണല്ലോ (ഉദാ. സംസ്കൃതം, ഹീബ്രൂ, അറബി). പൊടിയും ചെളിയും വളരെ കൂടുതലും, വെള്ളവും കുളിയും അത്രതന്നെ കുറവുമായിട്ടുള്ള നാടുകളില്‍ നിന്റെ അഗ്രചര്‍മ്മം മുറിച്ചു്‌ എനിക്കു്‌ തരണമെന്നു്‌ ഒരു ‘ദൈവം’ മനുഷ്യരോടു്‌ ‘കല്പിച്ചാല്‍’ അതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളു. മനുഷ്യരുടെ മാനസികവും ശാരീരികവുമായ ‘ഉള്ളുകള്ളികള്‍’ മുഴുവന്‍ നിത്യേന കണ്ടും പരിശോധിച്ചും ഇരിക്കുന്നവനാണല്ലോ ദൈവം! എന്തായാലും കുഞ്ഞുങ്ങളുടെ ലിംഗാഗ്രത്തിലെ തൊലിക്കു്‌ സ്വര്‍ഗ്ഗത്തില്‍ നല്ല ഡിമാന്‍ഡുണ്ടെന്നു്‌ തോന്നുന്നു. മാലാഖമാരുടെ ചെരിപ്പുകള്‍, ഹൂറികളുടെ വാനിറ്റി ബായ്ഗുകള്‍ മുതലായവയെല്ലാം അഗ്രചര്‍മ്മം ഉപയോഗിച്ചാവണം നിര്‍മ്മിക്കപ്പെടുന്നതു്‌.

നാടു്‌ കേരളം/ഭാരതം അല്ലാത്തതുകൊണ്ടു്‌ ആ ജഡ്ജിയുടെ വിധി ചൂണ്ടിക്കാണിച്ച നിയമത്തിലെ പരിമിതി അവഗണിക്കാതിരിക്കാനും അനുയോജ്യമായ നിയമനിര്‍മ്മാണം വഴി ആ വിടവു്‌ നികത്താനും ഗവണ്മെന്റ് തീരുമാനിച്ചു. തത്ഫലമായി, അതിനായി ചുമതലപ്പെടുത്തപ്പെട്ട ഒരു കമ്മിറ്റി അടുത്ത ആഴ്ച മന്ത്രിസഭയിലും പാര്‍ലമെന്റിലും അവതരിപ്പിക്കാനായി 26 പേജുള്ള ഒരു ഡ്രാഫ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ചില നിബന്ധനകള്‍ക്കു്‌ വിധേയമായി മതപരമായ ചേലാകര്‍മ്മം അനുവദിക്കുക എന്നതാണതില്‍ നിര്‍ദ്ദേശിക്കപ്പെടുന്നതു്‌. പരിച്ഛേദന ഒരു ബോഡി ഇഞ്ചുറി ആണെന്ന കാര്യത്തില്‍ മാറ്റമൊന്നും വരുത്താതെതന്നെ, അതു്‌ മാതാപിതാക്കളുടെ അനുവാദത്തോടെയും, വൈദ്യശാസ്ത്രപരമായ വൈദഗ്ദ്ധ്യത്തോടെയുമാണു്‌ നടത്തപ്പെടുന്നതെങ്കില്‍, അതിനെ നിയമവിരുദ്ധം അല്ലാതാക്കുക എന്നതാണു്‌ ഡ്രാഫ്റ്റിന്റെ ലക്ഷ്യം. എതിരെ വരുന്നവന്‍ കണ്ണു്‌ കാണാത്തവനാണെങ്കില്‍ വഴിമാറേണ്ടതു്‌ കണ്ണിനു്‌ കാഴ്ചയുള്ളവനായിരിക്കണം എന്ന തത്വപ്രകാരമാവണം അതു്‌ രൂപകല്പനം ചെയ്യപ്പെട്ടതു്‌. കുഞ്ഞുങ്ങള്‍ എത്ര സഹിക്കേണ്ടിവന്നാലും വേണ്ടില്ല (അവര്‍ക്കു്‌ പ്രതികരണശേഷിയില്ലല്ലോ), മതവികാരം കൊടുമ്പിരിക്കൊണ്ടിരിക്കുന്നവരെ ഒരു ഗവണ്മെന്റ് തൃപ്തിപ്പെടുത്തിയിരിക്കണം! വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനായി തീര്‍ത്ഥാടനത്തിനുവരെ സബ്സിഡി കൊടുക്കുന്ന ‘ഗവണ്മെന്റുകള്‍’ നിലവിലിരിക്കുന്ന അപൂര്‍വ്വം ‘ഗോത്രങ്ങള്‍’ ഇന്നും ലോകത്തില്‍ ഉണ്ടെന്നും നമ്മള്‍ സ്മരിക്കുക! പാരന്റെല്‍ റൈറ്റിനെ ചൈല്‍ഡ് പ്രൊട്ടെക്ഷനു്‌ മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി ഈ നീക്കത്തെ കാണുന്നതിനാല്‍, SPD (Sozialdemokratische Partei Deutschlands), Die Grünen (The Greens), Die Linke (The Left) എന്നീ പ്രതിപക്ഷപാര്‍ട്ടികള്‍ ഈ നിയമത്തിനോടുള്ള എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടു്‌. ഭരണകക്ഷികളിലും ഇതേ അഭിപ്രായം പുലര്‍ത്തുന്നവരുള്ളതിനാല്‍, വോട്ടിംഗ് പാര്‍ട്ടി അംഗത്വത്തിനു്‌ അതീതമായിരിക്കുമെന്നു്‌ കേള്‍ക്കുന്നു. തത്വത്തില്‍, ഭരണഘടനപ്രകാരം, നിയമസഭാംഗങ്ങള്‍ക്കു്‌ സ്വന്തം മനസ്സാക്ഷിയോടു്‌ മാത്രമേ വിധേയത്വത്തിന്റെ ആവശ്യമുള്ളു എന്നതു്‌ വല്ലപ്പോഴുമൊക്കെയെങ്കിലും ഒന്നോര്‍മ്മിക്കുന്നതും പ്രയോഗത്തില്‍ കൊണ്ടുവരുന്നതും മനസ്സാക്ഷിക്കുത്തു്‌ ഉണ്ടാവാതിരിക്കാന്‍ നല്ലതാണെന്നു്‌ സാമാജികര്‍ക്കു്‌ തോന്നിക്കാണണം.

ചേലാകര്‍മ്മത്തിന്റെ അടിസ്ഥാനകഥ വളരെ പഴയതാണു്‌. അതിനു്‌ മുന്‍പും പലപ്പോഴും യഹോവയായ ദൈവം ‘അബ്രാമിനു്‌’ പ്രത്യക്ഷപ്പെട്ടു്‌ അതുമിതുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, അവനു്‌ തൊണ്ണൂറ്റൊന്‍പതു്‌ വയസ്സായപ്പോള്‍, അവനെ ബഹുജാതികളുടെ പിതാവാക്കണമെന്നു്‌ ദൈവത്തിനു്‌ ഒരു മോഹമുദിക്കുകയും ആ വിവരം നേരിട്ടു്‌ പറയാനായി വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. ‘അബ്രാം’ എന്ന കുറിയ പേരും വച്ചു്‌ ജാതികളുടെ പിതാവാകുന്നതു്‌ ദൈവമെന്ന നിലയില്‍ തനിക്കു്‌ നാണക്കേടായതിനാലാവാം,  പ്രൊമോഷനോടൊപ്പം അവന്റെ പേരു്‌ അബ്രാഹാം എന്നാക്കി മാറ്റാനും ആ സന്ദര്‍ഭത്തിലാണു്‌ ദൈവം തീരുമാനിച്ചതു്‌. പ്രൊമോഷനു്‌ ഒരു പ്രതിഫലം (കൈക്കൂലി എന്നും പറയാം) എന്നോണം അബ്രാഹാമും, അവന്റെ സന്തതിപരമ്പരകളിലെ സകല പുരുഷപ്രജകളും മേലില്‍ അവരുടെ അഗ്രചര്‍മ്മം തനിക്കായി പരിച്ഛേദന ചെയ്യണമെന്നു്‌ ദൈവം അരുളിച്ചെയ്തതും അപ്പോഴാണു്‌. “അതു്‌ എനിക്കും നിങ്ങള്‍ക്കും ‘മദ്ധ്യേയുള്ള’ നിയമത്തിന്റെ അടയാളം”! (തോട്ടത്തിന്റെ ‘നടുവില്‍ നില്‍ക്കുന്ന’ വൃക്ഷത്തിന്റെ ഫലം തിന്നരുതു്‌ എന്നു്‌ ദൈവം ആദാമിനോടു്‌ പറഞ്ഞതുപോലെതന്നെ).

നിയമപ്രകാരം പരിച്ഛേദന നടത്തേണ്ടതു്‌ ജനിച്ചു്‌ എട്ടു്‌ ദിവസം പ്രായമാകുമ്പോള്‍ ആയിരിക്കണമെങ്കിലും, ഒരു തുടക്കം എന്ന നിലയില്‍, ഈ പ്രായപരിധി പരിഗണിക്കേണ്ടതില്ല എന്നു്‌ ദൈവം കല്പിച്ചിരിക്കണം. അബ്രാഹാമിനെയും അവന്റെ സകല ശിങ്കിടികളെയും ഒരു ടൈം ട്രാവല്‍ വഴി എട്ടു്‌ ദിവസം പ്രായമുള്ളവരാക്കി മാറ്റിയശേഷം ചേലാകര്‍മ്മം നടത്താന്‍ സര്‍വ്വശക്തനായ ദൈവത്തിനും കഴിയില്ല  എന്നതുകൊണ്ടുമാവാം പ്രായപരിധിയില്‍ ഈയൊരു പ്രാവശ്യത്തേക്കു്‌ മാത്രമായി ഇങ്ങനെയൊരു ഇളവു്‌ ദൈവം അനുവദിച്ചതു്‌. ഏതായാലും അങ്ങനെ, 99 വയസ്സുകാരനായ അബ്രാഹാമും, ദാസിയില്‍ നിന്നും ജനിച്ച 13 വയസ്സുകാരന്‍ യിശ്മായേലും, തന്റെ വീട്ടില്‍ ജനിച്ച സകല ദാസന്മാരും, വിലയ്ക്കു്‌ വാങ്ങിയ മുഴുവന്‍ പുരുഷപ്രജകളും പ്രായഭേദമെന്യേ ഒറ്റദിവസം കൊണ്ടു്‌ പരിച്ഛേദനയേറ്റു. ജോലി തീര്‍ക്കാനായി ഒസ്സാന്മാര്‍ അന്നേദിവസം ഒരുപാടു്‌ കഷ്ടപ്പെട്ടിട്ടുണ്ടാവണം. അവര്‍ ഓവര്‍ടൈം ചെയ്തിരിക്കാനുള്ള സാദ്ധ്യതയും നിഷേധിക്കാനാവില്ല. കണ്‍വെയര്‍ ബെല്‍റ്റിലൂടെ എന്നപോലെ നിരനിരയായി വരുന്ന മുഴുവന്‍ ആളുകളുടെയും അഗ്രചര്‍മ്മങ്ങള്‍  മുറിച്ചു്‌ മാറ്റിയശേഷം അവര്‍ക്കു്‌ അങ്ങോട്ടുമിങ്ങോട്ടും സ്വന്തം അഗ്രചര്‍മ്മങ്ങളും മുറിച്ചു്‌ മാറ്റേണ്ടിയിരുന്നു എന്ന കാര്യവും നമ്മള്‍ പരിഗണിക്കണമല്ലോ.

അഗ്രചര്‍മ്മം മുറിച്ചുകളയുന്ന രീതി അബ്രഹാം ജനിക്കുന്നതിനു്‌ മുന്‍പേതന്നെ ഈജിപ്റ്റില്‍ നിലവിലുണ്ടായിരുന്നു. പിരമിഡുകളില്‍ കൊത്തിവച്ചിട്ടുള്ള ചില ആള്‍രൂപങ്ങള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നവയാണു്‌. സ്വന്തം നാട്ടില്‍ പട്ടിണി വന്നപ്പോള്‍ അബ്രാഹാമും കുടുംബവും കുറെനാള്‍ ഈജിപ്റ്റില്‍ പോയി വസിച്ചിരുന്നു എന്നു്‌ ബൈബിള്‍ സാക്ഷ്യം വഹിക്കുന്നുണ്ടു്‌. അബ്രാഹാമിന്റെ ഭാര്യ സാറ സുന്ദരിയായിരുന്നതിനാല്‍ ഫറവോ അവളില്‍ ആകൃഷ്ടനാവുകയും അവള്‍ അവന്റെ അരമനയില്‍ പോകേണ്ടി വരികയും ചെയ്തിരുന്നു. (നീ എന്റെ സഹോദരിയാണെന്നേ പറയാവൂ എന്ന അബ്രഹാമിന്റെ ശട്ടം കെട്ടലൊന്നും ഫറവോയുടെ കാമക്കണ്ണിനെ പിന്‍തിരിപ്പിക്കാന്‍ സഹായിച്ചില്ല. അവന്‍ ഇത്തിരി കാശുണ്ടാക്കണമെങ്കില്‍ ഉണ്ടാക്കിക്കൊള്ളട്ടെ എന്നു്‌ കരുതിയാവണം ദൈവവും ഈ വിഷയത്തില്‍ ചിറ കെട്ടിയതു്‌ വെള്ളം ഒഴുകിപ്പോയതിനു്‌ ശേഷം മാത്രമായിരുന്നു) സാറയുടെ അനുഭവം ഇതായിരുന്നെങ്കില്‍ സഹനടികളുടെ അവസ്ഥ ഒട്ടും ഭേദമായിരുന്നിരിക്കാന്‍ വഴിയില്ല. അബ്രാഹാമും യിശ്മായേലിനെ ജനിപ്പിച്ചതു്‌ ഈജിപ്ഷ്യന്‍ ദാസിയായിരുന്ന ഹാഗാറില്‍ നിന്നുമായിരുന്നല്ലോ. ‘കൊടുക്കല്‍ വാങ്ങലില്‍’ അവര്‍ വളരെ സഹിഷ്ണുതയുള്ളവരായിരുന്നിരിക്കണം. അതിനാല്‍, ഈജിപ്റ്റുകാരുടെ അഗ്രചര്‍മ്മഗുണദോഷങ്ങള്‍ സംബന്ധിച്ച ‘അരമനരഹസ്യങ്ങള്‍’ സാറ മാത്രമല്ല, മറ്റു്‌ പല യഹൂദസ്ത്രീകളും കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുണ്ടാവും എന്നു്‌ കരുതുന്നതില്‍ തെറ്റുണ്ടാവാന്‍ വഴിയില്ല. അതുപോലെതന്നെ, യഹൂദപുരുഷന്മാരുടെ ഈദൃശരഹസ്യങ്ങള്‍ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ക്കും നിശ്ചയമുണ്ടായിരുന്നിരിക്കണം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ‘ബിസിനസ്’ സെക്സ് ആണെന്ന പരമാര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ മറിച്ചു്‌ ചിന്തിച്ചാല്‍  അതു്‌ അബദ്ധമേ ആവൂ.

ദൈവപുത്രനായിരുന്നെങ്കിലും, ഒരു യഹൂദന്‍ എന്ന നിലയില്‍ യേശുവും എട്ടാം ദിവസം പരിച്ഛേദന ഏറ്റിരിക്കണം. ക്രിസ്തുമതത്തിന്റെ യഥാര്‍ത്ഥസ്ഥാപകനായ പൗലോസും അഗ്രചര്‍മ്മം ഇല്ലാതെ ആയിരിക്കണം തന്റെ ജീവിതം ജീവിച്ചുതീര്‍ത്തതു്‌. പക്ഷേ, ക്രിസ്തുമതഘോഷണം തത്വചിന്തകരുടെ നാടായ ഗ്രീസിലേക്കു്‌ എത്തിയപ്പോള്‍ അഗ്രചര്‍മ്മം മുറിച്ചുമാറ്റലിനോടു്‌ വിടപറയുകയല്ലാതെ പൗലോസിനും നിവൃത്തിയുണ്ടായിരുന്നില്ല. ഡയലെക്ടിക് വിദഗ്ദ്ധനായിരുന്ന പൗലോസിനുണ്ടോ പറ്റിയ വ്യാഖ്യാനങ്ങളിലൂടെ തന്റെ പുതിയ നിലപാടിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടു്‌?

“യഹൂദന്മാരെ നേടേണ്ടതിനു്‌ ഞാന്‍ യഹൂദന്മാര്‍ക്കു്‌ യഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിനു്‌ ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കു്‌ ന്യായപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി”. – അതാണു്‌ ഒറിജിനല്‍ പൗലോസ്! (1. കൊരിന്ത്യര്‍ 9: 20)

“നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു്‌ സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു. അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു്‌ എണ്ണുകയില്ലയോ? സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ? പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു്‌ പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു്‌ മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും”. – അഗ്രചര്‍മ്മത്തെയും പരിച്ഛേദനയെയും ഒരുപോലെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പൗലോസിനെയാണു്‌ ഇവിടെ നമ്മള്‍ കാണുന്നതു്‌. (റോമര്‍ 2: 25 – 29)

“നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു്‌ ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. പക്ഷേ എനിക്കു്‌ ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു്‌; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു്‌ അധികം; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു്‌ പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു്‌ സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു്‌ അനിന്ദ്യൻ”. – ഇതും പൗലോസ് എന്ന കള്ളനാണയത്തിന്റെ മറ്റൊരു മുഖം! (ഫിലിപ്പിയര്‍ 3: 3 – 6)

പൗലോസിനെ മാതൃകയാക്കി പറഞ്ഞാല്‍:

അപ്പോള്‍ നമ്മള്‍ എന്തു്‌ പറയണം? ചേലാകര്‍മ്മം തെറ്റെന്നോ? ഒരിക്കലും പാടില്ല. അപ്പോള്‍ നമ്മള്‍ എന്തു്‌ പറയണം? ചേലാകര്‍മ്മം ശരിയെന്നോ? ഒരിക്കലും പാടില്ല.

ആര്‍ക്കും ചോദ്യങ്ങളൊന്നുമില്ലല്ലോ? ഇതുപോലുള്ള വേദവാക്യങ്ങള്‍ ശീലിച്ചുപോയതുകൊണ്ടു്‌ ചോദ്യമൊന്നും ഉണ്ടാവാന്‍ വഴിയില്ലെന്നറിയാം, എന്നാലും ചോദിച്ചെന്നേയുള്ളു.

ദൈവത്തിനുള്ള ഒന്നരസെന്റിമീറ്റര്‍ തൊലി ദൈവത്തിനു്‌, ഒസ്സാനുള്ള ഒന്നരപ്പണം പണിക്കൂലി ഒസ്സാനു്‌! “കൈസര്‍ക്കുള്ളതു്‌ കൈസര്‍ക്കും, ദൈവത്തിനുള്ളതു്‌ ദൈവത്തിനും കൊടുപ്പിന്‍” എന്നല്ലേ യേശുവും പറഞ്ഞതു്‌. യേശു അങ്ങനെ പറഞ്ഞോ എന്നതു്‌ മറ്റൊരു കാര്യം. യേശു ചെയ്തതായി ബൈബിളില്‍ വര്‍ണ്ണിച്ചിരിക്കുന്ന അത്ഭുതപ്രവൃത്തികളില്‍ ഒന്നുപോലും സംഭവിച്ചതോ, സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുപോലുമോ അല്ലെന്നപോലെതന്നെ, യേശു പറഞ്ഞതായി ബൈബിള്‍ പറയുന്ന വാക്യങ്ങള്‍ യേശു പറഞ്ഞവ ആകുന്നതിനേക്കാള്‍ കൂടുതല്‍ സാദ്ധ്യത അവ യേശുവിന്റെ വായില്‍ മറ്റാരോ തിരുകിയവയാവാനാണു്‌. പുതിയനിയമത്തിന്റെ ഉത്ഭവചരിത്രം മതത്തിന്റെ കണ്ണില്‍ കൂടിയല്ലാതെ വായിച്ചിട്ടും പഠിച്ചിട്ടുമുള്ള ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവാന്‍ വഴിയില്ല.

 
10അഭിപ്രായങ്ങള്‍

Posted by on ഒക്ടോബര്‍ 7, 2012 in പലവക

 

മുദ്രകള്‍: , ,

ഭഗവാന്റെ വിശ്വരൂപം

അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (ഭഗവദ് ഗീത 11: 10,11)

അര്‍ജ്ജുനനു്‌ കൃഷ്ണഭഗവാന്‍ വെളിപ്പെടുത്തിക്കൊടുത്ത തന്റെ വിശ്വരൂപത്തിന്റെ ഭഗവദ്ഗീതയിലെ വര്‍ണ്ണനയാണിതു്‌: “അനേകം വായ്കളും, അനേകം കണ്ണുകളും, അത്ഭുതകരങ്ങളായ അനേകം ദര്‍ശനങ്ങളും, ദിവ്യമായ അനേകം ആഭരണങ്ങളും ദിവ്യങ്ങളും മഹത്തരവുമായ അനേകം ആയുധങ്ങളും, ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ധരിച്ചും, ദിവ്യമായ സുഗന്ധങ്ങളാല്‍ അനുലേപനം ചെയ്തും,  എല്ലാ വിധത്തിലും ആശ്ചര്യമയവും ശോഭനവും അനന്തവുമായ വിശ്വരൂപം”.

(വക്ത്രം എന്നാല്‍ വായോ മുഖമോ ആവാമെങ്കിലും, മുഖത്തുതന്നെയുള്ള കണ്ണുകളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടു്‌ എന്നതിനാല്‍ മുഖം എന്നതിനേക്കാള്‍ വായ് എന്ന അര്‍ത്ഥമാവും കൂടുതല്‍ യോജിച്ചതെന്നു്‌ തോന്നുന്നു. ഇനി, മുഖം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചാല്‍, ഒരു മുഖത്തില്‍ അനേകം മുഖാവയവങ്ങള്‍ എന്നതിനു്‌ പകരം, അനേകം മുഖങ്ങളിലായി അനേകം അവയവങ്ങള്‍ എന്നാവുമെന്ന വ്യത്യാസമേയുള്ളു. ഭഗവാന്റെ വിശ്വരൂപം ഏകമുഖരൂപിയാവണമോ അതോ ബഹുമുഖരൂപിയാവണമോ എന്നകാര്യം വിശ്വാസികളുടെ തീരുമാനത്തിനു്‌ വിടുന്നു. ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്ന കാര്യത്തെ അതു്‌ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്നതിനാല്‍ രണ്ടായാലും എനിക്കു്‌ എതിര്‍പ്പൊന്നുമില്ല.)

എന്താണു്‌ ഗീതാകാരന്‍ ഇവിടെ എഴുതിവച്ചിരിക്കുന്നതു്‌? ഇതിനെ പ്രപഞ്ചസ്രഷ്ടാവിന്റെ വിശ്വരൂപം എന്നു്‌ വിളിക്കുന്നതിനേക്കാള്‍ സായിപ്പന്മാരുടെ ഏതോ ആയുധക്കമ്പനികളും, കേരളത്തിലെ ഏതോ ആഭരണക്കടകളും, തുണിക്കടകളും, ബ്യൂട്ടീഷന്‍ യൂണിയനുകളും സംയുക്തമായ ഒരു സംരംഭത്തിലൂടെ പരസ്യത്തിനായി അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന, ജീവിതയോഗ്യമല്ലാത്തതിനാല്‍ അലസിപ്പോയ, ഏതോ വിചിത്രഗര്‍ഭം എന്നു്‌ വിശേഷിപ്പിക്കാനാണു്‌ എനിക്കു്‌ കൂടുതലിഷ്ടം. ദിവ്യവസ്ത്രങ്ങളിലും ആഭരണങ്ങളിലും പൊതിഞ്ഞു്‌, മാല്യങ്ങള്‍ ചാര്‍ത്തി, സെന്റും പൗഡറും പൂശി, കൈകളില്‍ ആധുനിക വെപ്പണ്‍സെല്ലാം ധരിച്ചു്‌ അനേകം കണ്ണുകളും മൂക്കുകളും ചെവികളും വായ്കളുമെല്ലാമായി അങ്ങനെ നിലകൊള്ളുന്ന ഒരു ആര്‍നോള്‍ഡ് ഷ്വാര്‍ത്സെനെഗ്ഗര്‍! അനേകായിരം സൂര്യന്മാര്‍ ഒരുമിച്ചു്‌ ആകാശത്തില്‍ ഉദിച്ചാലെന്ന പോലെ! പക്ഷേ, എന്നിട്ടും ഇപ്പറഞ്ഞ എക്സ്ട്രാ ഫിറ്റിംഗുകള്‍ ഒന്നും ഉണങ്ങിയോ കരിഞ്ഞോ പോകുന്നില്ല എന്നതാണു്‌ ഏറ്റവും അത്ഭുതകരം. എല്ലാം ദിവ്യമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചു്‌ അണ്ണാനും കുരങ്ങനും മുതല്‍ മനുഷ്യരും ദേവന്മാരും വരെയുള്ള ജീവികള്‍ ഒത്തൊരുമിച്ചു്‌ ഭഗവാനുവേണ്ടി സ്പെഷ്യലായി നിര്‍മ്മിച്ച ആടയാഭരണങ്ങളല്ലേ? അതിനാല്‍ ലക്ഷമോ കോടിയോ സൂര്യന്മാരുടെ ചൂടേറ്റാലും തീ പിടിക്കുകയോ ഉരുകുകയോ ചെയ്യില്ല.

അങ്ങനെ, മുഖമോ മുഖങ്ങളോ നിറയെ അവയവങ്ങളുള്ള ഒരു മണവാളനെപ്പോലെ സര്‍വ്വാംഗം ആഭരണവിഭൂഷിതനായി നിലകൊണ്ട ഭഗവാന്റെ ദേഹത്തെ വീക്ഷിച്ച പാര്‍ത്ഥന്‍ സകല ലോകങ്ങളെയും, സാധാരണഗതിയില്‍ അവയെല്ലാം പലതായി വിഭജിക്കപ്പെട്ടവയാണെങ്കിലും, ഒരിടത്തായി കണ്ടു. അതു്‌ മാത്രവുമല്ല, സകല ദേവന്മാരെയും എല്ലാവിധ ഭൂതഗണങ്ങളെയും താമരയില്‍ ആസനസ്ഥനായ ബ്രഹ്മാവിനെയും സകലമാന ദിവ്യസര്‍പ്പങ്ങളെയും അര്‍ജ്ജുനന്‍ കാണുകയുണ്ടായി (11: 15). ആയിരക്കണക്കിനു്‌ സൂര്യന്മാര്‍ക്കിടയിലും അവര്‍ക്കൊന്നും ഒരു കൂസലും ഉണ്ടായിരുന്നില്ല. അവരെല്ലാം അര്‍ജ്ജുനനെ സൗഹൃദപൂര്‍വ്വം കൈവീശിക്കാണിച്ചിട്ടുണ്ടാവണം. അത്ഭുതം എന്നേ പറയേണ്ടൂ. ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കുമൊപ്പം ജനിക്കുന്നവയാണു്‌ അത്ഭുതങ്ങള്‍. അതുപോലെ, ബ്രഹ്മാവു്‌ താമരയിലാണു്‌ സ്ഥിതിചെയ്യുന്നതെങ്കില്‍ താമരയോടു്‌ ഒരു ബഹുമാനക്കുറവു്‌ കാണിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇരിക്കുന്നതിനു്‌ മുന്‍പു്‌ ഇരിപ്പിടം ഉണ്ടായിരിക്കണം, അല്ലെങ്കില്‍ ഉണ്ടാക്കിയിരിക്കണം എന്നതിനാല്‍, പ്രായം കൊണ്ടു്‌ ബ്രഹ്മാവിനെക്കാള്‍ മുതിര്‍ന്നതു്‌ താമരയായിരിക്കണം. ആ ഒരു പരിഗണന താമര എന്തായാലും അര്‍ഹിക്കുന്നുണ്ടു്‌ എന്നാണെന്റെ പക്ഷം.

ഭഗവാന്‍ ഈവിധം തന്റെ വിശ്വരൂപം വെളിപ്പെടുത്തിയ സമയത്തു്‌ അര്‍ജ്ജുനനല്ലാതെ, കുരുക്ഷേത്രത്തില്‍ സന്നിഹിതരായിരുന്ന മറ്റാര്‍ക്കും ഈ അത്ഭുതദൃശ്യം വീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും, ഭഗവാന്റെ അത്യുഗ്രമായ വിശ്വരൂപം കണ്ടു്‌ മൂന്നു്‌ ലോകങ്ങളും നടുങ്ങിപ്പോയി എന്നു്‌ (11:20) അര്‍ജ്ജുനന്‍ പറയുന്ന സ്ഥിതിക്കു്‌ അന്യഗ്രഹങ്ങളില്‍ വസിക്കുന്നവര്‍ക്കു്‌ ആ രൂപം കാണാന്‍ കഴിയുമായിരുന്നിരിക്കണം. തന്റെ വിശ്വരൂപം കാണാന്‍ ആവശ്യമായ ദിവ്യചക്ഷുസ്സു്‌ അവര്‍ക്കും ഭഗവാന്‍ വിതരണം ചെയ്തിട്ടുണ്ടായിരുന്നു എന്നും, അതിനെപ്പറ്റി അര്‍ജ്ജുനനു്‌ അറിവുണ്ടായിരുന്നു എന്നും മാത്രമേ അതില്‍ നിന്നും അനുമാനിക്കാന്‍. കഴിയൂ. എന്തെന്തു്‌ അത്ഭുതങ്ങള്‍!

ഭഗവദ് ഗീതയിലെ ഏറ്റവും വലിയ അത്ഭുതമായി എനിക്കു്‌ തോന്നുന്നതു്‌, കുരുക്ഷേത്രത്തില്‍ വച്ചു്‌ ഭഗവാന്‍ അര്‍ജ്ജുനനോടു്‌ ഗീത ഉപദേശിക്കുകയും, വിശ്വരൂപം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സമയത്തു്‌ ഈ കഥകളെല്ലാം ധൃതരാഷ്ട്രരോടു്‌ ‘ഉവാചിക്കുന്ന’ സഞ്ജയന്‍ ആ ഭാഗത്തെങ്ങും ഇല്ലാതിരുന്നു എന്നതാണു്‌. എന്നിട്ടും സംഭവിച്ചതെല്ലാം – അര്‍ജ്ജുനനൊഴികെ ഈ ഭൂമിയില്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന ഭഗവാന്റെ വിശ്വരൂപമടക്കം – നേരില്‍ കണ്ടാലെന്നപോലെ, കിറുകൃത്യമായി വള്ളിപുള്ളിവ്യത്യാസമില്ലാതെ ധൃതരാഷ്ട്രരെ പറഞ്ഞു്‌ മനസ്സിലാക്കാന്‍ കഴിയുക എന്നതു്‌ ഒരു അത്ഭുതമല്ലെങ്കില്‍ പിന്നെയെന്താണു്‌ അത്ഭുതം എന്നു്‌ എനിക്കറിയില്ല. വ്യാസന്റെ അനുഗ്രഹവും തന്റെ ഓര്‍മ്മശക്തിയും സഹകരിച്ചു്‌ പ്രവര്‍ത്തിച്ചതുകൊണ്ടാണു്‌ സഞ്ജയനു്‌ അതു്‌ കഴിഞ്ഞതു്‌ എന്നതു്‌ അത്ഭുതത്തിന്റെ ആഴം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല.

“മതങ്ങളുടെ തെളിവുകളായി അത്ഭുതങ്ങളെ ഉപയോഗിക്കുന്നതു്‌, ഇരുണ്ട ഒരു കാര്യത്തെ അതിനേക്കാള്‍ ഇരുണ്ട മറ്റൊന്നുകൊണ്ടു്‌ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയാണു്‌” – സ്പിനോസ.

“എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ടു്‌ കാണുകയും, സ്വയം പരിശോധിക്കാന്‍ എനിക്കു്‌ അവസരം ലഭിക്കുകയും ചെയ്യുന്നതല്ലാത്തവയാണു്‌ അത്ഭുതങ്ങള്‍, മറ്റുള്ളവര്‍ കണ്ടതെന്നും പരിശോധിച്ചതെന്നും അവകാശപ്പെടുന്നതും, എനിക്കു്‌ ചരിത്രപരമായി മാത്രം അറിയാവുന്നതുമല്ലാത്തവയാണു്‌ അത്ഭുതങ്ങള്‍. അത്ഭുതങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ഭുതങ്ങളല്ല” – ലെസ്സിംഗ്.

ഭഗവദ്ഗീതയും, ഖുര്‍ആനും, ബൈബിളും, എന്നുവേണ്ട, ലോകത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടി മാത്രമാണെന്ന കാര്യത്തില്‍ എനിക്കു്‌ യാതൊരു സംശയവുമില്ല. മതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള, സൃഷ്ടി-സ്ഥിതി-സംഹാരകനായ ഒരു ദൈവം ഇല്ല എന്ന കാര്യത്തിലും എനിക്കു്‌ സംശയമൊന്നുമില്ല. ഞാന്‍ മതഗ്രന്ഥങ്ങളെ വിമര്‍ശിക്കുന്നതു്‌, അവ ദൈവനിര്‍മ്മിതം ആവാത്തതുകൊണ്ടോ, മനുഷ്യനിര്‍മ്മിതം ആയതുകൊണ്ടോ ഒന്നുമല്ല. ഗീത എഴുതിയതു്‌ കൃഷ്ണനായാലും വ്യാസനായാലും എനിക്കൊരുപോലെയാണു്‌. കൃഷ്ണന്‍ പറയനോ പുലയനോ നായരോ നമ്പൂതിരിയോ മറ്റേതെങ്കിലും ജാതിയിലൊ മതത്തിലോ പെട്ടവനോ മുതലായ കാര്യങ്ങള്‍ എന്നെ ഒരുവിധത്തിലും അലട്ടുന്നില്ല. ഒരു വേദഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ അവ ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അംഗീകരിക്കാവുന്നവയാണെങ്കില്‍ അവയെ അംഗീകരിക്കാന്‍ എനിക്കൊരു മടിയുമില്ല. മതങ്ങളും നിരീശ്വരവാദികളും പിന്‍തുടരുന്ന ചില സാരോപദേശങ്ങള്‍ അതില്‍ പെടുന്നവയാണു്‌. ഒരു സത്യം, അതു്‌ പറയുന്നവന്‍ അവന്റേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ കഴിയേണ്ടി വന്നതോ വരുന്നതോ ആയ ഒരു വിഭാഗത്തില്‍ നിന്നും വരുന്നവനാണെങ്കില്‍, അവന്‍, അതേ സത്യം തന്നെ പറയുന്ന ഒരു ‘ഉന്നതവിഭാഗക്കാരന്‍’ അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നവനാണു്‌.

“ഭഗവാന്റെ വിശ്വരൂപം ആഭരണധാരി ആയിരുന്നു” എന്നു്‌ ഗീതയില്‍ വായിക്കുമ്പോള്‍ “ഭഗവാന്റെ വിശ്വരൂപം ആഭരണധാരി ആയിരുന്നു” എന്നുതന്നെ മനസ്സിലാക്കുന്നതാണു്‌ എനിക്കിഷ്ടം. “ജീര്‍ണ്ണിക്കാന്‍ തുടങ്ങിയിരുന്ന ലാസറിന്റെ മൃതശരീരത്തെ യേശു ഉയിര്‍പ്പിച്ചു” എന്നു്‌ ബൈബിളില്‍ വായിക്കുമ്പോള്‍ “ജീര്‍ണ്ണിക്കാന്‍ തുടങ്ങിയിരുന്ന ലാസറിന്റെ മൃതശരീരത്തെ യേശു ഉയിര്‍പ്പിച്ചു” എന്നുതന്നെ മനസ്സിലാക്കുന്നതാണു്‌ എന്റെ രീതി. ഒരു പക്ഷിയെ കഷണങ്ങളാക്കിയശേഷം ആ കഷണങ്ങളെ രണ്ടു്‌ മലകളില്‍ കൊണ്ടുവച്ചശേഷം കൈകൊട്ടി വിളിച്ചാല്‍ അവ ജീവന്‍ വച്ചു്‌ പറന്നുവരും എന്നു്‌ ഖുര്‍ആനില്‍ വായിക്കുമ്പോള്‍ അതിനെ വിഡ്ഢിത്തം എന്നു്‌ വിളിക്കാനാണു്‌ ഞാന്‍ ഇഷ്ടപ്പെടുന്നതു്‌. ഇതുപോലുള്ള എന്റെ നിലപാടുകള്‍ തെറ്റാണെന്നു്‌ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി ദൈവമോ ദൈവവിശ്വാസികളോ എന്നെ ബോദ്ധ്യപ്പെടുത്തുന്നതുവരെ അവ എനിക്കു്‌ ലെജിറ്റിമേറ്റ് ആണു്‌. അന്യായമെന്നു്‌ തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്തിടത്തോളം, ന്യായമെന്നു്‌ സാധൂകരിക്കാന്‍ ഒരു തടസ്സവുമില്ലാത്ത എന്റെ നിലപാടുകളില്‍ നിന്നും എന്നെ തടയാനോ പിന്‍തിരിപ്പിക്കാനോ ഉള്ള ഏതു്‌ ശ്രമവും എന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും നിയമലംഘനവുമാണു്‌. എന്റെ നിലപാടുകള്‍ തെറ്റാണെങ്കില്‍ അവ തെറ്റാണെന്നു്‌ തെളിയിക്കേണ്ടതു്‌ മെതിച്ചുമെതിച്ചു്‌ തേയ്മാനം സംഭവിച്ചു്‌ ചാപിള്ളസമാനമായ വാക്കുകളുടെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുള്ള മെതിക്കലിലൂടെയല്ല,  കോമ്പ്രിഹെന്‍സിബിള്‍ ആയ മാര്‍ഗ്ഗങ്ങളിലൂടെയാണു്‌.

തെറ്റിനെ തെറ്റെന്നു്‌ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഒരു പരിഷ്കൃത-ജനാധിപത്യസമൂഹത്തിന്റെ അവകാശമാണു്‌. ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടവരല്ലാത്തിടത്തോളം അര്‍ത്ഥപൂര്‍വ്വമായ ജനാധിപത്യം സാദ്ധ്യമാവില്ല എന്നു്‌ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഒരു പരിഷ്കൃത-ജനാധിപത്യസമൂഹത്തില്‍ ഒരു പ്രതീകവും, ഒരു വിഗ്രഹവും വിമര്‍ശനാതീതമല്ല. അവ അധികാരത്തിലിരിക്കുന്നവരുടെ അഴിമതിക്കും കൊള്ളയ്ക്കും മറ പിടിയ്ക്കാനും ന്യായീകരണം നല്‍കാനുമായി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടതു്‌ അത്തരം പ്രതീകങ്ങളുടെ ‘വിശുദ്ധി’യെയാണു്‌. പ്രതീകങ്ങള്‍ മനുഷ്യര്‍ക്കു്‌ വേണ്ടിയാണു്‌, മനുഷ്യര്‍ പ്രതീകങ്ങള്‍ക്കു്‌ വേണ്ടിയല്ല. സഹായത്തിനു്‌ പകരം ദോഷം ചെയ്തിട്ടുള്ള എല്ലാ വിഗ്രഹങ്ങളെയും പ്രതീകങ്ങളെയും ലോകചരിത്രത്തില്‍ മനുഷ്യര്‍ തല്ലിയുടച്ചിട്ടുണ്ടു്‌. “ശരാശരിക്കു്‌ മുകളില്‍ ഒരുവിധം സുഖമായി കഴിയാന്‍ വേണ്ട ചുറ്റുപാടുകളൊക്കെ തത്കാലം എനിക്കും എന്റെ വേണ്ടപ്പെട്ടവര്‍ക്കും ഉണ്ടു്‌” എന്ന ബോധം ചില വിമര്‍ശനങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ നന്നായിരുന്നു എന്നു്‌ ചിന്തിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചേക്കാം. അതേ മനസ്ഥിതി തന്നെയാണു്‌ “കലങ്ങിയ വെള്ളത്തില്‍ ഉഴലുന്നതില്‍ അവര്‍ സംതൃപ്തരാണെങ്കില്‍ അവരെ അതിനു്‌ വിടുന്നതല്ലേ നല്ലതു്‌” എന്നും മറ്റുമുള്ള വിദഗ്ദ്ധാഭിപ്രായത്തിലേക്കു്‌ മറ്റു്‌ ചിലരെ നയിക്കുന്നതും. കലങ്ങിയ വെള്ളത്തിലേക്കു്‌ ജനിച്ചു്‌ അതില്‍ത്തന്നെ വളര്‍ന്നു്‌ അവിടെത്തന്നെ അവസാനിക്കുന്നവര്‍ക്കു്‌ അവര്‍ ജീവിക്കുന്നതു്‌ കലങ്ങിയ വെള്ളത്തിലാണെന്ന ബോധമുണ്ടാവാന്‍ കഴിയില്ല. ഒരു വ്യവസ്ഥയെ അതിനുള്ളില്‍ നിന്നുകൊണ്ടു്‌ പൂര്‍ണ്ണമായി വിശകലനം ചെയ്യാന്‍ ആവില്ല എന്നപോലെതന്നെ.

 
9അഭിപ്രായങ്ങള്‍

Posted by on സെപ്റ്റംബര്‍ 12, 2012 in മതം

 

മുദ്രകള്‍: , ,

 
Follow

Get every new post delivered to your Inbox.

Join 87 other followers